Homeചർച്ചാവിഷയം

പാശ്ചാത്യ തത്ത്വശാസ്ത്രത്തിലെ പുരുഷേതരചിന്തകര്‍

ശ്ചാത്യ സാഹചര്യത്തില്‍ ക്രിസ്തുവിനു മുമ്പുള്ള കാലഘട്ടങ്ങളില്‍ ഗ്രീസില്‍ വളരെയധികം തത്ത്വചിന്താപരമായ മുന്നേറ്റങ്ങള്‍ ഉണ്ടായി എന്ന് കാണാമെങ്കിലും സ്ത്രീകളുടെ സാന്നിധ്യം കാണാന്‍ കഴിയില്ല. ക്രിസ്തുവിനു മുമ്പ് എണ്ണൂറു വര്‍ഷത്തോളം പിറകിലേക്ക് നോക്കിയാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ബുദ്ധസന്യാസിനിമാര്‍ സ്ത്രീപക്ഷ ചിന്ത പറഞ്ഞിരുന്നതായി കാണാം. അതിനും മുമ്പുള്ള കാലം ഇന്ത്യയിലുണ്ടായിരുന്ന ബഹുദൈവ കഥകളിലെ പോലെത്തന്നെ, ഗ്രീസില്‍ അഥീന, അപ്പോളോ,അഫ്രോഡിറ്റ, ഹേരാ തുടങ്ങി പല ഗ്രീക്ക് ദേവതകളുടെ ചിത്രങ്ങള്‍/കഥകള്‍ ഒക്കെ പ്രധാനപ്പെട്ടതായി ഉണ്ടെങ്കിലും, ജീവിച്ചിരിക്കുന്ന ചിന്തകകളെ കാണാന്‍ കഴിയില്ല. വളരെ പിന്നീട് എ. ഡി. മുന്നൂറുകളില്‍ ജീവിച്ചിരുന്ന ഹിപ്പേഷ്യ എന്ന ചിന്തകതന്നെ ചരിത്രത്തില്‍ അത്ര ഇടം പിടിച്ചിരുന്നില്ല. പുരുഷാധിപത്യ സമൂഹം എഴുതിയ ചരിത്രത്തില്‍ ഇല്ലാതിരുന്ന ഹിപ്പേഷ്യ ഈയിടെയായി തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഹിപ്പേഷ്യക്ക് ശേഷം മധ്യകാലഘട്ടം വരെ മറ്റു സ്ത്രീകളുടെ സാന്നിധ്യം ചിന്താചരിത്രത്തില്‍ ഇല്ല. മദ്ധ്യകാലഘട്ടം വരെ പൊതുവേ പാശ്ചാത്യരാജ്യങ്ങളില്‍ ക്രിസ്തീയതയുടെ തത്ത്വങ്ങള്‍ മാത്രമാണ് മുന്നിട്ടു നിന്നത് എന്നും കാണാം. മിഡീവല്‍ കാലഘട്ടത്തിലെ സെന്‍റ് തെരേസാസ് എന്നിങ്ങനെയുള്ള ചില ക്രിസ്തീയ സന്യാസിനികള്‍ ചില സ്ത്രീപക്ഷ താത്ത്വിക ചിന്തകള്‍ മുന്നോട്ടു വെക്കുന്നതായി കാണാം. പിന്നീട് ആധുനികതയുടെ കാലഘട്ടത്തില്‍ വളരെയേറെ സ്ത്രീപക്ഷ തത്ത്വചിന്തകര്‍ ചിന്തകളും പ്രവര്‍ത്തനങ്ങളും മുന്നോട്ടുവെച്ചതായി കാണാം.

എ.ഡി. മുന്നൂറ്റി അന്‍പതിലോ എഴുപതിലോ ജനിച്ചതെന്ന് കൃത്യ രേഖ ഇല്ലെങ്കിലും നാനൂറ്റിപ്പതിനഞ്ചില്‍ മരിച്ചതായി കാണുന്ന ഹൈപേഷ്യ എന്ന ചിന്തക അലക്സാണ്ഡ്രിയയിലെ പ്രമുഖ ഗണിത ശാസ്ത്രജ്ഞയും തത്ത്വചിന്തകയുമായിരുന്നു. ബൗദ്ധികതലത്തില്‍ പ്രവര്‍ത്തിച്ച ഇവര്‍ സ്വന്തം സ്കൂള്‍ തുടങ്ങുകയും നിയോപ്ലേറ്റോണിസ്റ്റ് എന്ന നിലയില്‍ പുതു തലമുറക്ക് തത്ത്വചിന്തയിലും ഗണിതത്തിലും സ്വതന്ത്രജീവിതശൈലിയിലും വിദ്യാഭ്യാസം നല്‍കുകയും ചെയ്തുവന്നു. ഇതില്‍ അസ്വസ്ഥരായ മതപണ്ഡിതപ്രവര്‍ത്തകര്‍ അവരെ ഹീനമായ രീതിയില്‍ കൊല ചെയ്യുകയും ചെയ്തു. പള്ളി വരെ വലിച്ചിഴച്ചു കൊണ്ടുപോയി മനുഷ്യര്‍ക്ക് കല്ലെറിയാനും തല്ലാനുമുള്ള അവസരം കൊടുത്തു, പള്ളിയുടെ തൂണില്‍ കെട്ടിയിട്ടു തല്ലിക്കൊല്ലുകയാണുണ്ടായത് ഹൈപേഷ്യ എന്ന സ്വതന്ത്രചിന്തകയെ അവസാനിപ്പിക്കുന്നതിനായി. കുടുംബജീവിതം നയിക്കാതെ ബുദ്ധിജീവിതം നയിക്കുന്നതും, സ്വതന്ത്രമായി ഇഷ്ട്ടപ്പെട്ട പുരുഷനെ പ്രണയിക്കുകയും ബന്ധംപുലര്‍ത്തുകയും ചെയ്ത സ്ത്രീക്കുള്ള ശിക്ഷ പാശ്ചാത്യപ്രാചീന സമൂഹത്തില്‍ ഇത്തരത്തിലാണ് കല്പിക്കപ്പെട്ടത്. ഈജിപ്തിലെ അലക്സാണ്ഡ്രിയയില്‍ ജനിച്ച ഹൈപ്പേഷ്യയില്‍ മത-ദൈവ-ഭക്തിയോ ആത്മീയതയോ കാണാന്‍ കഴിയില്ല. തിയോണ്‍ എന്ന ഗണിത തന്ത്രജ്ഞന്‍റെ മകളായിരുന്ന അവര്‍ക്ക്, അച്ഛന്‍റെ പിന്‍ബലം ഒന്ന്കൊണ്ടുതന്നെയാണ് അക്കാലത്ത് പഠനത്തിലും സ്വതന്ത്ര ചിന്തയിലും സ്വതന്ത്രജീവിതത്തിലും വ്യാപാരിക്കാനായത് എന്നത് ശ്രദ്ധേയമാണ്. ഇക്കാരണത്താല്‍ത്തന്നെ ക്രിസ്തീയ മതാന്ധര്‍ തിയോണ്‍ ലൈബ്രറിയനായിരിക്കുന്ന അലക്സാണ്ഡ്രിയയിലെ വായനശാല കത്തിക്കുകയും ചെയ്തത്രേ.

