‘സ്ഥാപിത താല്‍പര്യങ്ങളെ പ്രതിരോധിക്കാനുള്ള ഏക വഴി ജനാധിപത്യത്തിന്‍റെ അവസാനിക്കാത്ത അത്താണിയായ സ്വതന്ത്ര മാധ്യമങ്ങളും നീതിന്യായവ്യവസ്ഥയും ആണ് .അവ സ്വതന്ത്രവും ധീരവും സത്യസന്ധവും അല്ലാത്തിടത്തോളം കാലം നമ്മുടെ രാഷ്ട്രം മാത്രമല്ല ഈ ഭൂഗോളം ആകെ അപകടത്തിലാണ്’. 1997ല്‍ ചമേലി ജെയിന്‍ മാധ്യമ പുരസ്കാരം സ്വീകരിച്ചുകൊണ്ട് പ്രശസ്ത മാധ്യമപ്രവര്‍ത്തക അനിതാ പ്രതാപ് പറഞ്ഞു .
മാധ്യമലോകം വിശ്വാസ്യതയില്‍ നിന്നും സ്വതന്ത്ര നിലപാടുകളില്‍ നിന്നും അകന്നു പോയിക്കൊണ്ടിരിക്കുന്നു എന്ന വിമര്‍ശനം നേരിടുന്ന ഇക്കാലത്ത് കടുത്ത മൂല്യബോധത്തിന്‍റെ അടിത്തറ ഇളകാതെ മുന്നോട്ടുപോകുന്ന വനിതാ മാധ്യമപ്രവര്‍ത്തകരാണ് പ്രതീക്ഷ ബാക്കി വെക്കുന്നത്. അവരില്‍ പ്രധാനിയാണ് അനിത പ്രതാപ്.
1995 ല്‍ ഐക്യരാഷ്ട്രസഭയുടെ സ്ത്രീകള്‍ക്കായുള്ള കമ്മീഷന്‍ ബീജിങ്ങില്‍ സംഘടിപ്പിച്ച സമ്മേളനം ‘മാധ്യമങ്ങളും സ്ത്രീയും’ എന്ന വിഷയത്തെക്കുറിച്ച് ആഴത്തില്‍ ചര്‍ച്ച ചെയ്തു. മാധ്യമ രംഗത്ത് സ്ത്രീകളുടെ സാന്നിധ്യവും പങ്കാളിത്തവും വര്‍ദ്ധിപ്പിക്കുക, ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലേക്ക് സ്ത്രീകളെ കൊണ്ടുവരിക, പരമ്പരാഗത വാര്‍പ്പുമാതൃകകള്‍ക്ക് പുറത്തേക്ക് വരുന്ന രീതിയില്‍ സ്ത്രീകളെ അവതരിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ സമ്മേളനം മുന്നോട്ടുവെച്ചു. കാല്‍ നൂറ്റാണ്ട് കഴിയുമ്പോള്‍ സ്ഥിതിഗതികളില്‍ കുറച്ചൊക്കെ മാറ്റം ഉണ്ടായി എന്ന് മാത്രമേ പറയാന്‍ കഴിയൂ. മനുഷ്യാവകാശങ്ങള്‍ സ്ത്രീകള്‍ അര്‍ഹിക്കുന്നു എന്ന് മനസ്സിലാക്കാന്‍ മാധ്യമലോകം ഇനിയും പ്രാപ്തി കൈവരിച്ചു എന്ന് പൂര്‍ണ്ണമായും പറയാന്‍ കഴിയില്ല. എങ്കിലും മാറ്റത്തിന്‍റെ വഴിയിലാണ് മാധ്യമരംഗം . രാത്രി സഞ്ചാരത്തിന്‍റേയും താമസസൗകര്യത്തിന്‍റേയും കുട്ടികളെ നോക്കുന്ന ക്രഷുകളുടേയും ഒക്കെ കാര്യങ്ങളെക്കുറിച്ച് ബന്ധപ്പെട്ടവരില്‍ അവബോധം സൃഷ്ടിക്കാനും ചെറുതെങ്കിലും ക്രിയാത്മകമായ ചുവടുവെപ്പുകള്‍ ഉണ്ടാക്കാനും വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ദൃശ്യമാധ്യമങ്ങളുടെ വരവ്,മലയാള മാധ്യമ രംഗത്തെ സ്ത്രീസാന്നിധ്യത്തിന് ഉയരാന്‍ സാഹചര്യങ്ങള്‍ സൃഷ്ടിച്ചു. ഇന്ന് രാഷ്ട്രീയവും വികസനവും എന്ന് വേണ്ട ഏത് വാര്‍ത്തയും കൈകാര്യം ചെയ്യാന്‍ സ്ത്രീകളുമുണ്ട്. മുമ്പ് കലാ-സാംസ്കാരിക പാചക-ഫാഷന്‍ വാര്‍ത്തകളില്‍ ഒതുക്കപ്പെട്ടിരുന്ന സ്ത്രീകള്‍ മാധ്യമരംഗത്ത് കഴിവും പ്രാഗത്ഭ്യവും തെളിയിച്ച് തലയെടുപ്പോടെ നില്‍ക്കുന്നുവെന്നത് അഭിമാനം നല്‍കുന്ന കാര്യമാണ്. മാധ്യമങ്ങളും സ്ത്രീകളും എന്ന വിഷയത്തെ പല രീതിയില്‍ സമീപിക്കേണ്ടിയിരിക്കുന്നു. ഉള്ളടക്കം , ചിത്രീകരണം എന്നിവയില്‍ എങ്ങനെയാണ് സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നത് എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. സ്ത്രീ എന്ന നിലയില്‍ അവര്‍ക്ക് കാണാനും കേള്‍ക്കാനും വായിക്കാനും ലഭിക്കുന്നത് എന്തൊക്കെയാണ് എന്നത് മറ്റൊരു വിഷയമാണ്. മാധ്യമങ്ങള്‍ നയിക്കുന്ന ഒരു ലോകത്ത് സ്ത്രീ ജീവിതങ്ങളെ എങ്ങനെയാണ് അവ സ്വാധീനിക്കുന്നതും ബാധിക്കുന്നതും എന്നത് വളരെ പ്രധാനപ്പെട്ടതാണ്. മറ്റൊന്ന് മാധ്യമങ്ങള്‍ക്ക് ഉള്ളില്‍ സ്ത്രീകള്‍ക്ക് എത്രമാത്രം പങ്കാളിത്തം ഉണ്ട് എന്നുള്ള വസ്തുതയാണ്. നടത്തിപ്പിലും തീരുമാനങ്ങള്‍ എടുക്കുന്നതിനും മാധ്യമരംഗത്ത് സ്ത്രീക്ക് എത്രത്തോളം ഇടപെടാന്‍ ആവുന്നുണ്ട് എന്നത് എക്കാലവും ചര്‍ച്ചചെയ്യപ്പെടുന്ന കാര്യമാണ്. ലോകത്തിലെ ആദ്യത്തെ പത്രപ്രവര്‍ത്തകയായി അറിയപ്പെടുന്ന ഫ്രെഡ്രികാ റൂനേ ബെര്‍ഗ് 1830 കളില്‍ തന്‍റെ ലേഖനങ്ങളും കവിതകളും ഭര്‍ത്താവായ ജൊഹാന്‍ ലുഡ്വിഗ് റൂനെ ബര്‍ഗിന്‍റെ പേരിലാണ് എഴുതിയിരുന്നത്. ഭര്‍ത്താവിന്‍റെ പേര് ഉപയോഗിച്ച് എഴുതുന്ന കാലത്ത് നിന്ന് മാധ്യമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിയുന്ന സാഹചര്യത്തിലേക്ക് സ്ത്രീകള്‍ എത്തിച്ചേര്‍ന്നത് സുഗമമായ വഴികളിലൂടെ ആയിരുന്നില്ല. ഇന്ത്യയിലെ ആദ്യത്തെ പത്രപ്രവര്‍ത്തകയായി കണക്കാക്കപ്പെടുന്ന വിദ്യാ മുന്‍ഷി റൂസി, കരഞ്ചിയയുടെ ബ്ലിറ്റ്സ് ഉള്‍പ്പെടെ നിരവധി പത്രങ്ങളിലും പ്രവര്‍ത്തിച്ചിരുന്ന ശക്തയായ സ്ത്രീയായിരുന്നു. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്ന 1942ല്‍ ഗ്രേറ്റ് ബ്രിട്ടണിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വിദ്യാ മുന്‍ഷി ചേര്‍ന്നിരുന്നു. അസന്‍സോളിലെ ചിനകുറി ഖനിസ്ഫോടനം, സുന്ദര്‍ബന്‍സിലൂടെ സ്വര്‍ണ്ണക്കടത്തിന് ശ്രമിച്ച രണ്ട് കനേഡിയന്‍ പൈലറ്റുമാരെ കുറിച്ചുള്ള വാര്‍ത്ത തുടങ്ങി ദേശീയ ശ്രദ്ധ ആകര്‍ഷിച്ച നിരവധി വാര്‍ത്താ സ്റ്റോറികള്‍ വിദ്യാ മുന്‍ഷി ചെയ്തിട്ടുണ്ട് . ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫോട്ടോഗ്രാഫറും മാധ്യമരംഗത്ത് സുവര്‍ണ ലിപികളില്‍ തന്നെ തന്‍റെ പേര് കോറിയിട്ടിട്ടുണ്ട്. ഹോമായ് വെരാവല്ല . 1930കളില്‍ തന്നെ അവര്‍ പ്രവര്‍ത്തന രംഗത്തെത്തിരുന്നു. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു , മുഹമ്മദാലി ജിന്ന, ഇന്ദിരാഗാന്ധി തുടങ്ങിയ നിരവധി പേര്‍ വെരാവല്ലയുടെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട് . രണ്ടാം ലോകമഹായുദ്ധത്തിന്‍റെ പ്രശസ്തമായ ഫോട്ടോകള്‍ എടുക്കാന്‍ ഹോമയ് വെരാ വല്ലയ്ക്ക് കഴിഞ്ഞു. തുടക്കക്കാര്‍ എന്ന നിലയില്‍ മാത്രമല്ല, ഗൗരവപരമായി പത്രപ്രവര്‍ത്തനരംഗത്തെ സമീപിച്ചവര്‍ എന്ന നിലയിലും വിദ്യ മുന്‍ഷിയും ഹോമയ് വെരാവല്ലയും കണക്കാക്കപ്പെടുന്നു .
