സ്കൂള്‍ പാഠ്യപദ്ധതിയെപ്പറ്റി കുട്ടികള്‍ സംസാരിക്കുന്നു
സ്ത്രീപക്ഷ നിലപാടുകള്‍ വളരെയേറെ ശക്തിപ്പെടുത്തേണ്ട ഒരു സാമൂഹിക അവസ്ഥയിലാണ് നാം ജീവിക്കുന്നത്.ജീവിതത്തിന്റെ സര്‍വ്വ മേഖലകളിലും സ്ത്രീ ശാക്തീകരണം കേന്ദ്രീകരിച്ച പോരാട്ടങ്ങള്‍ ശക്തിയാര്‍ജിക്കുന്ന സമകാലീന അവസ്ഥയില്‍ ജെന്‍ഡര്‍ അടിസ്ഥാനമാക്കി പാഠ്യപദ്ധതി നവീകരിക്കുക എന്നത് കാലികപ്രസക്തമായ ഒന്നാണ്. സമ്പൂര്‍ണ്ണ സാക്ഷരത എന്നഭിമാനിക്കുമ്പോഴും, വര്‍ത്തമാന കേരളത്തില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും അറുതിയില്ല .ആധുനിക സമൂഹം വിഭാവനം ചെയ്യുന്ന തരത്തില്‍ ലിംഗസമത്വം സാധ്യമാകണമെങ്കില്‍, മാറ്റം പാഠ്യപദ്ധതിയില്‍ നിന്നും പാഠപുസ്തകങ്ങളില്‍ നിന്നും തന്നെ ആരംഭിക്കേണ്ടതുണ്ട്.
സ്വാതന്ത്ര്യാനന്തര ചരിത്രവഴികളില്‍ എക്കാലവും പാര്ശ്വവല്ക്കരിക്കപ്പെട്ടിരുന്നത് സ്ത്രീ, ദളിത് , ഇന്റര്‍സെക്സ് വിഭാഗങ്ങള്‍ ആയിരുന്നല്ലോ. ഈ അരികുവല്‍ക്കരണത്തിന് നമ്മുടെ പാഠപുസ്തകങ്ങള്‍ നല്‍കിയിരിക്കുന്ന സംഭാവനകള്‍ ഒട്ടും ചെറുതല്ല എന്ന് കാണാം.
ദളിത്, സ്ത്രീ പക്ഷ മേഖലകള്‍ ലോകത്തിന് നല്കിയ സംഭാവനകള്‍ തിരിച്ചറിയുകയും അതിന് അടിവരയിടുകയും ചെയ്യുന്ന ഒരു കാലഘട്ടമാണിത് .നമ്മള് എന്നാല്‍ ആണും പെണ്ണും മാത്രമല്ലെന്നും ഇന്റര്‍സെക്സ് വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണെന്നും ഉള്ള തിരിച്ചറിവ് പുതിയ തലമുറയ്ക്കുണ്ടാകണം. അതുകൊണ്ടുതന്നെ മേല്‍പ്പറഞ്ഞ എല്ലാ വിഭാഗങ്ങളെയും കൂടി ഉള്‍ക്കൊള്ളുന്നതാവണം നമ്മുടെ പാഠ്യപദ്ധതി.
ജ്ഞാന മണ്ഡലത്തിലും ലോകവീക്ഷണത്തിലും അപരിമേയമായ വളര്‍ച്ചയാണ് ഇന്നത്തെ കുട്ടികള്‍ക്കുള്ളത്. നമ്മുടെ ബാല്യകാലത്തുണ്ടായിരുന്നതു പോലെ എണ്ണം പറഞ്ഞ പുസ്തകങ്ങളോ വിരലിലെണ്ണാവുന്ന ചാനല്‍ ലോകങ്ങളോ ഒന്നുമല്ല അവരെ മുന്നോട്ടു നയിക്കുന്നത്. അവരെ തിരിച്ചറിയാന്‍ അധ്യാപക സമൂഹത്തിന് കഴിഞ്ഞിട്ടുണ്ടോ എന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നു.
ലിംഗരാഷ്ട്രീയാവബോധം പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നതിനെക്കുറിച്ച് ഈ കുട്ടികള്‍ക്ക് എന്തായിരിക്കും പറയാനുള്ളത്…? എങ്ങനെയാണവരു ടെ ചിന്തകള്‍….? അതറിയാനായി ഞങ്ങള്‍ ഒരു ചോദ്യാവലി തയ്യാറാക്കി കുട്ടികള്‍ക്കിടയിലേയ്ക്ക് ചെന്നു.
ചോദ്യങ്ങള്‍
കുട്ടിയുടെ പേര്?
പെണ് / ആണ് / മറ്റുള്ളവര്‍
സ്കൂളിന്റെ പേര്?
(സര്‍ക്കാര്‍ / എയ്ഡഡ് / അണ് എയ്ഡഡ് )
ക്ലാസ്
വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലം?
( നഗരം/പട്ടണം / ഗ്രാമം)
1. സ്കൂളില്‍ ഹാജര്‍ വിളിക്കുന്ന അവസരത്തില്‍ ആണ്‍കുട്ടികളുടെ പേരുകള്‍ ആണോ ആദ്യം വിളിക്കാറ്? എന്തുകൊണ്ടാണ് ഹാജര്‍ പുസ്തകത്തില്‍ ആണ്‍കുട്ടികളുടെ പേരുകള്‍ ആദ്യം രേഖപ്പെടുത്തുന്നത് ?
എന്താണ് നിങ്ങള്‍ക്കിതിനെ ക്കുറിച്ച് പറയാനുള്ളത്?
2. ക്ലാസ് റൂം വൃത്തിയാക്കുന്ന അവസരത്തില്‍ അടിച്ചു വാരുന്ന ജോലി പലപ്പോഴും പെണ്‍കുട്ടികള്‍ക്കാണ്. ആണ്‍കുട്ടികളാകട്ടെ ബഞ്ച് പിടിച്ചിടുക, നിര്‍ദ്ദേശം നല്‍കുക എന്നിവ ഏറ്റെടുക്കും. നിങ്ങളുടെ സ്കൂളിലെയും സ്ഥിതി ഇത് തന്നെയാണോ? ഇത് നല്ലൊരു പ്രവണതയാണോ? എന്താണ് നിങ്ങളുടെ അഭിപ്രായം?
3 .സ്കൂളില്‍ പെണ്‍കുട്ടി /ആണ്‍കുട്ടി എന്ന വിവേചനം നേരിടുന്ന മറ്റെന്തെങ്കിലും സന്ദര്‍ഭം നിങ്ങള്‍ക്ക് ഇതോടൊപ്പം കൂട്ടിച്ചേര്‍ക്കാനുണ്ടോ?
4. നിങ്ങള്‍ പഠിക്കുന്ന പാഠപുസ്തകങ്ങളില്‍,കൃത്യമായ ലിംഗവിവേചനം സൂചിപ്പിക്കുന്ന ഏതെങ്കിലും പാഠങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?
5. ഏതൊക്കെ വിഷയങ്ങളില്‍, ഏതൊക്കെ പാഠങ്ങളില്‍ ആണ് ഇത്തരത്തിലുള്ള വിവേചനം ഉള്ളതായി തോന്നിയത്?വിശദീകരിക്കുക.
6. ക്ലാസ് റൂം ചര്‍ച്ചകളില്‍ അധ്യാപകരും കുട്ടികളും ഉപയോഗിക്കുന്ന ഭാഷ ലിംഗ സൗഹൃദപരമാണോ? (സ്ത്രീവിരുദ്ധതയാേ ട്രാന്‍സ്ജെന്‍ഡര്‍ വിരുദ്ധതയോ കടന്നു വരാറുണ്ടോ?) നിങ്ങളുടെ അഭിപ്രായം വിശദീകരിക്കുക.
7.പാഠപുസ്തകത്തിലുള്പ്പെടുത്തിയിട്ടുള്ളതും അധ്യാപകര്‍ പരിചയപ്പെടുത്തുന്നതുമായ ചിത്രങ്ങള്‍, ചിത്രീകരണങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവയില്‍ ലിംഗവിവേചനം ഉളളതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? വ്യക്തമാക്കുക.
