Homeചർച്ചാവിഷയം

ആദ്യ ഫെമിനിസ്റ്റുകളെത്തേടി സ്വാതന്ത്ര്യവാദിനി

നൂറ്റാണ്ടിലെ ആദ്യ പകുതിയിലുണ്ടായിരുന്ന ഫെമിനിസ്റ്റുകള്‍ക്കായി അക്കാദമിക്- എഴുത്തുകാരി ജെ. ദേവിക ഒരു വെബ്സൈറ്റ് തുടങ്ങിയിരിക്കുന്നു.പ്രസംഗങ്ങള്‍, ലേഖനങ്ങള്‍, ചെറുകഥകള്‍, ഉപന്യാസങ്ങള്‍, ആത്മകഥയിലെ പ്രസക്തഭാഗങ്ങള്‍ തുടങ്ങിയ പലതും swatantryavaadini.in എന്ന ഈ പ്രത്യേകമായ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

‘ദുര്‍വാശിക്കാരി, ആണത്തക്കാരി, ഒരിക്കലും നടക്കാത്ത ഓരോന്നിന് പുറകേ പായുന്ന ഇളക്കം പിടിച്ച ആത്മാവ്’ ഇങ്ങനെയൊക്കെയാണ് അന്നത്തെ തിരുവിതാംകൂര്‍ ദിവാനായിരുന്ന എം. ഇ. വാട്ട്സ് തിരുവിതാംകൂറില്‍ നിന്നുള്ള ലക്ഷ്മിക്കുട്ടി അമ്മയെപ്പറ്റി പറഞ്ഞത്. ആ മിടുക്കിയായിരുന്ന ചെറുപ്പക്കാരി ചെന്നൈയിലെ ക്വീന്‍ മേരി കോളേജില്‍ പഠിപ്പിക്കുകയായിരുന്നെന്നോ അവിടന്ന് ലീവെടുത്ത് 1926ല്‍ ലണ്ടനിലേക്ക് ഉപരിപഠനത്തിനായി പോയതാണെന്നോ ഒന്നും വകവയ്ക്കാതെയാണയാള്‍ അവരെക്കുറിച്ച് ഇത്തരം ഒരഭിപ്രായം പറഞ്ഞതെന്ന് ജെ. ദേവിക ‘കഴിഞ്ഞ നൂറ്റാണ്ടിലെ ഇരുപതുകളിലുണ്ടായിരുന്ന ഫെമിനിസ്റ്റുകളെ അക്കാലത്തെ പുരുഷന്‍മാരും സ്ത്രീകളും എങ്ങിനെയാണ് കണ്ടത്’ എന്ന തന്‍റെ വെബ്സൈറ്റിലെ നോട്ട്സില്‍ വ്യക്തമാക്കുന്നു.

ജെ. ദേവിക

‘സ്വാതന്ത്ര്യവാദിനി’ എന്ന അവരുടെ വെബ്സൈറ്റിലെ വൈവിദ്ധ്യമാര്‍ന്ന എഴുത്തുകളിലെ ഒരു മൊഴിമുത്താണിത്. ഇന്ന് കേരളത്തില്‍ ആരാണ് ഫെമിനിസ്റ്റ്, അവര്‍ എങ്ങനെയായിരിക്കണം, അവരുടെ സ്വത്വം എന്താവണം എന്നൊക്കെ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഈ വെബ്സൈറ്റിലേക്ക് ഊളിയിടുന്നതും വിവേചനങ്ങള്‍ക്കും പിതൃമേധാവിത്ത്വത്തിനുമെതിരെ മുന്‍തലമുറകളിലെ സ്ത്രീകള്‍ നയിച്ച യുദ്ധങ്ങളെക്കുറിച്ച് അറിയുന്നതും ആവേശമുളവാക്കുന്നതാണ്.

