ആധുനിക വൈദ്യശാസ്ത്രചരിത്രത്തില്‍ സ്വര്‍ണ്ണ ലിപികളില്‍ എഴുതപ്പെടേണ്ട പേരുകളാണ് ഈ ആഫ്രിക്കന്‍ വംശജരായ അടിമ സ്ത്രീകളുടേത്. ആധുനിക ഗൈനക്കോളജിയുടെ മാതാക്കള്‍ എന്നറിയപ്പെടേണ്ടവരാണ് ഈ കീഴാള സ്ത്രീകള്‍. ആധുനിക ഗൈനക്കോളജിയുടെ പിതാവ് എന്നറിയപ്പെട്ടിരുന്ന ജെ. മാരിയോണ്‍ സിംസ് എന്ന അമേരിക്കന്‍ ഡോക്ടര്‍ ഇവരുടെ ശരീരങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളുടെ ഫലമായാണ് ഇന്നും തുടരുന്ന വെസിക്കോ വജൈനല്‍ ഫിസ്റ്റുല ഉള്‍പ്പെടെയുള്ള സ്ത്രീ രോഗങ്ങളുടെ ചികിത്സാ രീതികള്‍ കണ്ടുപിടിക്കപ്പെട്ടത്. 1840 -കളില്‍ അമേരിക്കയിലെ ആലബാമ പ്രവിശ്യയിലെ മോണ്ട്ഗോമറി എന്ന ഗ്രാമത്തിലെ ആഫ്രി ക്കന്‍ വംശജകളായ അടിമ സ്ത്രീകളുടെ മേല്‍ പരീക്ഷണങ്ങള്‍ നടത്തിയാണ് ഗൈനക്കോളജിയുമായി ബന്ധപ്പെട്ട മേഖലയിലെ തന്റെ പല കണ്ടുപിടുത്തങ്ങളും നടത്തിയത് എന്ന് സിംസ് 1889-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട തന്റെ ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ ആത്മകഥയില്‍ നിന്നാണ് മേല്‍ പറഞ്ഞ അനാര്‍ക്ക, ബെറ്റ്സി , ലൂസി എന്നീ മൂന്നു സ്ത്രീകളുടെ പേരുകള്‍ പുറത്തു വരുന്നത്. എന്നാല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയരായ പത്തോളം സ്ത്രീകളുടെ വിവരങ്ങള്‍ ആത്മകഥയില്‍ പരാമര്ശിക്കപ്പെടാത്തതായുണ്ട് എന്നതും അവരുടെ പേരുകള്‍ ഇന്നും പുറത്തുവന്നിട്ടില്ല എന്നതും ഒരു ചരിത്രസത്യമാണ്. ഗൈനക്കോളജി ചികിത്സാ രീതിയില്‍ ഉപയോഗിക്കുന്ന സ്പെക്യൂലം പോലെയുള്ള ഉപകരണങ്ങള്‍ കണ്ടുപിടിക്കപ്പെടുന്നതും ആദ്യമായി ഉപയോഗിക്കപ്പെടുന്നതും ഈ സ്ത്രീകളുടെ മേലാണ്. അതില്‍ എടുത്തുപറയേണ്ട ക്രൂരമായ വസ്തുത അനസ്ത്യേഷ്യ പോലും നല്‍കാതെയാണ് ആഫ്രിക്കന്‍ വംശജരായ അടിമ സ്ത്രീകളുടെ മേല്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നത് എന്നതാണ്.
