Homeചർച്ചാവിഷയം

ഇന്ത്യന്‍ രാഷ്ട്രീയം അകത്തളങ്ങളില്‍

 

രാഷ്ട്രീയം എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് അധികാര രാഷ്ട്രീയമാണ്. ഇത് ജീവിതത്തിന്‍റെ സമസ്ഥ മേഖലകളുമായി കൂടി കുഴഞ്ഞ് കിടക്കുന്നു. ഒന്നില്‍ നിന്നും വേര്‍പെടുത്തി പറയാനാവില്ല. ചരിത്രവും വര്‍ത്തമാനവും ഭാവിയുമായും കൂടി കിടക്കുന്നു. ഭൗതികവും ആശയപരനും മാനസികവും ശാരീരികവും അധികാരത്താല്‍ പ്രത്യക്ഷമായും പരോക്ഷമായും നിയന്ത്രിക്കുന്നു.

ഇന്ന് നാടിന്‍റെ വളര്‍ച്ച കച്ചവടം നടത്തുമ്പോള്‍ നടക്കുന്ന ജി.ഡി.പി.യുടെ അളവിലാണോ സമാധാനവും സന്തോഷവുമായി മനുഷ്യര്‍ ജീവിച്ചതതിന്‍റെ അളവിലോ എന്ന് തീരുമാനിക്കുന്നത് ഈ അധികാരമാണ്. ജനങ്ങളുടെ ജീവിത രീതിയും വികസനവും തീരുമാനിക്കുന്നത് ഈ അധികാരമാണ്. യുദ്ധോപകരണങ്ങള്‍ വാങ്ങണോ ഭക്ഷ്യ കാര്‍ഷിക വിഭവങ്ങള്‍ ഉണ്ടാക്കണോ എന്ന് തീരുമാനിക്കുന്നത് ഈ അധികാരമാണ്. ലൈംഗിക ബന്ധം ആരോട് ആവാം ആരോട് പാടില്ല എന്ന് തീരുമാനിക്കുന്നത് അധികാരമാണ്. ലോകം ഒരു ഗ്ലോബല്‍ വില്ലേജ് ആയ കാലത്ത് വ്യക്തിക്കോ വീടിനോ പ്രദേശത്തിനോ രാജ്യത്തിനോ മാത്രമായി അധികാരം പ്രയോഗിക്കാനാവില്ല.
അധികാരം എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് ‘പ്രകൃതിവിഭവങ്ങളും മനുഷ്യ അധ്വാനവും സ്വത്തും അറിവുകളും എല്ലാം നിര്‍മ്മിക്കുന്നതും ഉപയോഗിക്കുന്നതും വിതരണം ചെയ്യുന്നതും മുന്‍ഗണനകള്‍ നല്‍കുന്നതും നിയന്ത്രിക്കുക’ എന്നതാണ്. എഴുതപ്പെട്ട ചരിത്രത്തില്‍ എല്ലാം തന്നെ ഈ അധികാരത്തില്‍ ബോധപൂര്‍വ്വം ഇടപെടാനുള്ള സ്ത്രീയുടെ സാഹചര്യം വളരെ വളരെ പരിമിതമായിരുന്നു. തലമുറകള്‍ കൈമാറുന്ന സ്വത്ത് അതായത് സ്വകാര്യ സ്വത്തിന്‍റെ ആവിര്‍ഭാവത്തോടെ തന്നെ സ്ത്രീകളുടെ സ്വതന്ത്രമായ തെരഞ്ഞെടുപ്പുകളള്‍ അസാദ്ധ്യമായി. പുരുഷന്‍റെ പിന്‍തുടര്‍ച്ചാവകാശിയെ ഉറപ്പാക്കുന്നത് സ്ത്രീയുടെ ലൈംഗീകതയെ , സ്ത്രീയെ നിയന്ത്രിച്ചു കൊണ്ടാണല്ലോ. അതിജീവനത്തില്‍ നിന്ന് സ്വത്ത് സമ്പാദനത്തിലേക്ക് മാറിയപ്പോള്‍ പെണ്ണിന്‍റെ അധികാരം നഷ്ടമായി. സ്ത്രീയുടെ യവ്വന കാലം മുഴുവന്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിന് ആവശ്യമായ ഗര്‍ഭധാരണം, പ്രസവം. ശിശു സംരക്ഷണം തുടങ്ങിയവക്കായി മാറ്റിവയ്ക്കുമ്പോള്‍ പുരുഷനോട് മത്സരിച്ച് സ്വത്ത് സമ്പാദനം ക്ലേശകരമായിരുന്നു . പിന്നീട് സമൂഹത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ എല്ലാം സ്വകാര്യസ്വത്ത് ശരിയും അതിന്‍റെ അടിസ്ഥാനത്തിലുമായിരുന്നെന്ന് കാണാം. അതുകൊണ്ടു തന്നെ പിന്നിടുള്ള എല്ലാ കാലത്തും ഉല്പാദന ഉപയോഗ വിതരണ നിയന്ത്രണത്തില്‍ സ്ത്രീക്ക് അധികാരമുണ്ടായിരുന്നില്ല. മാത്രമല്ല തുടര്‍ന്നു എല്ലാത്തിന്‍റേയും മൂല്യങ്ങള്‍ നിര്‍ണയിക്കുന്നത് ഈ പുരുഷ അധികാരത്തിന്‍റെ ഭാഗത്തുനിന്നു കൊണ്ടായിരുന്നു. സ്ത്രീയുടെ മൂല്യം കല്പിച്ചിരുന്നത് അധികാരിയായ പുരുഷ വര്‍ഗ്ഗത്തിന് എത്രമാത്രം ആശ്രിതത്വം ഉണ്ട് എന്നതിനെ അടിസ്ഥാനമാക്കിയായിരുന്നു.