ഹൈപ്പേഷ്യ

ഇന്ന് കാണുന്ന സ്വതന്ത്രസ്ത്രീ ഉരുത്തിരിഞ്ഞു വന്നിട്ടുള്ള യൂറോപ്പിന്‍റെ ചിത്രം, രണ്ടായിരം വര്‍ഷം മുന്‍പല്ല, ഇരുനൂറു വര്‍ഷം മുന്‍പേ വരെ സ്ത്രീവിരുദ്ധം തന്നെയായിരുന്നു എന്നതാണ് വാസ്തവം. ഇക്കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടെ സ്ത്രീകള്‍ സ്വാതന്ത്ര്യത്തെ നേടിയെടുത്തെങ്കിലും ഇപ്പോഴും തത്ത്വചിന്താപരമായ മേഖലയില്‍ സ്ത്രീകളുടെ സാന്നിദ്ധ്യം വളരെ കുറവാണ് എന്ന്കാണാം. ബൗദ്ധികമേഖലയിലെ പ്രവര്‍ത്തനങ്ങളും തീരുമാനങ്ങളും പുരുഷന്മാര്‍ തന്നെയാണ് കൂടുതലും നടത്തുന്നത് എന്ന് കാണാം. സ്ത്രീപക്ഷ താത്ത്വികവല്‍ക്കരണങ്ങളുടേയും പ്രവര്‍ത്തനങ്ങളുടേയും ഭാഗമായിത്തന്നെയാണ് പതിനെട്ടാംനൂറ്റാണ്ടിലെ മേരി വുള്‍സ്റ്റോണ്‍സറാഫ്റ്റും ഇരുപതാംനൂറ്റാണ്ടിലെ സിമോണ്‍ ഡി ബുവ്വോയും വരെ അംഗീകരിക്കപ്പെട്ടത്. തത്ത്വചിന്തവകുപ്പുകളില്‍ അവരുടെ സേവനം അവഗണിക്കപ്പെടുകയും, അവര്‍ക്കു പുരുഷാധിപത്യത്താല്‍ വിട്ടുപോകേണ്ടിവരികയും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും എഴുതുകയും ചെയ്യേണ്ടിവരികയും ആയിരുന്നു സംഭവിച്ചത്. തത്ത്വചിന്തയും സാഹിത്യവും രാഷ്ട്രീയവും എല്ലാം നന്നായി പഠിക്കുകയും കൈകാര്യം ചെയ്യാന്‍ പ്രാപ്തി നേടുകയും ചെയ്തിട്ടും സ്ത്രീകള്‍ക്ക് മുഖ്യധാരയില്‍ ഇടം കൊടുക്കുവാന്‍ പാശ്ചാത്യചരിത്രവും മടിച്ചിരുന്നു.

ഹൈപ്പേഷ്യക്ക് ശേഷം പാശ്ചാത്യചിന്തയുടെ ചരിത്രത്തില്‍ പതിനാറാംനൂറ്റാണ്ടില്‍ ജീവിച്ച സ്പാനിഷ് പ്രദേശമായ അവിലയില്‍ നിന്നുള്ള സെന്‍റ് തെരേസയെയാണ് രേഖപ്പെടുത്തുവാനായി കാണുന്നത്. ഒരു മിസ്റ്റിക് എന്ന നിലയില്‍ അവര്‍ സ്ത്രീകളുടെ പ്രശ്നങ്ങളെ സാഹിത്യത്തിലൂടെ അവതരിപ്പിച്ചു. വിവാഹം വേണ്ടെന്നു വെക്കുവാനുള്ള ഒരു മാര്‍ഗമായാണ് അവരും ആത്മീയതയിലേക്ക് വന്നത് എന്നത് ഇന്ത്യന്‍ ചിന്തകകളുടെ രീതിയുമായി സാമ്യം ജനിപ്പിക്കുന്നതായി കാണാം. ‘ദി ഇന്‍റീരിയര്‍ കാസില്‍’ തുടങ്ങിയ കൃതികള്‍ മനസ്സിന്‍റേയും ശരീരത്തിന്‍റേയും ബിംബാത്മക ചിത്രീകരണങ്ങള്‍ നല്‍കുന്നതായി വായിക്കപ്പെടുന്നുണ്ട് നിരൂപണങ്ങളില്‍. ഭൗതികമായ സ്നേഹത്തെ കാണിക്കുന്നതിനുള്ള രൂപകങ്ങളായിത്തന്നെയാണ് ആത്മീയമായ ആനന്ദങ്ങളെ അവര്‍ ചിത്രീകരിക്കുന്നത് എന്ന് സിമോണ്‍ ഡി ബുവ്വ പറയുന്നതായി കാണാം. സെന്‍റ് കാതറിന്‍ ഓഫ് സെയ്ന, സെന്‍റ് ജോണ്‍ഓഫ് ആര്‍ക്ക് എന്നിവരും സെന്‍റ് തെരേസ ഓഫ് ആവില്ലയെപ്പോലെ ദൈവവുമായുള്ള താദാത്മ്യം പ്രാപിക്കലിനെ, അവരുടെ സ്വത്ത്വത്തിന്‍റേയും വ്യക്തിനിഷ്ഠതയുടേയും എല്ലാം അടിയറവെക്കലായി കാണാത്ത വിധം ബൗദ്ധികമായി അതിനെ കൈകാര്യം ചെയ്തവരാണ് എന്ന വായനകളാണ് പിന്നീടുണ്ടായിട്ടുള്ള ആധുനിക സ്ത്രീപക്ഷത്ത് നിന്നും നമുക്ക് കാണാന്‍ കഴിയുക. സ്വത്വം, വസ്തുവല്‍ക്കരണം എന്നീ പ്രശ്നങ്ങള്‍ സ്ത്രീകളുടെ ജീവിതവുമായി ബന്ധപ്പെടുത്തി കുടുംബവും മറ്റു സ്ഥാപനങ്ങളുമായിട്ടുള്ള പ്രശ്നങ്ങളെ അവലോകനം ചെയ്യാന്‍ ഉതകുംവിധം താത്ത്വിക വല്‍ക്കരണം നടത്താന്‍ ലോകമൊട്ടുക്കുമുള്ള സ്ത്രീകള്‍ അന്നേതന്നെ പ്രാപ്തരായിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. മതങ്ങളുടെ ഉള്ളില്‍ത്തന്നെ നിന്നുകൊണ്ടായാലും, ഹൈപ്പേഷ്യയെപ്പോലെ പരസ്യമായി വിഗ്രഹാരാധനയെ എതിര്‍ത്ത് സ്വന്തം നിലക്ക് ജീവിതം നയിച്ചാലും, സ്ത്രീകള്‍ ബുദ്ധിമതികളും ചിന്തകരുമായിരുന്നു എന്ന യാഥാര്‍ഥ്യം പുരുഷാധിപത്യസമൂഹത്തില്‍ മുങ്ങിത്താണു പോയി എന്നതാണ് വാസ്തവം.

