ഒരു സ്ത്രീയുടെ ആരോഗ്യത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ആണ് ആര്‍ത്തവ ആരോഗ്യവും ശുചിത്വവും. അടുത്ത കാലം വരെ, ഇത് ഒരു രഹസ്യ വിഷയമായിട്ടാണ് പൊതുവേ കൈകാര്യം ചെയ്തിരുന്നത്. പരസ്യമായി സംസാരിക്കുമ്പോള്‍ പോലും അതിന് ഒരു രഹസ്യാത്മകതയുടെ കവചം ഉണ്ടാവും.ڔ ഉദാഹരണത്തിന് ആദ്യ കാല ആര്‍ത്തവ ശുചിത്വ വസ്തുക്കളുടെ പരസ്യങ്ങള്‍ തന്നെ. ആ പരസ്യങ്ങള്‍ ടെലിവിഷനില്‍ വരുമ്പോള്‍ സ്ത്രീകളും പെണ്‍കുട്ടികളും തലതാഴ്ത്തി ഇരിക്കുകയും പുരുഷന്മാര്‍ എന്തോ കേള്‍ക്കാന്‍ പാടില്ലാത്തത് കേട്ട രീതിയില്‍ ഇരിക്കുന്നതും സാധാരണം ആയിരുന്നു. ഒരു സാനിറ്ററി നാപ്കിന്‍ കടയില്‍ നിന്നും മേടിക്കുന്നത് വളരെ ലജ്ജാകരം ആയ കാര്യം ആയിരുന്നു. തുണി ഉപയോഗിക്കുന്ന സ്ത്രീകള്‍ ആ തുണികള്‍ വൃത്തിയാക്കിയതിന് ശേഷം ആരും കാണാത്തിടത്താണ് ഉണങ്ങാന്‍ ഇടുന്നത്. പലപ്പോഴും ആ സ്ഥലങ്ങള്‍ വൃത്തിയില്ലാത്തതും, വെയില്‍ കടക്കാത്തതും ആയിരിക്കും. സാനിറ്ററി നാപ്കിന്‍റെ വരവ് ആര്‍ത്തവ ശുചിത്വത്തിലും അതിന്‍റെ മാനേജ്മെന്‍റിലും വിപ്ലവം തന്നെയാണ് കൊണ്ടുവന്നത്. എന്നിരുന്നാലും ആര്‍ത്തവത്തെ ചുറ്റപ്പെട്ട രഹസ്യാത്മകതക്ക് കാര്യമായ മാറ്റം ഒന്നും പൊതു സമൂഹത്തില്‍ വന്നിട്ടില്ല.
ഇവിടെ ഓര്‍ക്കേണ്ട ഒരു കാര്യം 21-ാം നൂറ്റാണ്ടിന്‍റെ ആവിര്‍ഭാവം മുതല്‍, പ്രത്യുല്‍പാദന ആരോഗ്യം, ആര്‍ത്തവ ആരോഗ്യം എന്നിവ ഉള്‍പ്പെടുന്ന പല സ്ത്രീ ലൈംഗിക ആരോഗ്യ പ്രശ്നങ്ങളും വിവിധ സര്‍ക്കാര്‍ പൊതുജനാരോഗ്യ പരിപാടികളിലും സ്ത്രീ ശാക്തീകരണ പരിപാടികളുടേയും അടിസ്ഥാന ഘടകം ആയിരുന്നു.ڔ അതോടൊപ്പം ആര്‍ത്തവ ശുചിത്വ ഉല്‍പ്പന്നങ്ങളുടെ പ്രചാരണവുമായി ബന്ധപ്പെട്ട വാണിജ്യ ആശയവിനിമയവും ഈ വിഷയത്തില്‍ അവബോധം സൃഷ്ടിച്ചു. എന്നിരുന്നിട്ടും ഇതിനെ ചുറ്റപ്പെട്ട രഹസാത്മകത തുടര്‍ന്നിരുന്നു. എന്തിന് കുടുംബവൃത്തങ്ങള്‍ക്കുള്ളില്‍ അത്തരം പരസ്യങ്ങളുടെ സാന്നിധ്യം പലപ്പോഴും അശ്ലീല വിഷയമായി പോലും കണക്കാക്കപ്പെട്ടിരുന്നു.