നീതി, ന്യായം, ധര്‍മ്മം, ശരി, നല്ലത്, സുന്ദരം എല്ലാം നിര്‍ണ്ണയിക്കപ്പെട്ടത് അധികാരിയായ പുരുഷന്‍റെ പ്രയോജനത്തെ അടിസ്ഥാനമാക്കിയായിരുന്നു. അവരുടെ അധികാരത്തെ തടസ്സപ്പെടുന്നതും ചോദ്യം ചെയ്യുന്നതുമെല്ലാം മ്ലേഛവും തെറ്റും കുറ്റകരവുമായിരുന്നു.

ഒന്നിന്‍റെ മൂല്യവും വിലയും തീരുമാനിക്കുന്നത് അധികാരിയാ പുരുഷേഛക്ക് എത്രമാത്രം ഗുണപ്രദമാണ് എന്നത് അടിസ്ഥാനമാക്കിയാണ്. ശക്തിയും ബലപ്രയോഗവും വഴി നേടിയ അധികാരം ഈ വിധം മൂല്യങ്ങള്‍ സൃഷ്ടിച്ച് ബോധനിര്‍മ്മിതിയോടെ ഉറപ്പിച്ചു. ആരോഗ്യമുള്ള, കാര്യങ്ങള്‍ ഗ്രഹിക്കാന്‍ പ്രാപ്തിയുള്ള, ജോലി ചെയ്യാന്‍ കഴിവുള്ള സ്ത്രീയല്ല, പുരുഷന്‍റെ കാഴ്ചക്കും സുഖത്തിനും , പറ്റുന്നവരാണ് സ്വീകരിക്കപ്പെടുന്നത്. ഈ സമൂഹത്തില്‍ ഗര്‍ഭധാരണം പ്രസവം മുലയൂട്ടല്‍ പോലുള്ള പെണ്‍ ശക്തിയാല്‍ മറികടക്കുക സാദ്ധ്യമല്ലെന്ന് മാത്രമല്ല, സ്ത്രീയുടെ ഈ കഴിവുകള്‍ നീചമാവും കഴിവുകേടുകളായും സ്ഥാപിക്കുകയും ചെയ്തു. പുരുഷന്‍റെ ഇഛക്കല്ലാതെയുള്ള സ്ത്രീയുടെ ലൈംഗികതയും ഗര്‍ഭധാരണവും ശിശുക്കളും നീചവും നിന്ദ്യവും അപമാനകരവും ശിക്ഷാര്‍ഹവുമാക്കി .

വിഭവങ്ങളുടെ ദൗര്‍ലഭ്യവും, കേന്ദ്രീകരണവും നിലനില്‍പിനും അധികാരത്തിനുമൊക്കെയുള്ള സംഘര്‍ഷങ്ങള്‍ എക്കാലത്തും സംഭവിച്ചു കൊണ്ടിരുന്നു. ദേശത്തിന്‍റേയും ഭാഷയുടേയും വംശത്തിന്‍റേയും ഗോത്രങ്ങളുടേയും മതങ്ങളുടേയും കുടുംബങ്ങളുടയും, രാജ്യങ്ങളുടേയും രാഷ്ടീയ പ്രസ്ഥാനങ്ങളുടേയും എല്ലാം പേരില്‍ സംഘടിക്കുകയും അധികാരത്തിനു വേണ്ടി യുദ്ധങ്ങളും സംഘട്ടനങ്ങളും മത്സരങ്ങളും നിരന്തര സംഭവങ്ങളാണ്. ഇതൊന്നും സ്ത്രീകള്‍ക്ക് അധികാരം ലഭിക്കാനായിരുന്നില്ല. ഈ എല്ലാ സംഘട്ടനങ്ങളിലും സ്ത്രീ വിധേയരോ ചുരുങ്ങിയിടങ്ങളില്‍ നടത്തിപ്പുകാരോ ആയിട്ടുണ്ട്. എന്നാല്‍ ഒറ്റക്കും ഒറ്റപ്പെട്ടതുമായ നിരവധി പ്രതിഷേധങ്ങള്‍ സ്ത്രീകളുടെ ഭാഗത്തുനിന്ന് നിലനില്‍പ്പിനും സ്വത്വാവിഷ്കാരത്തിനും വേണ്ടി ഉണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യമെന്നാല്‍ തെരഞ്ഞെടുക്കാനുള്ള അധികാരമാണ്. സ്ത്രീകളുടെ ഈ അധികാരങ്ങള്‍ക്കു വേണ്ടി അവരുടെ പരിമിതമായ ജനാധിപത്യ ബോധത്തിന്‍റെ ഭാഗമായും , തന്‍റെ സ്വകാര്യ സ്വത്തായ സ്ത്രീയുടെ സംരക്ഷണത്തിനായും ചില പുരുഷന്മാരും , സ്ത്രീ അധികാരത്തിനായ ഇത്തരം സമരങ്ങളില്‍ പങ്കാളികളാവുകയോ . നേതൃത്വം നല്‍കുകയോ ചെയ്യാറുണ്ട്.

