വാര്‍ത്തകളുടെ ലോകം അത്ഭുതം നിറഞ്ഞതാണ്. എന്നും പുതിയ പുതിയ ആശയങ്ങളും സാങ്കേതികതകളും വാര്‍ത്താലോകത്ത് വന്നു കൊണ്ടിരിക്കും. നിലക്കാത്ത ഒഴുക്കുള്ള ഒരു പുഴ പോലെയാണ് അത നമുക്ക് അനുഭവപ്പെടുക. വാര്‍ത്ത നമ്മിലേക്ക് എത്തുന്നതിന് ഒരു സാധ്യതയും ഇല്ലായിരുന്ന കാലത്ത് നിന്നും വാര്‍ത്തകള്‍ക്ക് കുമിളകളുടെ ആയുസ്സു പോലും ഇല്ലാത്ത ഇന്നിന്‍റെ കാലത്തേക്ക് വാര്‍ത്താലോകം എത്തിച്ചേര്‍ന്നതെങ്ങിനെയെന്ന് അറിയാന്‍ ആര്‍ക്കാണ് കൗതുകം ഇല്ലാതിരിക്കുക?
പുരാണങ്ങളില്‍ വാര്‍ത്തകള്‍ കൈമാറുന്ന രീതിയെക്കുറിച്ച് മനോഹര വര്‍ണ്ണനകള്‍ ഉണ്ട്. അരയന്നങ്ങളേയും പക്ഷികളേയും വാനരന്മാരെയും ദൂതുമായി അയക്കുന്ന കഥകള്‍ അവയില്‍ ചിലതാണ്. തുടക്കത്തില്‍ സന്ദേശങ്ങള്‍ കൈമാറുക എന്നതായിരുന്നു ലക്ഷ്യമെങ്കില്‍ പിന്നീടത് വിളംബരങ്ങളായും വിളംബരപത്രങ്ങളായും ഉയര്‍ത്തപ്പെട്ടു.രണ്ടുപേര്‍ തമ്മില്‍ അറിയേണ്ടവ എന്നത് പ്രജകള്‍ അറിയേണ്ടവയെന്ന തരത്തില്‍ വിപുലീകരിക്കപ്പെട്ടു.
അതോടെ അവയ്ക്ക് അനുസ്യതമായ രീതികള്‍ മനുഷ്യന്‍ കണ്ടെത്താനും അവലംബിക്കാനും തുടങ്ങി. ശിലാരൂപങ്ങള്‍ കൊത്തിത്തുടങ്ങി. ആംഗ്യഭാഷക്ക് പകരം സംസാരഭാഷകള്‍ ഉദയം ചെയ്തു, എഴുത്തോലകള്‍ വന്നു, ലിപികള്‍ കണ്ടുപിടിച്ചു കടലാസുകള്‍ ഉണ്ടായി, അച്ചടിയന്ത്രങ്ങളും കല്ലച്ചുകളും നിര്‍മ്മിക്കപ്പെട്ടു. അങ്ങനെ ഇന്നത്തെ ഏറ്റവും ആധുനികമായ വിവരസാങ്കേതിക വിദ്യകളില്‍ നാം എത്തിപ്പെട്ട് നില്‍ക്കുന്നു.
ആധുനിക വാര്‍ത്താ മാധ്യമങ്ങളുടെ ചരിത്രത്തിന് വലിയ കാലപ്പഴക്കമൊന്നുമില്ല. കയ്യെഴുത്തു പ്രതികളായും ന്യൂസ്ലെറ്ററുകളായും ഉദയം ചെയ്ത പലതും അക്കാലത്തെ സോദ്ദേശ സാഹിത്യങ്ങളായിരുന്നു. സാഹിത്യത്തില്‍ നിന്നും വാര്‍ത്തകളെ വേര്‍തിരിക്കുന്ന മാധ്യമ പ്രവര്‍ത്തന ശൈലി കേരളത്തില്‍ ആരംഭിക്കുന്നത് 19ാം നൂറ്റാണ്ടിലാണ് . തുടക്കത്തില്‍ ഇവയില്‍ മിക്കതും മാസികകളായാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. പത്രപ്രവര്‍ത്തന ചരിത്രത്തില്‍ നമ്മള്‍ കേള്‍ക്കുന്ന പേരുകള്‍ ഏറെയും പുരുഷന്‍മാരുടേതാണ്. പത്രപ്രവര്‍ത്തനത്തില്‍ മാത്രമല്ല പൊതുവായ ചരിത്രങ്ങളിലും സ്ത്രീകളുടെ സംഭാവനകള്‍ അടയാളപ്പെടുത്തിയിട്ടുള്ളത് വളരെ വിരളമാണ്.ഹിസ്റ്ററി, ഹിസ് സറ്റോറി (അവന്‍റെ കഥ)യാകുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ചരിത്രത്തില്‍ സ്ത്രീപക്ഷവായനക്കുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ ലോകത്ത് പലയിടത്തും ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ഒട്ടുമിക്ക സമര പോരാട്ട ചരിത്രങ്ങളും സ്ത്രീകളുടെകൂടി അവകാശങ്ങള്‍ക്ക് വേണ്ടിയായിരുന്നു. അത് മാറ് മറയ്ക്കാനായാലും, വിദ്യാഭ്യാസ വിവാഹ അവകാശങ്ങള്‍ക്ക് വേണ്ടിയായാലും സഞ്ചാരസ്വാതന്ത്ര്യം, ആഭരണം ധരിക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങി എല്ലാ അവകാശങ്ങളും നേടിയെടുക്കുന്നതിനുവേണ്ടിയടക്കം നടന്ന അത്തരം പോരാട്ടങ്ങള്‍ ആത്യന്തികമായി സ്ത്രീ സ്വാതന്ത്ര്യം ലക്ഷ്യം വെച്ചുള്ളവ തന്നെയായിരുന്നു. ഇതിലൊക്കെ തന്നെ രക്തസാക്ഷികളായ ആയിരക്കണക്കിന് സ്ത്രീകളുണ്ട്-നേത്യത്വം കൊടുത്തവരായും,പോരാട്ടങ്ങളില്‍ പങ്കെടുത്തവരായും- ഇവരെക്കുറിച്ചൊക്കെയുള്ള വിവരങ്ങള്‍ ചരിത്ര പുസ്തങ്ങളില്‍ അപൂര്‍വ്വമായി മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.അതിന് പലകാരണങ്ങളുണ്ട്. അവ കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ ഒന്ന് വിലയിരുത്തിയാല്‍ മാത്രമേ വാര്‍ത്താലോകത്തെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ച് നമുക്ക് പറയാനാകൂ.
കേരളത്തിലെ സ്ത്രീബോധം
സ്ത്രീമുന്നേറ്റ ചരിത്രത്തില്‍ ശ്രദ്ധേയമായ പലസംഭാവനകളും നല്‍കിയ സംസ്ഥാനമാണ് കേരളം. സാക്ഷരതയിലും ആരോഗ്യ,വിദ്യാഭ്യാസ,തൊഴില്‍ മേഖലകളിലും രാജ്യത്തെ ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് ദിശാസൂചികകളില്‍ നാം മുന്നിട്ട് നില്‍ക്കുന്നത് ഇതുകൊണ്ടുകൂടിയാണ്. വിദ്യാഭ്യാസം ചെയ്യാനും വസ്ത്രം ധരിക്കാനും വഴി നടക്കാനും തൊഴിലെടുക്കാനുമൊക്കെ അവകാശം നിഷേധിക്കപ്പെട്ട കാലത്ത് പോലും ഒട്ടും പ്രതീക്ഷിക്കാത്ത ചില മേഖലകളില്‍ കേരളത്തിലെ സ്ത്രീകള്‍ പ്രകടിപ്പിച്ച വൈഭവം,നല്‍കിയ സംഭാവനകള്‍ പ്രശംസാര്‍ഹമാണ്. സ്ത്രീകള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാതിരുന്ന നിരവധി മേഖലകള്‍ അതേസമയം ഉണ്ടായിരുന്നു താനും. വാര്‍ത്തകളുടെ ലോകം അത്തരത്തിലൊന്നായിരുന്നു. വാര്‍ത്ത സൃഷ്ടിക്കാന്‍, വാര്‍ത്ത പ്രചരിപ്പിക്കാന്‍, വാര്‍ത്ത വാര്‍ത്തയാക്കാന്‍ പരിമിതമായ സാങ്കേതികത ഉണ്ടായിരുന്ന കാലത്ത് ആ ദൗത്യം ഏറ്റെടുക്കാനും ചില സ്ത്രീകള്‍ ഉണ്ടായിരുന്നു എന്ന ചരിത്രം ഏറെ വിചിത്രമായി തോന്നാം. സ്ത്രീകള്‍ക്ക് അക്ഷരാഭ്യാസത്തിന് കാര്യമായ ഒരു അവസരവും 19ാം നൂറ്റാണ്ടുവരെ കേരളത്തില്‍ ഉണ്ടായിരുന്നില്ല. വീട് വിട്ട് പുറത്ത് പോകാന്‍ പോയിട്ട് വീടിന് അകത്തുള്ള പലസ്ഥലങ്ങളും സ്ത്രീകള്‍ക്ക് പ്രവേശനം പോലുമില്ലാതിരുന്ന ഒരു കാലത്തെക്കുറിച്ച് ഇന്നത്തെ തലമുറക്ക് ചിന്തിക്കാന്‍ കഴിയുമോ? എന്നാല്‍ അങ്ങനെയൊരു കാലം നമുക്കുണ്ടായിരുന്നു.
