ഒന്ന് കണ്ണടച്ചതേ ഓര്‍മയുള്ളു, പിന്നെ ഒരു വലിയ കുലുക്കത്തില്‍ ഞെട്ടി എണീക്കുമ്പോള്‍ ഞാന്‍ ആകാശത്താണോ ഭൂമിയിലാണോ എന്ന സംശയം, എന്നാല്‍ അത് തീര്‍ത്തേക്കാം എന്ന് കരുതി ഇരുട്ടില്‍ ഞാന്‍ മുന്‍സീറ്റിന്‍റെ പിന്‍ഭാഗം ഒന്ന് തപ്പി, ഭാഗ്യം സീറ്റില്‍ തിരിച്ചെത്തിയിട്ടുണ്ട്! ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ടിന്‍റെ അവസാന സീറ്റില്‍ ഇരിക്കുന്ന ഒരു യാത്രിക ഇതില്‍ കൂടുതല്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്. താഴെ വെച്ചിരുന്ന ബാഗിനുള്ളില്‍ നിന്നും ഫോണ്‍ എടുത്തു സമയം നോക്കി 3.30, വയറിനു എന്തോ ചെറിയ അസ്കിത പോലെ, ബസ്സില്‍ കയറിയ മുതല്‍ ഉണ്ട്. ബാംഗ്ലൂര്‍ നിന്നും അഞ്ചു മണിക്കൂര്‍ യാത്ര ചെയ്ത് ബസ് ഇപ്പോള്‍ അനന്തപുരം എത്തിയിരിക്കുന്നു. ഇവിടുത്തെ അനന്തപുരത്തുനിന്നും “തിരു” എങ്ങനെയോ നഷ്ടപെട്ടതാകും, ഇല്ലെങ്കില്‍ കേരളത്തിനും ആന്ധ്രാപ്രദേശിനും ഒരുപോലെ തിരുവനന്തപുരം എന്ന ഒരു നഗര/ ഗ്രാമങ്ങള്‍ ഉണ്ടായേനെ , ചിന്തകള്‍ വെറുതെ കാടുകയറി. ഇവിടം വരെയേ ഞങ്ങള്‍ക്ക് ടിക്കറ്റ് ഉള്ളു, പക്ഷെ ബസ് പോകുന്നത് തടിപത്രിയിലേക്കാണെന്നു അറിയാം. പാതി തുറന്ന കണ്ണുമായി എണ്‍പതു രൂപക്കു തടിപത്രിയിലേക്കു ടിക്കറ്റ് എടുത്തു ഞാന്‍ വീണ്ടും ചരിഞ്ഞു, ഒരു മണിക്കൂര്‍ കൂടി യാത്രയുണ്ട് , കുറച്ചു കൂടി ഉറങ്ങിക്കളയാം എന്ന ആഗ്രഹം വെറും വ്യാമോഹമായി , ഒരു റോളര്‍ കോസ്റ്റില്‍ പോകുന്ന അനുഭവം ആയിരുന്നു. തുള്ളി തുള്ളി, ചാടിമറിഞ്ഞും ചരിഞ്ഞും ഞങ്ങള്‍ തടിപത്രി എത്തിച്ചേര്‍ന്നു.
