Homeചർച്ചാവിഷയം

പ്രസാധകരംഗത്തെ നവ സ്ത്രീ മുന്നേറ്റങ്ങള്‍

പ്രസാധക രംഗത്തെ സ്ത്രീ സാന്നിധ്യങ്ങളെ കുറിച്ച് ഏറെയൊന്നും ചര്‍ച്ച ചെയ്തു കേട്ടിട്ടില്ല. അതുകൊണ്ട് തന്നെ പുതുമ തോന്നുന്ന ഒരു ചര്‍ച്ചാ വിഷയവുമാണത്. നിലനില്‍ക്കുന്ന പുരുഷാധിപത്യ പ്രവണത വച്ച് വിലയിരുത്തുമ്പോള്‍ മറ്റു പല മേഖലകളേയും പോലെ തന്നെ ഇതര ലിംഗത്തില്‍ ഉള്ള സാധ്യതയെ പോലും തള്ളിക്കളയും വിധം സാധാരണീകരിച്ചു പോയ ഒന്നായിട്ടാണ് വേണം പ്രസാധക രംഗത്തേയും വിലയിരുത്താന്‍. എന്തുകൊണ്ടായിരിക്കാം പ്രസാധക രംഗം ഇവ്വിധം പുരുഷകേന്ദ്രീകൃതമായിരിക്കുക എന്ന് ചിന്തിക്കുമ്പോള്‍ സാമൂഹിക വും സാംസ്കാരിക വും സാമ്പത്തികവുമായ ഒട്ടനവധി കാര്യങ്ങളിലേക്കാണ് ചെന്നെത്തുക. എല്ലാത്തിലുമുപരിയായി എഴുത്തിന്‍റെ ചരിത്ര വഴിയില്‍ സ്ത്രീ എപ്രകാരമായിരുന്നു രേഖപ്പെടുത്തപ്പെട്ടിരുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്. മറ്റു പല മേഖലകളെയും പോലെ തന്നെ എഴുത്തിന്‍റെ ലോകവും സ്ത്രീകള്‍ക്ക് അപ്രാപ്യവും അന്യവുമായി മാറിയത് ഒരു ഷോവനിസ്റ്റിക് അജണ്ട ആയി കരുതാവുന്നതാണ്. സ്ത്രീ എഴുതുമ്പോള്‍ അത് എന്ത് തന്നെയായാലും സ്ത്രീയുടെ പരിപ്രേക്ഷ്യത്തിലുള്ള ചരിത്ര രേഖയായി കണക്കാക്കാവുന്നതാണ്. അതുവരേയുണ്ടായിരുന്ന ചരിത്രങ്ങളെ നിരാകരിക്കുന്നതായിട്ടാണ് സ്ത്രീ എഴുത്തുകളില്‍ കാണാന്‍ സാധിക്കുക. അതുവരെ നമ്മള്‍ കണ്ടതെല്ലാം പുരുഷന്‍റെ വീക്ഷണത്തിലൂടെ വന്ന അനുഭവ ലോകങ്ങളാണ്. അങ്ങിനെ നോക്കുമ്പോള്‍ ആണ്‍ കോയ്മ ചമയ്ക്കുന്ന ചട്ടക്കൂടിനകത്ത് രൂപീകൃതമാകുന്ന വ്യവഹാര നിര്‍മിതികളുടെ പൊളിച്ചെഴുത്തായി മാറാറുണ്ട് പലപ്പോഴും സ്ത്രീ രചനകള്‍. ഇക്കാരണങ്ങള്‍ കൊണ്ടൊക്കെയാവാം സ്ത്രീ എഴുത്തുകള്‍ അരികുകളിലേക്ക് നീക്കപ്പെട്ടിട്ടുണ്ടായിരിക്കുക.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ പ്രത്യേക സാമൂഹിക ഘടനയ്ക്കകത്ത് എഴുത്തുകാരിയായ സ്ത്രീയോടുള്ള സമീപനത്തിലുള്ള ആശങ്കയാവാം പില്‍കാലത്ത് ആംഗലേയ സാഹിത്യത്തിലെ അനിഷേധ്യ സാന്നിധ്യങ്ങളായ ബ്രോണ്ടി സഹോദരിമാര്‍, ആന്‍, എമിലി, ഷാര്‍ലെറ്റ് എന്ന തങ്ങളുടെ പേരുകള്‍ മറച്ചു വച്ച് ക്യൂറര്‍ ബെല്‍, എല്ലിസ് ബെല്‍, ആക്ടന്‍ ബെല്‍ എന്ന പുരുഷ നാമങ്ങളില്‍ നോവലുകളും കവിതകളും എഴുതിയിരുന്നത്. ജോര്‍ജ് എലിയറ്റ് എന്ന പേരില്‍ എഴുതേണ്ടി വന്ന മേരി ആന്‍ ഇവാന്‍സ് (1819 1880) ആണ് മറ്റൊരുദാഹരണം. എന്തിനേറെ പറയുന്നു ഹാരി പോട്ടര്‍ കൃതികളിലൂടെ ലോകം ആഘോഷിക്കുന്ന എഴുത്തുകാരിയായ ജെ. കെ റൗളിംഗിന്‍റെ തുടക്കകാലം ഇത്തരം ആശങ്കകള്‍ നിറഞ്ഞതായിരുന്നു. ഒരു സ്ത്രീ എഴുതിയ മാന്ത്രിക കഥകള്‍ ആണ്‍കുട്ടികള്‍ എപ്രകാരം സ്വീകരിക്കും എന്നതായിരുന്നു ആ ആശങ്കയ്ക്ക് പിന്നില്‍. പബ്ലിഷറുടെ ആവശ്യപ്രകാരം ജൊവാന്‍ റൗളിംഗ് എന്ന സ്വന്തം പേരിന് പകരം ജെ. കെ റൗളിംഗ് എന്ന് പുനര്‍നാമകരണം നടത്തുകയായിരുന്നു. എന്നാല്‍ പില്‍കാലത്ത് അവരുടെ തന്നെ ക്രൈം നോവല്‍ സീരീസിനും ഇത്തരത്തില്‍ എഴുത്തുകാരിയുടെ ഐഡന്‍റിറ്റി മറച്ചു വയ്ക്കേണ്ടി വന്നിട്ടുണ്ട്. എന്ത് ന്യായീകരണമായാലും റോബര്‍ട്ട് ഗാല്‍ബ്രൈത് എന്ന പുരുഷനാമത്തിലാണ് അവയോരോന്നും പ്രസിദ്ധീകൃതമായത് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ബ്രോണ്ടി സഹോദരിമാര്‍

ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സ്ഥിതി ഏറെയൊന്നും വിഭിന്നമല്ല. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാനകാലത്ത് യാത്രാവിവരണങ്ങളെഴുതിയ ബംഗാളി സ്ത്രീകളില്‍ ചിലരെങ്കിലും സ്വന്തം പേര് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നതായി സോമദത്ത മൊണ്ഡല്‍ നിരീക്ഷിയ്ക്കുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ സ്ത്രീകള്‍ എഴുതിയ യാത്രാവിവരണങ്ങള്‍ കത്തുകളുടെയും ഡയറിയുടെ രൂപത്തിലുള്ളവയുമായിരുന്നു. തങ്ങള്‍ ഇത് ഒരിക്കലും പ്രസിദ്ധീകരിക്കാന്‍ വേണ്ടി എഴുതിയവയല്ല എന്ന് ദ്യോതിപ്പിക്കും വിധമായിരുന്നു അവരുടെ രചനകള്‍ എന്ന കാള്‍ തോംസന്‍റെ നിരീക്ഷണം ഇതോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. വ്യവസ്ഥാപിതമായ ചട്ടക്കൂടിനുള്ളില്‍ നിന്ന് വേണം സ്ത്രീ രചനകള്‍ നടത്താന്‍ എന്ന വ്യവക്ഷയായിരുന്നിരിക്കും ഇത്തരത്തിലുള്ള എഴുത്തുകള്‍ക്കാധാരം. അതിന് പുറത്തു കടന്നവര്‍ നിശിതമായി വിമര്‍ശിക്കപ്പെടുകയും കളിയാക്കലുകള്‍ക്ക് വിധേയരാവുകയും ചെയ്തു എന്ന് സൂസന്‍ ബസ്സ്നറ്റ് തന്‍റെ ‘യാത്ര എഴുത്തും ജെന്‍ഡറും’ എന്ന ലേഖനത്തില്‍ നിരീക്ഷിക്കുന്നുണ്ട്. കേരളത്തിന്‍റെ പശ്ചാത്തലത്തിലും സ്ഥിതി ഏതാണ്ട് ഇതുപോലെ തന്നെയായിരുന്നു. യാത്രാവിവരണം പോലെ പുരുഷന്‍റെ കുത്തകയായിരുന്ന സാഹിത്യശാഖയില്‍ സ്ത്രീ നടത്തിയ കാല്‍വയ്പുകള്‍ക്ക് പലപ്പോഴും സ്വന്തം പേര് ഉപയോഗിച്ചിരുന്നില്ല. മലയാളി യുവതി, പെണ്‍കിടാവ്, മുത്തശ്ശി, വീട്ടമ്മ എന്ന് തുടങ്ങി മിസ്സിസ് എന്ന സംജ്ഞക്ക് പിന്നിലായിരുന്നു തുടക്കകാലത്ത് പല സ്ത്രീകളും എഴുതിയിരുന്നത്.

