സ്ത്രീയായി ജനിച്ചതില്‍ കുറച്ചൊന്നുമല്ല ഞാന്‍ അഹങ്കരിച്ചത്. ദൈവത്തിന്റെ ഏറ്റവും മനോഹരമായ അര്‍ത്ഥവത്തായ ഒരു സൃഷ്ടി തന്നെയാണ് ‘അവള്’. ആ വിശ്വാസം എന്നെ എല്ലാ കാര്യത്തിലും നയിച്ചിരുന്നു. രണ്ടു ആണ്‍കുട്ടികള്‍ കഴിഞ്ഞു മൂന്നാമത്തെ പെണ്‍കുട്ടിയായി ഞാന്‍ ജനിച്ചപ്പോള്‍ എന്റെ അമ്മ അതിയായി സന്തോഷിച്ചു എന്ന് മുത്തശ്ശി പറഞ്ഞു.. പെണ്ണായതില്‍ ആദ്യമായി എനിക്കു വിഷമം തോന്നിയതു ഞാന്‍ ‘വയസ്സറിയിച്ച’പ്പോഴായിരുന്നു. അതുവരെ ആങ്ങളമാര്‍ക്കൊപ്പം ഓടിനടന്ന എനിക്ക് വിലക്കുകള്‍ വന്നു. ഞാന്‍ പെണ്‍കുട്ടിയായതില്‍ സന്തോഷിച്ചിരുന്ന അമ്മയുടെ ശാസിക്കുന്ന മുഖം വെളിപ്പെട്ടുതുടങ്ങി. കൂനിന്മേല് കുരു എന്നപോലെ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എനിക്ക് നടുവേദന വന്നു. പല നാട്ടുവൈദ്യങ്ങളും ആയൂര്വേദവുമൊക്കെ ചെയ്തിട്ടും ഒരു കുറവുമില്ല. ഒന്ന് ചുമയ്ക്കുവാനോ തുമ്മുവാനോ പോലും പാടില്ലാത്ത വിധം അസഹ്യമായ വേദനയായി അതു മാറി. ദൈവാധീനമെന്നു പറയട്ടെ, ഗുജറാത്തിലായിരുന്ന അമ്മയുടെ ഡോക്ടര്‍ സഹോദരന് അപ്രതീക്ഷിതമായി വീട്ടില്‍ വന്നു. നട്ടെല്ലിന്റെ പ്രശ്നമാണെന്നു പറഞ്ഞു, തുടര്‍ പരിശോധന യില്‍ നട്ടെല്ലില്‍ ബാധിച്ചത് ടി ബി യാണെന്നു കണ്ടെത്തി. അണുബാധയുടെ അതിപ്രസരം മൂലം എന്റെ രണ്ടു കശേരുക്കള് തകര്‍ന്ന് പൊടിഞ്ഞു പോയിരുന്നു. അതിനെ കൂട്ടിയോജിപ്പിക്കുവാനായി (മാല പൊട്ടി പോകുമ്പോള്‍ വിളക്കി ചേര്‍ക്കുന്നതു പോലെ) കഴുത്തു മുതല്‍ അരക്കെട്ടു വരെ നീളുന്ന ബനിയന് പ്ലാസ്റ്ററിംഗ്(ബനിയന് ഇടുന്നതുപോലെ) എന്നെ മലര്‍ത്തി തന്നെ ഒന്നേകാല്‍ വര്‍ഷം കിടത്തി. അതിനൊപ്പം ആന്റിബയോട്ടിക് ഇന്‍ഞ്ചക്ഷനും കുറേ മരുന്നുകളും കഴിച്ചു. ആ കാലത്തിലാണ് പെണ്ണായി പിറന്നതിന്റെ യാതനകള്‍ ഞാന്‍ എന്റെ ശരീരത്തില്‍ അറിഞ്ഞത്.
