Homeചർച്ചാവിഷയം

കാടിതു കണ്ടായോ….

‘എന്തിന് താലി? അതുകൊണ്ടെന്തു കാര്യം ? ഞാനതു വീട്ടില്‍ വെച്ചു .കാട്ടില്‍ കയറി പണിയെടുക്കണം , സാധനങ്ങള്‍ മേടിക്കണം , ചോറും പപ്പുച്ചാറും ( പരിപ്പു കറി) കഴിച്ചുറങ്ങണം . കുട്ടികളെ നോക്കുന്നുണ്ട്, ഭര്‍ത്താവിനും വീട്ടിലെ പ്രായമായവര്‍ക്കും ചോറ് വിളമ്പുന്നുണ്ട്, താലിയിട്ടിട്ട് എന്ത് കാര്യം?’
തലയില്‍ വിസ്തരി ഇലക്കെട്ടുമായി നിന്ന് അവള്‍ സംഗീതാത്മക തെലുഗുവില്‍ ചോദിച്ചു .കഴുത്തിലെ വിചിത്രാകൃതിയിലുള്ള മാല തൊട്ട് ചോദിച്ചതായിരുന്നു ഞാന്‍ .അവളുടെ ഒരു കണ്ണിനെന്തോ പരിക്കുപറ്റി കേടുവന്നതു പോലെ .അടുത്ത കൂട്ടുകാരിയോടെന്ന പോലെ എന്‍റെ കയ്യിലമര്‍ത്തിയും തോളില്‍ കളിയായി തല്ലിയും ചേര്‍ത്തു പിടിച്ചും ഏറെ കാര്യങ്ങള്‍ ഒറ്റശ്വാസത്തില്‍ പറയാന്‍ ശ്രമിക്കുകയായിരുന്നു അവള്‍.

കാട്ടുവള്ളികള്‍ ചുറ്റിവരിഞ്ഞ കാടിനകത്ത് നട്ടുച്ചയുടെ മൗനം കനത്തു കിടന്നിരുന്നു, മുളങ്കൂട്ടങ്ങള്‍ മാത്രം ഇടക്കിടെ പച്ചമണമുള്ള ദീര്‍ഘ നിശ്വാസങ്ങള്‍ ഉതിര്‍ത്തിരുന്നു .

ഇന്നലെ രാത്രിയില്‍ കാട്ടുപോത്തുകളുടെ കനത്ത വിയര്‍പ്പു മണക്കുന്ന ചലനങ്ങള്‍ ശ്വാസം വിടാതെ നോക്കി പെരുവഴിയരികില്‍ നില്‍ക്കുമ്പോള്‍ ,ഇടതു ഭാഗത്തെ മല ഉച്ചിയിലേക്ക് ഇഴഞ്ഞു കയറുന്ന തീ നാഗങ്ങളെ ഞങ്ങള്‍ കണ്ടിരുന്നു . പുറംകരിഞ്ഞ് പുകയൂതി കിടക്കുന്ന മലമ്പാതയിലൂടെ ഇന്ന് ഇവിടേക്കു വരുമ്പോള്‍ പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലായിരുന്നു.
ചുവന്നൊട്ടുന്ന മണ്‍പാതയിലേക്ക് പൊള്ളിയമര്‍ന്ന കയ്യും കാലും നീട്ടി കരുവാളിച്ച മുഖവുമായി നീണ്ടൊരു നിലവിളി പോലെ കാട്ടുചെടികള്‍ പലയിടത്തും വഴി തടഞ്ഞു കിടന്നിരുന്നു. രാത്രി പെയ്ത കാട്ടുമഴയില്‍ മരങ്ങളുടെ തലയോട്ടികള്‍ നനഞ്ഞു പുകഞ്ഞു കിടക്കുകയായിരുന്നു.

