Homeഅഭിമുഖം

ഗൂസ്ബെറി : ചവര്‍പ്പില്‍ നിന്ന് മാധുര്യത്തിലേക്കുള്ള പ്രസാധക യാത്ര

തി അങ്കമാലിയുടെ പ്രസാധനത്തിലേക്കുള്ള വരവ് അതെങ്ങനെയായിരുന്നു? അതിനെ സതി എന്ന രാഷ്ട്രീയ പ്രവര്‍ത്തക എങ്ങനെ നോക്കിക്കാണുന്നു?
ഒരു സ്ത്രീ പ്രസാധനത്തിലേക്ക് വരിക എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്, സാംസ്കാരിക രംഗത്ത് നില്‍ക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ പ്രത്യേകിച്ചും. പ്രസാധന രംഗമാണ് എനിക്ക് ഒരു ബിസിനസ് സംരംഭം തുടങ്ങാനായിട്ട് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. എന്‍റെ ഇതുവരെയുള്ള ജീവിതത്തിന്‍റെ എണ്‍പത് ശതമാനവും ഞാന്‍ എന്തിനു വേണ്ടിയാണോ ചെലവഴിച്ചത് എന്നു പരിശോധിച്ചാല്‍ അത് എഴുത്തും, വായനയും, പുസ്തകവും അല്ലെങ്കില്‍ സാമൂഹികവും, സാംസ്കാരികവുമായ ഇടപെടല്‍ ഒക്കെ ആണ് .അതാണ് നമുക്ക് ഒരുപാട് ആനന്ദം തരുന്നത്, അല്ലെങ്കില്‍ അക്കാര്യത്തില്‍ സവിശേഷമായ ഒരു സന്തോഷമുള്ളത് കൊണ്ടാണ് നമ്മള്‍ അതു തന്നെ തുടരുന്നത്.ആയത് കൊണ്ട് തന്നെ, നമ്മളിത് വരെ സഞ്ചരിച്ചിട്ടുള്ള വഴിയില്‍ എന്‍റെ പാഷന്‍ എന്ന് ഞാന്‍ മനസ്സിലാക്കുന്നത് പ്രസാധനം തന്നെയാണ്.

രണ്ടാമത്തെ കാരണമെന്ന് പറയുന്നത്, മലയാള സാംസ്കാരികത എന്ന് പറയുന്നത് ഒരു സവര്‍ണ്ണ-ഹൈന്ദവ സാംസ്കാരികതയാണ്. അതിനോട് ഏറ്റുമുട്ടിയും പരിക്കേല്‍പ്പിച്ചും, തിരുത്തിയും തന്നെയാണ് ദലിത്. ആദിവാസി – പിന്നാക്ക -ട്രാന്‍സ്ജെന്‍ഡര്‍-ഡിസേബിള്‍ഡ് രാഷ്ട്രീയം ഇന്ന് ഉയര്‍ന്നു വന്നിട്ടുള്ളത് . പക്ഷെ, അത് കൃത്യമായി സ്ഥാപിച്ചെടുക്കണമെങ്കില്‍ നമ്മളതില്‍ നേരിട്ട് ഇടപെടേണ്ടതും അത്തരം പൊളിറ്റിക്കല്‍ ഏജന്‍സികളുടെ സാഹിത്യവും ആത്മകഥകളും ,ജീവിതാനുഭവങ്ങളും വരേണ്ടതുമുണ്ട്. ആധുനിക ജനാധിപത്യബോധം അത് ആവശ്യപ്പെടുന്നുണ്ട്. കാരണം സമത്വം പോലെ തന്നെ അവസരസമത്വവും ജനാധിപത്യസങ്കല്‍പത്തില്‍ അനിവാര്യമാണ്. അത് പുസ്തകം പോലെത്തന്നെ സിനിമയും, നാടകവും, ഷോര്‍ട്ട് ഫിലിംസും സംഗീതവും റീലുകളും ഉള്‍പ്പെട്ടതും മറ്റുപലതരത്തിലുമുള്ള ഇടപെടലുകളിലൂടെയും മാത്രമാണ് സാധിക്കുക. ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് ഇതെല്ലാം കൂടി ചെയ്യാന്‍ പറ്റില്ലല്ലോ? ഏറ്റവും ഇഷ്ടമുള്ള മേഖല എന്ന നിലയിലാണ് ഞാന്‍ ഈ പുസ്തക പ്രസാധനത്തെ നോക്കിക്കാണുന്നത്.

മൂന്നാമത്തെ കാരണമെന്നത് ഇത് വരേയും നമ്മുടെ കീഴാള രാഷ്ട്രീയത്തിന്‍റെ ഭാഗമായി നിന്നിട്ടുള്ള മനുഷ്യരില്‍ ഭൂരിഭാഗവും സോഷ്യോ -പൊളിറ്റിക്സ് മാത്രമാണ് സംസാരിച്ചു കൊണ്ടിരുന്നത്. എന്നാല്‍ ഇതിനപ്പുറത്തേക്ക് നമ്മളൊരു സോഷ്യോ- എക്കണോമിക്സിനെ പറ്റി ചിന്തിക്കുകയും, പ്രാവര്‍ത്തികമാക്കുകയും അല്ലെങ്കില്‍ ഒരു സ്ത്രീ, ഒരു ദലിത് സ്ത്രീ എന്ന നിലയില്‍ സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുകയും ചെയ്യേണ്ടതുണ്ട്,സ്വാതന്ത്ര്യം എന്ന് പറഞ്ഞാല്‍ സാമ്പത്തികമായും സ്വാതന്ത്രരാവുക എന്നൊരു അര്‍ത്ഥമുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം കേരളത്തിലെ സ്ത്രീകളുടെ അവസ്ഥയൊക്കെ ഈ സമ്പത്തുമായിട്ട് കൂടി ബന്ധപ്പെട്ടതാണ്, നമ്മളൊക്കൊ വിചാരിക്കുന്ന പല കാര്യങ്ങളും, ഗൗരവമുള്ള കാര്യങ്ങള്‍ പോലും ചെയ്യാന്‍ പറ്റാതെ പോകുന്നത് സാമ്പത്തിക പ്രതിസന്ധികൊണ്ടാണ്.അത് നമ്മള്‍ ഇനിയെങ്കിലും തിരിച്ചറിയേണ്ടതും സാമൂഹ്യാവബോധം പോലെ തന്നെ സാമ്പത്തികാവബോധവും ഉണ്ടാകേണ്ടതുമുണ്ട്. സാമ്പത്തികമായി സ്വതന്ത്രരാവുക എന്ന് പറയുമ്പോള്‍ നമുക്ക് ആനന്ദം കണ്ടെത്താന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്തുകൊണ്ട് തന്നെയാവുക എന്നതാണല്ലോ. പുസ്തകം ചെയ്യുക എന്ന് പറയുമ്പോള്‍ അതെന്‍റെ ആഗ്രഹവും സ്വപ്നവും അതേ സമയം അതൊരു വിപ്ലവവും കൂടെയാണ്. ഭാഷക്കും അക്ഷരങ്ങള്‍ക്കും അധികാരമുണ്ടെന്നും ഞാന്‍ മനസിലാക്കിയിട്ടുണ്ട്. പുസ്തകത്തിന്‍റെ മണം എന്നാല്‍ അറിവിന്‍റേയും ജീവിതത്തിന്‍റേയും മണമാണെന്നാണ് തോന്നിയിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് പ്രസാധനം തിരഞ്ഞെടുത്തത്.

ഒരു ദലിത് സ്ത്രീ സംരംഭകയാവുകയെന്നാല്‍ വളരെ എളുപ്പമാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ അത് സംഭവിക്കേണ്ടതുണ്ട്. നമ്മുടെ പരിമിതികളെ മറികടക്കുകയും സ്വപ്നങ്ങളെ മുറുകെ പിടിക്കേണ്ടതുമുണ്ട്. നമ്മള്‍ അനുഭവിക്കുന്ന അവസ്ഥക്ക് മാറ്റം വരണമെങ്കില്‍ ആദ്യം നമ്മള്‍ തന്നെ സ്വയം മാറാന്‍ തയ്യാറാവണം.
ആന്തരികമായി നമ്മള്‍ മാറാതെ ബാഹ്യമായ ഒന്നിലും മാറ്റം വരുത്താന്‍ നമുക്ക് കഴിയില്ല എന്നൊരു കാര്യം കൂടിയുണ്ട്. അത് എനിക്ക് ചുറ്റുമുള്ള, നമ്മുടെ പിന്നാലെ വരുന്ന മറ്റ് സ്ത്രീകളെക്കൂടി പ്രചോദിപ്പിക്കും, ഒരേ സമയം നമ്മള്‍ സാമൂഹികമായും സാംസ്കാരികമായും ഇടപെടുമ്പോള്‍ തന്നെ സാമ്പത്തികമായ കാര്യങ്ങളില്‍ കൂടി നമ്മള്‍ സ്വയം ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ട്.

