മലയാളഭാഷയിലുള്ള പത്രപ്രവര്‍ത്തനം യഥാര്‍ത്ഥ രൂപത്തില്‍ ആരംഭിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളിലാണ്. ആശയങ്ങളിലും ചിന്താഗതികളിലും നിലപാടുകളിലും പുതിയ കാഴ്ചപ്പാടുകള്‍ ഇക്കാലത്ത് കടന്നുവന്നു. സാഹിത്യത്തിലും ഈ മാറ്റം പ്രകടമായിരുന്നു. പത്രങ്ങളിലൂടെ, മാസികകളിലൂടെ സാഹിത്യവും ഭാഷയും നവീകരിക്കപ്പെട്ട കാലമായിരുന്നു ഇത്. മലയാളത്തിലെ ആദ്യത്തെ പത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘രാജ്യസമാചാരം’ 1847-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടുവെങ്കില്‍ ‘പ്രതിദിനം’ എന്ന ആദ്യത്തെ ദിനപത്രം വൈക്കം സത്യാഗ്രഹകാലത്താണ് പുറത്തുവന്നത്. 1847നും 1885 നുമിടയില്‍ 26 മാസികകള്‍ പ്രസിദ്ധീകരിക്കപ്പെട്ടുവെന്നും ഇവയില്‍ ആദ്യത്തെ വനിതാമാസികയായ ‘കേരളീസുഗുണബോധിനി’ ഉള്‍പ്പെട്ടിരുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
അറിവിനെയും വിജ്ഞാനത്തെയും ജനകീയമാക്കാന്‍ വാരികകളും മാസികകളും കാരണമായി. അന്ധവിശ്വാസങ്ങള്‍ക്കും അസമത്വങ്ങള്‍ക്കെതിരെയൊക്കെ ചിന്തിക്കാന്‍ ഇത് വഴിയൊരുക്കി. ഈ മാറ്റം കേരളത്തിന്‍റെ പില്‍ക്കാല മുന്നേറ്റങ്ങള്‍ക്ക് അടിസ്ഥാനമായി എന്നത് പറയേണ്ടിയിരിക്കുന്നു.
സ്ത്രീകള്‍ക്ക് വേണ്ടിയുള്ള മലയാളത്തിലെ ആദ്യപ്രസിദ്ധീകരണം ‘കേരളീ സുഗുണബോധിനി’ പുറത്തിറക്കിയത് 1885 ജൂലൈയിലാണ്. ‘രാജ്യസമാചാരം’ പ്രസിദ്ധീകരിക്കപ്പെട്ട് 38 വര്‍ഷം കഴിഞ്ഞ്. സ്ത്രീകള്‍ക്കുവേണ്ടി പുരുഷന്മാര്‍ നടത്തിയ പ്രസിദ്ധീകരണമായിരുന്നു കേരളീ സുഗുണബോധിനി. കേരളവര്‍മ വലിയകോയിത്തമ്പുരാന്‍റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തുക്കളായ കെ. ചിദംബരവാദ്ധ്യാര്‍, എം.പി. നാരായണപിള്ള എന്നിവര്‍ പത്രാധിപര്‍മാരായി ആരംഭിച്ച കേരളീ സുഗുണബോധിനിയുടെ മാനേജര്‍ മരുതനായകം പിള്ളയായിരുന്നു. രണ്ട് രൂപയായിരുന്നു വാര്‍ഷിക വരിസംഖ്യ (വില).
പുരുഷന്മാര്‍ പുറത്തിറക്കിയിരുന്ന ഈ പത്രത്തില്‍ സ്ത്രീകള്‍ എഴുതിയിരുന്നു എന്ന് സംശയമാണ് (പുതുപ്പള്ളി രാഘവന്‍). അക്കാലത്ത് എഴുത്തുകാര്‍ പേര് വച്ചെഴുതുന്നത് പതിവായിരുന്നില്ല. ‘കേരളീസുഗുണബോധിനി’യുടെ ചില ലക്കങ്ങളില്‍ ‘ഭഗവതി അമ്മ’ എന്ന പേരില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇത് പുരുഷ എഴുത്തുകാര്‍ ആരെങ്കിലും സ്ത്രീപേരില്‍ എഴുതിയതാകാം എന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
1894 സെപ്റ്റംബറിലെ ‘കേരളീസുഗുണബോധിനി’യില്‍ പ്രസിദ്ധീകരിച്ച ‘ഒരു മൂങ്ങയും അതിന്‍റെ വിദ്യാശിലയും – ഒരു രസകരമായ സംഭാഷണം’ എന്നീ കഥകളും 1894 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച ‘കൂപനിവാസിയായ കുരുട്ടാമ’ എന്ന കഥയും ജെ. ഭഗവതിയമ്മയുടെ പേരിലുള്ളതാണ്. സാഹിത്യവിഷയങ്ങള്‍ക്കായിരുന്നു ‘കേരളീസുഗുണബോധിനി’യില്‍ ഊന്നല്‍ കൊടുത്തിരുന്നത്. അടുക്കളക്കുള്ളില്‍നിന്നും സ്ത്രീയെ പുറത്തുകൊണ്ടുവരണമെങ്കില്‍ അറിവും വിദ്യാഭ്യാസവും കൂടിയേതീരൂവെന്ന ചിന്ത ‘കേരളീസുഗുണബോധിനി’ പങ്കുവെച്ചിരുന്നു. ആദ്യലക്കഷം എഡിറ്റോറിയല്‍ ഇതു വ്യക്തമാക്കുന്നുണ്ട്.
“മലയാളത്തില്‍ നിരവധി പ്രസിദ്ധീകരണങ്ങളിലൂടെ എഴുത്തുകാര്‍ അവരുടെ ചിന്തകളും ആശയങ്ങളും പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ ഇവയൊക്കെ പൂര്‍ണ്ണമായും പുരുഷന്മാര്‍ക്ക് വേണ്ടിയുള്ളതാണ്. സ്ത്രീകള്‍ക്കുവേണ്ടി ഒന്നും തന്നെയില്ല. സ്ത്രീകളുടെ വായനാശീലത്തിനും അവര്‍ക്ക് ആനന്ദം നല്‍കാനുംവേണ്ടി ഒരു പ്രസിദ്ധീകരണവും ഇല്ല എന്നത് സങ്കടകരമാണ്. അതുകൊണ്ട് ഇന്നുമുതല്‍ കേരളീ സുഗുണബോധിനി എന്ന പേരില്‍ ഒരു മാസിക സ്ത്രീകള്‍ക്കായി തുടങ്ങുന്നു” എന്നായിരുന്നു ആമുഖക്കുറിപ്പ്. “ഈ പ്രസിദ്ധീകരണം രാഷ്ട്രീയവും മതപരവുമായ ചര്‍ച്ചകള്‍ ഉദ്ദേശിക്കുന്നില്ല. മൂല്യബോധം, കടമകള്‍, പാചകം, സംഗീതം, മൂല്യബോധം ഉയര്‍ത്തുന്ന കഥകള്‍, വിനോദത്തിനുള്ള വഴികള്‍, കഥകള്‍, സ്ത്രീകളുടെ ജീവിതകഥകള്‍, രാജ്യചരിത്രം, സാഹിത്യവിമര്‍ശനം, തത്ത്വശാസ്ത്രം, മനുഷ്യശരീരശാസ്ത്രം തുടങ്ങിയ വിഷയങ്ങളായിരിക്കും ഇതില്‍ മുഖ്യം” എന്നും തുടക്കത്തിലേ പറഞ്ഞിട്ടുണ്ട്.
‘സ്ത്രീ വിദ്യാഭ്യാസം’ എന്ന പേരില്‍ കേരളവര്‍മ എഴുതിയ ഒരു കവിതയാണ് പ്രഥമ ലക്കത്തിലെ ആദ്യ ഇനം.
“സ്ത്രീകള്‍ക്ക് നല്ലറിവു നള്‍കവതാണു നന്നു
ലോകത്തിലുത്തമപരഷ്കൃതികള്‍ക്കു പാര്‍ക്കില്‍
ആക പ്രജാസമുദായത്തിനു സല്‍ഗുണങ്ങ-
ളേകപ്പെടുന്നതിനന്നലമൊന്നുതന്നെ
മാതാവിനുള്ള ഗുണമാണൊരു കുത്തിലേറ്റ-
ജാതാവലംബനമതായി വരുന്നതെന്നും
ഓതാമിതൊന്നു ദൃഢമായ സതീടെ കൂട്ടി
ക്കേതാനുമമ്മയുടെ ദുര്‍ഗുണമൊക്കെയുണ്ടാം.
കേരളീസുഗുണബോധിനിമൂലം
സാരളീഭവിതമായതിവേലം
കേരളീയവനിതാജലജാലം
സാരലീനമതിായ് ഭവിതാലം.
ആദ്യലക്കത്തില്‍ ദഹനവ്യവസ്ഥയെക്കുറിച്ചുള്ള ലേഖനം, ദന്തസംരക്ഷണം, വി. രാമയ്യാരുടെ ജീവചരിത്രം, ഹല്‍വ ഉണ്ടാക്കുന്നതെങ്ങനെ, തിലോത്തമ എന്ന ചെറുകഥ തുടങ്ങിയവയായിരുന്നു ഉള്ളടക്കത്തില്‍. തിരുവിതാംകൂര്‍ ചരിത്രം ‘കേരളീ സുഗുണബോധിനി’യില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചിരുന്നു.
കലാകാരന്മാരെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചും കൃതികളെക്കുറിച്ചും കേരളീസുഗുണബോധിനി വിശദമായ ലേഖനങ്ങള്‍ നല്‍കിയിരുന്നു. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍റെ പാലൊളിചരിതം, എ.ആര്‍. രാജരാജവര്‍മയുടെ കേരളപാണിനീയം, മേഘദൂതം, കുചശതകം ഇവയെക്കുറിച്ചൊക്കെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുത്തുസ്വാമിദീക്ഷിതര്‍, സ്വാതിതിരുനാള്‍ തുടങ്ങിവരുടെ ജീവചരിത്രങ്ങളും പ്രധാനപ്പെട്ടവയായിരുന്നു. പഞ്ചാംഗഗണിതത്തെക്കുറിച്ച് പറവൂര്‍ കേശവനാശാന്‍ (10321092) എഴുതിയ ലേഖനം കേരളീസുഗുണബോധിനിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പ്രധാനപ്പെട്ട ഒരു എഴുത്തുകാരനും ‘സുജനനന്ദിനി’ എന്ന പ്രസിദ്ധീകരണത്തിന്‍റെ പത്രാധിപരും ആയിരുന്നു പറവൂര്‍ കേശവനാശാന്‍. പ്രമുഖ കവിയും എഴുത്തുകാരനുമായിരുന്നു കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനും ഈ വനിതാ മാസികയില്‍ എഴുതുമായിരുന്നു.
മലയാളിസ്ത്രീകളെ പത്രപ്രവര്‍ത്തനത്തിന്‍റെയും എഴുത്തിന്‍റെയും വഴികളിലേക്ക് നയിക്കുന്നതില്‍ ഈ പ്രസിദ്ധീകരണം കാരണമായി എന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആദ്യത്തെ കേരളീ സുഗുണബോധിനി ആറുമാസമേ പുറത്തിറങ്ങിയുള്ളൂ. പിന്നീട് 1892-ല്‍ ഈ മാസിക വീണ്ടും പ്രസിദ്ധീകരിക്കപ്പെട്ടു. കെ. ചിദംബരവാദ്ധ്യാര്‍, എം.സി. നാരായണപിള്ള എന്നിവരായിരുന്നു രണ്ടാമത്തെ തവണ പത്രാധിപന്മാരായത്.
‘പാതിവ്രത്യം’ കേരളീസുഗുണബോധിനി ഗൗരവത്തോടെ കൈകാര്യം ചെയ്തിരുന്നു. ‘പതിവ്രതാധര്‍മം’ എന്ന പേരില്‍ ഒരു ലേഖനം ‘ഒരു മാന്യസ്ത്രീ’ എഴുതിയിരിക്കുന്നു. ഭര്‍ത്താവിന്‍റെ ഇച്ഛയ്ക്കനുസരിച്ച് അയാള്‍ക്ക് സുഖവും സൗകര്യങ്ങളും ഉണ്ടാകുന്ന വിധത്തില്‍ ജീവിക്കേണ്ടതിന്‍റെ ആവശ്യകത ഈ ലേഖനം ഊന്നിപ്പറയുന്നു.
1892-ല്‍ ‘മഹാറാണി’ എന്നൊരു മാസിക മദ്രാസില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്നു. രണ്ടുമാസത്തിലൊരിക്കല്‍ പ്രസിദ്ധീകരിച്ചിരുന്ന ഈ മാസികയുടെ എഡിറ്ററും പ്രസാധകനും റാവു ബഹദൂര്‍ കൃഷ്ണമാചാര്യ ആയിരുന്നു (പുതുപ്പള്ളി രാഘവന്‍).
ഈ മാസികകൊണ്ട് സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് പ്രയോജനം ഉണ്ടാകുന്നില്ല എന്ന ചിന്തയുടെ ഫലമായാണ് 1892-ല്‍ ‘കേരളീ സുഗുണബോധിനി’ പുനഃപ്രസിദ്ധീകരിക്കാന്‍ കേരളവര്‍മ വലിയകോയിത്തമ്പുരാന്‍റെ നേതൃത്വത്തില്‍ തീരുമാനിച്ചത്. 1904-ല്‍ പുറത്തിറക്കിയ ശാരദയെക്കുറിച്ച് പുതുപ്പള്ളി രാഘവന്‍റെ പത്രപ്രവര്‍ത്തനചരിത്രത്തില്‍ പറയുന്നുണ്ട്. പിന്നീട് ഈ വിഷയത്തെക്കുറിച്ച് എഴുതിയവരും ഇതുതന്നെ പറയുന്നു. ‘മലയാളസ്ത്രീമാസികകള്‍ ചരിത്രവും ഭാവുകത്വപരിണാമവും’ എന്ന ഗവേഷണപ്രബന്ധത്തില്‍. ആദ്യലക്കം പരിശോധിച്ചതില്‍നിന്ന് 1905-ലാണ് ‘ശാരദാ’ പ്രസിദ്ധീകരിച്ചത് എന്നാണ് കണ്ടത്, എന്ന് സംഗീത തിരുവുള്‍ പി.പി. പറയുന്നത്.
“1905-ലാണ് ‘ശാരദാ’ എന്ന സ്ത്രീ മാസിക രൂപമെടുത്തത് എന്നാണ് ശാരദയുടെ പ്രഥമലക്കം പരിശോധിച്ചതില്‍നിന്ന് മനസ്സിലാക്കാനായത്.
“ഉല്ലാസത്തൊടു വൈദുഷീമഹിമയേ പ്രാപിച്ചുദിച്ചീടും
ചൊല്ലാര്‍ന്നോരബലാത്രയേണ കലിതശ്രദ്ധം പ്രസിദ്ധീകൃതം
നല്ലാര്‍ക്കീനവയായ മാസിക യശോവിസ്തരദാ “ശാരദ”
മല്ലാരേരനുകമ്പയാചിരതരം കേഴാതെ വാഴേണമേ”
എന്ന കേരളവര്‍മ്മയുടെ (19051) മംഗളത്തോടെയാണ് ‘ശാരദാ’യുടെ ആദ്യലക്കം ആരംഭിക്കുന്നത്. തുടര്‍ന്ന് മാനേജരും ഉടമസ്ഥനുമായ കേ. നാരായണമേനോന്‍റെ പ്രസ്താവനയുമുണ്ട്. ഈ പ്രസ്താവന ‘ശാരദാ’യുടെ ലക്ഷ്യങ്ങള്‍ വെളിപ്പെടുത്തുന്നു (സംഗീത തിരുവുള്‍ പേജ് 25).
‘ശാരദാ’ പ്രത്യേകം സ്ത്രീകളുടെ ഉപയോഗത്തിനായി തുടങ്ങുന്നതാകുന്നു. മലയാളഭാഷയില്‍ പരിചയമുള്ള സകല സ്ത്രീജനങ്ങളുടെയും അഭ്യുദയത്തിനായി അവശ്യം വേണ്ടുന്ന സംഗതികളെപ്പറ്റി ലളിതവും സുഗമവുമായ ഭാഷയില്‍ പ്രതിപാദിക്കുവാനും മാസിക മൂലമായി അവര്‍ക്ക് നിത്യമായ ഗുണങ്ങളെ ഉണ്ടാക്കാനുമാവുന്നു ഞങ്ങളുടെ ശ്രമം.”
“ശാരദാ മാസികയുടെ രീതി മലയാളത്തിന് പുതിയതാണ്. ഈ ഉദ്യമം ഞങ്ങള്‍ക്കും പുതിയതാണ്. അതുകൊണ്ട് ആദ്യകാലങ്ങളില്‍ വളരെ ന്യൂനതകള്‍ ഉണ്ടായേക്കാം. മാസികയെ സംബന്ധിച്ച് ഏതെങ്കിലും ഭേദഗതികള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ മഹാജനങ്ങള്‍ അവയെ അനുഗ്രഹബുദ്ധിയോടെ കാണിച്ചുതരുവാന്‍ യഥാശക്തി ഞങ്ങളെ സഹായിക്കുവാനും വളരെ താഴ്മയോടെ അപേക്ഷിക്കുന്നു” (നാരായണമേനോന്‍ കേ., 1905-1).
കേ. നാരായണമേനോന്‍റെ ഉടമസ്ഥതയില്‍ ഭാരതീവിലാസം പ്രസ്സിലാണ് ‘ശാരദാ’ അച്ചടിച്ചിരുന്നത്. ‘കേരളീസുഗുണബോധിനി’യില്‍നിന്ന് വ്യത്യസ്തമായി ‘ശാരദാ’യില്‍ സ്ത്രീകള്‍ തന്നെയാണ് ഏറെക്കുറെ ഉള്ളടക്കം എഴുതിയിരുന്നത്. റാണി സേതുലക്ഷ്മിഭായി, റാണി പാര്‍വതീഭായി, ഇക്കുവമ്മ തമ്പുരാന്‍ എന്നിവര്‍ പേട്രണ്‍മാരായിരുന്നു. ടി.ബി. കല്യാണികുട്ടിയമ്മ, ടി.സി. കല്യാണിയമ്മ, ടി. അമ്മുക്കുട്ടി എന്നിവരായിരുന്നു ‘ശാരദാ’യുടെ പ്രസാധകര്‍. ഒരുപക്ഷേ കേരളത്തിലെ ആദ്യ പ്രസാധകരും ഇവര്‍ തന്നെയായിരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു (സംഗീത).
സ്ത്രീധര്‍മം, ഭര്‍തൃശുശ്രൂഷ, സ്ത്രീവിദ്യാഭ്യാസം, ചാരിത്ര്യം, മാതൃസ്നേഹം, ആഭരണഭ്രമം, പ്രസവം തുടങ്ങിയ നിരവധി വിഷയങ്ങള്‍ ‘ശാരദാ’യില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ സ്ത്രീകള്‍തന്നെയാണ് എഴുതിയിരുന്നുവെന്നതിന് തെളിവ് പിറന്നാള്‍പ്പതിപ്പിലെ പ്രസ്താവനയാണ്.
“ശാരദാ’യുടെ ഈ കഴിഞ്ഞ പന്ത്രണ്ട് ലക്കങ്ങളില്‍നിന്നും നമ്മുടെ മലയാളത്തില്‍ ഗദ്യമെഴുതാന്‍ പ്രാപ്തിയുള്ള സ്ത്രീകള്‍ എത്രയുണ്ടെന്ന് അറിയാമല്ലോ. ‘ശാരദാ’യുടെ ആവിര്‍ഭാവത്തിന് മുമ്പായി ഈ കഥ ആരും മനസ്സിലാക്കിയിരുന്നില്ല” (‘ശാരദാ’, 1906-1).
സ്ത്രീകള്‍ എഴുതുന്നത് രണ്ടുതരത്തില്‍ ഗുണംചെയ്യുമെന്ന് ശാരദാപ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. എഴുതുന്ന സ്ത്രീയുടെ പുരോഗതിക്കൊപ്പം വായിക്കുന്നവര്‍ക്കുണ്ടാകുന്ന നേട്ടവും അവര്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ എഴുതുന്നത് വായിക്കാന്‍ സ്ത്രീകള്‍ക്ക് ഇഷ്ടമാണ് എന്നും സ്ത്രീകള്‍ക്ക് സ്ത്രീകളോടാണ് മമതയെന്നും ‘ശാരദാ’ പറയുന്നുണ്ട്. പുരുഷന്മാര്‍ക്കല്ലാതെ ഗദ്യവും പദ്യവും എഴുതാന്‍ കഴിയില്ല എന്ന അഭിപ്രായം നിലനില്‍ക്കുന്നതിനെക്കുറിച്ച് ഖേദത്തോടെ ‘ശാരദാ’ പ്രവര്‍ത്തകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
“ഒന്നുകില്‍ ഇവര്‍ വിദുഷികളായ സ്ത്രീകളെ അറിയായ്കയോ അല്ലെങ്കില്‍ പുരുഷന്മാരായ തങ്ങള്‍ക്ക് ത്രാണിയില്ലാത്ത വിഷയത്തില്‍ അബലകളായ സ്ത്രീകള്‍ പ്രാപ്തകളാവുന്നതല്ലെന്നുള്ള മൂഢവിശ്വാസമോ; തങ്ങള്‍ക്കല്ലാതെ മറ്റുള്ളവര്‍ക്ക് ഒന്നിനും സാമര്‍ത്ഥ്യമില്ലെന്നുള്ള അഹംഭാവമോ ആയിരുന്നിരിക്കണം. നാം ഇവരെ നിന്ദിക്കുന്നില്ലെങ്കിലും ഭയപ്പെടേണ്ട ആവശ്യമില്ല (‘ശാരദാ’, 1906). ഇതില്‍ പ്രസിദ്ധീകരിച്ച ‘സ്ത്രീകളും പത്രപ്രവര്‍ത്തനവും’ എന്ന ലേഖനം കേരളന്‍, പത്രാധിപര്‍ കേ. രാമകൃഷ്ണപിള്ള എഴുതിയത്) ഈ കാലഘട്ടത്തിലെ പത്രപ്രവര്‍ത്തനവും സ്ത്രീകളുടെ പ്രാതിനിധ്യവും വ്യക്തമാക്കുന്നു.