എഴുത്തിന്‍റെ ലോകത്ത് ചുവടു വയ്പുകള്‍ നടത്തിയെങ്കിലും ക്രൂരമായ വിമര്‍ശനങ്ങളെ നേരിടാന്‍ സാധിക്കാതെ സ്വജീവന്‍ തന്നെ കളയേണ്ടി വന്ന രാജലക്ഷ്മി മലയാള സാഹിത്യ ചരിത്രത്തില്‍ തീരാവേദനയായി നിലനില്‍ക്കുന്നു. ഇത് സാഹിത്യ രംഗത്തെ മാത്രം പ്രത്യേകതയായി കാണക്കാക്കാന്‍ ആവില്ല. കാരണം, അത്തരത്തില്‍ ഇതര മേഖലയില്‍ ചുവടു വയ്പുകള്‍ നടത്തിയ സ്ത്രീകള്‍ അതിശക്തമായ എതിര്‍പ്പുകള്‍ ആണ് നേരിടേണ്ടി വന്നത്. വിഗതകുമാരന്‍ എന്ന ചലച്ചിത്രത്തില്‍ അഭിനയിച്ചത് കൊണ്ട് ദളിത് സമുദായത്തില്‍ നിന്നുള്ള പി. കെ റോസിക്ക് സ്വന്തം നാട് വിട്ട് പലായനം ചെയ്യേണ്ടി വന്നതും ലജ്ജിപ്പിക്കുന്ന ചരിത്രമാണ്.

പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മുതുപളനി എന്ന ദേവദാസിയായ പണ്ഡിത കവയിത്രിയുടെ ‘രാധികാ സാന്ത്വനം’ എന്ന കൃതിയെ അതിന്‍റെ പൂര്‍ണ്ണ രൂപത്തില്‍ പുനഃപ്രസിദ്ധീകരിക്കാന്‍ ബാംഗ്ലൂര്‍ നാഗരത്നമ്മ എന്ന വിദുഷിയായ കലാകാരി നടത്തിയ നിയമ യുദ്ധങ്ങള്‍ സ്ത്രീ എഴുത്തുകളോടുള്ള പൊതുസമീപനമാണ് വെളിവാക്കുന്നത്. ഒരു സ്ത്രീ എഴുതിയ കൃതിയിലെ സഭ്യമല്ലാത്ത ഉള്ളടക്കമായിരുന്നു പ്രധാന തടസ്സമായി നിന്നത്. പക്ഷെ അക്കാലത്ത് തന്നെ പ്രസിദ്ധീകൃതമായ പുരുഷ രചനകള്‍ക്ക് ഇതൊന്നും ബാധകമായിരുന്നില്ല എന്ന് സൂസി താരുവും കെ ലളിതയും ചേര്‍ന്ന് പ്രസിദ്ധപ്പെടുത്തിയ ഇന്ത്യന്‍ സ്ത്രീ രചനകളുടെ ആന്തോളജിയില്‍ സൂചിപ്പിക്കുന്നുണ്ട്. സ്ത്രീ എങ്ങിനെ എഴുതണം, ഇന്നതേ എഴുതാവൂ എന്ന ശാഠ്യങ്ങള്‍ ഏതാണ്ട് എല്ലാ സമൂഹങ്ങളിലും ഒരു പോലെ തന്നെയായിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍.
സാമ്പ്രദായിക ചുറ്റുവട്ടങ്ങള്‍ക്ക് വെളിയിലുള്ള ഒന്നിനെയും അത്ര പെട്ടെന്നൊന്നും സമൂഹം ഉള്‍ക്കൊള്ളില്ല എന്ന് മാത്രമല്ല ഏറ്റവും നിന്ദ്യവും പരിഹാസ്യവുമായി മാറ്റാറുമുണ്ട്. അത് കൊണ്ട് തന്നെ പുരുഷാധിപത്യ വ്യവസ്ഥ കല്പിച്ച് കൊടുത്ത വേഷങ്ങള്‍ക്കപ്പുറം ചുവടുവയ്പുകള്‍ നടത്തുന്നത് തികച്ചും വെല്ലുവിളികള്‍ നിറഞ്ഞതാവുന്നു എന്നതാണ് ഇത്തരത്തിലുള്ള ഓരോ സംഭവവും സൂചിപ്പിക്കുന്നത്.

