വനിതാ കമ്മീഷന്‍ അധ്യക്ഷ കേരളത്തില്‍ ലൈംഗികവിദ്യാഭ്യാസം അത്യാവശ്യമാണെന്ന് പറഞ്ഞത് മുതല്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. വിദ്യാഭ്യാസത്തിന്‍റെയും ലോകപരിചയത്തിന്‍റെയും പേരില്‍ അഹങ്കരിക്കുന്ന മലയാളി ഈ വിഷയത്തില്‍ എടുക്കുന്ന നിലപാടാകട്ടെ, തീര്‍ത്തും വൈരുധ്യങ്ങള്‍ നിറഞ്ഞതാണ്.
ലൈംഗികവിദ്യാഭ്യാസമെന്നാല്‍ എന്തോ മോശമായ കാര്യം എന്ന ധാരണയാവാം, ഈ വാര്‍ത്ത വന്ന ഓണ്‍ലൈന്‍ പോസ്റ്റുകള്‍ക്ക് കീഴില്‍ മുഴുവന്‍ അത്രയേറെ ആഭാസകരമായ കമന്‍റുകളും ചര്‍ച്ചകളുമായിരുന്നു നടന്നത്. എന്താണ് ലൈംഗികവിദ്യാഭ്യാസം എന്നും അതിന്‍റെ ആവശ്യകത എന്താണെന്നും സമൂഹം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന കമന്‍റുകള്‍ തന്നെ!.
ലൈംഗികവിദ്യാഭ്യാസം ഒരു മനുഷ്യന്‍ ജനിക്കുമ്പോള്‍ മുതല്‍ മരിക്കുന്നത് വരെ വിവിധ ഘട്ടങ്ങളിലായി അവശ്യഘടകമായ ഒന്നാണ്. തന്‍റെ ശരീരം തനിക്കു സ്വന്തമാണ് എന്നും അതിലെ ഓരോ അവയവങ്ങളുടെ ശരിയായ പേരും, അതറിയേണ്ടതിന്‍റെ പ്രാധാന്യവും ‘വേണ്ട’ എന്ന് പറയുന്നതിന്‍റെ ആവശ്യവും മനുഷ്യന്‍റെ ലൈംഗികവ്യവസ്ഥ എന്താണെന്നും എങ്ങനെ പ്രവര്ത്തിക്കുന്നുവെന്നുമെല്ലാം ഇതില്‍ ഉള്‍ക്കൊള്ളുന്നു. ഇത് കൂടാതെ കുടുംബം, ബന്ധങ്ങള്‍, സൗഹൃദം, പ്രണയം, ചര്‍ച്ചകള്‍, തീരുമാനങ്ങള്‍, അഭിപ്രായം പറയല്‍ എന്നിങ്ങനെ ഒരുപാട് വിഷയങ്ങള്‍ സമഗ്ര ലൈംഗികതാ വിദ്യാഭ്യാസത്തിന്‍റെ ഭാഗമാണ്.
ഇത്രയൊക്കെ ഉപയോഗപ്രദമായ കാര്യങ്ങള്‍ എങ്കില്‍ എന്തിനാണ് ലൈംഗിക വിദ്യാഭ്യാസം ഇത്രയേറെ എതിര്‍ക്കപ്പെടുന്നത്? ലൈംഗികത എന്നാല്‍ എന്തോ നിഗൂഡമായ കാര്യമാണ് എന്നും അശ്ലീലമാണ് എന്നുമുള്ള ചിന്തയുമാവാം ഇതിനു കാരണം. ഇതോടൊപ്പം തന്നെ, കൃത്യമായ രീതിയില്‍ ഈ വിഷയങ്ങളുടെ അടിത്തറയെക്കുറിച്ച് ധാരണ ഇല്ലാത്തതും, കുട്ടികളെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ പഠിപ്പിക്കുന്നതാണോ എന്ന തെറ്റായ ആശങ്കയും ഇവിടെയുണ്ടാവാം.
ഇതിന്‍റെയെല്ലാം ഭവിഷ്യത്തുകള്‍ സമൂഹം അനുഭവിക്കേണ്ടി വരുന്നത് പലരൂപത്തിലാണ്. കുടുംബത്തില്‍ നിന്നു തുടങ്ങുന്ന ആണ്‍പെണ്‍ വേര്‍തിരിവുകളിലും, പ്രണയം നിരസിക്കുമ്പോഴുള്ള അതിക്രമങ്ങളിലും, ട്രാന്‍സ്ജെണ്ടര്‍ സമൂഹം നേരിടുന്ന ദുരനുഭവങ്ങളിലുമൊക്കെയായി ഇത് ചുറ്റിലും നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാമുള്ള ഉത്തരമാണ് പ്രായാനുസൃതമായി നല്‍കപ്പെടുന്ന ശരിയായ രീതിയിലുള്ള ലൈംഗികവിദ്യാഭ്യാസം.