രാജ്യം സ്വതന്ത്രമാകും മുന്‍പ്, കേരളസംസ്ഥാനം രൂപീകൃതമാകുന്നതിന് മുന്‍പ് നാട്ടു രാജാക്കന്‍മാരും ജന്മികളുമാണ് ഇവിടെ അധികാരം കയ്യാളിയിരുന്നത്. ജാതിസമ്പ്രദായം ഓരോ സമുദായങ്ങള്‍ക്കും കല്പിച്ചു നല്‍കിയ നിയന്ത്രണ രേഖകള്‍ക്ക് അകത്താണ് സ്ത്രീകള്‍ ജീവിച്ചിരുന്നത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്ക് അവരുടേതായ മാമൂലുകളും ആചാരങ്ങളും പാലിക്കേണ്ടതായിട്ടുണ്ട്. ഉദാഹരണത്തിന് നമ്പൂതിരി സമുദായത്തില്‍ വിധവകള്‍ക്ക് വീണ്ടും വിവാഹം ചെയ്യാനോ പുറത്തേക്ക് ഇറങ്ങാനോ അവകാശം ഉണ്ടായിരുന്നില്ല. പ്രായപൂര്‍ത്തി എന്ന ഒരു ഏര്‍പ്പാടു പോലുമുണ്ടായിരുന്നില്ല.പതിനഞ്ച് വയസ്സുപോലും തികയുന്നതിന് മുന്‍പ് വിവാഹം ചെയ്യപ്പെടുന്ന പെണ്‍കുട്ടികള്‍ താമസിയാതെ ഭര്‍ത്താവ് നഷ്ടപ്പെട്ടെന്ന് വരികില്‍ തലമുണ്ഡനം ചെയ്ത് വെളുത്ത വസ്ത്രം ധരിച്ച് അടുക്കളയിലെ കരി അടുപ്പുകള്‍ക്ക് മുന്നില്‍ ജീവിതം ഹോമിച്ച് തീര്‍ക്കണം. മത പുരോഹിതന്മാര്‍ നടപ്പിലാക്കിയ ഈ ദുരാചാരത്തെ എതിര്‍ത്ത് കൊണ്ടാണ് വി.ടി. ഭട്ടതിരിപ്പാടെന്ന സാമൂഹികപരിഷ് കര്‍ത്താവ് ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്’എന്ന രചനയിലൂടേയും മറ്റ് പോരാട്ടങ്ങളിലൂടേയും വിധവാവിവാഹം അനുവദിക്കുന്നതിന് വേണ്ടി ധീരമായി പ്രവര്‍ത്തിച്ചത്.
ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായി അന്തര്‍ജ്ജനങ്ങള്‍ ഘോഷ ബഹിഷ്കരിച്ചും മറക്കുടകള്‍ വലിച്ചെറിഞ്ഞും പൊതുവേദികളില്‍ എത്തുകയുണ്ടായി. അങ്ങനെ ആദ്യത്തെ വിധവാവിവാഹം ഉമാദേവി അന്തര്‍ജ്ജനവും എം ആര്‍ ബിയുമായി നടത്തി വിപ്ലവം സ്യഷ്ടിച്ചു.ഉയര്‍ന്ന ജാതിയില്‍പ്പെട്ട സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിന് വേണ്ടി പുലപ്പേടിപോലുള്ള ആചാരങ്ങളും അടിച്ചേല്‍പ്പിച്ചിരുന്നു. താണ ജാതിയില്‍പ്പെട്ട പുരുഷന്‍റെ മുന്‍പില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട സ്ത്രീപെടുന്ന പക്ഷം അവളെ സമുദായത്തില്‍നിന്നും പുറത്താക്കും. പിന്നീട് താണജാതിക്കാരന്‍റെ കൂടെ കഴിയുകയേ നിവൃത്തിയുള്ളൂ. അതേസമയം താണജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാന്‍ അവകാശം ഉണ്ടായിരുന്നില്ല. കുപ്പിച്ചില്ലും,കല്ലു മുപയോഗിച്ചുള്ള ആഭരണങ്ങള്‍ മാത്രമേ അണിയാന്‍ പാടുണ്ടായിരുന്നുള്ളൂ. കണങ്കാല്‍ മറച്ച് മേല്‍മുണ്ട് ധരിക്കാനോ,മൂക്കുത്തി അണിയാനോ അവകാശമില്ല, പള്ളിക്കൂടത്തിലും, ക്ഷേത്രങ്ങളിലും പ്രവേശിക്കാനും അവകാശമുണ്ടായിരുന്നില്ല. ഈ സ്ത്രീ അവസ്ഥകള്‍ മറികടക്കാന്‍ നീണ്ട പോരാട്ടങ്ങളാണ് നടന്നിട്ടുള്ളത്. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍, അയ്യങ്കാളി, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, പൊയ്കയില്‍ അപ്പച്ചന്‍, പണ്ഡിറ്റ് കറുപ്പന്‍ , സ്വാമി ആനന്ദതീര്‍ഥന്‍ തുടങ്ങിയപേരുകള്‍ ചരിത്രത്തിന്‍റെ ഭാഗമായത് അവര്‍ കീഴാള വിമോചനത്തിനും സ്ത്രീ വിമോചനത്തിനും വേണ്ടി നടത്തിയ ധീരമായ പോരാട്ടങ്ങളുടെ പേരിലാണ്. നങ്ങേലി, പഞ്ചമി,കുറിയേടത്ത് താത്രി, ഉമ അന്തര്‍ജനം, പാര്‍വ്വതി നെമ്മേനി മംഗലം, ലളിതാംബിക തോട്ടയ്ക്കാട് ഇക്കാവമ്മ, തരവത്ത് അമ്മാളു അമ്മ,മുതുകുളം പാര്‍വ്വതിയമ്മ, കൗമുദി ടീച്ചര്‍, വേളത്ത് ലക്ഷ്മിക്കുട്ടി,പിസി കുറുമ്പ, മംഗലത്ത് ആര്യാദേവി തുടങ്ങി നിരവധിയായ സ്ത്രീ നാമങ്ങള്‍ അക്കാലത്ത് നടന്ന സാമുദായിക പരിഷ്കരണ പോരാട്ടചരിത്രത്തില്‍ മുഴങ്ങി കേള്‍ക്കുന്നവയാണ്.
സാമൂഹികമായ ജീര്‍ണ്ണാവസ്ഥ സ്ത്രീ ജീവിതങ്ങള്‍ക്ക് മേല്‍ സൃഷ്ടിച്ച മഹാനരകത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ ജീവന്മരണ പോരാട്ടം നടത്തുന്ന സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന പരിമിതികളും പിന്നാക്കാവസ്ഥയും അവസര അവകാശനിഷേധവും തട്ടിമാറ്റിയാണ് സ്ത്രീകള്‍ വാര്‍ത്തകളുടെ ലോകത്തേക്ക് എത്തിപ്പെട്ടതെന്ന യാഥാര്‍ഥ്യം എല്ലാ പേരുടെയും മനസില്‍ ഉണ്ടായിരിക്കണം.
ചരിത്രത്തിലെ മാധ്യമസ്ത്രീ
വാര്‍ത്തകള്‍ അറിയണമെങ്കില്‍ പുറംലോകവുമായി സംവദിക്കാന്‍ മനുഷ്യനാകണം. അതിന് കഴിയാതിരുന്ന സ്ത്രീ സമൂഹം അവരുടേതായ പരിമിതമായ രീതിയില്‍ വാര്‍ത്തകള്‍ അറിയാനും, അറിയിക്കാനും ശ്രമിച്ച ചരിത്രം ഏറെ കൗതുകമുള്ളതാണ്. വീടുകളില്‍ ഒതുങ്ങിക്കൂടിയ സ്ത്രീകളില്‍ ചിന്താശേഷിയും ബുദ്ധിപരമായ ഔന്നത്യവും കാല്പനിക ബോധവും ഉള്ളവരാണ് ഇത്തരത്തില്‍ മുന്നോട്ട് വരാന്‍ ഉത്സാഹം കാട്ടിയത്.അവര്‍ക്കതിനുള്ള സാമൂഹ്യ ഭൗതികസാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ പാണ്ഡിത്യവും വിവരവുമൊക്കെയുള്ള ഈ സ്ത്രീകള്‍ക്ക് വേണ്ടി ആദ്യമായി ഒരു പ്രസിദ്ധീകരണം തുടങ്ങുന്നത് പുരുഷന്മാരാണ്. തിരുവന്തപുരത്ത് നിന്നും 1885-ല്‍ ആരംഭിച്ച പ്രസിദ്ധീകരണത്തിന്‍റെ പേര്‍ ‘കേരളീയ സുഗുണ ബോധിനി’എന്നായിരുന്നു. ആറു മാസത്തോളം പ്രസിദ്ധീകരണം നടത്തിയശേഷം അത് നിലച്ചു പിന്നീട് 1892-ല്‍ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ച സമയത്ത് അതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ച് പ്രസാധകര്‍ എഴുതിയത് ഇങ്ങനെയാണ്
“കേരളത്തില്‍ മലയാള ഭാഷയില്‍ അനേകം വര്‍ത്തമാന പത്രങ്ങളും മാസികാപുസ്തകങ്ങളും ഓരോ മഹാന്‍മാരാല്‍ ശ്ലാഘനീയമായ വിധത്തില്‍ നടത്തപ്പെട്ടു വരുന്നുണ്ട്. എന്നാല്‍ അവയെല്ലാം കേരളീയ പുരുഷന്മാരെ ഉദ്ദേശിച്ചു പ്രസിദ്ധം ചെയ്യപ്പെട്ടു വരുന്നവയാകുന്നു. സ്ത്രീ ജനങ്ങളുടെ ജ്ഞാനവര്‍ദ്ധനവിനും വിനോദത്തിനുമായി പ്രത്യേകിച്ച് ഒരു പുസ്തകമാവട്ടെ “കേരളീയ സുഗുണബോധിനി’.
