Homeപഠനം

സ്ത്രീയുടെ അസ്തിത്വത്തെക്കുറിച്ചുള്ള ബുവേറിയന്‍ നിലപാട്‌


നവജാതശിശു ഒരു പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ ആയി ജനിക്കുന്നതായി തിരിച്ചറിയുന്നില്ല. അതിന് പെണ്ണത്തമോ ആണത്തമോ ഇല്ല. ലിംഗവ്യവസ്ഥയെക്കുറിച്ചുള്ള തിരിച്ചറിവൊന്നുമില്ലാതെ ജനിക്കുന്ന കുട്ടി പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ ആയി മാറുകയാണ് എന്നതാണ് ഫ്രഞ്ച് തത്വചിന്തകയായ സിമോണ്‍ ഡി ബുവ്വര്‍ എന്ന ഫെമിനിസ്റ്റ്, സെക്കന്റ് സെക്‌സ് എന്ന പുസ്തകത്തിലൂടെ വിശദീകരിക്കുന്നത്. ലിവ്ഡ് എക്‌സ്പീരിയന്‍സ് എന്ന തലക്കെട്ടോടെ പുസ്തകത്തിന്റെ രണ്ടാം വാല്യത്തില്‍ തുടക്കത്തില്‍ത്തന്നെ പറയുന്ന ഒരു വാചകം ഇപ്പോള്‍ നമ്മുടെ നാട്ടിലും അല്പം പ്രസിദ്ധമായിരുന്നു. One is not born, but becomes a woman- എന്നതാണ് ആ ആപ്തവാക്യം. ഈ വാക്യത്തോടെ ഡി ബിവ്വോര്‍ തുറന്നു വെക്കുന്നത് സ്ത്രീയുടെ വിവിധജീവിതഘട്ടങ്ങളിലെ അനുഭവങ്ങളിലേക്കുള്ള വിമര്‍ശനാത്മകമായനോട്ടമാണ്. ആ വിശകലനത്തെ, അതൊരു വിശദീകരണം മാത്രമാണ് പ്രതിഷേധാത്മക പ്രതികരണം അല്ല എന്ന് ചില അഭിമുഖങ്ങളില്‍ ഡി ബുവ്വര്‍ പറയുന്നുണ്ടെങ്കിലും, സ്ത്രീയനുഭവങ്ങളെ വിശദീകരിക്കുക വഴി അതിനെ വിമര്‍ശനാത്മകമായി കാണുന്നതിനും മാറ്റിയെടുക്കുന്നതിനുമുള്ള ആഹ്വാനം അതിലുള്‍ക്കൊണ്ടിട്ടുണ്ട്. ഒരു പക്ഷെ അന്നത്തെ ഫ്രാന്‍സില്‍ അക്കാദമികബൗദ്ധിക രംഗത്ത് നില്‍ക്കുന്ന ഒരാളെന്ന നിലയില്‍, ഒരു സ്ത്രീ-തത്വചിന്തക എന്ന നിലക്ക് ചെയ്യാന്‍ പറ്റുന്ന ഈ എഴുത്തുപ്രവര്‍ത്തനം, പ്രതിഷേധപ്രവര്‍ത്തനമാണ് എന്ന് കടുത്ത വിമര്‍ശനരോഷത്തോടെ പറയുവാന്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നിരിക്കാം. അതിനാല്‍ത്തന്നെയാകണം, വളരെ നര്‍മം കലര്‍ന്ന രീതിയിലാണ് പല വിമര്‍ശനഭാഗങ്ങളും എഴുതപ്പെട്ടിട്ടുള്ളതും വിശകലനങ്ങള്‍ നടത്തിയിട്ടുള്ളതും. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും മധ്യത്തില്‍ത്തന്നെയും ഫ്രാന്‍സിലേയും പൊതുവേ യൂറോപ്പിലേയും സാമൂഹ്യവ്യവസ്ഥയില്‍ സ്ത്രീയനുഭവങ്ങള്‍ എത്ര രണ്ടാം കിടയായിരുന്നു എന്നതിന്റെ വിശദീകരണം ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തിലും പ്രസക്തമാണ്.