മുളങ്കൂടു കമഴ്ത്തിയ പോലുള്ള വീട്ടിന്‍ മുറ്റത്തു നിന്നിരുന്നയാള്‍ , ഈ വഴി എങ്ങോട്ടു പോകും. എന്ന ചോദ്യത്തിലേക്ക് വരണ്ട ചിരി ചിരിച്ചു. തലവകഞ്ഞതു പോലെ കൊടുങ്കാടുകള്‍ക്കുള്ളില്‍ അങ്ങിങ്ങ് കണ്ടിരുന്ന പല വഴികളില്‍ ഒന്നായിരുന്നു അത് .
അതങ്ങിനെ അങ്ങോട്ടു പോകും. അയാള്‍ തീരെ ഉറപ്പില്ലാതെ പറഞ്ഞു, പക്ഷേ പേടിക്കാനൊന്നുമില്ല. അയാള്‍ക്കതില്‍ നല്ല ഉറപ്പാണെന്നു തോന്നുന്നു.

കരിഞ്ഞ പാടുകള്‍ക്കിടയിലൂടെ, കാടിന്‍റെ അരണ്ട കണ്ണുകളും നക്കിയുണക്കുന്ന കാറ്റിന്‍റെ നാവും ഓര്‍ത്തു തേങ്ങുന്ന മുളകളും പിന്നിട്ട് ,നല്ലൊരു പാതയിലേക്ക് കയറി ഒരിടത്തിരുന്നതായിരുന്നു ഞങ്ങള്‍. വീണു കിടന്നൊരു വലിയ മരത്തിന്‍റെ തടി മുഴുവന്‍ ചിതല്‍പ്പുറ്റു നിറഞ്ഞിരുന്നു, പഴയൊരു ഓര്‍മയുടെ കെട്ടു വിടാതെ കുറെ തടിയന്‍ വള്ളികള്‍ അതിനെ അപ്പോഴും ചുറ്റി വരിഞ്ഞിരുന്നു .

അടുത്തെവിടേയോ ഒഴുക്കിന്‍റെ നനുത്ത കാലടിയൊച്ചയും ആരോ ഞെരിക്കുന്നതു പോലെ കാട്ടുമരങ്ങളുടെ പായ്യാരം പറയലും കേട്ട് താഴ്ന്നൊരു മരക്കൊമ്പിലിരിക്കുകയായിരുന്നു ഞങ്ങള്‍. കടുത്തൂവക്കാടുകള്‍ വകഞ്ഞു മാറ്റുന്ന ചലനങ്ങള്‍ അപ്പോഴാണ് ശ്രദ്ധിച്ചത്. കയ്യിലൊരു വില്ലും തോളിലെ മുളങ്കൂടില്‍ കുറെ അമ്പുകളും ചരടുകെട്ടിയൊരു നരച്ച പ്ലാസ്റ്റിക് പാത്രവുമായി അങ്ങിനെയാണയാള്‍ മുന്നില്‍ വന്നുപെട്ടത്. മുഖാമുഖം കണ്ട് ഒരു നിമിഷം അയാള്‍ തറഞ്ഞു നിന്നു, പുക ചൂടിയ കണ്ണുകളില്‍ ഒരു തരം വിഭ്രാന്തിയും അങ്കലാപ്പും പടര്‍ന്ന് വഴിമുട്ടിയതുപോലെ. പെട്ടെന്ന് ഒഴിഞ്ഞു പോകാനോങ്ങിയതു പോലെ.

‘മുയല്‍വേട്ടക്കാണോ?’
ഞങ്ങളുടെ അന്വേഷണത്തിലേക്ക് അയാള്‍ അടുത്തതേയില്ല. ദണ്ഡകാരണ്യത്തിലെ ചിത്രകൂട വനത്തില്‍ ഉച്ചിയില്‍ കുടുമ കെട്ടി കോണകമുടുത്ത് മുയല്‍വേട്ടക്കായി കുലച്ച വില്ലുകളുമായി കാടു വളയുന്ന ഏകലവ്യന്‍മാരെ കണ്ടിട്ടുണ്ട് .
‘മീന്‍ പിടിക്കാനാണ്’
ഏറെ നേരത്തെ പരിഭ്രമത്തിനു ശേഷം അയാള്‍ ഇടര്‍ച്ചയോടെ പിറുപിറുത്തു.
‘ഇത് കുടിവെള്ളമാണോ?’
ഞാനയാളുടെ പ്ളാസ്റ്റിക് പാത്രത്തില്‍ തൊട്ടു.
‘അല്ല ,കള്ളാണ്’
സമ്പൂര്‍ണമായ കീഴടങ്ങലില്‍ അയാള്‍ ഒടിഞ്ഞു നിന്നു .