2002-2008 കാലഘട്ടത്തിലെ ദൂരദര്‍ശന്‍റെ ഏറ്റവും ജനപ്രിയമായ പൊതുജനാരോഗ്യ പരിപാടികളിലൊന്നാണ് ‘കല്യാണി’. ഈ പരിപാടിയുടെ പ്രധാന ഘടകങ്ങള്‍ പകര്‍ച്ചവ്യാധികള്‍, സമൂഹത്തിനെ അലട്ടുന്ന സാധാരണ ആരോഗ്യപ്രശ്നങ്ങളുടെ ചര്‍ച്ചകള്‍, മാതൃ ആരോഗ്യം, പ്രത്യുത്പാദന ആരോഗ്യം, ഒകഢഅകഉട എന്നിവയെ കേന്ദ്രീകരിക്കുന്ന ലൈംഗിക ആരോഗ്യ പ്രശ്നങ്ങളും ആയിരുന്നു. എന്നാല്‍ കൗമാരപ്രായം മുതല്‍ അന്‍പതുകളുടെ ആരംഭം വരെയുള്ള സ്ത്രീകളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമായ ആര്‍ത്തവ ആരോഗ്യവും ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഈ പരിപാടിയില്‍ കാര്യമായി ചര്‍ച്ച ചെയ്തിരുന്നില്ല. പൊതുജനം പല പകര്‍ച്ചവ്യാധികള്‍ കൈകാര്യം ചെയ്യുന്ന രീതികളിലും, വാക്സിനേഷന്‍റെ കാര്യത്തിലും, എന്തിന് ലൈംഗിക ആരോഗ്യം, പ്രസവത്തിനു മുമ്പുള്ളതും പ്രസവാനന്തര പരിചരണവും ആയി ബന്ധപ്പെട്ട് പല തലത്തിലുള്ള പെരുമാറ്റ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് കല്യാണി സഹായകരമായിട്ടുണ്ട്. കല്യാണി പ്രധാനമായും ലക്ഷ്യമിട്ടത് ഗ്രാമീണ ഇന്ത്യയെയാണ്. കല്യാണിയിലൂടെ നല്‍കിയ പല സന്ദേശങ്ങളും നല്ല രീതിയില്‍ അതിന്‍റെ കാഴ്ച്ചക്കാര്‍ ഉള്‍കൊണ്ടിരുന്നു എന്നും, തങ്ങളുടെ ജീവിത രീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും കല്യാണി സഹായകരമായി എന്നും പല പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ടെലിവിഷന്‍ പരിപാടികള്‍ വ്യാപകം ആയതും കമ്പനികള്‍ വിവിധ ആര്‍ത്തവ ശുചിത്വ ഉല്‍പ്പന്നങ്ങളുമായി വിപണിയില്‍ പ്രവേശിച്ചതും ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളുടെ മദ്ധ്യം മുതല്‍ ആയിരുന്നു. പരസ്യങ്ങള്‍ ഉല്‍പ്പന്നങ്ങളെക്കുറിച്ച് ചില അറിവുകള്‍ നല്‍കിയെങ്കിലും ആര്‍ത്തവത്തെക്കുറിച്ച് ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന വിലക്ക് കൈകാര്യം ചെയ്യുന്നതില്‍ കാര്യമായ ഒരു നിലപാടും ഇന്നത്തെ പോലെ ഈ പരസ്യങ്ങളില്‍ ഉണ്ടായില്ല. ഇന്ത്യയില്‍ വ്യാപകമായി പരസ്യം ചെയ്യപ്പെട്ട പ്രധാന