ആദ്യമായി ഓറ മാഗസിനിലൂടെ ഒരു പ്രസാധക സംഘത്തിന്‍റെ ഭാഗമാകുമ്പോള്‍ ഓറ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തെ സതി അങ്കമാലി എങ്ങനെ നോക്കിക്കാണുന്നു?
ഓറ മാഗസിന്‍ ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ജനജാഗ്രതിയില്‍ നിന്ന് പ്രസിദ്ധികരിക്കുന്ന ഒന്നാണ്.

മതപൗരോഹിത്യം ഉപേക്ഷിച്ച് , ഇടതുപക്ഷ ആഭിമുഖ്യത്തോടെ സാധാരണ ജനങ്ങളിലേക്ക് ഇറങ്ങി വരികയും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത അലോഷ്യസ് ഫെര്‍ണാണ്ടസ് നേതൃത്വം കൊടുത്ത ഒരു പ്രസാധകസംഘം ആയിരുന്നു ഓറ. സഖാവ് കുഞ്ഞുമോള്‍ അദ്ദേഹത്തിന്‍റെ ജീവിതസഖിയും കൂട്ടുകാരിയുമായിരുന്നു. കുഞ്ഞുമോള്‍ ചേച്ചിയായിരുന്നു അതിന്‍റെ മാനേജര്‍. എഡിറ്റോറിയലിലും ഉണ്ടായിരുന്നു.

കീഴാള രാഷ്ട്രീയവും സവിശേഷമായി സ്ത്രീകളുടെയും കുട്ടികളുടെയും രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് അതിന്‍റെ പ്രവര്‍ത്തനം ‘മാധ്യമം സാമൂഹ്യമാറ്റത്തിന് ‘ എന്നതാണ് ഓറ മാഗസിന്‍റെ ആപ്തവാക്യം അത് അക്ഷരാര്‍ത്ഥത്തില്‍ അങ്ങനെ തന്നെയായിരുന്നു അതെന്നെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. ഓറയ്ക്കകത്ത് എനിക്ക് ഉണ്ടായിട്ടുള്ളത് ഒരു വോളിന്‍ററി എക്സ്പീരിയന്‍സ് ആയിരുന്നു സാലറി ബേസില്‍ ആയിരുന്നില്ല. 2013 മുതല്‍ മൂന്നുവര്‍ഷക്കാലം ഞാന്‍ ഓറയുമായി സഹകരിച്ചിട്ടുണ്ട്.

അട്ടപ്പാടിയിലെ വംശഹത്യ നടക്കുമ്പോള്‍ (വംശഹത്യ എന്ന് തന്നെയാണ് ഞാന്‍ അതിനെ പറയുന്നത്) 42 കുട്ടികള്‍ മരിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂരി അടക്കം അഞ്ച് മന്ത്രിമാര്‍ അട്ടപ്പാടി സന്ദര്‍ശിച്ച ദിവസങ്ങളില്‍ ഞാന്‍ അവിടെ പോയി തായ്ക്കുലം സംഘം എന്ന ആദിവാസിസ്ത്രീ സംഘടനയുടെ പ്രസിഡണ്ട് കാളി ചേച്ചിയുടെ വീട്ടില്‍ ഒരാഴ്ചയോളം താമസിക്കുകയും, അവരുടെ ഇന്‍റര്‍വ്യൂ എടുക്കുകയും , ഊരുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു, ആ സംഘടനയുടെ സെക്രട്ടറി ആയിരുന്ന മരുതിചേച്ചി വളരെ കൃത്യമായി അവിടെ നടക്കുന്ന അഴിമതികളെക്കുറിച്ചും അവകാശലംഘനങ്ങളെക്കുറിച്ചും പറഞ്ഞു.