8.ലിംഗസമത്വത്തിന്റെ ആവശ്യകത ചര്‍ച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിലും, പുരുഷ കേന്ദ്രീകൃതമായ ധാരാളം പരാമര്‍ശങ്ങള്‍ ,ഭാഷയിലും പ്രയോഗത്തിലും നമുക്ക് ചുറ്റും കാണാം (ഉദാ: ചരിത്രത്തില്‍ മനുഷ്യരുടെ വളര്‍ച്ചയെക്കുറിച്ച് പറയുമ്പോള്‍ ഉള്ള ‘അവന്’ എന്ന പ്രയോഗം, ‘ആധാര്‍ സാധാരണ ക്കാരന്റെ അവകാശം എന്ന് പറയുന്നത് ). ഇതേക്കുറിച്ച് നിങ്ങള്‍ കുട്ടികള്‍ക്ക് എന്താണ് പറയാനുള്ളത്?
9.സ്കൂളില്‍ നിങ്ങള്‍ക്ക് പി.ഇ.ടി. പീരിയഡുകള്‍ അനുവദിച്ചിട്ടുണ്ടോ? ഒരാഴ്ചയില്‍ എത്ര പി.ഇ.ടി. പീരിയഡ് ഉണ്ടാകും.? പി.ഇ.ടി. പീരിയഡ് പൊതുവേ എങ്ങനെയാണ് വിനിയോഗിക്കുന്നത്.? പി.ഇ.ടി.പീരിയഡില്‍ കളിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് അവസരം ലഭിക്കാറുണ്ടോ? .
10.പാഠ്യ പദ്ധതിയില്‍, പാഠപുസ്തകങ്ങളില്‍, ലിംഗസമത്വത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള എന്ത് മാറ്റങ്ങളാണ് നിങ്ങള്‍ കുട്ടികള്‍ സ്വപ്നം കാണുന്നത്?
കേരളത്തിലുടനീളം ഗ്രാമം, നഗരം ,പട്ടണം എന്നിവിടങ്ങളിലെ, ഗവണ്മെന്റ്, എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകളില്‍ ഏഴാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന, സാമ്പത്തികമായി പല തട്ടുകളില്‍ നില്ക്കുന്ന, പെണ്‍കുട്ടികളും ആണ്‍കുട്ടികളും അടങ്ങുന്ന
കുട്ടികളുടെ അഭിപ്രായങ്ങളാണ് പഠനവിധേയമാക്കിയത്.
പ്രതികരണങ്ങള്‍ ആവേശപൂര്‍ണമായിരുന്നു; ആശാവഹമായിരുന്നു. കിട്ടിയ ധാരാളം പ്രതികരണങ്ങളില്‍ നിന്ന് അഞ്ചെണ്ണം അതുപോലെ കൊടുക്കുന്നു.
കുട്ടികളുടെ പ്രതികരണങ്ങള്‍
പ്രതികരണം 1
നീഹാര്‍ എ. എസ്.
ആണ്
ഗവണ്മെന്റ് സംസ്കൃതം എച്ച് എസ് എസ്
സര്‍ക്കാര്‍
1. ആണ്‍കുട്ടികളുടെ പേരാണ് ആദ്യം വിളിക്കാറുള്ളത്.പാരമ്പര്യമായി സ്ക്കൂളില്‍ അധ്യാപകര്‍ തുടര്‍ന്നുവരുന്ന നീചമായ വിവേചന ശീലമാണിത്.സമൂഹത്തില്‍ തുടര്‍ന്നു വരുന്ന പുരുഷ മേധാവിത്വം ഹാജര്‍ പട്ടികയിലും പ്രതിഫലിക്കുന്ന പ്രവണതയാണിത്. ചില സ്ക്കൂളുകള്‍ അക്ഷരമാലാക്രമത്തില്‍ ആണ്-പെണ് വിവേചനമില്ലാതെ ഹാജര്‍ പട്ടിക തയ്യാറാക്കുന്നുണ്ട്.ഇതാണ് ശരിയായ രീതി.ഇതിന് തയ്യാറാകാത്ത മറ്റ് സ്കൂളുകള്‍ തെറ്റായ പ്രവണത തിരുത്തി ഈ രീതിയിലേക്ക് മാറേണ്ടത് സമൂഹത്തിന് ആവശ്യകതയാണ്.
2. ഇത് തെറ്റായ പ്രവണതയാണ്.വീട്ടില്‍ നിന്ന് കുട്ടിയുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട തെറ്റായ ബോധ്യത്തിന്റെ ഫലമാണ് സ്കൂളിലും പ്രതിഫലിക്കുന്നത്.ഭൂരിഭാഗം സ്കൂളുകളും ചുമതലകള്‍ വിഭജിക്കുമ്പോള്‍ ലിംഗവിവേചനം ഒഴിവാക്കാറുണ്ടെങ്കിലും അടിച്ചു വാരുന്നത് മോശമാണ് എന്ന ചിന്തയുടെ ഭാഗമായി ആണ്‍കുട്ടികള്‍ മാറി നില്ക്കുന്നു.കുട്ടികളിലുണ്ടാവുന്ന ശരിയല്ലാത്ത ബോധ്യം മാറിയാല്‍ മാത്രമേ സ്കൂളുകളിലും മാറ്റം ഉണ്ടാവുകയുള്ളൂ.
3. ക്ലാസ്സ് റൂമില്‍ കുട്ടികള്‍ ഇരിക്കുന്നത്. വ്യത്യസ്ത ഭാഗങ്ങളിലാണ് ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഇരുത്തിയിരിക്കുന്നത്.ഇതില്‍ നിന്ന് വ്യത്യസ്തമായി ലിംഗവിവേചനം കൂടാതെ ഒരേ ബെഞ്ചില്‍ ഒന്നിച്ചിരിക്കാന്‍ അവര്‍ക്ക് കഴിയണം.
4. ഉണ്ട്
5. മലയാളം ഒന്നാംവര്‍ഷ പാഠപുസ്തകത്തിലെ ഒന്നാമത്തെ അധ്യായമായ കിനാവിലെ ബാലചന്ദ്രന് ചുള്ളിക്കാട് എഴുതിയ ‘സന്ദര്‍ശനം’ എന്ന കവിതയില്‍ കാമുകന് മാത്രമേ സംസാരിക്കുന്നുള്ളൂ.ഇവിടെ സ്ത്രീക്ക് സംസാരിക്കാന്‍ പോലും അവസരം നല്‍കുന്നില്ല.
6. പലയിടങ്ങളിലും ട്രാന്‍സ്ജെന്‍ഡര്‍ വിരുദ്ധത കടന്നുവരാറുണ്ട്.
7. പലപ്പോഴും കണ്ടുപിടിത്തങ്ങള്‍ڔ നടത്തിയ പുരുഷന്മാരുടെ പേരുകളും ചിത്രങ്ങളും മാത്രം പാഠപുസ്തകത്തില്‍ പഠിക്കാന്‍ ഉള്ളതായി കാണാം.(ഡി.എന്‍.എയുടെ ഘടന വിവരിച്ച വാട്സനെയും ക്രിക്കിനെയും നോബല്‍ സമ്മാനം നല്കി ആദരിക്കുകയും പ്രശസ്തരാക്കുകയും ചെയ്യുമ്പോഴും ഉചഅ കണ്ടുപിടിത്തത്തില്‍ സുപ്രധാന പദവി വഹിച്ച ‘ ഫ്രാങ്ക്ലിന്’ എന്നെ സ്ത്രീയുടെ പേര് നമുക്ക് എവിടെയും കാണാന്‍ കഴിയില്ല)
8. ചരിത്രം എന്ന വാക്കിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമായ ‘ഒശീൃ്യെേ’ എന്ന പദം അവന്റെ കഥ എന്ന അര്‍ത്ഥത്തിലാണ് വരുന്നത്.ഇത് തികച്ചും തെറ്റായ പ്രവണതയാണ്. ഇത്തരം വാക്കുകളില്‍ അനുയോജ്യമായ മാറ്റം വരുത്തേണ്ടതാണ്.ഈയിടെ ക്രിക്കറ്റില്‍ ലിംഗസമത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ‘ബാറ്റര്‍’ എന്ന പദം കൊണ്ടു വന്നത് പോലെ പലയിടത്തും മാറ്റം അനിവാര്യമാണ്.