ഈ മാസിക പ്രസിദ്ധീകരിച്ച കാലത്ത് മഹാറാണി എന്നൊരു മലയാള മാസിക മദ്രാസില്‍ നിന്ന് റാവുബഹദൂര്‍ കൃഷ്ണമാചാരിയുടെ ഉടമസ്ഥതയിലും പത്രാധിപത്യത്തിലുമായി സ്ത്രീകളെ ഉദ്ദേശിച്ച് പ്രസിദ്ധീകരിച്ചിരുന്നു. ദ്വൈമാസികയായാണ് അത് പ്രസിദ്ധീകരിച്ചിരുന്നത്. അതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ലെന്ന് കണ്ടാണ് മുടങ്ങിക്കിടന്ന സുഗുണബോധിനി പുന:പ്രസിദ്ധീകരിക്കാന്‍ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍റെ നേതൃത്വത്തില്‍ 1892-ല്‍തയ്യാറായത്. കെ. ചിദംബര വാധ്യാര്‍ ബി എ, എം.സി.നാരായണപിള്ള ബി എ., എന്നിവരായിരുന്നു ഇതിന്‍റെ പത്രാധിപന്മാര്‍. കേളവര്‍മ്മവലിയകോയിതമ്പുരാന്‍റെ ‘സ്ത്രീവിദ്യാഭ്യാസം’ എന്ന കവിത ആമുഖമായി കൊടുത്തുകൊണ്ടാണ് സുഗുണബോധിനി പ്രസിദ്ധീകരിക്കപ്പെട്ടത്. അതില്‍ ഒരു ശ്ലോകം ഇങ്ങനെയായിരുന്നു-
“കേരളീയ ഗുണ ബോധിനിമൂലം
സാരളീ ഭവിതമായതി വേലം
കേരളീയ വനിതാ ജനജാലം
സാരലീന മതിയായ് ഭവിതാലം”
എന്നാല്‍ ഈ മാസികയിലെ എഴുത്തുകാരില്‍ സ്ത്രീകളായി ആരും തന്നെ ആദ്യകാലത്ത് ഉണ്ടായതായി കാണുന്നില്ല. അതൊരു വനിതാമാസിക എന്നതിലുപരി ഒരു സാഹിത്യമാസികയായാണ് നിലനിന്നിരുന്നത്.
രണ്ടാമത്തെ വനിതാമാസികയായി കണക്കാക്കുന്നത് ‘ശാരദയാണ്’. 1904-ല്‍ തൃപ്പൂണിത്തുറയില്‍ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച ഈ മാസികയുടെ ഉടമസ്ഥനും മാനേജരും കെ. നാരായണമേനോന്‍ ആണെങ്കിലും പൂര്‍ണ്ണമായും മാസികയുടെ മറ്റ് പ്രവര്‍ത്തകരെല്ലാം തന്നെ സ്ത്രീകളായിരുന്നു. റാണി സേതു ലക്ഷ്മിഭായി, റാണി പാര്‍വ്വതീഭായി, ഇക്കുവമ്മ തമ്പുരാട്ടി എന്നിവര്‍ രക്ഷാധികാരികളും ടി. സി കല്ല്യാണിയമ്മ, ടി. അമ്മുക്കുട്ടിയമ്മ, ബി. കല്ല്യാണിയമ്മ എന്നിവര്‍ പ്രസാധകരും ആയിരുന്ന ശാരദ അച്ചടിച്ചത് ഭാരതീവിലാസം പ്രസ്സിലാണ്. ടി. സി കല്ല്യാണിയമ്മയും ടി.അമ്മുക്കുട്ടിയമ്മയും എറണാകുളത്തുനിന്നും ബി.കല്ല്യാണിയമ്മ തിരുവന്തപുരത്തു നിന്നുമാണ് ശാരദയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചത്. ഇത് വാസ്തവത്തില്‍ ഒരപൂര്‍വ്വ സംഗമമായിരുന്നൂ. ശാരദ തുടങ്ങാന്‍ ടി.സി കല്യാണിയമ്മ ചിന്തിച്ച അതേകാലയളവില്‍ തന്നെയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പത്നി ബി.കല്ല്യാണിയമ്മ തിരുവന്തപുരത്ത് നിന്നും അത്തരമൊരു മാസിക തുടങ്ങാന്‍ ആലോചിക്കുന്നത്.
ബി.കല്യാണിയമ്മ ബി. എ പരീക്ഷ കഴിഞ്ഞ് മദ്രാസില്‍നിന്ന് മടങ്ങുന്നവഴി എറണാകുളത്ത് ടി. സി.കല്യാണി അമ്മയുടെ അതിഥിയായി തങ്ങാന്‍ ഇടവന്നു. ഈ കൂടിക്കാഴ്ചയിലാണ് ഇവര്‍ തങ്ങളുടെ ആഗ്രഹം പരസ്പരം പറയുകയും ഒരുമിച്ച് സ്ത്രീകള്‍ക്കായി ഒരു മാസിക തുടങ്ങാന്‍ തീരുമാനിക്കുകയും ചെയ്തത്.
ശാരദയുടെ ലേഖനങ്ങള്‍ സ്ത്രീകള്‍ക്ക് വേണ്ടിയും സ്ത്രീകളെക്കുറിച്ചും സ്ത്രീകള്‍ തന്നെ എഴുതുകയായിരുന്നു. ആ അര്‍ത്ഥത്തില്‍ ഇത് മലയാള മാധ്യമരംഗത്തെ ആദ്യത്തെ വനിതാമാസികയായി കണക്കാക്കപ്പെടുന്നൂ. സ്ത്രീധര്‍മ്മം, ഭര്‍തൃശുശ്രൂഷ, വീട്ടുവേല, സ്ത്രീകളും വൈദ്യവും, ഗര്‍ഭിണികള്‍ അറിഞ്ഞിരിക്കേണ്ടവ, സ്ത്രീവിദ്യാഭ്യാസം, ചാരിത്ര്യം, മാതൃസ്നേഹം, കുടുംബസൗഖ്യം, ആഭരണ ഭ്രമം തുടങ്ങിയ വിഷയങ്ങളാണ് ശാരദയുടെ മുഖ പ്രസംഗങ്ങളില്‍ അധികവും കൈകാര്യം ചെയ്തിരുന്നത്. ‘സ്ത്രീ ലോകം’ എന്നതായിരുന്നു ഈ പക്തിയുടെ പേര്‍. പ്രധാനപത്രാധിപയായിരുന്ന ടി. സി . കല്ല്യാണിയമ്മയാണ് ഈ പംക്തി മിക്കവാറും എഴുതിയിരുന്നത് ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലേയും, അമേരിക്ക, ഇംഗ്ലണ്ട്, ജപ്പാന്‍ ചൈന തുടങ്ങിയ ലോകരാജ്യങ്ങളിലേയും സ്ത്രീജീവിതങ്ങളെ കുറിച്ചും ടി. അമ്മുക്കുട്ടിയമ്മ, കെ. മാധവിയമ്മ,കെ. പത്മാവതിയമ്മ എന്നിവരാണ് എഴുതിയിരുന്നത്. ഇത്തരം വിവരങ്ങള്‍ അവര്‍ എങ്ങനെ ശേഖരിച്ചുവെന്നത് സംബന്ധിച്ച പരാമര്‍ശങ്ങള്‍ ലഭ്യമല്ല. പ്രശസ്തരായ പലസ്ത്രീകളെ കുറിച്ചും ‘മഹതികള്‍’എന്ന പേരില്‍ ബി.കല്ല്യാണിയമ്മ ഒരു പ്രത്യേക തുടര്‍ പംക്തി എഴുതിയത് പിന്നീട് സമാഹരിച്ച് ‘മഹതികള്‍’ എന്ന പേരില്‍ ജീവചരിത്ര ഗ്രന്ഥം പുറത്ത് വന്നത് ശാരദയുടെ ഏറ്റവും വലിയ സംഭാവനയായാണ് വിലയിരുത്തുന്നത്. ഫ്ളോറന്‍സ് നൈറ്റിംഗേല്‍ , എലിസബത്ത് ,ഫ്വൈവ, ലേഡി റെയ്ച്ചല്‍ റസ്സല്‍, ലേഡീജെയിന്‍ഗ്രെ തുടങ്ങിയ പല വിദേശ വനിതകളെയും ഈ പംക്തിയിലൂടെ അവതരിപ്പിക്കുകയുണ്ടായി .ആനന്ദബായിജോഷിയുടെ ജീവചരിത്ര കുറിപ്പാണ് ആദ്യം പ്രസിദ്ധീകരിച്ചത് .