“പാശ്ചാത്യദേശത്തു നിന്ന് ഇന്ത്യയില്‍ കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചിട്ടുള്ള ചെടികളില്‍ വച്ച്, ഇവിടത്തെ മണ്ണില്‍ നല്ലവണ്ണം വേരുറച്ച് തഴച്ചുവളര്‍ന്നു വന്ന വൃത്താന്തപത്രപ്രവര്‍ത്തനം കേരളീയരുടെ ഇടയിലും പല അത്ഭുതങ്ങളും ജനിപ്പിക്കുന്നുണ്ടെന്നത് ഏറ്റവും ചാരിതാര്‍ത്ഥ്യം നല്‍കുന്നു. സ്ത്രീജനങ്ങളുടെ മനോവിനോദത്തിനും ജ്ഞാനവര്‍ധനവിനും പത്രികകള്‍ നടത്തുന്ന തൊഴില്‍ പുരുഷന്മാര്‍ മാത്രം ചെയ്യേണ്ട ഒന്നല്ലെന്നും സ്ത്രീജനങ്ങള്‍തന്നെ അതില്‍ ഉദ്യോഗിക്കുന്നത് അധികം ഉചിതമായിരിക്കുമെന്നും പാശ്ചാത്യദേശക്കാരുടെ ഇടയിലുള്ള നിശ്ചയം, ഇന്ത്യയുടെ ഒരു കോണായ കേരളത്തില്‍ ഇത്രവേഗം പകരുമെന്നോ ഇത്രമേല്‍ സ്തുത്യര്‍ഹമായ ഫലം ആദ്യമേ ഉണ്ടാകുമെന്നും നാം മുമ്പു കരുതിയിരുന്നതല്ല.” ‘ശാരദാ’യില്‍ സ്ത്രീകള്‍ എഴുതുന്ന ലേഖനങ്ങള്‍ ഇത്തരം പ്രസിദ്ധീകരണങ്ങള്‍ ഇനിയും ഉണ്ടാകുന്നതിന് കാരണമാകുമെന്നും കേ. രാമകൃഷ്ണപിള്ള ചൂണ്ടിക്കാട്ടുന്നു.
മുന്‍കൂറായി പണമടയ്ക്കാത്തവര്‍ക്ക് മാസിക അയക്കില്ല എന്ന് ‘ശാരദാ’യില്‍ പരസ്യം ഉണ്ടായിരുന്നു. അക്കാലത്തെ മാസികകളില്‍ ഇത്തരമൊരു പരസ്യം കാണാന്‍ കഴിയും. രണ്ടുവര്‍ഷത്തിനുശേഷം ‘ശാരദാ’യുടെ പ്രസിദ്ധീകരണം നിലച്ചു. എന്നാല്‍ അടുത്തവര്‍ഷം സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ആഭിമുഖ്യത്തില്‍ ‘ശാരദാ’ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചു. ‘കേരളന്‍’, ‘വിദ്യാര്‍ത്ഥി’ തുടങ്ങിയ രണ്ട് പ്രസിദ്ധീകരണങ്ങളും ‘സ്വദേശാഭിമാനി’ മാസികയും അക്കാലത്ത് രാമകൃഷ്ണപിള്ള പ്രസിദ്ധീകരിച്ചിരുന്നു. നാല് മാസികകള്‍ ഒരുമിച്ച് പ്രസിദ്ധീകരിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതിനാല്‍ ‘ശാരദാ’ ഉള്‍പ്പെടെയുള്ള മാസികകള്‍ നിര്‍ത്തിവെച്ചു. ‘സ്വദേശാഭിമാനി’ മാത്രം നിലനിര്‍ത്തി. 1916-ല്‍ പത്രവും പ്രസ്സും കണ്ടുകെട്ടി നാടുകടത്തപ്പെട്ടപ്പോള്‍ ‘സ്വദേശാഭിമാനി’ പത്രവും നിര്‍ത്തലായി. രാമകൃഷ്ണപിള്ളയുടെ ഭാര്യ ബി. കല്യാണിയമ്മ രാമകൃഷ്ണപിള്ളയ്ക്കൊപ്പം തിരുവനന്തപുരം വിട്ടു.
‘ശാരദാ’ സ്ത്രീവിദ്യാഭ്യാസത്തെക്കുറിച്ച് (1909 ജനുവരി) പ്രസിദ്ധീകരിച്ച ലേഖനം സ്ത്രീകളുടെ പുരോഗതിയില്‍ അന്ന് നിലനിന്നിരുന്ന പിന്തിരിപ്പന്‍ കാഴ്ചപ്പാടുകള്‍ നിഴലിക്കുന്നതാണ്.
“ഇന്ത്യന്‍ ബാലികയ്ക്ക് അവളോടും കുടുംബത്തോടും രാജ്യത്തോടുള്ള ചുമതലയെപ്പറ്റി ബോധമുണ്ടാക്കാന്‍ തക്ക പഠിപ്പ് നല്‍കണം. ഈ പഠനത്തിന്‍റെ അധിഷ്ഠാനം മതം ആയിരിക്കണം. അവളുടെ ഹൃദയത്തില്‍ പരിശുദ്ധ മതഗ്രന്ഥങ്ങളുടെ അടയാളവും അവളുടെ മേല്‍ പരിശുദ്ധ ഗീതാവാക്യങ്ങളും ആയിരിക്കട്ടെ. ഒരു സല്‍പുത്രിയായും സദ്ഭാര്യയായും സന്മാതാവായും ഇരിക്കാന്‍ അവള്‍ക്കുള്ള കടമയെ നിര്‍വഹിക്കുവാന്‍ അവള്‍ക്ക് അധികം ശക്തിയുണ്ടാക്കിക്കൊടുക്കുകയാണ് വിദ്യാഭ്യാസത്തിന്‍റെ ഉദ്ദേശ്യം”, (‘ശാരദാ’, 1909, പേജ് 20-21).
സ്ത്രീകളെ വീട്ടിനുള്ളിലെ ‘ലക്ഷ്മി’യാക്കുന്ന പ്രക്രിയ ‘ശാരദാ’യിലെ പല ലേഖനങ്ങളും നിര്‍വഹിച്ചിരുന്നു എന്ന് പറയേണ്ടിയിരിക്കുന്നു.
‘ഭര്‍തൃശുശ്രൂഷ’ (ചെല്ലമ്മ തങ്കച്ചി, ‘ശാരദാ’ 1909, പേജ് 31)
ഒരു ഭര്‍ത്താവിന്‍റെ സുഖസര്‍വ്വസ്വം ഭാര്യയുടെ ഹിതാനുവര്‍ത്തത്തില്‍ അടങ്ങിയിരിക്കുന്നു. ഈ ഹിതാനുവര്‍ത്തനംകൊണ്ടുള്ള ചാരിതാര്‍ത്ഥതയാണ് ഭാര്യയുടെ സര്‍വോല്‍കൃഷ്ടമായ ഭൂഷണം.”
പാതിവ്രത്യമാഹാത്മ്യം വനിതാമാസികകളുടെ ഒഴിവാക്കാനാവാത്ത ഘടകമായി പിന്നീട് മാറി. വിദ്യാഭ്യാസമുള്ള സ്ത്രീ പുരുഷന് വിധേയയായി കഴിയണമെന്ന കുലീന സ്ത്രീസങ്കല്പം പതുക്കെപ്പതുക്കെ സ്ത്രീമാസികകള്‍ മുന്നോട്ടുവച്ചു. ഇതു വായിക്കാന്‍ ഇടയായ മധ്യവര്‍ഗ്ഗസ്ത്രീസമൂഹം ആ നിലയ്ക്ക് ചിന്തിക്കാന്‍ തുടങ്ങി (സംഗീത തിരുവുള്‍, പേജ് 30).
1913ല്‍ പുനലൂരില്‍ നിന്ന് ‘ശാരദാ’ എന്ന പേരില്‍ മറ്റൊരു വനിതാപ്രസിദ്ധീകരണം ആരംഭിച്ചു. ടി.കെ. കല്യാണിക്കുട്ടിഅമ്മ എഡിറ്റ് ചെയ്തിരുന്ന ഈ ആറ് വര്‍ഷത്തോളം പ്രസിദ്ധീകരിച്ചിരുന്നു (പുതുപ്പള്ളി).
“പട്ടം എന്‍. കൊച്ചുകൃഷ്ണപിള്ളയുടെ ഭാര്യയായിരുന്നു ടി.കെ. കല്യാണിക്കുട്ടിയമ്മ എന്ന തെക്കേക്കുന്നത്ത് കല്യാണിയമ്മ. എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ ചേന്ദമംഗലം സ്വദേശിയായിരുന്നു അവര്‍. കല്യാണിക്കുട്ടിയമ്മ ഭര്‍ത്താവുമൊന്നിച്ച് പുനലൂര്‍ പുനലൂരില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘ശാരദാ’യുടെ പ്രസാധകയായിരുന്നുവെന്നും കൊച്ചുകൃഷ്ണപിള്ള ‘ശാരദാ’യുടെ പത്രാധിപരായിരുന്നുവെന്നും പദ്യസാഹിത്യചരിത്രത്തില്‍ ടി.എം. ചുമ്മാര്‍ (1936, പേജ് 402) പ്രതിപാദിക്കുന്നുണ്ട്. മലയാളസ്ത്രീകളുടെ സ്വത്വാവിഷ്കരണത്തിന് ‘ശാരദാ’ നല്‍കിയ സംഭാവനകള്‍ ചെറുതായിരുന്നില്ല (സംഗീത തിരുവുള്‍, പേജ് 36).
ലക്ഷ്മിഭായി
സ്ത്രീകള്‍ക്ക് 1905-ല്‍ ആരംഭിച്ച മറ്റൊരു മാസികയാണ് ‘ലക്ഷ്മീഭായി.’ വെളായൂര്‍ നാരായണമേനോന്‍ ആയിരുന്നു ഇതിന്‍റെ ഉടമസ്ഥനും പത്രാധിപരും. റാണി ലക്ഷ്മിഭായി തമ്പുരാട്ടിയുടെ സ്മാരകമായിട്ടാണ് ഇത് തുടങ്ങിയത്. തൃശ്ശൂര്‍ ഭാരതവിലാസം പ്രസ്സില്‍നിന്നും അച്ചടിച്ച് പ്രസിദ്ധീകരണമാരംഭിച്ച ‘ലക്ഷ്മീഭായി’, വിദ്യാവിനോദിനി പ്രസ്സ്, തൃശൂര്‍ വാണികളേബരം പ്രസ്സ്, ലക്ഷ്മിഭായി അച്ചുകൂടം, ഭാരതവിലാസം പ്രസ്സ്, തൃശൂര്‍ കേരളോദയം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ അച്ചടിച്ച് 35 വര്‍ഷത്തോളം മുടങ്ങാതെ പ്രസിദ്ധീകരിച്ചിരുന്നു. തോട്ടക്കാട് ഇക്കാവമ്മ, തരളത്ത് അമ്മാളുഅമ്മ, ബി. കല്യാണിയമ്മ, ടി.സി. കല്യാണിയമ്മ, കുട്ടിക്കുഞ്ഞിതങ്കച്ചി, ഐ. ദേവകിയമ്മ, കോയിപ്പള്ളി പാര്‍വ്വതിയമ്മ ബി.എ, തച്ചാട്ടെ ദേവകിയമ്മ, കല്‍ത്തറ കാര്‍ത്ത്യായനിക്കുട്ടി, പട്ട്ളില്ലത്ത് പാര്‍വ്വതിയമ്മ, ടി. ഭാരതിയമ്മ ബി.എ എന്നിവരായിരുന്നു പ്രധാനപ്പെട്ട ലേഖികമാര്‍.
കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, നടുവത്ത് അച്ഛന്‍ നമ്പൂതിരി, കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍, മൂര്‍ക്കോത്ത് കുമാരന്‍, ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍, സി. കേശവപിള്ള, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ എന്നിവര്‍ ‘ലക്ഷ്മീഭായി’യില്‍ എഴുതിയിരുന്നു.
‘ലക്ഷ്മീഭായി’യുടെ ആദ്യലക്കത്തിലെ പ്രസ്താവന ഇങ്ങനെയായിരുന്നു: “സ്ത്രീവിദ്യാഭ്യാസവിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരു മാസിക തുടങ്ങിയാല്‍ നന്നായിരിക്കും എന്ന് വിചാരിച്ച് പൊതുജനാഭിപ്രായവും ആരാഞ്ഞറിഞ്ഞ് സ്വന്തമായി ഒരു അച്ചുകൂടവും സ്ഥാപിച്ചപ്പോഴാണ്, ‘ശാരദാ’യുടെ രംഗപ്രവേശം. സ്ത്രീമാസികയുടെ കര്‍ത്തവ്യം യഥാവിധം നിറവേറ്റിവന്ന ശാരദയെ കണ്ട് ഇനിയൊരു സ്ത്രീമാസികയുടെ ആവശ്യമുണ്ടോ എന്ന് ശങ്കിച്ച് നില്‍ക്കുമ്പോഴാണ് ‘പ്രത്യേകം സ്ത്രീകള്‍ക്കായുള്ള പത്രങ്ങളോ മാസികകളോ എത്രതന്നെ ഉണ്ടായാലും തരക്കേടില്ല. സ്ത്രീകളുടെ ഇടയില്‍ ജ്ഞാനാഭിവൃദ്ധി എത്രമാത്രം ഉണ്ടാകുന്നോ അത്രത്തോളമാണ് നാട്ടില്‍ പരിഷ്കാരം വര്‍ദ്ധിക്കുന്നത്” എന്ന കേരളവര്‍മ്മയുടെ വാചകം സംശയത്തെ ദൂരീകരിച്ചു.”
‘ലക്ഷ്മീഭായി’യുടെ ഉള്ളടക്കത്തെ ഗര്‍ഭരക്ഷ, ശിശുപരിപാലനം, ആരോഗ്യ രക്ഷാമാര്‍ഗ്ഗം, പാചകവിധി, ഗൃഹഭരണം, ഭര്‍ത്തൃശുശ്രൂഷ, പാതിവ്രത്യ മാഹാത്മ്യം, മാന്യന്മാരായ ഓരോ സ്ത്രീരത്നങ്ങളുടെ ജീവചരിത്രം, സാരോപദേശങ്ങള്‍ തുടങ്ങിയ പല വിനോദ കഥകള്‍ -കവിതകള്‍ മുതലായി മലയാളഭാഷാപരിജ്ഞാനമുള്ള സൗഭാഗ്യ വനിതകള്‍ക്ക് അവശ്യം അറിഞ്ഞിരിക്കേണ്ടതായ പല വിഷയങ്ങളും വാചകരൂപമായും ശ്ലോകരൂപമായും ഗാനരൂപമായും എഴുതപ്പെടുന്നതാകുന്നു. (‘ലക്ഷ്മീഭായി’, 1905, പേജ് 6) എന്നുപറഞ്ഞിട്ടുണ്ട്.
ഭാര്യത്വം, പാതിവ്രത്യം, മാതൃത്വം എന്നിവ സ്ത്രീകളില്‍ വളര്‍ത്തുക എന്ന ധര്‍മ്മമായിരുന്നു ഒരളവുവരെ ഈ മാസികയും അനുവര്‍ത്തിച്ചിരുന്നത്. ‘അബലമാരാകുന്ന സ്ത്രീകള്‍ ഹൃദയാനുസരണമായി എല്ലാവരിലും അനുസരണമുള്ളവരായിരിക്കണം. ഈ ഗുണം തീരെ ഇല്ലാത്തവര്‍ ഏവരോ അവര്‍ ഏറ്റവും നികൃഷ്ടകളും ലോക നിരുപാത്രങ്ങളും ആയിരിക്കുമെന്നതിന് സംശയമില്ല” എന്ന് നാരായണര്‍ തമ്പി തേലപ്പുറത്ത് ‘ലക്ഷ്മീഭായി”യില്‍ എഴുതിയ ‘അനുസരണം” എന്ന ലേഖനത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്.
ഭര്‍ത്താവ് എന്തെങ്കിലും അവിഹിതമായി പ്രവര്‍ത്തിച്ചാല്‍ തന്നെയും അത് സഹിക്കാനേ ഭാര്യക്ക് അവകാശമുള്ളൂ എന്ന് പുരാണകഥാപാത്രമായ ദമയന്തിയെ ഉദാഹരിച്ചുകൊണ്ട് ഈ ലേഖനം പറഞ്ഞുറപ്പാക്കുന്നു.
മൂര്‍ക്കോത്തു കുമാരന്‍ എഴുതിയ ‘സീത’യും ഇതുപോലെയുള്ള ഒന്നാണ്. സീതയെ കാട്ടില്‍ ഉപേക്ഷിക്കുമ്പോഴുള്ള സീതയുടെ പ്രതികരണം.
‘തന്നെ കാട്ടില്‍ ത്യജിപ്പാന്‍ കൊണ്ടുവന്നതാണെന്ന പരമാര്‍ത്ഥം സീത അറിഞ്ഞ ഉടനെ അവര്‍ വ്യസനിച്ചു മൂര്‍ച്ഛിക്കുന്നു. തന്നോട് കാണിച്ച ക്രൂരതയെപ്പറ്റി ആരേയും കുറ്റപ്പെടുത്തുന്നില്ല. ദുഷ്കീര്‍ത്തി ഉണ്ടാക്കിയ പൗരന്മാരെക്കുറിച്ച് ഒരായിരമെങ്കിലും ശബ്ദിക്കുന്നില്ല.’
‘ലോകാപവാദം ശങ്കിച്ചെന്ന സ്സത്യജീചിതു
ലോകനായകന്‍ മമ ഭര്‍ത്താ ശ്രീരാമചന്ദ്രന്‍.’ എന്ന് മാത്രം പറയുന്നു. ഭര്‍ത്താവില്‍ വിപ്രിയം ചെയ്യരുത് നികൃതയെന്നാകിലും കോപമൂലം എന്ന ഉപദേശം ഇതിലധികം ശക്തിയോടുകൂടി അനുഭവത്തില്‍ കാണ്‍മാന്‍ സാധിക്കുമോ?” (മൂര്‍ക്കോത്തു കുമാരന്‍, 1906, പേജ് 175).
സ്ത്രീകള്‍ക്ക് വേണ്ടി നടത്തപ്പെടുന്ന മാസിക എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ കാലം നിലനിന്ന മാസിക ‘ലക്ഷ്മീഭായി’യാണ്. ‘ഗേഹിനികളും ഗൃഹദേവതകളുമായിരുന്ന് ശിശുപരിപാലനം, ഭര്‍ത്തൃശുശ്രൂഷ മുതലായ വിശിഷ്ട കൃത്യനിര്‍വഹണത്തില്‍ ലോക ക്ഷേമമരുളിയിരുന്ന പതിവുവിട്ട് നാനാജാതിമതസ്ഥരാല്‍ നിബിഡീകൃതമായ ജനതാമധ്യേ മഞ്ചത്തിലേറി നിന്നു പിന്തിരിഞ്ഞോടേണ്ടതായ വാക്കുകള്‍ ചിലവാക്കേണ്ടവരല്ല മലനാട്ടിലെ മഹിളമാര്‍. അങ്ങനെ വേണമെങ്കില്‍ സമസ്ത ഭാരത മഹിളാസമ്മേളനത്തെ അവര്‍ അനുകരിക്കുകയോ അതില്‍ പങ്കുകൊള്ളുകയോ ചെയ്യട്ടെ,’ എന്നാണ് ‘ലക്ഷ്മീഭായി’ 1929-ല്‍ മാസികയു?ടെ ഇരുപത്തിയഞ്ചാം വാര്‍ഷികലക്കത്തില്‍ പ്രസിദ്ധീകരിച്ചത്. സ്ത്രീകള്‍ക്കുവേണ്ടി പുരോഗമനപരമായ വിഷയങ്ങള്‍ (ശൈശവവിവാഹം, സ്ത്രീവിദ്യാഭ്യാസം, സ്ത്രീസമത്വം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനൊപ്പം ഇത്തരത്തിലുള്ള നിലപാടുകളും ‘ലക്ഷ്മീഭായി” പിന്തുടര്‍ന്നിരുന്നു.
മേരിറാണി
തൃപ്പൂണിത്തുറയില്‍നിന്ന് 1913-ല്‍ പ്രസിദ്ധീകരണമാരംഭിച്ച മാസികയാണ് ‘മേരിറാണി’. കൊച്ചിയിലെ സ്റ്റാര്‍കൊച്ചിന്‍ പ്രസില്‍ നിന്നാണ് കെ.പി. വര്‍ഗീസ് പബ്ലിഷറും ജോസഫ് ചാക്കോ പണിപ്പിളില്‍ മാനേജരുമായി ‘മേരിറാണി’ പ്രസിദ്ധീകരിച്ചിരുന്നത്.
