Homeചർച്ചാവിഷയം

സംയുക്ത : എ ജേണല്‍ ഒഫ് വിമണ്‍ സ്റ്റഡീസ്- പ്രസാധകമേഖലയുടെ ജനാധിപത്യവല്‍ക്കരണം

ലോകത്തെല്ലായിടത്തുമെന്ന പോലെ ഇന്ത്യയിലും പ്രസാധക മേഖലയില്‍ അധീശത്വം സ്ഥാപിച്ചുനില്‍ക്കുന്നത്. ആണധികാര – വരേണ്യ- കച്ചവടകേന്ദ്രിത താല്‍പര്യങ്ങളാണ്. ഉള്ളടക്കനിര്‍ണയം മുതല്‍ വിതരണം വരെയുള്ള പ്രസാധനത്തിന്‍റെ മുഴുവന്‍ പ്രക്രിയകളും നിര്‍ണയിക്കപ്പെടുന്നത് ഈ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ്. സ്ത്രീകളേയും മറ്റ് പാര്‍ശ്വല്‍കൃതവിഭാഗങ്ങളേയും പുറത്തുനിര്‍ത്തുന്ന ഒരു അദൃശ്യമായ അതിര്‍ത്തിരേഖ പ്രസാധകമേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. പ്രസാധകശാലകള്‍ സുഘടിതമായ കേന്ദ്രീകൃത അധികാരഘടന നിലനില്‍ക്കുന്ന സ്ഥാപനങ്ങളാണ്.

പ്രസാധകമേഖലയിലെ വമ്പന്‍ സംരംഭങ്ങളെല്ലാം തന്നെ പിതൃദായകസ്വഭാവത്തോടുകൂടിയതാണ്. അതുകൊണ്ടുതന്നെ പ്രസാധനത്തിന്‍റെ ഉയര്‍ന്ന പദവികളില്‍ സ്ത്രീകളുടെ സാന്നിധ്യം തുലോം കുറവായിരുന്നു. 90കളില്‍ ഇന്ത്യയില്‍ നടപ്പിലാക്കപ്പെട്ട പുത്തന്‍ സാമ്പത്തികനയങ്ങള്‍ പ്രസാധകമേഖലയില്‍ കോര്‍പ്പറേറ്റുകളുടെ കുത്തകവല്‍ക്കരണത്തിന് കാരണമായിട്ടുണ്ട്. ലാഭേച്ഛയല്ലാതെ യതൊരുതരത്തിലുമുള്ള സാമൂഹ്യഉത്തരവാദിത്വ പാര്‍ശ്വവല്‍കൃതവിഭാഗങ്ങളുടെ എഴുത്തുകള്‍ക്ക് ഇക്കാലത്ത് കൂടുതല്‍ ദൃശ്യത കൈവരുന്നുണ്ടെങ്കിലും വിപണനമൂല്യം തന്നെയാണ് അതിന്‍റെയും അടിസ്ഥാനമായി നിലനില്‍ക്കുന്നത് എന്ന് കാണാവുന്നതാണ്. ഈ അവസ്ഥയ്ക്ക് കാതലായ മാറ്റം വരുന്നത് സ്വതന്ത്ര പ്രസാധകസംരംഭകരുടെ ആവിര്‍ഭാവത്തോടെയാണ്. സ്വതന്ത്രപ്രസാധകരില്‍ ഭൂരിഭാഗവും സ്ത്രീകളാണ് എന്നത് ശ്രദ്ധേയമാണ്. സ്ത്രീ പ്രസാധകസംരംഭകര്‍ക്ക് ഇന്ത്യന്‍ പ്രസാധകരംഗത്തെ മാത്രമല്ല, പ്രസാധനത്തെ സംബന്ധിക്കുന്ന കാഴ്ച്ചപ്പാടുതന്നെ മാറ്റിവരപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്.