പതിനെട്ടാം നൂറ്റാണ്ടോടുകൂടിയുണ്ടായ ജ്ഞാനോദയം പാശ്ചാത്യ സമൂഹത്തെ പിടിച്ചു കുലുക്കി എന്നത് പ്രത്യേകം കാണേണ്ടുന്ന കാര്യമാണ്. മതത്തില്‍ നിന്നും വിശ്വാസി ജീവിതത്തില്‍ നിന്നും യുക്തിയുടെ (റീസണ്‍ )മാര്‍ഗത്തിലേക്ക് പാശ്ചാത്യ സമൂഹം കുതിച്ചു. ഇന്‍ഡസ്ട്രിയലൈസേഷന്‍, റാഷണലൈസേഷന്‍ എന്ന കാര്യങ്ങള്‍ സമൂഹത്തെ ആകെ മാറ്റിമറിച്ചു. ചിന്താഗതികളും ജീവിത രീതികളും മാറിമറിഞ്ഞു. എന്നിരുന്നാലും സ്ത്രീകളുടെ കാര്യത്തില്‍ അത്ര മെച്ചപ്പെടല്‍ ഉണ്ടായില്ല. ഈ പ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ടു ഫ്രഞ്ച് വിപ്ലവത്തിന്‍റെ അടുത്ത കാലത്തായി മേരി വോള്‍സ്റ്റര്‍ക്രാഫ്ട് ബൗദ്ധികലോകത്തു കടന്നു കയറുന്നു. തോമസ് പെയ്ന്‍, വില്യം ഗോഡ്വിന്‍ തുടങ്ങിയവരുമായി വാഗ്വാദങ്ങള്‍ നടത്തുകയും എഴുതുകയും മാത്രമല്ല ബ്രിട്ടനില്‍ നിന്ന് ഫ്രാന്‍സില്‍ പോയി പ്രവര്‍ത്തിക്കുകയും ചെയ്തു അവര്‍. ‘ദി വിന്‍ഡിക്കേഷന്‍ ഓഫ് ദി റൈറ്സ് ഓഫ് വുമണ്‍’ എന്ന പുസ്തകം 1792 ല്‍ പുറത്തുവരും മുന്‍പുതന്നെ അവരുടേതായി പല എഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസമേഖലയില്‍ സ്ത്രീകള്‍ കടന്നുവരേണ്ടതിന്‍റെ ആവശ്യകതയും സാമൂഹ്യരാഷ്ട്രീയ കാര്യങ്ങളില്‍ സ്ത്രീകള്‍ അഭിപ്രായം മെനയുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകതയും അവര്‍ എടുത്തുകാണിക്കുന്നു. ഹൈപ്പേഷ്യയെപ്പോലെ പിന്തുണനല്‍കുന്ന പിതാവിനെ ലഭിച്ചിട്ടില്ല മേരിവോള്‍സ്റ്റോണ്‍ക്രാഫ്റ്റിന് എങ്കിലും അവര്‍ അമിതാധ്വാനത്തിലൂടെ വിദ്യാഭ്യാസവും സൗഹൃദങ്ങളും നേടുകയും സമൂഹത്തിലിറങ്ങി പ്രവര്‍ത്തിക്കുകയും, സ്വന്തം അമ്മയെ അച്ഛന്‍റെ ക്രൂരമര്‍ദനങ്ങളില്‍ നിന്ന് രക്ഷിക്കുവാന്‍ ശ്രമിക്കുകയും സഹോദരികള്‍ക്കു എന്നും കാവലാളാകുകയും ചെയ്തു.