‘മാറീടാതെ മഹത്വമൊത്ത് പലദേശത്തും നടന്നിഷ്ടമാം
മാറീടാര്‍ന്നുപദേശമെങ്ങു മണവോര്‍ക്കേകി തെളിഞ്ഞങ്ങിനെ
ഏറീടും ഗുണപൂര്‍ത്തിയാലുലകി നിങ്ങാകല്പമാകല്പമായ്
‘മേരിറാണി’ മഹിപതിക്ക് ഹിതമാം വണ്ണം വിളക്കിടേണം.’
‘മേരിറാണി’യുടെ ആദ്യലക്കത്തില്‍ കുണ്ടൂര്‍ നാരായണമേനോന്‍റെ മംഗളം (1913, പേജ് 1) ഇങ്ങനെയായിരുന്നു.
‘രാജന്യസ്ത്രീമണികള്‍ മുടിമേല്‍ ചാര്‍ത്തീടും രത്നമാകും’ ഭാരതചക്രവര്‍ത്തിനി തിരുമനസ്സിലെ തിരുനാമധേയസ്മാരകമായി പുറപ്പെടുന്ന ഈ മാസികാഗ്രന്ഥത്തിന്‍റെ ആദ്യലക്കത്തില്‍ ഇതിന്‍റെ അവതാരത്തെക്കുറിച്ച് അല്പം പ്രസ്താവിക്കുന്നത് യുക്തമായിരിക്കുമെന്ന് വിശ്വസിക്കുന്നു’ എന്ന പ്രസ്താവനയുമുണ്ട്. ‘മേരിറാണി’ ചക്രവര്‍ത്തിനിയുടെ ഓര്‍മ്മക്കായിട്ടാണ് ഈ മാസിക തുടങ്ങിയതെന്ന് ഇതില്‍നിന്ന് അനുമാനിക്കാം.
എ.പി. വര്‍ക്കി, എ. പുല്ലര്‍, യമളന്‍ കെ.വി., കെ.കെ.എം., കെ. നാരായണമേനോന്‍, കെ.പി. കറുപ്പര്‍, കെ. കൊച്ചുണ്ണി തിരുമുല്‍പ്പാട്, കെ.സി. കേശവപിള്ള, കുണ്ടൂര്‍ നാരായണമേനോന്‍, കല്ലറയ്ക്കല്‍ കുട്ടപ്പ മേനോന്‍, ചാലില്‍ സി. വര്‍ഗീസ്, റങ്കൂണ്‍, പി.സി. വര്‍ക്കി, കല്യാണിയമ്മ തുടങ്ങിയവര്‍ ‘മേരിറാണി’യില്‍ എഴുതിയിരുന്നു. എഴുത്തുകാരിലേറെയും പുരുഷന്മാരായിരുന്നു. എലിസബത്ത് കുര്യന്‍, കെ. ലക്ഷ്മിക്കുട്ടിഅമ്മ, തെക്കുന്നത്ത് കല്യാണികുട്ടിയമ്മ, അമ്പാടി നാരായണി പുതുവാരസ്യാര്‍ തുടങ്ങിയവര്‍ ‘മേരിറാണി’യില്‍ എഴുതിയിരുന്ന സ്ത്രീകളില്‍ പെടുന്നു. സ്ത്രീവിദ്യാഭ്യാസം, ഗൃഹജീവിതം, വീട് നോക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ‘മേരിറാണി”യില്‍ കൈകാര്യം ചെയ്തിരുന്നു.
മലയാളത്തിലെ മറ്റൊരു വനിതാമാസികയായ ‘ഭാഷാശാരദ’ 1915 ഏപ്രിലില്‍ പുനലൂരില്‍ നിന്ന് പ്രസിദ്ധീകരണമാരംഭിച്ചു. ‘സ്ത്രീകളുടെ പൊതുനന്മയെ ഉദ്ദേശിച്ച് വിവിധ വിഷയങ്ങളെ പ്രതിപാദിക്കുന്ന ഒരു വിശിഷ്ട മാസിക’ എന്ന് ഇതിന്‍റെ പുറംചട്ടയില്‍ രേഖപ്പെടുത്തിയിരുന്നു.
കൊല്ലം മനോമോഹനം പ്രസ്സില്‍നിന്ന് അച്ചടിച്ച് പുനലൂര്‍ ഡബ്ലി.യു.പി. ഹൗസില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘ഭാഷാ ശാരദ’യുടെ പത്രാധിപര്‍ ടി.വി. രായപ്പക്കുറുപ്പും മാനേജര്‍ പി.എന്‍. ശങ്കരപ്പിള്ളയും ആയിരുന്നു.
‘കേരളത്തിലെ പത്രങ്ങളിലും മാസികകളിലും ഭാഷാഭിമാനികളായ പല ലേഖകന്‍മാരുടേയും ഉപന്യാസങ്ങള്‍ സ്ഥലംപിടിച്ചു കാണുന്നുണ്ട്. എങ്കിലും സാധാരണ സ്ത്രീജനങ്ങളുടെ ലേഖനങ്ങള്‍ അതുകളില്‍ പ്രവേശിച്ചു കാണാത്തതുകൊണ്ട് അവരെ ആ വിഷയങ്ങളില്‍ കഴിയുന്നത്ര പ്രോത്സാഹിപ്പിക്കണമെന്ന് ഞങ്ങള്‍ക്ക് ഉദ്ദേശ്യമുണ്ടായിരുന്നു (1916, പേജ് 1). ഇന്ത്യയിലെ നിലയോട് താരതമ്യം ചെയ്താല്‍ കേരളത്തില്‍ സൈഡ് ഉന്നതനിലക്ക് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല.’ ‘സ്ത്രീജനങ്ങളുടെ നില അത്ര ആശാസ്യമാണെന്ന് ഞങ്ങള്‍ക്കു തോന്നുന്നില്ല. ഇതുകൊണ്ട് സ്ത്രീകള്‍ പുരുഷന്മാരോട് മല്ലിടണം, പത്രങ്ങളില്‍ പരസ്യമായി എന്തും എഴുതണം എന്നൊന്നും ഞങ്ങള്‍ക്ക് അഭിപ്രായമുള്ളതായി ആരും ശങ്കിക്കരുത്. വിദ്യാഭ്യാസമുള്ള സ്ത്രീകള്‍, തങ്ങളുടെ അറിവിനെ മറ്റുള്ളവര്‍ക്ക് കൂടി ഉപയോഗപ്രദമാക്കി തീര്‍ക്കത്തക്കവണ്ണം വേണ്ടത് ചെയ്യുകയും സ്വവര്‍ഗ്ഗത്തിന്‍റെ അഭിവൃദ്ധിയില്‍ കഴിയുന്നതും ശ്രദ്ധിക്കുകയും ചെയ്യണമെന്നത്രെ ഞങ്ങള്‍ പറയുന്നത്’ (1916, പേജ് 2).
‘ഭാഷാശാരദ’യിലെ പ്രസ്താവനകളില്‍ ചിലവയാണിത്. വളരെ കുറച്ച് സ്ത്രീകള്‍ മാത്രമേ എഴുത്തുകാരായി ‘ഭാഷാശാരദ’യില്‍ ഉണ്ടായിരുന്നുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. പല ലക്കങ്ങളിലും മുഴുവന്‍ എഴുത്തുകാരും പുരുഷന്മാരായിരുന്നു.
മഹിളാരത്നം
തിരുവനന്തപുരത്തുനിന്ന് 1916 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ചിരുന്ന മറ്റൊരു വനിതാമാസിക ‘മഹിളാരത്നം’ ആയിരുന്നു. കെ.എം. കുഞ്ഞിലക്ഷ്മി കെട്ടിലമ്മയായിരുന്നു പത്രാധിപ. ആദ്യകാല പത്രപ്രവര്‍ത്തക എന്ന നിലയില്‍ എഴുത്തുകാരി കൂടിയായ കെ.എം. കുഞ്ഞിലക്ഷ്മി കെട്ടിലമ്മയെ കണക്കാക്കാവുന്നതാണ്.
തൈക്കുന്നത്ത് കല്യാണിക്കുട്ടിഅമ്മ, കെ. ചിന്നമ്മ, മയ്യനാട് ഇക്കാവമ്മ തുടങ്ങിയവര്‍ കുഞ്ഞുലക്ഷ്മി കെട്ടിലമ്മയോടൊപ്പം ‘മഹിളാരത്നം’ പ്രസിദ്ധീകരിക്കുന്നതിന് പ്രവര്‍ത്തിച്ചു. അധികകാലം നീണ്ടുനിന്നില്ല എങ്കിലും വനിതാമാധ്യമ ചരിത്രത്തില്‍ ‘മഹിളാരത്ന’ത്തിന് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. സ്ത്രീപ്രശ്നങ്ങളാണ് ‘മഹിളാരത്നം’ മുഖ്യമായും ചര്‍ച്ച ചെയ്തിരുന്നത്. കുമാരനാശാന്‍, ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍, മൂര്‍ക്കോത്ത് കുമാരന്‍ തുടങ്ങിയ പ്രശസ്ത എഴുത്തുകാര്‍ ഇതില്‍ എഴുതിയിരുന്നു. കെ.എം. കുഞ്ഞുലക്ഷ്മിക്കെട്ടിലമ്മ, കെ.ചിന്നമ്മ, തെക്കെക്കുന്നത്ത് കല്യാണിക്കുട്ടിയമ്മ, മയ്യനാട് ഇക്കാവമ്മ തുടങ്ങിയവര്‍ ഈ മാസികയില്‍ എഴുതിയിരുന്നു” (പുതുപ്പള്ളി രാഘവന്‍, 1985, പേജ് 146).
സുമംഗല
‘പൊന്നും ചിങ്ങമാസത്തില്‍ നാളെ ‘സുമംഗല’യുടെ ജനനം. അതുകൊണ്ട് അവളുടെ ഭാവിക്ഷേമത്തെക്കുറിച്ച് വ്യാകുലപ്പെടേണ്ടതില്ലെന്നാണ് തോന്നുന്നത്. എന്നാല്‍ ഭൂലോകത്തെ മുഴുവന്‍ ഗ്രഹപ്പിഴയില്‍ ചാടിച്ച് സകലജീവജന്തുക്കളെയും ദരിദ്രാഗ്നിയില്‍ തള്ളിപ്പൊരിച്ചു നട്ടംതിരിക്കുന്ന അവസരത്തില്‍ ജനിക്കുന്ന ഒരു കുട്ടിക്ക് ബാലാരിഷ്ടതകള്‍ സംഭവിക്കില്ലെന്ന് നിശ്ചയമായി വിചാരിക്കാനും നല്ല ഉറപ്പുതോന്നുന്നില്ല. പക്ഷേ ‘തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല’ എന്ന ഗുണം ‘സുമംഗലാ’ക്ക് നല്‍കുമെങ്കില്‍ അത് ഒരു അനുഗ്രഹം തന്നെയാകുമല്ലോ. ഗൃഹസ്ഥന്മാര്‍ക്കും ഗൃഹഭാരം വാസ്തവത്തില്‍ ഭരിക്കേണ്ടിവരുന്ന ഗൃഹനായികമാര്‍ക്കും ‘സുമംഗലാ’ ഒരു ഉത്തമ ഉപദേഷ്ടാവായിരിക്കണം എന്നാണ് ഞങ്ങളുടെ മോഹം’ (സുമംഗലാ, 1916, പേജ് 1)
മുഖക്കുറിപ്പില്‍ പറഞ്ഞതിനനുസരിച്ച് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉത്തമ ഉപദേഷ്ടാവ് എന്ന നിലയിലായിരുന്നു ഇതിലെ ഉള്ളടക്കം. സന്മാര്‍ഗതത്വങ്ങള്‍, ജീവിതവിജയം കൈവരിക്കുന്നതിനുള്ള ലേഖനങ്ങള്‍, കഥകള്‍, വിനോദ കഥകള്‍, ആദര്‍ശവതികളായ സ്ത്രീകളുടെ ജീവചരിത്രങ്ങള്‍, ഗൃഹഭരണത്തെക്കുറിച്ചുള്ള കുറിപ്പുകള്‍ ഇവയൊക്കെ ‘സുമംഗലാ’യില്‍ ഉണ്ടായിരുന്നു.
ആദ്യലക്കത്തില്‍ ഗൃഹനായിക (ബ്രഹ്മശ്രീ സി.എസ്. സുബ്രഹ്മണ്യന്‍ പോറ്റി) ജപ്പാനിലെ ഹരൂക ചക്രവര്‍ത്തിനി (എ. ശങ്കുണ്ണിമേനവന്‍ അവര്‍കള്‍ ബി.എ. എല്‍.ടി.), സുഖസ്മൃതി (കെ. ഗോവിന്ദന്‍ തമ്പി അവര്‍കള്‍), ഹാരിയുടെ വിവാഹം (പി.വി. ഗോപാലപിള്ള അവര്‍കള്‍) എന്നിവയായിരുന്നു ഉണ്ടായിരുന്നത്. കായംകുളത്തെ സുവര്‍ണ്ണരത്നപ്രഭാപ്രസ്സിലാണ് ‘സുമംഗലാ’ അച്ചടിച്ചിരുന്നത്. ഈ.എന്‍. കേശവപിള്ളയും എരുവയില്‍ ചക്രപാണി വാര്യരുമായിരുന്നു പത്രാധിപന്മാര്‍.
സംഘമിത്ര
1921-ല്‍ കേരളത്തിലെ ഈഴവസ്ത്രീകളുടെ ഉന്നമനത്തിനായി ആരംഭിച്ച മാസികയാണ് സംഘമിത്ര. കൊല്ലം വി.വി. പ്രസ്സില്‍നിന്ന് പി.ആര്‍. നാരായണന്‍ മാനേജരും പി.കെ.എന്‍. വൈദ്യര്‍ പ്രസാധകനുമായിട്ടാണ് ‘സംഘമിത്ര’ പുറത്തിറങ്ങിയിരുന്നത്.
സി.വി. കുഞ്ഞിരാമന്‍ 1921 (1096 ധനുലക്കം) ല്‍ ‘സംഘമിത്ര’ എന്ന പേരില്‍ ലേഖനത്തില്‍ എന്തുകൊണ്ടാണ് ഈ മാസികക്ക് ‘സംഘമിത്ര’ എന്ന് പേരിട്ടതെന്നും എന്താണ് ഇങ്ങനൊരു മാസികക്ക് പിന്നിലെ ഉദ്ദേശ്യമെന്നും എഴുതിയിരിക്കുന്നു. കേരളീയ സിംഹള സ്ത്രീകളുടെ ഉപയോഗത്തിനായി ഒരു മാസിക എപ്പോഴെങ്കിലും നടത്തേണ്ട ആവശ്യകത നേരിടുമെങ്കില്‍ ആ മാസികക്ക് ‘സംഘമിത്ര’യെന്ന് പേരിടണമെന്ന് ഞാന്‍ തീര്‍ച്ചയാക്കി വെച്ചിട്ട് നാളുകള്‍ വളരെയായി. ഈ മാസികയുടെ പ്രവര്‍ത്തകന്മാര്‍ എന്നോട് പേരിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ ഈ വിവരം പറയുകയും താമസിയാതെ ‘സംഘമിത്ര’യെ സ്ത്രീജനങ്ങളുടെ ഉപയോഗത്തിനുള്ള ഒരു മാസികയാക്കിക്കൊള്ളാം എന്ന് അവര്‍ ഏല്‍ക്കുകയും ചെയ്തതിനനുസരിച്ചാണ് ഈ മാസികക്ക് ‘സംഘമിത്ര’ എന്ന് പേരിട്ടിട്ടുള്ളത്” (കുഞ്ഞിരാമന്‍ സി.വി. 1921, പേജ് 76).
സിംഹള വനിതകളുടെ ആദിമമതാചാര്യയായിരുന്ന വനിതയാണ് സംഘമിത്രയെന്നും അശോകന്‍റെ പുത്രിയായ സംഘമിത്ര സിലോണില്‍ ബുദ്ധമതം പ്രചരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ആദ്യലക്കങ്ങളില്‍ ബി.എന്‍. മീനാക്ഷിയമ്മ, മയ്യനാട് കെ. വാസന്തി എന്നിവരുടേത് ഒഴിച്ചാല്‍ സ്ത്രീകളുടെ എഴുത്തുകള്‍ ‘സംഘമിത്ര’യില്‍ കാണാന്‍ കഴിയുന്നില്ല. തുടര്‍ന്നൊരു ലേഖനത്തില്‍ (1922ല്‍) ‘സംഘമിത്ര’ പത്രാധിപസമിതി തന്നെ ഈ വിഷയത്തെക്കുറിച്ച് എഴുതുന്നുണ്ട്.
‘സാഹിത്യവാസനയുള്ള നമ്മുടെ സ്ത്രീകള്‍ക്ക് എഴുതി ശീലിക്കാന്‍ ഉപയോഗപ്പെടണമെന്ന ലക്ഷ്യത്തോടെയാണ് ‘സംഘമിത്ര’ നടത്തുന്നത്. അങ്ങനെയുള്ളവരുടെ ഔദാസീന്യംകൊണ്ടോ, അലംഭാവംകൊണ്ടോ ലേഖനങ്ങള്‍ എഴുതിക്കാണുന്നില്ല. വാസനയും കഴിവും ഉള്ളവര്‍ സംഘമിത്രാപംക്തികള്‍ വഴി സാഹിത്യപരിശ്രമത്തെ പോഷിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.”
ഇതിനു ശേഷമുള്ള ലക്കങ്ങളില്‍ സ്ത്രീകളുടെ എഴുത്തുകളുടെ എണ്ണം വര്‍ദ്ധിച്ചു. ശ്രീമതി പി.കേ. കുഞ്ഞുഅമ്മ, ശ്രീമതി പാറുക്കുട്ടിയമ്മ, ശ്രീമതി കാര്‍ത്ത്യായനി അമ്മ, ശ്രീമതി കയ്യാലയ്ക്കല്‍ ശാരദാമ്മ, ആര്‍. മന്ദാകിനി അമ്മ, ശ്രീമതി എം.കേ. പാര്‍വതിഅമ്മ, ശ്രീമതി കനകലത, ബി. ഭാഗീരാഥി അമ്മ, കെ. വാസന്തി, കെ.എം. കുഞ്ഞിലക്ഷ്മി കെട്ടിലമ്മ, മുതുകുളം പാര്‍വതിയമ്മ, ഡോ. അന്നാ തോമസ് തുടങ്ങിയ സ്ത്രീകളെ ‘സംഘമിത്ര’യുടെ പേജുകളില്‍ കാണാനാവുന്നു.
‘സംഘമിത്ര’യില്‍ പ്രസിദ്ധീകരിച്ച ശ്രീമതി പി.ആര്‍. മന്ദാകിനിയമ്മയുടെ ‘അമ്മ’ എന്ന ലേഖനത്തില്‍ സ്ത്രീകളുടെ പേരിനോട് ചേര്‍ത്തുവെക്കുന്ന ‘അമ്മ” സ്ഥാനത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. അക്കാലത്ത് ഈഴവ സ്ത്രീകളുടേയും ക്രിസ്ത്യാനി സ്ത്രീകളുടേയും പേരിനോട് ചേര്‍ത്ത് ‘അമ്മ’ വെക്കുന്നതിന് ചില ഹെഡ്മിസ്ട്രസുകാര്‍ക്ക് വൈമുഖ്യം ഉണ്ടായിരുന്നുവെന്ന് ലേഖനത്തില്‍ പറയുന്നു.
ഡോക്ടര്‍ അന്ന തോമസ് ശിശുസംരക്ഷണത്തെക്കുറിച്ച് തുടര്‍ച്ചയായി ‘സംഘമിത്ര’യില്‍ എഴുതിയിരുന്നു.
‘സ്ത്രീലോകം’ എന്ന ഒരു പംക്തി അതിലുണ്ടായിരുന്നു. ലോകത്തിന്‍റെ വിവിധ കോണുകളിലുള്ള പ്രധാനപ്പെട്ട സ്ത്രീകളെക്കുറിച്ച് ഇതില്‍ ലേഖനങ്ങള്‍ കൊടുത്തിരുന്നു. മൂന്നുവര്‍ഷത്തോളം നീണ്ടുനിന്നതിനുശേഷം പ്രസിദ്ധീകരണം നിലച്ചുവെങ്കിലും അക്കാലത്തെ സ്ത്രീകളുടെ മുന്നേറ്റത്തിന് ‘സംഘമിത്ര’ വഴിയൊരുക്കി.
