Homeഅഭിമുഖം

‘മൈത്രി’ക്കായൊരു പ്രസാധനം

താങ്കളുടെ ഇതുവരെയുള്ള യാത്രയെ കുറിച്ച് വായനക്കാരോട് പങ്കുവെയ്ക്കാമോ?
ഞാന്‍ ജനിച്ചത് അരക്കോണം എന്ന ഒരു ചെറിയ പട്ടണത്തിലാണ്. കുഞ്ഞുന്നാളില്‍ തെറ്റായ പല കാരണങ്ങളും കൊണ്ട് ഞാന്‍ സന്തുഷ്ടയായിരുന്നില്ല; അമ്മ ജോലിക്കു പോകുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു, കൂട്ടുകൂടാന്‍ ഞാന്‍ എന്നും പിന്നിലായിരുന്നു . എല്ലാകാലവും എന്‍റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ എന്‍റെ പുസ്തകങ്ങളായിരുന്നു. ചിത്രപുസ്തകങ്ങള്‍ മുതല്‍ ക്ലാസിക്കുകള്‍ വരെയുള്ള ഒരുപാട് പുസ്തകങ്ങള്‍ അച്ഛന്‍ വാങ്ങിത്തരുമായിരുന്നു. എഴുത്തിനെക്കുറിച്ച് അധികമൊന്നും അറിയില്ലെങ്കിലും എഴുത്തുകാരി അല്ലെങ്കില്‍ ഒരു വക്കീല്‍ ആകണമെന്നായിരുന്നു എന്‍റെ ആഗ്രഹം. കുടുംബത്തിലെല്ലാവരും എഞ്ചിനീയര്‍മാരും മറ്റു ശാസ്ത്രവിഭാഗങ്ങളില്‍ പെട്ടവരുമായതുകൊണ്ടു ഇംഗ്ലീഷ് സാഹിത്യം പഠിക്കാനുള്ള എന്‍റെ ആഗ്രഹത്തെ ആരും പ്രോത്സാഹിപ്പിച്ചില്ല. മറ്റുവിഷയങ്ങളെ അപേക്ഷിച്ചു എളുപ്പമെന്നു തോന്നിയതുകൊണ്ടാണ് ഗണിതം എടുത്തത്. അന്നെനിക്ക് ഇന്നത്തെ ധൈര്യമില്ലായിരുന്നു. അതുകൊണ്ടു എല്ലാവരെയുംപോലെ ഒരു ഓഫീസ് ജോലി തിരഞ്ഞെടുത്തു.

പ്രേമ രേവതി

ആദ്യത്തെ ജോലി സണ്‍ ടീവിയിലെ പത്രപ്രവര്‍ത്തകയായിട്ടായിരുന്നു. ആ ജോലിയില്‍ ഏഴുവര്‍ഷക്കാലം തുടര്‍ന്നു. ജീവിതകാലം മുഴുവന്‍ ഒരേ ജോലി ചെയ്യുന്നതിന്‍റെ മടുപ്പ് അന്നേ ഞാന്‍ മുന്‍കൂട്ടി കണ്ടിരുന്നു. അതിനു ശേഷം സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അക്കാലത്താണ് തമിഴ്നാട്ടിലെ സുനാമി സംഭവിച്ചത്. സഹായപ്രവര്‍ത്തനത്തോട് അനുബന്ധിച്ചാണ് നാഗപട്ടണത്തില്‍ എത്തുന്നത്.  അന്ന് അവിടെ കണ്ട കാഴ്ചകള്‍ എന്നെ ഒരുപാട് സ്വാധീനിച്ചു. പട്ടികവര്‍ഗ്ഗത്തില്‍പെട്ട കുട്ടികള്‍ക്ക് ഒരു സ്കൂള്‍ തുടങ്ങാനായാണ് താത്കാലികമായി നാഗപട്ടണത്തില്‍ താമസം തുടങ്ങിയത്. പക്ഷേ അവിടെ കണ്ടുമുട്ടിയ കുട്ടികള്‍ എന്‍റെ ജീവിതത്തിന്‍റെ ഗതിതന്നെ മാറ്റി. ‘വാനവില്‍’ കുട്ടികള്‍തന്നെ സ്കൂളിന് നല്‍കിയ പേരാണ്. അതിനുശേഷം സിനിമയിലേക്കു തിരിച്ചുപോവാന്‍ ശ്രമിച്ചെങ്കിലും എന്‍റെ ശരിയായ ജീവിതകര്‍മം കുട്ടികളുടെകൂടെയാണെന്നു മനസ്സിലാക്കി നാഗപട്ടണത്തിലേക്കു മടങ്ങി. വാനവില്‍ ഇന്ന് പട്ടികവിഭാഗത്തില്‍ പെട്ടവരുടെ വിദ്യാഭ്യാസത്തിനും, ജീവിതമാര്‍ഗത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്.

