Homeചർച്ചാവിഷയം

ട്രാന്‍സ്ജെന്‍ഡര്‍ പേഴ്സണ്‍സ് ആക്ടിന്‍റെ മെഡിക്കല്‍ പ്രത്യാഘാതങ്ങള്‍

2021 ല്‍ സംഭവിച്ച ഇരുപത്തെട്ട് വയസുള്ള അനന്യ എന്ന റേഡിയോ ജോക്കിയും മോഡലും ആയ ട്രാന്‍സ് സ്ത്രീയുടെ സ്ഥാപനവല്‍കൃത കൊലപാതകം ട്രാന്‍സ്ജെന്‍ഡര്‍ പൗരന്മാരോടുള്ള ഗവണ്‍മെന്‍റിന്‍റേയും പൊതുവിലുള്ള കേരള സമൂഹത്തിന്‍റേയും നിലപാടിന് നേരെ വിരല്‍ ചൂണ്ടുന്ന ഒന്നായിരുന്നു. ഓരോ ദിവസവും നമ്മള്‍ ഉണരുന്നത് ലൈംഗികഅതിക്രമികളും സെലിബ്രിറ്റി റേപിസ്റ്റുകളും സംരക്ഷിക്കപ്പെടുന്ന തരത്തിലുള്ള നീതി ന്യായവ്യവസ്ഥയുടെ പരാജയ വാര്‍ത്തകള്‍ കേട്ടു കൊണ്ടാണ്. ഇത്തരം വാര്‍ത്തകള്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം, ഈ ലോകം സിസ് – പുരുഷന്മാരുടേത് മാത്രമാണ് എന്നതാണ്. 2017- ല്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ ഒരു ട്രാന്‍സ്- പുരുഷ വ്യക്തിയുമായി ബന്ധപ്പെട്ട സംഭവം വലിയ വിമര്‍ശന ങ്ങള്‍ക്ക് കാരണമായ ഒന്നായിരുന്നു. ആദ്യഘട്ടത്തില്‍, കേരളത്തിലെ വൈദ്യശാസ്ത്രരംഗത്തെ പ്രഥമ കാല്‍വെയ്പ്പുകളില്‍ ഒന്ന് എന്ന തരത്തില്‍ ഈ സംഭവം കൊട്ടിഘോഷിക്കപ്പെട്ടെങ്കിലും പിന്നീട് വെളിപ്പെട്ടത് ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍ പരിമിതമായ പരിശീലനം മാത്രം ലഭിച്ച ആളാണ് എന്നുള്ളതും ചികിത്സക്ക് വിധേയനായ ട്രാന്‍സ് പുരുഷന്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പുകളെ കുറിച്ചും അപകടങ്ങളെ കുറിച്ചും വ്യക്തമായ വിവരങ്ങള്‍ നല്‍കിയില്ല എന്നുമുള്ള വസ്തുതയാണ്. ലിംഗമാറ്റ ശസ്ത്രക്രിയ തുടര്‍ച്ചയായി നിഷേധിക്കപ്പെട്ടത് കൊണ്ട് 22 വയസ് മാത്രം പ്രായമുള്ള ഒരു ട്രാന്‍സ് പുരുഷന്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു.