ഈഴവസ്ത്രീകളുടെ ഉന്നമനത്തിന് എന്നുപറഞ്ഞ് ആരംഭിച്ചുവെങ്കിലും ‘സംഘമിത്ര’ ദേശീയവും നവോത്ഥാനപരവുമായ നിരവധി ആശയങ്ങളും ചിന്തകളും പങ്കുവെച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. ‘ഇന്ത്യയിലെ വര്‍ഗീയ മത്സരവും ജാതിജന്യമായ ദുര്‍ഘടങ്ങളെ പുലര്‍ത്തുന്ന അനാചാരങ്ങളും ഇല്ലായ്മ ചെയ്ത് ഇന്ത്യാനിവാസികളുടെ ഇടയില്‍ ഏകമതീഭാവം ഉറപ്പിക്കുന്ന കാലത്തല്ലാതെ സ്വയംഭരണത്തിന്‍റെ ആവശ്യം ഉണ്ടാവുകയില്ല എന്നാണ് ഞങ്ങളുടെ അഭിപ്രായം. സ്വരാജ്യസ്നേഹികളായ വീരന്മാര്‍ അവിടെ സര്‍വശക്തികളും പ്രയോഗിച്ച് ജാതിശല്യത്തെ ഇല്ലായ്മ ചെയ്യുവാനുദ്യമിക്കുമെങ്കില്‍ അന്നാണ് ഇന്ത്യയുടെ ഭാവി ശോഭനമാകുന്നത്” എന്ന് 1921 ഡിസംബറിലെ ‘സംഘമിത്ര’യുടെ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചെങ്ങന്നൂര്‍ മഹിളാലയം നടത്തിയിരുന്ന വനിതാമാസികയാണ് ‘മഹിള’ (1921 ജനുവരി) മഹാറാണി സേതു പാര്‍വതീഭായി പേട്രണായിരുന്ന ‘മഹിള’യുടെ പത്രാധിപര്‍ ബി. ഭാഗീരഥിഅമ്മയായിരുന്നു. 20 വര്‍ഷത്തോളം നീണ്ടുനിന്ന ‘മഹിള’ ആദ്യം തിരുവനന്തപുരത്തുനിന്നും പിന്നീട് തിരുവല്ലയില്‍ നിന്നുമാണ് പുറത്തുവന്നിരുന്നത്. ആറ്റിങ്ങല്‍ ഇളയതമ്പുരാന്‍റെ മദിരാശി സന്ദര്‍ശനവേളയില്‍ അവിടത്തെ തിരുവിതാംകൂറുകാരായ സ്ത്രീകള്‍ നല്‍കിയ മംഗളപത്രത്തിനുള്ള മറുപടി 1921 ഫെബ്രുവരി ലക്കം ‘മഹിള’യില്‍ പ്രസിദ്ധീകരിച്ചിരുന്നു.
‘ഒട്ടധികം കേള്‍വിപ്പെട്ടിട്ടുള്ള ഈ വലിയ നഗരത്തെ ഞാന്‍ ഇദംപ്രഥമമായിട്ടാണ് സന്ദര്‍ശിക്കുന്നത്. എന്‍റെ സഹോദരികളായ നിങ്ങള്‍ ഇവിടെ അധികകാലമായി താമസിക്കുന്നവരും നിങ്ങളില്‍ അനേകംപേര്‍ ജീവിതത്തില്‍ ഉന്നതപദവിയെ പ്രാപിച്ചിട്ടുള്ളവരും ആകുന്നു (മഹിള, 1921, പേജ് 81). ‘മഹിള’യിലെ ‘മഹിളാഭാഷണം’ എന്ന പംക്തി പുരോഗമനാത്മകമായ ചിന്തകള്‍ പങ്കുവെക്കുന്നതായിരുന്നു. മിശ്രപഠനം, പൗരാവകാശം, ഉദ്യോഗസ്ഥഗര്‍വ്, സ്ത്രീവിദ്യാഭ്യാസപദ്ധതി, പുതിയ മാസികകള്‍, സ്ത്രീകളുടെ തൊഴില്‍, സാമൂഹികാഭിവൃദ്ധി തുടങ്ങി നിരവധി വിഷയങ്ങള്‍ ഇതില്‍ കൈകാര്യം ചെയ്തിരുന്നു. ‘സ്ത്രീലോകം’ എന്ന പംക്തി ലോകത്തിലെ സ്ത്രീവിഷയങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ഉള്‍പ്പെടുത്തിയതായിരുന്നു.
ആദ്യകാല സ്ത്രീമാസികകളില്‍ പ്രധാനസ്ഥാനത്ത് നില്‍ക്കുന്ന ഒന്നാണ് ‘മഹിള.’ തിരുവിതാംകൂറുകാരായ സ്ത്രീകളുടെ മദിരാശിവാസം മലയാളിസ്ത്രീകളുടെ ഉണര്‍വിനും പുരോഗമനത്തിനും സഹായിച്ചിട്ടുണ്ട്. മദിരാശിയിലെ സ്ത്രീപ്രസ്ഥാനങ്ങളുമായും സ്ത്രീപ്രസിദ്ധീകരണങ്ങളുമായും ഉണ്ടായ പരിചയം കേരളത്തിലും അത്തരം ശ്രമങ്ങള്‍ നടത്താന്‍ അവര്‍ക്ക് പ്രേരണയായി.
മദിരാശിയില്‍നിന്ന് അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന ‘മഹാറാണി’, ‘ഇന്ത്യന്‍ ലേഡീസ് മാഗസിന്‍’, ‘സ്ത്രീധര്‍മ’ എന്നീ മാസികകള്‍ മലയാളത്തിലും അത്തരം മാസികകള്‍ ആരംഭിക്കുന്നതിനുള്ള ചിന്തകള്‍ നല്‍കി. ബി. കല്യാണിയമ്മയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ഇത് ശരിവയ്ക്കുന്നു.
‘1901-ല്‍ ഞാന്‍ കോളേജില്‍ പഠിക്കുമ്പോഴാണ് ‘ഇന്ത്യന്‍ ലേഡീസ് മാഗസിന്‍’ എന്ന ഇംഗ്ലീഷ് മാസിക സ്ത്രീകളാല്‍ സ്ത്രീകള്‍ക്കുവേണ്ടി മദിരാശിയില്‍നിന്നും മിസ്സിസ് സത്യനാഥന്‍ എം.എ.യുടേയും അവരുടെ സഹോദരിയുടേയും പ്രസാധനത്തിലും പ്രധാന കര്‍തൃത്വത്തിലുമാണ് പ്രസിദ്ധീകരണം തുടങ്ങിയത്. ആരംഭംമുതല്‍ക്കേ ഞാന്‍ അതിന്‍റെ വരിക്കാരിയായിരുന്നു. കൂടാതെ ചെറിയ ചില ഉപന്യാസങ്ങളും ലേഖനങ്ങളും അപരനാമത്തില്‍ എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തു. ആ മാസികയില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു കഥയാണ് ഞാന്‍ തര്‍ജ്ജമ ചെയ്ത് ‘രസികരഞ്ജിനി” മാസികയില്‍ പ്രസിദ്ധീകരണത്തിന് അയച്ചത്. ഇതായിരുന്നു മലയാളസാഹിത്യ ലോകത്തിലേക്കുള്ള എന്‍റെ ഇദംപ്രഥമമായ പുറപ്പാട്’ (കല്യാണിയമ്മ ബി, 1964, പേജ് 172).
സദാചാരവും ഭക്തിയും ബൈബിള്‍ കഥകളും ക്രിസ്ത്യന്‍ വിശുദ്ധരുടെ ജീവിതകഥകളും മറ്റും ക്രിസ്ത്യന്‍ സ്ത്രീകള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍വേണ്ടി നടത്തിയിരുന്ന പ്രസിദ്ധീകരണമാണ് ‘ക്രൈസ്തവമഹിളാമണി’. പി.എം. മാമ്മന്‍ പത്രാധിപരായിരുന്ന ‘ക്രൈസ്തവമഹിളാമണി’ തിരുവല്ലയിലെ കെ.വി. പ്രസില്‍ നിന്നാണ് 1920-ല്‍ പ്രസിദ്ധീകരിച്ചിരുന്നത്. വീട്ടമ്മമാരുടെ കടമകള്‍, ശിശുസംരക്ഷണം, പാചകം, ആരോഗ്യസംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. മംഗലത്ത് ലക്ഷ്മിഅമ്മ, അമ്പാടി ഇക്കാവമ്മ, ഏലിയാമ്മ തോമസ്, അന്നമ്മാ സെബാസ്റ്റ്യന്‍, മറിയാമ്മ മാമ്മന്‍, അന്നമ്മ മാത്യു, ശോശാമ്മ തോമസ്, സാറാമ്മ ജോസഫ് എന്നിവര്‍ ക്രൈസ്തവ മഹിളാമണിയില്‍ എഴുതിയിരുന്നു. ഈ.വി. കൃഷ്ണപിള്ളയുടെ പത്രാധിപത്യത്തില്‍ 1924-ല്‍ പുറത്തുവന്നിരുന്ന മാസികയാണ് ‘സേവിനി’. റാണി ലക്ഷ്മിഭായിയുടെ രക്ഷാകര്‍തൃത്വത്തിന്‍ കീഴില്‍ കൊല്ലത്തെ പെരിനാട് നിന്നാണ് ‘സേവിനി’ പുറത്തുവന്നിരുന്നത്. മേലെ തെക്കതില്‍ ശങ്കരന്‍ എന്ന ബിസിനസുകാരനാണ് തുടക്കത്തില്‍ സാമ്പത്തികചുമതല ഏറ്റെടുത്തത്. 52 പേജുകളുണ്ടായിരുന്ന സേവിനി മെച്ചപ്പെട്ട പേപ്പറില്‍ മനോഹരമായ മുഖചിത്രത്തോടെയാണ് അച്ചടിച്ചിരുന്നത്. സേവിനിയുടെ ഉള്ളടക്കം സ്ത്രീകളുടേയും കുട്ടികളുടേയും പലവിധത്തിലുള്ള പുരോഗതി ലക്ഷ്യമിട്ടുള്ളവയായിരുന്നു. സേവിനിയുടെ പത്രാധിപക്കുറിപ്പില്‍ ഇത് വ്യക്തമായി പറയുന്നുമുണ്ട്. മുതുകുളം പാര്‍വ്വതിഅമ്മ, മിസിസ്സ് പുന്നന്‍ ലൂക്കോസ്, ബിയാട്രിസ് ഡാനിയല്‍, ബി. ആനന്ദവതിയമ്മ തുടങ്ങിയവര്‍ ‘സേവിനി’യില്‍ സ്ഥിരമായി എഴുതിയിരുന്നു. ഒപ്പം സി.വി. കുഞ്ഞിരാമന്‍, ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍, കുറ്റിപ്പുഴ കൃഷ്ണപിള്ള എന്നിങ്ങനെ പ്രശസ്തരായ എഴുത്തുകാര്‍ ‘സേവിനി’ക്ക് വേണ്ടി എഴുതി. ‘സേവിനി’യിലെ ആദ്യലക്കത്തില്‍ കുമാരനാശാന്‍റെ ‘മഗധയില്‍ ബുദ്ധമുനി’ എന്ന കവിത പ്രസിദ്ധീകരിച്ചിരുന്നു.
പി.ആര്‍. മന്ദാകിനിയുടെ പത്രാധിപത്യത്തില്‍ ഇറക്കിയിരുന്ന ‘സഹോദരി’ കൊല്ലത്ത് ആശ്രാമത്തുള്ള വി.വി. പ്രസ്സിലാണ് അച്ചടിച്ചിരുന്നത് (1925). പി.ആര്‍. നാരായണന്‍ മാനേജരായിരുന്ന ‘സഹോദരി’യില്‍ കെ.എം. കുഞ്ഞിലക്ഷ്മി കെട്ടിലമ്മ, മിസ്സിസ് പല്‍പു, തോട്ടക്കാട്ട് മാധവിയമ്മ, മുതുകുളം പാര്‍വതിഅമ്മ, മേരി ജോണ്‍ തുടങ്ങി നിരവധി സ്ത്രീകള്‍ സ്വന്തം കഥകള്‍ ‘സഹോദരി”യിലൂടെ പ്രസിദ്ധപ്പെടുത്തി.
‘സത്യം ശ്വസിച്ചും സമത്വം കണ്ടും
സ്നേഹസത്തു നുകര്‍ന്നും കൃതാര്‍ത്ഥരായി
സധര്‍മ്മത്തോടെ നടക്കട്ടെ മാനവര്‍.’ എന്ന് ‘സഹോദരി’ പുറംപേജില്‍ അച്ചടിച്ചിരുന്നു. ‘സഹോദരി”യുടെ ആവിര്‍ഭാവം സ്ത്രീസമുദായത്തിന്‍റെ സര്‍വ്വതോന്മുഖമായ അഭിവൃദ്ധിക്കുവേണ്ടി യഥാശക്തി പ്രവര്‍ത്തിക്കുന്നതിനായിട്ടാകുന്നു’ എന്ന് പ്രഥമ ലക്കം പ്രസാധനക്കുറിപ്പില്‍ പറയുന്നു.
എണ്‍പതുലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന ഈ കേരളത്തില്‍ മാസികകളും പത്രങ്ങളുമായി 125-ല്‍പ്പരം ഇപ്പോള്‍ പ്രചാരത്തിലുണ്ട്. ഇതില്‍ നൂറിലധികവും തിരുവിതാംകൂറിലുള്ളതാണ്. നായര്‍ സമുദായത്തില്‍നിന്നും ക്രൈസ്തവ സമുദായത്തില്‍നിന്നും മുഹമ്മദീയ സമുദായത്തില്‍നിന്നും മഹിളാമാസികകള്‍ നടത്തുന്നുണ്ട്. ഈഴവമഹിളകളുടെ ഉപയോഗത്തിനായി ‘സംഘമിത്ര’ സ്വല്പകാലം നടന്നിരുന്നത് ഞങ്ങള്‍ വിസ്മരിക്കുന്നില്ല. എന്നാല്‍ അവരുടെ അഭിവൃദ്ധിയെ പ്രത്യേക ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ ഒരു സഞ്ചിക ഉണ്ടാകുന്നത് കാലോചിതവും ആവശ്യവും ആണെന്ന് തോന്നുകയാലാണ് ‘സഹോദരി’യെ ഞങ്ങള്‍ സജ്ജനസമക്ഷം അവതരിപ്പിക്കുന്നത്’ (പ്രഥമ പ്രസാധനകുറിപ്പ്, ‘സഹോദരി’, 1925, പേജ് 19).
വൈക്കം സത്യാഗ്രഹം, തുഞ്ച ജയന്തി, നിയമസഭ, പിടിഅരി, സ്ത്രീബാരിസ്റ്റര്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ‘സഹോദരി’യുടെ പ്രസാധന കുറിപ്പുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. സ്ത്രീകളുടെ നേട്ടങ്ങള്‍ക്കൊപ്പം സ്ത്രീകള്‍ക്ക് സാധ്യമാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്നും ‘സഹോദരി’ സ്ത്രീകളെ ബോധവതികളാക്കാന്‍ ശ്രമിച്ചു. സ്ത്രീകളെ മുന്നോട്ടു കൊണ്ടുവരാനും കാലത്തിനൊത്ത് പുരോഗമിക്കാനും ‘സഹോദരി’ ശ്രമങ്ങള്‍ നടത്തി.
1926 ജനുവരിയില്‍ മുസ്ലിംസ്ത്രീകള്‍ക്കു വേണ്ടി തുടങ്ങിയ മാസികയാണ് ‘മുസ്ലിംമഹിള’. കൊച്ചിയിലെ കൊമേഴ്സ്യല്‍ സ്റ്റാര്‍ പ്രസ്സില്‍നിന്ന് പി.കെ. മൂസ്സാക്കുട്ടി പ്രസിദ്ധീകരിച്ചിരുന്ന മുസ്ലിംമഹിളയുടെ പേട്രണ്‍ എസ്തര്‍ എലിയ റാബിയായിരുന്നു. വി.കെ. കൊച്ചു റാബിയ, ഇടവിലങ്ങ് കെ.എം. കൊച്ചു ഖദീജ, ഡോ. റൂത്ത് തുടങ്ങിയവരും അക്കാലത്തെ പ്രധാനപ്പെട്ട സ്ത്രീവ്യക്തിത്വമായിരുന്ന ശ്രീ. മറിയാമ്മയും ഇതില്‍ എഴുത്തുകാരായിരുന്നു.
പ്രധാനപ്പെട്ട മറ്റൊരു വനിതാമാസികയായിരുന്നു ‘വനിതാകുസുമം.’ 1927 ഫെബ്രുവരിയില്‍ കോട്ടയത്തു നിന്നാരംഭിച്ച ഈ മാസിക സ്ത്രീകളെക്കുറിച്ചുള്ള ഒരു വിജ്ഞാനകോശമായി കണക്കാക്കപ്പെടുന്നു. മലയാളത്തിലെ ആദ്യത്തെ ദിനപത്രമായി കണക്കാക്കപ്പെടുന്ന ‘പ്രതിദിന’ത്തിന്‍റെ എഡിറ്ററായിരുന്ന വി.സി. ജോണ്‍ ആയിരുന്നു ഇതിന്‍റെ പ്രസാധകന്‍.
ഒരു വര്‍ത്തമാന പത്രത്തിന്‍റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധപ്പെടുത്തുന്ന ആദ്യത്തെ സ്ത്രീമാസികയായിരുന്നു ‘വനിതാകുസുമം’ എന്ന് ജി. പ്രിയദര്‍ശനന്‍ നിരീക്ഷിക്കുന്നു (2011, പേജ് 89). കേരളത്തിലെ സ്ത്രീജനങ്ങളുടെ സര്‍വതോന്മുഖമായ അഭിവൃദ്ധി ലക്ഷ്യംവെച്ചാണ് ഈ മാസിക പ്രസിദ്ധീകരിക്കുന്നത് എന്ന് ആദ്യ ലക്കത്തില്‍ കുറിച്ചിട്ടുണ്ട്.
സ്ത്രീകളായിരുന്നു ഇതിലെ പ്രധാന എഴുത്തുകാര്‍. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും അവകാശത്തിനും വേണ്ടി നിലകൊണ്ട മാസികയായിരുന്നു ‘വനിതാകുസുമം’ എന്നത് വിഷയങ്ങളില്‍നിന്നും എഴുത്തുകാരില്‍നിന്നും ആദ്യലക്കത്തില്‍ നിന്നുതന്നെ വ്യക്തമാണ്. ബാലികാ വിദ്യാഭ്യാസം (തോട്ടയ്ക്കാട് മാധവിയമ്മ) സ്ത്രീകളുടെ ഉയര്‍ച്ചയും പുരോഗതിയും (ഡോ. മുത്തുലക്ഷ്മി എം.ബി.ഡി.എം ഡെപ്യൂട്ടി പ്രസിഡന്‍റ്, മദ്രാസ് നിയമസഭ, സ്ത്രീസ്വാതന്ത്ര്യം അഥവാ ഭാരതിയുടെ വിവാഹം (കഥ. മിസ്. ഏ. ജോണ്‍), ആധുനിക വനിതകള്‍ (റോസ് സേവ്യര്‍ ബി.എ. ഓണേഴ്സ്) തിരുമാടമ്പുമഹോത്സവം (കവിത, സ്വാതിതിരുനാള്‍ തമ്പുരാട്ടി) സ്ത്രീകളും പ്രസവരക്ഷയും (ഡോ. സൂര്യനാരായണറാവു) സ്ത്രീധര്‍മ്മം (അംബാദേവി തമ്പുരാട്ടി) ഇന്നത്തെ ബംഗാളി വനിതകള്‍ (സ്റ്റേറ്റ്സ്മാന്‍ പത്രത്തില്‍ നിന്നെടുത്തത്) ആദര്‍ശങ്ങളും അനുകരണങ്ങളും (റ്റി.റ്റി. എബ്രഹാം എം.എ.ബി.എല്‍) സ്വഭാഷയില്‍ തന്നെ വിദ്യ അഭ്യസിപ്പിക്കണം (സാഹിത്യസഖി, ടി.സി. കല്യാണിയമ്മ) ഇസ്ലാംമതത്തില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനം (പിക്താള്‍ സാഹബ്).
സ്ത്രീകളുടെ സ്വാതന്ത്ര്യം, വികാസം, അവകാശങ്ങള്‍ എന്നിവക്കുവേണ്ടി നിലകൊണ്ട മാസികകളില്‍ പ്രധാനപ്പെട്ടതായിരുന്നു ‘വനിതാകുസുമം’. ഇത് ‘വനിതാകുസുമ’ത്തിന്‍റെ താളുകളില്‍ നിന്നുതന്നെ നമുക്കറിയാന്‍ കഴിയും. ഒന്നാം പുസ്തകത്തിന്‍റെ പന്ത്രണ്ടാം ലക്കത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു:
‘സ്ത്രീകളുടെ രാഷ്ട്രീയസ്വാതന്ത്ര്യത്തിനും അവകാശസ്ഥാപനത്തിനുംവേണ്ടി പോരാടിക്കൊണ്ടിരിക്കുക എന്ന വ്രതം സ്വീകരിച്ചിട്ടുള്ള മാസികയാണിതെന്ന് പറയുന്നതില്‍ നിഷ്പക്ഷമതികള്‍ക്ക് വിരുദ്ധാഭിപ്രായം ഉണ്ടാകാന്‍ തരമില്ല. സ്ത്രീസ്വാതന്ത്ര്യാര്‍ഥം ‘വനിതാകുസുമം’ ചെയ്യുന്ന പരിശ്രമങ്ങള്‍ യാഥാസ്ഥിതികന്മാരായ പലരെയും ക്ഷോഭിപ്പിക്കുകയും ഈ ഉദ്യമം ഇപ്പോള്‍ വേണ്ടെന്ന് അങ്ങനെയുള്ളവര്‍ പലരും ഞങ്ങളെ ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. വനിതാസ്വാതന്ത്ര്യപ്രസ്ഥാനങ്ങള്‍ക്കെതിരായി നില്‍ക്കുന്ന ഇക്കൂട്ടരുടെ ഉപദേശങ്ങളേയും അഭിപ്രായങ്ങളേയും ഞങ്ങള്‍ തിരസ്കരിക്കുകയാണ് ചെയ്തത്. ഇത് സ്ത്രീകള്‍ക്കു വേണ്ടി മാത്രം നടത്തുന്ന ഒന്നാകയാല്‍ സ്ത്രീസമുദായത്തിന്‍റെ സര്‍വ്വതോന്മുഖമായ അഭിവൃദ്ധിക്കായി പോരാടേണ്ട കടമ വനിതാകുസുമത്തിനുണ്ട്. ആരെല്ലാം ക്ഷോഭിച്ചാലും എന്തെല്ലാം ഭീഷണികള്‍ പ്രയോഗിച്ചാലും ആ കടമ നിര്‍വഹിക്കുക തന്നെ ചെയ്യും’ (പ്രിയദര്‍ശനന്‍ ജി., 2011, പേജ് 93).
