Homeചർച്ചാവിഷയം

ഫെമിനിസ്റ്റ് പുസ്തകപ്രസാധന അനുഭവങ്ങള്‍ : വിമന്‍സ് ഇംപ്രിന്‍റ്

1990കള്‍ കേരളത്തില്‍ പെണ്ണെഴുത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയ കാലമാണ്. സ്ത്രീവിമോചനാശയങ്ങള്‍ പ്രചരിച്ചു തുടങ്ങിയ കാലമായിരുന്നു . എഴുത്തില്‍ സ്ത്രീകളുടെ ഇടം പരിമിതവും അവളുടെ ശബ്ദം ദുര്‍ബലവും അവളുടെ ആവിഷ്കാരം നിയന്ത്രിതവും ആണെന്ന് എഴുത്തുകാരികളും സ്ത്രീപക്ഷ നിരൂപകരും ഉറക്കെ പറയാന്‍ തുടങ്ങി. സ്ത്രീകള്‍ തുറന്നെഴുതാന്‍ തുടങ്ങി . ഈ സമരങ്ങളുടെ ഫലമായി ക്രമേണ സ്ത്രീ രചനകള്‍ അംഗീകരിക്കപ്പെട്ടു തുടങ്ങി , അവയ്ക്ക് വായനക്കാരും , സാഹിത്യ വിപണിയില്‍ ചരിക്കാനുള്ള കഴിവും ഉണ്ടെന്നു മുന്‍നിര പ്രസാധകരും മാധ്യമങ്ങളും തിരിച്ചറിഞ്ഞു. ഗൗരവമുള്ള വായനക്കാരികള്‍ , വാങ്ങല്‍ ശേഷിയുള്ള വായനക്കാരികള്‍ എന്നൊരു വിഭാഗവും ഉണ്ടെന്നു പ്രസാധകര്‍ക്കും ബോധ്യപ്പെട്ടു തുടങ്ങി. എന്നാല്‍ ഈ മാറ്റവും അംഗീകാരവും ഉണ്ടായത് കൂടുതലായും സാഹിത്യത്തിലാണെന്നു കാണാം . പ്രധാനമായും നോവല്‍, ചെറുകഥ , കവിത എന്നീ വിഭാഗങ്ങളിലാണ് ഇത് കാര്യമായി ഉണ്ടായത്. ലോകത്തു പലയിടങ്ങളിലും ഇന്ത്യയിലെ ഇംഗ്ലീഷിലുള്ള പ്രസാധന രംഗത്തും സ്ത്രീ വിമോചന പ്രസ്ഥാനങ്ങളുടെ ഒരു ഭാഗമായാണ് , അതിന്‍റെ ഒരു സമരമുഖമായാണ് ഫെമിനിസ്റ്റ് പ്രസാധക സംരംഭങ്ങള്‍ ഉണ്ടായിട്ടുള്ളത് . ഉര്‍വശി ഭൂട്ടാലിയയും റിതു മേനോനും ചേര്‍ന്ന് ഇന്ത്യയിലെ ആദ്യ ഫെമിനിസ്റ്റ് പുസ്തക പ്രസാധക സംരംഭമായ ‘കാളി ഫോര്‍ വിമന്‍ ‘ ആരംഭിക്കുന്നതും എണ്‍പതുകളിലെ ഡല്‍ഹിയിലെ ഫെമിനിസ്റ്റ് ആക്ടിവിസത്തിന്‍റെ സ്വാധീനത്തിലാണ് . അത് കൊണ്ട് തന്നെ അവര്‍ പ്രസിദ്ധീകരിച്ച (ഇപ്പോഴും പ്രസിദ്ധീകരിക്കുന്ന) പുസ്തകങ്ങള്‍ സ്ത്രീകളുടെ ഒറ്റക്കും കൂട്ടായുമുള്ള പോരാട്ടങ്ങളും ആവിഷ്കാരങ്ങളും ചരിത്രവും പലവിധ അന്വേഷണങ്ങളും എല്ലാം ചേര്‍ന്നതായി തുടരുന്നു. എന്നാല്‍ കേരളത്തില്‍ വികസിച്ചു വന്നത് അങ്ങനെയൊരു രീതിയല്ല. പെണ്ണെഴുത്തിന്‍റെ സാഹിത്യത്തെ മുഖ്യധാരാ വിപണി ഏറ്റെടുത്തു. സാഹിത്യം എഴുതുന്ന എഴുത്തുകാരികളില്‍ പലര്‍ക്കും പ്രസിദ്ധീകരണപ്രാധാന്യം കിട്ടി. എന്നാല്‍ വിമര്‍ശനാത്മക പഠനങ്ങള്‍, സാമൂഹ്യ വിശകലനങ്ങള്‍, ഗവേഷണങ്ങള്‍, സാമൂഹ്യ -രാഷ്ട്രീയ വിമര്‍ശനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും കിട്ടിയില്ല . അത്തരം എഴുത്തുകളോ എഴുത്തുകാരികളോ പ്രോത്സാഹിപ്പിക്കപ്പെട്ടില്ല , ഇപ്പോഴും ഇല്ല . മലയാളത്തിലെ പ്രമുഖമായ സ്ത്രീരചനകള്‍ മിക്കവാറും മുഖ്യധാരാ പ്രസാധകരിലൂടെയാണ് പ്രസിദ്ധീകരിക്കപ്പെടുന്നത് . അത് നിര്‍ണയിക്കപ്പെടുന്നത് അവയുടെ പ്രചാരമൂല്യവും വിപണിമൂല്യവും അടിസ്ഥാനമാക്കിയാണ് . എന്നിരിക്കിലും ഇത് സ്ത്രീകളുടെ ആവിഷ്കാരങ്ങളുടെ വിജയം കൂടിയാണ് .

എന്തുകൊണ്ട് സാഹിത്യബാഹ്യമായ സ്ത്രീ രചനകള്‍ ഉണ്ടാകുന്നില്ല എന്ന കാര്യം എന്നെ പലപ്പോഴും അലട്ടിയിരുന്നു. പല സുഹൃത്തുക്കളോടും അത് സംസാരിക്കുകയും ഉണ്ടായിട്ടുണ്ട് .ഇന്ത്യയിലെ ഏറ്റവും ശക്തമായ പ്രസാധന മേഖലയാണ് മലയാളത്തിന്‍റേത് . വ്യാപ്തിയിലും എണ്ണത്തിലും വിറ്റുവരവിലും മലയാളമാണ് മുന്നില്‍. ലാഭകരമായ ഒരു അച്ചടി – പ്രസാധന വ്യവസായ മേഖലയാണിത്. പക്ഷെ ഈ മേഖലയില്‍ സ്ത്രീ പങ്കാളിത്തം തീരെ കുറവാണ് . പല കാലങ്ങളില്‍ അപൂര്‍വം സ്ത്രീകള്‍ ഈ മേഖലയില്‍ കാലുറപ്പിക്കാന്‍ ശ്രമിച്ചു . അവരെല്ലാം അവരുടെ സാമൂഹ്യ – രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ ശ്രമങ്ങള്‍ നടത്തിയത് . ഒരു കച്ചവടം കൂടിയായ ഈ മേഖലയിലെ മൂലധനത്തിന്‍റെ സ്വഭാവവും, വിപണന രീതികളും വിതരണത്തിലെ പ്രശ്നങ്ങളും കോപ്പിറൈറ്റ് മുതല്‍ എഴുത്തുകാരുടെ പ്രതിഫലം വരെയുള്ള കാര്യങ്ങള്‍ കൂടി കൈകാര്യം ചെയ്യാനായാലേ ഈ മേഖലയില്‍ നില നില്‍ക്കാനാകൂ എന്ന ബോധ്യത്തോടെയാണ് ഞാന്‍ ഈ രംഗത്തേക്ക് വരുന്നത്. മറ്റെല്ലാ വാണിജ്യ മേഖലയിലും നിലനില്‍ക്കുന്ന പുരുഷന്‍മാരുടെ പ്രാമുഖ്യം ഇവിടെയും നിലനില്‍ക്കുന്നു. പണം മുടക്കാനും മൂലധനം സ്വരൂപിക്കാനും കച്ചവടം ചെയ്യാനും പുരുഷന് സ്വാഭാവികമായി കഴിയുന്ന നമ്മുടെ സമൂഹത്തില്‍, സ്വത്തും സ്വത്തിന്മേല്‍ നിയന്ത്രണവും ഇല്ലാത്ത സ്ത്രീക്ക് കടന്നു വരാന്‍ തന്നെ ബുദ്ധിമുട്ടാണ് . ഒരു പ്രസാധകയാകാനുള്ള സ്ത്രീയുടെ ഒന്നാമത്തെ കടമ്പ അതാണ് . കേരളത്തിലെ പ്രധാന പ്രസാധകശാലകള്‍ എല്ലാം എടുത്തു നോക്കുക. അവയില്‍ സ്ത്രീകള്‍ നാമ മാത്രമാണ് . എഡിറ്റര്‍മാര്‍ , പോളിസി തീരുമാനിക്കുന്നവര്‍, മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവുമാര്‍ , ഉടമസ്ഥര്‍ , ഓഹരി ഉടമകള്‍ എന്നിങ്ങനെ തീരുമാനമെടുക്കല്‍ സ്ഥാനങ്ങളില്‍ സ്ത്രീകള്‍ തീരെയില്ല എന്ന് പറയാം. എന്നാല്‍ ഇന്ത്യയിലെ സുപ്രധാനമായ പല ഇംഗ്ലീഷ് പ്രസാധക സ്ഥാപനങ്ങളിലും നിര്‍ണായക സ്ഥാനങ്ങളില്‍ സ്ത്രീകളാണ് ഉള്ളത് . (അവരില്‍ പലരും മലയാളികളുമാണ് !) ഈ അവസ്ഥ ഈ മേഖലയിലേക്ക് വരാനുള്ള നൈപുണികള്‍ ആര്‍ജിക്കാനുള്ള അവസരം പോലും ഒരുക്കുന്നില്ല . എഴുത്തുകാരി എന്ന നിലയില്‍ തന്‍റെ ബൗദ്ധിക അവകാശത്തിന്‍റെ കാര്യങ്ങളില്‍ സ്ത്രീകള്‍ പലപ്പോഴും ഒത്തുതീര്‍പ്പുകള്‍ക്കു നിര്‍ബന്ധിതരാകുന്നു. രചനയുടെ മേലുള്ള ഉടമസ്ഥാവകാശം, ഉടമ്പടികള്‍, റോയല്‍റ്റി തുടങ്ങി പല കാര്യങ്ങളിലുമുള്ള അറിവില്ലായ്മയും വിവരങ്ങള്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടും എല്ലാം സ്ത്രീകള്‍ക്ക് കടമ്പകള്‍ ആകുന്നു. സ്ത്രീകളുടെ രചനകള്‍ പ്രസിദ്ധീകരിക്കുന്നത് അവര്‍ക്കു ഒരു സഹായം ചെയ്യുന്നതാണെന്ന ഭാവത്തിലാണ് ഇപ്പോഴും കാര്യങ്ങള്‍ നടക്കുന്നത്. ഈ സാഹചര്യങ്ങളില്‍ സാഹിത്യബാഹ്യമായ, ഗൗരവപൂര്‍ണമായ ഒരു രചന, ഒരു ആദ്യ രചന പ്രസിദ്ധീകരിക്കുക ഒരു സ്ത്രീക്ക് ഇപ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാണ്.