20-ാം നൂറ്റാണ്ടില്‍, ഇരുപതുകള്‍ മുതല്‍ അന്‍പതുകള്‍ വരെ കേരളത്തിലുണ്ടായ സാഹിത്യത്തെ, ഫെമിനിസ്റ്റ് ചിന്തയെ ആഘോഷിക്കുന്ന, വിശകലനം ചെയ്യുന്ന, വിമര്‍ശിക്കുന്ന, ശേഖരിക്കുന്ന സ്ഥലമാണ് ‘സ്വാതന്ത്ര്യവാദിനി’ (ദേവികയുണ്ടാക്കിയ പുതിയ വാക്ക്). മൂര്‍ഛയുള്ള എഴുത്ത്, വിപ്ളവാത്മകമായ ചിന്താപദ്ധതി, ഉള്‍ക്കാഴ്ചയുള്ള പുത്തന്‍ എഴുത്തുകള്‍ – ഇതെല്ലാമാണ് ഇവിടെ കാണുന്ന എഴുത്തുകളുടെ മുഖമുദ്ര.

2020 ഓഗസ്റ്റില്‍ ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ പത്തുദിവസത്തിനുള്ളിലാണ് ജെ. ദേവിക വെബ്സൈറ്റ് ഉണ്ടാക്കുന്നതും 120 ഓളം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും. ‘ഒറ്റയ്ക്കാണ് ഒരു വെബ്സൈറ്റ് ഉണ്ടാക്കാന്‍ പഠിച്ചതും മുഴുവന്‍ കാര്യങ്ങളും ചെയ്തതും. ഇത്രയും ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്കുതന്നെ അത്ഭുതം തോന്നി!’ തിരുവനന്തപുരത്തെ അവരുടെ വീട്ടില്‍ നിന്നും ഫോണിലാണ് അവര്‍ ഇത് പറഞ്ഞത്. അവിടെ സെന്‍റര്‍ ഫോര്‍ ഡെവലപ്മന്‍റ് സ്റ്റഡീസില്‍ മുന്‍നിര അദ്ധ്യാപികയായി അവര്‍ ജോലി ചെയ്തുവരുന്നു.
മിക്കവാറും ജെ. ദേവിക തന്നെ തര്‍ജമ ചെയ്തിട്ടുള്ള ചരിത്രം, കവിത, പ്രസംഗങ്ങള്‍, ഫിക്ഷന്‍, നിയമസഭാചര്‍ച്ചകള്‍, ജീവചരിത്രങ്ങള്‍, പെറ്റീഷനുകള്‍, ഓര്‍മ്മക്കുറിപ്പുകള്‍, ആത്മകഥകള്‍, വിമര്‍ശനങ്ങള്‍ തുടങ്ങിയ സെക്ഷനുകളായി തരം തിരിച്ചിട്ടുള്ള അപൂര്‍വമായ എഴുത്തുകളാണ് വെബ്സൈറ്റിലുള്ളത്. കെ. ആര്‍. മീര, മനു എസ്. പിള്ള, ദര്‍ശന എസ്. മിനി, വിനില്‍ പോള്‍ തുടങ്ങിയ എഴുത്തുകാരുടെയും പണ്ഡിതരുടെയും ലേഖനങ്ങളും വെബ്സൈറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.

