ഈ ലേഖനത്തിന്‍റെ തലക്കെട്ടിനായി, മുക്ത സാല്‍വെയുടെ രചനയില്‍ നിന്ന് ഞാന്‍ ഒരു വാചകം എടുത്തിട്ടുണ്ട്. അധികാരത്തോടുള്ള സത്യത്തിന്‍റെ ഈ ശബ്ദം നിങ്ങള്‍ എല്ലാവരും തിരിച്ചറിയും. ഒന്നര നൂറ്റാണ്ട് മുമ്പാണ്, മുക്ത സാല്‍വെ എന്ന പതിന്നാല് വയസ്സുള്ള പെണ്‍കുട്ടി തുറന്ന കത്ത് പോലെ ഒന്ന്, അറിവിനെ നിയന്ത്രിക്കുകയും അധികാരം കൈവശപ്പെടുത്തിയിരിക്കുകയും ചെയ്തിരുന്ന ബ്രാഹ്മണര്‍ക്ക് എഴുതിയത്. ഈ അറിവിലുള്ള അവരുടെ സ്വാധീനത്തെ ചോദ്യം ചെയ്തുകൊണ്ട് അവള്‍ എഴുതിയതില്‍, തന്നെപ്പോലുള്ള താഴ്ന്നവരില്‍ താഴ്ന്നവര്‍ക്കും മാംഗുകള്‍ക്കും, മഹര്‍മാര്‍ക്കും എന്തുകൊണ്ടാണ് അറിവിലേക്ക് പ്രവേശനം അനുവദിക്കാത്തത് എന്ന ചോദ്യവും ഉണ്ടായിരുന്നു. ഈ ചോദ്യമാണ് ഞാന്‍ സംസാരിക്കാന്‍ ശ്രമിക്കുന്നതിന്‍റെ കാതല്‍.
മുക്ത സാല്‍വെ പണ്ഡിറ്റുകളെ ദേഷ്യത്തോടെയും വേദനയോടെയും അഭിസംബോധന ചെയ്തു കൊണ്ട് ചോദിച്ചു: ‘ബാജിറാവുവിന്‍റെ ഭരണത്തിന്‍ കീഴില്‍, ഒരു മാംഗോ മഹറോ ഒരു അഖാരയുടെ മുന്നിലൂടെ കടന്നുപോകുകയാണെങ്കില്‍, അക്കാരണം കൊണ്ട് മാത്രം അവര്‍ കൊല്ലപ്പെടും. അതിന്‍റെ വാതിലിലൂടെ കടന്നുപോകുന്നത് പോലും ഞങ്ങള്‍ക്ക് ശിക്ഷാര്‍ഹമായ കുറ്റമാകുമ്പോള്‍ , വിദ്യാഭ്യാസം നേടുക, പഠിക്കാനുള്ള സ്വാതന്ത്ര്യം നേടുക എന്ന ചോദ്യം തന്നെ ഉണ്ടായിരുന്നോ? ഏതെങ്കിലും മാംഗോ മഹറോ എങ്ങനെയെങ്കിലും വായിക്കാനും എഴുതാനും പഠിക്കുമ്പോള്‍ ഭരണാധികാരി ചോദിക്കും ‘എന്ത് ധൈര്യത്തിലാണ് അവര്‍ വിദ്യാഭ്യാസം സിദ്ധിച്ചത്? തങ്ങളുടെ ഔദ്യോഗിക ചുമതലകള്‍ അസ്പൃശ്യരെ ഏല്‍പ്പിച്ച് വിധവകളുടെ തല മൊട്ടയടിക്കാന്‍ ബ്രാഹ്മണര്‍ തലവടിക്കുന്ന സാമഗ്രികളുമായി ഇറങ്ങുമെന്ന് ഈ തൊട്ടുകൂടാത്തവര്‍ പ്രതീക്ഷിക്കുന്നുണ്ടോ?”. ഇത്തരം പരാമര്‍ശങ്ങള്‍ ‘താഴ്ന്ന’ ജാതിക്കാരെ അപമാനിക്കുന്നതാണെന്നും മുക്തബായി കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന്, വിജ്ഞാനത്തിന്‍റെ ഉടമകളായ ഈ ബ്രാഹ്മണരോട് ‘നിങ്ങളുടെ സ്വാര്‍ത്ഥ വൈദികവിദ്യയെ’ മടക്കി വച്ച് താന്‍ പറയുന്നത് ശ്രദ്ധിക്കാന്‍ അവര്‍ ഉദ്ബോധിപ്പിച്ചു. എഴുത്തിനെക്കുറിച്ചും അറിവ് സൃഷ്ടിക്കലിനെക്കുറിച്ചും ആ അറിവ് ലോകത്തിലേക്ക് എത്തിക്കുന്നതിനെക്കുറിച്ചും; മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പ്രസിദ്ധീകരണ പ്രവര്‍ത്തനത്തെക്കുറിച്ച് സംസാരിക്കുന്നതിനുള്ള അടയാള വാക്യങ്ങളായി ഈ പരാമര്‍ശങ്ങളെ ഞാന്‍ കണക്കാക്കുന്നു.
ഫെമിനിസ്റ്റ് പ്രസാധകരെന്ന നിലയിലുള്ള ഞങ്ങളുടെ യാത്രയിലൂടെയും പഠിച്ച പാഠങ്ങളിലൂടെയും നിങ്ങളെ കൂട്ടിക്കൊണ്ടു പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മുപ്പത്തിയേഴു വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇന്ത്യയിലെ ആദ്യത്തെ ഫെമിനിസ്റ്റ് പ്രസിദ്ധീകരണശാലയായ ‘കാളി ഫോര്‍ വിമന്‍’ ആരംഭിച്ചപ്പോള്‍, മുക്താബായി സൂചിപ്പിക്കുന്ന അറിവിന്‍റെ ഉടമസ്ഥാവകാശത്തെ ചോദ്യം ചെയ്യുക എന്നുള്ളതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സ്ത്രീകളുടെ ശബ്ദത്തെ ബോധപൂര്‍വവും വ്യവസ്ഥാപിതവുമായി നിശ്ശബ്ദമാക്കപ്പെടുന്നതിന്മേലാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത്. എഴുത്തിന്‍റേയും പ്രസിദ്ധീകരണത്തിന്‍റേയും ലോകത്ത് പുരുഷന്മാരും സവര്‍ണ്ണരും ഉയര്‍ന്ന ജാതിക്കാരും ആധിപത്യം പുലര്‍ത്തിയിരുന്നു. അവര്‍ പ്രധാനമായും സ്വന്തം വര്‍ഗത്തിലെ പുരുഷന്മാര്‍ക്ക് വേണ്ടി സ്വന്തം വര്‍ഗത്തിലെ പുരുഷന്മാരുടെ കൃതികള്‍ പ്രസിദ്ധീകരിച്ചു. അറിവ് സൃഷ്ടിക്കാന്‍ കഴിയുന്നവരോ അത് വിനിയോഗിക്കാന്‍ കഴിയുന്നവരോ അല്ലെങ്കില്‍ അത് പുറം ലോകത്തേക്ക് കൊണ്ടുപോകാന്‍ യത്നിക്കുന്നവരോ ആയ സ്ത്രീകളുടെ വിവരങ്ങള്‍ പുറത്തേക്ക് വന്നിട്ടില്ല. ഇത് അറിവിന്‍റെ നിയന്ത്രണം മാത്രമല്ല അറിവ് എന്ന് നിര്‍വചിക്കപ്പെട്ടതിന്‍റെ മേലുള്ള നിയന്ത്രണം കൂടിയായിരുന്നു. അതിനാല്‍, ഉദാഹരണത്തിന്, സ്ത്രീകളുടെ ആശങ്കകള്‍ അറിവിന്‍റെ ലോകത്തേക്ക് കൂട്ടിച്ചേര്‍ക്കാനും സ്വാധീനിക്കാനും അല്ലെങ്കില്‍ അതിനെ ചോദ്യം ചെയ്യാനും വിപുലീകരിക്കാനും കഴിയുന്ന ഒന്നായി കണക്കാക്കാന്‍ തക്ക ‘ഗൗരവ’മുള്ളതായി അംഗീകരിക്കപ്പെട്ടിരുന്നില്ല.
ഫെമിനിസ്റ്റുകള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് ഇതില്‍ വേദനയും അമര്‍ഷവും ഉണ്ടായിരുന്നു. ഈ അഭാവവും നിഷേധവും അര്‍ത്ഥമാക്കുന്നത് നമ്മള്‍ ഉള്‍പ്പെട്ടിരിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍ പ്രയോജനപ്പെടുത്തുന്നില്ല എന്നു മാത്രമല്ല അറിവിലേക്കുള്ള പ്രവേശന തടസം അര്‍ത്ഥമാക്കുന്നത്, നമ്മള്‍ ഒരുതരം അര്‍ദ്ധ-അജ്ഞതയില്‍ ജീവിച്ചു എന്നതും കൂടിയാണ്. ഇത് അറിവിന്‍റെ സൃഷ്ടിയും ഉപഭോഗവുമായി മാത്രം ബന്ധപ്പെട്ട ഒന്നല്ല. സ്ത്രീകള്‍ക്ക് അറിവിന്‍റെ നിര്‍മ്മിതിയില്‍ പ്രവേശനമില്ലാത്തതിന്‍റെ മറ്റൊരു ശക്തമായ കാരണം, അവര്‍ മിക്കവാറും വീടിനുള്ളില്‍ മാത്രം ഒതുങ്ങിപ്പോയി എന്നതും അറിവ് നിര്‍മ്മിക്കുന്ന പൊതു ഇടങ്ങളില്‍ പ്രവേശനമില്ലായിരുന്നു എന്നതുമാണ്. അതിനാല്‍, ധര്‍മ്മ സിദ്ധാന്തങ്ങള്‍ സൃഷ്ടിക്കുന്ന പ്രക്രിയകളെ പ്രതിരോധിക്കാന്‍ ശ്രമിച്ചുകൊണ്ട്, അത്തരം നിര്‍മ്മാണത്തെ ചെറുക്കുന്ന പലരെയും പോലെ ഞങ്ങളും ഈ ചുമതല സ്വയം ഏറ്റെടുക്കാന്‍ തീരുമാനിച്ചു.