‘വനിതാകുസുമ’ത്തിന്‍റെ വിറ്റുവരവ് ജി. പ്രിയദര്‍ശനന്‍ (2011, പേജ് 93) രേഖപ്പെടുത്തിയിട്ടുണ്ട്. 1927-ല്‍ 2153 പ്രതികളായിരുന്നു വിറ്റിരുന്നത് ഇതില്‍ സമുദായം തിരിച്ചുള്ള കണക്ക് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്:
ക്രിസ്ത്യാനികള്‍ – 823
നായന്മാര്‍ – 738
ഈഴവര്‍ – 317
മുഹമ്മദീയര്‍ – 149
മലയാളി ബ്രാഹ്മിന്‍സ് – 18
പരദേശി ബ്രാഹ്മിന്‍സ് – 13
ക്ഷത്രിയര്‍ – 221
പുലയര്‍ – 9
പറയര്‍ – 2
മാറ്റത്തിന് – 35
സൗജന്യത്തിന് – 25
‘വനിതാകുസുമം’ എല്ലാ സമുദായങ്ങള്‍ക്കുമിടയില്‍ പ്രചരിച്ചിരുന്നു എന്നതിന് തെളിവാണിത്. 1927-ല്‍ 9 പുലയരും 2 പറയരും ‘വനിതാകുസുമ’ത്തിന്‍റെ വരിക്കാരായിരുന്ന വിവരം കേരളത്തിലെ ജാതിചരിത്രത്തിലും വിദ്യാഭ്യാസചരിത്രത്തിലും ഒരു പുതിയ അറിവായിരിക്കും. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യകാലത്ത് ഓരോ ജാതികളിലുമുണ്ടായിരുന്ന വിദ്യാഭ്യാസത്തെ സംബന്ധിച്ച പഠനം സര്‍ക്കാര്‍തലത്തില്‍ നടക്കുന്നുണ്ടെങ്കിലും ഒരു മാസികയുടെ വരിക്കാരാകുന്ന ദലിത് ജനതയെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ല. ഇത്തരം വിവരങ്ങള്‍ ഇന്ന് ആദ്യകാല സ്ത്രീമാസികകളില്‍നിന്ന് കണ്ടെടുക്കാനാവുന്നുണ്ട്. ലക്ഷ്യബോധത്തോടെ, പുരോഗമനപരമായ ആശയങ്ങള്‍ക്കായി നിലകൊണ്ട ‘വനിതാകുസുമ”ത്തില്‍ സ്ത്രീകളുടെ രചനകള്‍ക്കും സ്ത്രീപ്രശ്നങ്ങള്‍ക്കുമായിരുന്നു മുന്‍ഗണന (സംഗീത തിരുവുള്‍ 2010, 54).
രണ്ട് രൂപ വാര്‍ഷിക വരിസംഖ്യയില്‍ വിറ്റിരുന്ന ഈ മാസിക പ്രതിദിനം പ്രസ്സില്‍നിന്ന് തന്നെയാണ് പുറത്തുവന്നിരുന്നത്.
തോട്ടക്കാട്ട് മാധവിഅമ്മ, മേരി ജോണ്‍ കൂത്താട്ടുകുളം, മേരി ജോണ്‍ തോട്ടം, തരവത്ത് അമ്മാളുഅമ്മ, മിസിസ്സ്. ഐ.സി. ചാക്കോ, മിസിസ്സ്. പുന്നന്‍ ലൂക്കോസ്, റോസ് സേവിയര്‍, കടത്തനാട്ട് മാധവിയമ്മ, അനന്തപുരത്ത് അംബാദേവി തമ്പുരാട്ടി, കെ. കല്യാണിക്കുട്ടിയമ്മ തുടങ്ങി നിരവധി പ്രമുഖര്‍ ‘വനിതാകുസുമ”ത്തിനുവേണ്ടി എഴുതിയിരുന്നു.
മൂവായിരത്തോളം പേര്‍ ‘വനിതാകുസുമ’ത്തിന്‍റെ വരിസംഖ്യ എടുത്തിരുന്നു. അക്കാലത്ത് ഒരു പ്രസിദ്ധീകരണത്തിന് ഇത് അപൂര്‍വ്വമായിരുന്നു. ഉള്ളടക്കവും സര്‍ക്കുലേഷനുംകൊണ്ട് ‘വനിതാകുസുമം’ ഉയര്‍ന്നുനിന്നു. സ്ത്രീമുന്നേറ്റത്തിന് വഴിയൊരുക്കുന്നതില്‍ ഈ മാസിക നല്ല പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തിരുവനന്തപുരത്തെ ശ്രീമൂലം ഷഷ്ടിപൂര്‍ത്തി മെമ്മോറിയല്‍ മഹിളാമന്ദിരത്തില്‍നിന്ന് 1927-ല്‍ എം. പത്മനാഭപിള്ളയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘മഹിളാമന്ദിരം’ ഹിന്ദുസ്ത്രീകളെ ആത്മീയമായി ഉയര്‍ത്താനും മൂല്യബോധത്തോടെ കുടുംബജീവിതം നയിക്കാനും പ്രാപ്തരാക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. പ്രശസ്ത എഴുത്തുകാരായിരുന്ന വള്ളത്തോള്‍ നാരായണമേനോന്‍, പി. കേശവദേവ്, വെണ്ണിക്കുളം, ബോധേശ്വരന്‍, തീര്‍ത്ഥപാദ പരമഹംസ സ്വാമി, സ്വാമി ബ്രഹ്മവ്രതന്‍ എന്നിവരൊക്കെ ഇതില്‍ എഴുതിയിട്ടുണ്ട്. എം. പാറുക്കുട്ടിയമ്മ, കോന്നിയൂര്‍ മീനാക്ഷിഅമ്മ, ശാരദാ കയ്യാലക്കല്‍, പി. ചെല്ലമ്മ തുടങ്ങിയവരായിരുന്നു പ്രമുഖ സ്ത്രീഎഴുത്തുകാര്‍.
വടക്കന്‍കേരളത്തില്‍ നിന്ന് (കോഴിക്കോട്) 1930-ല്‍ പുറത്തിറക്കിയിരുന്ന മനോരമ സമാജം മലയാളം മാസിക മനോരമ സമാജം എന്ന പേരില്‍ 1929-ല്‍ സ്ഥാപിക്കപ്പെട്ട വനിതാസംഘടനയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചതാണ്. മലബാര്‍ ഭാഗത്തുനിന്ന് വനിതാമാസികകള്‍ അധികമുണ്ടായിരുന്നില്ല. കോട്ടക്കല്‍ ലക്ഷ്മി സഹായം പ്രസ്സില്‍നിന്ന് കെ. മാധവന്‍ ഉണ്ണിത്താന്‍ ആണ് ഇത് പ്രസിദ്ധീകരിച്ചിരുന്നത്.
‘സ്വന്തം കാര്യം’ എന്ന പ്രസ്താവനയില്‍ മലയാള മാസിക അതിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
‘ഈ മാസിക സ്ത്രീകളുടെ വിദ്യാഭ്യാസരീതിയേയും അവര്‍ക്ക് പ്രത്യേകമായ മറ്റ് കാര്യങ്ങളേയും മാത്രം പ്രതിപാദിക്കുന്നതായിരിക്കും. ഈ ആവശ്യത്തിന് മാത്രമുള്ള ഒരു പത്രമോ പത്രഗ്രന്ഥമോ മലബാറിലെങ്ങുമുള്ളതായി ഞങ്ങളറിഞ്ഞിട്ടില്ല. കൊച്ചിശ്ശീമയില്‍ തൃശ്ശിവപേരൂര്‍നിന്ന് ‘ലക്ഷ്മീഭായി’ എന്ന ഒരു മാസിക രണ്ട് വ്യാഴവട്ടത്തോളമായി നടത്തിവരുന്നുണ്ട്. ഇതു സ്ത്രീകള്‍ക്ക് വേണ്ടിയാണെങ്കിലും നടത്തുന്നത് സ്ത്രീകളല്ല. ഇതേ ഉദ്ദേശത്തോടുകൂടി തിരുവിതാംകൂറില്‍ ‘മഹിള’ എന്നൊരു മാസികയും ‘ശ്രീമതി’ എന്നൊരു പത്രവുമുണ്ട്. ഇതു രണ്ടും ഏറെക്കുറെ യോഗ്യതയുള്ള സ്ത്രീകള്‍തന്നെ നടത്തിവരുന്നവയുമാണ്. പക്ഷേ ഇവക്കെല്ലാം മലബാറില്‍ വേണ്ടുന്ന പ്രചാരമുണ്ടോ എന്നു സംശയിക്കുന്നു’ (മലയാള മാസിക 1930, പേജ് 2). സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ചോ രാഷ്ട്രീയകാര്യങ്ങളെക്കുറിച്ചോ സ്ത്രീസമത്വത്തെക്കുറിച്ചോ ‘മലയാള മാസിക’ ചര്‍ച്ച ചെയ്തിരുന്നില്ല. ഇക്കാര്യത്തില്‍ മാസികയുടെ നിലപാട് പിന്തിരിപ്പനുമായിരുന്നു. ‘കത്തിജ്ജ്വലിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ രാഷ്ട്രീയവിഷയത്തിനടുത്ത് പോലും ഈ ചെറുകുട്ടിയെ കൊണ്ട് ചെല്ലാന്‍ പാടില്ല. സ്ത്രീകളെ മാത്രം ബാധിക്കുന്ന കാര്യങ്ങളില്‍ നല്ല കരുതലോടെയിരിക്കണം. പെണ്ണുങ്ങളായാലും പൗരുഷം നടിക്കുന്നവരെ പേടിക്കുക തന്നെ വേണം എന്നാണ് ഞങ്ങള്‍ക്ക് തോന്നിയിട്ടുള്ളത്. ആണത്തം ചമയുന്ന പെണ്ണുങ്ങള്‍ ആണും പെണ്ണും കെട്ടവരായേക്കുമോ എന്നാണ് ഞങ്ങളുടെ ഭയം. അസമത്വം കൊണ്ടുള്ള അവശത തീര്‍ക്കുവാന്‍ മോഹിച്ചു ‘സ്വത്വം’ കളയുന്നത് ശുദ്ധ കമ്പമാണെന്നു ഞങ്ങള്‍ വിചാരിക്കുന്നത് ശുദ്ധഗതി കൊണ്ടാണെന്ന് പറയുന്നവരോട് ഞങ്ങള്‍ക്കശേഷം ശണ്ഠയില്ല'(മലയാള മാസിക 1930, പേജ് 4).
സ്ത്രീകളെക്കുറിച്ചുള്ള നിരവധി വിഷയങ്ങളും സ്ത്രീകള്‍ എഴുതിയ സാഹിത്യവും പ്രസിദ്ധീകരിക്കുമ്പോഴും സ്ത്രീകളുടെ അവകാശങ്ങളും സമത്വവുമൊന്നും ‘മലയാളമാസിക’ക്ക് ലക്ഷ്യങ്ങളായിരുന്നില്ല. ഗൃഹഭരണം, മൂല്യബോധം, ധാര്‍മികത, ആഡംബരജീവിതം സ്ത്രീവിദ്യാഭ്യാസം, ഫാഷന്‍ഭ്രമം, സ്ത്രീമുന്നേറ്റം എന്നിവയൊക്കെയായിരുന്നു ഇതില്‍ ഉള്‍പ്പെടുത്തിയിരുന്ന വിഷയങ്ങള്‍. എം. പത്മാവതിയമ്മ, എം. കുഞ്ഞുക്കുട്ടിഅമ്മ, പി. ലക്ഷ്മിക്കുട്ടിഅമ്മ, മിസിസ്സ് പി.കെ. വാര്യര്‍, ഡി. കമലാക്ഷിഅമ്മ, ചിന്നമ്മു കോവിലമ്മ, അമ്പാടി ഇക്കാവമ്മ, ബി. കല്യാണി അമ്മ, വി.പി. ഓമനഅമ്മ, കെ.സി. കുഞ്ഞിയനുജത്തി തമ്പുരാട്ടി, റ്റി.എം. നങ്ങുണ്ണി കോവിലമ്മ,ഇ. നരായണി കുട്ടിയമ്മ, പി. മാധവിഅമ്മ, എം. അമ്മുക്കുട്ടി അമ്മ തുടങ്ങിയവര്‍ മനോരമസമാജം മാസികയില്‍ എഴുത്തുകാരായിരുന്നു.
സ്ത്രീകളെ മുന്നിലേക്ക് കൊണ്ടുവരണം എന്ന ലക്ഷ്യത്തോടെ കെ. സഹോദരന്‍ അയ്യപ്പന്‍ 1933-ല്‍ ആരംഭിച്ച മാസികയാണ് ‘സ്ത്രീ’. അദ്ദേഹത്തിന്‍റെ ഭാര്യ പാര്‍വതി അയ്യപ്പന്‍ ആയിരുന്നു ‘സ്ത്രീ’യുടെ പത്രാധിപ. സഹോദരന്‍ പ്രസ്സില്‍നിന്ന് അച്ചടിച്ചിരുന്ന ഈ മാസികയില്‍ എഴുത്തും സ്ത്രീകള്‍തന്നെയാണ് ഏറെക്കുറെ എഴുതിയിരുന്നത്. ‘സ്ത്രീ’യുടെ പത്രാധിപക്കുറിപ്പുകളില്‍ നിരവധി സ്ത്രീവിഷയങ്ങളെക്കുറിച്ച് ധീരമായി പ്രതികരിച്ചിരുന്നു. സ്ത്രീവിദ്യാഭ്യാസം, നമ്പൂതിരി സ്ത്രീകളുടെ അവസ്ഥ, ഗൃഹജീവിതം, സമകാലീന സ്ത്രീപ്രശ്നങ്ങള്‍ക്ക് വേണ്ടിയുള്ള സംവാദവേദിയായിരുന്നു ഈ മാസിക. സ്ത്രീകളെക്കുറിച്ച് ഉച്ചത്തില്‍ ചിന്തിക്കുവാനും ചര്‍ച്ച ചെയ്യാനും ‘സ്ത്രീ’ വഴിയൊരുക്കി.
അമ്പാടി കാര്‍ത്ത്യായനിയമ്മ, പാര്‍വതി നെന്മേനിമംഗലം, പി.കെ. ലക്ഷ്മിക്കുട്ടി നേത്യാരമ്മ, നരിക്കാട്ടിരി ദേവകി അന്തര്‍ജനം, പി. മീനാക്ഷി, ലക്ഷ്മിക്കുട്ടിഅമ്മ ബി.എ.എല്‍.ടി., ഡോ. ആയിഷ അലി, ശാരദ പൊന്നന്‍ എം.എസ്സി. തുടങ്ങിയവര്‍ ‘സ്ത്രീ’യില്‍ എഴുതിയിരുന്നു.
ആദ്യലക്കത്തില്‍ ‘ഇന്ത്യയിലെ സ്ത്രീപ്രസ്ഥാനം അതിന്‍റെ ക്രമികമായ പുരോഗതി’ എന്ന വിഷയത്തെക്കുറിച്ച് രാജകുമാരി അമൃതകൗര്‍ സാഹിബിന്‍റെ ലേഖനം ഇന്ത്യയിലെ സ്ത്രീപ്രസ്ഥാനങ്ങളെക്കുറിച്ച് വ്യക്തവും വിശദവുമായ വിവരങ്ങള്‍ നല്‍കുന്നു. സ്ത്രീകളെക്കുറിച്ചുള്ള ലോകവാര്‍ത്തകള്‍ നല്‍കിയിരുന്നു.
സഹോദരന്‍ അയ്യപ്പന്‍റെ പ്രസാധനത്തിന്‍കീഴിലാ യിരുന്നതിനാല്‍ അക്കാലത്തുണ്ടായ പല സാമൂഹിക പരിഷ്കരണ പ്രവര്‍ത്തനങ്ങളും ‘സ്ത്രീ’ക്ക് വിഷയങ്ങളായി.
കേരളത്തിലെ ആദ്യത്തെ നമ്പൂതിരി വിധവാവിവാഹം ഇതില്‍ പ്രധാനപ്പെട്ടതാണ്. 1110 ചിങ്ങം 28ന് (1934 സെപ്റ്റംബര്‍ 13ന്) വി.ടി. ഭട്ടതിരിപ്പാടിന്‍റെ ഇല്ലത്ത് വച്ച് വി.ടിയുടെ ഭാര്യാസഹോദരിയും ഇ.വി. നാരായണന്‍ നമ്പൂതിരിയുടെ വിധവയുമായ ഉമാ അന്തര്‍ജനവും എം.ആര്‍.ബിയും (മുല്ലമംഗലത്ത് രാമന്‍ ഭട്ടതിരി) തമ്മിലുള്ള വിവാഹത്തെക്കുറിച്ച് ‘സ്ത്രീ’യുടെ 1110 ചിങ്ങം മുഖപ്രസംഗമെഴുതി. മലയാളസ്ത്രീകളുടെ കൂട്ടത്തില്‍ വേറിട്ടുനില്‍ക്കുന്ന ഒന്നായിരുന്നു ‘സ്ത്രീ’.
‘ഏതാണ്ട് മൂന്ന് കൊല്ലക്കാലമേ ഈ മാസിക ജീവിച്ചിരുന്നുള്ളൂ’ എന്ന് (പ്രിയദര്‍ശനന്‍ ജി., 2011, പേജ് 109) ഓര്‍ക്കേണ്ടിയിരിക്കുന്നു.
മിശ്രഭോജനം, മിശ്രവിവാഹം എന്നിവ പ്രോത്സാഹിപ്പിച്ച് അയിത്തവും തീണ്ടലും തൊടീലുമൊക്കെ ഇല്ലാതാക്കാന്‍ ശ്രമിച്ച സഹോദരന്‍ അയ്യപ്പന്‍ ‘സ്ത്രീ’ക്ക് പുറമേ സ്ത്രീജീവിതം ഒക്കെ ആഴത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടു. വിദ്യാസമ്പന്നരെയും സാധാരണക്കാരെയും ഒരുപോലെ സ്വാധീനിക്കാന്‍ കഴിയുന്ന മുഖപ്രസംഗങ്ങള്‍ ‘സ്ത്രീ’യുടെ സവിശേഷതയായിരുന്നു.
സി. കാര്‍ത്ത്യായനിയമ്മ തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന വാരികയാണ് ‘ശ്രീമതി’. പ്രത്യേക സപ്ലിമെന്‍റ് വരെ ഇതിന്‍റെ ഭാഗമായി ഇറക്കിയിരുന്നു.
ത്രേസ്യാമ്മ ഐസക് പത്രാധിപയായി (1942 മുതല്‍) പുറത്തിറങ്ങിയിരുന്ന മാസികയാണ് ‘വനിതാരാമം.’ വിദ്യാര്‍ത്ഥിനികള്‍ക്ക് വേണ്ടിയാണ് ഈ മാസിക മുഖ്യമായും പ്രസിദ്ധീകരിച്ചിരുന്നത്. സാഹിത്യവും ഭാഷയും ഇതിലെ മുഖ്യവിഷയങ്ങളായിരുന്നു. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇത് വായനശാലകളില്‍ സൂക്ഷിച്ചു വച്ചിരുന്നു. ജാതിമത വിവേചനങ്ങള്‍ക്കപ്പുറത്ത് വിവിധ തലങ്ങളില്‍ സ്ത്രീകളുടെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന പ്രസിദ്ധീകരിച്ചിരുന്ന ‘വനിതാമിത്രം’ (1944 മുതല്‍) റ്റി.എന്‍. കല്യാണിക്കുട്ടിയമ്മയുടെ പത്രാധിപത്യത്തിനു കീഴിലായിരുന്നു. എം. പ്രഭ, എന്‍.ഡി. ചന്ദ്രമതി അന്തര്‍ജനം, കമലാഭായി, സുധര്‍മ, മുല്ലക്കല്‍ അംബുജാക്ഷി അമ്മ, എം. ഭഗീരഥി തമ്പുരാന്‍, മുതുകുളം പാര്‍വതി അമ്മ, മിസ്. ജെ.ആര്‍. ജോഷ്വ.
സ്വാതന്ത്ര്യം, വിദ്യാഭ്യാസം, വീട്ടുഭരണം, കരകൗശലം തുടങ്ങി നിരവധി വിഷയങ്ങള്‍ ആദ്യകാലത്തെ സ്ത്രീഎഴുത്തുകാര്‍ കൈകാര്യം ചെയ്തിരുന്നു. ഭേദപ്പെട്ട ജീവിതനിലവാരമുള്ള സാഹചര്യങ്ങളില്‍നിന്ന് കടന്നുവന്നവരായിരുന്നു എന്നതിനാല്‍ തന്നെ സ്വന്തം അനുഭവപരിധിയിലുള്ള ഇത്തരം കാര്യങ്ങളാണ് അവരുടെ പരിഗണനയില്‍ ഉണ്ടായിരുന്നത്. തങ്ങളേക്കാള്‍ ജീവിതനിലവാരം കുറഞ്ഞ സ്ത്രീകളുടെ പ്രശ്നങ്ങള്‍ അവര്‍ക്ക് മുന്നില്‍ കടന്നുവന്നിരുന്നില്ല എന്നുവേണം കരുതാന്‍.
