കേരളത്തിലെ പ്രസിദ്ധീകരണങ്ങള്‍ക്ക് വലിയ ചരിത്രമാണുള്ളത്. ഇതില്‍ത്തന്നെ സ്ത്രീകള്‍ പ്രസാധകരായ പ്രസിദ്ധീകരങ്ങള്‍ നാമമാത്രമായി പല കാലഘട്ടങ്ങളിലായി ഉണ്ടായിട്ടുള്ളതാണ് . ബി. കല്യാണിയമ്മ പ്രസാധകയായ ശാരദ( 1913 ) മുതല്‍ ആണ് തുടക്കം എന്ന് കാണാം. ഈ മാസികകളുടെ എല്ലാം പിറവിക്ക് കാരണമായത് സങ്കുചിതമായ പൊതുമണ്ഡലങ്ങളും പൊതുഇടങ്ങളുടെ ലഭ്യതക്കുറവും ആണെന്നതാണ് വസ്തുത. ഗാര്‍ഹികപീഡനം, സ്ത്രീധനം, ബഹുഭാര്യത്വം, ശൈശവവിവാഹം തുടങ്ങിയ സാമൂഹിക വിഷയങ്ങളിലൂന്നിയാണ് പ്രശ്നവല്‍ക്കരിച്ചിരുന്നതെങ്കിലും അതിന്‍റെ കാതല്‍ പൊതുഇടങ്ങളിലെ അലഭ്യതയിലാണ്, തുറന്നു പറച്ചിലുകളില്ലാത്ത പുരുഷകേന്ദ്രീകൃത വ്യവസ്ഥിതികളിലാണ്. ജര്‍മന്‍ തത്വചിന്തകനും സാമൂഹിക ശാസ്ത്രജ്ഞനുമായ ജൂര്‍ഗന്‍ ഹേബര്‍മാസിന്‍റെ സൈദ്ധാന്തിക നിരീക്ഷണങ്ങളിലൊന്നായ പൊതുഇടം (public sphere )പൊതുസമൂഹത്തിനും രാഷ്ട്രത്തിനും ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒന്നായി നിലകൊള്ളുന്നു.
പൊതുതാല്പര്യ വിഷയങ്ങളെ സംബന്ധിച്ച വിമര്‍ശനാത്മക ചര്‍ച്ചകള്‍ നടക്കുന്ന ഇടങ്ങള്‍ അദ്ദേഹം മുന്നോട്ടു വെക്കുന്നത് കോഫിഷോപ്പുകളിലൂടെയാണ് . The Structural Transformation of the Public Sphere (1962 ) എന്ന പുസ്തകത്തില്‍ പൊതുമണ്ഡലങ്ങളിലെ ചര്‍ച്ചകളിലൂടെയുള്ള രാഷ്ട്രീയ വിശകലനങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നടന്നിരുന്നതായി പറയുന്നു . ഈ ചര്‍ച്ചകള്‍ സാമൂഹിക സ്ഥലങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും വഴിവെച്ചു. പതിനെട്ടാം നൂറ്റാണ്ടിന്‍റെ ആദ്യ ശതകത്തില്‍ ലണ്ടൻ നഗരത്തില്‍ മൂവ്വായിരത്തോളം കോഫീ ഹൗസുകള്‍ ഉണ്ടായിരുന്നെന്നും അവിടങ്ങളിലെ നിത്യസന്ദര്‍ശകര്‍ ചര്‍ച്ചചെയ്തിരുന്നത് സാഹിത്യവും രാഷ്ട്രീയവും വര്‍ത്തമാനപത്രങ്ങളിലെ വാര്‍ത്തകളും ആയിരുന്നെന്നും ഹേബര്‍മാസ് നിരീക്ഷിക്കുന്നു. ഇത് കലാനിരൂപണത്തിനുള്ള പ്രസിദ്ധീകരണങ്ങളും പംക്തികളും നിലവില്‍ വരുത്തുന്ന സാഹിതീയ പൊതുമണ്ഡലങ്ങളിലേക്ക് വഴിവെച്ചു. എന്നാല്‍ ഹേബര്‍മാസ് അവതരിപ്പിച്ച രാഷ്ട്രീയ പൊതുമണ്ഡലത്തില്‍ സ്ത്രീകള്‍ക്ക് ഇടമുണ്ടായിരുന്നില്ല. സ്ത്രീ പൊതുമണ്ഡലത്തിന് പുറത്തു നിലനിന്നു. പൊതുഇടങ്ങളെ സ്ത്രീ, പുരുഷ ഇടങ്ങളാക്കി യഥാക്രമം തരംതിരിച്ചു എഴുത്ത്, പ്രസാധനം, പത്രങ്ങള്‍, ആനുകാലികങ്ങള്‍, സംവാദങ്ങള്‍, സമാജങ്ങള്‍ മുതലായ അഭിപ്രായവേദികളില്ലാതാക്കിയതും സ്ത്രീപക്ഷ എഴുത്തുകളിലേക്കും പ്രസിദ്ധീകരണങ്ങളിലേക്കും പില്‍ക്കാലത്തു കേരളത്തിലെ സ്ത്രീകള്‍ എത്തിച്ചേര്‍ന്നതിന്‍റെ ആവശ്യകത അടിവരയിടുന്നു.
1932 ലെ സാഹിത്യപരിഷത്തിന്‍റെ പൊതുസമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് ഒരു സ്ത്രീയെപ്പോലും പങ്കെടുപ്പിച്ചില്ല (മിനി സുകുമാര്‍ ,ദേവിക ജെ ,2008 ) എന്ന നിരീക്ഷണം നോക്കിയാല്‍ ഇത് വ്യക്തമാകും (കെ ആ ര്‍. സജിത ).ഇന്ന് കാണുന്ന എഴുത്തുകളില്‍ പാര്‍ശ്വവത്കൃത സ്ത്രീകള്‍, ദലിതര്‍ തുടങ്ങിവരുടെ ഇടത്തെ സ്ഥാപിക്കാനായി സ്ത്രീകള്‍ നടത്തുന്ന ശ്രമങ്ങള്‍ അര്‍ഹിക്കപ്പടുന്നതാണ്. അത് ഉറപ്പിക്കുന്ന ലിംഗപദവികേന്ദ്രീകൃത സ്ത്രീമാസികകളും പ്രസാധകക്കൂട്ടായ്മകളും വിഷയമാക്കേണ്ടതുണ്ട്. കേരളത്തില്‍ സ്ത്രീ പ്രസിദ്ധീകരണങ്ങളുടെ ചരിത്ര പശ്ചാത്തലം പരിശോധിക്കുമ്പോള്‍ സ്ഥലകാലങ്ങള്‍ക്കു വളരെ പ്രസക്തിയുണ്ട്.1974 ലെ ഹെന്‍റി ലെഫ്ബ്വര്‍ന്‍റെ (ഫ്രഞ്ച് സൈദ്ധാന്തികന്‍) ഗ്രന്ഥം സ്ഥലത്തിന്‍റെ നിര്‍മ്മിതി (Production of Spaces )ഈ ആശയത്തെ ഉള്‍ക്കൊള്ളുന്നു. സാമൂഹിക ജീവിതത്തിന്‍റെ നിര്‍മ്മിതിയായിട്ടാണ് സ്ഥലനിര്‍മ്മിതി അദ്ദേഹം കാണുന്നത്. സ്ഥലത്തിന്‍റെ നിലനില്പിനെ ആവിഷ്ക്കരിക്കുന്ന സങ്കല്‍പനത്തില്‍ രണ്ടു തരത്തിലുള്ള സ്ഥലങ്ങളെ പരാമര്‍ശിക്കുന്നു. പ്രതിനിധാത്മക സ്ഥലവും(Representational space) സ്ഥല പ്രതിനിധാനവും (Representations of space ). മനുഷ്യര്‍ തങ്ങളുടെ അനുഭവങ്ങളില്‍ ജീവിക്കുന്നതും ഭാവനാത്മകമായ മൂല്യങ്ങള്‍ നല്‍കുന്നതുമാണ് പ്രതിനിധാത്മക സ്ഥലം.ഇവിടെ പ്രതിനിധാത്മക മൂല്യങ്ങളുടെ വേരുകള്‍ ചരിത്രത്തിലാണ്.മിത്തും ചരിത്രവും മുതല്‍ സ്മരണയും സമരവും വരെ ഉള്ള അനുഭവസ്ഥലം. സ്ഥലപ്രതിനിധാനങ്ങള്‍ ആണെങ്കില്‍ അമൂര്‍ത്തമായി വിഭാവനം ചെയ്യപ്പെടുന്ന സ്ഥലമായി വിശേഷിപ്പിക്കാം, വിഭാവിത സ്ഥലം . ഭൂപടങ്ങളിലും കെട്ടിടങ്ങളിലും തെളിയുന്ന ചിഹ്നരൂപമുള്ള സ്ഥലം.സ്ഥല പ്രതിനിധാനങ്ങള്‍ പ്രത്യയശാസ്ത്രങ്ങളുടെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.
