Homeചർച്ചാവിഷയം

പുരുഷാധിപത്യ സമൂഹവും മാനസികാരോഗ്യവും

“One day I shall burst my bud of calm
and blossom into hysteria”

ബ്രിട്ടീഷ് കവിയും നാടകകൃത്തുമായ ക്രിസ്റ്റഫർ ഫ്രേ യുടെ ഈ വരികളോടെയാണ് ഇറാം ഗുഫ്രാൻ സംവിധാനം ചെയ്ത 2011 ലെ നാഷണൽ അവാർഡ് ലഭിച്ച ഡോക്യുമെന്‍ററി ഫിലിം ‘There is something in the air ” തുടങ്ങുന്നത്. പ്രേതബാധ കൂടിയവരെന്നും മാനസിക രോഗികളെന്നും മുദ്ര കുത്തപ്പെട്ട് ചികിത്സക്കായി  സൂഫി ആരാധനാലയങ്ങളിലെത്തുന്ന സ്ത്രീകളുടെ മനോവ്യാപാരങ്ങളെ ചിത്രീകരിക്കുന്ന  മുപ്പതു മിനിറ്റ് മാത്രം ദൈർഘ്യമുള്ള, അന്തർ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട  ഈ ഹ്രസ്വ ചിത്രം നമ്മുടെ സമൂഹത്തിൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള നപൊതുബോധ നിർമ്മിതികൾ  സ്ത്രീകളിലും മറ്റു ലിംഗ വിഭാഗങ്ങൾക്കിടയിലും എങ്ങനെയൊക്കെ നടക്കുന്നു എന്ന് ചിന്തിപ്പിക്കുന്നു.

വ്യത്യസ്ത ലൈംഗിക വിഭാഗങ്ങളിലെ മാനസികാരോഗ്യം എക്കാലത്തും അതാത് വിഭാഗങ്ങൾ അനുഭവിക്കുന്ന സാമൂഹിക അവസ്ഥകളുമായി  ബന്ധപ്പെട്ടു തന്നെ കിടന്നിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ അവസാനങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യങ്ങളിലുമായി സിഗ്മെണ്ട്ഫ്രോയ്ഡ് നടത്തിയ പഠനങ്ങളിലൂടെ തുടക്കമിട്ട ആധുനിക മനഃശാസ്ത്രം  (Modern psychology) മനസികാരോഗ്യത്തെയും മാനസിക രോഗങ്ങളെയും കുറിച്ച് അതുവരെയുണ്ടായിരുന്ന പല ധാരണകളേയും പൊളിച്ചെഴുതി. വിമർശനങ്ങൾക്ക് അതീതമല്ലെങ്കിലും ഫ്രോയിഡിയൻ തിയറികൾ മനഃശാസ്ത്രത്തിലെ നേച്ചർ-നർച്ചർ ഡിബേറ്റിനു (Nature-Nurture debate ) പുതിയൊരു മാനം നൽകി. അതായത് ഒരാളുടെ മാനസികാരോഗ്യം അയാളുടെ പ്രകൃത്യാലുള്ള ജൈവിക  -പാരമ്പര്യം, ജനിതകം- പ്രത്യേകതകൾ അടിസ്ഥാനമാക്കിയാണോ അതോ അയാളുടെ സാമൂഹികാനുഭവങ്ങൾ അടിസ്ഥാനമാക്കിയാണോ വികസിച്ചു വരുന്നത് എന്നത് ഇന്നും തീർച്ചപ്പെടാതെ നിലനിൽക്കുന്ന ഈ ഡിബേറ്റിനു വിപ്ലവകരമായ ചില സംഭാവനകൾ നൽകി. ജൈവിക നിർണയ വാദത്തിനു (Biological determinism) മറുവാദമായി ഫ്രോയിഡ് തന്‍റെ കേസ് സ്റ്റഡികളെ മുന്നോട്ടു വെച്ചു. ഈ കേസ് സ്റ്റഡികളുടെ തുടക്കം അക്കാലത്ത് ജർമ്മനിയിലും മറ്റ് യൂറോപ്പ്യൻ രാജ്യങ്ങളിലും സ്ത്രീകളിൽ വ്യാപകമായി കണ്ടു വന്നിരുന്ന ഹിസ്റ്റീരിയ(Hysteria) എന്ന രോഗ പഠനങ്ങളിൽ നിന്നാണ്. അദ്ദേഹത്തിന്‍റെ സുപ്രധാനമായ കണ്ടെത്തൽ അന്നത്തെ സമൂഹത്തിൽ നിലനിന്നിരുന്ന സ്ത്രീ-പുരുഷ അസമത്വവും , സ്ത്രീകളുടെ അടിച്ചമർത്തപ്പെട്ട ജീവിതവും ലൈംഗികതയും, സ്വയം നിർണ്ണയാവകാശമില്ലായ്മയും, അസ്വാതന്ത്ര്യവുമെല്ലാം എങ്ങനെ അവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നുകൂടി വ്യക്തമാക്കുന്നതായിരുന്നു.