ആര്‍ത്തവ ശുചിത്വ ഉല്‍പ്പന്നങ്ങളായിരുന്നു, സാനിറ്ററി നാപ്കിനുക. അവയുടെ പരസ്യങ്ങള്‍ പൊതുവെ അതിന്‍റെ പെരിഫറല്‍ യൂട്ടിലിറ്റിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ഉദാഹരണത്തിന് സ്ത്രീകള്‍ക്ക് രക്തസ്രാവ സമയത്ത് അതിന്‍റെ രഹസ്യാത്മകത സൂക്ഷിച്ചു കൊണ്ട് സുഖകരമായ ഒരു ദിവസം ആസ്വദിക്കാന്‍ ഇവ എങ്ങനെ സഹായിക്കുന്നു എന്നാണ് പൊതുവെ പരസ്യങ്ങളുടെ ഉള്ളടക്കം. ആര്‍ത്തവ ശുചിത്വത്തെ സംബന്ധിച്ചും ആര്‍ത്തവ സമയത്ത് സ്ത്രീകളുടെ ആരോഗ്യത്തെ സംബന്ധിച്ച പ്രശ്നങ്ങളൊന്നും പരസ്യമായി ചര്‍ച്ച ചെയ്തിരുന്നില്ല.
ആര്‍ത്തവം എന്നത് ഇന്ത്യന്‍ സമൂഹത്തില്‍ പ്രാഥമികമായി അശുദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. ഇത് പലപ്പോഴും ആര്‍ത്തവ സമയത്തെ തൊട്ടുകൂടായ്മയിലേക്കാണ് നയിച്ചിരുന്നത്. 21 ആം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ പോലും സ്ത്രീ വിദ്യാഭ്യാസത്തില്‍ ഉയര്‍ന്ന നിലവാരം ഉണ്ടെന്ന് അഭിമാനിക്കുന്ന കേരളം പോലുള്ള ഒരു സംസ്ഥാനം ആര്‍ത്തവ അശുദ്ധിയും ലിംഗ സമത്വവും എന്ന വിഷയത്തെ കുറിച്ച് ശബരിമല വിധിയെ തുടര്‍ന്ന് പരസ്പരം പോരാടുന്ന സ്ഥിതി വിശേഷം ഉണ്ടായി. ആര്‍ത്തവ അശുദ്ധി എന്നത് ലിംഗ അസമത്വത്തിന് കാരണം എന്ന് ഒന്നുകൂടി ഊട്ടിയുറപ്പിച്ച സംഭവം ആയിരുന്നു അത്. ആര്‍ത്തവത്തെ കുറിച്ചും ആര്‍ത്തവ ശുചിത്വ പരിപാലനത്തെ കുറിച്ചുമുള്ള അവബോധമില്ലായ്മയും ആണ് ഇതിന് പ്രധാന കാരണം. ആര്‍ത്തവ ശുചിത്വ പരിപാലനത്തിന്‍റെ കാര്യത്തില്‍, സ്ത്രീകള്‍ ഇപ്പോഴും വൃത്തിഹീനമായ രീതികളുമായി പോരാടുകയാണ്, ഉപയോഗിച്ച തുണികളും മറ്റ് ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നത് പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും കാരണമാകുകയും രക്തസ്രാവമുള്ള ദിവസങ്ങളില്‍ സാധാരണ ജീവിതം നയിക്കുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കുകയും ചെയ്യുന്നു. മറ്റ് പല സ്ത്രീ വിഷയങ്ങള്‍ പോലെ ഇതും പലപ്പോഴും ഉറക്കെ സംസാരിക്കേണ്ട ഒന്നാണെന്ന് സ്ത്രീകള്‍ പോലും ചിന്തിക്കുന്നില്ല.