ജനിച്ചയുടന്‍ കുഞ്ഞിന് സ്വന്തം ശരീരം എന്ന ബോധ്യം നല്‍കിത്തുടങ്ങുന്ന രക്ഷിതാവില്‍ നിന്നും തുടങ്ങുന്ന ഒന്നാണ് ലൈംഗികവിദ്യാഭ്യാസം. മൂല്യങ്ങള്‍, ബന്ധങ്ങള്‍, ശരീരം, സ്വകാര്യത, തീരുമാനങ്ങള്‍ എന്ന് തുടങ്ങി ലൈംഗികതയുമായി ബന്ധപ്പെട്ട ഭൂരിപക്ഷം വിഷയങ്ങളിലും ആദ്യഗുരു രക്ഷിതാക്കള്‍ തന്നെയാണ്. സ്കൂളില്‍ എത്തുന്ന കുട്ടികള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കേണ്ട ചുമതല അധ്യാപകര്‍ക്കുമുണ്ട്. സങ്കടകരമായ കാര്യം, പ്രാഥമികക്ലാസുകളിലെല്ലാം തന്നെ ശരീരാവയവങ്ങള്‍ പഠിപ്പിക്കുന്ന പാഠങ്ങളില്‍ ലൈംഗികാവയവങ്ങളുടെ പേരുകള്‍ സൗകര്യപൂര്‍വ്വം ഒഴിവാക്കിയിരിക്കുന്നു എന്നതാണ്. ഇതിനു പുറമേ ഭഗമോ ലിംഗമോ അല്ലെങ്കില്‍ ഈ അവയവങ്ങളെയോ ലൈംഗികവ്യവസ്ഥയെയോ സംബന്ധിക്കുന്ന ഏതു ചോദ്യത്തിനും ഉത്തരം മിക്കപ്പോഴും അവ്യക്തമായിരിക്കും. അതല്ലെങ്കില്‍ ഒരു ശാസനയിലോ പരിഹാസത്തിലോ ഒതുങ്ങും. ചോദ്യത്തിനു ഉത്തരം ലഭിക്കാത്ത കുട്ടി സ്വാഭാവികമായും ആ ഉത്തരങ്ങള്‍ തേടി മറ്റു സ്രോതസ്സുകളില്‍ ചെന്നേക്കാം. ചിലപ്പോള്‍ അവിടെ അപകടങ്ങള്‍ പതിയിരിക്കുന്നുമുണ്ടാകാം. ഇവിടെയാണ് ലൈംഗികവിദ്യാഭ്യാസം എപ്പോള്‍, എങ്ങനെ തുടങ്ങാം എന്ന ചോദ്യം പ്രസക്തമാകുന്നത്.
വീടുകളില്‍ ലൈംഗികവിദ്യാഭ്യാസം തുടങ്ങേണ്ടത് കുഞ്ഞ് ജനിച്ച ഉടന്‍ തന്നെയാണ്. ഇത്തിരികുഞ്ഞിനോടും രക്ഷിതാക്കള്‍ക്ക് കുഞ്ഞിന്‍റെ അവയവങ്ങളുടെ ശരിയായ പേരും ആര്‍ക്കൊക്കെ കുഞ്ഞിനെ തൊടാം എവിടെയൊക്കെ തൊടാം എന്നുമെല്ലാം പറഞ്ഞു തുടങ്ങാം. സംസാരിച്ചു തുടങ്ങിയ കുട്ടിയോട് ഇത് കുറച്ചു കൂടി വിശദമായി പറഞ്ഞു കൊടുക്കണം. എങ്ങനെ നോ പറയണം എന്നതും സ്വകാര്യതയെ പറ്റിയുമെല്ലാം ഉള്ള വിശദീകരണങ്ങള്‍ ഈ പ്രായത്തില്‍ ആകാം.
സ്കൂളില്‍ ഏറ്റവും ചെറിയ ക്ലാസില്‍ തന്നെ കണ്‍സെന്‍റും സേഫ് ആയ ടച്ചും അല്ലാത്ത സ്പര്‍ശവും എല്ലാം പറഞ്ഞു കൊടുക്കണം. പാഠപുസ്തകങ്ങളില്‍ ഈ വിഷയങ്ങള്‍ ചര്ച്ചയാകണം. ഓരോ വര്‍ഷത്തെ പാഠപുസ്തകത്തിലും പ്രായത്തിന് അനുസരിച്ച് അവര്‍ക്കുണ്ടാകാവുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ ഉണ്ടാവണം. ഇതേ സംബന്ധിക്കുന്ന സാഹിത്യരചനകളും ശാസ്ത്രരചനകളും എല്ലാം ഇതില്‍ ഉള്‍ക്കൊള്ളണം.