‘സ്ത്രീപുരുഷസമത്വത്തിനുള്ള ചില പ്രതിബന്ധങ്ങള്‍’ എന്ന ലേഖനത്തില്‍ (1938 ആഗസ്റ്റിലെ മാതൃഭൂമി സ്പെഷ്യല്‍ സപ്ലിമെന്‍റ്) കൊച്ചാട്ടില്‍ കല്യാണിയമ്മ (മിസ്സിസ് സി. കുട്ടന്‍ നായര്‍) എഴുതിയിരുന്നത് ഇങ്ങനെയാണ്: ‘സമത്വം ഞങ്ങളുടെ ഇന്നത്തെ പലേ ദുരിതങ്ങളെയും നീക്കംചെയ്യുമെന്ന് സ്ത്രീകളായ ഞങ്ങളില്‍ പലരും ബലമായി വിശ്വസിക്കുന്നു. എല്ലാവരെയും ഒരേ അച്ചിലിട്ട് വാര്‍ക്കാനല്ല സമത്വവാദിനികള്‍ ഉദ്ദേശിക്കുന്നത്. നേരെമറിച്ച് സമത്വം കൊണ്ടേ വ്യക്തിപരമായ വളര്‍ച്ച സാധ്യമാകൂ. നമുക്ക് നമ്മുടെ സ്വഭാവവിശേഷങ്ങളെപ്പറ്റി ഇന്നും എത്രയും അപൂര്‍ണ്ണമായ ജ്ഞാനമേ ഉള്ളൂ. ‘പുരുഷത്വം’, ‘സ്ത്രീത്വം’ എന്നീ അവ്യക്തവചനങ്ങള്‍കൊണ്ട് നാം യഥാര്‍ഥത്തില്‍ സൂചിപ്പിക്കുന്നതെന്ത്? മനശ്ശാസ്ത്ര ഗവേഷണങ്ങള്‍ ലിംഗപരമായ സംഗതിയെക്കുറിച്ച് നമുക്കുള്ള അജ്ഞതയെ വെളിവാക്കുന്നില്ലേ? നമ്മുടെ അപൂര്‍ണ്ണജ്ഞാനത്തിന്‍റെ സന്താനങ്ങളായ സദാചാരനിബന്ധനകള്‍ എത്ര വ്യക്തികളുടെ വളര്‍ച്ചയെ തടയുന്നു’പക്ഷേ ഇതൊക്കെ കേവലം ഒറ്റപ്പെട്ട ശബ്ദങ്ങളായിരുന്നു. ലിംഗവ്യത്യാസത്തെ അടിസ്ഥാനപ്പെടുത്തിയ ഒരു പുതിയ സമുദായമാന്യത അപ്പോഴേക്കും രൂപമെടുത്തുകഴിഞ്ഞിരുന്നു. സ്ത്രീയുടെ സ്ഥാനം ഗൃഹത്തിനുള്ളിലാണെന്നും ഭര്‍ത്താവിലൂടെയാണ് അവളുടെ സാമൂഹികഅംഗത്വമെന്നുമുള്ള ധാരണകള്‍ ഇവിടത്തെ സമുദായ പരിഷ്കരണ പ്രസ്ഥാനങ്ങളില്‍ രൂഢമൂലമായിക്കഴിഞ്ഞിരുന്നു (ജെ. ദേവിക, ‘കുലസ്ത്രീയും ചന്തപ്പെണ്ണും’, പേജ് 72).
ജാതിവ്യവസ്ഥക്കെതിരെ വിമര്‍ശനം ഉയര്‍ന്നുവന്ന കാലമായിരുന്നു പത്തൊമ്പതാംനൂറ്റാണ്ടിന്‍റെ അവസാനദശകങ്ങള്‍. ദൈവം സൃഷ്ടിച്ച മനുഷ്യരെ എങ്ങനെ വേര്‍തിരിക്കുമെന്ന് മിഷണറിമാര്‍ ചോദിച്ചു. പാശ്ചാത്യരാഷ്ട്രീയചിന്തയുമായി ചേര്‍ന്ന് സമത്വചിന്തയെക്കുറിച്ച് വാദിച്ചവരും ജാതിവ്യവസ്ഥയെ എതിര്‍ത്തു. എന്നാലിവര്‍ ഒരുമിച്ച ഒരു കാര്യം സ്ത്രീകളുടെ ഇടം വീടാണെന്ന് ഉറപ്പിക്കുന്നതില്‍ ആയിരുന്നു. യഥാര്‍ഥ സ്ത്രീത്വത്തെ പരിപോഷിപ്പിക്കുന്ന വിദ്യാഭ്യാസം നല്‍കാനും സ്ത്രീയുടെ സ്നേഹം, ദയ, വാത്സല്യം, വാക്കുകളിലൂടെയും കണ്ണീരിലൂടെയും അഭ്യര്‍ത്ഥനയിലൂടെയും മറ്റ് മനുഷ്യരെ സ്വാധീനിക്കാനുള്ള ശക്തി ഇവയൊക്കെ പരിപോഷിപ്പിച്ച് ഉത്തമകുടുംബങ്ങള്‍ സൃഷ്ടിക്കണമെന്നും ഇരുകൂട്ടരും ഉദ്ഘോഷിച്ചു. സ്ത്രീകളുടേയും പുരുഷന്മാരുടേയും മാന്യതയെക്കുറിച്ചുള്ള പുതിയ ധാരണകള്‍ രൂപപ്പെടുത്തുന്നതില്‍ ഇത്തരം ചിന്തകള്‍ വലിയ പങ്കുവഹിച്ചു. പല സ്ത്രീകളും ഈ ചിന്താഗതിക്ക് പിന്തുണയേകി എന്നതാണ് ശ്രദ്ധേയം.
ഭര്‍തൃപരിചരണം, നവജാതശിശുവിന്‍റെ പരിചരണം, കുട്ടികളെ വളര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ‘ശാരദാ’ ഉള്‍പ്പെടെയുള്ള വനിതാമാസികകളില്‍ ധാരാളമായി പ്രസിദ്ധീകരിച്ചു. ഉത്തമ ഭാര്യയുടെ ചുമതലകള്‍, ആദര്‍ശഭാര്യ ഇവയൊക്കെ വനിതാമാസികകളുടെ പ്രിയവിഷയങ്ങളായിരുന്നു. പില്‍ക്കാലത്ത് സമത്വം, സ്ത്രീവിദ്യാഭ്യാസം, സ്വാതന്ത്ര്യം, തൊഴില്‍, സ്വയംപര്യാപ്തത തുടങ്ങിയ വിഷയങ്ങള്‍ പലരും എഴുതിയിരുന്നു.
‘സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേതരം വിദ്യാഭ്യാസം നല്‍കുന്നത് ആശാസ്യമല്ല. പ്രകൃതി ഇരുകൂട്ടരെയും ഒരേ ധര്‍മ്മത്തിനല്ല സൃഷ്ടിച്ചതെന്ന് അവരുടെ ശരീരം, മാനസികാവസ്ഥ, ബുദ്ധിപരമായ കഴിവുകള്‍ എന്നിവയില്‍നിന്ന് തെളിയുന്നുണ്ട്. സ്ത്രീയുടെ ശരീരസ്ഥിതിയും മനഃസ്ഥിതിയും പരിശോധിച്ചാല്‍ കൂടുതല്‍ ശരീരശക്തി വേണ്ടാത്ത, എന്നാല്‍ അധികം സഹനശേഷി ആവശ്യമുള്ള പ്രവൃത്തികള്‍ക്കാണ് അവള്‍ സൃഷ്ടിക്കപ്പെട്ടതെന്ന് തീര്‍ച്ചയാണ്. പ്രായേണ സ്ത്രീയുടെ മനോഘടന കോമളവും വേഗത്തില്‍ പരിപക്വമാകുന്നതും ഭാവനാപൂര്‍ണവും വികാരങ്ങള്‍ക്ക് വേഗം അടിമപ്പെടുന്നതും സൂക്ഷ്മസ്ഥിതികളെ ഗ്രഹിക്കുന്നതും വേഗം ഇളകുന്നതുമാണ്. ദയ, സ്നേഹം, ക്ഷമ മുതലായ ഗുണങ്ങളില്‍ പുരുഷന്‍ സ്ത്രീയുടെ സമീപത്ത് ഒരിക്കലും എത്തുകയില്ല.
സ്ത്രീകള്‍ പൊതുരംഗത്ത് പ്രവേശിച്ചില്ലെങ്കിലും അവര്‍ കഴിവുള്ള സന്തതികളെ വളര്‍ത്തിയാല്‍, അതുതന്നെ ലോകക്ഷേമത്തിനവര്‍ നല്‍കുന്ന സംഭാവനയല്ലിയോ? അതുകൊണ്ട് അവരുടെ വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം അവരെ രണ്ടാംകിട പുരുഷന്മാരാക്കലല്ല, മറിച്ച് ദയ, കരുണ, സ്നേഹം, മമത, ക്ഷമ മുതലായ ഗുണങ്ങളെ വളര്‍ത്തലാണ്. ജീവിതസമരത്തില്‍ പുരുഷന്‍റെ സഹായിയായി, തന്‍റെ സ്ത്രീത്വത്തിലൂടെ അവന്‍റെ അധ്വാനത്തെ ലഘൂകരിക്കലാണ് സ്ത്രീയുടെ ധര്‍മം. ദയാപൂര്‍ണമായ വാക്കിലൂടെയും പ്രവൃത്തിയിലൂടെയുമാണ് സ്ത്രീ വിജയം വരിക്കേണ്ടത്, മത്സരത്തിലൂടെയല്ല’ (തച്ചാട്ട് ദേവകിയമ്മ, സ്ത്രീവിദ്യാഭ്യാസത്തിന്‍റെ ഉദ്ദേശ്യം, ലക്ഷ്മിഭായി 20 (1) 191314).
അക്കാലത്തെ പല വനിതാഎഴുത്തുകാരും സ്ത്രീയുടെ ഇടം വീടാണെന്ന് എഴുതി ഉറപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
പുരുഷാധിപത്യത്തിന്‍റെ മതില്‍ക്കെട്ടുകളെ തകര്‍ക്കാന്‍ ശ്രമിച്ച ധാരാളം സ്ത്രീകള്‍ ആദ്യകാല പത്രപ്രവര്‍ത്തനരംഗത്തുണ്ടായിരുന്നു. ചരിത്രത്തില്‍ അവരുടെ പേരുകള്‍ വരാതെ പോയി. അവരിലേറെയും ഉയര്‍ന്ന സമുദായങ്ങളില്‍ നിന്നായിരുന്നു. ദാക്ഷായണി വേലായുധന്‍ മാത്രമാണ് അപവാദം.
1885 നും 1947 നുമിടയില്‍ 23 വനിതാമാസികകള്‍ പ്രസിദ്ധീകരിച്ചിരുന്നതായി ചരിത്രം പറയുന്നു. ഇവയില്‍ പത്രാധിപമാരും എഴുത്തുകാരും സ്ത്രീകള്‍തന്നെയാണ്. ഇവര്‍ക്ക് ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടിവന്നു.
മഹിളാമിത്രം
ഒരു ആംഗ്ലോ മലയാള സ്ത്രീമാസികയായിരുന്നു ‘മഹിളാമിത്രം’. 1933-ല്‍ കൊല്ലത്തെ പി.വി. പ്രസ്സില്‍ നിന്നാണ് പ്രസിദ്ധീകരിച്ചിരുന്നത്. തിരുവനന്തപുരത്തെ കാര്യങ്ങള്‍ നോക്കാന്‍ മി. കെ.സി. ചാക്കോയെ ഏല്‍പ്പിച്ചു എന്ന് 1933 മാര്‍ച്ച് ലക്കത്തില്‍ കാണുന്നതൊഴിച്ചാല്‍ ഈ മാസികക്ക് പിന്നില്‍ ആരൊക്കെ പ്രവര്‍ത്തിച്ചിരുന്നു എന്നതിനെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല.
മാസികയുടെ വരിസംഖ്യ പിരിക്കല്‍, പുതിയ വരിക്കാരെ ചേര്‍ക്കല്‍, മാസിക വിതരണം ചെയ്യല്‍, പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങള്‍, ഫോട്ടോകള്‍ എന്നിവ ശേഖരിക്കല്‍ എന്നിവയാണ് മി. കെ. സി. ചാക്കോ ചെയ്യേണ്ടതെന്ന് കാര്യദര്‍ശിയുടെ അറിയിപ്പില്‍ പറയുന്നു. ഇതിന്‍റെ ആദ്യലക്കത്തില്‍ ‘സരസു എന്‍റെ സരസ്വതി’ (ഒരു ഇന്‍റര്‍മീഡിയറ്റ് വിദ്യാര്‍ഥിനി) ‘അമേരിക്കയിലെ ഒരുത്തമ മഹിളാപാഠശില’ (ജെ. ചെല്ലമ്മാള്‍, ആറ്റിങ്ങല്‍), ‘ഭാഷാ താരതമ്യപഠനം കൊണ്ടുള്ള പ്രയോജനം (ശ്രീമതി അന്നാചാണ്ടി ബി.എ, തിരുവനന്തപുരം), ഒരു മാതൃകാ മാതാവിന് സര്‍വ്വകലാശാലാ ബഹുമതി, ശൈശവവിവാഹം (H.C.D.), ഭാരതീയമഹിളകളുടെ സ്ഥാനം, പര്‍ദ്ദ (നസ്രാണി ദീപിക), കാര്‍ഷിക വിദ്യാഭ്യാസ പദ്ധതി, ഭാരതോദ്ധാരണത്തിനുള്ള ആധുനികശ്രമം, ‘സാഹിത്യ സരണി” (ഇക്കാവമ്മ), സമ്പാദനം (സി.എന്‍. അനന്തരാമ ശാസ്ത്രി എം.എ.) ജയിപ്പൂതാക (കെ. ഭാര്‍ഗവിയമ്മ വൈക്കം) മഹാത്മജിയുടെ നിസ്വാര്‍ത്ഥത, ‘Advance of Women education in Punjab (Mr. IT MC Nair MA) ‘അധികാരപദവികളും മഹിളകളും’, ആരോഗ്യവീഥി, ഭക്ഷണസാധനങ്ങളും അവയിലെ പോഷകാംശങ്ങളും മഹിളാലോകവാര്‍ത്തകള്‍ എന്നിവയായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്.
മുരളി
കടത്തനാട്ട് മാധവിയമ്മയുടെ പത്രാധിപത്യത്തില്‍ കോഴിക്കോട് നോര്‍മന്‍ പ്രിന്‍റിങ് ബ്യൂറോയില്‍ നിന്ന് പുറത്തു വന്നിരുന്ന സ്ത്രീപ്രസിദ്ധീകരണമാണ് ‘മുരളി’. 1933ലിറക്കിയ ആദ്യ ലക്കത്തില്‍ മംഗളമെഴുതിയിരിക്കുന്നത് മഹാകവി വള്ളത്തോള്‍ നാരായണ മേനോനാണ്.
‘സരസമാം വിഷയം ലഭിക്കായ്കയില്‍
ച്ചിരമുണങ്ങി വരണ്ട മൂഖങ്ങളാല്‍
സരഭസം നുകരട്ടെ സുധിജനം
മുരളി? നിന്‍ മധുരസ്വരമാധ്വിയെ!’
(നിര്‍വൃതി, എന്‍. ബാലാമണിയമ്മ)
തൊഴിലാളികളും മുതലാളികളും (കെ. കേളപ്പന്‍), അണുപ്രാണികള്‍ (മൂര്‍ക്കോത്ത് കുമാരന്‍), മധുരസ്മരണ (വിദ്വാന്‍ വി.പി.കെ. നമ്പ്യാര്‍, അഭിലഷണീയ സമുദായവ്യവസ്ഥ (കെ. പ്രേമം, പി. കുഞ്ഞിരാമന്‍ നായര്‍) ധര്‍മ്മസങ്കടം (കെ. മാധവി അമ്മ), മുരളി (എം.എന്‍. പിഷാരടി) ചീഫ് ഗുഡ്സ് ക്ലാര്‍ക്ക് മിസ്റ്റര്‍ രഘുനാഥറാവു (വി. ദാമോദരന്‍ നായര്‍) ഓണം (വി. കുഞ്ഞുലക്ഷ്മി അമ്മ) എന്നിവയാണ് ഒന്നാമത്തെ ലക്കത്തിലുണ്ടായിരുന്നത്.
ശ്രീമതി വിശേഷാല്‍പ്രതി
‘ശ്രീമതി’ അന്നാചാണ്ടിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി നടത്തിയിരുന്ന വാരികയായിരുന്നു എന്ന് ‘മലയാള മാസിക’ (1930, പേജ് 2) ആദ്യത്തെ ലക്കത്തില്‍ പറഞ്ഞിട്ടുണ്ട്. സ്ത്രീകളുടെ മുന്നോട്ടുള്ള പോക്കിന് സഹായകമായ രീതിയിലായിരുന്നു ഈ പ്രസിദ്ധീകരണം പുറത്തുവന്നിരുന്നത്. സ്ത്രീസ്വാതന്ത്ര്യത്തിന് ഊന്നല്‍ നല്‍കിയിരുന്ന ഈ പ്രസിദ്ധീകരണം 1935-ല്‍ സി. കാര്‍ത്ത്യായനിയമ്മയുടെ നേതൃത്വത്തില്‍ ഒരു വിശേഷാല്‍പ്രതി പുറത്തിറക്കി.
‘ഇവിടുത്തെ സ്ത്രീജനങ്ങളുടെ സാമുദായികവും രാഷ്ട്രീയവും വിദ്യാഭ്യാസവിഷയകവും തൊഴില്‍പരവുമായ സകല താല്‍പര്യങ്ങളും വേണ്ടവിധം പരിരക്ഷിക്കുകയും പരിഷ്ക്കാരപ്രചരണത്തിന്‍റെ പുരോഗതിയോടുകൂടി കേരളീയ ജനസമുദായത്തില്‍ പൊതുവേ ഉണ്ടായിട്ടുള്ള ഉണര്‍വിനും സ്വേല്‍കര്‍ഷത്തിനും അനുസരണമായി സ്ത്രീസമുദായത്തെക്കൂടി മുന്നോട്ട് ത്വരിപ്പിക്കുകയും, ഇന്ത്യയുടെ ഇതരഭാഗങ്ങളിലും പാശ്ചാത്യലോകത്തും അനുനിമിഷം സംഭവിച്ചുകൊണ്ടിരിക്കുന്ന പുരോഗമനോന്മുഖമായ സംഭവപരമ്പരകളില്‍ നമ്മുടെ സഹോദരിമാരുടെ ശ്രദ്ധയും ആലോചനയും ക്ഷണിക്കുകയുമാണ് ഈ പത്രപ്രവര്‍ത്തന സംരംഭത്തില്‍ ഞങ്ങളുടെ ഹൃദയത്തില്‍ മുന്നോട്ടുനില്‍ക്കുന്ന ഉദ്ദേശങ്ങള്‍ (കാര്‍ത്ത്യായനിയമ്മ സി, 135:9).
സ്ത്രീകളും സമുദായസേവനവും (ടി. നാരായണിയമ്മ ബി.എ.) സ്ത്രീകളുടെ മനോഭാവം മാറണം (പാര്‍വതി നെന്മേനിമംഗലം), സ്ത്രീകളും വായനശാലകളും (മിസിസ്സ് ദീനാമ്മ ഫിലിപ്പോസ്, ബി.എ, എല്‍.റ്റി.) നമ്മുടെ ആദര്‍ശം (അമ്പാടി ഇക്കാവമ്മ സംഘടനയുടെ ആവശ്യം (തോട്ടയ്ക്കാട്ട് മാധവിയമ്മ, ഒരു നിയമ വൈകല്യം (മിസിസ്സ് അന്നാചാണ്ടി എം.എ.ബി.എല്‍) ഗ്രാമീണ പുനരുദ്ധാരണം (പി.സി. ജാനകിയമ്മ ബി.എ.എല്‍.റ്റി., ചേര്‍ത്തല) സ്ത്രീധര്‍മത്തെപ്പറ്റി (മിസിസ്സ് പാര്‍വ്വതി അയ്യപ്പന്‍) തുടങ്ങിയവ ഈ വിശേഷാല്‍പ്രതിയിലെ ചില ലേഖനങ്ങളാണ്. ലളിതാംബിക അന്തര്‍ജനത്തിന്‍റെ ‘ഏഴാമിടം’ എന്ന ചെറുകഥ ഈ വിശേഷാല്‍പ്രതിയില്‍ ഉണ്ടായിരുന്നു.
പ്രശസ്തരും പ്രഗല്‍ഭരുമായ സ്ത്രീകളുടെ ചിത്രങ്ങള്‍ ഈ വിശേഷാല്‍പ്രതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ ആദ്യത്തെ ഫോട്ടോ ശ്രീമതി. കെ. ദാക്ഷായണിയമ്മ ബി.എയുടേതാണ്. ‘കേരളത്തില്‍ ഇദംപ്രഥമമായി ബി.എ. ബിരുദം നേടിയ കൊച്ചിയിലെ ഹരിജന യുവതി’ എന്ന് ബ്രാക്കറ്റില്‍ എഴുതിയിട്ടുണ്ട്. അതിനൊപ്പം ആശാന്‍റെ ‘ദുരവസ്ഥ’യിലെ വരികളും ചേര്‍ത്തിട്ടുണ്ട്.
തേച്ചുമിനുക്കിയാല്‍ കാന്തിയും മൂല്യവും
വാച്ചിടും കല്ലുകള്‍ ഭാരതാംബേ!