കേരളത്തില്‍ എത്തുമ്പോള്‍ ആദ്യത്തെ സ്ത്രീ മാസിക തുടങ്ങിയത് പുരുഷന്മാരായിരുന്നു. ‘കേരളീയ സുഗുണബോധിനി ‘ 1885ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച് ആറുമാസക്കാലം നിലനിന്നു. പിന്നീട് 1892ല്‍ അത് വീണ്ടും പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. അന്ന് അതിന്‍റെ ലക്ഷ്യമായി നടത്തിപ്പുകാര്‍ എഴുതി . ‘കേരളത്തില്‍ മലയാളഭാഷയില്‍ അനേകം വര്‍ത്തമാന പത്രങ്ങളും മാസികാ പുസ്തകങ്ങളും ഓരോ മഹാന്മാരാല്‍ ശ്ലാഘനീയമായ വിധത്തില്‍ നടത്തപ്പെട്ടു വരുന്നുണ്ട്. അവയെല്ലാം കേരളീയ പുരുഷന്മാരെ ഉദ്ദേശിച്ച് പ്രസിദ്ധം ചെയ്യപ്പെട്ടു വരുന്നവയാകുന്നു. സ്ത്രീജനങ്ങളുടെ ജ്ഞാനവര്‍ദ്ധനവിനും വിനോദത്തിനുമായി പ്രത്യേകിച്ച് ഒരു പുസ്തകമാവട്ടെ കേരളീയ സുഗുണബോധിനി.’
‘ശാരദ’യാണ് രണ്ടാമത്തെ വനിതാ മാസികയായി കണക്കാക്കപ്പെടുന്നത്. 1904ല്‍ തൃപ്പൂണിത്തുറയില്‍ നിന്ന് പ്രസിദ്ധീകരിച്ച ഈ മാസികയുടെ ഉടമസ്ഥന്‍ കെ നാരായണമേനോന്‍ ആയിരുന്നു. മറ്റ് പ്രവര്‍ത്തകരെല്ലാം സ്ത്രീകളായിരുന്നു. റാണി സേതുലക്ഷ്മിഭായി, റാണി പാര്‍വ്വതീ ഭായി തമ്പുരാട്ടി , ഇക്കുവമ്മ തമ്പുരാട്ടി എന്നിവര്‍ രക്ഷാധികാരികളും ടി.സി. കല്യാണിയമ്മ ,.അമ്മുക്കുട്ടിയമ്മ, ബി.കല്യാണിയമ്മ എന്നിവര്‍ പ്രസാധകരുമായി തുടങ്ങിയ ശാരദ രണ്ട് വര്‍ഷം നിലനിന്നു. പിന്നീട് ഒരു വര്‍ഷത്തിനു ശേഷം സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ നേതൃത്വത്തില്‍ ബി. കല്യാണിയമ്മ മേല്‍നോട്ടം വഹിച്ചുകൊണ്ട് ശാരദ വീണ്ടും പ്രസിദ്ധീകരിച്ചു. സ്ത്രീവിഷയങ്ങള്‍ ശക്തമായി കൈകാര്യം ചെയ്തിരുന്ന ശാരദ 1910 സെപ്റ്റംബര്‍ 26ന് സ്വദേശാഭിമാനി പത്രം കണ്ടുകെട്ടി പത്രാധിപരെ നാടുകടത്തിയതോടെ പ്രസിദ്ധീകരണം നിലച്ചു . ശാരദ, മഹിളാരത്നം, ശ്രീമതി തുടങ്ങി നിരവധി സ്ത്രീമാസികകള്‍ തുടര്‍ന്നുള്ള കാലങ്ങളില്‍ പല സ്ഥലങ്ങളില്‍ നിന്ന് സ്ത്രീകള്‍ക്കായി പ്രസിദ്ധീകരിക്കപ്പെട്ടു. സ്വാതന്ത്ര്യസമരകാലത്ത് പത്രപ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും തമ്മില്‍ ചേര്‍ന്ന് വ്യത്യസ്തമായ ഒരു ശൈലി കേരളത്തില്‍ പ്രബലമായി. കെ. കല്യാണികുട്ടിയമ്മ, എ.പി. കുട്ടിമാളുഅമ്മ, യശോദ ടീച്ചര്‍ തുടങ്ങിയ നിരവധി സ്ത്രീകള്‍ പത്രപ്രവര്‍ത്തനരംഗത്തെ രാഷ്ട്രീയവുമായി ഇഴചേര്‍ത്ത് ശക്തമായി പ്രവര്‍ത്തിച്ചു . യശോദ ടീച്ചറിനെ മലയാള പത്രപ്രവര്‍ത്തന ചരിത്രത്തിലെ ആദ്യത്തെ സ്വന്തം ലേഖിക (സ്വലേ) എന്ന് പറയാം. സഹോദരന്‍ പത്രത്തിന്‍റെ പത്രാധിപര്‍ അയ്യപ്പന്‍റെ ഭാര്യ പാര്‍വതി, അന്നാചാണ്ടി, പ്രിയദത്ത കല്ലാട്ട് തുടങ്ങി നിരവധി സ്ത്രീകള്‍ പത്രപ്രവര്‍ത്തനരംഗത്ത് ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. മലയാളത്തിലെ ആദ്യ മുസ്ലിം പത്രാധിപ എന്ന നിലയില്‍ ഈ അടുത്തകാലത്ത് പ്രസിദ്ധിയിലേക്ക് വന്ന എം. ഹലീമ ബീവി ആവേശമുണര്‍ത്തുന്ന കാര്യങ്ങളാണ് ചെയ്തിട്ടുള്ളത്. 