Homeശാസ്ത്രം

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മുന്‍കൂട്ടിക്കണ്ട ശാസ്ത്രജ്ഞ

രോ വര്‍ഷവും ചൂടിന്‍റെ കാര്യത്തില്‍ റെക്കോഡിട്ട് കടന്നുപോവുകയും ഗുരുതരമായ കാലാവസ്ഥാവ്യതിയാനങ്ങള്‍ ഒരു വല്ലാത്ത കാലത്തിലേക്ക് വിരല്‍ചൂണ്ടുകയും ചെയ്യുന്ന ഈ സമയത്ത് ആഗോളതാപനത്തിനു പ്രധാന കാരണം കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആണെന്ന് 165 വര്‍ഷം മുന്നേ കണ്ടെത്തിയ യൂനിസ് ന്യൂട്ടണ്‍ ഫുട് എന്ന ശാസ്ത്രജ്ഞയെ എത്ര പേര്‍ക്കറിയാം? എന്നാല്‍ സ്ത്രീയായതിന്‍റെ പേരില്‍ യൂനിസിന്‍റെ സുപ്രധാന കണ്ടെത്തല്‍ തമസ്ക്കരിക്കപ്പെട്ടു. പുസ്തകത്താളുകളിലൊക്കെ കാര്‍ബണ്‍ ഡൈ ഓക്സൈഡും താപനവും തമ്മിലുള്ള ബന്ധം കണ്ടുപിടിച്ചതിന്‍റെ ക്രെഡിറ്റ് ജോണ്‍ ടിന്‍ഡല്‍ എന്ന ശാസ്ത്രജ്ഞനാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശക്തമായ പോരാട്ടങ്ങള്‍ നടത്തിയ വനിത കൂടിയായ യൂനിസിന്‍റെ കണ്ടുപിടിത്തം പാടേ അവഗണിക്കപ്പെട്ടു എന്നതുതന്നെ ശാസ്ത്രരംഗത്ത് സ്ത്രീകളോടുള്ള വിവേചനത്തിന്‍റെയും അവഗണനയുടെയും ആഴം എത്രമാത്രമായിരുന്നു എന്നു വ്യക്തമാക്കുന്നതാണ്.