പ്രസിദ്ധീകരണത്തിലേക്കു എത്തുന്നതെങ്ങനെയാണ്? ‘മൈത്രി’യെ കുറിച്ച് പറയാമോ?
പത്രപ്രവര്‍ത്തനത്തോട് അനുബന്ധിച്ചു എഴുത്തിലേക്ക് കടന്നിരുന്നു. അതോടൊപ്പംതന്നെ തുടര്‍ച്ചയായിട്ടല്ലെങ്കിലും എന്നെ വളരെയേറെ സ്വാധീനിച്ച മറ്റുപലവിഷയങ്ങളെക്കുറിച്ചും എഴുതിയിരുന്നു. തമിഴില്‍ ലിംഗസമത്വത്തെയും ലൈംഗികചൂഷണത്തെയും കുറിച്ച് അധികമൊന്നും ആരും എഴുതിയിരുന്നില്ല. ആ കുറവുനികത്താന്‍ ഞാന്‍ ശ്രമിച്ചിരുന്നു. ഭാഷ വിവര്‍ത്തനത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അധികാരശ്രേണിയില്‍ തുല്യത വരുത്താനുള്ള കഴിവ് വിവര്‍ത്തനത്തിനുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. എഴുത്ത് എനിക്കൊരു ലഹരിയാണ്, എന്നാല്‍ എല്ലാവര്‍ക്കും അതിലേക്കു എത്തിച്ചേരാന്‍ കഴിയില്ല. അതില്‍ മാറ്റം വരുത്താനാണ് മൈത്രിയിലൂടെ ഞങ്ങള്‍ ശ്രമിക്കുന്നത്. വേണ്ടുവോളം എഴുതപ്പെടാത്തതായ ഒരുപാട് വിഷയങ്ങളുണ്ട്. കേള്‍ക്കപ്പെടാത്തതായ ഒരുപാട് സ്ത്രീശബ്ദങ്ങള്‍ നമുക്കുചുറ്റുമുണ്ട്. അവര്‍ക്ക് ഒരുപാട് പറയാനുമുണ്ട്. പ്രാദേശിക ഭാഷകളിലെ അത്തരം ശബ്ദങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്ന സ്ത്രീപക്ഷപ്രസിദ്ധീകരണശാലയാണ് മൈത്രി. ചരിത്രകാരിയും അടുത്ത സുഹൃത്തുമായ വി ഗീതയോടൊപ്പമുള്ള ചര്‍ച്ചകളിലൂടെയാണ് മൈത്രിയുടെ ആശയം രൂപംകൊണ്ടത്.