കൊടിയ അപകര്‍ഷതയും അതേസമയം അസന്ദിഗ്ദ്ധമായ ശ്രേഷ്ഠതയും ആണ് പുരുഷന്മാരുടെ സിദ്ധാന്തങ്ങളാലും സാഹിത്യങ്ങളാലും സ്ത്രീകളില്‍ ആരോപിക്കപ്പെടുന്നത് എന്ന് അവര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഫ്രഞ്ച് സാഹിത്യത്തിലും യൂറോപ്യന്‍ തത്വചിന്തകരിലും കാണുന്ന, തിരിച്ചറിയപ്പെടാതെ സമൂഹത്തിലലിഞ്ഞിരിക്കുന്ന, ഈ പ്രശ്‌നം അവര്‍ എടുത്തു കാണിക്കുന്നു. ശാരീരികമായും മാനസികമായും അപകര്‍ഷതയുടെ അസ്തിത്വവും ജീവിതാവസ്ഥകളും അതേസമയം മാതൃത്വത്തേയും സ്ത്രീത്വത്തേയും മഹത്വവല്‍ക്കരിക്കപ്പെടുത്തുന്ന ആശയങ്ങളും ആരോപിക്കപ്പെട്ട് ആവാഹിക്കപ്പെട്ട സ്ത്രീകള്‍, എങ്ങനെ ഇത്തരത്തില്‍ ആയിത്തീരുന്നു എന്ന ജീവിതസാഹചര്യാനുഭവങ്ങളെക്കുറിച്ചാണ് ബുവ്വോര്‍ വിവരിക്കുന്നത്. അനുഭവങ്ങളുടെ അര്‍ത്ഥങ്ങളേയും ബോധതലങ്ങളേയും വിവരിക്കുകഎന്ന പ്രതിഭാസവിജ്ഞാനീയത്തിന്റെ രീതിശാസ്ത്രമാണ് ഇവിടെ ബുവ്വോര്‍ എഴുത്തില്‍ അനുവര്‍ത്തിക്കുന്നത് എന്ന് കാണാം. എന്നത് അസ്തിത്വവാദത്തിന്റെ തത്വമായ’ആയിരിക്കലും ആയിത്തീരലും’ എന്നചര്‍ച്ചകളിലേക്ക് രീതി ശാസ്ത്രപരമായും ജ്ഞാനശാസ്ത്രപരമായും നയിക്കുന്നു.

മനുഷ്യക്കുട്ടി പിറക്കുമ്പോള്‍ അത് സ്ത്രീ ആയിരിക്കുന്നില്ല; ആ ജീവി അസ്തിത്വപ്രശ്‌നങ്ങളാല്‍ സ്ത്രീആയിത്തീരുകയാണ്. എങ്ങനെയൊക്കെയാണ് ആ ആയിത്തീരല്‍ നടക്കുന്നത് എന്നതാണ്, ഒരുയോനിയോടെ ജനിക്കുന്ന കുഞ്ഞിന്റെ പലജീവിതഘട്ടങ്ങളിലൂടെയുള്ള അനുഭവങ്ങളെ വിലയിരുത്തിക്കൊണ്ട് ഡിബുവ്വോര്‍ വിശദീകരിക്കുന്നത്. ഒരുപക്ഷെ യോനിയോടെ ജനിക്കുന്നു എന്നുപോലും പ്രസക്തമല്ലാത്തതും, ലിംഗമില്ലാതെ ജനിക്കുന്നു എന്ന ഭാഷമാത്രം പ്രയോഗിക്കുന്നതുമായ പുരുഷകേന്ദ്രിത ജ്ഞാനവ്യവസ്ഥയിലിരുന്നുകൊണ്ടാണ് അവര്‍ അതിനെ വിമര്‍ശനാത്മകമായിവിലയിരുത്തുന്നത് എന്നത് ശ്രദ്ധേയമാണ്. അരിസ്റ്റോട്ടില്‍ എന്ന പുരാതന ഗ്രീക്ക് തത്വ ചിന്തകനായ അരിസ്റ്റോട്ടില്‍ തുടങ്ങി, ഫ്രോയിഡ്, മാര്‍ക്‌സ് എന്നിങ്ങനെ മറ്റുപല ചിന്തകരുടേയും സാഹിത്യകാരന്മാരുടേയും പുരുഷകേന്ദ്രിത- സാമൂഹ്യസിദ്ധാന്തങ്ങളുടേയും ആശയങ്ങളുടേയും അടിസ്ഥാനത്തില്‍ മെനഞ്ഞിട്ടുള്ള സാമൂഹ്യ വ്യവസ്ഥയില്‍, സ്ത്രീയെ നിര്‍വചിച്ചത് പൂര്‍ണമല്ലാത്ത പുരുഷന്‍ (ാൗശേഹമലേറ ാമി) എന്നും