സ്ത്രീവിദ്യാഭ്യാസ ദോഷനിഷേധം എന്‍.എ. അമ്മ
(‘വിദ്യാവിനോദിനി’ 8, 11 കൊല്ലവര്‍ഷം 1073 ചിങ്ങം (1897 ആഗസ്റ്റ് – സെപ്തംബര്‍) : 427-31. ലേഖികയെപ്പറ്റി വിവരങ്ങളൊന്നും ലഭ്യമല്ല.)
ഇക്കഴിഞ്ഞ വൃശ്ചികത്തിലെ വിദ്യാവിനോദിനിയില്‍ ‘സ്ത്രീവിദ്യാഭ്യാസം’ * എന്ന തലവാചകത്തോടുകൂടി ഒരു മഹാന്‍ എഴുതിയിരുന്നതിനെ വിദ്യാവിനോദിനി പത്രബന്ധുക്കള്‍ വായിച്ചിട്ടുണ്ടായിരിക്കുമല്ലോ.
എന്നാല്‍ നമ്മുടെ കൂട്ടത്തില്‍ എഴുതുവാനും വായിക്കാനും അറിയാത്തവര്‍ ചുരുക്കമേ ഉണ്ടാവുകയുള്ളൂ എന്നാണ് എന്‍റെ വിശ്വാസവും അറിവും. അതിലും വിശേഷിച്ച് പദ്യത്തിലും ഗദ്യത്തിലും നിപുണതയോടുകൂടിയ സ്ത്രീകളും പുരുഷന്മാരും ഇപ്പോഴും ധാരാളം ഉണ്ട് എന്നിരിക്കെ മേല്‍ എഴുതിയ ലേഖനത്തെപ്പറ്റി ആരും ഇതുവരെയും എഴുതികണ്ടില്ല. അതില്‍ എനിക്ക് അത്ഭുതവും വ്യസനവും തോന്നിയതിനാല്‍ ഞാന്‍ ഇവിടെ അല്‍പ്പമൊന്ന് എഴുതുന്നു.
1. “സ്ത്രീകള്‍ക്ക് അക്ഷരവിന്യാസരൂപമായ മാര്‍ഗം ഒരിക്കലും ഒരു വിധത്തിലും ഉപയോഗമുള്ളതായി കാണുന്നില്ല” എന്നാണ് ഒന്നാമത്തെ സംഗതി. “വിദ്യയില്ലാത്ത മനുഷ്യന്‍ മൃഗങ്ങളില്‍ ഒരു വകഭേദം എന്നു മാത്രം പറയാം.” എന്ന് ഒരു പണ്ഡിതന്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ആയത് എത്രയോ ശരി എന്നത് നമുക്ക് അനുഭവം കൊണ്ടും തെളിയുന്നു. സകല വിദ്യാഭ്യാസത്തിനും അക്ഷരജ്ഞാനം മുഖ്യമായിട്ടും വേണ്ടതാണ്. മനുഷ്യര്‍ക്ക് ആ അക്ഷരവിദ്യപോലെ ഉപകാരപ്രദമായ വിദ്യ വേറെ ഉണ്ടോ എന്നുകൂടി സംശയമാണ്. ആ വിദ്യയെ വഴിപോലെ അഭ്യസിച്ചാല്‍ ഒരു മനുഷ്യന് വേണ്ടത്തക്ക ഗുണങ്ങള്‍ എന്തെല്ലാമോ ആ ഗുണങ്ങള്‍ ഉണ്ടാകാവുന്നതാണ്. ഇതിന് ദൃഷ്ടാന്തം നാരയണീയകര്‍ത്താവായ മേല്‍പ്പത്തൂര്‍ ഭട്ടതിരിയുടേയും മറ്റും ചരിത്രത്തെ ആലോചിച്ചാല്‍ പൂര്‍ണബോധ്യം വരുന്നതാണ്. ഭട്ടതിരി ആദ്യകാലത്ത് ശുദ്ധമേ മുഠാളനായിരുന്നു. പിന്നീട് അക്ഷവിദ്യാഭ്യാസം കൊണ്ടുതന്നെയാണ് അദ്ദേഹത്തിന്‍റെ ഖ്യാതി വിശ്വവിശ്രുതമായിത്തീര്‍ന്നത്. അതിനാല്‍ ആ വിധം മന്ദബുദ്ധികളെ ഉന്നതബുദ്ധികളാക്കി കീര്‍ത്തിമത്തുക്കളാക്കുന്നതിലും അക്ഷരാഭ്യാസം തന്നെ മുഖ്യമായിട്ടും വേണ്ടത് എന്ന് തെളിയുന്നു. അക്ഷരവിദ്യയുടെ മാഹാത്മ്യം വാചാമഗോചരം തന്നെ. അതിനാല്‍ അനേകഗുണസമ്പൂര്‍ണ്ണമായ അക്ഷരവിദ്യയെ ചിലര്‍ക്ക് വേണമെന്നും മറ്റു ചിലര്‍ക്ക് വേണ്ട എന്നും ഒരിക്കലും പറയാന്‍ പാടുള്ളതല്ല.
2. “രാജ്യകാര്യങ്ങള്‍ നടത്തുന്നതില്‍ മാത്രമേ അക്ഷരവിദ്യ ഉപയുക്തമായി തീരുന്നുള്ളൂ” എന്നു പറയുന്നു. ഈ വാക്ക് എത്രയോ തെറ്റാണ്. നമ്മുടെ രാജ്യങ്ങളില്‍ മിക്കവാറും ജനങ്ങള്‍ അക്ഷരവിദ്യയോടുകൂടിയവരാണ്. എന്നാല്‍ ആ ജനങ്ങളില്‍ ഏകദേശം പകുതി ജനങ്ങള്‍ രാജ്യകാര്യം കൂടാതെ കാലയാപനം ചെയ്യുന്നവരാണ്. ഒരു മനുഷ്യന് അക്ഷരവിദ്യകൊണ്ട് തനിക്കും അന്യനും ഇഹത്തിനും പരത്തിനും ഉപയോഗമുള്ളതായിട്ടാണ് ഇപ്പോഴും കണ്ടുവരുന്നത്. എലിസബത്ത് റാണി മുതലായി അന്നും ഇന്നും രാജ്യഭരണം കൂടി സ്ത്രീകള്‍ ചെയ്തുവരുന്ന കഥ കേള്‍ക്കാഞ്ഞിട്ടായിരിക്കാം “രാജ്യകാര്യങ്ങള്‍ നടത്തുന്നതിനായി ഒരിക്കലും സ്ത്രീകളെ നിയമിക്കുന്നത് വിഹിതമല്ലെന്ന്” ഈ മനുഷ്യന്‍ പറയുന്നത്. രാജ്യകാര്യങ്ങള്‍ നടത്തുന്നതില്‍ ഇംഗ്ലണ്ടില്‍ എലിസബത്തിനേയും വിക്ടോറിയാ മഹാരാജ്ഞിയേയും രണ്ടാമതാക്കത്തക്കവിധം രാജ്യഭാരം ചെയ്ത രാജാക്കന്മാരുകൂടി ഉണ്ടായിരുന്നില്ല എന്ന് പ്രസിദ്ധമാണ്. ഇദ്ദേഹം നിശ്ചയിച്ച പ്രകാരം രാജ്യകാര്യങ്ങള്‍ നടത്തുവാനുള്ള അവകാശം പുരുഷന്മാര്‍ക്ക് ജന്മം സിദ്ധിച്ചിട്ടുണ്ടെങ്കില്‍ അത് അങ്ങനെത്തന്നെ ഇരിക്കട്ടെ. ഗൃഹകാര്യങ്ങള്‍ നടത്തുന്നവള്‍ക്കാണ് ഗൃഹിണി എന്ന നാമം സിദ്ധിക്കുന്നത്. ഗൃഹകൃത്യങ്ങള്‍ വേണ്ടതുപോലെ നടത്തേണമെന്നാല്‍ സാമാന്യം ബുദ്ധിയും പഠിപ്പുമുണ്ടായിരിക്കണം. മനുഷ്യര്‍ക്ക് ഗൃഹഭരണത്തിലാണ് ഗുണദോഷങ്ങളുടെ ഉത്ഭവം. ഒരു മാതാവിന്‍റെ സംരക്ഷണയിലാണ് ബാലന്മാരുടെ നന്മയും തിന്മയും വിളയുന്നത്.
“ചെറുപ്പകാലങ്ങളിലുള്ള ശീലം
മറക്കുമോ മാനുഷനുള്ള കാലം.”
എന്നതു വാസ്തവമാണ്. അതിനാല്‍ ഗൃഹകൃത്യങ്ങള്‍ നടത്തുന്നതിനും സ്ത്രീകള്‍ക്ക് അക്ഷരാഭ്യാസം നിശ്ചയമായിട്ടും വേണം. “ആഹാരജന്യമായ രക്തത്തില്‍ ഒരു ഭാഗം തടുക്കുവാന്‍ പാടില്ലാത്തവിധം വെളിയില്‍ പോകുന്നതിനാല്‍ സ്ത്രീകള്‍ “ബലഹീനകള്‍” എന്നു പറയുന്നു. എന്നാല്‍ തടുക്കുവാന്‍ പാടില്ലാത്തവിധം വെളിയില്‍ പോകുന്ന രക്തം ദേഹത്തില്‍ ദുഷിച്ചുനില്‍ക്കുന്ന രക്തമാണ്. ശരീരശാസ്ത്രപ്രകാരം സ്ത്രീകള്‍ക്ക് ആ രക്തം ഒഴിഞ്ഞുപോകാതിരുന്നാല്‍ അനേകവിധ രോഗങ്ങള്‍ക്ക് ആ ദേഹം പാത്രമാകും. ആയതു ക്രമപ്രകാരം വെളിയില്‍ പോയ്ക്കൊണ്ടിരുന്നാല്‍ ശരീരത്തിന് ഏറ്റവും സുഖവും ബുദ്ധിക്കു വികാസവും ഉണ്ടാകും. “പഠിപ്പുകൊണ്ട് സ്ത്രീകള്‍ക്ക് ഭൂഷണമായ ലജ്ജ ഇല്ലാതാകയും വ്യഭിചാരാദികുത്സിത കര്‍മങ്ങളില്‍ അത്യഭിരുചി ജനിക്കുകയും ചെയ്യുന്നു” പോല്‍.
പഠിപ്പുകൊണ്ട് വ്യഭിചാരാദിദോഷങ്ങള്‍ ഉണ്ടാകുന്നുവെങ്കില്‍, ലജ്ജയില്ലാതാകുന്നതിനാല്‍ ദോഷം ഒന്നും ഇല്ലെന്നാലും വ്യഭിചാരാദികുത്സിത കര്‍മങ്ങള്‍ പുരുഷന്മാര്‍ക്ക് ഗുണപ്രദമാണോ? ഒരുവന്‍ ഒരു കുത്സിതകര്‍മ്മം ചെയ്താല്‍ ജനങ്ങള്‍ അവനെ അറിവില്ലാത്തവന്‍ എന്നു പറയുന്നു. അറിവുണ്ടാകേണമെന്നാല്‍ പഠിപ്പു നിശ്ചയമായും വേണം. അതിനാല്‍ പഠിപ്പിനും വ്യഭിചാരാദികുത്സിത കര്‍മങ്ങള്‍ക്കും തമ്മില്‍ ഒരുകാലത്തും സംബന്ധം ഉണ്ടാകുന്നതല്ല. പഠിപ്പുകൊണ്ട് ആ വക ദോഷങ്ങള്‍ നീങ്ങിപ്പോകുമെന്നാണ് എന്‍റെ അറിവും. ശകുന്തള മുതലായ പൂര്‍വ സ്ത്രീകള്‍ക്ക് അക്ഷരവിന്യാസമാര്‍ഗമായ വിദ്യാഭ്യാസം ഉണ്ടായിരുന്നില്ലെന്നും ശാകുന്തളം മൂന്നാമങ്കത്തില്‍ ശകുന്തളയുടെ “അയിപടൂധിഷണാ…” എന്ന ശ്ലോകം കവി കഥാരചനക്കു വേണ്ടി ഘടിപ്പിച്ചതാണെന്നും, അതിനു ദൃഷ്ടാന്തമായി മേപ്പടി നാലാം അങ്കത്തില്‍ ശകുന്തള ഭര്‍ത്തൃഗൃഹത്തിലേക്കു പോകുന്ന സമയം കണ്വന്‍ ‘ഭക്ത്യാസേവിക്കപൂജ്യാന്‍’ എന്ന ശ്ലോകം വാങ്മൂലമായിട്ടാണ് ഉപദേശിച്ചിരിക്കുന്നത് എന്നും മുന്‍പ്രസ്താവിച്ച ലേഖകന്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഇത് എത്രമേല്‍ ശരിയാണ്. മേപ്പടി ഒന്നാം അങ്കത്തില്‍ ശകുന്തളയും സഖിമാരും രാജാവും കൂടിയുള്ള സംഭാഷണത്തില്‍ രാജാവ് ഇവളുടെ കടം വീട്ടുന്നതിനു ഞാന്‍ ഈ മുദ്രമോതിരം തന്നേക്കാം എന്നു പറഞ്ഞു മുദ്രമോതിരം ഊരിക്കാണിച്ചപ്പോള്‍ അതില്‍ കൊത്തിയിരിക്കുന്ന വാമാക്ഷരങ്ങളെ കണ്ട് സഖിമാരും ശകുന്തളയും അന്യോന്യം അത്ഭുതത്തോടെ നോക്കുന്നത് രാജാവ് കണ്ട് നിങ്ങള്‍ അന്യഥാ ശങ്കിക്കേണ്ട, ഈ മോതിരം രാജാവിങ്കല്‍ നിന്നും ലഭിച്ചതാണെന്ന് അദ്ദേഹം പറയുന്നു. അതിനാല്‍ ശകുന്തളക്കും സഖിമാര്‍ക്കുംകൂടിയും അക്ഷരവിദ്യ ഉണ്ടെന്നു തെളിയുന്നു. കണ്വന്‍ ‘ഭക്ത്യാസേവിക്ക’ എന്ന ശ്ലോകം വാങ്മൂലം ഉപദേശിച്ചത് ശകുന്തളക്ക് അക്ഷരജ്ഞാനം ഇല്ലാഞ്ഞിട്ടു പതിവ്രതാധര്‍മ്മം അറിയാത്തതുകൊണ്ടും അല്ല. ഒരുത്തന്‍ മരത്തിന്‍റെ മുകളില്‍ കയറുന്ന സമയം താഴെ നില്‍ക്കുന്നവന്‍ കൈവിട്ടുപോകരുതെന്ന് പറയുന്നത് മരത്തില്‍ കയറുന്നവന് കൈ മുറുക്കിപിടിക്കേണമെന്ന് അറിയാഞ്ഞിട്ടല്ല. അങ്ങനെ പറയുന്നത് ലോകസ്വഭാവമാണ്. എന്നതുപോലെ കണ്വനും പറഞ്ഞതാണ്. പിന്നെയും ശകുന്തളയുടെ ശ്ലോകം കവി കഥാരചനക്കുവേണ്ടി ഘടിപ്പിച്ചതാണെങ്കില്‍ കണ്വന്‍റെ ശ്ലോകവും ആ വിധം വന്നുകൂടയോ.
ശാകുന്തളകര്‍ത്താവായ മനുഷ്യന് കാളിദാസന്‍ എന്ന പേര് സിദ്ധിക്കുവാന്‍ കാരണഭൂതനായ വിദുഷി, തന്നെ ജയിക്കുന്നവരെ താന്‍ വിവാഹം ചെയ്യുമെന്നുള്ള നിശ്ചയപ്രകാരം അക്കാലത്തുള്ള സകല വിദ്വാന്മാരും ആ വിദുഷിയോട് തോറ്റതിന്‍റെ ശേഷം അസൂയ നിമിത്തം ആടുമേക്കുന്ന ഒരുവനെ ദുസ്തര്‍ക്കത്താല്‍ ഭര്‍ത്താവാക്കിയതില്‍ വാസ്തവം ആ വിദുഷി ആലോചിച്ച് അറിഞ്ഞ് ആ അജപാലകനെ കാളിശോഷ്ഠത്തിലേക്ക് ഉപദേശത്തോടുകൂടി അയച്ചതും ആ മനുഷ്യന്‍ സാക്ഷാല്‍ കാളിദാസനായിത്തീര്‍ന്നതും സാധാരണ എല്ലാവരും അറിയുന്ന കഥയാണ്. അതിനാല്‍ പണ്ട് വിദുഷികള്‍ ഉണ്ടായിരുന്നു എന്ന് തെളിയുന്നുണ്ട്.
പ്രാചീനാവ്യാവര്‍ത്തത്തില്‍ സ്ത്രീകള്‍ക്ക് എഴുതുവാനും വായിക്കാനും അറിഞ്ഞിരുന്നു എന്നും മഹാകാവ്യകാലത്തില്‍ 400 കൊല്ലങ്ങള്‍ക്കു മുമ്പുതന്നെ സ്ത്രീകള്‍ മാന്യപദവിയെ പ്രാപിച്ചിരിക്കുന്നു എന്നും, വലിയ സമാജങ്ങളിലും രാജവീഥികളിലും മറ്റും അക്കാലത്ത് സ്ത്രീകള്‍ പോകുന്നതില്‍ വിരോധം ഉണ്ടായിരുന്നില്ലെന്നും രാജ്യകാര്യങ്ങളില്‍ സ്ത്രീകള്‍ പ്രവേശിച്ചിരുന്നു എന്നും പറയുന്നുണ്ട്. “ഉത്തരരാമചരിത”ത്തില്‍ ആത്രേയി വനദേവതയോട് “ഉപനിഷത്തു പഠിക്കുവാന്‍ ഞാന്‍ വാല്മീകി പാര്‍ശ്വമതില്‍ നിന്നു വരുന്നതാണ്” എന്നു പറയുന്നതുകൊണ്ടും മറ്റും പണ്ട് സ്ത്രീകള്‍ ഈ വിഷയങ്ങളില്‍ പരിശ്രമിച്ചിരിക്കുന്നു എന്നും തെളിയുന്നു. ഈ വിധം അനേകദൃഷ്ടാന്തങ്ങള്‍ പറവാന്‍ ഉണ്ട്. അതുകള്‍ ഇനി ഒരു അവസരത്തേക്ക് നീട്ടിവെച്ചിരിക്കുന്നു.
1068 ലെ വിദ്യാവിനോദിനികളില്‍ ഒന്നില്‍ “വ്യഭിചാരസാമാന്യം” എന്നും 69 ല്‍ ഒന്നില്‍ “മലയാള സ്ത്രീകള്‍” എന്നും 70-ല്‍ ഒന്നില്‍ “സ്ത്രീകളുടെ സ്വഭാവവും ധാരണാശക്തിയും” എന്നും ആയി തലവാചകങ്ങളുള്ള ലേഖനങ്ങളില്‍ നിഷ്പക്ഷവാദികളായ മേപ്പടി ലേഖനകര്‍ത്താക്കള്‍ എഴുതിയതില്‍ സ്ത്രീകള്‍ക്ക് അക്ഷരവിദ്യ മുതലായ വേണ്ടപ്പെട്ട ഗുണങ്ങള്‍ വിവരിച്ചിരിക്കുന്നതിനാല്‍ “പിഷ്ടപേഷണ” ന്യായേനേ ഇപ്പോള്‍ ഞാന്‍ വിസ്മരിച്ചിരിക്കുന്നില്ല. ദൈവം സ്ത്രീപുരുഷന്‍ എന്നിങ്ങനെ രണ്ടു സംഘമായി സൃഷ്ടിച്ചിരിക്കുന്നു എങ്കിലും രണ്ട് കൂട്ടക്കാര്‍ക്കും ബുദ്ധി ഒരുപോലെ കൊടുത്തിട്ടുണ്ട്. അതില്‍ ബുദ്ധി വര്‍ധിപ്പിക്കേണമെന്നാല്‍ ആയതിന് പഠിപ്പ് അത്യാവശ്യമാണ്. പഠിപ്പ് ബുദ്ധിക്കു വികാസത്തെ കൊടുക്കുന്നു. എങ്കില്‍ പഠിപ്പിന് അക്ഷരജ്ഞാനം കൂടാതെ കഴിയുന്നതല്ല. ഇഹപരലോകത്തിനും ഭുക്തിമുക്തിപ്രദമായ അക്ഷരവിദ്യയെ സാര്‍വത്രിക സ്ത്രീപുരുഷന്മാരും ദ്വൈതമായോ അദ്വൈതമായോ സ്വീകരിച്ചാല്‍ ആ വിദ്യയാലുണ്ടാകുന്ന മഹിമ അനിര്‍വചനീയം തന്നെ. വിദ്യയെപ്പറ്റി അധികം എഴുതാമെങ്കിലും ലേഖനദീര്‍ഘഭയം നിമിത്തം ഞാന്‍ ഇത്രമാത്രം എഴുതി വിരമിക്കുന്നു.
* ‘വിദ്യാവിനോദിനി’ 8, 2, 1896, 73-77 “സ്ത്രീ വിദ്യാഭ്യാസം” എന്ന തലക്കെട്ടില്‍ എന്‍ ആര്‍ വി എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനം..
പുരുഷധര്‍മം
കെ ലക്ഷ്മി അമ്മ
(‘ശാരദ’ 1, 8 കൊല്ലവര്‍ഷം 1081 മിഥുനം (1906 ജൂണ്‍ – ജൂലായ്) 175-77)
ഭാര്യാധര്‍മം, സ്ത്രീധര്‍മം മുതലായ ധര്‍മങ്ങളെപ്പറ്റി അനേകം ലേഖനങ്ങള്‍ ഈയിടെ കാണുന്നുണ്ട്. എന്നാല്‍ അതുപോലെ തന്നെ ഭര്‍ത്തൃനാമത്തെയോ പുരുഷധര്‍മത്തെയോ പറ്റി യാതൊന്നും പ്രസിദ്ധപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്. സ്ത്രീകള്‍ക്കു മാത്രമാണോ അവരുടെ മുറയെപ്പറ്റി ഓര്‍മയില്ലാതിരിക്കുന്നത്? അല്ലെങ്കില്‍ പുരുഷന്മാര്‍ക്ക് യാതൊരു ചുമതലയും ഇല്ലെന്നുണ്ടോ? ഇങ്ങനെ ചില സംശയങ്ങളാണുണ്ടാകുന്നത്. സ്ത്രീ പുരുഷന്മാര്‍ക്കുള്ള ചുമതലകള്‍ ഏകദേശം സമമാണ്. ഒരു കക്ഷിക്ക് കൂടുതല്‍ എന്നും മറ്റെ കക്ഷിക്കു കുറവെന്നും പറയാവുന്നതല്ല. പുരാതനകാലത്തു മനുഷ്യനു നാലു കൈകളും നാലു കാലുകളും രണ്ടു മുഖങ്ങളും മറ്റും ഉണ്ടായിരുന്നുവെന്നും ശക്തരായ ഇവരുടെ നേരെ ദേവന്മാര്‍ക്ക് ഈര്‍ഷ്യയുണ്ടാകയാല്‍ ഈ ആകൃതി രണ്ടായി, സ്ത്രീ എന്നും പുരുഷനെന്നും, ഭാഗിച്ചു എന്നും ഗ്രീക്കുകാരുടെ ഐതിഹ്യത്തില്‍ കാണുന്നുണ്ട്. ഇത് വിശ്വാസയോഗ്യമല്ലെങ്കിലും ‘പാതിയും മനുഷ്യനു ഭാര്യയെന്നറിയേണം’ എന്നുള്ള് ഹിന്ദുശാസ്ത്രന്യായവും ഇതിനെ ഏറെക്കുറെ പ്രണമിക്കുന്നുണ്ട്. ഇങ്ങനെയാണെങ്കില്‍ സ്ത്രീക്കും പുരുഷനും യാതൊരു വ്യത്യാസവും കല്‍പ്പിക്കപ്പെടാന്‍ പാടില്ല. ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നത് ഭാര്യയുടെ ചുമതലയാണെങ്കില്‍ അതുപോലെതന്നെ അവശ്യം ഭാര്യയെ ശുശ്രൂഷിക്കുന്നതു ഭര്‍ത്താവിന്‍റേയും ചുമതലയാണെന്നതില്‍ സംശയമില്ല. മനുഷ്യരുടെ ജീവിതത്തില്‍ പ്രധാനമായത് ദാമ്പത്യമാണ്.
സ്ത്രീ കേവലമൊരു പ്രജാവര്‍ധനയന്ത്രമല്ല. സ്വതേ അബലകളും കാലാന്തരത്തില്‍ ക്ഷീണകാരണങ്ങള്‍ക്കു വശംഗതകളുമായ സ്ത്രീജനങ്ങള്‍ക്കുണ്ടാകുന്ന കഷ്ടപ്പാടുകള്‍ക്കെല്ലാറ്റിനും ഹേതുഭൂതന്മാര്‍ പുരുഷന്മാരാണെന്ന് അനുഭവമുള്ളവര്‍ക്കെല്ലാം അറിയാമല്ലോ. ഭാര്യ മരിച്ചുപോയാല്‍ വേറെ വിവാഹം ചെയ്യുന്നതിന് പുരുഷന് അധികാരമുണ്ടെങ്കിലും വിധവാവിവാഹം അവിഹിതിമായിരിക്കുന്നു! ‘ഭാര്യാദുഃഖം പുനര്‍ഭാര്യാ’ എന്നു പറയുന്നതില്‍ നിന്ന് ഒരു ഭാര്യയെ സംബന്ധിച്ചിടത്തോളം എത്ര നിസ്സാരമായ വികാരമാണ് ഉള്ളത് എന്ന് അനുമാനിക്കാമല്ലോ. ഈ തത്വം ഒരു സ്ത്രീയാണ് പറഞ്ഞിരുന്നതെങ്കില്‍ അറിവില്ലാതെ പറഞ്ഞതാണെന്നു പറയുമായിരുന്നു. ഇത് പുരുഷന്‍റെ കൃത്രിമം തന്നെ! ‘നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ എന്നു വിധിച്ചതും ഒരു പുരുഷന്‍ തന്നെ. പാര്‍ലമെന്‍റില്‍ തങ്ങള്‍ക്കും സാമാജികസ്ഥാനം കിട്ടണമെന്ന് അപേക്ഷിക്കാന്‍ ചെന്നിരുന്ന ആംഗ്ലേയ സ്ത്രീയെ കാണുവാന്‍പോലും സമയമില്ലെന്നു പറഞ്ഞ പ്രധാനമന്ത്രിയും പുരുഷന്‍ തന്നെ! ഈ സംഗതിയെപ്പറ്റി സംസാരിക്കുന്ന മധ്യ ഇംഗ്ലണ്ടിലെ പുരുഷന്മാര്‍ തങ്ങള്‍ക്ക് അധികാരവും സ്വാതന്ത്ര്യവും കുറേക്കൂടെ കിട്ടേണ്ടതിനു പലമാതിരി പ്രയത്നങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അവരുടെ അമ്മമാരെ വിസ്മരിക്കുന്ന കൃതഘ്നതയെപ്പറ്റി ആശ്ചര്യപ്പെടുന്നതായി പ്രസിദ്ധനായ മിസ്റ്റര്‍ ഡബ്യൂ ടി സ്റ്റെഡ് പറഞ്ഞത് വളരെ രസകരമായിരിക്കുന്നു.1
ഏതാദൃശന്മാരായ വിധികര്‍ത്താക്കന്മാര്‍ സ്ത്രീവര്‍ഗത്തിനോടു കാണിച്ചിരിക്കുന്ന അപരാധങ്ങളെ ശാന്തകളായ വധൂജനങ്ങള്‍ക്ക് മാത്രമേ സഹിച്ചുകൂടൂ. വിധവാവിവാഹത്തിനു യത്നിക്കുന്ന മഹാത്മാക്കളുടെ ശ്രമങ്ങളെ യോഗ്യന്മാര്‍ എന്നു പറയപ്പെടുന്ന ചില സമുദായാംഗങ്ങളുടെ സ്വാഭാവികമായ പരിഷ്കാരവൈമുഖ്യം ശിഥിലീകരിക്കുന്നു! വിവാഹം സാധാരണയായി പുരുഷന് വലിയ ശുഭാവസരമായിട്ടാണ് കണ്ടുവരുന്നത്. ദാമ്പത്യസുഖം അനുഭവിച്ചു തുടങ്ങിയാല്‍ പുരുഷന്‍ നാനാമാര്‍ഗങ്ങളില്‍ക്കൂടി പ്രയത്നിക്കുന്നതിനു വിവാഹം നല്ലവണ്ണം പ്രേരിപ്പിക്കുന്നതാണ്. സന്മാര്‍ഗാനുഷ്ഠാനത്തില്‍ നിന്നു പുരുഷന്‍ വ്യഭിചരിക്കാതിരിക്കുന്നതിനും വിവാഹം ഉപകരിക്കുന്നു. വിവാഹം ദുഃഖഹേതുകമാണെന്നും മറ്റും പറയുന്ന ലോകോപകാരികളെപ്പറ്റി പറഞ്ഞിട്ടാവശ്യമില്ല. ഈ കൂട്ടുകാര്‍ക്കു ലൗകിക കാര്യങ്ങളുടെ ദുര്‍ഭാഗത്തെ പറ്റി വ്യസനിക്കാന്‍ മാത്രമേ കഴിവുള്ളൂ. അവരെപ്പറ്റി ലോകത്തിനു വ്യസനിക്കുന്നതിനല്ലാതെ അനുമോദിക്കുന്നതിന് അവകാശമില്ല. വിവാഹത്തിന്‍റെ വിശിഷ്ട ഗുണങ്ങളെപ്പറ്റി വിസ്മരിക്കുന്നതിന് ഇവിടെ ആവശ്യമില്ല. ദാമ്പത്യത്തില്‍ ഉണ്ടാകുന്ന എല്ലാ സുഖങ്ങള്‍ക്കും ഭാര്യയാണ് കാരണം. ഭാര്യ നന്നായി വര്‍ത്തിക്കണമെങ്കില്‍ ഭര്‍ത്താവും ഭാര്യയോട് അപ്രകാരം തന്നെയായിരിക്കണം. പ്രകൃതിശാസ്ത്രപ്രകാരം എല്ലാ ശക്തികള്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും സമമായ പ്രവൃത്തിയുള്ളതുപോലെ മനുഷ്യരുടെ ചിത്തവികാരങ്ങള്‍ക്കും പരസ്പരം തുല്യമായ പ്രവൃത്തിയുണ്ട്. എത്രതന്നെ ദുഃഖം പുരുഷനില്‍ നിന്നും താന്‍ അനുഭവിച്ചാലും ഭര്‍ത്താവിനെ കര്‍ത്താവായി കരുതി പരിചരിച്ചുപോരുന്ന സ്ത്രീജനങ്ങളോടു നിര്‍വ്യാജമായി വര്‍ത്തിക്കേണ്ടത് എത്രയോ ആവശ്യമാണ്. ഇതിനെ മനസ്സിലാക്കി പ്രവര്‍ത്തിക്കാത്തവര്‍ ദ്രോഹികളാണെന്നുള്ളതിനു സംശയമില്ല. ‘സപത്നിജീവനത്തില്‍ വിപ്രിയം ചെയ്യരുതുനികൃതയെന്നാകിലും’ എന്ന് ഒരു സ്ത്രീരത്നത്തിനോടുപദേസിച്ച മഹാന്‍ ‘പത്നീജനത്തിനോടും വിപ്രിയം ചെയ്യരുതെ’ ന്നു പുരുഷനോടും ഉപദേശിച്ചിരുന്നെങ്കില്‍ ശകുന്തളയുടെ ദുഃഖം വായനക്കാരുടെ മനസ്സിനെ തപിപ്പിക്കുകയില്ലായിരുന്നു. തനിക്ക് എത്ര കഷ്ടപ്പാടുകള്‍ ഉണ്ടായാലും ഭര്‍ത്താവിന്‍റെ സുഖത്തിനു വേണ്ടി സദാ സമയവും യത്നിക്കുന്ന സ്ത്രീവര്‍ഗത്തോടു നന്ദിയില്ലാതിരിക്കുന്നത് പുരുഷധര്‍മത്തെപ്പറ്റി ആരും സിദ്ധാന്തിക്കാത്തതുകൊണ്ടായിരിക്കുമോ? ശീലാവതിയുടെ ഭര്‍ത്താവായ ഉഗ്രതപസ്സിനെ ആരെങ്കിലും ബഹുമാനിക്കുന്നുണ്ടോ? സ്ത്രീയോടു സൗജന്യം കാണിച്ചല്ലാതെ അവളില്‍ നിന്നും അതിനെ പുരുഷന് ആഗ്രഹിക്കാമോ? ഭാര്യ ദുഷ്ടയാണെന്നു പറയുന്ന ഭര്‍ത്താവല്ലെ സാധാരണയായി ദുഷ്ടനായി കാണപ്പെടുന്നത്? തനിക്ക് സ്വാതന്ത്ര്യം വേണമെന്നു പുരുഷനു തോന്നുന്നതുപോലെ സ്ത്രീക്കും കൊടുക്കണമെന്നു പുരുഷനു തോന്നേണ്ടതല്ലെ? അതോ പുരുഷന്‍റെ സ്വാതന്ത്ര്യം സ്ത്രീയുടെ ദാസ്യത്തെ പ്രബലപ്പെടുത്താന്‍ മാത്രമോ?
സംസര്‍ഗം കൊണ്ടാണ് മനുഷ്യര്‍ക്കു ശീലഭേദങ്ങള്‍ ഉണ്ടാകുന്നതെന്നു പ്രസിദ്ധമാണല്ലോ. ഇതു നാം ആരോടുകൂടി സഹവാസം ചെയ്യുന്നുവോ അവരെ നാം അനുകരിക്കുന്നതിലാകുന്നു. മാതാപിതാക്കന്മാരുടെ അധീനത്തില്‍ ഇരുന്ന സ്ത്രീയുടെ സ്വഭാവം എത്രതന്നെ ചീത്തയായിപ്പോയാലും ഭര്‍ത്താവിന്‍റെ സ്വഭാവത്തെ പകര്‍ത്തുന്നതിനു ഭാര്യക്കു പ്രയാസമില്ല. സ്ത്രീയുടെ മനസ്സ് ശാന്തവും ലളിതവും ആകുന്നു. ഇവരുടെ സ്വഭാവത്തെ അതിസരസനായ ഒരു ഇംഗ്ലീഷ് കവി ഒരു ശുദ്ധജലാശയത്തോടു ഉപമിച്ചിരിക്കുന്നു. സ്ഫടികസമാനമായ അതിനെ കലക്കിയാല്‍ കലുഷമായും വൃത്തികേടായും കാണുന്നതുപോലെ, പ്രസന്നമുഖികളായ സ്ത്രീകളും കലുഷമതികളായിത്തീര്‍ന്ന് ദുഃഖത്തിനും ആശാഭംഗത്തിനും ഇടയാകുന്നതാണ്. ഈ അവസ്ഥയെ പ്രാപിക്കുന്നതിന് ഇടകൊടുക്കുന്നതു പുരുഷന്‍റെ സാമര്‍ത്ഥ്യക്കുറവാണ്. പുരുഷന്മാര്‍ വ്യഭിചാരം ചെയ്യുന്നതായി കേള്‍ക്കുന്നത് ദുര്‍ല്ലഭമാകുന്നു; എന്നാല്‍ സ്ത്രീകളില്‍ വ്യഭിചാരാപരാധം സാധാരണയായി കേള്‍ക്കുന്നുണ്ട്. നിശ്ചയിക്കപ്പെട്ട നിയമങ്ങളില്‍ നിന്നു തെറ്റി നടക്കുന്നതിനാണ് വ്യഭിചാരം എന്നു പറയുന്നത്. പുരുഷന്മാര്‍ കല്‍പ്പിച്ചിട്ടുള്ള ഈ നിയമങ്ങളില്‍ നിന്നു പലപ്പോഴും സ്ത്രീകള്‍ അവരുടെ അജ്ഞതകൊണ്ടു തെറ്റിപ്പോകുന്നതിനു സൂക്ഷ്മത്തില്‍ കാരണം എന്താണെന്ന് നല്ലവണ്ണം ഈ വിധികര്‍ത്താക്കന്മാര്‍ തന്നെ ആലോചിച്ചിരുന്നെങ്കില്‍ വ്യഭിചാരദോഷം സമുദായങ്ങളില്‍ ഉണ്ടാകുന്നതല്ല. പുരുഷന്‍റെ സ്വാര്‍ത്ഥപ്രതിപത്തിയാണ് ഈ വകദോഷങ്ങള്‍ക്കുകാരണം. അതുകൊണ്ട് ഏതു സമുദായത്തിലാണോ സ്ത്രീകള്‍ വ്യഭിചാരിണികളായി കാണപ്പെടുന്നത് അതിലെ പുരുഷന്മാരെയാണ് നാം കുറ്റം പറയേണ്ടത്. അതുകൂടാതെ പിതാവിന്‍റെ നിലയിലും ഭര്‍ത്താവിന്‍റെ നിലയിലും സ്ത്രീയുടെ സന്മാര്‍ഗനിഷ്ഠയില്‍ പുരുഷന്മാര്‍ സദാ ജാഗരൂകന്മാരായിരിക്കേണ്ടതിനു പകരം അവര്‍ സ്വാര്‍ത്ഥതല്‍പ്പരന്മാരായിത്തീരുന്നതാണ് മനുഷ്യവര്‍ഗത്തിനു വലുതായ ശാപം. അതുകൊണ്ടു സ്ത്രീധര്‍മത്തെ ഉപദേശിക്കുന്ന മഹാത്മാക്കള്‍ അവരവരുടെ കര്‍ത്തവ്യകര്‍മങ്ങളെ ശരിയായി നിര്‍വഹിക്കുന്നതായാല്‍ ഇരുകക്ഷികള്‍ക്കും ആക്ഷേപത്തിനു വഴിയുണ്ടാവില്ലെന്നു മാത്രമല്ല, വളരെ ഗുണം ഉണ്ടാവുന്നതുമാകുന്നു.
സ്ത്രീകളുടെ തൊഴിലില്ലായ്മ
എല്‍ മീനാക്ഷിക്കുട്ടി അമ്മ
(“മഹിളാമന്ദിരം” വോള്യം 1102-1103 (1927- 28)
തൊഴിലില്ലായ്മ സ്ത്രീകള്‍ക്കായാലും പുരുഷന്മാര്‍ക്കായാലും അഭിമാനകരമല്ല, ശ്രേയസ്കരവുമല്ല. നിയമേന ചെയ്യുന്നതും ആദായകരവുമായ പ്രവൃത്തിയാണ്, തൊഴില്‍ എന്നു പറയുന്നത്. പ്രതിഫലം കൂടാതെ മതോപദേശം ചെയ്തും സന്മാര്‍ഗോപദേശം ചെയ്തും ജീവിക്കുന്ന മഹാമനസ്കരായ ജനങ്ങള്‍ ഉണ്ടായേക്കാം. അവരുടെ പ്രവൃത്തിയും തൊഴില്‍ തന്നെ എങ്കിലും അതിന്‍റെ പ്രതിഫലം ആദായമെന്ന് പറഞ്ഞുകൂടാ. പുണ്യമെന്നോ സന്തോഷമെന്നോ ചരിതാര്‍ത്ഥതയെന്നോ വേണം അതിനു പേര്‍ പറവാന്‍. പക്ഷേ, ഇങ്ങനെ കേവലം പുണ്യത്തിനു മാത്രമായി ചെയ്യുന്ന തൊഴില്‍ ലോകത്തില്‍ അത്യന്തം അപൂര്‍വമാണ്. അതിനാല്‍ തൊഴില്‍ എന്നതിന്, പതിവായി ഒരാള്‍ ചെയ്യുന്ന ആദായകരമായ പ്രവൃത്തി എന്നേ അര്‍ത്ഥമുള്ളൂ. ഇങ്ങനെ ഉള്ള ഒരു പ്രവൃത്തിയും ചെയ്യാതെ ജീവിക്കുന്ന ആള്‍ അന്യരുടെ പ്രയത്നഫലത്തെ അനുഭവിച്ച്, ഭൂമിക്ക് ഭാരമുണ്ടാക്കാനായി ജീവിക്കുന്ന ഒരു സത്വമാണെന്ന് വേണം പറയാന്‍.
ഈ വിധമുള്ള ജീവിതമത്സരത്തില്‍ സ്ത്രീകളുടെ പങ്ക് എന്താണ്. ലോകത്തിലാകെയുള്ള ജനസംഖ്യ മുന്‍ പറഞ്ഞപ്പോള്‍ അതില്‍ പകുതിയില്‍ വളരെ അധികം സ്ത്രീകളാണെന്നു കൂടി പറയുവാന്‍ വിട്ടുപോയി. അപ്പോള്‍ ലോകത്തില്‍ സ്ത്രീജനങ്ങളുടെ സംഖ്യ ചില്ലറവല്ലതുമാണോ. പുരുഷന്മാര്‍ മാത്രം വേലചെയ്ത് തങ്ങളെയും ഭൂരിപക്ഷക്കാരായ സ്ത്രീകളെയും സംരക്ഷിക്കയെന്നുള്ളത് സാധ്യമായിട്ടുമില്ല. സ്ത്രീവര്‍ഗം തന്നെയാണ് ലോകത്തിന്‍റെ ക്ഷേമത്തിനും ഐശ്വര്യത്തിനും പ്രസരിപ്പിനും ആവശ്യമുള്ള ശക്തിയെ നിരന്തരം നല്‍കിക്കൊണ്ടിരിക്കുന്നത്. ഒരു മാതാവിന്‍റെ നിലക്കോ സോദരിയുടെ നിലക്കോ ഭാര്യയുടെ നിലക്കോ സഖിയുടെ നിലക്കോ സ്ത്രീയാല്‍ പ്രോത്സാഹിപ്പിക്കപ്പെടാത്തവനായ പുരുഷന്‍ ലോകത്തില്‍ ആരാണുള്ളത്? അനേകവിധം വിശേഷപ്പെട്ട വേലകള്‍ ചെയ്യുന്ന ഒരാവിയന്ത്രത്തോട് മനുഷ്യവര്‍ഗത്തെ സാമ്യപ്പെടുത്തുകയാണെങ്കില്‍ സ്ത്രീവര്‍ഗം ആവിശക്തിയും പുരുഷന്മാര്‍ വേല ചെയ്യുന്ന വിവിധഭാഗങ്ങളും ആണെന്നുള്ളത് സ്ത്രീകളാകട്ടെ പുരുഷന്മാരാകട്ടെ വിസംവദിക്കയില്ലെന്ന് മാത്രമല്ല സ്ത്രീകള്‍ അഭിമാനപൂര്‍വമായും പുരുഷന്മാര്‍ സന്തോഷപൂര്‍വമായും അതിനെ സമ്മതിക്കതന്നെ ചെയ്യുമെന്നുള്ളത് നിശ്ചയമാണ്. അതിനാല്‍ ജീവിതമത്സരത്തില്‍ സ്ത്രീകളുടെ പങ്ക് അലസതയല്ല അത്യധികമായ ജാഗ്രതയാണ്.