നാനാതരം നിര്‍മിതികളുമായി അധികാരവ്യവസ്ഥ ഇടപെടുന്നത് സ്ഥലപ്രാതിനിധ്യങ്ങളിലൂടെയാണ് (സുനില്‍.പി ഇളയിടം,2020 ).കേരളത്തിലെ സ്ത്രീകള്‍ വിവിധ തരത്തിലുള്ള സാമൂഹിക പ്രശ്നങ്ങളുടെ പ്രതീകാത്മക സ്ഥലങ്ങളില്‍ നിന്ന് സമരം ചെയ്താണ് ഇന്ന് കാണുന്ന പൊതുഇടങ്ങള്‍ സൃഷിച്ചിട്ടുള്ളത്.ചരിത്രപരമായി ബന്ധിപ്പിക്കുന്ന സ്ഥലപ്രതിനിധാനമാകട്ടെ അധികാരം, ആൺകോയ്മ തുടങ്ങിയവയില്‍ സമപ്പെട്ടു കിടക്കുന്ന വ്യവസ്ഥാപിത നിര്‍മ്മിതിയാണ് സ്ത്രീകള്‍ക്ക് നല്‍കിയിട്ടുള്ളത്.അത്തരം സ്ഥലനിര്‍മിതികളുടെ അതിര്‍ത്തികള്‍ ഭേദിച്ചുകൊണ്ടാണ് നിലവിലെ ചോദ്യങ്ങളുന്നയിക്കുന്ന, അനുഭവങ്ങള്‍ എഴുതുന്ന, അവ പ്രസിദ്ധീകരിക്കുന്ന സാമൂഹിക ക്രമത്തിലേക്ക് വളര്‍ന്നിട്ടുള്ളത്. സമകാലിക സ്ത്രീ പ്രസാധന സാന്നിധ്യം ; കേരളത്തില്‍ സ്ത്രീകള്‍ സ്ത്രീവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചുരുക്കം ചില പ്രസാധകക്കൂട്ടായ്മകളാണ് കേരളത്തിലുള്ളത്. സമത, സംഘടിത എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗൂസ്ബെറി തുടങ്ങിയവും സംഘടനാ നേതൃത്വങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സ്ത്രീഎഴുത്തുകളും കേരളത്തില്‍ രാഷ്രീയ സാമൂഹിക വിഷയങ്ങളില്‍ ഇടപെടുകയും പ്രാതിനിധ്യം ഉറപ്പുവരുത്തുകയും ചെയുന്നുണ്ട്. കോഴിക്കോട് ആസ്ഥാനമാക്കി 1993 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സംഘടനയാണ് അന്വേഷി. അന്വേഷി വിമന്‍സ് കൗണ്‍സെലിങ് സെന്‍ററിന്‍റെ പ്രസിദ്ധീകരണം ആണ് സംഘടിത. അതിനും മുന്‍പ് ആരംഭിച്ച സംഘടന ആണ് സമത. പ്രധാനമായും രണ്ടു ഘട്ടങ്ങളിലായാണ് സമതയുടെ പ്രവര്‍ത്തന മേഖല വരുന്നത്. ഒരു തിയേറ്റര്‍ ഗ്രൂപ്പ് ആയിട്ടു 1988 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു 1994 വരെയുള്ള ആദ്യ ഘട്ടം. തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ അധ്യാപികയായിരുന്ന ഉഷാകുമാരി കണ്‍വീനര്‍ ആയിക്കൊണ്ട് കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് മെമ്പര്‍ ആയിരുന്ന വിജയമ്മ തുടങ്ങിയവരുമായി ചേര്‍ന്ന് കുട്ടികളുടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കിക്കൊണ്ടാണ് സമത സ്ഥാപിക്കപ്പെടുന്നത്.