ലിംഗാസൂയ(ുലിശ െലി്്യ) യുള്ളവള്‍ എന്നുമൊക്കെയായിരുന്നു. ഇതേക്കുറിച്ചുള്ള വിശദമായ വിമര്‍ശനാവലോകനം ഡി ബുവ്വോര്‍, സെക്കന്റ് സെക്‌സ് എന്ന പുസ്തകത്തിന്റെ ഒന്നാം വാല്യത്തില്‍ ചെയ്യുന്നുണ്ട്. നിലവിലുണ്ടായിട്ടുള്ള തത്വങ്ങള്‍ക്കൊന്നും സ്ത്രീയുടെ പ്രശ്‌നങ്ങളെ പരിഹരിക്കാനാവില്ല എന്ന് മാത്രമല്ല അവ സ്തീയെ പുരുഷക്കാഴ്ചയിലൂടെ നിര്‍വചിക്കുന്നവയുമാണ് എന്ന യാഥാര്‍ഥ്യം വിമര്‍ശനാത്മകമായി തുറന്ന് കാണിക്കുന്നു. രണ്ടാം വാല്യത്തിലൂടെ പെണ്‍കുട്ടി, യുവതി, വിവാഹിത, അമ്മ, സാമൂഹ്യജീവി എന്നിങ്ങനെ സ്ത്രീയുടെ വിവിധ ജീവിതഘട്ടങ്ങളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു.
ബാല്യത്തെക്കുറിച്ചുള്ള വിവരണത്തില്‍ പെണ്‍കുട്ടിയുടെ അനുഭവങ്ങളും ചിന്തകളും വികാരങ്ങളും വിശകലനം ചെയ്യുകവഴി, ഫ്രോയിഡ്പറഞ്ഞതരംഅപകര്‍ഷതകളും അസൂയകളും പെണ്ണനുഭവങ്ങളില്‍ ഉണ്ടായതല്ല പുരുഷാധിപത്യ സമൂഹം നിര്‍മിച്ചെടുത്തതാണ് എന്ന് സ്ഥാപിക്കുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് മൂത്രമൊഴിക്കുമ്പോള്‍ ലിംഗം കാണാനായ പെണ്‍കുട്ടികള്‍ പലപ്പോഴും വിശ്വസിക്കുന്നത്, തങ്ങളെ പെണ്‍കുട്ടിയാക്കാനായി ലിംഗംമുറിച്ചു കളഞ്ഞതാകാം എന്നാകാം. അതല്ലെങ്കിലും ഇതേക്കുറിച്ച് പെനിസ്എന്‍വി ഉണ്ടാകേണ്ടുന്ന ഒരുകാര്യവും പെണ്‍കുട്ടികളുടെ അനുഭവത്തിലില്ല. എന്നാല്‍ സ്വന്തംശരീരത്തെ ഭീതിയോടും രഹസ്യസ്വഭാവത്തോടുംമാത്രം നോക്കിക്കാണാന്‍ മാത്രമാണ് കൗമാരത്തില്‍ പലപ്പോഴും പെണ്‍കുട്ടികളെ പരിശീലിപ്പിക്കുന്നത്എന്നത് പാശ്ചാത്യകുടുംബങ്ങളിലും നിലനിന്നിരുന്നുഎന്നത്തിന്റെ തെളിവുകള്‍ ഡിബുവര്‍ നിരത്തുന്നു. ലിംഗത്തിന് കൊടുക്കുന്ന അമിതപ്രാധാന്യം എങ്ങനെ ആണ്‍കുട്ടികളെ അതില്‍ രമിക്കുന്നവരും പെണ്‍കുട്ടികളെ ലൈംഗികസുഖംഎന്ന് മാത്രമല്ല തങ്ങളുടെ ശരീരത്തെക്കുറിച്ചും അറിയാത്തവരുംആക്കുന്നുഎന്നത് എടുത്തു കാണിക്കുവാന്‍ ഇതില്‍ ശ്രമിക്കുന്നുണ്ട്. സ്വന്തംശരീരത്തെക്കുറിച്ചു മാത്രമല്ല മനസ്സിനെക്കുറിച്ചുപോലും സ്ത്രീകളുടെതന്നെ അജ്ഞതയെ ഉണ്ടാക്കുന്ന സാമൂഹികപരിശീലനംതകര്‍ക്കുകവഴിയേ പുരുഷനോടുള്ള സ്ത്രീയുടെഅടിമത്തം അവസാനിപ്പിക്കാന്‍ കഴിയൂ എന്ന് കാണിക്കുന്ന സാഹിത്യശകലങ്ങള്‍ ഉദാഹരിക്കുന്നുമുണ്ട്.