പ്രായപൂര്‍ത്തിയായവര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്നതിന് രക്ഷകര്‍ത്താക്കളുടെ സമ്മതം ആവശ്യമില്ല എന്ന ദേശീയ തലത്തിലും സംസ്ഥാനതലത്തിലുമുള്ള നിയമങ്ങളെ ലംഘിച്ചുകൊണ്ട് മാതാപിതാക്കളുടെ സമ്മതമില്ല എന്ന കാരണത്താല്‍ അദ്ദേഹത്തിന് ശസ്ത്രക്രിയ നിഷേധിക്കുകയായിരുന്നു. സമാന തരത്തിലുളള ഒരുപാട് സംഭവങ്ങളില്‍ പൊതു ശ്രദ്ധയിലേക്ക് വന്ന ചുരുക്കം ചില സംഭവങ്ങള്‍ മാത്രമാണ് ഇവ. 2019- ല്‍ ഞാന്‍ ചില സുഹൃത്തുക്കള്‍ക്കൊപ്പം ലിംഗമാറ്റ ശസ്ത്ക്രിയകളില്‍ വ്യവസ്ഥ ചെയ്യപ്പെട്ട ഔദ്യോഗിക പെരുമാറ്റ ചട്ടം കൊണ്ടുവരേണ്ടതിന്‍റെ ആവശ്യകതയുമായി ബന്ധപ്പെട്ട ഒരു പ്രമേയം കേരളത്തിലെ ജെന്‍ഡര്‍ അഡ്വൈസര്‍ക്ക് സമര്‍പ്പിച്ചിരുന്നു. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നിയമവിധേയമല്ലാത്ത, അശ്രദ്ധമായി നടക്കുന്ന ശസ്ത്രക്രിയകളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവാണ് അനന്യയുടെ മരണത്തിന് രണ്ടു വര്‍ഷം മുന്‍പ് ഈ പ്രമേയം തയ്യാറാക്കുന്നതിന് ഞങ്ങള്‍ക്ക് പ്രേരണ നല്‍കിയത്.

എല്ലാ ജെന്‍ഡര്‍ സ്വത്വങ്ങളിലും വ്യക്തിയുടെ ശരീരത്തിന് വ്യക്തമായ പ്രാധാന്യം ഉണ്ട്. കാരണം ജീവിക്കുന്നതിനുവേണ്ടി തുറന്നുകാണിക്കപ്പെടുന്ന വ്യക്തി തെരഞ്ഞെടുക്കുന്ന ജെന്‍ഡറിന് രൂപവും സത്തയും നല്‍കുന്നത് ശരീരമാണ്. ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും മറ്റു ബന്ധുക്കളോടുമുള്ള ബന്ധങ്ങളില്‍ അധിക്ഷേപങ്ങളും അവഗണനയും ഏല്‍ക്കേണ്ടി വരുന്നതില്‍ സമൂഹത്തില്‍ പൊതുവില്‍ നിലനില്‍ക്കുന്ന മുന്‍വിധികള്‍ക്കും മാറ്റിനിര്‍ത്ത ലുകള്‍ക്കുമൊപ്പം ‘അപമാനവും’ ‘ദുഷ്കീര്‍ത്തിയും’ പ്രധാന കാരണങ്ങളാണ്. ഇത് പിന്നീട് മനസംബന്ധിയായ പല പ്രശ്നങ്ങളിലേക്കും വിഷാദത്തിലേക്കും നയിക്കപ്പെടുന്നതിന് കാരണമാകുന്നു. മറ്റു ജനവിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന മാനസിക പിരിമുറുക്കങ്ങള്‍ സമാനതകളില്ലാത്തതും അസാധാരണവുമാണ്. ഇവ പ്രധാനമായും സാമൂഹിക കാരണങ്ങളാല്‍ ഉണ്ടാകുന്നതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമാണ്. അതുകൊണ്ടുതന്നെ ട്രാന്‍സ് ജെന്‍ഡര്‍, ട്രാന്‍സ് സെക്ഷ്വല്‍, മറ്റ് ലിംഗപരമായ ന്യൂനപക്ഷങ്ങള്‍ എന്നീ വിഭാഗങ്ങളിലെ വ്യക്തികള്‍ ആകുലത, വിഷാദം തുടങ്ങിയ മാനസികാരോഗ്യ സംബന്ധിയായ കാര്യങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്രണിതമായ അവസ്ഥയിലായിരിക്കും. ഇത്തരത്തിലുള്ള അവസ്ഥകള്‍ ലിംഗപരമായ ന്യൂനപക്ഷങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത് അവ സഹജമായി ഇവരില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത് കൊണ്ടല്ല മറിച്ച് സാമൂഹിക സ്വാധീനത്താല്‍ സംഭവിക്കുന്നതാണ്. ഇത്തരത്തിലുള്ള മാനസിക വെല്ലുവിളി കളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജെന്‍ഡര്‍ ന്യൂനപക്ഷങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതിന്‍റെ പ്രധാന കാരണങ്ങള്‍ അവരുടെ നിലനില്പിനെ യും അസ്തിത്വത്തെയും തുടര്‍ച്ചയായി നിഷേധിക്കുന്ന സാമൂഹിക മനോഭാവവും അതുമൂലം അവര്‍ക്ക് നേരിടേണ്ടി വരുന്ന കഠിനമായ സംഘര്‍ഷങ്ങളുമാണ്.