വാനവില്‍ സ്കൂളിനെക്കുറിച്ച് പറയാമോ ? ലോക്ക്ഡൗണ്‍ കാലത്ത് എങ്ങനെയാണ് പ്രവര്‍ത്തനങ്ങള്‍ മുന്‍പോട്ടു കൊണ്ടുപോയത്?
കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. നരികുരവര്‍, ബൂം ബൂം മട്ടുകാരാര്‍ എന്നീ വിഭാഗങ്ങളിലുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ ദിവസവേതനത്തിനു ജോലിചെയ്യുന്നവരാണ്. അവരുടെ വരുമാനത്തിന്‍റെ ഏറിയ പക്ഷവും കാട്ടില്‍നിന്നും മറ്റും ശേഖരിക്കുന്ന വസ്തുക്കളില്‍നിന്നുമാണ്. ഇവരില്‍ ഏറെപ്പേരും കോറോണ ലോക്ഡൗണിന്‍റെ രണ്ടാംദിവസം മുതല്‍ വരുമാനം നഷ്ടപ്പെട്ടവരാണ്. ഈ അനിശ്ചിതാവസ്ഥയില്‍ കുട്ടികള്‍ക്കായി വാനവില്‍ തുറക്കേണ്ടത് അത്യാവശ്യമായിരുന്നു. അതിനായി ലോക്ക്ഡൗണിന്‍റെ തുടക്കത്തില്‍ തന്നെ ഞങ്ങള്‍ തയ്യാറെടുത്തിരുന്നു. തമിഴ്നാട് എമ്പാടുമുള്ള ബൂം ബൂം മട്ടുകാരാര്‍ വിഭാഗവുമായി ചേര്‍ന്നു ഞങ്ങള്‍ പ്രവര്‍ത്തിച്ചു. കുട്ടികളുമായി ഞങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിച്ചു. ദിവസേന എട്ടുമണിക്കൂര്‍ ക്ലാസുകള്‍ ഇല്ലായിരുന്നുവെങ്കിലും കളികളിലും മറ്റും അവരെ ഏര്‍പ്പെടുത്തുകയും അതിലൂടെ ശുചിത്വപാലന പ്രക്രിയകളെ പറ്റി പഠിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ താല്പര്യവും ഉത്സാഹവും ഞങ്ങളെ ഒരുപാട് പ്രോത്സാഹിപ്പിച്ചു. വാനവില്‍ വളര്‍ത്തുന്നത് കുട്ടികളെ മാത്രമല്ല, അവരുടെ കുടുംബങ്ങളെയുംകൂടിയാണ്.