സ്ത്രീകളുടെ ഇത്തരം മുന്നേറ്റങ്ങളില്‍ പരിമിതമായ രീതിയില്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടായികൊണ്ടിരുന്നു. പല വിധത്തിലാണ് സ്ത്രീകള്‍ ഇത്തരത്തില്‍ അധികാരത്തില്‍ ദൃശ്യപ്പെട്ടുകൊണ്ടിരുന്നത്. പുരുഷ കേന്ദ്രീകൃത മൂല്യബോധത്തില്‍ അംഗീകരിക്കപ്പെട്ടവര്‍. പരമ്പരാഗതമായ രീതിയില്‍ അധികാര കസേരയില്‍ എത്തപ്പെട്ടവര്‍.
ഉദാഹരണത്തിന് 1236 മുതല്‍ 1240 വരെ ഡല്‍ഹി ഭരിച്ച റസീയ സുല്‍ത്താനയെ പോലെ .അധികാരത്തില്‍ വന്നവര്‍. റാണി ലക്ഷ്മി ബായ് , കര്‍ണാടകയിലെ കിട്ടൂരിലെ റാണി ചെന്നമ്മ …. രാജ്ഞിമാര്‍ , ഗോത്ര മാതാവ് …. അധികാര പദവിയില്‍ എത്തുന്നു.

ഇതില്‍ അധികാര പദവിയില്‍ സ്ത്രീ ,. തിരുമാനത്തിനടിയില്‍ ഒപ്പിടുന്നത് സ്ത്രീ, എന്നതു മാത്രം. ഒരു പുരുഷനാണെങ്കിലും ആ തീരുമാനം അതു തന്നെയായിരിക്കും. നയങ്ങളിലും തീരുമാനങ്ങളിലും മുന്‍ഗണനകളിലും ഒന്നും ഒരു മാറ്റവും ഉണ്ടാക്കുന്നില്ല. മറ്റൊന്ന് പുരുഷാധികാരത്തെ തൃപ്തിപ്പെടുത്തി കൊണ്ട് സൗന്ദര്യം, ലൈംഗീകത , കലകള്‍, സാഹിത്യം എല്ലാംതന്നെ അംഗീകാരം നേടി അധികാര സ്വാധീനം ചെലുത്തിയിട്ടുള്ള ധാരാളം സ്ത്രികള്‍ ഉണ്ട്. മറ്റൊന്ന് ഇന്ദിരാ ഗാന്ധിയെ പോലെ പുരുഷാഅധികാര കേന്ദ്രീകൃത സംവിധാനത്തില്‍ മാറ്റുരച്ച് മുന്‍ നിരയില്‍ വന്നവര്‍ . അതായത് അവര്‍ എടുത്ത തീരുമാനങ്ങള്‍ പുരുഷനേക്കാള്‍ ഭംഗിയായി നടപ്പിലാക്കാന്‍ പ്രാപ്തിയുള്ള സ്ത്രീ പ്രതിഭകള്‍, . ആണ്‍കോയ്മ സംവിധാനത്തില്‍ നടത്തപ്പെടുന്ന മത്സരങ്ങളില്‍ പോലും പുരുഷനേക്കാള്‍ മുന്നിലെത്തിയവര്‍. ഇവരെല്ലാം കൂടുതലും നടപ്പിലാക്കുന്നതിനുള്ള അധികാരമാണ് കയ്യാളിയിരുന്നത്. അതുകൊണ്ട് സ്ത്രീ ഭരിച്ചെങ്കിലും സ്ത്രീ എന്ന സ്വത്വത്തില്‍ പിന്നിട് അധികാരത്തില്‍ എത്താന്‍ കഴിയുന്നില്ല.

രാജ്യങ്ങള്‍ തമ്മിലും ദേശങ്ങളും വംശങ്ങളും മതങ്ങളും വര്‍ഗ്ഗങ്ങളും സഹോദരന്മാര്‍ തമ്മില്‍ പോലും നടന്നതു പോലുള്ള ഒരു യുദ്ധം സ്ത്രീകള്‍ ഒരു വര്‍ഗ്ഗം എന്ന വിധത്തില്‍ അധികാരം പിടിച്ചെടുക്കാനായി നടന്നതായി ചരിത്രത്തില്‍ കാണുന്നില്ല.

