പിറക്കാത്ത വാക്കിന്‍
പിന്നാലെ പോയൊരുവള്‍
ചുറ്റിനും നിറയും
വെളുപ്പില്‍
മരണത്തിലിതെല്ലാം
പതിവെന്നമട്ടിലിഴഞ്ഞുകയറും
തണുപ്പിലുറയും
പാതിയുടലില്‍
വേരുകളുടെയാഴങ്ങളില്‍
നിന്നും വിറച്ചുയരും
വേദനയുടെ
ചുഴികളില്‍ കുടുങ്ങി
കഴുത്തിലതിന്‍റെ
നഖങ്ങളമര്‍ന്ന്
വിരലറ്റം വരെ
മുള്ളാണികള്‍ തറയുമ്പോഴും
വാ പൊത്തി
പിടഞ്ഞ്
പിടഞ്ഞു പിടഞ്ഞൊടുക്കം
പുറപ്പെടുന്ന
ചുവപ്പിന്‍
ചോദ്യമുനയില്‍
കുതിര്‍ന്നു പോകുന്നു
വെളുത്ത സ്വര്‍ഗമാകെ….
നെഞ്ചില്‍
മണല്‍ത്തരികള്‍
മരവിച്ചിരിക്കുന്ന പോലെ.
ഉള്ളില്‍ നിന്നും
പറിച്ചെടുത്ത
തൂവല്‍ക്കൂടിന്‍റെ ചൂട്
അതിന്‍റെ
പൊള്ളല്‍പ്പാട്
വേരറ്റങ്ങളിലെ
നീറ്റല്‍…
ഒന്നില്‍ നിന്നുമൊന്നൊഴിഞ്ഞു
പോകുമ്പോളവശേഷിക്കുന്നത്-
മൗനം.
ഇടത്തേ കണ്‍കോണിലുറയും
മഴത്തുള്ളിയിലാകാശത്തില്‍
അപ്പോള്‍ വിരിഞ്ഞ
മേഘം .
ഒറ്റപ്പക്ഷിയുടെ ചിറകടി.
മാലാഖമാരെ വിഴുങ്ങുന്ന
മേലാപ്പില്‍നിന്നുമപ്പോള്‍ പൊട്ടിപ്പടരുന്നു
തല പിളര്‍ക്കുന്ന
ശാന്തിഗീതം.
COMMENTS