കാളി പോലെയുള്ള ഒന്ന് ആരംഭിക്കാനുള്ള ഞങ്ങളുടെ പ്രേരണ സ്ത്രീകളെഴുതിയതും സ്ത്രീകളെക്കുറിച്ചുള്ളതുമായ അറിവ് സൃഷ്ടിക്കുകയും ഉത്പാദിപ്പിക്കുകയും ചെയ്യുക, സ്ത്രീകളുടെ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുക, ഈ അറിവുകള്‍ ലോകത്തിന്‍റെ മുന്നിലേക്ക് എത്തിക്കുക എന്നിവയായിരുന്നു. മറ്റൊരു പ്രചോദനം പ്രാതിനിധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആര്‍ക്ക് വേണ്ടി സംസാരിക്കണം എന്നുള്ളത് സ്ത്രീപക്ഷ പ്രസ്ഥാനത്തെയും ഫെമിനിസത്തെയും അതിന്‍റെ തുടക്കം മുതല്‍ തന്നെ അലട്ടുന്ന ഒരു ചോദ്യമാണ്. മറ്റാരെങ്കിലും അത് ചെയ്യുന്നതിനുപകരം നമ്മളെക്കുറിച്ചുള്ള അറിവ് ഉല്പാദിപ്പിക്കാന്‍ നമ്മള്‍ ആഗ്രഹിക്കുന്നുവെന്നും കൂടുതല്‍ ശക്തരായ രാജ്യങ്ങളില്‍ നിന്ന് ശക്തി കുറഞ്ഞവരിലേക്കോ കൂടുതല്‍ ശക്തരായ ആളുകളില്‍ നിന്ന് അശക്തരായ ആളുകളിലേക്കോ വിവരങ്ങളുടെ ഒഴുക്കിന്‍റെ ഗതി മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്ന് ഞങ്ങള്‍ അക്കാലത്ത് പറഞ്ഞിരുന്നു. സത്യത്തില്‍, ഇന്ത്യയിലെത്തി കുറച്ച് മാസങ്ങള്‍ ഇവിടെ ചിലവഴിച്ച് വികസിത രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍, അന്ന് ഞങ്ങള്‍ മൂന്നാം ലോക സ്ത്രീകള്‍ എന്ന് വിളിക്കുന്ന (ഇന്ന് ഞങ്ങള്‍ ഈ വിഭജന പദം ഉപയോഗിക്കില്ല) നമ്മള്‍ ഉള്‍പ്പെട്ട ജനവിഭാഗത്തെക്കുറിച്ച് നടത്തിയ ഗവേഷണം പിന്നീട് നമ്മള്‍ അവരില്‍ നിന്നും വില കൊടുത്ത് വാങ്ങി വായിക്കേണ്ടി വരുന്നു എന്ന വസ്തുതയെ പ്രതിരോധിക്കുകയായിരുന്നു. എന്നാല്‍ ‘നമ്മള്‍’ ആരായിരുന്നു, നമ്മള്‍ സംസാരിച്ച സ്ത്രീകള്‍ ആരായിരുന്നു? നിങ്ങള്‍ വിശാലമായ അര്‍ത്ഥത്തില്‍ സംസാരിക്കുമ്പോള്‍, സൂക്ഷ്മമായ വ്യത്യാസങ്ങളും, വിശാലമായ യാഥാര്‍ത്ഥ്യങ്ങളെ യഥാര്‍ത്ഥത്തില്‍ സൂക്ഷ്മമായി ബാധിക്കുന്ന പാളികളും തുടച്ചുനീക്കപ്പെടുന്നു.
പുരുഷമേധാവിത്വത്തിലൂന്നിയ അറിവിനെ എതിര്‍ക്കുന്നവരും ചോദ്യം ചെയ്യുന്നവരും അട്ടിമറിക്കുന്നവരുമായി ഞങ്ങള്‍ സ്വയം വിലയിരുത്തി. മുഖ്യധാരാ വിജ്ഞാന സൃഷ്ടിക്കെതിരെ പ്രവര്‍ത്തിക്കുന്നവരായി ഞങ്ങള്‍ ഞങ്ങളെ തന്നെ കണ്ടു. അതിനാല്‍ ഞങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്ന സംരംഭം തീര്‍ച്ചയായും ഒരു ‘ബദല്‍’ ആയിരുന്നു. എന്നാല്‍ പ്രവര്‍ത്തന പരിധി ഇതില്‍ മാത്രം ഒതുങ്ങിക്കൂടാ എന്നതായിരുന്നു ഞങ്ങള്‍ പഠിച്ച ആദ്യത്തെ പ്രധാന പാഠം.
ഡല്‍ഹിയില്‍ നിന്നും ഇംഗ്ലീഷ് ഭാഷയില്‍ പ്രസിദ്ധീകരിക്കുന്നതിനാല്‍ സവര്‍ണ്ണരും ഉന്നതകുലജാതരുമായ സ്ത്രീകള്‍, വിദ്യാഭ്യാസം നേടിയവര്‍, എഴുതാനും സംസാരിക്കാനും കഴിയുന്നവര്‍ എന്നിങ്ങനെയുള്ള അതിരുകള്‍ക്കുള്ളില്‍ സ്വയം പരിമിതപ്പെട്ട് പോയിരിക്കുന്നുവെന്ന് ഞങ്ങള്‍ ആത്മവിമര്‍ശനം നടത്തി. ഇത് അപ്രധാനമായിരുന്നില്ലെങ്കിലും, അത് പര്യാപ്തമായിരുന്നില്ല. ഞങ്ങള്‍ക്ക് മുന്‍പിലുള്ള മറ്റൊരു പ്രധാനപ്പെട്ട ചോദ്യം ഇതായിരുന്നു: ‘പുരുഷന്മാരെ മാറ്റി പകരം സ്ത്രീകളാക്കുന്നതിലൂടെ, പല കാര്യങ്ങളിലും നാം പുരുഷ ഉടമസ്ഥതയുടെ മാതൃകകള്‍ ആവര്‍ത്തിക്കുകയും അവരുടെ വര്‍ഗ-ജാതി പക്ഷപാതങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുകയായിരുന്നില്ലേ?’. ഇതിനപ്പുറം ഇന്ത്യയുടെയും ഇന്ത്യന്‍ സ്ത്രീകളുടെയും വിശാലവും വൈവിധ്യപൂര്‍ണ്ണവുമായ യാഥാര്‍ത്ഥ്യത്തിലേക്ക് എങ്ങനെ നീങ്ങാന്‍ കഴിയുമെന്ന് ഞങ്ങള്‍ സ്വയം ചോദിച്ചു. ഭാഷയുടേയും സ്ഥലത്തിന്‍റേയും അതിരുകള്‍ക്കപ്പുറത്തേക്ക് എത്താന്‍ കഴിയുക എന്നത് ഓരോ ഫെമിനിസ്റ്റ് പ്രസാധകരുടേയും സ്വപ്നമാണ്. എന്നാല്‍ അത്തരമൊരു സ്വപ്നം അത്ര എളുപ്പത്തില്‍ സാക്ഷാത്കരിക്കപ്പെടുന്നില്ല.
ഒരു ദിവസം ഇതിന് ഒരു വഴിത്തിരിവ് സംഭവിച്ചു. സുഖകരമായ ഒരു ശൈത്യകാലത്ത് ഉച്ചതിരിഞ്ഞ് രാജസ്ഥാനില്‍ നിന്നുള്ള ഒരു കൂട്ടം സ്ത്രീകള്‍ ഞങ്ങളെ കാണാന്‍ വന്നു. കൈകൊണ്ട് ഉണ്ടാക്കിയ ഒരു പുസ്തകം അവര്‍ കൊണ്ടുവന്നു. അത് ഞങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് അവര്‍ ആഗ്രഹിച്ചു. അടിസ്ഥാനപരമായി ഈ പുസ്തകത്തിന്‍റെ കഥ നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം ഇത് എനിക്ക് ഇഷ്ടപ്പെട്ട ഒരു കഥയാണ്. സ്ത്രീകളുടെ വികസന പരിപാടി എന്ന പേരില്‍ ഒരു സര്‍ക്കാര്‍ വികസന പരിപാടിയില്‍ പ്രവര്‍ത്തകരായ ഒരു കൂട്ടം ഗ്രാമീണ സ്ത്രീകളായിരുന്നു അവര്‍. ഈ പ്രോഗ്രാമിലെ ഒരു കൂട്ടം വര്‍ക്ക് ഷാപ്പേുകളില്‍ അവര്‍ സ്ത്രീകളുടെ ശരീരത്തെക്കുറിച്ച് ‘ശരീര്‍ കി ജാന്‍കാരി’ എന്ന ഒരു പുസ്തകം സൃഷ്ടിച്ചു. പുസ്തകം, ഹിന്ദിയില്‍, നിരക്ഷരരായ സ്ത്രീകള്‍ക്കും അക്ഷരജ്ഞാനമുള്ളവര്‍ക്കും ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. എഴുത്തും വാക്കുകളും വെവ്വേറെയും ഒരുമിച്ചും പ്രവര്‍ത്തിക്കുന്നു. ഒരുപാട് ചര്‍ച്ചകള്‍ക്ക് ശേഷം അവര്‍ എങ്ങനെയാണ് പുസ്തകം സൃഷ്ടിച്ചത് എന്നതിന്‍റെ ഒരു അത്ഭുതകരമായ കഥ ഞങ്ങളോട് പറഞ്ഞു. സ്ത്രീശരീരത്തെക്കുറിച്ചുള്ള പുസ്തകമായതിനാല്‍ അവര്‍ നഗ്നശരീരം കാണിക്കുകയും അതിന്‍റെ വിവിധ ഭാഗങ്ങള്‍ അടയാളപ്പെടുത്തുകയും ചെയ്തു. എന്നാല്‍ അവര്‍ ഗ്രാമത്തില്‍ പുസ്തകം പരീക്ഷിച്ചപ്പോള്‍ എല്ലാവരും അവരെ നോക്കി ചിരിച്ചു. ഗ്രാമത്തില്‍ നഗ്നമായ സ്ത്രീ ശരീരം വരച്ചത് യാഥാര്‍ത്ഥമല്ലെന്ന് അവര്‍ അവരോട് പറഞ്ഞു! സ്ത്രീകള്‍ ഈ വിമര്‍ശനം ഏറ്റെടുത്തു, അവര്‍ ഡ്രോയിംഗ് ബോര്‍ഡിലേക്ക് മടങ്ങി, സമര്‍ത്ഥമായ പരിഹാരവുമായി തിരിച്ചു വന്നു.