9 പി.ടി പിരീഡുകള്‍ ആഴ്ചയില്‍ രണ്ടെണ്ണം വീതം ആണ്ڔ ലഭിക്കാറുള്ളത്.പലപ്പോഴും അത് ടൈംടേബിളില്‍ തൂങ്ങുന്ന വാചകം മാത്രമായി പോവാറുണ്ട്.സ്പെഷ്യല്‍ ക്ലാസ് എന്നപേരില്‍ പലരും പാഠം തീര്‍ക്കാന്‍ വേണ്ടി ആ പിരീഡുകള്‍ ഉപയോഗിക്കുന്നു. പി.ടി പിരീഡുകളില്‍ ഫുട്ബോള്‍,ക്രിക്കറ്റ് പോലെയുള്ള കളികള്‍ പലപ്പോഴും ആണ്‍കുട്ടികളുടേത് മാത്രമായി പോകുന്നു.ഇത് ശരിയായ പ്രവണതയല്ല.കുട്ടികളില്‍ സമൂഹം അടിച്ചേല്‍പ്പിക്കുന്ന പാരമ്പര്യമായ വിവേചന ബോധം അവസാനിച്ചാല്‍ മാത്രമേ ഇത്തരം കാര്യങ്ങളില്‍ മാറ്റം ഉണ്ടാവുകയുള്ളൂ.
പ്രതികരണം 2
ഗൗരി .വി .മേനോന്
പെണ്
Zamorins HSS
എയ്ഡഡ്
12
കോഴിക്കോട്
നഗരം
1. അതെ , കിന്ഡര്ഗാര്ട്ടന് ലെവല്‍ മുതല്‍ ഹാജര്‍ പുസ്തകത്തില്‍ ആണ്‍കുട്ടികളുടെ പേരാണ് ആദ്യം എഴുതി കാണുന്നത് .ആദ്യമൊന്നും എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം നിയമങ്ങള്‍ എന്ന് അറിയില്ലായിരുന്നു. എന്റെ കാഴ്ചപ്പാടില്‍, ലിംഗപരമായ അസമത്വം ശരിക്കും ആരംഭിക്കുന്നത് ഈ ഹാജര്‍ പുസ്തകത്തില്‍ നിന്ന് തന്നെയാണ്. ആണ് പെണ് വേര്‍തിരിവുകള്‍ ഇല്ലാതെ , ആര്‍ക്കും മുന്‍ഗണന കൊടുക്കാതെ, അക്ഷരമാലാ ക്രമത്തില്‍ തന്നെയാണ് ഹാജര്‍ പുസ്തകത്തില്‍ പേരുകള്‍ രേഖപ്പെടുത്തേണ്ടത്.
2. ക്ലാസ് മുറികള്‍ വൃത്തിയാക്കുന്ന സമയത്ത് പലപ്പോഴും ഇങ്ങനെ സംഭവിക്കാറുണ്ട്. ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളേക്കാള്‍ ശാരീരികബലം കൂടുതലാണ്. എന്നാല്‍ ഈ പുരുഷാധിപത്യ സമൂഹം നമ്മെ ഓര്‍മിപ്പിക്കുന്നത് ദൈനംദിന കാര്യങ്ങളുടെ ഉത്തരവാദിത്വം പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് എന്നാണ് .ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇതൊരു നല്ല പ്രവണതയായി എനിക്ക് തോന്നുന്നില്ല. ഉത്തരവാദിത്തങ്ങള്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുപോലെ പങ്കിട്ടെടുക്കാന്‍ നമ്മള് അവരെ പഠിപ്പിക്കേണ്ടതുണ്ട്. ഇപ്പോള്‍ സിനിമയിലും പരസ്യങ്ങളിലും ഒക്കെ ചെറിയതോതിലുള്ള മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എന്റെ കാഴ്ചപ്പാടില്‍ പുരുഷന് മാത്രമായോ സ്ത്രീക്ക് മാത്രമായോ ഒരു ജോലിയും മാറ്റി വച്ചിട്ടൊന്നുമില്ല .എല്ലാ ജോലിയിലും സമത്വം കൊണ്ടുവരുന്നതിന് ആവശ്യമായ വിദ്യാഭ്യാസം നമ്മള് കുട്ടികള്‍ക്ക് കൊടുക്കേണ്ടതുണ്ട്. അത് അവരെ നല്ല പൗരന്മാരായി വളരാന്‍ സഹായിക്കും.
3. സ്പോര്‍ട്സ് വിഷയത്തിന്റെ കാര്യമെടുത്താലും നമുക്ക് ഈ ഒരു വ്യത്യാസം കാണാന്‍ കഴിയും. ഫുട്ബോള്‍, ബാസ്ക്കറ്റ് ബോള്‍ ടീമുകളുടെ സെലക്ഷന് നടപടിയില്‍ ആണ്‍കുട്ടികള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ഞങ്ങളുടെ സ്കൂളിലാണെങ്കിലും വോളിബോള്‍, ഫുട്ബോള്‍ ടീമുകള്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഉണ്ടാക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഫിസിക്കലി ഫിറ്റ് ആയിരിക്കുക എന്നത് പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളവും ആണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളവും വളരെ പ്രധാനമാണ്. ഇത്തരം ലിംഗ വിവേചനങ്ങള്‍ സ്കൂളുകളില്‍ ഉണ്ടാകുന്നതു കൊണ്ടാണ് പെണ്‍കുട്ടികള്‍ സ്പോര്‍ട്സ് വിഷയങ്ങളില്‍ പുറകോട്ട് പോകുന്നത്.
4. അതെ ,ഒരു ആര്‍ട്സ് വിദ്യാര്‍ത്ഥി എന്ന നിലയില്‍ അത്തരം ധ്രുവീകരണങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പ്രത്യേകിച്ചും ഹിസ്റ്ററി ,സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ പുരുഷാധിപത്യം നിലനില്‍ക്കുന്നതായി കാണാം. ലിംഗവിവേചനം വളരെക്കാലമായി നിലനില്‍ക്കുന്നുണ്ട് എന്നാണ് ഇത് വ്യക്തമാക്കുന്നത്. വീട്ടുജോലികള്‍ സ്ത്രീകളുടേയും പുറത്തുപോയി സമ്പാദിക്കുന്നത് പുരുഷന്റേയും ഉത്തരവാദിത്വം ആയാണ് പറഞ്ഞിരിക്കുന്നത്. സാമൂഹ്യശാസ്ത്രത്തിലെയും രാഷ്ട്ര തന്ത്രത്തിലെയും സ്ഥിതിവിവര കണക്കുകള്‍ അനുസരിച്ച് മൂന്നിലൊന്ന് പെണ്‍കുട്ടികള്‍ക്കും ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല എന്നും പുരുഷാധിപത്യം അവരില്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണ് എന്നും നമുക്ക് കാണാം. വിവിധ മേഖലകളില്‍ സ്ത്രീകള്‍ തങ്ങളുടെ കഴിവുകള്‍ തെളിയിച്ചിട്ടും ജനസംഖ്യയുടെ 50 ശതമാനം വരുന്ന സ്ത്രീകളില്‍ നിന്നും ഒരു വനിതാ പ്രസിഡന്റും ഒരു വനിതാ പ്രധാനമന്ത്രിയും മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നതും അത്ര നല്ല കാര്യമല്ല . ഇത് ആശങ്ക ഉണ്ടാക്കുന്നു.
5. സമൂഹത്തിന്റെ എല്ലാതലത്തിലും ഈ വിഷയം നമുക്ക് കാണാന്‍ കഴിയും. ആദിമ കാലഘട്ടം മുതല്‍ ഇങ്ങോട്ട് സാംസ്കാരികമായി സമുന്നതി യില്‍ നില്ക്കുന്നു എന്ന് നമ്മള് അഭിമാനിക്കുന്ന ഈ കാലഘട്ടത്തിലും ലിംഗവിവേചനം കാണാന്‍ കഴിയും. സമൂഹം ആണിനും പെണ്ണിനും വെവ്വേറെ ജോലികള്‍ ഏല്‍പ്പിച്ചിട്ടുണ്ട്. സ്ത്രീകളുടെ സാക്ഷരതാ നിലവാരം, പെണ് ഭ്രൂണഹത്യ , സ്ത്രീകളുടെ ശമ്പളം എന്നിവയെ കുറിച്ച് പഠിക്കുമ്പോള്‍ ഞെട്ടിക്കുന്ന കണക്കുകളാണ് നമുക്ക് ലഭ്യമാകുന്നത്.
