Homeവഴിത്താരകൾ

കനവ് പോലൊരു സൗഹൃദം

ചില സൗഹൃദങ്ങള്‍ അങ്ങിനെയാണ്. വൃക്ഷങ്ങള്‍ തമ്മിലുള്ള അടുപ്പങ്ങള്‍ പോലെ.പ്രത്യക്ഷത്തില്‍ അകന്നു നില്‍ക്കുമ്പോഴും ആഴങ്ങളില്‍ വേരുകള്‍ കൈകോര്‍ക്കുന്നു. പരസ്പരം തണലേകുന്നു. പോഷിപ്പിക്കുന്നു.കരുതലുകളും മൃദുസ്പര്‍ശങ്ങളും അദൃശ്യമായി കൈമാറുന്നു. 2021 ലെ ഡിസംബര്‍ മാസത്തില്‍, ക്രിസ്തുമസിന് കുറച്ചു നാളുകള്‍ക്കു മുന്‍പ് സുഹൃദ് വൃന്ദത്തെയും കുടുംബങ്ങളെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കൊണ്ട്, ഒരു മുന്നറിയിപ്പുമില്ലാതെ ഷെര്‍ളി മേരി ജോസഫ്, കളരിയില്‍ തിരി തെളിയിച്ചു പൊടുന്നനെ വിട വാങ്ങിയപ്പോള്‍, മറ്റു പലര്‍ക്കുമെന്ന പോലെ എനിക്കും നഷ്ടപ്പെട്ടത് അത്തരമൊരു സൗഹൃദമായിരുന്നു.

ഷെര്‍ളി

പക്ഷെ ഷെര്‍ളി, എനിക്കിനിയും വിട പറയാന്‍ ആവുന്നില്ല. ഒരു ഇല പൊഴിയുന്ന ലാഘവത്തോടെ കൊഴിയുവാന്‍, ഒരു തൂവല്‍ പോലെ ജീവിതത്തെ ഒന്ന് തഴുകി പോകുവാന്‍ ഷെര്‍ളിക്ക് മാത്രമേ കഴിയുകയുള്ളൂ. നിലപാടുകളിലെ ദൃഡത ഒരു മനസ്സിനെ ഇത്രയും ശാന്തവും, സ്നേഹമുഗ്ധവുമാക്കാന്‍ കഴിയുമോ എന്ന് ഞാന്‍ ചിന്തിച്ചു പോകുന്നു. ആഴത്തിലുള്ള വായനയും ചിന്തയും ഷെര്‍ളിക്ക് അലങ്കാരമോ മത്സരത്തിനുള്ള സാമഗ്രിയോ ആയിരുന്നില്ല. ഷെര്‍ളിയുടെ സംസാരത്തില്‍ എത്ര അനായാസമായാണ്, സ്വാഭാവികമായാണ് മനുഷ്യനൊപ്പം ജന്തുജാലങ്ങളും കാപ്പിപ്പൂക്കളും കടന്നു വന്നിരുന്നത്. പ്രകൃതിയിലെ അനവധി പ്രവൃത്തികളുടെ ഒരു ഭാവം മാത്രമായിരുന്നു മനുഷ്യന്‍.

ജീവിതത്തിലെ എല്ലാ ഇടങ്ങളിലുമെന്ന പോലെ സൗഹൃദം എന്ന അനുഭവത്തിലും ബദല്‍ തേടിയിരുന്ന ഒരു വ്യക്തി ആയാണ് ഷെര്‍ളി എന്നെ ആകര്‍ഷിച്ചിട്ടുള്ളത്. ഉപാധികളില്ലാതെ സഹജീവികളെ സമീപിക്കുന്ന, വിഭിന്ന ശബ്ദങ്ങളിലും ചില ഐക്യങ്ങളുടെ സാധ്യത കാണുന്ന,അവയെ പരിപോഷിപ്പിക്കാന്‍ പരിശ്രമിക്കുന്ന ഒരു വെളിച്ചമാണ് ഷെര്‍ളിയുടെ സ്നേഹബന്ധങ്ങളെ നയിച്ചിരുന്നത് എന്നെനിക്കു തോന്നിയിട്ടുണ്ട്. വ്യത്യാസങ്ങളെ മറികടന്നു മനുഷ്യര്‍ക്കു സംവദിക്കാന്‍ സാധ്യമാണ് എന്ന ഉറച്ച വിശ്വാസത്തോടെ കൈ നീട്ടാന്‍ ഷേര്‍ളി ഒരുക്കമായിരുന്നു.സ്വയം ഒരുങ്ങാന്‍ ശ്രമിച്ചിരുന്നു എന്നത് തന്നെ മറ്റൊരു പ്രപഞ്ച വീക്ഷണത്തില്‍ നിന്നുയരുന്ന സ്നേഹപ്രവര്‍ത്തനമാണ്.