ഞാനയാളുടെ മുളങ്കൂട്ടിലെ അമ്പിന്‍റെ കൂര്‍ത്ത പല്ലില്‍ തൊട്ടു. അതിന് ചെമ്പന്‍ പക്ഷിത്തൂവല്‍ കൊണ്ട് ചിറക് പിടിപ്പിച്ചിരുന്നു .എന്‍റെ ഓരോ ചലനങ്ങളും അയാള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്നതായി തോന്നി . ഇടക്കിടെ കാടിനകത്തു പരതുന്ന കണ്ണുകളില്‍ നിറയുന്ന ചാര നിറം . വില്ലില്‍ അമ്പു തൊടുത്തു നിര്‍ത്താനുള്ള എന്‍റെ ശ്രമങ്ങള്‍ക്കിടക്ക് അയാളുടെ കള്ളു പാത്രം താഴെ വീണു ,വല്ലാത്തൊരു അസ്വസ്ഥതയോടെ അയാള്‍ ചുറ്റും പരതി നോക്കി നിന്നു .

വില്ല് വലിക്കുന്നത് നല്ല ശ്രമമാണ് , ഞാനതയാള്‍ക്ക് തിരിച്ചു കൊടുത്തു . ഉരുളക്കിഴങ്ങു ചിപ്സിന്‍റെ ഒരു പാക്കറ്റ് കൊടുത്തത് കയ്യില്‍ പിടിച്ച് ഒരു കുട്ടിയെപ്പോലെ അയാള്‍ മിഴിച്ചു നിന്നു . ശങ്കദുര സ്വയം വാറ്റിയ കള്ളുമായി മീന്‍ പിടിക്കാനുള്ള യാത്രയിലാണ് .
‘ഇത്രയും കനത്ത അമ്പുകളെയ്ത് പിടിക്കാന്‍ മാത്രം വലിയ മീനുകള്‍ എവിടെയുണ്ട് ?’
‘അവിടെയുണ്ട്’

ഗോദാവരി കാട്

ഇരുണ്ട കാട്ടിലേക്കു ചൂണ്ടി അയാള്‍ മന്ത്രം പോലെ പറഞ്ഞു . ചുവന്ന കുരുമുളകു തിരി പോലുള്ള പൂക്കള്‍ ചൂടി നിന്നിരുന്ന മരത്തിനടിയിലൂടെ രണ്ടു സ്ത്രീകള്‍ നടന്നു വന്നു . അതിലൊരാള്‍ മുള്ളുവള്ളികളും ചിതല്‍പ്പുറ്റും ചാടിക്കടന്ന് കാറ്റുപോലെ പാഞ്ഞു പോയി , അവള്‍ക്കൊപ്പം ശങ്കദുരയും ഓടിപ്പോയി .