എന്നാല്‍ തൃപ്പൂണിത്തുറയില്‍ നിന്നുള്ള ശാരദയുടെ പ്രസിദ്ധീകരണം രണ്ടുവര്‍ഷം മാത്രമേ നീണ്ടുനിന്നുള്ളൂ. ഡമ്മി 1/4ല്‍ 20 പേജുകളോടുകൂടി ഇറങ്ങിയിരുന്ന ശാരദ ഒരു കൊല്ലം കഴിഞ്ഞ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ മുപ്പത്തിരണ്ട് പേജുകളായാണ് പുന: പ്രസിദ്ധീകരണം ആരംഭിച്ചത്. ശാരദയെ കൂടാതെ ‘കേരളന്‍”വിദ്യാര്‍ത്ഥി’എന്നീ രണ്ടു മാസികകളും സ്വദേശാഭിമാനി പത്രത്തോട് ഒപ്പം നടത്തുന്നുണ്ടായിരുന്നു. ബി. കല്ല്യാണിയമ്മയുടെ നേതൃത്വത്തില്‍ ശാരദ തുടര്‍ന്ന് കൊണ്ട് പോകാന്‍ അത് കൊണ്ടുതന്നെ വളരെ ബുദ്ധിമുട്ടേണ്ടി വന്നൂ. എന്നിരുന്നാലും ശ്രദ്ധേയമായ പല ലേഖനങ്ങളും പംക്തികളും കൊണ്ടു ശാരദ മികച്ച മാസികയായിത്തന്നെ നിലകൊണ്ടു. ആരോഗ്യശാസ്ത്രം എന്ന പേരില്‍ കല്ല്യാണിയമ്മ ഇസ്ബല്‍ ബ്ലാണ്ടര്‍ എഴുതിയ ടാക്സ് ഓണ്‍ ഹെല്‍ത്ത് ‘എന്ന പുസ്തകം തര്‍ജ്ജമ ചെയ്ത് ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചത് എടുത്ത് പറയത്തക്ക നേട്ടങ്ങളില്‍ ഒന്നാണ് .
അത് പിന്നീട് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ച് 1910 മുതല്‍ തിരുവിതാംകൂറിലെ വിദ്യാലയങ്ങളില്‍ നാലും അഞ്ചും ക്ലാസുകളില്‍ പാഠപുസ്തകമായിരുന്നു. ഒടുവില്‍ 1910 സെപ്തംബര്‍ 26-ാം തീയതി സ്വദേശാഭിമാനി പത്രവും പ്രസ്സും തിരുവിതാംകൂര്‍ രാജഭരണകൂടം കണ്ടു കെട്ടുകയും പത്രാധിപരെ നാടുകടത്തുകയും ചെയ്തതോടെ ഗത്യന്തരമില്ലാതെ കല്ല്യാണിയമ്മക്കും ഭര്‍ത്താവിനൊപ്പം പോകാതെ തരമില്ലെന്ന് വന്നു. കല്ല്യാണിയമ്മയുടെ ആരോഗ്യ ശാസ്ത്രം അച്ചടി പൂര്‍ത്തിയായദിവസമായിരുന്നു പ്രസ് കണ്ടു കെട്ടിയത്. ശാരദ പ്രസിദ്ധീകരണം നിലച്ചു. ഇതിനിടെ പുനലൂരില്‍നിന്ന് 1913ല്‍ ശാരദ എന്ന പേരില്‍ ഒരു മാസിക ആരംഭിച്ചു .
തെക്കേക്കുന്നത്ത് (ടി കെ )കല്യാണികുട്ടിയമ്മയുടെ പത്രാധിപത്യത്തില്‍ ഈ വനിതാമാസിക അഞ്ചു കൊല്ലം പ്രസിദ്ധീകരിക്കുകയുണ്ടായി. എന്നാല്‍ പേരില്‍ മാത്രമേ പഴയ’ശാരദ’യുമായി ബന്ധമുണ്ടായിരുന്നുള്ളൂ. അങ്ങനെ വനിതാമാധ്യമരംഗത്ത് ‘മൂന്ന് കല്ല്യാണി’മാര്‍ ചരിത്രം രചിച്ചു എന്ന് വേണം അനുമാനിക്കാന്‍. പുനലൂരില്‍ നിന്നുതന്നെ 1915-ല്‍’ഭാഷാ ശാരദ’ എന്ന പേരില്‍ അഞ്ചല്‍ ആര്‍. വേലുപിള്ളയുടെ പത്രാധിപത്യത്തില്‍ സാഹിത്യ മാസിക പ്രസിദ്ധീകരിച്ചിരുന്നൂ. ഇതില്‍ സ്ത്രീകള്‍ എഴുതുക പതിവായിരുന്നു.
ആദ്യകാല വനിതാ പത്രാധിപരായിരുന്ന ടി സി കല്ല്യാണിയമ്മയുടേയും, ബി. കല്ല്യാണിയമ്മയുടേയും സംഭാവനകള്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. ഇവരാരായിരുന്നു എന്ന് അറിഞ്ഞാല്‍ മാത്രമേ ഇവരുടെ മാധ്യമ സംഭാവനകളുടെ ആഴവും പരപ്പും, വൈദഗ്ധ്യവും മനസ്സിലാക്കാനാകൂ.
ടി.സി.കല്ല്യാണിയമ്മ തെക്കേ കറുപ്പത്ത് നാരായണിയുടേയും വടയോട് മിത്രന്‍ ഭട്ടതിരിയുടേയും മകളാണ്. ശാരദയുടെ പ്രസാധക കൂടിയായ ഇവര്‍ പേരെടുത്ത വിവര്‍ത്തക കൂടിയാണ്. ഡബ്ല്യൂ സ്റ്റെഡിന്‍റെ ‘ഫെയറി ടെയില്‍സ് ഫ്രം ഇന്ത്യ എന്ന പുസ്തകം ‘ഒരു കഴുതയടെ കഥ’എന്ന പേരില്‍ കുട്ടികള്‍ക്കായി വിവര്‍ത്തനം ചെയ്തു.’ഇസോപ്പിന്‍റെ സാരോപദേശ കഥകള്‍ തര്‍ജ്ജമ ചെയ്തു.മലയാള ഭാഷയില്‍ ബാലസാഹിത്യം എന്നപേര്‍ കേള്‍ക്കാത്ത കാലത്താണ് ‘ഈദൃശകൃതികള്‍’ എന്ന പേരില്‍ കുട്ടികള്‍ക്കായി അവര്‍ കഥകള്‍ വിവര്‍ത്തനം ചെയ്തത്.. ബങ്കിം ചന്ദ്രചാറ്റര്‍ജിയുടെ ‘വിഷവൃക്ഷം’ കൃഷ്ണകാന്തിന്‍റെ ‘മരണ പത്രം’എന്നീ നോവലുകളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയുണ്ടായി. സാഹിത്യ നിപുണന്‍ ടി.കെ. കൃഷ്ണ മേനോന്‍റെ പത്നി കൂടിയാണ് കല്ല്യാണിയമ്മ. എട്ടാം ക്ലാസില്‍ വിദ്യാഭ്യാസം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതയായ കല്ല്യാണിയമ്മയെ ഇംഗ്ലീഷും മറ്റ് വിഷയങ്ങളും പഠിപ്പിച്ചത് ഇദ്ദേഹമാണ്.
തിരുവന്തപുരം കുതിരവട്ടത്ത് കുഴിവിളാകത്ത് ഭഗവതി അമ്മയുടേയും കോട്ടക്കകത്ത് സുബ്ബരായര്‍ പോറ്റിയുടേയും മകളായി 1884ലാണ് ബി. കല്ല്യാണിയമ്മ ജനിച്ചത്. 1902-ല്‍ മെട്രിക്കുലേഷന്‍ പാസായശേഷം വിമന്‍സ് കോളേജില്‍ ചേര്‍ന്നു. അവിടെ പഠിച്ച് കൊണ്ടിരിക്കുമ്പോഴാണ് സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ വിവാഹം ചെയ്യുന്നത്. ശാരദയുടെ പ്രസാധകരില്‍ പ്രമുഖയായിരുന്ന ഇവര്‍ നിരവധി പുസ്തകങ്ങള്‍ രചിക്കുകയുണ്ടായി. വ്യാഴവട്ട സ്മരണകള്‍,കര്‍മ്മഫലം,ഓര്‍മ്മയില്‍ നിന്ന് എന്നിവ കൂടാതെ രവീന്ദ്രനാഥടാഗോറിന്‍റെ ‘എറ്റ് ഹോം ആന്‍റ് ഔട്ട്സൈഡ് ‘വീട്ടിലും പുറത്തും ‘ എന്ന പേരിലും ഇസ്ബല്‍ ബ്രാണ്ടന്‍ എഴുതിയ ടാക്സ് ഓണ്‍ ഹെല്‍ത്ത്’ആരോഗ്യ ശാസ്ത്രം എന്ന പേരിലും വിവര്‍ത്തനം ചെയ്യുകയുണ്ടായി. മദ്രാസില്‍ നിന്നും എഫ് എ പരീക്ഷ പാസ്സായശേഷമാണ് ശാരദയുടെ പ്രസാധകപദവി ഏറ്റെടുക്കുന്നത്. അധ്യാപികയായും പ്രവര്‍ത്തിക്കുകയുണ്ടായി.
