Homeവാസ്തവം

കണ്ടറിയാതെ കൊണ്ടറിയുന്നവര്‍

സ്ത്രീപീഡനങ്ങള്‍ ഏറ്റവും വര്‍ദ്ധിച്ച കണക്കില്‍ മുന്നേറിക്കൊണ്ടിരുന്ന വര്‍ഷമാണ് കൊഴിഞ്ഞു പോയ 2021. രോഗവും ദാരിദ്ര്യവും, മാനസിക ക്ലേശങ്ങളും മനുഷ്യരെ പാഠം പഠിപ്പിച്ചു കൊണ്ടിരുന്ന വര്‍ഷമായിട്ടും പെണ്ണിന്‍റെ നേരെ കയ്യൂക്കു കാണിക്കാന്‍ ആരും മറന്നില്ല എന്നത് കാണാതെ പോവരുത്. പ്രണയം, പ്രണയ വിവാഹം, പ്രണയേതര വിവാഹം എന്നു വേണ്ട നാട്ടിലുണ്ടാവുന്ന ഏതു പരിപാടിക്കും പെണ്ണിനു മേല്‍ കയ്യൂക്കു കാണിക്കുന്ന പൊതു രീതിയാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അപ്പോള്‍ ഞാന്‍ ചോദിക്കട്ടെ? എവിടെയാണ് സ്ത്രീപക്ഷ സമീപനം തൊട്ടു തീണ്ടിയിട്ടുള്ളത്? പെണ്ണിനേയും പെണ്ണിനെക്കുറിച്ചും ഒന്നും അറിയാതെ, അവരെ മനുഷ്യരായി പോലും കരുതാതെ ഇന്നും അഭിമാനത്തോടെ ജീവിക്കുന്ന ആളുകളെ കാണുമ്പോള്‍ കണ്ണു നിറഞ്ഞു പോവും. ഇനി വേറൊരു കൂട്ടരെക്കുറിച്ചു പറയുമ്പോള്‍ പൊട്ടിക്കരഞ്ഞുപോവുമോന്ന് ഭയമുണ്ട് എനിക്ക്. അതായത് അവര്‍ക്ക് നാട്ടിലുള്ള മുഴുവന്‍ പെണ്ണുങ്ങള്‍ക്കും ആവകാശങ്ങളും നീതിയും കിട്ടണമെന്ന് ആഗ്രഹമുണ്ട്. എല്ലാ പെണ്ണുങ്ങളും സ്മാര്‍ട്ടായി, സ്വതന്ത്രരായി നടക്കണമെന്ന് ആഗ്രഹമുണ്ട്. അവര്‍ അതിനു വേണ്ടി എന്തും ചെയ്യും. പക്ഷേ, സ്വന്തം വീട്ടിലെ പെണ്ണുങ്ങള്‍ കുടുംബത്തിന് ‘മാനക്കേടു’ണ്ടാക്കാതെ അടങ്ങിയൊതുങ്ങി കഴിയണം അത്രേയുള്ളൂ. നമ്മുടെ നാട്ടിലെ എല്ലാവരും ഇജ്ജാതി സ്ത്രീക്ഷേമ പ്രവര്‍ത്തനമാണ് നടത്തുന്നതെങ്കില്‍ ആദ്യം പറഞ്ഞ കണക്കുകള്‍ ഇനിയും വര്‍ദ്ധിക്കും. അല്ലെങ്കില്‍ തന്നെ കേരളത്തിന്‍റെ റാങ്കിംഗ് ഏതെല്ലാം നിലയില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നു എന്നത് നമുക്ക് ആലോചിക്കേണ്ടതുപോലുമില്ലല്ലോ.

പ്രണയക്കൊലപാതകങ്ങള്‍ പരമ്പരയായിക്കൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്. നമ്മുടെ മേല്‍ ഒരു ഉത്തരവാദിത്തവും കൂടി വന്നെത്തിയിരിക്കുന്നു എന്നു വേണം കരുതാന്‍. അതായത് ‘ എങ്ങനെ പ്രണയിക്കണം’ എന്ന് കുട്ടികളെ പഠിപ്പിക്കുന്ന ഉത്തരവാദിത്തം. അതെ, അതു നാം ഏറ്റെടുത്തേ തീരൂ. ആരും നെറ്റി ചുളിച്ചിട്ടു കാര്യമില്ല. ഇനിയെങ്കിലും പ്രണയത്തെക്കുറിച്ച് വീടുകളില്‍ ഉറക്കെ പറഞ്ഞു തുടങ്ങേണ്ടിയിരിക്കുന്നു. പ്രണയം, പ്രണയനൈരാശ്യം ഇതൊക്കെ അവര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്ന ഒരു മനസ് ഉണ്ടായി വരേണ്ടത് നമ്മുടെ പക്കല്‍ നിന്നു തന്നെയാണ്. ആരോഗ്യമുള്ള മനസ് ആരോഗ്യമുള്ള മനോഭാവത്തില്‍ നിന്നുണ്ടാവട്ടെ. നമ്മുടെ ചിന്തയും മനോഭാവവും പ്രവൃ ര്‍ത്തിയും പുതിയ തലമുറയെ എങ്ങനെയൊക്കെ ബാധിക്കും എന്നത് നമ്മള്‍ കൊണ്ടറിഞ്ഞു കൊണ്ടിരിക്കുന്ന സത്യമാണ്. ഇനിയും എന്താണോ അറിയാനിരിക്കുന്നത്!
.

 

 

 

ഡോ.ജാന്‍സി ജോസ്

COMMENTS

COMMENT WITH EMAIL: 0