ഷെര്‍ളി എനിക്കയക്കാന്‍ ഇനിയും കവിതകള്‍ ബാക്കി വെച്ചിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഷെര്‍ളി, എഴുതുന്തോറും നീണ്ടുപോകുന്നു.ഒന്നു തൊടുമ്പോഴേക്കും എത്ര തലങ്ങളാണ് ഷെര്‍ളിയുടെ വ്യക്തിത്വത്തിന് എന്നത് എന്നെ വീണ്ടും സങ്കടത്തില്‍ ആഴ്ത്തുന്നു. എന്‍റെ മകള്‍ പാര്‍ഷതി കുറച്ചു മാസം മുന്‍പ് കോവിഡിന്‍റെ പിടിയിലായപ്പോള്‍ അവളുടെ FB പോസ്റ്റു കണ്ടു ഷെര്‍ളി വിളിച്ചപ്പോള്‍ പറഞ്ഞ വാക്കുകള്‍ -“എന്തൊരു കാലമാണ്”- ഒരു തേങ്ങലായി ഉള്ളില്‍ നിന്നും ഉയരുന്നു.

മുഖ്യധാരാ സമൂഹത്തില്‍ നിന്നും വേറിട്ട പാതകളില്‍ സഞ്ചരിക്കുമ്പോഴും, ആ ധാരയിലെ പല തരംഗങ്ങളോടും ശ്രദ്ധയോടെ സംവദിക്കാന്‍ ഈ കൂട്ടുകാരി സദാ തയ്യാറായിരുന്നു.അങ്ങിനെ സമതലങ്ങളില്‍ നിന്ന് പലരെയും ഷെര്‍ളി കനവിലെത്തിച്ചു. മറ്റൊരു ലോകവീക്ഷണത്തില്‍ പങ്കാളികളാക്കി. വയനാട്ടിലേക്കും കനവിലേക്കിലുമുള്ള ഓരോ യാത്രയും, സമതലങ്ങളിലെ മനുഷ്യജീവിതത്തെയും അതിന്‍റെ കാലുഷ്യങ്ങളെയും നിസ്സാരമാക്കുന്നതായിരുന്നു. പരിഷ്കൃത നാഗരിക സമൂഹത്തിന്‍റെ അറിവുകളെ തുച്ഛമാക്കുന്ന ഒന്നായിരുന്നു. കാടിന്‍റെയും, അരുവികളുടെയും, മുളങ്കാടിന്‍റെയും ആനത്താരകളുടെയും വഴികളെ പിന്തുടരുന്ന ദൈനംദിന ജീവിതത്തില്‍, അറിവിന്‍റെ അടിസ്ഥാനത്തെ തന്നെ ചോദ്യം ചെയ്യുന്ന ഗോത്ര വിവേകം ഷെര്‍ളിയിലും പ്രസരിച്ചിരുന്നു. കനേഡിയന്‍ സാഹിത്യത്തിലെ പ്രമുഖ ധാരയായ ഗോത്ര സാഹിത്യത്തില്‍ എം ഫില്‍ ചെയ്യുമ്പോഴും താന്‍ തിരഞ്ഞെടുത്ത എഴുത്തുകാരെ കുറിച്ച് മറ്റൊരു ഗവേഷകയും കാണിക്കാത്ത ആവേശത്തോടെ,തിളക്കത്തോടെ ഷെര്‍ളി സംസാരിക്കുന്നത് ഏറെ കൗതുകത്തോടെയും അത്ഭുതത്തോടെയും ആണ് ഞാന്‍ കണ്ടിരുന്നത്. കാരണം ഷെര്‍ളിയെ സംബന്ധിച്ചിടത്തോളം തന്‍റെ ഗവേഷണം തന്‍റെ ജീവിതത്തിലെ നിരന്തര അന്വേഷണത്തിന്‍റെ തന്നെ തുടര്‍ച്ചയായിരുന്നു.അത് ഇന്‍ക്രിമെന്‍റിനുള്ള ഡിഗ്രി മാത്രമായിരുന്നില്ല. സ്ഥാനകയറ്റിത്തിനായുള്ള ഒരു ഉപകരണമായിരുന്നില്ല.സ്ഥാപനവല്‍കൃതമായുള്ള അന്വേഷണത്തിന്‍റെ ചങ്ങലകളില്‍ കുടുങ്ങാതിരിക്കാനായിരിക്കാം ഷെര്‍ളി തന്‍റെ കോളേജില്‍ നിന്ന് സ്വയം വിരമിച്ചു മറ്റു പാതകള്‍ തേടിയതും. സ്വച്ഛന്ദമായി അലയാന്‍ തുടിക്കുന്ന ഒരു ചൈതന്യം നീലമലകളോടും, കുറുന്തോട്ടി കുന്നിലെ ആട്ടിന്‍കൂട്ടങ്ങളോടും സംസാരിച്ചു .ഇംഗ്ലീഷിലും മലയാളത്തിലും ചെറു കവിതകളും നീണ്ട ഗീതങ്ങളും ചമച്ചു. മൈനയുടെ കള്ളുഷാപ്പിനെയും, മണ്ണാങ്കട്ടയെയും കരിയിലയെയും, ചതുപ്പു നിലത്തിന്‍റെ സംഗീതത്തെയും,തുള്ളികറുമുറുവിനെയും കവിതകളാക്കി മാറ്റി.

