ശീലാബതിയുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് അവളുടെ ഓര്‍മ്മക്കായി നട്ട ഞാവല്‍മര തയ്യിന്‍റെ ചുവട്ടില്‍ ഒരു പിടി മണ്ണിട്ട് വിദൂരതയില്‍ കണ്ണുംനട്ട് ശിലാപ്രതിമ പോലെ ഇരുന്ന അമ്മ ദേവകിയെ നമസ്കരിച്ചു തിരിച്ചുപോരുമ്പോള്‍ മനസ്സില്‍ ഒരു പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ. ഇനിയും ഇത്തരം ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ഇടയാകരുത് എന്ന് . വല്ലാത്തൊരു ഭീതി എന്നെ പിടികൂടിയിരുന്നു. കാരണം കാസര്‍ഗോഡ് എന്‍മകജെ ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും ഞാന്‍ കണ്ട നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ശീലാബതിയുടെ മുഖമായിരുന്നു. അവരുടെ എല്ലാം അമ്മമാര്‍ക്ക് ദേവകിയമ്മയുടെ മുഖമായിരുന്നു..
യന്ത്ര പറവകള്‍ ചീറ്റിച്ച വിഷ മഴ നനഞ്ഞ് ‘തല പൊട്ടുന്നു അമ്മേ ‘ എന്ന് നിലവിളിച്ച് കിടക്കയിലേക്ക് വീണ രണ്ടാം ക്ലാസ്സുകാരി ശീലാബതി പിന്നീട് എണീറ്റിട്ടില്ല. മുപ്പത്കൊല്ലം നീണ്ട അതിജീവന പോരാട്ടത്തിനൊടുവില്‍ അവള്‍ പിന്‍വാങ്ങിയപ്പോള്‍ തോളോട് തോള്‍ ചേര്‍ന്ന് നിന്ന് പൊരുതിയ പലരുടേയും കൈകാലുകള്‍ കൂടുതല്‍ ദുര്‍ബലമായി . അവള്‍ കൊടുത്ത ശൂന്യത ഭീകരമായി അവര്‍ക്ക് തോന്നി . അതുകൊണ്ടാണല്ലോ അനുസ്മരണ പ്രസംഗം നടത്തിയ പലരും വാക്കുകള്‍ പൂര്‍ത്തിയാക്കാനാവാതെ വിതുമ്പിയത്. മുന്നണി പോരാളിയായ മുനീസ മോഹാലസ്യപ്പെട്ടത്. വയ്യാത്ത കുഞ്ഞുങ്ങളെ ഒന്നുകൂടി ഇറുക്കി . നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിറകണ്ണുകളോടെ ഇടറുന്ന പാദങ്ങളോടെ പല അമ്മമാരും ശീലാബതിയുടെ ഭവനത്തില്‍ നിന്ന് യാത്രയായത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുഞ്ഞുങ്ങള്‍ക്കായി എന്‍മകജെ ഗ്രാമത്തില്‍ തുടങ്ങിയ നവജീവന എന്ന ഞങ്ങളുടെ സ്ഥാപനത്തില്‍ എത്തുന്ന കുഞ്ഞുങ്ങളുടെ ഓമന മുഖം ഓരോന്നായി മനസ്സിലേക്ക് ഓടിയെത്തിയപ്പോള്‍ ഞാനും ഹൃദയഭാര ത്തോടെ ശീലാബതിയുടെ ഭവനത്തില്‍ നിന്നും മടങ്ങി.
യന്ത്രപ്പറവകള്‍ എന്‍ഡോസള്‍ഫാന്‍ വിഷമഴ ചീറ്റിച്ച രംഗം ഒഴിഞ്ഞിട്ട് രണ്ടു പതിറ്റാണ്ടുകള്‍ പിന്നിട്ടു എങ്കിലും കാസര്‍ഗോഡ് ഗ്രാമങ്ങളില്‍ ഇപ്പോഴും കണ്ണീര്‍മഴ തോര്‍ന്നിട്ടില്ല. പൂമ്പാറ്റകളേപ്പോലെ പാറി പറക്കേണ്ട പ്രായത്തില്‍ പുഴുക്കളേപ്പോലെ ഇഴയാന്‍ വിധിക്കപ്പെട്ട ഈ മണ്ണിന്‍റെ മക്കള്‍ നൊമ്പര കാഴ്ചയാകുമ്പോള്‍ കാണേണ്ടവര്‍ കണ്ടില്ലെന്ന് നടിക്കുക മാത്രമല്ല അര്‍ഹമായ നീതി നിഷേധിച്ചും ആനുകൂല്യങ്ങള്‍ക്കായി പോരാടുന്നവരെ. പ്രത്യാരോപണങ്ങള്‍ കൊണ്ട് പരിഹസിച്ചും അവരുടെ ദുരിതം ഇരട്ടിപ്പിക്കുകയുമാണ്.