ഇന്ത്യന്‍സമൂഹത്തിലും, സവിശേഷമായി പറഞ്ഞാല്‍, ഇന്ത്യയിലെ പ്രസാധകമേഖലയിലും ആധിപത്യം സ്ഥാപിച്ചുനില്‍ക്കുന്ന ആണധികാരഘടന, കുത്തകവല്‍ക്കരണം, വരേണ്യത എന്നിവയോട് പ്രത്യക്ഷമായിത്തന്നെ സമരത്തിലേര്‍പ്പെട്ടുകൊണ്ടാണ് സ്ത്രീപ്രസാധകര്‍ തങ്ങളുടെ ഇടംകണ്ടെത്തുന്നത്. അക്കാദമികരംഗത്തും പൊതുയിടത്തിലും ഒരുപോലെ ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തമായ രാഷ്ട്രീയബോധമാണ് സ്ത്രീപ്രസാധകരെ നയിക്കുന്നത്. പ്രസാധനം അവരെ സംബന്ധിച്ചിടത്തോടും രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണ്. ഇന്ത്യയിലെ ആദ്യ ഫെമിനിസ്റ്റ് പ്രസാധകസംരംഭത്തിന് തുടക്കം കുറിക്കുന്നത് ഫെമിനിസ്റ്റ് സ്കോളേഴ്സ് ആയ ഉര്‍വശി ഭൂട്ടാലിയും റിതുമേനോനുമാണ്. കാളി ഫോര്‍ വിമണ്‍ എന്ന സംരംഭമാണ് അവര്‍ 1984 ല്‍ ആരംഭിക്കുന്നത്. വിപണികേന്ദ്രിതമായ പ്രസാധകരംഗത്തെ ഒരു ആക്ടിവിസ്റ്റിന്‍റെ റോളില്‍ നിന്നുകൊണ്ട് മാറ്റങ്ങള്‍ കൊണ്ടുവരിക എന്നതാണ് ഈ സംരഭത്തിലൂടെ അവര്‍ ലക്ഷ്യമിട്ടത്. സ്ത്രീകളുടെ ശബ്ദത്തിന് സവിശേഷാധികാരം നല്‍കണമെന്ന് അവര്‍ ഉറച്ചുവിശ്വസിച്ചിരുന്നു. അതിന്‍റെ ഭാഗമായാണ് നിശബ്ദരാക്കപ്പെട്ട, അദൃശ്യരാക്കപ്പെട്ട സ്ത്രീകളുടെ എഴുത്തുകള്‍ പ്രസിദ്ധീകരിക്കുവാനും അതിലൂടെ അവര്‍ക്ക് നിഷേധിക്കപ്പെട്ട പൊതുയിടത്തെ നേടിക്കൊടുക്കാനുമുള്ള ശ്രമങ്ങള്‍ കാളി ഫോര്‍ വുമണ്‍ ചെയ്യുന്നത്. ഇവരെ പിന്തുടര്‍ന്ന് സ്ത്രീ/സാമ്യ, തൂലിക, യോദ, സമത തുടങ്ങിയ പ്രസിദ്ധീകരണസംരംഭങ്ങള്‍ ഉണ്ടാകുന്നുണ്ട്.

