Homeശാസ്ത്രം

അറിയണം എസ്തര്‍ മിറിയം സിമ്മര്‍ ലെഡര്‍ബെര്‍ഗിനെ

മേരിക്കന്‍ മൈക്രോബയോളജിസ്റ്റ്. ലാംഡാ ഫേജ് എന്ന, ബാക്റ്റീരിയകളെ ബാധിക്കുന്ന വൈറസ്സുകളെ കണ്ടെത്തി. ബാക്റ്റീരിയകളിലെ എഫ് പ്ലാസ്മിഡ് ഘടകവും തിരിച്ചറിഞ്ഞു.എന്നാല്‍ സ്ത്രീയായിപ്പോയതിന്‍റെ പേരില്‍ മാത്രം തന്‍റെ കണ്ടുപിടിത്തങ്ങളുടെ ക്രെഡിറ്റ് കിട്ടിയില്ല. ഗവേഷണങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല. അവിടെയും തീര്‍ന്നില്ല വിവേചനം. താന്‍ കൂടി നിര്‍ണ്ണായക പങ്കു വഹിച്ച ഗവേഷണങ്ങള്‍ക്ക് ഗവേഷണ പങ്കാളിയും ജീവിത പങ്കാളിയുമായ ജോഷുവാ ലെഡര്‍ബെര്‍ഗ് 1958-ല്‍ വൈദ്യശാസ്ത്ര നൊബേല്‍ ജേതാവായി. ആ ഗവേഷകയുടെ പേരു നൊബേലിനു പരിഗണിക്കപ്പെട്ടില്ല എന്നു മാത്രമല്ല ഗവേഷണ നേട്ടവുമായി ബന്ധപ്പെട്ട് അവരുടെ പേരു പോലും പരാമര്‍ശിക്കപ്പെട്ടില്ല. അവഗണനയുടെയും വിവേചനത്തിന്‍റെയും കയ്പുനീര്‍ ഏറെക്കുടിക്കേണ്ട വന്ന ആ ഗവേഷകയാണ് എസ്തര്‍ മിറിയം സിമ്മര്‍ ലെഡര്‍ബെര്‍ഗ്.

റൊമാനിയയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് കുടിയേറിയ ഡേവിഡ് സിമ്മറിന്‍റെയും പൗളിന്‍ ഗെല്ലറുടെയും മകളായി 1922-ലാണ് എസ്തറിന്‍റെ ജനനം. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അത്ര സുഖകരമൊന്നുമായിരുന്നില്ല ആ പെണ്‍കുട്ടിയുടെ കുട്ടിക്കാലം. സ്ക്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഫ്രഞ്ച് ഭാഷയോ സാഹിത്യമോ പഠിക്കാന്‍ അധ്യാപകര്‍ ഉപദേശിച്ചെങ്കിലും ജനിതകശാസ്ത്രം പഠിക്കാനായിരുന്നു ആ പെണ്‍കുട്ടിയുടെ ഉറച്ച തീരുമാനം. ഇതറിഞ്ഞ പലരും അമ്പരന്നു. കാരണം ശാസ്ത്ര വിഷയങ്ങള്‍ പഠിക്കുക, അതില്‍ ഗവേഷണം നടത്തുക, നല്ല ജോലി നേടുക ഇതൊക്കെ സ്ത്രീകളെക്കൊണ്ട് നടക്കില്ല എന്ന ധാരണ വേരുറച്ചിരുന്നു സമൂഹത്തില്‍. ഇനി എന്തെങ്കിലും നേട്ടങ്ങള്‍ കൈവരിച്ചാല്‍ത്തന്നെ സ്ത്രീകള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നുമില്ല.ഏതായാലും ന്യൂയോര്‍ക്ക് സിറ്റിയിലെ ഹണ്ടര്‍ കോളേജില്‍ സ്ക്കോളര്‍ഷിപ്പോടെ പ്രവേശനം നേടിയ എസ്തര്‍ മികച്ച നിലയില്‍ ജനിതകശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കി.