നാടക ചരിത്രത്തില്‍ തന്നെ സ്ത്രീ സാന്നിധ്യം ഉറപ്പുവരുത്തുന്നതിന് തുടക്കം മുതല്‍ ശ്രമിച്ചിട്ടുള്ള സഘടനയായി സമത നിലകൊണ്ടു. സി എസ് ചന്ദ്രിക, സജിത മഠത്തില്‍ തുടങ്ങിയ വ്യക്തികള്‍ എഴുത്തും നാടകവും വിഷയമാക്കി
വന്നത് സമതയുടെ ഭാഗമായിട്ടായിരുന്നു. ഇത്തരത്തില്‍ സ്ത്രീകളുടെ ഇടങ്ങള്‍ക്ക് വഴിവെച്ചെങ്കിലും തൊണ്ണൂറ്റിനാലില്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.പിന്നീട് ശാസ്ത്രസാഹിത്യപരിഷത്ത് ഈ പേരില്‍ കലാജാഥകളൊക്കെ സംഘടിപ്പിച്ചിട്ടുണ്ട്. ഉഷാകുമാരി ടീച്ചര്‍ രണ്ടാം ഘട്ടം ആരംഭിക്കുന്നത് 2010 നവംബര്‍ ഒന്നിന് തൃശ്ശൂരില്‍ ഇരുപത്തി ഒന്‍പത് സ്ത്രീകള്‍ അടങ്ങുന്ന പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് ആയിട്ട് samatha collective for gender എന്ന പേരിലാണ്. കേരള യൂണിവേഴ്സിറ്റിയില്‍ ലൈബ്രറി സയന്‍സ് വിഭാഗത്തില്‍ റീഡര്‍ ആയി വിരമിച്ച ലളിത ലെനിന്‍ ചെയർപേഴ്സണായും മാനേജിങ് ട്രസ്റ്റിയായി ഉഷാകുമാരിയും നേതൃത്വം വഹിച്ചു. സമത നിരവധി പ്രവര്‍ത്തന തലങ്ങള്‍ വിഭാവനം ചെയ്യുന്നുണ്ട്. പ്രസിദ്ധീകരണ രൂപത്തിലുള്ളതാണ് ഒന്ന്. ചരിത്രത്തില്‍ അടയാളപ്പെടുത്താതെ പോയ സ്ത്രീകളെക്കുറിച്ചുള്ള നിരീക്ഷണം. മറ്റൊന്ന് കേരളത്തിന്‍റെ സമരമുഖങ്ങളില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതാണ്. ഡോക്യൂമെന്റേഷൻ സെന്‍ററുകള്‍, അടയാളപ്പെടുത്താതെ പോയ സ്ത്രീകളെ സമൂഹത്തിനു പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്നു. ഇതില്‍ നിന്നും ആണ് ഒരു പ്രസാധക കൂട്ടായ്മ എന്ന രീതിയിലേക്ക് വികസിപ്പിച്ചെടുക്കുന്നത്. നിലവില്‍ എഴുപത്തെട്ട് പുസ്തകങ്ങള്‍ സമത പ്രസിദ്ധീകരിച്ചിരിക്കുന്നു. നവോത്ഥാനപ്രസ്ഥാനത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ച കെ ദേവയാനിയുടെ ‘ചോരയും കണ്ണീരും നനഞ്ഞ വഴികള്‍’ ആണ് ആദ്യ പ്രസിദ്ധീകരണം.