1940 കാലഘട്ടത്തില്‍ മൂന്ന് പ്രസിദ്ധീകരണങ്ങള്‍ അവര്‍ നടത്തി. മുസ്ലിം വനിത, ഭാരതചന്ദ്രിക, ആധുനിക വനിത. തിരുവല്ലയില്‍ സ്വന്തമായി പ്രസ്സ് നടത്തുകയും അച്ച് നിരത്തുന്നതു മുതലുള്ള ജോലികള്‍ സ്വയം ചെയ്യുകയും ചെയ്തിരുന്ന ഹലീമാബീവി സര്‍ സി പിക്കെതിരായ സമരത്തില്‍ ധൈര്യപൂര്‍വ്വം പങ്കെടുക്കുകയും ലഘുലേഖകളും മറ്റും അച്ചടിച്ച് കൊടുത്ത് പ്രക്ഷോഭകാരികള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു. പുരുഷനുള്ള അവകാശങ്ങള്‍ സ്ത്രീക്കുമുണ്ടെന്ന് അവര്‍ പ്രസ്താവിച്ചു . 1938ല്‍ തിരുവല്ലയില്‍ അഖില തിരുവിതാംകൂര്‍ മുസ്ലിം വനിതാ സമാജം രൂപീകരിക്കാന്‍ വിളിച്ചു കൂട്ടിയ സമ്മേളനത്തില്‍ ഹലീമ ബീവി നടത്തിയ സ്വാഗത പ്രസംഗം എത്രമാത്രം ധീര യായിരുന്നു അവരെന്ന് തെളിയിക്കുന്നതായിരുന്നു. 1938 മുതല്‍ 1945 വരെ തിരുവല്ല മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ആയിരുന്നു ഹലീമാ ദേവി . ഖുര്‍ആനും ഹദീസുകളും സ്ത്രീയുടെ പരിപ്രേക്ഷ്യത്തില്‍ നോക്കിക്കാണാന്‍ അവര്‍ ധൈര്യം കാട്ടി. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി. രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ ഉന്നത ഉദ്യോഗം നല്‍കാമെന്ന് സി.പി.രാമസ്വാമി അയ്യര്‍ നല്‍കിയ വാഗ്ദാനം അവഗണിച്ച ഹലീമാബീവി പക്ഷേ, ചരിത്രത്തില്‍ എവിടെയും രേഖപ്പെടുത്തപ്പെട്ടില്ല. കേരള നടുവാതല്‍ മുജാഹിദീന്‍ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചിരുന്ന അവര്‍ 1959ല്‍ നടന്ന മുജാഹിദ്ദീന്‍റെ സമ്മേളനത്തിന്‍റെ അധ്യക്ഷയായിരുന്നു . എന്നാല്‍ മുസ്ലിം നവോത്ഥാന ചരിത്രത്തിലും അവരുടെ പേരില്ല . എഴുത്തുകാരന്‍ മുജീബ് റഹ്മാന്‍ കിണാലൂര്‍ കേരളത്തിലെ മുസ്ലിം നവോത്ഥാനത്തെ കുറിച്ചുള്ള ഒരു പഠനത്തിനു വേണ്ടി വിവരങ്ങള്‍ സമാഹരിക്കുന്നതിന് ഇടയില്‍ അപ്രതീക്ഷിതമായി ഹലീമയുടെ പേര് കാണുകയും അദ്ദേഹത്തില്‍ നിന്ന് നൂറ, നൂര്‍ ജഹാന്‍ എന്നീ രണ്ട് ഗവേഷകര്‍ അവരുടെ ചരിത്രം തേടി പോവുകയും ചെയ്തതിലൂടെയാണ് ഏറെയൊന്നും ദൂരെയല്ലാത്ത ഒരു കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മുന്‍സിപ്പല്‍ കൗണ്‍സിലറും പബ്ലിഷറും എഡിറ്ററുമായിരുന്ന ഹലീമയുടെ ജീവിതകഥ എത്ര ക്രൂരമായി ചരിത്രത്തില്‍നിന്ന് ഇല്ലാതാക്കി എന്നും കണ്ടെത്തിയത്. സ്ത്രീ ആയതുകൊണ്ടും മുസ്ലിം ആയതുകൊണ്ടും ആയിരിക്കാം ഇങ്ങനെ സംഭവിച്ചത് എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. പത്രപ്രവര്‍ത്തനരംഗത്ത് സ്ത്രീകള്‍ കടന്നുവരാന്‍ മടിച്ചിരുന്ന കാലത്ത് തിളക്കമാര്‍ന്ന രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സ്ത്രീയുടെ ജീവിതമാണ് ചരിത്രത്താളുകളില്‍ ഇല്ലാതെപോയത് എന്നത് ചെറിയ കാര്യമല്ല .