ശാരദ എന്ന ആദ്യവനിതാമാസികക്ക് പലപ്രത്യേകതകളും ഉണ്ടായിരുന്നു. ആ മാസിക തുടക്കമിട്ട പല പംക്തികളുമാണ് ഇന്നും വനിതാ മാസികകളും വാരികകളും രൂപം മാറ്റി പല തലക്കെട്ടുകളോട് കൂടി പ്രസിദ്ധീകരിക്കുന്നത്. വനിതകള്‍ പ്രസാധകരായ വനിതാമാസികയില്‍ അക്കാലത്തെ എണ്ണപ്പെട്ട പല സാഹിത്യകാരന്മാരും അവരുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. കേരളവര്‍മ്മ, എന്‍ വേലുപിള്ള, സി രാമുണ്ണി മേനോന്‍, എം ഉദയവര്‍മ്മ രാജ, കെ. നാരായണ മേനോന്‍, ടി.കെ. കൃഷ്ണമേനോന്‍, സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള, സി. ഗോവിന്ദന്‍ എളേടം, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍,കെ.സി കേശവപിള്ള, എം.രാജരാജ വര്‍മ്മ,സി.എസ്. സുബ്രഹ്മണ്യം പോറ്റി, ഏവൂര്‍ എന്‍ വേലുപ്പിള്ള, കെ.നാരായണ കുരുക്കള്‍, കൊട്ടാരത്തില്‍ ശങ്കുണ്ണി എന്നിവര്‍ ഇവരില്‍ പ്രമുഖര്‍. തോട്ടയ്ക്കാട് ഇക്കാവമ്മയുടെ നളചരിതം ഭാഷാനാടകം ഖണ്ഡ:ശ പസിദ്ധീകരിച്ചതും ‘ശാരദ’യിലാണ്. ‘സുഭദ്രാര്‍ജ്ജുനം’എന്ന നാടകരചനയിലൂടെ ചരിത്രം സൃഷ്ടിച്ച ഇക്കാവമ്മ ടി. സി.കല്ല്യാണിയമ്മയുടെ ഭര്‍തൃസഹോദരികൂടിയായിരുന്നു. ഇത്തരത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിയ ഏതാണ്ട് പൂര്‍ണ്ണമായും വനിതകളുടെ നേതൃത്വത്തില്‍ പ്രസിദ്ധീകൃതമായ ഈ മാസിക അക്ഷരാര്‍ത്ഥത്തില്‍ മാധ്യമരംഗത്ത് ചരിത്രം സൃഷ്ടിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. ഇതില്‍ ഭാഗമായ മുഴുവന്‍ സ്ത്രീകളും വരേണ്യവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ കൂടിയായിരുന്നൂ എന്ന കാര്യം പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്.ശാരദ പ്രസിദ്ധീകൃതമാകുന്ന 1904-ാംവര്‍ഷത്തിലും വിദ്യാഭ്യാസവും സഞ്ചാരസ്വാതന്ത്ര്യവും സ്ത്രീകള്‍ക്ക് കിട്ടാക്കനി തന്നെയായിരുന്നു. പത്യേകിച്ചും അധ:സ്ഥിത വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക്.സമ്പന്ന കുടുംബങ്ങളില്‍പ്പെട്ട പുരോഗമന ചിന്തയുള്ളവര്‍ക്ക് മാത്രം ലഭിക്കുന്ന ഇത്തരം അവസരങ്ങള്‍ വഴി സമര്‍ത്ഥരും മിടുക്കരുമായ സ്ത്രീകള്‍ ചില ചരിത്രനേട്ടങ്ങള്‍ സൃഷ്ടിച്ചു എന്നതാണ് വസ്തുത. അതാകട്ടെ സ്ത്രീകള്‍ക്ക് തികച്ചും അന്യമായ ഒരു മേഖലക്ക് മുതല്‍ കൂട്ടാകുകയും ചെയ്തു.
ശാരദയുടെ ആദ്യലക്കത്തിന്‍റെ ഉള്ളടക്കം ഇപ്രകാരമായിരുന്നു.
1 കൈരളീപ്രശസ്തി-കേരളവര്‍മ്മ വലിയകോയി തമ്പുരാന്‍
2 സ്ത്രീ വിദ്യാഭ്യാസം (തുടര്‍ച്ച) -ടി.അമ്മുക്കുട്ടിയമ്മ
3 സേതുസ്നാനം (തുടര്‍ച്ച)-കെ. ലക്ഷ്മികുട്ടിയമ്മ
4 പാചകവിദ്യ- എന്‍.വേലുപ്പിള്ള
5 ആരോഗ്യരക്ഷ (തുടര്‍ച്ച) -സി.രാമുണ്ണിമേനോന്‍
6 ഒരു കഴുതയുടെ കഥ- (തുടര്‍ച്ച) ടി. സി കല്ല്യാണിയമ്മ (ഡബ്ല്യൂസെറ്റഡിന്‍റെ ‘ഫെയറി ടെയില്‍സ് ഫ്രം ഇന്ത്യ’യുടെ പരിഭാഷ)
7 ആഭരണഭ്രമം -ഒരു വാരിഷ്ടന്‍
8 സൗന്ദര്യം- എന്‍.എം.
9 നളചരിതം ഭാഷാനാടകം-തോട്ടയ്ക്കാട് ഇക്കാവമ്മ. ഇതില്‍ പാചകവും സൗന്ദര്യവും സംബന്ധിച്ച കോളം കൈകാര്യം ചെയ്തിരുന്നത് പുരുഷന്മാരായിരുന്നു എന്നത് ഏറെ കൗതുകമുളളകാര്യം.
ശാരദയെക്കുറിച്ച് അല്പം വിസ്തരിച്ച് പറഞ്ഞത് മാധ്യമപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ നിരീക്ഷണവും ചരിത്രബോധവും രൂപപ്പെടുത്തുന്നതിന് വേണ്ടികൂടിയാണ്. എല്ലാ മേഖലയിലുമെന്നപോലെ മാധ്യമരംഗത്ത് സ്ത്രീകള്‍ ഇല്ലാതെ പോയതിന്‍റെ സാമൂഹ്യസാഹചര്യത്തിന്‍റേയും ആ പ്രതികൂലസാഹചര്യത്തിലും വീണുകിട്ടുന്ന അനുകൂല അവസരങ്ങള്‍ സ്ത്രീകള്‍ പ്രയോജനപ്പെടുത്തിയതിന്‍റേയും ഒരു രേഖാചിത്രം ഈ ചരിത്രവായനയില്‍ നിങ്ങള്‍ക്ക് ലഭിക്കും. ശാരദയെക്കുറിച്ച് സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള നടത്തിയ പരാമര്‍ശം അതിന് തെളിവാണ്. “പത്രങ്ങള്‍ ഒരു രാജ്യത്തിലെ വിദ്യാഭ്യാസപ്രചാരത്തെക്കുറിക്കുന്ന അടയാളങ്ങളാണെങ്കില്‍, കേരളദേശത്ത് സ്ത്രീജനങ്ങളുടെ ഉപയോഗത്തിനായി സ്ത്രീജനങ്ങളാല്‍ നടത്തപ്പെടുന്ന ഒരു പത്രിക നടന്നുപോകുന്നത് വിസ്മയ പ്രദമല്ലതന്നെ. ഇന്ത്യയിലെവിടെ നോക്കിയാലും, സ്ത്രീവിദ്യാഭ്യാസ വിഷയത്തില്‍, കേരളദേശത്തെപ്പോലെ പ്രാഥമ്യത്തെ അര്‍ഹിക്കുന്ന നാടുകള്‍ ചുരുക്കമാകുന്നു. മാതൃഭാഷയില്‍ നല്ലവണ്ണം പാണ്ഡിത്യമുള്ള പല കേരളീയ സ്ത്രീകളുമുള്ളപ്പോള്‍, ‘ശാരദയെപ്പോലെ ഒരു സ്ത്രീജന പത്രികയുടെ ജീവിതം മുമ്പുതന്നെ സിദ്ധമായ ഒരു അനുമാനമത്രേ! കഴിഞ്ഞ ഒരു കൊല്ലത്തിനുള്ളില്‍, ‘ശാരദ’യില്‍ ചേര്‍ത്തുകണ്ട പല സ്ത്രീജനങ്ങളുടേയും ലേഖനങ്ങള്‍, കേരളത്തില്‍ സ്ത്രീകളാല്‍ തന്നെ പ്രസിദ്ധങ്ങളായും സ്ത്രീകളുടെ തന്നെ സ്വത്തുക്കളായും സ്ത്രീകള്‍തന്നെ കൈകാര്യം ചെയ്യുന്നവയായും ഉള്ള പത്രികകള്‍ ഉണ്ടായിരിക്കുവാന്‍ ധാരാളം അവകാശം ഉണ്ടെന്ന് വിളിച്ചു പറയുന്നു”എന്നാണ്.