ബിരുദം നേടിയശേഷം വാഷിങ്ടണിലെ കാര്‍ണെജീ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് അസിസ്റ്റന്‍റ് ആയി. സ്റ്റാന്‍ഫഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും വിസ്കോന്‍സിന്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്റ്ററേറ്റും നേടി. തുടര്‍ന്ന് ഭര്‍ത്താവായ ജോഷുവാ ലെഡര്‍ബര്‍ഗിനൊപ്പം ബാക്റ്റീരിയകളുടെ ജനിതക രഹസ്യങ്ങള്‍ ചുരുള്‍ നിവര്‍ത്തുന്ന ഗവേഷണങ്ങളില്‍ മുഖ്യ പങ്കാളിയായി. ലാംഡാ ബാക്റ്റീരിയാ ഫേജ്, ഇ.കോളി ബാക്റ്റീരിയകളിലെ പ്രത്യുല്പാദക സഹായ ഘടകമായ എഫ് ഫാക്റ്റര്‍ ,മൈക്രോബയോളജിയില്‍ ഏറെ പ്രാധാന്യമുള്ള റെപ്ലിക്ക പ്ലേറ്റിങ് തുടങ്ങി സുപ്രധാനമായ ഗവേഷണ നേട്ടങ്ങളാണ് 1950-കളില്‍ എസ്തര്‍ കൈപ്പിടിയില്‍ ഒതുക്കിയത്. ഇതില്‍ പല ഗവേഷണ പ്രബന്ധങ്ങളും ജോഷുവാ ലെഡര്‍ബെര്‍ഗുമായിച്ചേര്‍ന്നാണ് പ്രസിദ്ധീകരിച്ചത്. പ്രശസ്ത ശാസ്ത്രജ്ഞനായ ഭര്‍ത്താവിന്‍റെ തണലില്‍ ഗവേഷകസഹായിയായി പ്രവര്‍ത്തിക്കുന്ന ഭാര്യ! അങ്ങനെയാണ് പലരും എസ്തറിനെ വിലയിരുത്തിയിരുന്നത്. അവരെ ഒരു സ്വതന്ത്ര ഗവേഷകയായിക്കാണാന്‍ ഗവേഷണ സ്ഥാപനങ്ങള്‍ പോലും തയ്യാറായില്ല. 1966-ല്‍ ഫേജ് ആന്‍റ് ദ് ഒറിജിന്‍ ഓഫ് മോളിക്കുലാര്‍ ബയോളജി എന്ന പുസ്തകത്തില്‍ ഒരു അദ്ധ്യായം എഴുതുന്നതില്‍ നിന്നു പോലും എസ്തര്‍ ഒഴിവാക്കപ്പെട്ടു. എസ്തറിന്‍റേതു കൂടിയായ ഗവേഷണ ഫലങ്ങള്‍ക്ക് നൊബേല്‍ നേടിയ ജോഷുവാ ലെഡര്‍ബെര്‍ഗ് പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ തിളങ്ങിയപ്പോള്‍ അവഗണനയുടെ കൂരിരുട്ടിലായിരുന്നു എസ്തര്‍. സ്ത്രീഗവേഷകരുടെ നേട്ടങ്ങളുടെ ക്രെഡിറ്റ് പുരുഷഗവേഷകരില്‍ മാത്രം അവരോധിക്കപ്പെടുന്ന മെറ്റില്‍ഡ ഇഫക്റ്റിന്‍റെ നിഴല്‍ തന്നെയായിരുന്നു എസ്തറിനെയും കാത്തിരുന്നത്.1968-ല്‍ ജോഷുവായുമായുള്ള ദാമ്പത്യം അവസാനിപ്പിച്ച എസ്തര്‍ പിന്നീട് മാത്യു സൈമണ്‍ എന്ന എഞ്ചിനീയറെ വിവാഹം കഴിച്ചു.
ഗവേഷണരംഗത്തു മാത്രമല്ല ജോലിസംബന്ധമായും വിവേചനങ്ങള്‍ നിരവധി നേരിടേണ്ടി വന്നു എസ്തറിന്. അര്‍ഹതയും കഴിവുമുണ്ടായിട്ടും സ്റ്റാന്‍ഫഡ് സര്‍വ്വകലാശാലയില്‍ തന്‍റെ യോഗ്യതയ്ക്കനുസരിച്ച് സ്ഥിരതയുമുള്ള ഔദ്യോഗിക പദവി ലഭിക്കാന്‍ അവര്‍ക്ക് ഏറെ പൊരുതേണ്ടി വന്നു. തനിക്കൊപ്പമുള്ള വനിതാ ഗവേഷകര്‍ക്കായി ശബ്ദിക്കാനും എസ്തര്‍ തയ്യാറായി. പ്രതിസന്ധികളിലും വിവേചനങ്ങളിലും തളരാതെ ശാസ്ത്രഗവേഷണത്തെ ജീവവായുവായി കൊണ്ടുനടന്ന ആ ശാസ്ത്രജ്ഞ 2006 നവംബര്‍ 11-ന് സ്റ്റാന്‍ഫഡില്‍ വച്ച് അന്തരിച്ചു.

 

സീമ ശ്രീലയം
പ്രമുഖ ശാസ്ത്ര ലേഖിക,
നിരവധി ബഹുമതികള്‍ക്ക് ഉടമ

 

 

 

 

 

 

COMMENTS

COMMENT WITH EMAIL: 0