2020 മെയ് 11ന് അഹമ്മദാബാദില്‍ വെച്ച് എണ്‍പത്തെട്ടാം വയസ്സില്‍ അമിനി ശിവറാം അന്തരിച്ചു എന്ന വാര്‍ത്ത വായിക്കുന്നത് വരെ അങ്ങനെ ഒരു പത്രപ്രവര്‍ത്തകയെ കുറിച്ച് പലര്‍ക്കും ഒരു നിശ്ചയവും ഇല്ലായിരുന്നു. മൂവാറ്റുപുഴ കോഴയ്ത്താട്ടു തോട്ടത്തില്‍ വര്‍ക്കി മത്തായിയുടെ മകളായ അമ്മിണി എറണാകുളം സെന്‍റ് തെരേസാസ് കോളേജില്‍ നിന്ന് ബിരുദവും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി 1953ല്‍ ബോംബെയില്‍ ഫ്രീ പ്രസ് ജേര്‍ണലിന്‍റെ സബ് എഡിറ്ററായി ചേര്‍ന്നു. ടി.ജെ.എസ്.ജോര്‍ജ്, ബാല്‍ താക്കറെ, അപ്പാറാവു, പി. കെ., രവീന്ദ്രനാഥ് തുടങ്ങി നിരവധി പ്രതിഭാശാലികള്‍ക്കൊപ്പമാണ് അവര്‍ അവിടെ ജോലിയെടുത്തത്. അമ്നി എന്ന ബൈലൈനില്‍ എഴുതിയിരുന്ന അമ്മിണി അന്ന് ചീഫ് സബ് എഡിറ്ററായി ഒപ്പമുണ്ടായിരുന്ന ശിവറാമിനെ വിവാഹം കഴിച്ചു. പത്രത്തിന്‍റെ ഒന്നാം പേജില്‍ സോപ്പ് പൊടിയുടെ പരസ്യം പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ച് രാജിവെച്ച പത്രപ്രവര്‍ത്തകയാണ് അമ്നി. മറ്റ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം രാജിവെച്ച അവര്‍ പിന്നീട് മുഴുവന്‍ സമയ പത്രപ്രവര്‍ത്തനരംഗത്ത് തുടര്‍ന്നില്ല. ഇന്ത്യന്‍ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ഇംഗ്ലീഷ് പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു .’മൈ ടൗണ്‍ മൈ പീപ്പിള്‍’ എന്നൊരു പുസ്തകം അവര്‍ രചിച്ചു. 1953ല്‍ ബോംബെയിലെ ഫ്രീ പ്രസ് ജേര്‍ണലില്‍ ചേരുമ്പോള്‍ പുരുഷന്മാര്‍ മാത്രമുള്ള ഒരിടമായിരുന്നു അത് . കോഫി കുടിക്കാന്‍ പോയിട്ട് വെള്ളം കുടിക്കാന്‍ പോലും പേടിയായിരുന്നുവെന്ന് അവര്‍ പിന്നീട് പറഞ്ഞിട്ടുണ്ട്.
സ്വാതന്ത്ര്യസമരകാലത്ത് രാഷ്ട്രീയപ്രവര്‍ത്തനത്തിനൊപ്പം പത്രപ്രവര്‍ത്തനവും കൊണ്ടുപോകാന്‍ ധാരാളം സ്ത്രീകള്‍ മുന്നോട്ട് വന്നിരുന്നു വെങ്കില്‍ സ്വാതന്ത്ര്യത്തിനു ശേഷമുള്ള മലയാള പത്ര പ്രവര്‍ത്തന മേഖല ഏറെക്കാലം സ്ത്രീകള്‍ക്ക് പ്രാപ്യമല്ലാത്തതായി നിലകൊണ്ടു. ശുഷ്കം എന്ന് തന്നെ പറയാവുന്ന തരത്തിലുള്ള സ്ത്രീസാന്നിധ്യമേ തുടര്‍ന്നുള്ള ദശകങ്ങളില്‍ ഉണ്ടായിട്ടുള്ളൂ. കെ.പദ്മം, അമ്പാടി കാര്‍ത്ത്യായനിയമ്മ, വി. പാറുക്കുട്ടിയമ്മ, തങ്കം മേനോന്‍ തുടങ്ങിയ സ്ത്രീകള്‍ മാത്രമേ അക്കാലയളവില്‍ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ എത്തിയിട്ടുള്ളൂ. അവരില്‍ പലരും പരിഭാഷ, പ്രൂഫ്, ലൈബ്രറി തുടങ്ങിയ മേഖലകളിലാണ് പ്രവര്‍ത്തിച്ചിരുന്നത്. തങ്കം മേനോന്‍ 1973 ല്‍ കുറച്ചുകാലം മാതൃഭൂമിയില്‍ ന്യൂസ് എഡിറ്ററുടെ ചുമതല നിര്‍വഹിച്ചു. പിന്നീട് കുറച്ചു നാള്‍ അസിസ്റ്റന്‍റ് എഡിറ്ററായി ജോലി ചെയ്യുകയുമുണ്ടായി.. ആദ്യകാലത്ത് ജനയുഗത്തില്‍ ട്രെയിനികളായി പ്രവര്‍ത്തിച്ച ഗീത നസീര്‍ ,പി. എസ് .നിര്‍മ്മല,ഷൈല സി. ജോര്‍ജ് എന്നിവരില്‍ ഗീതാ നസീര്‍ പിന്നീട് ജനയുഗത്തിന്‍റെ കോര്‍ഡിനേറ്റിംഗ് എഡിറ്ററായി വിരമിച്ചു . പി.എസ് .നിര്‍മ്മല മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകയായി .1979 ല്‍ പി ബി ലല്‍കാര്‍ മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകയായെത്തി.പത്രപ്രവര്‍ത്തനത്തില്‍ ഡോക്ടറേറ്റ് നേടിയ ലല്‍കാര്‍ ദീര്‍ഘകാലം മാതൃഭൂമിയില്‍ പ്രവര്‍ത്തിച്ചു.
