പത്തൊന്‍പതാംനൂറ്റാണ്ടില്‍ പാരീസിലെ പാര്‍ലറുകളില്‍ പ്രശസ്തമായിരുന്ന ഒരു കളി ആയിരുന്നു ഈ ചോദ്യാവലി. ഫ്രഞ്ച് ചിന്തകനും എഴുത്തുകാരനും ആയ മാര്‍സെല്‍ പ്രൗസ്റ്റ് ഈ ചോദ്യാവലിക്കു ഉത്തരം നല്‍കിയതിലൂടെ ഇതിനു വലിയ പ്രശസ്തി നേടാന്‍ കഴിഞ്ഞു.ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതോടെ തങ്ങളെ പറ്റിയുള്ള ശരിയായ പ്രകൃതം മനസിലാക്കാന്‍ സാധിക്കും എന്ന് അദ്ദേഹം വിശ്വസിച്ചു.2009 ല്‍ വാനിറ്റിഫെയര്‍ ഈ ചോദ്യങ്ങള്‍ നൂറോളം പ്രശസ്ത വ്യക്തികളോട് ചോദിക്കുകയും അതു പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. സ്നേഹം, മരണം, ആനന്ദം, ജീവിതത്തിന്‍റെ അര്‍ഥം എന്നിവ ആയിരുന്നു ഈ പ്രസിദ്ധീകരണത്തിന്‍റെകേന്ദ്രബിന്ദു. ഈ പുസ്തകത്തില്‍ നിന്ന് ജോന്‍ ഡിഡിയന്‍ എന്ന എഴുത്തുകാരിയുടെ ഭാഗം ആണ് ഇവിടെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
ജോന്‍ ഡിഡിയന്‍ (ജനനം: 1934)ഒരു അമേരിക്കന്‍ നോവലിസ്റ്റും, പ്രബന്ധ രചയിതാവും, പത്ര പ്രവര്‍ത്തകയും ആയിരുന്നു. തെളിമയാര്‍ന്ന ഗദ്യവും ഒപ്പം സാമൂഹിക കലഹങ്ങളെ പറ്റിയുള്ള മൂര്‍ച്ചയേറിയ എഴുത്തും അവരെ പ്രശസ്തയാക്കി. Slouching Towards Bethlehem (1968), The Year of Magical Thinking (2005), The White Album (1979) എന്നിവയാണ് അവരുടെ പ്രധാന കൃതികളില്‍ ചിലത്. നാഷണല്‍ മെഡല്‍ ആര്‍ട്സ് അവാര്‍ഡ് ഉള്‍പ്പെടെ ധാരാളം ബഹുമതികള്‍ ലഭിച്ചു. 2021 ഡിസംബര്‍ 23നു ന്യൂയോര്‍ക്കില്‍ വെച്ച് അന്തരിച്ചു.
എന്താണ് താങ്കളുടെ ഏറ്റവും വലിയ ഭയം?
പാമ്പുകള്‍. എനിക്ക് പാമ്പുകളോട് ഒരു അകാരണമായ ഭയമുണ്ട്. ഞാനും എന്‍റെ ഭര്‍ത്താവും ധാരാളം റാറ്റില്‍ സ്നേക്കുകള്‍ (ഒരുതരം അമേരിക്കന്‍ വിഷപ്പാമ്പുകള്‍) ഉള്ള ഒരു സ്ഥലത്തേക്ക് വീട് മാറിയപ്പോള്‍, എല്ലാ ദിവസവും ഞാന്‍ ഹെര്‍മോസ പാമ്പു വളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് പോവുകയും അനാക്കോണ്ടകളെ നോക്കി നില്‍ക്കാന്‍ എന്നെ തന്നെ നിര്‍ബന്ധിക്കുകയും ചെയ്യുമായിരുന്നു. എന്‍റെ ഭയത്തെ മറികടക്കാന്‍ ഉള്ള ഒരു ശ്രമം ആയിരുന്നു അത്. അത് ഒരളവു വരെ പ്രാവര്‍ത്തികം ആവുകയും ചെയ്തു.പക്ഷെ കുറച്ചു നാളുകള്‍ക്ക് ശേഷം എന്‍റെ ഗാരേജില്‍ നിന്നും ഒരു പാമ്പ് (അത് ഒരു ‘നല്ല’ പാമ്പ് ആയിരുന്നു, അനാക്കോണ്ടയെ ഒക്കെ പോലെ വിഷമുള്ളത് ആയിരുന്നില്ല) എന്‍റെ കാറിലേക്ക് വീണു. അപ്പോള്‍ നാല് വയസുണ്ടായിരുന്ന എന്‍റെ മകള്‍ അത് എനിക്ക് കൊണ്ട് കാണിച്ചു തന്നു. പറയുന്നതില്‍ നാണക്കേടുണ്ട്, പക്ഷെ ഞാന്‍ അവിടെ നിന്നും ഓടിപ്പോയി. ഇന്നും ഞാന്‍ ആലോചിക്കാറുണ്ട്, ഡ്രൈവ് ചെയ്തു തുടങ്ങിയതില്‍ പിന്നെ പസഫിക് കോസ്റ്റ് ഹൈവേയില്‍ വെച്ചാണ് ഞാന്‍ എന്‍റെ ഈ യാത്രക്കാരനെ കാണുന്നത് എങ്കില്‍ എന്ത് സംഭവിക്കും എന്ന്.