നിരവധി ആദിവാസി അമ്മമാരും കുട്ടികളും സ്ത്രീകളും അനുഭവിക്കുന്ന പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കുവാനും ഇന്‍റര്‍വ്യൂ ചെയ്യാനുമൊക്കെ പറ്റിയിട്ടുണ്ട്. ഓറയ്ക്ക് വേണ്ടിയാണ് പോയത്. ആ ഇന്‍റര്‍വ്യൂയിലൂടെ ഒരുപാട് ആളുകള്‍ക്ക് അവിടെ നടക്കുന്ന യാഥാര്‍ത്ഥ കാര്യങ്ങള്‍ ജനങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ പറ്റിയിട്ടുണ്ട്. അതിനു ശേഷം സി.കെ. ജാനു ചേച്ചി, സണ്ണി എം.കപിക്കാട്, കെ.കെ. കൊച്ച് എന്നിങ്ങനെ നിരവധി പേരെ ഇന്‍റര്‍വ്യൂ ചെയ്യാനും പറ്റിയിട്ടുണ്ട്. ഡി.റ്റി.പി. മുതല്‍ പ്രിന്‍റിംഗും മാര്‍ക്കറ്റിംഗ് വരെ എല്ലാറ്റിലും റോള്‍ ഉണ്ടായിരുന്ന പ്രസന്നേട്ടനും, ഡെല്‍സണും വളരെ ആത്മാര്‍ത്ഥതയുള്ളവരും കൃത്യമായ രാഷ്ട്രീയ നിലപാടുള്ളവരുമായിരുന്നു. അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വളരെ നല്ല അനുഭവമായിരുന്നു.
2013 മാര്‍ച്ചില്‍ ഗസ്റ്റ് എഡിറ്റര്‍ ആയിട്ടാണ് ഞാന്‍ ജോയിന്‍ ചെയ്യുന്നത്.പിന്നീടാണ് ആര്‍ട്ടിക്കിള്‍സ് ഒക്കെ എഴുതുന്നത്.അതുവരെ കവിതകള്‍ മാത്രമായിരുന്നു. അക്കാദമിക് സ്പെയ്സിലുള്ള ഒരുപാട് പേര്‍ ഓറയോട് സഹകരിക്കുന്നുണ്ട്. അതുപോലെത്തന്നെ ഏറ്റവും സാധാരണ മനുഷ്യരെയും അത് വലിയ നിലയില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും സാധാരണമായ ഒരു ഭാഷയില്‍ എഴുതാനും, അല്ലെങ്കില്‍ അവരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാനും, അവരുടെ സ്നേഹവും,അവരുടെ രാഷ്ട്രീയവും ഒക്കെ തിരിച്ചറിയാനും പലതരം ക്ലാസുകളും,ക്യാമ്പുകളും ഒക്കെ അവിടെ നടക്കുമായിരുന്നു. അതൊക്കെ രാഷട്രീയ-സാമൂഹ്യ പരമായ തിരിച്ചറിവുകള്‍ക്ക് കാരണമായിട്ടുണ്ട്. ഇപ്പോള്‍ വന്നിട്ടുള്ള അസിസ്റ്റന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പരീക്ഷക്ക് വേണ്ടി എനിക്ക് മാധ്യമരംഗത്തെ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നു. ഒരു ദലിത് സ്ത്രീയെ സംബന്ധിച്ച് മാധ്യമരംഗത്തെ ജോലി എന്ന് പറയുന്നത് ഈ കാലത്ത് പോലും വളരെ അന്യമാണ്, നമുക്കത് അപ്രാപ്യമാണ്. അതായത് അവിടെയൊക്കെ ജാതി, നിറം, ലിംഗപദവി ഇതൊക്കെ ഘടകമാണ്. അതിന്‍റെ മുന്‍പില്‍ ജേര്‍ണലിസം പോസ്റ്റു ഗ്രാജ്വേഷനൊക്കെ പ്രയോറിട്ടിയില്‍ താഴെയാണ്.അപ്പോഴാണ് പി.എസ്.സി മൂന്ന് വര്‍ഷത്തെ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നത്. അത്തരത്തിലൊരു സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ പോലും മുഖ്യധാരാ മാധ്യമങ്ങള്‍ക്കകത്ത് നിന്ന് എത്ര ദലിതര്‍ക്ക് കിട്ടിയിട്ടുണ്ടാവും? ഒന്നോ രണ്ടോ അല്ലെങ്കില്‍ ആര്‍ക്കും തന്നെ കിട്ടാതെ ഇരിക്കുമ്പോഴാണ് ഓറ മാഗസിന്‍ അങ്ങനെ ഒരു സര്‍ട്ടിഫിക്കറ്റ് എനിക്ക് തന്നത്. അതില്‍ സന്തോഷം മാത്രമല്ല അഭിമാനവുമുണ്ട്, കാരണം അതെന്‍റെ സാമൂഹ്യവും – രാഷട്രീയവും – സംസ്ക്കാരികവുമായ ഇടപെടലിന്‍റെ ഡോക്യുമെന്‍റാണ്.

