പാരമ്പര്യ ചികിത്സാ രീതികളില്‍ ഏറ്റവും പ്രാചീനമായ ഒരു ശാഖയായിരിക്കാം വിഷചികിത്സ. വിഷചികിത്സയിലെ സ്ത്രീ സാന്നിദ്ധ്യം ലോകത്തിലെ പല സംസ്കാരങ്ങളിലും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇത്തരം പാരമ്പര്യ ചികിത്സകളില്‍ സ്ത്രീകളുടെ പങ്ക് എന്തായിരുന്നു , ഈ ചികിത്സാരീതികളില്‍ ജെന്‍ഡര്‍, മതം, സമുദായം, ജാതി എന്നിവ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് നമ്മളോട് സംവദിക്കുകയാണ് ഡോ. മൈന ഉമൈബാന്‍. ജെ.എന്‍.യു വിലെ പി.എച്ച്.ഡി സ്കോളര്‍ ആയ ശരണ്യ ആന്‍റണി, ഡോ. മൈന ഉമൈബാനുമായി നടത്തിയ അഭിമുഖം.
ഇടുക്കി ജില്ലയിലെ ദേവിയാര്‍ കോളനിയില്‍ ജനിച്ചു. മലയാളത്തിലും സോഷ്യോളജിയിലും ബിരുദാനന്തര ബിരുദം. മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമ. കേരളത്തിലെ വിഷചികിത്സാ ഗ്രന്ഥങ്ങളുടെ വൈജ്ഞാനിക-സാംസ്കാരിക വിശകലനം എന്ന വിഷയത്തില്‍ ഡോക്ടറേറ്റ്.
ആത്മദംശനം, ജ്ഞാനപ്പറവ പെണ്ണാകുമ്പോള്‍, പെണ്‍നോട്ടങ്ങള്‍, ഒരുത്തി, കേരളീയ വിഷചികില്‍സാ പാരമ്പര്യം, മാവു വളര്‍ത്തിയ കുട്ടി, ഹൈറേഞ്ച് തീവണ്ടി, ചന്ദന ഗ്രാമം, ചുവപ്പു പട്ടയം തേടി, വിഷചികിത്സ, മൈനാകം എന്നീ പുസ്തകങ്ങള്‍ രചിച്ചു. എം.ഇ.എസ് മമ്പാട് കോളേജില്‍ അധ്യാപിക. കുടുംബശ്രീ സംസ്ഥാന മിഷനില്‍ പബ്ലിക് റിലേഷന്‍ ഓഫീസറായി ഡെപ്യൂട്ടേഷനില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നു.
പാരമ്പര്യ ചികിത്സയില്‍ സ്ത്രീകള്‍ക്ക് ഉള്ള പങ്ക് എന്താണ് ?
പരമ്പരാഗത ചികിത്സയില്‍ സ്ത്രീകള്‍ക്ക് ഉള്ള പങ്ക് എന്ന് പറയുമ്പോള്‍ , നമ്മുടെ ആ രംഗത്തെ പങ്കിനെ ആരും കണ്ടെത്തിയിട്ടില്ല, അറിയാന്‍ ശ്രമിച്ചിട്ടുമില്ല. മാത്രമല്ല, കാര്യമായിട്ട് സ്ത്രീകള്‍ ആ രംഗത്ത് ഉണ്ടായിട്ടുമില്ല. ആദ്യ ചികിത്സയില്‍ ഉണ്ടായിട്ടുള്ള സ്ത്രീകള്‍ എന്നു പറയാവുന്നത് വീട്ടമ്മരുടെ ചികിത്സകള്‍ ,ഗൃഹവൈദ്യങ്ങള്‍, അമ്മൂമ്മ വൈദ്യങ്ങള്‍…. പെട്ടെന്ന് തീപൊള്ളല്‍ ഏറ്റാല്‍ എന്തുചെയ്യാം, പെട്ടെന്ന് വയറു