ഈയൊരു ശൂന്യതയെ , വിടവിനെ പരിഹരിക്കാനുള്ള ശ്രമമായാണ് വിമന്‍സ് ഇമ്പ്രിന്‍റ് ഉണ്ടായി വരുന്നത്. വര്‍ഷങ്ങളായുള്ള ആഗ്രഹവും പ്രസാധന മേഖലയെ മനസിലാക്കാനുള്ള ശ്രമവും പ്രാവര്‍ത്തികമായതിനു പല സുഹൃത്തുക്കളുടേയും വീട്ടുകാരുടേയും പിന്തുണ ഉണ്ടായിരുന്നു. സാമ്പത്തികമായും പ്രായോഗിക സഹായങ്ങളായും സംഘാടനമായും എല്ലാം കൂട്ടായ ശ്രമമായിരുന്നു. ‘സമീപനം ‘ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത ട്രസ്റ്റിന്‍റെ പ്രസാധനവിഭാഗമാണ് വിമന്‍സ് ഇമ്പ്രിന്‍റ് . ഞാന്‍ (മിനി സുകുമാര്‍) , എഴുത്തുകാരി അനിത തമ്പി , മീര സുകുമാര്‍ (എന്‍റെ സഹോദരി) എന്നിവര്‍ ട്രസ്റ്റ് അംഗങ്ങള്‍. ആദ്യ പുസ്തകം ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ഓര്‍മക്കുറിപ്പുകളുടെ മലയാള പരിഭാഷയായിരുന്നു. കാളി ഫോര്‍ വിമന്‍ പ്രസിദ്ധീകരിച്ച Revolutionary Days: Memoirs of a Political Activist’ എന്ന പുസ്തകം കാണ്‍പൂര്‍ ഐ ഐ ടി യിലെ ഇംഗ്ലീഷ് അധ്യാപികയായ ഡോ . മിനി ചന്ദ്രനാണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് . ആദ്യ പുസ്തകത്തിന്‍റെ ആമുഖമായി എഴുതിയ പ്രസാധകക്കുറിപ്പില്‍ വ്യക്തമായും ഈ പ്രസാധകശാലയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ പറഞ്ഞിരുന്നു.

സാമ്പ്രദായിക രീതിയില്‍ ചരിത്രവും സമകാലിക സംഭവങ്ങളും അവയുടെ ആഖ്യാനങ്ങളും രേഖപ്പെടുത്തി പോകുമ്പോള്‍ അവയില്‍ പരാമര്‍ശിക്കപ്പെടാതെ പോകുന്ന സ്ത്രീ ജീവിതങ്ങള്‍ നിരവധിയാണ്. മുന്‍പ് രേഖപ്പെടുത്താതെ പോയതും ഇന്ന് പുതുതായി രൂപമെടുക്കുന്നതുമായ ആ സാംസ്കാരിക – രാഷ്ട്രീയ അനുഭവങ്ങളുടെ പ്രസിദ്ധീകരണമാണ് വിമന്‍സ് ഇംപ്രിന്‍റ് ലക്ഷ്യമിടുന്നത് . അനുഭവക്കുറിപ്പുകള്‍, ആത്മകഥകള്‍, ജീവചരിത്രങ്ങള്‍, പഠന ഗ്രന്ഥങ്ങള്‍, ലേഖനങ്ങള്‍ എന്നിവയ്ക്കായിരിക്കും വിമന്‍സ് ഇംപ്രിന്‍റ് മുന്‍തൂക്കം നല്‍കുക’. ക്യാപ്റ്റന്‍ ലക്ഷ്മി കാണ്‍പൂരിലാണ് ജീവിച്ചിരുന്നത് .