2017 ല്‍ ആണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി നോര്‍ ബര്‍ട്ടൈന്‍ വൈദികര്‍ നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരാന്‍ ഫ്രാന്‍സിസ് ക്ലാരിസ്റ്റ് സന്യാസി സമൂഹ അംഗങ്ങളായ ഞങ്ങള്‍ എന്‍മകജെ ഗ്രാമത്തില്‍ എത്തുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ ജനിച്ചുവളര്‍ന്ന ഒരു വ്യക്തി എന്ന നിലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തം എന്ന വാക്ക് പരിചിതമായിരുന്നു . ഇവിടെ എത്തിയ ശേഷം നേരിട്ടു കണ്ട ചിത്രം ഞെട്ടിക്കുന്നതായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി കോടികളുടെ പാക്കേജുകള്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ക്കും കുഞ്ഞുങ്ങളുടെ ചികിത്സക്കുമായി നെട്ടോട്ടമോടുന്ന മാതാപിതാക്കളാണെ ങ്ങും. . അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ക്കായി സമരം നടത്തുന്ന അമ്മമാരോടൊപ്പം . പല സമര പന്തലുകളിലും ഇരുന്നിട്ടുണ്ട്. നിറ ദുരിതത്തിന് ഇടയിലും പോരാട്ടവീര്യം നഷ്ടമാകാത്ത ഇത്ര കരുത്തരായ അമ്മമാര്‍ വേറെ ഒരിടത്തും കാണില്ല . എന്നാല്‍ സ്ഥിതിവിവരക്കണക്കുകള്‍ നിരത്തി ഭിന്നശേഷിക്കാരായവരുടെ എണ്ണം മറ്റു ജില്ലകളിലേതു പോലെ ആണെന്നും എന്‍ഡോസള്‍ഫാന്‍ . വിഷയം ഒരു കെട്ടുകഥയാണെന്നും വയ്യാത്ത കുഞ്ഞുങ്ങളെ മുന്‍നിര്‍ത്തി മാതാപിതാക്കള്‍ ധനസമ്പാദനം നടത്തുകയാണെന്നും മറ്റും ശീതീകരിച്ച മുറികളിലെ കറങ്ങുന്ന കസേരകളില്‍ ഇരുന്ന് പ്രഖ്യാപിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഈ നാടിന്‍റെ മക്കളെ നിങ്ങള്‍ അര്‍ദ്ധ പ്രാണര്‍ ആക്കി . ഇനി അവരുടെ ആത്മാഭിമാനം കൂടി തല്ലി കെടുത്തരുത്. ഇവരുടെ നോവിന്‍റെ അഗ്നി നിങ്ങളെ വിഴുങ്ങാതെ സൂക്ഷിച്ചുകൊള്ളുക.
ശീലാബതിക്കു പിന്നാലെ എഴു വയസ്സുകാരി വൈഷ്ണവിയും പത്തുവയസ്സുകാരന്‍ റിതേഷ് ആല്‍വയും ഒരു വയസ്സുകാരന്‍ നവജിത്തും മറ്റനേകം കുഞ്ഞുങ്ങളും നമ്മെ വിട്ടുപിരിഞ്ഞു കഴിഞ്ഞു. കുഞ്ഞു ശരീരത്തിന് വഹിക്കാന്‍ ആവാത്ത വലിയ തലയും കുഞ്ഞു ശരീരം മുഴുവന്‍ വേദനയുമായി അപ്പു എന്ന നവജിത്ത് ഒരു വര്‍ഷം കൊണ്ട് തിന്നു തീര്‍ത്ത നരകയാതന നേരിട്ട് കണ്ടറിഞ്ഞതാണ്.