മൈത്രി പ്രസിദ്ധീകരിച്ച പുസ്തകങ്ങളെ കുറിച്ച് പറയാമോ? എങ്ങനെയാണ് പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നത്?
മൈത്രി ഇന്നും ഒരു ചെറിയ സംരംഭമാണ്. ഞങ്ങള്‍ സ്ഥാപകര്‍ തന്നെയാണ് തൊഴിലാളികളും. ഞാന്‍ സ്ത്രീപക്ഷ മുന്നേറ്റത്തിനു വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിരുന്നു. പ്രസിദ്ധീകരണവും എനിക്ക് അതുപോലെയാണ്. അംബേദ്കര്‍ പക്ഷം ചേര്‍ന്ന സംരംഭമായാണ് ഞങ്ങള്‍ തുടക്കം കുറിച്ചത് . മൈത്രി ആദ്യമായി പ്രസിദ്ധീകരിച്ചത് ലക്ഷ്മിഅമ്മയുടെ ‘ലക്ഷ്മി എന്നും പയനി’ എന്ന തമിഴ് പുസ്തകം ആയിരുന്നു. ഒരു ബ്ലോഗ് രൂപത്തില്‍ ഘട്ടങ്ങളായാണ് ലക്ഷ്മിയമ്മ എഴുതിത്തുടങ്ങിയത് . മൈത്രി തുടങ്ങും മുന്‍പ് അഞ്ചു ഭാഗങ്ങളോളം പ്രസിദ്ധീകരിച്ചിരുന്നു. ആദ്യമായി വായിച്ചപ്പോള്‍ എനിക്ക് അത്ഭുതമാണ് തോന്നിയത്. സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഇടതുപക്ഷ നേതാക്കള്‍ അവരുടെ ജീവിതത്തെപ്പറ്റി മുന്‍പും എഴുതിയിട്ടുണ്ട്. എന്നാല്‍ ആദ്യമായിട്ടായിരുന്നു ഒരു നേതാവിന്‍റെ ഭാര്യയും, കമ്മിറ്റി അംഗവുമായ ഒരു സ്ത്രീ തന്‍റെ ദൈനംദിന ജീവിതത്തെപ്പറ്റി എഴുതുന്നത്. അവരുടെ എഴുത്തുശൈലി അനായാസമായി വിരോധാഭാസം ഉള്‍പ്പെടുത്തുന്നതാണ്. സ്കൂള്‍ പൂര്‍ത്തിയാക്കാത്ത, ജീവിതത്തിന്‍റെ ഏറിയ ഭാഗവും ഫാക്ടറി തൊഴിലാളിയായി ജോലിചെയ്ത ഒരു പാര്‍ട്ടി പ്രവര്‍ത്തകയുടെ ആദ്യപുസ്തകത്തിനു ഇത്രയേറെ മൂല്യമുണ്ടെന്നു അവര്‍ പോലും വിശ്വസിച്ചിരുന്നില്ല. ആ പുസ്തകം പുറംലോകം കാണേണ്ടത് എന്‍റെ കൂടി ആവശ്യമായിരുന്നു. എഴുത്തു പൂര്‍ത്തിയാക്കിയതിനുശേഷം ലക്ഷ്മിയമ്മ വിളിച്ചപ്പോള്‍ പ്രസിദ്ധീകരണം എന്ന ചിന്ത ഉടലെടുക്കുന്നതേയുണ്ടായിരുന്നുള്ളു. ഒരു തരത്തില്‍ ആ പുസ്തകം ഞങ്ങളെ തിരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് ദക്ഷിണേന്ത്യയിലെയും മഹാരാഷ്ട്രയിലെയും ദളിത് യുവതികളുടെ കവിതാസമാഹാരം ‘ഖൈര്‍ലാന്‍ജിയിന്‍ കാലത്തില്‍ കാതല്‍’ പ്രസിദ്ധീകരിച്ചു. ഇതൊരു ബഹുഭാഷാ വിവര്‍ത്തന സംരംഭമായിരുന്നു. അവസാനമായി പ്രസിദ്ധീകരിച്ച പുസ്തകം, ‘മുതല്‍ പെണ്‍കള്‍,’കൗമാരക്കാരായ പെണ്കുട്ടികള്‍ക്കുവേണ്ടിയാണ്. വിവിധ മേഖലകളില്‍ സ്ത്രീസാന്നിധ്യത്തിനു തുടക്കമിട്ടവരെ കുറിച്ചുള്ള ഉപന്യാസശേഖരം വളര്‍ന്നു വരുന്ന പെണ്‍കുട്ടികള്‍ക്കു പ്രചോദനമാകുമെന്നു പ്രതീക്ഷിക്കുന്നു. തമിഴ്നാട് വനിതാകമ്മീഷന്‍റെ ആദ്യ ചാന്‍സലര്‍ വസന്തദേവിയുടെ ജീവിതാനുഭവങ്ങള്‍, അംബേദ്കറിനെ സംബന്ധിച്ചുള്ള പുസ്തകങ്ങളുടെ വിവര്‍ത്തനങ്ങള്‍, എന്നിവയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സമൂഹം എന്ന നിലയില്‍, സ്ത്രീകളെ നമ്മള്‍ പലപ്പോഴും കുടുംബം അല്ലെങ്കില്‍ ജോലി, ഏതെങ്കിലും ഒന്ന് മറ്റൊന്നിനു മേലെ തിരഞ്ഞെടുക്കാന്‍ ആണ് പഠിപ്പിക്കാറ്. താങ്കള്‍ പുരുഷ മേല്‍ക്കോയ്മ വാഴുന്ന , സിനിമ, പത്രപ്രവര്‍ത്തനം പോലുള്ള ഒരുപാട് മേഖലകളില്‍ ജോലിചെയ്തിട്ടുണ്ട്. എന്നെങ്കിലും ഇഷ്ടമില്ലാത്ത തീരുമാനങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിതയായിട്ടുണ്ടോ?
എനിക്ക് വേണ്ടെന്നു തോന്നിയ കാര്യങ്ങള്‍ ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യം പണ്ടേയുണ്ടായിരുന്നു. യാഥാസ്ഥിതിക ചിന്തപുലര്‍ത്തുന്ന സ്ത്രീയായിരുന്നെങ്കിലും എന്‍റെ അമ്മ വിദ്യാഭ്യാസത്തിനും ജോലിസംബന്ധമായും പുറത്തുപോകുന്നത് പണ്ടേ പ്രോത്സാഹിപ്പിച്ചിരുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ ഏറെയുണ്ടായിരുന്നുവെങ്കിലും അമ്മ ഒരിക്കലും എന്നെ എന്‍റെ താല്പര്യങ്ങളില്‍നിന്നും പിന്‍തിരിപ്പിച്ചിട്ടില്ല. എന്നാലും കുടുംബജീവിതത്തിലെ ചില തീരുമാനങ്ങള്‍ തെറ്റായിപ്പോയെന്നു പില്‍കാലത്ത് തോന്നിയിട്ടുണ്ട്. ഞാന്‍ ഒരിക്കല്‍ വിവാഹിതയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നസമയത്തു വിവാഹം ഉചിതമായിത്തോന്നി. ഇന്നാലോചിക്കുമ്പോള്‍ ആ തീരുമാനത്തിനുള്ള കാരണങ്ങള്‍ ശരിയായിരുന്നുവെന്നു തോന്നുന്നില്ല. ഞാന്‍ എന്നും സ്വന്തം തീരുമാനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തിട്ടുണ്ട്. അതിനാല്‍ ധാരാളം സുഹൃദ്ബന്ധങ്ങളും മറ്റും നഷ്ടമായിട്ടുമുണ്ട്. ആ കാര്യത്തില്‍ ഞാന്‍ എന്‍റെ അമ്മയെ പോലെയാണ്.