വിദ്യാഭ്യാസവും പരിഷ്കാരവും കുറവായും ദാരിദ്ര്യം അധികമായുമുള്ള ജനങ്ങളുടെ ഇടക്ക് പുരുഷന്മാരോടൊപ്പം സ്ത്രീകളും നിത്യവൃത്തിക്കായി വേല ചെയ്യുന്നവരാണ്. സ്ത്രീകളുടെ പ്രത്യേകമായ കൃത്യം ഗൃഹജോലി നോക്കുന്നതാണെങ്കിലും അതിദരിദ്രരായ ജനങ്ങളുടെ ഇടക്ക് അങ്ങനെ പ്രത്യേകമായി ഒരു കൃത്യം സ്ത്രീകള്‍ക്കുള്ളതായി പറയാനില്ല. നാഴിയരിയിട്ട് കാച്ചിക്കുടിച്ച് നിലത്ത് ഒരു തഴപ്പാ നിവര്‍ത്തിയിട്ട് കിടന്നുറങ്ങുന്നതു മാത്രമാണ് അവരുടെ ജീവിതം. പുരുഷന്മാരോടൊപ്പം വേലക്കുപോയി തിരിച്ചുവന്ന് സാധിക്കാവുന്നതല്ലാതെ അവര്‍ക്ക് ഗൃഹകൃത്യമൊന്നുമില്ല. കുട്ടികളെ വളര്‍ത്തിക്കൊണ്ടു വരുന്നതും പ്രയാസമുള്ള ഒരു കാര്യമല്ല. ആയുസ്സുണ്ടെങ്കില്‍ കിടക്കും അല്ലെങ്കില്‍ പോകും എന്നാണ് അവരുടെ സമാധാനം. അവരുടെ ആവശ്യങ്ങള്‍ തുലോം കുറവും അല്‍പ്പമായി കിട്ടുന്ന വേലക്കൂലികൊണ്ട് അവ ധാരാളമായി നിവര്‍ത്തിക്കുന്നവയുമാണ്. അതുകൊണ്ട് മറ്റുള്ളവരെക്കാള്‍ കൂടുതല്‍ സംതൃപ്തി അവര്‍ക്കുണ്ടായിരിക്കുകയും തൊഴിലില്ലായ്മയുടെ ഉപദ്രവം അവരെ ബാധിക്കാതിരിക്കുകയും ചെയ്യുന്നു. നേരെമറിച്ച്, പഠിപ്പും പരിഷ്കാരവുമുള്ള ജനങ്ങളുടെയിടക്ക് തൊഴിലില്ലായ്മയും അസംതൃപ്തിയും ക്രമേണ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പരിഷ്കൃതജനങ്ങളുടെയിടയില്‍ വേല ചെയ്യുന്നതും ധനസമ്പാദനം ചെയ്യുന്നതും പുരുഷന്മാരുടെ ചുമതലയും ഗൃഹകാര്യങ്ങള്‍ നോക്കുകയെന്നത് സ്ത്രീകളുടെ ചുമതലയും ആണ്. എന്നാല്‍ ജാഗ്രതയായും കണിശമായും ഗൃഹകൃത്യങ്ങള്‍ നോക്കുന്ന സ്ത്രീകള്‍ക്കുപോലം ആ വക കൃത്യങ്ങള്‍ ചെയ്തുകഴിഞ്ഞ് വളരെ സമയം അധികം വരുന്നുണ്ട്. അതെല്ലാം അവര്‍ പാഴാക്കി കളയുകയാണെന്നുള്ളത് എത്രയും പരിതാപകരമായ പരമാര്‍ത്ഥമല്ലയോ? ലോകത്തിലെ ജീവിതമത്സരത്തിന്‍റെ സ്വഭാവം ഞാന്‍ മുന്‍പ് പറഞ്ഞിട്ടുള്ളവിധം തീക്ഷ്ണമായിരിക്കുന്ന സ്ഥിതിക്ക് ശ്രേയസ്സിനെ കാംക്ഷിക്കുന്ന ഏതൊരാളെങ്കിലും തന്‍റെ സമയത്തില്‍ ഏതെങ്കിലും ഭാഗത്തെ പാഴ്ചെലവ് ചെയ്തു കളയുന്നത് നീതീകരിക്കത്തക്കതാണോ, എന്ന് നിങ്ങള്‍ സദയം ആലോചിച്ചു നോക്കുവിന്‍. “സമയം പണമാണെ”ന്നാണ് പഴമൊഴി ഗൃഹഭരണം തങ്ങളുടെ തൊഴിലുകളായി വരിച്ചിരിക്കുന്ന സ്ത്രീകള്‍ അവരുടെ ജീവിതത്തതില്‍ എത്ര കുറച്ചു സമയം മാത്രമേ അതിനായി ഉപയോഗിക്കുന്നുള്ളൂ എന്ന് അവര്‍ തങ്ങളുടെ മനസ്സാക്ഷിയോട് ചോദിച്ചറിയേണ്ടതാണ്. പേരിനു മാത്രമാണെങ്കിലും ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചു പോയിട്ടുള്ളതില്‍ പലരും ഗൃഹനായികാവേഷം ധരിച്ചശേഷം ഗൃഹകൃത്യങ്ങള്‍ നോക്കുന്നത് തങ്ങളുടെ അന്തസ്സിനു കുറവാണെന്ന് വിചാരിക്കുകയും ഭാവിക്കുകയും ചെയ്യുന്നത് അവരുടെ അറിവിന്‍റെ കുറവെന്നല്ലാതെ മറ്റെന്താണ് പറയേണ്ടത്. ഗൃഹനായിക ആയ സ്ത്രീകള്‍ തന്നെയാണ് യഥാര്‍ത്ഥമായി ലോകത്തിന്‍റെ ശ്രേയസ്സിനെ വര്‍ധിപ്പിക്കേണ്ടവര്‍. ആ വിധം ശ്രേഷ്ഠമായ ചുമതലയുള്ള അവര്‍ അവരുടെ സമയത്തില്‍ കഴിയുന്നിടത്തോളം മുഴുവനും പ്രയോജനകരവും ആദായകരവും ആക്കിത്തീര്‍ക്കണമെന്നുള്ളതിന് അസംഖ്യം കാരണങ്ങള്‍ പറയാവുന്നതാണ്. ഒന്നാമത് വര്‍ധിച്ചുവരുന്ന കുടുംബാവശ്യങ്ങളെ നിര്‍വഹിക്കുന്നതിന് ചുമതലക്കാരായ പുരുഷന്മാര്‍ക്ക് ഗൃഹനായിക അല്‍പ്പമെങ്കിലും ധനസഹായം ചെയ്യാന്‍ സ്വപ്രയത്നം കൊണ്ട് ശേഷിയുള്ളവളായിത്തീരുന്നത് അവള്‍ക്ക് ഏറ്റവും അഭിമാനകരമായിട്ടുള്ളതാണ്. രണ്ടാമത് അവള്‍ നിമിത്തം തന്നെ പല ചെലവുകളും കുടുംബത്തില്‍ ഉണ്ടാകാവുന്നതിനാല്‍ അവള്‍ക്കും കൂടി ഗൃഹത്തിലിരുന്ന് ധനസമ്പാദത്തിന് സാധിക്കുന്ന പക്ഷം അത്രക്ക് അവള്‍ സ്വതന്ത്രയായിരിക്കും. മൂന്നാമത് തന്‍റെ സമയം മുഴുവനും ഓരോ പ്രവൃത്തിയില്‍ മനസ്സു പ്രവേശിപ്പിച്ച് ചെലവു ചെയ്യുന്നതിനാല്‍ അവള്‍ക്ക് ജീവിതം യാതൊരു സമയത്തും ഒരു ഭാരമായോ മുഷിവുള്ളതായോ തോന്നുകയില്ല. നാലാമത് അവള്‍ക്ക് സല്‍ബുദ്ധി വര്‍ധിക്കുകയും ദുര്‍ബുദ്ധി കുറയുകയും ചെയ്യും. അലസമായ തലച്ചോറ് പിശാചിന്‍റെ പണിപ്പുരയാണല്ലോ .നല്ല കാര്യങ്ങളില്‍ മനസ്സ് പ്രവേശിപ്പിച്ചുകൊണ്ടാല്‍ അന്യജനങ്ങളുടെ ദൂഷ്യം പറയുന്നതിനും ഏഷണി കൂട്ടുന്നതിനും കലഹങ്ങള്‍ ഉണ്ടാക്കുന്നതിനും തരമില്ലാതെ വരുന്നത് എത്ര ഭാഗ്യമാണ്. അഞ്ചാമത്, പകലുറക്കം കുറഞ്ഞ് ഭക്ഷണത്തിനുള്ള രുചി വര്‍ധിച്ച് രാത്രിയിലുള്ള വിശ്രമം പൂര്‍ണസുഖമുള്ളതായിത്തീര്‍ന്ന് ആരോഗ്യവും മുഖപ്രസന്നതയും വര്‍ധിക്കുകയും അവളുടെ സംഭാഷണം കാര്യഗൗരവമുള്ളതും അസംബന്ധങ്ങളില്ലാത്തവയുമായി തീരുകയും ചെയ്യും. ആറാമത്, തന്‍റെ കുഞ്ഞുങ്ങള്‍ക്കും ഗൃഹത്തിലെ ഭൃത്യന്മാര്‍ക്കും അവള്‍ ഒരു ഉത്തമമാതൃകയായിത്തീര്‍ന്ന് വാര്‍ധക്യത്തില്‍ മറ്റുള്ളവരാല്‍ ഭക്തിപൂര്‍വം ആരാധിക്കപ്പെടും. അതിനാല്‍ ഗൃഹനായിക തൊഴിലില്ലാത്തവളായി ഒരു നേരവുമിരിക്കാതെ, സമയം പ്രയോജനകരവും ആദായകരവും ആക്കിത്തീര്‍പ്പാന്‍ സദാ ജാഗരൂകയായിരിക്കേണ്ടത് അവളുടെ ശ്രേഷ്ഠമായ കര്‍ത്തവ്യമാണ് ധനികരായ ജനങ്ങള്‍ ആദായത്തിനായി ഒരിക്കലും വേല ചെയ്യേണ്ട ആവശ്യമില്ലെന്ന് ചിലര്‍ ഒരുവേള പറഞ്ഞേക്കാം. ധനം ചെലവു ചെയ്യാന്‍ മാത്രമായി ഒരാള്‍ ജീവിച്ചിരിക്കുന്നത് അത്യന്തം കഷ്ടമായിട്ടുള്ളതല്ലെ? പിന്നെ തന്‍റെ സമയത്തെ തനിക്ക് ദോഷകരമാംവണ്ണം അലസമായി ചെലവു ചെയ്യുന്നതിനു പകരം ധനികയായ ഒരു ഗൃഹനായിക, അതിനെ ആദായകരമാക്കിത്തീര്‍ത്താല്‍ ധനഹീനരായ നല്ല ആളുകളെ അതുകൊണ്ട് അവള്‍ക്ക് സഹായിച്ചുകൂടെ? ധനികരായാലും അല്ലെങ്കിലും എല്ലാ സ്ത്രീകളും കഴിയുന്നിടത്തോളം പ്രയോജനകരമായ പ്രവൃത്തി നിരന്തരം ചെയ്തുകൊണ്ടിരിക്കണമെന്നാണ് ഞാന്‍ പറയുന്നതിന്‍റെ സാരം. വിദ്യാഭ്യാസ വിഷയത്തില്‍ സ്ത്രീകള്‍ പ്രാപിക്കുന്ന അഭിവൃദ്ധിയെ നോക്കിയാല്‍ ബുദ്ധിയുടെ വിഷയത്തില്‍ പുരുഷന്മാര്‍ പുറകിലല്ലെ എന്നുകൂടി സംശയിക്കേണ്ടിയിരിക്കുന്നു. ആ സ്ഥിതിക്ക് എനിക്ക് പറയാന്‍ കഴിയുന്നതില്‍ എത്രയോ മടങ്ങ് വിശിഷ്ടമായ ജോലികള്‍ ചെയ്യുന്നതിനും സ്ത്രീകള്‍ക്ക് സാധിക്കുന്നതാണ്. വിശ്രമ സമയങ്ങളില്‍ വല്ലതും ചെയ്യുവാന്‍ മനസ്സുള്ള സ്ത്രീകളും എന്തു ചെയ്യണമെന്നറിയാതെ സമയം ദുര്‍വ്യയം ചെയ്യുന്നുണ്ടെന്നുള്ളതിനാലാണ് ഞാന്‍ ഈ വിഷയത്തെപ്പറ്റി പറയാമെന്ന് വിചാരിച്ചത്. ഉന്നതവിദ്യാഭ്യാസം ചെയ്തിട്ടുള്ള സ്ത്രീകള്‍ക്ക് തങ്ങളുടെ വിദ്യാഭ്യാസത്തിന് ചേര്‍ന്ന ജോലി ചെയ്യണമെങ്കില്‍ പുസ്തകങ്ങള്‍ എഴുതി ഉണ്ടാക്കുകയോ പത്രങ്ങളിലും മാസികകളിലും ലേഖനങ്ങള്‍ എഴുതി പ്രസിദ്ധം ചെയ്യുകയോ ആകാം. സ്വഭാഷയില്‍ നിന്ന് അന്യഭാഷകളിലേക്കും അന്യഭാഷകളില്‍നിന്ന് സ്വഭാഷയിലേക്കും തര്‍ജിമ ചെയ്യാവുന്നതായി അനേകം ഗ്രന്ഥങ്ങള്‍ ഉണ്ട്. ഇംഗ്ലീഷ് മുതലായ വിദേശഭാഷ പഠിക്കുന്നവര്‍ തങ്ങളുടെ ജ്ഞാനസമ്പത്തിനെ പഠിപ്പ് കുറഞ്ഞവര്‍ക്ക് പ്രയോജനമാകത്തക്കവണ്ണം സ്വഭാഷയിലാക്കുന്നത് എത്രയോ നല്ലതാണ്. ഗൃഹഭരണം, ആരോഗ്യം, ശിശുസംരക്ഷണം, ആതുരശുശ്രൂഷ പ്രഥമമായ വൈദ്യ സഹായം മുതലായ സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട പ്രത്യേക വിഷയങ്ങളെക്കുറിച്ചോ, സമുദായ പരിഷ്കാരങ്ങള്‍, വ്യവസായ കാര്യങ്ങള്‍, സാന്മാര്‍ഗിക തത്വങ്ങള്‍ മുതലായ സാമാന്യവിഷയങ്ങളെ കുറിച്ചോ സരസമായ ലേഖനങ്ങളെഴുതി പ്രസിദ്ധപ്പെടുത്തുന്നതും അതുപോലെ ഗുണകരമായിട്ടുള്ളത്. ഉല്‍കൃഷ്ടവിദ്യാഭ്യാസം ലഭിക്കാത്ത സ്ത്രീകളാണെങ്കില്‍ പലതരത്തിലുള്ള അവരവരുടെ ഗൃഹങ്ങളിലിരുന്ന് ചെയ്യാവുന്നവയുണ്ട്. ചിത്രവേലകള്‍, ചായവേലകള്‍, കളിപ്പാട്ടങ്ങള്‍, കൈസഞ്ചികള്‍, വിശറികള്‍ മുതലായി ജപ്പാന്‍ സ്ത്രീകളും മറ്റും ചെയ്തുണ്ടാക്കുന്ന അസംഖ്യ സാമാനങ്ങള്‍ നമ്മുടെ കച്ചവട സ്ഥലങ്ങളില്‍ വിറ്റഴിയുന്നത് നാം കാണുന്നുണ്ടല്ലോ. വട്ടികള്‍, കുട്ടകള്‍, പായകള്‍ മുതലായവ ഉണ്ടാക്കി നമ്മുടെ നാട്ടില്‍ തന്നെ എത്രയോ ദരിദ്രസ്ത്രീകള്‍ കാലയാപനം ചെയ്യുന്നുണ്ട്. ഈ വക വേലകളും കന്നുകാലി വളര്‍ത്തല്‍ കോഴി വളര്‍ത്തല്‍ മുതലായവയും മറ്റും കുടില്‍ വ്യവസായങ്ങളില്‍ ഉള്‍പ്പെടും. ഇങ്ങനെയുള്ള കുടില്‍ വ്യവസായങ്ങള്‍ നാട്ടില്‍ പരക്കുകയും അതുകൊണ്ട് ഓരോ കുടുംബത്തിന് പ്രയാസം കൂടാതെ കൂടുതല്‍ ആദായം ലഭിക്കുകയും ചെയ്യാന്‍ സാധിക്കുകയും ചെയ്യുന്ന പക്ഷം അത് നാട്ടിന് എത്ര അഭിവൃദ്ധികരമാണ്. വലിയ വ്യവസായ ശാലകള്‍ സ്ഥാപിച്ച് ലങ്കാസ്റ്റര്‍, മാഞ്ചസ്റ്റര്‍ മുതലായ പട്ടണങ്ങളെപ്പോലെ യന്ത്രവേലകള്‍ നടത്തുന്നത് ധനികരായ മുതലുടമസ്ഥന്മാര്‍ കൂടുതല്‍ ധനമുണ്ടായി കോടീശ്വരന്മാരായിത്തീരുന്നതിന് മാത്രമേ കൊള്ളാവൂ. നേരെ മറിച്ച്, ഏത് ഗൃഹത്തിലും സ്ത്രീകള്‍ക്ക് വിശ്രമ സമയങ്ങളില്‍ നാട്ടില്‍ പരന്നാല്‍ അസംഖ്യം കുടുംബങ്ങള്‍ക്ക് അത് നിത്യമായ ആദായമാര്‍ഗമായി തീരുന്നതാണ്. ഇതു നിമിത്തമാണ് മഹാത്മാഗാന്ധി, ഖദര്‍വേല ഇന്ത്യയില്‍ പരക്കുന്ന കാലത്തേ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുകയുള്ളൂ, എന്നു പറഞ്ഞിട്ടുള്ളത്. ഒരു നാട്ടില്‍ ധനികരായ കുറേ ആളുകളുടെ പണം കോടിക്കണക്കിന് വര്‍ധിക്കുന്നു എന്നു പറഞ്ഞാല്‍ ദരിദ്രരായ അനേകം ലക്ഷം ആളുകളുടെ വായില്‍ അവര്‍ മണ്ണിടുന്നു എന്നാണ് താല്‍പ്പര്യം. അതുകൊണ്ട് കുടില്‍ വ്യവസായങ്ങളെ പോഷിപ്പിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ ഒരു നാട്ടിനെ അനുഗ്രഹിക്കുന്നവര്‍. അതിനാല്‍ സ്ത്രീകളുടെ തൊഴിലില്ലായ്മയെ പരിഹരിക്കുന്നതിനും അവര്‍ക്ക് ക്ഷേമം വര്‍ധിപ്പിക്കുന്നതിനും ആയി ആദായകരങ്ങളായ പ്രത്യേക പ്രവൃത്തികള്‍ അവരുടെ വാസനക്കും മാനത്തിനും മര്യാദക്കും അന്തസ്സിനും പഠിപ്പിനും തക്കവണ്ണം കണ്ടുപിടിച്ച്, അവരെക്കൊണ്ട് ചെയ്യിപ്പിച്ച് അവര്‍ ഉണ്ടാക്കുന്ന സാധനങ്ങളെ വിറ്റഴിക്കുന്നതിനുള്ള ഏര്‍പ്പാട് ചെയ്ത് നടപ്പില്‍ വരുത്തുന്നത് നമ്മുടെ ഇടയിലുള്ള വിദുഷികളായ സ്ത്രീകളുടെ ഉത്തമകൃത്യങ്ങളാകുന്നു. യൂറോപ്യന്‍ സ്ത്രീകള്‍ ഈ നാട്ടില്‍ വന്ന് പാവപ്പെട്ട സ്ത്രീകള്‍ക്ക് ശമ്പളം കൊടുത്ത് കുറഞ്ഞ തരത്തില്‍ ഇങ്ങനെയുള്ള വേലകള്‍ അവരെക്കൊണ്ട് ചെയ്യിക്കുകയും അതില്‍ നിന്ന് ആദായം ഉണ്ടാക്കി നല്ല കാര്യങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യുന്നുണ്ട്. രണ്ടു കൊല്ലം മുമ്പ് ഞാന്‍ നെയ്യൂര്‍ ആശുപത്രിയില്‍ ചികിത്സക്കായി താമസിച്ചിരുന്നപ്പോള്‍ അവിടെ സ്ത്രീകളെ കിടത്തി ചികിത്സിക്കാനായി പണിതീര്‍ന്ന ഒരു രണ്ടുനില കെട്ടിടം തുറക്കുന്നതിനെ സംബന്ധിച്ച് ഒരു യോഗം കൂടുകയുണ്ടായി. അപ്പോള്‍ ആ കെട്ടിടത്തിലേക്ക് പതിനായിരം രൂപ മിസ്സിസ് പാര്‍ക്കര്‍ എന്ന മദാമ്മ സംഭാവന ചെയ്തിട്ടുള്ളതായും യോഗത്തില്‍ പ്രസ്താവിച്ചുകേട്ടു. ഈ പണം മുഴുവനും അവര്‍ ഈ നാട്ടിലെ പാവപ്പെട്ട സ്ത്രീകള്‍ക്ക് ശമ്പളം കൊടുത്ത് തയ്യല്‍വേല ചെയ്യിച്ച് യൂറോപ്പിലയച്ചു കിട്ടിയ ലാഭത്തില്‍ നിന്നും ആയിരുന്നു കൊടുത്തത്. ഈ മാതിരിയിലുള്ള വേലകളെപ്പറ്റി വേണ്ട വിവരങ്ങളെല്ലാം എഴുത്തുകുത്തുകള്‍ മൂലം ശേഖരിച്ച് വേണ്ട വ്യവസ്ഥകള്‍ ചെയ്ത് നമ്മുടെ ഇടയിലുള്ള തൊഴിലില്ലാത്ത സ്ത്രീകളെ തൊഴിലുള്ളവരാക്കിത്തീര്‍ത്ത് നന്നാക്കേണ്ട ഭാരം പഠിപ്പുള്ളവരായ സ്ത്രീകളുടേത് തന്നെയാണ്. വിദ്യാഭ്യാസം കൊണ്ട് ലഭിക്കുന്ന അറിവിനെ ഉചിതമാംവണ്ണം പ്രയോജനപ്പെടുത്തി തങ്ങളുടെ ചുറ്റുമുള്ള അവസ്ഥകളെ നന്നായി തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും നന്മയുണ്ടാക്കുകയാണല്ലോ പഠിക്കുന്നവരുടെ കര്‍ത്തവ്യം. അതുകൊണ്ട് ഈ സംഗതിയെപ്പറ്റി വേണ്ടുംവണ്ണം സഹോദരിമാര്‍ ആലോചിച്ചു നോക്കണമെന്നും കാലാന്തരത്തിലെങ്കിലും യഥാശക്തി അവര്‍ ഈ മാര്‍ഗത്തില്‍ പ്രവര്‍ത്തിച്ചു കാണണമെന്നുമാണ് എന്‍റെ ആഗ്രഹം.
വിദ്യാഭ്യാസത്തില്‍ സ്ത്രീകളുടെ സ്ഥാനം
കെ. ചിന്നമ്മ
യഥാര്‍ത്ഥമായ വിദ്യാഭ്യാസം ഒരുവന്‍റെ മനോവികാസത്തെയും ബുദ്ധി സംസ്കരണത്തേയുമാണല്ലോ ഉദ്ദേശിക്കുന്നത്. തന്നിമിത്തം മനുഷ്യന്‍റെ ജന്മം മുഴുവന്‍ ഒരു വിദ്യാര്‍ത്ഥിയുടെ നിലയില്‍ തന്നെ കഴിച്ചുകൂട്ടേണ്ടിയിരിക്കുന്നു. എന്നാല്‍ ഈ കാലമൊക്കെയും ഒരു പള്ളിക്കൂടത്തില്‍ പഠിക്കണമെന്ന് അര്‍ത്ഥമാക്കരുത്. ലോകജീവിതം മുഴുവന്‍ ഒരു പള്ളിക്കൂടം തന്നെയാണ്. ഒന്നാമത് നമ്മുടെ ഗൃഹത്തിലും, രണ്ടാതു പള്ളിക്കൂടങ്ങളിലും പിന്നീട് സ്വപ്രയത്നം കൊണ്ടുമാണ് നമ്മുടെ വിദ്യാഭ്യാസം പൂര്‍ത്തിവരുത്തുവാനുള്ളത്. ഇവയില്‍ ഓരോന്നിലും അവശ്യങ്ങളായ കൃത്യങ്ങളെ ചുമതലക്കാരെല്ലാം ശരിയായി അനുഷ്ഠിച്ചെങ്കില്‍ മാത്രമേ നമ്മുടെ ജന്മോദ്ദേശ്യം സഫലമായി പരിണമിക്കൂ. ഗൃഹമാകുന്ന വിദ്യാലയത്തില്‍ നാം പഠിക്കുന്ന പാഠങ്ങള്‍ക്കു മറ്റെല്ലാറ്റിനേക്കാള്‍ ഒരു അസാധാരണ ശക്തിയുള്ളതും, സാധാരണ വിദ്യാലയങ്ങളില്‍ നിന്നു സിദ്ധിക്കുന്ന വിദ്യാഭ്യാസം അതിനെ ആശ്രയിച്ചിരിക്കുന്നതും ആകുന്നു. പള്ളിക്കൂടത്തില്‍ നിന്നു ലഭിക്കുന്ന വിദ്യാഭ്യാസം മാത്രമേ സാധാരണ ജനങ്ങള്‍ വകവെക്കാറുള്ളൂ. ഇതു കേവലം തെറ്റായ ധാരണയാകുന്നു. ഗൃഹവിദ്യാഭ്യാസം ശരിയാക്കാതെ മറ്റുള്ളതിന് ഒരുമ്പെടുന്നത് അടിസ്ഥാനം ഉറപ്പിക്കാതെ കെട്ടിപ്പടുക്കുന്ന കോട്ടകള്‍, വീടുകള്‍ മുതലായവ പോലെ ആയിത്തീരുമെന്നുള്ളതു തര്‍ക്കമറ്റ സംഗതിയാകുന്നു. ഒരു ശിശു ഇഹലോകത്തു ജനിക്കുമ്പോള്‍ അത് ഏറ്റവും നിരപരാധിയായും, യാതൊരു വിവേചന ശക്തിയില്ലാതെയുമാണ് ഇരിക്കുന്നത്.
ആധുനിക വനിതാരത്നങ്ങളും അവരുടെ ഭര്‍ത്താക്കന്മാരും
മിസ്സിസ് കെ കണ്ണന്‍ മേനോന്‍
‘മഹിളാരത്ന’ത്തിന്‍റെ കഴിഞ്ഞ ലക്കത്തില്‍ മേല്‍പ്പറഞ്ഞ ഉപന്യാസം വായിച്ചപ്പോഴാണ് ദാമ്പത്യദശയില്‍ ഇക്കാലത്തുകൂടി ഉപന്യാസത്തില്‍ പറയപ്പെട്ടതായ ചില നിത്യദുഃഖങ്ങള്‍ക്ക് പലരും പാത്രീഭവിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായത്.
എന്നാല്‍ പ്രസ്തുത ലേഖനത്തില്‍ വിവരിക്കപ്പെട്ട ദോഷങ്ങള്‍ ഇപ്പോഴത്തെ എല്ലാ സ്ത്രീകള്‍ക്കും ഉണ്ടോ? അവര്‍ അതിന് ഉത്തരവാദികളാണോ?
ഉപന്യാസകര്‍ത്താവായ മിസ്റ്റര്‍ എം.കൃഷ്ണമേനോന്‍ ഒന്നാമതായി ആധുനികയുവതികളില്‍ ആരോപിക്കുന്ന കുറ്റം ‘ലോകനീതിയെ’ അവര്‍ അശേഷം പരിത്യജിക്കുവാന്‍ തുടങ്ങിയിരിക്കുന്നു’ എന്നാണ്. മനുഷ്യജീവികളില്‍ ആരും സുബോധത്തോടുകൂടിയിരിക്കെ ലോകനീതികളെ കേവലം ത്യജിക്കയില്ല. പഴയതുകളെ തള്ളി പുതുതായുള്ളവയെ സ്വീകരിക്കുമായിരിക്കാം. അത് യുവതികള്‍ മാത്രമല്ല, യുവാക്കന്മാരും ഭൂമിയിലുള്ള എല്ലാ മനുഷ്യരും ചെയ്യുന്നത് ലോക’നീതി’യല്ലെങ്കില്‍ ‘ലോക’രീതിയാണ്. പിന്നെയുള്ള കുറ്റങ്ങള്‍ ഇവര്‍ക്ക് ഭര്‍ത്താക്കന്മാരില്‍ എന്തെന്നില്ലാത്ത ഒരു വെറുപ്പും സ്നേഹക്കുറവും കാണപ്പെടുന്നതും ഭര്‍ത്താക്കന്മാരെ ബഹുമാനമില്ലായ്മയും ആണ്. ‘ഇപ്പോഴത്തെ’ യുവതികള്‍ എന്നാണ് ലേഖകന്‍ പറയുന്നത്. ഇത് ശരിയാണോ? യുവതികള്‍ എല്ലാവരും ഒന്നുപോലെ ഭര്‍ത്താക്കന്മാരെ വെറുക്കുന്ന കാലം ഇതുവരെ ഉണ്ടായിട്ടും ഇനി ഉണ്ടാകയും ഇല്ല. പക്ഷേ, ചിലര്‍ക്ക് വെറുപ്പുണ്ടെങ്കില്‍ അതിന് തക്കതായ പല സംഗതികളും ഉണ്ടായിരിക്കയും ചെയ്യും.
നമ്മുടെ ഇടയില്‍ സാധാരണയായി സംബന്ധം ചെയ്യുന്നതും ചെയ്യിക്കുന്നതും സ്ത്രീയുടെ അനുവാദത്തോടും താല്‍പ്പര്യത്തോടും കൂടി ആയിരിക്കയില്ല. അച്ഛനോ, കാര്‍ണ്ണവനോ, വല്ല ഒരുത്തനേയും തരത്തില്‍ കണ്ടുകിട്ടിയാല്‍ ഉടനെ സംബന്ധം നടത്തിക്കഴിയും. തന്‍റെ ഭര്‍ത്താവാവാന്‍ പോകുന്ന ആള്‍ ദുസ്വഭാവിയോ, സല്‍സ്വഭാവിയോ, സുഭഗനോ, ദുര്‍ഭഗനോ എന്നൊന്നും ചിലപ്പോള്‍ അറിയുന്നേ ഇല്ല. സംബന്ധ മുഹൂര്‍ത്തത്തില്‍ നിശ്ചിത സ്ഥലത്ത് ഹാജരായിരിക്കയും, പിന്നെ ആ ഭര്‍ത്താവ് ഹേതുവായിട്ടുണ്ടാകുന്ന കഷ്ടതകള്‍ക്കും ആശാഭംഗത്തിനും പാത്രമായിരിക്കയും ആണ് സ്ത്രീയുടെ ചുമതല.
ചിലപ്പോള്‍ മധ്യവയസ്സ് കഴിഞ്ഞിട്ടുള്ള ഒരു പുരുഷന് യാതൊരു മടിയും കൂടാതെയാണ് യൗവനാരംഭത്തിലുള്ള ഒരു ബാലികയെ വിവാഹം ചെയ്തുകൊടുക്കുന്നത്. ഇതും പോരെങ്കില്‍ ഭര്‍ത്താവ് എത്രയോ സംഗതികളില്‍ ഒരു ഹീനചിത്തനായിരിക്കയും ഭാര്യ സാമാന്യം വിദ്യാഭ്യാസമുള്ള ഒരു സ്ത്രീയായിരിക്കയും ചെയ്യും. ആ ഭര്‍ത്താവിന്‍റെ ഹീനസംസര്‍ഗത്തിലും സംസാരത്തിലും ഭാര്യക്ക് വെറുപ്പുണ്ടാകാതിരിക്കുന്നുണ്ടെങ്കില്‍ അതാണ് അത്യാശ്ചര്യം. പിന്നത്തെ സംഗതി ബഹുമാനമാണ്.
ഇത് ആര്‍ക്കും തന്നെ ശാസിച്ചോ, യാചിച്ചോ, വിലയക്കോ വാങ്ങാന്‍ സാധിക്കുന്നതല്ലെന്ന് എല്ലാവരും മനസ്സിലാക്കേണ്ട ഒരു സംഗതിയാണ്. ഒരാള്‍ക്ക് മറ്റൊരാളില്‍ ബഹുമാനം ജനിക്കുന്നത്, തനിക്ക് ഇല്ലാത്തതായോ, അപ്രാപ്യമായിട്ടോ ഇരിക്കുന്ന ഒരു ഗുണം മറ്റെ ആളിന് ഉണ്ടെന്നറിയുമ്പോഴാണ്. സ്ത്രീയായാലും പുരുഷനായാലും ഇതിന് യാതൊരു വ്യത്യാസവുമില്ല. ശ്രീമതി സരോജിനി നായിഡുവിനേയും മിസ്സിസ് ഗാന്ധിയേയും ബഹുമാനിക്കാത്തവര്‍ ഇന്ന് ഇന്ത്യാരാജ്യത്ത് വളരെ അപൂര്‍വമാണ്. ഒരാള്‍ക്ക് ബഹുമാനിക്കത്തക്ക ഒരു ഗുണം പ്രകൃത്യാ ഉണ്ടെങ്കില്‍ ആയതിനെ ആരും ബഹുമാനിക്കാതിരിക്കയില്ല. കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ തന്‍റെ ചില്ലറ സൗകര്യക്കുറവുകള്‍ വല്ലതും ഉണ്ടെങ്കില്‍ അതെല്ലാം കണ്ടുപിടിച്ച് കുപിതനായി, കുറെ ശകാരിച്ച്. താന്താങ്ങളുടെ ജോലിക്കു പോകയും വൈകുന്നേരം ശീട്ടുകളിയിലോ മദ്യപാനത്തിലോ കാലയാപനം ചെയ്ത് രാത്രി പന്ത്രണ്ടുമണിക്ക് മടങ്ങിവരികയും ചെയ്യുന്ന പുരുഷന്മാര്‍ ഒട്ടും അപുര്‍വദര്‍ശനീയന്മാരല്ല. ഇങ്ങനെയുള്ളവര്‍ ‘എന്നെ ആരും ബഹുമാനിക്കാതെയും ആയോ, ഞാന്‍ എന്തുചെയ്താലെന്താ നോക്കരുതോ, പുരാണങ്ങള്‍ ‘മൂര്‍ഖനാകിലും ഭര്‍ത്താനാരിമാര്‍ക്കെല്ലാം ദൈവം എന്നല്ലെ പറയുന്നത്’ എന്നും മറ്റും ഘോഷംകൂട്ടി ഈ വക പാസ്പ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിച്ചതുകൊണ്ട് വല്ല പ്രയോജനവും ഉണ്ടോ?
മനുഷ്യസൃഷ്ടിയില്‍ ഓരോരുത്തര്‍ക്കും ജനനാല്‍ത്തന്നെ ലഭിക്കുന്നതായ ചില ഗുണങ്ങള്‍ ഉണ്ട്. ഇവയില്‍ മുഖ്യമായ ഒന്ന് ബുദ്ധിശക്തിയാണ്. ഒരു മാതാപിതാക്കന്മാരുടെ സന്താനങ്ങളായ സഹോദരീസഹോദരന്മാരില്‍ എല്ലാവരിലും ഒരുപോലെ ബുദ്ധിശക്തി എല്ലായ്പ്പോഴും കാണുന്നില്ല. ചിലപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളേക്കാള്‍ ബുദ്ധി കുറഞ്ഞും ചിലപ്പോള്‍ നേരെ മറിച്ചും കാണുന്നത് സാധാരണയാണ്. പ്രകൃതിയായിരിക്കുന്ന നമ്മുടെ മാതാവ് സ്ത്രീയെന്നും പുരുഷനെന്നും ഉള്ള വ്യത്യാസമോ, അവരില്‍ പക്ഷഭേദമോ കാണിക്കുന്നില്ല. പക്ഷേ, പുരുഷന്മാരുടെ ബുദ്ധിയെ വിദ്യാഭ്യാസം കൊണ്ട് വികസിപ്പിക്കാന്‍ ശ്രമിക്കയും സ്ത്രീകളുടേത് ചിലത് അതേ സ്ഥിതിയില്‍ ഇരിക്കയോ അല്ലെങ്കില്‍ പ്രകൃത്യാ തന്നെ വികസിക്കയോ ആണ് ചെയ്യുന്നത്. ഒരു പുരുഷന്‍ എന്തെല്ലാം വിജയവിരുതുകള്‍ നേടിയവനായാലും, ആത്മസ്ഥൈര്യവും ബുദ്ധിശക്തിയും സ്വതെയുള്ള ഒരു സ്ത്രീയുടെ ബഹുമാനത്തെ ആകര്‍ഷിക്കുമെന്നു തോന്നുന്നില്ല. ഇതുപോലെ തന്നെ ഒരു പുരുഷന്‍ എത്രതന്നെ സുന്ദരഗാത്രനായാലും ധനവാനായാലും ഒരു സ്ത്രീയുടെ ബഹുമാനത്തിനു പാത്രീഭവിക്കുന്നതല്ല. ആത്മസ്ഥൈര്യവും സ്വഭാവഗുണങ്ങളും ആണ് എല്ലാവരും ബഹുമാനിക്കുന്നത്. ബഹുമാന്യങ്ങളായ ഗുണങ്ങള്‍ വളരെ ഇല്ലാത്ത പുരുഷന്‍മാരും ഭാര്യമാരാല്‍ ഹൃദയപൂര്‍വമായി സ്നേഹിക്കപ്പെടുകയും ഇങ്ങനെയുള്ള നിഷ്കളങ്കസ്നേഹമില്ലാതെ ഭാര്യമാരുടെ അളവറ്റ ഭക്തിബഹുമാനങ്ങളെ അനുഭവിക്കയും ചെയ്യുന്ന ഭര്‍ത്താക്കന്മാര്‍ സാധാരണയാണ്. അന്യോന്യം നിര്‍വ്യാജസ്നേഹവും ബഹുമാനവും ചേര്‍ന്നിരുന്നാലാണ് ദാമ്പത്യം ഭംഗിയായും ആനന്ദകരമായും ആയി പരിണമിക്കുന്നത്. എങ്കിലും ഇത് എത്രയോ അപൂര്‍വമാണ്. സ്നേഹവും ബഹുമാനവും ദമ്പതിമാരുടെ ഓരോരുത്തരുടെയും ഗുണദോഷങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.
‘ഭര്‍ത്താവാണ് പ്രത്യക്ഷദൈവം’ എന്നാണ് മിസ്റ്റര്‍ മേനോന്‍റെ മറ്റൊരു സംഗതി. ഇത് ശാസ്ത്രപ്രകാരമുള്ളതാണെന്നും പറയുന്നു. ഈ വകശാസ്ത്രങ്ങള്‍ അനുസരിച്ചു ലേഖകന്‍ തന്നെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ? ശാസ്ത്രങ്ങളില്‍ വര്‍ണാശ്രമധര്‍മങ്ങളെ വിവരിച്ചിട്ടുണ്ടല്ലോ. ഇവയെ നാം അനുഷ്ഠിക്കേണ്ടതല്ലയോ? ശൂദ്രരെന്നു പറയപ്പെടുന്ന നമുക്ക് അക്ഷരാഭ്യാസം നിഷേധിക്കപ്പെട്ടിട്ടില്ലെ? ഇനി ഭര്‍ത്താവില്‍ ഈശ്വരാംശം എത്രത്തോളമുണ്ടെന്നാണ് അറിയേണ്ടത്. വിവാഹകര്‍മത്തിനു യാതൊരു നിയമവും ബന്ധവും ഇല്ലാത്ത മലയാളികളുടെ ആവശ്യത്തിന്നായിരിക്കാം പുരാണങ്ങളും സ്മൃതികളും മറ്റും മുപ്പത്തുമുക്കോടി ഈശ്വരന്മാരെ സങ്കല്‍പ്പിച്ചിട്ടുള്ളത്. ഇന്ന് വിവാഹം ചെയ്യുന്ന ഈശ്വരന്‍ നിര്‍ധനനാണെങ്കില്‍ നാളെ ധനികനായ ഒരീശ്വരനെ വരിക്കാം. ആ ഈശ്വരന്‍ രോഗിയാണെങ്കില്‍ പിറ്റെ ദിവസം ദൃഢഗാത്രനായ മറ്റൊരീശ്വരനെ കണ്ടുപിടിക്കാം. അതിന്നും വല്ല അറ്റകുറ്റവും ഉണ്ടായെങ്കില്‍ ഉടനെ ആവശ്യം പോലെയുള്ള ഈശ്വരനെ തേടി നടക്കാനും സ്വാതന്ത്ര്യമുണ്ട്. ഏകോദരന്മാരായി ജനിച്ചു കുറേക്കാലത്തേക്കു യാതൊരു പക്ഷഭേദവും കൂടാതെ വളര്‍ന്നതിന്‍റെ ശേഷം ഒരാള്‍ ഈശ്വരനായും മറ്റെ ആള്‍ അബലയായും പരിണമിക്കുമെന്നുള്ള തത്വം ഇനിയുള്ള സ്ത്രീകളെ വിശ്വസിപ്പിക്കാന്‍ കുറച്ചു പ്രയാസമാണ്. ‘ഭര്‍ത്താക്കന്മാര്‍ക്ക് അനിഷ്ടമായി പ്രവര്‍ത്തിച്ചാല്‍ ദൈവം വെറുക്കു’ഥ മെന്ന് ലേഖകന്‍ പറയുന്നതു വാസ്തവമാണ്. ഈശ്വരന്‍ മനുഷ്യനായിരിക്കെ മറിച്ചുവരാന്‍ തരമില്ലല്ലോ.
‘തങ്ങളുടെ യൗവനകാലം മുഴുവന്‍ സ്ത്രീകള്‍ ഭര്‍ത്താക്കന്‍മാര്‍ പറയുന്നതിനെകേട്ട് അവരുടെ കീഴില്‍ ഇരിക്കേണ്ടതാണു’ പോല്‍. ഇതിന്‍റെ താല്‍പ്പര്യം എന്താണ്? യൗവനാസ്തമനത്തില്‍ സ്ത്രീയുടെ മേല്‍ പുരുഷനുള്ള ഭരണശക്തിയും നശിച്ചുപോകുമോ? അല്ല, ഈ ദശയില്‍ സ്ത്രീക്ക് ഭാര്യയായിരിക്കുമ്പോഴുള്ള ബന്ധങ്ങളില്‍ നിന്നും മോചനം ലഭിക്കുമോ?
‘ഏതു സംഗതിയിലും ഒരു നായകനുണ്ടായാലേ ഒരു പ്രവര്‍ത്തി നന്നായി പരിണമിക്കയുള്ളൂ’ എന്നും മിസ്റ്റര്‍ മേനോന്‍ അഭിപ്രായപ്പെടുന്നു. ഒരു നായികയായാലും മതിയാകയില്ലെ? തിയോസഫി എന്ന പുതിയ മതം സ്ഥാപിച്ച ‘മാഡം ബ്ലവോസ്കി’യും ആ യോഗത്തിന്‍റെ ഇപ്പോഴത്തെ പ്രസിഡന്‍റായിരിക്കുന്ന മിസ്സിസ് ആനിബെസന്‍റും ഇംഗ്ലീഷ് പാര്‍ലമെന്‍റില്‍ പ്രവേശനത്തിനായി ഭഗീരഥപ്രയത്നങ്ങള്‍ ചെയ്തുവരുന്ന മിസ്സിസ് പാങ്കഴ്സ്റ്റും അവരുടെ മകളും, ഇംഗ്ലണ്ട്, ഫ്രാന്‍സ്, റഷ്യ എന്നീ മൂന്നു രാജ്യങ്ങളിലെ യോദ്ധാക്കന്മാരേയും ഒന്നായി തടഞ്ഞുനിര്‍ത്തുന്ന ജര്‍മന്‍ വലിയ തോക്കുകള്‍ നിര്‍മ്മിക്കുന്ന യന്ത്രശാലയുടെ മേലധികാരിയായ മിസ് ക്രപ്പും എല്ലാം സ്ത്രീകളാണ്. അബലകളാണെങ്കിലും ഇവര്‍ക്കെല്ലാം കാര്യനിര്‍വഹണപ്രാപ്തിയില്ലെന്ന് ആരാണ് സ്ഥാപിക്കുന്നത്?
വിവാഹബന്ധം മനുഷ്യജീവിതത്തിലെ ഒരു പ്രധാന ഘട്ടമാണ്. ഇത് കേവലം മനുഷ്യനിര്‍മിതമല്ലെന്ന് ഏതു ജീവപ്രാണിയും അതിന്‍റെ ഇണയോടു ചേര്‍ന്നു നടക്കുന്നതിലുള്ള താല്‍പ്പര്യം കാണിക്കുന്നതു കൊണ്ടു തന്നെ നമുക്കറിയാം. മനുഷ്യന് വിശേഷബുദ്ധിയുള്ളതുകൊണ്ട് തന്‍റെ ചങ്ങാതിയില്‍ ചില വിശേഷഗുണങ്ങളെ ആവശ്യപ്പെടുകയും അതു ലഭിച്ചാല്‍ തൃപ്തരാകയും അല്ലാത്തപക്ഷം തൃപ്തികേടു ജനിക്കയും ചെയ്യുന്നു എന്നേ ഉള്ളൂ. ഓരോ സ്ത്രീയേയും തന്‍റെ ദേഹപ്രയത്നം കൊണ്ട് സംരക്ഷിച്ചും ഹൃദയപൂര്‍വമായി സ്നേഹിച്ചും വരുന്ന ഭര്‍ത്താക്കന്മാരെ ഭക്തിസ്നേഹബഹുമാനപുരസ്സരം ശുശ്രൂഷിച്ച് അവരുടെ സൗകര്യം ശരിയായി നിര്‍വഹിക്കുന്നത് തങ്ങളുടെ ചുമതലയാണെന്നറിഞ്ഞ് ഏതു കാര്യത്തിനും സന്നദ്ധകളായിരിക്കുന്ന സ്ത്രീകള്‍ ഇപ്പോള്‍ ഒട്ടും തന്നെ ദുര്‍ലഭമല്ല. ഭര്‍ത്താവിന്‍റെ ആജ്ഞയനുസരിച്ച് നടക്കേണമെന്നും അദ്ദേഹത്തെ സ്നേഹിക്കേണമെന്നും ഏതു സ്ത്രീക്കും ആരും ഉപദേശിക്കേണ്ട ആവശ്യമില്ല. ഇതു പ്രകൃതി സ്ത്രീഹൃദയത്തെ ആദ്യമായി പഠിപ്പിക്കുന്ന ഒരു വിഷയമാണ്. പുരാണഗ്രന്ഥങ്ങളും ഞങ്ങള്‍ക്ക് വായിക്കേണമെന്നില്ല. ഓരോ ബാലികയും തന്‍റെ യൗവനാരംഭത്തോടുകൂടി ഒരുവനെ ആഗ്രഹിച്ചു തുടങ്ങും. അവരവരുടെ ബുദ്ധിശക്തിയും സ്വഭാവഗുണങ്ങളെ ആശ്രയിച്ചായിരിക്കും ഓരോരുത്തരും പുരുഷമാതൃകകളെ നിര്‍മിക്കയും, പിന്നീട് ഈ മാതൃകകളെ രൂപീകരിച്ച് ഭര്‍ത്താവില്‍ കാണ്മാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നത്. ഈ ആശയങ്ങളും ആഗ്രഹങ്ങളും സഫലമായാല്‍ ഒരു സ്ത്രീ ‘ഭാര്യ’ എന്ന പദവിയെ അര്‍ഹിക്കയും അതിന്‍റെ ചുമതലകള്‍ ശരിയായി നിറവേറ്റുകയും ചെയ്യുമെന്നു മാത്രമല്ല, വിഫലമായിത്തീരുന്ന പക്ഷം ആ വിശിഷ്ടപദത്തെ മലിനപ്പെടുത്തുകയും ചെയ്യും.
പുരുഷന്മാരുടെ ഇടയില്‍ ചില വിടന്മാരുള്ളതുപോലെതന്നെ സ്ത്രീകളുടെ ഇടയില്‍ ചല കുലടകളും ഉണ്ടാകാതിരിക്കയില്ല. അവരെ ശാസിച്ച് അടക്കുന്നതിന് മനക്കരുത്തില്ലാതെ അവരുടെ ശകാരങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കും വഴിപ്പെടുന്ന ഭര്‍ത്താക്കന്മാര്‍ എല്ലാ സ്ത്രീകളും ദുസ്വഭാവികളാണെന്നോ, താന്തോന്നികളാണെന്നോ തീരുമാനിക്കരുത്. സ്ത്രീകളെ ഒട്ടുക്ക് ദുഷിക്കുന്ന ഈ മാതിരി ലേഖനങ്ങള്‍ ഇനിയും ഉണ്ടെങ്കില്‍ ഒരു വിശിഷ്ട നാമധേയധാരിണിയായി സഞ്ചരിക്കുന്ന ഈ മാസികയില്‍ അവയെ പുറപ്പെടുവിക്കരുതെന്ന് മാത്രം ഒരപേക്ഷയുണ്ട്.
സ്ത്രീത്വം
സരോജിനി
പുരുഷത്വം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. സ്ത്രീത്വം എന്താണെന്ന് സ്ത്രീധര്‍മത്തെക്കുറിച്ച് പ്രസംഗമോ പുസ്തകമോ എഴുതീട്ടുള്ളവര്‍ തന്നെ വളരെ ആലോചിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ഒരു സ്ത്രീക്കുണ്ടായിരിക്കേണ്ട ഗുണങ്ങള്‍ എന്തെല്ലാമെന്ന് ഒരു ചോദ്യമിട്ടാല്‍ എല്ലാവരും പറയുന്ന ഉത്തരം ഒരുപോലെ ആയിരിക്കുമോ എന്ന് സംശയമാണ്. “കാര്യേഷുമന്ത്രി കരണേഷുദാസി” ഇത്യാദിപദ്യത്തിലാണ് നീതിസാരക്കാരന്‍ സ്ത്രൈണഗുണങ്ങളുടെ ലിസ്റ്റ് കുറിച്ചുവെച്ചിരിക്കുന്നത്. “ഭക്ത്യാസേവിക്കപൂജ്യാന്‍” പദ്യത്തിലാണ് കണ്വമുനി ഗൗരവമായി ആലോചിച്ചു ഗൃഹിണികളുടെ യോഗ്യതകളെ അടക്കിയിരിക്കുന്നത്. ഒരാള്‍ ആവശ്യപ്പെടുന്ന ഗുണങ്ങള്‍ തികച്ചും മറ്റൊരാള്‍ക്കു ആവശ്യമില്ല. ആ മറ്റൊരാള്‍ മറ്റു ചില ഗുണങ്ങളെ കൂടുതലായോ ‘ആദേശ’ മായോ ആവശ്യപ്പെട്ടാലുമായി. ‘രൂപേഷുലക്ഷ്മി’യായെങ്കിലേ ‘കുലധര്‍മപത്നി’ യാകയുള്ളൂ എങ്കില്‍ മറ്റുള്ള ‘മൂധേവികളൊക്കെ വിഷം കുടിച്ചു ചാവുകയോ താണകുലത്തില്‍ പൊയ്ക്കൊള്ളുകയോ ചെയ്യാതെ തരമുണ്ടോ? മനുഷ്യപ്രയത്നം കൊണ്ട് തീര്‍ച്ചയായി സമ്പാദിക്കാന്‍ കഴിയുന്ന ഗുണങ്ങളൊക്കെ സ്ത്രീകള്‍ സമ്പാദിച്ചിരിക്കണമെന്ന് പറഞ്ഞാല്‍ അതിലൊരു ഞായമുണ്ട്. അസാധ്യമായത് ആവശ്യപ്പെട്ടാല്‍ ആവശ്യപ്പെട്ടത് കിട്ടാതെ പോകുന്നതിന് തന്‍റെ ദുര്‍മോഹത്തെയല്ലാതെ മറ്റാരെയെങ്കിലും കുറ്റപ്പെടുത്താനുണ്ടോ? സ്ത്രീകള്‍ക്കുണ്ടായിരിക്കേണ്ട ഗുണങ്ങള്‍ എന്തെല്ലാമെന്ന് സ്ഥിരമായ ഒരു അഭിപ്രായം പുരുഷന്മാര്‍ക്കില്ലെങ്കില്‍ സ്ത്രീകള്‍ എന്തൊക്കെ സമ്പാദിച്ചാല്‍ പുരുഷന്മാര്‍ പ്രസാദിക്കുമെന്ന് സ്ത്രീകള്‍ക്ക് എങ്ങനെ അറിയാം?
അസ്ഥിരതയെയാണല്ലോ ചപലതയെന്ന് പറയുന്നത്. ചപലത പുരുഷന്മാര്‍ക്കോ സ്ത്രീകള്‍ക്കോ? കന്യക ‘ചപല’ യാണെങ്കി ലും കന്യകക്ക് ഇച്ഛ ഒന്നിലേ ഉള്ളെന്നു തെളിയിക്കാന്‍ നീതിസാരം ഒന്നക്കം രേഖാത്തെളിവാണ്. അതില്‍ കൂടുതല്‍ അവര്‍ ആവശ്യപ്പെടുമെന്നു പറയാന്‍ പുരുഷന്മാര്‍ക്ക് വാദതടസ്സമുണ്ട്. വിദ്യ അച്ഛന്‍റേയും ധനം അമ്മയുടേയും കുലം ബന്ധുക്കളുടേയും ആവശ്യമാണ്. കന്യകക്ക് രൂപം മാത്രം മതി! അതുകൂടിയേ തീരൂതാനും. അക്കഥ അറിഞ്ഞിരുന്നിട്ടും രൂപംകെട്ട പുരുഷന്മാര്‍ വില്ലങ്കത്തിനു തയ്യാറായി നില്‍ക്കുന്നു. നോക്കാത്ത തമ്പുരാട്ടിയെ കുമ്പിടാത്ത പുരുഷന്മാരെ ഒരു പുകിയ ബ്രഹ്മാവ് ഇനി പുത്തനായി സൃഷ്ടിക്കണം. ‘ആടീടുന്നവനിലും പാടീടുന്നവനിലും’ എന്നൊക്കെ വിദുരര്‍ കുറിച്ചിട്ടുള്ള ഷഡങ്ങുകഷായത്തിന്‍റെ ഡാപ്പു വായിച്ചിട്ടില്ലാത്ത പുരുഷന്മാരുണ്ടോ എന്നു സംശയമാണ്. പണ്ഡിതന്മാര്‍ക്കൊക്കെ ഈ കഷായം ബഹുപഥ്യമാണ്. ‘രൂപേഷുലക്ഷ്മി’യായിരിക്കണമെന്നു കേള്‍ക്കുമ്പോള്‍ ഒന്നു മേനിമിനുക്കിയാലോ എന്നു തോന്നും. ഉടന്‍ ‘ഭാര്യാരൂപവതീശത്രു’ എന്നു പ്രമാണം കാട്ടി അതിനുള്ള ഉത്സാഹത്തെ ഉരസലാക്കും. ആഭരണഭ്രാന്തി അരുതെന്നെ വിലക്കും. അണിയാഞ്ഞാല്‍ ‘സന്തത്യുല്‍പാദനം സംഭവിക്കയില്ലെന്നു’ പ്രമാണവും എടുത്തു കാണിക്കും. ഉണ്ണുന്നതിനും ഉറങ്ങുന്നതിനുമൊക്കെ സ്ത്രീപുരുഷന്മാര്‍ക്ക് പ്രമാണങ്ങള്‍ വേറെ വേറെ വേണം. ഭര്‍ത്താവുണ്ടേ ഭാര്യ ഉണ്ണാവൂ. വിശന്നു തളര്‍ന്നാലും ‘അഗ്രാശനം’ പാടില്ല. ‘നേരത്തെ ഉറങ്ങുകയും കാലത്തെ ഉണരുകയും’ ചെയ്താല്‍ കനകം പൊഴിക്കാമെന്ന് ഇംഗ്ലീഷ് പഴമൊഴി തര്‍ജ്ജമ ചെയ്ത് കേള്‍പ്പിക്കും. ഭര്‍ത്താവുറങ്ങിയിട്ടേ ഉറങ്ങാവൂ. അദ്ദേഹം ഉണരും മുമ്പേ ഉണരണം എന്നു ശ്ലോകവും ചൊല്ലി കേള്‍പ്പിക്കും. കുറച്ചുറങ്ങുന്നവള്‍ കുലധര്‍മപത്നിയെന്നു പറഞ്ഞാല്‍ ചുരുക്കത്തിലൊക്കെ കഴിക്കാമല്ലോ.
ഇനി നമുക്ക് ശ്ലോകക്കാരെ വിട്ടുപുരാണക്കാരെ എടുക്കാം. നമ്മുടെ പുരാണേതിഹാസങ്ങളില്‍ വര്‍ണിക്കപ്പെട്ടിട്ടുള്ള നായികമാരുടെ കഥകള്‍ വായിച്ചു നോക്കിയാല്‍ സ്ത്രീകള്‍ എന്തു കഷ്ടത സഹിക്കുന്നതിനും ഏതു സങ്കടം അനുഭവിക്കുന്നതിനും ഏതവസ്ഥയിലും ജീവിക്കുന്നതിനും സന്നദ്ധകളായിരിക്കണമെന്ന് കഥാകര്‍ത്താക്കള്‍ക്ക് അഭിപ്രായമുണ്ടായിരുന്നതായി കാണാം. സീതാദേവി പന്തീരാണ്ടുകാലം സ്വഭര്‍ത്താവിനോടൊരുമിച്ചു വനവാസം ചെയ്തു കഷ്ടപ്പെട്ടു. പിന്നെ രാവണാലയത്തില്‍ പാര്‍ത്ത് ഒരാണ്ടുകാലത്തെ വിരഹം സഹിച്ചു. രാവണാലയവാസം കൊണ്ട് അശുദ്ധി ഭവിച്ചിട്ടില്ലെന്ന് ജനസമക്ഷം തീയില്‍ചാടി തെളിയിച്ചു. അതുകൊണ്ടും ഭര്‍ത്താവിനും നാട്ടുകാര്‍ക്കും ഉണ്ടായ ശങ്കതീരാഞ്ഞ് പൂര്‍ണഗര്‍ഭിണിയായിരിക്കുമ്പോള്‍ വനത്തില്‍ നിരാധാരയായി ഉപേക്ഷിക്കപ്പെട്ടു. രാജകൊട്ടാരത്തില്‍ പ്രസവിക്കേണ്ട സീത കാട്ടില്‍ മുനിയുടെ പര്‍ണശാലയില്‍ പ്രസവിച്ചു. ഭര്‍ത്താവിന്‍റേയും ബന്ധുജനങ്ങളുടേയും സഹായമുണ്ടായാല്‍ തന്നെ ഒരു കുഞ്ഞിനെ പെറ്റു വളര്‍ത്തുന്ന അമ്മയുടെ സങ്കടം ചില്ലറയല്ല. വേണ്ടപ്പെട്ടവരില്‍ ആരുടെയും സഹായം കൂടാതെ സീതാദേവി രണ്ടു കുഞ്ഞുങ്ങളെ എരട്ട പെറ്റു വളര്‍ത്തി.
റാണിയായിരുന്ന ചന്ദ്രമതി ഭര്‍ത്താവിന്‍റെ ഒരു അര്‍ത്ഥമില്ലാത്ത വാഗ്ദാനത്തെ നിറവേറ്റാന്‍ തന്നെ വിറ്റു, തന്‍റെ മകനെ വിറ്റു. അമ്മയും മകനും വീടു പണി ചെയ്തു വലഞ്ഞു. തന്നെ വിലക്കു വാങ്ങിയ ബ്രാഹ്മണന്‍റെ ഇല്ലത്തില്‍ “നെല്ലുകുത്തി കൈകള്‍ പൊട്ടി ഉതിരം ചിന്തി” എന്നിട്ടും കാട്ടില്‍വെച്ചു മൂര്‍ഖന്‍ കൊത്തിയ മകനെ ഒരു നോക്കു കാണാന്‍ ദയാലുവായ സ്വാമി പാതിരായ്ക്കേ ചന്ദ്രമതിക്ക് അനുവാദം കൊടുത്തുള്ളൂ.
സാവിത്രി ഒരു രാജകുമാരിയായിരുന്നു. അവള്‍ മനസ്സുകൊണ്ടു സത്യവാനെ ഭര്‍ത്താവായി വരിച്ചു. സത്യവാന് പണമില്ല, നാട്ടിലെങ്ങും പാര്‍ക്കാന്‍ ഇടമില്ല. കണ്ണില്ലാത്ത അമ്മയച്ഛന്മാരെ കാട്ടില്‍വെച്ച് പോറ്റിപ്പുലര്‍ത്തണം. അങ്ങനെയൊക്കെയാണ് അവസ്ഥകളെന്നറിഞ്ഞിരുന്നിട്ടും അവള്‍ സത്യവാന്‍റെ പണം നോക്കാതെ ഗുണം മാത്രം നോക്കി അയാളെ മനസ്സാ വരിച്ചു. സത്യവാന്‍ അല്‍പ്പായുസ്സാണ്; അയാളെ വരിച്ചാല്‍ വൈധവ്യം വന്നുകൂടും എന്ന് ത്രികാലവേദിയായ നാരദമഹര്‍ഷി ഗുണദോഷിച്ചു. അരുതെന്ന് അവളുടെ അച്ഛനും വിലക്കി. ഒരു ജന്മത്തില്‍ ഹൃദയം രണ്ടുപേരില്‍ അനുരക്തമാവുക അസാധ്യമെന്ന് ഖണ്ഡിച്ചു പറഞ്ഞ് സാവിത്രി സത്യവാനെതന്നെ വിവാഹം ചെയ്തു. സത്യവാന്‍റെ മരണദിവസം അടുത്തു. കാലന്‍ കയറും ദണ്ഡുമായിട്ടു പുറപ്പെട്ടു ചെന്നു. സത്യവാന്‍റെ സമീപം ചെല്ലാന്‍ സാവിത്രിയുടെ ചാരിത്രതേജസ്സ് അനുവദിച്ചില്ല. കഥ നീട്ടുന്നില്ല. കാലനെ പ്രസാദിപ്പിച്ചു സാവിത്രി സത്യവാന്‍റെ ജീവനെ തിരികെ വാങ്ങിച്ചു. വേണ്ട വരങ്ങളും വാങ്ങി. അനുരാഗത്തിന്‍റെ ശക്തിയും പരിശുദ്ധിയും ഇങ്ങനെയാണെന്ന് ലോകത്തിന് സാവിത്രി വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.
“ശീലാവതിയുടെ ചാരിത്രശുദ്ധിയും ശീലഗുണങ്ങളും” ഇവക്കൊക്കെ മേലേയാണ്. എങ്ങനെ നിത്യവും ശുശ്രൂഷ ചെയ്താലും അങ്ങുള്ളിലേതും പ്രസാദമില്ലാത്ത” ഉഗ്രതപസ്സായിരുന്നു ആ സ്വാധ്വിയുടെ ഭര്‍ത്താവ്. അങ്ങനെത്തെ അദ്ദേഹം ഒരു മഹാകുഷ്ഠരോഗിയുമായിരുന്നു. “ഓരോ കൈവിരലറ്റു വീണു കൃമിയും ചാടും ചലക്കട്ടയും നോക്കാന്‍ മറ്റുള്ളവര്‍ക്കറയ്ക്കും. എങ്കിലും അദ്ദേഹം ഉണ്ട ചോറ്റിന്‍റെ ഉച്ഛിഷ്ടം അതില്‍ അറ്റുവീണു കിടന്നിരുന്ന വിരലിനെ ആദരപൂര്‍വം മാറ്റിയെടുത്തുവെച്ച്, പതിവ്രത പഞ്ചാമൃതം പോലെ ഭക്ഷിച്ചു.
സ്ത്രീലോകത്തില്‍ ഇങ്ങനെ ചില നക്ഷത്രങ്ങള്‍ ഉദിക്കയും അസ്തമിക്കയും ചെയ്തിട്ടുണ്ട്. ഇപ്പോഴും ഉദിക്കയും അസ്തമിക്കുകയും ചെയ്യുന്നുമുണ്ട്. ധൂമകേതുക്കളെ കാണാന്‍ പരമോത്സാഹം കാട്ടുന്നവരുടെ ദൃഷ്ടിയില്‍പ്പെടാതെ അവ അണഞ്ഞുപോകുന്നു. മനുഷ്യന്‍റെ കല്‍പ്പനാശക്തിക്കു കഷ്ടത എത്രത്തോളം സങ്കല്‍പ്പിക്കാന്‍ കഴിയുമോ അതിന്‍റെ അങ്ങേ അറ്റം വരെ സങ്കല്‍പ്പിച്ചു പുരാണകര്‍ത്താക്കള്‍ കഥകളുണ്ടാക്കി പതിവ്രതകള്‍ക്ക് ദൃഷ്ടാന്തങ്ങളെ കാട്ടിക്കൊടുത്തിട്ടുണ്ട്. ഈ ദൃഷ്ടാന്തങ്ങളൊക്കെ നിത്യം വായിച്ചും പഠിച്ചും മനസ്സിലാക്കി ആ പുരാണവനിതകളെ പുകഴ്ത്തിക്കൊണ്ടിരിക്കുന്ന കേരളമഹിളകള്‍ “പാതിവ്രത്യം പരമയി പയോജം ക്ഷിയീ നാട്ടിലെ സ്ത്രീ ജാതിക്കില്ലെന്നൊരു പഴി” യാണ് സമ്പാദിച്ചു വെച്ചതെങ്കില്‍ കഷ്ടമെന്നല്ലാതെ എന്തു പറയട്ടെ. ഇത് യഥാര്‍ത്ഥത്തില്‍ അവര്‍ സമ്പാദിച്ചതോ പുരുഷന്മാര്‍ അവര്‍ക്ക് ഉണ്ടാക്കിക്കൊടുത്ത കൃത്രിമസമ്പാദ്യമോ എന്ന് ബുദ്ധിയുള്ളവര്‍ ആലോചിക്കേണ്ടതാണ്.
മേല്‍പ്പറഞ്ഞ തരത്തില്‍പ്പെട്ട് വനിതാരത്നങ്ങള്‍ പുരാണങ്ങളിലെങ്കിലും ഉണ്ടെന്നറിഞ്ഞിട്ടും സ്ത്രീകള്‍ അബലകളും ചപലകളുമാണെന്ന് പ്രാസമൊപ്പിച്ചു പറയാന്‍ പലര്‍ക്കും വളരെ വിരുതുണ്ട്. “യോഷമാരുടെ വാക്ക് സത്യമെന്നോര്‍ക്കുന്നവന്‍ ഭോഷനെത്രയുമെന്ന്” സീതാദേവിയുടെ ഭര്‍ത്താവുകൂടിയും സ്ത്രീകള്‍ക്ക് സര്‍ട്ടിഫിക്കറ്റു കൊടുത്തിട്ടുണ്ട്. അത്തിക്കു പൂവുണ്ടായാലും കാക്കക്ക് വെണ്മയുണ്ടായാലും മത്സ്യത്തിനു കാലുണ്ടായാലും സ്ത്രീഹൃദയത്തിനു ഉറപ്പുണ്ടാവില്ലെന്ന് നല്ല ഗീര്‍വാണപദ്യങ്ങള്‍ എഴുതാനും അത് പഠിച്ചു പാടാനും അതിന്‍റെ പൊരുളറിഞ്ഞു രസിക്കാനും അതുതന്നെ വേദമെന്നു ശരിവെക്കാനും പിന്നെയും പാവപ്പെട്ട ചപലകളെ പഴിക്കാനും ചാപല്യമില്ലാത്ത പുരുഷന്മാര്‍ക്ക് ബഹു ഉത്സാഹമാണ്. പുരുഷത്വം എന്താണെന്ന് അവര്‍ക്ക് അറിവുണ്ടുതാനും!
പുരുഷന്മാരുടെ പരിഹാസത്തെ സഹിക്കുന്നതും അവര്‍ ഉണ്ടാക്കിവെച്ച ചട്ടങ്ങളെ അനുസരിക്കുന്നതും അവരെ ദൈവമെന്നു വണങ്ങുന്നതും, അവരെ താന്തോന്നിത്തം കാട്ടാന്‍ അനുവദിച്ചു കൊടുക്കുന്നതും അവര്‍ വഴിയാധാരമാക്കിത്തള്ളിക്കളഞ്ഞാലും അവര്‍ കെട്ടിവെച്ച ഭാരം ചുമക്കുന്നതുമാണ് സ്ത്രീത്വമെന്ന് കാര്യഗൗരവത്തോടെ പുരുഷന്മാര്‍ സിദ്ധാന്തിക്കും. കണ്ടാല്‍ സുന്ദരിയായിരിക്കണം, കേശത്തിനു കറുപ്പും ഞെറിവും ഒടിവും ധാരാളം നീളവും ഉണ്ടായിരിക്കണം. കാറ്റില്ലെങ്കിലും അളകങ്ങള്‍ ഇളകിക്കൊണ്ടിരിക്കണം. കണ്ണുകള്‍ വെള്ളത്താമരയില്‍ കാര്‍വണ്ടുരുളും പോലെ എപ്പോഴും വിരണ്ടുകൊണ്ടിരിക്കണം. ശരീരം ആകപ്പാടെ വെയിലേറ്റാല്‍ വാടിപ്പോകാന്‍ തക്കവണ്ണം കൊത്തറ്റ തളിരുപോലെ കോമളമായിരിക്കണം. നിറം ചെമ്പരുത്തിപ്പൂപോലെയോ ചെറുനാരങ്ങാപ്പഴം പോലെയോ ഇരിക്കണം. നിവര്‍ന്നു നിന്നാല്‍ ഒടിഞ്ഞുവീഴാന്‍ തക്കവണ്ണം മധ്യം സന്ദേഹഗോചരമായിരിക്കണം. വെണ്മണലില്‍ നടന്നാല്‍ ഉപ്പൂറ്റി തറഞ്ഞിരിക്കാന്‍ തക്കവണ്ണം പിന്‍ഭാഗത്തിനു തൂക്കം ജാസ്തിയായിരിക്കണം. ഇത്രയുമൊക്കെ സാരള്യവും പ്രാസവുമുള്ള പദ്യങ്ങളില്‍ എഴുതിയൊപ്പിക്കാന്‍ സാധിച്ചു എങ്കില്‍ നഗരാര്‍ണവശൈലത്തു വര്‍ണ്ണനക്കാരനായ മഹാകവിക്കു തൃപ്തിയാകും. കുലീനത കൂടിയുണ്ടെങ്കില്‍ ധീരോദാത്തനായ നായകനെക്കൊണ്ട് മരം മറഞ്ഞുനിന്നു മനോജവ്യഥയനുഭവിപ്പിക്കാന്‍ നാടകക്കാരനു വിരോധമില്ല. വ്യഥയനുഭവിക്കുന്നതു മുമ്പും കുലീനത അറിയുന്നത് പിമ്പും ആയിപ്പോയി എങ്കില്‍ ‘വിചികിത്സിതങ്ങളില്‍ ചിത്തവൃത്തി പ്രമാണ’ മെന്നു പ്രമാണവുമുണ്ടല്ലോ. ബി എ പരീക്ഷയും ജാക്കറ്റും ധാവണിയും കൂടെയുണ്ടെങ്കില്‍ നോവലെഴുത്തുകാര്‍ക്കു തൃപ്തിയായി. അവര്‍ക്ക് കുലീനത കൂടിയേ തീരൂ എന്നില്ല. കാമത്തിനു കണ്ണില്ല മൂക്കില്ല എന്നൊക്കെ വ്യവഹാരങ്ങള്‍ ധാരാളമുണ്ട്. അനുരാഗത്തിന്‍റെ ശരിയായ മര്‍മം ഗ്രഹിച്ചു നോവലെഴുത്തുകാര്‍ പ്രഭുകുമാരിയെ പിച്ചക്കാരന്‍റെ പിന്നാലെ പുറപ്പെട്ടുപോകാന്‍ തപാല്‍വണ്ടിക്കു വേഗം കൂട്ടുന്നതും അന്വേഷിച്ചു പുറപ്പെട്ട രക്ഷകര്‍ത്താവിന്‍റെ കുതിരയുടെ ലാടം പൊട്ടിച്ചു വണ്ടി മറിക്കുന്നതും നാം ഇക്കാലത്തു ധാരാളം കാണുന്നുണ്ടല്ലോ. കാവ്യക്കാരും നാടകക്കാരുമൊക്കെ സ്ത്രീത്വം ഇതിലൊക്കെയാണെന്നു വര്‍ണിച്ചുകൊള്ളട്ടെ. നവനീതം പോലെ അലിയുന്ന ശരീരത്തിലും, പ്രഭുകുടുംബത്തിലെ ഈറ്റില്ലത്തിലും ചീനത്തെ പട്ടിലും കോട്ടാറ്റെ നേര്യതിലും യൂണിവേഴ്സിറ്റിയിലെ ഡിപ്ലോമയിലും അല്ല സ്ത്രീത്വം ഇരിക്കുന്നതെന്ന് കവിതക്കാരും നോവലെഴുത്തുകാരും അവയൊക്കെ വായിച്ചു ശരിവെക്കുന്ന മാലോകരും മനസ്സിലാക്കിയിട്ടില്ലെങ്കില്‍ മറ്റുള്ള സ്ത്രീകളെങ്കിലും അത് മനസ്സിലാക്കിയിരിക്കേണ്ടതാണ്.
പുരുഷന്മാരോടും സ്ത്രീകളെ പരിഹസിക്കരുതെന്ന് പറയാനും, പകരം പരിഹസിക്കാനും സ്ത്രീകള്‍ക്ക് ആവതില്ല. പുരുഷന്മാര്‍ക്ക് തന്നെ ദയതോന്നി അവര്‍ പരിഹാസം ഇനിയെങ്കിലും മതിയാക്കിവെക്കട്ടെ എന്ന് ഈശ്വരനെ പ്രാര്‍ത്ഥിക്കാം. മൃഗജാതിയില്‍ നിന്നു മനുഷ്യജാതിയെ വേര്‍തിരിക്കുന്ന ചില പ്രത്യേക ഗുണങ്ങള്‍ മനുഷ്യര്‍ക്കുണ്ട്. അതിനെയാണ് മനുഷ്യത്വം എന്നു പറയുന്നത്. മനുഷ്യത്വം സ്ത്രീപുരുഷന്മാര്‍ക്കൊപ്പമുണ്ടായിരിക്കേണ്ടതാണെങ്കിലും ഒപ്പവും ഒപ്പത്തില്‍ മിച്ചവും സ്ത്രീകള്‍ക്കുണ്ടെന്ന് അവര്‍ “നീതിക്കൊക്കും നിജ നടപടിച്ചെയ്തി” കളെ കൊണ്ടു തെളിയിച്ചിട്ടുണ്ട്. സ്നേഹം മനുഷ്യത്വത്തെ തെളിയിക്കുന്ന ഒരു വിശിഷ്ടഗുണമാണ്. ഈ ഗുണം സ്ത്രീകളില്‍ കാണുംപോലെ പുരുഷന്മാരില്‍ കാണുന്നില്ല. അമ്മയച്ഛന്മാരേയും, സഹോദരങ്ങളേയും ബന്ധുക്കളേയും കുറിച്ചു പുരുഷന്മാര്‍ക്ക് സ്ത്രീകളോടൊപ്പം സ്നേഹമുണ്ടെന്നു വാദിക്കാന്‍ പുരുഷന്മാര്‍ തയ്യാറാവുമെന്നു തോന്നുന്നില്ല. പുത്രവാത്സല്യം പിതാവിനുള്ളതിന്‍റെ പതിന്മടങ്ങു മാതാവിനുണ്ടെന്നു പറഞ്ഞാല്‍ കവിതക്കാരുടെ അലങ്കാരങ്ങളിലൊന്ന് അതിലുണ്ടെന്നു ശങ്കിച്ചേക്കാം. ഇരട്ടിയുണ്ടെന്നു പറഞ്ഞാല്‍ വഴക്കൊഴിഞ്ഞു. അച്ഛന്‍റെ വക പകുതിക്കേ, പരിഷ്കാരം വന്നിട്ടും മക്കള്‍ക്കു അവകാശമുള്ളൂ. അമ്മയുടെ വക മക്കള്‍ക്കല്ലാതെ പരിഷ്കാരമില്ലാത്ത കാലത്തും മറ്റാര്‍ക്കും പോകയുമില്ല. ഭാര്യാഭര്‍ത്തൃബന്ധത്തില്‍ ചെല്ലുമ്പോഴാണ് പുരുഷന്മാരുടെ സംശയത്തിന് അറുതിവരാത്തത്. “പഞ്ചഭിര്‍ദശഭിഃപു ഭിഃ” എന്നും മറ്റും സ്ത്രീകളുടെ രക്ഷക്കുള്ള കോട്ടകളെ തകര്‍ക്കുന്ന ‘ഭീ’രങ്കികള്‍ സംസ്കൃതപണ്ഡിതന്മാരാകുന്ന കൂപ്പുകമ്പനിക്കാര്‍ വാര്‍ത്തു ശേഖരിച്ചിട്ടുണ്ട്. സീത രാവണാലയത്തില്‍ ഒരാണ്ടു പാര്‍ത്ത് സംശയം പോക്കാന്‍ തീയില്‍ ചാടിയിട്ടും ശ്രീരാമനും മാലോകര്‍ക്കും സംശയം നീങ്ങിയില്ല. ലക്ഷ്മണന്‍ പന്തീരാണ്ടുകാലം തന്നെപ്പിരിഞ്ഞു പാര്‍ത്തിട്ടും കള്ളു കുടിച്ച തണ്ടാന്‍ തെങ്ങില്‍ കേറിയ മാതിരി ശൂര്‍പ്പണഖയുടെ മൂക്കിലും മറ്റും പാഞ്ഞിട്ടും ഊര്‍മ്മിളക്ക് ഒരു സംശയവുമുണ്ടായില്ല. വേശ്യാഗൃഹത്തില്‍ പോകണമെന്നു ആവശ്യപ്പെട്ട കുഷ്ഠക്കാരനെ ശീലാവതി തോളില്‍ ചുമന്നാണ് കൊണ്ടുപോയത്. വഴിക്കുവെച്ച് മരിച്ചുപോയ ആ മഹാമൂര്‍ഖനെ തിരികെ കൊടുത്തല്ലാതെ സൂര്യന്‍ ഉദിച്ചുകൂടെന്നു ശീലാവതി തറ്റുടുത്ത് നിന്നുകൊണ്ടാണ് തപസ്സുചെയ്തത്. സ്ത്രീകള്‍ക്ക് ഭര്‍ത്താവ് ഒന്നേ പാടുള്ളൂ എന്നും റെഗുലേഷനുണ്ടാക്കിയ പുരുഷന്മാര്‍ക്ക് ഭാര്യ ഒന്നേ പാടുള്ളൂ എന്നു ചട്ടം വെക്കാന്‍ അവരുടെ ചാപല്യമില്ലാത്ത മനസ്സിന് ധൈര്യം വന്നില്ല. എന്നിട്ടും ഭീരങ്കികളൊക്കെ പാവപ്പെട്ട സ്ത്രീകള്‍ക്കാണ്.
ബന്ധുസ്നേഹത്തില്‍ പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്ക് മെച്ചമുണ്ടെന്നു പറഞ്ഞാല്‍ “അമ്മായിപ്പഞ്ചതന്ത്ര” ക്കാരന് അത്ര ബോധിക്കുമെന്നു തോന്നുന്നില്ല. അമ്മാവിപ്പോരില്‍ പരാജിതരാകുന്ന മരുമകളുടെ മനസ്സമാധാനത്തിനുള്ള മന്ത്രമാണല്ലോ “അമ്മാവിഅമ്മയെ അമ്മിമേല്‍വെച്ചിട്ടു മറ്റൊരു കല്ലോണ്ടു നാരായണ.” മഹാകവി വാത്മീകിക്ക് രാമായണകഥാബന്ധത്തില്‍ ഒരു കണ്ണി വിട്ടു പോയിട്ടുണ്ട്. അതിനെ അമ്മാവിപ്പോരില്‍ വിദഗ്ദ്ധനായ ഒരു മലയാളത്തുകാരന്‍ തിരുത്തിയതാണല്ലോ നമ്മുടെ സീതാദുഃഖം. സീതാദേവിയെ ദുഃഖിപ്പിച്ച കൗസല്യ അമ്മാവിയുടേയും കൊച്ചമ്മാവിമാരുടേയും നേരെ ആര്‍ക്കാണ് അരിശം തോന്നാത്തത്? മകനെ ചേര്‍ന്ന മരുമകളോടു മാത്രമേ അമ്മാവിക്കു വെച്ചരശുള്ളൂ. മകളെ, ചേര്‍ന്ന മരുമകനു കാളയെ കറന്ന് പാലു കൊടുത്തിട്ടാണ് അമ്മാവി അതിന്‍റെ പാപശാന്തി വരുത്തുന്നത്. നാത്തൂന്‍ വഴക്കില്‍ അസാരം ഒരു നാണക്കേട് സ്ത്രീകള്‍ക്കുണ്ടെന്ന് സമ്മതിക്കാതെ തരമില്ല.
സ്നേഹം പോലെ തന്നെ ജീവകാരുണ്യം, ഔദാര്യം, മുതലായ ഗുണങ്ങളും സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ ജാസ്തിയാണെന്ന് തെളിയിക്കാന്‍ കഴിയും. മനുഷ്യഹൃദയത്തിനു മാര്‍ദ്ദവം എന്നൊരു ഗുണമുണ്ടെങ്കില്‍ ആ ഗുണം സ്ത്രീഹൃദയത്തിനാണുള്ളത്.
ഉത്തമ പുരുഷന്മാരുടെ
ചിത്തം വജ്രത്തിലും തുലോം കഠിനം,
നല്‍ത്താരിലും മൃദുതരം
സത്യസ്ഥിതി പാര്‍ക്കിലാര്‍ക്കറിയാം?
മഹാകവി ഭവഭൂതിക്കു കൂടി ഉത്തമപുരുഷന്മാരുടെ ചിത്തസ്ഥിതി വ്യക്തമല്ല. എങ്കിലും “സ്ത്രീണാഞ്ചചിത്തം” എന്നുള്ള പ്രമാണമാണ് എല്ലാവര്‍ക്കും പഥ്യം. സ്ത്രീണാഞ്ചചിത്തം ദേവോനജാനാതിയെന്നാണ് പ്രമാണമെങ്കിലും അത് ചപലമെന്ന് അങ്ങാടിപ്പിള്ളരും പാടികൊണ്ടു നടക്കുന്നു! സ്ത്രീകളെ കൊതിച്ച് പുരുഷന്മാര്‍ പൊരുതിമരിച്ചതായി പുരാണങ്ങളും ചരിത്രങ്ങളും ഉണ്ട്. പുരുഷന്മാര്‍ക്കുവേണ്ടി സ്ത്രീകള്‍ വാക്കേറ്റം പോലും നടത്തിയതായി പുരാണവുമില്ല, ചരിത്രവുമില്ല. ലോകാവസാനകാലം വരെ സ്ത്രീകള്‍ അങ്ങനെ തന്നെ കഴിയണം. അതാണ് സ്ത്രീത്വം.
സ്ത്രീകളും സ്വാതന്ത്ര്യവും
ബി പാച്ചിയമ്മ
(“മഹിള” 1, 3 മാര്‍ച്ച്,1921: 108-13 ല്‍ പ്രസിദ്ധീകരിച്ചത് )
ആവൂ! ഈ രണ്ടുപദങ്ങളും ഒന്നിച്ചു കാണുമ്പോള്‍ തന്നെ പലരും കണ്ണുചുവപ്പിക്കുകയും മുഖം ചുളിക്കുകയും ലേഖനം വായിക്കാതെ തള്ളിക്കളയാന്‍ തീര്‍ച്ചയാക്കുകയും ഒരു പക്ഷേ, മാസിക തന്നെ ദൂരത്തെറിയുകയും ചെയ്തേക്കാം. അക്കൂട്ടരോടു ലേഖനം മുഴുവനും വായിച്ചശേഷമേ എന്തെങ്കിലും സാഹസത്തിനൊരുമ്പെടാവൂ എന്ന് സാദരം അപേക്ഷിച്ചുകൊള്ളുന്നു.
ഇന്നത്തെ കേരളീയരില്‍ പലതരക്കാരുണ്ട്. ഒരു കൂട്ടര്‍ “നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി” എന്നുള്ള വിധിയെ മര്‍ക്കടമുഷ്ടിയോടുകൂടി മുറുക്കെ പിടിച്ചു. “ഇപ്പോഴുള്ള സ്ത്രീകളെല്ലാം സ്വാതന്ത്ര്യപ്രസക്തകളാണ്. ഇത് കലിയുഗത്തിന്‍റെ ലക്ഷണമാണ്. നാശത്തിനുള്ള പ്രാരംഭമാണ്’ എന്നെല്ലാം പിറുപിറുക്കുന്നു. മറ്റൊരു കൂട്ടര്‍ സ്ത്രീകള്‍ക്കു “സാത്വികമായ സ്വാതന്ത്ര്യം ഇപ്പോള്‍ത്തന്നെയുണ്ട്.” ഇതില്‍ കൂടുതലൊന്നും അനുവദിച്ചുകൂടാ, ഇപ്പോഴത്തെ വിഷാത്മകമായ വിദ്യാഭ്യാസം അവരെ വിവാഹബന്ധശൂന്യകളാക്കുന്നു, ലോകം നശിക്കാന്‍ തുടങ്ങുന്നു എന്നെല്ലാം വാദിക്കുന്നു. ഇനിയും ചില ദേശാഭിമാനികളും സമുദായാഭിമാനികളുമായ സംസ്കൃതബുദ്ധികള്‍ സ്ത്രീകള്‍ക്കു ന്യായമായ സ്വാതന്ത്ര്യം അനുവദിക്കേണ്ടതാണെന്ന് സിദ്ധാന്തിക്കുന്നു. ഇവരില്‍ ആദ്യം പ്രസ്താവിച്ച രണ്ടു കൂട്ടക്കാരും തമ്മില്‍ വലിയ വ്യത്യാസമില്ല. സ്ത്രീകള്‍ക്കു സ്വാതന്ത്ര്യം അനുവദിച്ചുകൂടെന്നു ശഠിക്കുന്നത് തങ്ങളുടെ പരിഷ്കാരപ്പട്ടത്തിനു ന്യൂനതയായി ഭവിക്കുമെന്നു കരുതി അതിനെത്തന്നെ പ്രകാരാന്തരേണ പ്രസ്താവിക്കുന്നുവെന്നേയുള്ളൂ. ഏതായിരുന്നാലും ബുദ്ധിമാന്മാരായ പുരാതനഭാരതീയര്‍ അവര്‍ക്ക് നല്‍കിയിരുന്ന സ്ഥാനം എന്ത്? സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുമോ? അനുവദിക്കാമെങ്കില്‍ എങ്ങിനെയെല്ലാം അഥവാ ഏതെല്ലാം കാര്യങ്ങളില്‍ അനുവദിക്കാം എന്ന് നമുക്ക് അവധാനപൂര്‍വം ആലോചിക്കാം.
അവര്‍ സ്ത്രീകള്‍ക്കു ന്യായമായ സ്വാതന്ത്ര്യം അനുവദിച്ചിരുന്നുവെന്നും അവരെ വേണ്ടുംവണ്ണം പൂജിച്ചിരുന്നുവെന്നും, നിഷ്പ്രയാസം തെളിയിക്കാം. സ്ത്രീപുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഒന്നുപോലെ പ്രാധാന്യമേറിയ ഒരു കര്‍മമാണ് വിവാഹം. ഈ വിവാഹവിഷയത്തില്‍ നമ്മുടെ പൂര്‍വികന്മാര്‍ സ്ത്രീകള്‍ക്കു നല്‍കിയിരുന്ന സ്വാതന്ത്ര്യം എന്തായിരുന്നുവെന്നു ചിന്തിക്കുക. ഗാന്ധര്‍വവിവാഹം, സ്വയംവരം ഇവ അക്കാലത്ത് അനുവദിക്കപ്പെട്ടിരുന്നു. ഇങ്ങനെ ചെയ്തത് അജ്ഞതയാലല്ല; പ്രത്യുത അവരുടെ ബുദ്ധിശക്തിയുടെ കൂടുതലിനായിരുന്നു. വിവാഹവിഷയത്തില്‍ വധൂവരന്മാരുടെ യോജിപ്പും സമ്മതവുമാണ് അവശ്യം വേണ്ടതെന്ന് അവര്‍ ഗ്രഹിച്ചിരുന്നു. അന്ന് ദാമ്പത്യബന്ധം സുദൃഢമായിരുന്നതിന്‍റേയും പരമരഹസ്യം അതു തന്നെയാണ്. ഭര്‍ത്താക്കന്മാരെ ഉപേക്ഷിക്കുന്നതിനുള്ള അധികാരം അന്നത്തെ മഹിളകള്‍ക്കു സിദ്ധിച്ചിരുന്നു. അവരുടെ ഉപദേശങ്ങള്‍ ആദരണീയങ്ങളായും കരുതിയിരുന്നു. അഭിപ്രായസ്വാതന്ത്ര്യം നിരോധിക്കപ്പെട്ടിരുന്നില്ല. രണാങ്കണങ്ങളില്‍ പോലും പലരും സാദരം സന്നദ്ധരായിറങ്ങിയിട്ടുണ്ട്.