ഒരു സ്ത്രീയുടെ മേല്‍ത്തന്നെ ഒന്നിലധികം പരീക്ഷണങ്ങളും ചെയ്തിരുന്നു എന്ന വ്യംഗ്യമായ വസ്തുതകളും പുറത്തുവന്നിരുന്നു. 1841 മുതല്‍ 1853 വരെയുള്ള കാലഘട്ടത്തില്‍ ശസ്ത്രക്രിയാപരീക്ഷണങ്ങള്‍ ആവര്‍ത്തിച്ചു ചെയ്യപ്പെട്ടിരുന്നു എന്ന സിംസിന്റെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ തന്നെ ഇതിന് തെളിവാണ്. ഇതേ ഡോക്ടര്‍ പിന്നീട് വെള്ളക്കാരായ സ്ത്രീകളെ ചികിത്സിക്കുമ്പോള്‍ അനസ്തേഷ്യ നല്‍കിയിരുന്നു എന്നു മാത്രമല്ല അന്ന് ലഭ്യമായിരുന്ന എല്ലാത്തരം ചികിത്സാ മുന്‍കരുതലുകളും എടുത്തിരുന്നു എന്നതും മെഡിക്കല്‍ രംഗത്ത് നിലനിന്നിരുന്ന വംശീയതയെ തുറന്നു കാണിക്കുന്നു. ശസ്ത്രക്രിയാ സാങ്കേതികതകളെ മനസിലാക്കുന്നതിന് സിംസ് ചികിത്സക്ക് വിധേയരാക്കപ്പെടുന്ന ആഫ്രിക്കന്‍ വംശജരായ സ്ത്രീകളെ മറ്റു ഡോക്ടര്‍മാരുടെ മുന്നില്‍ വിവസ്ത്രരായി പ്രദര്‍ശിപ്പിച്ചിരുന്നു. ഇത്തരത്തില്‍ ശസ്ത്രക്രിയാപരീക്ഷണങ്ങള്ക്കു വേണ്ടി ഒരു പരീക്ഷണ വസ്തുവായി മറ്റുള്ളവരുടെ മുന്നില്‍ വിവസ്ത്രരായി നില്‍ക്കേണ്ടി വന്നിരുന്ന ആഫ്രിക്കന്‍ വംശജരായ സ്ത്രീകളുടെ അന്തസ്സുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചോദ്യങ്ങളായിത്തന്നെ അവശേഷിക്കുന്നു. ചുരുക്കത്തില്‍ ആ കാലഘട്ടത്തിലെ വൈദ്യശാസ്ത്ര പരീക്ഷണങ്ങള്‍ ആഫ്രിക്കന്‍ വംശജരായ സ്ത്രീകള്‍ക്ക് വേദനാജനകമായിരുന്നു എന്നു മാത്രമല്ല അവരുടെ അന്തസ്സിനെത്തന്നെ ഇല്ലായ്മ ചെയ്യുന്നതായിരുന്നു.
ഡിയെഡ്ര കൂപ്പര്‍ ഓവന്‍സ് തന്റെ ‘മെഡിക്കല്‍ ബോണ്ടേജ്’ എന്ന ഗ്രന്ഥത്തില്‍ വാദിക്കുന്നത് ഈ ആഫ്രിക്കന്‍ വംശജരായ സ്ത്രീകള്‍ കേവല പരീക്ഷണ മാതൃകകള്‍ മാത്രമായിരുന്നില്ല മറിച്ച് മാരിയോണ്‍ സിംസിന്റെ ആശുപത്രിയിലെ നഴ്സ്മാരായും അവിടെ നടന്നിരുന്ന മരുന്നു നിര്‍മ്മാണത്തില്‍ ഭാഗഭാക്കുകളായും പ്രവര്‍ത്തിച്ചിരുന്നവര്‍ കൂടിയായിരുന്നു എന്നാണ്. സിംസിന്റെ പരീക്ഷണശാലയില്‍ മറ്റു ഡോക്ടര്‍മാരടക്കം ഗൈനക്കോളജി ചികിത്സയുമായി ബന്ധപ്പെട്ട തുന്നിക്കെട്ടലുകള്‍ (സൂച്ചേഴ്സ് ) ചെയ്തിരുന്നത് ഇവരുടെ ശരീരത്തിലാണ്. ഈ സ്ത്രീകള്‍ സ്വയം സുഖപ്പെടുത്താന്‍ സ്വന്തം ശരീരങ്ങളെ പരിശീലിപ്പിച്ചവരായിരുന്നു എന്നാണ് ഓവന്‍സ് അഭിപ്രായപ്പെടുന്നത്. വൈദ്യശാസ്ത്ര ചരിത്രകാരിയായ സൂസന് ബിവെര്‍ലി വാദിക്കുന്നത് ആഫ്രിക്കന്‍ വംശജരായ സ്ത്രീക്കള്‍ക്ക് വേദന അനുഭവിക്കുന്നതില്‍ കൂടുതല്‍ സഹനശക്തി ഉണ്ട് എന്ന തെറ്റിദ്ധാരണ നിലവിലുണ്ടായിരുന്നതു കൊണ്ടാണ് ഈ സ്ത്രീകള്‍ക്ക് അനസ്ത്യേഷ്യ നല്‍കാതിരുന്നതും ഇവരുടെ മേല്‍ ഇത്രയധികം ശസ്ത്രക്രിയകള്‍ നടത്തിയിരുന്നതും എന്നാണ്. ഇത്തരം വിശ്വാസങ്ങള്‍ ഇന്നും പല പാശ്ചാത്യ രാജ്യങ്ങളിലും നിലവിലുണ്ട് എന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.
