ചരിത്രത്തിലൂടെ നമ്മള് സഞ്ചരിക്കുമ്പോള്‍ പുരാന കാലത്തേ സ്ത്രീ തത്വചിന്തകരുടെ സാന്നിധ്യം കാണാന്‍ കഴിയും . മഹത്തായ ഗ്രീക്ക് സംസ്കരത്തില്‍ ഹിപ്പേഷ്യയെ പോലെ ഉള്ള തത്വചിന്തകരെ കാണാവുന്നതാണ് . ഗ്രീക്ക് ദുരന്തനാടകങ്ങളെ പോലെ ശോകപര്യവസായി ആയ ഒടുക്കം ഒട്ടുമിക്ക സ്ത്രീ തത്വചിന്തകരിലും കാണാന്‍ കഴിയും. ഫ്രാന്‍സിലെ യുദ്ധ വീരയായ ജോണ്‍ ഓഫ് ആര്ക്കിന് സംഭവിച്ചതും മറ്റൊന്നുമല്ല. സമൂഹത്തിലെ നിയമങ്ങള്‍ പുരുഷന് സൃഷ്ടിച്ചപ്പോള്‍ സ്ത്രീയുടെ സ്ഥാനം എവിടെ യാണ്അടയാളപ്പെടുത്തുന്നത്.
ശാസ്ത്രമേഖലകളിലും തത്വചിന്തയിലും സ്ത്രീകളുടെ പങ്കു തുലോംകുറവാണ് അതിന്റെ കാരണം അന്വേഷിക്കുകയാണെങ്കില്‍ ഒരു പരിധി വരെ നമ്മുടെ സാമൂഹ്യവ്യവസ്ഥിതിയാണ് അതിനു കാരണം എന്ന് കാണാന്‍ കഴിയും. കേരളത്തിന്റെ കാര്യം നോകുമ്പോള്‍ ശങ്കരനെപോലെ ഒരു തത്വചിന്തകയെ കാണാന്‍ കഴിയില്ല. സ്ത്രീകള്‍ക്ക് ചിന്തിക്കാന്‍ ഒള്ള കഴിവില്ല , അവള്‍ക്കു ബുദ്ധി ഇല്ല – ഇങ്ങനെചിന്തിക്കുന്ന ഒരുകൂട്ടം ആളുകള്‍ എല്ലാ സമൂഹത്തിലും ഉണ്ടായിരുന്നു. കുടുംബം എന്ന മനോഹരമായ ആശയത്തെ സഫലീകരിച്ചു കൊണ്ടുവരാന്‍ സ്ത്രീത്വത്തിന്റെയും മാതൃത്വത്തിന്റേയും മഹനീയത അവളുടെ ചിന്തകളില്‍ നിറച്ചു.ആ ചിന്തകളെ മാറ്റിക്കൊണ്ട് വേദാന്തവും തത്വചിന്തയും അവിടെസ്ഥാനം പിടിക്കാന്‍ പറ്റുകയില്ല.
ഈ ലോകത്തില്‍ ആത്യന്തികമായി രണ്ടു വര്‍ഗങ്ങളെ കാണാന്‍ കഴിയും – അടിച്ചമര്‍ത്തുന്നവരും അവരുടെ മുഷ്ടിയില് പെട്ട്പിടഞ്ഞമരുന്നവരും. അതിനു ആണ് പെണ് വെത്യാസം ഇല്ല. നീതി നിഷേധിക്കപെടുന്ന ഒരുപാട് സ്ത്രീകള്‍ ഈ സമൂഹത്തിലുണ്ട്. എഴുത്തിന്റെ കാര്യത്തില്‍ സ്ത്രീ എഴുതിയാല്‍ പെണ്ണെഴുത്ത് എന്ന് പറഞ്ഞു വിശേഷിപ്പിക്കും. അങ്ങനെ ഒരുപാടു വിശേഷണങ്ങള്‍ സമൂഹം തരും. സിനിമ ആണെങ്കില്‍ സ്ത്രീ കേന്ദ്രീകൃത സിനിമ, പക്ഷെ ഒരിക്കലും പുരുഷ കേന്ദ്രികൃത സിനിമ എന്ന വിശേഷണം നമുക്ക് അന്യമാണ്.
പെണ്ണിന്റെ ചിന്തകള്‍ക്കും അഭിപ്രായങ്ങള്‍ക്കും അതിരു കല്പ്പിക്കാന് ഈ ആധുനിക സമൂഹം ഒന്നു കൂടി അലോചിക്കും. സ്ത്രീകളുടെ അടിച്ചമര്‍ത്തലിനെതിരേ ഫെമിനിസ്റ്റുകള്‍ ശബ്ദിക്കുമ്പോള്‍ അപൂര്‍വമായി നീതിയുടെ തുലാസ് ചഞ്ചലപ്പെടുന്നത് കാണാം.