നിലവിലെ മുഖ്യധാരാ പ്രസാധകരെപ്പറ്റി സതി അങ്കമാലിക്ക് പറയാനുള്ളത്?
മുഖ്യധാരാ പ്രസാധകരെപ്പറ്റി പറയുമ്പോള്‍ മറ്റു കാര്യങ്ങളെ കുറിച്ച് ഒന്നും ഞാന്‍ പറയുന്നില്ല, ഞാന്‍ ഇടപെടുന്ന,നിരന്തരം സംസാരിക്കുന്ന, സംവദിക്കുന്ന വിഷയങ്ങള്‍ ദലിതരുടെ, സ്ത്രീകളുടെ, ക്വിയര്‍ വ്യക്തികളുടെ, കുട്ടികളുടെ വിഷയങ്ങളാണ്. അതുകൊണ്ടു അത്തരത്തിലുള്ള പുസ്തകങ്ങളെയും, മുഖ്യധാര മാധ്യമങ്ങളുടെ നയങ്ങളെയും പറ്റി പറയാമെന്ന് കരുതുന്നു.എല്ലാ മാധ്യമങ്ങള്‍ക്കും അവരവരുടേതായ പോളിസികള്‍ ഉണ്ടാവും,ബിസിനസ് എന്ന നിലയില്‍ അതൊക്കെ വേണ്ടി വരും.എന്നാല്‍ അതൊന്നും സാമൂഹ്യനീതിയെ ഇല്ലായ്മ ചെയ്തുകൊണ്ടാവരുത്. പലതരത്തിലുള്ള ചിന്താധാരകള്‍ ഉയര്‍ത്തിയ സംവാദങ്ങളും ചര്‍ച്ചകളും വായനയും, എഴുത്തും പ്രഭാഷണങ്ങളുംതന്നെയാണ് മനുഷ്യരുടെ അവബോധത്തില്‍ മാറ്റമുണ്ടാക്കിയത്.ഒരു രാഷ്ട്രീയവും സ്വാഭാവികമായി ഉണ്ടായി വന്നതല്ല. ബോധപൂര്‍വ്വമായ ,നിരന്തരമായ പലതരം ഇടപെടലിന്‍റെ അടിസ്ഥാനത്തില്‍ രൂപം കൊണ്ടതാണ്. അതിനെ മുന്നോട്ട് എടുക്കാനുള്ള ബാധ്യത മാധ്യമങ്ങള്‍ക്ക് ഉണ്ട്. അത്തരത്തില്‍ ദലിത്പക്ഷരാഷ്ട്രീയത്തെ മുന്നേറ്റത്തെ ,അവരുന്നയിക്കുന്ന പൊളിറ്റിക്കല്‍ ക്വസ്റ്റ്യനെ പ്രസാധകര്‍ സപ്പോര്‍ട്ട് ചെയ്യുകയാണ് വേണ്ടത് . എന്നാല്‍, എല്ലാതരത്തിലും ദലിത് രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യുന്ന പണിയാണ് വര്‍ഷങ്ങളായി ഇവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. പ്രത്യക്ഷത്തില്‍ നമുക്കത് മനസ്സിലാവില്ല. ദലിതം എന്ന പ്രത്യേക കാറ്റഗറി തിരിച്ചു കൊണ്ട് അല്ലെങ്കില്‍ ഒരു സപ്ലിമെന്‍ററി പോലെ ദലിത് എഴുത്തുകാരുടേയും ബുദ്ധിജീവികളുടേയും കവികളുടേയും പുസ്തകങ്ങള്‍ ഇവര്‍ പ്രസിദ്ധീകരിക്കും
ഇതിന്‍റെ ആയിരം കോപ്പിയോ, അഞ്ഞൂറ് കോപ്പിയോ അടിക്കുകയും കോപ്പിറൈറ്റ് അവര്‍ക്കാവുകയും ചെയ്യും.എന്നാല്‍ പിന്നീട് നമ്മള്‍ ഈ പുസ്തകങ്ങള്‍ ഇവരുടെ തന്നെ പുസ്തകമേളകളിലോ, ഷോപ്പുകളിലോ അന്വേഷിക്കുമ്പോള്‍ അതിന്‍റൊരു പൊടിപോലും നമുക്ക് കിട്ടാതെ പോകുകയും ചെയ്യുന്ന ഒരു അവസ്ഥയുണ്ട്.ഒരു ഉദാഹരണം പറയാം. നിലവിലുള്ള പൊതുബോധ സൗന്ദര്യശാസ്ത്രത്തെ സൈദ്ധാന്തികമായി വിശകലനം ചെയ്തു കൊണ്ട് ഇന്ത്യന്‍ സവര്‍ണ സാംസ്കാരിക ബോധത്തെ കൃത്യമായി തിരുത്തിക്കുറിക്കുന്ന ഒരു പുസ്തകമാണ് ഡോ: പ്രദീപന്‍ പാമ്പിരിക്കുന്നിന്‍റെ ‘ദലിത് സൗന്ദര്യശാസ്ത്രം’ 2017ല്‍ പ്രസിദ്ധികരിച്ച ആ പുസ്തകത്തിന്‍റെ എത്രയോ പതിപ്പ് ഇറങ്ങേണ്ട സമയം കഴിഞ്ഞു. ആ പുസ്തകമൊക്കെ നമുക്ക് കിട്ടാത്ത ഒരു അവസ്ഥയുണ്ട്. പ്രിന്‍റ് ഓണ്‍ ഡിമാന്‍ഡ് ഒക്കെ എത്രമാത്രം ഉണ്ടായിട്ടും അത് നമുക്ക് കിട്ടാനില്ല ,അവരത് ചെയ്യുന്നില്ല. ആ ബുക്ക് എന്‍റെ കൈയ്യില്‍ നിന്ന് വാങ്ങി എത്രയോ പേര്‍ ഫോട്ടോസ്റ്റാറ്റ് എടുത്തിട്ടുണ്ട്. പുസ്തകമേളയൊക്കെ നടക്കുമ്പോഴും ദലിത് പുസ്തകങ്ങള്‍ എന്ന കാറ്റഗറിയൊന്നും ഉണ്ടാവില്ല. പുരാണഗ്രന്ഥങ്ങള്‍ മുതല്‍ അമര്‍ ചിത്രകഥകള്‍ വരെ വളരെ ഭംഗിയായി ഡിസ്പ്ലേ ചെയ്യും .എന്നാല്‍ വിദ്യാഭ്യാസം നേടാന്‍ പോലും സമരം ചെയ്യേണ്ടി വന്ന ഒരു ജനതയുടെ എഴുത്തിനെയും ധൈഷണികതയെയും അവര്‍ പിടിച്ചു വച്ചിട്ട്, ഈ പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു സ്ഥലം പോലും അവരുടെ സ്റ്റാളുകളില്‍ ഇല്ലാതാവുകയും ചെയ്യും. ഏതെങ്കിലുമൊരു പുസ്തകത്തെപ്പറ്റി ചോദിക്കുമ്പോള്‍ ഏതെങ്കിലും ഒരു മൂലയില്‍ നിന്ന് പൊടി തട്ടിയെടുക്കുകയും, അല്ലെങ്കില്‍ നമ്മളെ കൂട്ടിക്കൊണ്ടു പോവുകയും ഈ കൂട്ടത്തില്‍ എവിടെയെങ്കിലും കാണും നിങ്ങള്‍ നോക്കിക്കോളൂ എന്ന് പറയുകയും ചെയ്യും. മുഖ്യധാര പ്രസാധകര്‍ ചെയ്യുന്ന ഇത്തരം കാര്യങ്ങളെ നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഇപ്പോഴും എഴുത്തും വായനയുമൊക്കെ ഏറ്റവും താഴെയുള്ള മനുഷ്യരിലേക്ക് എത്താത്ത കീഴാള സമൂഹത്തില്‍ നിന്നുള്ള ആളുകള്‍ എഴുതുന്നത് ഇല്ലായ്മ ചെയ്യുമ്പോള്‍. മുന്‍പ് ഇതൊക്കെ പ്രത്യക്ഷത്തില്‍ തന്നെയായിരുന്നെങ്കില്‍ ഇന്നത് പരോക്ഷമായിട്ടെങ്ങനെ നടപ്പിലാക്കാം എന്നൊരു സാങ്കേതികത അവര്‍ വികസിപ്പിച്ചിട്ടുണ്ട്. അത് തിരിച്ചറിയുകയെന്നത് സാധാരണക്കാരേക്കാള്‍ ബുദ്ധിജീവികള്‍ക്ക് ബാധ്യതയുണ്ട് എന്ന് ഞാന്‍ വിചാരിക്കുന്നു.