ഒരു വ്യക്തിയുടെ ശാരീരിക ഉത്കൃഷ്ടതയെ തൃപ്തിപ്പെടുത്തുന്ന ജെന്‍ഡര്‍ എന്ന ധാരണയെ മനസ്സിലാക്കുന്നതിനും വിശകലനം ചെയ്യുന്നതിനും, പൂര്‍ണമായ തോതില്‍ അല്ലെങ്കില്‍ പോലും ഭാഗികമായെങ്കിലും, മെഡിക്കല്‍ ഇടപെടല്‍ നിര്‍ണായകമായ രീതിയില്‍ ആവശ്യമാണ്. കേരളത്തിലെ ജെന്‍ഡര്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട മെഡിക്കല്‍ പ്രകിയകളിലെ ഔദ്യോഗിക രേഖകളില്‍ വ്യക്തതക്കുറവും പോരായ്മയും ഉണ്ട് എന്നത് വസ്തുതയാണ്. ജെന്‍ഡറിനെ സ്വയം തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട അവബോധത്തിന്‍റെ അപര്യാപ്തതയും വൈദ്യശാസ്ത്ര മേഖലയിലെ, ലിംഗപരമായി ബന്ധപ്പെട്ട പ്രകിയകളിലുള്ള പരിശീലനക്കുറവും ഇത്തരത്തിലുള്ള വ്യക്തതക്കുറവിന്‍റെ പ്രധാനപ്പെട്ട ചില കാരണങ്ങളാണ്. പൊതു ഹോസ്പിറ്റലുകളില്‍ ഇത്തരം സേവനങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട മറ്റ് വെല്ലുവിളികളെ പൊതുവില്‍ മൂന്നായി തരം തിരിക്കാവുന്നതാണ്; വ്യക്തിപരമായവ (ദാരിദ്ര്യം, അപമാനം), സ്ഥാപനപരമായവ (രജിസ്ട്രേഷന്‍ നയങ്ങള്‍), ഘടനാപരമായവ (സാമൂഹിക അപമാനം). ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ മേല്‍ നടത്തപ്പെടുന്ന പരീക്ഷണ ശസ്ത്രക്രിയകള്‍ മൂലവും അതിന്‍റെ സങ്കീര്‍ണ്ണതകള്‍ പരിഹരിക്കുന്നതിന് വേണ്ടിയെന്നോണം നടത്തേണ്ടതായി വരുന്ന അനാവശ്യമായ തുടര്‍ ശസ്ത്രക്രിയകള്‍ മൂലവും സാമ്പത്തിക കടങ്ങളോടൊപ്പം ഇവര്‍ അനുഭവിക്കേണ്ടി വരുന്ന ജീവിത കാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൂത്രാശയ സംബന്ധമായ പ്രശ്നങ്ങള്‍, ആവര്‍ത്തിച്ച് സംഭവിക്കുന്ന അണുബാധ, രക്തചംക്രമണത്തിന്‍റെ കുറവു മൂലം കോശങ്ങള്‍ക്കും അവയവങ്ങള്‍ക്കും ഉണ്ടാകുന്ന നാശം, ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന കഠിനമായ വേദന എന്നിവ ഇവര്‍ അനുഭവിക്കേണ്ടിവരുന്ന ആരോഗ്യപ്രശ്നങ്ങളില്‍ ചിലതാണ്. തെറ്റായ വിവരങ്ങളും മാനസികാരോഗ്യ ഉദ്ബോധനത്തിന്‍റെ അഭാവവും ശസ്ത്രക്രിയകളുടെ ഫലത്തിലുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുകയും ഇത് ഔദ്യോഗിക പെരുമാറ്റച്ചട്ടങ്ങളുടെ പരിമിതികളെ മറികടന്ന് ശസ്ത്രക്രിയ എന്നത് ഒരു ചൂതാട്ടമായി മാറ്റപ്പെടുന്നതിന് കാരണമാവുകയും ചെയ്യുന്നു. പുരുഷേതര