ഞങ്ങള്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കുമോ എന്ന് അവര്‍ ചോദിച്ചു. അത് ചെയ്യാന്‍ ഞങ്ങള്‍ ശരിക്കും ആവേശഭരിതരായിരുന്നു. ഒരു നിമിഷം മുമ്പ് ഞാന്‍ പറഞ്ഞതുപോലെ, സമൂഹത്തിന്‍റേയും പ്രദേശത്തിന്‍റേയും അതിരുകള്‍ മറികടക്കാന്‍ കഴിയുക എന്നത് ഓരോ ഫെമിനിസ്റ്റ് പ്രസാധകരുടെയും സ്വപ്നമാണ്. ഞങ്ങള്‍ക്ക് വേണ്ടി ഗ്രാമീണ സ്ത്രീകളില്‍ നിന്ന് വന്ന ഒരു പുസ്തകം അക്കാര്യം കൃത്യമായി ചെയ്തു. എന്നിരുന്നാലും, സ്ത്രീകള്‍ ഞങ്ങള്‍ക്ക് മുന്‍പില്‍ രണ്ട് നിബന്ധനകള്‍ വെച്ചു: പുസ്തകത്തിന്‍റെ ഓരോ കോപ്പിയും വിലയ്ക്ക് വില്‍ക്കുമെന്ന് ഞങ്ങള്‍ സമ്മതിക്കണമെന്നും എഴുപത്തഞ്ച് സ്ത്രീകള്‍ കൂട്ടായി പുസ്തകം നിര്‍മ്മിച്ചിട്ടുണ്ടെന്നും കവറില്‍ എഴുപത്തഞ്ച് പേരുകളും വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. കാരണം അവരെല്ലാം ഈ കൃതിയുടെ രചയിതാക്കളായിരുന്നു. ദരിദ്രരായ ഗ്രാമീണസ്ത്രീകള്‍ കര്‍ത്തൃത്വത്തെക്കുറിച്ച് ഞങ്ങള്‍ ഇതുവരെ പഠിച്ച പാഠങ്ങള്‍ പുനര്‍വിചിന്തനം ചെയ്യാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത് എങ്ങനെയെന്ന് കാണിക്കാനാണ് ഞാന്‍ ഈ സംഭവം പ്രത്യേകം പരാമര്‍ശിച്ചത്. സാധാരണയായി പ്രസിദ്ധീകരണത്തില്‍ കര്‍ത്തൃത്വം എല്ലായ്പ്പോഴും ഏകവചനമാണ്, ഒരു പുസ്തകത്തിന് ഒന്നോ രണ്ടോ ഒരു പക്ഷെ മൂന്നോ രചയിതാക്കള്‍ വരെ ഉണ്ടാകും. എന്നാല്‍ എഴുപത്തഞ്ച്? അത് എങ്ങനെ കൈകാര്യം ചെയ്യും? പക്ഷെ, ആ സ്ത്രീകള്‍ ഊന്നിപ്പറഞ്ഞതുപോലെ, അവര്‍ക്ക് അറിവ് സൃഷ്ടിക്കുന്ന പ്രക്രിയ ഒരു കൂട്ടായ പ്രയത്നമായിരുന്നു. അത് പുസ്തകത്തില്‍ പ്രതിഫലിപ്പിക്കേണ്ടതുണ്ടായിരുന്നു. അവസാനം ഞങ്ങള്‍ അങ്ങനെ ചെയ്യാമെന്ന തീരുമാനത്തിലെത്തി. കര്‍ത്തൃത്വത്തെക്കുറിച്ചുള്ള വിലപ്പെട്ട ഒരു പാഠം ഇതിലൂടെ ഞങ്ങള്‍ പഠിച്ചു.
പിന്നീട് ഈ പുസ്തകം ലോകത്തിന്‍റെ മുന്‍പിലേക്ക് എത്തിയപ്പോള്‍ അത് നമ്മെ മറ്റ് പാഠങ്ങള്‍ പഠിപ്പിച്ചു. മറ്റൊന്ന് അറിവിന്‍റെ ഉടമസ്ഥതയെക്കുറിച്ചാണ് അതിലൊന്ന്. ഒപ്പം അറിവ് പങ്കുവെക്കേണ്ടതിന്‍റെ ആവശ്യകതയും. പ്രസാധകരെന്ന നിലയില്‍ സ്വന്തം പുസ്തകത്തിന്മേല്‍ ഒരു എഴുത്തുകാരിക്ക് പരമാവകാശം നല്‍കി പകര്‍പ്പവകാശത്തോടെ പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ പഠിപ്പിക്കപ്പെട്ടപ്പോള്‍, രാജസ്ഥാന്‍ സ്ത്രീകള്‍ ആഗ്രഹിച്ചത് പുസ്തകത്തിന് പ്രചാരം ലഭിക്കണം എന്നതായിരുന്നു. അതിനാല്‍ അത് നിരവധി ഇന്ത്യന്‍ ഭാഷകളിലേക്ക് സഞ്ചരിച്ചു. ആ യാത്രകളില്‍ ചിലത്, തുറന്നു പറയുകയാണെങ്കില്‍, പ്രസിദ്ധീകരണ നിയമങ്ങള്‍ ചെറുതായെങ്കിലും ലംഘിച്ചിട്ടുണ്ട്. അതിനാല്‍ ആ പുസ്തകം രാജ്യമെമ്പാടും യാത്ര ചെയ്തതില്‍ സന്തോഷിക്കണോ അതോ നിയമവിരുദ്ധമായി യാത്ര ചെയ്തതില്‍ ദേഷ്യപ്പെടണോ എന്ന് എനിക്കറിയില്ല. ഞാന്‍ ഒരു കാര്യം വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നു. പലരും അനുമതിയില്ലാതെ പുസ്തകം വീണ്ടും അച്ചടിക്കുകയോ വിവര്‍ത്തനം ചെയ്യുകയോ ചെയ്തു. പുസ്തകം പ്രചരിക്കുന്നതിന്‍റെ സന്തോഷത്തിലായിരുന്നു ഗ്രാമീണസ്ത്രീകള്‍. ഞങ്ങളെ സംബന്ധിച്ചിടത്തോളം, അതിന്‍റെ സ്വതന്ത്രമായ പ്രചാരം ഒരു നല്ല കാര്യമായിരുന്നെങ്കിലും, സ്ത്രീകള്‍ക്ക് അവര്‍ സൃഷ്ടിച്ച അറിവില്‍ വരുമാനം ലഭിക്കുന്ന അവകാശം നിഷേധിക്കപ്പെട്ടു എന്നത് ഒരു പ്രശ്നമായിരുന്നു. മാത്രമല്ല അവര്‍ പാവപ്പെട്ട സ്ത്രീകളായതിനാല്‍ മറ്റുള്ളവര്‍ക്ക് ഗ്രാമീണരായ ആ സ്ത്രീകളുടെ അവകാശങ്ങള്‍ നിഷ്പ്രയാസം ലംഘിക്കാന്‍ കഴിയുന്നുണ്ടെന്ന് ഞങ്ങള്‍ നിരീക്ഷിച്ചു. വരേണ്യവര്‍ഗം എഴുതിയ പുസ്തകങ്ങളില്‍ സമാനമായ സ്വാതന്ത്ര്യം എടുക്കാനുള്ള സാധ്യത വളരെ കുറവായിരിക്കും. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ മറ്റൊരു പുസ്തകം പ്രസിദ്ധീകരിച്ചു. അത് തികച്ചും ഒരു നാഴികക്കല്ല് ആയിരുന്നു. വീട്ടുജോലിക്കാരിയായ ബേബി ഹാല്‍ഡറിന്‍റെ ആത്മകഥയായ ‘എ ലൈഫ് ലെസ് ഓര്‍ഡിനറി’ എന്ന പുസ്തകമായിരുന്നു ഇത്. ബേബിയുടെ കഥ നിങ്ങള്‍ക്ക് പരിചിതമായി തോന്നും. അത് ഞാന്‍ നിങ്ങളോട് ചുരുക്കി പറയാം. ഞങ്ങള്‍ അവളെ കണ്ടുമുട്ടിയപ്പോള്‍, അവള്‍ ഒരു റിട്ടയേര്‍ഡ് പ്രൊഫസറുടെ വീട്ടില്‍ വീട്ടുജോലിക്കാരിയായി ജോലി ചെയ്യുകയായിരുന്നു. അദ്ദേഹം വളരെ പ്രശസ്തനായ സാഹിത്യകാരനും ഹിന്ദിയിലെ അറിയപ്പെടുന്ന എഴുത്തുകാരിലൊരാളായ പ്രേംചന്ദിന്‍റെ ചെറുമകനുമാണ്. ആയിരക്കണക്കിന് പാവപ്പെട്ട സ്ത്രീകളെപ്പോലെ, ബേബിയും അതിക്രമങ്ങളാല്‍ ദുരിതപൂര്‍ണ്ണമായ ഒരു വീട്ടിലാണ് വളര്‍ന്നത്. അവള്‍ക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ തന്‍റെ ഇരട്ടി പ്രായമുള്ള ഒരു പുരുഷനെ വിവാഹം കഴിക്കേണ്ടി വന്നു. പതിമൂന്നാം വയസ്സില്‍ ഒരു അമ്മയായി. അവളുടെ ജീവിതത്തില്‍ അതിക്രമങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അവള്‍ക്ക് കുഞ്ഞുങ്ങള്‍ മൂന്നായി. അങ്ങനെയിരിക്കെ, ഒരു ദിവസം ബേബി പെട്ടെന്ന് ഒരു ട്രെയിനില്‍ കയറി ഡല്‍ഹിയില്‍ എത്തി. ജോലിയില്ലാതെ, പണമില്ലാതെ, മൂന്ന് കുട്ടികളുമായി. ഒരുപാട് കഷ്ടപ്പാടുകള്‍ക്ക് ശേഷം അവള്‍ ഞാന്‍ പറഞ്ഞ പ്രൊഫസറുടെ വീട്ടില്‍ ജോലി കണ്ടെത്തി. അദ്ദേഹം അവളോട് വളരെ മാന്യമായി പെരുമാറി. അദ്ദേഹത്തിന്‍റെ വീട് പൊടിതട്ടി വൃത്തിയാക്കുമ്പോള്‍, അവള്‍ അവിടുത്തെ ലൈബ്രറിയെക്കുറിച്ച് പ്രത്യേകം ശ്രദ്ധാലുവായി. ഒരു ദിവസം വൃത്തിയാക്കുന്നതിനിടയില്‍ പ്രൊഫസര്‍, ബേബിയോട് അവള്‍ കയ്യില്‍ പിടിച്ചിരുന്ന പുസ്തകത്തിന്‍റെ തലക്കെട്ട് വായിക്കാന്‍ ആവശ്യപ്പെട്ടു. കൂടാതെ, അവള്‍ പഠിക്കാന്‍ എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്നും അവളുടെ വിവാഹം അത് എങ്ങനെ ഇല്ലാതാക്കി എന്നും അദ്ദേഹം മനസ്സിലാക്കി. തുടര്‍ന്ന് അദ്ദേഹം അവളെ വായിക്കാന്‍ പ്രേരിപ്പിച്ചു. അവള്‍ക്ക് ഒഴിവു സമയം നല്‍കി. പുസ്തകങ്ങള്‍ കടം നല്‍കി. താമസിയാതെ, അവളുടെ ജീവിതം എഴുതാനായി ഒരു ഡയറിയും പേനയും നല്‍കി. അവളുടെ ‘എ ലൈഫ് ലെസ് ഓര്‍ഡിനറി’ എന്ന പുസ്തകം ഞങ്ങള്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുകയും അത് അന്താരാഷ്ട്ര തലത്തില്‍ ബെസ്റ്റ് സെല്ലറായി മാറുകയും ചെയ്തു. ഇത് ബേബിയുടെ ജീവിതത്തെ മാറ്റിമറിച്ചു. തുടര്‍ന്ന്, ദാരിദ്ര്യത്തില്‍ നിന്ന് കരകയറാനും ഒരു വീട് പണിയാനും അവളുടെ കുട്ടികളെ നോക്കാനും അവള്‍ക്ക് സാധിച്ചു. അത് ഞങ്ങള്‍ക്കും ജനശ്രദ്ധ നേടിത്തന്നു. ഞങ്ങള്‍ക്ക് ലഭ്യമായ ഏറ്റവും പ്രധാനപ്പെട്ട പുസ്തകങ്ങള്‍ അരികുവല്‍ക്കരിക്കപ്പെട്ട സ്ത്രീകളുടെ പുസ്തകങ്ങളാണെന്നത് എനിക്ക് എല്ലായ്പ്പോഴും അഭിമാനകരമായി തോന്നാറുണ്ട്.