വർത്തമാന മാനസികാരോഗ്യ മേഖല ജൈവിക സാമൂഹിക ഘടകങ്ങൾക്ക് തുല്യ പ്രാധാന്യം നൽകുന്നുണ്ടെങ്കിലും വിവിധ ലിംഗ വിഭാഗങ്ങൾക്കിടയിൽ മാനസികാരോഗ്യം എങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്നു എന്നതിന് തൃപ്തമായ ജൈവിക കാരണങ്ങൾ (Biological reasons) കണ്ടെത്തിയിട്ടില്ല. 2002 ലെ WHO റിപ്പോർട്ട്  പറയുന്നത് സ്ത്രീകൾക്കും പുരുഷന്മാർക്കുമിടയിലുള്ള സാമൂഹ്യനിർമ്മിതികളായ ജെന്‍ഡർ റോൾസ്, ഉത്തരവാദിത്തങ്ങൾ, സ്ഥാനങ്ങൾ, അധികാരം എന്നിവയിലുള്ള വ്യത്യാസം അവർക്കിടയിലുള്ള ജൈവപരമായ വ്യത്യാസങ്ങളുമായി ഇടപഴകുന്നതിന്‍റെ ഫലമായി ഈ രണ്ടു വ്യത്യസ്ത വിഭാഗങ്ങളിൽ മാനസികാരോഗ്യ പ്രശ്നങ്ങളുടെ സ്വഭാവം, ചികിത്സ തേടുന്ന രീതികൾ, എന്നിവയിൽ  വ്യത്യാസങ്ങൾ കാണിക്കുന്നു. മാത്രമല്ല, ആരോഗ്യമേഖല എങ്ങനെയൊക്കെ ഈ രണ്ടു വിഭാഗങ്ങളോടും വ്യത്യസ്ത മനോഭാവങ്ങൾ പുലർത്തുന്നു എന്നതിനും ഈ സാമൂഹിക അവസ്ഥകൾ കാരണമാവുന്നു.

