സാഹിത്യത്തിനുള്ളിലെ സവിശേഷ സന്ദര്ഭങ്ങളുടെയോ പ്രമേയങ്ങളുടെയോ ചിത്രീകരണമാണ് ഇല്ലസ്ട്രേഷന്. ഒരേ സമയം കൃതിയുടെ വായനയും വ്യാഖ്യാനവുമാണ് അവയുടെ രേഖാചിത്രങ്ങള്‍ അഥവാ ഇല്ലസ്ട്രേഷനുകള്‍. എഴുത്തുകാരനും വായനക്കാരനുമിടയില്‍ ഒരു ചിത്രകാരന് പ്രവര്‍ത്തിക്കുന്നുണ്ട്. അഥവാ എഴുത്തിനും വായനയ്ക്കുമൊപ്പം ഒരു ചിത്രംകൂടി പ്രവര്‍ത്തിക്കുന്നു. ആര്‍ട്ട് ഗാലറികളോ ചിത്രപ്രദര്ശനങ്ങളോ പ്രാപ്യമല്ലാത്ത സാധാരണജനങ്ങളെ ചിത്രകലയുമായി ബന്ധിപ്പിച്ചിരുന്നത് സാഹിത്യമാസികകളിലും ആനുകാലികങ്ങളിലും മറ്റും വരുന്ന ചിത്രീകരണങ്ങളാണ്.ചിത്രകലയെ കൂടുതല്‍ ജനകീയമാക്കുന്നതില്‍ ഇവ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നു പറയാം. സാഹിത്യസന്ദര്ഭത്തേക്കാള് തെളിഞ്ഞുകിടക്കുന്ന ചിത്രങ്ങളെ ആസ്വദിക്കുന്ന തരത്തില്‍ കാഴ്ചയുടെ സംസ്കാരം പരിപോഷിപ്പിക്കപ്പെട്ടു. ‘വരച്ചുവെച്ചതുപോലെ’ തുടങ്ങിയ പ്രയോഗങ്ങള്‍ അവയുടെ ഉയര്‍ന്ന മാനം കാണിച്ചുതരുന്നവയാണ്. ചിത്രകഥാപുസ്തകങ്ങളിലെയും ബാലപ്രസിദ്ധീകരണങ്ങളിലെയും ചിത്രീകരണങ്ങളിലൂടെയാണ് കുട്ടികള്‍ വായനയുടെയും ആസ്വാദനത്തിന്റെയും ലോകത്തെത്തുന്നത്. ഇവിടെ ചിത്രങ്ങള്‍ വായനയെയും ഭാവനയെയും എളുപ്പമാക്കുന്ന മാര്ഗങ്ങള്കൂടിയാണ്. മനുഷ്യര്‍, ജന്തുജാലങ്ങള്‍, പ്രകൃതി, കെട്ടിടങ്ങള്‍ തുടങ്ങി അമാനുഷികശക്തികളെക്കുറിച്ചുവരെ ആദ്യത്തെ രൂപമാതൃകകള്‍ കുട്ടികള്‍ സ്വായത്തമാക്കുന്നത് ഇത്തരം ചിത്രീകരണങ്ങളില്നിന്നുമാണ്. ഇങ്ങനെ മനസില്‍ ശേഖരിക്കപ്പെടുന്ന രൂപങ്ങളാണ് പിന്നീട് മറ്റൊരവസരത്തില്‍ മറ്റൊരു കഥയിലോ സന്ദര്‍ഭത്തിലോ അവര്‍ എടുത്തുപയോഗിക്കുന്നത്.