ദേശാഭിമാനിയില്‍ 1984 ല്‍ തുളസി ഭാസ്കരന്‍ സബ് എഡിറ്ററായി ചേര്‍ന്നു . അവര്‍ അവിടെ ന്യൂസ് എഡിറ്റര്‍ വരെ ആയി. 1987 ല്‍ ആര്‍.പാര്‍വ്വതിദേവി ദേശാഭിമാനിയില്‍ എത്തി .1985ല്‍ എം .പ്രീതി ,1987ല്‍ എം. ബിലീന എന്നിവര്‍ മാതൃഭൂമിയില്‍ സബ് എഡിറ്റര്‍മാര്‍ ആയി ചേര്‍ന്നു. അവര്‍ ബ്യൂറോ ചീഫ് ,സ്പെഷ്യല്‍ കറസ്പോണ്ടന്‍റ് സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു.
1987ല്‍ കേരളകൗമുദിയില്‍ ആണ് ഞാന്‍ മുഴുവന്‍ സമയപത്ര പ്രവര്‍ത്തനമാരംഭിച്ചത്. പ്രശസ്ത എഴുത്തുകാരി കൂടിയായ കെ ആര്‍ മീര 1993 ല്‍ മലയാള മനോരമയിലെ ആദ്യത്തെ വനിതാ പത്രപ്രവര്‍ത്തകയായി ചേര്‍ന്നു .വിനീതാ ഗോപി മീരയുടെ പിന്തുടര്‍ച്ചക്കാരിയായി. ലീലാമേനോന്‍ , പ്രേമ മന്മദന്‍ എന്നിവര്‍ ഇംഗ്ലീഷ് പത്രപ്രവര്‍ത്തന രംഗത്ത് സ്വന്തമായി വ്യക്തിമുദ്രപതിപ്പിച്ച് ന്യൂസ് എഡിറ്റര്‍ വരെ ആയി. ലീലാമേനോന്‍ ജന്മഭൂമി പത്രത്തിന്‍റെ ചീഫ് എഡിറ്റര്‍ ആയിട്ടാണ് വിടപറഞ്ഞത്.
ഇന്ത്യന്‍ മാധ്യമ രംഗത്ത് കാതലായ മാറ്റങ്ങള്‍ വരുത്താന്‍ പ്രാപ്തരായ നിരവധി വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഇക്കാലത്തിനിടയിലുണ്ടായി. പ്രഭാദത്ത് എന്ന പത്രപ്രവര്‍ത്തക 1964ല്‍ ന്യൂഡല്‍ഹിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ പരിശീലനത്തിനായി ചെന്നു. പരിശീലനകാലം കഴിഞ്ഞപ്പോള്‍ സ്ത്രീകളെ ജോലിക്ക് എടുക്കാനാവില്ല എന്ന് സ്ഥാപനം അറിയിച്ചു. കുറച്ചുകാലം കഴിഞ്ഞ് ഹിന്ദുസ്ഥാന്‍ ടൈംസ് സ്ത്രീകളെ ജോലിക്ക് എടുക്കാന്‍ തീരുമാനിച്ചു എന്നറിഞ്ഞ് പ്രഭാദത്ത് അവിടെയെത്തി ജോലി ആവശ്യപ്പെട്ടു. ദേശീയ പത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ റിപ്പോര്‍ട്ടറായി പ്രഭാദത്ത്. പ്രഭാദത്തിന്‍റെ മകള്‍ ബര്‍ക്കാദത്ത് റിപ്പോര്‍ട്ടിംഗ് രംഗത്ത് മികവ് തെളിയിച്ച് ലോകശ്രദ്ധ പിടിച്ചുപറ്റിയ മാധ്യമപ്രവര്‍ത്തകയാണ്. 1999-ലെ കാര്‍ഗില്‍ യുദ്ധം, 2008ലെ പാര്‍ലമെന്‍റ് ആക്രമണം എന്നിവയില്‍ അവരുടെ റിപ്പോര്‍ട്ടിംഗ് ശ്രദ്ധേയമായിരുന്നു. ഏറ്റവുമൊടുവില്‍ കോവിഡ് കാലത്ത് മോജോസ്റ്റോറി എന്ന സ്വന്തം ചാനലിലൂടെ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് അവര്‍ പകര്‍ത്തിയ കോവിഡ് കാല ജീവിതം വികസനോന്മുഖമായ മാധ്യമപ്രവര്‍ത്തനത്തിന് എക്കാലവും പാഠപുസ്തകമായി നിലനില്‍ക്കും .