കുട്ടികള്‍ക്കായി ‘കാട്’, ‘മഴയും മഞ്ഞും’ തുടങ്ങി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. പല മേഖലകളില്‍ സംഭാവനകള്‍ നല്‍കി മരണമടഞ്ഞ പ്രതിഭകളുടെ ഓര്‍മക്കായി നല്‍കുന്ന ജ്വാല അവാര്‍ഡ്, ജൈവ ജാഗ്രത, ജൈവ സ്മൃതി,ജൈവ കീര്‍ത്തി എന്നിങ്ങനെ നാല് അവാര്‍ഡുകള്‍ വര്‍ഷവും നല്‍കുന്നു. ഇതില്‍ ജ്വാല വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകള്‍ക്ക് മാത്രമായി നല്‍കുന്നു. ഇങ്ങനെ പ്രസാധന രംഗത്തും തല്‍ഫലമായി പ്രസിദ്ധീകരണങ്ങളിലും ഉള്ള ശ്രമങ്ങള്‍ ലിംഗത്വ നീതിയുടെ രൂപങ്ങളാണ്.എങ്കില്‍ കൂടി എവിടെയാണ് സമത, സംഘടിത തുടങ്ങിയ സ്ത്രീ പ്രസാധനക്കൂട്ടായ്മകള്‍ പ്രസക്തമായി വരുന്നത് എന്ന് പരിശോധിച്ചാല്‍ ലിംഗസമത്വം വേണ്ടത്ര രീതിയില്‍ നടപ്പിലാകാത്ത, സ്ത്രീ ഇടപെടലുകള്‍ അടയാളപ്പെടുത്താത്ത സമൂഹത്തെ മനസിലാക്കിക്കൊണ്ടാണ് എന്ന തിരിച്ചറിവ് ലഭിക്കും. 2021 ലെ ദേശീയ ഫാമിലി ഹെല്‍ത്ത് സര്‍വ്വേ ഫലത്തില്‍ കേരളത്തിലെ 52% വരുന്ന സ്ത്രീകള്‍ (ഭാര്യമാര്‍) ഭര്‍ത്താക്കന്മാരാല്‍ അടിക്കപ്പെടുന്നത് ന്യായീകരിക്കുന്നവരാണെന്ന് ശ്രദ്ധിക്കണം.