2018 സെപ്റ്റംബര്‍ 28 നു വന്ന ശബരിമല വിധി ഈ വിഷയത്തെ പരസ്യമായി ചര്‍ച്ചചെയ്യുന്നതിന് സഹായകമാക്കി. അതോടൊപ്പം ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ രണ്ടാം ദശകത്തില്‍ മതങ്ങളും ആചാരങ്ങളും ഉന്നത വിദ്യാഭ്യാസവും ലോകപരിചയവും ഉള്ള സ്ത്രീകളെ പോലും ആര്‍ത്തവ അശുദ്ധിയുടെ പേരില്‍ എങ്ങനെ വരുതിയില്‍ നിറുത്തുന്നു എന്ന് വ്യക്തം ആക്കിയ സംഭവം ആയിരുന്നു അത്. ആര്‍ത്തവ ദിനങ്ങളില്‍ ആരാധനാലയങ്ങളിലും മതപരവും സാമൂഹിക-സാംസ്കാരികവുമായ – വിവാഹവും, മരണവും അടക്കമുള്ള – പരിപാടികളില്‍ നിന്ന് പോലും സ്ത്രീകളുടെ ഇടപെടല്‍ യുക്തിരഹിതമായ ആചാരങ്ങളും വിശ്വാസങ്ങളും കൊണ്ട് നിരോധിക്കുന്നതും നിയന്ത്രിക്കുന്നതും ലിംഗസമത്വത്തെ ചോദ്യം ചെയ്യുന്ന ഒന്നാണെന്ന് മനസിലാക്കാന്‍ നല്ല ശതമാനം സ്ത്രീകള്‍ മനസിലാക്കുന്നില്ല എന്നതാണ്, ആര്‍ത്തവ വിപ്ലവം എന്ന പേരില്‍ സുപ്രീം കോടതിയുടെ വിധിക്കെതിരെ വന്ന സ്ത്രീകളുടെ നാമജപ സമരങ്ങള്‍ വ്യക്തമാക്കിയത്.
ആര്‍ത്തവമുള്ള സ്ത്രീകള്‍ അശുദ്ധരാണെന്ന് പലരും അടിയുറച്ച് വിശ്വസിക്കുന്നു. ഈ അശുദ്ധി ചൂണ്ടിക്കാട്ടിയാണ് പല ആരാധനാലയങ്ങളിലും സ്ത്രീകളുടെ പ്രവേശനം നിരോധിച്ചിരിക്കുന്നത്. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള വിലക്ക് ചോദ്യം ചെയ്ത ശബരിമല വിഷയം ലിംഗസമത്വ വിഷയത്തിലെ ഒരു പ്രധാന വിധി ആയിരുന്നിട്ട് കൂടി അതിനെ തള്ളിപറയാനും സ്ത്രീകള്‍ തന്നെ മുന്നിട്ട് വന്നു എന്നത് തങ്ങളുടെ വലിയൊരു ജീവിതത്തിലെ ഒരു ജൈവീക പ്രക്രീയയെ അവര്‍ എത്ര ഗോപ്യമായാണ് കാണുന്നത് എന്നതിനുള്ള തെളിവായിരുന്നു അത്. സ്ത്രീ ഭക്തരുടെ ആരാധനാലയ പ്രവേശനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍, ആര്‍ത്തവ ശുചിത്വത്തെയും ആര്‍ത്തവശുചിത്വ മാനേജ്മെന്‍റിനെയും ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളുടെ ഒരു പരമ്പരയ്ക്ക് തുടക്കമിട്ടു. പലരും പൊതു വേദികളില്‍ യാതൊരു മടിയും കൂടാതെ വ്യക്തതയോടെ ഈ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി.