സാധാരണ ഞങ്ങളുടെ ഇത്തരം യാത്രകളില്‍, കുളിയും പല്ലുതേപ്പും എല്ലാം ബസ്സ്റ്റാന്‍ഡിലെ ബാത്റൂമില്‍ ആണ്. പക്ഷെ രാത്രി ബസില്‍ കയറിയപ്പോള്‍ മുതല്‍ ഉള്ള വയറിന്‍റെ അസ്കിത, ഫുഡ് പോയ്സന്‍റെ ചെറിയ രൂപം ആണ് എന്ന് ഞാന്‍ വൈകാതെ തിരിച്ചറിഞ്ഞു. രാവിലെ 4 മണി ആണെങ്കിലും ഒരു വല്ലാത്ത ചൂടും. ഒരു ബാത്രൂം, കുറച്ചു നേരം കിടക്കാന്‍ ഒരു റൂമും അത്യാവശ്യം ആണെന്നുറപ്പായി. അങ്ങനെ കണ്ടക്ടറോട് വല്ല റൂമും ഉണ്ടോ എന്ന് എങ്ങനെ ഒക്കെയോ ചോദിച്ചു മനസിലാക്കി, കന്നഡ കുറച്ചൊക്കെ അറിയാവുന്നത് കൊണ്ട് ഇവിടെ പിടിച്ചു നില്‍ക്കാം എന്നാണ് ഞാന്‍ കരുതിയത് , പക്ഷെ അത് വെറും തെറ്റിദ്ധാരണ മാത്രം ആയിരുന്നു, കുറച്ചുപേര്‍ക്ക് ഹിന്ദി അറിയാം, ബാക്കി ബഹുഭൂരിപക്ഷത്തിനും തെലുഗു മാത്രം. വഴിയില്‍ കണ്ട ഒരു ഓട്ടോക്കാരനോട് കണ്ടക്ടര്‍ ചേട്ടന്‍ എന്തൊക്കെയോ പറഞ്ഞു ഞങ്ങളെ അതില്‍ കയറ്റി വിട്ടു. എന്തായാലും ഓട്ടോ ഒരു ലോഡ്ജിന്‍റെ മുന്നില്‍ നിര്‍ത്തി, ഇരുപതു രൂപ വാങ്ങി ഓട്ടോ ചേട്ടന്‍ പോയി. നല്ല ഇരുട്ട്, റിസെപ്ഷനിസ്റ്റ് നല്ല ഉറക്കം, ഞാന്‍ ഡോറില്‍ പട പടാന്ന് അടിച്ചു, ആവശ്യം എന്‍റെ ആണല്ലോ, ഭയ്യാ റൂം ചാഹിയെ എന്ന് പറഞ്ഞൊപ്പിച്ചു. റൂം നഹി നഹി സബ് ബുക്കിംഗ് ഹൈ, എന്ന മറുപടി കേട്ടപ്പോള്‍ പൂര്‍ത്തിയായി. ഓട്ടോയും പോയി, റൂമും ഇല്ല, വയറാണെകില്‍ പണിതരാനും തുടങ്ങി. ഞങ്ങള്‍ ഒന്ന് മുഖത്തോടു മുഖം നോക്കി . ഓട്ടോകാരനെ വിടണ്ടായിരുന്നു. പുറത്തിറങ്ങിയപ്പോള്‍ കല്യാണ കാര്‍ കിടക്കുന്നുണ്ട്. വഴിയേ പോയ ചേട്ടന്‍ മുറി ഹിന്ദിയില്‍ പറഞ്ഞു ഏതോ ഒരു രാഷ്ട്രീയക്കാരന്‍റെ മകന്‍റെ വിവാഹം ആണ് ഇവിടുത്തെ എല്ലാ ഹോട്ടലുകളും ബുക്ക് ചെയ്തിട്ടിരിക്കുകയാണെന്ന്. അത് കുടി കേട്ടപ്പോള്‍ എന്‍റെ പകുതി ബോധം പോയി. എന്നിരുന്നാലും പിന്നീടുവന്ന ഓട്ടോയില്‍ അദ്ദേഹം ഞങ്ങളെ കയറ്റി വിട്ടു മറ്റൊരു ലോഡ്ജിലേക്ക് . ഒരു ചെറിയ ലോഡ്ജ് ആണ്. ഇടുങ്ങിയ വഴികള്‍ . അതിലെ മുകളിലേക്ക് വെച്ചടിച്ചു , ഇവിടെയും കല്യാണ ബുക്കിംഗ് ആണെങ്കില്‍ എല്ലാം കുളമായതു തന്നെ .