വേദന വന്നാല്‍ എന്തുചെയ്യാം തുടങ്ങിയവ പോലുള്ള കൊച്ചു കൊച്ചു…. അല്ലെങ്കില്‍ ഒരു തലവേദനക്ക്, പല്ലുവേദനക്ക് ഏറിവന്നാല്‍ ഒരു പനിക്ക്…. ഒരു ജലദോഷം വന്നാല്‍ ഒരു എണ്ണ ഉണ്ടാക്കുന്നതിന്…. അങ്ങനെ ഉള്ള കാര്യങ്ങളിലേക്ക് മാത്രമായിട്ട് ചുരുങ്ങി പോയിരുന്നു നമ്മുടെ ചികിത്സ എന്മ്പറയുന്നത് . പൊതുവേ സ്ത്രീക്ക് വിദ്യാഭാസം കിട്ടാതിരുന്ന കാലഘട്ടം ആയിരുന്നുവല്ലോ ഒരു അന്‍പതു വര്‍ഷം മുന്‍പ് …. അല്ലെങ്കില്‍ ഒരു അന്‍പതു വര്‍ഷത്തില്‍ താഴെയേ ആയിട്ടേയുള്ളൂ ശരിയായ രീതിയില്‍ ഉള്ള വിദ്യാഭ്യാസം സ്ത്രീകള്‍ക്ക് കിട്ടിത്തുടങ്ങിയിട്ട്. ഇപ്പോള്‍ പോലും തൊഴില്‍ എടുക്കുന്ന കാര്യത്തില്‍ കേരളത്തില്‍ സ്ത്രീകളുടെ കാര്യം പിന്നിലാണ്. സ്ത്രീകളെ ചികിത്സ പഠിപ്പിച്ചു മുന്നോട്ട് കൊണ്ടുവരാന്‍ ഒന്നും സമൂഹം അനുവദിച്ചിരുന്നില്ല, കുടുംബങ്ങള്‍ അനുവദിച്ചിരുന്നില്ല. സ്ത്രീകളെ സംബന്ധിച്ച് , പ്രസവിക്കുക, കുട്ടികളെ നോക്കുക, വീട്ടുകാര്യങ്ങള്‍ നോക്കുക…. അടുക്കള എന്ന ലോകം മാത്രം… ഏറിവന്നാല്‍ കൃഷിയില്‍ സഹായിക്കുക മാത്രമായിരുന്നു ഏത് ഒരു പരമ്പരാഗത സമൂഹം പോലെ കേരളത്തിലും. അതുകൊണ്ട് തന്നെ അത്രക്കൊന്നും ചികിത്സാരീതിയിലേക്ക് സ്ത്രീകള്‍ കാര്യമായി വന്നിട്ടില്ല . പിന്നെയും ഉണ്ടായിരുന്നതെന്ന് പറയാവുന്നത് ചില ഗോത്ര വിഭാഗങ്ങളിലൊക്കെയാണ്. എന്‍റെ മനസ്സിലാക്കലില്‍ ഇപ്പൊ ആദിവാസി ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ ഒക്കെ സ്ത്രീകള്‍ക്ക് കുറേകൂടി പ്രാധാന്യമുണ്ട്. കുറേക്കൂടി ലിംഗ നിഷ്പക്ഷത ഉള്ള സമൂഹമാണ് അവരുടേത്, അതുകൊണ്ടാണ് അവിടെ കുറച്ചുകൂടി ഇതു കിട്ടുന്നത്. പക്ഷെ നമ്മുടെ നാട്ടിലുള്ള മറ്റു ആളുകള്‍ ഈ പറയുന്ന കാഴ്ചപ്പാടിലൊന്നുമല്ല കാര്യങ്ങളെ അടുത്ത കാലത്തൊന്നും എടുത്തിട്ടുള്ളത്. അതുകൊണ്ടു തന്നെ സ്ത്രീകള്‍ക്ക് വലിയ പ്രാധാന്യമൊന്നും ഈ രംഗത്ത് ഉണ്ടായിട്ടില്ല .
ഇസ്ലാമിലേയും ഹിന്ദുമതത്തിലേയും ചികിത്സാരീതികളില്‍ വ്യത്യാസമുണ്ടോ?