വലിയൊരു ശതമാനം ഗവേഷണങ്ങളും ചൂണ്ടിക്കാണിക്കുന്നത് ഇത്തരം ലിംഗപരമായ വ്യത്യാസങ്ങൾ വിഷാദരോഗം (Clinical depression ), ഉത്ക്കണ്ഠാ രോഗം  (anxiety disorder) എന്നിവ ആൺകുട്ടികളേയും പുരുഷന്മാരേയും അപേക്ഷിച്ച് പെണ്കുട്ടികളിലും സ്ത്രീകളിലും കൂടുതലായി കണ്ടു വരുന്നു എന്നാണ്. സ്വന്തം ജീവിതത്തിൽ സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യമില്ലായ്മയും, കർതൃത്വ (ഏജൻസി)മില്ലായ്മയും പലപ്പോഴും വിഷാദരോഗത്തിന് സാധ്യതയും തീവ്രതയും കൂട്ടുന്നുണ്ട്. സൈക്കോസൊമാറ്റിക് ഡിസോർഡേഴ്സ് (Convulsion disorder, psychoform disorder) എന്നറിയപ്പെടുന്ന രോഗാവസ്ഥ കൂടുതലും സ്ത്രീകളിലാണ്‌ കണ്ടു വരുന്നത്. ഈ രോഗം വേദനകളും തളർച്ചകളും, ത്വക്ക് രോഗങ്ങളും  പോലുള്ള ശാരീരിക ലക്ഷണങ്ങൾ കാണിക്കുകയും എന്നാൽ ഒരു മെഡിക്കൽ ടെസ്റ്റിലും യാതൊരുവിധ ശാരീരിക കാരണങ്ങൾ കണ്ടെത്താനാകാതെ വരുമ്പോളുമാണ് നമ്മുടെ ഡോക്ടർമാർ മനഃശാസ്ത്രവിദഗ്ദരുടെ അടുത്തേക്ക് രോഗികളെ പറഞ്ഞയക്കുന്നത്. പലപ്പോഴും സ്ത്രീകളെ  അവരുപോലും തിരിച്ചറിയാതെപോകുന്ന ജീവിതാവസ്ഥകളാണ്  സൈക്കോസൊമാറ്റിക് രോഗികളാക്കുന്നത്.

സ്ത്രീ ഒരു രണ്ടാം പൗരയായ പുരുഷാധിപത്യ സമൂഹത്തിൽ അവളുടെ മാനസികാരോഗ്യം എങ്ങനെയെല്ലാം ബാധിക്കപ്പെടുന്നു എന്ന് ഇത് സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം സമൂഹങ്ങളിൽ സ്ത്രീകൾ കൂടുതലായി നേരിടുന്ന ലൈംഗിക, ശാരീരിക   അതിക്രമങ്ങളും ചൂഷണങ്ങളും അവരിൽ മാനസിക അരക്ഷിതത്വവും വളർത്തിക്കൊണ്ടേയിരിക്കുന്നു.

കരയുന്ന ആൺകുട്ടിയെ ദുർബ്ബലനും കരയുന്ന പുരുഷനെ ‘പുരുഷത്വം’ കുറഞ്ഞവനുമായി ചിത്രീകരിക്കുന്ന ഒരു സമൂഹം മാനസിക സ്വാസ്ഥ്യം നിലനിർത്താനുള്ള ഒരു വലിയ സാധ്യതയാണ് നമ്മുടെ ആണുങ്ങൾക്ക് നിഷേധിക്കുന്നത്.  കരയുക എന്നത് മനസ്സിന്‍റെ ദുർബലതയല്ല കാണിക്കുന്നത്. മറിച്ചു മാനസിക സംഘർഷങ്ങളെ ലഘൂകരിച്ചു സ്വാസ്ഥ്യം വീണ്ടെടുക്കാനും  വളർത്താനും സഹായകമാകുന്ന അനുഗ്രഹീതമായ ഒരു മാനസിക സവിശേഷതയാണ്  (Bylsma and Wingerhoets, 2007 ). ഉള്ളിൽ കെട്ടിക്കിടക്കുന്ന വികാര വിക്ഷോഭങ്ങളെ വിരേചനം ചെയ്യാനുള്ള (katharsis ) ഒരു എളുപ്പമാർഗ്ഗമാണ് കരച്ചിൽ.