അനാചാരങ്ങള്‍ക്കെതിരേയും, തൊഴിലെടുക്കാനും , സ്ത്രീകള്‍ക്ക് വസ്ത്രം ധരിക്കാനും , വിധവാ വിവാഹത്തിനും, ലൈംഗീകാതിക്രമങ്ങളില്‍ നിന്ന് രക്ഷ നേടാനും , വഴിനടക്കാനും , വിദ്യാഭ്യാസം നേടാനും നാനാ വിധത്തിലുള്ള സമരങ്ങള്‍ നിന്നിട്ടുണ്ട്. കൂടാതെ ഭരണാധികാരത്തിലേക്ക് നയിക്കുന്ന വോട്ടവകാശം, സീറ്റ് സംവരണം പോലുള്ള ധാരാളം അവകാശങ്ങള്‍ക്കായി സ്ത്രീകളുടെ നേതൃത്വത്തില്‍ പലവിധ സമരങ്ങള്‍ ലോകത്തില്‍ എല്ലായിടത്തും നടന്നിട്ടുണ്ട്. ഇതെല്ലാം നിലവിലുള്ളതിന്‍റെ പരിഷ്കരണം മാത്രമായിരുന്നു. സ്ത്രീ ശരീരവും അതിന്‍റെ സ്വഭാവങ്ങളും ലൈംഗികതയും മനുഷ്യരാശിയുടെ നിലനില്പിനെ നിയന്ത്രിക്കുന്ന അധികാരമായിട്ടല്ല, പ്രയോഗികുന്നത് മറിച്ച് സ്ത്രീയുടെ പരാധീനതകളായി സമൂഹത്തെ കണ്ടീഷന്‍ ചെയ്തിരിക്കുന്നു. അധികാരികളായ പുരുഷന്‍ മാത്രമല്ല, രണ്ടാം തരം പൗരന്മാരായി ജീവിക്കേണ്ട സ്ത്രീകളും ഈ ബോധത്താല്‍ കണ്ടിഷന്‍ ചെയ്യപ്പെട്ടിരിക്കുന്നതിനാല്‍ ഈ അധികാര കേന്ദ്രങ്ങള്‍ തകര്‍ക്കുക എളുപ്പമല്ല. ശക്തരായ കാട്ടാനകളെ മെരുക്കി മനുഷന്‍റെ വൈകൃതങ്ങള്‍ക്ക് ഇരയാക്കുന്നതിന് താപ്പാനകളേയും കുങ്കി ആനകളേയും ഉപയോഗിക്കുന്നതു പോലെ ആണ്‍കോയ്മയെ നിലനിര്‍ത്താര്‍ സ്ത്രീകളെ തന്നെ ഉപയോഗിക്കുന്നു. ശത്രുവിനെ തോല്പിച്ച് അധികാരം നേടുമ്പോള്‍ നിലനില്പിനോ അധികസുഖ സൗകര്യങ്ങള്‍ക്കോ അധികാരത്തിന്‍റെ ഉന്മാദത്തിനോ വൈകാരീകത തടസമാകുന്നില്ല. എന്നാല്‍ സംഘടിതമായ വര്‍ഗ്ഗ ബോധമില്ലാത്ത സ്ത്രീ സമൂഹത്തിന് വൈകാരീക വെല്ലുവിളികള്‍ കൂടി നേരിടേണ്ടിവരും. രാഷ്ടിയാധികാരത്തിലേക്ക് എത്തണമെങ്കില്‍ അതിലേക്ക് കടക്കുന്നതിനെ തടയുന്ന വൈകാരീക ബന്ധങ്ങളുള്ള കുടുംബം , ജാതിമതാചരങ്ങള്‍, തുടങ്ങി എല്ലാ സാമൂഹ്യ സ്ഥാപനങ്ങളേയും ചോദ്യം ചെയ്യുകയും തകര്‍ക്കുകയും ചെയ്യേണ്ടിവരും. കുടുംബവും മതങ്ങളുമൊക്കെ സ്ത്രീകള്‍ രാഷ്ടിയാധികാരത്തിലേക്കെത്തുന്നതിനെ ബോധപൂര്‍വ്വവും അബോധപൂര്‍വ്വവും തടയുന്നത് ബലപ്രയോഗത്തിലൂടെ മാത്രമല്ല, സ്നേഹം,വാല്‍സല്യം, സംരക്ഷണം, കടമാ , ബാദ്ധ്യത , ദൈവകോപം, സാമൂഹ്യ ഒറ്റപ്പെടുത്തല്‍ തുടങ്ങിയ നിരവധി വൈകാരീക സമ്മര്‍ദ്ദത്തിലൂടെകൂടിയാവാം. മരണം, മരണാനന്തര ജീവിതം പോലെയുള്ള നമ്മുടെ അനിശ്ചിതങ്ങളേയും കൂട്ട് പിടിക്കുന്നു. ഇത് മറി കടക്കുക എന്നത് നേരിട്ടുള്ള യുദ്ധത്തേക്കാള്‍ ബുദ്ധിമുട്ടാണ്.