നേരത്തെ സൂചിപ്പിച്ചതുപോലെ വാര്‍ത്താമാധ്യമങ്ങള്‍ ഇന്നത്തെ രീതിയില്‍ അവതരിക്കും മുന്‍പ് നിലനിന്ന സാഹിത്യപ്രവര്‍ത്തനങ്ങള്‍ ഒരര്‍ത്ഥത്തില്‍ അതാതുകാലത്തെ വെളിവാക്കപ്പെടേണ്ട പല വസ്തുതകളും തുറന്നു കാട്ടുന്നവയായിരുന്നു. വനിതാമാസിക രൂപപ്പെടും മുന്‍പ് സാഹിത്യരംഗത്തും സാമൂഹ്യഎഴുത്തിന്‍റെ രംഗത്തും അത്തരം പ്രവര്‍ത്തനം നടത്തിയ സ്ത്രീകളെ നമുക്ക് ഓര്‍ക്കേണ്ടതായിട്ടുണ്ട്.
മനോരമത്തമ്പുരാട്ടി, കെ.എം. കുഞ്ഞിലക്ഷ്മി കെട്ടിലമ്മ, തോട്ടയ്ക്കാട് ഇക്കാവമ്മ, തരവത്ത് അമ്മാളുവമ്മ തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. കോഴിക്കോട് സാമൂതിരി കുടുംബത്തില്‍ ജനിച്ച പ്രശസ്ത സംസ്തൃക ഭാഷാ പണ്ഡിതയാണ് മനോരമത്തമ്പുരാട്ടി. 1760 ല്‍ ജനിച്ച് 1828 ല്‍ അന്തരിച്ചു. ഹൈദാരാലിയുടെ ആക്രമണത്തെതുടന്ന് ചിതറിപ്പോയ രാജകുടുംബാംഗമെന്ന നിലയില്‍ മനോരമയുടെ ബാല്യകാലം സംഘര്‍ഷങ്ങളും പ്രയാസങ്ങളും നിറഞ്ഞതായിരുന്നു. മൂന്നു വയസ്സില്‍ അമ്മ നഷ്ടപ്പെട്ട മനോരമ വളര്‍ന്നതും വിദ്യഅഭ്യസിച്ചതും പൊന്നാനിയിലെ വാകയൂര്‍ കോവിലകത്താണ്. പിന്നീട് ടിപ്പു സുല്‍ത്താന്‍ മലബാര്‍ ആക്രമിച്ചതോടെ സാമൂതിരി കോവിലകത്തെ അംഗങ്ങള്‍ തിരുവിതാംകൂറിലേക്ക് പലായനം ചെയ്തു. മനോരമത്തമ്പുരാട്ടി ഭര്‍ത്താവ് പാക്കത്ത് ഭട്ടതിരിയോടും മക്കളോടുമൊത്ത് ധര്‍മ്മരാജാവിന്‍റെ മധ്യ തിരുവിതാംകൂറിലെ എണ്ണക്കാട്ട് കോവിലകത്ത് ഏതാണ്ട് ഒരു വ്യാവഴട്ടക്കാലം താമസിക്കുകയുണ്ടായി. സംസ്കൃതഭാഷയില്‍ അഗാധപാണ്ഡിത്യമുണ്ടായിരുന്ന തമ്പുരാട്ടി സംസ്കൃതപണ്ഡിതരോടും മഹാരാജാവിനോട് പോലും ശ്ലോകങ്ങളിലൂടെയായിരുന്നു കത്തിടപാടുകള്‍ നടത്തിയിരുന്നത്. മലബാറും തിരുവിതാംകൂറും തമ്മിലുള്ള സാംസ്കാരിക ഏകീകരണത്തിന് മനോരമത്തമ്പുരാട്ടി വഹിച്ച പങ്ക് നിസ്തുലമാണ്.
“കേരളത്തിലെ സ്ത്രീജനങ്ങളില്‍ കിഴക്കേ കോവിലകത്തെ മനോരമത്തമ്പുരാട്ടിയെപ്പോലെ വൈദുഷ്യം സമ്പാദിച്ചവരായി ആരെയും നാം അറിയുന്നില്ല.” എന്നാണ് മഹാകവി ഉള്ളൂര്‍ ഇവരെക്കുറിച്ച് അഭിപ്രായപ്പെട്ടത്.
കെ.എം. കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മ മലബാറിലെ കോട്ടയം താലൂക്കില്‍ കണ്ണാരത്തു മല്ലോളില്‍ തറവാട്ടില്‍ 1877 ലാണ് ജനിച്ചത്. പ്രശസ്ത അഭിഭാഷകന്‍ കൊയ്യോടന്‍ കുന്നത്തു കണ്ണന്‍ നമ്പിയാരുടേയും ലക്ഷ്മിയമ്മയുടേയും മകളായി ജനിച്ച കുഞ്ഞിലക്ഷ്മിക്ക് ഏറ്റവും നല്ല വിദ്യാഭ്യാസമാണ് അവര്‍ നല്‍കിയത്. കാവ്യനാടകങ്ങളും അലങ്കാര വൃത്തങ്ങളും ഹൃദിസ്ഥമാക്കിയ കുഞ്ഞിലക്ഷ്മി സ്വന്തമായി സദാശിവസ്തോത്രം ഓടാട്ടില്‍ കേശവമേനോന്‍റെ നവരത്ന മാലികയില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ചന്ത്രോത്ത് കുഞ്ഞിയനന്തന്‍ വലിയ നമ്പിയാരുമായുള്ള വിവാഹം 19-ാം വയസ്സിലാണ് നടന്നത്. അതിനുശേഷവും സംസകൃതപഠനം തുടരുകയുണ്ടായി. ഭതൃകുടുംബവുമായുണ്ടായ വ്യവഹാരതര്‍ക്കം മൂലം വിവാഹബന്ധം വേര്‍പ്പെടുത്തിയ കുഞ്ഞിലക്ഷ്മി നീലകണ്ഠന്‍ തിരുമുമ്പിനെ വിവാഹം ചെയ്തു. അതോടെ കുട്ടമത്ത് കുഞ്ഞികൃഷ്ണക്കുറുപ്പിന്‍റെ അയല്‍വാസിയായി. ഇത് കുഞ്ഞിലക്ഷ്മിയുടെ സാഹിത്യവാസന പരിപോഷിപ്പിച്ചു. സംസ്കൃതത്തില്‍ രചിച്ച പ്രാര്‍ത്ഥനാജ്ഞലി, മലയാളത്തില്‍ രചിച്ച സാവിത്രിവൃത്തം കൈകൊട്ടിക്കളിപ്പാട്ട്, കൗസല്യാദേവി, പുരാണചന്ദ്രിക എന്നീ കാവ്യങ്ങള്‍, കടാംകോട്ടുമാക്കം കിളിപ്പാട്ട് എന്നിവയാണ് വിഖ്യാതകൃതികള്‍. കവനകൗമുദി, ആത്മപോഷിണി, സമുദായ ദീപിക, ശാരദ എന്നീ മാസികകളില്‍ കുഞ്ഞിലക്ഷ്മി ലേഖനങ്ങളും കാവ്യങ്ങളും എഴുതുകയുണ്ടായി. കുഞ്ഞിലക്ഷ്മിയുടെ ഏറ്റവും വലിയ സംഭാവന 1916 ല്‍ അവരുടെ പ്രസാധനത്തില്‍ ഇറങ്ങിയ മഹിളാരത്നം മാസികയാണ്. ശാരദക്കുശേഷം സ്ത്രീപ്രസാധക എന്ന ഖ്യാതി അവര്‍ നേടുകയുണ്ടായി.
സ്ത്രീകള്‍ പൊതുവെ കടന്നുവരാന്‍ മടിച്ചിരുന്ന നാടക രചനാരംഗത്തേക്ക് ധീരമായി കടന്നു വന്ന ആദ്യ സ്ത്രീ എന്നതാണ് തോട്ടയ്ക്കാട്ട് ഇക്കാവമ്മയെ ശ്രദ്ധേയയാക്കുന്നത്. ‘സുഭദ്രാര്‍ജജുനം’ നാടകം രചിക്കുക മാത്രമല്ല അതില്‍ അഭിനയിക്കുകയും ചെയ്തു. സ്ത്രീവേഷം പുരുഷന്‍ ചെയ്യുന്ന കാലത്താണ് ഈ ധീരത അവര്‍ കാട്ടിയത്. അതും പുരുഷവേഷം ധരിച്ച്. 1892 ല്‍ തൃശ്ശൂരില്‍ സംഗീതനൈഷധം നാടകത്തില്‍ അവര്‍ നളനായി വേഷമിട്ടു-അമ്പാട്ടുഗോവിന്ദമേനോന്‍ ദമയന്തിയും. എറണാകുളത്ത് തോട്ടയ്ക്കാട്ട് വീട്ടില്‍ കുട്ടിപ്പാറു അമ്മയുടേയും ഇരിങ്ങാലക്കുട നന്തിക്കര വീട്ടില്‍ ചാത്തുപണിക്കരുടേയും മകളായി 1864 ല്‍ ആണ് ഇക്കാവമ്മ ജനിക്കുന്നത്. നല്ല കഥകളി നടനും സംഗീതത്തിലും സാഹിത്യത്തിലും ശില്‍പകലയിലും പ്രഗത്ഭനുമായിരുന്ന പിതാവ് ചാത്തുപണിക്കര്‍ തന്നെയായിരുന്നു ഇക്കാവമ്മയുടെ ആദ്യഗുരു. വ്യാകരണവും പഞ്ചാംഗ ഗണനവും കാവ്യനാടകവും മറ്റും അതോടൊപ്പം അവര്‍ അഭ്യസിച്ചു.