താഴെ കളിച്ചുകൊണ്ടിരുന്ന പിള്ളേരോട് ഞാന്‍ ചോദിച്ചു, നിങ്ങള്‍ എല്ലാവരും കല്യാണത്തിന് വന്നതാണോ എന്ന്, യെസ് എന്ന് കേട്ടപ്പോളെ തിരിച്ചിറങ്ങിയാലോ എന്ന് കരുതി, എന്നാലും പ്രതീക്ഷ കൈവിടാതെ ഞങ്ങള്‍ മുകളില്‍ എത്തി. അവിടെ ഉള്ള ചേട്ടനോട് ഫ്രഷ് ആകാന്‍ റൂം ഉണ്ടോ എന്ന് ചോദിച്ചു, ഉണ്ടല്ലോ തരാം എന്ന് ചേട്ടന്‍റെ മറുപടി, പക്ഷെ ഒരു കണ്ടിഷന്‍ വെച്ചു, ആരെങ്കിലും ചോദിച്ചാല്‍ കല്യാണത്തിന് വന്നതാണ് എന്ന് പറയണം. അത് ഞങ്ങള്‍ക്ക് നൂറില്‍ നൂറു സമ്മതവും. അങ്ങനെ ഞാന്‍ ഓടി മുറിയില്‍ കയറി, കുറച്ചു ശര്‍ദിച്ചു. വൃത്തി ഒന്നും തീരെ ഇല്ലാത്ത ഒരു കുടുസു മുറി, ക്ഷീണം കാരണം ഞാന്‍ ഉറങ്ങിപ്പോയതറിഞ്ഞില്ല. കണ്ണുതുറന്നപ്പോള്‍ 7.30. എട്ടുമണിക്ക് ഇവിടുന്നു പുറപ്പെടാനാണ് പ്ലാന്‍. കുറച്ചു ഒ.ആര്‍.എസ്സൊക്കെ കലക്കി കുടിച്ചു. മുറിയില്‍ ചൂടും കൂടിതുടങ്ങി. പുറത്താണേല്‍ കല്യാണത്തിന് പോകുന്ന ആളുകളുടെ ബഹളം. ഇപ്പൊ പുറത്തേക്കിറങ്ങിയാല്‍ ഞങ്ങളെ കല്യാണത്തിന് കൊണ്ടുപോകാനുള്ള സാധ്യത കൂടുതല്‍ ആയതിനാല്‍ ശബ്ദം ഉണ്ടാകാതെ മുറിയില്‍ ഇരുന്നു. പിന്നെ പുറത്തെ ഒച്ചപ്പാട് മാറിയപ്പോള്‍ ഞങ്ങള്‍ പുറത്തേക്കിറങ്ങി ആരേം നോക്കാതെ ഒരൊറ്റ നടത്തം .
ചെറിയ ഒരു ഗ്രാമം ആണ്. മൊബൈല്‍ ഫോണില്‍ ചൂട് എത്ര ഉണ്ട് എന്ന് നോക്കി, മുപ്പത്തിരണ്ട് ഡിഗ്രി, എട്ട് മണി ആകുന്നതേയുള്ളു . ബസ്സ്റ്റാന്‍റിനടുത്തുള്ള ഇക്കയുടെ കടയില്‍നിന്നും ആറ് ഇഡലി, ഒരു പൂരി കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ആണ് ശ്രദ്ധിച്ചത്, കടയുടെ ഒത്തനടുവിലൂടെ കടന്നുപോകുന്ന തൂണില്‍ ചില നമ്പറുകള്‍ മഞ്ഞനിറത്തില്‍, പുറത്തിറങ്ങി നോക്കിയപ്പോള്‍ കാര്യം മനസിലായി ഇലക്ട്രിക്ക് പോസ്റ്റ് ഇനി വരുമ്പോള്‍ ഈ കട ഓര്‍ത്തു വെക്കാന്‍ ഒരു അടയാളം ആയി.
സ്കൂള്‍വിദ്യാഭ്യാസ കാലത്ത്, ഭൂമി ശാസ്ത്രത്തിലെ “നദികള്‍ ഉണ്ടാകുന്ന ഭൂരൂപങ്ങള്‍” പഠിക്കുന്ന കാലംമുതല്‍ക്കെ ആന്ധ്രാപ്രദേശിലെ ബേലും ഗുഹകള്‍ എന്‍റെ മനസ്സില്‍ ഉണ്ട്. എന്നിലെ യാത്രികയെ കൃത്യമായ വഴികളിലൂടെ സഞ്ചരിക്കാന്‍ സഹായിച്ചത് ഭൂമിശാസ്ത്രത്തോടും, ചരിത്രപഠനത്തോടും തോന്നിയ വല്ലാത്ത അഭിനിവേശം മാത്രമാണ്. നദികള്‍, മലകള്‍, കാറ്റ്, മണ്ണ്, കടല്‍ ഇതെല്ലാം ഭൂമിക്കുണ്ടാകുന്ന മാറ്റങ്ങള്‍, അത് വഴി ഇവിടെ രൂപപ്പെട്ട മനോഹരമായ പ്രദേശങ്ങള്‍ ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ പുസ്തകത്താളുകളില്‍ നിന്നും എന്‍റെ മുന്നിലൂടെ കടന്നുപോയിരുന്നു. ചരിത്ര പുസ്തകത്തിലെ മാറിമറിഞ്ഞ രാജവംശങ്ങള്‍, അവര്‍ തീര്‍ത്ത സൗധങ്ങള്‍ ,കല്ലുകളില്‍ തീര്‍ത്ത മഹാത്ഭുതങ്ങള്‍, ചരിത്രമായി മാറിയ യുദ്ധങ്ങള്‍ പുസ്തകത്താളുകളില്‍ നിന്നും ഒരു ചലച്ചിത്രം പോലെ എന്‍റെ മുന്നില്‍ കാഴ്ചയുടെ വലിയ ഒരുലോകത്തെ ഒരുക്കിയിരുന്നു. ഇന്ന് ഞാന്‍ നടത്തുന്ന ഓരോ യാത്രകളും, അന്ന് പുസ്തകത്തില്‍ വായിച്ച നാടുകളും സംസ്കാരങ്ങളും ഭൂരൂപങ്ങളും തേടി ആണ്.