6. ഇല്ല അത്തരം കാര്യങ്ങള്‍ ഞാനിതുവരെ കണ്ടിട്ടില്ല .സാധാരണയായി അധ്യാപകര്‍ സൗഹാര്‍ദ്ദപരമായി തന്നെയാണ് ഇടപെടാറുള്ളത്. എന്നാല്‍ ഒരു പെണ്‍കുട്ടി ഉറക്കെ സംസാരിക്കാന്‍ പാടില്ലെന്നും അവളുടെ അഭിപ്രായം തുറന്നു പറയാന്‍ പാടില്ലെന്നും ഒക്കെ ഉള്ള നിര്‍ദ്ദേശങ്ങള്‍ വളരെ സങ്കടകരമാണ്. കേരളം 100% സാക്ഷരത കൈവരിച്ചു എന്ന് അഭിമാനിക്കുമ്പോള്‍ പോലും ശൈശവ വിവാഹങ്ങള്‍ പലയിടത്തും സാധാരണമാണെന്ന് കാണാം.
7. ചെറിയ ക്ലാസിലെ കുട്ടികളുടെ പാഠപുസ്തകങ്ങള്‍ പരിശോധിച്ചാല്‍ സ്ത്രീകള്‍ അടുക്കളയില്‍ ജോലി ചെയ്യുന്നതോ കുടുംബാംഗങ്ങളുമായി ഭക്ഷണം പാകം ചെയ്യുന്നതോ ആയ ചിത്രങ്ങളാണ് കാണുന്നത്. ഇതൊക്കെ സ്ത്രീകളുടെ ജോലികള്‍ ആണെന്ന ചിന്ത കുട്ടികളുടെ മനസ്സില്‍ വളരെ ചെറുപ്പത്തില്‍ തന്നെ ഉണ്ടാകും. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന എന്റ ഒരു സുഹൃത്തിന്റെ മലയാളം പാഠപുസ്തകത്തില്‍ ഇത്തരം ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. ഇതൊരു തെറ്റിദ്ധാരണാജനകമായ ആശയമാണ്. സ്ത്രീകള്‍ തങ്ങള്‍ക്ക് വേണ്ടി എല്ലാ ജോലികളും ചെയ്യണമെന്ന് പുരുഷന്മാര് കരുതുന്നു. പുരുഷന്മാര് എന്തെങ്കിലും വീട്ടുജോലി ചെയ്താല്‍ അവന് വളരെ നല്ലവന്‍ ആയി കണക്കാക്കപ്പെടുന്നു. എന്നാല്‍ അതേ ജോലി സ്ത്രീ ചെയ്യുമ്പോള്‍ അത് ചെയ്യേണ്ടത് അവളുടെ കടമയായി കരുതുന്നു. വീട് പരിപാലിക്കുക എന്നത് സ്ത്രീയുടെ ഉത്തരവാദിത്തമാണെന്ന് സിനിമകളില്‍ പോലും ഹൈലൈറ്റ് ചെയ്ത് കാണിക്കുന്നതായി നമുക്ക് കാണാന്‍ കഴിയും ഈ കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള സങ്കല്പങ്ങള് പോലും ലജ്ജാകരമാണ്.
8. ഇത് വളരെ യാഥാര്‍ത്ഥ്യം നിറഞ്ഞ ഒരു കാര്യമാണ്. അവന് എന്ന പ്രയോഗം പുരുഷാധിപത്യം ഇന്നും നിലനില്ക്കുന്നു എന്നതിന്റെ സൂചനയാണ് നല്‍കുന്നത് .ഇതൊരു സ്ത്രീവിരുദ്ധമായ പ്രയോഗമായി നമുക്ക് കണക്കാക്കാം. എന്നാല്‍ പൊളിറ്റിക്കല്‍ സയന്‍സ് ഇക്കണോമിക്സ് തുടങ്ങിയ വിഷയങ്ങളില്‍ അത്തരം പ്രശ്നങ്ങളൊന്നും തന്നെയില്ല .അവനെ അല്ലെങ്കില്‍ അവളെ എന്ന് ഉപയോഗിക്കുമ്പോഴാണ് സമത്വം പൂര്‍ണമാകുന്നത്.
9. പി.ഇ.ടി പീരീഡുകള്‍ ഉണ്ടെങ്കിലും ആ സമയം ,പോര്‍ഷന്‍ തീര്‍ക്കാനുള്ള അധ്യാപകര്‍ അവരുടെ പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കാനുള്ള അവസരമായാണ് കരുതുന്നത്. പി.ഇ.ടി പീരീഡുകള്‍ സാധാരണ ആഴ്ചയില്‍ ഒന്നു മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ ഫിസിക്കല്‍ ട്രെയിനിങ്ങിന് ആ സമയം തികയാറില്ല.
ലിംഗപരമായ അസമത്വങ്ങളെ കുറിച്ച് പറയുമ്പോള്‍ എന്റെ മുന്പില് ആദ്യം വരുന്ന ചോദ്യം സ്ത്രീകളുടെ സ്വപ്നങ്ങളുടെ കാലാവധി തീരുമാനിക്കുന്നത് ആരാണ് ? എന്ന ചോദ്യമാണ്: ജനസംഖ്യയുടെ പകുതിയോളം സ്ത്രീകള്‍ ആണെങ്കിലും രാജ്യത്തിന്റെ അതിരുകള്‍ പോലും പ്രശ്നം ഇല്ലാത്ത കാലമാണിതെങ്കിലും ലിംഗപരമായ അസമത്വങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഫെമിനിസം എന്നത് ഏറ്റവും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന ഒരു പദമാണ്. ഒരു പ്രത്യേക ലിംഗത്തിന് വേണ്ടിയുള്ള അവകാശവാദമാണ് അത് എന്നാണ് കൂടുതല്‍ പേരും കരുതുന്നത്. എന്നാല്‍ ഈ ആശയം അംഗീകരിച്ചാല്‍ തന്നെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പകുതിയോളം പ്രശ്നങ്ങള്‍ മാറും .ഉത്തരവാദിത്തങ്ങള്‍ പങ്കിടാന്‍ ഇരു വിഭാഗങ്ങളെയും ബോധവല്‍ക്കരിക്കേണ്ടതുണ്ട്. അത് അവരെ മികച്ച പൗരന്മാരായി വാര്‍ത്തെടുക്കുന്നു. സ്ത്രീസാക്ഷരത വര്‍ദ്ധിച്ചാല്‍ പെണ്‍ഭ്രൂണഹത്യ കുറയും. ശൈശവ വിവാഹങ്ങള്‍ കുറയും. സ്ത്രീധന സമ്പ്രദായം ഇല്ലാതാകും തുല്യ ജോലിക്ക് തുല്യ വേതനം ലഭിക്കുകയും ഓരോ സ്ത്രീയും സാമൂഹികപരമായും വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും സ്വതന്ത്രരാവുകയും ചെയ്താല്‍ അത് നമ്മുടെ എച്ച് ആര് ഡി റാങ്കിംഗ് സമ്പ്രദായത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും ഇത് നമ്മുടെ രാജ്യത്തെ ഒരു പരിഷ്കൃത രാഷ്ട്രമാക്കാന്‍ സഹായിക്കും.
പ്രതികരണം 3
സംവദ വിലാസ്
സംസ്കൃതം ഹയര്‍സെക്കന്‍ഡറി സ്കൂള്‍,മേപ്പയില്‍
വടകര.
1. ആണ് പെണ് വിവേചനമില്ലാതെ ആല്ഫബെറ്റിക് ഓര്‍ഡറിലോ അഡ്മിഷന് നമ്പര്‍ ക്രമത്തിലോ വിളിക്കുന്നതിനുള്ള സ്വാതന്ത്ര്യം അധികാരികളില്‍ നിന്നുണ്ടാവണം.