വയനാട്ടിലെ കനവ് എന്ന ബദല്‍ വിദ്യാഭ്യാസ പരീക്ഷണത്തിന്‍റെ നെടുംതൂണായ ഒരു വ്യക്തിയായാണ് കെ.ജെ.ബേബിയുടെ ജീവിത പങ്കാളിയും, ശാന്തിപ്രിയയുടെയും ഗീതിപ്രിയയുടെയും അമ്മയുമായ ഷെര്‍ളി കൂടുതലും ഓര്‍മ്മിക്കപ്പെട്ടത്. ഷെര്‍ളിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവര്‍ത്തനവും പരാമര്‍ശിക്കപ്പെട്ടു കണ്ടു.ഹൈക്കു കവിതകള്‍ എഴുതിയിരുന്നു എന്നും ചില കുറിപ്പുകളില്‍ കാണാനിടയായി. നാടുഗദ്ദികയുടെ അതീവ ഹൃദ്യമായ വിവര്‍ത്തനത്തിന്‍റെ മൂല്യം നമ്മള്‍ ഇന്നും തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. കവിത അവസാന ശ്വാസം വരെ ഷെര്‍ളിയെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു എന്നത് ഞങ്ങളുടെ വാട്സാപ്പ് സന്ദേശങ്ങള്‍ വീണ്ടും വീണ്ടും എന്നെ ഓര്‍മ്മപ്പെടുത്തുന്നു. ആദ്യമായി എഴുതുന്ന ഒരു കൊച്ചു കുട്ടിയുടെ ആവേശത്തോടെയാണ് ഷെര്‍ളി തന്‍റെ കവിതകളെ എനിക്കയച്ചു തന്നത്.ആ വരികളിലെ തഴക്കവും, ഉള്‍ക്കാഴ്ചയും, അഴകും ആസ്വദിച്ചു, ഒരു സമാഹാരമായി പ്രസിദ്ധീകരിക്കാന്‍ pratham ബുക്സിനെ സമീപിക്കാന്‍ ഞാന്‍ ഷെര്‍ളിയെ കഴിഞ്ഞ വര്‍ഷം പ്രേരിപ്പിച്ചിരുന്നു. ഒരു സന്ദേശം വൈകാതെ തന്നെ വരികയും ചെയ്തു . പരിഗണിക്കാം എന്ന അവരുടെ മറുപടി ഏറെ സന്തോഷത്തോടെയും പ്രതീക്ഷയോടുമാണ് ഷെര്‍ളി സ്വീകരിച്ചത്. എമിലി ഡിക്കിന്‍സണിന്‍റെയും ക്രിസ്റ്റഫര്‍ മിഡില്‍ട്ടണിന്‍റെയും സ്വാധീനം ഷെര്‍ളിയുടെ വരികളില്‍ തെളിഞ്ഞു നിന്നു. ബാലസാഹിത്യത്തെ ഏറെ സ്നേഹിച്ച ഷെര്‍ളിയുടെ കവിതകള്‍ കുട്ടികളോടും, കുട്ടിത്തം ഉള്ളില്‍ എപ്പോഴും സൂക്ഷിക്കുന്ന മുതിര്‍ന്നവരോടും ഒരുപോലെ വര്‍ത്തമാനം പറയുന്നു. ആ കവിതകള്‍ ജന്തുജാലങ്ങളും സസ്യവര്‍ഗ്ഗങ്ങളും നിറഞ്ഞ ഒരു ആവാസ വ്യവസ്ഥയെക്കുറിച്ചു, മരിച്ചു കൊണ്ടിരിക്കുന്ന ഭൂമിയെ കുറിച്ച് വേവലാതിപ്പെടുന്നു- അലിവില്‍ കുതിര്‍ന്ന ഒരു പുഞ്ചിരിയോടെ. ഒരുപാട് സ്നേഹത്തോടെ.ആ കവിതകളില്‍ ഒന്നു മുങ്ങി നിവരുന്നത് ഒരു വിമലീകരണ പ്രക്രിയയായി അനുഭവപ്പെട്ടിട്ടുണ്ട്.