എഴുത്തിന്‍റെ മേഖല ഇത്രത്തോളം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നെങ്കില്‍ പ്രസാധക രംഗം എത്രത്തോളം പുരുഷ കേന്ദ്രീകൃതമാണ് എന്ന് ഊഹിക്കാവുന്നതേയുള്ളൂ. എക്കാലവും ജെന്‍റില്‍ മാന്‍സ് പ്രൊഫഷന്‍ ആയിട്ടാണ് പ്രസാധകരംഗത്തെ കരുതി പോന്നത്. അതുകൊണ്ട് തന്നെ സ്ത്രീ പ്രസാധക എന്ന പദവി ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് എന്ന വ്യക്തം. പ്രസിദ്ധീകരണ രംഗത്തെ സ്ത്രീ സാന്നിധ്യങ്ങളെ കുറിച്ചുള്ള അന്വേഷണം ആദ്യം ചെന്നെത്തുക എലിസബത്ത് തിമോത്തി (1700-1757) എന്ന അമേരിക്കന്‍ വനിതയിലാണ്. തന്‍റെ ഭര്‍ത്താവിന്‍റെ വിയോഗശേഷം അദ്ദേഹം ഏര്‍പ്പെട്ടിരുന്ന കരാര്‍ പ്രകാരമുള്ള പ്രസിദ്ധീകരണ ജോലികള്‍ അവര്‍ തുടരുകയായിരുന്നു. പക്ഷെ അപ്പോഴൊക്കെയും തന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ പീറ്റര്‍ തിമോത്തിയുടെ പേരിലാണ് അവര്‍ ജോലികള്‍ തുടര്‍ന്നത്.

പ്രസാധക രംഗം സ്ത്രീക്ക് ഒരിക്കലും സുഗമമായ പാതയായിരുന്നില്ല.കുറഞ്ഞ വേതനത്തില്‍ ക്ലറിക്കല്‍ തസ്തികളില്‍ പലപ്പോഴും അധിക സമയ ജോലി ചെയ്ത് തെളിയിക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു. ജീവിതവും ജോലിയും കൃത്യമായി ബാലന്‍സ് ചെയ്തു സ്ത്രീകള്‍ പിടിച്ചു നില്ക്കുക തന്നെ ചെയ്തു എന്നതിന്‍റെ തെളിവുകളാണ്, ഇന്ന് ഉന്നത തസ്തികകളില്‍ സ്ത്രീകള്‍ പ്രസാധകരംഗത്ത് എത്തിച്ചേര്‍ന്നത്. അത്തരത്തില്‍ ധീരമായ ചുവടുവയ്പുകള്‍ നടത്തിയ സ്ത്രീകള്‍ അനവധിയാണ് എന്ന് കാണാന്‍ കഴിയും. സാമ്പ്രദായിക ചിട്ടവട്ടങ്ങളോട് നിരന്തരം കലഹിച്ച് തന്നെയാണ് സ്ത്രീകള്‍ പുരുഷന്‍റെ മാത്രം കുത്തകയായിരുന്ന പ്രസിദ്ധീകരണ രംഗത്ത് തങ്ങളുടേതായ ഇടം നേടിയെടുത്തിരിക്കുന്നത്. Women in Publishing, Oral History എന്ന തലക്കെട്ടില്‍ https://www.womeninpublishinghistory.org.uk/ എന്ന വെബ്സൈറ്റില്‍ 70, 80, 90 കാലഘട്ടങ്ങളിലെ പ്രസിദ്ധീകരണ രംഗത്തെ സ്ത്രീ മുന്നേറ്റങ്ങളെ ഡോക്യുമെന്‍റ് ചെയ്യുന്നുണ്ട്.