സംയുക്ത എ ജേണല്‍ ഓഫ് വുമണ്‍സ്റ്റഡീസിന്‍റെ ബദലന്വേഷണങ്ങള്‍
കേരളത്തില്‍, പുസ്തകപ്രസാധകരംഗത്ത് സമതയിലൂടെ സ്ത്രീപ്രസാധകര്‍ നിര്‍ണായകമായ ചുവടുവെപ്പുകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, പൂര്‍ണമായും അക്കാദമിക മേഖലകേന്ദ്രീകരിച്ചുകൊണ്ട് ജേണലുകളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്ന പ്രസാധകസംരംഭത്തിന് തുടക്കം കുറിക്കുന്നത് സംയുക്തയിലൂടെയാണ്. 2001 ലാണ് സംയുക്ത പ്രസിദ്ധീകരണം ആരംഭിക്കുന്നത്. അക്കാദമികരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം സ്ത്രീകളുടെ പ്രയത്നഫലമായാണ് സംയുക്ത സാധ്യമാകുന്നത്. കേരള സര്‍വകലാശാലയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ ദീര്‍ഘകാലം അധ്യാപികയായിരുന്ന പ്രൊഫ.ജി.എസ്. ജയശ്രീയുടെ നേതൃത്വത്തിലാണ് സംയുക്ത ആരംഭിക്കുന്നത്. ഡോ.ജയശ്രീ രാമകൃഷ്ണന്‍ നായരെ സംയുക്തയുടെ കോ-ഫൗണ്ടര്‍ എന്ന് വിശേഷിപ്പിക്കാവുന്നതാണ്. ഹേമ നായര്‍, രാധികാമേനോല്‍, സുപ്രിയ നായര്‍,സുപ്രിയ കെ നായര്‍ എന്നിവര്‍ സംയുക്തയുടെ വളര്‍ച്ചയില്‍ നിര്‍ണയാകമായ പങ്കുവഹിച്ചരാണ്. സംയുക്തچഎന്ന പേര് തന്നെ കൂട്ടായ പരിശ്രമത്തെയും ഐക്യത്തേയും കുറിക്കുന്നതാണ്. സംഘാംഗങ്ങള്‍ക്കിടയിലെ ചര്‍ച്ചകളില്‍നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞുവരുന്നത്. എഡിറ്ററാകണമെന്ന ആഗ്രഹവും പ്രസാധകമേഖലയില്‍ നിലനില്‍ക്കുന്ന അധികാരത്തിന്‍റെ എല്ലാരൂപങ്ങളെയും ചോദ്യം ചെയ്യുകയും കൂടുതല്‍ ജനാധിപത്യപരമായ ഒരു പ്രസാധകാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുക എന്നതായിരുന്നു പ്രസാധകരംഗത്തേക്ക് കടക്കാന്‍ പ്രേരിപ്പിച്ചഘടകമെന്ന് ജി.എസ്. ജയശ്രീ വ്യക്തമാക്കുന്നുണ്ട്. സ്ത്രീപ്രശ്നങ്ങളില്‍ ഫോക്കസ് ചെയ്തുകൊണ്ടുള്ള പഠനവും ഗവേഷണവും നടത്തുന്നതിന് മാത്രമായി ഒരു സംഘടന ഉണ്ടാകണമെന്ന ആഗ്രഹമാണ് വിമണ്‍സ് ഇനിഷ്യേറ്റീവ് : എ കളക്ടീവ് ഓഫ് വിമണ്‍ സ്റ്റഡീസ് സ്കോളേഴ്സിന്‍റെ രൂപീകരണത്തിലേക്ക് (2000) നയിക്കുന്നത്. ഏഴ് സ്ഥാപകാംഗങ്ങളാണ് കളക്ടീവിന് ഉണ്ടായിരുന്നത്. അംഗങ്ങളുടെ വീടുകളില്‍ നടന്ന എണ്ണമറ്റ മീറ്റിംഗുകളും അതില്‍ നടന്ന ചൂടേറിയ ചര്‍ച്ചകളുമാണ് സംയുക്തയുടെ പിറവിയിലേക്ക് നയിക്കുന്നത്. ഒട്ടും അറിയപ്പെടാത്ത, എന്നാല്‍ അസാധാരണവും മാതൃകാപരവുമായ ജീവിതം നയിച്ച സ്ത്രീകളുടെ ആത്മകഥകള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് ഈ രംഗത്തേക്ക് കടന്നുവരിക എന്ന തീരുമാനം ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞുവന്നു. അങ്ങനെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയ ഒരു നമ്പൂതിരി അന്തര്‍ജനത്തിന്‍റെ ആത്മകഥ സംയുക്തയുടെ ആദ്യ പ്രസിദ്ധീകരണമായി 2001 ല്‍ പുറത്തിറങ്ങി. ജേണലിന്‍റെ ഫോര്‍മാറ്റ് തീരുമാനിക്കുക എന്നത് താരതമ്യേന എളുപ്പമായിരുന്നു എന്നാല്‍ എഡിറ്റോറിയല്‍ പോളിസി നിശ്ചയിക്കുക, ഉള്ളടക്കനിര്‍ണയനം എന്നിവ അത്ര എളുപ്പമുള്ള പണികളായിരുന്നില്ല.

2001- മുതല്‍ 2005 വരെ അഞ്ച് വര്‍ഷം ഒരു പോളിസി പിന്തുടരാനും അതിനുശേഷം റെവ്യൂ നടത്താനും തീരുമാനിച്ചു. 2006-ല്‍ റെവ്യൂ നടത്തുകയും ചിലമാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. സംയുക്ത തുടക്കം മുതല്‍തന്നെ അതിന്‍റെ ആപ്തവാക്യമായി മുന്നോട്ട് വെക്കുന്നത്  അറിവിന്‍റെ ജനാധിപത്യവല്‍കരണംچ എന്ന ആശയമാണ്. അധികാരവും അറിവും തമ്മിലുള്ള സന്ധിചെയ്യലുകള്‍ അറിവിന്‍റെ മണ്ഡലത്തില്‍ ഉള്ളവരെയും ഇല്ലാത്തവരെയും സൃഷ്ടിക്കുന്നുണ്ട്.അനീതിയെ തിരിച്ചറിയലും വിമര്‍ശനവും സാധ്യമാക്കുന്ന തരത്തില്‍ അറിവിന്‍റെ വ്യാപനം നടന്നാല്‍ അത് എല്ലാവരുടെയും മനസ്സില്‍ ഒരു ശാക്തീകരണബോധം ജനിപ്പിക്കുന്നു. അതിലൂടെ ബൗദ്ധികമേഖലയിലെ അധികാരശ്രേണിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. സ്ത്രീകളെ ബൗദ്ധികമേഖലയില്‍ നിന്നും പുറത്തുനിറുത്തുകയും അറിവ് നേടാനുള്ള അവകാശം നിഷേധിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അറിവിന്‍റെ വിതരണത്തില്‍ നടക്കുന്ന വിവേചനമാണ് ഏറ്റവും വലിയ വിവേചനമെന്ന നിലപാടാണ് സംയുക്ത മുന്നോട്ട് വെക്കുന്നത്. സ്ത്രീകള്‍ക്ക് എതിരെയുള്ള സെന്‍സര്‍ഷിപ്പ്, പ്രദേശികഭാഷകളില്‍നിന്നുള്ള കൃതികള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുക എന്നീ രണ്ട് പ്രധാനപ്പെട്ട വിഷയങ്ങള്‍ ജേണലിന്‍റെ ഫോക്കസ് ഏരിയയായി നിശ്ചയിക്കപ്പെട്ടു.

സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക-ഗാര്‍ഹിക മേഖലകളിലെല്ലാം നടക്കുന്ന സെന്‍സര്‍ഷിപ്പിനെ ചോദ്യം ചെയ്യുക എന്നതായിരുന്നു ജേണലിന്‍റെ ഒരു പോളിസി. വലതുപക്ഷഭരണകൂടങ്ങള്‍, സങ്കുചിത മതസ്ഥാപനങ്ങള്‍, ദാരിദ്ര്യം, നിരക്ഷരത, ആചാരങ്ങള്‍, മുന്‍വിധികള്‍, കുടുംബസമ്മര്‍ദ്ദങ്ങള്‍, വിവേചനപരമായി പെരുമാറുന്ന പ്രസാധകര്‍, ആഗോളമാധ്യമങ്ങളുടെ അസന്തുലിതമായ വിതരണശൃംഖല തുടങ്ങി സ്ത്രീകളെ നിശബ്ദരാക്കുന്ന എല്ലാ ശക്തികളേയും പ്രതിരോധിക്കുക. സ്ത്രീകളുടെ പൊതുയിടത്തിലെ വര്‍ദ്ധിതമായ സാന്നിധ്യത്തിനായി നിലകൊള്ളുന്ന സംഘമായതുകൊണ്ടുതന്നെ കുടുംബത്തിനുള്ളില്‍ നിലനില്‍ക്കുന്ന വളരെ സൂക്ഷ്മമായ നിയന്ത്രണത്തെപ്പോലും തിരിച്ചറിയുകയും അതിനെ പ്രതിരോധിക്കാനുള്ള വഴികള്‍ കണ്ടെത്തുകയും ചെയ്യുക. ആ നിലയ്ക്കുള്ള പഠനങ്ങളും എഴുത്തുകളും ധാരാളമായി സംയുക്തയില്‍ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്.

മുഖ്യധാരാ പ്രസാധകര്‍ പ്രസിദ്ധീകരിക്കാന്‍ മടിച്ചിരുന്ന അല്ലെങ്കില്‍ വിസമ്മതിച്ചിരുന്ന പല എഴുത്തുകാരെയും വിഷയങ്ങളെയും ഏറ്റെടുക്കാന്‍ അവര്‍ തയ്യാറാകുന്നുണ്ട്. ലൈംഗിക-മത-ഭാഷാവൈവിധ്യങ്ങളിലെയും ദളിത്-ആദിവാസി വിഭാഗങ്ങളിലേയും എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുക എന്നത് സ്ത്രീപ്രസാധകരുടെ ഒരു നയം തന്നെയായി മാറുന്നുണ്ട്.