സ്വന്തം സ്വഭാവത്തില്‍ ഏറ്റവും മോശമെന്ന് കരുതുന്ന കാര്യം എന്താണ്?
ഞാന്‍ എല്ലാം മാറ്റി വെക്കും, വൈകിപ്പിക്കും. ഞാന്‍ കംപ്യൂട്ടറില്‍ സോളിറ്റെയര്‍ (ഒരു ചീട്ടു കളി ) കളിക്കും. ഞാന്‍ ഇടക്ക് ഒരു വിഷാദാത്മകമായ ആലസ്യത്തിലേക്ക് വഴുതിവീഴും. എനിക്കതിഷ്ടമല്ല, എന്നാലും അങ്ങനെ ഒരു സ്വഭാവം ഉണ്ട്.
ഏതാണ് താങ്കളുടെ ഏറ്റവും പ്രിയപ്പെട്ട യാത്ര?
ഒരുപാട് കാലം മുന്‍പ്, വിമാനത്തില്‍ സിനിമ കാണിക്കാന്‍ തുടങ്ങുന്നതിനും ജനല്‍ മറകള്‍ അടക്കാന്‍ തുടങ്ങുന്നതിനും മുന്‍പ് എനിക്ക് പടിഞ്ഞാറേ ഭാഗത്തേക്ക്(അമേരിക്കയുടെ പടിഞ്ഞാറേ ഭാഗം) വിമാനത്തില്‍ പോകാന്‍ വളരെ ഇഷ്ടമായിരുന്നു.താഴെ ചെസ്സ് ബോര്‍ഡുകള്‍ പോലെ, അറ്റമില്ലാതെ പരന്നു കിടക്കുന്ന വിളനിലങ്ങള്‍ കാണാന്‍ കഴിയുമായിരുന്നു. യൂറോപ്പില്‍ നിന്ന് ലോസ് ഏഞ്ചലസിലേക്ക് ധ്രുവം വഴി പകല്‍ സമയം വിമാനത്തില്‍ യാത്ര ചെയ്യുന്നതും എനിക്ക് പ്രിയമായിരുന്നു. ആ സമയത്ത് നമുക്ക് പൊങ്ങിക്കിടക്കുന്ന മഞ്ഞു മൂടിയ ദ്വീപുകള്‍ വളരെ സാവധാനത്തില്‍ ഭൂമിയിലെ ഒരു തടാകം ആയി മാറുന്നത് കാണാന്‍ സാധിക്കും. വീക്ഷണത്തില്‍/കാഴ്ച്ചയില്‍ ഉണ്ടാവുന്ന ഈ മാറ്റം എനിക്ക് വളരെ രസകരമായി അനുഭവപ്പെട്ടു.
ഏതു അവസരത്തില്‍ ആണ് താങ്കള്‍ നുണ പറയുന്നത്?