തെരേസ ഓഫ് ആവില്ല

ആധുനികതയുടെ കാലത്തു ഇരുപതാം നൂറ്റാണ്ടോടു കൂടി മാത്രമാണ് സ്ത്രീകള്‍ തത്ത്വചിന്താവിഭാഗത്തില്‍ പഠിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. ആധുനികസ്ത്രീപക്ഷ തത്ത്വചിന്ത ഉരുത്തിരിയുന്നതില്‍ ആദ്യം കാണാവുന്ന ശക്തമായ വ്യക്തിത്വമാണ് സിമോണ്‍ ഡി ബുവ്വോര്‍. ഫ്രാന്‍സില്‍ ആധുനികതയുടെ കാലത്തു ഇരുപതാം നൂറ്റാണ്ടോടുകൂടി മാത്രമാണ് സ്ത്രീകള്‍ തത്ത്വചിന്താവിഭാഗത്തില്‍ പഠിക്കുകയും പ്രവര്‍ത്തിക്കുകയും, എന്നാല്‍ യൂണിവേഴ്സിറ്റി സ്ഥാനങ്ങളില്‍ നിന്ന് താത്ത്വികപ്രവര്‍ത്തനങ്ങളില്‍ വെളിച്ചംകാണാതെ സ്ത്രീപക്ഷ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുകയും ചെയ്യുന്നത്. ഫ്രാന്‍സില്‍ ആദ്യമായി തത്ത്വചിന്തയില്‍ ബിരുദം നേടിയ ഏറ്റവും ചെറുപ്പക്കാരിയായ സ്ത്രീ എന്ന നിലയില്‍ ഡി ബുവോര്‍ ശ്രദ്ധേയയായിരുന്നു. പിന്നീട് പ്രശസ്തനായ ഴാങ് പോള്‍ സാര്‍ത്രിന്‍റെ സഹപാഠിയും സഹപ്രവര്‍ത്തകയും സഹചാരിയും ആയിരുന്നു അവര്‍. എന്നാല്‍ അവര്‍ വിവാഹിതരല്ലാത്തവിധം ജീവിത പങ്കാളികളായിരുന്നു എന്നതും ശ്രദ്ധേയമാണ്. ആ നിലക്ക് തന്നെയാണ് പിന്നീട് അവര്‍ അസ്തിത്ത്വ വാദത്തിന്‍റെ മേഖലയില്‍ അല്പം ചര്‍ച്ചകള്‍ക്കും താത്ത്വികവല്‍ക്കരണത്തിനും സാര്‍ത്രിനെയും മറ്റു മുന്‍നിരചിന്തകരെയും വിമര്‍ശിച്ചുകൊണ്ട് സ്ത്രീപക്ഷതത്വചിന്തയുടെ അസ്തിത്വവാദപരവും പ്രതിഭാസവിജ്ഞാനീയപരവുമായ ആശയങ്ങള്‍ എഴുതുന്നത്.

മേരി വോള്‍സ്റ്റോണ്‍ക്രാഫ്റ്റ്

വ്യക്തിജീവിതത്തിന്‍റേയും സ്ത്രീപുരുഷ ബന്ധത്തിന്‍റേയും സങ്കീര്‍ണതകള്‍ ചര്‍ച്ചചെയ്യുകയും നീതിശാസ്ത്രത്തിന്‍റെ പുതിയ തത്ത്വങ്ങള്‍ മെനയുകയും ചെയ്ത ചിന്തകയാണ് ഡിബുവ്വോയര്‍. അവര്‍ 1947 ല്‍ ആദ്യമെഴുതിയ ‘എത്തിക്സ് ഓഫ് അമ്പിഗ്യുറ്റി’ എന്ന പുസ്തകം നീതിശാസ്ത്രത്തിന്‍റെ പുരുഷതത്ത്വങ്ങളെ പൊളിച്ചെഴുതാന്‍ ശ്രമിക്കുന്നു. തത്ത്വചിന്തയുടെ ഒരു പ്രധാന ശാഖയായ എത്തിക്സ് എന്ന മേഖലയില്‍ കടന്നുകയറി , പ്രമുഖരായ അരിസ്റ്റോട്ടില്‍ , പ്ലേറ്റോ , ഇമ്മാനുവല്‍ കാന്‍റ് , ഹേഗല്‍, എന്നിവരെയൊക്കെ വിമര്‍ശിച്ചുകൊണ്ട് സ്ത്രീപക്ഷപരമായ നീതിശാസ്ത്രം അവര്‍ മുന്നോട്ട് വെച്ചെങ്കിലും അതത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്നോ അംഗീകരിക്കപ്പെട്ടില്ല എന്നോ കാണാം. പൗരസ്ത്യദര്‍ശനത്തിലെ ബ്രഹ്മനെപ്പൊലെ കേവലമായതും അതിഭൗതികമായതും അതീതമായതുമായ യാഥാര്‍ഥ്യമാണ് പാശ്ചാത്യ നീതിശാസ്ത്ര തത്ത്വങ്ങളിലും അടിസ്ഥാനമായിട്ടുണ്ടായിരുന്നത്. ഇതിനെ ശക്തമായി എതിര്‍ത്തുകൊണ്ട് കടുത്ത ജീവിത യാഥാര്‍ഥ്യങ്ങളെ അടിസ്ഥാനമാക്കി അവ്യക്തതയും വിരോധാഭാസവും കണക്കിലെടുത്തു ഉണ്ടാക്കുന്നതാകണം നീതിശാസ്ത്രമെന്നു ബുവ്വോര്‍ പറയുന്നു. നീതിയും ന്യായവും ആരാണ് നിശ്ചയിക്കുന്നത്, അത് ഓരോരുത്തര്‍ക്കും ഓരോന്നാകാം എന്ന് ചിന്തിക്കുമ്പോള്‍, അടിച്ചമര്‍ത്തുന്നവരും അത് തങ്ങളുടെ അവകാശമാണെന്നും സ്വാതന്ത്ര്യമാണെന്നും , അതാണ് തങ്ങള്‍ക്കു നീതിയെന്നും പറയാം. അങ്ങിനെ പറഞ്ഞാല്‍ അവിടെ അടിച്ചമര്‍ത്തപ്പെടുന്നവരുടെ നീതി നടപ്പാക്കുമോ. അതിനാല്‍ അത്തരം വൈരുധ്യങ്ങളും അവ്യക്തതകളും കണക്കിലെടുത്ത് സാഹചര്യത്തിന്‍റെ അടിസ്ഥാനത്തില്‍ നിലപാടെടുക്കലാണ് നീതിയുടെ സാധ്യത എന്നതാണ് ചുരുക്കം.