അരികുവല്‍ക്കരിക്കപ്പെട്ട സ്ത്രീകളുടെ എഴുത്ത് പ്രസിദ്ധീകരിക്കേണ്ടതിന്‍റെ പ്രാധാന്യത്തെയും ആവശ്യകതയെയും കുറിച്ച് ബേബിയുടെ കഥ ഞങ്ങള്‍ക്ക് ജാഗ്രത നല്‍കി. ദരിദ്രരും താഴ്ന്ന ജാതിക്കാരുമായ സ്ത്രീകള്‍ക്ക് പ്രധാനപ്പെട്ട കാര്യങ്ങള്‍ പറയാനുണ്ടെങ്കിലും ചിലപ്പോള്‍ പറയാന്‍ വാക്കുകളില്ലാതെ വരികയോ അല്ലെങ്കില്‍ അവരുടെ കൃതികള്‍ പ്രസിദ്ധീകരിക്കാനുള്ള അവസരമില്ലാതിരിക്കുകയോ ചെയ്യുന്നു. ബേബിയുടെ പുസ്തകത്തിന് മുമ്പ്, തമിഴ്നാട്ടില്‍ നിന്നുള്ള ഫൗസ്റ്റീന ബാമ എന്ന ദലിത് സ്ത്രീ തന്‍റെ ആത്മകഥ എഴുതിയിരുന്നു. ഇത് ആത്മകഥയെയും ഓര്‍മ്മക്കുറിപ്പിനെയും നോക്കിക്കാണുന്നതിനുള്ള വ്യത്യസ്ത വീക്ഷണ കോണുകളെക്കുറിച്ച് ഞങ്ങളെ ഓര്‍മിപ്പിച്ചു. ദരിദ്രരായ ഈ സ്ത്രീകള്‍, പലപ്പോഴും സാക്ഷരതയില്ലാത്തവര്‍ ആയിരുന്നെങ്കിലും (ബാമയടക്കം) എഴുതാനുള്ള പ്രതിബന്ധങ്ങള്‍ക്കെതിരെ അവര്‍ പോരാടിയിരുന്നു. ഏറ്റവും പ്രധാനമായി, അവരുടെ രചനകള്‍ എഴുത്തിന്‍റെ ലോകത്തെ തന്നെ സമൂലമായി മാറ്റുന്നതിന് കാരണമായി. ബാമയുടെ ജീവിതകഥ ഒരു നോവല്‍ പോലെ പതുക്കെ വേഷം മാറി. അത് അവരുടെ ഗ്രാമത്തിലെ ദലിത് സ്ത്രീകളുടെ കൂടി കഥയായിരുന്നു. ജാതിപരമായ അടിച്ചമര്‍ത്തലുകളിലൂന്നിയ ദൈനംദിനാനുഭവങ്ങളും അതില്‍ നിന്നും രക്ഷപ്പെടാനുള്ള ഏറ്റവും എളുപ്പവഴിയായ മതപരിവര്‍ത്തനവും ഈ കഥ ആലേഖനം ചെയ്യുന്നു. ക്രിസ്തുമതം സ്വീകരിക്കാനും, ബഹുമാനവും സമത്വവും ഉണ്ടാകുമെന്ന് വിശ്വസിച്ച് പള്ളിയുടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ബാമ തയ്യാറായി. രക്ഷപ്പെടാന്‍ ശ്രമിച്ച യാഥാര്‍ത്ഥ്യം പോലെ തന്നെ സഭയും ജാതി നിറഞ്ഞതാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് അവര്‍ പള്ളിയില്‍ നിന്നും പുറത്ത് വരാനുള്ള ധീരത കാണിച്ചു. ആ അനുഭവങ്ങളെക്കുറിച്ച് എഴുതി. സ്ത്രീകള്‍ സംസാരിക്കുമ്പോള്‍ പലപ്പോഴും സംഭവിക്കുന്നത് പോലെ, സ്ത്രീകളുടെ ജീവിതത്തിന്‍റെ ദുഷ്കരവും ‘വൃത്തികെട്ടതുമായ’ യാഥാര്‍ത്ഥ്യങ്ങള്‍ പൊതുശ്രദ്ധയില്‍ കൊണ്ടുവന്നതിന് ബാമ ആക്രമിക്കപ്പെട്ടു. സ്വന്തം വിഭാഗങ്ങളില്‍ നിന്നു പോലും അക്രമങ്ങള്‍ നേരിട്ടു. പിന്നീടാണ് അവര്‍ താന്‍ അര്‍ഹിച്ച ബഹുമാനം നേടിയെടുത്തത്.
ഞങ്ങളെ സംബന്ധിച്ചിടത്തോളം, ‘മുഖ്യധാര’ എന്ന് വിളിക്കപ്പെടുന്ന പ്രസിദ്ധീകരണം (ഉദ്ധാരണ ചിഹ്നങ്ങളില്‍ ഞാന്‍ ഈ വാക്ക് ഉപയോഗിക്കുന്നു, കാരണം ഫെമിനിസ്റ്റുകള്‍ എല്ലായ്പ്പോഴും ചെയ്തിട്ടുള്ള ഒരു കാര്യമാണ് മുഖ്യധാരയെക്കുറിച്ചുള്ള സങ്കല്‍പ്പത്തെ ചോദ്യം ചെയ്യുക എന്നത്) പ്രസിദ്ധീകരണം തുടര്‍ന്നപ്പോള്‍, ഈ ശബ്ദങ്ങള്‍ കൂടുതല്‍ പ്രധാനപ്പെട്ടതായി. തമിഴ്നാട്ടിലെ യാഥാസ്ഥിതിക മുസ്ലിം സമുദായത്തില്‍ നിന്നുള്ള സല്‍മ എന്ന സ്ത്രീയെ പന്ത്രണ്ടാം വയസ്സില്‍ സ്കൂളില്‍ നിന്ന് പുറത്താക്കുകയും ഇരുപതാമത്തെ വയസ്സില്‍ അടുത്ത ഗ്രാമത്തിലെ ഒരാളെ വിഹം ചെയ്യുന്നതു വരെ വീട്ടു തടങ്കലിലെന്ന പോലെ താമസിപ്പിക്കുകയും ചെയ്തു. എഴുതാന്‍ അവള്‍ അതിയായി ആഗ്രഹിച്ചു. അവളുടെ എഴുത്ത് നിര്‍ത്തിക്കാന്‍ അയാള്‍ അവളെ അടിക്കുകയും കൈയെഴുത്തു പ്രതി കത്തിക്കുകയും അവളുടെ മുഖത്ത് ആസിഡ് ഒഴിക്കാന്‍ ശ്രമിക്കുകയുമടക്കം സാധ്യമായതെല്ലാം ചെയ്തു. പക്ഷേ, തന്‍റെ അമ്മയുടെ സഹായത്തോടെ, തമിഴ്നാട്ടിലെ മുസ്ലീം സ്ത്രീകളുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു നോവല്‍ പൂര്‍ത്തിയാക്കുന്നതില്‍ അവര്‍ വിജയിക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. അതോടൊപ്പം, അവളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു മുന്നേറ്റം കൂടി നടന്നു. ഭരണഘടനയിലെ 73, 74 ഭേദഗതികള്‍ നിലവില്‍ വരികയും സല്‍മ താമസിച്ചിരുന്ന മണ്ഡലം സ്ത്രീ സംവരണ മണ്ഡലമായി മാറുകയും ചെയ്തു. സാധാരണഗതിയില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഭര്‍ത്താവിന് ഇനി അതിന് കഴിയാതെ വന്നതോടെ സല്‍മയുടെ പേര് ഉയര്‍ന്നു. ആദ്യം സംഭവിച്ചത്, മുഖമില്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ കഴിയില്ല എന്നതിനാല്‍ ബുര്‍ക്ക ഊരി മാറ്റപ്പെട്ടു എന്നുള്ളതാണ്. അവള്‍ മത്സരിച്ചു വിജയിച്ചു. ഇന്ന് അവര്‍ തമിഴ്നാട് രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന എഴുത്തുകാരിയും രാഷ്ട്രീയ പ്രവര്‍ത്തകയുമാണ്.
എനിക്ക് നിങ്ങളോട് പറയാന്‍ കഴിയുന്ന മറ്റ് നിരവധി കഥകളുണ്ട്. ദലിത് ആക്റ്റിവിസ്റ്റായ രേവതി ഒരു ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിത്വമാണ്. ഒരു സ്ത്രീയായി മാറുന്നതിന് അവര്‍ക്ക് തന്‍റെ കുടുംബത്തോട് തന്നെ പൊരുതേണ്ടി വന്നു. താന്‍ ആഗ്രഹിച്ച വ്യക്തിയാകുന്നതില്‍ വിജയിച്ചാല്‍ മറ്റുള്ളവരെ – പ്രത്യേകിച്ച് പുരുഷന്മാര്‍ ആകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ- സഹായിക്കാന്‍ കഠിനമായി പ്രയത്നിക്കുമെന്ന് അവര്‍ തീരുമാനിച്ചു. സംഘര്‍ഷാത്മകവും വൈരുദ്ധ്യാത്മകവുമായ സ്വത്വ ബോധങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം ഒറ്റപ്പെടല്‍ നേരിടുന്നത് തങ്ങളാണെന്ന് അവര്‍ വിശ്വസിച്ചു. ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള താഴ്ന്ന ജാതിക്കാരായ വനിതാ ടാക്സി ഡ്രൈവര്‍മാര്‍ തങ്ങളുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പോരാടി, ഡ്രൈവിംഗ് പഠിച്ച് റോഡിലിറങ്ങി ടാക്സി ഡ്രൈവര്‍മാരായി തങ്ങള്‍ക്കും കുടുംബത്തിനും വരുമാനം നേടിയതിന്‍റെ കഥകളുണ്ട്. ഇനിയുമേറെ എനിക്ക് പറയാന്‍ കഴിയും.
