Homeചർച്ചാവിഷയം

കുഞ്ഞാറ്റയും പോയി

വളുടെ കുഞ്ഞു വിരലുകള്‍ എന്നെ തോണ്ടുന്നതും തിരിഞ്ഞു നോക്കുമ്പോള്‍ കൈകൊട്ടി ചിരിക്കുന്നതും പാട്ടു പാടുന്നതും ഷെയ്ക്ക് ഹാന്‍റ് തരുന്നതു മെല്ലാം മറക്കാനാകുന്നില്ല. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സമരങ്ങളില്‍ ആദ്യം മുതലേ ഉണ്ടായിരുന്നു എങ്കിലും വ്യക്തിപരമായ കാരണങ്ങളാലും ഔദ്യോഗിക തിരക്കുകള്‍, സമരങ്ങളുടെ ബാഹുല്യം…. കഴിഞ്ഞ കുറച്ചു കാലങ്ങളായി അത്ര സജീവമായി പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ ദയാബായിയും ഒന്നിച്ച് സെക്രട്ടറിയേറ്റ് നടയില്‍ നടത്തിയ സമരത്തിലും പിന്നീട് കൊറോണക്കാലത്ത് അവര്‍ക്ക് ലഭിച്ചിരുന്ന തുച്ഛമായ പെന്‍ഷന്‍ നിര്‍ത്തിയപ്പോള്‍ അതിനെതിരായ സമരങ്ങളിലും പറ്റുന്നതുപോലെ സഹകരിച്ചിരുന്നു . അതിന്‍റെ തുടര്‍ച്ചയായിട്ടാണ് കുഞ്ഞാറ്റ എന്ന് വിളിക്കുന്ന അമേയയെ തിരുവനന്തപുരത്ത് കൊണ്ടുപോയി ചികിത്സിക്കുകയാണെങ്കില്‍ ആ കുട്ടിക്ക് നടക്കാന്‍ കഴിയും; എന്നാല്‍ അതിനുള്ള പണമോ കൂടെ പോകാന്‍ ആളോ ഇല്ല എന്ന് സുല്‍ഫത്ത് പറഞ്ഞ് അറിഞ്ഞത്. അങ്ങനെയാണെങ്കില്‍ ഞാന്‍ കൊണ്ടുപോകാം നമുക്ക് ചികിത്സ നടത്താം. സാമ്പത്തികമായി എനിക്കു മാത്രം കഴിയില്ലെങ്കില്‍ എന്‍റെ കൂടെ പഠിച്ച കൂട്ടുകാരുടെ ഒരു ഗ്രൂപ്പ് ഉണ്ട് . അവര്‍ സാമ്പത്തികമായി സഹകരിക്കാന്‍ തയ്യാറായി. 2021ഡിസംബര്‍ പതിനഞ്ചാം തീയതിയാണ് തിരുവനന്തപുരത്ത് ശ്രീചിത്രയില്‍ ന്യൂറോളജി ഡോക്ടറെ കാണാന്‍ അനുവാദം കിട്ടിയത്. അതിന് മുമ്പ് കുട്ടിയുടെ ഒരു എം.ആര്‍.ഐ കൂടി എടുക്കണം. വിളിച്ചു അന്വേഷിച്ചപ്പോള്‍ കണ്ണൂര് പരിയാരം മെഡിക്കല്‍ കോളജില്‍ പോയി അവരത് എടുത്തോളാം എന്ന് പറഞ്ഞു.