ശ്രീ പരമേശ്വരന്‍റെ അര്‍ധനാരീശ്വരത്വവും ഗംഗാദേവിക്ക് അദ്ദേഹം നല്‍കിയിരുന്ന സ്ഥാനവും സ്ത്രീകള്‍ക്കു സിദ്ധിച്ചിരുന്ന സ്ഥാനവലിപ്പത്തിനു മൂര്‍ദ്ധാഭിഷിക്തോദാഹരണങ്ങളാണല്ലോ. എന്നാല്‍ അവരുടെ ആധുനികാവസ്ഥയോ? തുലോം നികൃഷ്ടമെന്ന് ഒരിക്കലല്ല ഒരായിരം പ്രാവശ്യം പറഞ്ഞാലും മതിയാകുന്നില്ല. സര്‍വപ്രധാനമായ വിവാഹകര്‍മത്തില്‍ സ്വാഭിപ്രായപ്രകടനത്തിനു പോലും അവര്‍ക്കു സ്വാതന്ത്ര്യമില്ല. ഈ കാര്യത്തില്‍ കേവലം ക്രിയവിക്രയാര്‍ത്ഥമുള്ള പദാര്‍ത്ഥങ്ങളുടെ അവസ്ഥയെ അവര്‍ക്കുള്ളൂ. കഷ്ടം! സ്വജീവിതത്തിന്‍റെ മുക്കാലേഅരക്കാല്‍ ഭാഗവും വ്യയം ചെയ്യേണ്ടതു ദാമ്പത്യബന്ധത്തിലാണ്. ഈ തത്വം ഗ്രഹിച്ച് അതുസുഖകരമാക്കി തീര്‍ക്കേണ്ടതിന് അവര്‍ക്ക് അര്‍ഹതയില്ലത്രേ കേരളത്തിലെ മിക്ക സമുദായങ്ങളിലേയും (അല്ല എല്ലാ സമുദായങ്ങളുടേയും തന്നെ) നടപ്പു നോക്കിയാല്‍ രക്ഷകര്‍ത്താക്കന്മാര്‍ തെരഞ്ഞെടുക്കുന്നയാളുടെ ഭാര്യാപദം സ്വീകരിക്കുകയല്ലാതെ സ്ത്രീകള്‍ക്കു ഗത്യന്തരമില്ല. അയാള്‍ വിദ്യാവിഹീനനായിരിക്കട്ടെ, കുഷ്ഠരോഗിയായിരിക്കട്ടെ, മദ്യപാനിയായിരിക്കട്ടെ. വേശ്യാലമ്പടനായിരിക്കട്ടെ, അച്ഛനമ്മമാരോ കാരണവന്മാരോ നിശ്ചയിച്ചു കഴിഞ്ഞാല്‍ ആ നിശ്ചയത്തെ അണുവും ഭേദപ്പെടുത്താന്‍ എന്നുവേണ്ട തന്‍റെ സങ്കടത്തെ അറിയിക്കുവാന്‍ പോലും, ഒരു കേരളീയവനിതക്ക് അവകാശമില്ല. (ഇതിനു വിപരീതമായി പ്രവര്‍ത്തിക്കുന്ന സംസ്കൃതബുദ്ധികള്‍ അപൂര്‍വമുണ്ടെന്നു സമ്മതിക്കുന്നു. പക്ഷെ ഭൂരിപക്ഷം നോക്കിയാണല്ലോ ഒരു അഭിപ്രായം രൂപീകരിക്കേണ്ടത്). ഇതില്‍ കൂടുതല്‍ ഇന്നത്തെ സ്ത്രീകളുടെ സ്വാതന്ത്ര്യവിഹീനത്വത്തെ തെളിയിക്കുന്നതിന് എന്തുദാഹരണമാണ് വേണ്ടത്? മഹിളയുടെ ഒന്നാം ലക്കത്തില്‍ ഭര്‍ത്താവ് എങ്ങോട്ടെങ്കിലും പോകുമ്പോള്‍ എവിടേക്കാണെന്നു പോലും ചോദിക്കാന്‍ ഭാര്യക്ക് അവകാശമില്ലാതിരിക്കുന്നുവെന്ന് ശ്രീമതി ഭാഗീരഥി അമ്മ അവര്‍കള്‍ പ്രസ്താവിച്ചിരുന്നത് ലേശം പോലും അതിശയോക്തിയില്ല. ഇന്നും, പരിഷ്കാരസൂര്യന്‍ അത്യുച്ചനായിരിക്കുന്നതായിരിക്കുന്നുവെന്ന് ഘോഷിക്കപ്പെടുന്ന ഈ ഇരുപതാം നൂറ്റാണ്ടിലും, അതും പോരാ, ഈ 1921 മാര്‍ച്ചുമാസത്തില്‍പോലും സ്ത്രീകളെ സൃഷ്ടിച്ചിട്ടുള്ളത് അടുക്കളവേലക്കും സന്തത്യുല്‍പാദനത്തിനും മാത്രമാണെന്നു ശഠിക്കുകയും തദനുസരണം വര്‍ത്തിക്കുകയും ചെയ്യുന്നവരാണ് നൂറ്റിനു തൊണ്ണൂറ്റഞ്ചും അതിലധികവും. ഈ സ്ഥിതിക്ക് കേരളീയവനിതാലോകത്തില്‍ സ്വാതന്ത്ര്യാവകാശവാദം മുഴങ്ങുന്നുണ്ടെങ്കില്‍, അതിനും അവര്‍ തുനിഞ്ഞിട്ടില്ല. അതില്‍ എന്തിനത്ഭുതപ്പെടുന്നു? എന്തിനസൂയപ്പെടുന്നു? എന്തിനു കോപിക്കുന്നു?
സമുദായം എന്നു പറയുന്നതു പുരുഷന്മാര്‍ മാത്രം ചേര്‍ന്ന ഒരു കൂട്ടത്തെയല്ല. സ്ത്രീപുരുഷന്മാര്‍ ചേര്‍ന്നാല്‍ മാത്രമേ ഒരു സമുദായമാകയുള്ളൂ. ഈ സ്ഥിതിക്ക് സമുദായാഭിവൃദ്ധി എന്നു പറയുന്നത് സ്ത്രീപുരുഷന്മാരുടെ ഒന്നുപോലെയുള്ള അഭിവൃദ്ധിയാണെന്നു സ്പഷ്ടമാണല്ലോ. പുരുഷന്മാര്‍ മാത്രം വിദ്യാഭ്യാസവും, മനഃപരിഷ്കാരവും സമ്പാദിക്കുകയും സ്ത്രീകള്‍ അടുപ്പിനുഴിഞ്ഞുവിട്ട കോഴികളെപ്പോലെ, അഥവാ ഹോമകുണ്ഡത്തിനരികെയിരുന്നു യാഗം ദീക്ഷിക്കുന്ന യോഗികളെപ്പോലെ, അടുക്കളപ്പൂച്ചകളാക്കി കഴിഞ്ഞുകൂടുകയും ചെയ്താല്‍ എങ്ങിനെ സമുദായം അഭിവൃദ്ധി പ്രാപിക്കും?
കേരളീയരുടെ ഈ ദുശ്ശാഠ്യത്തെ പാശ്ചാത്യര്‍ മുറുക്കെപ്പിടിച്ചിരുന്നുവെങ്കില്‍ അവരുടെ ഇന്നത്തെ അവസ്ഥ എന്തായിരിക്കും? യുദ്ധോദ്യുക്തരായി പോര്‍ക്കളത്തിലിറങ്ങിയ പുരുഷന്മാര്‍ വഹിച്ചിരുന്ന മിക്ക ചുമതലകളും നിര്‍വഹിച്ചതാര്? സ്ത്രീകള്‍. നമ്മുടെ കേരളത്തിനും അതുപോലെ ഒരു ആവശ്യം നേരിടുന്നു എന്ന് – ദൈവമേ! ഒരിക്കലും നേരിടാതിരിക്കട്ടെ – വിചാരിക്കുക നമ്മുടെ സ്ത്രീകളെക്കൊണ്ട് എന്തിനെങ്കിലും കൊള്ളുമോ? തോക്കിന്‍റെ ശബ്ദം കേള്‍ക്കുമ്പോഴേക്ക് അവരുടെ അവസ്ഥ എന്തായിരിക്കും? ഇതിനു കാരണമെന്ത്? അവരുടെ ഭീരുത്വത്തിന് “കൊള്ളിക്കരുതാഴിക” ഉണ്ടെങ്കില്‍ അതിനും ഉത്തരവാദികള്‍ ആര്? പുരുഷന്മാര്‍ തന്നെ. മേല്‍പ്പറഞ്ഞ പ്രകാരം അടുക്കളയിലിട്ടു പൂട്ടി അവരെ വളര്‍ത്തുകയാലാണ് അവര്‍ കൊള്ളിക്കരുതാത്തവരായിട്ടുള്ളത്… എന്തിനധികം; സ്ത്രീജനങ്ങള്‍ക്കു ന്യായമായ സ്വാതന്ത്ര്യം അനുവദിക്കേണ്ടത് അത്യാവശ്യമാണ്.
ഇനിയും എനിക്ക് അല്‍പ്പം പ്രസ്താവിക്കാനുള്ളത് സ്വാതന്ത്ര്യം എന്ന പദത്തെക്കുറിച്ചാകുന്നു. കഴിഞ്ഞ ലക്കത്തില്‍ ഒരു മാന്യസുഹൃത്തായ വടക്കുംകൂര്‍ രാജാരാജവര്‍മ്മ രാജ അവര്‍കള്‍ “സ്വാതന്ത്ര്യപദത്തെ ദുര്‍ഭഗമായ ഒരു അര്‍ത്ഥത്തില്‍ വ്യാഖ്യാനിച്ച് തല്ലാഭത്തിനായി സ്ത്രീകള്‍ ശ്രമിക്കാന്‍ തുടങ്ങുന്നതും യുക്തമല്ല” എന്ന് എഴുതിയിരിക്കുന്നു. അങ്ങനെ ആരെങ്കിലും ദുര്‍വ്യാഖ്യാനം ചെയ്യുകയോ അതനുസരിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയോ ചെയ്യുന്നുവെങ്കില്‍ നിശ്ചയമായും യുക്തമല്ലെന്നു മാത്രമല്ല, ഉടന്‍ തടയേണ്ട ഒരു ദുഷ്കൃത്യം കൂടിയാണ് എന്നാണ് എന്‍റെ പക്ഷം. എന്നാല്‍ വിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ള ഒരൊറ്റ കേരളീയ സഹോദരിയും ഇതേവരെ അതിനു തുടങ്ങിയിട്ടില്ലെന്നും ഇനിയും തുടങ്ങുകയില്ലെന്നുമാണ് എന്‍റെ സുദൃഢമായ വിശ്വാസം. രാജാ അവര്‍കള്‍ വീണ്ടും പറയുന്നു. “സാത്വികമായ സ്വാതന്ത്ര്യം സ്ത്രീകള്‍ക്കിപ്പോള്‍ തന്നെ പരിപൂര്‍ണമായി ലഭിച്ചിട്ടുണ്ട്. എന്നാല്‍ വെള്ളക്കാരത്തികളെപ്പോലെ തനിച്ചുദ്യാനങ്ങളിലും നാടകശാലകളിലും പ്രവേശിക്കുന്നതിനും, ആട്ടമാടുന്നതിനും, കൂലിവേലകളുടേയും ഉദ്യോഗങ്ങളുടേയും അടിമകളാകുന്നതിനും സ്വാതന്ത്ര്യമില്ലാതിരിക്കുക തന്നെയാണ് നന്ന്.” ഇവിടെ എനിക്കു പല സംശയങ്ങളും നേരിടുന്നുണ്ട്. ഒന്നാമതായി സാത്വികമായ സ്വാതന്ത്ര്യം എന്നതിന് അദ്ദേഹം വിവക്ഷിച്ചിട്ടുള്ള അര്‍ത്ഥം എനിക്കു മനസ്സിലാകുന്നില്ല. അസ്വാതന്ത്ര്യങ്ങള്‍ എന്തെല്ലാമെന്നും അറിയുന്നില്ല. കേരളീയസഹോദരിയുടെ സ്വാതന്ത്ര്യവാദത്തോട്, ജീവിതാദര്‍ശനം തന്നെ വിഭിന്നമായിരിക്കുന്ന പാശ്ചാത്യവനിതകളുടെ “ആട്ടമാടലും” ഉദ്യാനത്തിലു ലാത്തലും നാടകശാല പ്രവേശവും മറ്റും സംഘടിപ്പിച്ചത് ഒരു മഹാസാഹസമായിപ്പോയി. തങ്ങള്‍ക്കു സ്വാതന്ത്ര്യം വേണമെന്നു പറയുന്ന ഒരു കേരളീയസഹോദരിയും ഈ വകകള്‍ക്കു ഇച്ഛിക്കുമെന്നു ഞാന്‍ കരുതുന്നില്ല. കേരളത്തില്‍ ഉത്കൃഷ്ട പരീക്ഷാവിജയികളായി സ്ത്രീസ്വാതന്ത്ര്യത്തിനായി ശ്രമിക്കുന്ന പല മഹതികളും ഉണ്ട്. അവരില്‍ പലരും എന്‍റെ വര്‍ഗത്തില്‍പ്പെട്ടവരാണെന്നും ഞാന്‍ സാഭിമാനം അറിയുന്നുണ്ട്. അറിയുന്നവരില്‍ പലരുടേയും ജീവിതചര്യകളും നമ്മില്‍ പലര്‍ക്കും അറിവുള്ളതാണ്. എന്നാല്‍ അവരും മേല്‍പറഞ്ഞ തരത്തില്‍ ഉള്ള സ്വാതന്ത്ര്യത്തിന് ഇച്ഛിക്കുന്നില്ല. ഇന്നത്തെ പുരുഷന്മാരുടെ വേഷമാറ്റം കണ്ട് സ്ത്രീകളെയും ആ തോതിനു ഗണിക്കരുത്.
രാജാ അവര്‍കളുടെ പുറപ്പാടു കണ്ടിട്ട് ഇപ്പോള്‍ ഉണ്ടെന്ന് അദ്ദേഹം പറയുന്ന സാത്വികസ്വാതന്ത്ര്യം കൊണ്ട്, അതായത് ഞാന്‍ ആദിയില്‍ വിവരിച്ചിട്ടുള്ള ആധുനികാവസ്ഥ കൊണ്ട് സ്ത്രീകള്‍ തൃപ്തിപ്പെടുകയാണ് വേണ്ടത്. ഇതിന് എത്രപേര്‍ തയ്യാറാകുമെന്ന് ദൈവത്തിനുതന്നെ അറിയാം. കൂലിവേലകളുടെ അടിമകളായി കഴിഞ്ഞുകൂടാന്‍ ഇച്ഛിക്കരുതെന്ന് പറയുന്നത് ആദരണീയമായ ഒരു ഉപദേശമാണ്. ഇതിന് ഇപ്പോഴത്തെ നിലയില്‍ കഴിഞ്ഞുകൂടാന്‍ ഇവര്‍ ഇച്ഛിക്കരുതെന്നേ അര്‍ത്ഥമുള്ളൂ. എന്തെന്നാല്‍ അവര്‍ ഇപ്പോള്‍ കൂലിവേലകള്‍ക്ക് അടിമകളാണ്; പക്ഷേ, സാധാരണ കൂലിവേലകളെ സംബന്ധിച്ചിടത്തോളം കൂലിക്കു വ്യവസ്ഥയുണ്ട്. ഇവിടെ അതില്ലെന്നേയുള്ളൂ. നമ്മുടെ സഹോദരികളുടെ ജോലി പ്രധാനമായി അടുക്കലപ്പണിയാണ്. കൂലി ഭര്‍ത്താവിന്‍റെ ധനസ്ഥിതിയെ, അല്ല മനസ്ഥിതിയെ ആശ്രിയിച്ചിരിക്കും. രാജാ അവര്‍കളുടെ ലേഖനത്തില്‍ കാണുന്ന മറ്റൊരു പ്രസ്താവന ദുര്‍ഗ്രാഹ്യമായിത്തീര്‍ന്നിരിക്കുന്നു. “ഇന്നു പ്രചരിച്ചുവരുന്ന വിഷാത്മകമായ വിദ്യാഭ്യാസം പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളെക്കൂടിയും വിവാഹബന്ധശൂന്യതയുള്ളവരാക്കിത്തീര്‍ക്കുന്നു.” ഇതില്‍ എത്രകണ്ടു യാഥാര്‍ത്ഥ്യമുണ്ടെന്നറിയുന്നില്ല. ഇന്നത്തെ വിദ്യാഭ്യാസരീതി ദോഷഭൂയിഷ്ടമാണെന്നു സമ്മതിക്കാന്‍ ഞാന്‍ തയ്യാറുതന്നെ. പക്ഷേ, സ്ത്രീകളെ വിവാഹവിരാഗിണികളാക്കിത്തീര്‍ക്കുന്നുവെന്നു ഞാന്‍ കരുതുന്നില്ല. വിവാഹത്തിനു പ്രായമായ സ്ത്രീയോ പുരുഷനോ അതില്‍ വൈമുഖ്യം കാണിച്ചുവരാറില്ല. ഉണ്ടെങ്കില്‍ അതിനു മറ്റുവല്ല കാരണവും കാണും. വിശിഷ്ടമായ നമ്മുടെ ദാമ്പത്യം തന്നെ ഇപ്പോള്‍ കച്ചേരികളില്‍ വക്കീലന്മാര്‍ക്കും വിധികര്‍ത്താക്കന്മാര്‍ക്കും യഥേഷ്ടം വിനോദത്തിനുപയോഗപ്പെടുന്ന ഒരു തട്ടുപന്തായി തീര്‍ന്നിട്ടുണ്ടെന്നാണ് അദ്ദേഹം പ്രസ്താവിച്ചിട്ടുള്ളത്. അപൂര്‍വമായുണ്ടാകുന്ന സമറിക്കേസ്സുകളെയോ വിവാഹമോചനാപേക്ഷകളെയോ ഉദ്ദേശിച്ചായിരിക്കണം. രാജാ അവര്‍കളുടെ ഈ പ്രസ്താവം സ്ത്രീകള്‍ക്കു സ്വാതന്ത്ര്യം നല്‍കേണ്ടതിന്‍റേയും പുരുഷന്മാരെ കുറേക്കൂടി കര്‍ത്തവ്യബോധവും സന്മാര്‍ഗപ്രസക്തിയും ഉള്ളവരാക്കിത്തീര്‍ക്കേണ്ടതിന്‍റെയും അത്യാവശ്യകതയെ തെളിയിക്കുന്നു. എന്തെന്നാല്‍ സ്ത്രീകള്‍ ചെലവിന്നു കിട്ടാന്‍ കേസ്സുകൊടുക്കുന്നത് ഭര്‍ത്താക്കന്മാര്‍ അവരെ രക്ഷിക്കാതെ നിര്‍ദയം ഉപേക്ഷിക്കുന്നതിനാലും വിവാഹമോചനാപേക്ഷ സ്ത്രീകളില്‍ നിന്നുണ്ടാകുന്നത് അവരുടെ പ്രിയമറിയാതെ വരന്‍റെ യോഗ്യതായോഗ്യതകളെ നിര്‍ണയിക്കാതെ വിവാഹം നടത്തിയതിനാലും ആകുന്നു. അതിനാല്‍ ദാമ്പത്യം കോടതിയിലെ ‘തട്ടുപന്താ’ കുന്നതു അധികവും അവരുടെ കുറ്റം കൊണ്ടല്ല. ഇത്രയും രാജാ അവര്‍കളുടെ ലേഖനത്തെക്കുറിച്ചു സന്ദര്‍ഭവശാല്‍ പ്രസ്താവിച്ചതാണ്. അല്ലാതെ എന്‍റെ ലേഖനം അതിനൊരു പ്രത്യാഖ്യാനമല്ല.
പരിഷ് കൃതരീതിയിലുള്ള മലയാളി
വിവാഹം
കെ പത്മാവതി അമ്മ
(‘ലക്ഷ്മിഭായി ‘9,7.(1923 ഒക്ടോബര്‍ -നവംബര്‍ :231-47 )
സൗന്ദര്യോദാര്യ ശൗര്യപ്രഭൃതി പലഗുണം ചേര്‍ന്നു വിഖ്യാതി തേടും മാന്യന്മാരും യുവാക്കള്‍ക്കു ചിതമിഹ കൊടുക്കേണ്ടതും സ്ത്രീജനത്തെ. ‘എന്നാണ് ഒരു വിദുഷി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇതുപ്രകാരം സ്ത്രീജനങ്ങള്‍ക്കു ഭര്‍ത്താക്കന്മാരായി യുവാക്കന്മാരെ അന്വേഷിക്കാന്‍ പുറപ്പെട്ടാല്‍ ഇക്കാലത്ത് നേരിടുന്ന ദുര്‍ഘടങ്ങള്‍ ചില്ലറയൊന്നുമല്ലെന്നുള്ള സംഗതി ഇപ്പോള്‍ പരസ്യമായ രഹസ്യമാണ്. നമ്മുടെ ഇടയില്‍ – ഹിന്ദുക്കളുടെ ഇടയില്‍ – പണ്ടു നടപ്പുണ്ടായിരുന്ന മാതിരി “ഗാന്ധര്‍വമായി വേളികഴിക്കുന്ന” വരോ അല്ലെങ്കില്‍ ‘ഇന്ദുലേഖ’യില്‍ പറഞ്ഞപ്രകാരം ‘അന്തഃകരണവിവാഹം’ കഴിക്കുന്നവരോ ആയി അധികം ആളുകള്‍ ഇല്ലെന്നു മാത്രമല്ല ഉണ്ടാവാന്‍ പ്രയാസവുമാണ്. അതൊക്കെ പോട്ടെ – സാധാരണ നാട്ടുനടപടി പ്രകാരം ഉള്ള ഒരു സംബന്ധാലോചനയ്ക്കു ശ്രമിച്ചാല്‍ ചെറുപ്പക്കാരായ പുരുഷന്മാരുടെ ഒന്നാമത്തെ ചോദ്യം “പണം എത്ര തരും?” എന്നായിരിക്കും. ഇതു താന്‍ നേരിട്ടു ചോദിച്ചില്ലെങ്കില്‍ മറ്റു വല്ലവരെക്കൊണ്ടും ചോദിപ്പിക്കുകയായി. ആവശ്യപ്പെടുന്ന സംഖ്യയുടെ വലിപ്പവും ചെറുപ്പവും ഇരുകക്ഷികളുടെയും സ്ഥിതിക്ക് അനുസരിച്ചിരിക്കാം. സാധാരണയായി ഇതിനുള്ള ഒരു ലിസ്റ്റ് താഴെപ്പറയും പ്രകാരമാണ്. ശുദ്ധനാടനാണെങ്കില്‍ – (ഇത് ആവശ്യപ്പെടുന്ന ആള്‍ക്കുതന്നെ അറിവുള്ളതാണേ) കുറഞ്ഞത് ഇരുന്നൂറ് ഉറുപ്പിക മുതല്‍ ഏതാണ്ട് അഞ്ഞൂറ് ഉറുപ്പിക വരെ – അവസ്ഥ പോലെ കുറച്ചുകൂടി കവിയാം. ഇത് നാലാം ക്ലാസ്സില്‍പ്പെട്ടവരാണ്. മൂന്നാം ക്ലാസ് – അല്‍പ്പം ഇംഗ്ലീഷ് വിദ്യാഭ്യാസം ഉണ്ടായിട്ടും വല്ലതും പത്തോ പതിനഞ്ചോ ഉറുപ്പിക മാസപ്പടി ഉണ്ടായിട്ടും ഒരാളണെങ്കില്‍ സംഖ്യയുടെ സ്ഥാനം നാലില്‍ എത്തും. ഇംഗ്ലീഷ് അറിഞ്ഞിരുന്നാല്‍ മതി. എത്രത്തോളം അറിയേണമെന്നു ശാഠ്യമില്ല. കഷ്ടിച്ചു മേല്‍വിലാസം എഴുതാനും വായിക്കാനുമെങ്കിലും അറിഞ്ഞിരിക്കണം. പോരെങ്കില്‍ ഒപ്പിടുന്നതും ഇംഗ്ലീഷിലായിരിക്കണം. ഷര്‍ട്ട് – കോട്ട് – ടൈ – ഷൂസ് മുതലായവ ഉപയോഗിക്കുന്ന ആളായിരിക്കണം. ഇതൊക്കെ ഇംഗ്ലീഷിന്‍റെ ചിഹ്നങ്ങളാണ്. ഇതു കഴിഞ്ഞാല്‍ പിന്നെ ഉള്ളതാണ് ബി.ഏക്കാര്‍. ഇവരെ രണ്ടാം ക്ലാസ്സില്‍ ചേര്‍ക്കാം. ബി.എ പാസ്സുകാര്‍ ഒരു ഗവണ്‍മെന്‍റ് ഉദ്യോഗത്തിനു ശ്രമിച്ചാല്‍ ഇക്കാലത്ത് വളരെ ചുരുങ്ങിയ ഒരു മാസപ്പടിയേ കൊടുത്തുകാണുന്നുള്ളൂ. എങ്കിലും സംബന്ധത്തിന് ആലോചിച്ചു ശ്രമിച്ചാല്‍ ഇവരുടെ വിലപിടിക്കല്‍ എത്രയോ കലശലാണ്. ഇവരെ ലേലം വിളിക്കുന്നത് സാധാരണ ആയിരത്തില്‍ കുറഞ്ഞ സംഖ്യയ്ക്കു പാടില്ലെന്നാണ് വെച്ചിരിക്കുന്നത്. അതിനു മേല്‍പോട്ട് എത്രയ്ക്കെങ്കിലും ആവാം. ഇതില്‍ ഒരു വിശേഷവിധി കൂടിയുണ്ട്. ചില സമര്‍ത്ഥന്മാര്‍ ബിഎ പാസ്സായാല്‍ പിന്നെ ഏതെങ്കിലും ഒരു സംബന്ധം ആലോചിച്ചു തീര്‍ച്ചപ്പെടുത്തുന്നതുവരെ പിന്നീടുള്ള പഠിപ്പിന്‍റെ കാര്യത്തെപ്പറ്റി ആലോചിക്കുക പോലും ഇല്ല. സംബന്ധത്തിന് ആവശ്യപ്പെടുന്നു എന്നു വന്നാല്‍ പഠിപ്പിന്നും അതിജാഗ്രതയായി. ഉടനെ ബി.എല്‍ ന് വായിക്കാനോ എം.ഓ, ബി.എല്‍ ആവാനോ ഉള്ള പണം മുഴുവന്‍ കരാറു ചെയ്തുകൊടുക്കണം എന്നായി സംസാരം. എന്താണ്? തരക്കേണ്ടുണ്ടോ? “പാതിയും പുരുഷനു ഭാര്യയെന്നറിഞ്ഞാലും” എന്നല്ലെ പറഞ്ഞിരിക്കുന്നത്? അതുവരെയുള്ളത് സ്വന്തം പരിശ്രമംകൊണ്ടു സാധിച്ചു. ബാക്കിയുള്ളത് ഭാര്യയുടെ ബാധ്യതയാണെന്നു പുരാണങ്ങളില്‍ കൂടെ പറഞ്ഞിരിക്കുന്നു. നാട്ടുകാരുടെ പണം അന്യായമായിട്ടും അനാവശ്യമായിട്ടും ഗവണ്‍മെന്‍റിലേക്കു കൊടുക്കുന്നതില്‍ മുഖ്യമായ ഒരു ഭാഗം ഈ വകക്കാരുടെ വിദ്യാഭ്യാസവിഷമയമായിട്ടുള്ളതാണ് എന്നു പറഞ്ഞാല്‍ അത്ര തെറ്റായിരിക്കയില്ലെന്നാണ് തോന്നുന്നത്.
ഈ വകക്കാരില്‍ മിക്കപേരും പഠിപ്പിന്നാണെന്നു പേരും പറഞ്ഞ് മദിരാശി, കല്‍ക്കത്ത മുതലായ സ്ഥലങ്ങളില്‍ പോയി താമസിച്ചു സുഖിക്കുന്നതല്ലാതെ വേറെ വിശേഷിച്ച് ഒരു പ്രയോജനവും ഉണ്ടായതായി കാണുക പതിവില്ല. ഇനി ഉള്ളത് ഒന്നാം ക്ലാസ്സുകാരാണ്. മേല്‍പറഞ്ഞ പ്രകാരമുളഅള ദുര്‍ഘടങ്ങളും ബുദ്ധിമുട്ടുകളും തീര്‍ന്ന് ഏതെങ്കിലും ഒരു ഡിപ്പാര്‍ട്ട്മെന്‍റില്‍ ഉദ്യോഗസ്ഥന്മാരായിട്ടോ അല്ലെങ്കില്‍ വക്കീല്‍മാരായിട്ടോ ഉള്ളവരാണ് ഈ തരത്തില്‍ പെട്ടവര്‍. ഇവരുടെ അവസ്ഥ എല്ലാവരിലും വെച്ചു കവിഞ്ഞതാകയാല്‍ ഇവര്‍ക്കുള്ള സംഖ്യയുടെ തുകയും കവിഞ്ഞതായിരിക്കും. സാമാന്യക്കാരൊന്നും ഇവരുടെ കാര്യത്തെപ്പറ്റി ആലോചിക്കുകയേ വേണ്ട. ഇവരുടെ ആവശ്യങ്ങള്‍ പലേ വിധത്തിലുമാണ്. ചിലര്‍ക്ക് കുറെ കടം ഉണ്ടാകും, അതു തീര്‍ക്കാനാണ്; ചിലര്‍ക്ക് തറവാട്ടു വക വസ്തു കടത്തിലാണ്, അതു വീണ്ടെടുക്കണം; ചിലര്‍ക്ക് ഒരു വ്യവഹാരം നടത്താനുണ്ട്, അതിന്‍റെ ചെലവിലേക്കും മറ്റും; ചിലര്‍ക്ക് അമ്മയെയോ അച്ഛനെയോ സന്തോഷിപ്പിച്ചു സമ്മതം വാങ്ങണം; അതിന് ഒരു സംഖ്യ അവര്‍ക്കു കൊടുക്കണം. വേറെ ചിലര്‍ക്ക് ഇത് ആവശ്യത്തിനു കാരണവര്‍ക്ക് ഒരു ദക്ഷിണ; എന്നുവേണ്ട ഏതു വിധത്തിലാണ് സമയോചിതമായി പറഞ്ഞ് പണം വാങ്ങാന്‍ കഴിവുള്ളത് എന്നുവെച്ചാല്‍ അതുപോലെ ഒക്കെയും പറയും. ചുരുക്കു പറയമല്ലോ; സംബന്ധം കൊണ്ടു കുറെ പണം സമ്പാദിച്ചേ കഴിയബ എന്നാണ് ഇക്കാലത്ത് പുരുഷന്മാര്‍ ഒത്തൊരുമിച്ചു പാസ്സാക്കീട്ടുള്ള റൂള്. അതുകൊണ്ട് സംബന്ധത്തിന് അപേക്ഷക്കാരുടെ ഹര്‍ജി വന്നാല്‍ ഒന്നാമതായി ഇവര്‍ ആലോചനയ്ക്ക് എടുക്കുന്നതു സംഖ്യയുടെ ഭാഗമാണ്. ഈ പ്രധാന വകുപ്പ് എടുത്ത് വിസ്തരിച്ച് ആ സംഗതിയില്‍ തൃപ്തിപ്പെട്ടാല്‍ എല്ലാം തൃപ്തിപ്പെട്ടു. മുഖ്യമായി ആലോചിക്കേണ്ടുന്നവയായ “രൂപയൗവനകുലശീലാദി” കളെപ്പറ്റിയെല്ലാം അതിന്നുശേഷമേ ആലോചിക്കുകകൂടിയുള്ളൂ. അഥവാ ആലോചിച്ചില്ലെന്നു വരാം; എന്തുകൊണ്ടെന്നാല്‍ സ്ത്രീപുരുഷന്മാരെ സംബന്ധിച്ചിടത്തോളം രണ്ടുകൂട്ടരും അന്യോന്യം ആവശ്യപ്പെടുന്നതും ആഗ്രഹിക്കുന്നതും, സ്ത്രീയുടെ കക്ഷികള്‍ പുരുഷന്‍ ഇംഗ്ലീഷ് അറിയുന്ന (അവസ്ഥാനുസരണം) ആളായിരിക്കണമെന്നും, പുരുഷന്‍റെ കക്ഷികള്‍ കുറെ പണം (അതും അവസ്ഥാനുസരണം) തങ്ങള്‍ക്കു കിട്ടണമെന്നും മാത്രമായതുകൊണ്ട് അന്യചിന്ത യാതൊന്നും ഇവര്‍ ആരുടെയും ആലോചനയ്ക്കോ ബുദ്ധിശക്തിക്കോ വിഷയീഭവിക്കാറില്ല. ഏതായാലും കാര്യത്തിന്‍റെ തിടുക്കം പോലെ ഇരുകക്ഷികളും ഒരുവിധം പറഞ്ഞു യോജിച്ചാലും ആയി; അല്ലെങ്കില്‍ സംഖ്യയെപ്പറ്റി അന്യോന്യം പറഞ്ഞു തെറ്റിപ്പോയാലും ആയി. സംബന്ധകാര്യങ്ങളെല്ലാം തീര്‍ച്ചപ്പെടുത്തുന്നതും നടത്തുന്നതും ഈ കാലത്ത് ഈ സമ്പ്രദായത്തിലാണ്. പ്രോനോട്ട്, വാക്കാല്‍ കരാര്, ആധാരം, രജിസ്ട്ര്, (ഇനിയും വല്ലതും ഉണ്ടോ എന്നറിഞ്ഞുകൂടാ) മുതലായവയെപ്പറ്റിയെല്ലാം വേണ്ടുന്ന വാദപ്രതിവാദങ്ങളും മധ്യസ്ഥം സംസാരിക്കലും മറ്റുമാണ് ഈ പുതിയ പരിഷ്കാരരീതിയിലുള്ള വിവാഹത്തിനു നിയമിക്കപ്പെട്ടവയും ഒഴിച്ചുകൂടാത്തവയുമായ മുഖ്യകൃത്യങ്ങള്‍.
എന്‍റെ പ്രിയ സഹോദരിമാരെ! ഈ വിധത്തില്‍ ഒരു സമ്പ്രദായം നടപ്പാക്കിയിരിക്കുന്നത് പുരുഷന്മാര്‍ എന്തുദ്ദേശത്തിന്മേലാണെന്നും (പുരുഷന്മാര്‍ നടപ്പാക്കി എന്നു പറവാന്‍ കാരണം പണത്തിന്‍റെ കാര്യത്തില്‍ ശാഠ്യം അവര്‍ക്കായതുകൊണ്ട്) അതുകൊണ്ടുള്ള ഗുണം എന്താണെന്നും ഞാന്‍ ആലോചിക്കാതിരുന്നിട്ടില്ല. പുരുഷന്മാര്‍ ഒരു യുക്തിയും കാണാതെയല്ല ഇങ്ങനെ തുടങ്ങിയിരിക്കുന്നത് എന്നു പ്രിയസഹോദരിമാരെ, അല്‍പ്പം ആലോചിച്ചാല്‍ നിങ്ങള്‍ക്കു തന്നെ അറിവാന്‍ കഴിയും. വില കൊടുത്തുവാങ്ങിയ ഒരു സാധനത്തിലോ, അതല്ല വെറുതെ കിട്ടിയ ഒരു സാധനത്തിലോ നിങ്ങള്‍ക്ക് അധികം പ്രിയമുണ്ടായിരിക്കുക? ഏതിനെയാണ് നിങ്ങള്‍ അധികം കരുതലോടും ശ്രദ്ധയോടും കൂടി സൂക്ഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുക? വിലയ്ക്കു വാങ്ങിയ സാധനം നിങ്ങളുടെ ദൃഷ്ടിയില്‍ പ്രത്യേകം പ്രിയമുള്ളതായും അതിനെ യാതൊരു കേടുപാടും കൂടാതെ സൂക്ഷിക്കുന്നതില്‍ നിങ്ങള്‍ അതിനിഷ്കര്‍ഷയുള്ളവരായുമിരിക്കയില്ലെ? പുരുഷന്മാര്‍ നിങ്ങളില്‍ നിന്ന് മുഖ്യമായി ആവശ്യപ്പെടുന്നത് ഇതുതന്നെയാണ്. ചിലര്‍ പറയും “പണം വാങ്ങി സംബന്ധം തുടങ്ങിയതാല്‍ പുരുഷന്മാര്‍ സ്ത്രീകള്‍ക്ക് അടിമപ്പെട്ടവരായി” എന്ന്. ഇത് സാധുക്കലായ സ്ത്രീകളുടെ കണ്ണില്‍ പൊടി ഇടുവാന്‍ വേണ്ടി പുരുഷന്മാര്‍ പ്രയോഗിക്കുന്ന ന്യായങ്ങള്‍ മാത്രമാണ്. പണം കൊടുത്ത് ഒരു ഭര്‍ത്താവിനെ സമ്പാദിച്ചാല്‍ അദ്ദേഹത്തെ വേണ്ടപോലെ സൂക്ഷിക്കേണ്ടുന്ന ഭാരം ആര്‍ക്കാണ് എന്ന് ആലോചിച്ചു നോക്കുവിന്‍. സൂക്ഷിച്ചില്ലെങ്കില്‍ നമ്പൂതിരിയുടെയും വാലിയക്കാരന്‍റെയും കഥ പോലെയാകും. വാലിയക്കാരന്‍ പോയാല്‍ നമ്പൂതിരിയുടെ മൂക്കും പോയി. എന്തു ബുദ്ധിമുട്ടാണ്? വാലിയക്കാരനും മൂക്കും കൂടി പോയിട്ടു രണ്ടുവിധം നഷ്ടം സഹിക്കാതെ കഴിച്ചുകൂട്ടേണ്ടുന്ന ഭാരം നമ്പൂരിക്കായിത്തീര്‍ന്നതുപോലെ ഭര്‍ത്താവും പോയി ചെലവു ചെയ്ത പണവും പോയി എന്നുള്ള നഷ്ടം സഹിക്കാതെ കഴിച്ചുകൂട്ടേണ്ടുന്ന ഭാരം ഭാര്യക്കാണ്. അഥവാ സൂക്ഷ്മം പോരാതെ കൈവിട്ടു പോയാലും ബുദ്ധിമുട്ടു ഭാര്യയ്ക്കുതന്നെ. ആദ്യത്തെ ഭര്‍ത്താവിനെ സമ്പാദിക്കാന്‍ തന്നെ ഇത്രയെല്ലാം വൈഷമ്യമായിരിക്കുമ്പോള്‍ പിന്നെ രണ്ടാമത്തേത് ആകുമ്പോഴത്തെ സ്ഥിതി പറയേണമോ? ഏതു വിധത്തില്‍ ശ്രമിച്ചാലും ‘സെക്കന്‍റ് ഹാന്‍ഡ്’ അല്ലെ സാരമില്ല എന്നായി ആക്ഷേപം. സൈക്കിള്‍ വില്‍ക്കാന്‍ പുറപ്പെടുമ്പോലെയാണ് ഇത്. സൈക്കിള്‍ എത്ര മേത്തരമായിരുന്നാലും ആയത് ഉപയോഗിച്ചാല്‍ വില പോയി. ആര്‍ക്കും സാരമില്ല. എന്നതുപോലെ ആദ്യം എത്രയോ പണം ചെലവു ചെയ്തിട്ടാണ് ഒരു ഭര്‍ത്താവിനെ ഒരു സ്ത്രീക്കു സമ്പാദിക്കുന്നത്. അയാള്‍ വല്ല സംഗതിവശാലും (അയാളുടെ വഷളത്വം കൊണ്ടോ തുമ്പില്ലായ്മകൊണ്ടോ തന്നെ ആയിരിക്കും) വേറെ ഭാര്യയെ അന്വേഷിച്ചു പോകുന്നതായാല്‍ തന്നെ നഷ്ടകഷ്ടങ്ങള്‍ മുഴുവന്‍ നേരിടുന്നത് സ്ത്രീക്കു തന്നെയാണ്.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ നടപടികൊണ്ടു യാതൊരു ഗുണവും ഇല്ലെ എന്നു ചോദിക്കുന്നതായാല്‍ – ഉണ്ട് എന്നു സമ്മതിക്കാം. അത് എന്തെന്നാല്‍, സ്ത്രീകള്‍ക്ക് സ്വന്തമായിട്ടു സ്വത്തു ഉണ്ടായിരിക്കുകയോ അല്ലെങ്കില്‍ തങ്ങള്‍ക്കുവേണ്ടി പണം ചെലവു ചെയ്യാന്‍ തക്കവര്‍ ഉണ്ടായിരിക്കയോ ചെയ്താല്‍ അവര്‍ക്ക് ഒരു വിധത്തിലും നിരാശപ്പെടുവാന്‍ അവകാശമില്ല. ഏതു വിധത്തിലോ ഏതു സ്ഥിതിയിലോ ഉള്ള ഭര്‍ത്താവിനെയാണ് ഈ തരക്കാര്‍ ആവശ്യപ്പെടുന്നത് എന്നുവെച്ചാല്‍ അതേ പ്രകാരത്തില്‍ – ഇതിനെ ഒന്നുകൂടി വ്യാഖ്യാനിക്കുന്നതായാല്‍ – കൃഷി പ്രവൃത്തി, സ്വസ്ഥ പ്രവൃത്തി, ഉദ്യോഗം, സ്വയാധികാരം, ഇതില്‍ ഏതു വേണമെങ്കില്‍ ആ സ്ഥിതിയിലുള്ള ഭര്‍ത്താവിനെ നിഷ്പ്രയാസം ലഭിക്കാനായിട്ട് അവര്‍ പണം മാത്രം ചെലവു ചെയ്യാന്‍ ഒരുക്കമുണ്ടായാല്‍ മതി. എന്താണിത്? കന്നുകാലിക്കച്ചവടം പോലെയോ എന്ന് ആരും ലഹള കൂട്ടരുത്. സൂക്ഷ്മം ആലോചിച്ചാല്‍ ഒരു സമയം ഇതും അതിനോടു സാമ്യപ്പെടുത്താം. പക്ഷേ, അതു പച്ചയില്‍ പറയണ്ടാ എന്നു നിശ്ചയിച്ചാല്‍ പോരെ? ഏതായാലും സ്വകാര്യസ്വത്തുള്ള സ്ത്രീകളുടെ കാര്യത്തിന് ഒരുമാതിരി ഗുണമുണ്ട്. തറവാട്ടില്‍ സ്വത്തുണ്ടായാല്‍ കൂടി പോരാ. സ്വകാര്യസ്വത്ത് തന്നെ വേണം. എന്നാല്‍ അവരെല്ലാം ഭര്‍ത്തൃമതികളായി ഭവിക്കും. സ്വത്തില്ലാത്ത – അതായത് ഒരു ഭര്‍ത്താവിനെ ലഭിച്ചാല്‍ പിന്നീട് ആ മനുഷ്യനു വേണ്ടുന്നത് യഥോചിതം ചെലവു ചെയ്യാനും കഴിവില്ലാത്ത സ്ഥിതിയിലുള്ള – പെണ്‍കിടാങ്ങളുടെ കാര്യം ‘മൂന്നു ഗോപി’ എന്നുതന്നെ കരുതാം. ഇവര്‍ക്കു (പെണ്‍കിടാങ്ങള്‍ക്കു) സ്വത്തില്ലെങ്കില്‍ പിന്നെ എന്തു ഗുണഗണങ്ങള്‍ ഉണ്ടായിട്ടും ഫലമില്ല. ദുഷ്യന്തന്‍ പറഞ്ഞപോലെ “കണ്ടാലത്ഭുതമായ ചിത്രമെഴുതിസ്സതം കൊടുത്തെന്ന” പോലുള്ള രൂപലാവണ്യത്തോടു കൂടിയവരായാലും ശരി, ശൂര്‍പ്പണഖയെപ്പോലെയുള്ള ലാവണ്യാതിശയമുള്ളവരായാലും ശരി – മലയാളത്തിനു പുറമെ ഇംഗ്ലീഷ്, സംസ്കൃതം മുതലായ ഭാഷകളിലും സംഗീതം മുതലായ കലാവിദ്യകളിലും നൈപുണ്യമുള്ളവരോ അതല്ലെങ്കില്‍ നിരക്ഷരകുകുക്ഷികളോ ഏതു വിധത്തിലായാലും ശരി, പണം റൊക്കം കൊടുക്കാന്‍ ഒരുക്കമുണ്ടെങ്കില്‍ എല്ലാം ഗുണപ്പെടും; ഇല്ലെങ്കില്‍ ഒക്കെ ഗ്രഹപ്പിഴ തന്നെ.