ഒരു പുരുഷാധിപത്യ, പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ പുരുഷന്മാർക്ക് മെച്ചപ്പെട്ട മാനസികാരോഗ്യം ഉറപ്പാണെന്നതും ഒരു മിഥ്യാധാരണയാണ് . ഇത്തരം  സമൂഹങ്ങളിലെ  ‘പൗരുഷ സങ്കൽപ്പങ്ങൾ’ (masculine ideas ) പലപ്പോഴും പുരുഷന്മാരെ അവരുടെ വികാരങ്ങൾ , പ്രത്യേകിച്ച് ദുർബല വികാരങ്ങൾ എന്ന് കരുതപ്പെടുന്ന സങ്കടം, ആകുലതകൾ, ഉൽകണ്ഠ എന്നിവയൊന്നും പ്രകടിപ്പിക്കാൻ അനുവദിക്കാറില്ല. ഇങ്ങനെ വികാരങ്ങളെ അനാവശ്യമായി അടക്കിവെക്കാൻ  (suppression of emotions ) നോക്കുന്നത് ആരോഗ്യകരമല്ലെന്നും പല തരത്തിലുള്ള മാനസിക അസ്വാസ്ഥ്യങ്ങളുടെ ആക്കം കൂട്ടുമെന്നും കണ്ടു വരുന്നു. ‘കരച്ചിൽ’ എന്ന വളരെ സ്വാഭാവികമായ ഒരു ജൈവ പ്രക്രിയയെപ്പറ്റിയുള്ള പൊതുബോധം എങ്ങനെയാണ് ഒരു പുരുഷാധിപത്യ സമൂഹത്തിൽ നിർമ്മിച്ചെടുത്തിരിക്കുന്നത്!?

കരയുന്ന ആൺകുട്ടിയെ ദുർബ്ബലനും കരയുന്ന പുരുഷനെ ‘പുരുഷത്വം’ കുറഞ്ഞവനുമായി ചിത്രീകരിക്കുന്ന ഒരു സമൂഹം മാനസിക സ്വാസ്ഥ്യം നിലനിർത്താനുള്ള ഒരു വലിയ സാധ്യതയാണ് നമ്മുടെ ആണുങ്ങൾക്ക് നിഷേധിക്കുന്നത്.  കരയുക എന്നത് മനസ്സിന്‍റെ ദുർബലതയല്ല കാണിക്കുന്നത്. മറിച്ചു മാനസിക സംഘർഷങ്ങളെ ലഘൂകരിച്ചു സ്വാസ്ഥ്യം വീണ്ടെടുക്കാനും  വളർത്താനും സഹായകമാകുന്ന അനുഗ്രഹീതമായ ഒരു മാനസിക സവിശേഷതയാണ്  (Bylsma and Wingerhoets, 2007 ). ഉള്ളിൽ കെട്ടിക്കിടക്കുന്ന വികാര വിക്ഷോഭങ്ങളെ വിരേചനം ചെയ്യാനുള്ള (katharsis ) ഒരു എളുപ്പമാർഗ്ഗമാണ് കരച്ചിൽ.

അതുപോലെ തന്നെയാണ് ഒരു പുരുഷാധിപത്യ സമൂഹം കുടുംബത്തിലും സമൂഹത്തിലും ഒരു പുരുഷന് കല്പിച്ചു കൊടുത്തിരിക്കുന്ന ഉത്തരവാദിത്തങ്ങൾ  അവന് പലപ്പോഴും വിനയാകുന്നതും. 2015 -16 ൽ നടന്ന നാഷണൽ മെന്‍റെൽ ഹെൽത്ത് സർവ്വേ കാണിക്കുന്നത് ആത്മഹത്യാത്തോത് കേരളത്തിൽ ഏറ്റവും കൂടുതൽ പുരുഷന്മാരിലാണ് എന്നതാണ്. അത് ദേശീയ തോതിന്‍റെ ആറ്  മടങ്ങാണ്. ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് കേരളത്തിന്റെ സാമ്പത്തിക പശ്ചാത്തലത്തിൽ പുരുഷന്മാരിൽ അടിച്ചേൽപ്പിക്കപ്പെടുന്ന സാമ്പത്തിക സാമൂഹിക ഉത്തരവാദിത്തങ്ങൾ ഉളവാക്കുന്ന മാനസിക സംഘർഷങ്ങളാണെന്നാണ്. സാമ്പത്തിക സാമൂഹിക ഉത്തരവാദിത്തങ്ങൾ എല്ലാ ലിംഗ വിഭാഗങ്ങൾക്കിടയിലും തുല്യമായി പങ്കിടാനുള്ള ഒരു സാഹചര്യമില്ലാത്ത സമൂഹത്തിൽ അത് ഏത് വിഭാഗത്തിലാണോ കൂടുതൽ കേന്ദ്രീകരിക്കപ്പെടുന്നത് അവരിൽ മാനസികാരോഗ്യം തീർച്ചയായും വിട്ടുവീഴ്‍ച ചെയ്യപ്പെടും. പുരുഷന്മാരിൽ മനോവ്യാപാരങ്ങളുടെ തുറന്ന പ്രകടനങ്ങളുടേയും പങ്കുവെക്കലിന്റേയും കുറവും ആത്മഹത്യാ നിരക്കിന് ആക്കം കൂട്ടുന്നു.