വിവര്‍ത്തനരംഗത്തെ ഭാഷാവരേണ്യതയെക്കൂടി അവര്‍ ചോദ്യം ചെയ്യുന്നുണ്ട്. പ്രാദേശികഭാഷകളിലെ കൃതികളുടെ വിവര്‍ത്തനം ഒരു മുഖ്യഅജണ്ടതന്നെയായി മാറുന്നത് ഇതിന്‍റെ ഭാഗമായാണ്. ഇംഗ്ലീഷ് സാഹിത്യത്തിന്‍റെ ആധിപത്യം കാരണം അരികുവല്‍ക്കരിക്കപ്പെട്ട പ്രാദേശികഭാഷകളോട് നീതികാണിക്കുകയാണ് പ്രാദേശികഭാഷകളിലെ കൃതികളുടെ വിവര്‍ത്തനത്തിലൂടെ ലക്ഷ്യം വെക്കുന്നത്. പ്രാദേശികഭാഷകളിലെ എഴുത്തുകാര്‍ക്ക് ദേശവ്യാപകമായി വായനക്കാര്‍ ഉണ്ടാകണമെങ്കില്‍ അവരുടെ കൃതികള്‍ ഒന്നുകില്‍ ഇംഗ്ലീഷിലേക്കോ ഹിന്ദിയിലേക്കോ വിവര്‍ത്തനം ചെയ്യപ്പെടേണ്ടതുണ്ട്. അതിനേക്കാള്‍ ഉപരിയായി പ്രാദേശിക ഭാഷകളിലെ സ്ത്രീ എഴുത്തുകള്‍ കൂടുതല്‍ അരികുവല്‍ക്കരിക്കപ്പെടുന്നുണ്ട്. ലിംഗാധിഷ്ഠിതമായി സ്ത്രീഎഴുത്തുകാര്‍ അവരുടെ ഭാഷയില്‍ത്തന്നെ ഉച്ചനീചത്വം നേരിടുന്നുണ്ട്. ദേശീയസാഹിത്യങ്ങളുടെ പരിധിയില്‍ സ്ത്രീഎഴുത്തുകാര്‍ വരുന്നില്ല. കഴിയുന്നത്ര ഇത്തരം വിവേചനങ്ങള്‍ ഇല്ലാതാക്കുകയാണ് ജേണല്‍ ലക്ഷ്യം വെക്കുന്നത്. ഈ ലക്ഷ്യം നേടുന്നതിനായി ഞങ്ങള്‍ ധാരാളം വ്യത്യസ്തമായ പരിപാടികള്‍ നടത്തുന്നുണ്ട് എന്ന് പ്രൊഫ.ജയശ്രീ പറയുന്നു: സെന്‍സര്‍ഷിപ്പ് പ്രശ്നങ്ങള്‍ പ്രാധാന വിഷയമാക്കി കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. മുഖ്യധാരാ പ്രസാധകര്‍ക്ക് പെട്ടെന്ന് സ്വീകാര്യമാകാത്ത മെറ്റീരിയലുകള്‍ പ്രസിദ്ധീകരിക്കുക, പ്രാദേശികഭാഷകളില്‍ നിന്നും കഴിയുന്നത്ര വിവര്‍ത്തനം ചെയ്യുക, വിവര്‍ത്തനത്തില്‍ പ്രത്യേക പതിപ്പുകള്‍ വിവര്‍ത്തകര്‍ക്ക് ശില്‍പശാലകള്‍ എന്നിവ നടത്തി. 13 പ്രാദേശികഭാഷകളിലെ സ്ത്രീ എഴുത്തുകാരുടെ കഥകള്‍ 2003 ല്‍ പ്രസിദ്ധീകരിച്ചു. ഇത് ധാരാളം എഴുത്തുകാരെ ദേശീയശ്രദ്ധയില്‍ കൊണ്ടുവരികയും വലിയ അംഗീകാരം നേടിക്കൊടുക്കുകയും ചെയ്തു. പി.വത്സലയുടെ Sleepless in Wayanad, കെ.ആര്‍ മീരയുടെ The Vein of Memory, മൃദുല ഗാര്‍ഗിന്‍റെ A Woman is Born,, മാനസിയുടെ The Bird in the Snow എന്നിവ സംയുക്ത പ്രസിദ്ധീകരിച്ചു.

ഉള്ളടക്കം അക്കാദമികരംഗത്തുള്ളവരെയും സാധാരാണക്കാരെയും ഒരുപോലെ അഭിസംബോധന ചെയ്യുന്ന തരത്തിലാവണം ക്രമീകരിക്കേണ്ടത് എന്നത് തങ്ങള്‍ എടുത്ത മറ്റൊരു നിലപാടായിരുന്നുവെന്ന് ജയശ്രീ വിശദമാക്കുന്നുണ്ട്. ലേഖനങ്ങളും പഠനങ്ങളും കൂടാതെ സാഹിത്യകൃതികളും ബുക്ക് റെവ്യൂവും ചെയ്യുന്നുണ്ട്.