കള്ളം എന്ന് പറയുന്നതിനെ എങ്ങനെ വ്യാഖ്യാനിക്കും എന്ന് അനുസരിച്ച് ഇരിക്കും അത്. ഒരു സന്ദര്‍ഭം സുഗമമാക്കാനോ മറ്റൊരാള്‍ക്ക് സന്തോഷം കൊടുക്കുന്നതിന് വേണ്ടിയോ ഒക്കെ ആണെങ്കില്‍ ഒരുപക്ഷെ, ഞാന്‍ സ്ഥിരമായി കള്ളം പറയും എന്ന് പറയാം. എന്‍റെ അമ്മ നുണ പറയാന്‍ ഒട്ടും കഴിയാത്ത ആളായിരുന്നു. ഒരിക്കല്‍ ഒരു ഭീകര കൊടുങ്കാറ്റിന്‍റെ ഇടയ്ക്കു ട ജ ഇ അ തെരഞ്ഞെടുപ്പിന് തനിക്കു പരിചയമുള്ള ഒരു ആള്‍ക്ക് വോട്ട് ചെയ്യാന്‍ വേണ്ടി പോയി. ഞാന്‍ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ‘ഞാന്‍ ഡൊറോത്തിയോട് പറഞ്ഞു, ഞാന്‍ വോട്ട് ചെയ്യും എന്ന്’ എന്നാണ് ‘അമ്മ പറഞ്ഞത്. ‘ഡൊറോത്തി എങ്ങനെ അറിയും അമ്മ വോട്ട് ചെയ്തോ എന്ന്’ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ‘അതില്‍ കാര്യമില്ല, ഞാന്‍ ചെയ്യും എന്ന് പറഞ്ഞതാണ്’ എന്നാണ് അമ്മ പറഞ്ഞത്. പറയുന്നതില്‍ വിഷമം ഉണ്ട്,പക്ഷെ ഞാന്‍ വളരെ അധികം അത്ഭുതപ്പെട്ടു പോയി അത് കേട്ടിട്ട്.
നിങ്ങളുടെ ബാഹ്യ രൂപത്തില്‍ നിങ്ങള്‍ ഇഷ്ടപ്പെടാത്തത് എന്താണ്?
കുറച്ചു മുന്‍പ് വരെ, എനിക്ക് പൊക്കം ഇല്ല എന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു. എന്നാല്‍ ഇപ്പൊ അതുമായി ഞാന്‍ പൊരുത്തപ്പെട്ടു. എന്നാലും ഒരു അഞ്ചടി പത്തു ഇഞ്ച് പൊക്കം ഉണ്ടാവാന്‍ ആഗ്രഹമില്ല എന്നല്ല അതിനര്‍ത്ഥം. അങ്ങനെ ആയിരുന്നെങ്കില്‍ നല്ല ഡിസൈനര്‍ വസ്ത്രങ്ങള്‍ വാങ്ങിക്കാമായിരുന്നു.
ഏറ്റവും അമിതമായിട്ട് ഉപയോഗിക്കുന്ന വാക്കുകള്‍ അല്ലെങ്കില്‍ വാക്യങ്ങള്‍ എന്തൊക്കെയാണ്?
മിക്ക എഴുത്തുകാരും ചില വാക്കുകളോ പദഘടനകളോ ഒക്കെ കൂടുതലായി ഉപയോഗിക്കും. ഒരിക്കല്‍ അത് സംഭവിച്ചാല്‍, അത് അങ്ങനെ തന്നെ ഉറച്ചു പോവുകയും ചെയ്യും. എന്നാല്‍ അത് ഏതൊക്കെ ആണ് എന്ന് സ്വയം കണ്ടെത്തല്‍ ഒരു വലിയ ജോലിയാണ്.
എവിടെ, എപ്പോഴാണ് നിങ്ങള്‍ ഏറ്റവും സന്തോഷവതി ആയിരുന്നത്?
ഒരിക്കല്‍ എന്‍റെ ഡെമോക്രസി എന്ന നോവലില്‍, അതിലെ പ്രധാന കഥാപാത്രം ഐനെസ്വിക്ടര്‍ ഇതേ ചോദ്യം സ്വയം ചോദിക്കുന്നുണ്ട്. എന്നാല്‍ അത് അവള്‍ക്കു വളരെ ബുദ്ധിമുട്ടായിരുന്നു. ഒരു കാപ്പി കുടിച്ചു, സിഗററ്റ് വലിച്ചു, അവള്‍ അത് ആലോചിക്കുകയും ഈ ഒരു നിഗമനത്തില്‍ എത്തുകയും ചെയ്യുന്നുണ്ട്- ‘പിന്തിരിഞ്ഞു നോക്കുമ്പോള്‍, അവള്‍ ഏറ്റവും സന്തോഷവതി ആയിരുന്നത് കടം വാങ്ങിയ വീടുകളിലും ഉച്ച ഭക്ഷണ സമയത്തും ആയിരുന്നു. ഒരിക്കല്‍ ചിക്കാഗോയില്‍ മഞ്ഞു പെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരു ഹോട്ടല്‍ റൂമില്‍ ഒറ്റക്ക് ഇരുന്ന് ഭക്ഷണം കഴിച്ചത് അവള്‍ ഓര്‍ത്തു. ജനല്‍ പാളികളില്‍ വീണിരുന്ന മഞ്ഞു നോക്കിക്കൊണ്ടിരിക്കുമ്പോള്‍ അവള്‍ വളരെ സന്തോഷവതി ആയിരുന്നു. മറ്റൊരിക്കല്‍, പാരീസില്‍ ഉച്ചഭക്ഷണം കഴിച്ചത് വളരെ അധികം വിശദാംശങ്ങളോട് കൂടി അവള്‍ ഓര്‍മിച്ചു: മഴ പെയ്യവേ, ഹാരിയോടും ഇരട്ടകളോടും കൂടെ പ്രെകാറ്റലിന്‍ ല്‍ ഒരു വൈകിയ ഉച്ച ഭക്ഷണം. ‘ ഈ മധ്യാഹ്ന ഭക്ഷണങ്ങളും ,വാടകക്ക് എടുത്ത വീടുകളും ഉരുത്തിരിഞ്ഞത് യാദൃശ്ചികമായിട്ടല്ല.