ന്യൂയോര്‍ക്ക് അക്കാഡമി ഓഫ് മെഡിസിന്റെ മുന്നില്‍ സ്ഥാപിക്കപ്പെട്ടിരുന്ന ജെ. മാരിയോണ്‍ സിംസിന്റെ പ്രതിമ ആഫ്രോ – അമേരിക്കന്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന്റെ ഫലമായി 2018-ല്‍ നീക്കം ചെയ്യപ്പെട്ടു. 2017 മുതല്‍ ബ്ലാക്ക് യൂത്ത് പ്രൊജക്റ്റ് എന്ന സാമൂഹ്യ പ്രവര്‍ത്തക സംഘം രക്തത്തെ സൂചിപ്പിക്കുന്ന ചുവന്ന പെയിന്റ് തെറിപ്പിച്ച ഹോസ്പിറ്റല്‍ ഗൗണുകള്‍ ധരിച്ച് ഈ പ്രതിമയുടെ മുന്നില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ഫലമായി ന്യൂയോര്‍ക്ക് മേയര്‍ ഈ പ്രതിമ നീക്കം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതോടൊപ്പം മെഡിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് കരോളിനയില്‍ സിംസിന്റെ പേരില്‍ ഉണ്ടായിരുന്ന ചെയറും നീക്കം ചെയ്യപ്പെട്ടു.
അതേസമയം, മെഡിക്കല്‍ രംഗത്തു നിന്നുള്ള ചില ശബ്ദങ്ങള്‍ സിംസിന്റെ പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ചു കൊണ്ട് ഉയര്‍ന്നിരുന്നു എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. അതിലൊന്നാണ് സിംസ് ആ കാലഘട്ടത്തിന്റെ സൃഷ്ടി മാത്രമാണ് എന്നും അടിമ സ്ത്രീകള്‍ ഉപഭോഗ വസ്തുക്കളെ പോലെയായത് കൊണ്ടു തന്നെ അവര്‍ക്ക് ‘സമ്മതം’ എന്ന ആശയം മനസിലാകില്ല എന്നുമുള്ള ഇര്വിന് എച്ച്. കൈസറിന്റെ വാദം. ശാസ്ത്രലോകത്തെ ഏറ്റവും വിഖ്യാതമായ മാഗസിനുകളിലൊന്നായ നേച്ചര്‍ ല്‍ 2018-ല്‍ സിംസിന്റെ പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ചു കൊണ്ടുള്ള ഒരു ലേഖനം (നേച്ചര്‍ 549, 5-6, 2017) വന്നതു കൂടി ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ഇതിനെതിരെ ശാസ്ത്ര ലോകത്തു നിന്നു തന്നെ നിരവധി പ്രതിഷേധങ്ങള്‍ ഉയരുകയും അവസാനം നേച്ചറിന് ലേഖനത്തിന്റെ ഉള്ളടക്കത്തോട് അവര്‍ യോജിക്കുന്നില്ല എന്നും ശാസ്ത്രം എന്നും മനുഷ്യാവകാശത്തെ കൂടി പരിഗണിക്കേണ്ടതാണ് എന്നുമുള്ള എഡിറ്റോറിയല്‍ പുറത്തിറക്കേണ്ടതായി വരുകയും ചെയ്തു. ഈ എഡിറ്റോറിയലിനോടൊപ്പം ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ എവ്ലിന് എം. ഹാമണ്ട്സും വെല്ലസ്ലി കോളേജിലെ സൂസന് എം .