ഗീത നസീര്‍ എഴുതിയ ‘വനിതാ മാധ്യമപ്രവര്‍ത്തന ചരിത്രം’ (2019) എന്ന ലേഖനത്തില്‍ കേരളത്തിന്‍റെ സാമൂഹിക സാംസ്കാരിക ഇടത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയ സ്ത്രീകളെ പരിചയപ്പെടുത്തുന്നുണ്ട്. പ്രത്യക്ഷത്തില്‍ നിര്‍ദോഷം എന്ന് തോന്നിയേക്കാവുന്ന തികച്ചും സ്ത്രീവിരുദ്ധവും സമൂഹവിരുദ്ധവുവുമായ ശൈലികളെ ഏറെ എതിര്‍പ്പുകള്‍ നേരിട്ടാണ് മാധ്യമ രംഗത്തെ സ്ത്രീകള്‍ ചെറുത്ത് തിരുത്തലുകള്‍ വരുത്തിയത് എന്ന് ഗീത നസീര്‍ എഴുതുന്നുണ്ട്.സാമൂഹിക മാറ്റത്തിലേക്കുള്ള വലിയ ചുവടുവയ്പുകളായി തന്നെ ഇത്തരത്തിലുള്ള മാറ്റിയെഴുതുകളെ കാണേണ്ടതുണ്ട്.സ്ത്രീയുടെ സ്വയം നിര്‍ണയാവകാശങ്ങളെ തന്നെ റദ്ദ് ചെയ്യുന്ന തരത്തിലുള്ള റിപ്പോര്‍ട്ടിങ്ങിലെ ശാഠ്യങ്ങള്‍, നിഷ്ഠകള്‍ ഒക്കെയും ഇത്തരത്തില്‍ സ്ത്രീ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യംചെയ്തിട്ടുണ്ട്.വ്യവസ്ഥകള്‍ക്കുള്ളിലെ ഇതരപക്ഷങ്ങള്‍ അങ്ങിനെ വെളിച്ചം കാണുകയാണ്. ഏതൊരു സമൂഹത്തിലുംമാധ്യമ രംഗം അതിന്‍റേതായ പങ്ക് വഹിക്കുന്നതായി കാണാം. അങ്ങിനെ നോക്കുമ്പോള്‍ സമൂഹത്തെ നവീകരിക്കുന്നതില്‍ കൃത്യമായ പങ്ക് വഹിക്കുന്നുണ്ട് മാധ്യമ രംഗത്തെ സ്ത്രീകള്‍.

ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നോക്കുകയാണെങ്കില്‍ ഉര്‍വ്വശി ബൂട്ടാലിയയെ പോലുള്ള ക്രാന്തദര്‍ശികളായ സ്ത്രീകള്‍ ഈ രംഗത്ത് എടുത്ത് പറയേണ്ടുന്ന പ്രവര്‍ത്തനമാണ് നടത്തുന്നത്. റിതു മേനോനുമായി ചേര്‍ന്ന് 1984 -ല്‍ രൂപം കൊടുത്ത കാളി ഫോര്‍ വിമെന്‍ എന്ന ഫെമിനിസ്റ്റ് പ്രസിദ്ധീകരണ സംരംഭം വിസ്മൃതിയിലാണ്ടു പോയ പല സ്ത്രീ രചനകളെയും ചരിത്രത്തേയും അരികു ജീവിതങ്ങളുടേയും വീണ്ടെടുപ്പുകള്‍ നടത്തിയതായി കാണാം. ഇത്തരത്തില്‍ അവരുടെ തന്നെ പ്രസിദ്ധീകരണ ഉദ്യമമായ സുബാന്‍ ബുക്സ് മികച്ച രീതിയില്‍ തന്നെ ഇടപെടലുകള്‍ നടത്തുന്നു. പ്രസിദ്ധീകരണ ഭീമന്മാരുടെ ഇടയിലാണ് ഈ നേട്ടം എന്നത് ഏറെ ശ്രദ്ധേയമാണ്. Yoda Press സ്ഥാപക അര്‍പ്പിത ദാസ്, തൂലിക ബുക്ക്സ് സ്ഥാപക രാധിക മേനോന്‍ തുടങ്ങി എടുത്ത് പറയാന്‍ ധാരാളം സ്ത്രീകള്‍ ഇന്ന് പ്രസിദ്ധീകരണ രംഗത്ത് വിജയഗാഥ രചിക്കുന്നു.