ഏറ്റവും പുറകില്‍ വന്നവള്‍ പതുക്കെയടുത്തു വന്നു, അളന്നു തൂക്കി നോക്കി നിന്നു, വലിയ ഇലക്കെട്ടിനടിയിലൂടെ ചിരിച്ചു, എന്‍റെ നീട്ടിയ കയ്യില്‍ പിടിച്ചു . പിന്നെ ഇലക്കെട്ടു താഴേക്കു ചൊരിഞ്ഞു. എന്‍റെ കവിളത്ത് കളിയായി തൊട്ടു . മുഖാമുഖം നോക്കി നിന്ന ഞങ്ങള്‍ ഉത്സവത്തിന് കണ്ട സഖികളെപ്പോലെ തമ്മില്‍ തമ്മില്‍ ചിരിച്ചു.
‘പോലീസാന്നു കരുതിയാണവര്‍ ഓടീത് , അതെന്‍റെ ഭര്‍ത്താവും അമ്മായിയമ്മയുമാണ്’
ചിരിയടക്കാന്‍ കഴിയാതെ അവളെന്‍റെ തോളിലേക്കു മുഖം പൂഴ്ത്തി ചേര്‍ന്നു നിന്നു .
‘എന്നെ കണ്ടാല്‍ പോലീസെന്നു തോന്നുമോ?’
‘അതിപ്പൊ ആരെക്കണ്ടാലും തോന്നും അക്കാ പോലീസു മാത്രമല്ലല്ലോ, മറ്റുള്ളവരും’

മാരി ഗംഗമ്മയുടെ ഗ്രാമം

കിഴക്കന്‍ ഗോദാവരി തീരത്തെ പാപികൊണ്ട മരട് മല്ലി വനങ്ങളില്‍ പാര്‍ക്കുന്നവര്‍ക്ക് ആരെക്കണ്ടാലും സംശയമാണ് . പോലീസ് എന്നവര്‍ പറയുന്നത് അതിവിദഗ്ധസേനയെയാണ് . ‘മറ്റുള്ളവര്‍’ എന്നതില്‍, ചുവന്ന ഇടനാഴികളും, അതിലൂടെ മുന്നോട്ടും പിന്നോട്ടും ഒരേ സമയത്ത് മാര്‍ച്ചു ചെയ്യുന്നവരും , വിള്ളലുകളില്‍ കുത്തി നിര്‍ത്തിയ കറുത്ത തലകളും ,ചുവന്ന ഇരുട്ടിലേക്ക് തള്ളിയിട്ട കറുത്തു ശോഷിച്ച നിഴലുകളും , തിരിവുകളില്‍ കവണയും കല്ലുമായി നില്‍ക്കുന്നവരും , പാതിവെന്ത മണ്ണു കുഴച്ച് ഉടഞ്ഞ പാത്രങ്ങള്‍ ഉണ്ടാക്കുന്നവരും, മുഖത്തും കയ്യിലും ഒട്ടിപ്പിടിക്കുന്ന കാണാ വലകളും, അടിവയറ്റില്‍ ആഞ്ഞു പതിക്കുന്ന അധികാര ദണ്ഡും…

ദേവാരപ്പള്ളിയിലെ കാടു മറഞ്ഞിരുന്നു കലമ്പുന്ന വെള്ളച്ചാട്ടത്തിനരികിലെ പാറക്കുണ്ടുകളില്‍ നെഞ്ചത്ത് വെടി കൊണ്ടും മുതുകത്ത് വെട്ടുകൊണ്ടും വീണു കിടക്കുന്നവര്‍ . ഈച്ചയൊട്ടുന്ന പലഹാരങ്ങളും മുടിപ്പൂക്കളും അലൂമിനിയ പാത്രങ്ങളും ചക്കരയും ചൂലും കള്ളും വില്‍ക്കുന്ന മരട് മല്ലി ചന്തക്കു നടുവില്‍ കബന്ധങ്ങളായി തൂങ്ങി നില്‍ക്കേണ്ടി വന്നവര്‍ .