ഭൂമിക്കു മുകളിലൂടെ വളഞ്ഞു പുളഞ്ഞു വഴിമാറി ഒഴുകുന്ന നദി ഭൂമിക്കടിയിലൂടേയും ഒഴുകുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അവിടെ അവര്‍ സൃഷ്ടിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന ഒരു അത്ഭുതലോകം ആകും. കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പേ ഒരു നദി തീര്‍ത്ത അത്ഭുതലോകമാണ് ബെലും ഗുഹകള്‍.
താടിപത്രിയില്‍ നിന്നും കുറച്ചധികംനേരം കാത്തിരുന്നതിനു ശേഷം ആണ് നന്ദ്യാല്‍ ബസ് കിട്ടുന്നത്, എക്സ്പ്രസ്സ് ബസ് ആണ്. ബേലും ഗുഹയുടെ മുന്നിലൂടെ പോകുന്നതുകൊണ്ടു അവിടെ ഇറക്കാം എന്ന് പറഞ്ഞു. ആന്ധ്രാപ്രദേശിലെ കോര്‍ണൂല്‍ ജില്ലയിലാണ് ബേലും ഗുഹകള്‍. താടിപത്രിയില്‍ നിന്നും ഒരുമണിക്കൂറിലുള്ള യാത്ര, പോകുന്ന വഴിയില്‍ നിറയെ കൃഷി സ്ഥലങ്ങള്‍, പച്ചവിരിച്ചുകിടക്കുകയാണ് നെല്‍പ്പാടങ്ങള്‍. എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരുകാര്യം, ഇപ്പോള്‍ പുറത്തെ ചൂട് ഒരു മുപ്പത്തിയേഴിനോട് അടുത്തുകാണും, വെള്ളം വളരെ കുറവുള്ള സ്ഥലം. എന്നിട്ടും ഈ ചൂടിനെ വകവെക്കാതെ, വെള്ളത്തിന്‍റെ ലഭ്യതയെ വകവെക്കാതെ മണ്ണില്‍ പൊന്നുവിളയിക്കുന്ന കര്‍ഷകര്‍, വളരെ കഠിനാദ്ധ്വാനികളായ മനുഷ്യരാണ് ഇവിടെ എന്ന് മനസിലാകും.
വീടുകളുടെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നതും ഒരു പ്രത്യേകതരം കല്ലുകള്‍ അടുക്കിയാണ് . കടപ്പ സ്റ്റോണ്‍സ് എന്ന് വിളിക്കുന്ന, മാര്ബിളിനോട് സാമ്യം ഉള്ള കറുത്ത കല്ലുകള്‍ പോകുന്ന വഴിയെല്ലാം കൂട്ടി ഇട്ടിരിക്കുന്നു. നിരവധി ക്വാറികള്‍, ചുണ്ണാമ്പുകല്ലുകള്‍ ധാരാളം ഉള്ള ഇന്ത്യന്‍സംസ്ഥാനം ആയതിനാല്‍ വലിയ വലിയ സിമെന്‍റ് ഫാക്ടറികള്‍, ഇതൊക്കെ കടന്നു ഹൈവേയുടെ സൈഡില്‍ ആയിത്തന്നെ ബേലും ഗുഹകള്‍ എന്ന ബോര്‍ഡിന് മുന്നില്‍ ബസ് നിര്‍ത്തി. ഞങ്ങളെ കൂടാതെ കുറച്ചു പെണ്‍കുട്ടികളും ബസില്‍നിന്നും ഇറങ്ങി.