അതുപോലെ 2018ല്‍ കേരളത്തില്‍ ഉണ്ടായ പ്രളയവും കേരളസമൂഹത്തില്‍ ആര്‍ത്തവശുചിത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് കൂടുതല്‍ ആഴത്തില്‍ അവലോകനം ചെയ്യാന്‍ പലരെയും നിര്‍ബന്ധിതരാക്കി. വെള്ളപ്പൊക്ക സമയത്ത്, അവശ്യസാധനങ്ങളുമായി തിടുക്കത്തില്‍ വീടുവിട്ടിറങ്ങേണ്ടി വന്നപ്പോള്‍, പലര്‍ക്കും ആര്‍ത്തവ സാനിറ്ററി സാമഗ്രികള്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ല. സാനിറ്ററി നാപ്കിനുകള്‍ പ്രളയ അതിജീവന കിറ്റുകളില്‍ അത്യാവശ്യവസ്തു ആയി. രണ്ടാമതായി, പല പുനരധിവാസ കേന്ദ്രങ്ങളില്‍, ആര്‍ത്തവ മാലിന്യ സംസ്കരണം ഗുരുതരമായ പ്രശ്നമായി മാറി. സാനിറ്ററി നാപ്കിനുകള്‍ ലഭിക്കുന്നതിനും സുരക്ഷിതവും ശുചിത്വപൂര്‍ണ്ണവും ആയി ഈ മാലിന്യം നീക്കം ചെയ്യുന്നത് പലയിടത്തും ക്യാമ്പ് തലവേദന ആയി മാറി.
ഈ പശ്ചാത്തലത്തില്‍ കൊച്ചി ആസ്ഥാനമായുള്ള ഗോപാല്‍ജി ഫൗണ്ടേഷന്‍ എറണാകുളം ജില്ലയിലെ ചെല്ലാനം പഞ്ചായത്തിലെ സ്ത്രീകള്‍ക്കിടയില്‍ ആര്‍ത്തവ ശുചിത്വവും ആരോഗ്യവും എന്ന വിഷയത്തില്‍ ഹ്രസ്വമായ ഇടപെടല്‍ നടത്തിയിരുന്നു. ഒരു ഗൈനക്കോളജിസ്റ്റിന്‍റെ നേതൃത്വത്തില്‍ ആര്‍ത്തവ ശുചിത്വ പരിപാലനത്തിന്‍റെയും ആരോഗ്യത്തിന്‍റെയും പറ്റി നടത്തിയ ഗ്രൂപ്പ് ചര്‍ച്ചകളിലൂടെയും വ്യക്തിഗത കഥ പങ്കിടലിലൂടെയും നിലവിലുള്ള രീതികളും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള സ്ത്രീകളുടെ താല്പര്യവും അവലോകനം ചെയ്തു. ഇടത്തരം, താഴ്ന്ന-ഇടത്തരം കുടുംബങ്ങളെ പ്രതിനിധീകരിച്ച് ആര്‍ത്തവ പ്രായത്തിലുള്ള (18 വയസ്സ് മുതല്‍ 55 വയസ്സ് വരെയുള്ള) 58 സ്ത്രീകള്‍ രണ്ട് ദിവസം നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തു.
ഈ ചര്‍ച്ചകളില്‍ നിന്ന് ഉയര്‍ന്നു വന്ന ചില അനുമാനങ്ങള്‍
1. അവിവാഹിതരും, എന്നാല്‍ വിദ്യാഭ്യാസമുള്ളവരും സ്വയം പര്യാപ്തരും ആയ യുവതികള്‍ക്ക് വീടിനുള്ളില്‍ ആര്‍ത്തവ ആരോഗ്യം, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളെക്കുറിച്ച് സംസാരിക്കാന്‍ ധൈര്യവും അതിനുള്ള സൗകര്യപ്രദമായ ഉപാധികള്‍ ഉപയോഗിക്കാനുള്ള സാഹചര്യവും ഉണ്ട്. ڔ