ജെ .ദേവിക എന്ന യുവഗവേഷകയ്ക്ക് അന്ന് ഇരുപതുകളിലെയും മുപ്പതുകളിലെയും ആദ്യകാല ഫെമിനിസ്റ്റുകളുടെ എഴുത്തുകളുടെ യഥാര്‍ത്ഥ കോപ്പികള്‍ കിട്ടാന്‍ ഉണ്ടായ കഷ്ടപ്പാടുകളെക്കുറിച്ച് അവരോര്‍ക്കുന്നു. ‘അവരുടെ എഴുത്തുകള്‍ അത്രയ്ക്ക് അരികുവല്‍ക്കരിക്കപ്പെട്ടിരുന്നു. ഈ എഴുത്തുകള്‍ കുടുംബത്തിലെ ആണുങ്ങളാരെങ്കിലും എഴുതിക്കൊടുത്തതാവും എന്നാണ് ഒരു പണ്ഡിതന്‍ അന്ന് അഭിപ്രായപെട്ടത്.’ ഈ വിഷമസന്ധികളില്‍ തളരാതെ, ആണാധിക്യമനോഭാവത്താലും സ്ത്രീകള്‍ക്കിതൊന്നും കഴിയില്ല എന്ന മട്ടിലുമൊക്കെ നിരാകരിക്കപ്പെട്ട, അരികുകളിലേക്ക് തള്ളപ്പെട്ട കൂടുതല്‍ കൂടുതല്‍ എഴുത്തുകളെയും എഴുത്തുകാരികളെയും കണ്ടെത്താന്‍ ദേവികയ്ക്കു കഴിഞ്ഞു. എഴുതുന്നു എന്ന കാരണത്താലും അന്നത്തെ സമൂഹത്തിന്‍റെ യാഥാസ്ഥിതികതയോട് യുദ്ധം ചെയ്തതിനാലും വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ട, അപമാനിക്കപ്പെട്ട, വ്യക്തിഹത്യ ചെയ്യപ്പെട്ട ആ ആദ്യകാല സ്ത്രീ ചിന്തകരുടെ, ആക്റ്റിവിസ്റ്റുകളുടെ മനസ്സുകളിലേക്ക്, ചിന്തകളിലേക്ക് ഈ വെബ്സൈറ്റ് നമ്മളെ നയിക്കുന്നു.
‘മലയാളി സമൂഹത്തില്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യകാലത്തുണ്ടായ സാമൂഹ്യമാറ്റത്തെ വന്‍ കടയല്‍ എന്നും മഹാതുറവി എന്നുമാണ് ഞാന്‍ വിളിക്കുന്നത്… നവോത്ഥാനം എന്നല്ല. അധസ്ഥിത സമുദായങ്ങളുടെ വിമോചനത്തിലേക്കുള്ള കുതിപ്പും അതേ സമയം അവരെ വേര്‍പെടുത്തുന്ന പൊതുസമൂഹവും.’ അവര്‍ വെബ്സൈറ്റില്‍ കുറിക്കുന്നു, ‘അന്നത്തെ പ്രത്യേകതയെന്താണെന്നു വച്ചാല്‍, രാഷ്ട്രീയ സാഹചര്യങ്ങളില്‍ വ്യത്യസ്ഥരായിരുന്ന സ്ത്രീകള്‍ പോലും ഈ വ്യത്യസ്ഥതകള്‍ വക വയ്ക്കാതെ സ്ത്രീകളുടെ പൊതു നന്മയ്ക്കായി സംസാരിച്ചിരുന്നു എന്നതാണ് ‘.

സ്ത്രീ നിയമസഭാംഗങ്ങള്‍, മിസ് കുമാരി എന്നറിയപ്പെട്ട ചലചിത്രനടി ത്രേസ്യാമ, കുലക്കുട്ടി അമ്മ, പ്രത്യക്ഷരക്ഷാ ദൈവ സഭയിലെ വൈദികയായിരുന്ന ദളിത് സ്ത്രീ, കശുവണ്ടിത്തൊഴിലാളിയും തൊഴിലാളി നേതാവുമായിരുന്ന ഗോമതി, രുക്മിണി അമ്മ ചന്ദ്രമതി തുടങ്ങിയ നഴ്സുമാര്‍, രാജകുടുംബങ്ങളിലെ ശക്തരായ സ്ത്രീകള്‍, ആദ്യത്തെ വിദ്യാഭ്യാസ കുതുകികള്‍ തുടങ്ങി പലരേയും ദേവിക പരിചയപ്പെടുത്തുന്നു.