ജി.എസ്. ജയശ്രീ

ജേണലിന്‍റെ എല്ലാ ലക്കത്തിലും പ്രസിദ്ധരായ എഴുത്തുകാരുടെ അഭിമുഖം ഉള്‍പ്പെടുത്തിയിരുന്നു. വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളുടെ ആത്മകഥകള്‍ ജേണലിന്‍റെ ഭാഗമായി. നീണ്ട ആത്മകഥകളില്‍നിന്ന് ചില ഭാഗങ്ങള്‍ മാത്രം പ്രസിദ്ധീകരിച്ചു. ഫെമിനിസ്റ്റുകളുടെ ജീവിതരേഖ അവതരിപ്പിച്ചു. പ്രധാനപ്പെട്ട ചിന്തകരുടെ സംഭാവനകള ഫെമിനിസ്റ്റ് കാഴ്ച്ചപ്പാടില്‍ നിന്നും പുനര്‍വായന നടത്തുന്ന പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കെ.ആര്‍.ഗൗരിയമ്മ, സി.കെ. ജാനു, ദേവകി നിലയങ്ങോട്, പി.വത്സല എന്നിവരുടെ ജീവചരിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലക്ഷ്മി സെയ്ഗാള്‍, കമലാദാസ്, സാറാ ജോസഫ് എന്നവരുമായുള്ള അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരം പ്രസിദ്ധീകരണങ്ങളിലൂടെ പ്രാദേശിക ചരിത്രത്തെ അടയാളപ്പെടുത്തലും ഒരു നൂറ്റാണ്ടുകാലത്തെ ജീവിതത്തെ ഡോക്യുമെന്‍റ് ചെയ്യലുമാണ് നടന്നത്. സ്ത്രീകളും അധികാരവും  എന്ന വിഷയത്തിന്‍റെ പല തലങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന പഠനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നമ്പൂതിരി സമുദായത്തിലെ സ്ത്രീകള്‍ അധികാരവുമായി നടത്തുന്ന പരസ്പരധാരണകള്‍, കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തില്‍ കാരണവരിലൂടെ സ്ഥാപിക്കപ്പെടുന്ന ആണധികാരം, സമകാലിക മലയാളസാഹിത്യത്തിലെ അധികാരബന്ധങ്ങളുടെ ചിത്രീകരണം എന്നിവ ഈ കാഴ്ചപ്പാടില്‍നിന്നുകൊണ്ട് ജേണലില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളാണ്.

സ്ത്രീകളുടെ ആരോഗ്യം ജേണല്‍ പ്രാമുഖ്യം കൊടുത്ത മറ്റൊരു മേഖലയാണ്. 1850 മുതല്‍ സമകാലികം വരെ ആരോഗ്യരംഗത്ത് സ്ത്രീകള്‍നടത്തിയ ഇടപെടലുകളെ കുറിച്ചുള്ള പഠനങ്ങളുടെ പ്രസിദ്ധീകരണം ജേണലിന് വലിയ അംഗീകാരം നേടിത്തന്നു. പ്രത്യുല്‍പ്പാദനവും കുട്ടികളുടെ ആരോഗ്യവും, ഗര്‍ഭച്ചിദ്രം ചെയ്യാനുള്ള അവകാശത്തിന്‍റെ നിയമവശങ്ങള്‍, എയ്ഡ്സ്/ എച്ച്.ഐ.വി.എന്നിവയെ സംബന്ധിച്ചുള്ള സ്ത്രീകളുടെ കാഴ്ച്ചപ്പാട്, ലൈംഗിക തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ആരോഗ്യനയം, മാനസികാരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്നവിവേചനം എന്നിവയെല്ലാം ചര്‍ച്ച ചെയ്യുന്ന പഠനങ്ങള്‍ ജേണലില്‍ ഇടം നേടുന്നുണ്ട്. ക്ലാസ്മുറികളിലും ജന്‍ഡര്‍ ട്രെയിനിംഗ് പ്രോഗ്രാമുകളിലും ഈ മെറ്റീരിയലുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. യു.കെ.യിലെ സ്ത്രീപ്രസാധകരുടെ The New Venture Award 2004 ല്‍ സംയുക്തയെ തേടിയെത്തുന്നുണ്ട്.

