ലോകത്തിലെ ഏറ്റവും സങ്കടകരമായ കാര്യമായി ഞാന്‍ കരുതുന്നത് അമ്മയും അച്ഛനും ജീവിച്ചിരിക്കെ മക്കള്‍ മരിച്ചു പോവുന്ന കാര്യമാണ്. അതിനോളം വേദന മറ്റെന്തിനെങ്കിലുമുണ്ടെന്ന് കരുതുന്നില്ല.
പത്തുമാസം ചുമന്ന് പ്രസവിച്ച്, കണ്ണെഴുതി, പൊട്ട് തൊട്ട്, അവരുടെ ചിരിയും കരച്ചിലും കണ്ട് വല്ലാത്തൊരു അനുഭൂതിയോടെ കൂടെ നടന്ന് വളര്‍ന്ന് ഒരു ദിവസം നമുക്ക് മുന്‍പേ ഈ ലോകത്ത് നിന്ന് മക്കള്‍ പോവുകയെന്നത് നമുക്കുണ്ടാക്കുന്ന മുറിവ് ചെറുതൊന്നുമല്ല.
പക്ഷേ എന്‍ഡോസള്‍ഫാന്‍ ദുരിതം പേറുന്ന കാസറഗോഡ് ഗ്രാമങ്ങളിലെ രക്ഷിതാക്കള്‍ മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നത് ഞങ്ങള്‍ക്ക് മുന്‍പേ ഈ മക്കള്‍ ഈ ലോകത്ത് നിന്ന് വിട പറഞ്ഞു പോവണേ എന്നാണ്. പല അമ്മമാരില്‍നിന്നും അടക്കി പിടിച്ചൊരേങ്ങലായി ഈ വാക്കുകള്‍ പലവട്ടം കേട്ടിട്ടുണ്ട്. സ്വന്തം ശരീരത്തിന്‍റെ ഭാഗമായ ജീവന്‍ ഇല്ലാതാവാന്‍ പ്രാര്‍ത്ഥിക്കുന്ന അമ്മമാരുടെ നാടാണ് കാസറഗോഡ് ഗ്രാമങ്ങള്‍.
ഞാന്‍ മരിച്ചാല്‍ എന്‍റെ കുഞ്ഞിനാരാണ് എന്ന് ചങ്കുപൊട്ടി ചോദിച്ച ഒരു അമ്മയാണ് ശീലാബതിയുടെ അമ്മ. എന്‍ഡോസള്‍ഫാന്‍ ദുരിത മഴനനഞ്ഞ് പൂര്‍ണ്ണമായും കിടപ്പിലായിരുന്നു ശീലാബതി. ആ അമ്മക്ക് ശീലാബതിയും ഒരു മകനും മാത്രമാണുണ്ടായിരുന്നത്. ശീലാബതി മരിക്കും മുന്‍പേ ഏക മകനും ആ അമ്മക്ക് നഷ്ടപ്പട്ടിരുന്നു. ശീലാബതി മരിച്ച അന്നാണ് ഞങ്ങളതറിയുന്നത്.
ആ അമ്മ മനമുരുകി പ്രാര്‍ത്ഥിച്ചത് കൊണ്ടാകണം മകളെ അവര്‍ക്ക് മുന്‍പേ ഈ ലോകത്ത് നിന്ന് കൊണ്ട് പോയത്. ശീലാബതി അമ്മക്ക് മുന്‍പേ പോയി. ഞാനതറിയുന്നത് രണ്ടു ദിവസം കഴിഞ്ഞാണ്. ഞങ്ങള്‍ സ്നേഹവീട്ടില്‍ നിന്നും കുറച്ചു പേര്‍ അമ്മയെ കാണാന്‍ പോയിരുന്നു.