അത്തരത്തിലുള്ള ഓരോ പുസ്തകത്തില്‍ നിന്നും ഞങ്ങള്‍ എന്തെങ്കിലുമൊക്കെ പഠിച്ചു. ‘സ്ത്രീ’ എന്ന വിഭാഗം എല്ലായ്പ്പോഴും ചുമടുതാങ്ങേണ്ടതില്ലെന്നും സൂക്ഷ്മമായിരിക്കേണ്ടത് ആവശ്യമാണെന്നും ഞങ്ങള്‍ നന്നായി മനസ്സിലാക്കി. ഞങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങളുടെ പുസ്തകങ്ങളുടെ രചയിതാക്കള്‍ ശരിക്കും വളരെ ചെറിയ വിഭാഗം മാത്രമായിരുന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ഒരു വലിയ ചിത്രത്തിലെ ഒരു കുഞ്ഞു ഭാഗം. പാവപ്പെട്ടവരും അധഃസ്ഥിതരും സാക്ഷരതയും വിദ്യാഭ്യാസവും ഇല്ലാത്തവരും ഒക്കെയായ അവരില്‍ നിന്നാണ് ഞങ്ങള്‍ പഠിച്ചത് ആരെയാണ് അഭിസംബോധന ചെയ്യേണ്ടത് എന്ന് മനസ്സിലാക്കിയതും. ആദ്യമായി ഇത് അര്‍ത്ഥമാക്കുന്നത്, അറിവിനെ വ്യത്യസ്തമായി സമീപിക്കുക എന്നുള്ളതാണ്. അറിവ് അധികാരത്തിലുള്ളവര്‍ സൃഷ്ടിച്ചത് മാത്രമാണെന്ന് വിശ്വസിക്കാന്‍ കഴിയില്ല. ബേബിയുടെ കഥയും സല്‍മയുടെ കഥയും ബാമയുടെ കഥയുമൊക്കെ അല്ലേ ജാതി, ലിംഗഭേദം, ദാരിദ്ര്യം, അധികാരം, രാഷ്ട്രീയം, വ്യക്തിജീവിതം എന്നിവയെ കുറിച്ചുള്ള നമ്മുടെ അറിവ് വര്‍ധിപ്പിക്കാന്‍ ഇടയാക്കിയത്? സാഹിത്യം എന്നത് വിദ്യാഭ്യാസമുള്ളവരുടെയും ക്ലാസിക്കല്‍ കൃതികളായി മാറിയത് എഴുതാന്‍ കഴിയുന്നവരുടെയും മാത്രം സംരക്ഷണത്തിലാണെന്ന് ഇനി വിശ്വസിക്കാന്‍ കഴിയില്ല, പകരം ഈ എഴുത്തുകാരുടെ സര്‍ഗ്ഗാത്മക സൃഷ്ടികള്‍, ജീവിത കഥകളോ അല്ലെങ്കില്‍ യാഥാര്‍ത്ഥ്യത്തിന്‍റെയോ ഭാവനയുടെയോ മിശ്ര രൂപമോ ആകട്ടെ സാഹിത്യത്തിലെ അധികാരവര്‍ഗം സൃഷ്ടിച്ച രീതികളോട് പോരാടുന്ന കൃതികളായിരുന്നു. ഇവ സാഹിത്യത്തിന്‍റെ നിര്‍വചനം മാറ്റുക മാത്രമല്ല, അതിനെ ജനാധിപത്യവല്‍ക്കരിക്കുക കൂടിയാണ് ചെയ്തത്. തിരഞ്ഞെടുത്ത ചിലരുടെ പ്രത്യേക ഭൂപ്രദേശമാക്കി മാറ്റുന്നതിനു പകരം പലരുടെയും കൈകളിലേക്ക് അതിനെ ലഭ്യമാക്കി. പലപ്പോഴും അത്തരം സൃഷ്ടികള്‍ കൂട്ടായി സൃഷ്ടിക്കപ്പെട്ടതിനാല്‍, സൃഷ്ടിപരമായ പ്രക്രിയയെ വ്യത്യസ്തമായി സമീപിക്കുക വഴി ക്രിയേറ്റീവ് ഉല്‍പ്പന്നങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവയുടെ വ്യാപനത്തെയും സാധ്യമാക്കി. അങ്ങനെയെങ്കില്‍, മൊത്തവ്യാപാര കേന്ദ്രങ്ങള്‍ മാത്രമാണോ വിപണി കണ്ടെത്താനുള്ള മാര്‍ഗം? പുസ്തകങ്ങള്‍ പുറംലോകത്ത് എത്തിച്ചേരാനുള്ള പുതിയ സാധ്യതകളെക്കുറിച്ച് നമ്മള്‍ ചിന്തിക്കണം. അത്തരമൊരു ഇടം ഇന്‍റര്‍നെറ്റ് വാഗ്ദാനം ചെയ്തു. ഇന്‍റര്‍നെറ്റിന്‍റെ പരിധി പരിമിതമാണ് എന്നതില്‍ സംശയമില്ല. എന്നാല്‍ അതിന് വലിയൊരു സാധ്യതയുണ്ട്. പാവപ്പെട്ട സ്ത്രീകളെ എഴുത്ത് എന്ന പ്രവര്‍ത്തനം അവരെ പല തരത്തില്‍ ശാക്തീകരിക്കുന്നതിനോടൊപ്പം തങ്ങളുടെ ചുറ്റുപാടില്‍ നിന്ന് മാറ്റി നിര്‍ത്തുന്നുമുണ്ട്. അഭിനന്ദിക്കപ്പെടേണ്ട സ്ത്രീകളെ പോലും മറ്റുള്ളവര്‍ അവഗണിച്ച നിലയില്‍ ഞങ്ങള്‍ കണ്ടെത്തി. പലരും ഒറ്റയ്ക്കും ദുര്‍ബ്ബലരുമായിരുന്നു. ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഫെമിനിസ്റ്റ് പ്രസിദ്ധീകരണ സംരംഭത്തെ പുനര്‍വിചിന്തനം ചെയ്യുക മാത്രമല്ല പുസ്തകങ്ങള്‍ നിര്‍മ്മിക്കുക എന്നതിലുപരിയായി ഐക്യദാര്‍ഢ്യത്തിന്‍റെയും പിന്തുണയുടെയും ഒരു പ്രവൃത്തി കൂടിയായി അതിനെ കാണുന്നതിനും സ്ത്രീകള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം അവര്‍ക്കൊപ്പം ഉണ്ടായിരിക്കുന്നതിനുമുള്ള പ്രവര്‍ത്തനമായി മാറി. ഞങ്ങളുടെ പ്രസിദ്ധീകരണത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, ആദ്യകാലങ്ങളില്‍ അക്കങ്ങളുടെ ഒരു വലിയ സംഭരണം ഉണ്ടാക്കിയതായി ഞങ്ങള്‍ മനസ്സിലാക്കി. സ്ത്രീകള്‍ എഴുതിയതും സ്ത്രീകളെ കുറിച്ചുള്ളതുമായ അറിവുകള്‍ ഞങ്ങള്‍ കെട്ടിപ്പടുക്കാന്‍ ആഗ്രഹിച്ചു. അതിനാല്‍ കൂടുതല്‍ പുസ്തകങ്ങള്‍ ഞങ്ങളുടെ പക്കലുണ്ടായാല്‍ അത്രയും നല്ലത് എന്ന് ഞങ്ങള്‍ ചിന്തിച്ചു. ദൃശ്യത കൈവരിക്കാന്‍ സംഖ്യകള്‍ പ്രധാനമാണെങ്കിലും, അവ മാത്രമല്ല കഥ. ഞങ്ങളെ സംബന്ധിച്ചിടത്തോളം, ‘സ്ത്രീ’ എന്ന വര്‍ഗ്ഗ വിഭജനത്തിന് പുറത്ത്, ജാതി, മതം, പദവി, അധികാരം തുടങ്ങിയ ലിംഗഭേദങ്ങളെ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍, വൈവിധ്യമാര്‍ന്ന ശബ്ദങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടതിന്‍റേയും അരികുവല്‍ക്കരിക്കപ്പെട്ടവരില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്‍റേയും ആവശ്യകത കൂടുതല്‍ മനസ്സിലായി.
ദലിത് എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് ഞാന്‍ മുന്‍പ് നേരിട്ട് സംസാരിച്ചിട്ടില്ല. ആ ചോദ്യം ഇപ്പോള്‍ അഭിസംബോധന ചെയ്യാനും, പ്രസാധകര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള ചില പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു, അത് മറ്റ് കൃതികളുമായി ബന്ധപ്പെട്ടും ഉയര്‍ന്നു വരുമെന്നതില്‍ എനിക്ക് സംശയമില്ല. ദലിത് എഴുത്തുകാരായ ഊര്‍മിള പവാര്‍, മീനാക്ഷി മൂണ്‍, രാധാബെന്‍ ഗര്‍വ, റോജ സിംഗ്, കല്യാണി താക്കൂര്‍ ചരല്‍ തുടങ്ങിയവരുടെ നിരവധി പുസ്തകങ്ങള്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്, ബംഗാളില്‍ നിന്നുള്ള ദലിത് എഴുത്തുകാരുടെ കഥകളുടെ ഒരു പുസ്തകം ഞങ്ങള്‍ തയ്യാറാക്കുകയാണ്. മഹാരാഷ്ട്രയിലെ ദളിത് സ്ത്രീ പ്രസ്ഥാനത്തെക്കുറിച്ചുള്ള ഊര്‍മിള പവാറിന്‍റെയും മീനാക്ഷി മൂണിന്‍റെയും പുസ്തകം, വന്ദന സോണാല്‍ക്കറുടെ ആമുഖത്തോടെ ഞങ്ങള്‍ ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍ പ്രസിദ്ധീകരിച്ചത് ഞങ്ങള്‍ പ്രാധാന്യത്തോടെ കാണുന്നു. കാരണം അത് അതിന്‍റെ യഥാര്‍ത്ഥ ഭാഷയായ മറാത്തിയിലെ ഒരു ക്ലാസിക് മാത്രമല്ല, അത് ഞങ്ങളുടെ വിവര്‍ത്തന സൃഷ്ടികളുടെ നെടുംതൂണ്‍ ആയി വര്‍ത്തിക്കുന്നതിനാലുമാണ്. ഞങ്ങള്‍ ആരംഭിച്ചത് മുതല്‍, വിവര്‍ത്തനം ഞങ്ങള്‍ക്ക് പ്രധാനമാണ്, കേവലം ഒരു സാങ്കേതിക കാര്യം എന്ന നിലയില്‍ മാത്രമല്ല, നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ഫെമിനിസ്റ്റ് ഗ്രാഹ്യത്തിന് സംഭാവന നല്‍കുന്ന നിരവധി കൃതികള്‍ ഇന്ത്യന്‍ ഭാഷകളില്‍ ഉണ്ടെന്നും