2. ആര്‍ത്തവ കപ്പുകള്‍ പോലെയുള്ള പുതിയതും കൂടുതല്‍ സൗകര്യപ്രദവും ആയ ആര്‍ത്തവ ശുചിത്വ ഉല്‍പ്പന്നങ്ങള്‍ പരീക്ഷിക്കുന്നതിനും യുവാക്കള്‍ തയ്യാറാണ്. സോഷ്യല്‍ മീഡിയ പരസ്യങ്ങളിലൂടെയാണ് പുതിയ ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള അവബോധം അവര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ഇത്തരം ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ തല്പരര്‍ ആണെങ്കിലും അതിന്‍റെ ഉപയോഗത്തെ കുറിച്ചുള്ള ആശങ്കകള്‍ – അത് പ്രതുല്‍പാദന ആരോഗ്യത്തെ ബാധിക്കുമോ, അതിന് എന്തെങ്കിലും പ്രത്യേക ദോഷങ്ങള്‍ ഉണ്ടോ എന്നൊക്കെ പറ്റിയുള്ള – ڔമൂലം മാറ്റത്തിന് തയ്യാറാവാത്തവര്‍ ആണ് പലരും. ഡോക്ടറും ഗ്രൂപ്പിലെ മറ്റുള്ളവരും ആര്‍ത്തവ കപ്പിലെ തങ്ങളുടെ അനുഭവത്തെക്കുറിച്ച് വിശദീകരിക്കുകയും അതിന്‍റെ പ്രയോഗം വ്യക്തമാക്കിയതും അവരില്‍ ചിലര്‍ക്ക് പുതിയ ആര്‍ത്തവ ശുചിത്വ രീതിയിലേക്ക് മാറാനുള്ള താല്പര്യം വര്‍ദ്ധിപ്പിച്ചു.
3. ഉപയോഗിച്ച സാനിറ്ററി നാപ്കിനുകളുടെ ശുചിത്വ പൂര്‍ണ്ണമായ നിര്‍മാര്‍ജ്ജനം എന്ന തലവേദനയില്‍ നിന്ന് എന്നെന്നേക്കുമായി രക്ഷപ്പെടാനുള്ള പോംവഴി ആയാണ് പലരും ആര്‍ത്തവ കപ്പുകളെകാണുന്നത്. ഇതിനകം ആര്‍ത്തവ കപ്പിലേക്ക് മാറിയ ചില യുവതികള്‍ ഇത് അവരുടെ ചലനങ്ങളെ കൂടുതല്‍ സ്വതന്ത്രം ആകിയതായി അവകാശപ്പെട്ടു. കൂടുതല്‍ സമയം വീടിന് പുറത്ത് തൊഴിലിനും പഠനത്തിനും ആയി തങ്ങേണ്ടി വരുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവ കപ്പ് കൂടുതല്‍ സുരക്ഷിതത്വവും സൗകര്യവും പ്രധാനം ചെയ്യുന്നുവെന്ന് അനുഭവത്തിന്‍റെ വെളിച്ചത്തില്‍ അവര്‍ വാദിച്ചു.
4. ആര്‍ത്തവത്തിന്‍റെ അവസാന ഘട്ടത്തിലുള്ള സ്ത്രീകള്‍ ഇരുപതുകളില്‍ ഉള്ള പെണ്‍കുട്ടികളും ആയി താരതമ്യം ചെയ്യുമ്പോള്‍ ആര്‍ത്തവ ശുചിത്വ പരിപാലന രീതികളെക്കുറിച്ച് സംസാരിക്കാന്‍ വൈമുഖ്യം ഉണ്ടായിരുന്നു. എന്നാല്‍ ചര്‍ച്ച തുടങ്ങിയതോടെ പലരും കാര്യങ്ങള്‍ തുറന്നു പറഞ്ഞു. തുണികള്‍ സാനിറ്ററി നാപ്കിനായി ഉപയോഗിക്കുന്നത് പലപ്പോഴും തീര്‍ത്തും അസൗകര്യവും അറപ്പുളവാക്കുന്നതും ആണെന്ന് അവര്‍ അംഗീകരിച്ചു. സാനിറ്ററി നാപ്കിനുകള്‍ വാങ്ങാന്‍ കഴിഞ്ഞപ്പോള്‍ അതിലേക്ക് മാറിയെന്നും പറഞ്ഞു. എന്നിരുന്നാലും, അവരില്‍ ചിലര്‍ കുടുംബ ബഡ്ജറ്റില്‍ സാനിറ്ററി നാപ്കിന്‍ അധികപ്പറ്റാവുമെന്ന് പേടിച്ച്, ഇപ്പോളും തുണി തന്നെ ഉപയോഗിക്കുന്നുണ്ട്. പ്രാഥമികമായി സാമ്പത്തിക സ്വാതന്ത്യം ഇല്ലായ്മ മൂലമാണ് പല സ്ത്രീകളും തുണികള്‍ ഉപയോഗിക്കുവാന്‍ നിര്ബന്ധിക്കപ്പെടുന്നത്. ആര്‍ത്തവ കപ്പുകള്‍ ന്യായമായ നിരക്കില്‍ ലഭ്യമാണെങ്കില്‍, സാനിറ്ററി നാപ്കിനുകള്‍ വാങ്ങുന്നതിനുള്ള പ്രതിമാസ ചെലവ് കുറയ്ക്കാന്‍ അതിലേക്ക് മാറാന്‍ തയ്യാറെന്ന് പലരും താല്പര്യം കാണിച്ചു.