തമിഴ് പ്രസിദ്ധീകരണമേഖല വളരെ അസംഘടിതമാണ്. മറ്റു മേഖലകള്‍ പോലെ പുരുഷമേധാവിത്ത്വം ഇവിടെയും അനുഭവപ്പെടുന്നുണ്ട്. പുസ്തകങ്ങളെക്കുറിച്ചു മാത്രമല്ല, സ്ത്രീകളെക്കുറിച്ചും ഇവര്‍ക്ക് ധാരാളം അഭിപ്രായങ്ങളുണ്ട് . പുരുഷശബ്ദങ്ങളുടെയത്ര സ്ഥാനം ലഭിക്കുന്നില്ലെങ്കിലും ശക്തമായ കാഴ്ചപ്പാടുള്ളവരാണ് ഞങ്ങളും. എന്നിരുന്നാലും പലയിടങ്ങളില്‍നിന്നും ഒരുപാട് സഹായം ലഭിച്ചിട്ടുണ്ട്. മേളകളിലും ഓഫീസുകളിലും സ്ത്രീകള്‍ക്കുള്ളയിടം ചുരുങ്ങിയതാണ്. അത് മാറേണ്ടിയിരിക്കുന്നു.

സ്ത്രീകള്‍ക്ക് പുസ്തക പ്രസിദ്ധീകരണ മേഖലയില്‍ ഉള്ള സാധ്യതകളെക്കുറിച്ച് പറയാമോ?
പൊതുവെയുള്ള കാഴ്ചപ്പാട് പ്രസിദ്ധീകരണം യാന്ത്രികമായ ഒരു പ്രവര്‍ത്തിയാണ് എന്നാണ്. എന്നാല്‍ ഒരു പുസ്തകം തയ്യാറാക്കുന്നത് അതിനു ജീവന്‍ കൊടുക്കുന്നതുപോലെയാണ്. തീര്‍ച്ചയായും എഴുത്തുകാര്‍ക്കാണ് ഇതില്‍ ഏറ്റവുംകൂടുതല്‍ പ്രാധാന്യം. പക്ഷേ ഒരു പുസ്തകം ചിട്ടപ്പെടുത്തുന്നതില്‍ ഒരുപാടുപേര്‍ക്കു പങ്കുണ്ട്. താല്പര്യമുള്ളവരോട് പറയാന്‍ എനിക്ക് ഒന്നേയുള്ളു: ഇവിടെ കിട്ടുന്ന സംതൃപ്തിയും സന്തോഷവും വേറെതന്നെയാണ്. വായനയും എഴുത്തും അറിഞ്ഞാല്‍ മാത്രം പോരാ, ശക്തമായ ഒരു നിലപാട് പ്രസാധക എന്ന കടമയ്ക്കു അത്യാവശ്യമാണ്. ഭാഷയ്ക്കും ഏറെ പ്രാധാന്യമുണ്ട്. ബിരുദങ്ങള്‍ക്കല്ല, മറിച്ച് ഒരു നല്ലപുസ്തകത്തെ തിരിച്ചറിയാനുള്ള കഴിവിനാണ് ഇവിടെ പ്രാധാന്യം. ഇന്ന് പുസ്തകം കടലാസ്സില്‍ നിന്നും നമ്മുടെ വിരല്‍ത്തുമ്പിലേക്കു എത്തിയിരിക്കുന്നു. അതിനാല്‍ സാങ്കേതിക പ്രാവീണ്യമുള്ള യുവതലമുറയ്ക്കു ഇവിടെ മികച്ച ഭാവിയുണ്ട്. പുറംമോടി നോക്കി പുസ്തകം തിരഞ്ഞെടുക്കരുത് എന്നു പറയുമെങ്കിലും, കലയും, കലാകാരും പുസ്തകങ്ങളുടെ വലിയ ഭാഗം തന്നെയാണ്.

താങ്കള്‍ എല്‍.ജി.ബി.ടി.ക്യു വിഭാഗത്തെ പിന്തുണക്കുന്ന വ്യക്തിയാണല്ലോ . മറ്റു മാധ്യമങ്ങളെ അപേക്ഷിച്ചു പ്രസിദ്ധീകരണം എങ്ങനെയാണ് അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ ശബ്ദം ഉയര്‍ത്താന്‍ വഴിയൊരുക്കുന്നത്?
എല്‍.ജി.ബി.ടി.ക്യു+ വിഭാഗങ്ങളെക്കുറിച്ചു ഇനിയും ഏറെ എഴുതപ്പെടാനുണ്ട്. മൈത്രി ഈ കുറവ് നികത്താന്‍ ശ്രമിക്കുകയാണ്. പ്രാദേശികഭാഷകളിലും ഇവ എഴുതപ്പെടേണ്ടിയിരിക്കുന്നു. അവരുടെ ജീവിതാനുഭവങ്ങള്‍ വായിക്കുമ്പോള്‍ സമൂഹത്തില്‍ നമുക്കുള്ള സ്ഥാനത്തേയും അതുകൊണ്ടു വരുത്താന്‍ കഴിയുന്ന മാറ്റങ്ങളെയും കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. വിരലിലെണ്ണാവുന്ന പുസ്തകങ്ങളേ തമിഴില്‍ ഈ വിഭാഗങ്ങളെ കുറിച്ച് എഴുതപ്പെട്ടിട്ടുള്ളു. തീര്‍ച്ചയായും ഇന്ന് ഇവരോടുള്ള സ്വീകാര്യത വര്‍ദ്ധിച്ചിട്ടുണ്ട്. പതിനഞ്ചു വര്‍ഷം മുന്‍പ് രേവതിയുടെ പുസ്തകം ‘വെള്ളയ് മൊഴി’ അമാനുഷികമായിരുന്നു. എന്നാല്‍ ഇന്നത് ഒരുപാട് ശബ്ദങ്ങള്‍ക്ക് പുറത്തുവരാനുള്ള പ്രചോദനമായി മാറിയിരിക്കുന്നു. ഇന്ന് ആ വിഭാഗങ്ങള്‍ക്ക് പുറത്തും ഇത്തരം പുസ്തകങ്ങള്‍ക്ക് ഒരുപാട് വായനക്കാരുണ്ട്. രേവതിയുടേത് പോലെ ഒരുപാട് കഥകള്‍ നമുക്ക് ഇനിയും കേള്‍ക്കാനുണ്ട്. അതിനുള്ള ഇടം നമ്മള്‍ നിര്‍മ്മിക്കേണ്ടതുണ്ട്.