മാരി ഗംഗമ്മക്കൊപ്പം ലേഖിക

നെഞ്ചു തകര്‍ത്തവനും തല വെട്ടിയവനും ഒരേ സമയം രക്ഷിതനും ശിക്ഷിതനുമാവുന്ന അവസ്ഥ . രക്ഷിക്കാനും ഉദ്ബുദ്ധരാക്കാനും ശ്രമിച്ചു കൊണ്ടിരിക്കുന്ന ഇരു ചേരികള്‍ക്കിടയില്‍ പെട്ടു പോയി നില്‍ക്കാനിടം ഇല്ലാതായവര്‍ . ഇരുകൂട്ടരും ചേര്‍ന്ന് തള്ളിത്തള്ളി കാടിന്‍റെ വക്കത്തു കൊണ്ടു ചെന്നു കെട്ടിയിട്ടവര്‍ . വിജനമായ കാട്ടുപാതയോരത്ത് പാന്‍മസാല വില്ക്കാനിരിക്കുന്നവനായും ചന്തയില്‍ കറുത്ത ആടിനു വില പേശുന്നവനായും കാട്ടില്‍ തേന്‍കൂടു തിരയുന്നവനായും കണ്ണു കൂര്‍പ്പിച്ചിരിക്കുന്നവരില്‍ നിന്ന് , രക്ഷപ്പെട്ട് മുള്ളുവള്ളികള്‍ ചാടിക്കടന്ന് കടുത്തൂവക്കാടുകള്‍ക്കിടയിലൂടെ അരി തേടി പായുന്നവര്‍ .

ശങ്കദൂരക്കൊപ്പം

രമ്പചോദാവരത്തെ അതിപ്രാചീന ശിവക്ഷേത്രം ഞങ്ങളിന്നു രാവിലെ പോകുമ്പോള്‍ അടഞ്ഞു കിടക്കുകയായിരുന്നു . അടുത്തൊന്നും മനുഷ്യവാസ ലക്ഷണങ്ങളില്ല . ക്ഷേത്രമുറ്റത്ത് അമ്പും വില്ലുമായി നില്‍ക്കുന്ന അല്ലൂരി സീതാരാമ രാജുവിന്‍റെ നീണ്ടു നിവര്‍ന്ന പ്രതിമ .
ഈസ്റ്റ് ഗോദാവരി കാടുകളില്‍ സാമ്പ്രദായിക കാര്‍ഷിക വൃത്തിക്കും അടിമ വ്യാപാര നിര്‍മാര്‍ജനത്തിനും വെള്ളപ്പട്ടാള ഉച്ചാടനത്തിനുമായി പൊരുതിയ , ചിന്തപ്പള്ളിയിലെ കാട്ടുമരത്തില്‍ വെള്ളക്കാര്‍ കെട്ടിത്തൂക്കിക്കൊന്ന , മരട്മല്ലിയിലെ ലംബാസിങ്കിയിലെ പാപികൊണ്ടയിലെ ഈറന്‍ മലകള്‍ പോലും വണങ്ങുന്ന , മാന്യം വീരഡുവിന്‍റെ (കാട്ടു നായകന്‍) പ്രതിമ കാലഭൈരവനെക്കാളും ഉയര്‍ന്നു നില്‍ക്കുന്ന ഒരിടത്താണ് , പുതിയ ആയുധങ്ങളും പഴയ പ്രത്യയശാസ്ത്രങ്ങളും വരഞ്ഞു കീറിയ ഉടലുകളുമായി ശങ്കദൂര ഓടി മറയുന്നത്.

ഒരിക്കല്‍ കിഴക്കന്‍ ഘട്ടത്തിന്‍റെ ഇടതൂര്‍ന്ന നിബിഡ വനങ്ങളില്‍ കഴിഞ്ഞിരുന്നവരുടെ ഗ്രാമങ്ങള്‍ പാതിയും ഒഴിഞ്ഞു കിടക്കുകയാണ്. ഈസ്റ്റ് ഗോദാവരിക്കാടുകളില്‍ മാത്രമല്ല , ആന്ധ്രയിലെ ഏജന്‍സി മേഖലകളിലെല്ലാം തന്നെ ഭൂമിയുടെ ഉടയോന്‍ ആദിവാസി മാത്രമാണ് . അരക്കു താഴ്വരയിലും മറ്റും കൂണു പോലെ മുളച്ചു പൊന്തുന്ന സുഖവാസയിടങ്ങളെല്ലാം ഏതെക്കേയോ ശങ്കദുരമാരുടെ പേരിലാണ് .