പിറന്ന ഒരുമനുഷ്യക്കുട്ടി എങ്ങനെ പെണ്‍കുട്ടിയായും യുവതിയായും ഭാര്യയായും അമ്മയായും മെരുക്കിവളര്‍ത്തപ്പെടുന്നു എന്നത് വിവരിക്കുകവഴി സമൂഹത്തിലും കുടുംബത്തിലും സ്ത്രീക്ക് രണ്ടാംകിടസ്ഥാനമായിരിക്കുന്നത് എങ്ങനെയൊക്കെയാണ്എന്നത് വ്യക്തമാക്കുന്നു.കൂടാതെ പെണ്ണ് പ്രണയത്തിലാകുമ്പോള്‍ എങ്ങനെയൊക്കെ സ്വയം സമര്‍പ്പിക്കുന്നു എന്നും പുരുഷന്‍ എങ്ങനെ എല്ലാത്തിനും അതീതനായി, അഥവാ തനിമയോടെ നിലകൊള്ളുന്നു എന്നും ഡി ബുവ്വോര്‍ വിശദീകരിക്കുന്നു. എന്നും അടിമത്തത്തെ അംഗീകരിച്ചുകൊണ്ട്പ്രണയിനിയും ഭാര്യയുമൊക്കെയായിരിക്കുന്ന സാഹചര്യങ്ങള്‍ എങ്ങനെയാണ് എന്നുംഅവര്‍ വിശദീകരിക്കുന്നു. സ്ത്രീപുരുഷബന്ധങ്ങളില്‍ മാത്രമല്ല ലെസ്ബിയന്‍ എന്ന അവസ്ഥയിലും പെണ്ണിന്റെ അനുഭവം എന്തെന്ന് അവര്‍ വിശദീകരിക്കുന്നു. വിവാഹം-കുടുംബം എന്ന സ്ഥാപനം ആശയപരമായി മാറിവരുന്നുണ്ടെങ്കിലും അതിന്റെ പ്രാമുഖ്യം അക്കാലത്ത് യൂറോപ്പിലും അമേരിക്കയിലും വളരെ ശക്തമായിരുന്നു എന്നും പരാമര്‍ശിക്കുന്നു. അവിവാഹിതയായി തുടരുന്നത് അംഗീകരിക്കപ്പെട്ടിരുന്നില്ല. കുട്ടികളെ ഉത്പാദിപ്പിക്കുന്നതില്‍ വിവാഹിതകള്‍ക്കേ അംഗീകാരം ഉണ്ടായിരുന്നുള്ളൂ. സിംഗിള്‍ മദര്‍ എന്ന ആശയം അതിനാല്‍ അഭികാമ്യമായിരുന്നില്ല എന്ന് മാത്രമല്ല അവിവാഹിതയായ പെണ്‍കുട്ടിയെ ഒരു ബാധ്യതയായി കുടുംബം കണ്ടിരുന്നുഎന്നും അവര്‍ വിശദീകരിക്കുന്നു.