റിവര്ബിയും നേച്ചറിനെഴുതിയ വിമര്‍ശനക്കുറിപ്പും പ്രസിദ്ധീകരിച്ചിരുന്നു. വൈദ്യശാസ്ത്ര ചരിത്രത്തെ നേച്ചര്‍ വെള്ളപൂശുകയാണ് എന്ന നിശിതമായ വിമര്‍ശനം തന്നെയായിരുന്നു ഈ കുറിപ്പിന്റെ ഉള്ളടക്കം. ‘സ്റ്റാച്യൂസ് : ആന്‍ എഡിറ്റോറിയല്‍ റെസ്പോണ്‍സ്’ (നേച്ചര്‍ 549, 334, 2017) എന്ന തലക്കെട്ടോടെ നേച്ചറിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ഫിലിപ് ക്യാംബല് പ്രസ്തുത സംഭവത്തില്‍ നിരുപാധികം മാപ്പ് പറയുകയും ഇത്തരത്തിലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മെഡിക്കല്‍ ചരിത്രത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണ ഉണ്ടായിരിക്കേണ്ടതിന്റെ ഒപ്പം വെളുത്ത വര്‍ഗേതര ശാസ്ത്രജ്ഞരുടെ അഭിപ്രായം കൂടി സ്വീകരിക്കേണ്ടതായിരുന്നു എന്ന് സമ്മതിക്കുകയും ചെയ്തു.
ദി അമേരിക്കന്‍ കോളേജ് ഓഫ് ഒബ്സ്റ്റെട്രീഷ്യന്‍സ് ആന്റ് ഗൈനക്കോളജിസ്റ്റ്സ് എന്ന പ്രസിദ്ധമായ അമേരിക്കന്‍ ഗൈനക്കോളജിസ്റ്റുകളുടെ സംഘടന ഫെബ്രുവരി 28, മാര്‍ച്ച് 1 എന്നീ തിയതികള്‍ അനാര്‍ക്ക, ബെറ്റ്സി , ലൂസി എന്നിവരടക്കമുള്ള ആഫ്രിക്കന്‍ വംശജരായ അടിമ സ്ത്രീകള്‍ ആധുനിക ഗൈനക്കോളജിയുടെ പുരോഗതിക്ക് നല്കിയ സംഭാവനകളുടെ സ്മരണ ആചരിക്കുന്നു. സെപ്റ്റംബര്‍ 2021-ല്‍ മോണ്ട്ഗോമറിയിലെ ‘ദ മദേഴ്സ് ഓഫ് ഗൈനക്കോളജി പാര്‍ക്ക്’ ല്‍ മേല്‍ പറഞ്ഞ മൂന്നുപേരുടെ പ്രതീകാത്മക പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. തീര്‍ച്ചയായും ആധുനിക വൈദ്യശാസ്ത്രത്തിന്റെ ശ്രദ്ധാകേന്ദ്രം വെള്ളക്കാരില്‍ നിന്നും മറ്റ് വരേണ്യ വിഭാഗങ്ങളില്‍ നിന്നും സാര്‍വ്വത്രികവും ബഹുവിധവും ആകേണ്ടതുണ്ട്. അനാര്‍ക്ക, ബെറ്റ്സി , ലൂസി എന്നീ പേരുകള്‍ വൈദ്യശാസ്ത്ര രംഗത്ത് മുഴങ്ങിക്കേള്‍ക്കട്ടെ!
COMMENTS