താന്‍ നേടിയ അറിവുകള്‍ പ്രകടിപ്പിക്കാനും പ്രചരിപ്പിക്കാനും അവര്‍ എന്നും തയ്യാറായിരുന്നു. കാരണം സ്ത്രീകളുടെ അഭിമാനം കാത്തുസൂക്ഷിക്കേണ്ടത് വിദ്യാസമ്പന്നകളായ സ്ത്രീകളുടെ ഉത്തരവാദിത്തമാണെന്നവര്‍ ഉറച്ചു വിശ്വസിച്ചിരുന്നു. സ്ത്രീകള്‍ കൈയ്യാളാന്‍ മടിക്കുന്ന ശൃംഗാരസാഹിത്യത്തില്‍ ഇക്കാവമ്മ നടത്തിയ ഇടപെടലുകള്‍ ധീരവും ഉജ്വലവുമായിരുന്നു. വെണ്‍മണിസാഹിത്യം കൈകാര്യം ചെയ്തിരുന്ന ഈ കവയിത്രിയെ അശ്ലീലച്ചുവ കലര്‍ന്ന ഈരടികളാല്‍ ആക്ഷേപിച്ചപ്പോഴൊക്കെ ഉരുളക്ക് ഉപ്പേരിപോലെ അവര്‍ അതിന് കവിതയില്‍ തന്നെ ചുട്ടമറുപടി നല്‍കി പുരുഷവിമര്‍ശകരെ നിര്‍വീര്യമാക്കിയത് സാഹിത്യചരിത്രത്തിലെ തിളങ്ങുന്ന ഏടുകളാണ്. സന്മാര്‍ഗോപദേശം ഓട്ടന്‍തുള്ളല്‍, രാസക്രീഡ കുറത്തിപ്പാട്ട്, പുരാണശ്രവണ മാഹാത്മ്യം കിളിപ്പാട്ട് (വിവര്‍ത്തനം) കല്‍ക്കിപുരാണം കിളിപ്പാട്ട്, നളചരിതം നാടകം തുടങ്ങി നിരവധികൃതികള്‍ ഇക്കാവമ്മ രചിക്കുകയുണ്ടായി. ഇതില്‍ നളചരിതം നാടകം ‘ശാരദ’യില്‍ ഖണ്ഡ:ശ പ്രസിദ്ധീകരിച്ചിരുന്നു. സുഭദ്രാര്‍ജ്ജുനം നാടകം കരമന കേശവശാസ്ത്രി സംസ്കൃതത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീകളെ ഇടിച്ചു താഴ്ത്തുന്ന എല്ലായിടത്തും ഇക്കാവമ്മ ശക്തമായി പ്രതികരിച്ചിരുന്നു. ഒരിക്കല്‍ ‘കേരളനന്ദിനി’യില്‍ സമസ്യക്കു വന്ന പൂരണം സ്ത്രീകളെ അവഹേളിക്കുന്നതാണെന്ന് കണ്ടതോടെ അതിശക്തമായ സ്ത്രീപക്ഷവരികളോടെ ഇക്കാവമ്മ മറു പൂരണം നല്‍കിയത് അക്കാലത്തെ സജീവ സാഹിത്യചര്‍ച്ചാ വിഷയമായിരുന്നു. ‘സുഭദ്രാര്‍ജ്ജുന’ത്തിലെ സ്ത്രീശക്തി വിളിച്ചോതുന്ന വരികള്‍ ഇന്നും പ്രസക്തം.
മല്ലാരിപ്രിയയായ ഭാമ സമരം ചെയ്തീലയോ?
തേര്‍തെളിച്ചില്ലേ പണ്ട് സുഭദ്ര?
പാരിതു ഭരിക്കുന്നില്ലേ വിക്ടോറിയ ?
മല്ലാക്ഷി മണിമാര്‍ക്കു പാടവമിവ
ക്കെല്ലാം ഭവിച്ചീടുകില്‍
ചെല്ലേറും കവിതക്കു മാത്രമിവരാള
ല്ലെന്ന് വന്നിടുമോ?
പതിനാലാമത്തെ വയസ്സില്‍ കാരക്കാട്ട് നാരായണമോനോനെ വിവാഹം കഴിച്ച ഇക്കാവക്ക് ആറു പെണ്‍മക്കളും നാല് ആണ്‍മക്കളുമുണ്ടായിരുന്നു. ഇവര്‍ക്കെല്ലാം ഉന്നതവിദ്യാഭ്യാസം നല്‍കുന്നതില്‍ ഇക്കാവമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൊച്ചിന്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ പേഷ്ക്കാറുദ്യോഗം വരെ ഉയര്‍ന്ന ഇക്കാവമ്മയുടെ സംഭബഹുലമായ ജീവിതം 1902ല്‍ അവസാനിച്ചു.
കൊടുവായൂര്‍ ചിങ്ങച്ചംവീട്ടില്‍ ശങ്കരന്‍ നായരുടേയും തരവത്ത് കുമ്മിണിയമ്മയുടേയും മകളായി 1973ലാണ് തരവത്ത് അമ്മാളുവമ്മ ജനിക്കുന്നത്. തോട്ടയ്ക്കാട് ഇക്കാവമ്മയ്ക്കുശേഷം മധ്യകേരളം കണ്ട ഏറ്റവും വലിയ പണ്ഡിതയും പത്രപ്രവര്‍ത്തകയുമായിരുന്നു അമ്മാളുവമ്മ. ടിപ്പുസുല്‍ത്താന്‍റെ ആക്രമണകാലത്ത് വടക്കേ മലബാറില്‍ നിന്ന് പാലക്കാട്ടു വന്ന് അഭയം പ്രാപിച്ചവരായിരുന്നു അമ്മാളുവമ്മയുടെ പൂര്‍വ്വികര്‍. അതുകൊണ്ട് മലയാളത്തില്‍ മാത്രമല്ല സംസ്കൃതത്തിലും തമിഴിലും ഇവര്‍ക്ക് നല്ല അറിവുണ്ടായിരുന്നു. കൂടാതെ സംഗീതത്തിലും ഗണിതശാസ്ത്രത്തിലും അമ്മാളുവമ്മ മിടുക്കുള്ളവരായിരുന്നു. പതിനൊന്ന് ഗ്രന്ഥങ്ങള്‍ അമ്മാളുവമ്മ രചിച്ചു. ഭക്തമാല (3 ഭാഗങ്ങള്‍) ശിവഭക്തവിലാസം, ലീല, ബാലബോധിനി, കൃഷ്ണഭക്തി ചന്ദ്രിക, ബുദ്ധചരിതം, ബുദ്ധഗാഥ, കോമളവല്ലി (2 ഭാഗങ്ങള്‍) സര്‍വ്വവേദാന്തസിദ്ധാന്ത സംഗ്രഹം, ഒരു തീര്‍ത്ഥയാത്ര, ശ്രീ ശങ്കരവിജയം എന്നിവയാണ് പ്രധാന രചനകള്‍. സംസ്കൃതത്തില്‍ നിന്ന് വിവര്‍ത്തനം ചെയ്ത കൃതികളാണ് ഭക്തമാലയും ശിവശക്തിവിലാസവും. സര്‍ എഡ്വിന്‍ അര്‍നോള്‍ഡിന്‍റെ ‘ലൈറ്റ് ഓഫ് ഏഷ്യ’ എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി രചിച്ച ഗദ്യപുസ്തമാണ് ‘ബുദ്ധചരിതം’. തമിഴില്‍ നിന്നുള്ള വിവര്‍ത്തനഗ്രന്ഥങ്ങളാണ് ശ്രീ ശങ്കരവിജയവും ലീലയും.
അമ്മാളുവമ്മയാണ് സാഹിത്യപരിഷത്തില്‍ സജീവമായ ആദ്യ വനിത. പരിഷത്തിന്‍റെ 31.12.1927 ല്‍ തൃശൂരില്‍ വെച്ച് നടന്ന യോഗത്തില്‍ അവര്‍ അദ്ധ്യക്ഷയായിരുന്നു അന്നാചാണ്ടിയുടെ നേതൃത്വത്തിലുള്ള ആദ്യ മലയാളം വാരിക ‘ശ്രീമതി’യുടെ പത്രാധിപസമിതി അംഗമായിരുന്നു ഇവര്‍. സ്ത്രീകളും പുരുഷന്മാരോടൊപ്പമോ അതില്‍ കൂടുതലോ സാഹിത്യബോധവും രചനാപാടവുമുള്ളവരാണെന്ന് ഉറച്ചു വിശ്വസിച്ച അമ്മാളുവമ്മ അക്കാലത്തെ മാസികകളിലും പത്രങ്ങളിലും ഗഹനമായ സാഹിത്യവിഷയങ്ങളെക്കുറിച്ചും സ്ത്രീപക്ഷനിലപാടുകളെക്കുറിച്ചും എഴുതുമായിരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയും പത്നി ബി. കല്ല്യാണിയമ്മയുമായുള്ള സൗഹൃദം അമ്മാളുവമ്മക്ക് തന്‍റെ സാഹിത്യപത്രപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തും ഊര്‍ജ്ജവും നല്‍കിയിരുന്നു.