2. നൂറു ശതമാനം സത്യം.ഇത് ഒരിക്കലും നല്ല പ്രവണതയല്ല. സമത്വം തുടങ്ങേണ്ടുന്നത് ഓരോ കുടുംബത്തില്‍ നിന്നു തന്നെയാണ്.’ കുഞ്ഞുമക്കള്‍ വീടുകളില്‍ നിന്ന് തന്നെ കുഞ്ഞു പ്രായത്തില്‍ തിരിച്ചറിയേണ്ടുന്ന ഒന്നാണ് സമത്വം.ഓരോ ആണ്‍കുട്ടിയും ഇത് തന്റെ ജോലി കൂടിയാണെന്ന് തിരിച്ചറിയുന്നിടത്ത് നിര്‍ദ്ദേശങ്ങളുടെയും അനുസരിക്കലിന്റെയും ആവശ്യം വരില്ല .
3. സ്കൂളുകളില്‍ പ്രകടമായിട്ടുള്ള വേര്‍തിരിവുകള്‍ കാണുന്നത് : ഇരിപ്പിടത്തിലുള്ള വേര്‍തിരിവ്, ഭക്ഷണം കഴിക്കാനിരിക്കുമ്പോഴുള്ള വേര്‍തിരിവ്, ഇടവേള സമയങ്ങളില്‍ ആണ്‍കുട്ടികളെ സ്വതന്ത്ര്യമായ് പുറത്തു പോയ് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുമ്പോഴും പെണ്‍കുട്ടികളെ കോമ്പൗണ്ടിന് വെളിയില്‍ വിടാറില്ല
4. ലിംഗസമത്വത്തിനോട് നീതി പുലര്‍ത്തുന്ന വിഷയങ്ങള്‍ പാഠ പുസ്തകത്തില്‍ കടന്നു വരേണ്ടത് ഈ കാലഘട്ടത്തില്‍ അനിവാര്യമാണ്.
5. ഭാഷാ വിഷയങ്ങളെ സൂക്ഷ്മമായ് നിരീക്ഷിക്കുമ്പോള്‍ പുരുഷ മേല്‍ക്കോയ്മ പ്രകടമായി കാണാം. എഴുത്തുകാരികളുടെ രചനകളേക്കാള്‍ എഴുത്തുകാരന്റെ രചനകളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
6. അത് ചര്‍ച്ച നയിക്കുന്ന അധ്യാപകരുടെ മനോനില അനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. ഒരു കാരണവശാലും സ്ത്രീ വിരുദ്ധ ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല.
7. ഇതു വരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.
8. ശരിയായ വസ്തുതയാണ്. ഇങ്ങനെയുള്ള പദപ്രയോഗങ്ങള്‍ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇത്തരം പദപ്രയോഗങ്ങള്‍ ഉണ്ടാവുന്നത് അധികാരികളുടെ ഭാഗത്ത് നിന്ന് ആവുമ്പോള്‍ പ്രത്യേകിച്ചും.
9. ആഴ്ചയില്‍ ഒരു ദിവമാണ് ജഋഠ പീരിയഡ് അനുവദിച്ചിട്ടുള്ളത്.
ദിവസവും ജഋഠ പീരിയഡ് അര മണിക്കൂറെങ്കിലും കുട്ടികളുടെ കായികവും മാനസികവുമായ ഉല്ലാസത്തിന് ആവശ്യമാണ്. മിക്ക കായിക അധ്യാപകരും കായിക ഉപകരണം ആണ് കുട്ടികള്‍ക്ക് മാത്രം വിതരണം ചെയ്യുകയും പെണ്‍കുട്ടികളെ കായിക വിനോദങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്യുന്നുണ്ട്. കൂടുതല്‍ സമയം ആണ്‍കുട്ടികള്‍ക്ക് അനുവദിക്കുകയും ചെയ്യാറുണ്ട്.
പ്രതികരണം 4
ആദിത്യ അഖിലേഷ്
പെണ്
സംസ്കൃതം ഹയര്‍ സെക്കണ്ടറി സ്കൂള്‍
(സര്‍ക്കാര്‍)
12 ക്ലാസ്
വടകര
നഗരം
1. അല്ല
2. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെ ചെയ്യേണ്ട ഇത്തരം പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും പെണ്‍കുട്ടികള്‍ മാത്രമാണ് ചെയ്ത് വരുന്നത്. ഇത് തീര്‍ച്ചയായും മാറേണ്ട ഒന്നാണ്. ഇത്തരം ജോലികള്‍ പെണ്‍കുട്ടികളും സ്ത്രീകളും മാത്രം ചെയ്യേണ്ടവ ആണെന്ന തെറ്റായ കാര്യം ഇവിടെ ഊട്ടി ഉറപ്പിക്കപ്പെടുകയാണ്. പലപ്പോഴും ആണ് കുട്ടികളോട് ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ നമ്മെ പുച്ഛിക്കുന്ന മറുപടിയാണ് ലഭിക്കാറ്.
3.പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വ്യത്യസ്തങ്ങളായ ഗ്രൗണ്ടുകള്‍ ആണ് അനുവദിക്കാര്‍ ഉള്ളത്. പലപ്പോഴും പെണ്‍കുട്ടികള്‍ക്ക് ചെറുതായിരിക്കും.സ്കൂളുകളില്‍ നിന്ന് ട്രിപ്പ് പോകുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് വാഹനത്തിന് മുന്‍വശത്തും ആണ്‍കുട്ടികള്‍ക്ക് പിറകുവശത്തും സീറ്റുകള്‍ അറേഞ്ച് ചെയ്തിരിക്കും
4. ഉണ്ട്
5. പ്ലസ് വണ്‍ ഇംഗ്ലീഷ് പാഠഭാഗത്തിലെ The Sacred Turtles of Kadavu എന്ന പാഠത്തിലെ രണ്ട് വനിതകള്‍ പുരുഷ അതിക്രമങ്ങള്‍ക്ക് ഇരയായി ആമയായി മാറ്റപ്പെടുന്നു ഉണ്ട്.തെറ്റ് ചെയ്തത് പുരുഷന്മാര് ആണെങ്കിലുംസ്ത്രീകളെയാണ് ദൈവം ആമകകളാക്കി മാറ്റുന്നത്. നമ്മുടെ സമൂഹത്തിലും അതിക്രമങ്ങള്ക്കിരയാകുന്നപ്പെടുന്ന സ്ത്രീ തന്നെയാണ് ഒതുങ്ങേണ്ടവള്‍ എന്ന ഓര്‍മ്മപ്പെടുത്തല്‍ ആണ് നല്‍കുന്നത്.ഇത്തരം പാഠഭാഗങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതാണ്.
6. ഉണ്ട് ,പാചകവും അടുക്കളയും ആയി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ അത് പെണ്‍കുട്ടികള്‍ക്ക് അറിയാമായിരിക്കുംല്ലോ എന്ന ചോദ്യം കേട്ടിട്ടുണ്ട്.സ്ത്രീയെ യും മറ്റു വിഭാഗക്കാരെയും ഉള്‍പ്പെടുത്തുന്ന സമയങ്ങളില്‍ പുരുഷന്മാരെ മാത്രം പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ജെന്‍ഡര്‍ ന്യൂട്രല്‍ ആയ ഭാഷയും പദങ്ങളും ഉപയോഗിക്കാന്‍ നാം പരിശോധിക്കേണ്ടതുണ്ട്.
7. ചെറിയ ക്ലാസുകളില്‍ വീടിന് പ്രതിപാദിക്കുന്ന ചിത്രങ്ങളെല്ലാം അമ്മ അടുക്കളയില്‍ ജോലി ചെയ്യുകയും അച്ഛന് ഉമ്മറത്തിരുന്ന് കാപ്പി കുടിക്കുകയോ പത്രം ആയിട്ട് ചിത്രീകരിക്കാറുണ്ട്
8. ആണിനും പെണ്ണിനും മാത്രമാണ് ഈ ലോകം എന്ന ഉറപ്പിക്കുന്നതാണ് നമ്മുടെ പ്രതിജ്ഞാ വാചകം പോലും ‘അഹഹ കിറശമിെ മൃല ാ്യ യൃീവേലൃെ മിറ ടശലെേൃ’െ. നമ്മുടെ ചിന്തയിലും മനോഭാവത്തിലും നമ്മള് ഉപയോഗിക്കുന്ന ഭാഷയില്‍ പോലും മാറ്റങ്ങള്‍ ഉണ്ടാവേണ്ടതാണ്.എങ്കില്‍ മാത്രമേ ലിംഗ സമത്വം എന്ന മഹത്തായ ആശയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ.