സ്ത്രീ എഴുത്തുകളെ കുറിച്ച് പറയുമ്പോള്‍ ഒഴിവാക്കാന്‍ പാടില്ലാത്ത പേരാണ് ഇസ്മത് ചുഗ്തായ് (1915-1991)എന്ന ഉറുദു സാഹിത്യകാരിയുടേത്. തന്‍റെ ദി ക്വില്‍റ്റ് (1942) എന്ന ചെറുകഥ പ്രസിദ്ധീകരിക്കുന്നതിലൂടെ വ്യവസ്ഥക്കകത്തു വലിയ വിപ്ലവം തന്നെ സൃഷ്ടിക്കുന്നുണ്ട് അവര്‍ . എന്നാല്‍ ഇതേ കാരണം കൊണ്ട് തന്നെ പില്‍കാലത്ത് അവര്‍ക്ക് കോടതി കയറേണ്ടി വന്നു എന്നതും ചരിത്രം. പൊതുസമൂഹത്തിന് സഭ്യമല്ലാത്ത കാര്യത്തെ മടികൂടാതെ എഴുതി പ്രസിദ്ധീകരിച്ചു എന്നതാണ് അവരില്‍ ആരോപിക്കപ്പെട്ട കുറ്റം. ഇത്തരത്തിലുള്ള സംഭവം വിരല്‍ ചൂണ്ടുന്നത് സമൂഹത്തില്‍ നിലനില്‍ക്കുന്ന ജീര്‍ണതകളിലേക്കും അസഹിഷ്ണതകളിലേക്കുമാണ്. സ്ത്രീയായത് കൊണ്ട് മാത്രമാണ് ഇത്തരം ഒരു അനുഭവം ചുഗ്തായിക്ക് നേരിടേണ്ടി വന്നത് എന്നത് തികച്ചും വ്യക്തവുമാണ്. അവിടെയാണ് ഫെമിനിസ്റ്റ് പ്രസിദ്ധീകരണങ്ങളും, പ്രസാധകരും പ്രസക്തമാവുന്നത്. സമൂഹത്തെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഫെമിനിസം മുന്നോട്ട് വയ്ക്കുന്ന പാഠങ്ങള്‍.