മാനസികാരോഗ്യവും മറ്റ് ലൈംഗിക ന്യൂനപക്ഷ സമൂഹങ്ങളും 

ഒരാൾ ലെസ്ബിയൻ ,ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെന്‍ഡർ എന്നിങ്ങനെ ലൈംഗിക ന്യൂനപക്ഷമായി സ്വയം തിരിച്ചറിയുന്നത് തന്നെ മാനസിക രോഗമായി കരുതുന്നവരുടെ എണ്ണം ഒട്ടും കുറവല്ല നമ്മുടെയിടയിൽ. ഇങ്ങനെ ഒരു ലിംഗ വിഭാഗമായി സ്വയം തിരിച്ചറിയുന്ന കൗമാരക്കാരെയും യുവാക്കളെയും മാനസിക രോഗ വിദഗ്ധരുടെ അടുത്ത് ചികിത്സക്കായി കൊണ്ടുവരുന്നത് വളരെ സാധാരണമാണ്. മാനസിക രോഗങ്ങളെ നിർണ്ണയിക്കാൻ ആഗോളതലത്തിൽ വ്യാപകമായി ഉപയോഗിച്ച് വരുന്ന Diagnostic and  Statistical Manual (DSM) homosexuality ഒരു മാനസികരോഗമായാണ് കണക്കാക്കിയിരുന്നത്. 1973 ൽ DSM അതിന്‍റെ രണ്ടാം പതിപ്പിൽ നിന്നും ഇത് നീക്കം ചെയ്യുന്നത് വരെ മുഖ്യധാരാ മനഃശാസ്ത്ര മേഖലയിൽ വ്യാപരിച്ചിരുന്നവരെല്ലാം ഈ വിശ്വാസം പിന്തുടർന്നവരായിരുന്നു എന്നറിയുമ്പോളാണ് ഈ പ്രശ്നത്തിന്‍റെ വ്യാപ്തി നമ്മൾ തിരിച്ചറിയുന്നത്.