അപ്പുവിന്‍റെ അമ്മ നെഞ്ചേറ്റിയ കനല്‍ ആര്‍ക്കും മനസ്സിലാകും. രണ്ടുമാസം മുമ്പ് അവരുടെ ഫോണ്‍ കോള്‍ വന്നിരുന്നു ‘ അമ്മ .. മൗവ്വാറില്‍ അപ്പുവിനെ പോലെ തന്നെ ഒരു കുഞ്ഞി… ‘ അന്വേഷിച്ചപ്പോള്‍ അറിഞ്ഞു , കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്. ഹൃദയത്തില്‍ എവിടെയോ ഒരു വെള്ളിടി വെട്ടി. ഒരു വര്‍ഷം മുമ്പ് ഇതേ സമയത്ത് അപ്പുവും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആയിരുന്നു. ശരീരം മുഴുവന്‍ ഘടിപ്പിച്ച ട്യൂബുകള്‍ക്കിടയില്‍ അപ്പുവിന്‍റെ കുഞ്ഞ് ശരീരം ഞാന്‍ ഒരു നോക്ക് കണ്ടതാണ്.
ഒരു മാസത്തിനുശേഷം അപ്പുവിനെ അവന്‍റെ വീട്ടില്‍ കണ്ടു. ഒരു തുണ്ട് വെള്ള ത്തുണിയില്‍ പൊതിഞ്ഞ് .ആരോ കാണിച്ച ചൂട്ടുകറ്റയുടെ വെളിച്ചത്തില്‍ അപ്പുവിനെ നെഞ്ചോട് ചേര്‍ത്ത് ചുടല പറമ്പിലേക്ക് ഇടറുന്ന പാദത്തോടെ അവന്‍റെ അച്ഛന്‍ നടക്കുമ്പോള്‍ അതിന് സാക്ഷ്യം വഹിച്ച പത്ത് ആളുകളില്‍ ഒരാളായി ഞാനുമുണ്ടായിരുന്നു.
മൗവ്വാറിലെ കുഞ്ഞ് വീട്ടിലെത്തിയപ്പോള്‍ പോയി കണ്ടു. അപ്പു പുനര്‍ജനിച്ചിരിക്കുന്നു, അര്‍ഷിതയായി. വലിയ തലയും മെലിഞ്ഞുണങ്ങി വേദനിക്കുന്ന ശരീരവുമായി അര്‍ഷിത നിലവിളിക്കുന്നു. ഹൃദയത്തില്‍ നിന്നുയര്‍ന്ന തേങ്ങലിനോടൊപ്പം ഒരു ചോദ്യം ഉത്തരം കിട്ടാതെ വീര്‍പ്പുമുട്ടി. ഇതിന് ഒരു അവസാനം ഇല്ലേ! നവജീവനയില്‍ ഫിസിയോതെറാപ്പിക്കും സ്പീച്ച് തെറാപ്പിക്കും സ്പെഷ്യല്‍ എഡ്യൂക്കേഷനുമൊക്കെയായി എത്തുന്ന ചെറിയ കുഞ്ഞുങ്ങളുടെ കാഴ്ച വേദനിപ്പിക്കുന്നതാണ്. രണ്ടു വയസ്സുകാരായ അനാബിയയും ധ്യാനും , മൂന്നു വയസ്സുകാരി ഫാത്തിമ സല്‍വയും നാലു വയസ്സുകാരായ ഇര്‍ഫാനും ബഷീറും അന്‍കിതയും അന്‍വിതയും. ചെറിയ കുഞ്ഞുങ്ങളുടെ നിര നീളുകയാണ്. പുതിയ ഒരു തലമുറ കൂടി ദുരന്തത്തിന്‍റെ ബാക്കി പത്രം ആവുകയാണ്.