സ്ത്രീകള്‍ക്ക് രാഷ്ട്രീയ അധികാരത്തിക്ക് വരണമെങ്കില്‍ സ്ത്രീ ശരീരത്തെക്കുറിച്ചും ലൈംഗീകതയെ കുറിച്ചും നിലവിലുള്ള ബോധത്തെ പാടെ തകര്‍ത്തുകളയണം. കാരണം ഇതിലാണ് സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രത്യക്ഷ വ്യത്യാസം. വ്യത്യസ്തതകളുടെ അവസര സമത്വം ബോദ്ധ്യപ്പെടുക പ്രയാസമാണ്.
പടകുതിരകളില്‍ നിന്ന് പന്തയകുതിരകളിലേക്കും പന്തയകുതിരകളില്‍ നിന്ന് ജീനിയും കടിഞ്ഞാണും ആവശ്യമില്ലാത്ത കഴുതകളിലേക്കും പരിവര്‍ത്തനം ചെയ്യപ്പെട്ടതു പോലെ ഈ സമൂഹ്യ മൂല്യബോധത്തില്‍ കണ്ടീഷന്‍ ചെയ്യപ്പെട്ടവര്‍ അധികാര കസേരകളില്‍ ഇരുന്നാലും അടിസ്ഥാനപരമായി ഒന്നും തന്നെ മാറുന്നില്ല. നമ്മുടെ പഞ്ചായത്തുകളിലെ പകുതിയിലധികം റിസര്‍വേഷനിലൂടെ സ്ത്രീകള്‍ അധികാര കസേരകളില്‍ ഇരുന്നിട്ടും സാമ്പത്തിക നയങ്ങളിലില്‍ മാത്രമല്ല, സ്ത്രീധന മരണത്തിനും സെക്സ് റാക്കറ്റിനും ലൈംഗീക കൊലപാതകങ്ങള്‍ക്കു പോലും കുറവു പോലും വരുത്താന്‍ കഴിയുന്നില്ല. മോദി സര്‍ക്കാരില്‍ നിര്‍മ്മലാ സീതാരാമന്‍ എന്ന സ്ത്രീ ബഡ്ജറ്റ് അവതരിപ്പിച്ചതു കൊണ്ട് പ്രത്യേക ഗുണമൊന്നും സംഭവിക്കുന്നില്ല. പൊതു മുതല്‍ വിറ്റുതുലക്കുന്ന, മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്ക് സാധാരണക്കാര ഇഷ്ടം പോലെ ചൂഷണം ചെയ്യാന്‍ സൗകര്യമൊരുക്കുന്ന സ്ത്രീകളെ രണ്ടാം തരം പൗരത്വത്തില്‍ ഉറപ്പിക്കുന്ന സാമ്പത്തിക നയങ്ങള്‍ക്കനുസരണമായ ബഡ്ജറ്റ് തന്നെയാണ്. വാളയാറിലെ രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടപ്പോള്‍ സാമൂഹ്യ നീതി വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ഷൈലജ എന്ന വനിതാ മന്ത്രിയായിരുന്നെങ്കിലും അത്തരം മരണം തടയാനോ ചെയ്തവരെ കൃത്യമായി കണ്ടെത്തി സമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാത്ത വിധം ഒരു തിരുത്തല്‍ പ്രക്രിയ നടത്തുവാനോ കഴിഞ്ഞില്ല. ഇതിന് മുമ്പും പിമ്പും അതിക്രമങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അധികാരത്തില്‍ സ്ത്രികള്‍ എത്തുക എന്നതല്ല സ്ത്രീ കേന്ദ്രീകൃത മൂല്യങ്ങളാല്‍ ഭരിക്കുക എന്നതാണ് ലക്ഷ്യം..
അണ്ടിയോ മൂത്തത് മാങ്ങയോ മൂത്തത് എന്ന ചോദ്യം പോലെ സ്ത്രീകളുടെ സ്വത്വത്തെ തിരിച്ചറിഞ്ഞവര്‍ അധികാരത്തില്‍ വിഭവങ്ങളുടെയും അധ്വാനത്തിന്‍റെയും അറിവിന്‍റേയും ഉല്പാദനവും വിതരണവും നിയന്ത്രിച്ച് മൂല്യ ബോധത്തെ ഉടച്ച് വാര്‍ത്ത് കുടുംബം മുതല്‍ രാഷ്ട്രിയ പ്രസ്ഥാനങ്ങള്‍ വരെയുള്ള എല്ലാത്തിനേയും പുനസംഘടിപ്പിച്ചാല്‍ മാത്രമെ ഇന്നത്തെ സ്ത്രീകളുടെ സാദ്ധ്യതകളെ പ്രയോജനപ്പെടുത്തി ആനന്ദകരമായ ജീവിതം സാദ്ധ്യമാകു . എന്നാല്‍ അധികാരത്തിലേക്ക് സ്ത്രീകള്‍ക്ക് എത്തണമെങ്കില്‍ പ്രത്യക്ഷമായും പരോക്ഷമായും സ്ത്രീയെ ആശ്രിതയാക്കി സ്ഥാപിക്കുന്ന സ്ത്രീ ശക്തികളെ പരാധീനതയായി ഉറപ്പിക്കുന്ന കുടുംബം, ജാതിമതാചാരങ്ങള്‍, വിദ്യാഭ്യാസം, മാധ്യമങ്ങള്‍, നീതി ന്യായ സംവിധാനങ്ങള്‍ രാഷ്ടീയ പ്രസ്ഥാനങ്ങള്‍ ഭാഷ, കല സാഹിത്യം കായികം ഭക്ഷണം… ജിവിതത്തിന്‍റെ നിര്‍ണ്ണയിക്കുന്ന സര്‍വ സ്ഥാപനവല്ലരിക്കപ്പെട്ട മണ്ഡലങ്ങളിലും സ്ത്രീ കേന്ദ്രീകൃത മൂല്യങ്ങളാല്‍ തിരുത്തപ്പെടണം. എങ്കില്‍ മാത്രമേ സ്ത്രീക്ക് അധികാര കേന്ദ്രങ്ങള്‍ എത്തപ്പെടാനാവൂ.