പ്രസാധകസ്ഥാപനങ്ങള്‍ക്കുള്ളില്‍ നിലനില്‍ക്കുന്ന കേന്ദ്രീകൃത അധികാരഘടനയെ പൊളിക്കാനുള്ള ശ്രമങ്ങളും സ്ത്രീപ്രസാധകരില്‍ ചില സംരംഭകര്‍ നടത്തുന്നുണ്ട്. ചീഫ് എഡിറ്റര്‍, എഡിറ്റര്‍ തുടങ്ങിയ പദവികളെ സ്ഥിരമായി ഒരാളില്‍ നിക്ഷിപ്തമാക്കാതെ അത് ഗ്രൂപ്പിലെ ഓരോ അംഗങ്ങളും ഏറ്റെടുത്തുകൊണ്ട് അത്തരമൊരു പദവിയുടെ അധികാരസ്വഭാവത്തെ ഇല്ലാതാക്കുന്നു. ഉള്ളടക്കനിര്‍ണയനവും പ്രൂഫ് വായനയും എഡിറ്റിംഗും എല്ലാം അംഗങ്ങള്‍ ഒരുമിച്ചിരുന്ന് നിര്‍വഹിക്കുന്ന രീതിയും പിന്തുടര്‍ന്നുകൊണ്ട് ഇതിനെ കൂടുതല്‍ ജനാധിപത്യപരമാക്കുകയും ചെയ്തു. സംയുക്തയുടെ പ്രഖ്യാപിതനയം തന്നെ പ്രസിദ്ധീകരണസ്ഥാപനങ്ങളിലെ പിതൃദായകഘടനയിലുള്ള അധികാരബന്ധങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ജനാധിപത്യപരമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്. മെറ്റീരിയല്‍ തെരെഞ്ഞെടുക്കുക, എഡിറ്റിംഗ്, പ്രൂഫ് റീഡിംഗ് തുടങ്ങി ജേണലുകള്‍ തപാല്‍ വഴി അയക്കുന്നതുവരെ അംഗങ്ങള്‍ കൂട്ടമായി ചെയ്തു. ഒരു കൂട്ടമായ ഉത്തരവാദിത്തബോധം വിമണ്‍ ഇനിഷ്യേറ്റീവിന്‍റെ അംഗങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. തുല്യതാബോധവും വിമര്‍ശനാത്മക ചിന്തയുമാണ് സംയുക്തയ്ക്ക് പിറകിലെ പ്രചോദനമെന്ന് ജയശ്രീ പറയുന്നു.

കോര്‍പ്പറേറ്റുകളുടെ വിപണിയിലെ കുത്തകവല്‍കരണത്തെ ചെറുക്കുകയും മറികടക്കുകയും ചെയ്യുക എന്നത് സ്ത്രീപ്രസാധകര്‍ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളിയാണ്. സ്വന്തമായി പ്രിന്‍റിംഗ് പ്രസ് തുടങ്ങുകയും വിതരണവും വില്‍പനയും സ്വയം ഏറ്റെടുത്തുകൊണ്ടും സ്വന്തമായി വിപണികള്‍ കണ്ടെത്തിയുമാണ് ഈ വെല്ലുവിളിയെ അതിജീവിക്കാന്‍ ശ്രമിക്കുന്നത്. സൗഹൃദങ്ങളുടെയും സമാനഹൃദയരുടെയും സാമ്പത്തികമായ പിന്തുണയും ബാങ്ക് വായ്പകളുമാണ് പലരുടെയും മൂലധനത്തിന് അടിസ്ഥാനം. അത്രമേല്‍ പ്രതിസന്ധികള്‍ക്കിടയിലും തങ്ങളുടെ രാഷ്ട്രീയനിലപാട് കൈവിടാതെയും ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാതെയുമാണ് സ്ത്രീപ്രസാധകര്‍ മുന്നോട്ടുപോകുന്നത്. സംയുക്തയും ബദല്‍ മൂലധനമാര്‍ഗങ്ങളിലൂടെത്തന്നെയാണ് ആരംഭിക്കുന്നത്. ഏഴംഗങ്ങളും 1000 രൂപ വീതം എടുക്കാന്‍ തീരുമാനിക്കുകയും അങ്ങനെ ശേഖരിച്ച 7000 രൂപ മൂലധനത്തിലാണ് കളക്ടീവ് പ്രവര്‍ത്തനമാരംഭിക്കുന്ന്.
ജേണലിന് ഫണ്ട് നല്‍കുന്നത് കേരള വനിതാവികസന കോര്‍പ്പറേഷനാണ്. കേരളത്തിലെ സര്‍വകലാശാലകളില്‍ ഗവേഷണം നടത്തുവര്‍ക്ക് പുതിയ ഗവേഷണമേഖലകള്‍ തുറന്നുകൊടുക്കുന്നതിന് സംയുക്തയുടെ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടുണ്ട്. ജേണല്‍ ഉയര്‍ത്തിപ്പിടിക്കുന്ന അന്തര്‍വൈജ്ഞാനിക സമീപനം ഗവേഷകര്‍ക്ക് വലിയ സാധ്യതകളാണ് നല്‍കുന്നത്. സ്ത്രീപ്രശ്നങ്ങളിലെ ഗവേഷണത്തിന് പ്രാമുഖ്യം കൊടുക്കുമ്പോഴും പീസ് സ്റ്റഡീസ്, ഫിലിം സ്റ്റഡീസ്, കള്‍ച്ചറല്‍സ്റ്റഡീസ്, സെക്ഷ്വാലിറ്റി സ്റ്റഡീസ്, പോപുലര്‍ സ്റ്റഡീസ് തുടങ്ങി ധാരാളം ഡിസിപ്ലിനുകളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പഠനങ്ങള്‍ ജേണലിന്‍റെ ഭാഗമാകുന്നുണ്ട്. ജേണലിന്‍റെ പോളിസി എന്ന നിലയ്ക്ക് അധികം ശ്രദ്ധിക്കാതെ പോകുന്ന പ്രാദേശികഭാഷകളുടെ എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുന്ന നിലപാട് സ്വീകരിച്ചു. ഇത് കൂടുതല്‍ എഴുത്തുകാരെക്കുറിച്ച് അറിയുന്നതിനും പഠനം നടത്തുന്നതിനും ഗവേഷകര്‍ക്ക് ഉപയോഗപ്രദമാകുന്നുണ്ട്. അതുപോലത്തന്നെ വിവര്‍ത്തനരംഗത്തും പ്രാഗല്‍ഭ്യം തെളിയിക്കാനുള്ള അവസരങ്ങള്‍ ഇത് നല്‍കുന്നുണ്ട്. സര്‍വകലാശാലകളുടെ സിലബസ്സില്‍ മുഖ്യധാരാ എഴുത്തുകാരെ കൂടാതെ അരികുവല്‍ക്കരിക്കപ്പെട്ട എഴുത്തുകാരുടെ കൃതികളും കൂടി ഉള്‍പ്പെടുത്താന്‍ തുടങ്ങി. ഗവേഷകര്‍ക്കും അക്കാദമികരംഗത്തും എഴുത്തിന്‍റെ മേഖലയിലുമെല്ലാം പ്രവര്‍ത്തിക്കുന്നവര്‍ക്കായി സ്കോളര്‍ – ഇന്‍- റസിഡന്‍സ് പ്രോഗ്രാമുകളും സംയുക്ത നടത്തുന്നുണ്ട്. കവടിയാറിലെ ജവഹര്‍നഗറില്‍, താമസിച്ചുകൊണ്ട് ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്താനായി ഒരു റസിഡന്‍സ് സംവിധാനം സംയുക്ത ഒരുക്കിയിട്ടുണ്ട്. ജേണലിന്‍റെ പ്രിന്‍റഡ് വേര്‍ഷന്‍ നിര്‍ത്തിയെങ്കിലും പുസ്തക പ്രസാധകരംഗത്ത് സംയുക്ത സജീവമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്.