മറ്റൊരു കാര്യം ചര്‍ച്ചയാകേണ്ടത്, ഇപ്പോഴുള്ള പുസ്തകങ്ങളും അവയിലെ ഉള്ളടക്കവും മതിയോ എന്നതാണ്. പോരാ എന്നത് തന്നെയാണ് ഉത്തരം. കുട്ടി കൗമാരം എത്തിയതിനു ശേഷം ജീവശാസ്ത്രപുസ്തകത്തില്‍ ഒരു പാഠത്തിലെ ഇത്തിരിവാക്കുകള്‍ മാത്രമായിട്ടല്ല ലൈംഗികത ചര്‍ച്ചയാകേണ്ടത്. ലൈംഗിക പ്രത്യുല്പാദന വ്യവസ്ഥയെയോ പീഡനങ്ങള്‍ തടയുന്നതിനെ കുറിച്ചോ മറ്റോ രണ്ടു വാക്ക് പഠിപ്പിച്ചു മിണ്ടാതിരിക്കല്‍ അല്ല ലൈംഗിക വിദ്യാഭ്യാസം. അത് പോലും ഇത് ചര്‍ച്ചയാകാറില്ല, പകരം ‘വീട്ടില്‍ പോയി വായിച്ചോളൂ’ എന്ന് പറഞ്ഞു വിടുകയാണ് പതിവെന്നത് മറ്റൊരു ദുഃഖസത്യം. അങ്ങനെ അല്ലാത്ത അധ്യാപകര്‍ ഇല്ലെന്നല്ല, വിരളമാണ് എന്നാണ്. വിവിധ ജെന്‍ഡര്‍, അവയുടെ പ്രാധാന്യം, ലൈംഗികവ്യവസ്ഥയുടെ ഘടനയും പ്രവര്‍ത്തനവും, ബന്ധങ്ങള്‍, കുടുബം, മൂല്യങ്ങളും ആദര്‍ശങ്ങളും അവക്ക് ജീവിതത്തില്‍ ഉള്ള പ്രാധാന്യവും, അനുമതി നല്‍കല്‍, ലൈംഗിക അതിക്രമങ്ങള്‍, അവ തടയാനുള്ള വഴികള്‍, അതിരുകള്‍ എന്ന് തുടങ്ങി ഏറെ കാര്യങ്ങള്‍ ഇവിടെ ഉള്‍ക്കൊള്ളേണ്ടതായുണ്ട്.
ഇതോടൊപ്പം, ഈ വിഷയം പഠിപ്പിക്കാനുള്ള പ്രത്യേക പരിശീലനം അധ്യാപകര്‍ അടക്കമുള്ള ട്രെയിനര്‍മാര്‍ക്ക് നല്‍കേണ്ടതായിട്ടുണ്ട്. ഓരോരുത്തരുടെയും ചിന്താഗതികള്‍ അല്ല, മറിച്ച് ഒരു സിലബസില്‍ ഉള്‍ക്കൊള്ളുന്ന കൃത്യമായ കാര്യങ്ങള്‍ ആവണം ഈ പാഠങ്ങളിലൂടെ കുഞ്ഞുങ്ങളില്‍ എത്തേണ്ടത്.
സമയാസമയം ഈ വിഷയങ്ങള്‍ ആവര്‍ത്തിച്ച് കുട്ടികളുടെ മനസ്സില്‍ ഈ പോയിന്‍റുകള്‍ ഊട്ടിയുറപ്പിക്കാന്‍ അധ്യാപകരെ കൊണ്ട് സാധിക്കണം. കുട്ടികള്‍ വിശ്വസിക്കുന്ന മുതിര്‍ന്നവര്‍ ആകാനും ആവശ്യം വന്നാല്‍ അവരുടെ സംശയങ്ങള്‍ ദൂരീകരിക്കാനും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാനും അധ്യാപകര്‍ക്ക് സാധിക്കണം.
വളരെ കുറച്ചു മണിക്കൂറുകള്‍ മാത്രം ഒരു ചടങ്ങ് പോലെ ചെയ്തു പോകേണ്ടതല്ല ലൈംഗികവിദ്യാഭ്യാസ ക്ലാസുകള്‍. മറിച്ച്, ഇതൊരു ജീവിതശൈലി രൂപീകരണം ആണ്. അത്ര തന്നെ പ്രാധാന്യവും പ്രാമുഖ്യവും നല്‍കി തന്നെ വേണം ഈ പദ്ധതി ആസൂത്രണം ചെയ്യാനും, നടപ്പില്‍ വരുത്താനും.
ഡോ.ഷിംന അസീസ്
ആരോഗ്യപ്രവര്‍ത്തക
എഴുത്തുകാരി
COMMENTS