എന്‍ട്രന്‍സ് ഗേറ്റില്‍ നിന്നും അരകിലോമീറ്റര്‍ നടന്നുവേണം ടിക്കറ്റ് കൗണ്ടറില്‍ എത്താന്‍, പോകുന്നവഴി വലിയൊരു ബുദ്ധപ്രതിമയും കാണാം. ഞങ്ങള്‍ നടന്നുപോകുന്ന വഴിയുടെ താഴെ, നദി സൃഷ്ടിച്ച അത്ഭുതലോകം ആയിരുന്നു, ഇടക്കിടെ ഗുഹകത്തേക്കു വായു പമ്പ് ചെയുന്ന ഇന്‍സ്ട്രുമെന്‍റ്സ് കാണുമ്പോള്‍ ആ സംശയം ഞങ്ങളില്‍ ഉണ്ടായിരുന്നു. ചുടു കൂടി കൂടി മുപ്പത്തെട്ട് ഡിഗ്രിക്കടുത്തായി കാണും. അടുത്തുള്ള ഹരിത റെസ്റ്റോറന്‍റില്‍ നിന്നും വെള്ളം വാങ്ങി ഞങ്ങളുടെ ബോട്ടില്‍ നിറച്ചു. അറുപത്തഞ്ചു രൂപക്കു ടിക്കറ്റ് എടുത്തു, പറ്റിയ ഒരു ഗൈഡിനെയും ഒപ്പിച്ചു, ഗേറ്റിനടുത്തു ബാഗും ഏല്പിച്ചു പുസ്തകത്താളുകളില്‍ പഠിച്ച, കാണാന്‍ കൊതിച്ച, നദി നിര്‍മ്മിച്ചെടുത്ത അത്ഭുത ലോകത്തേക്കിറങ്ങി. അവധി ദിവസം ആയിരുന്നിട്ടും ആളുകള്‍ നന്നേ കുറവായിരുന്നു. ധാരാളം ഗൈഡുകള്‍ ഉണ്ടെങ്കിലും, കൂടുതല്‍ പേരും ഹിന്ദിയും തെലുഗുമാണ് സംസാരിക്കുന്നത്. ഗോവര്‍ധന റെഡ്ഡി എന്ന ഞങ്ങളുടെ ഗൈഡിന്‍റെ കൂടെ ബാംഗ്ളൂരില്‍നിന്നെത്തിയ രണ്ടുപേര്‍ കൂടെ ചേര്‍ന്നു .
ഗുഹക്കകത്തേക്കു ഇറങ്ങിയ ഞാന്‍ കണ്ണുകള്‍ അടച്ചു .ഹോളിവുഡ് സിനിമകളില്‍ സമയം പുറകോട്ടുപോകുന്ന സീനുകള്‍ പോലെ, പെട്ടെന്ന് ഞാന്‍ നില്‍ക്കുന്ന വഴിയില്‍ ദൂരെ എവിടെന്നോ ഒരു നദി കുതിച്ചൊഴുകി വരുന്ന ശബ്ദം. ശബ്ദത്തിന്‍റെ ഗാംഭീര്യം അത് കൂടി കൂടിവരുന്ന പോലെ. തിരിഞ്ഞുനോക്കാന്‍ സമയംകിട്ടിയില്ല, എന്നെയും വഹിച്ചു ആ പുഴ എങ്ങോട്ടോ ഇരുട്ടിലൂടെ ഒഴുകി മറഞ്ഞു.
പെട്ടെന്ന് ഗൈഡ് എന്നെ വിളിച്ചു അകത്തേക്ക് വരാന്‍ പറഞ്ഞു. ഗുഹയുടെ വശങ്ങളില്‍ നദി ബാക്കിവച്ച പാടുകളിലൂടെ എന്‍റെ വിരലുകള്‍ നീങ്ങി.