റോഡരികില്‍ വണ്ടി നിര്‍ത്തി. തൊട്ടപ്പുറത്ത് ഒരു പൂണാര്‍ പുളിയുടെ മരമുണ്ട്. ആ മരത്തണലില്‍ നിന്ന് താഴേക്ക് ചെങ്കുത്തായ ഇറക്കം നോക്കി ഞാനൊന്ന് ദീര്‍ഘ ശ്വാസമെടുത്തു. പൂര്‍ണ്ണമായും കിടപ്പിലായ ഒരാള്‍ എങ്ങനെയാണ് ഇങ്ങനെയുളള വഴികള്‍ കയറി ലോകം കാണുക, ഒരിക്കലും അങ്ങനൊരു സന്തോഷം ശീലാബതിക്ക് കിട്ടാന്‍ സാധ്യതയേയില്ല. വയസ്സായ അമ്മക്ക് മകളെ വീടിനുളളില്‍ നിന്ന് പുറത്തെത്തിക്കാന്‍ സാധിക്കുമായിരുന്നില്ല. അവരുടെ ലോകം ഇക്കാലമത്രയും ആ ഒരു തുരുത്തിലെ കുഞ്ഞു വീട്ടില്‍ മാത്രമായി ചുരുങ്ങിയിരുന്നു.
ഇറക്കമിറങ്ങി വീടെത്തിയാല്‍ നല്ല ഭംഗിയുളള ഇടമാണത്. മുറ്റൊത്തൊരു കുളം, മുകളിലേയ്ക്ക് നല്ല പച്ചപ്പ്. ആ അമ്മ കരയുന്നതൊന്നും അന്ന് ഞാന്‍ കണ്ടില്ല. അന്നവിടെ നിന്നും മടങ്ങിയ ഞങ്ങള്‍ വീണ്ടുമൊരിക്കല്‍ കൂടി ആ അമ്മയെ കാണാന്‍ ദൂരങ്ങള്‍ താണ്ടി അവിടെയെത്തി. അന്ന് എന്‍റെ കൂടെ കുഞ്ഞു (എന്‍റെ മകന്‍) കൂടെയുണ്ടായിരുന്നു.
ഒരു വയസ്സുളെളാരു കുഞ്ഞിനെ പോലെ പത്തു മുപ്പത്തഞ്ചു വര്‍ഷത്തിലധികം പോറ്റിയൊരമ്മ ഇനിയുളള ഏകാന്തജീവിതം അവരെങ്ങനെയായിരിക്കും ജീവിച്ചു തിര്‍ക്കുക. കാടിനുളളിലെ ഒറ്റപ്പെട്ട ജീവിതം എത്ര ദുസ്സഹമായിരിക്കും. അന്നവിടെ എത്തിച്ചേര്‍ന്ന ബിജു സര്‍, കൃഷ്ണേട്ടന്‍ അംബിക സുതന്‍ മാഷടക്കം എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. അവരുടെ മനസ്സിലൂടെ അന്ന് എന്തായിരിക്കും കടന്നു പോയിരിക്കുക അറിയില്ല! അറിയില്ലെനിക്ക്…
ശീലാബതിയും അമ്മയും
ബാദുഷയെയും ഉമ്മയെയും ഞാന്‍ ആദ്യമായ് നേരിട്ട് കാണുന്നത് സ്നേഹവീട്ടില്‍ വച്ചാണ്. അതിന് മുന്‍പ്? വലിയ ചിറകുളള പക്ഷി? എന്ന സിനിമയില്‍ കണ്ടിട്ടുണ്ട്. സ്നേഹവീട്ടില്‍ അന്നവര്‍ വന്നത് ഒരു സംഘടന കൊടുക്കുന്ന വീല്‍ ചെയര്‍ വാങ്ങാനാണ്. ബാദുഷ നന്നായി സംസാരിക്കുന്ന കുട്ടിയായിരുന്നു. പിന്നെ കാണാന്‍ സാധിച്ചത് കൊറോണ പിടിമുറുക്കി എല്ലാവരും കെട്ടിയിടപ്പെട്ട നാളുകളിലൊരു ദിവസമാണ്. ഒരു ദിവസം സ്നേഹവീട്ടില്‍ നിന്ന് മുനീസ വിളിച്ചു.