സ്ത്രീകളുടെ ലൈംഗികതയെ പുരുഷക്കാഴ്ചയിലൂടെവിശദീകരിക്കുന്ന തത്വങ്ങളെ നിശിതമായി വിമര്‍ശിച്ചു അപ്രസക്തമാക്കുന്നതില്‍ കൗമാരം, ആദ്യലൈംഗികാനുഭവം, വിവാഹിതയുടെ അനുഭവം, അമ്മയുടെ അനുഭവംതുടങ്ങി എല്ലാഅനുഭവങ്ങളുടെവശങ്ങളെയും സ്ത്രീപക്ഷവിശകലനംചെയ്യുകവഴി സാധ്യമാണ്. സ്ത്രീയുടെ ആദ്യലൈംഗികസംഭോഗാനുഭവം പൊതുവേഅക്രമാസക്തവും വേദന നിറഞ്ഞതുമായി അനുഭവിച്ചിട്ടുള്ളതുമായിരിക്കുമെന്നു ഡിബുവ്വോര്‍ വിശകലനംചെയ്യുന്നു. ഭഗശിശ്‌നകേന്ദ്രിതമായ സ്വയംപര്യാപ്തതയുടെ ആനന്ദത്തിലുള്ള പെണ്‍കുട്ടിയില്‍ നിന്ന്,വിവാഹിതയാകും വരെയുള്ള ജീവിതത്തിനിടെ യോനീകേന്ദ്രിതമായ സംഭോഗ-ലൈംഗികബന്ധത്തിന്റെ തുടക്കം അഥവാ ദീക്ഷാമുഹൂര്‍ത്തം എങ്ങനെയുള്ളതാണ് എന്ന് വിവരിക്കുന്നഭാഗത്ത്, അവ കൂടുതലും ബലാത്സംഗത്തിന്റെ രൂപത്തിലുള്ളതാണെന്നു കാണിക്കുന്നു. അക്കാലം വരെ സ്ത്രീകളും പുരുഷന്മാരും അറിഞ്ഞിട്ടില്ലാത്ത സ്ത്രീലൈംഗികത ഭഗശിശ്‌നകേന്ദ്രിതമായ അവലോകനത്തില്‍ നടത്തുന്നതിന് സ്ത്രീപക്ഷ ചര്‍ച്ചയെ കൊണ്ടുപോകുന്നതില്‍ ഈ ഭാഗം വലിയപങ്ക് വഹിക്കുന്നു. ഇതിനായി പല യൂറോപ്പ്യന്‍ സ്ത്രീയെഴുത്തുകാരും കുറിച്ചിട്ടുള്ള അനുഭവങ്ങളെയും കഥകളെയും വിശകലനം ചെയ്തുകൊണ്ടാണ് ബുവ്വോര്‍ സംഭോഗത്തിന്റേതായ ലൈംഗികബന്ധം എത്രമാത്രം പുരുഷകേന്ദ്രിതമാണെന്നു വിലയിരുത്തുന്നത്.

ഇത്തരത്തില്‍ പെണ്ണിന്റെ ആയിത്തീരലില്‍, പലഘട്ടത്തിലുള്ള പല ജീവിതാനുഭവങ്ങളുടേയും വിശദീകരണത്തിലൂടെ ഈ ഭാഗം സ്വതന്ത്രസ്ത്രീയെന്ന തലക്കെട്ടോടെ ഉപസംഹരിക്കുന്നു ഡിബുവ്വോര്‍. പലതരത്തിലും പെണ്‍ജീവിതത്തിന്റെ എല്ലാഘട്ടങ്ങളിലും അവളെ വസ്തുവല്‍ക്കരിക്കുക അന്യവല്‍ക്കരിക്കുകയും ചെയ്യുന്നരീതികള്‍ തിരിച്ചറിയുന്നതിലൂടെ, എങ്ങനെയായിരിക്കണം ഒരുസ്വതന്ത്ര-സ്ത്രീ ഉരുത്തിരിഞ്ഞുവരിക എന്ന് അവസാനഭാഗത്തില്‍ ചിത്രീകരിക്കുന്നു. ഭര്‍ത്താവിനോടുള്ള അടിമത്തം തന്റെ സന്തോഷമായി ചിത്രീകരിക്കുന്ന സ്ത്രീകള്‍ക്ക് മാറ്റംവരുമെങ്കിലും, പ്രത്യുല്പാദനംഎന്നകര്‍മത്തില്‍ സ്ത്രീയുടെ പങ്കിനോടുള്ള ജൈവീകവാദങ്ങളും മനോഭാവവും സ്വാതന്ത്ര്യത്തിന് വിഘാതം നില്ക്കുന്നതരത്തില്‍ കൂടുതല്‍ പ്രശ്‌നപരമായിക്കാണുന്നു ഡിബുവ്വോര്‍. ഗര്‍ഭച്ഛിദ്രമനുവദിക്കുന്ന നിയമങ്ങളും വോട്ടവകാശം ലഭിച്ചതും സ്ത്രീകളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് സ്വതന്ത്രസ്ത്രീയെക്കുറിച്ചുള്ള വിശകലനം തുടങ്ങുന്നത്. വളരെയധികം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും ജോലിയും സാമ്പത്തികസ്വാതന്ത്ര്യവും കിട്ടിത്തുടങ്ങി അക്കാലത്തെങ്കിലും അവര്‍ സ്വതന്ത്രരല്ല