ഈ നാടിന്‍റെ ദുരന്തത്തിന്‍റെ കാരണം എന്‍ഡോസള്‍ഫാന്‍ അല്ല എന്ന് സ്ഥാപിക്കാന്‍ നടത്തുന്നതിന്‍റെ പകുതി പരിശ്രമം ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാന്‍ നടത്തുകയാണെങ്കില്‍ നാടിന്‍റെ ചരിത്രം മറ്റൊന്നാകുമായിരുന്നു. നീണ്ട വര്‍ഷങ്ങള്‍ പഴി പറഞ്ഞും പരിഹസിച്ചും നഷ്ടപ്പെടുത്തി കളഞ്ഞു. ഈ നാടിന്‍റെ മക്കള്‍ക്ക് ആരും എറിഞ്ഞുകൊടുക്കുന്ന ഭിക്ഷ ആവശ്യമില്ല.
തങ്ങളുടേതല്ലാത്ത കാരണത്താല്‍ അവര്‍ അനുഭവിക്കുന്ന ദുരന്തത്തെ അതിജീവിക്കാന്‍ നീതി മാത്രമാണ് അവര്‍ ആവശ്യപ്പെടുന്നത്. അനാവശ്യ തര്‍ക്കങ്ങള്‍ നിര്‍ത്തിവെച്ച് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക മാത്രമാണ് ഈ നാടിന്‍റെ കണ്ണീരിനു നല്‍കാവുന്ന ഏക ഉത്തരം.
കോടികളുടെ എന്‍ഡോസള്‍ഫാന്‍ പാക്കേജ് എങ്ങനെ ചെലവഴിക്കപ്പെടുന്നു ? ആരുടെ കൈകളില്‍ എത്തുന്നു എന്നതിനെപ്പറ്റി വ്യക്തമായ കണ്ടെത്തലുകള്‍ ആവശ്യമാണ് . കാസര്‍ഗോഡ് ജില്ലയിലെ പരിമിതമായ ചികിത്സാ സൗകര്യം ആണ് വലിയ ഒരു പ്രതിസന്ധി . ചികിത്സക്കായി കുഞ്ഞുങ്ങളുമായി മംഗലാപുരത്തേക്കും കോഴിക്കോട്ടേക്കുമെല്ലാം ഓടേണ്ടി വരുന്ന മാതാപിതാക്കള്‍ കൊറോണക്കാലത്ത് നിസ്സഹായരായി നിലവിളിക്കുന്നത് ധാരാളം കണ്ടിട്ടുണ്ട് . ജില്ലയില്‍ ഒരു ന്യൂറോളജിസ്റ്റിന് വേണ്ടിയുള്ള മുറവിളി തുടങ്ങിയിട്ട് നാളുകളായി. ഉക്കിനടുക്കയില്‍ തുടങ്ങിയ മെഡിക്കല്‍ കോളജ് ഇതുവരെയും പ്രവര്‍ത്തനസജ്ജമായിട്ടില്ല. ദുരിതബാധിതര്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുക എന്നത് അവരുടെ അടിസ്ഥാനപരമായ ആവശ്യങ്ങളില്‍ ഒന്നാണ്. തക്കസമയത്ത് ചികിത്സ കിട്ടാതെ മരിച്ചവരുടെ ഒരു കണക്ക് എടുക്കുകയാണെങ്കില്‍ മനസ്സിലാകും ഈ നാട് അനുഭവിക്കുന്ന അവഗണനയുടെ ആഴം.