എല്ലാ മാസവും സ്ത്രീകളെ സന്ദര്‍ശിക്കുന്ന അതിഥി, തീണ്ടാരി വളരെ അസഹ്യമായ വേദനയോടും ശക്തമായരക്തസ്രാവത്തോടും എന്നെ വല്ലാതെ ആക്രമിച്ചിരുന്നു. സ്വന്തം ശരീരത്തെ സ്പര്ശിക്കാനാവാതെ ഞാന്‍ പ്ലാസ്റ്ററിനു മുകളില്‍ ഇടിച്ചും കരഞ്ഞും അവശയാകും. അന്ന് എന്റെ തീണ്ടാരി തുണികളും സാനിട്ടറി നാപ്കിനുകളും അമ്മയോ മുത്തശ്ശിയോ സമയാസമയം മാറ്റി ഉടുപ്പിക്കും. അപ്പോഴൊക്കെ എന്റെ നിസ്സഹായവസ്ഥയില്‍ڔ ഒന്നും ചെയ്യാനാവാതെ ഞാന്‍ കണ്ണുകള്‍ മുറുകെ അടച്ച് കിടക്കും. എന്റെ അഹങ്കാരമായി നാളിതു വരെ കരുതിയിരുന്ന സ്ത്രീജന്മത്തെ അന്നാളില്‍ ശപിച്ചുവോ ഞാന്‍? അതേ! ഒരു സ്ത്രീയായി പിറന്നതില്‍ ആദ്യമായി ഞാന്‍ വേദനിച്ചു. താല്ക്കാലികമായ ഒരവസ്ഥയായിരുന്നു എന്റേത്.
അപ്പോള്‍ ഒരു ജന്മം മുഴുവന്‍ ഈ അവസ്ഥയില്‍ കിടക്കുന്നവരോ? നടക്കാന്‍ ശേഷിയില്ലാത്ത സ്ത്രീകളും ഇതെല്ലാം അനുഭവിക്കുന്നില്ലേ!എന്റെ ഉള്ളില്‍ അവര്‍ക്കായി പ്രാര്‍ത്ഥന ഉയര്‍ന്നു. കിടപ്പുരോഗികളായ ആര്‍ത്തവമുള്ള സ്ത്രീകള്‍ / ജന്മനാ നടക്കാന്‍ ശേഷിയില്ലാതെ തളര്വാതാവസ്ഥയിലുള്ളവര്/അമ്മയാകാന്‍ കഴിയാത്തവരോ ആഗ്രഹിക്കാത്തവരോ ആണെങ്കില്‍ ഈ നരകാവസ്ഥ അനുഭവിക്കുന്നതെന്തിനാണ്?
ആരോഗ്യശാസ്ത്രത്തിന് ഇവരെ ഈ അവസ്ഥയില്‍ നിന്നും സഹായിക്കാനാവില്ലേ! ആതുരശുശ്രൂഷക്ക് ഈ ആര്‍ത്തവ കഷ്ടപ്പാടുകളെ തുടച്ചു മാറ്റാന്‍ എന്തെങ്കിലും ചെയ്യാനാവുമോ? എന്തെങ്കിലും പഠനം ഈ മേഖലയില്‍ നടത്തിയിട്ടുണ്ടോ? ഒരു വിരലിനു മുറിവു പറ്റി വേദനയില്‍ ഇരിക്കുമ്പോള്‍ നമ്മള് ഒരു കൈ മുറിച്ചു മാറ്റിയവരെക്കുറിച്ചു ചിന്തിക്കാറുണ്ടോ? കൈകള്‍ക്ക് സ്വാധീനമില്ലാത്തവരെക്കുറിച്ചു ചിന്തിക്കാറുണ്ടോ? സഹജീവികളോടുള്ള അനുകമ്പ, അവര്‍ക്കൊരു സാന്ത്വനമായി മാറാന്‍ കഴിയാറുണ്ടോ? എന്റെ സാഹചര്യങ്ങള്‍ രോഗത്തിലും എനിക്കു തരുന്ന ‘കംഫര്‍ട്ട്സ്’ പാവപ്പെട്ടവര്‍ക്കു എങ്ങിനെ ലഭ്യമാകും ? അതിനു വേണ്ടി നമ്മുടെ ഗവണ്മെന്റ് എന്തെങ്കിലും വകമാറ്റിയിട്ടുണ്ടോ? അത് ആവശ്യക്കാര്‍ക്ക് ലഭിക്കുന്നുണ്ടോ? വലിയ തോതില്‍ സഹായഹസ്തങ്ങള്‍ എത്തേണ്ട ഒരു മേഖലയാണിത്. ഒന്നര വര്‍ഷത്തിനു ശേഷം ആ കിടക്കയില്‍ നിന്നു ഉത്സാഹത്തോടെ ജീവിതത്തിലേക്ക് എഴുന്നേല്ക്കുവാന് എന്നെ സഹായിച്ചത് എന്റെ സഹോദരങ്ങളുടേയും മാതാപിതാക്കളുടേയും കരുതലും സ്നേഹവുമായിരുന്നു ; ഒപ്പം എന്റെ അമ്മ വാങ്ങിത്തന്ന പുസ്തകങ്ങളിലൂടെ ഞാന്‍ കണ്ടെത്തിയിരുന്ന പുതിയ വെളിച്ചവുമായിരുന്നു. പെണ്‍കുട്ടികള്‍/ സ്ത്രീകള്‍ ,രോഗികളായി മാറുമ്പോള്‍ അവര്‍ ഉള്ളിലും സ്വന്തം ദേഹത്തിലും അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ വളരെ വലുതാണ്. അതി കഠിനമാണ്. അതിനെ മറികടക്കാന്‍/അതിജീവിക്കാന്‍/ മനസ്സിനെ പാകപ്പെടുത്തി ബലം നല്കാന് അവര്‍ക്ക് ഉതകുന്ന കൗണ്‍സലിം ഗുകള്‍ അത്യന്താപേക്ഷിതമാ ണ്. ഞങ്ങളുടെ കൗമാരത്തില്‍ അതൊന്നുമില്ലായിരുന്നു അല്ലങ്കില്‍ അറിയില്ലായിരുന്നു. പക്ഷേ ; വിദ്യാഭ്യാസമുണ്ടായിരുന്ന എന്റെ അച്ഛനുമമ്മയും എനിക്ക് വായിക്കാന്‍ ധാരാളം പുസ്തകങ്ങള്‍ വാങ്ങി തന്നു. അന്ന് വായനയായിരുന്നു എന്റെ കൗണ്‍സലിങ് സെഷന്‍സ്. വായനയിലൂടെ ഞാന്‍ കരുത്താര്‍ജിക്കുകയായിരുന്നു.
യൗവ്വനത്തില്‍, കല്യാണപ്രായമായപ്പോള്‍ എന്നിലെ സ്ത്രീ വീണ്ടും നിസ്സഹായയായി. സ്നേഹിച്ച പെണ്ണിനെ വിളിച്ചിറക്കി താലി കെട്ടാന്‍ എന്റെ സഹോദരന് ധൈര്യമുണ്ടായപ്പോള്‍ പ്രണയിക്കാന്‍ പോലും സ്വാതന്ത്യമില്ലാതെ എന്റെ വീട്ടുകാര്‍ എന്നെ പൂട്ടിയിട്ടു. ആ ദുര്‍ഘടഘട്ടത്തിലും എനിക്കു കൂട്ടായത് പുസ്തകങ്ങളായിരുന്നു. വീട്ടുതടങ്കലില്‍ ഞാനിരുന്നുപഠിച്ചു. എസ്കോട്ടോടെ പല പരീക്ഷകളുമെഴുതി പാസ്സായി. അതില്‍ ഒരണ്ണം ഞാന്‍ തെരെഞ്ഞെടുത്തു. ആണുങ്ങളുടെ കുത്തകയായിരുന്ന ഡെവലപ്മെന്റ് ഓഫീസര്‍ എന്ന തസ്തിക. ഒരു കേന്ദ്ര ഗവണ്മെന്റ് സ്ഥാപനത്തില്‍.ڔ സ്ത്രീകളെ അവര്‍ പരിഗണിച്ചത് ആദ്യമായിട്ടായിരുന്നു. ഫൈനല്‍ സ്ക്രീനിംഗില്‍ ഒരു സീറ്റിനായി പതിനൊന്ന് ആണുങ്ങളും ഈ ഞാനും. ഞാന്‍ തെരെഞ്ഞെടുക്കപ്പെട്ടു. എന്റെ അഭിമാനനിമിഷങ്ങള്‍… എന്റേതു മാത്രമല്ല സ്ത്രീകള്‍ക്കുള്ള അംഗീകാരമായിട്ടാണ് ഞാന്‍ അത് സ്വീകരിച്ചത്… അങ്ങനെ സ്വന്തം കാലില്‍ നിന്ന ഞാന്‍ തടങ്കലില്‍ നിന്നും സ്വതന്ത്രയായി. എന്റെ ജോലി എന്നെ സ്വതന്ത്രയാക്കി. ആണ് പെണ് ഭേദമില്ലാതെ ഒരുമിച്ച് പ്രവര്‍ത്തിച്ച ട്രെയിനിംഗ് ദിനങ്ങള്‍… ജോലി രസകരം, പക്ഷേ ദീര്‍ഘദൂര യാത്രകളില്‍ ലേഡീസ് വെയ്റ്റിംഗ് റൂംസ് , ടോയ്ലെറ്റ്സ് എന്നിവയുടെ അഭാവം നേരിട്ടറിഞ്ഞ നാളുകള്‍.ڔ അതു മറികടക്കാനായി ഞാന്‍ ഡ്രൈവിംഗ് പഠിച്ചു; ടു വീലറും ഫോര്‍ വീലറും ഒന്നിച്ചു പഠിച്ച് എന്റെ യാത്രാ സ്വാതന്ത്യം ഞാന്‍ മതിയാവോളം ആസ്വദിച്ചു. വര്‍ഷങ്ങള്‍ ഏറേയിപ്പോള് കടന്നുപോയി ഇപ്പോഴും നമ്മുടെ നാട്ടില്‍ സ്ത്രീകളുടെ വെയ്റ്റിംഗ് റൂംസിനും ടോയ്ലെറ്റ്സി നുമൊന്നും വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. അതില്‍ അത്ഭുതവുമില്ല.
