മുഖവുര- മാര്‍ച്ച്‌ ലക്കം

Homeമുഖവുര

മുഖവുര- മാര്‍ച്ച്‌ ലക്കം

ഡോ.ഷീബ കെ.എം.

ഷ്യയുടെ യൂക്രെയ്ന്‍ അധിനിവേശാക്രമണം ഏറെ ആശങ്കാജനകമായി തുടരുകയാണ് . യുദ്ധഭൂമിയില്‍ നിന്നുള്ള ദുരന്തചിത്രങ്ങളാല്‍ മനസ്സ് തകരുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള കലഹങ്ങള്‍ക്ക് അക്രമത്തിലൂടെ മാത്രമേ പരിഹാരം കണ്ടെത്താന്‍ സാധിക്കൂ എന്ന യുക്തി ആണത്തപ്രധാനമായ രാഷ്ട്രീയ സങ്കല്പങ്ങളുടെ ഉത്പന്നമാണ്. ആരുടെ പക്ഷത്താണ് ശരി എന്നല്ല ആരാണ് യുദ്ധവെറിയുടെ പക്ഷത്ത് എന്ന ചോദ്യം മാത്രമേ അവശേഷിക്കുന്നുള്ളൂ. സംഘര്‍ഷഭൂമികളില്‍ ഏറ്റവും ദുരിതമനുഭവിക്കുന്നവര്‍ സ്ത്രീകളാണെന്നത് കൂടി ചേര്‍ത്ത് ആലോചിക്കുമ്പോള്‍ ലോകത്തിലെ എല്ലാ യുദ്ധങ്ങളും അവസാനിക്കാനായുള്ള സമാധാന ആഹ്വാനങ്ങളുമായി ഇനിയും ഐക്യപ്പെടാതിരിക്കാനാവില്ല.

രാജ്യത്തെ ക്രിമിനല്‍ നിയമാവലികള്‍ ഭേദഗതി ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണല്ലോ.ദാമ്പത്യബന്ധങ്ങള്‍ക്കകത്ത് നടക്കുന്ന ലൈംഗിക ബലാല്‍ക്കാരങ്ങളെ കുറ്റകരമാക്കാനുള്ള നീക്കങ്ങള്‍ ഇനിയും ഉണ്ടായിട്ടില്ല. വിവാഹ ഉടമ്പടിയില്‍ ലൈംഗികബന്ധത്തിനായുള്ള അനുവാദം അടങ്ങിയിട്ടുണ്ട് എന്നാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍(1860) വിവക്ഷിച്ചിരിക്കുന്നത്. എന്നാല്‍ അനുവാദമില്ലാത്ത ലിംഗപ്രവേശം ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 375 പ്രകാരം ലൈംഗിക ബലാല്‍ക്കാരമായി പരിഗണിക്കുന്നുണ്ട് താനും. വകുപ്പ് 375 ലെ രണ്ടാം അപവാദത്തില്‍ 18 വയസ്സിന് താഴെയാണ് ഭാര്യ എങ്കില്‍ മാത്രമേ ലൈംഗികബന്ധം ബലാല്‍ക്കാരത്തിന്‍റെ പട്ടികയില്‍ പെടുകയുള്ളൂ. ദാമ്പത്യബന്ധങ്ങളെ അധികാരപ്രയോഗങ്ങളുടേയും അതിക്രമങ്ങളുടേയും സാധ്യതകളായി നിലനിര്‍ത്തുന്നതില്‍ ഈ സ്ത്രീവിരുദ്ധ നിയമങ്ങള്‍ക്ക് ഗൗരവമായ പങ്കുണ്ട്. വിവാഹം എന്ന സമ്പ്രദായം ഏതു വിധേനയും പരിപോഷിപ്പിച്ചു നിര്‍ത്തണം എന്ന നിലപാട് അത്യന്തം അപലപിനീയമാണ്.

സംസ്ഥാനത്തെ ബി.എഡ്. കോളേജുകളില്‍ അധ്യാപകവിദ്യാര്‍ത്ഥികള്‍ക്ക് പരീശീലന കാലയളവില്‍ ‘സൗകര്യപ്രദവും മാന്യവുമായ’ എത് വസ്ത്രവും ധരിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നു. ഇത് തികച്ചും സ്വാഗതാര്‍ഹമാണെങ്കിലും മാന്യതയുടെ ആവര്‍ത്തന പ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്ന് സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.

സെന്ന ഹെഗ്ഡെയുടെ ‘1744 വൈറ്റ് ആള്‍ട്ടോ’ എന്ന ചലച്ചിത്രത്തിന്‍റെ നിര്‍മ്മാണത്തിന് ലൈംഗികപീഡന പരാതിപരിഹാരസമിതി രൂപീകരിച്ചിരിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം. മലയാള ചലച്ചിത്ര നിര്‍മ്മാണ രംഗത്ത് ലൈംഗികപീഡനം നീറുന്ന പ്രശ്നമായി തുടരുന്ന സാഹചര്യത്തില്‍ ഏറ്റവും ശ്ലാഖനീയമായ ഒരു നടപടിയാണിത്.

ആണ്‍ പെണ്‍ ലിംഗലൈംഗികസ്വത്വ വ്യത്യാസമില്ലാതെ കുട്ടികള്‍ക്ക് പഠനം, വിനോദം, കായികം, കല, സാഹിത്യം എന്നീ മേഖലകളില്‍ തുല്യ അവസരങ്ങള്‍ ലഭ്യമാക്കാന്‍ കുടുംബശ്രീ ജില്ലാ മിഷനുകളും സ്നേഹിത ജെന്‍ഡര്‍ ഹെല്പ് ഡെസ്ക്കും ചേര്‍ന്ന് സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും ജെന്‍ഡര്‍ ക്ലബ്ബുകള്‍ ആരംഭിക്കുകയാണ്. ഏറെ ആശാവഹമാണീ തീരുമാനം.

സംസ്ഥാനത്ത് 28 പോക്സോ കോടതികള്‍ കൂടി സ്ഥാപിക്കപ്പെടുകയാണ്. അപ്പോള്‍ ആകെ എണ്ണം 56 ആയി ഉയരും. കോടതികള്‍ മാത്രം പോരെന്നും നീതി നടത്തിപ്പു കൂടി ഉറപ്പാക്കാന്‍ കഴിയണം എന്നും വാളയാര്‍ കേസ്സിന്‍റെ പശ്ചാത്തലത്തില്‍ ഓര്‍മ്മിപ്പിച്ചു പോവുകയാണ്.

മറ്റൊരു അന്താരാഷ്ട്ര വനിതാദിനം കൂടി വന്നെത്തിയിരിക്കുന്നു. ആണധികാരവ്യവസ്ഥയ്ക്കെതിരെയുള്ള കഠിന പോരാട്ടങ്ങളുടേയും ഇനിയും ഏറ്റെടുക്കേണ്ടുന്ന സമരങ്ങളുടെയും ഓര്‍മ്മപ്പെടുത്തലാണ് ഈ സന്ദര്‍ഭം. നടന്നുതീര്‍ത്ത വഴികളെക്കുറിച്ചുള്ള ചെറു അവലോകനമാണ് ജ്യോതി നാരായണന്‍ അതിഥിപത്രാധിപയായി ‘മുന്നേറ്റ വഴികള്‍’ ചര്‍ച്ചചെയ്യുന്ന മാര്‍ച്ച് മാസം സംഘടിത. വനിതാദിന ദൃഡപ്രതിജ്ഞാ ആശംസകളോടെ സമര്‍പ്പിക്കുന്നു.

COMMENTS

COMMENT WITH EMAIL: 0