മിനി ചന്ദ്രനും അവിടെയായിരുന്നത് വളരെ സൗകര്യമായി. അഭിമുഖം നടത്താനായി ഞാന്‍ ഒരിക്കല്‍ കാണ്‍പൂരില്‍ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ വീട്ടില്‍ പോയി. സ്ത്രീകളുടെ പ്രസിദ്ധീകരണശാലയാണെന്നു അറിഞ്ഞപ്പോള്‍ പുസ്തകത്തിന്‍റെ വിവര്‍ത്തന അവകാശം സന്തോഷത്തോടെ നല്‍കാനും സമ്മത പത്രം ഒപ്പിട്ടു തരാനും തയ്യാറായ ക്യാപ്റ്റന്‍ ലക്ഷ്മി, പ്രസിദ്ധീകരണാനന്തരം അയച്ചു കൊടുത്ത റോയല്‍റ്റി തുക , അടുത്ത പുസ്തകത്തിനായി ഉപയോഗിച്ചോളൂ എന്ന് പറഞ്ഞു തിരിച്ചയക്കുകയും ചെയ്തു.

രണ്ടാമത്തെ പുസ്തകം, നിലമ്പൂര്‍ ആയിഷയുടെ ആത്മകഥ, ‘ജീവിതത്തിന്‍റെ അരങ്ങ്’ ആയിരുന്നു. ഭാഷാപോഷിണിയില്‍ വന്ന ദീര്‍ഘമായ ഒരു അഭിമുഖത്തെ ആധാരമാക്കി നിരവധി അഭിമുഖങ്ങളിലൂടെ ഞാന്‍ തന്നെ അത് തയ്യാറാക്കി. മൂന്നാമത്തെ പുസ്തകം ‘ആണരശു നാട്ടിലെ കാഴ്ചകള്‍ : കേരളം സ്ത്രീപക്ഷ ഗവേഷണത്തില്‍’ എന്ന പേരില്‍. സാമൂഹ്യവിമര്‍ശപഠനങ്ങളുടെ ഈ സമാഹാരം എഡിറ്റു ചെയ്തത് ഡോ. ജെ.ദേവികയാണ്.

നാലാമത്തെ പുസ്തകം ‘മാ’ എന്ന് സ്നേഹപൂര്‍വ്വം എല്ലാവരും വിളിക്കുന്ന മന്ദാകിനി നാരായണന്‍റെ ഓര്‍മക്കുറിപ്പുകള്‍, ‘മറിക്കാത്ത താളുകള്‍’ ആയിരുന്നു. മായുടെ ഡയറി, നിരവധി കത്തുകള്‍, പത്ര റിപ്പോര്‍ട്ടുകള്‍, കേസുകളുടെ വിശദാംശങ്ങള്‍ എന്നിങ്ങനെ പലതും പരിശോധിച്ചും പല തവണ സംസാരിച്ചും അതീവ ശ്രദ്ധയോടെ ആ പുസ്തകം തയ്യാറാക്കിയത് ഡോ. കെ.പി. ഗിരിജയാണ്. മായുടെ ആരോഗ്യാവസ്ഥ ആ സമയം വളരെ മോശമായിരുന്നു. മരണത്തിനു ശേഷമാണ് പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞത്. ഈ നാല് പുസ്തകങ്ങളും തയ്യാറാക്കുമ്പോള്‍ പലരുടെയും സഹായങ്ങള്‍ ലഭിച്ചു. പുസ്തകങ്ങളുടെ ഡി ടി പി വര്‍ക്ക് മീരയാണ് ചെയ്തിരുന്നത്. എല്ലാ പുസ്തകങ്ങളുടേയും പ്രകാശനം നന്നായി സംഘടിപ്പിച്ചു. പുസ്തകങ്ങള്‍ പരിശോധിക്കാനും പ്രകാശനം സംഘടിപ്പിക്കാനും അനിതയും ഞാനും അനേകം കൂട്ടുകാരും. എഴുത്തുകാരുമായും അവരുടെ ജീവിതം, കാലഘട്ടം എന്നിവയുമെല്ലാം പരമാവധി മനസിലാക്കാന്‍ ശ്രമിച്ചിരുന്നു. ഏറ്റവും പ്രധാനം, അച്ചടിയും വിതരണവും പൂര്‍ണമായും ചെയ്തു തന്നു സഹായിച്ചത് കോട്ടയം ഡി.