ഷെര്‍ളി എനിക്കയക്കാന്‍ ഇനിയും കവിതകള്‍ ബാക്കി വെച്ചിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഷെര്‍ളി, എഴുതുന്തോറും നീണ്ടുപോകുന്നു.ഒന്നു തൊടുമ്പോഴേക്കും എത്ര തലങ്ങളാണ് ഷെര്‍ളിയുടെ വ്യക്തിത്വത്തിന് എന്നത് എന്നെ വീണ്ടും സങ്കടത്തില്‍ ആഴ്ത്തുന്നു. എന്‍റെ മകള്‍ പാര്‍ഷതി കുറച്ചു മാസം മുന്‍പ് കോവിഡിന്‍റെ പിടിയിലായപ്പോള്‍ അവളുടെ FB പോസ്റ്റു കണ്ടു ഷെര്‍ളി വിളിച്ചപ്പോള്‍ പറഞ്ഞ വാക്കുകള്‍ -“എന്തൊരു കാലമാണ്”- ഒരു തേങ്ങലായി ഉള്ളില്‍ നിന്നും ഉയരുന്നു.

പക്ഷെ ഷെര്‍ളിക്ക് അങ്ങിനെയങ്ങു പോകാനാകില്ല. ഷെര്‍ളി തന്നെ തന്‍റെ വരികളില്‍ കുറിച്ചത് പോലെ ഗീതങ്ങള്‍ക്കു അവരുടേതായ ഓര്‍മ്മയുണ്ട്. ഭൂമി ഓര്‍ക്കുന്നത് അതിന്‍റെ ഗാനങ്ങളിലൂടെയാണ്. വനങ്ങളും, മലകളും, മണ്ണും, മൃഗവും എരിഞ്ഞടങ്ങുമ്പോഴും അവരെ ഓര്‍ക്കുന്ന സംഗീതം ഭൂമിയില്‍ നിന്ന് ഉയരുക തന്നെ ചെയ്യും .ഷെര്‍ളിയുടെ കവിതയിലൂടെ നമുക്കും ആ ഗീതത്തിനായി ചെവിയോര്‍ക്കാം.വിട പറയുന്നില്ല ഷെര്‍ളി …
But the song refuses to give up
The song still remembers
The song is still aware
She still goes on humming up her memories.
(ഷെര്‍ളി എഴുതിയ അപ്രകാശിതമായ The Blue Hills’ Marshing Song എന്ന കവിതയില്‍ നിന്ന് )

 

ജാനകി
കോഴിക്കോട് സര്‍വ്വകലാശാല
ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക

 

 

 

 

 

COMMENTS

COMMENT WITH EMAIL: 0