ലൂസ് ഇറിഗേര

1949 ലാണ് അവര്‍ ‘ദി സെക്കന്‍റ് സെക്സ്’ എന്ന ചരിത്രപ്രധാനമായ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. സ്ത്രീകളുടെ അനുഭവങ്ങളെ മുന്‍നിര്‍ത്തിയും നിലവിലുള്ള പുരുഷതത്ത്വങ്ങളെ ചോദ്യം ചെയ്തും എഴുതിയ ആ പസ്തകം യൂറോപ്പിലെന്നല്ല അമേരിക്കയിലും വലിയ ശ്രദ്ധ പിടിച്ചുപറ്റി. ആധുനിക തത്ത്വചിന്തയുടെ സ്ത്രീപക്ഷ പരിപ്രേക്ഷ്യം അങ്ങനെ ആവിര്‍ഭാവം ചെയ്തു എന്ന് കാണാം. പിന്നീട് ലൂസ് ഇറിഗരെ, ജൂലിയ ക്രിസ്റ്റീവ, ജൂഡിത്ത് ബട്ലര്‍ തുടങ്ങി പല തത്ത്വചിന്തകരും സ്ത്രീപക്ഷ തത്വചിന്ത വിപുലമാക്കി. ഫെമിനിസ്റ്റ് ഫിലോസഫി എന്ന ശാഖ ഇപ്പോഴും അത്ര അംഗീകൃതമല്ലെങ്കിലും, ജെന്‍ഡര്‍ സ്റ്റഡീസ് എന്ന നിലയില്‍ ഇത് ഉന്നത വിദ്യാഭ്യാസ മേഖലയിലും പൊതു വിജ്ഞാന മേഖലകളിലും പ്രചാരത്തില്‍ വന്നുതുടങ്ങിയിരിക്കുന്നു എന്നത് ആശാവഹമായ കാര്യമാണ്. ആധുനികതയുടെ സത്താവാദപരമായ തത്ത്വങ്ങളും/എസ്സെന്‍ഷ്യലിസവും വിമര്‍ശനവിധേയമാക്കിക്കൊണ്ടാണെങ്കിലും ഉത്തരാധുനികതയുടെ തത്ത്വങ്ങളെ ആധുനികതയില്‍ത്തന്നെ തുറന്നു വിട്ട ചിന്തകള്‍ ബുവ്വോരിലും മറ്റു ആധുനിക ഫെമിനിസ്റ്റുചിന്തകരിലും കാണാം. ഉത്തരാധുനികതയില്‍ സ്ത്രീയുടെ സത്താവാദപരമായ ഏകത ചോദ്യം ചെയ്യപ്പെടുകയും ഇന്‍റര്‍സെക്ള്‍ഷണാലിറ്റിയുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നതായി കാണാം. ജാതി, മതം, ദേശം, വര്‍ഗം, വര്‍ണം തുടങ്ങി പല മാനങ്ങളാല്‍ വ്യത്യസ്തരായ സ്ത്രീകളുടെ പ്രശ്നങ്ങള്‍ വ്യത്യസ്തമാണ് എന്ന തത്ത്വം മുന്നിട്ടുവന്നു. വ്യത്യസ്തരായ ലിംഗഭേദങ്ങളില്‍/ലൈംഗികതയില്‍ ഉള്ള ആളുകളുടെ അസ്തിത്ത്വത്തെക്കുറിച്ച് ജെന്‍ഡര്‍ എന്ന പദത്താലുള്ള തത്ത്വങ്ങള്‍, ഫെമിനിസം എന്ന പദത്താലുള്ള തത്ത്വങ്ങളില്‍ നിന്ന് വിപുലീകരിച്ചു മുന്നോട്ടു വന്നു.

ജൂലിയ ക്രിസ്റ്റീവ

ഒന്നുരണ്ടു ദശകങ്ങള്‍ മുന്‍പ് വരെ കേള്‍വിപ്പെട്ടിട്ടില്ലാത്ത എടിത് സ്റ്റെയിന്‍, അയന്‍ റാന്‍ഡ്, ഹന്നാ അറ്ന്‍റ് തുടങ്ങിയ പല പേരുകളും ഇയ്യിടെയായി ആധുനികതത്ത്വചിന്തലോകത്തു കാണാമെങ്കിലും സ്ത്രീപക്ഷ തത്ത്വചിന്തക്കായി യത്നിച്ച പേരുകള്‍ പ്രത്യേകിച്ചും ലൂസ് ഇറിഗേരെ, ജൂലിയ ക്രിസ്റ്റീവ, ജൂഡിത്ത് ബട്ലര്‍ എന്നിങ്ങനെയുള്ളതാണ്. സിമോണ്‍ ഡി ബുവര്‍, ജൂഡിത്ത് ബട്ലര്‍ എന്നിവര്‍ സ്വയം ഫെമിനിസ്റ്റാണ് എന്ന് പറയുന്നില്ല എങ്കിലും സ്ത്രീപക്ഷ തത്ത്വചിന്ത എഴുതുകയും അതിന്‍റെ മാനത്തില്‍ നിലനിന്ന പരുഷാധിപത്യ തത്ത്വങ്ങളെയും പലപ്പോഴും തത്ത്വചിന്തകരെയും വിമര്‍ശിച്ചുപോന്നിട്ടുള്ളവരുമാണ്. സ്ത്രീപക്ഷമുന്നേറ്റത്തിന്‍റെ രണ്ടാം തരംഗം യൂറോപ്പിലെ രണ്ടാംലോക മഹായുദ്ധത്തിന്‍റെ കെടുതികള്‍ക്കു ശേഷം ഉയര്‍ന്നു വന്നപ്പോള്‍ ബുവ്വോറിന്‍റെ രചനകള്‍ വലിയ മുതല്‍ക്കൂട്ടായി. അമേരിക്കയില്‍ നിന്നും ഫെമിനിസ്റ്റുകള്‍ അവരെ കാണാനും സംസാരിക്കാനുമായി പാരീസിലെത്തുകയും, അവര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുള്ള സമരങ്ങളില്‍ പങ്കാളിയാകുകയും ചെയ്തു. പ്രത്യേകിച്ചും സ്ത്രീ, അസ്തിത്വം, വ്യക്തിത്വം, ഉണ്മ, തന്മ, ശരീരം, ലൈംഗികത എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇക്കാലത്ത് തത്ത്വവല്‍ക്കരണത്തിനു പാത്രമായി.