ബാദുഷ
എന്നെ ബാദുഷയുടെ ഉമ്മ വിളിച്ചിരുന്നു. അവര്‍ക്കിപ്പോ പണിയൊന്നുമില്ലാതെ കുറച്ച് ബുദ്ധിമുട്ടിലാണെന്ന് തോന്നുന്നു. എനിക്ക് അമ്പലത്തറയില്‍ നിന്ന് കാസറഗോഡ് വരെ പോകാന്‍ പറ്റില്ലല്ലോ. എന്താ ചെയ്യുക. ഇപ്പോ? നിനക്ക് അവിടെ പരിചയമുളള ആരെങ്കിലുമുണ്ടെങ്കില്‍ ഒന്ന് പറയണം മുനീസ പറഞ്ഞു. നോക്കാം ഞാനിന്ന് ഹോസ്പിറ്റലില്‍ പോകുന്നുണ്ട്. അവിടെ കോവിഡ് പ്രശ്നങ്ങള്‍ ഇല്ലായെങ്കില്‍ അവിടെ വരെ പോയി വരാം ഞാന്‍ പറഞ്ഞു.
അന്ന് ഞാനും കുഞ്ഞും, ചന്ദ്രേട്ടനും ഹോസ്പിറ്റലില്‍ നിന്ന് നേരെ ബാദുഷയുടെ വീടുവരെ പോയി. കോവിഡ് പേടിച്ച് അന്ന് കുഞ്ഞൂനെ ഏട്ടത്തിയുടെ കൂടെ വണ്ടിയില്‍ തന്നെ ഇരുത്തി ഞങ്ങള്‍ അവിടെത്തി. വാടക വീടായിരുന്നു. കുറേ നാളുകള്‍ക്ക് ശേഷം കിട്ടിയ ഒരു വീട്ടു ജോലിക്കായി ഉമ്മ പോയിരുന്നു. ബാദുഷയെ അടുത്തുളള ഒരു ബന്ധുവീട്ടില്‍ കിടത്തിയിരിക്കുകയായിരുന്നു. ബാദുഷയുടെ കണ്ണിന് കാഴ്ച്ചയില്ല. തല സാധാരണയില്‍ അധികം വലിപ്പമുണ്ട്. അതു കൊണ്ട് തന്നെ നടക്കാനോ, ഇരിക്കാനോ സാധിക്കുമായിരുന്നില്ല. പക്ഷേ കേള്‍ക്കുകയും സംസാരിക്കുകയും ചെയ്യും. ഞങ്ങള്‍ ഇവിടെത്തുമ്പോള്‍ ഒരു ടേപ് റിക്കാര്‍ഡില്‍ പാട്ടും വെച്ച് കേള്‍ക്കുകയായിരുന്നു.
അവന് മിഠായികള്‍ വളരെ ഇഷ്ടമാണ്. മുനീസ പറഞ്ഞ് എനിക്ക് അറിയാമായിരുന്നു. ഞങ്ങള്‍ അന്നവന് നിറയെ മിഠായികള്‍ കൊണ്ടു കൊടുത്തു. ബാദുഷ അന്ന് വളരെ സന്തോഷത്തോടെ ആ മിഠായികള്‍ അവിടെയുണ്ടായിരുന്ന ഇളയുമ്മക്ക് കാണിച്ചു.അതിനിടയില്‍ അടുത്തു നിന്ന എന്‍റെ കൈയില്‍ പിടിക്കാനായി പലവട്ടം കൈകള്‍ നീട്ടി. ഹോസ്പിറ്റലില്‍ പോയത് കൊണ്ടും കൊറോണ പേടിയും ഉളളത് കൊണ്ട് ഞാനാവനെ തൊട്ടില്ല. കാഴ്ച്ചയില്ലാത്തത് കൊണ്ട് അവന്‍ സ്പര്‍ശനത്തിലൂടെയാണ് കണ്ടിരുന്നത്. ഞാന്‍ അവനോട് കാര്യം പറഞ്ഞു. തൊടണ്ട മോനെ ഞാന്‍ വേറെയിടത്തൊക്കെ പോയി വരുന്നതാണ്. എനിക്ക് സങ്കടമായി. ഉമ്മയോട് പറയണം മുനീസാന്‍റി പറഞ്ഞിട്ട് ഒരു ചേച്ചിയും കുഞ്ഞും ചേട്ടനും വന്നിരുന്നെന്ന്. ഇനി ഉമ്മയുളളപ്പോള്‍ ഞങ്ങള്‍ വരാംട്ടോ പോട്ടെ… ഞങ്ങള്‍ വരാന്തയിലേക്ക് ഇറങ്ങിയപ്പോള്‍ കൂടെ ബാദുഷയുടെ ഉമ്മയുടെ അനിയത്തിയും. ഇത്താക്ക് കുറേ ദിവസം കൂടി ഇന്നൊരു പണി കിട്ടയതാ. അതാ അവനെ എന്‍റെയടുത്ത് വിട്ട് പോയത്. അവര്‍ പറഞ്ഞു.