ചികിത്സ എന്നു പറയുമ്പോള്‍… അങ്ങനെയൊരു മതപരമായി നമുക്ക് ചികിത്സയെ കാണാന്‍ കഴിയില്ല. അല്ലെങ്കില്‍ മതത്തിനുള്ളില്‍ അങ്ങനെ ഒരു ചികിത്സയൊന്നുമില്ല. എനിക്ക് തോന്നിയിരിക്കുന്നത് ഇസ്ലാം മതത്തില്‍ എന്തെങ്കിലും ഉണ്ടായിരുന്നോയെന്നുള്ളത്…. അത് ഉണ്ടായ സൗദി അറേബ്യയിലും മറ്റുമുള്ള പലയിടത്തുമൊക്കെ അതിന്‍റെ ഒരു ധാര എന്ന നിലയിലൊക്കെ… കുറേ സൂഫിസത്തിന്‍റെ, മിസ്റ്റിസിസത്തിന്‍റെ ഒക്കെ ഭാഗമായിട്ടു കുറച്ചു രീതികള്‍ ഉണ്ടാകുന്നു. പിന്നെ ഈ പറയുന്ന യുനാനി ചികിത്സ ഉണ്ടാവുന്നു എന്ന തരത്തിലുള്ള കുറേ കാര്യങ്ങള്‍… അല്ലാതെ അങ്ങനെയൊരു വ്യക്തമായിട്ടുള്ള ഒരു ഇസ്ലാം വൈദ്യ മെന്നൊന്നും പറയാന്‍ പറ്റില്ല. ചിലരൊക്കെ ഇങ്ങനെ ഖുറാനില്‍ ഇന്ന രീതിയില്‍ മുറിവ് പറ്റിയാല്‍ ഇന്നത് ചെയ്യണം എന്നൊക്കെ പറയുന്നു എന്നല്ലാതെ അവിടെ ഒരു കൃത്യമായ ചികിത്സ ശാസ്ത്രമുണ്ടായിരുന്നു എന്നതിനെ പറ്റി ഞാന്‍ പഠിച്ചിട്ടില്ല .അങ്ങനെയേ എനിക്ക് പറയാന്‍ പറ്റൂ. ഞാന്‍ അതിനെക്കുറിച്ച് അന്വേഷിക്കുകയോ, പഠിക്കുകയോ ചെയ്തിട്ടില്ല. അതേസമയം കേരളത്തിലുള്ള എല്ലാ വിഭാഗങ്ങളിലും…. ഹിന്ദുക്കളാണെങ്കിലും കൃസ്ത്യാനികളാണെങ്കിലും മുസ്ലിമുകള്‍ക്കിടയിലും ഒക്കെ ചികിത്സ നിലനിന്നിരുന്നു.
ഈ ചികിത്സയൊക്കെ നിലനിന്നത് ഒരുപരിധിവരെ മുന്‍കാലത്തെ തന്നെ നമ്മളൊരു ഗോത്രമായി താമസിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്നതിന്‍റെ തുടര്‍ച്ചയായാണ് . അതിനുശേഷം എവിടെയൊക്കെയോ വെച്ച് ഓരോരുത്തരും ഓരോ മതത്തെ പുല്‍കിയിരിക്കുകയാണ്, പക്ഷെ അതിനു മുന്‍പേ ഉണ്ടായിരുന്ന ഗോത്ര അറിവുകളെയാണ്, നമ്മുടെ നാട്ടറിവുകളെ തന്നെ സ്വാംശീകരിച്ച് അതിനെ തന്നെയാണ് മുന്നോട്ട് കൊണ്ടുവന്നിരിക്കുന്നത്. ഇത് നമുക്ക് ലളിതമായിട്ട് പറഞ്ഞുപോകാവുന്ന ഒന്നല്ല. കേരളത്തില്‍ വിഷവൈദ്യത്തിലായാലും സാധാരണ വൈദ്യത്തിലായാലും ദ്രാവിഡമായിട്ടുള്ള അറിവും അതുപോലെ ആര്യ അറിവുമുണ്ട്. എന്നാല്‍ സ്ത്രീകളെക്കുറിച്ച് പരാമര്‍ശങ്ങള്‍ വളരെ കുറവാണ്. ആര്യ അറിവ് എന്ന് പറഞ്ഞാല്‍ വളരെ സിസ്റ്റമാറ്റിക് ആയ ആയുര്‍വേദത്തിന്‍റെ ഒരു പാരമ്പര്യവും അതേസമയം ദ്രാവിഡമെന്നത് നമ്മുടെ ഗോത്ര, വംശീയ ചികിത്സാരീതികളും ആകാം. ആയുര്‍വേദ ചികിത്സകള്‍ എഴുതപ്പെട്ടതാണെങ്കില്‍ ഗോത്രവര്‍ഗ്ഗ ചികിത്സാരീതികള്‍ ചിലപ്പോള്‍ എഴുതപ്പെട്ടത് ആവണമെന്നില്ല. ആര്യ വൈദ്യമെന്നു പറയുന്നത് എഴുതപ്പെട്ടിട്ടുള്ള ആയുര്‍വേദത്തിന്‍റെ ഭാഗമാണ്. പിന്നീട് ജാതീയമായിട്ട് ചികിത്സകള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ആയുര്‍വേദത്തിന്‍റെ പ്രധാനപ്പെട്ട ചികിത്സാരീതിയൊന്നും അവരുടെ സ്ത്രീകളെ അവര്‍ പഠിപ്പിച്ചിട്ടില്ല. കുറച്ചൊക്കെ അത്യാവശ്യം വായിക്കാന്‍ ഒക്കെ പഠിപ്പിക്കുക എന്നല്ലാതെ ചികിത്സാരീതിയിലുള്ള പരിശീലനം നല്‍കിയിട്ടില്ല. അതുപോലെ തന്നെയാണ് മറ്റ് മതങ്ങളിലേയും സ്ഥിതി. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിടത്തുനിന്ന് പ്രധാനപ്പെട്ട റോള്‍ കൊടുക്കുമെന്ന് നമുക്ക് സങ്കല്‍പ്പിക്കാന്‍ കൂടെ കഴിയില്ല. ഇസ്ലാം എന്നോ, ക്രിസ്ത്യന്‍ എന്നോ ഹിന്ദു എന്നോ പറയുന്നതില്‍ ഗൃഹവൈദ്യ അല്ലെങ്കില്‍ പ്രസവരക്ഷ അങ്ങനെയൊക്കെ പറയുന്ന കുറച്ചു കാര്യങ്ങളുണ്ടല്ലോ… എന്തെങ്കിലും രോഗം വന്നു കഴിഞ്ഞാല്‍ അതിന്‍റെ തുടര്‍ച്ച… അങ്ങനെയൊക്കെയുള്ള കാര്യങ്ങളുടെ അകത്തേക്ക് സ്ത്രീകളെ കൊണ്ടുവന്നില്ല എന്നുള്ളതാണ്. ഈ നാട്ടറിവുകളുടെ ഒരു പ്രായോഗികത നടത്തുക എന്നുള്ളതിന് അപ്പുറത്തേക്ക് സ്ത്രീ വന്നിട്ടില്ല. അതില്‍ ഹിന്ദു,മുസ്ലിം എന്നുള്ളതല്ല… മാത്രമല്ല, ഇതിനകത്ത് മന്ത്രങ്ങളുടേയും വിശ്വാസങ്ങളുടേയുമൊക്കെ അംശങ്ങള്‍ വരുന്ന സമയത്ത് ഓരോരുത്തരും അവരവരുടെ പഠിച്ചു വെച്ചിരിക്കുന്ന ഗോത്രചികിത്സയുടെ കൂടെ യേശുക്രിസ്തുവിനേയും കര്‍ത്താവിനേയുംനബിയേയും അള്ളാഹുവിനേയും കൊണ്ടുവന്നുവെച്ചു. എന്നതല്ലാതെ ശരിക്കും പറഞ്ഞാല്‍ ഇവിടത്തെ ചികിത്സാരീതിയെന്ന് പറയുമ്പോള്‍ ആര്യ വൈദ്യത്തിന്‍റേയും അതുപോലെ ദ്രാവിഡ അല്ലെങ്കില്‍ നമ്മുടെ നാട്ടില്‍ നിലനിന്നിരുന്ന നാട്ടുവഴക്കങ്ങളുടെ ഒരു പ്രയോഗംകൂടി നിലനിന്നിരുന്നുവെന്നാണ്. അല്ലാതെ അതിനകത്ത് ജാതീയതയെ നമുക്ക് കൃത്യമായിട്ട് അടയാളപ്പെടുത്താന്‍ സാധ്യമല്ല. ജാതീയതയെന്നല്ല ഹിന്ദു, ക്രിസ്തീയ വൈദ്യം, ഇസ്ലാമിക വൈദ്യം എന്നൊന്നും പറയുന്ന തരത്തിലേക്ക് അല്ല… പക്ഷെ, എല്ലാം ഒന്ന് തന്നെയാണ്… അതിനകത്ത് ചില കാര്യങ്ങളില്‍ അവരവരുടെ മതത്തെ അവര്‍ കൊണ്ടുവന്നു.
മുന്‍കാലങ്ങളില്‍ സമുദായങ്ങള്‍ തമ്മില്‍ സാമൂഹിക പങ്കിടല്‍ ഉണ്ടായിരുന്നോ?