സ്ത്രീയെ ശരീരമായും പുരുഷനെ മനസ്സ്/ബോധമായും കണക്കാക്കുന്നതരം ആധുനിക കാര്‍ട്ടീഷ്യന്‍ ദ്വന്ദ്വചിന്തയുടെ അടിസ്ഥാനത്തില്‍ വികസിച്ച സാമൂഹ്യസാംസ്കാരിക മൂല്യവ്യവസ്ഥിതിക്ക് മാറ്റംവരുത്താതെ സ്ത്രീപ്രശ്നങ്ങളെ പരിഹരിക്കുക സാധ്യമല്ല എന്നതാണ് ആധുനികസ്ത്രീപക്ഷ തത്ത്വം ശ്രദ്ധയില്‍ കൊണ്ടുവരുന്നത്. ശരീരമെന്നാല്‍ സ്ത്രീയും പുരുഷനും മാത്രമല്ല എന്നും ഉഭയ ലിംഗ/ലൈംഗിക ശരീരങ്ങളടക്കം ശരീരങ്ങള്‍ പലതാണ് എന്നും അതിനെ അവലോകനം ചെയ്യുന്നതിന് വേറെത്തന്നെ ബൃഹത്തായ ചര്‍ച്ച വേണമെന്നും ആധുനികോത്തരത വ്യക്തമാക്കുന്നു. സ്ത്രീയുടെ വസ്തുവല്‍ക്കരണം നടക്കുന്നതിനു കാരണം ഇത്തരം ആധുനിക തത്ത്വങ്ങളുടെ പ്രശ്നമാണ് എന്നും വാദിക്കുന്നു. ഇക്കാലത്തു ഫെമിനിസം തത്ത്വവല്‍ക്കരണത്തില്‍ സ്ത്രീയെന്ന ഒരു ഏകതാനതയുടെ ആശയമായി കണ്ടു കൊണ്ടാണ് നടന്നത് എന്ന വിമര്‍ശനം പിന്നീടുള്ള ആധുനികോത്തരചിന്തയില്‍ കാണാം.

അക്കാലത്തുണ്ടായിരുന്ന പല പഠനശാഖകളില്‍ നിന്നും ഫെമിനിസ്റ്റ് ആശയങ്ങളും തത്ത്വങ്ങളും രചിച്ചിരുന്നവരുടെ കൂട്ടത്തില്‍, ഫിലോസോഫിയില്‍ പ്രധാനപങ്ക് വഹിച്ചയാളാണ് ‘സെക്സ് വിച്ച് ഈസ് നോട്ട് വണ്‍’ എന്ന പുസ്തകം രചിച്ചിട്ടുള്ള ബെല്‍ജിയംകാരിയായ ലൂസ് ഇറിഗേരെ. പ്രശസ്തരായ തത്ത്വചിന്തകരായ, അരിസ്റ്റോട്ടില്‍, പ്ലേറ്റോ, ദെക്കാര്‍ത്തെ , കാന്‍റ്, ഹേഗല്‍, ഹെയ്ഡഗര്‍ തുടങ്ങിയവരുടെയൊക്കെ ലിംഗാധിഷ്ഠിത ചിന്താരീതിയെ ഇറിഗേരെ വിമര്‍ശിക്കുന്നുണ്ട്. ഇവര്‍ ഗവേഷണത്തിന് പാരിസിലെത്തി ഫ്രോയിഡിയന്‍-ലഖാനിയന്‍ സൈക്കോഅനാലിസിസ്ന്‍റെ വിമര്‍ശനവും ഭാഷാശാസ്ത്രത്തിലെ ഫലോസെന്‍ററിസവും അവരുടെ ആദ്യ ഗവേഷണങ്ങളായി എടുത്തു. എന്നാല്‍ രണ്ടാമത്തെ ഡോക്ടറേറ്റ് അവര്‍ തത്ത്വശാസ്ത്രത്തിലാണ് എടുത്തത്. പ്രശസ്ത ചിന്തകരെ വിമര്‍ശിക്കുന്നതിനാല്‍ ‘സ്പെക്കുലം ഓഫ് ദി അദര്‍ വുമണ്‍’ എന്ന രണ്ടാം തീസിസ് 1974ല്‍ പ്രസിദ്ധീകരിച്ചതോടെ, പാരിസിലെ അധ്യാപകജോലിയില്‍ നിന്നും ലഖാന്‍ കമ്മ്യൂണിറ്റിയില്‍ നിന്നും അവര്‍ പുറത്താക്കപ്പെട്ടു. എങ്കിലും അവര്‍ വീണ്ടും പാരിസിലെ തത്ത്വചിന്ത-ഗവേഷണസ്ഥാപനങ്ങളില്‍ ജോലിചെയ്യുകയും സ്ത്രീപക്ഷതത്ത്വചിന്തയുടെ പുസ്തകങ്ങള്‍ എഴുതുകയും ചെയ്തു.