ഭിന്നശേഷിക്കാരായ ധാരാളം കുഞ്ഞുങ്ങള്‍ ജനിച്ചുവീഴുന്ന ഈ നാട്ടില്‍, ഇതില്‍ ചെറിയ പ്രായത്തില്‍ തന്നെ ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ബിഹേവിയര്‍ തെറാപ്പി തുടങ്ങിയവ ലഭ്യമാകുന്നത് അവരുടെ ദൈനം ദിന ആവശ്യവും ശാരീരിക, ബൗദ്ധിക മാനസികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് വളരെ പ്രധാനപ്പെട്ടതുമാണ്. ചെറിയ പ്രായത്തില്‍ ഇവ ലഭിക്കാത്തതുമൂലം സ്വന്തം കാര്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ ആവാത്ത ഇരുപത് വയസ്സിനും അതിനു മുകളിലുമുള്ള ധാരാളം ആളുകള്‍ ഈ നാട്ടിലുണ്ട്. സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ സ്ഥാപനങ്ങള്‍ ജില്ലയില്‍ എണ്ണത്തില്‍ കുറവും ഉള്ളവയില്‍ തന്നെ സൗകര്യങ്ങള്‍ അപര്യാപ്തവുമാണ്. കൂടുതല്‍ സ്ഥാപനങ്ങളും സൗജന്യ ഫിസിയോ തെറാപ്പി സെന്‍ററുകളും സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ സ്ഥാപനങ്ങളും നാടിന്‍റെ ആവശ്യമാണ്. എല്ലാം സൗജന്യമായി കൊടുക്കാന്‍ തയ്യാറായി തുടങ്ങിയ പ്രൈവറ്റ് സ്ഥാപനങ്ങള്‍ ഭാരിച്ച ചെലവുകള്‍ മൂലം വെല്ലുവിളികള്‍ നേരിടുമ്പോള്‍ ഗവണ്‍മെന്‍റ് തലത്തില്‍ ഇത്തരം സ്ഥാപനങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്താല്‍ അവര്‍ക്ക് വളരെയേറെ കാര്യങ്ങള്‍ ചെയ്യാനാവും. പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പരിശീലനവും തൊഴിലും നല്‍കാന്‍ പ്രത്യേക സംവിധാനങ്ങളും സംരക്ഷിക്കാന്‍ ആരുമില്ലാത്ത ഭിന്നശേഷിക്കാര്‍ക്ക് ഷെല്‍ട്ടര്‍ ഹോമുകളും ആരംഭിച്ചാല്‍ അനേകര്‍ക്ക് ആശ്വാസമായി തീരും. ‘എന്‍റെ കാലശേഷം എന്‍റെ കുഞ്ഞിനെ ആരു നോക്കും..’ എന്ന ആധി ഇവിടെ ഓരോ മാതാപിതാക്കളുടേയും ഹൃദയത്തില്‍ ഉണ്ട് . കാസര്‍ഗോഡിന്‍റെ കന്നട അതിരായ ഈ ഗ്രാമങ്ങളില്‍ ഭാഷയും സംസ്കാരവും എല്ലാം വളരെ വ്യത്യസ്തമാണ്. ഈ മണ്ണിന്‍റെ സംസ്കാരവും ജീവിതരീതിയും പഠിച്ചറിഞ്ഞ ശേഷം വേണം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാന്‍ . പെര്‍ളയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി പണിത മുപ്പതിലധികം ഭവനങ്ങള്‍ ആരും താമസിക്കാനില്ലാതെ കാടുകയറി നശിക്കുന്ന കാഴ്ച വേണ്ടത്ര പഠനങ്ങള്‍ ഇല്ലാതെ നടത്തിയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ പരാജയത്തിന് ഉദാഹരണമാണ്. ഇനിയും പെയ്തൊഴിയാത്ത കണ്ണീര്‍മഴ കാസര്‍ഗോഡ് ഗ്രാമങ്ങളെ ഈറനണിയിക്കുമ്പോള്‍ കുറ്റാരോപണങ്ങളും അപവാദ പ്രചരണങ്ങളുമായി അവരുടെ ജീവിതങ്ങള്‍ അലോസരപ്പെടുത്താതെ കരുതലിന്‍റെ കുട പിടിച്ചു കൊടുക്കുക എന്നത് ആരുടെയും ഔദാര്യമല്ല.. അവര്‍ അര്‍ഹിക്കുന്ന നീതി മാത്രം. അവകാശങ്ങള്‍ നേടിയെടുക്കുമ്പോള്‍ അര്‍ദ്ധ പ്രാണരായ കുഞ്ഞുങ്ങളെ തോളിലേറ്റി സമരപന്തലുകളില്‍ കയറിയിറങ്ങേണ്ട ഗതികേട് ഇനിയും ഈ നാട്ടുകാര്‍ക്ക് നല്‍കരുത് . അതിജീവനത്തിനായി അവര്‍ നടത്തുന്ന പോരാട്ടത്തില്‍ കൈത്താങ്ങ് ആകുക എന്നത് മാത്രമാണ് നമ്മള്‍ ചെയ്യേണ്ടത് . കാസര്‍ഗോഡ് മക്കള്‍ക്ക് ചിറകുകള്‍ നല്‍കാന്‍ നമുക്കും പങ്കുചേരാം.
COMMENTS