വിനോദസഞ്ചാര വഴിത്താരകള്‍ ഇനിയും അധികം വെട്ടിത്തെളിഞ്ഞിട്ടില്ലാത്ത കിഴക്കന്‍ ഗോദാവരിയിലെ രമ്പചോദാവരം എന്ന മലയിടുക്കിലെ ഞങ്ങള്‍ താമസിച്ച ബേര്‍ഡ്സ് നെസ്റ്റ് എന്ന ഇടം തദ്ദേശവാസികളുടെ കൂട്ടുത്തരവാദിത്ത സംരംഭമാണ് (local community maintained oscial entrepreneurship) . ചെറിയൊരു നീര്‍ച്ചോലക്കരികില്‍ മൂന്നുവശവും മലകള്‍ മറഞ്ഞ് ആഢംബരങ്ങള്‍ ഒഴിഞ്ഞ് ഉറക്കം തൂങ്ങി നില്‍ക്കുന്ന ഒരിടം . തെളിച്ചം കുറഞ്ഞ ഭക്ഷണമുറിയുടെ മുക്കിലിരുന്ന് അവിടെ കിട്ടുന്ന ഒരേയൊരു ടി വി ചാനലില്‍ ഇന്ത്യ പാക് ക്രിക്കറ്റുകളി കണ്ടു കൊണ്ടിരിക്കുന്ന യുവാക്കള്‍ക്ക് ഉറക്കം വിങ്ങുന്ന മുഖമാണ്. വലിയൊരു പ്ലാവിനു കീഴെ എരിയുന്ന കനലടുപ്പിനരികില്‍ ഇരിക്കുന്ന ഒരു സ്ത്രീയും പുരുഷനും ഞങ്ങളവിടെ തങ്ങിയ മൂന്നു ദിവസവും പ്രതിമകള്‍ പോലെ അനങ്ങാതിരിക്കുകയാണെന്നു തോന്നി. വീക്കെന്‍ഡ് ആഘോഷിക്കാനെത്തിയ ആണുങ്ങളുടെ ഒരു സംഘം മാത്രം ചോലയോരത്തെ പാറപ്പുറത്ത് നിലാവു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

അങ്ങാടികളിലെ കനലടുപ്പുകളില്‍ തിരുകിയ മുളങ്കുറ്റികളില്‍ നിറച്ചു വേവിച്ചെടുക്കുന്ന ബാംബൂ ചിക്കനും പഴുത്ത കാട്ടു ചക്കച്ചുളകള്‍ പറിച്ച് ഇലക്കൂടുകളിലാക്കിയതും വിറ്റു പതുക്കെ നീങ്ങുന്ന ജീവിതങ്ങള്‍.
‘അപ്പൊ മാരി ഗംഗമ്മാ നിങ്ങള്‍ക്കെന്താണ് പോലീസിനെയും ‘മറ്റുള്ളവരെയും’ പേടിയില്ലാത്തത്?’
‘ഞാനെന്തിന് പേടിക്കണം? അവര്‍ പണിയെടുക്കുന്നു ഭക്ഷണം കഴിക്കുന്നു .ഞാന്‍ പണിയെടുക്കുന്നു പപ്പുച്ചാറു കൂട്ടി ചോറുണ്ണുന്നു. എനിക്കും അവര്‍ക്കും തമ്മിലെന്ത്?’

അന്തിമയങ്ങുന്ന നേരത്ത് വിളമ്പുന്ന ചോറിലും പരിപ്പു കറിയിലും ഒതുങ്ങുന്ന മാരി ഗംഗമ്മയുടെ ജീവിത സമസ്യകള്‍ അവള്‍ക്കെന്നെ വളരെ ഇഷ്ടമായെന്നു പറഞ്ഞു, ഞാന്‍ ചിരിച്ചു കൊണ്ടു സംസാരിച്ചതില്‍ സന്തോഷമുണ്ടത്രെ, അല്ലാതെ നമുക്കു തമ്മിലെന്ത്?
വിസ്തരി ഇല കടയില്‍ കൊടുത്താല്‍ പതിനഞ്ചു രൂപ കിട്ടും .ശങ്കദുര കുടിക്കും ,അമ്മായിയമ്മ വഴക്കുണ്ടാക്കും, എന്നാലും സന്തോഷമാണ് .