എന്താണ് ഇത്ര സങ്കടം? “ഗതിയും വരുമിഹ ലോകസൗഖ്യവും വരും പതിശുശ്രൂഷണം കൊണ്ടെന്നു ചൊല്ലെന്നു വേദം.” ഇത് അത്ര എളുപ്പത്തില്‍ സാധിക്കുമോ? കാര്യം ഉപായമാണോ? അതുകൊണ്ട് ഇഹലോക സുഖവും മരണാനന്തരം ഗതിയും സിദ്ധിക്കാവുന്ന ഒരു സ്ഥിതിയെ ലഭിക്കാനായിട്ട് – അതായത് ഭാര്യാപദത്തെ പ്രാപിക്കാനായിട്ടു – കുറെ പണം മാത്രം ചെലവു ചെയ്യുന്നതില്‍ എന്തിനു സങ്കടപ്പെടുന്നു?
ഈ നടപടിയാല്‍ പുരുഷന്മാര്‍ക്കുണ്ടാകുന്ന മുഖ്യമായ ഗുണങ്ങള്‍, ഒന്നാമതു ദ്രവ്യലാഭം, രണ്ടാമതു ഭാര്യാലാഭം, മൂന്നാമത് ആവക ഭാര്യമാര്‍ തങ്ങളെ പ്രത്യേകം സ്നേഹിക്കും; വല്ല രോഗമോ മറ്റോ പിടിപെടുന്നതായാല്‍ ഭാര്യയും പോരെങ്കില്‍ ഭാര്യവീട്ടുകാരും കൂടി വളരെ ജാഗ്രതയായി ശുശ്രൂഷിക്കും. നാലാമതു ഭാഗ്യവശാല്‍ തന്‍റെ ഭാര്യ മരിച്ചുപോകയോ അല്ലെങ്കില്‍ ഭാര്യയെ താന്‍ ഉപേക്ഷിക്കുകയോ ചെയ്താല്‍ തനിക്ക് ഇതൊക്കെ വീണ്ടും അഭിനയിച്ചു കുറച്ചുകൂടി പണം സമ്പാദിക്കാം. ഇതെക്കെയാണ് കാര്യമായിട്ടുണ്ടാകാവുന്ന ഗുണങ്ങള്‍.
ഹാ കഷ്ടം! വിവാഹം എന്നും ദാമ്പത്യം എന്നും ഉള്ള സ്ഥിതികളില്‍ സ്ത്രീപുരുഷന്മാര്‍ അന്യോന്യം നിര്‍വഹിക്കപ്പെടേണ്ടുന്ന കൃത്യങ്ങളും ബാധ്യതകളും എന്തെല്ലാമെന്നോ ആ വക ബാധ്യതകളും കൃത്യങ്ങളും എത്ര മഹത്വമുള്ളവയെന്നോ അറിവാനുള്ള വിശേഷബുദ്ധി ദൈവസൃഷ്ടികളില്‍ മനുഷ്യന്നു മാത്രമേ നല്‍കപ്പെട്ടിട്ടുള്ളൂ എന്നിരിക്കെ തുച്ഛബുദ്ധികളായ മനുഷ്യര്‍ തങ്ങള്‍ക്കു ദൈവകാരുണ്യത്താല്‍ സിദ്ധിച്ചിട്ടുള്ള ഈ വിശേഷഗുണത്തെ ലേശവും ഗണ്യമാക്കാതെ കേവലം മൃഗങ്ങളെപ്പോലെ തന്നെ ബുദ്ധിശൂന്യമായും ഗുണദോഷവിചാരജ്ഞാനം കൂടാതെയും പ്രവര്‍ത്തിക്കുന്നത് എത്ര പരിതാപകരമാണ്? നാഗരികത്വമോ വിദ്യാഭ്യാസമോ അണുമാത്രം ലഭിച്ചിട്ടുള്ള ജനങ്ങളുടെ സമ്പ്രദായങ്ങളും നടപടികളും ഈ വിധത്തില്‍ തന്നെയോ? നിങ്ങളില്‍ ഓരോരുത്തര്‍ക്കും ഉള്ള ശരിയായ ബാധ്യതകളെ അറിഞ്ഞ് അവയെ വേണ്ടതുപോലെ നിര്‍വഹിക്കുവാന്‍ ശ്രമിക്കാതിരിക്കുന്ന കാലത്തോളം നിങ്ങളുടെ സമുദായം അഭിവൃദ്ധി പ്രാപിക്കുമോ? അഥവാ, നായന്മാര്‍ക്ക് സമുദായസ്നേഹമുണ്ടെങ്കില്‍ ഈ വിധമുള്ള ദുരാചാരങ്ങളെ പ്രബലപ്പെടുത്തുവാന്‍ അവര്‍ ശ്രമിക്കുമോ? വിദ്യാഭ്യാസമോ പരിഷ്കാരമോ നാഗരികത്വമോ ഇല്ലാതെയും യാതൊരു വിധത്തിലും ബുദ്ധിവികാസം വരാതെയും കേവലം അജ്ഞാനാന്ധകാരത്തില്‍ നിമഗ്നന്മാരായും ഉള്ളവരാണ് ഈ വക ദൈന്യമായ നടപടികള്‍ ഏര്‍പ്പെടുത്തി നിലനിര്‍ത്തിപ്പോരുന്നത്. എങ്കില്‍ അതിനെപ്പറ്റി അത്ഭുതപ്പെടുവാന്‍ അവകാശമില്ല. ഇപ്പോള്‍ കണ്ടു വരുന്നതേ അങ്ങിനെയല്ല. തങ്ങള്‍ പരിഷ്കാരികളും സമുദായത്തിന് അഭിവൃദ്ധി വരുത്തുന്നതിനായി സര്‍വഥാ പരിശ്രമിക്കുന്നവരുമാണ് എന്നു നടിച്ചു ഞെളിയുന്നവരാണല്ലോ ഈ വക കുത്സിതമായ ഏര്‍പ്പാടുകള്‍ നടപ്പില്‍ വരുത്തുന്നത്. ഇത് ആ വക ആളുകള്‍ക്കു ഭൂഷണം തന്നെയോ?
താഴെ പറയുന്ന വാചകങ്ങള്‍ “ലക്ഷ്മീഭായി” യില്‍ കാണപ്പെട്ടതും എന്‍റെ ആത്മസ്നേഹിതയായ ശ്രീമതി. ചെറുവാരി രുഗ്മിണി അമ്മയാല്‍ എഴുതപ്പെട്ടിരുന്ന ഒരു ലേഖനത്തില്‍ പ്രസ്താവിക്കപ്പെട്ടതുമാണ്. ഇത് സ്ത്രീകളായ നാമെല്ലാവരും പ്രത്യേകം ഓര്‍മ വെക്കേണ്ടുന്ന ഒരു സംഗതിയാണെന്നും അതിനാല്‍ ഇവിടെ എടുത്തു ചേര്‍ക്കുന്നത് അനുചിതമായിരിക്കയില്ലെന്നും ഉള്ള വിശ്വാസത്തിന്മേലാണ് ഇപ്രകാരം ചേര്‍ക്കുവാനിടവന്നത്. “ഇച്ഛയ്ക്കും യോഗ്യതയ്ക്കും തക്കതായ വരനെ ലഭിക്കാത്തപക്ഷം തങ്ങളെ സര്‍വാരിഷ്ടങ്ങളില്‍ നിന്നും ത്രാണനം ചെയ്തു തീറ്റിപ്പോറ്റിയ മാതാപിതാക്കളുടെ ശുശ്രൂഷയെ ചെയ്തു പുണ്യം സമ്പാദിക്കുകയോ, അവരവരുടെ ബുദ്ധിശക്തിക്കും സൗകര്യത്തിനും അനുസരിച്ചതായ വിദ്യാഭ്യാസവും സമ്പാദിച്ച് അവസ്ഥാനുസരണമായ വല്ല ജോലികളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നത് തന്നെയാണ് ശ്രേയസ്കരം … ഇപ്രകാരം സുഖാനുഭവത്തിനും ധര്‍മസമ്പാദനത്തിനും മോക്ഷത്തിനും പലേ പന്ഥാവുകളോടു കൂടിയ ഈ പ്രപഞ്ചത്തില്‍ പത്നിത്വം ഒന്നുമാത്രമാണ് സ്ത്രീധര്‍മ്മം എന്ന മൂഢവിശ്വാസത്തോടുകൂടി ആധിവ്യാധിദാരിദ്ര്യാദിപരിപൂര്‍ണമായ ഭവാംബുധിയില്‍ മുഴുകി കര കാണാതെ ഉഴന്നു ജന്മം വൃഥാ നശിപ്പിക്കുന്നതു മഹാപാതകമാകുന്നു.”
ഏതായാലും നമ്മുടെ ഇടയിലുള്ള ഈ പുതിയ പരിഷ്കാര രീതിയിലുള്ള വിവാഹ സമ്പ്രദായത്തെ തീരെ നിര്‍ത്തല്‍ ചെയ്യുകയോ അല്ലെങ്കില്‍ കാലോചിതമായും യുക്തമായും ഉള്ള ഭേദഗതികള്‍ വരുത്തുകയോ ചെയ്യേണ്ടത് എത്രയും ആവശ്യമാണെന്നുള്ള എന്‍റെ താഴ്മയോടുകൂടിയ അഭിപ്രായത്തെ മഹാജനങ്ങളുടെ മുമ്പാകെ വെച്ചുകൊണ്ട് ഈ ഉപന്യാസം അവസാനിപ്പിക്കുന്നു.
സമുദായത്തില്‍ സ്ത്രീകളുടെ സ്ഥാനം
വി. കെ. ചിന്നമ്മാളു അമ്മ, മദിരാശി
(“മഹിള” 4,7, 1924,(25057)
ഒരു സമുദായത്തിന്‍റെ യോഗ്യത തീര്‍ച്ചപ്പെടുത്തുവാനുള്ള ലക്ഷണങ്ങളില്‍ പ്രധാനമായ ഒന്ന് അതില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനമാണ്. ഭാരതീയരായ നമ്മുടെ പുരാതന ആചാര്യന്മാരും പാശ്ചാത്യവിദ്വാന്മാരും ഈ കാര്യത്തില്‍ ഒരേ അഭിപ്രായക്കാരാണ്. കവികളുടെയും തത്വജ്ഞാനികളുടെയും വാക്കുകള്‍ മാത്രമല്ല, ഇന്ന് ലോകത്തിലെ സ്ഥിതിഗതികളും ഈ അഭിപ്രായത്തിന് അനുസരിച്ചിരിക്കുന്നുണ്ട്. പ്രസിദ്ധദേശഭക്തനായ ലാലാ ലജ്പത്റായ് അമേരിക്കയില്‍ സഞ്ചരിച്ച് തന്‍റെ അനുഭവങ്ങളെയെല്ലാം പുസ്തക രൂപേണ പ്രസിദ്ധം ചെയ്ത കൂട്ടത്തില്‍ അമേരിക്കയിലെ പരിഷ്കാരത്തിന് ഹേതുഭൂതകള്‍ പുരുഷന്മാരെക്കാള്‍ അധികം ശ്രദ്ധാലുക്കളായിരിക്കുന്നത്. പുരാതനഭാരതത്തിന്‍റെ ചരിത്രം പരിശോധിക്കുമ്പോള്‍ സ്ത്രീകള്‍ പൂര്‍ണസ്വാതന്ത്ര്യത്തോടെ ഇരുന്നിരുന്ന ഒരു സമുദായമാണെന്ന് പുരാണേതിഹാസങ്ങളില്‍ നാം കാണുന്നു. അന്നത്തെ നമ്മുടെ കഥയും ഇന്നത്തെ നമ്മുടെ കഥയും താരതമ്യപ്പെടുത്തി നോക്കുന്നതായാല്‍ അന്നുള്ളവരുടെ സന്തതികളാണ് നാം എന്നു പറയാന്‍ പോലും ലജ്ജിക്കണം. സ്വഗൃഹത്തിന്നപ്പുറമുള്ള കാര്യങ്ങളില്‍ സ്ത്രീക്ക് പ്രവേശിക്കാന്‍ അധികാരമില്ലെന്നുള്ള അഭിപ്രായം പുരാതനഇന്ത്യയില്‍ ഉണ്ടായിരുന്നില്ല; അത് നമ്മുടെ ദുഷ്ക്കാലത്ത് അധഃപതന ഹേതുവായി ഭാരതീയസമുദായത്തില്‍ പ്രചരിച്ച ഒരു വിശ്വാസമാണ്.
മനുഷ്യജീവിതം സ്വഗൃഹത്തില്‍ മാത്രം ഇട്ടടച്ചുവെക്കാനുള്ള ഒന്നല്ല. തന്‍റെ വീട്ടിനപ്പുറത്തുള്ള യാതൊരു കാര്യത്തിലും മനുഷ്യന്ന് പ്രവേശമില്ലെന്നു വരുമ്പോള്‍ മാത്രമേ സ്ത്രീക്ക് വീട്ടിന്നപ്പുറമുള്ള കാര്യങ്ങളില്‍ പ്രവേശമില്ലെന്ന് പറയാന്‍ പാടുള്ളൂ. ഗൃഹം ഒരു ചെറിയ കുടുംബമായിരിക്കുന്നതുപോലെ സമുദായം ഒരു വലിയ കുടുംബമാണ്. ഒരു വീട്ടിലെ കാര്യങ്ങളില്‍ സ്ത്രീകള്‍ക്കോ ഒരു വര്‍ഗക്കാര്‍ക്ക് മാത്രമേ പ്രവേശമുള്ളൂ എന്നു വന്നാല്‍ പലേ കുഴപ്പങ്ങളും ആ വീട്ടില്‍ വന്നുചേരുമെന്ന് നമുക്ക് ആലോചിച്ചാല്‍ എളുപ്പം മനസ്സിലാക്കാം. ഭാരതീയസമുദായത്തിലും ഇന്ന് സ്ത്രീയുടെ ബുദ്ധിയും അഭിപ്രായങ്ങളും ശോഭിച്ചുകാണാത്തത് കൊണ്ട് വലിയ കുഴപ്പങ്ങളുണ്ട്. നിത്യപരിചയം കൊണ്ടു നാം ആ വക കുഴപ്പങ്ങളെ ഗൗനിക്കുന്നില്ലെന്നേയുള്ളൂ.
സ്ത്രീകള്‍ക്ക് പൊതുജനകാര്യങ്ങളില്‍ പ്രവേശനമില്ലാത്തതുകൊണ്ട് സമുദായത്തിനാകെ ഉടവു തട്ടുന്നതില്‍ അത്ഭുതപ്പെടാനാവില്ല. ഈശ്വരസൃഷ്ടി ഇപ്പോഴുള്ള നിലയില്‍ നില്‍ക്കുന്നിടത്തോളം കാലം സ്ത്രീപുരുഷന്മാര്‍ തമ്മില്‍ ബുദ്ധിയിലും സ്വഭാവത്തിലും ദേഹപ്രകൃതിയിലും വലിയ വ്യത്യാസമുണ്ടായിരിക്കും. ഈ രണ്ടു വര്‍ഗങ്ങളെയും അന്യോന്യക്ഷേമത്തിനും സുഖത്തിനും വേണ്ടിയാണ് ഈശ്വരന്‍ സൃഷ്ടിച്ചിട്ടുള്ളത്. ഒന്നില്‍ ഇല്ലാത്ത ഗുണങ്ങള്‍ മറ്റെതില്‍ കണ്ടുവരുന്നു. രണ്ടുവര്‍ഗക്കാരുടെയും ബുദ്ധിക്കും സ്വഭാവത്തിനുമുള്ള ഗുണങ്ങള്‍ ലോകോപകാരമായിത്തീരണമെന്നാണ് ഈശ്വരമതം. സ്ത്രീക്ക് രാഷ്ട്രീയവും സാമൂദായികവുമായ കാര്യങ്ങളില്‍ പ്രവേശമില്ലെന്ന് തീര്‍ച്ചപ്പെടുത്തുമ്പോള്‍ ഈശ്വരനിയതിയെ ലംഘിക്കയാണ് ചെയ്യുന്നത്. പുരുഷന് ഓരോ കാര്യങ്ങളില്‍ കര്‍ത്തവ്യമെന്തെന്ന് ആലോചിച്ചു കണ്ടുപിടിക്കാനുള്ള സാമര്‍ത്ഥ്യം സ്ത്രീയെക്കാളധികമുണ്ട്. എന്നാല്‍ കാര്യനിര്‍വഹണശക്തി സ്ത്രീയെ അപേക്ഷിച്ചു കുറയും.
ഏതു കാര്യവും ഫലോന്മുഖമാവണമെങ്കില്‍ ആലോചനാശക്തിയും നിര്‍വഹണശക്തിയും ഒരുപോലെ വേണ്ടതാണ്. ഇതേപ്രകാരം തന്നെ സ്ത്രീബുദ്ധിക്ക് ഓരോ കാര്യത്തിന്‍റെ വിഭാഗങ്ങളെയും പ്രത്യേകം പ്രത്യേകമായി സൂക്ഷിച്ചു ഗുണദോഷം കാണുവാന്‍ സാധിക്കും. എന്നാല്‍ കാര്യം ഒന്നായി ഗ്രഹിക്കാന്‍ പ്രയാസമാണ്. സ്ത്രീ ബുദ്ധിക്കു പ്രത്യേക ജ്ഞാനവും പുരുഷബുദ്ധിക്കു സമഷ്ടിജ്ഞാനവുമാണ് സ്വാഭാവികമായി കണ്ടുവരുന്നത്. രണ്ടും ഏതു കാര്യത്തിലും അത്യാവശ്യമാണ്. ഒന്ന് മറ്റേതിനെക്കാള്‍ മുഖ്യമെന്നു പറയാന്‍ പാടില്ല. ഇപ്രകാരം പുരുഷനില്ലാത്ത അനേക ഗുണങ്ങള്‍ സ്ത്രീബുദ്ധിക്കും സ്വഭാവത്തിനും നാം കണ്ടുവരുന്നു. സ്ത്രീക്കു ബഹിര്‍ലോകത്തില്‍ കാണുന്ന കാര്യങ്ങളെ സൂക്ഷ്മമായി നോക്കി അറിയുവാനാണ് ജാഗ്രത. പുരുഷന്‍ തന്‍റെ മനസ്സിലുള്ള വിചാരങ്ങളിലും വികാരങ്ങളിലും മുഴുകിയിരിക്കുന്നു. പുറമെ കാണുന്ന കാര്യങ്ങളില്‍ അവന്‍റെ ദൃഷ്ടി അത്ര് പതിയുന്നില്ല. ഇതു നിമിത്തം സ്ത്രീക്ക് പുരുഷനേക്കാള്‍ സൂക്ഷ്മനോട്ടം വളരെ അധികമുണ്ട്. സ്വഭാവത്തിനും ഇതേ പ്രകാരം തന്നെ വലിയ വ്യത്യാസങ്ങള്‍ കാണും. സ്ത്രീക്കു സഹനശക്തി പുരുഷനെക്കാള്‍ അധികമാണ്. ധൈര്യം പ്രദര്‍ശിപ്പിക്കാനും ധീരകൃത്യങ്ങള്‍ ചെയ്യാനും പുരുഷന് ധാരാളം സാധിക്കും. എന്നാല്‍ നിരന്തരമായ കഷ്ടതയും ശല്യവും അനുഭവിക്കേണ്ടി വന്നാല്‍ അതിനു വേണ്ടുന്ന ധൈര്യവും സഹനശക്തിയും അവനുണ്ടാകുന്നതല്ല. ഇത് സ്ത്രീബുദ്ധിക്കുള്ള ഉത്തമഗുണങ്ങളില്‍ ഒന്നാണ്. പ്രകൃതി തന്നെയും തന്‍റെ നിയതികൊണ്ട് ഈ കാര്യത്തെ ഉദാഹരിക്കുന്നു. പുതുതായി ഭൂമിയില്‍ അവതരിക്കുന്ന ഓരോ ജീവനും സ്ത്രീയുടെ ഈ സഹനശക്തിക്കു സാക്ഷിയാണ്. ജീവിതത്തെയും മരണത്തെയും വേര്‍പെടുത്തുന്ന ആ വൈതരണി വരെ പോയിട്ടാണ് സ്ത്രീ ഒരു പുതിയ ജീവനെ ലോകത്തിനു നല്‍കുന്നത്. പുതുതായി ജനിച്ച ജീവന്‍ ശൈശവത്തില്‍ അവളുടെ ശുശ്രൂഷയില്ലെങ്കില്‍ സമുദായത്തിനു നഷ്ടമായിപ്പോകും. സ്ത്രീയുടെ ക്ലേശമാണ് പ്രപഞ്ചഹേതു എന്നു പറയുന്നതില്‍ ഒരു അതിശയോക്തിയുമില്ല.
താന്‍ ക്ലേശമനുഭവിച്ച് പ്രസവിച്ച് വളര്‍ത്തുന്ന സന്താനങ്ങളുടെ – സമുദാംഗങ്ങളുടെ ഭാവി നിയന്ത്രണം ചെയ്യുന്നതില്‍ സ്ത്രീക്കും ഒരു സ്ഥാനം കല്‍പ്പിക്കേണ്ടത് ന്യായവും അത്യാവശ്യമാണ്. സ്ത്രീക്കു മാതൃത്വം വഹിക്കേണ്ടതുകൊണ്ട് സമുദായകാര്യങ്ങളില്‍ പ്രവേശിച്ചുകൂടാ എന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ വാസ്തവത്തില്‍ കാര്യം നേരെ മറിച്ചാണ്. മാതൃത്വം സ്ത്രീക്കു മാത്രം നിറവേറ്റുവാന്‍ കഴിയുന്ന ഒരു അവസ്ഥയായി എത്രത്തോളം കാലം ഈശ്വരന്‍ നിശ്ചയിക്കുന്നുവോ അത്രത്തോളം കാലം സമുദായത്തിലെ എല്ലാ കാര്യങ്ങളിലും സ്ത്രീബുദ്ധിയും സ്ത്രീയുടെ അഭിപ്രായങ്ങളും പ്രബലപ്പെട്ടു കാണേണ്ടതാണ്. കാരണം, മനുഷ്യജീവന്‍റെ വില സ്ത്രീ അറിയുന്നതു പോലെ ഒരു കാലത്തും പുരുഷന്‍ അറിയുന്നതല്ല. പുരുഷന്‍ സമുദായത്തിന്‍റെ ധനസ്ഥിതി, അന്യരാജ്യങ്ങളുമായുള്ള ഇടപാട്, മുതലായവയെക്കുറിച്ച്, സ്ത്രീകളെക്കാള്‍ അധികം അറിയുമായിരിക്കും. എന്നാല്‍ ഈ കാര്യങ്ങള്‍ കൊണ്ടുമാത്രം യാതൊരു സമുദായമാവട്ടെ ലോകമാവട്ടെ ഉന്നതിയെ പ്രാപിക്കുന്നതല്ല. ഒരു ഉദാഹരണം കൊണ്ട് ഇത് വ്യക്തപ്പെടുത്തുവാന്‍ ശ്രമിക്കാം.
യുദ്ധം എങ്ങനെയാണ് ഇല്ലാതാക്കേണ്ടത് എന്ന് ലോകത്തില്‍ സകല രാജ്യക്കാരും ആലോചിച്ചുവരുന്നു. എങ്കിലും സമാധാനദേവത ഇതുവരെ നമ്മുടെ ഭൂമിയില്‍ അവതരിച്ചിട്ടില്ല. ഇതിന്‍റെ കാരണം എന്താണെന്ന് അറിയാന്‍ അധികം പ്രയാസമില്ല. ഇന്നത്തെ പുരുഷന്മാരായ രാജ്യഭരണനേതാക്കന്മാരുടെ മനസ്സില്‍, സൈന്യങ്ങളും മറ്റും വേണ്ടെന്നുവച്ചാല്‍ തങ്ങളുടെ രാജ്യത്തിനു ഭാവിയില്‍ മറ്റുള്ള രാജ്യങ്ങളെ യുദ്ധം ചെയ്ത് തോല്‍പ്പിക്കുവാനും കച്ചവടം വര്‍ധിപ്പിക്കാനും കഴിയുകയില്ലല്ലോ എന്ന വിചാരമാണ് പ്രധാനമായി നില്‍ക്കുന്നത്. യുദ്ധക്കപ്പലുകള്‍ കുറയ്ക്കണമെന്നു പറയുമ്പോള്‍ കാണുന്ന വൈമനസ്യത്തിനും അവിശ്വാസത്തിനും ഇതുതന്നെയാണ് കാരണം. സ്ത്രീകള്‍ക്കും പുരുഷന്മാരെപ്പോലെ സാമുദായികകാര്യങ്ങളില്‍ പ്രാബല്യമുണ്ടെങ്കില്‍ ഈ അവസ്ഥ ഒരിക്കലും വരുന്നതല്ല. ഭൂമി മനുഷ്യരക്തം കൊണ്ടു നനയുന്നതു കണ്ട് മേലിലുണ്ടാവാന്‍ പോകുന്ന ധനവും കച്ചവടലാഭവും ആലോചിച്ച് സ്ത്രീക്ക് സന്തോഷിക്കാന്‍ കഴിയുന്നതല്ല. പൂര്‍ണ ബലത്തോടുകൂടിയ ഒരു മനുഷ്യന്‍റെ ശവശരീരം ഉണ്ടയേറ്റ് കണ്ണുമിഴിച്ചു കിടക്കുന്നതുകണ്ട് “സാരമില്ല” എന്നു പറഞ്ഞ് ദാക്ഷിണ്യമില്ലാതെ കടന്നുപോവാന്‍ സ്ത്രീക്കു സാധിക്കുന്നതല്ല. അങ്ങനെ മരിക്കുന്ന ഓരോ മനുഷ്യന്‍റെ ജീവനും സ്ത്രീയുടെ ക്ലേശത്താല്‍ ഉണ്ടായതാണെന്നു അവര്‍ക്ക് ഓര്‍മവരും.
ഇപ്രകാരം സ്ത്രീകളുടെ സഹകരണത്താല്‍ ഗുണപ്പെടുന്ന പല കാര്യങ്ങളുമുണ്ട്. വിസ്താരഭയത്താല്‍ അവയെ ഇവിടെ പ്രസ്താവിക്കുന്നില്ല. സ്ത്രീകള്‍ പൊതുജനകാര്യങ്ങളില്‍ പ്രവേശിക്കുന്നതിനെപ്പറ്റി ചിലര്‍ കൊണ്ടുവരുന്ന വിരോധാഭിപ്രായങ്ങളും ഇവിടെ ആലോചനയോഗ്യമാണ്. ഒന്നാമത്തെ വിരോധം പൗരകാര്യങ്ങളില്‍ പ്രവേശിച്ചാല്‍ മാതൃത്വവും ഭാര്യാത്വവും സ്ത്രീകള്‍ക്കു കുറഞ്ഞുപോകുമെന്നാണ്. അവ സ്വീകരിച്ചാല്‍ തന്നെയും വേണ്ടുംവണ്ണം നിര്‍വഹിക്കയില്ലെന്നാണ് പിന്നത്തെ വാദം. പ്രഥമദൃഷ്ടിയില്‍ ഈ ന്യായങ്ങള്‍ക്ക് വളരെ അടിസ്ഥാനമുണ്ടെന്നു തോന്നിപ്പോകും. പക്ഷെ അല്‍പ്പം ആലോചിച്ചാല്‍ അവ നിസ്സാരങ്ങളെന്നും കാണാം. ഒരു സമുദായത്തില്‍ ജനിച്ച എല്ലാ സ്ത്രീകളും മാതൃത്വത്തെയും ഭാര്യാപദത്തെയും വഹിക്കുന്നില്ല. ചിലര്‍ വിധവകളായി പോകുന്നുണ്ട്. ചിലര്‍ കന്യകകളായിത്തന്നെ ഇരിക്കുന്നു. സമുദായത്തിന്‍റെ നിലനില്‍പ്പിന് എല്ലാ സ്ത്രീകളും ആ പദവികള്‍ വഹിക്കണമെന്നും ഇല്ല. നാം ഇപ്പോള്‍ അപരിഷ്കൃതകാലത്തല്ല ജീവിച്ചിരിക്കുന്നത്. അങ്ങനെ ഒരു കാലമായിരുന്നുവെങ്കില്‍ ഏതു മാര്‍ഗവും പ്രയോഗിച്ച് സമുദായത്തിലെ ജനസംഖ്യ വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷെ ഈ ഇരുപതാം നൂറ്റാണ്ടില്‍ സമുദായത്തിന്‍റെ എണ്ണമല്ല ഗുണമാണ് ഉല്‍ക്കര്‍ഷത്തിന്‍റെ ലക്ഷണം. മുപ്പതുകോടി ഇന്ത്യക്കാരെ നാലുകോടി ഇംഗ്ലീഷുകാര്‍ കീഴടക്കി ഉള്ളംകൈയില്‍ അമര്‍ത്തി വച്ചിട്ടില്ലോ? ബലഹീനന്മാരും വിദ്യാഹീനന്മാരും ആയ അനേകം പ്രജകളെക്കാള്‍ ബുദ്ധിമാന്മാരും ശക്തന്മാരുമായ അല്‍പ്പം പേരാണ് നല്ലത്. സ്ത്രീകള്‍ക്ക് പരക്കെ മാതൃത്വത്തില്‍ വൈമനസ്യം തോന്നുമെന്ന വിചാരവും അസ്ഥാനത്താണ്. എന്തെന്നാല്‍ മാതൃത്വത്തിലുള്ള ആഗ്രഹം സ്ത്രീക്ക് പ്രകൃതിദത്തമായിട്ടുള്ളതാകുന്നു. അപൂര്‍വം ചിലര്‍ ആ ആഗ്രഹത്തെ ഒരു സമയം ബലമായി ഒതുക്കിവെച്ചുമെന്ന് വരാം. എന്നാല്‍ സമുദായത്തിലുള്ള സ്ത്രീകളെല്ലാം അപ്രകാരം ചെയ്യുമെന്നോ അവര്‍ക്ക് പ്രകൃതിദത്തമായ ആ സ്വഭാവത്തെ ഒതുക്കുവാന്‍ കഴിയുമെന്നോ പറയുന്നത് വിഡ്ഢിത്തമത്രേ. പിന്നെ ഗൃഹകൃത്യങ്ങളില്‍ നിന്ന് ഒഴിവുള്ള സമയം ഒരു സ്ത്രീക്കു ധാരാളമുണ്ട്. ഇന്ന് പരദൂഷണം കൊണ്ടും തുച്ഛസംഭാഷണം കൊണ്ടുമാണ് ആ സമയം കഴിച്ചുകൂട്ടുന്നത്. അതു പൊതുജനകാര്യങ്ങളിലും സമുദായസേവനത്തിനും ചെലവഴിക്കുന്നതുകൊണ്ട് ഗുണമേ ഉണ്ടാകുവാനുള്ളൂ. ഇതിനും പുറമെ മധ്യവയസ്സിനെ അതിക്രമിച്ചു കഴിഞ്ഞാല്‍ പിന്നെ മാതൃത്വം വഹിപ്പാന്‍ സാധിക്കുന്നതല്ല. പുത്രന്മാരും പുത്രിമാരും ഗൃഹകൃത്യം നിറവേറ്റുവാന്‍ പ്രാപ്തരാകും. ആ കാലം സ്ത്രീകള്‍ പൊതുകൃത്യങ്ങളില്‍ പ്രവേശിക്കുന്നതുകൊണ്ട് അവരുടെ ജീവിതപരിശീലനം പ്രയോജനപ്രദമായിത്തീരുന്നതിനാണ് ഇടയുള്ളത്. ഇവയെല്ലാം പാശ്ചാത്യാദര്‍ശനങ്ങളാണെന്നു ധരിച്ച് അവയില്‍ നിന്നു നാം പിന്‍തിരിയരുത്. ആരില്‍ നിന്നും നല്ലവ പഠിക്കേണ്ടത് അത്യാവശ്യമാണ്.
കേരളീയ ഹിന്ദുസ്ത്രീകളോട് ഒരഭ്യര്‍ത്ഥന
വടക്കേച്ചെരുവില്‍ പി.കെ.കല്യാണി
(മലയാള മനോരമ 1924 ജൂലൈ 24 )
വൈക്കത്തു നടക്കുന്ന സത്യാഗ്രഹം മനുഷ്യന്‍റെ പ്രാഥമികാവകാശങ്ങളിലൊന്നായ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഒരു സമരമാണല്ലോ. രണ്ടുമൂന്നു ശതം ജനങ്ങളുടെ ജീവച്ഛക്തിയില്‍ ഒരു വലിയ ഭാഗം ഇതിലേക്കു വേണ്ടി ഈ ചുരുങ്ങിയ കാലത്തിനിടയ്ക്ക് ഇവിടെ ചെലവായിരിക്കുന്നു. പ്രിയ സഹോദരികളെ ഈയവസരത്തില്‍ നമ്മുടെ കടമയെന്താണ്? സഞ്ചാരസ്വാതന്ത്ര്യം ആര്‍ക്കും ലഭിക്കേണ്ടതല്ലയോ? വഴിനടക്കേണ്ടതു സ്ത്രീകളുടെയും ആവശ്യമാണല്ലോ. സ്ത്രീകളില്‍ ഒരു വലിയ ഭാഗത്തിനുള്ള ഈ അസ്വാതന്ത്ര്യം നീക്കിക്കൊടുക്കേണ്ടത് മറ്റുള്ളവരുടെ കടമയല്ലയോ? ക്ഷേത്രത്തിന്‍റെ നാലു നടയ്ക്കലും ഒരു പ്രാവശ്യം സത്യാഗ്രഹമനുഷ്ഠിക്കുന്നതിന് പതിനഞ്ചുപേര്‍ ആവശ്യമാണ്. സവര്‍ണരിലും അവര്‍ണരിലും കൂടിയാണ് പതിനഞ്ച് പേര്‍ ഉണ്ടായിരിക്കേണ്ടത്. കേരളത്തിലെ സവര്‍ണ വനിതകള്‍ ആരും സത്യാഗ്രഹം അനുഷ്ടിക്കുന്നതിന് ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. അതുകൊണ്ട് നമുക്ക് എത്രത്തോളം അഭിമാനക്കുറവുണ്ടെന്ന് ഓര്‍ക്കുന്നില്ലായിരിക്കാം. ഇപ്പോള്‍ പടിഞ്ഞാറും വടക്കും ഭാഗങ്ങളില്‍ മാത്രമേ ഞങ്ങള്‍ സത്യാഗ്രഹം അനുഷ്ഠിക്കുന്നുള്ളൂ. പത്തുപേര്‍ കൂടി നാലുഭാഗത്ത് ഒരു പ്രാവശ്യം സ്ത്രീകള്‍ക്കുമാത്രം സത്യാഗ്രഹം അനുഷ്ഠിച്ചു നമ്മുടെ അഭിമാനം രക്ഷിക്കാവുന്നതാണ്. മനുഷ്യരക്തമാണല്ലോ നമ്മുടെ ശരീരത്തിലും ഓടുന്നത്. നമുക്ക് എന്തുകൊണ്ട് ഇറങ്ങിപ്രവര്‍ത്തിച്ചുകൂടാ. സത്യാഗ്രഹത്തിനും ധര്‍മത്തിനും വേണ്ടി ത്യാഗം സഹിക്കാന്‍ ഇടയാകുന്നത് എത്രയോ ഭാഗ്യമാണ്. എത്ര ഉയര്‍ന്നവരാണോ ത്യാഗം സഹിക്കാന്‍ ഇറങ്ങുന്നത്, അത്ര പ്രവൃത്തിക്കു ഫലവുമുണ്ട്. അതുകൊണ്ട് വിദ്യാഭ്യാസം കൊണ്ടും മറ്റും നിലയില്‍ വിലയും സിദ്ധിച്ച കുറേപ്പേര്‍ ഉടനെ ഈ സംഗതിക്ക് ഇറങ്ങണം.
സഹവിദ്യാഭ്യാസം
എന്‍. മാലതി
ഇപ്പോള്‍ പാഠശാലകളില്‍ സഹവിദ്യാഭ്യാസരീതിയല്ല അഭ്യസിപ്പിക്കപ്പെട്ടുവരുന്നത്. ബാലികാബാലന്മാര്‍ രണ്ടു വിദ്യാലയം, രണ്ടു മുറി എന്നിവകളാല്‍ വളരെ അകന്നാണ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ സ്വഭാവരൂപീകരണത്തിലും ഇവര്‍ക്ക് ഗണ്യമായ ഒരു വ്യത്യാസം കണ്ടുവരുന്നു. ഓരോ വിദ്യാലത്തിലേയും ബഞ്ചുകളിന്മേല്‍ സ്ഥിതിചെയ്യുന്ന ചെറുപൈതങ്ങളാണ് ഭാവിയിലെ സമുദായാംഗങ്ങള്‍. അതിനാല്‍ ഈ ശിശുക്കളെ പരോപകാരാര്‍ത്ഥം ജീവിതം നയിക്കുവാനായി പ്രോത്സാഹിപ്പിക്കേണ്ടത് അധ്യാപികാധ്യാപകന്മാരുടെ എത്രയും ഭാരമേറിയ ഒരു ചമതലയാണ്. സേച്ഛപോലെ രൂപീകരിക്കപ്പെടാവുന്ന ഈ പൈതങ്ങളുടെ ബുദ്ധിയെ ഭാവിലോകത്തിനുതകുന്ന വിധത്തില്‍ രൂപീകരിക്കപ്പെടേണ്ടതാണ്. ആ ചുമതലാബോധം സദാ മനസ്സില്‍ ജ്വലിപ്പിച്ചു വേണം ഓരോരുത്തരും അധ്യാപകവൃത്തിയിലേര്‍പ്പെടുവാന്‍.
ചില പാഠശാലകളില്‍ ഇപ്പോള്‍ ഏറിയ പക്ഷം നാലാം ക്ലാസുവരെ സഹവിദ്യാഭ്യാസം പരിശീലിപ്പിക്കുന്നുണ്ട്. അതിനുശേഷം അവര്‍ തമ്മില്‍ സര്‍വകലാശാലാക്ലാസുകളിലോ മറ്റോ മാത്രമേ കണ്ടുമുട്ടുവാന്‍ ഇടവരുന്നുള്ളൂ. ഈ ചെറു ക്ലാസ്സുകളില്‍ ബാലികാബാലന്മാര്‍ക്ക് വിദ്യാഭ്യാസം കൊണ്ട് യാതൊരു ഗുണവും സിദ്ധിക്കുന്നില്ല. അല്‍പ്പം കൂടി ഉയര്‍ന്ന ക്ലാസ്സുകളിലാണ് ഈ സഹവിദ്യാഭ്യാസം പരിശീലിക്കുന്നതെങ്കില്‍ ആയതുകൊണ്ട് വിലയേറിയ അനവധി ഗുണങ്ങള്‍ നാം അറിയാതെ തന്നെ ഓരോരുത്തര്‍ക്കും സിദ്ധമാകുന്നതാണ്. പെണ്‍കുട്ടികള്‍ക്കാണ് ഇത്തരം വിദ്യാഭ്യാസം കൊണ്ട് കൂടുതല്‍ ഗുണം കാംക്ഷിക്കേണ്ടത്. എന്തുകൊണ്ടെന്നാല്‍ അവരില്‍ അധികഭാഗവും ജന്മനാ ശാന്തസ്വഭാവവും വിനയവും, ലജ്ജയും ഉള്ളവരായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. സഹവിദ്യാഭ്യാസം കൊണ്ട് ഇത്തരം സ്ത്രീപ്രകൃതിക്ക് ഒരു വലിയ അന്തരം നേരിടുന്നു.
സഹവിദ്യാഭ്യാസം യഥാര്‍ത്ഥ സ്ത്രീത്വം നശിപ്പിച്ച് പുരുഷത്വം നേടുവാനുള്ള ഒരു മാര്‍ഗമാണെന്ന് ഒരു പക്ഷെ ചിലര്‍ ആക്ഷേപിക്കുമായിരിക്കാം. പരമാര്‍ത്ഥം നോക്കുകയാണെങ്കില്‍ സ്ത്രീത്വം നശിക്കുന്നില്ലെന്ന് മാത്രമല്ല ഇന്നത്തെ നിലയ്ക്ക് ആവശ്യമായ ചില പുരുഷ ഗുണങ്ങള്‍ സിദ്ധിക്കുകയും ചെയ്യുന്നു.
സഹവിദ്യാഭ്യാസരീതി അഭ്യസിപ്പിക്കാത്തതുകൊണ്ട് ദുര്‍ല്ലഭം ചില ദോഷങ്ങള്‍ സംഭവിക്കുന്നില്ലെന്നല്ല. ഉപരിപഠനാര്‍ത്ഥം വിദ്യാര്‍ത്ഥിനികള്‍ സര്‍വകലാശാലകളില്‍ പ്രവേശിക്കുമ്പോള്‍ അവിടെ സഹവിദ്യാഭ്യാസമാണ് കണ്ടു വരുന്നത്. അതേ വരെ ബാല്യലീലകള്‍ക്കടിമപ്പെട്ടു വളര്‍ന്നുവന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് പെട്ടെന്ന് പുരുഷസമുദായവുമായി ഇടപെടേണ്ടിവരുന്നു. വെറും കൂപമണ്ഡൂകങ്ങളെപ്പോലെ വര്‍ത്തിച്ചിരുന്ന അവരാകട്ടെ, അപ്പോള്‍ മാത്രമേ ബാഹ്യലോകത്തില്‍ കൂടി ചരിക്കുവാന്‍ തുടങ്ങുന്നുള്ളൂ. സഹപാഠികളായ വിദ്യാര്‍ത്ഥികളുടെ മുമ്പില്‍ വെച്ച് തങ്ങള്‍ക്ക് മനസ്സിലാകാത്ത ഭാഗങ്ങളെ ചോദിക്കുവാന്‍ പോലും ഓരോരുത്തരുടെയും സങ്കുചിതമനസ്സ് അവരെ അനുവദിക്കുന്നില്ല. മറ്റുള്ളവരുടെ പരിഹാസത്തിന് പാത്രമായെങ്കിലോ എന്നുള്ള ആശങ്ക ഒന്നു മാത്രമാണ് അവരെ ഇതില്‍ നിന്ന് വിരമിപ്പിക്കുന്നത്. ഇതിനും പുറമെ ബാല്യാവസാനത്തോടുകൂടി പുരുഷസമുദായവുമായി ഇടപെടേണ്ടിവരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് അവര്‍ അറിയാതെ തന്നെ സ്വഹൃദയങ്ങളില്‍ സ്നേഹാനുരാഗങ്ങള്‍ക്ക് സ്ഥലം കൊടുക്കേണ്ടിവരുന്നു. എന്നാല്‍ മാഹാത്മ്യമേറിയ ഈ പരസ്പരാനുരാഗം ചില ആധുനിക സന്താനങ്ങള്‍ക്കു മാത്രമേ ആജീവനാന്തം നിലനിര്‍ത്തിക്കൊണ്ടു വരുവാന്‍ സാധിക്കുന്നുള്ളൂ. ആയതിനുള്ള മുഖ്യകാരണം അവര്‍ രണ്ടുപേരും ആയരിക്കണമെന്നില്ല; അധികഭാഗവും അവരുട പരിതഃസ്ഥിതികളാണ് ഇതിനു വിഘാതം വരുത്തുന്നത്. പക്ഷേ, ഇത്തരം ദാമ്പത്യജീവിതത്തിനാണ് ലോകത്തില്‍ ഭാവി ശ്രേയസ്കരമായിട്ടുള്ളതെന്നുള്ളതിന് യാതൊരു സംശയവുമില്ല. ഇതുകൊണ്ട് ദമ്പതികള്‍ മാത്രമല്ല അവരില്‍ നിന്നുണ്ടാകുന്ന സന്താനങ്ങളും യഥാര്‍ത്ഥസൗന്ദര്യം കൊണ്ട് പ്രശോഭിക്കുന്നവരായിരിക്കും.
സ്ത്രീ സ്വാതന്ത്ര്യം
കെ. മേരി തോമസ്
മനുഷ്യരെല്ലാം സ്ത്രീപുരുഷഭേദമെന്യെ സമസൃഷ്ടികളാണ്. ഈ തത്വം എല്ലാവരും സമ്മതിക്കുന്നുണ്ട്. പക്ഷെ, പുരുഷന്മാരില്‍ ഒരു വലിയ വിഭാഗം ഈ വസ്തുത ബോധ്യപ്പെട്ടിട്ടും സ്വാര്‍ത്ഥം ഹേതുവായി സ്ത്രീകള്‍ക്കും സമത്വവും സ്വാതന്ത്ര്യവും അനുവദിക്കുന്നതില്‍ വിമുകന്മാരായിട്ടാണ് കാണപ്പെടുക. ലോകത്തില്‍ എവിടെ നോക്കിയാലും സ്ത്രീകളുടെ പുരോഗതിയില്‍, അസൂയാഭരിതരായും, ശങ്കാധീനരായും സംവീക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന പുരുഷന്മാരെ കാണാം. ഇത്രയും പറഞ്ഞതുകൊണ്ട് പുരുഷന്മാരെല്ലാം സ്വാര്‍ത്ഥതത്പരന്മാരാണെന്നോ, സ്ത്രീകളുടെ സ്വാതന്ത്ര്യശ്രമത്തില്‍ അസൂയാലുക്കളാണെന്നോ അര്‍ത്ഥമാക്കരുത്. സ്ത്രീകളുടെ സ്വാതന്ത്ര്യപ്രാപ്തിക്കായി സഹര്‍ഷം പ്രയത്നിക്കുന്ന പുരുഷന്മാര്‍ ഏതു രാജ്യത്തും ഉണ്ട്.
പുരുഷനും സ്ത്രീയും തമ്മില്‍ പല വ്യത്യാസങ്ങള്‍ ഉണ്ടെന്നുള്ളത് സമ്മതിക്കുക തന്നെ വേണം. ഈ വ്യത്യാസം പാരമ്പര്യമായി പിന്‍തുടര്‍ന്നു വരുന്ന വൃത്തിഭേദം കൊണ്ടും, ജീവിതതസമ്പ്രദായം കൊണ്ടും ഉണ്ടായിട്ടുള്ളതാണെന്ന് നിസ്സംശയം അഭിപ്രായപ്പെടാം. സ്ത്രീഗൃഹകാര്യങ്ങളില്‍ തന്നെ സദാ വ്യാപൃതയായിരിക്കുന്നതിനാല്‍ അവള്‍ക്കു പുറമെയുള്ളു കാര്യങ്ങളില്‍ ദൃഷ്ടി പതിക്കുന്നതിനോ ലോകസമരത്തില്‍ നേരിട്ടു പ്രവേശിക്കുന്നതിനോ സമയവും സൗകര്യവും ലഭിക്കുന്നില്ല. പുരുഷനാകട്ടെ ഇങ്ങനെയുള്ള യാതൊരു പ്രതിബന്ധവും ഉണ്ടാകുന്നില്ല. തന്നിമിത്തം പുരുഷന്‍ ലോക രണാങ്കണത്തില്‍ നിര്‍ഭയനായി ഇറങ്ങി പോരാടി ഓരോ ബിരുദം സമ്പാദിച്ചുവരുന്നു. സ്ത്രീകള്‍ക്കും ഇതു വയ്യാത്തതാണെന്നു പറയുവാന്‍ ആരാണ് ധൈര്യപ്പെടുന്നത്. പക്ഷേ, അവള്‍ക്ക് അതിനു സൗകര്യമോ ആവശ്യമോ ഉണ്ടാകുന്നില്ലെന്നു മാത്രമേയുള്ളൂ. എങ്കിലും വളരെ ചുരുക്കം സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ ഏതിനും എന്തിനും സമര്‍ത്ഥകളായി തീര്‍ന്നിട്ടുള്ളതായി നാം അറിയുന്നുണ്ട്.
പഞ്ജരസ്ഥയായ ഒരു പൈങ്കിളിയാണ് സ്ത്രീയെന്നത്രെ പുരുഷന്‍റെ ധാരണ. ആ കിളി കൂട്ടില്‍ കിടന്നു മനോഹരമായി പാടി ഗൃഹനാഥനെ സന്തോഷിപ്പിക്കുന്നതുപോലെ സ്ത്രീയും ഗൃഹവൃത്തികള്‍ക്കകമെ മാത്രം വസിച്ചുകൊണ്ട് ഗൃഹത്തിനും ഗൃഹനാഥനും ആനന്ദം വളര്‍ത്തുകയാണ് വേണ്ടതെന്ന് പലരും ഘോഷിക്കുന്നു. ഇവര്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നത്. സ്ത്രീകളുടെ മനഃസ്ഥിതി അറിയാതെയാണ്, അതിനാല്‍ ഞാന്‍ അവരെ കുറ്റപ്പെടുത്തുവാന്‍ തയ്യാറാകുന്നില്ല. ഒരു പുരുഷന്‍ എത്ര വിദ്യാഭ്യാസമുള്ളവനായാലും സ്ത്രീയുടെ മനഃസ്ഥിതി അറിയുവാന്‍ വിദഗ്ദ്ധനായി തീരുന്നില്ല. ഒരു സ്ത്രീയുടെ മനസ്സിന്‍റെ യഥാര്‍ത്ഥ സ്ഥിതിയും ഗതിയും ഒരു സ്ത്രീക്കു മാത്രമേ മനസ്സിലാക്കുവാന്‍ കഴിയുകയുള്ളൂ. സ്ത്രീകള്‍ തങ്ങളുടെ സന്തോഷത്തിനും സൗഭാഗ്യത്തിനുമുള്ള കളിപ്പണ്ടങ്ങളാണെന്ന് കരുതുന്ന പുരുഷന്മാരെ നോക്കി സ്ത്രീകള്‍ മന്ദഹാസം തൂവുകയാണ് ചെയ്യുന്നത്. അവരുടെ അജ്ഞതയില്‍ സ്ത്രീകള്‍ വളരെ പരിതപിക്കുക തന്നെ ചെയ്യും.
സ്ത്രീ ആവശ്യപ്പെടുന്നത് പഞ്ജരസ്ഥയായ പൈങ്കിളിയുടെ നിലയല്ല. സമത്വവും സ്വാതന്ത്ര്യവുമാണ്. ഈ രണ്ട് അവസ്ഥകളും ലഭ്യമായാല്‍ സ്ത്രീകളെക്കൊണ്ട് ലോകത്തിനുള്ള ഗുണവും പ്രയോജനവും വര്‍ധിക്കും. ലോകത്തിന്‍റെ സ്ഥിതിഗതികള്‍ ആകപ്പാടെ മാറും. ഒരു നവയുഗം തന്ന സംപ്രാപ്തമാകുന്നത് കാണാം. ഒരു ശകടത്തിനു രണ്ടു ചക്രമാണാവശ്യം. ഇതില്‍ ഒരു ചക്രം മാത്രം ഭ്രമണം ചെയ്താല്‍ ശകടം മുമ്പോട്ട് ഒരടിപോലും ഗമിക്കുന്നതല്ലാ. ഇതുപോലെയാണ് ഇന്ന് ലോകത്തിന്‍റെ ഗതി. ലോകമഹാശകടത്തിന്‍റെ രണ്ടു ചക്രങ്ങള്‍, സ്ത്രീയും പുരുഷനുമാണ് ഇവര്‍ ഒന്നിച്ചു മുന്നേറിയാല്‍ മാത്രമേ ലോകവും പുരോഗമനം ചെയ്യുകയുള്ളൂ. ഇപ്പോള്‍ ലോകശകടം മുന്നോട്ടു കൊണ്ടുപോകുവാന്‍ പുരുഷന്മാര്‍ തന്നെ വലിക്കുകയാണ്. അവന്‍ എത്ര വലിച്ചാലും ആ മഹാശകടം അത്രമാത്രം മുമ്പോട്ടു മാറുന്നതല്ല. അവന്‍ തന്‍റെ അര്‍ധാംഗമായ സ്ത്രീയെക്കൂടി വിളിക്കട്ടെ. സ്ത്രീയുടെ സഹായം അഭ്യര്‍ത്ഥിക്കട്ടെ. അപ്പോള്‍ കാണാം അതു മുമ്പോട്ട് അതിശീഘ്രം പറയുന്നത്.
പുരുഷന്മാര്‍ക്ക് സാധിക്കുന്നതെല്ലാം സ്ത്രീകള്‍ക്കും കഴിയും. ഒരു കാര്യത്തിലെങ്കിലും സ്ത്രീയെ തോല്‍പ്പിക്കുവാന്‍ പുരുഷനു കഴിഞ്ഞിട്ടില്ല. സാഹിത്യത്തിലായാലും സമരാങ്കണത്തിലായാലും സ്ത്രീ ശോഭിക്കും. ഇക്കഴിഞ്ഞ മഹായുദ്ധം സ്ത്രീ ശക്തിയുടെ യഥാര്‍ത്ഥരൂപം ലോകത്തിനു കാണിച്ചു കൊടുത്തിരിക്കുന്നു. അതിനോടു കൂടി സ്ത്രീകളെല്ലാം അബലകളാണെന്നു പണ്ടത്തെപ്പോലെ ഉദ്ഘാഷിക്കുവാനുള്ള ധൈര്യം പുരുഷന്മാര്‍ക്ക് ഇല്ലാതെയായിട്ടുണ്ട്. ഈയവസരത്തില്‍ സ്ത്രീകള്‍ പുരോഗതിക്കായി ശ്രമിച്ചാല്‍ പുരുഷന്മാര്‍ പഴയപടി അതിനെ തടസ്സപ്പെടുത്തുവാന്‍ ഒരുമ്പെടുന്നതല്ല. എന്‍റെ സഹോദരിമാര്‍ ഈ സുവര്‍ണാവസരം നഷ്ടപ്പെടുത്തുകയില്ലെന്നു വിശ്വസിക്കുന്നു. നമുക്ക് ഒരു കയ്യായി നിന്നു മുമ്പോട്ടു പ്രയാണം ചെയ്യാം. നമ്മുടെ അവകാശസ്വാതന്ത്ര്യസ്ഥാപനാര്‍ത്ഥം പോരാടേണ്ടവര്‍ നാം തന്നെ. ന്യായമായ കാര്യങ്ങള്‍ക്കായി പോര്‍ നടത്തുന്നതിനു നാം പുരുഷന്മാരെ ഭയപ്പെട്ടിട്ട് ആവശ്യമില്ല, അതിന് കാര്യവുമില്ല.
സ്ത്രീകള്‍ ഇനിയും ഉണരുകയില്ലെ?
(എഡിറ്റോറിയല്‍ ,”വനിതാകുസുമം ‘1927)
24ാമത് ശ്രീമൂലം പ്രജാസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പും നോമിനേഷനും കഴിഞ്ഞിരിക്കുന്നു. ഇതില്‍ ഒരു ഒറ്റ സ്ത്രീമെമ്പറിനെയെങ്കിലും നിയമിക്കുവാന്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്‍റിനു സന്മനസ്സുണ്ടായില്ല. രാജ്യത്തെ ജനസംഖ്യയില്‍ ഭൂരിപക്ഷക്കാരായ സ്ത്രീകളില്‍ നിന്നു ഒരു മെമ്പറിനെയെങ്കിലും ഇത്തവണ നിയമിക്കുവാന്‍ സന്നദ്ധത പ്രദര്‍ശിപ്പിക്കാത്തതില്‍ ഞങ്ങള്‍ ഗവണ്‍മെന്‍റിനെക്കാള്‍ അധികം സ്ത്രീജനങ്ങളെയാണ് കുറ്റപ്പെടുത്തുന്നത്. തങ്ങളുടെ ന്യായമായ അവകാശങ്ങളെ ധൈര്യസമേതം പോരാടി കണക്കുപറഞ്ഞു വാങ്ങേണ്ട ചുമതല സ്ത്രീകള്‍ക്കാണുള്ളത്. യാഥാസ്ഥിതികമനഃസ്ഥിതി എല്ലാ കാര്യത്തിലും പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ഗവണ്‍മെന്‍റ് നീതിധര്‍മത്തെയും കാലസ്ഥിതിയേയും പരിഗണിച്ചു തങ്ങളുടെ അവകാശാധികാരങ്ങള്‍ വകവെച്ചുതരുമെന്നു സ്ത്രീകള്‍ സമാധാനിച്ചു അടങ്ങിപ്പാര്‍ക്കുന്നതില്‍പരം ഭോഷത്വം മറ്റൊന്നില്ല. എല്ലാ രാജ്യങ്ങളിലും സ്ത്രീകള്‍ അവരുടെ സ്വാതന്ത്ര്യത്തെയും, അവകാശങ്ങളെയും സമ്പാദിച്ചിട്ടുള്ളത് പ്രക്ഷോഭം കൊണ്ടുമാത്രമാണ്. “കരയും പിള്ളയ്ക്കു മാത്രമേ പാലുള്ളൂ” എന്ന് ഈ പ്രക്ഷോഭംകൊണ്ട് സുവിദിതമായിട്ടുമുണ്ട്.
ഇതരരാജ്യങ്ങളില്‍ നിന്നു തിരുവിതാംകൂര്‍ ഒന്നുകൊണ്ടും വ്യത്യസ്തമല്ല. ഇവിടെയും കുറെ പോരാടാതെ മഹിളാജനങ്ങള്‍ക്കു തങ്ങളുടെ പൗരാവകാശത്തെയും രാഷ്ട്രീയ സ്വാതന്ത്ര്യത്തെയും കൈക്കലാക്കുവാന്‍ സാധിക്കുമെന്നു തോന്നുന്നില്ല. തിരുവിതാംകൂറിന്‍റെ ആധുനിക സ്ഥിതിഗതികളെ സൂക്ഷ്മനിരീക്ഷണം ചെയ്തതിന്‍റെ ഫലമായി ഉണ്ടായിട്ടുള്ള ഒരു അഭിപ്രായം മാത്രമാണിത്. ഇവിടത്തെ നിയമസഭയില്‍ ഒരു സ്ത്രീമെമ്പറിനെ ഉദ്യോഗസ്ഥയെങ്കിലും നിയമിച്ചതോടു കൂടി വനിതാലോകത്തിന്‍റെ രാഷ്ട്രീയസ്വാതന്ത്ര്യ പ്രതിഷ്ഠാപനം പൂര്‍ത്തിയായി എന്ന് പലരും വിചാരിച്ചിരിക്കണം. എന്നാല്‍ അത് അബദ്ധമായി എന്ന് ഇക്കൂട്ടരും സമ്മതിക്കാതിരിക്കുന്നതല്ല. രാജ്യസേവനാവകാശം പുരുഷന്മാര്‍ക്കായിട്ടു മാത്രമുള്ളതല്ല. അതിനു സ്ത്രീകള്‍ക്കും അവകാശവും സ്വാതന്ത്ര്യവുമുണ്ട്. പാശ്ചാത്യവനിതകള്‍ അത് പ്രത്യക്ഷപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. അവരെ അനുകരിച്ചു പൗരസ്ത്യമഹിളാലോകവും ഈ അവകാശത്തിനായി പ്രയത്നം തുടങ്ങുകയും അതിന്‍റെ ഫലം അല്‍പ്പാല്‍പ്പമായി ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. തിരുവിതാംകൂര്‍, സ്ത്രീ വിദ്യാഭ്യാസ വിഷയത്തില്‍ എത്രയും ഉല്‍ക്കൃഷ്ടമായ സ്ഥാനത്തില്‍ പരിലസിക്കുന്നു. വിദ്യാവിശാരദകളായ സ്ത്രീകളുടെ സംഖ്യ ഇവിടെ ഒട്ടും കുറവല്ല. സമുദായനേതൃത്വത്തെ, രാഷ്ട്രീയമേധാവിത്വത്തെ വഹിക്കുന്നതിനു ശേഷിയും ശേമുഷിയുമുള്ള പുത്രിമാരുടെ മാതൃപദവിക്ക് വഞ്ചിമാതാവ് അര്‍ഹയായിട്ടാണ് പരിലസിക്കുന്നത്. ഈ സ്ഥിതിക്കു പ്രജാസഭ, നിയമസഭ, നഗരസഭകള്‍, പഞ്ചായത്തുസ്ഥാപനങ്ങള്‍ എന്നിവയിലെല്ലാം പ്രവേശിക്കുവാനും പൊതുസേവനം നടത്തുവാനും യോഗ്യതയും സാമര്‍ത്ഥ്യവുമുള്ള യോഷാരത്നങ്ങള്‍ ഇവിടെ അപൂര്‍വമല്ലെന്നു നിശ്ചയമായും പറയാം. പക്ഷേ, ഈ വസ്തുത സമ്മതിക്കുവാനോ സമ്മതിച്ചാലും തദനുസരണം പ്രവര്‍ത്തിക്കുവാനോ ഗവണ്‍മെന്‍റ് തയ്യാറാകുന്നില്ല എന്നു പറഞ്ഞാല്‍ മതിയല്ലോ. ഓരോ സമുദായക്കാരും തങ്ങളുടെ എണ്ണം കാണിച്ചു സര്‍ക്കാര്‍ സര്‍വീസിലും പൊതുസമിതികളിലും പ്രാതിനിധ്യം ആവശ്യപ്പെടുകയും ഗവണ്‍മെന്‍റ് അതിനെ സശിരകമ്പം സമ്മതിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അതേ ന്യായം തന്നെ ചൂണ്ടിക്കാണിക്കുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആ പ്രാതിനിധ്യനയം അംഗീകരിക്കുവാന്‍ ഗവണ്‍മെന്‍ററിന് ഒരുക്കമുള്ളതായി കാണപ്പെടുന്നില്ല. ഈ അവസരത്തില്‍ തിരുവിതാംകൂറിലെ സ്ത്രീജനങ്ങളോടു ഞങ്ങള്‍ക്ക് ഉപദേശിക്കുവാനുള്ളത് ഇത്രമാത്രമാണ്. നിങ്ങള്‍ ആലസ്യനിദ്രയില്‍ ഇനിയും കാലം കഴിച്ചുകൂട്ടരുത്. കണ്ണുതുറന്നു ലോകത്തിന്‍റെ യഥാര്‍ത്ഥ സ്ഥിതിഗതികള്‍ നിരീക്ഷണം ചെയ്ത് നിങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും എന്തെല്ലാമെന്നു മനസ്സിലാക്കുകയും അവയെ സമാര്‍ജിക്കുവാന്‍ ഒത്തു പരിശ്രമിക്കുകയും ചെയ്യുവിന്‍. മറ്റുള്ളവര്‍ നിങ്ങള്‍ക്കുവേണ്ടി വാദിച്ചു നിങ്ങളുടെ വീതം വാങ്ങിത്തരുമെന്ന് സ്വപ്നേപി വിചാരിക്കേണ്ട. ലോകത്തില്‍ ഒരിടത്തും അങ്ങനെ സംഭവിച്ചിട്ടുള്ളതായി ചരിത്രഗ്രന്ഥങ്ങള്‍ പ്രസ്താവിക്കുന്നില്ല. അതിനാല്‍ നിങ്ങള്‍ ഉണര്‍ന്നു രാഷ്ട്രീയസ്വാതന്ത്ര്യത്തിനായി പോരാടുവിന്‍.
ഉല്‍പ്പതിഷ്ണുക്കളായ പുരുഷന്മാരുടെ അനുഭാവവും ആനുകൂല്യവും ഇതില്‍ നിങ്ങള്‍ക്ക് നിശ്ചയമായും ഉണ്ടാകും. ഇത്തവണത്തെ പ്രജാസഭയില്‍ നിങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ലാതായി. വരുന്ന നിയമസഭയിലും ഈ അനുഭവം തന്നെ ഉണ്ടാകാതിരിക്കണമെങ്കില്‍ അതിനായിട്ടുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ ത്നെ ആരംഭിക്കേണ്ടതാണ്.
സ്ത്രീസ്വാതന്ത്ര്യത്തെപ്പറ്റി
അന്നാ ചാണ്ടി
(സഹോദരന്‍ വിശേഷാല്‍ പ്രതി. 1929,133-46)
ഈ കേസില്‍ പ്രധാനമായി ഞങ്ങള്‍ക്ക് വാദിക്കുവാനുള്ളത് ഈ അന്യായത്തിന് അശേഷം ഉത്തമവിശ്വാസം ഇല്ലെന്നുള്ളതാണ്. ഇത് ഇപ്പോള്‍ സ്ത്രീജനങ്ങള്‍ക്കനുകൂലമായി ഉണ്ടായ അധികൃതമനസ്ഥിതിയെ നശിപ്പിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി കൊണ്ടുവന്നിട്ടുള്ളതും ന്യായത്തിനും നീതിക്കും ചേരാത്തതുമാണ്. കൂടാതെ ഈ അന്യായത്തിന് കാലഹരണദോഷം ഉണ്ടെന്നാണ് ഞങ്ങള്‍ക്കുള്ള വേറൊരു ആക്ഷേപം. സുദീര്‍ഘമായ അന്യായത്തില്‍ നിന്ന് സ്ത്രീകള്‍ പുരുഷന്മാരുടെ ഗൃഹജീവിതസുഖത്തിനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഒരു കൂട്ടം ജീവികളാണെന്നും പരിശുദ്ധമായ അടുക്കളമന്ദിരങ്ങള്‍ക്ക് വെളിയിലുള്ള അവരുടെ ജീവിതം കുടുംബക്ഷേമത്തിന് ഹാനികരമാണെന്നും അതിനാല്‍ അവരുടെ ഉദ്യോഗസംരംഭങ്ങള്‍ എല്ലാം നാശഹേതുകമാണെന്നും കണ്ട് അതിനെ നിരോധിക്കണമെന്നുമാണ് അന്യായക്കാരന്‍റെ അത്യാവശ്യമെന്നു കാണാന്‍ കഴിയും.
“സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം അത്യാവശ്യമാണ്. യോഗ്യതയുള്ളവര്‍ക്കും ഉദ്യോഗങ്ങളിലും തൊഴിലുകളിലും പ്രവേശിക്കുവാന്‍ സൗകര്യം ഉണ്ടാകണം” എന്ന് അന്യായക്കാരന്‍ തന്നെ പൂര്‍വാപരവിരുദ്ധമായി സമ്മതിക്കുന്നു. പഞ്ജരസ്ഥരായ പൈങ്കിളികളെപ്പോലെ ഗൃഹാന്തര്‍ഭാഗങ്ങളില്‍ ജീവിതം കഴിച്ചുവന്നിരുന്ന സാധുസ്ത്രീകളെ അന്യായത്തില്‍ വര്‍ണിച്ചിരിക്കുന്ന മാതിരി പൗരസ്ത്യവിദ്യാഭ്യാസപരമായ ഒരു ശീലാവതിത്വത്തിന്‍റെ പാടെ നശിപ്പിക്കുന്ന പാശ്ചാത്യവിദ്യാഭ്യാസത്തിനായി ഫീസ് സൗജന്യം ചെയ്യുകയും ഒരു സ്ത്രീ ബി എ പാസ്സായാല്‍ ഉടന്‍ നൂറുരൂപാ ശമ്പളത്തില്‍ സര്‍ക്കാര്‍ ഉദ്യോഗത്തിന് ആക്കുകയും ചെയ്തിരുന്ന കാലത്ത് ഈ പരിഷ്കാരവാദികള്‍ എവിടെയായിരുന്നു എന്നാണ് ഞങ്ങള്‍ക്ക് ആദ്യമായി ചോദിക്കാനുള്ളത്. സ്ത്രീകളുടെ ഉന്നതവിദ്യാഭ്യാസത്തിന്‍റെ ആവശ്യഫലമാണ് ഇപ്പോഴത്തെ അവരുടെ തൊഴിലില്ലായ്മയും ഉദ്യോഗഭ്രമവും. വീട്ടിലിരിക്കേണ്ടവര്‍ സ്ത്രീകളാണെന്ന് സ്ഥാപിക്കുന്നതിന് വലിയ വ്യവഹാരം വേണ്ടെന്നു പ്രസംഗകര്‍ത്താവുതന്നെ വിധിച്ചിട്ടുണ്ട്. സ്ത്രീധര്‍മത്തെ പുകഴ്ത്തുന്നതിന് അദ്ദേഹം ശകുന്തളയുടെ ഉപന്യാസം മുതല്‍ ശങ്കരാചാര്യരുടെ വേദാന്തവ്യവഹാരം വരെ ഉദ്ധരിച്ചിട്ടും ഉണ്ട്. എന്നാല്‍ ഈ ധര്‍മത്തിന് അശേഷം ചേരാത്ത വിധത്തിലുള്ളതും പൗരസ്ത്യാ ദര്‍ശനഹ്ങളെ നശിപ്പിക്കുന്നതുമായ ഒരു വിദ്യാഭ്യാസ സരണിയില്‍ കൂടി കണ്ണുമടച്ചുകൊണ്ട് എന്തിന് വിദ്യാര്‍ത്ഥിനികളെ അടിച്ചുവിട്ടു.
കേരളത്തില്‍ സ്ത്രീ അടിമയല്ലാ എന്ന് എങ്ങിനെ പറയും? കേരളത്തില്‍ അധിവസിക്കുന്ന വിവിധ ജാതിമതസ്ഥരില്‍ സ്ത്രീകളുടെ നില പലവിധത്തില്‍ ആണ്. വൃഷലിയും വട്ടക്കുടയും ഓട്ടുവളകളും അന്തര്‍ഗൃഹങ്ങളുമായിക്കഴിയുന്ന അന്തര്‍ജനങ്ങള്‍, തൊണ്ടക്ക് മുഴയില്ലാത്തതിനാല്‍ ആത്മാവില്ലാത്ത കൂട്ടമെന്ന് അപഹസിക്കപ്പെട്ട് ഗോഷാവലയത്തില്‍ നിത്യനരകമനുഭവിക്കുന്ന മുഹമ്മദീയ സഹോദരികള്‍, മണ്ണുവാരിക്കളിക്കുന്ന ഇളം പ്രായത്തില്‍ വിവാഹബന്ധത്തില്‍പ്പെട്ടു താരുണ്യത്തില്‍ പ്രവേശിച്ചു യൗവനത്തില്‍ കാലൂന്നുമ്പോഴേക്കും വൈധവ്യം സംഭവിച്ചു മൊട്ടച്ചികളായി ജീവിതത്തെ പഴിച്ചു കഴിയുന്ന ബ്രാഹ്മണ ബാലികമാര്‍, സ്ത്രീധനമേര്‍പ്പാടിന്‍റെ കാര്‍ക്കശ്യത്താല്‍ ആജീവനാന്തം ശപിക്കപ്പെട്ടവരായി കഴിയുന്ന ക്രിസ്തീയ വനിതകള്‍, ഇവരൊക്കെ കേരളത്തില്‍ അധിവസിക്കുന്ന അടിമകള്‍ തന്നെ. ഇനിയും മരുമക്കത്തായ കുടുംബങ്ങളിലെ ഗൃഹചക്രവര്‍ത്തിനികളുടെ കാര്യവും ഒന്നു പരിശോധിക്കാം. രാഷ്ട്രീയപരിവര്‍ത്തനങ്ങളുടെയോ, സാമൂഹ്യവിപ്ലവത്തിന്‍റെയോ അനന്തരഫലമായി യാദൃച്ഛികമായി ഉണ്ടായ സമുദായ സ്ഥിതി എന്നല്ലാതെ മരുമക്കത്തായം സ്ത്രീസ്വാതന്ത്ര്യക്കൊടിയാണെന്ന് പറയുന്നതില്‍ വലിയ അര്‍ത്ഥമൊന്നുമില്ലെന്ന് അനുഭവസ്ഥര്‍ക്ക് അറിയാം. വിവാഹവിഷയത്തില്‍ എന്ത് സ്വാതന്ത്ര്യമാണ് ഈ സാധു സഹോദരികള്‍ അനുഭവിച്ചിരുന്നത്. അമ്മാവന്‍റെയോ സഹോദരന്‍റെയോ ദുരാഗ്രഹത്തിന്‍റെ ഫലമായി ആലോചിച്ചുറച്ച വിവാഹത്തില്‍ ”Yours is not to reason why, yours is to do and die” എന്നുള്ള സുഗ്രീവാജ്ഞക്കധീനരായി ദുരന്തജീവിതം അനുഭവിക്കുന്ന സഹോദരികള്‍ ഇല്ലെന്നാണോ പ്രസംഗകര്‍ത്താവ് വാദിക്കുന്നത്. വസ്തുവകകള്‍ സ്ത്രീകളുടെ സന്താനങ്ങള്‍ക്കു മാത്രമേ ഉള്ളൂ എന്നഭിമാനിക്കുന്ന സ്ത്രീകള്‍ എന്തു സ്വാതന്ത്ര്യമാണ് യഥാര്‍ത്ഥത്തില്‍ അനുഭവിച്ചിരുന്നത്. അമ്മാവനോ, സഹോദരനോ ഒപ്പുവെക്കുവാന്‍ പറയുന്നിടത്ത് ഒപ്പുവെച്ച് സ്വത്തനുഭവിക്കുന്ന ഏര്‍പ്പാടാണ് സാധാരണ കണ്ടുവരുന്നത്. ഏതായാലും ഈ ദായക്രമം കാലോചിതമല്ലെന്ന് കണ്ട് സമുദായാഭിമാനികള്‍ മാറ്റിവച്ചിരിക്കുന്ന സ്ഥിതിക്കു മരുമക്കത്തായ ക്രമത്തെ സ്ത്രീസ്വാതന്ത്ര്യത്തിന്‍റെ അഭിമാനസ്തംഭമാക്കാന്‍ ഒന്നുമില്ല. നായര്‍ സുദായത്തിലെ സ്ത്രീകള്‍ക്ക് അവശ്യം വേണ്ട സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നാണ് എന്‍റെ വിനീതമായ അഭിപ്രായം. അഥവാ എന്‍റെ അഭിപ്രായത്തിനു വിലയില്ലെന്നു വന്നാല്‍ ഞങ്ങളുടെ ഭാഗം സാക്ഷിയായി സുപ്രസിദ്ധ സമുദായനേതാവായ ശ്രീമാന്‍ മന്നത്തുപദ്മനാഭപിള്ളയെത്തന്നെ ഞങ്ങള്‍ക്കു വിസ്തരിക്കണം. സ്വാതന്ത്ര്യം അനുഭവിക്കുന്നതായി പ്രബന്ധകര്‍ത്താവ് ചിത്രീകരിച്ചിരിക്കുന്ന മരുമക്കത്തായ കുടുംബത്തിലെ സ്ത്രീകള്‍ക്ക് അത്യാവശ്യമായ സമുദായോദ്ധാരണശ്രമങ്ങളില്‍ പങ്കുകൊള്ളുവാന്‍ യഥേഷ്ടം സാധിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം സത്യത്തിന്മേല്‍ മൊഴികൊടുക്കട്ടെ. ഈയിടെ ഗാന്ധിജിയുടെ ജന്മദിനം ആഘോഷിച്ച ഒരു ഗ്രാമപ്രദേശത്തുവച്ച് എനിക്ക് മരുമക്കത്തായ കുടുംബത്തിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെപ്പറ്റി സ്വല്‍പ്പം ഒരറിവുണ്ടായി. സ്ത്രീകളോട് രണ്ടുവാക്ക് സംസാരിക്കുവാനായി യോഗം ഭാരവാഹികളുടെ അനുപേക്ഷണീയമായ നിര്‍ബന്ധംമൂലം ഇറങ്ങിപ്പുറപ്പെട്ട എനിക്ക് ആ വിശാലമായ ഹാളില്‍ ഒറ്റ പെണ്‍കുഞ്ഞിനെപ്പോലും കാണാനിടയായില്ല. കാര്യം അന്വേഷിച്ചപ്പോള്‍ ഉത്സവത്തിനും മറ്റും പോകുമെങ്കിലും ആ സ്ഥലത്തുള്ള സ്ത്രീകളെ പൊതുയോഗങ്ങളില്‍ ഹാജരാകാന്‍ പുരുഷന്മാര്‍ സമ്മതിച്ചു തുടങ്ങിയിട്ടില്ലെന്ന് അറിഞ്ഞു. സ്ത്രീകളുടെ സ്വാതന്ത്ര്യചരിത്രം ഈ വിധത്തില്‍ ഇരിക്കുമ്പോള്‍ അവരെ ഗൃഹസാമ്രാജ്യചക്രവര്‍ത്തിനികള്‍ എന്നോ, ആരാധ്യദേവതമാരെന്നോ നാമകരണം ചെയ്യുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. ഉത്സവത്തിനു ഹാജരായി തിക്കും തിരക്കും അനുഭവിക്കുന്ന ഈ ചക്രവര്‍ത്തിനിമാര്‍ക്ക് ആവക അസുഖങ്ങളൊന്നും ഉണ്ടാവാനിടയില്ലാത്ത പരസ്യയോഗങ്ങളില്‍ സംബന്ധിക്കുന്നതിനു സ്വാതന്ത്ര്യമില്ലെന്നു വെച്ചാല്‍ ഈ ചക്രവര്‍ത്തിനിപദവികൊണ്ടുള്ള പ്രയോജനമെന്ത്?
സ്ത്രീകളെ ദേവന്മാരെപ്പോലെ പൂജിക്കുന്നു എന്നും ഭാരതപിതാവിനെയല്ല ഭാരതമാതാവിനെയത്രെ എല്ലാവരും ആരാധിക്കാറുള്ളത് എന്നും പ്രസംഗകര്‍ത്താവ് പ്രശംസിച്ചിരിക്കുന്നു. സ്ത്രീകള്‍ ദേവിയായി ആരാധിക്കപ്പെടാതെ വെറും മനുഷ്യജീവികള്‍ എന്ന നിലയില്‍ മാത്രം കരുതപ്പെട്ടാല്‍ മതിയാകും എന്നാണ് എന്‍റെ ആഗ്രഹം. ദേവിയായി ആരാധിച്ചു സ്ത്രീയെ അബദ്ധത്തില്‍ അധഃപതിച്ചിട്ടു പുരുഷന്‍ എന്താണ് ചെയ്യുക? സാധുസ്ത്രീയെ ദുരന്തദുരിതത്തില്‍ തള്ളിയും വെച്ച് സമര്‍ത്ഥരായ പുരുഷന്മാര്‍ പുരുഷനിര്‍മിതമായ സമുദായനീതിയില്‍ അഭയം പ്രാപിക്കുന്നു. അസാന്മാര്‍ഗികാചാരത്തില്‍ പെട്ടാല്‍ സ്ത്രീ നിത്യനരകത്തിലും പുരുഷന്‍ പരിശുദ്ധനിലയത്തിലുമിരിക്കുന്നു. ഇതാണ് ദേവിയായി ആരോധിക്കപ്പെട്ടാലുള്ള വൈഷമ്യം.
“അത്യാവശ്യമായ പരിഷ്കാരം” പ്രബന്ധത്തിന്‍റെ രത്നച്ചുരുക്കം വിവാഹിതകള്‍ക്കു സര്‍ക്കാര്‍ ഉദ്യോഗം കൊടുക്കരുതെന്നും ഉദ്യോഗം വേണമെങ്കില്‍ സ്ത്രീകള്‍ അവിവാഹിതകളായി ഇരിക്കണമെന്നും ആണല്ലോ. ഈ ഒരു അപ്രമേയചിന്താശകലം സ്ഥാപിച്ചിരിക്കുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്. അവയെ ഓരോന്നായി പരിശോധിക്കാം.
1. സ്ത്രീ കഷ്ടപ്പെട്ടു സമ്പാദിച്ചു കൊണ്ടുവന്ന ആദായം സ്വീകരിക്കുവാന്‍ അഭിമാനമുള്ള പുരുഷന് സാധിക്കയില്ലെന്നുള്ളതാണ് ഒരു കാരണം. എത്ര അഹങ്കാരദ്യോതകമായ ഒരു അസമത്വചിന്തയാണ് ഇതില്‍ അന്തര്‍ഭവിച്ചിരിക്കുന്നത്. അഭിമാനം പുരുഷന്മാര്‍ക്ക് മാത്രമേയുള്ളൂ പോലും. പുരുഷന്‍റെ സുഖദുഃഖങ്ങളില്‍ പങ്കുകാരിയായിരിക്കേണ്ട ഭാര്യ ചിലപ്പോള്‍ മേലുദ്യോഗസ്ഥന്‍റെ കാരുണ്യലേശമില്ലാത്ത ദുഷ്പ്രവൃത്തിയില്‍ ഹൃദയം നീറിയും ചിലപ്പോല്‍ ദേഹസുഖമില്ലാതെയും ഭര്‍ത്താവ് കഷ്ടപ്പെട്ടു സമ്പാദിച്ചുകൊണ്ടുവരുന്നതിനെ മാനമറ്റ മനുഷ്യകീടംപോലെ അടുക്കളയില്‍ ഇരുന്ന് തിന്നു മുടിക്കമമെന്നാണോ പറയുന്നത്. ആവശ്യത്തിനുള്ള അഭിമാനം രണ്ടുകൂട്ടര്‍ക്കും വേണം. അങ്ങനെയായാല്‍ ആര്‍ക്കും അഭിമാനഹാനിയുണ്ടാകുകയില്ലല്ലോ.
2. വിവാഹിതകള്‍ക്കു ഉദ്യോഗം പാടില്ലെന്നുള്ള ഈ കലിയുഗ “മനുസ്മൃതി” ക്കുള്ള വേറൊരു ന്യായം ഉദ്യോഗസ്ഥരായ സ്ത്രീപുരുഷന്മാര്‍ വൈകീട്ടു വീട്ടില്‍ വരുമ്പോള്‍ ക്ഷീണവും പ്രക്ഷീണവുമായ രണ്ടു വ്യക്തികളുടെ സമാഗമം കൊണ്ടുള്ള അസുഖം അവര്‍ അനുഭവിക്കേണ്ടിവരും എന്നുള്ളതാണ്. ഈ അഭിപ്രായം എത്രകണ്ട് ആദരണീയമാണെന്ന് ഇവിടെ ചിന്തിക്കേണ്ടതില്ലെങ്കിലും ഒന്നുരണ്ടു വാക്കും അതേപ്പറ്റി പറയേണ്ടിയിരിക്കുന്നു. പ്രബന്ധകര്‍ത്താവിന്‍റെ ദൃഷ്ടാന്തത്തിലെ പുരുഷന്‍പേഷ്ക്കാരുടെ ഭാര്യ ഡോക്ടര്‍ ആയതോ, സ്ത്രീ ഡോക്ടറുടെ ഭര്‍ത്താവ് പേഷ്ക്കാരായതോ എന്ന് അറിയാന്‍ നിവൃത്തിയില്ല. ഭര്‍ത്താവിന്‍റെ വൈകുന്നേരത്തുള്ള സമാഗമത്തില്‍ ഭാര്യ ചെരുപ്പൂരി വിയര്‍പ്പ് തുടച്ചു ശുശ്രൂഷിക്കുന്നതിന് വീട്ടില്‍ ഇല്ലെന്നുള്ള അസൗകര്യം തോന്നാത്തവരും ഭാര്യയുടെ അധ്വാനഫലമായ ശമ്പളവും കൂടി തട്ടിച്ചുനോക്കിയാല്‍ തന്‍റെ ശമ്പളമാണ് കൂടുതല്‍ ആകര്‍ഷണീയമെന്നു തോന്നുന്നവരുമായ ഭര്‍ത്താക്കളായിരിക്കണം ഭാര്യമാരെ ഉദ്യോഗത്തിനയക്കുന്നതും. അതുകൊണ്ട് ഈ ആക്ഷേപം വെറും ബാലിശമായ ഒന്നു മാത്രമാണ്.
ഉദ്യോഗസ്ഥലത്തുനിന്നു തന്നെ ചീട്ടുകളി ക്ലബിലേക്ക് യാത്രയായി, പലവിധ ആനന്ദാനുഭൂതിയും കഴിഞ്ഞ് കോഴി കൂകുമ്പോള്‍ വീട്ടില്‍ വരുന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് ലേഡി ഡോക്ടര്‍മാര്‍ തന്നെ വേണം ഭാര്യമാരാകാന്‍. നേരെ മറിച്ച് വിവിധ ഉദ്യോഗങ്ങളില്‍ നിന്ന് തിരിച്ചെത്തി അവരുടെ അനുഭവങ്ങളെപ്പറ്റി വാദപ്രതിവാദം കഴിച്ചു ഭാര്യാഭര്‍ത്താക്കന്മാര്‍ യഥാര്‍ത്ഥ സഹധര്‍മചാരികളായി കവിക്കുന്നതിലെന്താണാക്ഷേപം? ഉദ്യോഗസ്ഥയായ ഭാര്യയോട് വിസ്കിയുടെ നാറ്റം യൂക്കാലിപ്റ്റസിന്‍റെ വാസനയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുകയില്ലായിരിക്കാം. ഭര്‍ത്താവിന്‍റെ രാത്രി സഞ്ചാരം ഉദ്യോഗത്തിന് ആവശ്യമുല്ല കൃത്യനിര്‍വഹണമാണെന്ന് പറഞ്ഞാല്‍ ചെല്ലുകയില്ലായിരിക്കും. രണ്ടുപേര്‍ക്കും സാമ്പത്തികസ്വാതന്ത്ര്യമുല്ലപ്പോള്‍ ഒരാളിന്‍റെ മര്‍ദ്ദനപരമായ കലഹങ്ങളും സുഗ്രീവാജ്ഞകളും സാധിക്കുകയില്ലായിരിക്കാം. അതുകൊണ്ട് ഭാര്യയെ ഉദ്യോഗത്തിനയക്കുന്ന ഭര്‍ത്താവ് സദ്വൃത്തനും സ്ത്രീയെ സഖിയായി കരുതുന്ന ആളും ആകേണ്ടി വരുന്നു. ഇത് ലോകനന്മയ്ക്ക് ഹാനികരമോ?
ഭാര്യയും ഭര്‍ത്താവും പണം സമ്പാദിച്ചാല്‍ അത് യമുനാഗംഗാപ്രവാഹംപോലെ ഒരു വീട്ടില്‍ തന്നെ ക്രമത്തിലധികം ധനം വന്നുചേരുവാന്‍ ഇടയാക്കുമെന്നുള്ളതാണ് പ്രസംഗത്തിന്‍റെ വേറൊരു ആക്ഷേപം. അഹോ! എന്തൊരു സ്ഥിതിസമത്വവാദം! ഈ വാദം പുരുഷന്മാരുടെ ഉദ്യോഗദാനവിഷയത്തിലും അവലംബിച്ചിരുന്നു എങ്കില്‍ ലക്ഷോപലക്ഷത്തിന്‍റെ ഏകാവകാശിയും ദാരിദ്ര്യദേവതയുടെ ഉത്തമഭക്തന്‍റെ പ്രഥമസന്താനവും കൂടി ഒരു സര്‍ക്കാരുദ്യോഗത്തിന് അപേക്ഷിച്ചാല്‍ ധനികന്‍റെ മകന് ഉദ്യോഗത്തിനാവശ്യമില്ലെന്നും ഉദ്യോഗം ആവശ്യമുള്ളത് ദരിദ്രനാണെന്നും ഇതുവരെ ആരെങ്കിലും വാദിച്ചിട്ടുണ്ടോ? അതനുസരിച്ചാണോ ഉദ്യോഗദാനം ചെയ്തവരുന്നത്. അങ്ങനെ ഒരു “ബാള്‍ഷേവിക്ക്” അഭിപ്രായം നാട്ടില്‍ പരക്കുന്ന കാലത്ത് മാത്രമേ യമുനാഗംഗാപ്രവാഹത്തെ ഭയപ്പെടാനുള്ളൂ. യഥാര്‍ത്ഥത്തില്‍ 10 രൂപാക്കാരന്‍റെ ഭാര്യ 15 രൂപ ശമ്പളമുള്ള ക്ലാര്‍ക്കായാല്‍ 25 രൂപ മാത്രമെ ഒരു കുടുംബചെലവിനു കിട്ടുന്നുള്ളൂ. ഇതില്‍ ഭയപ്പെടത്തക്ക ധനാധിക്യം എന്തിരിക്കുന്നു. ഇതും വെറും അര്‍ത്ഥമില്ലാത്ത ഒരു വാദമായിട്ടാണ് എനിക്ക് തോന്നുന്നത്.