ഉം… ഞാന്‍ വെറുതെ മൂളി…
ഇത്താ താമസിക്കുന്ന വീടിന് വാടക കൂടുതലാണ്. അവന് വേണ്ടി കുറച്ച് സൗകര്യമുളള വീട് എടുത്തതാ. വീല്‍ ചെയറൊക്കെ കൊണ്ട് പോകണമെങ്കില്‍ ചെറിയ സ്ഥലം പോരല്ലോ… ഇപ്പോ വാടക കൊടുത്തിട്ട് മാസങ്ങളായി. പിന്നെ ഞാന്‍ അടുത്തുളളത് കൊണ്ട് ഇവനെ എന്‍റെ അടുത്ത് വിട്ട് പണിക്ക് പോകാന്‍ പറ്റുന്നുണ്ട്. വേറെ എവിടെയെങ്കിലുമാണ് താമസമെങ്കില്‍ അതും പറ്റില്ലല്ലോ? കൂടപ്പിറപ്പിന്‍റെ ദുരിതത്തില്‍ വേദനിക്കുന്ന കണ്ണുകള്‍ ഞാനവരില്‍ കണ്ടു.
പുറത്തേക്ക് നോക്കിയ ഞാന്‍ ഏട്ടത്തിയുടെ മടിയിലിരുന്ന് ചിരിക്കുന്ന കുഞ്ഞൂനെ കണ്ടു. ആ ചിരി എന്‍റെ പ്രതീക്ഷയാണ്. ഞാനവരുടെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി പിന്നെയും മൂളി…. ഉം…. എന്തെങ്കിലും വഴികാണും ഇത്താനോട് പറഞ്ഞേക്കൂ മുനീസ പറഞ്ഞിട്ട് ഒരാള്‍ വന്നിരുന്നെന്ന്… ഞങ്ങളിറങ്ങി…
അന്ന് ദുബായില്‍ ഫിറ്റ് എഫ്.എമ്മില്‍ ജോലിയുളള എഴുത്തുകാരനും കൂടിയായ ഷാബുവേട്ടന്‍ ഇടപെട്ട് അവരുടെ വാടക കുടിശ്ശിക തീര്‍ത്തു കൊടുത്തു. അന്ന് വാടക കൊടുത്ത് തിരിച്ചിറങ്ങിയ വഴി തൊട്ടടുത്തുളള പളളിമുറ്റത്ത് നിന്ന് ഉമ്മയെന്നെ വിളിച്ചു അവര്‍ കരയുകയായിരുന്നു. എന്നെ സഹായിച്ചവരോട് പറയണം ദൈവം കാക്കുമെന്ന് അവരാരാണെന്നോ ദൈവവിശ്വാസിയാണെന്നോ എനിക്കറിയില്ല മോളെ… പക്ഷേ എന്‍റെ പ്രാര്‍ത്ഥനകളില്‍ എന്നും അവരുണ്ടാകും. കരച്ചിലും പറച്ചിലും ഇടകലര്‍ന്ന് അവരെന്നോട് എന്തൊക്കെയോ പറഞ്ഞു.
ഞാന്‍ കരയുന്നത് അവരറിയാതിരിക്കാന്‍ ഞാന്‍ ഫോണിന്‍റെ ഇങ്ങേ തലയ്ക്ക് പാടുപെടുകയായിരുന്നു. ഞാന്‍ പിന്നെയും മൂളി കൊണ്ടിരിക്കുയായിരുന്നു. മാസങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ ബാദുഷയ്ക്ക് അസുഖമാണെന്ന് പറഞ്ഞതും ദിവസങ്ങള്‍ക്ക് ശേഷം ബാദുഷയുടെ മരണം എന്നെ അറിയിക്കുന്നതും മുനീസ തന്നെയായിരുന്നു. നെഞ്ച് തകര്‍ന്ന് ഞാനത് കേട്ടു. മംഗലാപുരത്തെ മെഡിക്കല്‍ കോളേജില്‍ നിന്ന് ഇനിയൊന്നും ചെയ്യാനില്ല എന്ന് പറഞ്ഞെങ്കിലും അവിടെ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്ത് അവന്‍റെ ഉമ്മയും ബാപ്പയും കൂടി അവിടെത്തന്നെയുളളഒരു സ്വകാര്യ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോവുകയായിരുന്നു.അവിടെയെത്തി കുറച്ച് മണിക്കൂറുകളെ ബാദുഷ ജീവിച്ചിരുന്നുളളു. ശ്രമിക്കാവുന്നതിന്‍റെ അങ്ങേയറ്റം അവനെ ഈ ലോകത്ത് തന്നെ പിടിച്ച് നിര്‍ത്താന്‍ അവര്‍ ശ്രമിച്ചിരുന്നു. പക്ഷേ അവസാനം പരാജയപ്പെട്ടു.