ജോണ്‍ ഓഫ് ആര്‍ക്ക്
ഉറച്ച സ്വരത്തില്‍ ഒരു പുരുഷന് സംസാരിച്ചാല്‍, പ്രവര്‍ത്തിച്ചാല്‍ അവന് ധീരനാണ്. പക്ഷെ അതൊരു പെണ്ണ് ആകുമ്പോള്‍ അവള് ധീര എന്ന് പറയാന്‍ സമൂഹം ഒന്ന് മടിക്കും. ചിന്തയുടെ കാര്യത്തില്‍ ആണെങ്കില്‍ പെണ് ചിന്ത വേറിട്ട് നില്ക്കും. ലോകത്തിലാകമാനം നോക്കി കഴിഞ്ഞാല്‍ ഇപ്പോഴുള്ള ഒട്ടു മിക്ക സ്ത്രീ ചിന്തകരും ഫെമിനിസ്റ്റ് എന്ന ഗണത്തിലാണ് . തത്വചിന്തകരില്‍ സ്ത്രീ തത്ത്വ ചിന്തകരുടെ കണക്കു നോക്കിയാല്‍ ശതമാനക്കണക്കുകള്‍ വിരലില്‍ എണ്ണാന്‍ കഴിയും . എന്താണ് ഈ പ്രതിഭാസത്തിനു കാരണം? ഭാവനകളുടെ വിശാലമായ ലോകം പുരുഷനു മാത്രം സ്വന്തമല്ല . പക്ഷെ കുടുംബം, കുട്ടികള്‍ , ഭര്‍ത്താവ് ഇങ്ങനെ ഉള്ള കാര്യങ്ങളില്‍ സ്ത്രീയുടെ ചിന്തകള്‍ ചുറ്റി വരിഞ്ഞു പോകുന്നു. എല്ലാവരും അങ്ങനെ അല്ല . എങ്കിലും ഭൂരിഭാഗം സ്ത്രീകളും വിവാഹം എന്ന സാമൂഹിക ആചാരത്തിന്റെ ഭാഗമാകുന്നതോടെ ഭാവനകളുടെ പക്ഷി ദൂരെ പറന്നകലും. സാമൂഹിക വ്യവസ്ഥിതി ഒരു പരിധി വരെ അവളുടെ ഭാവനക്ക് വിലങ്ങു തീര്‍ക്കുന്നു .
ചിന്തയും തത്വ ചിന്തയും – ഈ പദങ്ങള്‍ക്ക് മുന്നേ സ്ത്രീ എന്ന് ചേര്‍ത്തു അതിനെ പാര്ശ്വവല്ക്കരിക്കുമ്പോള് അക്ഷരങ്ങളുടെ സ്വത്വം എവിടെയോ നഷ്ടമാകുന്നു . എഴുത്തിനെ പെണ്ണെഴുത്ത് എന്ന് മാറ്റി എഴുതുന്നു. അതൊരു ട്രാന്സ്ജിന്ഡര് എഴുതുമ്പോള്‍ അതിനെ വീണ്ടും തിരുത്തി പുതിയ പദങ്ങള്‍ വന്നേക്കും. എല്ലാവരെയും ചേര്‍ത്തു പിടിക്കുന്ന ഒരു വിശ്വ മാനവികത ക്കു വേണ്ടി നാം ഇനിയും ഒരുപാടു ദൂരം താണ്ടണം . ദേശങ്ങള്‍ക്കതീതമായി വിശ്വാസങ്ങള്‍ക്ക് അതീതമായി ചിന്തിക്കാന്‍ തുടങ്ങുന്ന സമൂഹത്തില്‍ ആണ് പെണ് വ്യത്യാസമില്ലാതെ എല്ലാവര്ക്കും കഴിയാന്‍ സാധിക്കും .
ഭാരതീയ തത്വചിന്തകരില്‍ ഗായത്രി ചക്രവര്തി സ്പിവാകിനെ പോലെ ഒന്നോ രണ്ടോ സ്ത്രീ തത്വചിന്തകരെ സമകാലീന ചിന്തകരില്‍ കാണാന്‍ കഴിയുകയുള്ളു . അതെ സമയം പാശ്ചാത്യ ലോകത്തില്‍ എണ്ണം കൂടുതല്‍ ആണെന്നു കാണാന്‍ കഴിയും. അവരില്‍ മിക്കവരും തന്നെ ജൂഡിത്ത് ബട്ലര് , ജൂലിയ ക്രിസ്റ്റീവ പോലുള്ളവര്‍ ഫെമിനിസ്റ്റ് ചിന്താഗതിക്കാര്‍ ആണെന്ന് കാണാന്‍ കഴിയും . പല തരംഗങ്ങള്‍ ആയി ഫെമിനിസം വന്നു പോയി . എല്ലാ ദേശങ്ങളിലുമുള്ള സ്ത്രീകളില്‍ അത് പ്രതിഫലിക്കുകയും ചെയ്തു. അതിന്റെ അനുരണനങ്ങള്‍ സ്ത്രീ മനസ്സുകളില്‍ വലിയ മാറ്റം തന്നെ കൊണ്ട് വന്നു. അവള്‍ക്കും പുരുഷനെപ്പോലെ എല്ലാ മേഖലകളിലും മുന്നേറാന്‍ കഴിയും .
ഭാവനകളുടെ ലോകത്തൂടെ പായുന്ന മനസ്സ് സ്ത്രീക്കും പുരുഷനെ പോലെ തന്നെയുണ്ട്. ചിന്തകളുടെ ആകാശത്തു വിശാലമായി പറക്കാന്‍ ചൂടേറ്റു ചിറകുകള് തളരാതിരിക്കാന്‍ ആത്മവിശ്വാസവും മനോബലവും കൂട്ടാകുമെങ്കില്‍ ഭാവിയില്‍ എങ്കിലും ഭാവന സമ്പന്നരായ ഒരു പുതു തലമുറ ഈ ലോകത്തില്‍ ഉദയം ചെയ്യുക തന്നെ ചെയ്യും.
COMMENTS