യുദ്ധം ഒരു ജനതയെ തകര്‍ത്തെറിയുമ്പോള്‍ മൊഴിമാറ്റം നിസ്സഹായതയുടെ കരച്ചിലും,സഹാനുഭൂതിയുടെ,ഐക്യപ്പെടലിന്റെ ആവിഷ്കാരവും ആയി മാറുന്നു.അത് കൊണ്ട് യുക്രൈനില്‍ ഇപ്പോഴത്തെ യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനു എത്രയോ മുന്‍പ് തന്നെ യുദ്ധ കവിതകള്‍ എഴുതിയ ഇയാ കീവയുടെ ഒരു കവിതയുടെ അത്ര കൃത്യമല്ലാത്ത പരിഭാഷ വഴിത്താരകള്‍ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു …..റഷ്യന്‍/ യുക്രൈനിയന്‍ ഭാഷകളില്‍ ഒരുപോലെ എഴുതുന്ന കവിയുടെ ഈ വരികളില്‍ ബോറിസ് പാസ്റ്റര്‍നാക്കിന്റെ നിഴലാട്ടം കാണാം. യുദ്ധത്തെ ദുഃഖമായി ധര്‍മ്മപുരാണത്തില്‍ മൊഴിമാറ്റിയ ഒ .വി വിജയനെ പ്രത്യേകം ഓര്‍ക്കുന്നു.
ഈ ശവപ്പെട്ടി നിനക്കുള്ളതാണ്
ഈ ശവപ്പെട്ടി നിനക്കുള്ളതാണ് ആണ്‍കുഞ്ഞേ, കിടക്കുക ഭയക്കാതെ,
ജീവനാം വെടിയുണ്ടയെ മുഷ്ടിയില് ചുരുട്ടിപ്പിടിച്ചു നീ
നോക്ക് , ഞങ്ങള്‍ മരണത്തില്‍ വിശ്വസിച്ചില്ല
തകരത്തകിടുകളാണ് കുരിശുകള്‍
കേള്‍ക്കുന്നുണ്ടോ മണിഗോപുരങ്ങളുടെ പിഴുതെടുത്ത നാവുകള്‍ ?
ഞങ്ങള്‍ നിന്നെ മറക്കില്ല വിശ്വസിക്കൂ വിശ്വസിക്കൂ വി…
നിന് കുപ്പായകൈയ്യിന് തുന്നലിലൂടെ വിശ്വാസത്തിന് ചോര പൊടിയുന്നു
ഈ നശിച്ച ശൈത്യത്തിലും കാക്കി അടിമുടി അണിഞ്ഞ നിന്
തൊണ്ടയില്‍ കുരുങ്ങുന്നു പ്രാര്‍ത്ഥനാ മന്ത്രങ്ങളും സ്തുതിഗീതങ്ങളും
മഷി പുരണ്ട ഫെബ്രുവരി ഏങ്ങലടിചു കരയുന്നു
മേശപ്പുറത്തു ഇറ്റുവീഴുന്ന മെഴുകുതിരി എരിഞ്ഞു കത്തുന്നു …
COMMENTS