ഇന്ത്യ കണ്ട മികച്ച മാധ്യമ പ്രവര്‍ത്തകയായ റാണ അയ്യൂബ് കൊവിഡ് കാലത്ത് സ്വന്തം ആരോഗ്യം പോലും നോക്കാതെ രോഗബാധിതര്‍ക്കും കുടുംബങ്ങള്‍ക്കും ആശ്വാസം എത്തിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ട് മാതൃക സൃഷ്ടിച്ചു. അനിതാ പ്രതാപ്, സുനിത നാരായണന്‍, ഉഷാ റായ്, ടീസ്റ്റ സെതല്‍വാദ് , ഗൗരിലങ്കേഷ് , സാഗരിക ഘോഷ്, സുചേത ദലാല്‍, വാസവി കിരോ, ശാലിനി ജോഷി, ദിശ മല്ലിക് , നിരുപമ സുബ്രഹ്മണ്യന്‍,വിനിത ദേശ്മുഖ്, ഷഹനാസ് ആങ്ക്ലേ സാരിയ അയ്യര്‍, ശിഖ ത്രിവേദി, സോനു ജെയ്ന്‍, തവ് ലീന്‍ സിംഗ്, സെവന്തി നൈനാന്‍, കല്പനാ ശര്‍മ്മ, രത്ന ബരാലി താലൂക്ക് ദാര്‍ , സബീന ഗാന്ധി ഹോകെ, സി. വനജ ,അവന്തിക സിങ്,മായന്തി ലങ്കര്‍,ശ്വേത സിംഗ്,ശൈലി ചോപ്ര,ഷെരീന്‍ ബാന്‍, സീമ ചിഷ്ടി,ഫയേ ഡിസൂസ, നേഹ ദീക്ഷി ത്, ലക്ഷ്മി മൂര്‍ത്തി , ഗീത അറുവാമുദന്‍, സുചിത്ര .എം,വാസന്തി ഹരി പ്രകാശ് , പ്രിയങ്ക പുല്ല, രമാ നാഗരാജന്‍, ദീന താക്കര്‍, പ്രഭാ രാഘവന്‍, വിദ്യാ കൃഷ്ണന്‍, അവന്തിക ഘോഷ്, ടി .കെ. രാജലക്ഷ്മി തുടങ്ങി നിരവധി വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യയുടെ നാനാ കോണുകളില്‍ വിവിധ ഭാഷകളില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഈ പേരുകള്‍ക്ക് അപ്പുറത്ത് നിരവധി പേര്‍ മാധ്യമ രംഗത്ത് തിളക്കമാര്‍ന്ന പ്രകടനം നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ സമീപകാല മാധ്യമ ചരിത്രത്തില്‍ സിന്ധു സൂര്യകുമാര്‍,ഷാനി പ്രഭാകരന്‍, എം. എസ് .ശ്രീകല, ശ്രീദേവി പിള്ള, നിഷ പുരുഷോത്തമന്‍,മനില. സി .മോഹന്‍, വി. എം. ദീപ, വിധു വിന്‍സെന്‍റ് ,റെജി ആര്‍ നായര്‍, ഗീത ബക്ഷി, നിലീന അത്തോളി, സീമ മോഹന്‍ലാല്‍ ,രേണു രാമനാഥ് , സ്മൃതി പരുത്തിക്കാട്, അനുപമ വെങ്കിടേശ്വരന്‍,അപര്‍ണ കുറുപ്പ് , ശ്രീജ ശ്യാം ,ബീനാറാണി ,ടി. ആര്‍ .രമ്യ, അഞ്ജന ശശി, രാഖി (ഫോട്ടോഗ്രാഫര്‍) തുടങ്ങിയ ഒരു വലിയ നിര തന്നെയുണ്ട്.
ഇന്ത്യന്‍ പത്ര ലോകത്ത് തികച്ചും വ്യത്യസ്തമായ പത്രപ്രവര്‍ത്തന അനുഭവങ്ങള്‍ കാഴ്ചവെക്കുന്ന രണ്ടു സ്ത്രീ കൂട്ടായ്മകളാണ് ആന്ധ്രയിലെ നവോദയയും ഉത്തര്‍പ്രദേശിലെ ഖബര്‍ ലഹാരിയയും . സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് ഇവരുടേത്. ഖബര്‍ ലഹാരിയ ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജില്ലയില്‍ 2002 മെയ് മാസത്തിലാണ് ആദ്യമായി ആരംഭിച്ചത്. ബാന്ദ ജില്ലയിലും ബീഹാറിലെ സീതാമഡി ജില്ലയിലും പിന്നീട് ഖബ്ബര്‍ ലഹാരിയ എഡിഷനുകള്‍ ആരംഭിച്ചു. പുരുഷ കേന്ദ്രിതമായ മാധ്യമലോകത്ത് സ്ത്രീകള്‍ കൂട്ടായി നടത്തിയ പരീക്ഷണമാണിത്. ദളിത്-ആദിവാസി മുസ്ലിം വിഭാഗങ്ങളിലേയും മറ്റു പിന്നാക്ക ജാതികളി ലേയും സ്ത്രീകള്‍ ഈ പത്രത്തില്‍ പത്രപ്രവര്‍ത്തകരായി ജോലി ചെയ്യുന്നു . മൂന്ന് എഡിഷനുകളില്‍ ചിത്രകൂടിലും ബാന്ദയിലും പ്രാദേശിക ഭാഷയായ ബുന്ദേലിയിലും സീതാമഡിയില്‍ വഞ്ചിക ഭാഷയിലുമാണ് പത്രം ഇറങ്ങുന്നത് . ഈ പ്രദേശത്തെ പ്രാദേശിക ഭാഷയിലുള്ള ഏക പത്രം ആണിതെന്നത് എടുത്തുപറയേണ്ടതാണ്. ആന്ധ്രാ പ്രദേശിലെ നവോദയ ഗ്രൂപ്പ് ഇതുപോലെ ഒരു ഗ്രാമീണ പത്രം നടത്തുന്നുണ്ട്.