ജൂഡിത്ത് ബട്ലര്‍

ശരീരത്തെക്കുറിച്ചും സ്വത്ത്വത്തെക്കുറിച്ചുമുള്ള സ്ത്രീപക്ഷ താത്ത്വീകരണങ്ങള്‍ വ്യവസ്ഥാപിത തത്ത്വശാസ്ത്രത്തിന്‍റെ ഭാഗമായി വികസിച്ചിട്ടില്ലെങ്കിലും ലൂസ് ഇറിഗേരെ , ജൂലിയ ക്രിസ്റ്റീവ എന്നിവര്‍ യൂറോപ്പിലും ജൂഡിത്ത് ബട്ലര്‍ അമേരിക്കയിലും നടത്തിയ എഴുത്തുപ്രവര്‍ത്തനങ്ങള്‍ തത്ത്വശാസ്ത്രത്തിനകത്ത് നടത്തുന്ന തകിടം മറിക്കലുകളാണ്. സ്വത്ത്വത്തെക്കുറിച്ചുള്ള അഥവാ സെല്‍ഫ് എന്നതിനെക്കുറിച്ചുള്ള തത്ത്വീകരണം, സാമൂഹിക-സാംസ്ക്കാരിക മൂല്യവ്യവസ്ഥിതികള്‍ക്കതീതമായി നടത്താന്‍ കഴിയില്ല എന്ന നിലപാട് സ്ത്രീപക്ഷ താത്ത്വീകരണം എടുക്കുന്നു. അത് പുരുഷകേന്ദ്രിതമാണ് എന്നതിനാല്‍ തത്ത്വീകരണത്തിന്‍റെ തന്നെ അപനിര്‍മാണം ആവശ്യമാണ് എന്ന നിലപാടും പ്രധാനമാണ്. ഈ വിധത്തിലാണ് വിഷയി അഥവാ സബ്ജെക്ട് രൂപീകരിക്കപ്പെടുന്നതെങ്ങനെ എന്ന ചര്‍ച്ച സ്ത്രീപക്ഷ താത്ത്വീകരണത്തില്‍ നിര്‍വചിക്കുന്നത്. ജൂലിയ ക്രിസ്റ്റീവയുടെ ‘സബ്ജെക്ട് ഇന്‍ പ്രോസസ്സ്’ എന്നതില്‍ വിഷയിത്ത്വം ഒരു തുറന്ന വ്യവസ്ഥിതിയിലാണ് സംഭവിക്കുന്നത് എന്ന് പറയുന്നു. സ്വന്തം സ്വത്ത്വത്തിനു അപരമായിട്ടുള്ളത് (അദര്‍) എന്താണോ, ഞാന്‍ എന്നതിന്‍റെ പരിധികള്‍ നിര്‍ണ്ണയിക്കുന്നത് എന്താണോ, അതിനെ വേര്‍പെടുത്തുക/നിരാകരിക്കുക എന്നതാണ് വിഷയി അഥവാ സബ്ജക്ട് ആകുന്നതിന്‍റെ പ്രക്രിയ എന്നവര്‍ പറയുന്നു. അബ്ജക്ഷന്‍ എന്ന വാക്കാണ് അവര്‍ ഇത് സൂചിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നത്. ഒബ്ജക്റ്റ് ആയിരിക്കുന്നതില്‍ നിന്ന് സബ്ജക്ട് ആകുന്നതിനുള്ള വഴി ഇത് തന്നെ, എന്ന് സ്ത്രീകള്‍ക്ക് തിരിച്ചറിയാന്‍ ബുദ്ധിമുട്ടില്ല. സ്വത്ത്വത്തിന്‍റേയും അപരത്തിന്‍റേയും ഇടയ്ക്കു എവിടെയോ വിഷയിയെ അഥവാ സബ്ജെക്റ്റീവ് പൊസിഷനെ കണ്ടെത്തുവാനാകുമെന്നാണ് ക്രിസ്റ്റീവയുടെ തത്ത്വം. ലക്കാന്‍റെ സൈക്കോഅനാലിസിസിന്‍റെ വിമര്‍ശനത്തില്‍ അമ്മയും കുഞ്ഞും തമ്മിലുള്ള സ്വയംവേര്‍പെടുത്തലിനെ ക്രിസ്റ്റീവ വിശദീകരിക്കുന്നുണ്ട്.

കുഞ്ഞു അമ്മയില്‍ നിന്നും സ്വയംവേര്‍പെടുത്തി അപരത്തെ സൃഷ്ടിച്ച് സ്വത്ത്വത്തെയും അതിനിടെ വിഷയിയായിട്ടുള്ള പ്രക്രിയയെയും സൃഷ്ടിക്കുന്നു. ലക്കാന്‍റെ മിറര്‍ സ്റ്റേജില്‍ പറയുന്നത് പോലെ ആറു മുതല്‍ പതിനെട്ടുമാസം പ്രായമുള്ള കുട്ടികള്‍ കണ്ണാടിയില്‍ തന്‍റെ പ്രതിബിംബം കണ്ടു അമ്മയില്‍ നിന്നും തന്‍റെ ശരീരത്തെ വേര്‍പെടുത്തിയറിയാനും വിഷയീരൂപീകരണം തുടങ്ങാനും പ്രാപ്തരാകുന്നില്ല എന്നും ആ പ്രക്രിയ കുറേക്കൂടിനീണ്ട അനുഭവതലങ്ങളുടേതാണെന്നും ക്രിസ്റ്റീവ സ്ഥാപിക്കുന്നു. സ്ത്രീയുടെ അനുഭവതലങ്ങളെ മനസ്സിലാക്കാതെ നടത്തുന്ന പല താത്ത്വീകരണങ്ങളുടെയും പ്രശ്നങ്ങള്‍ എടുത്തുകാണിക്കുന്നതില്‍ ഫ്രഞ്ച് ഫെമിനിസത്തിലെ ഘടനാവാദാനന്തര ചിന്തകളില്‍ ക്രിസ്റ്റീവയുടെ സ്ഥാനം പ്രസക്തമാണ് എങ്കിലും, അപനിര്‍മാണം എന്ന തത്ത്വത്താല്‍ പ്രശസ്തനായ ദെറിദയുടെ സമകാലികയായ ക്രിസ്റ്റീവക്ക് അത്തരം പ്രശസ്ത താത്ത്വികരുടെ അംഗീകാരം വേണ്ടത്ര ലഭിച്ചിരുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടുന്ന കാര്യമാണ്.