ഇതില്‍ ഒന്ന് മറ്റേതിന്‍റെ കാരണമായതിനാല്‍ രണ്ടും പ്രയാസമേറിയ പ്രക്രിയകളാണ്. ഇത്തരത്തില്‍ അധികാരത്തില്‍ നിന്ന് സ്ത്രീകള്‍ ഒഴിവാക്കപ്പെടുന്നതിനു നിരവധി കാരണങ്ങള്‍ ഉണ്ടെന്ന് അറിയുകയും അതിനെ മറികടന്ന് സ്ത്രീകള്‍ അധികാരത്തില്‍ വരികയും വിഭവങ്ങളില്‍ അവകാശങ്ങള്‍ നേടി അത് ഉപയോഗിച്ച് സമാധാനത്തോടെ ജീവിക്കുകയും വേണമെന്ന് വിശ്വസിക്കുമ്പോഴും എന്തുകൊണ്ട് കഴിയുന്നില്ല !
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ജനാധിപത്യമെന്നാല്‍ ജനങ്ങളുടെ ആധിപത്യം. സ്ത്രീക്കും പുരുഷനും വോട്ട് ചെയ്യാന്‍ തുല്യ അവകാശവും തുല്യ മൂല്യവും ഉണ്ടെങ്കിലും അധികാരത്തില്‍ വരുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കുറവ്, ഭരിക്കപ്പെടുന്നതില്‍ സ്ത്രീകളോടുള്ള വിവേചനവും …. പറയേണ്ടതില്ല. താത്വികമായി തുല്യ അവകാശങ്ങള്‍ എന്ന് അംഗികരിക്കുമ്പോഴും എന്തുകൊണ്ട് പ്രായോഗീകമായി ലഭ്യമാകുന്നില്ല.

അധികാര കസരയില്‍ ഇരിക്കുന്ന നമ്മള്‍ കാണുന്ന വ്യക്തികള്‍ മാത്രമല്ലാ അധികാരം പ്രയോഗിക്കുന്നത്. ഭരണകൂടം എന്നത് ഒരു സംവിധാനമാണ്. ഇവിടെ ജനാധിപത്യമെന്നാല്‍ ജനം എന്ന നിലയില്‍ വിഭവങ്ങള്‍ എങ്ങനെ നിയന്ത്രിക്കണമെന്ന് നേരിട്ട് പറയാന്‍ കഴിയില്ല. അതായത് ഒരു പങ്കാളിത്ത ജനാധിപത്യമല്ല, പ്രതിനിധ്യ ജനാധിപത്യമാണ്. സമൂഹത്തിന് ഗുണപ്രദമായി അധികാരം ഉപയോഗിക്കുമെന്നു ഉറപ്പുള്ള വ്യക്തികളെ തെരഞ്ഞെടുക്കാനാവില്ല.. മത്സരിക്കുന്നതില്‍ ഒരു വ്യക്തിയെ ജനങ്ങള്‍ക്ക് പ്രതിനിധിയാക്കാനാകു. പ്രത്യക്ഷത്തില്‍ കക്ഷിരാഷ്ട്രീയ പാര്‍ട്ടികളും പരോക്ഷമായി ജാതിയും മതവും സമ്പത്തും മറ്റ് നിരവധി ഘടകങ്ങളും ആശ്രയിച്ചാണ് ഈ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത്.