എന്ത് പ്രാഗല്‍ഭ്യം ആണ് നിങ്ങള്‍ക്ക് ഉണ്ടാവണം എന്ന് ഏറ്റവും ആഗ്രഹിക്കുന്നത്?
ഇംഗ്ലീഷ് അല്ലാത്ത മറ്റു ഭാഷകളിലും നൈപുണ്യം ഉണ്ടാവണം എന്ന് അതിയായ ആഗ്രഹം ഉണ്ട്. എന്നാല്‍ അത് നടക്കില്ല എന്ന സത്യവുമായി ഞാന്‍ പൊരുത്തപ്പെട്ടു കഴിഞ്ഞു. ഒരുപാടു കാര്യങ്ങള്‍ ഇത് നടക്കുന്നതിനു വിലങ്ങു തടിയായി നിന്നു . അതില്‍ ഒന്ന് ഒരു കഠിനമായ ഭയം ആണ്. ചെറുപ്പം മുതല്‍ തന്നെ എനിക്കുള്ള ഒരു ഗുണം നഷ്ടപ്പെടുമോ എന്ന ഭയം: ഇംഗ്ലീഷ് വാക്യങ്ങള്‍ എഴുതാന്‍ ഉള്ള കഴിവ്.
നിങ്ങളെപ്പറ്റി ഒരു കാര്യം മാറ്റാന്‍ സാധിച്ചാല്‍ അത് എന്തായിരിക്കും?
‘ഒരു കാര്യം’ എന്ന് പറഞ്ഞു തുടങ്ങുന്നത് അനേകം കാര്യങ്ങളില്‍ എത്തും എന്ന് എനിക്ക് തോന്നുന്നു. അതിനാല്‍ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ സാധിക്കുന്നത് വളരെ അത്യാഗ്രഹം ഉള്ളവര്‍ക്ക് മാത്രം ആയിരിക്കും എന്നാണ് എന്‍റെ അഭിപ്രായം.
എന്താണ് നിങ്ങളുടെ ഏറ്റവും വിലപിടിച്ച സ്വത്ത് ?
എന്‍റെ മകള്‍ എനിക്ക് തന്ന സാധനങ്ങള്‍ ആണ് ഞാന്‍ ഏറ്റവും വിലപിടിച്ചവ ആയി കാണുന്നത്. ഉദാഹരണത്തിന്, Baby Animals and Their Mothers എന്ന പുസ്തകത്തിന്‍റെ ഒരു ചിത്രം. (ഇത് എന്‍റെ മേശപ്പുറത്തു ഉള്ളതുകൊണ്ട് ഞാന്‍ പെട്ടെന്ന് ഓര്‍ത്തു).
താങ്കളുടെ അഭിപ്രായത്തില്‍ ദുരിതത്തിന്‍റെ ഏറ്റവും അഗാധ ഗര്‍ത്തം എന്താണ് ?
ഞാന്‍ സ്നേഹിക്കുന്ന മനുഷ്യരില്‍ നിന്ന് വേര്‍പെടുക എന്നതാണ് ഏറ്റവും വലിയ ദുരിതം. ജോലി ചെയ്യാതിരിക്കുക എന്നതും ഒരു ദുരിതം ആണ്. ഇവ രണ്ടും പരസ്പരം ചേര്‍ന്ന് പോകുന്നു.
എവിടെ താമസിക്കാന്‍ ആണ് താങ്കള്‍ ഏറ്റവും ആഗ്രഹിക്കുന്നത്?
