പൊള്ളിത്തെറിക്കുന്ന കാഠിന്യത്തില്‍ ഇന്ധനവില നിയന്ത്രണം വിട്ട് ഉയരുകയാണ്. എണ്ണവ്യാപാര കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ ഭരണചക്രം തിരിക്കപ്പെടുന്നു. സ്വേച്ഛാധിപത്യത്തിന്‍റെ തീവ്രപരീക്ഷണങ്ങള്‍ക്ക് ജനങ്ങളെ ഈ വിധം വിധേയമാക്കാന്‍ തുടങ്ങിയിട്ട് കാലമധികമായി. നോട്ട് നിരോധനം തുറന്നുവിട്ട ദുരനുഭവ പരമ്പരയ്ക്ക് അഞ്ചു വര്‍ഷം തികയുമ്പോള്‍ സാധാരണക്കാരുടെ ജീവിതം ഇത്രമേല്‍ ദുസ്സഹമായൊരു കാലം ഇതുപോലുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചുപോകുന്നു. രാജ്യത്തിന്‍റെ ദാരിദ്ര്യാവസ്ഥ മുന്‍കാല നിരക്കുകള്‍ കടക്കുന്ന ആശാരഹിതമായ അവസ്ഥകളല്ലാതെ നിരത്താന്‍ കണക്കുകള്‍ ഒന്നുമില്ല തന്നെ.
ഒരമ്മ സ്വന്തം കുഞ്ഞിനെ തിരിച്ചു കിട്ടാന്‍ സമരം തുടങ്ങിയിട്ട് അനേകം ദിവസങ്ങള്‍ പിന്നിടുകയാണ്. തന്‍റെ ഭര്‍ത്താവിനെ മാതാപിതാക്കള്‍ക്ക് സ്വീകാര്യമല്ലാത്തതിനാല്‍ അനുപമ എന്ന സ്ത്രീ അനുഭവിക്കേണ്ടി വന്ന പീഡനാത്മകമായ പെരുമാറ്റങ്ങളെക്കുറിച്ചും അവരുടെ കുഞ്ഞ് ദത്ത് കൊടുക്കപ്പെട്ടതിനെക്കുറിച്ചുമൊക്കെ ധാരാളം പത്രവാര്‍ത്തകള്‍ പുറത്തുവന്നു. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയുടെ സ്വയം നിര്‍ണ്ണയാവകാശവും കര്‍തൃത്വവും രാഷ്ട്രീയ മുദ്രാവാക്യങ്ങളായി ഉയര്‍ത്തിപ്പിടിക്കപ്പെടേണ്ടതുണ്ട്. സമരത്തോട് ഐക്യപ്പെടുന്നു.
ദലിത് ഗവേഷകയായ ദീപ മോഹന്‍ കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ സമരം തുടങ്ങിയിരിക്കുകയാണ്. സ്വന്തം ജീവിതത്തിന്‍റെ പത്ത് വിലയേറിയ വര്‍ഷങ്ങളാണ് വകുപ്പദ്ധ്യക്ഷനായ നന്ദകുമാര്‍ കളരിക്കലിന്‍റെ ജാതിവെറി മൂലം ദീപയ്ക്ക് നഷ്ടമായത്. മാര്‍ഗ്ഗനിര്‍ദ്ദേശി കൂടിയായ നന്ദകുമാര്‍ കളരിക്കല്‍ ന്‍റെ ജാതിപീഡന ദുര്‍നടപടികള്‍ അവസാനിപ്പിച്ച് ഗവേഷണം തുടരാന്‍ അവസരം ലഭിക്കാനാണീ സമരം. ‘തോറ്റുപോയ ഒരുപാട് പേര്‍ക്ക് വേണ്ടി എനിക്കിവിടെ ജയിക്കണം’ എന്ന നിലപാടില്‍ ദീപ നടത്തുന്ന ഈ ഐതിഹാസിക പോരാട്ടത്തിന് ശക്തമായ ഐക്യദാര്‍ഡ്യം !
സ്ത്രീധന കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ നടത്തപ്പെടുമ്പോഴും നീതിന്യായ വ്യവസ്ഥയുടെ ഭാഗത്തുനിന്നും പുറത്തു വരുന്ന കണക്കുകള്‍ അസ്വസ്ഥജനകമാണ്. 2016 മുതല്‍ 2021 സെപ്തംബര്‍ 30 വരെ സ്ത്രീധനനിരോധന നിയമപ്രകാരം 90 കേസ്സുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതില്‍ 59 കേസ്സുകളില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടെങ്കിലും ഒരു കേസ്സില്‍ പോലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല. അഞ്ച് കേസുകളില്‍ കോടതി പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു. മറ്റ് കേസ്സുകള്‍ വിചാരണഘട്ടത്തിലായിട്ടുമേയുള്ളു. 1961 ല്‍ പാസ്സാക്കിയ സ്ത്രീധന നിരോധനനിയമത്തിന്‍റെ ഗുണഫലങ്ങള്‍ അറുപത് വര്‍ഷമായിട്ടും ലഭ്യമാകാത്തതിന്‍റെ കാരണങ്ങള്‍ സഗൗരവം ആരായേണ്ടതാണ്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരളത്തില്‍ ലിംഗപദവി പ്രേരിതമായ കുറ്റകൃത്യങ്ങളും ദാരുണസംഭവങ്ങളും പത്രവാര്‍ത്തകളില്‍ വര്‍ദ്ധിച്ച തോതില്‍ ഇടം പിടിക്കുകയാണ്. സര്‍ക്കാര്‍ മുന്‍കൈയില്‍ വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കാന്‍ ‘കനല്‍ ‘ പോലുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കി പ്രയോഗത്തിലാക്കിത്തുടങ്ങിയിട്ടുണ്ട്. എങ്കിലും ദീര്‍ഘകാല ഗുണഫലത്തോടെ ബോധവല്‍ക്കരണവും സാമൂഹ്യമാറ്റത്തിനായുള്ള പ്രയത്നവും ഉണ്ടാവണമെങ്കില്‍ ലിംഗപദവിയെക്കുറിച്ചുള്ള അവബോധവും പുരുഷാധിപത്യത്തെ ചെറുക്കാനുള്ള ശേഷിയും പാഠ്യപദ്ധതിയില്‍ തന്നെ ഉള്‍ച്ചേര്‍ത്ത് ആര്‍ജ്ജിച്ചെടുക്കേണ്ടതാണ്. ചെറുപ്പം മുതലേ സ്വായത്തമാക്കേണ്ട ലിംഗനീതി ബോധ/ ബോധ്യങ്ങള്‍ക്ക് മാത്രമേ ജനാധിപത്യബന്ധങ്ങള്‍ക്കുള്ള വഴിയൊരുക്കാനാകൂ. ഈ ആവശ്യത്തിന്‍റെ അടിയന്തരസ്വഭാവവും ഈ മേഖലയില്‍ നടന്ന പരീക്ഷണങ്ങളും അടയാളപ്പെടുത്തുകയാണ് സ്മിത പന്ന്യന്‍ അതിഥിപത്രാധിപയായ നവംബര്‍ ലക്കം സംഘടിത. ഗൗരവ വായനയ്ക്കായി സമര്‍പ്പിക്കുന്നു.
COMMENTS