ഉണ്ടായിരുന്നു വെന്നാണ് കാണുന്നത്. ഞാന്‍ വിഷവൈദ്യ പാരമ്പര്യം അന്വേഷിച്ചു നടന്നിരുന്ന സമയത്ത് മുക്കുവരിലും അതുപോലെ ഈഴവരിലും വളരെ കാര്യമായിട്ട് ആര്യ വൈദ്യം നന്നായി തന്നെ ഉപയോഗിച്ചു കണ്ടിട്ടുണ്ട്. അവര്‍ക്ക് എങ്ങനെയാണ് ആയുര്‍വേദം കിട്ടിയതെന്ന് അന്വേഷിക്കുമ്പോഴാണ് മനസിലാകുന്നത്. മുന്‍കാലത്ത് വാക്ഭടന്‍ ബുദ്ധമതത്തിന്‍റെ വക്താവായിരുന്നത് കൊണ്ട് ആയുര്‍വേദം ഈഴവരിലേക്ക് എത്തി എന്ന് കരുതാം. അവര്‍ പറയുന്നത് പണ്ട് ഏതോ ഒരു യോഗി അതിലെ വന്നപ്പോള്‍ അവരെ പഠിപ്പിച്ചു കൊടുത്തു എന്നാണ്. എന്തായാലും വളരെ പ്രത്യക്ഷമായ രീതിയിലുള്ള കൊടുക്കല്‍ വാങ്ങലൊന്നും നടന്നിട്ടില്ലെങ്കിലും പരോക്ഷമായ രീതിയില്‍ കൊടുക്കല്‍ വാങ്ങല്‍ ഉണ്ടായിരുന്നുയെന്ന് തന്നെയാണ് പ്രത്യേകിച്ച് വൈദ്യത്തിന്‍റെ കാര്യത്തില്‍ മനസിലാക്കേണ്ടത്. അതുപോലെതന്നെ ബ്രാഹ്മണരുടെ ഇടയില്‍ തന്നെ പലതരം ബ്രാഹ്മണര്‍ ഉണ്ടല്ലോ, അതിനുള്ളില്‍ തന്നെ ജാതിവ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്. ജാതിവ്യവസ്ഥയില്‍ മുകള്‍ത്തട്ടിലുള്ള ബ്രാഹ്മണന്‍ താഴെ തട്ടിലുള്ളവരായിട്ടാണ് വൈദ്യന്മാരെ കണക്കാക്കിയിരുന്നത്. അതിന്‍റെ കാരണം എന്തെന്നുവെച്ചാല്‍ അവര്‍ക്ക് മറ്റുള്ളവരെ തൊടേണ്ടി വരിക, തീണ്ടേണ്ടി വരിക എന്നൊക്കെ ഉള്ളത് കൊണ്ടായിരിന്നിരിക്കാം. ബ്രാഹ്മണര്‍ ജാതിയില്‍ താഴ്ന്നവരായിട്ടാണ് അവരെ കണ്ടുകൊണ്ടിരുന്നത്. ജാതിയില്‍ താഴ്ന്ന ബ്രാഹ്മണരില്‍ തന്നെ താഴ്ന്നവരായിട്ടാണ് വൈദ്യവിഭാഗത്തെ കണ്ടിരുന്നത്. അപ്പോള്‍ കൊടുക്കല്‍ വാങ്ങലുകള്‍ നിലനിന്നിരുന്നു എന്ന് തന്നെയാണ് മനസിലാക്കേണ്ടത്. പല പുസ്തകങ്ങളും നമ്മള്‍ എടുത്തു വായിക്കുമ്പോള്‍ മനസിലാകുന്നത് ഇടക്കാലത്ത് വെച്ചിട്ട് ദ്രാവിഡമായിട്ടുള്ള, ഗോത്രീയമായിട്ടുള്ള അല്ലെങ്കില്‍ വംശീയമായിട്ടുള്ള ചികിത്സാരീതികള്‍ ഒക്കെ അതിനകത്തേക്ക് കടന്നു വന്നുവെന്നുള്ളതാണ്.
മിഡ് വൈഫുകളുടെ (സൂതികര്‍മ്മിണി) പങ്ക് എന്തായിരുന്നു?
നമ്മള്‍ നോക്കുമ്പോള്‍ ഈ മിഡ് വൈഫുകളുടെ ഒക്കെ കാര്യത്തില്‍ മാത്രമാണ് സ്ത്രീകളുടെ ഒരു സംഭാവന ഉണ്ടായിട്ടുള്ളത്. അത്പിന്നെ പുരുഷന്‍മാര്‍ കൂടുതല്‍ പേര്‍ എടുക്കില്ലായിരുന്നുവല്ലോ…. അതുകൊണ്ടാണ്… ഒരു നാട്ടുരീതിയില്‍ വയറ്റാട്ടികള്‍ എന്ന് പറയാം. കുട്ടികളെ പുറത്തെടുക്കുന്ന കാര്യത്തിലും അതുപോലെതന്നെ പ്രസവ ശുശ്രൂഷ ചെയ്യുന്ന കാര്യത്തിലും സ്ത്രീകള്‍ നല്ല സംഭവന ചെയ്യുന്നുണ്ട്. പ്രസവ ശുശ്രൂഷ, ഗര്‍ഭകാല പരിരക്ഷ, പ്രസവം തുടങ്ങിയ കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് തന്നെയായിരുന്നു കൂടുതല്‍ പ്രാധാന്യം.