സ്ത്രീകള്‍ ഉദ്യോഗത്തിനു പോയാല്‍ അവരുടെ കുഞ്ഞുങ്ങളെ ശരിയായി പരിചരിക്കാന്‍ സാധിക്കുകയില്ലെന്നാണ് വേറൊരാക്ഷേപം. പ്രഥമദൃഷ്ടിയില്‍ ഇതില്‍ അല്‍പ്പം വാസ്തവമുണ്ടെന്ന് തോന്നിയാലും സൂക്ഷ്മം ആലോചിച്ചാല്‍ സ്ത്രീകളെ ഉദ്യോഗഗത്തില്‍ നിന്നകറ്റി നിര്‍ത്തത്തക്ക ന്യായമല്ല ഇതെന്നു കാണാം. ശിശുപരിചരണത്തില്‍ അമ്മയുടെ സാന്നിധ്യം ഒഴിച്ചുകൂടുവാന്‍ പാടില്ലാത്തത് പ്രവസവശേഷമുള്ള കുറച്ചുകാലം മാത്രമാണ്. സ്കൂളിലയച്ചു തുടങ്ങിയാല്‍ പിന്നെ അടുക്കളമൂര്‍ത്തികളായവരുടെ കുട്ടികള്‍ക്കുപോലും മാതൃപരിചരണം രാത്രി മാത്രമേ ലഭിക്കുന്നുള്ളൂ. ഉദ്യോഗസ്ഥകള്‍ക്കും അനുദ്യോഗസ്ഥകള്‍ക്കും ആവശ്യത്തിനുള്ള ശിശുപരിചരണം സാധ്യമാണെന്നാണ് എനിക്ക് തോന്നുന്നത്. അഥവാ സ്വല്‍പ്പം കുറഞ്ഞുപോയാലും അത് രാജ്യനന്മയ്ക്ക് നല്ലതാണെന്നാണ് എന്‍റെ അഭിപ്രായം. രമ്യഹര്‍മ്യങ്ങളിലെ ഹംസതൂലികാശയ്യയില്‍ കിടത്തി കമ്പിളിത്തുണികളില്‍ പൊതിഞ്ഞു സദാസമയവും തീറ്റിക്കൊഞ്ചിക്കുന്ന ശിശുക്കളെയും കാലത്തെ വല്ലടത്തും തള്ളിയും വെച്ചു പാടത്തുപോകുന്ന കൃഷീവലദമ്പതിമാരുടെ ശിശുക്കളെയും തമ്മില്‍ താരതമ്യപ്പെടുത്തിയാല്‍ കൂടുതല്‍ ദേഹദൈര്‍ഢ്യവും ആരോഗ്യവും ആര്‍ക്കാണെന്ന് ബോധ്യമാകും. ശിശുസംരക്ഷണത്തില്‍ നാം അനാവശ്യമായി ശ്രദ്ധിക്കാതിരുന്നെങ്കില്‍ ഇന്ന് തള്ളയുടെ പാല്‍ കുടിച്ചുവളരുന്ന ഭാരതീയര്‍ പരിചാരികയുടെ സംരക്ഷണയില്‍ വളരുന്ന ഒരു പാശ്ചാത്യ ജാതിയുടെ അടിമകളാകില്ലായിരുന്നു. വെള്ളക്കാരുടെ അഞ്ചു വയസ്സായ ഒരു കുട്ടിയുടെ സാഹസബുദ്ധിയും ക്ലേശസഹിഷ്ണുതയും അടുക്കളജീവികളായ നമ്മുടെ 50 കുട്ടികള്‍ക്ക് പോലും ഇല്ലാതെയാണ് കാണുന്നത്. പ്രസംഗകര്‍ത്താവ് പിപീലികാദി ജന്തുലോകത്തിലേക്ക് ഉദാഹരണത്തിനിറങ്ങിയ സ്ഥിതിക്ക് ഞാനും പ്രകൃതി ലോകത്തിലേക്ക് ഒന്നു കണ്ണോടിച്ചുകൊള്ളട്ടെ. പ്രസവിച്ചു കുറച്ചുകാലം കഴിഞ്ഞാല്‍ ഒരു പശു അതിന്‍റെ കിടാവിനെ കുത്തി ഓടിക്കുന്നതു പലരും കണ്ടിരിക്കും. ഇതിന്‍റെ അര്‍ത്ഥം എന്താണ്? ‘സംരക്ഷിക്കുന്ന കാലം കഴിഞ്ഞു തന്നത്താല്‍ കരുതിക്കൊള്ളുക, ഭക്ഷണം തേടിക്കൊള്ളുക എന്നാണ് തള്ളപ്പശു പ്രസംഗിക്കുന്നത്. അതുപോലെതന്നെ ഏതാണ്ട് നിസ്സഹായാവസ്ഥയില്‍ നിന്ന് ഒരു ശിശുവിനെ കരകയറ്റണമെന്നുള്ള ഉത്തരവാദിത്വമേ മാതാപിതാക്കന്മാര്‍ക്കുള്ളൂ എന്ന് നാം വിചാരിച്ചാല്‍ നമ്മുടെ കുട്ടികള്‍ സ്വാശ്രയശക്തിയുള്ളവരും ബിഎ പരീക്ഷാഫലത്തിനു കമ്പി കിട്ടുമ്പോള്‍ ഹൃദയം സ്തംഭിച്ചു മരിച്ചുപോകാത്തവരും ആകും. മാതാവിന്‍റെ ആരോഗ്യസ്ഥിതിയോ പിതാവിന്‍റെ സംരക്ഷണശക്തിയോ മൂത്തകുട്ടിയുടെ പരിചരണസൗകര്യമോ സ്വപ്നത്തില്‍പോലും ഓര്‍ക്കാതെ പ്രവര്‍ത്തിക്കുന്ന മാതാപിതാക്കന്മാരുടെ ക്രൗര്യവും മാതാവിന്‍റെ ഉദ്യോഗകാലത്തുള്ള പരിചാരികയുടെ ശിശുസംരക്ഷണത്താല്‍ ഉണ്ടാകുന്ന ചില്ലറ ദൂഷ്യവും തമ്മില്‍ ഏതാണ് സമുദായത്തിന് കൂടുതല്‍ ഹാനികരമെന്ന് സന്താനനിയന്ത്രണവാദികള്‍ തന്നെ തീര്‍ച്ചപ്പെടുത്തട്ടെ. അഥവാ തങ്ങളുടെ ഉദ്യോഗസൗകര്യത്തെ ഓര്‍ത്ത് മാതാപിതാക്കന്മാര്‍ സ്വല്‍പ്പം ഒരു ആത്മസംയമനതപസ്സ് ചെയ്താല്‍ അതില്‍ ആക്ഷേപയോഗ്യമായി എന്താണുള്ളത്. അതുകൊണ്ട് ശിശുസംരക്ഷണത്തിനായി മാത്രം സ്ത്രീകള്‍ വീട്ടിലിരുന്ന് നരകിക്കണമെന്ന് ശഠിക്കരുത്. മാതൃസ്നേഹം അതിരു കവിഞ്ഞുള്ളവര്‍ ഒരു കാലത്തും കുട്ടികളെ വെടിഞ്ഞ് ഉദ്യോഗത്തിനു പോവാന്‍ ഇടയില്ല. ചുരുക്കത്തില്‍ യാതൊരു സ്ത്രീയേയും അവളുടെ ആഗ്രഹത്തിനും ദേഹപ്രകൃതിക്കും ശക്തിക്കും വിരോധമായി ഉദ്യോഗത്തിനു വിടരുതെന്നാണ് എന്‍റെയും അഭിപ്രായം. എന്നാല്‍ യോഗ്യതയുള്ളവര്‍ക്ക് ഉദ്യോഗം ആവശ്യമുള്ളവര്‍ക്ക് സ്ത്രീ എന്നോ വിവാഹിതയെന്നോ ഉള്ള ഒരു കാരണം കൊണ്ടുമാത്രം ഉദ്യോഗം കൊടുക്കുവാന്‍ പാടില്ല എന്ന് വാദിക്കരുതെന്നേ എനിക്കു ശാഠ്യമുള്ളൂ. വിവാഹിതകളായ ചില സ്ത്രീകള്‍ക്ക് ഉദ്യോഗം അത്യാവശ്യമായി വന്നേക്കും. രോഗശയ്യാവലംബിയായ ഭര്‍ത്താവിനേടും പ്രിയ ശിശുക്കളേയും സംരക്ഷിക്കുവാന്‍ സ്ത്രീയുടെ ശമ്പളം കൊണ്ടേ സാധിക്കുകയുള്ളൂ എന്ന ഘട്ടം വരുമ്പോള്‍ സ്ത്രീ വിവാഹിതയായതുകൊണ്ട് ഉദ്യോഗം കൊടുക്കുകയില്ല എന്ന് അധികൃതര്‍ ശഠിച്ചാല്‍ അതെത്ര മര്‍മഭേദകമായി തോന്നും. അതു പാടില്ല. ഉദ്യോഗസ്ഥസ്വാതന്ത്ര്യം വിവാഹിതാവിവാഹിതഭേദം കൂടാതെ യോഗ്യതയുള്ള സ്ത്രീകള്‍ക്കെല്ലാം ആവാം എന്നു സ്ഥാപിക്കണം.
വിവാഹിതകളായ എത്ര മാന്യകളാണ് അവര്‍ക്കുള്ള ഉദ്യോഗം കൊണ്ട് കുടുംബം പുലര്‍ത്തിപ്പോകുന്നത്. വഞ്ചിരാജ്യത്തിലെ അധര്‍മ്മത്തോടുള്ള പോരാട്ടത്തില്‍ നാടുകടത്തല്‍ശിക്ഷ അനുഭവിച്ച ആ സുപ്രസിദ്ധദേശാഭിമാനിയുടെ കുടുംബത്തെ ആരുടെ ശമ്പളമാണ് അതിമാന്യമായ നിലയില്‍ ആക്കിയത്? വിവാഹിതകള്‍ക്ക് ഉദ്യോഗമില്ലെന്ന് അധികൃതര്‍ ശഠിച്ചെങ്കില്‍ ഈ വിധത്തില്‍ ഉള്ള കുടുംബസംരക്ഷണം ആരാധ്യയായ ആ പതിവ്രതാ രത്നത്തിന് സാധിക്കുമായിരുന്നോ? മദ്രാസ് നിയമനിര്‍മ്മാണ സഭയിലെ ഡെപ്യൂട്ടി പ്രസിഡന്‍റ് മിസ്സിസ് മുത്തുലക്ഷ്മി റഡ്ഡിയും വിവാഹിതയാണെന്നുള്ളതുകൊണ്ട് നല്ല അയോഗ്യതയും അവര്‍ക്ക് വന്നിട്ടുണ്ടോ? പ്രസംഗകര്‍ത്താവുപോലും ദേവിയെന്നു പുകഴ്ത്തുന്ന ആ ഭാരതകോകിലം തന്‍റെ കത്തിജ്വലിക്കുന്ന ദേശാഭിമാന്യതയെ പാശ്ചാത്യരാജ്യം മുഴുവനും പരത്തി ഭാരതമാതാവിനെ സന്തുഷ്ടയാക്കുന്ന ശ്രീമതി സരോജിനി നായിഡു വിവാഹിതയും മാതാവും അല്ലയോ? ബലവത്തായ അടുക്കള അഴികളില്‍ ബന്ധിക്കപ്പെട്ടിരുന്നുവെങ്കില്‍ ഈ ശ്രീമതിക്ക് ഭാരതീയ പുരുഷപുംഗവന്മാര്‍ക്കുപോലും അപ്രാപ്യമായ രാഷ്ട്രീയ ഔന്നത്യത്തെ പ്രാപിക്കുവാന്‍ സാധിക്കുമായിരുന്നോ? ലോകത്തിലെ സുപ്രസിദ്ധകളായ മാന്യമഹിളാരത്നങ്ങള്‍ ആരും വിവാഹിതകളെന്നും പറഞ്ഞ് അടുക്കള അഴികളില്‍ ബന്ധിക്കപ്പെട്ടവരല്ല. അപ്രതീക്ഷിതമായ ശക്തിയോടുകൂടി പാഞ്ഞുവരുന്ന സ്ത്രീ സ്വാതന്ത്ര്യപ്രവാഹത്തെ അടുക്കളവാദച്ചിറകെട്ടി തടുക്കുവാന്‍ സാധിക്കുകയില്ലതന്നെ. തിരുവിതാംകൂര്‍ കൊച്ചി നിയമസഭാ സാമാജികകളായ ശ്രീമതിമാരും വിവാഹിതകളല്ലയോ? ആരാധ്യമായ പൊതുജനസേവകൊണ്ടും അത്ഭുതമായ വൈദ്യശാസ്ത്ര പ്രവീണതയാലും പ്രകീര്‍ത്തിനികളായ ശ്രീമതി ചിന്നമ്മയും മിസ്സിസ് ലൂക്കോസും ഭര്‍ത്തൃമതികലാകകൊണ്ട് രാജ്യത്തിനെന്തു ദോഷം വന്നു. സര്‍വോപരി സന്താനവതികളായ സ്ത്രീകള്‍ക്ക് മാതൃത്വപദവിയും രാഷ്ട്രീയജീവിതവും യഥായോഗ്യം നടത്തുവാന്‍ സാധിക്കുമെന്ന് നാം ആരുടെ തിരുനാള്‍ ആഘോഷത്തിനു സന്നദ്ധരായിരിക്കുന്നുവോ ആ മഹാമനസ്വിനിയായ മഹാറാണി റീജന്‍റ് തിരുമനസ്സിലെ ജീവിതദൃഷ്ടാന്തം തന്നെ തെളിയിച്ചു തരുന്നില്ലയോ? അതിനാല്‍ വിവാഹിതയാണെന്നും പറഞ്ഞ് ഒരു സ്ത്രീയെയും അടുക്കളയിലടയ്ക്കുവാന്‍ ശ്രമിക്കാതെ ഉദ്യോഗസ്വാതന്ത്ര്യവും ധനസമ്പാദനത്തിനുള്ള മാര്‍ഗങ്ങളും വിവാഹിതാവിവാഹിതഭേദം കൂടാതെ എല്ലാ സ്ത്രീകള്‍ക്കും കൊടുക്കുക. ആവശ്യവും സൗകര്യവും ശക്തിയും ഉള്ളവര്‍ ഉദ്യോഗത്തിനായി പൊയ്ക്കൊള്ളും. അല്ലാത്തവര്‍ അവരുടെ പുത്രവാത്സല്യത്തിന്‍റെ തോതനുസരിച്ച് പ്രവര്‍ത്തിച്ചുകൊള്ളും. ഭാര്യ ഉദ്യോഗത്തിനു പോകുന്നത് കുടുംബത്തിന് ദോഷമാണെന്ന് കരുതുന്ന ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ ഭാര്യമാരെ ഉദ്യോഗത്തിന് അയക്കേണ്ട. കൂടാതെ വിവാഹിതയയായ ഉദ്യോഗസ്ഥയ്ക്ക് അവിവാഹിതയായ ഉദ്യോഗസ്ഥയേക്കാള്‍ പുരുഷ സഹായം കൊണ്ടുള്ള മേന്മയും ഉണ്ട്. കോളേജ് ക്ലാസ്സില്‍ പഠിപ്പിക്കുന്ന സ്ത്രീ അധ്യാപികയുടെ ഭര്‍ത്താവ് ബി എ ക്ലാസ്സില്‍ പഠിപ്പിക്കുന്ന ഒരു പ്രൊഫസറാണെങ്കില്‍ അധ്യായനവിഷയത്തില്‍ ഭര്‍ത്താവിന്‍റെ സഹായം ഭാര്യക്കു ലഭിക്കയില്ലയോ. ഒരു ലേഡി ഡോക്ടറുടെ ഭര്‍ത്താവും ഒരു ഡോക്ടര്‍ ആണെങ്കില്‍ അവിവാഹിതയായ ലേഡി ഡോക്ടറെക്കാള്‍ ദീനചികിത്സയില്‍ വിവാഹിതയ്ക്കല്ലയോ സാമര്‍ത്ഥ്യം അധികമുണ്ടാകുക. ഇങ്ങനെ പലതും പറയാന്‍ കാണും. ചുരുക്കത്തില്‍ ഭാര്യയെ ഉദ്യോഗത്തിന് അയക്കുന്നത് ഭര്‍ത്താവിന്‍റെ സമ്മതത്തോടുകൂടിയാകാനേ തരമുള്ളൂ. ആ ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരവിശ്വാസത്തോടു ജീവിതം കഴിച്ചാല്‍ എന്തു ഗൃഹഛിദ്രമാണുണ്ടാകാനുള്ളത്. ഏതു സാമുദായിക വിപ്ലവമാണ് ഭയപ്പെടാനുള്ളത്. എന്തു വര്‍ഗീയ മത്സരമാണ് ഭാവിയില്‍ ദര്‍ശിക്കാനിടയുള്ളത്.
സ്ത്രീകള്‍ ഉദ്യോഗത്തിനു പോയാല്‍ വന്നുകൂടുന്ന വേറൊരു വൈഷമ്യം അവരുടെ ഉദ്യോഗമേലധ്യക്ഷനേയും അദ്ദേഹത്തിന്‍റെ വിദ്യാവിഹീനയായ ഭാര്യയെയും ആദരിക്കേണ്ടതില്‍ ബി എ ബിരുദധാരിണികള്‍ക്ക് നേരിടാവുന്ന അപമാനമാണുപോലും. മേലുദ്ധ്യോഗസ്ഥയായ ഒരു സ്ത്രീയുടെ വിദ്യാവിഹീനനായ ഭര്‍ത്താവിനെ ആദരിച്ചു നമസ്കരിക്കുന്നതില്‍ പുരുഷനു നേരിടുന്ന അഭിമാനഹീനതയില്‍ സ്ത്രീകളും പങ്കുകൊള്ളുകയല്ലെ എന്നോര്‍ത്തു ഞങ്ങള്‍ സമാശ്വസിച്ചുകൊള്ളാം.
സ്ത്രീകളെ ഉദ്യോഗത്തിലാക്കിയാല്‍ അവരെല്ലാം പുരുഷന്മാര്‍ക്ക് മാനക്കേട് വരുത്തക്കവിധത്തില്‍ ഡഫേദാരന്മാരായും മറ്റും നടക്കുന്നതായി കാണേണ്ടിവരുമെന്നുള്ളതാണ് പ്രസംഗകര്‍ത്താവിന്‍റെ വേറൊരു ഭയം. പുരുഷന്മാരെല്ലാം ഡഫേദാരാകാത്ത കാലത്തോളം എല്ലാ സ്ത്രീകളും പ്യൂണ്മാരും ആകയില്ല. ചക്രവര്‍ത്തി മുതല്‍ തൂപ്പുക്കാരന്‍ വരെയുള്ളവര്‍ പുരുഷവര്‍ഗത്തിലുണ്ടെങ്കില്‍ മഹാറാണി മുതല്‍ തൂപ്പുകാരി വരെയുള്ളവര്‍ സ്ത്രീകളുടെ ഇടയിലും കാണും. എല്ലാ സ്ത്രീകളും മഹാറാണിമാരാകണമെന്നോ ഹജുര്‍ സെക്രട്ടറിമാരാകണമെന്നോ അവര്‍ ശഠിക്കുമോ? ശഠിച്ചാല്‍ അതു സാധിക്കുമോ? സംഗതികള്‍ ഇങ്ങനെ ഇരിക്കുമ്പോള്‍ സ്ത്രീകളെ പെട്ടി എടുത്തു നടക്കുന്ന ഡഫേദാരന്മാരായി കാണുമെന്ന് ഭയന്ന് അവര്‍ക്ക് ഉദ്യോഗം കൊടുക്കരുതെന്ന ശഠിക്കുന്നത് ശരിയോ? സ്ത്രീ ഉദ്യോഗത്തിന് പോകേണ്ടിവരുന്നത് ഒന്നുകില്‍ പിതാവിന്‍റെയോ അല്ലെങ്കില്‍ സഹോദരന്‍റെയോ അല്ലെങ്കില്‍ ഭര്‍ത്താവിന്‍റയോ ആവശ്യത്തിനോ സംരക്ഷണത്തിനോ ആണ്. അങ്ങനെയുള്ള രക്ഷാകര്‍ത്താക്കള്‍ – പുരുഷന്മാര്‍ – അഭിമാനഭഞ്ജകമായ തൊഴിലിലേക്ക് സ്ത്രീകളെ പ്രേരിപ്പിക്കുകയില്ല. അഥവാ അവര്‍ പ്രേരിപ്പിച്ചാല്‍ തന്നെയും സ്വജനങ്ങള്‍ക്കുവേണ്ടി ഇങ്ങനെ ഒരു മഹാത്യാഗത്തിന് ഒരുമ്പെട്ടാല്‍ അതില്‍ എന്താണ് ആക്ഷേപകരമായിട്ടുള്ളത്. കൂടാതെ സ്ത്രീഡഫേദാരന്മാരെ കാണുന്നതുകൊണ്ടുള്ള മാനക്കേട് എന്നാണ് തുടങ്ങിയത് എന്നു മനസ്സിലാകുന്നില്ല.
നിത്യവൃത്തിക്കായി നെല്ലും ചുമ്മിചാലക്കമ്പോളത്തിലേക്ക് പോയിട്ടു ദുര്‍വൃത്തരായ ചില പുരുഷന്മാരുടെ അധര്‍മസംഭാഷണങ്ങളാലും മറ്റും സങ്കടം അനുഭവിച്ച് തിരിച്ചുപോവുന്ന അനേകായിരം സ്ത്രീകളെ കണ്ടിട്ട് മാനക്കേട് സങ്കല്‍പ്പലോകത്തിലെ സ്ത്രീ ഡഫേദാരന്മാരുടെ പെട്ടി എടുപ്പു കൊണ്ടുണ്ടാകുന്നുപോലും. ഇനിയും സ്മൃതിശ്രുതികളില്‍ നിന്നു ശ്ലോകം ചൊല്ലുന്ന പതിവിനെപ്പറ്റി രണ്ടു വാക്കു പറഞ്ഞുകൊള്ളട്ടെ. ഏതാവശ്യത്തെയും ശ്ലോകം ചൊല്ലി സാധൂകരിക്കുന്ന സുഖക്കേട് നമ്മില്‍ മിടുമിടുക്കന്മാരെയും അഗാധപണ്ഡിതന്മാരെയും പിടിപ്പെട്ടിട്ടുള്ള ഒരു പകര്‍ച്ചവ്യാധിയാകുന്നു. ഋതുമതീവിവാഹം നിഷ്ദ്ധമാണെന്ന് തെളിയിക്കണമെങ്കില്‍ അതില്‍ ഒരു സ്മൃതികഥനം. അധികാരികളുടെ മതം മാറ്റാന്‍ അതിരുദ്രം വേണമെന്നു തോന്നുമ്പോള്‍ അതിനും ഒരു ശ്രുതി പഠനം. വര്‍ണാശ്രമധര്‍മ പരിപാലനത്തിന് ഒരു അതോറിറ്റി വേണമെങ്കില്‍ ശങ്കരസ്മൃതിയില്‍ ഉണ്ട്. വിധവാവിവാഹം നിഷേധിക്കുമ്പോഴും ശ്ലോകക്കഷണങ്ങള്‍ ധാരാളം. ഈ സുഖക്കേട് എന്നു മാറുമോ അന്ന് മാത്രമെ ഭാരതത്തിന് രക്ഷയുണ്ടാകൂ. അതുപോലെ തന്നെ വിവാഹിതകളെ അടുക്കളയില്‍ ഇരുത്താനുള്ള വാദത്തിനു വേണ്ടി കൊണ്ടുവന്നിരിക്കുന്ന കുന്നിക്കുരുവിന്‍റെ ഉപമയും അതു സ്ഥാപിക്കാനുള്ള ശ്ലോകക്കഷണവും സ്ത്രീകളെ ആക്ഷേപിക്കുന്നതിനായി കരുതിക്കൂട്ടിക്കൊണ്ടു വന്നിട്ടുള്ളതാകുന്നു. ത്രേതദ്വാപരയുഗങ്ങള്‍ കഴിഞ്ഞു. അന്നുള്ള ശ്ലോകങ്ങളും പൊടിഞ്ഞു. അതിനാല്‍ മാമൂലിനെ സംരക്ഷിക്കാനുള്ള ശ്ലോകോച്ചാരണം ഉടന്‍ നിറുത്തേണ്ടതാകുന്നു.
ചുരുക്കത്തില്‍ പുരുഷസംരക്ഷണത്തിനായി ഉദ്യോഗം വഹിക്കുവാന്‍ ഭാവിക്കുന്ന സ്ത്രീകളെ ഗൃഹഛിദ്രത്തിന് ഉത്തരവാദികളാക്കുവാന്‍ ശ്രമിക്കുന്നത് എന്തുകൊണ്ടും നല്ലതല്ല തന്നെ. വിവാഹിത എന്നുള്ള വ്യത്യാസം ഉണ്ടാകുന്നതാണ് നാട്ടിന് നാശമുണ്ടാക്കുന്ന പരിഷ്കാരം. അനാവശ്യമായ ഈ പരിഷ്കാരം വേണ്ട എന്നാണ് ഞങ്ങളുടെ അഭ്യര്‍ത്ഥന. വിവാഹിതകളെ ഉദ്യോഗത്തിനയക്കുവാന്‍ ആരും നിര്‍ബന്ധിക്കുന്നില്ല. അനാരോഗ്യം, ആവശ്യമില്ലായ്മ മുതലായ കാരണങ്ങളാല്‍ ഉദ്യോഗം വേണ്ട എന്നുള്ളവര്‍ അതിനു പോകണ്ട. വിശല്യകരണിയും സഞ്ജീവനിയും കൂടിടചേര്‍ന്ന മനസ്വിനികള്‍ മാതൃത്വപദവിയും സര്‍ക്കാര്‍ ഉദ്യോഗവും ഒരുമിച്ചു യഥായോഗ്യം നടത്തിക്കൊള്ളും.
ജന്മസിദ്ധങ്ങളായ ശക്തികളെ ലോകക്ഷേമാര്‍ത്ഥം വിനിയോഗിക്കുവാന്‍ അവരെ അനുവദിച്ചാല്‍ മാത്രംമതി. സ്ത്രീയും അഭിമാനമുള്ള ജീവിയാണെന്നും കുടുംബസംരക്ഷണത്തില്‍ അവള്‍ക്കും ഒരു ഭാരമുണ്ടെന്ന് വകവച്ച് സ്ത്രീപുരുഷന്മാര്‍ പരസ്പരവിശ്വാസത്തോടും ആത്മൈക്യത്തോടും പെരുമാറിയാല്‍ സംഗ്രാമകോലാഹലത്തെ ഭയന്ന് നിയമസൃഷ്ടിക്ക് ആവശ്യമുണ്ടാകയില്ല. പാര്‍ലമെന്‍റിലും ഗവണ്‍മെന്‍റിലും സര്‍വീസിലും മറ്റും പ്രവേശം വേണമെന്ന് വാദിക്കുന്ന സീമന്തിനിമാര്‍ സൈന്യത്തില്‍ ചേരണമെന്നും ഫ്രഞ്ച് യുദ്ധത്തിന് തങ്ങളെ നിയോഗിക്കണമെന്നും ആവശ്യപ്പെടാത്തതുതന്നെ അവരുടെ ഔചിത്യബുദ്ധിക്കും കാര്യവിവേചനത്തിനും ഒരുത്തമ ദൃഷ്ടാന്തമല്ലയോ? പ്രസംഗകര്‍ത്താവും പ്രശംസിക്കുന്ന ഈ ഔചിത്യബുദ്ധി സ്ത്രീകള്‍ക്കുള്ളിടത്തോളം കാലം സ്ത്രീകള്‍ തങ്ങളുടെ സ്ത്രീത്വത്തിന് ഹാനികരമായോ പുരുഷന്മാര്‍ക്കു ലജ്ജാകരമായോ ഉള്ള പട്ടാളപരിശീലനത്തിനും കൊലപ്പുള്ളിയുടെ പുറകെ പോകുന്നതിനും വാറ്റുചാരായം കണ്ടുപിടിക്കുന്നതിനു പുറപ്പെടുകയില്ലെന്നു വിശ്വസിക്കരുതോ? അഥവാ വാക്കുമൂലം പറഞ്ഞാല്‍ ഉറപ്പു പോരാ എന്നുണ്ടെങ്കില്‍ തക്കതായ ജാമ്യം കൊടുത്തു കാര്യം ബോധ്യപ്പെടുത്താനും ഞങ്ങള്‍ തയ്യാറാണ്.
സ്ത്രീസ്വാതന്ത്ര്യസൗധത്തിന്‍റെ അടിസ്ഥാനശില സാമ്പത്തിക സ്വാതന്ത്ര്യമാണല്ലോ. സ്ത്രീകള്‍ ഉദ്യോഗത്തിന് കാംക്ഷിക്കുന്നത് ഈ സാമ്പത്തിക സമത്വം സമ്പാദിപ്പാനാണ്. സ്ത്രീകള്‍ സര്‍വതന്ത്രസ്വതന്ത്രകളാണെന്ന് സ്ഥാനത്തും അസ്ഥാനത്തും അഭിമാനിക്കുന്ന കൂട്ടര്‍ സ്ത്രീകള്‍ക്ക് സാമ്പത്തിക സമത്വത്തിനുള്ള മാര്‍ഗമായ സര്‍ക്കാര്‍ ഉദ്യോഗങ്ങളും മറ്റും അവര്‍ക്ക് ലഭിക്കാതിരിക്കണമെന്ന് വിചാരിച്ച് പ്രസംഗങ്ങള്‍ പൊടിപൊടിക്കുന്നത് കാണുമ്പോള്‍ ഈ പൂര്‍വാപരവിരുദ്ധതയെ ഓര്‍ത്ത് ഹാസ്യസ്മിതം തൂകാനേ തരമുള്ളൂ. ഉദ്യോഗനിര്‍വഹണത്തില്‍ സ്ത്രീക്ക് പ്രാപ്തിപോരാ എന്നുള്ള സംശയം വല്ലവര്‍ക്കുമുണ്ടെങ്കില്‍ വെറുതെ “സൊള്ളി” സമയം കളയുന്ന പുരുഷന്മാരേക്കാള്‍ ക്ലേശസഹിഷ്ണുതയും തന്മൂലമുള്ള സാമര്‍ത്ഥ്യവും സ്ത്രീകള്‍ക്കാണ് കൂടുതലെന്ന് കഴിഞ്ഞ 70 വര്‍ഷക്കാലംവരെ ഒരു കടുത്ത സ്ത്രീജനവിദ്വേഷിയായി കഴിഞ്ഞ ജോര്‍ജ് ബെര്‍ണാഡ് ഷാ ഈയിടെ അഭിപ്രായപ്പെട്ടിരിക്കുന്നത് ആ സംശയനിവാരണത്തിന് മതിയാകുമെന്ന് വിചാരിക്കുന്നില്ല. അതിനാല്‍ ഈ അനാവശ്യമായ അന്യായം തള്ളി കോട്ടയത്തു നിന്നുള്ള വഴിച്ചെലവെങ്കിലും അനുവദിച്ച് തീരുമാനിക്കണമെന്ന് നിയമജ്ഞനും പരിഷ്കൃതമാനസനും ആയ ന്യായാധിപ അധ്യക്ഷന്‍ അവര്‍കളോടു അപേക്ഷിച്ചുകൊള്ളുന്നു. മണക്കാട്ടു വെച്ചു നടന്ന ഒരു മീറ്റിംഗില്‍ വാദിഭാഗത്തേക്ക് അനുകൂലമായി ഏതോ ചില അഭിപ്രായങ്ങള്‍ പ്രസ്താവിച്ച ന്യായാധിപതിയുടെ വിധി പ്രതിഭാഗത്തേക്ക് അനുകൂലമായിരിക്കുകയില്ല എന്ന് ചില പ്രതിഭകള്‍ക്ക് ഭയം ഉണ്ടെങ്കിലും ഒരു വക്കീര്‍ എന്ന നിലയില്‍ ആവക ഭയം അടിസ്ഥാനരഹിതമായി കരുതി എന്‍റെ കര്‍ത്തവ്യം ഞാന്‍ അനുഷ്ഠിച്ചു കഴിഞ്ഞു. അഥവാ വിധി ഞങ്ങള്‍ക്കു വിപരീതമാണെങ്കില്‍ ശാരദാബില്ലിനും വിരോധികള്‍ ഉണ്ടല്ലോ എന്ന് വിചാരിച്ചു സമാശ്വസിച്ചുകൊള്ളാം.
ഈ ലേഖനം തിരുവനന്തപുരത്തെ വിദ്യാഭിവര്‍ധിനി സഭയില്‍ ലേഖിക നടത്തിയ ഒരു പ്രസംഗമാണ്. തിരുവിതാംകൂറിലെ പ്രമുഖബുദ്ധിജീവിയും നിയമസഭാംഗവും എഴുത്തുകാരനുമെല്ലാമായ സദസ്യതിലകം ടി കെ വേലുപ്പിള്ള (1882 1950) ചെയ്ത ഒരു പ്രസംഗത്തിനുള്ള വിമര്‍ശനാത്മക പ്രതികരണമാണ് ഇത്.
സ്ത്രീത്വം
പാര്‍വതി നെന്‍മിനി മംഗലം
(‘സ്ത്രീ’ 1, 1, 1108,(1933 മെയ് , ജൂണ്‍ ):1516
മഹാകവികള്‍ക്ക് വര്‍ണിക്കുവാന്‍ ഉണ്ടാക്കിവെച്ച ഒരേര്‍പ്പാട്, പുരുഷന്മാര്‍ക്ക് കണ്‍കുളിര്‍പ്പിക്കാന്‍ ഉണ്ടാക്കിത്തീര്‍ത്ത ഒരാകൃതി. വെറും കൃത്രിമം. എന്നാല്‍ നമ്മള്‍ ആരാധിക്കുന്ന ഒരു സുന്ദരസമ്പ്രദായം. അതേ, “സ്ത്രീത്വം” എന്നാല്‍ അസ്വാതന്ത്ര്യത്തെ ആത്മാഭിമാനത്തോടുകൂടി ആരാധിക്കുന്ന ഒരു സത്വം.
ഞാന്‍ ചോദിക്കുന്നു, നമ്മളിന്നഭിമാനിക്കുന്നില്ലെ, നാം അബലകളാണ്, അസ്വതന്ത്രകളാണ്, ആഡംബരഭ്രമമുള്ളവരാണ്. പുരുഷന്മാര്‍ പണിയെടുക്കണം, പണം സമ്പാദിക്കണം, പണ്ടങ്ങള്‍ പണിചെയ്യിച്ചു തരണം, ധൂളിമെത്തയുണ്ടാക്കിത്തരണം, വില്ലീസുജാക്കറ്റു തുന്നിച്ചു തരണം, നമ്മള്‍ അവയെല്ലാം അണിഞ്ഞ് അനങ്ങാതെ ധൂളിമെത്തയില്‍ അങ്ങനെ കഴിയണം എന്നെല്ലാം. അതാണ് പുരുഷനിഷ്ടം, സ്ത്രീക്കഭിമാനം! ഒരു സ്ത്രീ വയലില്‍ ഇറങ്ങി പണിയെടുത്താല്‍ അവള്‍ ചെറ്റയായി! ഒരു സ്ത്രീ വില്ലീസ് ജാക്കറ്റ് ധരിച്ചിട്ടില്ല; ആഭരണങ്ങള്‍ കഴുത്തുനിറയെ അണിഞ്ഞിട്ടില്ല, കസവു സാരി ഉടുത്തിട്ടില്ല എങ്കില്‍ അവള്‍ പോരാത്തവളായി! പിന്നെ എവിടെയാണ് നമുക്ക് സ്വാതന്ത്ര്യം.
നാം സ്വാതന്ത്ര്യം സ്വാതന്ത്ര്യം എന്ന് ഉച്ചത്തില്‍ പറയുന്ന നാവുകൊണ്ടുതന്നെ ഭര്‍ത്താവിന്‍റെയടുക്കല്‍ കസവുസാരിക്കും സ്വര്‍ണാഭരണങ്ങള്‍ക്കും അസ്വാതന്ത്ര്യത്തിനും അലട്ടുന്നു! പുരുഷന്മാരെ വശീകരിക്കാന്‍ വേണ്ടിമാത്രമല്ലയോ നാം ഇന്ന് ഇത്തരം വസ്ത്രധാരണം ചെയ്യുന്നതും ആരണങ്ങള്‍ അണിയുന്നതും. ദൈവം സൃഷ്ടിച്ചപ്പോള്‍ തന്നെ വേര്‍തിരിച്ചിട്ടുണ്ട്, സ്ത്രീയെന്നും പുരുഷനെന്നും. പിന്നെ എന്തിനു കൃത്രിമങ്ങളെക്കൊണ്ട് വീണ്ടും വേര്‍തിരിക്കുന്നു? പരസ്പരം വഞ്ചിക്കുവാന്‍ മാത്രം.
നാം തലമുടി വളര്‍ത്തുന്നതിന്‍റെ ആവശ്യമെന്ത്? വേറിടുക്കാനും ചീന്തിമിനുക്കുവാനുമായി ദിവസത്തില്‍ മൂന്നുമണിക്കൂര്‍ ദുര്‍വ്യയം ചെയ്യാന്‍ മാത്രം. പന്തം ചുറ്റുന്നതുപോലെ ഇത്രയധികം തുണികള്‍ വെച്ചു കെട്ടുന്നതെന്തിന്? ദേഹഛാദനത്തിന്നല്ല. ബ്ലൗസിന് ഒരിഞ്ചിലധികം കയ്യിറക്കമരുത്. കഴുത്തിന് വിസ്താരം കുറയരുത്, എണ്ണത്തിന് രണ്ടോ മൂന്നോ ധരിക്കുന്നെങ്കില്‍ കൂടി ദേഹം പകുതിയേ മറയാവൂ എന്നതിന്ന്. അതത്രെ ഉത്തമമായ വസ്ത്രധാരണം!
കഴുത്തുനിറയെ സ്വര്‍ണ്ണാഭരണങ്ങള്‍ അണിയുന്നത് പണത്തിന്‍റെ പലിശ മുടക്കുവാനും ആഭരണവ്യാപാരികള്‍ക്കു പണം സമ്പാദിക്കാനും. കാതുകുത്തുന്നതും മൂക്കു കുത്തുന്നതും രത്നഖചിത്രങ്ങളായ ആണികള്‍ ഇട്ടയ്ക്കുവാന്‍ വേണ്ടിമാത്രം. ഇങ്ങനെ നോക്കിയാല്‍ ആഭാസങ്ങളും അനാവശ്യങ്ങളുമായ എന്തെല്ലാം കൃത്രിമങ്ങളിലാണ്, നാം അഭിമാനത്തോടുകൂടി അടിമപ്പെട്ടിരിക്കുന്നത്. ഇവയെല്ലാം നശിപ്പച്ചല്ലാതെ നമുക്കു സ്വാതന്ത്ര്യമെവിടെ?
ഇത്തരം കൃത്രിമസമ്പ്രദായം പുരുഷന്മാര്‍ നിയമമാക്കിത്തീര്‍ത്തതോ സ്ത്രീകള്‍ സ്വബുദ്ധികൊണ്ടു കണ്ടുപിടിച്ചതോ, ഏതായിരുന്നാലും ഇതു പുരുഷന്മാരെ വശീകരിക്കുവാനല്ലാതെ മറ്റു യാതൊന്നിനും ഉപകരിക്കുന്നില്ല. നമുക്ക് പുരുഷന്മാരെ വശീകരിക്കേണ്ടാവശ്യമില്ല; അത് നിന്ദ്യവും ആഭാസവുമാണ്. ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിനെ മാത്രം വശീകരിക്കണം. അത് കൃത്രിമവേഷം കൊണ്ടല്ല. കൃത്രിവേഷം കൊണ്ടുമാത്രം വശീകൃതനായ പുരുഷനെ ഭര്‍ത്താവായി സ്വീകരിച്ചാല്‍ തീര്‍ച്ചയായും നാം വ്യസനിക്കേണ്ടിവരും; തീര്‍ച്ചയായും നമുക്കുറയ്ക്കാം നമ്മുടെ വേഷഭൂഷണങ്ങളില്‍ അഴുക്കു തട്ടിയാല്‍ അയാള്‍ പിന്തിരിയുമെന്ന് നിഷ്കളങ്കമായ സ്നേഹം – പ്രേമം – കൊണ്ടുമാത്രമേ വശീകരിക്കേണ്ടതുള്ളൂ. ആ പരിശുദ്ധമായ പ്രേമം ഏതൊരു സ്ത്രീക്കും സ്വാധീനമുണ്ട്. അതൊന്നേ ഭര്‍ത്താവിനെ വശീകരിക്കാന്‍ ആവശ്യമുള്ളൂ.
ഞാന്‍ പറകയാണെങ്കില്‍, നാം അബലകളാവുക എന്ന സമ്പ്രദായം വലിച്ചെറിഞ്ഞെങ്കില്‍ മാത്രമേ സ്വതന്ത്രകളാവൂ. നമ്മുടെ ഈ വേഷഭൂഷണങ്ങള്‍ തീരെ മാറ്റണം. ആഛാദനം അത്യാവശ്യമാണ്; അത് ആഡംബരത്തിന്നാവരുത്. സ്ത്രീക്കും പുരുഷനും വസ്ത്രധാരണത്തില്‍ വ്യത്യാസം ആവശ്യമേയില്ല. വിദ്യാഭ്യാസം ഒഴിച്ചുകൂടാത്തതാണ്, സ്കൂളില്‍ തന്നെ പഠിക്കണമെന്ന് നിര്‍ബന്ധമില്ല; ഗൃഹപരിപാലനം, ബാലപരിചരണം ഇതുകള്‍ സ്ത്രീകള്‍ പ്രത്യേകം അഭ്യസിച്ചിരിക്കേണ്ടതാണ്. പ്രവൃത്തിയെടുക്കുന്നതു അപമാനമല്ല, അഭിമാനമാണ്. അവന്നവന് ഉപജീവനത്തിന്നുള്ള പണം, അവനവന്‍ തന്നെ സമ്പാദിക്കുന്നതാണ് ഏതൊരു സ്ത്രീക്കും പുരുഷനും അഭിമാനം. ശരിയായി പുരുഷന്മാരോടൊപ്പം പ്രവര്‍ത്തിയെടുത്തെങ്കില്‍, അധ്വാനിച്ചെങ്കില്‍ മാത്രമേ, സ്ത്രീകള്‍ക്കു യഥാര്‍ത്ഥമായ സ്വാതന്ത്ര്യവും സ്ത്രീത്വവും ഉണ്ടാവുകയുള്ളൂ.