എന്നവസ്തുത എടുത്തുകാണിക്കുന്നു. വിവാഹം കഴിക്കാതിരിക്കാനോ കുട്ടികളെ ഉണ്ടാക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം അമേരിക്കയിലും ബ്രിട്ടനിലും ഉണ്ടായി വന്നതുപോലെ അപ്പോഴും, ഇരുപതാംനൂറ്റാണ്ടിന്റെ മധ്യകാലത്തും, ഫ്രാന്‍സില്‍ ഉണ്ടായിവന്നിട്ടില്ലായിരുന്നു എന്നതിനാല്‍ പലസ്ത്രീകള്‍ക്കും അബോര്‍ഷന്‍ നടത്തേണ്ടിവരുകയുംപലപ്പോഴും പ്രതീക്ഷിക്കാതെയുണ്ടായ കുഞ്ഞുങ്ങളെ നോക്കി വളര്‍ത്തിക്കൊണ്ട് കുടുംബജീവിതത്തില്‍ വ്യാപൃതരാവേണ്ടിവരികയും ചെയ്യുന്നു എന്ന സാഹചര്യം വിമര്‍ശനാത്മകമായി പരാമര്‍ശിക്കുന്നു. ഒറ്റക്ക് പാര്‍ക്കിലോ മ്യൂസിയത്തിലോ പോകാനും പൊതുസ്ഥലങ്ങളില്‍ സമയം ചിലവിടാനുമൊന്നും സ്ത്രീകള്‍ക്കപ്പോഴും സ്വതന്ത്രമില്ലായിരുന്നു എന്നസാഹചര്യം ഡിബുവ്വോര്‍ എടുത്തുകാണിക്കുന്നു. ഇങ്ങനെ, പുരുഷാധിപത്യകുടുംബത്തിന്റേയും സമൂഹത്തിന്റേയും കെട്ടുപാടുകള്‍ സ്ത്രീകളെ സ്വന്തമായി വ്യക്തിത്വമുള്ള ക്രിയാത്മകജീവിതത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നു. അതിനെല്ലാം സ്വാതന്ത്ര്യമുള്ള ഒരുസ്ത്രീക്കെ പൂര്‍ണമനുഷ്യനായി സ്വതന്ത്രമായി ജീവിക്കാനാവൂ എന്നതാണ് ബുവ്വെറിയന്‍ നിലപാട്.

ഒരു സ്ത്രീ എന്ന അസ്തിത്വത്തിനും അങ്ങനെയുള്ള അംഗീകാരത്തില്‍ ജീവിക്കുന്നതിനുള്ള ആഗ്രഹത്തിനും അടിസ്ഥാനമാണ്, എങ്ങനെ ഒരു സംസ്‌ക്കാരത്തിനൊത്ത ലക്ഷണമുള്ള പെണ്‍കുട്ടിയായും സ്ത്രീയായും ഒരുയോനിയുള്ള മനുഷ്യജീവിമാറുന്നത്. സ്ത്രീത്വം എന്നത് പ്രകൃതിദത്തമല്ല എന്നും സാമൂഹ്യ നിര്‍മിതിയാണ് എന്നുമുള്ള ആധുനികോത്തര ലിംഗപദവിതത്വങ്ങളിലേക്ക് ഡിബുവ്വോറിന്റെ ഈ വിശകലനം തിരികൊളുത്തുന്നുണ്ട്. പുരുഷ സൈദ്ധാന്തികരുടെ കാഴ്ചപ്പാടില്‍നിന്ന് മാത്രം നിര്‍വചിക്കപ്പെടുകയും വിശകലനം ചെയ്യപ്പെടുകയും വഴി സ്ത്രീയെക്കുറിച്ചുള്ള, സ്ത്രീകളടക്കമുള്ള സാമൂഹ്യമനഃസ്ഥിതി എത്ര മാത്രം വികലമാണ് എന്നതാണ് അവര്‍ ഇതിലൂടെ വ്യക്തമാക്കുന്നത്. രണ്ടാംലിംഗം എന്നത് ഈ പുസ്തകത്തിന് തലക്കെട്ടായി കൊടുക്കുന്നത് തന്നെ, അക്കാലത്ത് ഫ്രാന്‍സില്‍ മിശ്രലിംഗ/മിശ്രലൈംഗികത ഉള്ളവരെ മൂന്നാംലിംഗം എന്ന് വിളിച്ചിരുന്നത് കൊണ്ടാണ് എന്ന് പറയുക വഴി, സ്ത്രീലിംഗം,പുരുഷലിംഗം എന്നിങ്ങനെയുള്ള തിരിവുകളും സ്ത്രീത്വം, പൗരുഷം എന്നിങ്ങനെയുള്ള തിരിവുകളും കൂടാതെ ഉഭയലൈംഗികത, സ്വവര്‍ഗ്ഗ ലൈംഗികത തുടങ്ങിയ വിഷയങ്ങളെല്ലാംസ്ത്രീകളുടെ അനുഭവാടിസ്ഥാനത്തിലുള്ള ഉദാഹരണങ്ങള്‍ വെച്ച് വിശകലനം ചെയ്യുന്ന ലിംഗപദവിസിദ്ധാന്തങ്ങള്‍ക്ക് ഉറച്ച അടിസ്ഥാനമിടുകതന്നെയാണ് ബുവ്വോര്‍ ചെയ്തിട്ടുള്ളത്.