അവ വിവര്‍ത്തനം ചെയ്യേണ്ടത് പ്രധാനമാണെന്ന തിരിച്ചറിവില്‍ നിന്നുമാണ്. കൂടാതെ ഇത് വിദ്യാഭ്യാസ ആവശ്യത്തിനായി ഇംഗ്ലീഷ് സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുക. ഇന്ത്യന്‍ ഭാഷകളിലെ കൃതികള്‍ ഇംഗ്ലീഷിന്‍റെ ‘സ്വീകാര്യത’ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാത്തതിനാലും അരികുകളില്‍ നിന്നുള്ള സ്ത്രീകളുടെ സൃഷ്ടികള്‍ പോലെ, ഈ കൃതികള്‍ അവ നിര്‍മ്മിക്കുന്ന ഉള്ളടക്കത്തിലൂടെ സാഹിത്യ മേഖലയെ വികസിപ്പിക്കാനും പരിവര്‍ത്തനം ചെയ്യാനും നമ്മെ സഹായിക്കുന്നതിനാലും ഇത് പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഇംഗ്ലീഷില്‍ നിന്ന് ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുക എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, എന്നാല്‍ ന്യായമായും മതിയായ പ്രതിഫലവും വിവര്‍ത്തകര്‍ക്ക് അംഗീകാരവും നല്‍കണം. അവരില്ലെങ്കില്‍ ഒരിക്കലും വിവിധ ഭാഷകളിലെ സാഹിത്യ സ്രോതസ്സുകള്‍ നമുക്ക് പ്രാപ്യമാകില്ലായിരുന്നു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകളുടെ കഥകള്‍ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍, മറ്റൊരു പ്രധാന പ്രശ്നം ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നു. ഞങ്ങള്‍ സ്വയം വനിതാ പ്രസാധകരായി കാണുന്നു; എന്നാല്‍ ഞാന്‍ മുകളില്‍ പറഞ്ഞതുപോലെ, ഞങ്ങളുടെ സാമൂഹികമായ സ്ഥാനം, പദവി എന്നിവയൊക്കെ ആസ്പദമാക്കി ‘പ്രിവിലേജുകളുള്ള സ്ത്രീകള്‍’ എന്ന രക്ഷപ്പെടല്‍ സാധ്യമല്ല. ഈ സ്ത്രീകളെ പ്രതിനിധീകരിക്കാനും അവരുടെ ശബ്ദം പൊതുശ്രദ്ധയില്‍ കൊണ്ടുവരാനും ഞങ്ങള്‍ക്ക് അവകാശമുണ്ടോ അതോ അതേ കമ്മ്യൂണിറ്റിയില്‍ നിന്നുമുള്ള ആരുടെയെങ്കിലും ചുമതലയാണോ? ഞാനിങ്ങനെ പറയട്ടെ, ഞങ്ങള്‍ സ്ത്രീകളുടെ രചനകളുടെ പ്രസാധകരായി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍, ഞങ്ങള്‍ അറിവിന്‍റെ പുരുഷ മേധാവിത്വത്തിനെതിരെ സ്വയം നിലയുറപ്പിച്ചവരാണ്. ഈ അറിവ് ഞങ്ങള്‍ രൂപാന്തരപ്പെടുത്തുകയും ജനാധിപത്യവല്‍ക്കരിക്കുകയും ചെയ്യും. പുരുഷന്മാരോ പുരുഷാധിപത്യ സമൂഹമോ ഇതിനെ ചെറുത്തു നില്‍ക്കുന്നതിനാല്‍ ഞങ്ങള്‍ ഇത് സ്വയം നിര്‍മ്മിക്കുമെന്ന് പ്രസ്താവിച്ചു. അക്കാലത്ത് ചില പുരുഷന്മാര്‍ വന്ന് സ്ത്രീകളുടെ രചനകള്‍ ഉദ്പാദിപ്പിക്കാന്‍ തുടങ്ങിയിരുന്നെങ്കില്‍, അവരെ ‘നമ്മുടെ’ ഇടം കൈക്കലാക്കുന്ന നുഴഞ്ഞുകയറ്റക്കാരായി നാം കാണുമായിരുന്നു. ഇന്ന്, താരതമ്യേന ‘വിജയകരമായ’ പ്രസാധകര്‍ എന്ന നിലയില്‍ ഞങ്ങള്‍ സുബാനിലെ അതേ സ്ഥാനത്താണെന്ന് ഞാന്‍ ചിലപ്പോള്‍ കരുതുന്നു; അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നമ്മള്‍ പഠിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. ഞാനൊരു ഉദാഹരണം പറയാം. ഈയിടെ ഒരു ആദിവാസി യുവതി ആദിവാസി ശബ്ദങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഒരു പ്രസിദ്ധീകരണശാല സ്ഥാപിച്ചു. അവളുടെ വാദം മൂന്ന് പതിറ്റാണ്ട് മുമ്പ് ഞങ്ങളുടേത് പോലെയായിരുന്നു – ആരും ഗോത്രശബ്ദങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ല. അതിനാല്‍ ഒരു ഗോത്രവര്‍ഗക്കാരിയായ അവള്‍ ഈ വഴി സ്വീകരിച്ചു. ഗോത്ര വര്‍ഗ്ഗത്തിലെ രചയിതാക്കള്‍ ‘ഉയര്‍ന്ന’ വര്‍ഗ-നഗര പ്രസാധകരെ പ്രസിദ്ധീകരിക്കാന്‍ തിരഞ്ഞെടുക്കരുത്, പകരം അവരുടേതായ രീതിയില്‍ തന്നെ തുടരണം എന്നത് അവളുടെ വികാരമായിരുന്നു. സമീപകാല ദലിത് വെബ്സൈറ്റുകളും പ്രസാധകരും ഇതേ അഭിപ്രായം പ്രകടിപ്പിക്കുന്നു.മാത്രമല്ല അത് തികച്ചും ന്യായവുമാണ്. അപ്പോള്‍ നമ്മളെപ്പോലുള്ളവര്‍ക്ക് ശരിയായ കാര്യം എന്തായിരിക്കണം? അത്തരം പ്രസിദ്ധീകരണം അവര്‍ക്ക് വിട്ടുകൊടുക്കണോ അതോ ഞങ്ങളും ഈ രംഗത്ത് തുടരണോ? പല തരത്തില്‍, ഞങ്ങളെപ്പോലുള്ള പ്രസാധകര്‍ ഇപ്പോള്‍, ഞങ്ങള്‍ തുടങ്ങിയപ്പോള്‍ വലിയ മുഖ്യധാരാ പ്രസാധകരുമായി ഉണ്ടായിരുന്നതു പോലെ ചെറിയ, പുതിയ പ്രസാധകരുമായി സമാനമായ ബന്ധത്തിലാണ്. ഇവിടെ നമ്മുടെ റോള്‍ എന്തായിരിക്കണം? നമ്മള്‍ ഇത് ചിന്തിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു.
പ്രാതിനിധ്യത്തെക്കുറിച്ചുള്ള ചോദ്യം, ഈ പ്രശ്നത്തിന്‍റെ കുറച്ച് വ്യത്യസ്തമായ ഒരു വശം എടുത്തുകാണിക്കുന്ന മറ്റൊരു കഥയിലേക്ക് എന്നെ എത്തിക്കുന്നു. കുറച്ചു കാലം മുമ്പ് ഞങ്ങള്‍ ഗുജറാത്തില്‍ നിന്നുള്ള ഒരു ദലിത് സ്ത്രീയുടെ ചിത്രങ്ങളുടെ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. അവര്‍ ഭാഗമായ സ്ത്രീകളുടെ സംഘടനയില്‍ നിന്ന് നോക്കുമ്പോള്‍ ദൈനംദിന ജീവിതത്തിന്‍റെ മനോഹരമായ ചിത്രീകരണങ്ങളാണ് ആ പെയിന്‍റിംഗുകള്‍. എന്നിരുന്നാലും, ഒരു ദലിത് എന്ന നിലയില്‍ അവളുടെ സ്ഥാനം അവള്‍ ലോകത്തെ കാണുകയും അവതരിപ്പിക്കുകയും ചെയ്യുന്ന രീതിയെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും, അവളും അവള്‍ പ്രവര്‍ത്തിക്കുന്ന സംഘടനയും അവളുടെ ദലിത് ഐഡന്‍റിറ്റിയെ പ്രാധാന്യത്തോടെ അവതരിപ്പിക്കാന്‍ ആഗ്രഹിച്ചില്ല. അവള്‍ ‘മുഖ്യധാര’യായി അംഗീകരിക്കപ്പെടാന്‍ ആഗ്രഹിച്ചു. അല്ലെങ്കില്‍ സവര്‍ണ്ണ/വര്‍ഗ സ്വത്വങ്ങള്‍ ചെയ്യുന്നതുപോലെ തന്‍റെ സ്വത്വം ‘അടയാളപ്പെടാതെ’ തുടരണമെന്ന് അവള്‍ ആഗ്രഹിച്ചു. കൂടാതെ, അവള്‍ പ്രവര്‍ത്തിക്കുന്ന വനിതാ സംഘം, ജാതി തിരിച്ചറിഞ്ഞപ്പോള്‍, അത് പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിച്ചില്ല. പ്രസാധകരെന്ന നിലയില്‍ ഞങ്ങള്‍ എന്തുചെയ്യണം? ദലിത് എഴുത്തുകള്‍ ഈയിടെയായി ഏറെക്കുറെ ‘സെക്സി’ സ്റ്റാറ്റസ് നേടിയെടുത്ത് കഴിഞ്ഞു. എഴുത്തുകാരന്‍റെ ഐഡന്‍റിറ്റി പ്രദര്‍ശിപ്പിക്കാന്‍ പല പ്രസാധകര്‍ക്കും ഇത് ഒരു മാര്‍ക്കറ്റിംഗ് പോയിന്‍റാണ്. എന്നാല്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം വിപണികളെക്കുറിച്ചുള്ള ചോദ്യം പ്രാഥമികമായ ഒന്നല്ല, മറിച്ച് അത് ഫെമിനിസത്തിന്‍റെ നൈതികതയെ കുറിച്ചുള്ള ചോദ്യമാണ്. അധികാരത്തിന്‍റെ ചോദ്യങ്ങളെ സത്യസന്ധതയോടും സ്വയം പ്രതിഫലനത്തോടും കൂടി ഫെമിനിസം എങ്ങനെ അഭിമുഖീകരിക്കേണ്ടതുണ്ട് എന്ന ചോദ്യമാണ്.