9.ചെറിയ ക്ലാസുകളില്‍ ആഴ്ചയില്‍ പല ദിവസങ്ങളിലും ഉണ്ടായിട്ടുണ്ടെങ്കിലും പിന്നീട് അത് ആഴ്ചയില്‍ രണ്ട് എന്ന കണക്കിനായി മാറി.ആണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന കളിയ്ക്കാനുള്ള അവസരങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ലഭിക്കാറില്ല.
10. എല്ലാ ലിംഗക്കാരെയും ഒരേ പോലെ കണക്കാക്കുന്ന ഭാഷ ഉപയോഗിച്ചു കൊണ്ടുള്ള പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്.സ്ത്രീകളെ അടിച്ചമര്‍ത്തുന്ന തരത്തിലുള്ള ചിത്രീകരങ്ങളും പാഠഭാഗങ്ങളും ഒഴിവാക്കേണ്ടതാണ്.നമ്മുടെ ചിന്തയിലും മനോഭാവത്തിലും മാറ്റങ്ങള്‍ ഉണ്ടായാല്‍ നമുക്ക് ഈ സമൂഹത്തിലും വലിയ മാറ്റമുണ്ടാക്കാം.
പ്രതികരണം 5
ദ്യോതക് .എം.ജെ.
ആണ് ജി.എച്ച്.എസ്.എസ് . വടകര*
സര്‍ക്കാര്‍
പ്ലസ് വണ്‍ , ഹ്യൂമാനിറ്റീസ്
നഗരം
1.: അല്ല, അക്ഷരമാലാക്രമത്തില്‍ ആണ് ഞങ്ങളുടെ ക്ലാസിലെ ഹാജര്‍ പട്ടിക. ഹാജര്‍ പട്ടികയില്‍ ലിംഗവിവേചനം ആവശ്യമില്ല. അക്ഷരമാലാക്രമത്തില്‍ അഡ്മിഷന് നേടിയതിന് ക്രമത്തില്‍ തുടരുന്നതാണ് നല്ലത്.
2. ഞങ്ങളുടെ സ്കൂളില്‍ ഇങ്ങനെ അല്ല. എന്റെ അഭിപ്രായത്തില്‍ ആണ് പെണ് വ്യത്യാസം സ്കൂള്‍ പ്രവര്‍ത്തനത്തില്‍ നല്ലതല്ല. ഞങ്ങളുടെ ക്ലാസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവാറുണ്ട്. ഇവിടെ ഞാനുള്ള പെടെയുള്ള ആണ്‍കുട്ടികള്‍ ബെഞ്ച് പിടിക്കലും അടിച്ചുവാരലും ചെയ്യാറുണ്ട്. അതുപോലെ പെണ്‍കുട്ടികളും. ഇതുപോലെ സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനത്തില്‍ ആണ് പെണ് വ്യത്യാസമില്ലാതെ എല്ലാവരും പങ്കാളികളാവണം.
3. സ്കൂള്‍ അസംബ്ലിയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വേറെവേറെ വരികളിലാണ് ആണ് .അതുപോലെ പരീക്ഷാഹാളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇതേ വേര്തിരിവിലാണ് ഇരിക്കാറ്.
4. ഇല്ല.
5. കൃത്യമായി ലിംഗവിവേചനം സൂചിപ്പിക്കുന്ന പാഠഭാഗങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.എങ്കിലും വിഷയാവതരണങ്ങള്ക്കിടയിലും ലിംഗ വിവേചനത്തെ കുറിച്ചും ലിംഗ സമത്വത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നടക്കാറുണ്ട് . അതുപോലെ സാഹിത്യ ലോകത്ത് ഒട്ടേറെ പ്രതിഭകളായ വനിതാ എഴുത്തുകാര്‍ ഉണ്ടായിട്ടും. പത്താം ക്ലാസിലെ കേരളപാഠാവലി, അടിസ്ഥാനപാഠാവലി പരിശോധിച്ചാല്‍ ലളിതാംബിക അന്തര്‍ജന ത്തിന്റെ ഒരു രചന ഒഴിച്ച് ബാക്കി മുഴുവനും പുരുഷ എഴുത്തുകാരുടെ രചനകളാണ്. ഇവിടെ എനിക്ക് തോന്നുന്നത് സാഹിത്യ ലോകത്തെ വനിതാ പ്രതിഭകളുടെ രചനയിലൂടെ വരുന്ന ആശയങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കാന്‍ ശ്രമിച്ചില്ല എന്നതാണ്. അതുപോലെ ഗണിത പാഠഭാഗങ്ങളിലെ വേതന കണക്കുകളില്‍ പുരുഷന്മാരുടെ വേതന ത്തേക്കാള്‍ സ്ത്രീകളുടെ വേതനം കുറവാണ് കാണിക്കുന്നത് . ഒരേ ജോലിക്ക് ഒരേ കൂലി എന്ന ആശയം ഇവിടെ നഷ്ടപ്പെടുന്നു.
6. അതെ. ഇത്തരമൊരു അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല. ക്ലാസിലും സ്കൂളിലും ടീച്ചേഴ്സും കുട്ടികളും സൗഹാര്‍ദ്ദപരമായാണ് ഇടപെടാറ്.
7. ഇല്ല. പാഠാവതരണത്തില്‍ സാന്ദര്‍ഭികമായി പണ്ടുകാലത്ത് ഉണ്ടായ ലിങ്ക് വിവേചനത്തെ പറ്റി അധ്യാപകര്‍ ചിലപ്പോഴൊക്കെ പരാമര്‍ശിക്കാറുണ്ട്. ഇന്നത്തെ കാലത്തെ കുറിച്ച് താരതമ്യം ചെയ്തും അധ്യാപകര്‍ പറയാറുണ്ട്. ഇന്നത്തെ കാലത്തെ എല്ലാമേഖലയിലും പുരുഷനും സ്ത്രീയും പല ഉദാഹരണങ്ങള്‍ സൂചിപ്പിച്ച അധ്യാപകര്‍ പറയാറുണ്ട്.
8. ഇതുപോലുള്ള അവന് അവള് എന്നുള്ള പ്രയോഗം മാറ്റി പൊതുവായ ഒരു ഉപയോഗം കൊണ്ടുവരുക. ഉദാഹരണത്തിന് ആധാര്‍ നമ്മുടെ അവകാശമാണ്.
9. അതെ. രണ്ടോ, മൂന്നോ കളികളിലൂടെ. പി.ഇ.ടി പീരിയഡില്‍ കളിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് അവസരം ലഭിക്കാറില്ല. പാഠ്യപദ്ധതികളിലും പാഠപുസ്തകങ്ങളിലും ലിംഗ സമത്വത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും ആശയങ്ങളും ഉണ്ടായാല്‍ മാത്രമേ പിന്നീട് ക്ലാസ്സുകളിലേക്കും സ്കൂളിലും സമൂഹത്തിലേക്കും ലിംഗസമത്വം പ്രാവര്‍ത്തികമാക്കുകയുള്ളൂ. ഹാജര്‍ പട്ടികയില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പേരുകള്‍ ഇടകലര്‍ത്തി ഒരുമിച്ച് എഴുതുക. ക്ലാസ്സ് റൂമില്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുക പാഠ്യപദ്ധതിയില്‍ ലിംഗസമത്വത്തെക്കുറിച്ച് ഊന്നല്‍ നല്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തുകയും അത് കുട്ടികളില്‍ എത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യുക .
നാളെയിലേക്കുള്ള താക്കോലുകളാണ് കുട്ടികള്‍. അവരുടെ ചിന്തകളാണ് പുതിയ ലോകത്തിന്റെ ഇന്ധനം. അതു കൊണ്ടു തന്നെ ഏറെ ഉത്തരവാദിത്തത്തോടും വളരെ സൂക്ഷ്മതയോടും കൂടിയാണ് അവരുടെ ഉത്തരങ്ങള്‍ വിശകലനം ചെയ്തത്. വിരല്‍ത്തുമ്പില്‍ വിജ്ഞാനവുമായാണല്ലോ ഇന്നത്തെ കുട്ടികള്‍ പിറന്നു വീഴുന്നത് തന്നെ. സാങ്കേതിക വിദ്യയുടെയും ആധുനിക സൗകര്യങ്ങളുടേയും മടിത്തട്ടില്‍ നിന്നാണവര്‍ വളര്‍ന്നു വരുന്നത്. (അപ്പൂപ്പന് അന്‍പത് കിലോമീറ്റര്‍ നടന്ന് സ്കൂളില്‍ പോയ കാര്യം ‘ആമയും മുയലും’ കഥ പോലെയവര്‍ ആസ്വദിച്ചേക്കും.) പുതിയ കുട്ടികള്‍ക്ക് സ്വതന്ത്രമായ കാഴ്ചപ്പാടുകളുണ്ട്. അവരുടേതായ ചിന്താഗതികളുണ്ട്. സ്ഥലപരിമിതി കാരണം മറ്റ് കുട്ടികള്‍ നല്കിയ ഉത്തരങ്ങള്‍ വിശകലനം ചെയ്ത് ചുവടെ കൊടുക്കുന്നു.