വിഷം അത് സ്ത്രീകളുടെ കയ്യിലെ ആയുധമാണ് എന്ന് പറയുന്നുണ്ട് (Conan Doyle), അത് വിഷ ചികിത്സയില്‍ എവിടെയെങ്കിലും പരാമര്‍ശിക്കുന്നുണ്ടോ?
ഉണ്ട്. ലോകത്തെ വിവിധ ഭാഗങ്ങളില്‍ തന്നെ ഈ പറയുന്ന മന്ത്രവാദം, മന്ത്രവാദിനികള്‍ എന്നൊക്കെ പറയുന്ന ഒരു കൂട്ടം ആളുകള്‍ ഉണ്ടായിരുന്നു എന്നാണല്ലോ പറയുന്നത്. അതിനകത്ത്, സ്ത്രീകള്‍ പലപ്പോഴും അവര്‍ക്ക് താല്പര്യമുള്ള ആളുകളെ വശീകരിക്കുന്നതിനു വേണ്ടിയിട്ടാണ് …. കൈവിഷം കൊടുക്കുന്നു അത് പിന്നീട് ആ ആളുകളെ വശത്താക്കുന്നു എന്ന് പറയുന്ന കാര്യങ്ങളാണ് … അത് ഉണ്ട് എന്നാണ് സങ്കല്പം . യഥാര്‍ത്ഥത്തില്‍ അത് ഉണ്ടോ എന്നുള്ളത് അറിയില്ല. ഒരു സങ്കല്പമായിട്ട് ഉണ്ട്.
കഥകളായും നാട്ടുവര്‍ത്തമാനങ്ങളായും… അത് കേള്‍ക്കാന്‍ രസമുള്ള കാര്യമാണ്. പക്ഷെ വിഷ വൈദ്യത്തിനുള്ളിലും ഈ പറയുന്നപോലെ കൈവിഷത്തിനു ചികിത്സയുണ്ട്. മോഹിപ്പിക്കുന്നതിന് വേണ്ടിയും വശീകരിക്കുന്നതിന് വേണ്ടിയും അങ്ങനെ പല പല കാര്യങ്ങള്‍ക്ക് വേണ്ടിയിട്ടു മൊക്കെയാണ് ഈ പറയുന്ന കൈവിഷം കൊടുക്കുന്നത് എന്നൊക്കെ പരാമര്‍ശങ്ങള്‍ ഉണ്ട്. പക്ഷെ എന്താണ് കൊടുക്കുന്നത് എന്ന് പറയുന്നില്ല . അത് ഒരു കൂട്ടുവിഷമാണ് , അത് കൊടുത്തുകഴിഞ്ഞാല്‍ ആ കിട്ടിയ ആള്‍ എന്താണോ അവര്‍ ഉദ്ദേശിച്ച കാര്യം നടക്കുമെന്നുള്ളതാണ് വിശ്വാസം. ആ വിശ്വാസത്തിന്‍റെ പുറത്താണ് ചില ആളുകളെങ്കിലും അതിനു പുറകേ പോകുന്നത്. നമ്മുടെ കേരളത്തില്‍ തന്നെ ചില പ്രസിദ്ധമായ അമ്പലങ്ങളും പള്ളികളും ഒക്കെ ഈ കൈവിഷത്തിനു മരുന്നു കൊടുത്തു മറ്റുന്നതായിട്ടൊക്കെ പറയുന്നുണ്ട്. അത്പോലെ വിഷചികിത്സയിലും ഈ കൈവിഷത്തെ മാറ്റിക്കളയുന്ന ചികിത്സ പറയുന്നുണ്ട്.