ഒരു എയര്‍ പമ്പ്, രണ്ട് ഗ്ലാസ്സ് സിലിണ്ടറുകള്‍, നാലു തെര്‍മോമീറ്ററുകള്‍ എന്നിവ മാത്രം ഉപയോഗിച്ചുള്ള പരീക്ഷണങ്ങളിലൂടെയാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് താപനത്തിന് ആക്കം കൂട്ടുന്നുവെന്ന കണ്ടെത്തല്‍ യൂനിസ് നടത്തിയത്. കാര്‍ബണ്‍ ഡൈ ഓക്സൈഡ് നിറച്ച സിലിണ്ടറുകള്‍ സൂര്യപ്രകാശത്തില്‍ വച്ചപ്പോള്‍ അവ കൂടുതല്‍ താപത്തെ ‘കുരുക്കിനിര്‍ത്തുന്നത്’ അവര്‍ നിരീക്ഷിച്ചു. കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്ന പേരു പോലും അറിയപ്പെടാത്ത കാലത്തായിരുന്നു ഇതെന്നോര്‍ക്കണം. കാര്‍ബോണിക് ആസിഡ് ഗ്യാസ് എന്നാണ് അക്കാലത്ത് കാര്‍ബണ്‍ ഡൈ ഓക്സൈഡ് അറിയപ്പെട്ടിരുന്നത്! അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് തോത് കൂടുമ്പോള്‍അത് ഭൗമാന്തരീക്ഷത്തിന്‍റെ താപവര്‍ദ്ധനവിന് വഴിയൊരുക്കുമെന്ന് നിസ്സംശയം തെളിയിക്കുകയായിരുന്നു യൂനിസ് ന്യൂട്ടണ്‍! 1856-ല്‍ രശൃരൗാമെേിരലെ മളളലരശേിഴ വേല വലമേ ീള ൗി’െെ ൃമ്യെ എന്ന പ്രബന്ധം അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദ് അഡ്വാന്‍സ്മെന്‍റ് ഓഫ് സയന്‍സിന്‍റെ മീറ്റിങ്ങില്‍ അവതരിപ്പിക്കുകയും അതിനുശേഷം അമേരിക്കന്‍ ജേണല്‍ ഓഫ് ആര്‍ട്സ് ആന്‍റ് സയന്‍സില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ ജീവിച്ചിരുന്ന കാലത്ത് യൂനിസ് അംഗീകരിക്കപ്പെടുകയോ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് വരികയോ ചെയ്തില്ല. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം സമാനമായ കണ്ടുപിടിത്തം നടത്തിയ ഐറിഷ് ഊര്‍ജതന്ത്രജ്ഞനായ ജോണ്‍ ടിന്‍ഡലിനാണ് താപനവും കാര്‍ബണ്‍ ഡൈ ഓക്സൈഡും തമ്മിലുള്ള ബന്ധം കണ്ടെത്തിയതിന്‍റെ ക്രെഡിറ്റ് നല്‍കപ്പെട്ടത്.
1819 ജൂലൈ 17-ന് യു.എസ്സിലെ കണക്റ്റിക്കറ്റിലാണ് യൂനിസിന്‍റെ ജനനം. ട്രോയ് ഫീമെയില്‍ സെമിനാരി സ്ക്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം യൂനിസ് ഒരു സയന്‍സ് കോളേജില്‍ ചേര്‍ന്ന് രസതന്ത്രത്തിന്‍റെയും ജീവശാസ്ത്രത്തിന്‍റെയും അടിസ്ഥാന പാഠങ്ങള്‍ പഠിച്ചു.അക്കാലത്തു തന്നെ ശാസ്ത്ര പരീക്ഷണങ്ങളില്‍ തല്പരയായിരുന്നു ആ പെണ്‍കുട്ടി. ശാസ്ത്രത്തില്‍ ഉന്നത ബിരുദങ്ങളൊന്നും നേടാന്‍ സാധിച്ചില്ലെങ്കിലും യൂനിസ് കൃത്യതയോടെ പല പരീക്ഷണങ്ങളും നടത്തി. എന്നാല്‍ ജീവിച്ചിരുന്ന കാലത്ത് തന്‍റെ കണ്ടെത്തല്‍ അംഗീകരിക്കപ്പെടുന്നത് കാണാനുള്ള അവസരം യൂനിസിനു ലഭിച്ചില്ല. അക്കാലത്തെ പല വനിതകളെയും പോലെ അവരുടെ നേട്ടങ്ങളും അവഗണനയുടെയും വിവേചനത്തിന്‍റെയും നിഴലില്‍ മറയ്ക്കപ്പെട്ടു. 2010-ല്‍ പെട്രോളിയം ജിയോളജിസ്റ്റ് ആയി വിരമിച്ച റേ സോറന്‍സണ്‍ യാദൃച്ഛികമായി 1857-ലെ വോള്യം ഓഫ് ആന്വല്‍ സയന്‍റിഫിക് ഡിസ്കവറീസ് മറിച്ചു നോക്കുന്നതിനിടെയാണ് യൂനിസ് ന്യൂട്ടന്‍റെ പ്രബന്ധം അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. അത് വിശദമായി പഠനവിധേയമാക്കി അദ്ദേഹം ഒരു ലേഖനം പ്രസിദ്ധീകരിച്ചതോടെയാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡും ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനങ്ങളും തമ്മിലുള്ള ബന്ധം ആദ്യം കണ്ടെത്തിയത് ഈ വനിതയാണ് എന്ന കാര്യം ലോകശ്രദ്ധയിലേക്ക് വന്നത്. അതോടെ യൂനിസ് ന്യൂട്ടണ്‍ നേരിട്ട വിവേചനവും അവഗണനയും ലോകം തിരിച്ചറിയുകയായിരുന്നു. 2018-ല്‍ യൂനിസ് എന്ന പേരില്‍ ഒരു സിനിമയും പുറത്തിറങ്ങി..

 

സീമ ശ്രീലയം
പ്രമുഖ ശാസ്ത്ര ലേഖിക,
നിരവധി ബഹുമതികള്‍ക്ക് ഉടമ

COMMENTS

COMMENT WITH EMAIL: 0