Homeചർച്ചാവിഷയം

മെഡിക്കല്‍ സിലബസുകളിലെ ക്വിയര്‍ വിരുദ്ധത

ഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ എടുത്താല്‍ ഇന്ത്യയില്‍ എല്‍.ജി.ബി.ടി.ഐ.ക്യു വിഭാഗങ്ങളുടെ ദൃശ്യതയില്‍ പ്രകടമായ പുരോഗതി കാണുവാന്‍ സാധിക്കും. നിരന്തരമായ അവകാശ പോരാട്ടങ്ങളിലൂടെ ഇന്ത്യയിലെ ക്വിയര്‍ മനുഷ്യര്‍ ഉണ്ടാക്കിയെടുത്ത അംഗീകാരത്തിന്‍റെ ചെറിയൊരു ഇടമാണ് ഇന്നുള്ള ദൃശ്യത. ഇന്ത്യന്‍ ജൂഡിഷ്യറിയുടെ ഇടപെടലുകള്‍ ക്വിയര്‍ അവകാശ സംരക്ഷണത്തില്‍ ശ്ലാഘനീയമാണ്. എന്നിരുന്നാലും നൂറ്റാണ്ടുകളായി സമൂഹത്തിന്‍റെ ഓരോ വ്യവഹാരങ്ങള്‍ക്കിടയിലും ചൂഴ്ന്നിറങ്ങിയിട്ടുള്ള ക്വിയര്‍ സമൂഹത്തോടുള്ള വെറിയും, വിദ്വേഷവും, അപരവത്കരണവും ചെറുത്തുതോല്പിക്കുക എളുപ്പമല്ല. വിദ്യാഭ്യാസം, തൊഴില്‍, കുടുംബം, എന്നിങ്ങനെ എല്ലാ ഇടങ്ങളും ക്വിയര്‍ വിരുദ്ധമാണ്. സമൂഹത്തിന്‍റെയും, സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ബോധപൂര്‍വമുള്ള ഇടപെടലുകള്‍ ഇല്ലാതെ ഈ പ്രശ്നം പരിഹരിക്കുക സാധ്യമല്ല. ഓരോ കാര്യങ്ങള്‍ നടത്തി എടുക്കുന്നതിനും നിരന്തരം കോടതിയെ സമീപിക്കേണ്ട ദുരവസ്ഥ ആണ് ഞങ്ങള്‍ക്ക് ഉള്ളത്. സ്വമേധയാ ഒരു നയമോ, നിയമമോ, പരിഷ്കാരമോ നടത്താന്‍ സര്‍ക്കാരോ, ബന്ധപ്പെട്ട അധികാരികളോ തയാറല്ല എന്നത് ദുഷ്കരമായ വസ്തുത ആണ്..ഈയിടെ മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തെ ക്വിയര്‍ വിരുദ്ധതക്കെതിരെ വന്ന മദ്രാസ് ഹൈക്കോടതി വിധിയും, കേരള ഹൈക്കോടതി വിധിയും വളരെ പ്രധാനപ്പെട്ടതാണ്.

2021 ജൂണ്‍ മാസത്തിലാണ് മദ്രാസ് ഹൈകോടതിയുടെ സുപ്രധാന വിധി വരുന്നത്. സ്വവര്‍ഗ്ഗാനുരാഗികളായ രണ്ടു സ്ത്രീകള്‍ക്ക് പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ അതിക്രമത്തിനെതിരായി അവര്‍ നല്‍കിയ കേസിന്മേല്‍ ആണ് ബഹു : ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഈ വിധി പുറപ്പെടുവിക്കുന്നത്. ക്വിയര്‍ സമൂഹത്തെ പറ്റി കൃത്യമായ ധാരണ ഇല്ലാതിരുന്ന അദ്ദേഹം വിദഗ്ധരുടെ സഹായത്തോടെ ബോധവത്കരണം നേടിയതിനു ശേഷമാണ് ഈ കേസില്‍ വിധി പറഞ്ഞത്. അതോടൊപ്പം ക്വിയര്‍ മനുഷ്യരോട് നേരിട്ട് സംസാരിക്കുകയും ഇന്ത്യയിലെ ക്വിയര്‍ സമൂഹത്തിന്‍റെ പരിതസ്ഥിതീകള്‍ മനസിലാക്കുകയും ചെയ്തു. അറിവില്ലായ്മ വിവേചനത്തിനുള്ള ന്യായീകരണം അല്ല എന്നുള്ള അദ്ദേഹത്തിന്‍റെ വളരെ പ്രസക്തമായ വരികള്‍ ഈ സമയം ഓര്‍ക്കുന്നു. സ്കൂള്‍ കോളേജ് വിദ്യാഭ്യാസ പദ്ധതികള്‍ പരിഷ്കരിക്കാനും, കണ്‍വെര്‍ഷന്‍ തെറാപ്പി എന്ന പേരില്‍ ആരോഗ്യ മേഖല ക്വിയര്‍ മനുഷ്യര്‍ക്ക് മേല്‍ അടിച്ചേല്പിക്കുന്ന ക്രൂര പീഡനങ്ങള്‍ നിരോധിക്കനും അദ്ദേഹം ഉത്തരവിട്ടു. മെഡിക്കല്‍ പുസ്തകങ്ങളിലെ ആശാസ്ത്രീയവും, ക്വിയര്‍ വിരുദ്ധവുമായ ഉള്ളടക്കങ്ങള്‍ എടുത്തുമാറ്റാന്‍ NMCയോട് നിര്‍ദേശിച്ചു.