‘നിങ്ങള്‍ക്ക് എന്നോട് സംസാരിക്കാനും വിശേഷങ്ങള്‍ ചോദിക്കാനും തോന്നി ,അതല്ലേ സ്നേഹം, അല്ലാതെ നമ്മള്‍ തമ്മിലെന്ത്?’
ഇജ്ജല്ലൂരിലെ കുഞ്ഞു പാലത്തിന്‍ മുകളില്‍ കുറച്ചു പേര്‍ കൂടി നില്‍ക്കുന്നു . താഴെ പുഴക്കരയില്‍ മെലിഞ്ഞൊരു ചെറുപ്പക്കാരന്‍ നീണ്ട മുളകൊണ്ട് പാറയിടുക്കില്‍ പരതുന്നു . കുളിക്കാനിറങ്ങിയ അവന്‍റെ രണ്ടു കൂട്ടുകാരെ കാണാനില്ല .

‘ഇവിടെയിറങ്ങിയാല്‍ പൊങ്ങില്ല, കയമാണ്’ അടുത്തു നിന്ന സ്ത്രീ പറഞ്ഞു. മെലിഞ്ഞൊതുങ്ങി ഒഴുകുന്ന ആ പുഴയിലെ അടിത്തട്ടുകാണുംവിധം തെളിഞ്ഞ വെള്ളത്തിനടിയില്‍ രണ്ടു യുവാക്കള്‍ കുടുങ്ങി കിടക്കുന്നുവെന്ന് വിശ്വസിക്കാനാവില്ല . ഇത്രയും വലിയ കെണി ഒളിഞ്ഞിരിക്കുന്നതെവിടെയെന്ന് നോക്കിനില്‍ക്കേ , പോക്കറ്റില്‍ വാക്കി ടോക്കി തിരുകി ബൈക്കില്‍ വന്ന പോലീസുകാരന്‍ ഉച്ചത്തില്‍ ആരേയോ വഴക്കു പറയാന്‍ തുടങ്ങി .

പാലത്തിനരുകിലെ ഒറ്റക്കുടിലിനു മുന്നിലെ ചായ്പിലിരുന്ന് പച്ചമാങ്ങ വിറ്റിരുന്ന വട്ടമുഖമുള്ള പെണ്‍കുട്ടി വീടിനുള്ളിലേക്കു വലിഞ്ഞു . പാലത്തിനു മുകളിലുള്ളവരും പതുക്കെ പതുക്കെ ഒഴിഞ്ഞു . മുളങ്കമ്പു താങ്ങി വിഷണ്ണനായ പയ്യനും രോഷാകുലനായ പോലീസുകാരനും കള്ളത്തരം മറച്ചു നില്‍ക്കുന്ന പാറയിടുക്കും പിന്നെ ഞങ്ങളും.

രമ്പചോദാവരത്തെ രാവ് നിശ്ശബ്ദമാണ്. നിഴലനക്കങ്ങളും ഇല്ല . നീര്‍ച്ചോല പോലും മൗനം. പാപികൊണ്ട റിസര്‍വോയറില്‍ മുങ്ങി തോര്‍ത്തി നില്‍ക്കുന്ന പനകള്‍ക്കിടയിലൂടെ വിളര്‍ത്ത ചന്ദ്രന്‍. അരയോളം വെള്ളത്തില്‍ നില്‍ക്കുന്ന മരിച്ചി മരങ്ങള്‍. മല ഉച്ചിയിലേക്ക് ഇന്നും തീ നാഗങ്ങള്‍ ഇഴഞ്ഞു കയറുന്നുണ്ട് .

നന്ദിനി മേനോന്‍
പ്രവാസി മലയാളി ത്രൈമാസിക ചീഫ് എഡിറ്റര്‍
മലയാളം മിഷന്‍ ആന്ധ്രപ്രദേശ് കോഡിനേറ്റര്‍

 

COMMENTS

COMMENT WITH EMAIL: 0