Homeപെൺപക്ഷം

കെ.റെയില്‍ എന്ന വികസന മാതൃക

കേരളത്തിന് വികസനം വേണോ? എങ്കില്‍ ഏതുതരത്തിലുള്ള വികസനം? ഈ ചോദ്യത്തിന് മറുപടി പറയുക എളുപ്പമല്ല. മാര്‍ക്സിയന്‍ സങ്കല്പം പറയുന്നത് ഉല്പാദന മേഖല-കാര്‍ഷികം, വ്യാവസായികം- എന്നിവയുടെ വികസനമാണ് ഒരു നാടിന്‍റെ വികസനത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങള്‍ എന്നാണ്. ഗാന്ധിജി പറഞ്ഞിരുന്നു ഇന്ത്യ നാട്ടിന്‍പുറങ്ങളില്‍നിന്നാണ് വികസിക്കേണ്ടത്. ജനങ്ങളുടെ സ്വാശ്രയത്വം, സ്വയംപര്യാപ്തത എന്നതായിരിക്കണം പ്രധാന മുദ്രാവാക്യം. ഗ്രാമ സ്വരാജ് എന്നതായിരിക്കണം നമ്മുടെ മുഖ്യലക്ഷ്യം എന്നായിരുന്നു ആ സങ്കല്പത്തിന്‍റെ ചുരുക്കം.

പക്ഷെ ഇപ്പോഴത്തെ വികസന നയങ്ങള്‍ മുകളില്‍ പറഞ്ഞ ജനകീയ വികസന നയങ്ങളുമായി ഒരു ബന്ധവുമില്ലാത്തതാണെന്ന് കാണാം. കേരളംപോലെ മലകളും കാടുകളും പുഴകളും സുലഭമായുള്ള ഒരു സംസ്ഥാനത്ത് പരിസ്ഥിതിക്ക് ആഴമേറിയ ആഘാതമേല്പ്പിക്കുന്ന, നമ്മുടെ പ്രകൃതിവിഭവങ്ങളെ ചവുട്ടിമെതിക്കുന്ന വിധമുള്ള വികസന നയമാണ് നമുക്ക് വേണ്ടതെന്ന് സര്‍ക്കാര്‍ പറയുന്നു. ദശകങ്ങളായി അത്തരം വികസന പദ്ധതികളാണ് ഇവിടെ നടപ്പിലാക്കുന്നത്. സ്വകാര്യവല്ക്കരണവും ഉദാരവല്ക്കരണവും ആഗോളവല്ക്കരണവും ലക്ഷ്യം വെക്കുന്ന ലോക കോര്‍പറേറ്റ് മുതലാളിത്തത്തിന്‍റെ താല്പരങ്ങള്‍ക്കു വേണ്ടി സ്വന്തം ജനതയുടെ അടിസ്ഥാന താല്പര്യങ്ങളെ പൂര്‍ണമായും ബലികഴിക്കുന്ന വികസന പരിപാടികളാണ് സര്‍ക്കാര്‍, ഇടതുപക്ഷമായാലും വലതുപക്ഷമായാലും നടപ്പിലാക്കാന്‍ താല്പര്യപ്പെടുന്നത്. 2018 ലെ പ്രളയദുരന്തത്തിന്‍െറ ഒരു മുഖ്യ കാരണം ഈ കടിഞ്ഞാണില്ലാത്ത ‘വികസന’ നയങ്ങളാണെന്ന് സമൂഹം വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്തതാണ്. ഗാഡ്ഗില്‍ നിര്‍ദ്ദേശങ്ങളെ ഏറ്റവുമധികം സ്വീകാര്യതയോടുകൂടി ചര്‍ച്ച ചെയ്ത ഒരു സമയമായിരുന്നു അത്. എന്നിട്ടും ഇതാ പുതിയൊരു അഭിമാന പദ്ധതിയുമായി സര്‍ക്കാര്‍ ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. കാസര്‍കോടുനിന്ന് 4 മണിക്കൂര്‍കൊണ്ട് തിരുവനന്തപുരത്തെത്താന്‍ ഇങ്ങനെ ഒരു റെയില്‍പാതയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലേ?

നേരത്തെ ഇത്തരം അഭിമാന പദ്ധതികള്‍ക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട കുറേ കുടുംബങ്ങള്‍ ഇന്നും സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളെപ്പോലെ കഴിയുന്നു. ഇത്തരം വികസന കാഴ്ചപ്പാടിന്‍െറ ഇരകളായ എന്‍ഡോസള്‍ഫാന്‍ പീഡിത ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഇന്നും മഹാദുരന്തമായി തുടരുന്നു. ആ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കാണാന്‍ മാറിമാറിവന്ന സര്‍ക്കാറുകള്‍ താല്പര്യമെടുത്തില്ല. എന്നിട്ടും പുതിയ പദ്ധതികള്‍ക്കുവേണ്ടി നാം നാടിനെ വിദേശകടത്തിലും കോര്‍പറേറ്റ് ഭരണത്തിലും മുക്കിക്കൊണ്ടിരിക്കുന്നു.

ഈ ജനവിരുദ്ധമായ, തലകീഴായ വികസന നയം നമുക്ക് ഉപേക്ഷിക്കാനായില്ലേ? സ്വന്തം നാടിന്‍റെ വികസനമെങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങള്‍ക്കില്ലേ? രാജ്യത്തിന്‍റെ ആസൂത്രണത്തില്‍ ജനങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ച് വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന ജനകീയാസൂത്രണ സംവിധാനങ്ങള്‍ ഉണ്ടായിട്ടും ഇത്തരം വികസനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ എന്തുകൊണ്ടാണ് പരിഗണിക്കപ്പെടാത്തത്? അപ്പോള്‍ ഇവിടെ എന്തു ജനാധിപത്യമാണ് നിലനില്ക്കുന്നത്?

അജിത കെ.

 

 

 

 

COMMENTS

COMMENT WITH EMAIL: 0