ശരീരങ്ങളെ ഉപയോഗിച്ചുപേക്ഷിക്കാമെന്ന സാമൂഹിക ധാരണ, വേണ്ടത്ര പരീശീലനം ലഭിക്കാത്ത ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ പ്രകിയകളില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കുന്നു. അടിമത്തം ശക്തമായി നിലനിന്നിരുന്ന കോളനിവത്കരണ കാലഘട്ടത്തില്‍ ആഫ്രോ – അമേരിക്കന്‍ ശരീരങ്ങളെ വൈദ്യശാസ്ത്ര പരീക്ഷണങ്ങള്‍ക്കു വേണ്ടി ഉപയോഗിച്ചിരുന്നതിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് ഇത്തരം പ്രവൃത്തികള്‍ നടത്തപ്പെടുന്നത്.

വിദ്യാഭ്യാസ – തൊഴില്‍ അവസരങ്ങളില്‍ നിന്നുള്ള പുറത്താക്കല്‍, വ്യാപകമായ ദാരിദ്ര്യം എന്നിവ ഉള്‍പ്പെടെയുള്ള സാമ്പത്തിക പരാധീനതകള്‍ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുടെ ആരോഗ്യ സംരക്ഷണ തെരഞ്ഞെടുപ്പുകളെ പ്രതികൂലമായിത്തന്നെ ബാധിക്കുന്നുണ്ട്. കേരളത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്കു വേണ്ടി വരുന്ന ചെലവ് കുറഞ്ഞത് ഒരു ലക്ഷം രൂപ മുതല്‍ മൂന്നു ലക്ഷം വരെയാണ്. ഹോര്‍മോണ്‍ തെറാപ്പി ട്രാന്‍സ് സ്ത്രീയ്ക്കു ട്രാന്‍സ് – പുരുഷനേക്കാള്‍ ചെലവേറിയതാണ്. ലേസര്‍ ഉപയോഗിച്ചു കൊണ്ടുള്ള മുടി നീക്കം ചെയ്യല്‍ ട്രാന്‍സ് വ്യക്തികളെ സംബന്ധിച്ച് ചെലവ് കൂടിയ പ്രക്രിയ ആണ്. വളരെ കുറച്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമാണ് ഈ സേവനം ചെയ്യുന്നത് എന്നതുകൊണ്ട് ട്രാന്‍സ് വ്യക്തികള്‍ക്ക് ഇത് ചെയ്യുന്നതിനു വേണ്ടി സ്വകാര്യ സ്ഥാപനങ്ങളെ സമീപിക്കേണ്ടി വരുന്നു എന്നതും സ്വകാര്യ സ്ഥാപനങ്ങള്‍ സൗന്ദര്യ വര്‍ദ്ധക സേവനമായാണ് ഇത് നല്‍കുന്നത് എന്നതും ലേസര്‍ ഉപയോഗിച്ചുള്ള മുടി നീക്കം ചെയ്യല്‍ കൂടുതല്‍ ചെലവേറിയതാക്കി മാറ്റുന്നു. ശസ്ത്രക്രിയകളും അനുബന്ധ പ്രക്രിയകളും ഇവര്‍ക്ക് പ്രാപ്യമാകുന്നതിനും ചെലവു കുറഞ്ഞ രീതിയില്‍ നടത്തുന്നതിനും ഇന്‍ഷൂറന്‍സ് (പൊതു-സ്വകാര്യ) വലിയ പങ്ക് വഹിക്കുന്നുണ്ട്. മുഖം , സ്തനം എന്നിവയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകള്‍ മുന്‍പുണ്ടായിരുന്ന ഇന്‍ഷൂറന്‍സ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ നിബന്ധനകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു എങ്കിലും ഇന്ന് ലിംഗമാറ്റശസ്ത്രക്രിയ ഇന്‍ഷൂറന്‍സിന്‍റെ പരിധിയില്‍ ഉള്‍പ്പെടുന്നവയാണ്. ജെന്‍ഡര്‍ സ്വത്വത്തെ ഉറപ്പിക്കുന്ന പ്രക്രിയയുടെ പൂര്‍ത്തീകരണമാണ് ‘ഫെമിനൈസേഷന്‍’ അല്ലെങ്കില്‍ ‘മാസ്ക്യൂലിനൈസേഷന്‍’ എന്ന വസ്തുതക്കു ലഭിച്ച പരിഗണന മൂലമാണ് മേല്‍ പറഞ്ഞ ചികിത്സാ രീതികള്‍ ഇന്‍ഷൂറന്‍സ് പരിധിയുടെ ഭാഗമായത്. എങ്കിലും വേണ്ടത്ര പരിശീലനമോ തയ്യാറെടുപ്പുകളോ ഇല്ലാതെ ചെയ്യുന്ന ശസ്ത്രക്രിയകളുടെ ഫലമായുണ്ടാകുന്ന പ്രശ്നങ്ങളെ മറയ്ക്കുന്നതിനു വേണ്ടി ചെയ്യേണ്ടി വരുന്ന ചികിത്സകള്‍ക്കു കൂടി ആശുപത്രികള്‍ പണം ഈടാക്കുന്നു എന്നത് ലിംഗ മാറ്റ ശസ്ത്രക്രിയാ പ്രക്രിയകള്‍ക്കു വേണ്ടി വരുന്ന ചെലവിനെ ഇരട്ടിയാക്കുന്നു എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്.

ജെന്‍ഡര്‍ പുന: സജ്ജീകരണം ബഹുവിധമായ ഇടപെടലുകളും പ്രക്രിയകളും ഉള്‍പ്പെടുന്നതാണ്. മാനസികാരോഗ്യ ഉദ്ബോധനം, ഹോര്‍മോണ്‍ തെറാപ്പി, ആരോഗ്യ പുനരുത്പാദനം, ശബ്ദ – ആശയ വിനിമയ തെറാപ്പി, ശസ്ത്രക്രിയ, ശസ്ത്രക്രിയാനന്തര പരിചരണം, തുടങ്ങിയവ അവയില്‍ ചിലതാണ്. ശസ്ത്രക്രിയകളിലും ആരോഗ്യ സംരക്ഷണത്തിലുമുള്ള വിവിധ വൈവിധ്യതാ പ്രകൃതം കൊണ്ടു തന്നെ പല മേഖലകളിലുമുള്ള വിദഗ്ദ്ധരുമായുള്ള പരസ്പര പ്രവര്‍ത്തനങ്ങള്‍ ഗുണകരമായി നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്. ഈ രീതിയില്‍ ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍, ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥര്‍, ജെന്‍ഡര്‍ വിദഗ്ദ്ധര്‍, ട്രാന്‍സ് ജെന്‍ഡര്‍ കമ്മ്യൂണിറ്റിയുടെ പ്രതിനിധികള്‍ എന്നിവരുമായുള്ള ബന്ധപ്പെടലുകളും ഇടപെടലുകളും ഉള്‍പ്പെടുന്ന, തെളിവുകളുടെ അടിസ്ഥാനത്തില്‍ എല്ലാം ഉള്‍ച്ചേര്‍ത്തു കൊണ്ടുള്ള നടപടി ക്രമമാനദണ്ഡം നടപ്പാക്കേണ്ടതാണ്. മേല്‍പറഞ്ഞ നടപടിക്രമമാനദണ്ഡത്തിന്‍റെ പരിധിയില്‍ ഉള്‍പെടുന്ന തരത്തില്‍, അംഗീകരിക്കപ്പെട്ട, ശരിയായ സംവേദനക്ഷമ ഭാഷ ഉപയോഗിക്കുന്ന, പരിശീലനം ലഭിച്ച ജീവനക്കാരെ ഉള്‍പ്പെടുത്തേണ്ടത് മറ്റൊരു പ്രധാനപ്പെട്ട ആവശ്യമാണ്. ഓരോ വ്യക്തിയുടേയും വ്യക്തിപരമായ ആരോഗ്യം വ്യത്യസ്തമായതു കൊണ്ടുതന്നെ പരിചരണ മാനദണ്ഡത്തില്‍ ആവശ്യത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തുന്നതിലുള്ള ചലനാത്മകത അത്യാവശ്യമായി വേണ്ട ഒന്നാണ്.