ഒരുകാലത്ത് പുരുഷന്മാരുടെ മാത്രം മേഖല എന്ന് വിശേഷിപ്പി ച്ചിരുന്ന പ്രസാധക മേഖലയില്‍ ഉടമസ്ഥത കൈയ്യാളുന്നതിലൂടെയും അതത് സ്ഥാപനങ്ങളില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്നതിലൂടെയും ശക്തമായ സാന്നിദ്ധ്യമാവുകയാണ് ഇന്ന് സ്ത്രീകള്‍. ഫെമിനിസത്തിന്‍റെ തത്വശാസ്ത്രങ്ങള്‍ കൊണ്ട് അടിസ്ഥാനപ്പെടുത്തിയ ജൗയഹശഒലെൃ പോലുള്ള വലിയ തട്ടകം ഈ മേഖലയിലെ സ്ത്രീ നേട്ടത്തിന്‍റെ എടുത്തുപറയത്തക്ക ഉദാഹരണമാവുകയാണ്. ലോകത്തിന്‍റെ വിവിധ കോണുകളിലുള്ള സ്ത്രീ പ്രസാധകരുടെ ഒരു കൂട്ടായ്മയാവുകയാണ് പബ്ലിഷര്‍. പ്രസാധക രംഗത്തെ ഉച്ഛനീചത്വങ്ങളേയും, ലിംഗപരമായ വേര്‍തിരിവുകളേയും സംബോധന ചെയ്യുവാനൊക്കെകൂടി ഉള്ള ഒരു ഇടമായി വേണം പബ്ലിഷര്‍ എന്ന ഉദ്യമത്തെ കരുതുവാന്‍.
ആഫ്രിക്ക, ജപ്പാന്‍, ടര്‍ക്കി, ലെബനന്‍, ഇസ്താംബുള്‍ തുടങ്ങി വിവിധങ്ങളായ ദേശത്തു നിന്നുള്ളവര്‍ ഭാരവാഹിത്വം വഹിക്കുന്ന കൂട്ടായ്മ ആവുന്നതോടെ പ്രസിദ്ധീകരണ രംഗത്തെ ഏകശിലാഘടനയുടെ പൊളിച്ചെഴുത്തും ആവുന്നുണ്ട്. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ദേശം, സംസ്കാരം എന്നിവയില്‍ എവ്വിധമെല്ലാം ഇടപെടലുകള്‍ നടത്താം എന്ന് ഈ സ്ത്രീകളുടെ പ്രവര്‍ത്തനം വച്ച് വിലയിരുത്താവുന്നതാണ്. ലെബനന്‍ പോലുള്ള കലാപ പൂരിതമായ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഷെറീന്‍ ക്രെയ്ദിഷ് എന്ന പ്രസാധക തന്‍െറ ഓരോ ദിവസവും വെല്ലുവിളികള്‍ നിറഞ്ഞതാണ് എന്ന് പറയുന്നുണ്ട്. എഴുത്തുകാരിയായ മൈന്‍ സോയ്സല്‍ എന്ന ഇസ്താംബുള്‍ പബ്ലിഷര്‍ സാഹിത്യത്തിലൂടെ ആശയങ്ങളെ പുതുതലമുറയിലേക്ക് എത്തിക്കേണ്ടതിന്‍റെയും അങ്ങിനെ തലമുറകളെ പാകപ്പെടുത്തേണ്ടതിനെയും ആവശ്യകതയിലൂന്നിയാണ് തന്‍റെ പ്രവര്‍ത്തനം എന്ന് വ്യക്തമാക്കുന്നുണ്ട്.

മുന്‍കാലങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായ പല വിഷയങ്ങളേയും ഇന്ന് സംബോധന ചെയ്യാന്‍ സാധിക്കുന്നുണ്ട്. അപ്രധാനം എന്ന് തള്ളിക്കളഞ്ഞ പലതിനെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ചര്‍ച്ചകള്‍ക്ക് വഴിതെളിക്കാനും ഇതുപോലുള്ള സംരഭങ്ങള്‍ക്ക് സാധ്യമാവുക തന്നെ ചെയ്യും. വെല്ലുവിളികള്‍ ഏറെ നിറഞ്ഞ പ്രസാധക രംഗത്തെ ഒരു ബിസിനസ്സ് പോലെ കൃത്യമായി കൈയടക്കത്തോടെ നിയന്ത്രിക്കുവാന്‍ ഈ സ്ത്രീകള്‍ ഓരോരുത്തരും ശ്രദ്ധിക്കുന്നുണ്ട്. എല്ലാറ്റിലുമുപരിയായി വ്യത്യസ്തതകളെ ആഘോഷിക്കാനും ലിംഗ വര്‍ഗ്ഗ ഭേദമന്യേ എഴുത്തിനേയും വായനയേയും ശക്തമായ സാധ്യതയായി കണ്ട് അതില്‍ കൂടി ലോകത്തെ കൂടുതല്‍ നവീകരിക്കുവാന്‍ തങ്ങളാലാവും വിധം.

References

Home


https:/www.womeninpublishinghistory.org.uk/
https://www.keralawomen.gov.in/ml/history?page=3
Tharu, Susie and K. Lalita. Introduction. Women’s Writing from 600 B.C. To the Present Volume II: The Twentieth Century, Oxford University Press, 1993
Thompson, Carl. Travel Writing, Routledge, 2011
Banssett, Susan. “Travel Writing and Gender.” The Cambridge Companion to Travel
Writing, edited by Peter Hulme and Tim Youngs. Cambridge University Press, 2002
Mondal, Somadatta. “Mapping the Female Gaze: Women’s Traveli-f-i Writing from Colonial
Bengal.” Indian Travel Narratives, edited by Somadatta Mondal. Rawat Publications, 2010

 

 

 

 

സംഗീത ദാമോദരന്‍
ഗവേഷക വിദ്യാര്‍ത്ഥി
ഇംഗ്ലീഷ് വിഭാഗം
കോഴിക്കോട് സര്‍വ്വകലാശാല

COMMENTS

COMMENT WITH EMAIL: 0