താണുകിടക്കുന്നു നിന്‍ കുക്ഷിയില്‍ ചാണ
കാണാതൊറാറേഴു കോടിയിന്നും’
(ശ്രീമതി വിശേഷാല്‍പ്രതി 1935-31)
കീഴാള വിഭാഗത്തില്‍നിന്ന് കഴിവുതെളിയിച്ച ദാക്ഷായണിയെ ഉള്‍പ്പെടുത്താന്‍ അന്നത്തെ ‘ശ്രീമതി’ മാസികക്ക് കഴിഞ്ഞു. അന്നാചാണ്ടിയെ പോലെയുള്ള ഒരു പരിഷ്കരണവാദി നേതൃസ്ഥാനത്ത് ഉണ്ടായിരുന്നതുകൊണ്ടാണ് ഇത് സാധ്യമായത് എന്നത് ഉറപ്പാണ്.
‘കെ. ദാക്ഷായണി എന്ന് മാത്രമായിരുന്നു ദാക്ഷായണിയുടെ യഥാര്‍ഥ നാമധേയമെന്നാണ് അവരുടെ മക്കളായ മീരാ വേലായുധനില്‍ (ചരിത്ര ഗവേഷക) നിന്നും അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ 1935-ലെ ‘ശ്രീമതി വിശേഷാല്‍പ്രതി’യില്‍ ശ്രീമതി കെ. ദാക്ഷായണിയമ്മ ബി.എ. എന്നാണ് ഇവരുടെ പേര് രേഖപ്പെടുത്തിക്കണ്ടത്. ഇക്കാലയളവില്‍ സ്ത്രീമാസികകളില്‍ ഉണ്ടായ പ്രധാന സംവാദം സ്ത്രീകളുടെ ‘അമ്മ’ സ്ഥാനത്തെ സംബന്ധിച്ചുള്ളതായിരുന്നു. പഠിപ്പും പരിഷ്കാരവുമില്ലാത്ത നായര്‍സ്ത്രീക്ക് പേരോടുകൂടി അമ്മസ്ഥാനം വെക്കാമെങ്കില്‍ പഠിപ്പും പരിഷ്കാരവുമുള്ള ഈഴവ സ്ത്രീകള്‍ തുടങ്ങിയ നായരിതര സ്ത്രീകള്‍ക്ക് അമ്മസ്ഥാനം വെക്കാമെന്ന പി.ആര്‍. മന്ദാകിനിയമ്മയുടെ (1922:325) അഭിപ്രായം തന്നെയാണ് ‘ശ്രീമതി വിശേഷാല്‍പ്രതി’ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്’ (സംഗീത തിരുവുള്‍ 2010, 62).
സാമ്പത്തികമായി മെച്ചപ്പെട്ട നിലയും സ്വന്തമായി പ്രസ്സും ഇല്ലാതിരുന്നിട്ടും സ്ത്രീകള്‍ക്ക് വേണ്ടി ‘ശ്രീമതി’ ആത്മാര്‍ത്ഥമായി പരിശ്രമിച്ചിരുന്നു.
മുസ്ലീംവനിത
മലയാള പത്രപ്രവര്‍ത്തക ചരിത്രത്തില്‍ ഇതുവരെ ഉള്‍പ്പെടുത്താത്ത ഒരു പ്രസാധകയും പത്രപ്രവര്‍ത്തകയുമായിരുന്നു ഹലീമ ബീവി .’മുസ്ലിം വനിത’ എന്ന മാസികയുമായി പ്രസാധന രംഗത്തേക്കും പത്രപ്രവര്‍ത്തന രംഗത്തേക്കും അവര്‍ കടന്നുവന്നത് 1938 ലായിരുന്നു . ‘മുസ്ലിംവനിത’, ‘ഭാരത ചന്ദ്രിക’, ‘വനിത’, ‘ആധുനിക വനിത’ എന്നീ നാല് പ്രസിദ്ധീകരണങ്ങള്‍ പലകാലങ്ങളായി അവര്‍ പുറത്തിറക്കിയിരുന്നു . മുസ്ലിം സ്ത്രീകള്‍ കടന്നുപോകുന്ന പലതരത്തിലുള്ള ദുരിതങ്ങള്‍ ഹലീമാബീവിക്ക് നേരിട്ട് അനുഭവം ഉള്ളതായിരുന്നു.
അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ തനിക്ക് കഴിയുന്നത് ചെയ്യണം എന്നുള്ള അവരുടെ തീരുമാനത്തിന്‍റെ ഫലമാണ് ‘മുസ്ലിംവനിത’ എന്ന മാസിക. ജീവിത പങ്കാളിയായ മുഹമ്മദ് മൗലവി അവര്‍ക്ക് എല്ലാ സ്വാധീനവും പ്രോത്സാഹനവും നല്‍കി . ‘മുസ്ലിംവനിത’യുടെ മാനേജിങ് എഡിറ്ററായിരുന്നു ഹലീമാബീവി. പ്രിന്‍റിംഗു മായി ബന്ധപ്പെട്ട സാങ്കേതിക ജോലികളിലും അവര്‍ ശ്രദ്ധിച്ചിരുന്നു .സ്ത്രീകളുടെ ജീവിതം അവലോകനം ചെയ്യുകയും അവരുടെ സാമൂഹിക മത പുരോഗതിയുടെ ആവശ്യകതയെക്കുറിച്ച് ഹലീമബീവി വാദിക്കുകയും ചെയ്തു. മുസ്ലിംസ്ത്രീകളുടെ ഉന്നമനം ലക്ഷ്യം വിട്ടുള്ള പ്രസിദ്ധീകരണങ്ങള്‍ അക്കാലത്ത് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ‘മുസ്ലിം വനിത’ എന്ന പ്രസിദ്ധീകരണം ഒരു അത്ഭുതമായിരുന്നു. ശൈലികൊണ്ടും പ്രതിപാദ്യ വിഷയങ്ങള്‍ കൊണ്ടും ഈ പ്രസിദ്ധീകരണം വായനക്കാരെ ആകര്‍ഷിച്ചു . ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകളെ നേരിട്ടുകൊണ്ടാണ് മുസ്ലിംവനിത മുന്നോട്ടുപോയത് .
സാമ്പത്തികമായ അടിത്തറ ഇല്ലാതിരുന്നിട്ടും ഇക്കാലത്ത് ഒരു പ്രസാധന ശാല കൂടി അവര്‍ ഉണ്ടാക്കിയെടുത്തു. പത്രപ്രവര്‍ത്തനരംഗത്ത് മുന്‍കാല പരിചയം ഇല്ലാത്ത ഹലീമബീവിയെ സംബന്ധിച്ച് അതൊരു വെല്ലുവിളിയായിരുന്നു . ഏജന്‍റു മാരുടെ നിസ്സഹകരണവും സമൂഹത്തിന്‍റെ സഹകരണ കുറവും മറ്റു പല സമ്മര്‍ദങ്ങളും സാമ്പത്തിക തകര്‍ച്ച മൂലം കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ആ പ്രസിദ്ധീകരണം നിര്‍ത്തിവച്ചു .
വനിത
ഭാരത ചന്ദ്രിക എന്ന മാസിക ഇക്കാലത്ത് ഹലീമാബീവി പ്രസിദ്ധീകരിച്ചിരുന്നു .അതിനു സമാന്തരമായി ‘വനിത’ എന്ന പേരില്‍ ഒരു മാസിക 1943 ല്‍ അവര്‍ പ്രസിദ്ധീകരിച്ചു .മുസ്ലിം വനിതയുടെ തുടര്‍ച്ചയെന്നോണമാണ് വനിതയുടെ വാല്യങ്ങള്‍ കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ ഉള്ളടക്കത്തിന്‍റെ കാര്യത്തില്‍ രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. വനിതയില്‍ സാഹിത്യം, സ്ത്രീജീവിതം, കുടുംബം, ലോക വിശേഷങ്ങള്‍, കഥകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ഉണ്ടായിരുന്നു . ചെറുകഥകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നു.
എസ്.കെ. പൊറ്റക്കാട്, കമുകറ, കെ.സരസ്വതി അമ്മ , എം എം സാലി,മിസ്സിസ് ലീല എന്‍ കുറുപ്പ് , തങ്കമ്മ വര്‍ഗീസ് , ഇടക്കിടം പങ്കജാക്ഷിയമ്മ തുടങ്ങിയ ധാരാളം എഴുത്തുകാര്‍ വനിതയില്‍ എഴുതിയിരുന്നു. ഭാരതചന്ദ്രികയുടെ ഒപ്പംതന്നെ ഹലീമ ബീവി വനിതയുടെ മാനേജിങ് എഡിറ്റര്‍ സ്ഥാനവും വഹിച്ചിരുന്നു. കേരളത്തിലെ വനിതകള്‍ക്ക് വേണ്ടിയുള്ള ഏറ്റവും പ്രചാരമുള്ള സമ്പൂര്‍ണ്ണ വനിത മാസിക ആയിട്ടാണ് വനിതയെ ഭാരത ചന്ദ്രികയിലൂടെ ബോധ്യപ്പെടുത്തുന്നത്. ആദ്യകാലങ്ങളില്‍ തിരുവല്ലയിലെ സെന്‍റ് ജോസഫ് പ്രിന്‍റിംഗ് പ്രസ്സിലായിരുന്നു അച്ചടി . നാലണ ആയിരുന്നു വില .മിലിറ്ററി പതിപ്പുകള്‍ കൂടി പ്രസിദ്ധീകരിച്ചിരുന്ന വനിതക്ക് കൊളംബിലും പ്രചാരമുണ്ടായിരുന്നു.
ആധുനിക വനിത
1970 ല്‍ തന്‍റെ അമ്പത്തിരണ്ടാം വയസ്സില്‍ ഹലീമാബീവി മറ്റൊരു മാസിക ആരംഭിച്ചു, ‘ആധുനിക വനിത’. കെട്ടിലും മട്ടിലും നല്ല മികവോടെ ജൂണ്‍ മാസത്തില്‍ പുറത്തിറങ്ങിയ ‘ആധുനിക വനിത’ക്ക് പിന്നില്‍ മാനേജിംഗ് എഡിറ്ററായ ഹലീമ ബീവിക്ക് പുറമേ പത്രാധിപസമിതിയില്‍ ഫിലോമിന കുര്യന്‍, ബേബി വര്‍ഗീസ്, ബി.സുധ,കെ കെ കമാലാക്ഷി, എം റഹുമാബീഗം, സാറാമ്മ കുര്യന്‍, ബി.എസ്.ശാന്തകുമാരി എന്നീ സ്ത്രീകള്‍കൂടി ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ‘ഭാരതചന്ദ്രിക’യും ‘മുസ്ലിംവനിത’യും അണിയിച്ചൊരുക്കിയ ആത്മവിശ്വാസത്തോടുകൂടി തന്നെയാണ് ‘ആധുനിക വനിത’ അണിയിച്ചൊരുക്കുന്നത് എന്നാണ് ഹലീമ ബീവിയുടെ മുഖക്കുറിപ്പില്‍ പറഞ്ഞിട്ടുള്ളത്. പരിചയസമ്പത്തും ആത്മവിശ്വാസവും ‘ആധുനിക വനിത’യുടെ ഗുണമേന്മയില്‍ നിന്ന് വ്യക്തമായിരുന്നു.
കേരളത്തിലെ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ‘ആധുനിക വനിത’ശ്രമിച്ചിരുന്നത്. സാമൂഹിക ചര്‍ച്ചകളും മാസികയില്‍ ഉണ്ടായിരുന്നു .
രാഷ്ട്രീയ സാഹിത്യ സാംസ്കാരിക രംഗങ്ങളില്‍ ചൂടും വെളിച്ചവും പകരുന്ന നിരവധി പ്രസിദ്ധീകരണങ്ങള്‍ അന്ന് ഉണ്ടായിരുന്നിട്ടും ജനസംഖ്യയുടെ ഭൂരിപക്ഷം വരുന്ന സ്ത്രീസമൂഹത്തെ പ്രതിനിധാനം ചെയ്യുന്നതും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതുമായ പ്രസിദ്ധീകരണങ്ങള്‍ വളരെ കുറവാണ് എന്ന തിരിച്ചറിവിലാണ് ആധുനികവനിതക്ക് അവര്‍ ചുക്കാന്‍ പിടിച്ചത്. സ്ത്രീകളെ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അപ്പുറം സ്ത്രീ ജീവിതവുമായി ബന്ധപ്പെട്ട ആഴമേറിയ സാമൂഹിക-സാംസ്കാരിക വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ‘ആധുനിക വനിത’ ശ്രമിച്ചിരുന്നതായി കാണാം. വായനക്കാരുമായി സജീവ ബന്ധം കാത്തുസൂക്ഷിക്കാന്‍ ‘ആധുനിക വനിത’ ശ്രമിച്ചിരുന്നു. വളരെ ഗൗരവത്തോടെ തുടങ്ങിയ ആധുനിക വനിതക്ക് അധികകാലം നിലനില്‍ക്കാന്‍ ആയില്ല .കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ഒരു വര്‍ഷം കഴിഞ്ഞതോടെ ആധുനിക വനിത അടച്ചുപൂട്ടി .
(എം.ഹലീമാബീവിയുടെ ജീവിതം, പത്രാധിപ, നൂറ, നൂര്‍ജഹാന്‍,ബുക്കഫേ,കോട്ടക്കല്‍, 2020)
മൈത്രി
1936-ല്‍ എറണാകുളത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘മൈത്രി’ ഒരുത്തമ ആംഗ്ലോ ഇന്ത്യന്‍ ‘മാസിക’, ‘കേരളത്തിലെ ഏക വനിതാമാസിക ഗ്രന്ഥം” എന്നിവയാണെന്ന് ആദ്യപേജില്‍ തന്നെ നല്‍കിയിരുന്നു. എന്‍. ശങ്കരവര്‍മയായിരുന്നു ‘മൈത്രി’യുടെ പത്രാധിപര്‍. ധാരാളം പരസ്യങ്ങള്‍ ഇതിലുണ്ടായിരുന്നു. ലൈംഗികതൃപ്തിക്കും ലൈംഗികഉണര്‍വിനുമുള്ള ഔഷധങ്ങളെക്കുറിച്ച് ഒക്കെയുള്ള പരസ്യങ്ങള്‍ ‘മൈത്രി’യില്‍ അക്കാലത്തുതന്നെ പ്രസിദ്ധീകരിച്ചിരുന്നു.
വനിതാമിത്രം
കൊല്ലത്തുനിന്ന് 1944-ല്‍ പ്രസിദ്ധീകരിച്ചിരുന്ന സ്ത്രീമാസികയാണ് ‘വനിതാമിത്രം’. ടി.എന്‍. കല്യാണിക്കുട്ടിയമ്മയായിരുന്നു പത്രാധിപ. സ്ത്രീകളുടെ പുരോഗതിയും സാംസ്കാരികാഭിവൃദ്ധിയും ഐക്യവും ഈ മാസികയുടെ ലക്ഷ്യങ്ങളായിരുന്നു. ജാതി-മത-സങ്കുചിത ചിന്തകള്‍ക്ക് സ്വാധീനമില്ലാത്ത സ്ത്രീസമൂഹത്തെ സൃഷ്ടിക്കാന്‍ മാസിക ശ്രമിച്ചിരുന്നു. ‘വനിതാമിത്ര’ത്തിന്‍റെ പ്രസ്താവന ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്. നല്ല കടലാസ് ലഭിക്കാത്തതിനാല്‍ മെച്ചപ്പെട്ട രീതിയില്‍ മാസിക ഇറക്കാനാവാത്തതിനെക്കുറിച്ച് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. അക്കാലത്ത് എല്ലാ മേഖലകളിലും സ്ത്രീകള്‍ പ്രവര്‍ത്തിച്ചിരുന്നു എന്നും സ്ത്രീകളുടെ ആശയാദര്‍ശങ്ങള്‍ പ്രകടനം ചെയ്യാനുള്ള വേദിയായി ‘വനിതാമിത്രം’ നിലകൊണ്ടു. സദസ്യതിലകന്‍ കെ. വേലുപ്പിള്ളയുടെ സന്ദേശം ‘വനിതാമിത്ര”ത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.
‘നമ്മുടെ നാട്ടില്‍ പത്രപ്രവര്‍ത്തനം ജാതിമതങ്ങളുടെ പ്രേരണക്ക് അധീനമാകാറുണ്ട്. ദൈവം ജാതിയെ സൃഷ്ടിച്ചിട്ടില്ലല്ലോ, അതിനാല്‍ ജാതിചിന്തകളും അനാവശ്യമായ മറ്റു വിചാരങ്ങള്‍ മാറ്റി രാജ്യക്ഷേമത്തിനും ലോകക്ഷേമത്തിനുമായി സ്ഥിര പരിശ്രമം ചെയ്യാന്‍ ഈ മാസികക്ക് സാധിക്കും.”
അക്കാലത്ത് നിലനിന്നിരുന്ന ഒരു പതിവ് ശീലത്തിന് വിപരീതമായി സ്ത്രീഎഴുത്തുകാരുടെ മംഗളാശംസകളോടെയാണ് പുറത്തിറങ്ങിയത്. 1944 ആഗസ്റ്റ് ലക്കത്തില്‍ ലേഡി വിദ്വാന്‍ മുതുകുളം പാര്‍വതിയമ്മയുടേയും നെയ്ക്കലാവില്‍ കെ.കെ. ദേവകി അന്തര്‍ജനത്തിന്‍റേയും മംഗളാശംസയായിരുന്നു കൊടുത്തിരുന്നത്. ഉശ്ീൃരല ളീൃ ഒശിറൗ ണീാമി (ഉൃ. ടമൃമറമ) ണീാമി ീൗേ ീള സശരേവലി (ങൃ. അിിമ ങമവേലം) തുടങ്ങിയ പുരോഗമനപരമായ പല വിഷയങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു.
വനിത (1959)
പി.കെ. ജാനകിയമ്മ പത്രാധിപരും കെ. ഭാരതി ബി.എ. പ്രസാധകയും പ്രിന്‍ററുമായി തൃശ്ശൂരു നിന്ന് പുറത്തുവന്നിരുന്ന ‘വനിത” മാസികയുടെ ഉടമസ്ഥന്‍ തോമസ് പൊന്നര്‍ ആയിരുന്നു. 1959 മാര്‍ച്ച് മുതലാണ് ‘വനിത” പ്രസിദ്ധീകരണമാരംഭിച്ചത്. മുഖചിത്രത്തോടൊപ്പം ‘വിദ്യയാമുരു മശ്നതേ” എന്ന് അച്ചടിച്ചിരുന്നു. അതേവരെ ഇറങ്ങിയ സ്ത്രീമാസികകളില്‍നിന്ന് വളരെയേറെ മാറ്റങ്ങള്‍ ‘വനിത”ക്ക് ഉണ്ടായിരുന്നു. ആദ്യലക്കത്തിലെ ‘വനിത” പരസ്യം.
‘നിങ്ങളുടെ വീട്ടിലുള്ള സ്ത്രീകളും കുഞ്ഞുങ്ങളും ഇഷ്ടപ്പെടുന്ന രീതിയില്‍, അവര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ‘വനിത’യെ മുന്നോട്ടുകൊണ്ടുപോകുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്ന് സഹായിക്കുക. നിങ്ങളുടെ ഭാര്യ, അമ്മ, സഹോദരി, മകള്‍ ആരെങ്കിലും ഒരാളെ ‘വനിത’യുടെ സ്ഥിരംവരിക്കാരാക്കുന്നതിന് നിര്‍ബന്ധിക്കുമല്ലോ’ (വനിത 1959 – കഢ) പുരുഷന്മാരെ സ്വാധീനിച്ച് സ്ത്രീകളെ വായനക്കാരാക്കാനുള്ള ശ്രമമാണ് നടത്തിയിരുന്നത്.
ശാസ്ത്രവിഷയങ്ങളും കോളേജ് വിദ്യാര്‍ത്ഥികളുടെ എഴുത്തുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. കുടുംബാസൂത്രണ പദ്ധതികളെക്കുറിച്ച് വായനക്കാരുടെ പ്രതികരണം കൊടുത്തിരുന്നു. സ്ത്രീവിദ്യാഭ്യാസപുരോഗതി ഉണ്ടായിട്ടും സാഹിത്യരംഗത്ത് സ്ത്രീകളുടെ സാന്നിധ്യം കുറഞ്ഞിരിക്കുന്നതിനെക്കുറിച്ച് അമ്പാടി കാര്‍ത്യായനിയമ്മ എഴുതിയിരിക്കുന്നത് ഇക്കാലത്തും പ്രസക്തമാണ്.
‘ഉദ്യോഗസ്ഥനായ പുരുഷന് ഉദ്യോഗത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. എന്നാല്‍ സ്ത്രീക്ക് ഗൃഹജോലികളും ശിശുപരിപാലനവും വൃദ്ധജനപരിപാലനവും ഉദ്യോഗത്തോടൊപ്പം ചേര്‍ത്തു കൊണ്ടുപോകേണ്ടിവരുന്നു. ഇത് സ്ത്രീയുടെ ബാധ്യതയായി അവളും സമൂഹവും കാലാകാലങ്ങളായി വിശ്വസിച്ചുവരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരല്ലാത്ത അഭ്യസ്തവിദ്യരായ സ്ത്രീകള്‍ ബുദ്ധിപരമായ ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നുമില്ല എന്നത് സ്ത്രീസമൂഹത്തിന്‍റെ എക്കാലത്തെയും കുറവുതന്നെയാണ്. ബുദ്ധിയും ഹൃദയവും സമന്വയിപ്പിച്ച് ഏകാഗ്രമായ പ്രവര്‍ത്തനത്തിലൂടെയേ ഇത് സാധ്യമാവൂ. ഭാഷ, ആശയം, സ്വാതന്ത്ര്യവാഞ്ഛ എന്നിവ കൂടിച്ചേര്‍ന്നാല്‍ മാത്രമേ സ്ത്രീസാഹിത്യരചന സാധ്യമാവൂ.’