പിറ്റേ ദിവസം രാവിലെ ഏഴുമണിയോടെ കൃഷ്ണേട്ടനും, മുനീസയും ഞാനും സുമതിയും ബാദുഷയെ അവസാനമായി കാണാന്‍ അന്നത്തെ അതേ വാടക വീട്ടിലേക്ക് പോയി. വെളളത്തുണിയിലൊരു മാലാഖക്കുഞ്ഞിനെ പോലെ ബാദുഷ ശാന്തതയോടെ കിടക്കുകയായിരുന്നു. ഇനി വേദനകളില്ല…. തികഞ്ഞ ശാന്തത.. നിത്യശാന്തി…
മുറിയിലിരിക്കുന്ന ഉമ്മയുടെ അരികില്‍ ഞങ്ങള്‍ കുറച്ചു സമയം ഇരുന്നു. അവന്‍ പോയീന്ന് വിചാരിച്ച് എന്നെ നിങ്ങള്‍ മറക്കരുത്. അവനുളള പോലെത്തന്നെ എന്നെ വിളിക്കണം സ്വന്തമായി ഒരു വീട് എന്‍റെ മോന് വേണമെന്നുണ്ടായിരുന്നു. അത് എന്നോട് അവന്‍ പറയുമായിരുന്നു. ഒരു പാട് ഓഫീസുകളില്‍ ഞാനതിന് കയറിയിറങ്ങി. ഇനി അവന്‍റെ പേരിലുള്ള ഒരാനുകൂല്യമോ, ആള്‍ സഹായമോ എനിക്ക് വേണ്ട മോളെ… പട്ടിണി ആയാല്‍ പോലും ഞാനിനി ആരെയും ബുദ്ധിമുട്ടിക്കില്ല. അവന്‍ പോയി ഇനി ഞങ്ങള്‍ക്ക് ഒന്നും വേണ്ട… എന്നെ മറക്കരുത്… വിളിക്കണം… ആ ഉമ്മ മുനീസയുടെ കൈയില്‍ പിടിച്ച് പലതും പറഞ്ഞു കൊണ്ടിരുന്നു.
മറക്കില്ല… മറന്നിട്ടുമില്ല…!
റംലയേയും മോളെയും ഞാനൊരു സമരമുഖത്താണ് ആദ്യം കണ്ടത്, നാലു വര്‍ഷം ആയി കാണുമെന്ന് തോന്നുന്നു. കലക്ട്രേറ്റില്‍ അന്നത്തെ മന്ത്രി ചന്ദ്രശേഖരന്‍ വന്നിട്ട് ദുരിത ബാധിതരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാതെ പോകാനിറങ്ങിയപ്പോള്‍ ഞങ്ങളെ കേള്‍ക്കണമെന്ന ആവശ്യമുയര്‍ത്തി അദ്ദേഹത്തെ തടഞ്ഞിരുന്നു. അന്ന് നിര്‍ത്താതെ കരയുന്ന കുഞ്ഞിനെയും കൊണ്ട് റംല വിയര്‍ത്ത് കുളിച്ച് ഹാളിന്‍റെ വാതില്‍ക്കല്‍ നില്‍പുണ്ടായിരിന്നു. അവിടെയുണ്ടായിരുന്നു. ഒരു പോലീസുകാരന്‍ എവിടെയെങ്കിലും ഇരിക്കാനായി പറയുകയും സഹായിക്കുകയും ചെയ്യുന്നതൊക്കെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഞാന്‍ കാണുന്നുണ്ടായിരുന്നു. അന്നാണ് ആദ്യമായി ഞാന്‍ കാണുന്നത്. അത് കഴിഞ്ഞ് സ്നേഹവീട്ടില്‍ വന്ന ഒരു ദിവസം കണ്ടിരുന്നു. പിന്നെ കണ്ടില്ല.