വിശകലനം
1. വിദ്യാലയങ്ങളിലെ ഹാജര്‍ പുസ്തകത്തിന്റെ കാര്യത്തില്‍,75 ശതമാനം വരെയുള്ള കുട്ടികളും പറയുന്നത്, തങ്ങളുടെ സ്കൂളുകളില്‍ , ആണ്‍കുട്ടികളുടെ പേരുകള്‍ തന്നെയാണ് ആദ്യം വിളിക്കുന്നത് എന്നാണ് . പെണ്‍കുട്ടികളുടെ പേരുകള്‍ പിന്നീടും. അക്ഷരമാലാക്രമത്തിലോ അഡ്മിഷന് നമ്പര്‍ ക്രമത്തിലോ ആകണം പേരുകള്‍ രേഖപ്പെടുത്തേണ്ടത് എന്നാണ് 100 ശതമാനം കുട്ടികളും ഒരേസ്വരത്തില്‍ ആവശ്യപ്പെടുന്നത്.
2. ക്ലാസ്റൂം ശുചിയാക്കുന്ന കാര്യത്തില്‍ 70 ശതമാനം കുട്ടികളുടേയും അഭിപ്രായം, ആണ്‍കുട്ടികള്‍ ചൂല് കൈ കൊണ്ട് തൊടുന്നത് തന്നെ കുറച്ചില് ആയാണ് കരുതുന്നത് എന്നാണ്. പലപ്പോഴും അധ്യാപകരും ആണ്‍കുട്ടികളുടെ ഈയൊരു മനോഭാവത്തെ തിരുത്താന്‍ തയ്യാറാവില്ല എന്നത് മറ്റൊരു വസ്തുതയാണ്. 30% സ്കൂളുകളില്‍ എങ്കിലും സ്ഥിതി ആശാവഹമാണ്. അവിടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തങ്ങളുടെ ജോലികള്‍ തുല്യമായി പങ്കിട്ട് ചെയ്യുന്നു.
3. ആണ്‍പെണ്‍ വിവേചനത്തെ കുറിച്ചുള്ള ചോദ്യത്തിന് ഏതാണ്ട് എല്ലാ കുട്ടികളും പ്രതികരിച്ചിട്ടുണ്ട്. കുട്ടികള്‍, അവര്‍ വിവേചനം നേരിട്ട സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും അനുഭവങ്ങളും പങ്കുവച്ചു. ആണ്‍കുട്ടികള്‍ വികൃതി കാണിച്ചാല്‍ ,ശിക്ഷ കൊടുക്കുന്നത് പോലെ, പെണ്‍കുട്ടികളുടെ അടുത്തിരുത്തും എന്നു പറയുന്നത്, ടൂര്‍ പോകുമ്പോള്‍. പെണ്‍കുട്ടികളെ മുന്‍പിലും ആണ്‍കുട്ടികളെ പുറകിലും ആയി ഇരുത്തുന്നത്. ഇടകലര്‍ന്നിരിക്കുമ്പോള്‍, സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെടുമ്പോള്‍ അധ്യാപകര്‍ വിലക്കുന്നത്. ഇങ്ങനെ പല സന്ദര്‍ഭങ്ങളും കുട്ടികള്‍ ചൂണ്ടിക്കാട്ടുകയുണ്ടായി
4. വ്യത്യസ്തമായി ചിന്തിക്കുന്ന നല്ലൊരു ശതമാനം കുട്ടികള്‍ പാഠഭാഗങ്ങളിലെ വിവേചനങ്ങളെക്കുറിച്ച് വളരെ ക്രിയാത്മകമായി തന്നെ പ്രതികരിച്ചു .പല വിഷയങ്ങളിലെയും അത്തരം പാഠഭാഗങ്ങള്‍ ചൂണ്ടിക്കാണിക്കുകയും അവ ഭാവിയില്‍ വരുത്താവുന്ന പ്രശ്നങ്ങളെ കുറിച്ച് ആശങ്കപ്പെടുകയും ചെയ്യുന്നുണ്ട് അവര്‍. ഇത്തരം പാഠഭാഗങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതാണ് എന്നൊരു അഭിപ്രായവും കുട്ടികള്‍ പങ്കിട്ടു..
5. കൂടുതലും ഭാഷാ പാഠപുസ്തകങ്ങളെ മുന്‍നിര്‍ത്തിയാണ് കുട്ടികള്‍ പ്രതികരിച്ചത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ പുസ്തകങ്ങളില്‍ പല പാഠഭാഗങ്ങളും എങ്ങനെയാണ് സ്ത്രീകളെ രണ്ടാംകിടയായി തന്നെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് എന്നതിനുള്ള വ്യക്തമായ ഉദാഹരണങ്ങള്‍ കുട്ടികള്‍ ചൂണ്ടിക്കാണിക്കുകയും അവ കാലോചിതമല്ല എന്ന് തിരിച്ചറിയുകയും ചെയ്യുന്നുണ്ട്.
6. 60 ശതമാനം വരെയുള്ള കുട്ടികള്‍ ക്ലാസ്സ്റൂം ഭാഷയില്‍ ലിംഗവിവേചനം കടന്നുവരാറുണ്ട് എന്ന് തന്നെ അഭിപ്രായപ്പെടുന്നു.
7. 100 ശതമാനം കുട്ടികളും, പാഠപുസ്തകങ്ങളില്‍ വീട് ചിത്രീകരിക്കുന്ന അവസരങ്ങളില്‍, ലിംഗവിവേചനം കടന്നുവരുന്നുണ്ട് എന്ന് തന്നെയാണ് അഭിപ്രായപ്പെടുന്നത്.. അച്ഛന് പത്രം വായിക്കുന്നതും അമ്മ അടുക്കളയില്‍ നില്ക്കുന്നതുമായ ചിത്രങ്ങള്‍ പല കുട്ടികളും ഉദാഹരണമായി ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.
8. പുരുഷകേന്ദ്രീകൃതമായ ധാരാളം പരാമര്‍ശങ്ങള്‍ ഭാഷയിലും പ്രയോഗത്തിലും ഉള്ളതായി കുട്ടികള്‍ കണ്ടെത്തിയിട്ടുണ്ട്. ചരിത്രത്തിലും ശാസ്ത്രത്തിലും ആണ് അത്തരം പ്രയോഗങ്ങള്‍ ധാരാളമായുള്ളത് എന്നും കുട്ടികള്‍ തിരിച്ചറിയുന്നു. ഇത്തരം പ്രയോഗങ്ങള്‍ക്ക് പകരം ജന്റര്‍ ന്യൂട്രല്‍ ആയ ഒരു പൊതു ഭാഷയാണ് വേണ്ടതെന്ന് കുട്ടികള്‍ ഏക സ്വരത്തില്‍ ആവശ്യപ്പെടുന്ന ഒരു അനുഭവമാണ് ഈ ചോദ്യത്തിന് പ്രതികരണമായി ലഭിച്ചത്.