സി.ബുക്ക് സാണ് എന്ന കാര്യമാണ്. മൂന്നു പുസ്തകങ്ങള്‍ മൂന്നു പതിപ്പുകള്‍ പ്രസിദ്ധീകരിക്കാനും നന്നായി വിതരണം ചെയ്യാനും അവര്‍ സഹായിച്ചു. ഇതിനു ശേഷം പലതരം പ്രശ്നങ്ങള്‍ കൊണ്ട് പിന്നീട് പുസ്തകങ്ങള്‍ ഇറക്കാന്‍ കഴിഞ്ഞില്ല. ഒരുപാട് ആലോചനകള്‍ ബാക്കിയുണ്ടായിരുന്നു . വീണ്ടും തിരിച്ചു വരണമെന്ന് ആഗ്രഹമുണ്ട്, വരുമായിരിക്കും. സ്ത്രീപക്ഷ രാഷ്ട്രീയം ആയിരിക്കും കേന്ദ്ര പ്രമേയം എന്നതില്‍ മാറ്റമുണ്ടാകില്ല.

പിന്‍ കുറിപ്പ്
സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അനവധി സമരമുഖങ്ങളില്‍ ഒന്നാണ് ഫെമിനിസ്റ്റ്പുസ്തക പ്രസാധനവും. ആ വിശ്വാസമായിരുന്നു മലയാളത്തിലെ ആദ്യ ഫെമിനിസ്റ്റ് പുസ്തകപ്രസാധന സംരംഭമായ വിമന്‍സ് ഇംപ്രിന്‍റ് തുടങ്ങുവാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമ്പോള്‍ ഉണ്ടായിരുന്ന മൂലധനം. എന്നാല്‍ വര്‍ഷങ്ങളോളം മനസ്സിലിട്ടു താലോചിച്ചു കൊണ്ടുനടന്ന ഒരു ആഗ്രഹമായിരുന്നു അത്. പത്ര പ്രവര്‍ത്തനം, എഴുത്ത്, പുസ്തകങ്ങള്‍, പുസ്തകശാലകള്‍ ഇവയെല്ലാം ചെറുപ്പകാലം മുതല്‍ എന്നെ ശക്തമായി ആകര്‍ഷിച്ചിരുന്നു. വിജയിക്കാതെ പോയ ഒരു ദിനപത്ര പ്രസിദ്ധീകരണത്തിന്‍റെ ചരിത്രമുണ്ടായിരുന്നു എന്‍റെ അച്ഛന് . മരിക്കും വരെ അതിന്‍റെ ആവേശവും ഓര്‍മകളും അച്ഛനുണ്ടായിരുന്നു. അതുകൊണ്ടു തന്നെ എന്‍റെ മറ്റെല്ലാ തന്നിഷ്ടങ്ങളും പോലെ ഈ ആഗ്രഹത്തിനും അച്ഛന്‍ കൂടെ നിന്നു. ഞാന്‍ ഡിഗ്രി പഠനം കഴിഞ്ഞു 1985 – 86 ല്‍ തിരുവനന്തപുരം പ്രസ്സ്ക്ലബ്ബില്‍ ജേര്‍ണലിസം ഡിപ്ലോമ ഈവനിംഗ് കോഴ്സ്സായി പഠിച്ചു . ആ ഒരുവര്‍ഷം ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ സംസ്ഥാന ഓഫീസിലും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലും ചെറിയ പത്ര സ്ഥാപനങ്ങളിലുമൊക്കെ കയറിയിറങ്ങി