ആയിരത്തി തൊള്ളായിരത്തി അന്‍പതുകള്‍ വരെയുള്ള നിയമസഭാ സാമാജികരായ സ്ത്രീകളുടെ – ഡോ. മേരി പുന്നന്‍ ലൂക്കോസ് , തോട്ടക്കാട്ട് മാധവിയമ്മ, എലിസബത്ത് കുരുവിള, മിസ്സിസ് എ.ശങ്കരപ്പിള്ള ,മിസ്സിസ്റ്റ് ജി.എം. ഡിസൂസ, എ.വി. കുട്ടിമാളു അമ്മ, അന്ന ചാണ്ടി, സി.സി. രുദ്രാണി, മീനാക്ഷി – പ്രസംഗങ്ങളും എഴുത്തുകളും കുറിപ്പുകളും സ്ത്രീകള്‍ നല്‍കിയ സംഭാവനകളിലേക്കുള്ള കണ്ണു തുറപ്പിക്കലാണ്. ഇന്ന് സ്ത്രീകള്‍ അനുഭവിക്കുന്ന ഇടങ്ങള്‍ വെട്ടിത്തുറക്കാന്‍ പല സമരമുഖങ്ങളില്‍ ഇവര്‍ പൊരുതിയതിന്‍റെ ദൃഷ്ടാന്തം കൂടിയാണിത്. ‘ അവരുടെ പാതകള്‍ കുറ്റമറ്റതായിരുന്നില്ല. പല തെറ്റുകളും അവര്‍ക്ക് സംഭവിച്ചു.പക്ഷേ അതൊന്നും അവര്‍ ചെയ്ത വിലയേറിയ പ്രവര്‍ത്തികളെ ചെറുതാക്കുന്നില്ല ‘ – ദേവിക പറയുന്നു.

കത്തുകള്‍, ചെറുകഥകള്‍, ഉപന്യാസങ്ങള്‍, പത്രക്കുറിപ്പുകള്‍ , പ്രസംഗശകലങ്ങള്‍, ദേവികയുടെ തന്നെ എഴുത്തുകളിലും പുസ്തകങ്ങളില്‍ നിന്നുമുള്ള ഭാഗങ്ങള്‍ ഒക്കെയാണ് പുതുപാത തുറക്കുന്ന ഈ സംരംഭത്തിന്‍റെ സ്രോതസ്സുകള്‍. സമന്വയത്തിന്‍റെയും അപഗ്രഥനത്തിന്‍റെയും സമീപന ശേഷികള്‍ ഉള്‍ക്കൊള്ളുന്ന കേരളത്തിലെ സ്ത്രീജീവിതങ്ങളെ നോക്കിക്കാണാനുള്ള ഒരു വിസ്തൃതസുന്ദര കാഴ്ചയാണീ വെബ്സൈറ്റ് . ‘സൈറ്റിന്‍റെ സൗന്ദര്യാത്മകവശത്തില്‍ ഞാന്‍ ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. പല വായനക്കാരും ഇതെക്കുറിച്ച് പ്രതേകിച്ചു എടുത്തു പറയുകയും ചെയ്തു’ – ദേവിക കൂട്ടിച്ചേര്‍ത്തു.

ചരിത്രത്തിലെ വിട്ട ഭാഗങ്ങള്‍ പൂരിപ്പിക്കുമ്പോള്‍, മറ്റു സ്ത്രീകളും ഇവരെക്കുറിച്ചെഴുതാന്‍ മുന്നിട്ടിറങ്ങുമെന്ന് ജെ. ദേവിക പ്രതീക്ഷിക്കുന്നു. അറിയപ്പെടുന്നവരും അല്ലാത്തവരുമായ, പിതൃമേധാവിത്തത്തിന്‍റെ ചങ്ങലകള്‍ ഭേദിച്ചതിന് വളരെയധികം നഷ്ടങ്ങളും ത്യാഗങ്ങളും സഹിച്ചോ, അത് സാധിക്കാതെ തിരിച്ച് ചങ്ങലകളിലേക്ക് തിരികേ പോവുകയോ ചെയ്തവര്‍… ‘ഈ ശക്തരായ സ്ത്രീകളെ, അവരുടെ നിശ്ചയദാര്‍ഢ്യത്തിന്‍റെ ധൈര്യത്തെ, അവരുടെ സംഭാവനകളെ ഓര്‍ക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്’ എന്ന് ജെ. ദേവിക ഉറപ്പിച്ചു പറയുന്നു.

കടപ്പാട് : ‘ദ ഹിന്ദു’, 03 ഒക്ടോബര്‍

 

 

 

 

സരസ്വതി നാഗരാജന്‍
പത്രപ്രവര്‍ത്തക

 

 

 

 

 

 

 

വിവര്‍ത്തനം :
ഗാര്‍ഗി ഹരിതകം
പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റ്
എഴുത്തുകാരി

 

COMMENTS

COMMENT WITH EMAIL: 0