അതോടൊപ്പം കേരള ഹൈക്കോടതിയില്‍ ‘ക്വിയര്‍ റിഥം’ എന്ന ക്വിയര്‍ സംഘടനയും ദിശ എന്ന സംഘടനയും ചേര്‍ന്ന് നല്‍കിയ കേസില്‍ മെഡിക്കല്‍ ടെക്സ്റ്റ് ബുക്കുകളിലെ ക്വിയര്‍ വിരുദ്ധത അടിയന്തിരമായി തിരുത്തപ്പെടേണ്ടതാണെന്നും അതിനു വേണ്ടുന്ന നടപടി ഉടനടി കൈക്കൊള്ളാനും എന്‍.എം.സിയോട് ഉത്തരവിട്ടു. ഇത്തരത്തില്‍ ജൂഡിഷ്യറിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള സമ്മര്‍ദങ്ങള്‍ മെഡിക്കല്‍ സിലബസിന്‍റെ നവീകരണത്തിന് ഊര്‍ജം നല്‍കി.
നിലവില്‍ ഒരു രോഗമാക്കി ചിത്രീകരിക്കുന്ന ക്വിയര്‍ അവസ്ഥകളെ അങ്ങനെ അല്ല എന്ന് ബോധവത്കരിക്കേണ്ടത് ഇവിടുത്തെ ആരോഗ്യ വിദഗ്ധര്‍ തന്നെ ആണ്. ദശാബ്ദങ്ങള്‍ക്ക് മുന്‍പേ അന്താരാഷ്ട്ര തലത്തില്‍ ക്വിയര്‍ അവസ്ഥകളെ രോഗങ്ങളുടെ പട്ടികയില്‍ നിന്നും എടുത്തു മാറ്റിയെങ്കിലും ഇന്ത്യയില്‍ ഇന്നും അത് തുടരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ പുസ്തകങ്ങള്‍ പ്രാകൃതമായ, ആശാസ്ത്രീയമായ,മനുഷ്യത്വവിരുദ്ധമായ രീതിയില്‍ ആണ് മനുഷ്യരിലെ വൈവിധ്യങ്ങളെ പരാമര്‍ശിക്കുന്നത്. 2018 ഐ.പി.സി 377 സുപ്രധാന വിധി ഇന്ത്യയില്‍ പ്രായപൂര്‍ത്തി ആയ വ്യക്തികളിലെ സ്വവര്‍ഗ്ഗ അനുരാഗത്തെ നിയമപരമാക്കിയിരുന്നു. എങ്കിലും ഇന്ത്യന്‍ മെഡിക്കല്‍ സിലബസുകളില്‍ അത് പ്രകൃതി വിരുദ്ധ കുറ്റം ആയിത്തന്നെ തുടരുന്നു. ദേശീയ മെഡിക്കല്‍ കമ്മീഷന്‍റെ പരിഷ്കരിച്ച മെഡിക്കല്‍ സിലബസില്‍ പോലും യാതൊരു മാറ്റവും ഉണ്ടായില്ല. ഇന്ത്യയിലെ ക്വിയര്‍ സമൂഹം കോടതി വഴി ഇതിനെതിരെ പോരാടുകയും മെഡിക്കല്‍ സിലബസ്സിലെ ക്വിയര്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ കര്‍ശനമായും ഒഴിവാക്കാന്‍ വിധി പുറപ്പെടുവിക്കുകയും ചെയ്തു. ആയതു പ്രകാരം എന്‍.എം.സി മെഡിക്കല്‍ സിലബസ് പരിഷ്കരിക്കാന്‍ ഉത്തരവ് ഇറക്കുകയും പുസ്തകം എഴുത്തുകാരോടും, പ്രസാധകാരോടും ഇത്തരം ഉള്ളടകങ്ങള്‍ തിരുത്തുവാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. കേരള ആരോഗ്യ സര്‍വകലാശാല ഇതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. മെഡിക്കല്‍ രംഗം ക്വിയര്‍ സൗഹൃദപരം ആകേണ്ടത് അനിവാര്യമായ കാര്യമാണ്.

 

അനുരാധ കൃഷ്ണന്‍
ഡെന്‍റല്‍ വിദ്യാര്‍ത്ഥി

COMMENTS

COMMENT WITH EMAIL: 0