വിദ്യാസമ്പന്നരായ കേരളത്തിലെ സ്ത്രീകള്‍ ഇങ്ങനെ ഒരു ചിന്താഗതി വെച്ചുപുലര്‍ത്തുന്നവരാണെങ്കില്‍ ലിംഗനീതി എന്ന ആശയം ഏതര്‍ത്ഥത്തില്‍ നടപ്പില്‍ വരും എന്ന് സംശയിക്കണം. നമ്മുടെ വിദ്യാഭ്യാസ പദ്ധതികളിലെ പാളിച്ചകള്‍ കൂടി അപ്പോള്‍ കണക്കിലെടുക്കേണ്ടി വരും.ഇങ്ങനെ വരുമ്പോള്‍ സ്ത്രീ പ്രസാധകരുടെ ചുമതല കുറേക്കൂടി വ്യക്തവുമാണ്. പുരുഷാധിപത്യ ഇടത്ത് സ്വഭാവികമെന്നപോല്‍ അടിച്ചേല്പിക്കുന്ന അസമത്വങ്ങളാണ് സര്‍വ്വേ റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. ഇവിടെ സ്ത്രീയിടം നിര്‍വചിക്കുന്നതും പുരുഷയിടങ്ങളില്‍ നിന്നാണ്. ശബരിമല വിഷയം വന്നപ്പോള്‍ അതുവരെ ഉണ്ടായിരുന്ന കുലസ്ത്രീ നിര്‍വചനം മാറിമാറിഞ്ഞത് ഇതിന്‍ പ്രകാരമാണ്. വ്യവസ്ഥിതിക്കനുസരിച്ചു ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുന്ന, സമൂഹത്തിന്‍റെ ഇച്ഛകള്‍ക്ക് തൃപ്തി വരുത്തുന്ന സ്ത്രീകള്‍ വീട്ടിടങ്ങളുമായി ബന്ധപ്പെട്ടു കിടന്നിരുന്നവരാണ്. എന്നാല്‍ ഇത് ആചാര സംരക്ഷണാര്‍ത്ഥം പൊതു നിരത്തില്‍ ഇറങ്ങി സമരം ചെയ്യുന്ന സ്ത്രീയും കുലസ്ത്രീകളായി നിര്‍വചിക്കുന്നിടത്തേക്ക് മാറുന്നു. ആവശ്യങ്ങള്‍ക്കനുസരിച്ച് സാമൂഹികഘടനയില്‍ മാറ്റം വരുന്നു. അപ്പോള്‍ ആരാണ് സ്ത്രീയിടങ്ങള്‍ വിഭാവനം ചെയ്യുന്നത്? സ്ത്രീകള്‍ കൂടിയല്ലേ എന്ന് പറയുമ്പോള്‍ കാതലായ ഭാഗം മുന്‍പ് സൂചിപ്പിച്ച കാലങ്ങളായുള്ള അനവസരത്തിലും ആവശ്യമായ ഇടം മാത്രം കൊടുക്കുന്നിടത്തുമാണ് എന്ന് കാണാം. അതില്‍ തന്നെ ഒരു പറ്റം സ്ത്രീകള്‍ കരുതുന്നത് ഇതാണ് ശരി എന്ന രൂപത്തിലുമാണ്. Class for itself എന്ന് ചൂഷിത വിഭാഗത്തിന് തോന്നിയപ്പോഴാണല്ലോ വിപ്ലവം സാധ്യമായതെന്ന് മാര്‍ക്സ് പോലും ഉദ്ധരിച്ചത്. ആ അര്‍ത്ഥത്തില്‍ സ്ത്രീകള്‍ തന്നെ പറയേണ്ടുന്ന ആവശ്യകത ഉള്ളടിത്തു നിന്നാണ് ഈ പ്രസാധനകൂട്ടായ്മകള്‍ തങ്ങളുടെ പ്രസക്തി ഉറപ്പിക്കുന്നത്. അതിനായി സ്ഥലകാല നിര്‍മിതികള്‍ക്കതീതമായി പൊതുഇടങ്ങളുടെ രൂപീകരണത്തിലേക്ക് പ്രസാധകക്കൂട്ടായ്മകള്‍ നയിക്കപ്പെടേണ്ടതുണ്ട്. പെണ്‍പെരുമ അക്ഷരാര്‍ത്ഥത്തില്‍ സ്ഥാപിക്കപ്പെടുക തന്നെ വേണം.
റഫറന്‍സ്
സജിത കെ ആര്‍ ; സ്ത്രീ മാസികകളുടെ ചരിത്ര സഞ്ചാരങ്ങള്‍
ഹേബര്‍മാസ് (1962) ;The structural Transformation of the public sphere
ലെഫ്ബ്വര്‍ (1974 ); Production of spaces
സുനില്‍ പി ഇളയിടം (2020 ); ഖബര്‍ (അവതാരിക )
COMMENTS