പുതിയ പ്രസാധക സംഘങ്ങള്‍ തുടങ്ങാനിരിക്കുന്നവരോട് സതി ചേച്ചിക്ക് പറയാനുള്ളത്?
സ്വന്തം നിലയില്‍ , രാഷ്ട്രീയബോധ്യത്തോടെയും, വിശ്വാസത്തോടെയുമാണ് നമ്മള്‍ ഏതു കാര്യവും ആരംഭിക്കേണ്ടത്.അതിന് പണം ആവശ്യമുള്ള പോലെ തന്നെ പഠനവും, നിരീക്ഷണവും പ്രാക്ടീസും ആവശ്യമുണ്ട്. പ്രസാധകരായിരുന്ന നമ്മുടെ സുഹൃത്തുകളോടൊക്കെ നമ്മള്‍ സംസാരിക്കണം. ‘ തുടങ്ങുന്ന കാര്യത്തിന്‍റെ വിജയപരമായ, സാധ്യതകളും, പരിമിതികളും നമ്മള്‍ പഠിക്കണം. ഒന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു നമുക്കെല്ലാവര്‍ക്കും ഇവിടെ ഇടമുണ്ട്.
വലിയ മുടക്കുമുതല്‍ ഒന്നുമില്ലാതെ പ്രസാധനം തുടങ്ങാനുള്ള സാഹചര്യങ്ങള്‍ നമുക്കിന്ന് ഉണ്ട്.അതിനെ നമ്മള്‍ ഉപയോഗിക്കേണ്ടതുണ്ട്.