നമ്മുടെ അടുത്ത് ചികിത്സക്ക് വരുന്നവരെ നോക്കിയിട്ട് നിനക്ക് ആരോ കൈവിഷം തന്നിട്ടുണ്ട്, ഇന്ന ഉദ്ദേശ്യത്തോടു കൂടിയാണ് തന്നത് എന്ന് ഒരുതരത്തിലും വൈദ്യം പഠിച്ചിട്ടുള്ള ഒരാള്‍ക്ക് പറയാനായിട്ട് സാധ്യമല്ല. ഇത് പറയുന്നത് ജോത്സ്യന്മാരാണ്. ജോത്സ്യന്മാരെ ഒക്കെ പോയി കണ്ടു കഴിയുമ്പോള്‍ അവര്‍ പറയും നിങ്ങള്‍ക്ക് ആരോ കൈവിഷം തന്നിട്ടുണ്ട്, അത് ഒരു സ്ത്രീയാണ്, ഇന്ന ദോഷങ്ങളുണ്ട് എന്നൊക്കെ. വിഷവിദ്യത്തില്‍ അതിനെ പറയുന്നത് മന്ദത്വം, മൂഡത്വം എന്നൊക്കെയാണ്. പതുക്കെ പതുക്കെ ആള് മരണപ്പെടാവുന്ന തരത്തിലുള്ള വിഷമാണ് കൈവിഷം എന്നൊക്കെ പറയും. ഇതിന് ചികിത്സയുണ്ട് എന്നൊക്കെ ജോത്സ്യന്മാര്‍ പറയുമ്പോള്‍ ചിലര്‍ അമ്പലങ്ങളില്‍ പോകും, ചിലര്‍ വൈദ്യരുടെ അടുത്ത് പോകും…
എനിക്കും ഒന്നുരണ്ട് അനുഭവങ്ങളുണ്ട്. ഇത്തരം ജോത്സ്യന്മാരുടെ പ്രവചനം കേട്ടിട്ട് എന്‍റെ അടുത്തു വന്ന് ചില ആളുകള്‍ മരുന്നു ചോദിച്ചിട്ടുണ്ട്. ഇത് ഒരു വിശ്വാസമായതു കൊണ്ടു തന്നെ മനശ്ശാസ്ത്രപരമായ ഇടപെടലാണ് വേണ്ടത്. എന്തൊക്കെപറഞ്ഞു കഴിഞ്ഞാലും വളരെ രസകരമായിട്ടുള്ള ഒരു വിഷയമാണ് ഇത്. വിഷമെന്ന് പറയുന്നത് ഒരുകൂട്ട് വിഷമാണ്, അത് ശരീരത്തിന് ഉള്ളില്‍ വന്ന് കഴിഞ്ഞാല്‍ അതിന് ദഹിക്കില്ല, ദഹിക്കാതെ അത് നമ്മുടെ ഉള്ളില്‍ കാലങ്ങളോളം കിടന്നാല്‍ അത് ശരീര കലകളെ ദോഷംചെയ്യുകയും അതിന്‍റെ ഫലമായിട്ട് അത് നമ്മുടെ മനസികമായിട്ടുള്ള പല കാര്യങ്ങളേയും ബാധിക്കുകയും ചെയ്യും എന്നൊക്കെയാണ് വിശ്വാസം. ഈ വിഷത്തെ കളയുന്നതിനു വേണ്ടിയിട്ടാണ് ഈ പറയുന്ന ചികിത്സ പറഞ്ഞു വെക്കുന്നത്. പക്ഷെ എന്താണ് ചികിത്സ എന്നുള്ള കാര്യം അറിയില്ല. ഇത് അധികവും ചെയ്യുന്നത് ജോത്സ്യന്മാര്‍ ആണെന്നുള്ളതാണ് രസകരമായ വസ്തുത.
ആയുര്‍വേദത്തില്‍ പാമ്പുകളുടെ ജാതിയെ കുറിച്ചു പരമാര്‍ശി ക്കുന്നുണ്ടല്ലോ. അപ്പൊള്‍ വിഷ ചികിത്സാരീതിയില്‍ ജാതിയെക്കുറിച്ചുള്ള പരാമര്‍ശമുണ്ടോ?
ആയുര്‍വേദത്തില്‍ പാമ്പുകളുടെ ജാതി എന്ന് പറയുന്നത് എക്കാലവും വിവാദമായിട്ടുള്ള ഒന്നാണ്. ആളുകള്‍ പലപ്പോഴും യുക്തി ഭദ്രമായിട്ട് ചോദിക്കാന്‍ തുടങ്ങിയ ഒരു ചോദ്യമാണ് പാമ്പുകളുടെ ജാതിയെന്ന് പറയുന്നത്. ആയുര്‍വ്വേദത്തില്‍ പാമ്പുകളെ ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര വിഭാഗങ്ങളിലാണ് പെടുത്തുന്നത്. അഷ്ടനാഗങ്ങള്‍ തന്നെ രണ്ട് എണ്ണം, രണ്ടെണ്ണം വെച്ചിട്ട് ക്ഷത്രിയ, വൈശ്യ, ശൂദ്ര ഒക്കെയാണ്. രസം എന്താണെന്നു വച്ചാല്‍ മൂര്‍ഖന്‍, മണ്ടേലിരി, കൊബേരി പാമ്പ് എന്നൊന്നുമല്ല അവിടത്തെ വിഭജനം, മറിച്ച് ബ്രാഹ്മണന്‍, ക്ഷത്രിയ, ശൂദ്ര എന്നൊക്കെയാണ്. അതിനകത്ത് വീണ്ടും മൂര്‍ഖന്‍ ഒക്കെ വരും. രസകരമായ കാര്യം എന്താണെന്നു വച്ചാല്‍ ഇതിന് വിശദീകരണം കൊടുക്കുമ്പോള്‍ പറയുന്നത് ബ്രാഹ്മണ പാമ്പ് എപ്പോഴും മേലോട്ട് നോക്കിയാണ് പോകുന്നത്, ക്ഷത്രിയ പാമ്പ് നേരെ നോക്കിയേ പോവുകയുള്ളൂ, വൈശ്യന്‍ ഇടതു വലതു നോക്കിയും, ശൂദ്രന്‍ കുമ്പിട്ട് നിലത്തു നോക്കി തലയുയര്‍ത്താതെയാണ് പോകുന്നത് എന്നൊക്കെയാണ്. മാത്രമല്ല ശൂദ്ര പാമ്പ് മാത്രമാണ് കടിക്കുന്നത് എന്നും പറയുന്നു. ശൂദ്രത്വം ആരോപിച്ചുകൊണ്ടു പാമ്പിനെ പോലും എത്രമേല്‍ മോശം എന്ന രീതിയില്‍ കൊണ്ടുവന്നു എന്നുള്ളതാണ്. പിന്നെ ഭൂമിയിലുള്ള പാമ്പ്, സ്വര്‍ഗ്ഗത്തിലുള്ള പാമ്പ്, പാതാളത്തിലുള്ള പാമ്പ് എന്നൊക്കെയുള്ള വേര്‍തിരിവുകളുണ്ട്. ഭൂമിയിലുള്ള പാമ്പുകളില്‍ തന്നെ ശൂദ്ര പാമ്പ് മാത്രമേ കടിക്കുകയുള്ളൂ എന്നൊക്കെയാണ് പറയുന്നത്. ബാക്കിയൊക്കെ മര്യാദക്കാരാണ് എന്നുള്ളതാണ്. ഇങ്ങനെയുള്ള വിഭജനങ്ങളാണ് നമ്മുടെ പുസ്തകങ്ങളിലൊക്കെ ഉള്ളത്. എന്‍റെ ഒരു മനസ്സിലാക്കലില്‍ ഇങ്ങനെയൊക്കെ കൊണ്ടുവന്നിരിക്കുന്നതിനു പിന്നില്‍ ചില കാരണങ്ങളുണ്ട്. ചികിത്സയുടെ പരിണാമത്തിനുപിന്നില്‍ പലതരത്തിലുള്ള അറിവുകളുണ്ട്. ഗോത്രീയവും വംശീയവുമായ അറിവുകളും നാട്ടറിവുകളുമൊക്കെ ഇതിലുണ്ട്. ചില ചികിത്സാ രീതികള്‍ ആദിവാസികളില്‍ നിന്നാണ്, ചിലത് ദലിതരില്‍ നിന്നാണ്, മറ്റ് ചിലത് ഈഴവരില്‍ നിന്നോ മറ്റ് ജാതികളില്‍ നിന്നോ ആണ് കിട്ടിയത് എന്ന് ഒന്നും പറയാന്‍ പറ്റില്ല. ചില കൂട്ടര്‍ക്ക് ഇതൊക്കെ തങ്ങളുടേത് തന്നെയാക്കണം. ഈ ത്രൈവര്‍ണ്ണികത ആചരിക്കുന്ന ആളുകള്‍ക്ക് അതിനുവേണ്ടി അവര്‍ അവരുടെ ദൈവങ്ങളെ പിടിച്ച് ഇത്തരം ചികിത്സയിലേക്ക് കൊണ്ടുവന്നു. ഒരു ഭയമുണ്ടാക്കി കൊണ്ട് ഒരു ദേവതാ സങ്കല്‍പ്പം അവര്‍ നിര്‍മ്മിച്ചു വെച്ചു. അതാണ് സത്യം പറഞ്ഞു കഴിഞ്ഞാല്‍ ഈ ശൂദ്രത്വത്തെയെക്കെ ആരോപിച്ച് ശൂദ്രന്മാരാണ് ഏറ്റവും മോശം എന്നൊക്കെ പറഞ്ഞുവെക്കുന്നതിന് പിന്നിലുള്ളത് എന്നാണ് എനിക്ക് മനസിലായിട്ടുള്ളത്.
വരേണ്യവര്‍ഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ മാത്രമായിരുന്നോ ഈ ചികിത്സാ പാരമ്പര്യം നടത്തി വന്നിട്ടുള്ളത്?
ഇല്ല. ഇതിനകത്ത് എലീറ്റ് ആയിട്ടുള്ള കുടുംബങ്ങളും ഉണ്ടായിട്ടുണ്ട് അതുപോലെ, മുന്‍പ് പറഞ്ഞല്ലോ ദലിതരുടെ അടുത്തും മണ്ണാന്‍മാരു%9