ഇന്ത്യയിലെ വനിതാ മാധ്യമപ്രവര്‍ത്തകരുടെ ഇടയില്‍ ആത്മവിശ്വാസവും സൗഹൃദവും വളര്‍ത്തിയ നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ ഇന്ത്യയെ കുറിച്ച് പറയാതെ സ്ത്രീകളും മാധ്യമവും എന്ന വിഷയത്തെക്കുറിച്ച് ചിന്തിക്കാനാവില്ല. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മാധ്യമ പ്രവര്‍ത്തനം നടത്തുന്ന സ്ത്രീകള്‍ ഒരുമിക്കുന്ന മനോഹരമായ കൂട്ടായ്മയാണിത്. ഓരോ സംസ്ഥാനത്തും നടക്കുന്ന സമ്മേളനങ്ങളും വാര്‍ഷിക സമ്മേളനങ്ങളും അംഗങ്ങള്‍ക്കിടയില്‍ ദൃഢമായ സൗഹൃദബന്ധങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നു.
വനിതാമാധ്യമപ്രവര്‍ത്തകരുടെ പ്രശ്നങ്ങളില്‍ എന്‍.ഡബ്ല്യു.എം.ഐ ക്രിയാത്മകമായി ഇടപെടുന്നു. ഫെല്ലോഷിപ്പുകളും അവാര്‍ഡുകളും നല്‍കി പ്രോത്സാഹിപ്പിക്കാനും മാധ്യമമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും ഈ കൂട്ടായ്മ ശ്രദ്ധിക്കുന്നു.
2010 ല്‍ കോഴിക്കോട് വച്ചു നടന്ന ദേശീയ സമ്മേളനത്തോടെയാണ് കേരളത്തില്‍ നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ സജീവമാകുന്നത്.എം.സുചിത്ര,വിധു വിന്‍സെന്‍റ്,റെജി ആര്‍ നായര്‍,കെ.എ. ബീന,ചിത്രാ അജിത്,രമ്യ ടി ആര്‍,അഞജ്നാശശി,ഗായത്രി തുടങ്ങിയ മാധ്യമപ്രവര്‍ത്തകരാണ് ദേശീയ സമ്മേളനം നടത്താന്‍ മുന്നില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് തിരുവനന്തപുരം,എറണാകുളം,കോഴിക്കോട് തുടങ്ങി മൂന്നു ഗ്രൂപ്പ് കളായി ഈ കൂട്ടായ്മ പ്രവര്‍ത്തനം തുടര്‍ന്നു.
വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഫെല്ലോഷിപ്പ് ,മികച്ച വനിതാ പ്രസിദ്ധീകരണത്തിന് അവാര്‍ഡ്, വിവിധ പുരസ്കാരങ്ങള്‍ നേടിയ വനിത മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരം, മാധ്യമരംഗവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് വര്‍ക്ക് ഷോപ്പുകളും സെമിനാറുകളും സംഘടിപ്പിക്കുക ഇവയൊക്കെ നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ പരിപാടികളില്‍ പെടുന്നു. വനിതാ മാധ്യമ പ്രവര്‍ത്തകരെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങളില്‍ ഇടപെടാനും പരിഹാരം കണ്ടെത്താനും ഇക്കാലയളവില്‍ കൂട്ടായ്മക്ക് കഴിഞ്ഞിട്ടുണ്ട് .
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് തമ്മില്‍ പരിചയപ്പെടാനും ഒത്തുകൂടാനും അനുഭവങ്ങള്‍ പങ്കു വെക്കാനുമുള്ള വേദി എന്നതിനൊപ്പം മാധ്യമരംഗത്ത് ഒരു തിരുത്തല്‍ ശക്തിയായി നിലനില്‍ക്കുന്നു എന്നതും ഈ കൂട്ടായ്മയുടെ പ്രത്യേകതയാണ്. മാധ്യമരംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുന്ന ഇന്ത്യന്‍ സ്ത്രീകളുടെ നില അനുദിനം നീണ്ടു വരികയാണ് .നീതിബോധവും മൂല്യബോധമുള്ള ഈ സ്ത്രീകള്‍ മാധ്യമരംഗത്ത് സൃഷ്ടിക്കുന്നത് ആശാവഹമായ മാറ്റങ്ങളാണ്. ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ ഏറെ പേര്‍ക്കും കഴിയുന്നു എന്നത് ചെറിയ കാര്യമല്ല. കടന്നുവരുന്ന കാലത്തിനു വേണ്ടി അവര്‍ സൃഷ്ടിച്ചെടുക്കുന്ന മാധ്യമസംസ്കാരം ഈടുറ്റതാണ്.
റോയിട്ടേഴ്സിന്‍റെ 170 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി എഡിറ്റര്‍-ഇന്‍-ചീഫ് ആയി ഒരു വനിത(അലസ്സാന്ദ്ര ഗലോണി) നിയമിതയായി എന്നത് എടുത്തു പറയാവുന്ന മറ്റൊരു കാര്യമാണ്. വലിയൊരു മാറ്റത്തിന്‍റെ തുടക്കമോ തുടര്‍ച്ചയോ ആയി ഇതിനെ കണക്കാക്കാം.മാധ്യമരംഗത്ത് ലിംഗസമത്വത്തിന്‍റെ കാലം കടന്നു വരുന്നു എന്ന പ്രതീക്ഷകള്‍ക്ക് ഇത്തരം വാര്‍ത്തകള്‍ വഴിയൊരുക്കുന്നു.
COMMENTS