പിന്നെ ഞാന്‍ കേള്‍ക്കുന്നത് ആ മോളും ഈ ലോകത്ത് നിന്ന് പോയെന്ന സങ്കട വാര്‍ത്തയാണ്. ആ സങ്കടകരമായ വാര്‍ത്ത ഞങ്ങളെ വിളിച്ച് അറിയിച്ചത് റംലയെന്ന ആ ഉമ്മ തന്നെയാണ്. വല്ലാത്തൊരു നിര്‍വ്വികാരതയോടെ സ്വന്തം കുഞ്ഞ് പോയെന്ന് വിളിച്ചറിയിച്ച നിര്‍ഭാഗ്യവതികളായ അമ്മമാര്‍. അത് കഴിഞ്ഞ് ഏകദേശം ഒരു വര്‍ഷത്തിനു ശേഷം മനുഷ്യമതില്‍ പണിഞ്ഞ് ഒരു പ്രതിഷേധം കലക്ട്രേറ്റില്‍ വച്ച് നടന്നിരുന്നു. അന്നവിടെ റംലയെന്ന ഉമ്മയും ഉണ്ടായിരുന്നു. എന്‍റെ കൂടെ എന്‍റെ കുഞ്ഞും.
പ്രതിഷേധം കഴിഞ്ഞ് അവിടെയുളള ഒരു മരത്തണലില്‍ ഞങ്ങള്‍ കുറച്ചു പേര്‍ ഇരിക്കകുകയായിരുന്നു. തീരെ പരിചയമില്ലാത്ത ഒരു ചേച്ചി എന്‍റെ അടുത്തേക്ക് നടന്നു വന്നു. മോനെ ഞാന്‍ ഒന്നെടുത്തോട്ടെ അവര്‍ അല്പം മടിയോടെ എന്നോട് ചോദിച്ചു. അതിനെന്താ എടുത്തോളു ഞാന്‍ കുഞ്ഞൂനെ അവര്‍ക്കു നേരെ നീട്ടി…
അവര്‍ കുഞ്ഞൂനെയും കൊണ്ട് കുറച്ച് മാറി നില്‍ക്കുകയായിരുന്ന റംലയുടെ അടുത്തേക്ക് നടന്നു. റംല എന്നെ തന്നെ നോക്കി. ഞാന്‍ മോന്‍റെ കൂടെ കുറച്ച് ഫോട്ടോ എടുത്തോട്ടെ റംല എന്നോട് ആംഗ്യം കാണിച്ചു ചോദിച്ചു. ഞാന്‍ ചിരിച്ച് കൊണ്ട് സമ്മതിച്ചു. കുഞ്ഞൂനെ എടുത്ത് പോയ ചേച്ചി മോനെ റംലയ്ക്ക് കൊടുത്തു. അവനെ ഫോട്ടോക്ക് കിട്ടണമെങ്കില്‍ ഞാന്‍ തന്നെ വേണമെന്ന് എനിക്കറിയാം അത്കൊണ്ട് ഞാനും അവര്‍ക്കരികിലേക്ക് നടന്നു.
നീ… അവിടെ ഇരിക്ക് ഞാന്‍ കുഞ്ഞൂനെ മടിയിലിരുത്തി തരാം ഞാനവനെ എടുത്ത് റംലയുടെ മടിയില്‍ നല്ലപോലെ ഇരുത്തി കൊടുത്തു. അവനെ പിടിക്കേണ്ടുന്ന രീതിയൊക്കെ പറഞ്ഞു കൊടുത്തു. ആ ചേച്ചി റംലയുടെയും കുഞ്ഞൂന്‍റെയും ഫോട്ടോ എടുത്തു. തുടങ്ങിയപ്പോള്‍ ഞാന്‍ മാറി നിന്നു. വേണ്ടുന്ന പോലെ എടുത്തോളു… തിരക്കൊന്നുമില്ല…. ഞാന്‍ പറഞ്ഞു… കുറച്ച് സമയത്തിനു ശേഷം കുഞ്ഞൂനെയുമെടുത്ത് അവര്‍ എന്‍റെരികിലേക്ക് വന്നു.