പ്രസിദ്ധീകരണ മേഖലയില്‍ നിന്നുള്ള വ്യക്തിയെന്ന നിലയില്‍ വായന ഇന്നും പലര്‍ക്കും കൈയെത്തിപ്പിടിക്കാന്‍ കഴിയാത്ത ആഡംബരം ആണ് എന്ന് തോന്നുന്നുണ്ടോ?
ഞാന്‍ താമസിക്കുന്നത് നാഗപട്ടണത്തിലാണ്. ഇവിടെ ഒരു പുസ്തകശാലപോലും ഇല്ല. എന്നാല്‍ കഴിയുന്ന രീതിയില്‍ പുസ്തകങ്ങള്‍ സമ്മാനിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ചെന്നൈയില്‍ ഇത് വളരെ എളുപ്പമായിരുന്നു. എന്നാല്‍ നാഗപട്ടണം പോലുള്ള ഒരിടത്തു പുസ്തകങ്ങള്‍ വരുത്താന്‍ ഏറെ ബുദ്ധിമുട്ടുണ്ട്. പലപ്പോഴും മൈത്രിയുടെ പുസ്തകങ്ങള്‍ തന്നെ സമ്മാനിക്കേണ്ടിവന്നിട്ടുണ്ട്. നാഗപട്ടണത്തിന്‍റെ അവസ്ഥ ഇതാണെങ്കില്‍ ബാക്കി മുപ്പത്തിരണ്ട് ജില്ലികളുടെ അവസ്ഥ നമുക്ക് സങ്കല്പിക്കാവുന്നതേയുള്ളു. നമ്മുടെ കോളേജ് പാഠ്യപദ്ധതികളില്‍ തന്നെ പുസ്തകങ്ങളുടെ എണ്ണവും, അവയുടെ ലഭ്യതയും ചുരുങ്ങിയതാണ് . ഇത് മാറേണ്ടിയിരിക്കുന്നു. വായനാശീലം വേണോ വേണ്ടയോ എന്നത് യുവതലമുറയുടെ തീരുമാനമാണ്. എന്നാല്‍ അതിനാദ്യം പുസ്തകങ്ങളുടെ ലഭ്യത ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. ഒരു ജനതയെ തന്നെ മാറ്റി മറിക്കാനുള്ള കഴിവ് പുസ്തകങ്ങള്‍ക്കുണ്ട്.

മിന
ഇംഗ്ലീഷ് സാഹിത്യ ബിരുദ വിദ്യാര്‍ത്ഥി, ചെന്നൈ

കൃഷ്ണ
ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി, നാടക പ്രവര്‍ത്തക, ചെന്നൈ

 

 

 

 

 

 

 

 

 

 

 

COMMENTS

COMMENT WITH EMAIL: 0