വളരെ രസകരമായ ഒരു വസ്തുത തെരഞ്ഞെടുപ്പുകള്‍ അധികാര സ്ഥാനങ്ങളിലേക്ക് വിജയിക്കുക എന്നത് മാത്രമല്ല, സ്ഥാനാര്‍ഥിയാകുക എന്നതു പോലും ലാഭകരമായ ഒന്നാണ്. തെരഞ്ഞെടുപ്പിനെ സ്വാധീധിക്കുന്ന പെയ്ഡ് സീറ്റും പെയ്ഡ് ന്യൂസും പരസ്യമായ രഹസ്യമാണ്. തങ്ങളുടെ അഴിമതിക്കും ലാഭത്തിനും താല്പര്യങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്നവരെ അധികാര കസേരയില്‍ ഉറപ്പിക്കാന്‍ പണം ചെലവഴിക്കുകയും അതു വഴി ജനങ്ങളെ സ്വാധീനിക്കുകയും പാവ സര്‍ക്കാരുകളെ സ്ഥാപിച്ച് അധികാരം കയ്യാളുകയും ചെയ്യുന്നു.. ഭൂരിപക്ഷം ജനങ്ങളുടെ പ്രതിനിധികളല്ല, ചെയ്ത വോട്ടുകളില്‍ കൂടുതല്‍ ലഭിച്ചവരാണ് ഭരിക്കുന്നത്. ആകെ ജനങ്ങളുടെ മുപ്പത് ശതമാനത്തിന്‍റെ പ്രതിനിധി പോലുമായിരിക്കില്ല മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി തീരുമാനമെടുക്കുന്നത്.
എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും പ്രത്യേയശാസ്ത്രവും പ്രവര്‍ത്തന ശൈലിയും ഉണ്ടെന്നാണ് സങ്കല്പം. അതായത് ചരിത്രപരമായി വിശകലനം ചെയ്ത് നമ്മുടെ ഭാവി എന്തായിരിക്കണമെന്നും അതിന് എങ്ങനെ പ്രവര്‍ത്തിക്കണമെന്നും ദിശാബോധം നല്‍കുന്ന ഒരു രീതിശാത്രം. അതില്‍ ഏറ്റവും ശരിയായതിനെ തെരഞ്ഞെടുക്കാം , അതിനായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്നവരുടെ സംഘമാണ് രാഷ്ട്രിയ പാര്‍ട്ടികള്‍. ലക്ഷ്യം നേടുന്നതിന് രീതിശാത്രത്തില്‍ വ്യത്യസ്തതകള്‍ ഉള്ളതു കൊണ്ടാണ് വ്യത്യസ്ത രാഷ്ടിയ പാര്‍ട്ടികള്‍ ആകുന്നത്. വൈരുദ്ധ്യാത്മക ഭൗതികവാദത്തിലധിഷ്ഠിതമായ സോഷ്യലിസ്റ്റ് – കമ്മ്യൂണിസ്റ്റ് വ്യവസ്ഥയും (വിഭവങ്ങള്‍ എങ്ങനെ വിതരണം ചെയ്യപ്പെടണം എന്നതിന്‍റെ മാനദണ്ഡം) കോണ്‍ഗ്രസ്, ഗാന്ധിയന്‍ (നെഹ്രുവിയന്‍…) മൂല്യങ്ങളിലും, പിന്നെ ഹൈന്ദവാചാരങ്ങളുടെ വിശ്വാസത്തിലോ , അള്ളാഹുവിലുള്ള വിശ്വാസത്തില്‍
അടിസ്ഥാനമാക്കിയോ, പല വിധത്തിലാണ് പാര്‍ട്ടികള്‍ രൂപം കൊള്ളുന്നത്. എല്ലാവര്‍ക്കും അവസര സമത്വം എന്നത് ഇതില്‍ ആദ്യം പറഞ്ഞ ഒരു പ്രസ്ഥാനത്തിനു മാത്രമെ സൈദ്ധാന്തികമായി തന്നെ കഴിയൂ. എന്നാല്‍ ജാതി , ജെന്‍റര്‍, വംശം തുടങ്ങിയ ഒരു വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളതെ സാമ്പത്തികത്തില്‍ മാത്രം ഒതുങ്ങിയാ ണത് വികസിക്കുന്നത്. പാര്‍ളിമെന്‍ററി ജനാധിപത്യത്തില്‍ അത് ഇന്ന് പ്രവര്‍ത്തിക്കുന്നത് ജാതി, മത ആചാര സാമ്പത്തിക ഉപഭോഗ പ്രലോഭനങ്ങളിലും സ്വേഛാധിപത്യത്തിലുമാണ്. സ്വരാജ് പോലെയുള്ള ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തില്‍ അം ആദ്മി പോലെയുള്ള രാഷ്ടിയ പ്രസ്ഥാനങ്ങള്‍ക്ക് പരമ്പാരാഗത രാഷ്രീയ ഭരണ സംവിധാനങ്ങളെ മറികടക്കാനാവുന്നില്ല. ഊര്‍ജ്ജം മുഴുവന്‍ നിലനില്‍പ്പിനും പ്രതിരോധത്തിനും ചെലവഴിക്കേണ്ടി വരുന്നു. ഒരു പൂര്‍ണ്ണ വ്യക്തി എന്ന നിലയില്‍ സ്ത്രീയെ അംഗീകരിക്കാനും ഇന്നതിന് തടസ്സം നില്‍ക്കുന്ന എല്ലാത്തിനേയും മാറ്റിപ്പണിയുന്ന ലക്ഷ്യമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ല. ചുരുക്കി പറഞ്ഞാല്‍ ഈ നിലനില്‍ക്കുന്ന രാഷ്ടിയ പാര്‍ട്ടികളിലൂടെ സ്ത്രീകള്‍ക്ക് അധികാരമുള്ള ഒരു ഭരണകൂടം സാദ്ധ്യമല്ല.