മേല്‍പ്പറഞ്ഞ നാലു വനിതകളും ഭാഷയിലും മറ്റ് വിഷയങ്ങളിലും അസാമാന്യ കഴിവ് തെളിയിച്ചവരായിരുന്നു. ഇവരുടെ രചനകള്‍ പലതും വെളിച്ചം കണ്ടത് അക്കാലത്തെ സാഹിത്യമാസികകളിലൂടേയും പത്രപ്രവര്‍ത്തനവേദികളിലൂടേയുമാണ്. ഇവരുടെ ധീരമായ എഴുത്തും നിലപാടുകളും പില്‍ക്കാലത്തെ വനിതാമാധ്യമ പ്രവര്‍ത്തനത്തിനും സ്ത്രീപോരാട്ടങ്ങള്‍ക്കും ഊര്‍ജ്ജമായിട്ടുണ്ട് എന്നതാണ് വസ്തുത.
‘ശാരദ’ക്കുശേഷം 1916 ലാണ് ഒരു വനിതാ മാസിക പ്രസിദ്ധീകരിക്കപ്പെുന്നത് ; കെ.എം കുഞ്ഞുലക്ഷ്മിക്കെട്ടിലമ്മ എന്ന മഹാപണ്ഡിതയുടെ പ്രസാധനത്തില്‍ ‘മഹിളാരത്നം’ എന്ന പേരില്‍ അവരെക്കുറിച്ച് നമ്മള്‍ നേരത്തെ പരാമര്‍ശിച്ചിരുന്നു. വനിതാമാസികയാണെങ്കിലും ഇതില്‍ എഴുത്തുകാര്‍ ഒട്ടുമിക്കവരും പുരുഷന്മാരായിരുന്നു. മൂര്‍ക്കോത്ത്, ഒടുവില്‍, കോയിപ്പള്ളി, പന്തളം, കുമാരനാശാന്‍, ഉള്ളൂര്‍ തുടങ്ങിയവര്‍ – പ്രസാധകക്കു പുറമെ കെ.ചിന്നമ്മ, തൈക്കുന്നത്ത് കല്ല്യാണിക്കുട്ടിയമ്മ, മയ്യനാട് ഇക്കാവമ്മ എന്നിങ്ങനെയുള്ള ചില സ്ത്രീകളും ‘മഹിളാരത്ന’ത്തില്‍ എഴുതിയിരുന്നു. ചെങ്ങന്നൂര്‍ മഹിളാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ച ‘മഹിള’യാണ് ഏറ്റവുമധികകാലം പ്രസിദ്ധീകരിക്കപ്പെട്ട വനിതാമാസിക.1921 ല്‍ തുടങ്ങി ഏതാണ്ട് 20 വര്‍ഷക്കാലം അത് നിലനിന്നു. ആറ്റുകാല്‍ നീലകണ്ഠപിള്ളയുടെ പത്നി ബി. ഭാഗീരഥിയമ്മയായിരുന്നു അതിന്‍റെ പ്രസാധക. സുമംഗല, വനിതാമിത്രം, സ്ത്രീസഹോദരി, മുസ്ലീംവനിത, വനിതാകുസുമം തുടങ്ങി ആ കാലത്ത് പല വനിതാമാസികകളും പ്രസിദ്ധീകരണം നടത്തുകയുണ്ടായി. ഇവയില്‍ സ്ത്രീസ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടി ശക്തമായി നിലകൊണ്ട മാസിക ‘വനിതാകുസുമ’മാണ്.
1927 ല്‍ കോട്ടയത്തു നിന്നും’ പ്രതിദിനം’ ദിനപത്രത്തിന്‍റെ പത്രാധിപര്‍ വി.സി.ജോണിന്‍റെ നേതൃത്വത്തിലാണ് ‘വനിതാകുസുമം’ പ്രസിദ്ധീകൃതമായത്. കവറുള്‍പ്പെടെ 42 പേജുണ്ടായിരുന്ന മാസികയുടെ വാര്‍ഷിക വരിസംഖ്യ 2 രൂപയായിരുന്നു. രണ്ടായിരത്തിലേറെ വരിക്കാര്‍ അന്നീ മാസികക്കുണ്ടായിരുന്നു. ഇത് സ്വതന്ത്ര സ്ത്രീപക്ഷനിലപാടുകള്‍ അന്ന് കേരളത്തിലെ സ്ത്രീകള്‍ എങ്ങിനെയാണ് സ്വീകരിച്ചത് എന്നുള്ളതിന്‍റെ ഒരു ഉദാഹരണം കൂടിയാണ്. വനിതകള്‍ മാസികകള്‍ മാത്രമല്ല വാരികയും നടത്തിയിരുന്നു. തിരുവനന്തപുരത്തുനിന്നും സി. കാര്‍ത്ത്യായനിയമ്മയുടെ നേതൃത്വത്തില്‍ ‘ശ്രീമതി’ എന്ന പേരിലാണ് വാരിക നടത്തിയത്. 1935 ല്‍ ഒരു വിശേഷാല്‍ പ്രതിയുള്‍പ്പെടെ നാലുകൊല്ലം വാരിക പ്രസിദ്ധീകരിക്കുകയുണ്ടായി.
വനിതാപത്രപ്രവര്‍ത്തനവും സ്വാതന്ത്ര്യസമരവും
ഇതിഹാസം, ഭക്തികേന്ദ്രീകൃതവും സംസ്കൃതഭാഷാ വിശകലനം അടിസ്ഥാനമാക്കിയുമുള്ള സാഹിത്യാസ്വാദനങ്ങള്‍, സ്ത്രീപ്രശ്നങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് അതുവരെ നടന്ന മാസിക വാരിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു ശൈലി കേരളത്തില്‍ ഉദയം ചെയ്തതിന് പ്രധാനമായും കാരണമായത് കോണ്‍ഗ്രസ്സിന്‍റെ നേത്യത്വത്തില്‍ ശക്തിപ്രാപിച്ച സ്വാതന്ത്ര്യസമര പോരാട്ടങ്ങളും ഒപ്പം രൂപീകൃതമായ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് – കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളുമായിരുന്നു. കെ. കല്ല്യാണിക്കുട്ടിയമ്മ, എ.വി.കുട്ടിമാളുവമ്മ, യശോദടീച്ചര്‍ എന്നിവര്‍ പത്രപ്രവര്‍ത്തനം രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി നടത്തിയവരാണ്. ഡോക്ടറായ മുത്തേടത്ത് കൃഷ്ണമേനോന്‍റേയും കോച്ചാട്ടില്‍ കൊച്ചുകുട്ടി അമ്മയുടേയും മകളായി ജനിച്ച കല്ല്യാണിക്കുട്ടിയമ്മയുടെ ഉന്നത വിദ്യാഭ്യാസം മദ്രാസിലെ ക്വീന്‍ മേരീസ് കോളേജിലായിരുന്നു. വിദ്യാഭ്യാസപരമായും ചിന്താപരമായും ഉയര്‍ന്നു നില്‍ക്കുന്ന കുടുംബാന്തരീക്ഷത്തില്‍ വളര്‍ന്ന കല്ല്യാണിക്കുട്ടിയമ്മ സ്വതന്ത്രയും ധീരയുമായാണ് വളര്‍ന്നത്. അഡയാറിലെ ബ്രഹ്മവിദ്യാസംഘത്തിലെ പ്രവര്‍ത്തനം മഹാത്മാഗാന്ധി, ആനിബസന്‍റ്, ജിദ്ദുകൃഷ്ണമൂര്‍ത്തി, റൊമെയിന്‍ റോളണ്ട്, വി.കെ.കൃഷ്ണമേനോന്‍, സുഭാഷ്ചന്ദ്രബോസ് തുടങ്ങിയവരുമായി അടുത്തിടപഴകാനും സൗഹൃദമുണ്ടാക്കാനും അവസരം നല്‍കി. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ കുട്ടന്‍നായരുമായുള്ള വിവാഹശേഷം സ്ത്രീസംഘടനകളില്‍ കല്ല്യാണിക്കുട്ടിയമ്മ സജീവമാവുകയുണ്ടായി.
അഖിലേന്ത്യാമഹിളാസമ്മേളനങ്ങളിലും വിദ്യാഭ്യാസ സമ്മേളനങ്ങളിലും അവര്‍ പങ്കെടുത്തു. കോണ്‍ഗ്രസ്സിന്‍റെ 1929ലെ ബോംബെ സമ്മേളനത്തിലും 1932 ലെ ബാംഗ്ലൂര്‍ സമ്മേളനത്തിലും അവര്‍ സജീവസാന്നിദ്ധ്യമായിരുന്നു. 1935 മേയ് മാസത്തില്‍ കല്ല്യാണിക്കുട്ടിയമ്മ ഉള്‍പ്പെടെ 20 പേര്‍ അടങ്ങുന്ന സംഘം കപ്പലില്‍ യൂറോപ്യന്‍ പര്യടനത്തിന് പോവുകയുണ്ടായി. ഈ പര്യടനത്തെപ്പറ്റി ഹിന്ദുസ്ഥാന്‍ ടൈംസില്‍ അവര്‍ എഴുതിയ ലേഖന പരമ്പര മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് മനോരമ, ഗോമതി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ചു.
COMMENTS