അറിവിന്‍റെ ഉല്‍പ്പാദനം, വിതരണം, ഉപഭോഗം എന്നിവയില്‍ പ്രസാധകര്‍ ഇടപെടുന്ന മറ്റൊന്നാണ് ഭാഷയെക്കുറിച്ചുള്ള ചോദ്യം. മറ്റ് ഭാഷകളേക്കാള്‍ ഇംഗ്ലീഷിനെ പ്രതിഷ്ഠിക്കുന്ന വിജ്ഞാനത്തിന്‍റെ ഒരു ശ്രേണിയുണ്ട്. ഇംഗ്ലീഷിന് കൂടുതല്‍ ശക്തിയുണ്ടെങ്കിലും ഇന്ത്യന്‍ ഭാഷകള്‍ക്ക് കൂടുതല്‍ ആധികാരികത ഉണ്ടെന്നാണ് അനുമാനം. ഇത് എളുപ്പത്തില്‍ കാണാന്‍ കഴിയും. ഉദാഹരണത്തിന് മഹാരാഷ്ട്രയില്‍ മറാത്തിയില്‍, രാഷ്ട്രീയ സമരങ്ങളില്‍ നിന്ന് പ്രത്യേകിച്ച് ജാതി വിരുദ്ധ സമരങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ കഥകള്‍, ലഘുലേഖകള്‍, പുസ്തകങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്ന ഊര്‍ജ്ജസ്വലമായ ഒരു സംസ്കാരമുണ്ട്. ഇവ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍, അത് പലപ്പോഴും മറ്റൊരു രൂപത്തിലേക്ക് മാറ്റപ്പെടുന്നു; ആ ഭാഷയിലെ അറിവ് നിര്‍മ്മിതിയുടെ രീതികള്‍ക്കും പ്രതീക്ഷകള്‍ക്കും അനുയോജ്യമാക്കുന്നു. അതേ സമയം, ഇംഗ്ലീഷിന്‍റെ പദവി കാരണം, അത്തരം മെറ്റീരിയലുകള്‍ എങ്ങനെയോ ‘മുഖ്യധാര’ എന്ന് വിളിക്കപ്പെടുന്നവയില്‍ കൂടുതല്‍ നിയമസാധുത കൈവരിക്കുകയും സ്വന്തം ഭാഷാ മേഖലയിലുള്ളതിനേക്കാള്‍ കൂടുതലായി വ്യാപനം കൈവരിക്കുകയും ചെയ്യുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം, പ്രസാധകരെന്ന നിലയില്‍, ഭാഷയെക്കുറിച്ചുള്ള ചോദ്യം ഞങ്ങള്‍ രണ്ട് തരത്തില്‍ നോക്കി കാണുന്ന ഒന്നായിരുന്നു. ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള മെറ്റീരിയലുകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്നുണ്ടെങ്കില്‍ തിരിച്ചും സംഭവിക്കണം. കൂടാതെ, ഫെമിനിസ്റ്റ് പഠനങ്ങള്‍ സൃഷ്ടിച്ച അക്കാദമിക് മെറ്റീരിയലുകളില്‍ ഭൂരിഭാഗവും ഇംഗ്ലീഷിലാണ്. അത് ഇന്ത്യന്‍ ഭാഷകളിലേക്ക് എത്തേണ്ടതുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നി. ഇന്ത്യന്‍ ഭാഷാ പ്രസാധകരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും ഞങ്ങളുടെ പുസ്തകങ്ങള്‍ അവര്‍ക്ക് സൗജന്യമായി നല്‍കുകയും അവരുടെ വലിയ ലിസ്റ്റുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ ഭാഷകളില്‍ ഒരു ചെറിയ ഫെമിനിസ്റ്റ് ലിസ്റ്റ് കണ്ടെത്താന്‍ അവരോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ട് ഞങ്ങള്‍ ഇപ്പോള്‍ ഇതിനു വേണ്ടി ശ്രമിക്കുന്നു. ഈ രീതിയില്‍, വിവര്‍ത്തനം രണ്ട് വഴികളിലും പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ ഭാഷാ കൃതികളെ ഇംഗ്ലീഷിലേക്കും ഇംഗ്ലീഷ് ഭാഷാ കൃതികളെ ഇന്ത്യന്‍ ഭാഷകളിലേക്കും കൊണ്ടുവരുന്നു.
അറിവിന്‍റെ സൃഷ്ടി ഒരു നിരന്തരമായ പഠന പ്രക്രിയയാണെന്നും അത് ഒരു വര്‍ഗ്ഗത്തിന്‍റെയോ ഒരു ലിംഗത്തിന്‍റെയോ കുത്തകയാകാന്‍ കഴിയില്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. അറിവിലേക്കും എഴുത്തിലേക്കും പ്രസിദ്ധീകരണത്തിലേക്കും ജനാധിപത്യപരമായ പ്രവേശനം ഉള്ളതിനാല്‍, നാം സൃഷ്ടിക്കുന്ന അറിവിന്‍റെ സ്വഭാവം വളരെ വ്യത്യസ്തവും വളരെ വൈവിധ്യപൂര്‍ണ്ണവും കൂടുതല്‍ സമത്വപരവുമാണെന്ന് ഞങ്ങള്‍ കണ്ടെത്തിയേക്കും. ഇത് സംഭവിക്കാന്‍ തുടങ്ങുമ്പോള്‍, കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനം നല്‍കുന്നതിന് അത്തരം അറിവുകള്‍ കൂടുതല്‍ സമത്വപരമായ രീതികളില്‍ വിതരണം ചെയ്യുന്നതിനുള്ള വഴികളെക്കുറിച്ച് ചിന്തിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും. ജാതി വിഷയങ്ങളില്‍ ഗവേഷണങ്ങള്‍ നടത്തുന്ന ഷര്‍മിള റെഗെ ഒരിക്കല്‍ സ്ത്രീ പഠനത്തെ പരാമര്‍ശിച്ച് പറഞ്ഞതുപോലെ, ‘കൂടുതല്‍ ഉള്‍ക്കൊള്ളുന്ന ജനാധിപത്യത്തിലേക്കുള്ള മുന്നേറ്റം അറിവിനെ ജനാധിപത്യവല്‍ക്കരിക്കുന്നതിനുള്ള ഒരു നീക്കം ആവശ്യപ്പെടുന്നു. സ്ത്രീകളുടെ പഠനങ്ങള്‍ ഒഴിവാക്കപ്പെട്ടവയെ ഉള്‍ക്കൊള്ളിക്കുന്നതിനും അപ്പുറത്തേക്ക് നീങ്ങേണ്ടതുണ്ട്. ഇത് സാമൂഹികവും സുസ്ഥാപിതവും വൈജ്ഞാനികവും എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള ആശയക്കുഴപ്പമുണ്ടാക്കുന്നതും വ്യത്യസ്തങ്ങളും വൈവിധ്യമാര്‍ന്നതുമായ അറിവിന്‍റെ സ്രോതസ്സുകളെ അഭിമുഖീകരിക്കാന്‍ ആവശ്യപ്പെടുന്നു’. ഇത് പുസ്തകം എന്ന രൂപത്തിനും അപ്പുറത്തുള്ള കാര്യങ്ങളെ സൂചിപ്പിക്കുന്നു.
ഗ്രന്ഥരചനയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടവര്‍ക്കും അതുവഴി സ്വന്തം അറിവ് സൃഷ്ടിക്കുന്നവര്‍ക്കും അറിവ് പല രൂപത്തിലുള്ളതാണ്. അതിനാല്‍ പ്രസാധകരെന്ന നിലയില്‍ ഞങ്ങള്‍ക്കുള്ള വെല്ലുവിളി, ഉള്‍പ്പെടുത്തലുകള്‍ക്കും യഥാര്‍ത്ഥത്തിലുള്ള പ്രതിനിധാനങ്ങള്‍ക്കും തിരഞ്ഞെടുപ്പുകളെ പുനര്‍വിചിന്തനം ചെയ്യണം എന്നുള്ളതാണ്. സാഹിത്യത്തെക്കുറിച്ചും കര്‍ത്തൃത്വത്തെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും പുനര്‍വിചിന്തനം നടത്തണം.
ഞങ്ങളുടെ യാത്രയില്‍ ഞങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്ന മറ്റ് പ്രധാനപ്പെട്ട ചോദ്യങ്ങളുണ്ട്. പ്രസാധകര്‍ എന്ന നിലയില്‍ നമ്മുടെ ഫെമിനിസം വിവിധ തരത്തിലുള്ള അറിവുകളുടെ ഉല്‍പ്പാദനത്തില്‍ മാത്രം ഒതുക്കാന്‍ കഴിയുമോ അതോ, ആ അറിവ് എങ്ങനെ ക്യൂറേറ്റ് ചെയ്യപ്പെടുന്നു, ഉല്‍പ്പാദിപ്പിക്കപ്പെടുന്നു, പങ്കുവയ്ക്കപ്പെടുന്നു, ആരാണ് അതിനെ പരിപാലിക്കുന്നത്, ഏതുതരം പങ്ക് വഹിക്കുന്നു എന്ന് ചോദിക്കേണ്ടതില്ലേ.
ഈ പ്രക്രിയകളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെയും സമൂഹങ്ങളുടെയും സ്ഥാനമെന്താണ്? സ്ത്രീ പ്രസ്ഥാനത്തിന് നേരെ ഈ ഒരു വെല്ലുവിളി ഉയര്‍ത്തിയത് ദലിത് സ്ത്രീകളാണ് – ഉദാഹരണത്തിന്, സുബാനിനുള്ളില്‍ . പ്രസിദ്ധീകരണത്തിനായി പുസ്തകങ്ങള്‍ കമ്മീഷന്‍ ചെയ്യുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്നവര്‍ സവര്‍ണ്ണരും ഉയര്‍ന്ന വര്‍ഗക്കാരുമായി തുടരുകയാണെങ്കില്‍, സംഘടന ഈ ചോദ്യത്തെ ആഴത്തില്‍ അഭിസംബോധന ചെയ്യുന്നു എന്ന് പറയാമോ? നമ്മുടെ രാഷ്ട്രീയം അര്‍ത്ഥമാക്കുന്നത് യഥാര്‍ത്ഥത്തില്‍ വൈവിധ്യവും പ്രാതിനിധ്യവുമുള്ള ഒരു തൊഴില്‍ ശക്തിയെ സ്ഥാപിക്കാന്‍ നാം കഠിനാധ്വാനം ചെയ്യുകയും സമത്വപരവും ന്യായയുക്തവുമായ തൊഴില്‍ സമ്പ്രദായങ്ങള്‍ സ്ഥാപിക്കുകയും ചെയ്യണമെന്നല്ലേ? ഞങ്ങള്‍ ഈ പ്രശ്നം ‘പരിഹരിച്ചു’ എന്ന് സത്യസന്ധമായി പറയാന്‍ കഴിയില്ല, പക്ഷേ അതിന്‍റെ സൂക്ഷ്മതകള്‍ മനസിലാക്കാനും ഞങ്ങളുടെ സ്വന്തം പ്രവര്‍ത്തനങ്ങളെ ആത്മവിമര്‍ശനം ഇത് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ഞങ്ങള്‍ നിതാന്തമായി പരിശ്രമിക്കുന്നു.