മറ്റൊന്ന് പ്രസാധകസംഘം ആവട്ടെ എവറസ്റ്റ് കീഴടക്കുന്നതാവട്ടെ നമ്മള്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അത് നടപ്പിലാക്കാനുള്ള ഇച്ഛാശക്തി നമുക്കുണ്ടാവണം,നമ്മള്‍ സ്വയം അതില്‍ മുങ്ങി നില്‍ക്കാന്‍ തയ്യാറാവണം. പരിപൂര്‍ണ്ണമായി നമ്മള്‍ ഫോക്കസ്ഡ് ആവേണ്ടതുണ്ട്. ചിന്തയിലും ശ്വാസത്തിലുംഅത് തന്നെയായിരിക്കുക . തീര്‍ച്ചയായും നമ്മള്‍ ലക്ഷ്യത്തിലെത്തി ച്ചേരും എന്ന് ഉറച്ച് വിശ്വസിക്കുക. പകരം നമ്മള്‍ ഇല്ലായ്മകളെ കുറിച്ച് പറയുകയും ജാതി തന്നെയാണ് എല്ലാത്തിനും കാരണം എന്ന് ചിന്തിക്കുകയും ചെയ്താല്‍ നമ്മള്‍ സാധ്യതകളെ മനസിലാക്കുന്നില്ല എന്നാണ്. അല്ലെങ്കില്‍ നമ്മള്‍ അങ്ങനെ മാത്രം ആയിരിക്കുക എന്നത് ആധുനിക കാലത്തെ ജീവിതത്തിന് ചേര്‍ന്നതല്ല എന്ന് ഞാന്‍ പറയും. നമുക്ക് സാധ്യതകള്‍ ഉണ്ട് അത് തിരിച്ചറിയുകയും വേണ്ടവിധത്തില്‍ ഉപയോഗിക്കുകയുമാണ് വേണ്ടത്.നിരന്തരമായി പരിശ്രമിക്കുക. സ്വയം സ്നേഹിക്കുകയും അഭിമാനിക്കുകയും ചെയ്യുക. നിര്‍ണ്ണായക തീരുമാനങ്ങളെടുക്കേണ്ടി വരുമ്പോള്‍ കണ്‍സള്‍ട്ടിംഗ് ആവശ്യമാണെങ്കില്‍ അത് ചെയ്യണം. എടുത്ത തീരുമാനങ്ങള്‍ പ്രയോറിട്ടി അനുസരിച്ച് നടപ്പിലാക്കുക എന്നതാണ് വേണ്ടത്. അത്രയ്ക്ക് സ്നേഹരഹിതമല്ല ഈ ജനാധിപത്യവ്യവസ്ഥയും മനുഷ്യരും. നമ്മള്‍ അംഗീകരിക്കപ്പെടുന്നുണ്ട്, തിരിച്ചറിയപ്പെടുന്നുണ്ട്. അതിന്‍റെ സന്തോഷം മുന്നോട്ട് പോക്കിനുള്ള ഊര്‍ജ്ജം തരുന്നുണ്ട്.