സ്ത്രീധര്‍മ്മത്തെപ്പറ്റി
പാര്‍വതി അയ്യപ്പന്‍
(ശ്രീമതി വാര്‍ഷികപ്പതിപ്പ് 1935,44 )
ഈയിടെ ചില പത്രങ്ങളില്‍ സീനിയര്‍ മുസ്സോളിനിയുടെ ഭാര്യയുടെ ജീവിതരീതിയെപ്പറ്റി പല വിവരങ്ങള്‍ പ്രസിദ്ധം ചെയ്തുകണ്ടു. അവര്‍ പൊതുകാര്യങ്ങളില്‍ ഒരു പങ്കും എടുക്കാറില്ല. സ്വന്തം ഗൃഹകാര്യങ്ങള്‍ മാത്രം അവരുടെ കൃത്യമാക്കിയിട്ടാണ് അവര്‍ കഴിച്ചുകൂട്ടുന്നത്. സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് ഗൃഹിണികള്‍ക്ക് ഒരു മാതൃക എന്ന ഭാവത്തിലാണ് ഈ വിവരങ്ങള്‍ പ്രസിദ്ധം ചെയ്തിരിക്കുന്നത്. മുസ്സോളിനിയുടെ രാജ്യകാര്യപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തെ സഹായിക്കുവാനോ മറ്റു പൊതുകാര്യങ്ങളില്‍ ഇറങ്ങി പ്രവര്‍ത്തിക്കുവാനോ ഉള്ള വാസനയും ത്രാണിയും അവര്‍ക്ക് ഇല്ലായിരിക്കണം. അങ്ങനെയാണെങ്കില്‍ അവര്‍ അവര്‍ക്ക് സാധിക്കുന്നതായ ഒരു ഒതുങ്ങിയ പ്രവൃത്തിരംഗത്തില്‍ പ്രയോജനകരമായ ജീവിതരീതി കൈകൊണ്ടത് അഭിനന്ദനീയമാണ്. പക്ഷേ, അത് സ്ത്രീകള്‍ക്ക് പൊതുവെ മാതൃകയായി എടുത്തു കാണിക്കേണ്ട ആവശ്യമില്ല. അങ്ങനെ കാണിക്കുവാന്‍ ഇടവരുന്നത് ഭാര്യജോലിയും ഗൃഹഭരണവും സ്ത്രീകളുടെ ഏറ്റവും വലിയ കഴിവും ധര്‍മവുമാണെന്നുള്ള തെറ്റിദ്ധാരണ കൊണ്ടാണ്. ഭാര്യാത്വവും ഭര്‍തൃത്വവുമല്ല സ്ത്രീകളുടെയും പുരുഷന്‍റെയും ഏറ്റവും വലിയ കഴിവും ധര്‍മവും. വര്‍ഗം നിലനിറുത്തിക്കൊണ്ട് പോകുന്നതിനു പ്രകൃതി വ്യക്തികളില്‍ ചില വാസനയും വളര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്. ആ വാസനകളുടെ പ്രേരണാഫലമായി ചില സ്ത്രീപുരുഷ ബന്ധങ്ങളും ഉണ്ടായിട്ടുണ്ട്. അവയുടെ നാഗരികമായ ഒരു പരിണാമമാണ് ഭാര്യാഭര്‍തൃബന്ധവും പരിഷ്കൃത ഗൃഹജീവിതവും. സ്ത്രീക്കും പുരുഷനും ഇതിലും കവിഞ്ഞ പല ധര്‍മ്മങ്ങളും നിറവേറ്റാനുണ്ട്. മനുഷ്യസമുദായത്തിന്‍റെ പുരോഗതിക്കു സ്ത്രീകളും പുരുഷന്മാരും ഒരുപോലെ വേല ചെയ്യണം. അതിന് ഏറ്റവും ആവശ്യമായിട്ടുള്ളത് സ്ത്രീയിലും പുരുഷനിലും അന്തര്‍ലീനമായി കിടക്കുന്ന ബുദ്ധിപരമായും മറ്റുമുള്ള കഴിവുകളെ ആവിഷ്കരിക്കുകയാണ്. ഈ സംഗതിയില്‍ സ്ത്രീപുരുഷ ഭേദമില്ല. സ്ത്രീപുരുഷവ്യത്യാസം താഴ്മയെയോ ബുദ്ധിയെയോ സംബന്ധിക്കുന്നതല്ല. അതിലും താണസംഗതികളെ സംബന്ധിക്കാനുള്ളതു മാത്രമാണ്. പ്രസവം പ്രകൃത്യാ സ്ത്രീധര്‍മമായതുകൊണ്ട് പ്രസവം ശിശുപരിപാലനം, ഗൃഹഭരണം മുതലായതില്‍ തന്നെ സ്ത്രീകളുടെ ശക്തിയും ശ്രദ്ധയും സമയവും മുഴുവന്‍ വിനിയോഗിക്കേണ്ടിവന്നു. അതുകൊണ്ടു പുരുഷന്മാരെപ്പോലെ തന്നെ ബുദ്ധിപരമായും മറ്റുമുള്ള കഴിവുകള്‍ ആവിഷ്കരിക്കാന്‍ സമയവും സൗകര്യവും ഉണ്ടാക്കുകയാണെങ്കില്‍ ഇപ്പോള്‍ പുരുഷന്മാര്‍ പ്രവേശിച്ചു ശോഭിക്കുന്ന ജീവിത വശങ്ങളില്‍ എല്ലാം അവര്‍ക്കും ശോഭിക്കുവാന്‍ സാധിക്കുന്നതാണ്. അത് സാധിക്കണമെങ്കില്‍ ഗൃഹവും അടുക്കളയുമാണ് സ്ത്രീകളുടെ ധര്‍രംഗമെന്നുള്ള അബദ്ധധാരണ ജനങ്ങളുടെ ഇടയില്‍ നിന്നു പോകണം. മുസ്സോളിനിയുടെ ഭാര്യയുടെ മാതൃകയല്ല സ്ത്രീകള്‍ക്ക് കാണിച്ചു കൊടുക്കേണ്ടത്. പിയറിക്യൂറിയുടെ ശാസ്ത്രീയാന്വേഷണങ്ങളില്‍ പങ്കുകാരിയായി റേഡിയം കണ്ടുപിടിച്ച് ലോകത്തെ അനുഗ്രഹിച്ച മാഡം ക്യൂറിയുടെ മാതിരി ഒരു ഭാര്യയാകാന്‍ കഴിവുള്ള സ്ത്രീകള്‍ മുസ്സോളിനിയുടെ ഭാര്യയെ അനുകരിക്കുന്നത് സമുദായത്തിനും ലോകത്തിനും നഷ്ടമായിരിക്കും. പുരാതന ഇന്ത്യയിലെ യജ്ഞവല്‍ക്യനോടുകൂടി തത്വശാസ്ത്രവാദങ്ങള്‍ നടത്തിയ സ്ത്രീകളും മാഡം മുസ്സോളിനിമാരാകരുത്. ലെനിന്‍റെ ബന്ധങ്ങളിലും, റഷ്യയില്‍ നിന്നു നാടുകടത്തി യൂറോപ്യന്‍ രാജ്യങ്ങളില്‍ ഓരോന്നിലായി ദാരിദ്ര്യം അനുഭവിച്ചും ഒളിച്ചും ജീവിക്കുന്ന കാലങ്ങളിലും അദ്ദേഹത്തിന്‍റെ കൂട്ടുകാരിയായും ഭാരമേരിയ വേലകളില്‍ സെക്രട്ടറിയായും ശോഭിച്ചു അദ്ദേഹത്തിന്‍റെ ഭാര്യ നടേഷ്കാ ക്രൂപ്സ്കായുടെ ദൃഷ്ടാന്തം എത്ര മനോഹരമായിട്ടുള്ളതാണ്. പണ്ഡിറ്റ് ജവഹര്‍ലാലിന്‍റെ ഭാര്യ കമലാ നെഹ്റു ആനന്ദഭവന ഭരണം കൊണ്ടു മാത്രം തൃപ്തിപ്പെട്ടിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് ഒരു സമുദായസേവക നഷ്ടപ്പെടുമായിരുന്നു. കഴിയുന്നതും ഭര്‍ത്താക്കന്മാരുടെ വേലകളില്‍ സഹകരിക്കുന്ന ഭാര്യമാരും ഭര്‍ത്താക്കന്മാരും യോജിക്കുന്ന ദാമ്പത്യങ്ങളാണ് ഉത്തമമായിട്ടുള്ളത്. അതാണ് ആദര്‍ശമായി ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കേണ്ടത്.
പെണ്ണുങ്ങളും പരിഷ്കാരവും അവശ്യവും അനാവശ്യവുമായ കാര്യങ്ങള്‍
ഇട്ടിച്ചിരിയമ്മ
( ‘മഹിള’, 1936 മാര്‍ച്ച്, 16 )
എന്‍റെ പേര്‍ നിങ്ങള്‍ക്കാര്‍ക്കും പിടിക്കുമെന്നു തോന്നുന്നില്ല. വല്ല ശാരദാമാധവന്‍ എന്നോ കല്യാണികൃഷ്ണന്‍ എന്നോ ഉള്ള ആണും പെണ്ണുമല്ലാത്ത പേരുകളായാല്‍ നിങ്ങള്‍ക്കു ബോധ്യമാവും. എന്‍റെ പേര്‍ തന്നെ “ഇട്ടിച്ചിരികൃഷ്ണ” നായാല്‍ നിങ്ങള്‍ തൃപ്തിപ്പെടും. പക്ഷെ ഞാന്‍ എന്‍റെ സ്ത്രീത്വം കളഞ്ഞു നപുംസകത്വം ഏറ്റെടുക്കാന്‍ ഭാവമില്ല.
പണ്ടത്തെ “രാധാകൃഷ്ണ”നെപ്പറ്റി നിങ്ങള്‍ പറയുമായിരിക്കാം. പതിനാറായിരത്തെട്ടു ഭാര്യമാരുണ്ടായിരുന്ന ഒരു പുരുഷന്‍ സ്ത്രീത്വത്തിലേക്കു പെട്ടുപോയിട്ടുണ്ടെങ്കില്‍ അത്ഭുതമില്ല എന്നുതന്നെയല്ല. “രാധാകൃഷ്ണന്‍” എന്നുള്ളത് കൃഷ്ണന്‍റെ പോരായിരുന്നുവെന്നും രാധയ്ക്ക് ആ പേര് ബാധകമല്ലെന്നും കൂടി നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. രാധ അന്നും ഇന്നും രാധ തന്നെ.
മിസ്സിസ്സിനോട് എനിക്കു പണ്ടേ വെറുപ്പാണ്. മിസ്സിസ് കണാരന്‍ എന്നും മറ്റും പറയുന്നതിന് എന്താണര്‍ത്ഥം? ഒരു ചെറോട്ടിക്കോ കുഞ്ഞമ്മയ്ക്കോ എന്തുകൊണ്ട് ചെറോട്ടിയും കുഞ്ഞമ്മയും തന്നെയായിരുന്നുകൂടാ? വിവാഹം കഴിക്കുമ്പോഴേക്കും അവര്‍ മിസ്സിസ്സ് ചാപ്പനോ, കോരപ്പനോ ആയിത്തീരുന്നു. ഇതാണുപോല്‍ പരിഷ്കാരം. സ്ത്രീകള്‍ പുരുഷന്മാരോട് സമത്വം നേടുന്നത് അവരുടെ പിന്നില്‍ തൂങ്ങിട്ടാണുപോലും. ഇതുകൊണ്ടായോ വൈഷമ്യം? ഇന്നു കണാരന്‍ മരിച്ചാല്‍ കണാരന്‍റെ മിസ്സിസ് നാളെ അമ്പുവിനെയായിരിക്കും മാലയിടുന്നതും. അപ്പോഴോ ഇന്നസത്തെ മിസ്സിസ് കണാരന്‍ ഇന്നത്തെ മിസ്സിസ് അമ്പുവായി. പോരാ മറ്റന്നാള്‍ അവള്‍ ഒരു കോപ്പനെ സ്വീകരിക്കുന്നു. അപ്പോഴോ അവള്‍ മിസ്സിസ് കോപ്പനാവണം. അപ്പോള്‍ ഒരു ജീവിതത്തില്‍ ഒരുവള്‍ക്ക് പേരെത്ര തവണ മാറും കൂട്ടരേ? ഇതാണോ പരിഷ്കാരം. മാത്രമോ ഈ കള്ളിയൊന്നും അറിയാതെ ഒരു മനുഷ്യന്‍ മിസ്സിസ് കണാരന്‍റെ മേല്‍വിലാസവും വെച്ച് അവള്‍ക്കൊരു കത്തയച്ചാലോ? സാധു കോപ്പന് എത്ര മനസ്താപമാവും? ആ ചെറോട്ടിക്ക് എന്നും ചെറോച്ചി തന്നെയായി തന്‍റെ പേര് നിലനിര്‍ത്തരുതോ? എനിക്ക് ഇത്തരം പരിഷ്കാരികളോട് അറപ്പും വെറുപ്പുമാണ് തോന്നുന്നത്. എന്നിലധികം ഭാര്യമാരുള്ളവരായാലത്തെ കുഴപ്പം പറയാനില്ല. എല്ലാവരും മിസ്സിസുകള്‍!
സ്ത്രീ സ്വാതന്ത്ര്യത്തിന്‍റെ ആവശ്യകതയെപ്പറ്റി എനിക്ക് ഒട്ടും സംശയമില്ല. നമുക്കു തികച്ചും സ്വാതന്ത്ര്യവും വിദ്യാഭ്യാസവും സമുദായത്തില്‍ ബഹുമതിയും വേണം. അത്രത്തോളം ഞാന്‍ പരിഷ്കാരികളോടു യോജിക്കും. പക്ഷെ ഒരു കാര്യം പറയാം. നമ്മുടെ ഗൗരവം എവിടെയാണ്? കേവലം തെരുവിലിറങ്ങി തെണ്ടുന്നതിനു ഗൗരവമുണ്ടോ? ഇല്ല. എന്നാലോ? മുഹമ്മദീയ പ്രമാണിമാരുടെ സ്ത്രീകളെപ്പോലെ നെടുമൂടല്‍ മൂടി പാളത്തൊപ്പിക്കു തുളയുണ്ടാക്കുന്ന മാതിരി കണ്ണിന്‍റെ സ്ഥാനത്തു രണ്ടു ദ്വാരങ്ങളും ഉണ്ടാക്കി കാറ്റുതട്ടാതെ പൊതിഞ്ഞുവെച്ചാല്‍ അതു ഗൗരവമായോ? ഇല്ല! ഒരിക്കലും ഗൗരവമായില്ല. അത് രണ്ടുമല്ലാതെ പഴയ സമ്പ്രദായമുണ്ടല്ലോ – തറവാട്ടിലമ്മ – ആ സ്ഥാനത്തിന്നാണ് ഞാന്‍ ഗൗരവം കാണുന്നത്. നമുക്ക് ആരെയും കണ്ടുകൂടെന്നില്ല. കാണാം കാര്യങ്ങള്‍ പറയാം. കാര്യങ്ങള്‍ നടത്തിക്കാം, ലോകവര്‍ത്തമാനങ്ങള്‍ മനസ്സിലാക്കും. പക്ഷേ, വെറും വെടിക്കൂട്ടങ്ങളില്‍ കൂടി അട്ടഹസിക്കാതിരുന്നാല്‍ മതി.
വിദ്യാഭ്യാസമോ? അത് അത്യാവശ്യം. പക്ഷേ, നര്‍സാവാനും (നേഴ്സ്) മിസ്സറസ്സാവാനും ക്ലാര്‍ക്കാവാനുമുള്ള വിദ്യാഭ്യാസമല്ല. നമ്മുടെ സന്താനങ്ങളെ നല്ല രീതിയില്‍ വളര്‍ത്തുന്നതിനും ഭര്‍ത്താക്കന്മാരെ നേര്‍വഴിക്കു നയിക്കുന്നതിനും കുടുംബകാര്യങ്ങള്‍ കുഴപ്പം കൂടാതെ ഭരിക്കുന്നതിനും ഉള്ള വിദ്യാഭ്യാസമാണ് നമുക്ക് അത്യാവശ്യം. ഗൃഹഭരണമെന്നു പറഞ്ഞാല്‍ വെപ്പും ശാപ്പാടും മാത്രമല്ലെന്നു മനസ്സിലാക്കണം. വെപ്പും ശാപ്പാടും കുടുംബഭരണത്തിലെ എത്രയോ ചെറിയ ഒരു ഭാഗം മാത്രമാണ്.
നമ്മുടെ പരിഷ്കാരത്തില്‍ ആ തറവാട്ടിലമ്മയുടെ സ്ഥാനം നഷ്ടപ്പെട്ടു. ഇപ്പോള്‍ തറവാട്ടിലമ്മയുടെ സ്ഥാനം വാലിയക്കാരത്തിക്കും ഗൃഹനാഥന്‍റെ സ്ഥാനം വാലിക്കാരനുമാണ്. എന്നിട്ടോ കൂട്ടുകാര്‍ അവരുടെ അടിമകളായി കഴിയുന്നു. ഈ വക സംഗതികളിലാണ് നാം അഭിമാനവും സ്വാതന്ത്ര്യവും കാണിക്കേണ്ടത് എന്നാണ് എന്‍റെ അഭിപ്രായം. മിസ്സിസ് കസിന്‍സും, സന്ത് നിഹാള്‍സിംഗും മറ്റും മലയാളി സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ കണക്കില്ലാതെ സ്തുതിക്കുന്നു. കഴിഞ്ഞ സ്ത്രീസമ്മേളനത്തിലും കേരളീയ മഹിളകളുടെ നിസ്തുല്യമായ സ്വാതന്ത്ര്യത്തെപ്പറ്റി ഘോഷിക്കയുണ്ടായി. ഈ സ്തുതികള്‍ക്കെല്ലാം നാം പാത്രമായത് നമ്മുടെ പണ്ടത്തെ തറവാട്ടിലമ്മമാരുടെ അന്തസ്സും പ്രൗഢിയും നിമിത്തമാണെന്നുള്ളത് ഒരിക്കലും വിസ്മരിക്കാന്‍ പാടില്ല. അങ്ങനെയുള്ള നമ്മുടെ പ്രാചീനമഹിമയെ നിലനിര്‍ത്തുന്നതിന്നുതകുന്ന പരിഷ്കാരവും വിദ്യാഭ്യാസവുമാണ് നമുക്ക് ആശാസ്യവും അത്യാവശ്യവുമായിട്ടുള്ളതെന്നു ഞാന്‍ വീണ്ടും പറയുന്നു.
സ്വാഗതപ്രസംഗം
എം. ഹലീമാബീവി
(മുസ്ലിം വനിത, 1113,മിഥുനം , 103-7)
ഒരഭൂതപൂര്‍വമായ ആനന്ദത്തിന്‍റെയോ അത്യുല്‍കൃഷ്ടമായ സാഹോദര്യത്തിന്‍റെയോ അനുഗൃഹീതമായ അഴകാണ് ഇന്നിവിടെ നമുക്ക് അനുഭവിക്കുവാന്‍ ഇടയായിട്ടുള്ളത്. അറിവില്ലായ്മയുടെ അടിത്തട്ടില്‍, അസ്വതന്ത്രമായ അടുക്കളയില്‍ കൂരിരുള്‍ തിരകളില്‍ മുങ്ങിമറിഞ്ഞ് ഇതികര്‍ത്തവ്യതാമൂഢരായി കാലം കഴിക്കേണ്ടി വന്ന നമ്മള്‍ക്ക്, അന്തഃപുരം വിട്ട് പുറത്തിറങ്ങാനോ അഭിപ്രായഗതികളെപ്പറ്റി ആലോചിക്കാനോ കഴിയാതെ ഏറ്റവും അടിമകളായി കാലം കഴിക്കേണ്ടിവന്ന നമ്മള്‍ക്ക്, ഇങ്ങനെ ഒരു സമ്മേളനം നടത്തുന്നതിനുണ്ടായിട്ടുള്ള മഹാഭാഗധേയം തന്നെയാണ് ആ മഹാസൗന്ദര്യം.
പരിഷ്കാരത്തിന്‍റെ പരമകാഷ്ഠയിലെത്തിയിരിക്കുന്ന ഈ ഇരുപതാം നൂറ്റാണ്ടില്‍ നാഗരികത്വം ലേശം പോലും തൊട്ടുതെറിക്കാത്ത ജനവിഭാഗത്തെപ്പറ്റി ചരിത്രവശങ്ങള്‍ വിവരിക്കുന്നുവെങ്കില്‍ അതില്‍ പ്രാഥമ്യം മുസ്ലീം സ്ത്രീകള്‍ക്കായിരിക്കുമെന്നുള്ള വസ്തുത നമ്മക്കേവര്‍ക്കും മര്‍മഭേദകമായിട്ടുള്ളതാണ്. സ്വരാജ്യത്തിനും സ്വസമുദായത്തിനും സ്വസഹോദരങ്ങള്‍ക്കും വേണ്ടി സന്മാര്‍ഗാദര്‍ശമായ ജീവിതാദ്ധ്വാവില്‍ കാലുവെക്കുവാന്‍ നമുക്ക് കഴിവില്ലെന്നോര്‍ക്കുമ്പോള്‍ ഈ പൈശാചികമായ ദുഷ്കാലം നമ്മളെ എത്ര മാത്രം അധഃപതിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞറിയിക്കേണ്ടതില്ല.
സ്ത്രീകള്‍, അതെ, ലോകത്തിന്‍റെ സകലവിധമായ അഭ്യുദയങ്ങള്‍ക്കും കാരണക്കാതലായ വനിതകള്‍ അബലകളെന്ന അപഖ്യാതി അണിഞ്ഞ് അന്തസ്സാരവിഹീനകളായിത്തീര്‍ന്നിരിക്കുമ്പോള്‍ ഒരു സമുദായം എങ്ങനെ പരിഷ്കാരമുള്ളതായി പരിണമിക്കും? അഭിവൃദ്ധിയുള്ളതായിത്തീരും? രാജ്യം പുരുഷന് മാത്രമുള്ളതല്ല; ഒരു പുരുഷന് വ്യക്തിപരമായ കര്‍ത്തവ്യങ്ങള്‍ എന്തെല്ലാമുണ്ടോ, അതിനെല്ലാം സ്ത്രീക്കും അവകാശമുണ്ടെന്നുള്ളത് ഒരിക്കലും മറച്ചുവെക്കാവുന്നതല്ല. പരിശുദ്ധ ഇസ്ലാം നമ്മുടെ സ്വാതന്ത്ര്യത്തെയോ സംസ്കാരത്തെയോ വിദ്യാഭ്യാസത്തെയോ ഒരിക്കലും തടയുന്നില്ല. “സ്ത്രീകള്‍ക്ക് ആത്മാവില്ല, അവര്‍ക്ക് സ്വാതന്ത്ര്യമില്ല, മോക്ഷപ്രാപ്തിയില്ല, കുടുംബത്തിനവകാശമില്ല” എന്നപ്രകാരമുള്ള അഭിപ്രായങ്ങള്‍ക്കും വിധികള്‍ക്കും ലോകം വശംവദമായിരുന്ന ഒരു കാലത്ത്, ജനിക്കുന്ന കുഞ്ഞ് പെണ്ണായിരുന്നാല്‍ അത് കുടുംബത്തിനു അപമാനകരമായിക്കരുതി അതിനെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന ഒരു രാജ്യത്ത് ജാതനായ റസൂല്‍ കരീം (സ) എന്താണ് ചെയ്തത്?
വളര്‍ത്തുമൃഗത്തെക്കാള്‍ നികൃഷ്ടമായി കരുതിയിരുന്ന വനിതാ ലോകത്തെ ഏതുവിധമാണ് ആ പുണ്യപുമാന്‍ രക്ഷിച്ചത്. സ്ത്രീകള്‍ പുരുഷന്മാരുടെ സഹോദരികളാണ്. നന്മതിന്മകളുടെ ഫലം രണ്ടു കൂട്ടരിലും തുല്യമാണ്. അവര്‍ക്കും ആത്മാവുണ്ട്. ഈദൃശ സന്ദേശങ്ങള്‍ ലോകത്തു വരുത്തിയ പരിവര്‍ത്തനങ്ങള്‍ എത്ര അത്ഭുതാവഹങ്ങളായിരുന്നു. പരിശുദ്ധ ഇസ്ലാം പോലെ മഹിളാലോകത്തെ ബഹുമാനിച്ചിട്ടുള്ള ഒരു സമുദായം ഇന്ന് വിരളമായിട്ടേ കാണുകയുള്ളൂ. സ്വര്‍ഗം മാതൃപാദങ്ങളിലാണ് സ്ഥിതി ചെയ്യുന്നതെന്നുള്ള റസൂര്‍ കരീമിന്‍റെ ദിവ്യസന്ദേശം നമുക്ക് അഭിമാനജനകം തന്നെ. വാസ്തവം ഇപ്രകാരമായിരിക്കെ നമ്മുടെ ഇന്നത്തെ നില എത്ര പരിതാപകരമാണ്. അസ്വാതന്ത്ര്യകാരാഗാരത്തില്‍ വലയുന്ന സ്ത്രീകളുള്ള സമുദായത്തിലെ പുരുഷന്മാര്‍ക്ക് ഒരിക്കലും അവരുടെ പ്രവൃത്തികളുടെ സുന്ദരമായ ഫലം അനുഭവിക്കുന്നതിനു സാധിക്കയില്ല. ഭാവി പൗരന്മാരുടെ ധിഷണാവിലാസത്തില്‍ ഉത്തരോത്തരം പ്രശോഭനമായിത്തീരേണ്ടുന്ന ലോകം കേവലം ഭൂഭാരത്തിനു മാത്രം അവശേഷിക്കുന്ന യുവാക്കളെയും ശിശുക്കളെയും ആരാധിച്ച് കഴിയണമെന്ന് വന്നാല്‍ അത് പ്രകൃത്യാ നിഷ്പ്രഭമായിത്തീര്‍ന്നുപോകും. അവരെ ചുമതലാബോധമുള്ളവരും വിവേകികളും വിജ്ഞാനികളും ആക്കിത്തീര്‍ക്കേണ്ട ഭാരം ആര്‍ക്കാണുള്ളതെന്നും അല്‍പം ആലോചിച്ചുനോക്കുവിന്‍.
“തൊട്ടിലാട്ടുന്ന കൈതന്നെയാണ് വിഷ്ടപം ഭരിക്കുന്ന” തെന്നുള്ള വസ്തുത നിങ്ങള്‍ ഒരിക്കലും മറന്നുകളയാവുന്നതല്ല. വിജ്ഞാനസമ്പന്നരും പരിഷ്കൃതാശയന്മാരുമായ പൗരന്മാര്‍ ഉണ്ടാകണമെങ്കില്‍ അവര്‍ പഠനം ചെയ്യുന്ന സ്തന്യാമൃതത്തിനും അതേ ഗുണങ്ങള്‍ അനുപേക്ഷണീയമായിട്ടുള്ളതാണ്. മാതാക്കളാണല്ലോ ആ ശിശുക്കളെ പൗരന്മാരാക്കിക്കൊണ്ടുവരേണ്ടത്. നമ്മുടെ സമുദായത്തിലെ സ്ത്രീകള്‍ക്കുള്ളതുപോലെ അടിമത്തം മറ്റൊരു സമുദായത്തിലും ഇല്ലെന്നുള്ളത് പരമാര്‍ത്ഥമായിരിക്കുമ്പോള്‍ മുസ്ലീംകളുടെ നാഗരികത്വത്തെക്കുറിച്ചോര്‍ത്ത് നമുക്ക് ലജ്ജ തോന്നിപ്പോകുന്നു. പരാന്നം ഭുജിച്ച് സ്ത്രീത്വം നശിച്ച് അവശതകളനുഭവിച്ച് നമുക്ക് ഇനിയും അടിമത്തം കൈക്കൊണ്ട് സ്വസമുദായത്തെയും സഹോദരന്മാരെയും അധഃപതിപ്പിക്കാന്‍ പാടില്ല. ഒരു സമുദായത്തിന്‍റെ അഭിവൃദ്ധിക്ക് ഒരു പുരുഷനെക്കാള്‍ ശക്തിമത്തായി ഒരു സ്ത്രീക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നുള്ളത് സത്യമാണ്. ഈ വാസ്തവം ഗ്രഹിക്കാന്‍ നമ്മുടെ സഹോദരങ്ങള്‍ക്ക് വളരെനാള്‍ വേണ്ടിവന്നേക്കാം. ആദര്‍ശശുദ്ധിയും പ്രവര്‍ത്തനചാതുരിയുംകൊണ്ട് നമ്മള്‍ മുന്നോട്ടുവരുമ്പോള്‍ അവരെല്ലാം നമ്മുടെ പന്ഥാവില്‍ പൂവിരിച്ചാചരിക്കും.
അക്ഷരാഭ്യാസം നിഷിദ്ധമായും അപരാധമായും കരുതിയിരുന്ന നമ്മളില്‍ പലരും ഇന്ന് അഭ്യസ്തവിദ്യകളായിത്തീര്‍ന്നിരിക്കുന്നതുകൊണ്ടു തന്നെയാണ് ഈദൃശചിന്തകള്‍ നമ്മില്‍ ഉദയം ചെയ്യാനിടയായിട്ടുള്ളത്. സ്ത്രീകളെ വിദ്യാഭ്യാസം ചെയ്യിക്കുന്നുവെങ്കില്‍ അവര്‍ വഴിപിഴക്കുമെന്നുള്ള തെറ്റിദ്ധാരണ ഇന്ന് ഭൂരിഭാഗവും നശിച്ചിട്ടുണ്ടെന്നുള്ളത് ആശ്വാസകരമാണ്. അവരവരുടെ ആശയങ്ങള്‍ വിപുലീകരിക്കുവാനും വിശദീകരിക്കുവാനും സ്വാഭിപ്രായം രേഖപ്പെടുത്തുവാനും പ്രഖ്യാപനം ചെയ്യുവാനും വിദ്യാഭ്യാസമാണ് നമുക്കു സഹായമായിത്തീര്‍ന്നിട്ടുള്ളത്. അതിന്‍റെ മഹഛക്തിയില്‍ അന്തര്‍ലീനമായ വിശാലഹൃദയത്വം തന്നെയാണ് പുറത്തിറങ്ങാതിരുന്ന നമ്മള്‍ എല്ലാവരെയും ഭീതിയും ലജ്ജയും വിട്ട് ഇന്നിവിടെ ഈ യോഗത്തില്‍ സന്നിഹതരാകുന്നതിന് ഇടയാക്കിത്തീര്‍ത്തിട്ടുള്ളതെന്ന് ഞാന്‍ വിസ്മരിക്കുന്നില്ല. പ്രബുദ്ധരായിത്തീര്‍ന്നിട്ടുള്ള നമ്മുടെ അത്യുല്‍കൃഷ്ടമായ പ്രവര്‍ത്തനപദ്ധതികളും അഭിപ്രായങ്ങളും കേവലം വിദ്യാലയഗമനം കൊണ്ടുമാത്രം സാധിക്കുന്നതുമല്ല. നമ്മുടെ ആവശ്യങ്ങളെ വെളിപ്പെടുത്തുന്നതിനും അവകാശങ്ങളെ വ്യക്തമാക്കുന്നതിനും നമ്മുക്ക് അധികാരമുണ്ട്. പുരുഷന്‍ ജീവിതഭാരത്തില്‍ വലയുന്നുണ്ടെങ്കില്‍ സ്ത്രീ കുടുംബഭാരത്തിനു ചുമതലപ്പെട്ടവളാണെന്ന് നിങ്ങള്‍ ഒരിക്കലും വിസ്മരിക്കരുത്.
പുരുഷന്‍റെ സകല പ്രവൃത്തികളും ശുഭപൂര്‍ണമായിത്തീരുന്നതിന് സ്ത്രീയുടെ അനുകമ്പാപൂര്‍ണമായ ആശിസ്സ് അത്യാവശ്യമാണ്. നമ്മള്‍ ജീവിതത്തില്‍ എന്താണ് ചെയ്യേണ്ടത്? അത് നമുക്ക് എങ്ങനെ സാധിക്കും? അറിവുകൊണ്ടും ആദര്‍ശശുദ്ധികൊണ്ടും അനുഗ്രഹിക്കപ്പെട്ട അനേകം സഹോദരികള്‍ നമുക്കുണ്ട്. അവരുമായി അടുത്തു പെരുമാറുകയും അവരെ അനുസരിക്കുകയും ചെയ്യുന്നതിന് നമുക്ക് അവസരമുണ്ടാക്കുകയാണ് അത്യാവശ്യമായിട്ടുള്ളത്. അതിന് ഒരു സമ്മേളനം പോലെ മഹത്തായ കാര്യപരിപാടി മറ്റൊന്നുമില്ല. പല കാരണങ്ങളാലും അവശത അനുഭവിച്ച് അധഃപതിച്ചുകിടക്കുന്ന നമ്മള്‍ക്കുണ്ടാകേണ്ട ആത്മാഭിമാനത്തെ പുരസ്കരിച്ചാണ് ഈ സമ്മേളനം നടത്താന്‍ സന്നദ്ധയായതെന്ന് സവിനയം അറിയിച്ചുകൊള്ളുന്നു.
അഖിലതിരുവിതാംകൂര്‍ മുസ്ലിം വനിതാസമാജം രൂപവത്കരിക്കണമെന്ന അത്യാകാംക്ഷ അതിരുകടന്നതാണെന്ന് എനിക്ക് തോന്നുന്നു. പക്ഷേ, നമ്മളെ സംബന്ധിച്ചിടത്തോളം അത് അത്യന്താപേക്ഷിതമാണ്. തിരുവിതാംകൂര്‍ മുഴുവന്‍ തിരഞ്ഞാലും അതിന് സന്നദ്ധതയുള്ളവര്‍ എത്രകണ്ട് കാണുമെന്ന് എനിക്ക് നിശ്ചയമില്ല. അവരെല്ലാവരും അത്ര പെട്ടെന്ന് ഒരുമിക്കുക എന്ന് പറയുന്നതും പ്രായോഗികമായിത്തീരാന്‍ പ്രയാസമാണ്. എന്നാല്‍, ഒരു പൊതുസംഘടന നമുക്ക് ആവശ്യവും ആയിരിക്കുന്നു. അതിന് ഓരോ താലൂക്കുതോറും, കരകള്‍തോറും വനിതാസമാജം വേണമെന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. കാര്യബോധമുള്ള ഓരോ സഹോദരിയെങ്കിലും ഒരു ദിക്കിലുണ്ടായാല്‍ മതിയാകും നമ്മുടെ ഉദ്ദേശ്യം ശരിയാകുവാന്‍.
ഇങ്ങനെയുണ്ടാകുന്ന യോഗങ്ങളെല്ലാം സ്വരൂപിച്ച ഒരഖിലതിരുവിതാംകൂര്‍ അഥവാ ഒരഖിലരാജ്യ സമ്മേളനത്തിനു വലിയ പ്രയത്നം ഒന്നും വേണ്ടിവരുകയില്ല. തിരുവിതാംകൂര്‍ മുസ്ലിംവനിതകള്‍ക്കുള്ള സമുന്നതയെ വെളിപ്പെടുത്തുന്നതിന് അങ്ങനെ ഒരു സമാജം ഉണ്ടാകാതെ ഒരിക്കലും സാധിക്കുന്നതല്ല. പല സ്ഥലങ്ങളില്‍ നിന്നും ഇന്നിവിടെ സന്നിഹിതരായിരിക്കുന്ന സഹോദരികള്‍, അവരവരുടെ ഏറ്റവും വലിയ കര്‍ത്തവ്യം തങ്ങളുടെ സഹോദരികളെ പരിഷ്കൃത മനസ്വിനികളാക്കിത്തീര്‍ക്കുന്നതിന് ഉടന്‍ അവരവരുടെ ദിക്കുകളില്‍ സമാജം സ്ഥാപിക്കുകയാണ് വേണ്ടത്. മറന്നുപോകയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.
മാന്യസഹോദരികളേ! കുലത്തിന് ശിരോവതസമമായ നമ്മളുടെ കൊച്ചുബാലികമാരെ പാഠശാലകളില്‍ അയക്കുന്നതിന് നിങ്ങള്‍ ഒരിക്കലും വിമുഖരായിത്തീരരുതെന്നാണ് സമാജരൂപവത്കരണപരിപാടിയിലെ പ്രധാനചടങ്ങായി എനിക്ക് നിങ്ങളോട് അഭ്യര്‍ത്ഥിക്കാവാനുള്ളത്. നമ്മളുടെ സത്യമതവും പുണ്യാത്മാവായ റസൂല്‍കരീമും(സ) ഒരിക്കലും സ്ത്രീകളെ അധഃകൃതരായി ഗണിച്ചിട്ടില്ല. നബി തിരുമേനിക്ക് ആദ്യമായി സിദ്ധിച്ച ദൈവസന്ദേശം തന്നെ അതിന് സാക്ഷ്യം വഹിക്കുന്നുണ്ടല്ലോ. “പേനകൊണ്ടെഴുതാന്‍ പഠിപ്പിച്ച നിന്‍റെ ദൈവനാമത്തില്‍ നീ വായിക്കുക.” എന്ന് വിശുദ്ധ ഖുര്‍ആനില്‍ ആജ്ഞാപിച്ചിരിക്കുന്നതിന്‍റെ പരമരഹസ്യം നിങ്ങള്‍ ചിന്തിക്കണം.
വിദ്യാഭ്യാസത്തിന്‍റെ പ്രഥമാര്‍ഗം എഴുത്തും വായനയും പഠിക്കുകയാണ്. ഒരു പിതാവിന്‍റെ കടമയെപ്പറ്റിയുള്ള പരിശുദ്ധനബിവചനം നിങ്ങള്‍ ഓര്‍മിക്കണം: ‘കുട്ടിയെ എഴുത്തുപഠിപ്പിക്കുക; നല്ല പേരിടുക; പ്രായം തികഞ്ഞാല്‍ വിവാഹം ചെയ്യിക്കുക’ ഇത്രയും പിതാവിന്‍റെ കടമയായി പറഞ്ഞിരിക്കുന്നു. ഇതുകൊണ്ടെല്ലാം വിദ്യാഭ്യാസത്തെ മതം ഒരിക്കലും നിഷേധിച്ചിട്ടില്ലെന്ന് മനസ്സിലാക്കാവുന്നതാണ്. നമ്മള്‍ രൂപവത്കരിക്കുന്ന സമാജം വിദ്യാഭ്യാസത്തിനുവേണ്ടി മാത്രമുള്ളതല്ല. ശുചിത്വം, ശിശുസംരക്ഷമം, ഗൃഹഭരണം, ആത്മീയാനന്ദത്തിനും പരിഷ്കരണത്തിനും വേണ്ടി സാഹിത്യം എന്നതെല്ലാം നമ്മുടെ പെണ്‍കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക, വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും നമുക്കുള്ള അവശതകളെ അറിയിച്ച് ബഹുമാനപ്പെട്ട ഗവണ്‍മെന്‍റില്‍നിന്നും വേണ്ട സഹായങ്ങള്‍ ചോദിച്ചു വാങ്ങിക്കുക മുതലായവയാകുന്നു. കരയുന്ന കുഞ്ഞിനു മാത്രമേ മുലകൊടുക്കുകയുള്ളൂ എന്നത് പരമാര്‍ത്ഥമാണ്. എന്നാല്‍, കരഞ്ഞാലും കൊടുക്കാന്‍ സമയമുണ്ടാകാത്ത ഒരു കാലമാണിത്. നിറുത്താതെ കരയുകയും നമ്മുടെ ആവശ്യങ്ങള്‍ ചോദിക്കുകയും ചെയ്തില്ലെങ്കില്‍ നമുക്കൊരിക്കലും ഒന്നും കിട്ടുന്നതല്ല. കൃത്യാന്തര ബഹുലതയുള്ള ഗവണ്‍മെന്‍റിന് പ്രതിപക്ഷ മനഃസ്ഥിതിയോ പ്രത്യേകതയോ ഉണ്ടാകാന്‍ തരമില്ല. നമ്മളുടെയിടയില്‍ പരീക്ഷ പാസ്സായിട്ടുള്ളവര്‍ എല്ലാ ഉദ്യോഗത്തിനു അപേക്ഷ കൊടുക്കണം. ഒരു പ്രാതിനിധ്യപദ്ധതിയോ അവകാശവാദമോ അല്ല ഞാനുദ്ദേശിക്കുന്നത്. നമ്മളുടെ രക്തം കുതിച്ചുയര്‍ന്നു വറ്റി മിന്നിത്തെളിയുന്നതാണ് നമ്മുടെ രാജ്യം. അതിനെ സേവിക്കേണ്ട കര്‍ത്തവ്യം നമുക്കുമുണ്ട്. നമ്മുടെ രാജ്യത്തില്‍ ഉദ്യോഗം സ്വീകരിക്കുക നമ്മുക്ക് അഭിമാനകരമാണ്. ആത്മാഭിമാനം വളര്‍ത്തിക്കൊണ്ടുവരുന്നതിനാണ് നമ്മള്‍ ഉദ്യോഗവതികളായിത്തീരണമെന്ന് ഞാന്‍ പറയുന്നത്. ഗവണ്‍മെന്‍റ് നമുക്കു ചില പ്രത്യേകസൗകര്യങ്ങള്‍ ചെയ്തുതരേണ്ടതുമുണ്ട്. പരിഷ്കൃതമനസ്കനും മഹാനുഭാവനുമായ നമ്മുടെ പൊന്നുതമ്പുരാനും രാജ്യക്ഷേമോത്സുകനായ സചിവോത്തമനും മറ്റു രാജ്യസ്നേഹികളും അതില്‍ സന്തുഷ്ടരായിത്തന്നെ ഇരിക്കും. തല്‍ക്കാലം സന്നദ്ധതയും കഴിവും നമ്മളെ സംബന്ധിച്ചിടത്തോളം സര്‍ട്ടിഫിക്കറ്റും ഡിഗ്രിയുമായി ഗവണ്‍മെന്‍റ് പരിഗണിക്കേണ്ടതാണ്.
പൊതുവെ മുസ്ലീംസ്ത്രീകള്‍ക്ക് രാജ്യത്ത് ഒരുണര്‍വും ഉണ്ടായിട്ടില്ലാത്തതിനാല്‍ സ്വരാജ്യബോധവും പ്രതിപത്തിയും ഉണ്ടാക്കേണ്ട കര്‍ത്തവ്യം അറിവുള്ള സഹോദരികള്‍ക്കുണ്ട്. നമ്മില്‍ ഓരോരുത്തരിലും തിങ്ങിവിങ്ങുന്ന ഭൂതദയയുടെയും സഹോദരീത്വത്തിന്‍റെയും പ്രഭാങ്കുരത്താല്‍ സമുദായം അത്യന്തം ചൈതന്യം ചാര്‍ത്തി വിജയിച്ചരുളത്തക്കവിധം പ്രവൃത്തി സമ്പൂര്‍ണമായ ഒരു സമാജരൂപവത്കരണമാണ് നമുക്ക് അത്യാവശ്യമായിട്ടുള്ളത്. അതിന്‍റെ ആവശ്യകതയെ നല്ലപോലെ ഗ്രഹിച്ച്, ദുഷിച്ച മാമൂല്‍കോട്ടകളുടെ ശക്തിയേറിയ ഭിത്തികളെ തട്ടിത്തകര്‍ത്ത് യാഥാസ്ഥിതികപാതകളില്‍ക്കൂടി നിര്‍ഭയം സഞ്ചരിച്ച് ത്യാഗത്തിന്‍റെ മുള്‍ക്കിരീടം ധരിച്ച് വളരെ കഷ്ടനഷ്ടങ്ങളും സഹിച്ച്, വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും ഇവിടെ എത്തിച്ചേര്‍ന്നിട്ടുള്ള സഹോദരികളോട് എന്‍റെ അടിത്തട്ടില്‍നിന്നും ഉദിച്ചുയരുന്ന നന്ദിയെ രേഖപ്പെടുത്തുന്നതിന് ഈ എളിയ സഹോദരിക്കു കഴിവില്ലെന്ന് സലജ്ജം സമ്മതിക്കുന്നതോടുകൂയി ഹൃദയപൂര്‍വ്വം നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും സ്വാഗതം പറഞ്ഞുകൊള്ളുന്നു.
(ഈ ലേഖനങ്ങള്‍ക്ക് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച കല്പനയുടെ മാറ്റൊലി (എഡിറ്റര്‍ ജെ. ദേവിക) 2011 എന്ന പുസ്തകത്തോട് കടപ്പാട്)
COMMENTS