Homeവാസ്തവം

പെണ്ണ് ജീവിക്കട്ടെ

ജീവിക്കുന്നിടത്തോളം സുഖിച്ചു ജീവിക്കണം എന്നതാണ് ജീവിതത്തെക്കുറിച്ച് ചിലരുടെയെങ്കിലും കാഴ്ചപ്പാട്. സുഖം എന്നാല്‍ സുഖിച്ചു ജീവിക്കുക എന്നതാണ് അവര്‍ അര്‍ത്ഥമാക്കുന്നത്. എന്നാല്‍ അതാണോ സുഖം?. അസുഖം ഇല്ലാത്ത അവസ്ഥക്കല്ലേ സുഖം എന്നു പറയേണ്ടത്?. അസുഖം വരുന്നത് ശരീരത്തിനുമാത്രമാണോ? മനസ്സിന്‍റെ കാര്യം ആരു ഗണിക്കുന്നു? ഇതൊന്നും നമ്മുടെ വിഷയമല്ല തന്നെ. പണമുള്ളവര്‍ക്കു മാത്രം ജീവിക്കാന്‍ പറ്റുന്ന ഇക്കാലത്ത് പണമുണ്ടാക്കാനുള്ള വ്യഗ്രതയിലാണ് എല്ലാവരും. പണമുണ്ടാക്കുകയും അത് തോന്നുമ്പോള്‍ തോന്നുന്നതിന് ചെലവാക്കുകയും ചെയ്യുന്നിടത്തോളം സുഖം മറ്റൊന്നുമില്ല.

ഒരു പഠനത്തിന്‍റെ ഭാഗമായി വിവാഹിതരായ സ്ത്രീകളോട് സംസാരിക്കാനിടയായതില്‍ നിന്നാണ് സുഖത്തെക്കുറിച്ച് പറയാനിടവന്നത്. മിക്കവരും പറഞ്ഞത് സുഖമെന്തെന്ന് അവര്‍ അറിഞ്ഞിട്ടില്ല എന്നതാണ്. അവര്‍ അര്‍ഥമാക്കുന്ന സുഖം മുകളില്‍ പറഞ്ഞ സുഖമല്ല കേട്ടോ.മന:സുഖം തന്നെയാണ്.വിവാഹത്തിനു ശേഷം ആരുമല്ലാതായ അനുഭവമാണ് അവര്‍ പറഞ്ഞത്. അമ്മ പറഞ്ഞു തന്ന നേര്‍വഴികളും മര്യാദകളും ഭര്‍തൃഗൃഹത്തില്‍ വന്നപ്പോള്‍ തെറിച്ച വഴികളും മര്യാദക്കേടുമായി.ചെറുപ്പം മുതല്‍ ഇഷ്ടമില്ലാതെ വശമാക്കിയ നല്ല ശീലങ്ങള്‍ ദുഷിച്ചവയായി. അപ്പോള്‍ പിന്നെ എന്താണ് പെണ്ണിനെ പഠിപ്പിക്കേണ ശീലങ്ങള്‍? കണ്ടും കേട്ടും അനുഭവിച്ചും പെണ്ണു തന്നെ പഠിച്ചാല്‍ മതിയോ? അതു മതി.അതാണ് ശരി. അങ്ങനെ വന്നാല്‍ ഒരു പെണ്ണും അപമാനിതയാവില്ല. ഒരു പെണ്ണിന്‍റെ ജീവിതവും തകരില്ല. ഒരു പെണ്ണും കൊല ചെയ്യപ്പെടില്ല, ഒരു പെണ്ണും ആത്മഹത്യ ചെയ്യില്ല. അവള്‍ക്ക് ജീവിതാനുഭവങ്ങള്‍ ഉണ്ടാവണം. അനുഭവത്തില്‍ നിന്ന് അവള്‍ പാഠം പഠിക്കണം.പാഠത്തില്‍ നിന്ന് അവള്‍ ജീവിതം പഠിക്കും. ജീവിതാനും ജീവിപ്പിക്കാനും പഠിക്കും. അപ്പോള്‍ പിന്നെ അങ്ങനെയാവട്ടെ അല്ലേ?.

 

 

 

ഡോ.ജാന്‍സി ജോസ്

COMMENTS

COMMENT WITH EMAIL: 0