ശ്രീദേവി കെ.നായരും ലൈല അലക്സും വിവര്‍ത്തനം ചെയ്ത ടി. പത്മനാഭന്‍റെ കഥകള്‍ Stories:T.Padmanabhan എന്ന പേരില്‍ സംയുക്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. Women and Development, Women and Health, Women and Culture, Environmental Studies എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് സംയുക്തയുടെ ഭാവി പരിപാടിയില്‍ ഉള്‍പ്പെടുന്നതാണ്. ഇന്ന്, ഇന്ത്യക്കകത്തും പുറത്തും വലിയ തോതില്‍ ഉദ്ധരിക്കപ്പെടുന്ന, പിയര്‍ റെവ്യൂഡ്, ഇന്‍ഡക്സ്ഡ് ജേണലാണ് സംയുക്ത. ജി.എസ്.ജയശ്രീ, ശ്രീദേവി കെ. നായര്‍, ബിനി എസ്.സജില്‍, എസ്. ദേവിക, രാജശ്രീ ആര്‍. ഡോ.എസ്.ദിവ്യ, ഡോ.ആര്യ അയ്യപ്പന്‍,ഡോ.ലക്ഷ്മി സുകുമാര്‍ എന്നിവരാണ് നിലവില്‍ സംയുക്തയെ നയിക്കുന്നത്. കേരളത്തിന്‍റെ വൈജ്ഞാനികമേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭാവുകത്വപരിണാമത്തില്‍ څസംയുക്ത: എ ജേണല്‍ ഓഫ് വിമണ്‍ സ്റ്റഡീസ് വഹിച്ച പങ്ക് കൂടുതല്‍ പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്.

റഫറന്‍സ്

Deepa Nair, Role of Independent Indian Women Run Publishing Houses
https://www.researchgate.net/publication/340023664_ROLE_OF_INDE PENDENT_INDIAN_WOMEN_RUN_PUB LISHING_HOUSES
https://samyuktaresearchfoundation.org/
“When We Dared to Publish: Experiences of an Editor” Interview with G.S. Jayasree (Unpublished)

 

 

 

 

 

ഡോ.ദിവ്യ കെ.
അദ്ധ്യാപിക
ഡിപാര്‍ട്ട്മെന്‍റ് ഓഫ് റഷ്യന്‍ & കംപാരറ്റീവ് ലിറ്ററേച്ചര്‍
കോഴിക്കോട് സര്‍വ്വകലാശാല

COMMENTS

COMMENT WITH EMAIL: 0