സ്ത്രീകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ‘വനിത’ പ്രാധാന്യം നല്‍കി. ബി. കല്യാണിയമ്മയുടെ മരണം 1959 ഒക്ടോബര്‍ ലക്കത്തില്‍ ഫുള്‍ പേജ് വാര്‍ത്തയായാണ് നല്‍കിയത്. ‘പുത്തന്‍ നൂറ്റാണ്ടിനെ സത്യയുഗത്തോട് കോര്‍ത്തിണക്കിയ ഒരു സ്വര്‍ണ്ണനൂല്‍’ എന്നാണ് കല്യാണിയമ്മയെക്കുറിച്ച് ‘വനിത’ എഴുതിയത് (വനിത, 1959:52)
മുതുകുളം പാര്‍വതിയമ്മ, പി. മീനാക്ഷിയമ്മ, കുഞ്ചിയമ്മ, സാവിത്രി അന്തര്‍ജ്ജനം, ശാരദാമണി, വി.ജി. ഭവാനി, ഈ.കെ. വാസന്തി തുടങ്ങി നിരവധി സ്ത്രീകള്‍ ഇതില്‍ എഴുതിയിരുന്നു.
സര്‍ക്കുലേഷന്‍ കൂട്ടാനായി പരസ്യതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്ന രീതി ‘വനിത’യുടെ കാലത്താണ് തുടങ്ങുന്നത്. ഈ മാസിക സ്ത്രീകള്‍ക്ക് ‘ചെറുകഥാമത്സരം’ സംഘടിപ്പിച്ചു. ‘വനിതാ’ വരിക്കാര്‍ക്ക് ഇതില്‍ എഴുതാന്‍ അവസരം നല്‍കിയിരുന്നു.
വായനക്കാരുടെ പ്രതികരണത്തിന് പേജ് മാറ്റിവെച്ചിരുന്നതും അതില്‍ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങള്‍ നല്‍കിയിരുന്നു എന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു. സ്ത്രീകളുടെ മുഖചിത്രങ്ങള്‍ ഇതില്‍ കുറവായിരുന്നു. അതിനുള്ള കാരണം പത്രാധിപ നല്‍കുന്നത് ഇങ്ങനെയാണ്:
‘സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മുതലെടുക്കാന്‍ ശ്രമിക്കാത്തതിന്‍റെ പ്രധാന കാരണം മറ്റൊന്നാണ്. സ്ത്രീകള്‍ അധികം ഇഷ്ടപ്പെടുക പുരുഷന്മാരുടെ മുഖം കാണാനല്ലേ? വനിത ഈ നിയമത്തിന് വ്യത്യസ്തയാകുന്നത് ശരിയാണോ? ആയതിനാല്‍ സുന്ദരന്മാരായ പുരുഷന്മാരുടെ ചിത്രങ്ങള്‍ മുഖചിത്രത്തില്‍ ഉപയോഗിക്കാനാണത്രേ അവള്‍ അധികം ഇഷ്ടപ്പെടുന്നത്. വായനക്കാരില്‍ നല്ലൊരു വിഭാഗം പുരുഷന്മാരാണെന്ന് വന്നാല്‍ സ്ത്രീകളുടെ ചിത്രങ്ങളും ഇടുന്നതാണെന്നറിയുന്നു. ഏതായാലും അടുത്ത ലക്കത്തില്‍ നിങ്ങള്‍ക്കൊരു സുന്ദരനെ പ്രതീക്ഷിക്കാം (വനിത, 1959-34).
1960 മാര്‍ച്ചില്‍ വനിത ഒന്നാം പിറന്നാള്‍ പതിപ്പ് ഇറക്കി. സ്ത്രീകള്‍ മാത്രം എഴുതിയ ഈ ലക്കത്തില്‍ അച്ച് നിരത്തിയതുപോലും സ്ത്രീകളായിരുന്നു.
ഭവാനി തൃശൂര്‍, റ്റി.എസ്. പൊന്നമ്മ, കെ. ഗോമതിയമ്മ, നന്ദിനിക്കുട്ടി, പി.റ്റി. വസുമതിയമ്മ, പി.എന്‍. ശാന്തകുമാരി, ഗ്രേയ്സി ബി.എ., പി. മീനാക്ഷിഅമ്മ, കെ. ദേവകി, റബേക്ക ജോസഫ്, റാബിയ പുനയൂര്‍ എന്നിവര്‍ എഴുതി. ‘നാളത്തെ പുലരിയില്‍ വിടരാന്‍ വെമ്പുന്ന കലാകലിക’ എന്ന തലക്കെട്ടോടെ ഒരു കൊച്ചു പെണ്‍കുട്ടിയുടെ ചിത്രമാണ് മുഖചിത്രമായി കൊടുത്തത്.
അന്താരാഷ്ട്ര തലത്തില്‍ വനിതാദിനം ആചരിക്കാന്‍ ഐക്യരാഷ്ട്ര സംഘടന മുന്നോട്ടുവന്നത് 1975-ലാണ്. അതിനും 15 വര്‍ഷംമുമ്പ് സ്ത്രീകള്‍ക്കായി ഒരു ലക്കം ‘വനിത’ മാറ്റിവച്ചിരുന്നു.
സ്ത്രീകളോട് ധാരാളമായി എഴുതാനും വായിക്കാനും ‘വനിത’ ഉദ്ബോധിപ്പിച്ചു. വിവിധ മേഖലകളില്‍ സ്ത്രീകള്‍ മുന്നോട്ടുവരണമെന്ന ആശയം ഈ മാസിക മുന്നോട്ടുവെച്ചു.
വനിതാമാസികകളുടെ ആദ്യകാലഘട്ടം സ്ത്രീകളെ ചിന്തിപ്പിക്കാനും മുഖ്യധാരയുമായി ബന്ധിപ്പിക്കാനും ശ്രമിച്ചിരുന്നു എന്ന് കാണാം. കേരള സമൂഹത്തിന്‍റെ മാറ്റത്തിന് വഴിയൊരുങ്ങിയ ഒരു കാലഘട്ടത്തില്‍ ഇത്തരം പ്രസിദ്ധീകരണങ്ങള്‍ക്ക് ആ മാറ്റത്തിന് ആക്കംകൂട്ടാന്‍ കഴിഞ്ഞു. വിവിധ മേഖലകളില്‍ കേരളം മുമ്പോട്ടുപോയി.”
സ്ത്രീവിദ്യാഭ്യാസത്തില്‍ കേരളം കൈവരിച്ച പുരോഗതി, ആഗോളവല്‍ക്കരണ ഫലമായുണ്ടായ പുത്തന്‍ സാമ്പത്തിക വ്യവസ്ഥ എന്നിവ കേരളത്തിന്‍റെ നില മെച്ചപ്പെടുത്തി. ഇതെല്ലാം സ്ത്രീ മാസികകളുടെ പ്രസിദ്ധീകരണത്തിലും സാരമായ വ്യതിയാനങ്ങള്‍ ഉണ്ടാക്കി. ആദ്യകാല സ്ത്രീമാസികകളുടെ ഉള്ളടക്കത്തില്‍നിന്ന് വ്യതിചലിച്ചുകൊണ്ടാണ് 1970 നുശേഷമുണ്ടായ ജനപ്രിയസ്ത്രീമാസികകള്‍ തങ്ങളുടെ സഞ്ചാരപഥം രൂപപ്പെടുത്തിയത്. ഇവ ഗൗരവമായ സ്ത്രീപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പോയവയല്ല. എന്നാല്‍ സ്ത്രീപ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന മാസികകള്‍ എന്ന ധാരണ സമൂഹത്തില്‍ പരത്താന്‍ അവയ്ക്ക് കഴിഞ്ഞു (സംഗീത തിരുവുള്‍, 72).
‘പരസ്യങ്ങളും ഉപഭോഗസംസ്കാരവും പുത്തന്‍ സാങ്കേതികവിദ്യകളും സ്ത്രീമാസികകളെ അവയുടെ ആദ്യകാലലക്ഷ്യങ്ങളില്‍നിന്ന് പിന്നോട്ട് വലിച്ചു. പൊതുജനാഭിപ്രായ രൂപീകരണത്തിനു പകരം പൊതുജനങ്ങളുടേതല്ലാത്ത ഒരു പൊതുജനാഭിപ്രായവും പൊതുതാല്‍പര്യവും സൃഷ്ടിച്ചെടുക്കുക എന്ന കുത്തകമുതലാളിത്തത്തിന്‍റെ തന്ത്രമാണ് ഇക്കാലത്തെ സ്ത്രീമാസികകളും പിന്‍പറ്റിയത്. ആദ്യകാല സ്ത്രീമാസികകള്‍ ചര്‍ച്ചചെയ്ത ഗൗരവമായ സ്ത്രീ, സാമൂഹികപ്രശ്നങ്ങള്‍ക്കുപകരം ഫിക്ഷനും ലളിതവായനാരൂപങ്ങളുമാണ് ഈ കാലയളവിലെ സ്ത്രീമാസികകള്‍ പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ചുവന്നത്’ (സംഗീത തിരുവുള്‍, പേജ് 72).
1970കള്‍ക്കു ശേഷമുണ്ടായ പ്രധാന സ്ത്രീമാസികകളില്‍ രൂപകല, വനിത, പെണ്മണി, ഗൃഹലക്ഷ്മി, മഹിളാരത്നം, കന്യക, കേരളകൗമുദി വിമന്‍സ് മാഗസിന്‍, ഉത്തമസ്ത്രീ, സ്ത്രീധനം, ഗൃഹശോഭ, മഹിളാചന്ദ്രിക, ദീപിക എന്നിവ ഉള്‍പ്പെടുന്നു.
1977-ലാണ് എസ്.കെ. പൊറ്റക്കാടിന്‍റെ ഭാര്യ ജയ പൊറ്റക്കാട് കോഴിക്കോടുനിന്ന് ‘രൂപകല’ ആരംഭിക്കുന്നത് (മലയാളസ്ത്രീമാസികകളുടെ ഉള്ളടക്കം അന്നും ഇന്നും, വി.ബി. ലല്‍കാര്‍. 1999 : 118) സിനിമയെപ്പറ്റിയുള്ള ലേഖനങ്ങള്‍, കഥ, കവിത, മനഃശാസ്ത്രം, സൗന്ദര്യം, ഫാഷന്‍, ആരോഗ്യം, ശിശുപരിപാലനം, സാമൂഹികസേവനം, പാചകം, ഹോബി, തൊഴില്‍ തുടങ്ങിയ രീതിയിലായിരുന്നു ‘രൂപകല”യുടെ ഉള്ളടക്കം. ‘രൂപകല”യുടെ ഉള്ളടക്കത്തില്‍ സ്ത്രീകള്‍ അയച്ച കത്തുകള്‍ ചേര്‍ത്തിരിക്കുന്നത് ശ്രദ്ധേയമാണ്. ‘സ്ത്രീകള്‍ക്കായുള്ള മാസിക” എന്ന ചിന്തക്കെതിരായ അഭിപ്രായങ്ങളും കത്തുകളില്‍ ഉള്‍പ്പെടുന്നു.
‘സ്ത്രീവിമോചനസമരത്തിനുള്ള ഒരു ഉപാധികൂടി ആകട്ടെ ഈ മാസിക” (എന്‍. സുവര്‍ണ, പട്ടാമ്പി)
‘വനിതകള്‍ക്കായി ഒരു പുതിയ മാസിക – ‘രൂപകല”. പത്രങ്ങളില്‍നിന്നും റേഡിയോവില്‍നിന്നും ഈ വാര്‍ത്ത ഞാന്‍ അറിഞ്ഞു. സ്ത്രീപുരുഷസമത്വത്തിന്‍റേയും സ്ത്രീവിമോചനസമരത്തിന്‍റേയും ഈ കാലഘട്ടത്തില്‍ ‘സ്ത്രീകള്‍ക്ക് മാത്രമായി” എന്ന ലേബലില്‍ ഒരു മാസിക പുറത്തിറക്കുകയോ? പുരുഷന്മാര്‍ക്ക് സ്ത്രീകളെ കബളിപ്പിക്കുന്നതിലെ രസം ഇനിയും അവസാനിക്കുന്നില്ലെന്നോ? വനിതാവര്‍ഷം എന്ന പേരില്‍ ഒരു സൗജന്യം അനുവദിച്ചുതന്ന് അവര്‍ സ്ത്രീകളെ മുതലെടുത്തത് നാം മറക്കേണ്ട കാലമായിട്ടില്ല. പുരുഷനോടൊപ്പമെന്നുള്ള സ്ത്രീയുടെ അഭിവാഞ്ഛകളെ ‘വനിതാമാസിക” എന്ന സങ്കല്പം ഒരതിരുവരെയെങ്കിലും നിറംകെടുത്തിക്കളയുന്നുണ്ട്” (പി. രാധ, 1977:6).
വനിതാമാസികകളുടെ പ്രസക്തിയെ ചോദ്യംചെയ്യുന്ന ഈ കത്ത് ‘രൂപകല’യില്‍ പ്രസിദ്ധപ്പെടുത്തിയെന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു.
എല്ലാ മേഖലകളിലും അതായത് ഉദ്യോഗപരമായും കായികമായും സമസ്തമേഖലകളിലും പുരുഷന്‍റെ സഹപ്രവര്‍ത്തകരായ സ്ത്രീകളെ അപമാനിക്കലാണ് ഇത്തരം വനിതാമാസികകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരും അവ വായിച്ചാസ്വദിക്കുന്നവരും പ്രചാരം ചെയ്യുന്നവരും ചെയ്യുന്നത് എന്ന് രാധ കത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
സ്ത്രീശബ്ദം (2008)
‘തുല്യത’ എന്നപേരില്‍ കണ്ണൂരില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സ്ത്രീമാസികയുടെ തുടര്‍ച്ചയായി 2000 മുതലാണ് ‘സ്ത്രീശബ്ദം” പ്രസിദ്ധീകരിച്ചുതുടങ്ങിയത്. ജനാധിപത്യ മഹിളാ അസോസിയേഷനാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. സ്ത്രീസമത്വം, സ്വാതന്ത്ര്യം, പൗരാവകാശങ്ങള്‍ എന്നിവക്ക് ‘സ്ത്രീശബ്ദം” ഊന്നല്‍കൊടുക്കുന്നു. സ്ത്രീകള്‍ക്കും മറ്റ് പ്രാന്തവല്‍ക്കരിക്കപ്പെട്ടവര്‍ക്കുംവേണ്ടി ഈ മാസിക ശബ്ദമുയര്‍ത്തുന്നു.
സംഘടിത (2010)
സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ‘അന്വേഷി’യുടെ ആഭിമുഖ്യത്തില്‍ 2008-ല്‍ ന്യൂസ് ലെറ്ററിന്‍റെ രൂപത്തിലാണ് ‘സംഘടിത’യുടെ തുടക്കം. 2010 വരെ സ്ത്രീകളെക്കുറിച്ചുള്ള വാര്‍ത്തകള്‍, റിപ്പോര്‍ട്ടിങ്, പ്രതികരണങ്ങള്‍ എന്നിവ പ്രസിദ്ധീകരിക്കുന്ന ഒരു ന്യൂസ് ലെറ്ററായി ഇതു തുടര്‍ന്നു.
കെ.എം. ഷീബ, ജാന്‍സി ജോസ്, ദീദി ദാമോദരന്‍ എന്നിവരും ‘അന്വേഷി’യുടെ പിറകിലുള്ളവരുമാണ് ‘സംഘടിത’യുടെ പ്രസിദ്ധീകരണത്തിന് നേതൃത്വം നല്‍കിയിരുന്നത്. 2010-ല്‍ ‘സംഘടിത’ എന്ന സ്ത്രീമാസികയായി ഇതു രൂപാന്തരപ്പെട്ടു. സ്ത്രീകള്‍ക്ക് എഴുതാനുള്ള ഒരു പ്രസിദ്ധീകരണം എന്നതായിരുന്നു ലക്ഷ്യം.
പുരുഷകേന്ദ്രീകൃതമായ മാധ്യമരംഗത്ത് ഇതിനുള്ള പ്രസക്തി വലുതാണെന്ന് ഇതിന്‍റെ പിന്നിലുള്ളവര്‍ക്ക് ഉറപ്പായിരുന്നു. മുമ്പ് 1905-ല്‍ ‘ശാരദാ’ മാസിക ഇത്തരമൊരു ലക്ഷ്യം മുന്നോട്ടുവെച്ചുവെങ്കിലും അതിനു പിന്നില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ പോലെയുള്ളവരുടെ ശ്രമങ്ങളുണ്ടായിരുന്നു. ‘സവര്‍ണ മധ്യവര്‍ഗ്ഗ സ്ത്രീ’കളെയായിരുന്നു ‘ശാരദാ’ പോലെയുള്ള മാസികകള്‍ സ്ത്രീയായി കല്‍പിച്ചിരുന്നതെങ്കില്‍ ‘സംഘടിത’ എല്ലാ സ്ത്രീകള്‍ക്കുംവേണ്ടി നിലകൊള്ളുന്നു. സ്ത്രീകളെക്കുറിച്ചുള്ള ‘സംഘടിത’യുടെ കാഴ്ചപ്പാട് വിശാലമാണ്; ആ കാഴ്ചപ്പാടിനൊപ്പം സാഹിത്യവും ചേരുന്നു എന്നത് ‘സംഘടിത”യുടെ പ്രത്യേകതയാണ്. സ്ത്രീകളുടെ സന്നദ്ധപ്രവര്‍ത്തനംകൊണ്ട് പ്രസിദ്ധീകരിക്കുന്ന ഒരു മാസിക എന്ന് ഇതിനെ വിശേഷിപ്പിക്കാം. എഴുത്തുകാരികളോ അണിയറപ്രവര്‍ത്തകരോ പ്രതിഫലം വാങ്ങുന്നില്ല എന്നത് ‘സംഘടിത”യെ വ്യത്യസ്തമാക്കുന്നു. ഒരു ലക്കത്തില്‍ ഒരു പ്രത്യേക വിഷയമെടുത്ത് വിവിധ സ്ത്രീകള്‍ എഴുതുന്ന ‘സംഘടിത’ക്ക്ഓരോ ലക്കത്തിനും ഓരോ ‘ഗസ്റ്റ് എഡിറ്റര്‍’മാര്‍ ഉണ്ട്. 2010 ഡിസംബര്‍ മാസം സാറാജോസഫ് ചീഫ് എഡിറ്ററായിട്ടാണ് ‘സംഘടിത” ആരംഭിച്ചത്. 2015 ജനുവരി മുതല്‍ കെ.എം. ഷീബയാണ് ചീഫ് എഡിറ്റര്‍.
ജീവിതത്തിന്‍റെ സമസ്ത മേഖലകളേയും സ്പര്‍ശിക്കുന്ന ഒരു വനിതാമാസികയെന്ന് ‘സംഘടിത’യെ വിശേഷിപ്പിക്കാം.
ഉടന്‍ പ്രസിദ്ധീകൃതമാവുന്ന കെ .എ. ബീനയുടെ ‘മലയാളപെണ്‍മാധ്യമചരിത്രം’ എന്ന പുസ്തകത്തില്‍ നിന്ന്.
സഹായകഗ്രന്ഥങ്ങള്‍
1. Changes In the Status Of Women as Reflected in Women’s Magazines of Kerala During The Past Fifty Years. Thesis submitted By P.B. Balakrishna Lalkar January 1992 University Of Kerala
2. മലയാളത്തിലെ സ്ത്രീ മാസികകളുടെ ഉള്ളടക്കം, അന്നും ഇന്നും, ഒരു വിശകലനം, പി.ബി.ലല്‍കാര്‍ (മലയാള പത്രപ്രവര്‍ത്തനത്തിന്‍റെ അമ്പതുവര്‍ഷം.1947-1997)കേരളം പ്രസ് അക്കാദമി, കൊച്ചി.
3. മലയാള സ്ത്രീ മാസികകള്‍..ചരിത്രവും ഭാവുകത്വ പരിണാമവും, ഡോ.സംഗീത തിരുവള്‍ പി.പി., ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഓഫ് സാംസ്കൃട്ട്, കാലടി, 2019
4. വനിതാപത്രപ്രവര്‍ത്തനം, ചരിത്രവും വര്‍ത്തമാനവും, കൃഷ്ണകുമാരി.എ, കേരളം സാഹിത്യ അക്കാഡമി, തൃശൂര്‍,2010
5. കല്പനയുടെ മാറ്റൊലി, ദേവിക.ജെ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം, 2011
6. ആദ്യകാലമാസികകള്‍, പ്രിയദര്‍ശന്‍.ജി., കേരളം സാഹിത്യ അക്കാദമി,തൃശൂര്‍, 2007
7. മണ്മറഞ്ഞ മലയാള മാസികകള്‍. പ്രിയദര്‍ശന്‍ ജി, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം,കോട്ടയം, 2011
8. കേരള പത്രപ്രവര്‍ത്തന ചരിത്രം, പുതുപ്പള്ളി രാഘവന്‍, കേരളം സാഹിത്യ അക്കാദമി, തൃശൂര്‍ 1985
COMMENTS