നടന്ന് പലതരം പ്രസിദ്ധീകരണ രീതികള്‍ കണ്ടു കൊതിപൂണ്ടു. അക്കാലത്തു കേരളത്തിലെ പത്രസ്ഥാപനങ്ങളൊന്നും സ്ത്രീകളെ ജേര്‍ണലിസ്റ്റുകളായി ജോലിക്ക് എടുത്തിരുന്നില്ല . ഇംഗ്ലീഷ് പത്രപ്രവര്‍ത്തനത്തിന് ധാരാളം സാധ്യതകള്‍ ഉണ്ടായിരുന്നു എങ്കിലും അതിനുള്ള ഭാഷാസ്വാധീനമോ ആശയവിനിമയ ശേഷിയോ എനിക്ക് അന്നുണ്ടായിരുന്നില്ല . ഇക്കാലത്താണ് ഇടുക്കി ജില്ലയിലെ തങ്കമണിയില്‍ പോലീസ് ക്രൂരമായ മര്‍ദ്ദനം നടത്തിയ സംഭവം. സ്ത്രീകളും വീടുകയറിയുള്ള ക്രൂരമായ മര്‍ദ്ദനത്തിനിരയായിരുന്നു. പത്രങ്ങള്‍ക്കൊന്നും വിശദമായ വിവരങ്ങള്‍ കിട്ടിയിരുന്നില്ല . സംഭവം നടന്നു രണ്ടാം ദിവസം കോട്ടയത്തുനിന്ന് ഒരു സംഘം അവിടെ പോകുന്നു. അതിലെ ഏക പെണ്‍തരിയായി ഞാനും. ഞങ്ങള്‍ എല്ലാ വീട്ടിലും കയറി ഇറങ്ങി സ്ത്രീകളെ നേരില്‍ കണ്ടു. തിരികെ വന്നു വിശദമായ റിപ്പോര്‍ട്ടും വിശകലനവും തയ്യാറാക്കി. ആരും പ്രസിദ്ധീകരിക്കാനില്ലെന്ന തിരിച്ചറിവുണ്ടായതുകൊണ്ട് ലഘുലേഖയായി അച്ചടിച്ച് വിതരണം ചെയ്തു. 1984 -ല്‍ നടന്ന ലോകസഭാ ഇലക്ഷനില്‍ കോട്ടയം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ്കുറുപ്പിന്‍റെ ഇലക്ഷന്‍ പ്രചാരണത്തിനായി രാജ്യത്തിന്‍റെ പലഭാഗത്തുനിന്നുള്ള യുവാക്കളും കുറച്ചു യുവതികളും എത്തിയിരുന്നു. മുഴുവന്‍ സമയ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തകയായിരുന്ന ഞാനും ഇവരോടൊപ്പമായിരുന്നു . ഈ സ്ത്രീകള്‍ എന്‍റെ ഹോസ്റ്റലിലായിരുന്നു തങ്ങിയിരുന്നത് . ഫെമിനിസത്തിന്‍റെ ആദ്യ പാഠങ്ങള്‍ പഠിക്കുന്നത് ഇവരില്‍ നിന്നുമാണ് . അന്ന് തിരുവനതപുരം സിഡി എസില്‍ ഗവേഷകയായിരുന്ന നട ദുവ്വരി എനിക്ക് ഒരു സ്ത്രീ മാസികയുടെ രണ്ടു ലക്കങ്ങള്‍ കാണിച്ചു വിശദീകരിച്ചു തന്നു. ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇന്ത്യയിലെ ആദ്യ ഫെമിനിസ്റ്റു പ്രസിദ്ധീകരണമായ ‘മാനുഷി ‘ ആയിരുന്നു അത്. അടിമുടി ഞെട്ടിച്ചു കളഞ്ഞ ഒരു വായനയും പ്രസിദ്ധീകരണവുമായിരുന്നു അത്. പോകുമ്പോള്‍ അതിലൊന്ന് എനിക്ക് തന്നിരുന്നു. അതിലെ വിലാസത്തില്‍ വരിസംഖ്യ അയച്ചു വരിക്കാരിയായി. ജേര്‍ണലിസം പഠിക്കുമ്പോഴെല്ലാം ഇതൊരു പ്രചോദനമായി മനസ്സില്‍ കിടന്നു. പഠനം കഴിഞ്ഞ് വീട്ടിലെത്തി ഒരു മാസിക തുടങ്ങാന്‍ കുറെ ശ്രമങ്ങള്‍; കൂടുതലും ആഗ്രഹങ്ങള്‍, നടത്തിനോക്കി . സഹോദരന്‍ അയ്യപ്പന്‍റെ ജീവിതപങ്കാളി യായിരുന്ന പാര്‍വതി അയ്യപ്പന്‍ വളരെക്കാലം മുന്‍പ് ‘സ്ത്രീ’ എന്ന പേരില്‍ ഒരു മാസിക നടത്തിയിരുന്നു എന്നും ആ ടൈറ്റില്‍ അപേക്ഷിച്ചാല്‍ കിട്ടുമെന്നും ശ്രീ . എം. കെ സാനു അച്ഛനോട് പറഞ്ഞു . ആ ടൈറ്റില്‍ അപ്പോഴേക്കും പല കൈ മറിഞ്ഞു മറ്റൊരാളില്‍ എത്തിയിരുന്നു. അത് കിട്ടുമോ എന്നറിയാന്‍ ഞാനും അച്ഛനും കൂടി ആ വീട് അന്വേഷിച്ചു കണ്ടു പിടിച്ചു അവരെ പോയി കണ്ടു. അവര്‍ കുറച്ചധികം പണം ചോദിച്ചു. അങ്ങനെ അത് നടന്നില്ല. അധികം താമസിയാതെ എന്‍റെ കല്യാണം കഴിഞ്ഞു . ഗിരീഷിനും പ്രസിദ്ധീകരണ ആഗ്രഹങ്ങള്‍ കലശലായി ഉണ്ടായിരുന്നു. രണ്ടു തവണ കോട്ടയം കളക്ട്രേറ്റ് വഴി അപേക്ഷ സമര്‍പ്പിച്ചു. ഡല്‍ഹിയിലെ ഓഫീസില്‍ നിന്ന് രണ്ടു ടൈറ്റിലുകള്‍ എന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു കിട്ടി. പക്ഷെ രണ്ടും തുടങ്ങാന്‍ കഴിഞ്ഞില്ല. പിന്നീട് കാലങ്ങളോളം ജീവിതം രാഷ്ട്രീയ – സാമൂഹ്യ പ്രവത്തനങ്ങളിലൂടെയും നിരന്തരമായ ജീവിത പ്രതിസന്ധികളിലൂടെയും തുടര്‍ന്ന് പോയി . ഒരുപാട് കാലത്തിനു ശേഷം, അനേകം ഫെമിനിസ്റ്റ് പ്രസിദ്ധീകരണങ്ങള്‍ പരിചയമായതിനു ശേഷം 2005 -ലാണ് വിമന്‍സ് ഇമ്പ്രിന്‍റ് ആരംഭിക്കുന്നത്. നാല് പുസ്തകങ്ങള്‍ വിജയകരമായി ഉണ്ടാക്കിയെടുത്തു പ്രസിദ്ധീകരിക്കുവാന്‍ കഴിഞ്ഞു. എന്നാല്‍ ഏതൊരു സ്ത്രീ സ്വാതന്ത്ര്യ പ്രസ്ഥാനത്തിനും അനിവാര്യമായും വേണ്ട പരസ്പര ബഹുമാനത്തിന്‍റേയും കരുതലിന്‍റേയും കുറവുകള്‍ വലിയ പ്രതിബന്ധങ്ങള്‍ ആയി.

മിനി സുകുമാര്‍
അസി.പ്രൊഫസര്‍ , സ്ത്രീപഠനവിഭാഗം, കോഴിക്കോട് സര്‍വ്വകലാശാല

COMMENTS

COMMENT WITH EMAIL: 0