‘ഗൂസ്ബെറി’യെ ‘കുറിച്ച് ,അതിന്‍റെ രാഷ്ട്രീയത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?
ഗൂസ്ബെറി ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ എന്നത് ഞാനും എന്‍റെ സുഹൃത്ത് പ്രസന്നന്‍ ധര്‍മ്മപാലനും കൂടിയുള്ള ഒരു പാര്‍ണര്‍ഷിപ്പ് ഫേം ആണ്. ഞങ്ങളുടെ പോളിസിയില്‍ ഉള്‍പ്പെടുന്ന ഒരു പ്രധാന കാര്യം കീഴാള വ്യവഹാരങ്ങളെ ഡോക്യുമെന്‍റ് ചെയ്യുക എന്നതാണ്. ‘സമകാലീനത സര്‍ഗാത്മകത, ജ്ഞാനരൂപീകരണം’ എന്ന പരമ്പരയില്‍ ഉള്‍പ്പെടുത്തി പത്ത് ദലിത്-ബഹുജന്‍ – ക്വിയര്‍ വ്യക്തികളുടെ പുസ്തകള്‍ ചെയ്യുന്നുണ്ട്. ആ വിഭാഗത്തിലെ രണ്ട് ബുക്കുകള്‍ ആണ് രജനി പാലാമ്പറമ്പില്‍ എഴുതിയ ‘ആ നെല്ലിമരം പുല്ലാണ്’ എന്ന ആത്മകഥയും, അലീന എഴുതിയ ‘സില്‍ക്ക് റൂട്ട്’ എന്ന കവിതാ സമാഹാരവും. അത് മലയാളി വായനക്കാര്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു. വായനക്കാര്‍ക്കിടയില്‍ അത് നല്ല നിലയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പ്രിയ വായനക്കാരോട് സ്നേഹവും നന്ദിയുമുണ്ട്. സോഷ്യല്‍ മീഡിയയിലും, പ്രിന്‍റ് മീഡിയയിലും വരുന്ന ഒരോ റിവ്യുവും ഞങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്നു .ദീര്‍ഘദൂരം പോവാനുള്ള കരുത്ത് അത് പകരുന്നുണ്ട്.
ഇപ്പോ ഇത്രയേ പറയുന്നുള്ളു. ബാക്കി ഞങ്ങള്‍ ഇറക്കുന്ന പുസ്തകങ്ങള്‍ പറയും.

 

 

 

 

 

ഷബാന നസ്റിന്‍
പത്രപ്രവര്‍ത്തക, ആക്ടിവിസ്റ്റ്

COMMENTS

COMMENT WITH EMAIL: 0