കുറച്ചു ചരിത്രവും ഭൂമിശാസ്ത്രവും പറഞ്ഞാല്‍ ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുമ്പേ ഈ ഭൂപ്രദേശത്തൂടെ ചിത്രാവതി ഒഴുകി, വര്‍ഷങ്ങളോളം. ചുണ്ണാമ്പു കല്ലുകളും ചിത്രാവതിയിലെ ജലവും തമ്മില്‍ രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു കാര്‍ബോണിക് ആസിഡ് രൂപംകൊണ്ടു, അങ്ങനെ ഉണ്ടായ രാസീയ അപക്ഷയം ചുണ്ണാമ്പുകള്‍ക്കടിയില്‍ തീര്‍ത്തത് ഒരു പുതുലോകം . പിന്നീടെപ്പോഴോ അവിടെനിന്നും ചിത്രാവതി പിന്‍വാങ്ങി, അവള്‍ ഒഴുകിയ വഴികള്‍ ആരും അറിയപ്പെടാതെ കാലങ്ങളോളം മണ്ണില്‍ മൂടപ്പെട്ടു കിടന്നു. താഴെ ചിത്രാവതി തീര്‍ത്ത വിശാലലോകത്തെ കുറിച്ചറിയാതെ മുകള്‍ഭാഗം കൃഷിഭൂമിയായി മാറി.
ഇടിഞ്ഞു കിടക്കുന്ന ഗുഹാകവാടം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നെങ്കിലും ഉള്ളറകളുടെ രഹസ്യം തേടി ഒരാളും പോകാന്‍ കൂട്ടാക്കിയിരുന്നില്ല. ബെലും ഗുഹകളെ ക്കുറിച്ച് ചരിതത്തിലേക്കു ആദ്യമായി എഴുതിച്ചേര്‍ക്കുന്നത് 1884 ല്‍ ബ്രിട്ടീഷ്കാരനായ Mr Robert Bruce Foote ആണ്. പിന്നീടങ്ങോട്ട് നൂറു വര്‍ഷങ്ങളോളം ബെലും ഗുഹകള്‍ മണ്ണിനുള്ളില്‍ നിദ്രയില്‍ ആണ്ടു. 1982 -83 കാലഘട്ടത്തില്‍ ജര്‍മന്‍ സംഘം Mr Herbert Daniel Gebaue ന്‍റെ നേതൃത്വത്തില്‍ നടത്തിയ കൃത്യമായ പഠനം ഇന്ത്യക്കു സമ്മാനിച്ചത്, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗുഹകള്‍ ആയിരുന്നു. അത്ഭുതങ്ങള്‍ നിരവധിഒളിപ്പിച്ചു വച്ചിരുന്നു ചിത്രാവതി. വലിയ ഹാളുകള്‍, ആല്‍മരത്തിന്‍റെ രൂപത്തില്‍ ഉണ്ടായിവന്ന ചെറിയ ഗുഹകള്‍, ഒന്നിനോടൊന്നായി ചേര്‍ന്നുനില്‍ക്കുന്ന രണ്ടു ഗുഹകള്‍. പ്രകൃതി എന്ന കലാകാരന്‍ വരച്ചിട്ട കൊത്തുപണികള്‍ ചുവരുകളിലും, മേല്‍ക്കൂരകളിലും. പിന്നെ ആരെയും അത്ഭുതപെടുത്തി 150 അടി താഴ്ചയില്‍ പാതാളഗംഗയും. അവിടെയുള്ള ഒരിക്കലും വറ്റാത്ത ഭൂഗര്‍ഭജലവും.
ആന്ധ്രാപ്രദേശ് ടൂറിസം ബോര്‍ഡും, അടക യും വളരെ മനോഹരമായിത്തന്നെ ഇതു സംരക്ഷിച്ചു പോകുന്നു. ഗുഹക്കകത്തെല്ലാം പലനിറത്തിലുള്ള ലൈറ്റുകള്‍, വായുകടക്കുന്നതിനായുള്ള മാര്‍ഗങ്ങള്‍. വഴിതെറ്റാതെ തിരിച്ചുവരുവാനുള്ള ബോര്‍ഡുകള്‍. ഗുഹാഭാഗങ്ങളെ പ്രധാനമായും എട്ട് ആയി തിരിച്ചിരിക്കുന്നു. ചുണ്ണാമ്പുകല്ലുകള്‍ ഉണ്ടാക്കിയെടുത്ത രൂപങ്ങളുടെ സാദൃശ്യം പേരില്‍നിന്നും മനസിലാകും .
പാതാള ഗംഗ
സിംഹദ്വാരം സിംഹത്തിന്‍റെ തലയുടെ രൂപത്തില്‍ രൂപം കൊണ്ടിരിക്കുന്ന വലിയ ആര്‍ച് ;Kotilingalu Chamber വലിയ ഒരു പില്ലര്‍ പോലെ ഒരു ഭാഗം. ചുണ്ണാമ്പുകല്ലുകള്‍ ഉരുകി ഒഴുകിയ ശേഷം ഘനീഭവിച്ച ഈ ഭാഗം കാഴ്ചക്കാരെ അത്ഭുതപ്പെടുത്തും.