പെണ്‍കുട്ടിയെ മകളായും ഭാര്യയായും അമ്മയായും വ്യവസ്ഥാപിതസ്ത്രീത്വത്തെ പരുവപ്പെടുത്തിയുണ്ടാക്കി നിലനിര്‍ത്തുന്നതില്‍ പാശ്ചാത്യനാട്ടിലും പൗരസ്ത്യനാട്ടിലും ഒരേ ചരിത്രമാണുള്ളതെന്ന് ബുവ്വോറിന്റെ വിശകലനങ്ങളിലൂടെ മനസ്സിലാക്കാം. വസ്ത്രധാരണത്തില്‍ ഉള്ളനിയമങ്ങളാല്‍, ട്രൗസര്‍ ധരിച്ചതും മുടിവെട്ടിയതുമായ പെണ്‍കുട്ടികളെ നോക്കി ഇത്‌പെണ്ണാണോ എന്ന്‌ചോദിച്ചിരുന്നു ഫ്രാന്‍സില്‍ അക്കാലത്ത് എന്ന് കാണാം.അങ്ങനെയുള്ള ചോദ്യങ്ങള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ രണ്ടു ദശകം പിന്നിടുമ്പോഴും ഇക്കാലത്തു നമ്മുടെ നാട്ടിലും കേള്‍ക്കാമല്ലോ.അതിനാല്‍ത്തന്നെ ഫെമിനിസം പാശ്ചാത്യമാണ് അതിവിടെ ഇന്ത്യന്‍ മണ്ണില്‍ വേണ്ടതല്ല എന്നൊക്കെയുള്ളവാദഗതികള്‍ തള്ളേണ്ടതാണ്. സാമൂഹികകാര്യങ്ങളില്‍ അതിന്റെ പ്രയോഗത്തില്‍ പലവ്യതിയാനങ്ങളും വേണ്ടതുണ്ട് എങ്കിലും വ്യക്തിജീവിതവുമായിട്ടുള്ള അടിസ്ഥാന സ്ത്രീപുരുഷബന്ധത്തിന്റെ കാര്യങ്ങളിലുള്ള വിമര്‍ശനപ്രയോഗങ്ങള്‍ ലോകമൊട്ടുക്കും ഒരേതരത്തില്‍ത്തന്നെ പ്രയോഗിക്കേണ്ടതാണ്. കുടുംബം എന്ന അടിസ്ഥാന സാമൂഹ്യസ്ഥാപനത്തിനകത്തു തുടങ്ങേണ്ടുന്ന ലിംഗാടിസ്ഥാന വിവേചനങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ്, ലിംഗപദവിവിജ്ഞാനങ്ങള്‍, എന്നിവയൊക്കെ ഇനിയും നമ്മുടെ നാട്ടിലെ മനുഷ്യര്‍ ആര്‍ജ്ജിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സ്ത്രീകളും പരുഷന്മാരും മറ്റെല്ലാ മനുഷ്യരും തുല്യരായിട്ടുള്ള വ്യക്തികളാകുന്നവിധം മാനവരാശിക്ക് ഉന്നമനം ഉണ്ടാകു.

മായ എസ്.
അദ്ധ്യാപിക, ഫിലോസഫി വിഭാഗം,
ശ്രീ കേരള വര്‍മ്മ കോളേജ്, തൃശ്ശൂര്‍

COMMENTS

COMMENT WITH EMAIL: 0