ചികിത്സക്കു വിധേയരാകുന്ന, പരിചരണം ആവശ്യമുള്ളവരില്‍ ചിലര്‍, ജെന്‍ഡര്‍ പാത്ര വ്യത്യാസം, രൂപാന്തരീകരണം, ജെന്‍ഡര്‍ സ്വത്വ രൂപീകരണവുമായി ബന്ധപ്പെട്ട മറ്റ് അവസ്ഥാന്തരങ്ങള്‍ തുടങ്ങിയവ സ്വയം മനസിലാക്കാനും സ്വന്തമായിത്തന്നെ കാര്യങ്ങള്‍ ചെയ്യാനും പ്രാപ്തരാണ്. മറ്റുള്ളവര്‍ക്ക് പലപ്പോഴും കുറേക്കൂടി ശക്തമായ പരിചരണവും സേവനവും ആവശ്യമാണ്. അത് കൊണ്ടു തന്നെ ചികിത്സക്ക് വിധേയരാകുന്നവര്‍ക്ക് വേണ്ടി പൂര്‍ണ്ണമായും എല്ലാത്തരത്തിലുള്ള മെഡിക്കല്‍ സേവനങ്ങളും ലഭ്യമാകുന്നതിന് വേണ്ടി ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ പരിഷ്കരിക്കപ്പെട്ട ട്രാന്‍സ് ജെന്‍ഡര്‍ ആരോഗ്യ നയം വികസിപ്പിക്കേണ്ടതും നടപ്പിലാക്കേണ്ടതുമാണ്. ട്രാന്‍സ് വിഭാഗങ്ങളുടെ ചികിത്സാ ആവശ്യങ്ങള്‍ക്ക് വേണ്ട പരിഗണന നല്‍കുന്ന, അവരുടെ ജെന്‍ഡര്‍ സ്വത്വം അഭിമാനത്തോടെ പ്രകാശിപ്പിക്കാന്‍ ഇടമുള്ള ഒരു സാമൂഹിക വ്യവസ്ഥ നിലവില്‍ വരേണ്ടതിന്‍റെ ആവശ്യകത മുന്നില്‍ കണ്ടു വേണം ഇത്തരം പരിഷ്കരണങ്ങള്‍ നടപ്പിലാക്കേണ്ടത്. ഇതിന് ഗവണ്‍മെന്‍റ് സ്വകാര്യ ആരോഗ്യപരിപാലന സ്ഥാപനങ്ങളുടെ പരസ്പര സഹകരണത്തോടൊപ്പം ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥരുടേയും ട്രാന്‍സ് ജെന്‍ഡര്‍ പ്രതിനിധികളുടേയും സജീവമായ പങ്കാളിത്തവും പ്രവര്‍ത്തനവും അത്യന്താപേക്ഷിതമാണ്. മറ്റൊരു കൊലപാതകം തടയുന്നതിന് ഭരണകൂടത്തിന്‍റെ പൂര്‍ണ്ണ പിന്തുണയോടെ പൊതുമേഖലാ ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് തിരുത്തല്‍ നടപടികള്‍ നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഉത്തര ജി.
ഇറാസ്മസ് ഫെലോ
യോര്‍ക്ക് യൂണിവേഴ്സിറ്റി, കെ.പി.എം.ജിയില്‍ റിസര്‍ച്ച് കണ്‍സള്‍ട്ടന്‍റ്

COMMENTS

COMMENT WITH EMAIL: 0