എല്ലാ മാസവും വെവ്വേറെ സ്ഥലങ്ങളില്‍ താമസിക്കാന്‍ ആണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഇപ്പോള്‍ ഒവാഹുവില്‍ ഉള്ള കൈലുവബീച്ചില്‍ താമസിക്കാന്‍ ആണ് ഞാന്‍ ആഗ്രഹിക്കുന്നത്. നവംബറില്‍ എനിക്ക് പാരീസില്‍ താമസിക്കാന്‍ ആഗ്രഹം ഉണ്ടാവും എന്ന് ഏതാണ്ട് ഉറപ്പാണ്. അവിടെ തന്നെ, ബ്രിസ്റ്റോള്‍ ഹോട്ടലില്‍. എനിക്ക് ഹോട്ടലുകള്‍ വളരെ ഇഷ്ടമാണ്. ഞങ്ങള്‍ ലോസ് ഏഞ്ചല്‍സില്‍ പല വീടുകളില്‍ ആയി താമസിച്ചിരുന്നപ്പോള്‍ , ബെല്‍-എയര്‍ ല്‍ (ലോസ് ഏഞ്ചല്‍സ്ന്‍റെ പടിഞ്ഞാറേ ഭാഗം) ഒരു ബംഗ്ളാവ്എടുത്താല്‍ എത്രത്തോളം പണം ലാഭിക്കാം എന്ന് കണക്കു കൂട്ടുമായിരുന്നു. എന്നാല്‍ എന്‍റെ ഭര്‍ത്താവിന് അത് അത്ര ബോധ്യമായില്ല.
ഏറ്റവും ഇഷ്ടപ്പെട്ട ജോലി എന്താണ്?
എനിക്ക് ഗംബോ (ഒരു അമേരിക്കന്‍ ഭക്ഷണ വിഭവം) ഉണ്ടാക്കാന്‍ ഇഷ്ടമാണ്. എനിക്ക് ഉദ്യാനങ്ങള്‍ നോക്കാന്‍ ഇഷ്ടമാണ്. എനിക്ക് എഴുതാന്‍ ഇഷ്ടമാണ്, പ്രതേകിച്ച് അത് നന്നായി നടക്കുമ്പോള്‍. ചിലപ്പോള്‍, തോട്ടപ്പണിയും പാചകവും പോലെ തന്നെ സ്പര്‍ശനക്ഷമമായ കാര്യമാണ് എഴുത്തും എന്നതുകൊണ്ടാവാം.
താങ്കളുടെ ഏറ്റവും ശ്രദ്ധേയമായ സ്വഭാവ വിശേഷം എന്താണ്?
മറ്റുള്ളവരുടെ അഭിപ്രായ പ്രകാരം, എന്‍റെ ഏറ്റവും ശ്രദ്ധേയ വിശേഷണം ഞാന്‍ വളരെ മെലിഞ്ഞു ഇരിക്കുന്നു എന്നതാണ് എന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ എന്‍റെ അഭിപ്രായത്തില്‍, എന്‍റെ ശരീരത്തിന്‍റെ മെലിയല്‍ അല്ല, ഒരുതരം വിദൂരത ആണ് ഏറ്റവും പ്രത്യേകമായത്.ഞാന്‍ എപ്പോഴും ആലോചനയില്‍ ലയിച്ചു അശ്രദ്ധമായി ഇരിക്കാറുണ്ട്.
സാഹിത്യത്തിലെ ഏറ്റവും പ്രിയപ്പെട്ട നായക കഥാപാത്രം ഏതാണ്?
ജോസഫ് കൊര്‍ണാര്‍ഡ്ന്‍റെ വിക്ടറി എന്ന നോവലിലെ ആക്സില്‍ ഹെസ്ട് എന്ന കഥാപാത്രം എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്. സുമാത്രയിലെ (സുമാത്ര ആണെന്നാണ് എന്‍റെ വിശ്വാസം, പക്ഷെ എന്‍റെ ഓര്‍മ്മ ശക്തി വളരെ കുറവാണ്) ഒരു കപ്പല്‍ തുറമുഖത്തു നില്‍ക്കുന്ന ആ കാഴ്ച. അയാളുടെ ഒരു ഗംഭീരമായ ഉദ്യമം, ട്രോപ്പിക്കല്‍ ബെല്‍റ്റ് കോള്‍ കമ്പനി (Tropical Belt Coal Company) നശിച്ചുകൊണ്ടിരിക്കുന്നു . അപ്പോള്‍ അയാള്‍ വളരെ ധൈര്യപൂര്‍വം ചിലതു ചെയ്യുന്നു. അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ഒരാള്‍ക്ക് സാധിക്കുന്നത്, തന്നെ പ്പറ്റിയുള്ള വേവലാതികള്‍ പൂര്‍ണമായി മറികടക്കുമ്പോള്‍ മാത്രമാണ്.
COMMENTS