ആദ്യ ഗര്‍ഭം ധരിച്ചപ്പോള്‍ നമ്മുടെ ആചാരങ്ങള്‍ വീണ്ടും സ്ത്രീസ്വാതന്ത്യത്തിന് കൂച്ചുവിലങ്ങിട്ടു. ആദ്യത്തെ പ്രസവം സ്വന്തം വീട്ടിലാവണമെന്നുള്ള നടപ്പുരീതി പ്രാബല്യത്തില്‍ വരുത്താനായി ഒമ്പതാം മാസം (എന്റെ ജോലി ഭര്ത്തൃനാടായ കോട്ടയത്തായിരുന്നു) തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. ആയാത്രയില്‍ എനിക്ക് ചിക്കന്‍പോക്സ് പിടിപെട്ടു. വീര്‍ത്തവയറും ശരീരം മുഴുവന്പഴുത്ത കുരുക്കളുമായി, ഇരിക്കാനും കിടക്കാനുമാകാതെ ജനല്‍ കമ്പികളില്‍ പിടിച്ചു നിന്ന് ഞാനുറങ്ങി. അസഹ്യമായ ചൂടു നിമിത്തം വയറ്റില്‍ കിടക്കുന്ന കുഞ്ഞ് ഉള്ളില്‍ കുത്തിമറിയുമ്പോള്‍ വല്ലാതെ ശ്വാസം മുട്ടി (വയറിനകത്ത്,കുഞ്ഞിനും ചിക്കന്‍ പോക്സ് ബാധിച്ചിരുന്നു). അങ്ങനെ ഗര്‍ഭകാലത്തും പ്രസവസമയത്തുമെല്ലാം ഒരു മഹാരോഗത്തിനൊപ്പമായിരുന്നു ഞാന്‍ ! . അന്നുവരെയും ചിക്കന്‍ പോക്സ് ബാധിക്കാത്ത ശാന്തമ്മ ഡോക്ടര്‍ എന്നെ ശുശ്രൂഷിക്കാന്‍ കാണിച്ച അതി ധൈര്യം പ്രശംസനീയമാണ്. സ്ത്രീശക്തിയുടെ ,ധൈര്യത്തിന്റെ ജോലിയോടുള്ള ആത്മാര്‍ത്ഥതയുടെ പ്രതീകമാണിന്നും എനിക്ക് ആയമ്മ. എനിക്കു വേണ്ടി മാത്രം പ്രത്യേകംഒരുക്കിയ പ്രസവ മുറിയില്‍ ഞാനും ഡോക്ടറും എനിക്കു പിറന്ന മകള്‍ മാളൂട്ടിയും. അതിജീവനത്തിന്റെ മൂന്നു വിജയ ക്കൊടികള്‍ എന്റെ മനസ്സിലെ ഹിമാലയത്തില്‍ ഞാനിന്നും നാട്ടിയിരിക്കുന്നു. എന്റെ ശരീരത്തിലെ ഹിമാലയന്‍ യാത്രകളുടെ ഓര്‍മ്മകള്‍ ….
എന്റെ ജോലിയിടങ്ങളില്‍ .. ഞാന്‍ പരിപൂര്‍ണ്ണ സംതൃപ്തയായിരുന്നോ? ഒരിക്കലുമല്ല.