ഞാന്‍ പതിനാലാം തീയതി തന്നെ തിരുവനന്തപുരത്ത് പോയി. സുഹൃത്ത് സ്മിതയും കൂടി. ഇവര്‍ക്ക് കൂടുതല്‍ ദിവസം തങ്ങേണ്ട ആവശ്യം വരികയാണെങ്കില്‍ അതിനുള്ള താമസസൗകര്യവും ഏര്‍പ്പാടാക്കി.
പതിനഞ്ചാം തീയതി രാവിലെ ആറുമണിക്കാണ് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഞാന്‍ കുഞ്ഞാറ്റയേയും അവളുടെ അമ്മ സുമിത്രയേയും അച്ഛന്‍ മനുവിനെയും കാണുന്നത്.. അവിടെ നിന്ന് ഞങ്ങള്‍ ശ്രീചിത്രയില്‍ പോയി . ചില തടസ്സങ്ങള്‍ ഒക്കെ ഉണ്ടായിരുന്നെങ്കിലും അതെല്ലാം പരിഹരിച്ച് ന്യൂറോസര്‍ജനെ കണ്ടു. ഒരു ഓപ്പറേഷനെ കുറിച്ച് പറഞ്ഞെങ്കിലും പിന്നീട് ഡോക്ടര്‍മാര്‍ എല്ലാവരുംകൂടി ചര്‍ച്ച ചെയ്തതിനു ശേഷം ആറുമാസം കഴിഞ്ഞു ഒരു എം.ആര്‍.ഐ കൂടി എടുത്തതിനുശേഷം നോക്കിയിട്ട് തുടര്‍ ചികില്‍സ ചെയ്യാം എന്നാണ് പറഞ്ഞത്. . അവര്‍ പറഞ്ഞതനുസരിച്ച് ഞങ്ങള്‍ ഫിസിയോതെറാപ്പിസ്റ്റിനേയും മറ്റു ഡോക്ടര്‍മാരേയും കണ്ടു തിരിച്ചുപോന്നു. ആറുമാസം കഴിഞ്ഞ് ഡോക്ടറെ കാണാനുള്ള തീയതിയും ബുക്ക് ചെയ്തു. അടുത്ത എം.ആര്‍.ഐ തിരുവനന്തപുരത്ത് തന്നെ ചെയ്യാന്‍ അനസ്തേഷ്യ നല്‍കുന്ന ഡോക്ടറെ കണ്ടു എല്ലാം ശരിയാക്കി തിരിച്ചുപോന്നു. പിന്നീട് ഫിസിയോ തെറാപ്പിസ്റ്റ് അയച്ചുതന്ന നിര്‍ദ്ദേശങ്ങളും അവര്‍ക്ക് അയച്ചു കൊടുത്തിരുന്നു. ആറുമാസത്തിന് കാത്തുനിന്നില്ല . ഡിസംബര്‍28-ാംതിയതി മനുഷ്യന്‍റെ ക്രൂരതകളും എന്‍ഡോസള്‍ഫാനും ഇല്ലാത്ത ലോകത്തേക്ക് അവള്‍ പോയി. അവളുടെ കുഞ്ഞു വിരലുകളുടെ സ്പര്‍ശവും മുഖത്തെ നിഷ്കളങ്കചിരിയും ….. വാക്കുകള്‍ ഇല്ല. വളരെ കുറച്ചു കാലം പരിചയപ്പെട്ട എന്‍റെ മനസ്സ് ഇത്ര നോവുന്നെങ്കില്‍ അമ്മ സുമിത്ര, അച്ഛന്‍ മനു, ഇവരോട് എന്ത് പറയാന്‍!

അഞ്ച് വയസ്സായിരുന്നു അമേയയ്ക്ക്. എന്‍ഡോസള്‍ഫാന്‍ നിരോധിച്ച് ഒന്നരപ്പതിറ്റാണ്ടിന്നു ശേഷം ജനിച്ചവള്‍.ആകാശമാര്‍ഗ്ഗേന തളിച്ച കീടനാശിനിയുടെ ദുരന്തം തലമുറകളെ ബാധിക്കുമെന്ന് പഠന റിപ്പോര്‍ട്ടുകളുണ്ട്. എന്നിട്ടും അമേയയെപ്പോലെ തല വളരുന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ടത്ര ചികിത്സ നല്‍കാനുള്ള സൗകര്യങ്ങള്‍ കാസര്‍ഗോഡ് ജില്ലയില്‍ ഇല്ല. ഒരു മെഡിക്കല്‍ കോളജ് ഇല്ല .ഒരു ന്യൂറോളജിസ്റ്റിന്‍റെ സേവനം ഇതുവരെയും ജില്ലയില്‍ ഇല്ല. ഇത്തരം രോഗങ്ങളുമായി കുഞ്ഞുങ്ങള്‍ ജനിച്ചു കൊണ്ടിരിക്കുമ്പോഴും ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങളോ ഗവേഷണങ്ങളോ നടക്കുന്നില്ല. കേരളത്തിനനുവദിക്കുന്ന ‘എയിംസ് ‘ കാസര്‍ഗോഡ് ജില്ലയില്‍ സ്ഥാപിക്കാനുള്ള മുറവിളികള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നേയില്ല. മരണങ്ങള്‍ തുടരുമ്പോള്‍ സമരത്തിനിടയില്‍ പരിചയപ്പെട്ട മറ്റ് അമ്മമാരുടെ വാക്കുകളും മക്കളെ കുറിച്ചുള്ള ചിന്തകളുമാണ് ഇപ്പോള്‍ എന്നെ കൂടുതല്‍ ഭയപ്പെടുത്തുന്നത്.

വ്യക്തിപരമായി നമുക്ക് ഓരോരുത്തര്‍ക്കും ചെയ്യാവുന്നത് ചെയ്യാം. നമ്മുടെ പ്രതിനിധിയായ സര്‍ക്കാരിന് ഉത്തരാവാദിത്വം ഉണ്ട്. ഇവര്‍ക്ക് ആവശ്യമായ ചികില്‍സയും ജീവിത സൗകര്യങ്ങളും ഒരുക്കി കൊടുത്തേ കഴിയൂ. അത് നേടി കൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.

ജ്യോതി നാരായണന്‍
ആക്ടിവിസ്റ്റ്

COMMENTS

COMMENT WITH EMAIL: 0