5. തുണികള്‍ ഉപയോഗിക്കുന്ന സ്ത്രീകളുടെ അനുഭവത്തില്‍ നിന്നും ഒരു കാര്യം വ്യക്തം – ഭര്‍ത്താക്കന്മാരുടെ എതിര്‍പ്പ് കൊണ്ടാണ് അവര്‍ സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കാത്തത് എന്ന്. എതിര്‍പ്പിന് പ്രധാന കാരണം സാനിറ്ററി നാപ്കിനുകള്‍ ചെലവേറിയതാണ്. ഈ സ്ത്രീകള്‍ പ്രധാനമായും ഇടത്തരം കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന വീട്ടമ്മമാരാണ്. ഇത് വ്യക്തം ആക്കുന്നത് സ്ത്രീകള്‍ക്ക് അവരുടെ ആര്‍ത്തവ ആരോഗ്യ മാനേജ്മെന്‍റ് തിരഞ്ഞെടുക്കാന്‍ പോലും സാമ്പത്തിക സ്വാതന്ത്ര്യം വളരെ നിര്‍ണായകമാണെന്നാണ്. കൗതുകകരമെന്നു പറയട്ടെ, ഈ സ്ത്രീകള്‍ തങ്ങളുടെ പെണ്‍കുട്ടികളെ തുണികള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നില്ല, സാനിറ്ററി നാപ്കിനുകളോ, ആര്‍ത്തവ കപ്പ് പോലും തങ്ങളുടെ പെണ്‍ മക്കള്‍ക്കായി കൊടുക്കാന്‍ അവര്‍ തയ്യാറാണ്.ڔ
6. അശുദ്ധിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വരുമ്പോള്‍, പ്രായമായ സ്ത്രീകള്‍ ആര്‍ത്തവം അശുദ്ധമായ ഒരു ജൈവീക പ്രക്രീയ ആണെന്ന് വിശ്വസിക്കുന്നു. ചെറുപ്പക്കാര്‍ അത്തരം വിശ്വാസങ്ങളെ നിരസികുന്നു. ڔചെറുപ്പക്കാര്‍ ഇതിനെ ഒരു ജൈവ പ്രക്രിയയായി കണക്കാക്കുകയും സ്ത്രീകള്‍ക്ക്ളെ എതിരെയുള്ള വിവേചനത്തിന് ഇത് കാരണം ആവുന്നു എന്നും വിശ്വസിക്കുന്നു. സ്കൂളുകളില്‍ ആര്‍ത്തവം, ആര്‍ത്തവ ശുചിത്വം, ആര്‍ത്തവ ശുചിത്വ പരിപാലന രീതികള്‍ എന്നിവയെക്കുറിച്ച് ശാസ്ത്രീയമായും തുറന്നരീതിയിലെ ലൈംഗീക പഠനത്തിനുള്ള സാഹചര്യം ഉണ്ടാക്കുക മാത്രമാണ് ഇത്തരം അന്ധവിശ്വാസങ്ങളില്‍ നിന്നും പുതിയ തലമുറയെ രക്ഷിക്കാനുള്ള വഴിയായി അവര്‍ നിര്‍ദ്ദേശിച്ചത്.