അമ്പതു വയസ്സായപ്പോള്‍ എനിക്ക് എറണാകുളത്തു നിന്നും മുവാറ്റുപുഴയിലേക്ക് ഒരു സ്ഥലംമാറ്റം. പ്രമോഷനായിരുന്നതു കൊണ്ടു പോകാന്‍ തീരുമാനിച്ചു. പക്ഷേ ആസമയങ്ങളില്‍ സ്ത്രീകളുടെ ശത്രു അഥവാ വില്ലത്തിയായ മെനോപോസ് എന്നെ വല്ലാതെ അസ്വസ്ഥയാക്കി.. ആ റൂട്ടിലുണ്ടായിരുന്ന ഒരേ ഒരു ട്രാന്‍സ്പോര്‍ട്ട് ബസില്‍ തൂങ്ങി നിന്നുള്ളڔ യാത്രയും എന്റെ ഗര്‍ഭപാത്രവും കൂടി വല്ലാത്തൊരു മല് പിടുത്തം തന്നെ നടത്തിയിരുന്നു. അടിവയറ്റില്‍ നീരും അതിഗംഭീരമായ വജൈനല്‍ ബ്ലീഡിംഗും ഹോട്ട് ഫ്ളാഷസും എല്ലാം കൂടി എന്നെ വല്ലാതെ തളര്‍ത്തിയിരുന്നു. ആ കാലത്ത് ഞാന്‍ പങ്കെടുത്ത ഒരു സെമിനാറില്‍ ആശംസാ പ്രസംഗത്തിനായി എന്റെ പേര് മൈക്കിലൂടെ സെക്രട്ടറി വിളിച്ചു പറയുമ്പോള്‍ ദേഹമാസകലം വിയര്‍ത്ത് സാരി മുഴുവന്‍ രക്തത്തില്‍ കുതിര്‍ന്ന് എഴുന്നേല്ക്കാന് വയ്യാത്ത വല്ലാത്തൊരവസ്ഥയിലായിരുന്നു ഞാന്‍. ചുറ്റും ആണ് പ്രജകള്‍ മാത്രം. മറ്റൊന്നും ആലോചിച്ചില്ല സാരിയുടെ മുന്താണി പിടിച്ച് പിറകു വശം മറച്ചു സ്റ്റേജില്‍ കയറി പ്രസംഗം ഗംഭീരമാക്കി. ഇതൊന്നും സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്യത്തെ തടസ്സമാക്കാതെയാവണം. അവരുടെ സാധാരണ ജീവിതത്തെ ബാധിക്കാന്‍ പാടുള്ളതല്ല. ആര്‍ത്തവമെന്നത് അറപ്പുളവാക്കുന്ന ഒരു അവസ്ഥയായിട്ടാണ് ഇന്നും നമ്മുടെ ഇടയില്‍ ആളുകള്‍ കാണുന്നതു്. അതിനൊരു മാറ്റം അനിവാര്യമാണ്. ഒപ്പം ജോലി സ്ഥലങ്ങളിലെ സ്ത്രീതൊഴിലാളികളുടെ ട്രാന്‍സ്ഫര്‍ പോളിസീസ് ക്രോഡീകരിക്കുമ്പോള്‍ അവരുടെ പ്രായം, മെനോപോസ് എന്നിവ കൂടി ഓര്‍ത്തിട്ടാകണം. നിയമങ്ങള്‍ സ്ത്രീസമൂഹത്തെസഹായിക്കുവാന് ഉള്ളതാകണം. അവരെ ബലപ്പെടുത്തുവാന്‍ ഉള്ളതാകണം. നമ്മള് കൊട്ടിഘോഷിക്കുന്ന മാതൃത്വം ,സര്‍വം സഹയായ വെറും ഒരു അമ്മസങ്കല്പം മാത്രമാകരുത്. അവരിലെ സ്ത്രീയെ ബഹുമാനിക്കുന്നതായിരിക്കണം.