9. വളരെ പ്രസക്തമായ ഈ ചോദ്യത്തോട് 95 ശതമാനം വരെയുള്ള കുട്ടികളുടെയും ഉത്തരം ഒന്ന് തന്നെയാണ്. പി.ഇ.ടി. പിരീഡുകള്‍ ഉണ്ടോ എന്ന് തന്നെ അവര്‍ക്ക് അറിയില്ല. ഉണ്ടെങ്കില്‍ എത്രയാണെന്ന ബോധ്യവും ഇല്ല. ആഴ്ചയില്‍ ഒരു പി.ഇ.ടി. പീരീഡ് പോലും ലഭിക്കാത്ത അനുഭവമാണ് കുട്ടികള്‍ക്ക് . ഇനി അഥവാ എപ്പോഴെങ്കിലും ഗ്രൗണ്ടില്‍ ഇറങ്ങാന്‍ അവസരം കിട്ടിയാലോ, ഗ്രൗണ്ട് ആണ്ഇടങ്ങളുടേതായി മാത്രം മാറ്റപ്പെടുന്നു. പെണ്‍കുട്ടികള്‍ ആ സമയം ക്ലാസ് റൂമില്‍ ഇരുന്ന് വര്‍ത്തമാനം പറയാന്‍ ആണ് ഉപയോഗിക്കുന്നത് അതുകൊണ്ടുതന്നെ അവര്‍ക്ക് ഈ പി.ഇ.ടി. പീരീഡുകള്‍ പ്രയോജനപ്പെടുകയും ഇല്ല.
10. ലിംഗവിവേചനം തൊട്ടുതീണ്ടാത്ത, സമത്വ ബോധത്തോടുകൂടി മാത്രം സമീപിക്കുന്ന ഒരു സ്കൂള്‍ അന്തരീക്ഷമാണ് ഒരു വീട് അന്തരീക്ഷമാണ് കുട്ടികള്‍ക്ക് വേണ്ടത്. സമത്വസുന്ദരമായ ഒരു ഭാവിലോകത്തെയാണ് കുട്ടികള്‍ സ്വപ്നം കാണുന്നത്.
നിഗമനങ്ങള്‍
ഹാജര്‍ പുസ്തകത്തില്‍ അക്ഷരമാലാക്രമത്തില്‍ ആണ് കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തി തന്നെ പേര് എഴുതണം എന്ന കോടതി വിധി ഉണ്ടായിരിക്കെ തന്നെ 80 ശതമാനത്തോളം സ്കൂളുകളിലും ആണ്‍കുട്ടികളുടെ പേരുകള്‍ ആദ്യം എഴുതുന്നുണ്ടെങ്കില്‍ അത് തികഞ്ഞ കോടതിയലക്ഷ്യവും സ്ത്രീവിരുദ്ധതയും തന്നെയല്ലേ? ക്ലാസ് റൂം ശുചിയാക്കുന്ന സമയത്ത് ചൂല് തൊടുന്നതും അടിച്ചു വാരുന്നതുമെല്ലാം ആണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം കുറച്ചിലാണ്. അടിച്ചുവാരല്‍ പോലെ സമൂഹം രണ്ടാം കിടയെന്ന് മുദ്ര കുത്തിയ പണികളെല്ലാം സ്ത്രീകളുടെ മാത്രം ചുമതലയാണ് എന്ന ചിന്ത വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും കുട്ടിയ്ക്ക് കിട്ടിയ അനുഭവങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്. ഇത്തരം ചിന്തകള്‍ ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു വിഭാഗം അധ്യാപകരുടെ ഭാഗത്ത് നിന്ന് തന്നെ ഉണ്ടാകുന്നുവെങ്കില്‍ എവിടെ നിന്നായിരിക്കണം മാറ്റം തുടങ്ങേണ്ടത്…?
പാഠപുസ്തകങ്ങളില്‍ നിന്നും പാഠ്യപദ്ധതിയില്‍ നിന്നും തന്നെ ആരംഭിക്കേണ്ടതുണ്ട് സമത്വചിന്ത. സ്ത്രീ ബഹുമാനിക്കപ്പെടേണ്ടവളാണെന്ന് പുരുഷനും പുരുഷനേക്കാള്‍ ഒട്ടും താഴെയല്ല താനെന്ന് സ്ത്രീയും തിരിച്ചറിയപ്പെടണമെങ്കില്‍ നമ്മുടെ പാഠപുസ്തകങ്ങളും അധ്യാപകര്‍ ഉപയോഗിക്കുന്ന ഭാഷയും സ്ത്രീ സൗഹാര്ദ്ദമാവേണ്ടതുണ്ട്. വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കിയ സ്ത്രീകളുടെ അനുഭവങ്ങളും സ്ത്രീകളായ എഴുത്തുകാരുടെ രചനകളും ഉള്‍പ്പെടുത്തുന്നത് പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാകുന്നതില്‍ തര്‍ക്കമില്ലാത്തതാണ്. സ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കുന്ന പാഠഭാഗങ്ങളും ചിത്രങ്ങളും വീഡിയോകളും മറ്റും പാഠപുസ്തക ഉള്ളടക്കത്തില്‍ നിന്നും ഒഴിവാക്കുക എന്നതും അത്രമേല്‍ പ്രധാനമാണ്.
Sound mind in a sound body എന്നല്ലേ .ആരോഗ്യമുള്ള ഒരു ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. കുട്ടികളുടെ (ആണ്‍കുട്ടികളുടേത് മാത്രമല്ല ) സര്വ്വതോന്മുഖമായ വളര്‍ച്ചക്ക് കായിക പരിശീലന ക്ലാസുകള്‍ അത്യന്താപേക്ഷിതമാണെന്ന് പഠനങ്ങള്‍ തന്നെ സൂചിപ്പിക്കുന്നു. കളിസ്ഥലവും കായികപരിശീലനവും പെണ്‍കുട്ടികളുടെ കൂടി അവകാശമാണെന്നിരിക്കെ അവരെ ഇതില്‍നിന്നെല്ലാം മാറ്റി നിര്‍ത്തുന്ന പ്രവണത അവസാനിപ്പിക്കേണ്ടതാണ് എന്ന ബോധം നമുക്ക് ഉണ്ടാവേണ്ടതാണ്. അച്ചടിക്കപ്പെട്ട അക്ഷരങ്ങളില്‍ മാത്രമല്ല; സമൂഹത്തിലെ സമസ്ത തലങ്ങളിലും ആണ്‍പെണ്‍ തുല്യത നടപ്പിലാകണം. അറിവിന്റെ ആദ്യപാഠങ്ങള്‍ക്കൊപ്പം സമത്വമെന്ന മഹത്തായ ആശയവും ഒരോ കുട്ടിയുടെയും ഉപബോധ മനസ്സിലേക്ക് എത്തിപ്പെടേണ്ടതുണ്ട്. വിദ്യാഭ്യാസം എന്നത് സ്വന്തം പ്രവൃത്തി മണ്ഡലമായോ, അല്ലെങ്കില്‍ ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മ മേഖലയായോ കരുതുന്ന ഒരു വലിയ വിഭാഗം ആളുകളെ ഉള്‍ക്കൊള്ളുന്ന ഒരു സംസ്ഥാനമാണ് നമ്മുടേത്. ‘പാവങ്ങള്‍’ എന്ന കൃതിയില്‍ വിക്ടര്‍ ഹ്യൂഗോ ഇപ്രകാരം പറയുന്നു; ‘സ്ത്രീകളോടും കുട്ടികളോടും ഒരു സമൂഹം എങ്ങനെ പെരുമാറുന്നു എന്നതാണ് അവിടത്തെ സംസ്കാരത്തിന്റെ മാനദണ്ഡം’ എന്ന്. പാരമ്പര്യത്തിന്റെ ഇനിയും ചലിക്കാത്ത കെട്ടുവള്ളങ്ങളില്‍ കുടുങ്ങി കിടക്കാനല്ല; അതിരില്ലാത്ത ആകാശത്തിന്റെ അതിവിശാലതയിലേക്ക് ചിറകുവീശി പറക്കാനാണ് പുതിയ തലമുറ ആഗ്രഹിക്കുന്നത്.
ദീപ ചിത്രാലയം
എച്ച്.എസ്.എസ്.ടി. കെമിസ്ട്രി
ജി.എച്ച്.എസ്.എസ്. പുത്തൂര്‍ സ്റ്റേറ്റ് റിസോഴ്സ് പേര്‍സണ്‍ – കരിയര്‍ ഗൈഡന്‍സ് & അഡോളസന്റ് കൗണ്‍സിലിംഗ് സെല്‍
അനീഷ ജറാള്‍ഡ്
കരമന ഗവ: ഹയര്‍ സെക്കന്ററി സ്കൂളിലെ
മലയാളം അധ്യാപിക
COMMENTS