പാതാള ഗംഗ കണ്ടെത്തിയതില്‍ ഏറ്റവും ആഴം കൂടിയ ഭാഗം ആണ് പാതാള ഗംഗ (150 ft). എവിടേക്കോ മറഞ്ഞുപോകുന്ന ഒരു ചെറിയ അരുവിപോലെ തോന്നും, ഈ ഭൂഗര്‍ഭജലം ബെലും ഗ്രാമത്തിലെ ഏതോ ഒരു കിണറിലേക്കാണ് ഒഴുകുന്നത് എന്ന് വിശ്വസിക്കുന്നു . പാതാള ഗംഗക്ക് മുകളിലായി ചിത്രാവതി തീര്‍ത്ത ഒരു ശിവലിംഗവും കാണാം. സപ്തസ്വരലയ ഗുഹ , ധ്യാനമന്ദിരം, ആല്‍മരത്തിന്‍റെ രൂപം പ്രാപിച്ച ഗുഹ, മണ്ഡപങ്ങള്‍ അങ്ങനെ അത്ഭുതങ്ങള്‍ അനവധി അനവധി .
ബെലും ഗുഹകളെ കുറിച്ച് പഠിക്കുന്ന സമയത്തു, ഗുഹക്കുള്ളില്‍ നിന്നും നിരവധി ജൈന ബുദ്ധ സന്യാസിമാര്‍ ഉപയോഗിച്ച വസ്തുക്കള്‍ ലഭിച്ചിട്ടുണ്ട്, ഇതിനര്‍ത്ഥം വര്‍ഷങ്ങള്‍ക്കുമുമ്പേ ചിത്രാവതി ബാക്കിയാക്കിയ അത്ഭുതലോകം സന്യാസിമാര്‍ കണ്ടെത്തിയിരുന്നു.
ഭൂമിശാസ്ത്രവും ചരിത്രവും ഒരുപോലെ സമന്യയിപ്പിച്ച അത്ഭുത ലോകം ആണ് ബെലും ഗുഹകള്‍. രണ്ടു മണിക്കൂറില്‍ കണ്ടു തീര്‍ക്കേണ്ട ഈ അത്ഭുത ലോകം ഞങ്ങള്‍ കണ്ടിറങ്ങിയപ്പോള്‍ മൂന്നു മണിക്കൂറിനുമേലെ നീണ്ടു, പുഴയൊഴുകിയ വഴികളിലൂടെ, പ്രകൃതി ഒരുക്കിയ മന്ത്രികലോകത്തിലൂടെ നടന്നുനീങ്ങിയപ്പോള്‍ സമയം പോകുന്നത് അറിഞ്ഞിരുന്നില്ല.
ഇടക്ക് എവിടെന്നോ കേട്ടു മലയാളത്തിലെ സംസാരം, എറണാകുളത്തുനിന്നും ചെന്നൈ വഴി ഡല്‍ഹിയിലേക്ക് ബൈക്കില്‍ ഒരു മിനി ഇന്ത്യ റൈഡിനു ഇറങ്ങിയ വിനൂപും അരുണും. പരിചയപ്പെടലുകളും ഒരുമിച്ചു ഊണും കഴിഞ്ഞു യാത്രപറഞ്ഞു അവര്‍ ഇറങ്ങുമ്പോളും മനസ്സ് ആ അത്ഭുത ലോകത്തില്‍ തന്നെ ആയിരുന്നു.
ചിത്രാവതി.. അവള്‍ ഒഴുകിയ വഴിയിലൂടെ അവള്‍ തീര്‍ത്ത മനോഹരമായ സാമ്രാജ്യത്തിലൂടെ ഞാന്‍ നടന്നു നീങ്ങി. അവസാനം ഈ സാമ്രാജ്യം ഉപേക്ഷിച്ചു ബെലും ഗുഹയില്‍ നിന്നും മുപ്പതു കിലോമീറ്റര്‍ അപ്പുറം മറ്റൊരു സാമ്രാജ്യം തീര്‍ത്തു ചിത്രാവതി ഇന്നും ഒഴുകിക്കൊണ്ടിരിക്കുന്നു.
COMMENTS