ഇന്ന് മത്സരാര്‍ത്ഥികളുടെ വിവിധ മുഖങ്ങള്‍ കാണുന്നെങ്കിലും അവരെ ജയിപ്പിച്ച് ആ കസേരയില്‍ ഇരുത്താന്‍ പണമിറക്കിയവര്‍ക്ക് സാധാരണ ജനങ്ങളുടെ വിഭവങ്ങളെല്ലാം പ്രതിഷേധങ്ങളില്ലാതെ കൈക്കലാക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കി നല്‍കുക എന്നതാണ് ചെയ്യുന്നത്. എതിര്‍പ്പുകളെ അധികാരമുപയോഗിച്ച് അടിച്ചമര്‍ത്തുക. തങ്ങള്‍ക്കും തങ്ങളുടെ തലമുറകള്‍ക്കും സുഖലോലുപത ഉറപ്പാക്കുക. ഇത് നേടുന്നത് പ്രത്യക്ഷമായ അഴിമതിയിലൂടെ മാത്രമല്ല, തങ്ങള്‍ക്കനുകൂലമായ നിയമ നിര്‍മ്മാണങ്ങള്‍ നടത്തി നിയമ വിധേയമായി തന്നെ ചെയ്യുന്നു. നമ്മള്‍ ചോദ്യം ചെയ്യുമ്പോള്‍ നമ്മള്‍ നല്കിയ നികുതി പണം കൊണ്ട് ശമ്പളം കൊടുക്കുന്ന പോലീസിനെ കൊണ്ട് നമ്മളെ തല്ലിക്കുന്നു. ഇതിനെ മറികടക്കാന്‍ കഴിയാത്ത വിധം ജനങ്ങളെ രാഷ്ടിയ പാര്‍ട്ടികള്‍, മതങ്ങള്‍, ജാതി, ഭാഷ, ദേശം, നിറം, ഔദ്യോഗിക പദവികള്‍, ജെന്‍റര്‍, വിവിധ കള്ളികളിയാക്കി പരസ്പരം പോരടിപ്പിക്കുന്നു. ഇങ്ങനെ തങ്ങളുടെ അവസ്ഥക്ക് കാരണക്കാരായ ഭരണകൂടത്തിനോടുള്ള പ്രതിഷേധവും മാറ്റിപ്പണിയലും നടത്തേണ്ട ജനങ്ങളെ ഭിന്നിപ്പിച്ച് പ്രതിഷേധങ്ങള്‍ ഒഴിവാക്കുന്ന തന്ത്രം പ്രയോഗിക്കുന്നു.

നീതിന്യായ വ്യവസ്ഥയും നിയന്ത്രിക്കുന്നത് പ്രത്യക്ഷമായും പരോക്ഷമായും ഈ ഭരണാധികാരികള്‍ തന്നെയാണ്. നീതി നടപ്പാക്കേണ്ട ജഡ്ജിമാരേയും ഗവ. പ്ലീഡര്‍ മാരേയും നിയമിക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് അറിയാം. ലോകായുക്ത പോലെയുള്ള സംവിധാനങ്ങള്‍ തങ്ങളുടെ ഇഛക്കു മേല്‍ വരുമെന്ന് തോന്നിയുപ്പാള്‍ കേരളത്തില്‍ ഓര്‍ഡിനന്‍സ് എന്ന അധികാരം ഉപയോഗിച്ച് നേരിടുന്നത് നാം കണ്ടു കൊണ്ടിരിക്കുകയാണ്.
എല്ലാ ഭരണകൂടങ്ങളും എപ്പോഴും അധികാരം വര്‍ദ്ധിപ്പിക്കുന്നതിനും നിലനിര്‍ത്താനും ശ്രമിച്ചു കൊണ്ടിരിക്കും. സ്ത്രീകള്‍ക്ക് പൂര്‍ണ്ണ വ്യക്തി എന്ന നിലയില്‍ സ്വതന്ത്രമായി ജീവിക്കണമെങ്കില്‍ അവര്‍ ഒരു വര്‍ഗ്ഗം എന്ന നിലയില്‍ ഒന്നിച്ച് നില്‍ക്കുകയും ലഭ്യമായ അവകാശങ്ങള്‍ ഉപയോഗിച്ച് അധികാരത്തില്‍ വരികയും സ്ത്രകേന്ദ്രീകൃത മൂല്യങ്ങളാല്‍ എല്ലാ മേഖലയും മാറ്റി തീര്‍ക്കുന്ന പ്രക്രിയ നിരന്തരം നടത്തേണ്ടിയിരിക്കുന്നു. സ്ത്രീകള്‍ക്ക് ഒരു വര്‍ഗ്ഗം എന്ന നിലയില്‍ സംഘടിക്കണമെങ്കില്‍ അവര്‍ക്കിടയിലുള്ള ആണ്‍കോയ്മയുടെ ഉല്പന്നമായ ജാതി മതം, പദവി, നിറം തുടങ്ങിയവയുടെ പേരിലുളള സ്ത്രികള്‍ തമ്മിലുള്ള വിവേചനം മറികടക്കാന്‍ കഴിയണം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം പോലെ ബ്രിട്ടീഷ്കാര്‍ പോയെങ്കിലും ജാതി മത ലിംഗ വര്‍ണ്ണ വിവേചനങ്ങളും സാമ്പത്തീക കേന്ദ്രീകരണവും തുടര്‍ന്നു. അതു പോലെ അധികാരകൈമാറ്റമല്ല അധികാരവികേന്ദ്രീകരണവും പങ്കു വയ്ക്കലും , പരസ്പരാശ്രിതത്വവും സഹകരണവും സന്തോഷകരമായ ജീവിതവും ആണ് ലക്ഷ്യം.
അതിന് എത്ര വനിതാ ദിനങ്ങള്‍ കഴിയേണ്ടി വരും!

ജ്യോതി നാരായണന്‍
ആക്ടിവിസ്റ്റ്

COMMENTS

COMMENT WITH EMAIL: 0