ആധുനികതയിലും ആധുനികോത്തരതയിലും നിലനിന്ന പുരുഷാധിപത്യത്തെ തികച്ചും വ്യത്യസ്തമായ രീതിയില്‍ നേരിട്ടുകൊണ്ടാണ് അമേരിക്കയില്‍ നിന്നും ജൂഡിത്ത് ബട്ലര്‍ തത്ത്വചിന്തയില്‍ പ്രവര്‍ത്തിച്ചത്. ശരീരത്തിന്‍റെ വസ്തുവല്‍ക്കരണം എന്ന ആശയത്തില്‍ നിന്നും വ്യത്യസ്തമായി ഘടനാവാദാനന്തര താത്ത്വികതയില്‍ ശരീരത്തെ വേറെ രീതിയില്‍ത്തന്നെ വിശകലനം ചെയ്യുന്നു. അതിനെയും വ്യത്യസ്തമായി കണ്ടുകൊണ്ടു സാമൂഹ്യനിര്‍മ്മിതി സിദ്ധാന്തങ്ങളില്‍ നിന്നുകൊണ്ട് പുതിയ വാദങ്ങളാണ് ശരീരത്തിന്‍റെ പദാര്‍ത്ഥപരതയെക്കുറിച്ചു ജൂഡിത്ത് ബട്ലര്‍ ‘ബോഡീസ് ദാറ്റ് മാറ്റര്‍’ എന്ന പുസ്തകത്തിലൂടെ പറയുന്നത്. ഭാഷാകേന്ദ്രിത ആശയവാദത്തില്‍നിന്നും സ്ത്രീപക്ഷ താത്ത്വിക പരിശ്രമത്തെ ഭൗതികതയുടെ പദാര്‍ത്ഥപരതയിലേക്കു കൊണ്ടുപോകലാണ് ബട്ലറിന്‍റെ ‘ബോഡീസ് ദാറ്റ് മാറ്റര്‍’. ശരീരങ്ങളുടെ സാംസ്ക്കാരിക/സാമൂഹ്യ നിര്‍മ്മിതിയുടെ വശങ്ങള്‍ പരിശോധിച്ച്, അതിന്‍റെയും ആശയവാദപരമായതും ഭാഷാകേന്ദ്രിതമായതുമായ അടിത്തറ തിരിച്ചറിഞ്ഞു, ആധുനികാനന്തര ചിന്തയുടെ വിമര്‍ശനാത്മക പുനരവലോകനം ബട്ലെറിയന്‍ രീതിയാണ്. ജെന്‍ഡര്‍ അഥവാ ലിംഗപദവി എന്ന പദത്തെയും അതിന്‍റെ അര്‍ത്ഥങ്ങളേയും അര്‍ത്ഥമില്ലായ്മകളേയും പ്രയോഗരീതികളേയും കുറിച്ച് പുതിയതരം വിശാലമായ കാഴ്ചപ്പാട് താത്ത്വികതയുടെ തലങ്ങളില്‍ നല്‍കുവാന്‍ ജൂഡിത്ത് ബട്ലെറിന്‍റെ ‘ജെന്‍ഡര്‍ ട്രബിള്‍’ എന്ന പുസ്തകവും മറ്റു എഴുത്തുകളും ഉപയുക്തമായി. അമേരിക്കയില്‍ വിവിധ യൂണിവേഴ്സിറ്റികളില്‍ ഫിലോസഫി ഡിപ്പാര്‍ട്മെന്‍റുകളില്‍ അധ്യാപനം നടത്തിവരുന്ന ബട്ലര്‍ സ്വന്തംജീവിതത്താലും ലിംഗപരതക്കും ലിംഗപദവിപരതക്കും അതീതമായി ജീവിക്കുന്ന തത്ത്വചിന്തകയാണ്.
പാശ്ചാത്യ തത്വചിന്തയിലെ സ്ത്രീപക്ഷപ്രാതിനിധ്യം ചര്‍ച്ചചെയ്യുമ്പോള്‍ സ്ത്രീ എന്നല്ല ലിംഗപരതയുടേയും ലിംഗപദവിയുടേയും അപ്പുറത്തേക്ക് ചിന്തിക്കാറായി എന്ന് കാണാന്‍ കൂടുതല്‍ സംശയിക്കേണ്ടതില്ല. യൂറോപ്പിലും അമേരിക്കയിലും യൂണിവേഴ്സിറ്റികളില്‍ ഇപ്പോഴും പ്രശസ്തരായിട്ടുള്ളതും ലോകം കാതോര്‍ക്കുന്നതും ഇപ്പോഴും കൂടുതലും പരുഷചിന്തകരെത്തന്നെയാണെങ്കിലും, ആ അവസ്ഥ മാറിത്തുടങ്ങി എന്ന് തോന്നിപ്പിക്കുന്ന കുറച്ചു പുരുഷേതര തത്ത്വചിന്തകരെങ്കിലുമുണ്ട് എന്നത് ആശാവഹമാണ്. ഹൈപ്പേഷ്യയുടെ കൊലപാതകത്തിന്‍റെ കാലത്തുനിന്നും രണ്ടായിരത്തോളം വര്‍ഷം ആകുമ്പോള്‍, പുരുഷേതര ചിന്തകരോടുള്ള സമീപനം കുറെയൊക്കെ മാറിയിരിക്കുന്നു പാശ്ചാത്യനാടുകളില്‍ എന്ന വസ്തുത തള്ളിക്കളയാനാകില്ല. എന്നാല്‍, പോസ്റ്റ് ഫെമിനിസം എന്ന തരത്തിലും, ഫെമിനിസം, സ്ത്രീത്വം, പൗരുഷം, ലിംഗം, ലിംഗപദവി എന്ന വാക്കുകള്‍ക്കു തന്നെയും പ്രസക്തിയില്ല എന്ന് പറയുന്ന തരത്തിലും താത്ത്വികവല്‍ക്കരണങ്ങള്‍ വന്നുതുടങ്ങിയാല്‍, എല്ലാ മനുഷ്യരുടെയും തുല്യതയും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതിലേക്കു നയിക്കുവാന്‍ പ്രാപ്തമാക്കും വിധം പാശ്ചാത്യസമൂഹങ്ങളും ഇപ്പോഴും വളര്‍ന്നിട്ടില്ല എന്നത് കാണേണ്ടതുണ്ട്.

ഡോ. മായ എസ്.
അധ്യാപിക
തത്വശാസ്ത്രവിഭാഗം
ശ്രീ കേരളവര്‍മ്മ കോളേജ്, തൃശൂര്‍

 

 

COMMENTS

COMMENT WITH EMAIL: 0