അവസാനമായി കൊറോണക്കാലത്തു ഞങ്ങള്‍ അനുഭവിച്ച വ്യഥകള്‍ കൂടി ഒന്മ്പറയട്ടേ! എന്റെ ജീവിതത്തിലെ രണ്ടാമത്തെ പാന്‍ഡെമിക് കാലത്തും എന്റെ കൂട്ടു പങ്കാളി മൂത്ത മകള്‍ തന്നെയായിരുന്നു. പ്രായമായ അമ്മ ഉള്ളതു കാരണം ഞങ്ങള്‍ ആശുപത്രിയില്‍ പോയി അഡ്മിറ്റ് ആയി. കൊറോണ എന്നെ മുറകെ വാരിപ്പുണര്‍ന്നു കൊണ്ടേയിരുന്നു. കാരണം ‘പ്രഷറും ഹാര്‍ട്ടും ഷുഗറും’ ഒക്കെ എന്നിലുണ്ടല്ലോ. ആശുപത്രിയില്‍ ആത്മാര്‍ത്ഥമായി ജോലിയെടുക്കുന്ന കുറേ മാലാഖ നേഴ്സുമാരെക്കണ്ടു. അവരുടെ സ്നേഹമനുഭവിച്ചു. ആ പെണ്‍കുട്ടികളുടെ വീടുകളില്‍ കൊച്ചു കുട്ടികളും പ്രായമായവരുമൊക്കെയുണ്ടു്. അവരില്‍ മുല കൊടുക്കുന്ന അമ്മമാരുണ്ട്. എന്നിട്ടും അവര്‍ മടി കൂടാതെ കൊറോണ ക്കാരായ ഞങ്ങളെ പരിചരിക്കുന്നു. എന്നെ അത് ഏറേ വിഷമിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു; തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷിതത്വം ഇപ്പോഴും കടലാസ്സില്‍ മാത്രം.
ഒരു ദിവസം മരുന്നുകള്‍ എന്റെ ഞരമ്പുകളിലൂടെ കടത്തിവിടാന്‍ ഘടിപ്പിച്ചിരുന്നڔ കൈകളിലെ കാനുല ഇളകിപ്പോയി. നേര്‍ത്ത ഞരമ്പുകളും ഡീഹൈഡ്രേഷനു മെല്ലാം കൂടി എന്റെ ഞരമ്പു കണ്ടു പിടിക്കാന്‍ എത്ര ശ്രമിച്ചിട്ടും മാലാഖ കുട്ടികള്‍ക്കു കഴിഞ്ഞില്ല. അപ്പോള്‍ ആണ് ബലത്തെ അവര്‍ ആശ്രയിച്ചു .എന്റെ കൈയ്യും കാലും കഴുത്തുമൊക്കെ കീറി മുറിച്ചു ചോര ഒലിപ്പിച്ചിട്ട് അവരുടെ കുട്ടി ഡോക്ടര്‍, ഒരു ‘മസില്മാന്’ സ്ഥലം വിട്ടു. പെണ്ണുങ്ങളുടെ മുന്നില്‍ തന്റെ മസില്‍പവര്‍ കാണിച്ചതിന്റെ ഇരയായി ഞാന്‍ മാറി. കൊറോണയുടെ ക്ഷീണത്തിലായിരുന്ന എന്റെ ദേഹമാകെ ആ മസില്മാന് ഞെക്കിപ്പിടിച്ചതിനാല് കരുവാളിച്ചു കിടന്നതല്ലാതെڔ ഞരമ്പുകള്‍ മറഞ്ഞു തന്നെയിരുന്നു. അടുത്ത ദിവസം ഐസിയുവില്‍ കിടത്തികഴുത്തില്
‘സെന്‍ട്രല്‍ ലൈന്‍’ ഇട്ടിട്ടാണ് അതു പരിഹരിക്കപ്പെട്ടത്. രോഗിയോട് ഒട്ടും കംപാഷന്‍ ഇല്ലാത്ത ഒരു ഡോക്ടറുടെ മുഖമാണ് അവിടെ അനാവരണം ചെയ്യപ്പെട്ടത്. ഒരാളെ ഒരു രോഗം കടന്നുപിടിക്കുമ്പോള്‍ അയാളുടെ സാധാരണ ജീവിതത്തിന്റെ അടി തെറ്റുന്നു. പലതരം കഠിനമായ മാനസികാവസ്ഥ യിലായിരിക്കുമവര് . വീടുവിട്ട് ആശുപത്രിയില്‍ അഭയം പ്രാപിക്കുന്നത് അവരുടെ നിവര്‍ത്തികേടു കൊണ്ടാണ്. എത്രയും വേഗം തന്റെ രോഗം മാറാന്‍ ആഗ്രഹിച്ചു കിടക്കുന്നവര്‍ക്ക് വേണ്ട മനോധൈര്യം പകര്‍ന്നു കൊടുക്കുക എന്നതായിരിക്കണം ട്രീറ്റുമെന്റിന്റെ ആദ്യ പടിയായി ഡോക്ടര്‍മാര്‍ ചെയ്യേണ്ടതെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. എന്റെ ഞരമ്പു കണ്ടുപിടിക്കാന്‍ നേഴ്സുമാര്‍ കൊണ്ടുവന്ന മിടുക്കന് മസില്മാന് ഡോക്ടര്‍ എന്റെ മുഖത്തു പോലും നോക്കിയിരുന്നില്ല, എന്നോട് ഒന്നും സംസാരിച്ചതുമില്ല. പി.പി.ഇ കിറ്റ് ധരിച്ചിരുന്നതിനാല്‍ ആ മുഖം എനിക്കും കാണാനായില്ല. രോഗികളോടുള്ള സമീപനത്തെക്കുറിച്ച് തീര്‍ച്ചയായും ഇവരൊക്കെ ട്രെയിനിംഗ് എടുക്കേണ്ടതാണ്. എന്റെ കഴുത്ത് മുറിഞ്ഞു രക്തം വന്നപ്പോള്‍ പോലും കാലില്‍ മറ്റൊരു ഞരമ്പ് തിരയുന്ന തിരക്കിലായിരുന്നു അദ്ദേഹം. സഹകരിക്കുന്ന രോഗിയെ കഷ്ടപ്പെടുത്തിയ ഒരു വ്യക്തിയായിട്ട് മാത്രമാണ് എനിക്ക് അദ്ദേഹത്തെ ഓര്‍മ്മിക്കാനാവുക. വിദ്യാഭ്യാസമല്ല വിവേകമാണ് നമ്മെ ഭരിക്കേണ്ടത്. പ്രത്യേകിച്ച് നമ്മള് ലിംഗ വിവേചനവും ലിംഗ ബഹുമാനവും യുണിവേഴ്സിറ്റി തലത്തില്‍ മുഖ്യ വിഷയങ്ങളാക്കി ഗവേഷണങ്ങളും ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ജീവിക്കുന്നവരാകു മ്പോള്‍ ആണ് ബലം എവിടെ എപ്പോള്‍ എങ്ങനെ കാണിക്കണമെന്ന് പുരുഷന്മാര് മറന്നു പോകുന്നുവോ??
അവശതയനുഭവിക്കുന്ന സ്ത്രീകളെ പരിചരിക്കാന്‍ എത്ര പുരുഷന്മാര്ക്കറിയാം?
എത്ര ആണ്മക്കള്ക്കറിയാം?
എത്ര ഭര്ത്താക്കന്മാര്ക്കറിയാം?
എത്ര സഹോദരന്മാര്ക്കറിയാംڔ ?
എത്ര ആണ് സുഹൃത്തുക്കള്‍ക്കറിയാം ?
അതെ! നമ്മുടെ ആണ്‍കുട്ടികളേയും വീട്ടിലെ ദൈന്യംദിന ജോലികള്‍ ചെറുപ്പത്തിലേ പരിശീലിപ്പിക്കണം. സ്ത്രീകളാണ് വീട്ടുജോലിക്ക് ഏറ്റവും ഉത്തമരായവര്‍, അവരെ ദൈവം അതിനുള്ള കഴിവുകള്‍ കൊടുത്ത് അതിനായി സൃഷ്ടിച്ചിരിക്കുന്നതെന്ന സൂത്രം പറഞ്ഞ് സ്വയം രക്ഷപ്പെട്ട് തന്റെ സ്വകാര്യ സുഖങ്ങളില്‍ ഒളിച്ചിരിക്കുന്ന പരിപാടി ആണുങ്ങള് നിര്‍ത്തിയേ മതിയാകൂ. എന്നാല്‍ മാത്രമേ ഇവിടെ സമത്വമുണ്ടാവൂ, സമാധാനമുണ്ടാവൂ, ആരോഗ്യമുണ്ടാവൂ, നമ്മുടെ അമൂല്യ സമ്പത്തായ മാനസികാരോഗ്യമുണ്ടാവൂ. അത് നമ്മുടെ എല്ലാ പേരുടേയും അവകാശമല്ലേ ?
COMMENTS