ലൈംഗിക ന്യൂനപക്ഷ ശ്രേണിയിൽ പെടുന്ന ഒരാളായി നിർണ്ണയിക്കപ്പെടുന്നതും ജീവിക്കുന്നതും മാത്രമേനസികരോഗമല്ല. എന്നാൽ ഇവർ സ്വകാര്യ ഇടങ്ങളിലും പൊതു ഇടങ്ങളിലും നേരിടേണ്ടി വരുന്ന വിവേചനം (discrimination), മുൻവിധികൾ (prejudices), ദുഷ്‌പേര് (stigma), മനുഷ്യാവകാശ നിഷേധങ്ങൾ എന്നിവ ഇവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു (Meyer H, 2003 ). മറ്റുള്ളവരിൽ നിന്നും നിരന്തരം നേരിടേണ്ടി വരുന്ന വിദ്വേഷം (hostility), ജീവിക്കുന്ന സംഘർഷഭരിതമായ സാമൂഹ്യ സാഹചര്യങ്ങൾ, പലപ്പോഴും ഒളിച്ചു വെക്കാൻ നിർബന്ധിക്കപ്പെടുന്ന  ലിംഗസ്വത്വം (hiding of sexual identity) തുടങ്ങിയവ ഇവരിൽ മാനസിക രോഗങ്ങളുടെ സാധ്യതകൾ വർധിപ്പിക്കുന്നു (Friedman, 1999). ഈ ന്യൂനപക്ഷ വിഭാഗങ്ങൾ നേരിടുന്ന ഇത്തരം പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനുമുള്ള സംവിധാനങ്ങൾ വേണ്ട രീതിയിൽ ഇല്ല എന്നതും ഈ പ്രശ്നങ്ങളിൽ പൊതു സമൂഹത്തെ ബോധവൽക്കരിക്കാനുള്ള ശ്രമങ്ങൾ അപര്യാപ്തമാണ് എന്നതും ഇവരെ മാനസികമായി ദുർബലരാക്കി നിലനിർത്തുന്നു. അതിന്‍റെ ഉത്തരവാദിത്തം heterosexual എന്ന് വിളിക്കപ്പെടുന്നതിൽ എന്തെങ്കിലും മേന്മയുണ്ടെന്നു ധരിക്കുന്ന ഓരോരുത്തരും പങ്കിടേണ്ടതുമാണ്.

മൊത്തമായ ഒരു അവലോകനം നടത്തുമ്പോൾ സമ്മതിക്കേണ്ടി വരുന്നത് തുല്ല്യതാ  മൂല്യമില്ലാത്ത സാമൂഹ്യ ക്രമങ്ങളും, വ്യവസ്ഥിതിയും എന്നും മനസികാരോഗ്യമെന്ന കാഴ്ചപ്പാടിനെ വെല്ലുവിളിക്കുന്നു വ്യക്തിയുടേയും സമൂഹത്തിന്‍റെയും . ഇക്കാര്യത്തിൽ ലൈംഗിക വിഭാഗങ്ങൾക്കിടയിൽ  താഴെത്തട്ടിലുള്ളവരുടെ മാനസികാരോഗ്യത്തിൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുന്നത് ക്രൂരമായ നീതി നിഷേധം കൂടിയാണ്. അധികാരത്തിന്‍റെ യും അവസരങ്ങളുടേയും തുല്യമല്ലാത്ത വിതരണം മേലേത്തട്ടിലുള്ളവർക്ക് പലവിധ ആനുകൂല്യങ്ങളും കൊടുക്കുമെങ്കിലും മാനസികാരോഗ്യത്തിന്‍റെ കാര്യത്തിൽ പ്രതികൂല ഫലമാണെന്നത് കൂടുതൽ പഠിക്കേണ്ടതും തുറന്നു കാട്ടപ്പെടേണ്ടതും തന്നെയാണ്.

സഹായകഗ്രന്ഥങ്ങള്‍

Diagnostic and Statistical Manual, 1973, Second Edition, American Psychiatric Association

Friedman RC (1999). Homosexuality, psychopathology, and suicidality. Archives of General Psychiatry. 

Meyer I. H. (2003). Prejudice, social stress, and mental health in lesbian, gay, and bisexual populations: conceptual issues and research evidence. Psychological bulletin, 129(5), 674–697. https://doi.org/10.1037/0033-2909.129.5.674

National Mental Health Survey of India 2015-16 (2016), Supported by Ministry of Health and Family Welfare, Government of India. Implemented by National Institute of Mental Health and Neurosciences, Bengaluru

There is something in the air, Documentary by Iram Gufran, 2011.

ഡോ.സുനൈന.കെ
അധ്യാപിക,
മന:ശാസ്ത്ര വിഭാഗം ഡോ.ബി.ആര്‍.അംബേദ്കര്‍ യൂണിവേഴ്സിറ്റി,

 

 

COMMENTS

COMMENT WITH EMAIL: 0