അവസാനമായി, ഫെമിനിസ്റ്റ് പ്രസിദ്ധീകരണത്തിന് ജന്മം നല്‍കാനും വളരാനും സാധ്യമായ സന്ദര്‍ഭത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ സന്ദര്‍ഭം ഇപ്പോള്‍ എങ്ങനെ മാറിയെന്നും അത് നമുക്ക് എന്താണ് സാധ്യമാക്കുന്നത് എന്നതിനെക്കുറിച്ചും കുറച്ച് സംസാരിക്കാന്‍ ഞാന്‍ വിചാരിക്കുന്നു. ഒരു ഫെമിനിസ്റ്റ് പ്രസിദ്ധീകരണശാല സ്ഥാപിക്കുക എന്ന സ്വപ്നം ശൂന്യതയില്‍ നിന്നും ഉടലെടുത്തതല്ല. ഇന്ത്യയിലെ എഴുപതുകളും എണ്‍പതുകളും സ്ത്രീകളുടെ പ്രസ്ഥാനം രാജ്യത്തുടനീളം സജീവവും ശക്തവുമായ രൂപം പ്രാപിച്ച നിമിഷങ്ങളായിരുന്നു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ജനകീയ പ്രസ്ഥാനങ്ങള്‍ ധാരാളം സ്ത്രീകളെ ആകര്‍ഷിച്ചു, ചിലത്, ഗാര്‍ഹിക തൊഴിലാളി പ്രസ്ഥാനങ്ങള്‍ അല്ലെങ്കില്‍ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ പോലെ, സ്ത്രീകള്‍ നയിക്കുകയും ആധിപത്യം പുലര്‍ത്തുകയും ചെയ്തു, മറ്റുള്ളവ തൊഴിലാളികളും കര്‍ഷക പ്രസ്ഥാനങ്ങളും, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും, ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളും. സ്ത്രീകള്‍ ധാരാളമായി പങ്കെടുത്തിടത്ത്, പുരോഗമന പ്രസ്ഥാനങ്ങള്‍ക്കിടയില്‍ പോലും വേരൂന്നിയ പുരുഷാധിപത്യങ്ങളെ നേരിടുമ്പോള്‍ അവര്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. സ്ത്രീകളുടെ പ്രശ്നങ്ങള്‍ എന്ന് ഞങ്ങള്‍ നിര്‍വചിച്ചതില്‍ ബോധപൂര്‍വം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടത് ഇവരാണ്. ഇന്ത്യന്‍ വനിതാ പ്രസ്ഥാനത്തിന്‍റെ ഒരു പ്രത്യേക സവിശേഷത, അതിന്‍റെ ആക്ടിവിസവും അതിന്‍റെ അക്കാദമിക് ഗവേഷണവും അടുത്തടുത്തായി വളര്‍ന്നു എന്നതാണ്. പ്രവര്‍ത്തകര്‍ ഗവേഷകരായി മാറി, തിരിച്ചും. അതിനാല്‍, ഗവേഷണം തുടരുകയും കാമ്പെയ്നുകളില്‍ പങ്കെടുക്കുകയും ചെയ്യുന്ന സ്ത്രീകളാല്‍ ഇന്നും വനിതാ പഠന സ്ഥാപനങ്ങള്‍ നിറഞ്ഞിരിക്കുന്നു. പ്രസ്ഥാനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക്, ഫെമിനിസ്റ്റ്, ലിംഗവിജ്ഞാനത്തിന്‍റെ അഭാവത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നത് ഗ്രൗണ്ട് ലെവല്‍ ആക്ടിവിസത്തില്‍ നിന്നുമാണ്. നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, അവരുടെ രാഷ്ട്രീയ വേരുകള്‍, സാമ്പത്തിക, സാംസ്കാരിക അടിത്തറകള്‍ തുടങ്ങിയവ വായിക്കാന്‍ മെറ്റീരിയലുകളൊന്നുമില്ലാതെ, ഗവേഷണ പ്രവര്‍ത്തനങ്ങളൊന്നുമില്ലാതെ ഞങ്ങള്‍ എങ്ങനെ മനസ്സിലാക്കും? വനിതാ ഗവേഷകര്‍ക്ക് ജോലിയില്ലാതെ എങ്ങനെയാണ് വനിതാ പഠന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്? അതിനാല്‍ കാളിയുടെ ജനനം പ്രസ്ഥാനത്തിനുള്ളിലെ ഒരു യഥാര്‍ത്ഥ ആവശ്യത്തോടുള്ള പ്രതികരണമായ സ്വയം പ്രസ്ഥാനത്തിന്‍റെ ഭാഗമായി കണ്ടു. ഞങ്ങളുടേത് പോലുള്ള രാഷ്ട്രീയ സംഘടനകളുടെ പിറവിയും വളര്‍ച്ചയും ഒരു പ്രത്യേക സന്ദര്‍ഭവുമായി അന്തര്‍ലീനമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് ഞാന്‍ ഇത് പരാമര്‍ശിക്കുന്നത്. മറ്റൊരിക്കല്‍, മറ്റൊരു ചരിത്ര നിമിഷത്തില്‍, ഇത് സാധ്യമായേക്കില്ല.
ഇന്ന്, മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം, കാര്യങ്ങള്‍ വളരെയധികം മാറിയിരിക്കുന്നു. ലിംഗഭേദവും ഫെമിനിസവും, അതുവരെ ആരും നോക്കാത്ത ഒരു വിഷയമായിരുന്നു. ഇന്ന്, ചെറുതോ വലുതോ ആയ എല്ലാ പ്രസാധകരും ഒരു ലിംഗ പട്ടികയുണ്ട്. ഇത് അവരുടെ മറ്റ് കൂടുതല്‍ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളാല്‍ നിലനിര്‍ത്തപ്പെടുന്നു, അതിനാല്‍ ഗവേഷകര്‍ക്കും എഴുത്തുകാര്‍ക്കും എവിടെ പ്രസിദ്ധീകരിക്കണം എന്നതിന്‍റെ വൈവിധ്യവും തിരഞ്ഞെടുപ്പും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നു. എന്നാല്‍ ലിംഗഭേദത്തിലും ഫെമിനിസത്തിലും മാത്രം പ്രവര്‍ത്തിക്കുന്നവര്‍ക്ക്, ഞങ്ങളെപ്പോലുള്ളവര്‍ക്ക്, ചോദ്യങ്ങള്‍ കൂടുതല്‍ ആയാസകരവും കൂടുതല്‍ ബുദ്ധിമുട്ടുള്ളതുമായി മാറുന്നു. വളരെയധികം മത്സരങ്ങളും വിഭവങ്ങള്‍ അസമമായി വിതരണം ചെയ്യപ്പെടുന്നതുമായ ഒരു പരിതസ്ഥിതിയില്‍ നാം എങ്ങനെയാണ് നമ്മെത്തന്നെ നിലനിറുത്തുന്നത്, എങ്ങനെയാണ് നാം നമ്മെത്തന്നെ പുനര്‍നിര്‍മ്മിക്കുകയും നമ്മുടെ ആദര്‍ശങ്ങളില്‍ സത്യമായി നിലകൊള്ളുകയും ചെയ്യുന്നത്? ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തിരഞ്ഞെടുത്ത വിഷയം ‘സെക്സി’ ആയി കണക്കാക്കപ്പെടുന്നു. ചരിത്രകാരനായ ഷാഹിദ് അമിന്‍ ഒരിക്കല്‍ തമാശയായി പറഞ്ഞതുപോലെ, ‘നിങ്ങള്‍ ഒരു സ്ത്രീയോ മരമോ ആണെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ഇന്ന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയൂ’. തീര്‍ച്ചയായും പൂര്‍ണ്ണമായും ശരിയല്ല, പക്ഷേ അദ്ദേഹം പറയുന്നതിന്‍റെ വ്യംഗ്യാര്‍ത്ഥം നിങ്ങള്‍ക്കെല്ലാവര്‍ക്കും മനസ്സിലാകുമെന്ന് ഞാന്‍ കരുതുന്നു. സ്ത്രീകളുടെ പുസ്തകങ്ങള്‍ ഇപ്പോള്‍ അവിഭാജ്യമല്ല, അല്ലെങ്കില്‍ ഇനി അങ്ങനെയൊന്നും ഇല്ല. ഞങ്ങളെപ്പോലുള്ള പ്രസാധകര്‍ക്ക് അത് എന്താണ് അര്‍ത്ഥമാക്കുന്നത്? നമുക്ക് പടിയിറങ്ങാന്‍ സമയമായോ?
മുപ്പത്തിയേഴ് വര്‍ഷം മുമ്പ് ഞങ്ങള്‍ ഫെമിനിസ്റ്റ് പ്രസിദ്ധീകരണ സംരംഭം ആരംഭിച്ചപ്പോള്‍, ഞങ്ങള്‍ മുഖ്യധാരയായി കണ്ടതിന് ഒരു ബദല്‍ സ്ഥാപിക്കുകയായിരുന്നു. ഇന്ന്, വിവിധ തരത്തിലുള്ള ഫെമിനിസങ്ങളുടെ വ്യാപനം, പെഡഗോഗിയിലെ ഫെമിനിസങ്ങളുടെ സാന്നിധ്യം, ഫെമിനിസത്തിലെ സംവാദങ്ങള്‍, ദലിത് സ്ത്രീകള്‍, വ്യത്യസ്ത ലൈംഗികതയുള്ള സ്ത്രീകള്‍, ദരിദ്രരായ സ്ത്രീകള്‍, ട്രാന്‍സ് സ്ത്രീകള്‍, ഫെമിനിസത്തിന് ഉള്ളില്‍ നിന്ന് ഉയര്‍ത്തുന്ന വെല്ലുവിളികള്‍. ഫെമിനിസം എങ്ങനെ സ്വയം മനസ്സിലാക്കി, മറ്റ് ഫെമിനിസങ്ങളുമായി എങ്ങനെ ഇടപഴകുന്നു, മുഖ്യധാര എന്ന് വിളിക്കപ്പെടുന്നതിന്‍റെ പുനര്‍നിര്‍വചനം ഒക്കെ ഫെമിനിസത്തിന്‍റെ ചിന്താവിഷയങ്ങളാണ്. ഫെമിനിസ്റ്റ് പ്രസാധകര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്കും ഇവ വെല്ലുവിളികളായി തുടരുന്നു. ഞാന്‍ ചിലപ്പോള്‍ തമാശയായി പറയാറുണ്ട്, നമ്മള്‍ തുടങ്ങിയപ്പോള്‍ മുഖ്യധാരയാകാന്‍ പോരാടുന്ന ബദലായിട്ടാണ് നമ്മള്‍ കണ്ടിരുന്നത്, ഇപ്പോള്‍ നമ്മള്‍ ബദലായി തുടരാന്‍ പാടുപെടുന്ന ഒരുതരം മുഖ്യധാരയാണ്. എന്നാല്‍ അതല്ല, മുഖ്യധാര എങ്ങനെ പുനര്‍നിര്‍വചിക്കപ്പെടുന്നു, ചോദ്യം ചെയ്യപ്പെടുന്നു, അത് വരേണ്യവര്‍ഗത്തിന്‍റെ സംരക്ഷണമല്ലാതാകുന്നത് എങ്ങനെയാണെയെന്നും പുതിയ പ്രസ്ഥാനങ്ങള്‍ അതിന് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതും നാം ഇപ്പോള്‍ കാണുന്നു. ഈ വെല്ലുവിളിക്ക് നമ്മള്‍ തുല്യരാകുമോ ഇല്ലയോ എന്നതാണ് നമ്മുടെ മുന്നിലുള്ള പ്രശ്നം.
മുക്ത സാല്‍വെ ബ്രാഹ്മണരെയും പണ്ഡിതന്മാരെയും താന്‍ പറയുന്നത് കേള്‍ക്കാന്‍ ഉദ്ബോധിപ്പിച്ചപ്പോള്‍, അവര്‍ സംസാരിച്ചത് അറിവും പഠനവും നിഷേധിക്കപ്പെട്ടവര്‍ക്കുവേണ്ടിയാണ്. ഫെമിനിസ്റ്റ് പബ്ലിഷിംഗ് എന്ന സംരംഭത്തെ അതിന്‍റെ യഥാര്‍ത്ഥ സ്പിരിറ്റില്‍ ഭാവിയിലേക്ക് കൊണ്ടുപോകണമെങ്കില്‍, മുക്ത സാല്‍വെയുടെ വെല്ലുവിളിയെ നിരന്തരമായ വെല്ലുവിളിയായി നാം ഏറ്റെടുക്കേണ്ടതുണ്ട്, കൂടാതെ നമ്മള്‍ എതിര്‍ക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന അധികാരത്തിലുള്ളവരുടെ കണ്ണാടിബിംബങ്ങളായി മാറാന്‍ നമ്മളെ അനുവദിക്കരുത്.
COMMENTS