?എന്‍റെ മോളേ പോലെ തന്നെയുണ്ട് ഇവനെ കാണാന്‍ എന്‍റെ മോള്‍ക്കും നിറയെ മുടിയുണ്ടായിരുന്നു. എന്‍റെ കുഞ്ഞിനെ കണ്ടിട്ടില്ലേ?
? എനിക്കറിയാം ഞാന്‍ കണ്ടിട്ടുണ്ട്…. എനിക്കെന്ത് പറയണമെന്നറിയാത്ത അവസ്ഥയായിരുന്നു. എന്‍റെ കൈയ്യിലേക്ക് കുഞ്ഞൂനെ തിരിച്ചു തരാന്‍ നേരം അവളവനെ ഒന്നുകൂടി അമര്‍ത്തി ഉമ്മവെച്ചു…
? മുടി മുറിക്കണ്ടട്ടോ… നല്ല ഭംഗിയുണ്ട്…?
മരിച്ചു പോയ കുഞ്ഞിനെ അവള്‍ എന്‍റെ മോനിലൂടെ കാണുകയാണ്. എനിക്കത് മനസ്സിലായി ഉളളിലൊരു കടല്‍ ആര്‍ത്തലച്ചു ചെയ്യുകയാണ് ? പോട്ടേ….? അവള്‍ നടന്നു…. തിരിച്ച് ഞാനും. ഏറ്റവും വലിയ വേദനയെ ആഗ്രഹിക്കുന്ന ഒരു പറ്റം മനുഷ്യര്‍ എന്തൊരു ഗതികേടാണ്. രക്ഷിതാക്കളില്ലെങ്കില്‍ എങ്ങനെയായിരിക്കും ഈ മക്കള്‍ ജീവിക്കുക/ആരാണ് പ്രാഥമിക കാര്യങ്ങള്‍ പോലും ചെയ്തു കൊടുക്കുക? ഒരു ജലദോഷം വന്നാല്‍ പോലും കണ്ണ് ചിമ്മാതെ കൂട്ടിരിക്കുക? പുലരുവോളം കരയുന്ന മക്കളെ ആരാണ് ഉറക്കമൊഴിഞ്ഞ് കൂട്ടിരുന്ന് ഉറക്കുക…
ഇതിനൊന്നും ഒരുത്തരം ഇല്ല. അതുകൊണ്ടാണ് ജീവിച്ചിരിക്കുന്ന കാലത്തോളം അവര്‍ക്കീഭൂമിയിലെ എല്ലാ സന്തോഷങ്ങള്‍ക്കും വേണ്ടി അവരുടെ വേദനക്ക് ശമനമുണ്ടാക്കുന്ന വിദഗ്ദ ചികിത്സക്കായി നെട്ടോട്ടമോടുന്നത്. പെരിയയിലെ അന്‍വാസ്, കാഞ്ഞങ്ങാട്ടെ പ്രസന്നേച്ചിയുടെ മോള്‍ അങ്ങനെ വിടപറഞ്ഞുപോയ പേരറിയാത്ത ഒരുപാട് കുഞ്ഞുങ്ങളുണ്ട് ഈ നാട്ടില്‍. ഏതു നിമിഷവും ഞങ്ങളെ ഒറ്റക്കാക്കിയിട്ട് അവര്‍ പോയേക്കാം…അതൊരു യാഥാര്‍ത്ഥ്യമാണ്, ഞെട്ടലാണ്, നെഞ്ചുകീറുന്ന ഒരാശ്വസവുമാണ് എന്നതാണ് സത്യം…
അരുണി ചന്ദ്രന്‍ കാടകം
കാസറഗോഡ് ജില്ലയിലെ കൊടവഞ്ചി എന്ന സ്ഥലത്ത് താമസം. 2109 ൽ എൻഡോസൾഫാൻ ദുരിത ജീവിതത്തിലെ അനുഭവങ്ങളെ മുൻനിർത്തി “പേറ്റുനോവൊഴിയാതെ” എന്ന പുസ്തകം എഴുതിയിട്ടുണ്ട്.
COMMENTS