ഈ ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്ന ഒരു പ്രധാന വസ്തുത മുപ്പത്തി അഞ്ചു വയസ്സിന് താഴെയുള്ള തലമുറ പെരുമാറ്റ മാറ്റത്തിന് തയ്യാറാണ്. കൂടുതല്‍ സൗകര്യപ്രദവും സുഖപ്രദമായ ആര്‍ത്തവ ശുചിത്വ സാമഗ്രികള്‍ വേണം എന്ന് അവര്‍ വാദിച്ചു. കൂടാതെ കൂടുതല്‍ പരിസ്ഥിതി സൗഹൃദവും ഉപയോക്തൃ സൗഹൃദവുമായ ഉത്പന്നങ്ങള്‍ ആണ് അവര്‍ ആഗ്രഹിക്കുന്നത്. ആര്‍ത്തവ കപ്പ് പോലുള്ള പുതിയ ഉല്‍പ്പന്നങ്ങളെക്കുറിച്ച് ചിട്ടയായ അവബോധം സൃഷ്ടിക്കുന്നത് അതിലേക്ക് മാറാന്‍ ആളുകളെ സഹായിക്കും, അത് അത്യാവശ്യവും ആണെന്ന് അവര്‍ വാദിച്ചു. അതുപോലെ, അശുദ്ധിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ചെറുപ്പക്കാര്‍ വളരെ നയത്തോടെയാണ് ഇടപെട്ടത്, അവര്‍ അതിനെ വിലക്കെടുക്കുന്നില്ല എന്നാല്‍ കുടുംബത്തിനകത്ത് ഇതിന്‍റെ പേരില്‍ ചര്‍ച്ചകൊണ്ട് വരാന്‍ തയ്യാറല്ല, കാരണം ഇപ്പോഴും ഈ ചര്‍ച്ചകള്‍ പുരുഷ കേന്ദ്രികൃതം ആണെന്ന് അവര്‍ കരുതുന്നു. പക്ഷെ സോഷ്യല്‍ മീഡിയ വഴിയുള്ള പല പ്രചാരണങ്ങളും അവരുടെ ചിന്താഗതിയെ മാറ്റങ്ങള്‍ക്കായി സഹായിക്കുന്നുണ്ട്. മറുവശത്ത്, ആര്‍ത്തവ ആരോഗ്യത്തെ ശാസ്ത്രീയമായി മനസ്സിലാക്കാന്‍ പ്രായത്തില്‍ മുതിര്‍ന്നവര്‍ക്ക് കൂടുതല്‍ സമയവും ശാക്തീകരണവും ആവശ്യമാണ്. ഇത് സ്ത്രീകളുടെ ചിന്തകളെയും അവരുടെ ആഗ്രഹങ്ങളെയും നിയന്ത്രിക്കുന്ന നിലവിലുള്ള സാമൂഹിക-സാംസ്കാരിക ശക്തികളുടെ ഇടപെടലുകളുടെ സാന്നിധ്യത്തെ ആണ് സൂചിപ്പിക്കുന്നത്. ചുരുക്കത്തില്‍ വനിതാ മാസികകളും ആരോഗ്യ പരിപാടികളും ഉണ്ടായിരുന്നിട്ട് പോലും കേരളത്തിലെ സ്ത്രീകള്‍ക്കിടയില്‍ ആര്‍ത്തവ ആരോഗ്യത്തെയും ശുചിത്വത്തെയും കുറിച്ചുള്ള അവബോധം ഇപ്പോഴും ശൈശവാവസ്ഥയില്‍ ആണ് എന്ന തിരിച്ചറിവാണ് ഈ ആശയവിനിമയം കൊണ്ടുണ്ടായത്.
COMMENTS