ഔപചാരികവിദ്യാഭ്യാസത്തിന്റെ ഭാഗമാകുന്നതോടെ കുട്ടികള്‍ പാഠപുസ്തകങ്ങളിലേക്ക് കടക്കുന്നു. പ്രൈമറി ക്ലാസുകളിലെ ചിത്രീകരണങ്ങള്‍ കുട്ടികളെ പാഠത്തിലേക്കും പഠനപ്രക്രിയയിലേക്കും ആകര്‍ഷിക്കുവാനും ഭാവനയുണര്ത്തുവാനും ഉദ്ദേശിച്ചുള്ളതാണ്. അപരിചിതമായ അനുഭവങ്ങളെ സങ്കല്പിച്ചെടുക്കാനും അനുഭവിച്ചറിഞ്ഞവയെ ഓര്‍ത്തെടുക്കാനും പാഠഭാഗങ്ങളിലെ ചിത്രീകരണങ്ങള്‍ സഹായിക്കുന്നു. ആ പാഠഭാഗത്തുടനീളം അതിലെ ചിത്രീകരണങ്ങളാണ് അവരുടെ മാതൃക. ഉയര്‍ന്ന ക്ലാസുകളിലെത്തുമ്പോള്‍ പഠനസഹായി എന്നതില്‍ക്കവിഞ്ഞ് അവ ആസ്വാദനതലത്തിലേക്കെത്തുകയും പാഠഭാഗത്തിന്റെ അനുബന്ധമായി നില്‍ക്കുകയും ചെയ്യുന്നു. നിരന്തരം ഈ ചിത്രീകരണങ്ങള്‍ കാണുന്നുണ്ടെന്നതിനാല്‍ പാഠം കഴിഞ്ഞാലും ദീര്‍ഘകാലം ഇവ മനസില്‍ ആഴത്തില്‍ പതിഞ്ഞുകിടക്കും. പിന്നീട് പാഠത്തേക്കാള്‍ വേഗത്തില്‍ ആ ചിത്രങ്ങള്‍ മനസിലേക്ക് ഓടിയെത്തുന്നത് അതുകൊണ്ടാണ്. ആനുകാലികങ്ങളിലെയും മറ്റും ചിത്രീകരണങ്ങള്‍ പോലെ ക്ഷണികാസ്വാദനമല്ല അവിടെ നടക്കുന്നതെന്ന് ചുരുക്കം.
ഭാഷാപാഠപുസ്തകങ്ങളില്‍, വിശേഷിച്ചും മാതൃഭാഷയായ മലയാളം പാഠപുസ്തകങ്ങളില്‍ വരുന്ന പാഠഭാഗങ്ങള്‍ സാഹിത്യകൃതികളാണ്. സാമൂഹികവും സാംസ്കാരികവുമായ മൂല്യവ്യവസ്ഥകള്‍ കുട്ടികളിലേക്ക് വിനിമയം ചെയ്യുന്നത് മുഖ്യമായും ഭാഷാപാഠപുസ്തകങ്ങളിലൂടെയാണ്. സാമൂഹ്യവല്ക്കരണപ്രക്രിയവഴി, നിലവിലിരിക്കുന്ന സമൂഹത്തിന് ആവശ്യമായ രീതിയില്‍ കുട്ടികളെ വാര്‍ത്തെടുക്കുന്ന പ്രക്രിയയാണ് ഇവിടെ യഥാര്‍ത്ഥത്തില്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ സമൂഹത്തെക്കുറിച്ചും മനുഷ്യരെക്കുറിച്ചും ജെന്‍ഡറിനെക്കുറിച്ചും ജെന്‍ഡര്‍ റോളുകളെക്കുറിച്ചും പാര്ശ്വവല്കൃത വിഭാഗത്തെക്കുറിച്ചുമെല്ലാം നിലവിലിരിക്കുന്ന പിതൃമേധാവിത്ത സമൂഹം കാലങ്ങളായി പിന്തുടര്‍ന്നുപോരുന്ന വിശ്വാസങ്ങള്‍ പാഠപുസ്തകങ്ങളിലും കടന്നുവരുന്നുണ്ട്. അവയിലെ ചിത്രീകരണങ്ങളും അതുതന്നെ ആവര്‍ത്തിച്ചുറപ്പിക്കുന്നു. വീട്, കുടുംബം, വൃത്തി, ആരോഗ്യം, ഭക്ഷണശീലം, തൊഴില്‍ തുടങ്ങിയവയെക്കുറിച്ചുമെല്ലാം ഇതേ പരമ്പരാഗത ചിന്താഗതികള്‍ തന്നെയാണ് പിന്തുടരുന്നത്.
സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും സാഹിത്യത്തിന്റേതായി നില്‍ക്കുമ്പോഴും ഒരു കലാസൃഷ്ടി എന്ന നിലയില്‍ അതില്‍ നിന്നും സ്വതന്ത്രമായ സ്വത്വവും നിലനില്പും ചിത്രീകരണങ്ങള്ക്കുണ്ട്. കാണിയെ,കാഴ്ചയെ സ്വാധീനിക്കുന്നതില്‍ പങ്കുണ്ടെന്നതിനാല്‍ ഭാഷേതരവ്യവഹാരങ്ങളെന്ന നിലയില്‍ അവ വിനിമയം ചെയ്യുന്ന ആശയങ്ങളെയും പ്രതിനിധാനം ചെയ്യുന്ന മൂല്യവ്യവസ്ഥയെയും വിശകലനം ചെയ്യേണ്ടതുണ്ട്. സന്ദര്‍ഭങ്ങളുടെയും കഥാപാത്രങ്ങളുടെയും തെരഞ്ഞെടുപ്പ്, ചിത്രീകരണത്തിന്റെ സ്വഭാവം തുടങ്ങിയവയെല്ലാം അതിന്റെനിര്ണ്ണായക ഘടകങ്ങളാണ്.
രണ്ടാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ ‘കുട്ടിപ്പുര’ എന്ന പാഠഭാഗത്തില്‍ ചേര്‍ത്തിരിക്കുന്ന ചിത്രീകരണങ്ങള്‍ പരിശോധിച്ചാല്‍ അവയെങ്ങനെയാണ് ദൃശ്യതയെ തിരുമാനിക്കുന്നതെന്നു കാണാം. കുട്ടിപ്പുര വേണമെന്നുള്ള സാവിത്രിക്കുട്ടിയുടെ ആഗ്രഹം ആശാരി വേലുവിനെക്കൊണ്ട് അച്ഛന് സാധിപ്പിച്ചുകൊടുക്കുന്നതാണ് പാഠഭാഗം. ഒന്നാമത്തെ ചിത്രത്തിന്റെ സന്ദര്‍ഭവും അതുതന്നെ.
‘അച്ഛന് ഉമ്മറത്തെ ചാരുകസേരയിലിരുന്നു’ എന്ന വാക്യത്തെ ചിത്രത്തിലാക്കിയതായി കാണാം. തൊട്ടുപിന്നില്‍ നില്ക്കുന്ന മകളുമുണ്ട്. മറ്റൊരു ചിത്രം തോര്‍ത്തുമുണ്ടെടുത്ത് സാരിയായി ധരിച്ചുകളിക്കുന്ന മകളുടേതാണ്. വേലു ആശാരി പണിത കുട്ടിപ്പുരയ്ക്കരികില് നില്ക്കുന്ന കുട്ടിയാണ്. (ഉമ്മറത്ത് ചാരുകസേരയില്‍ വിസ്തരിച്ചിരിക്കുന്ന അച്ഛനും, സാരിയുടുത്ത്, അച്ഛനും അമ്മയും മക്കളുമുള്ള കളിവീട് കിനാവുകാണുന്ന പെണ്‍കുട്ടിയും ഇപ്പോഴും പാഠഭാഗമായി വരുന്നതിന്റെ ഔചിത്യം ഒന്നുകൂടി ആലോചിക്കേണ്ടതുണ്ട്). എന്നാല്‍ ഈ വരുന്ന മൂന്നു ചിത്രങ്ങളിലെവിടെയും കുട്ടിപ്പുര പണിത വേലുആശാരിയെ നമുക്ക് കാണാനാവില്ല. ചിത്രത്തിന്റെ സന്ദര്‍ഭത്തില്‍ അയാളുണ്ടായിരിക്കുകയും ചിത്രത്തില്‍ ഒഴിവാക്കപ്പെടുകയും ചെയ്യുന്നു. പാഠത്തിലും അയാളെക്കുറിച്ച് പറയുന്നത് ‘വീടുംകുടിയുമൊന്നുമില്ലാത്ത വേലു’ എന്നാണ്. അച്ഛന്റെയും മകളുടെയും ദൃശ്യതയോടൊപ്പം തന്നെ ചര്‍ച്ച ചെയ്യേണ്ടതാണ് വേലു ആശാരിയുടെ ആദൃശ്യതയും.
വ്യക്തിശുചിത്വം, ആരോഗ്യശീലങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് അവബോധമുണര്ത്തുന്നതിനാണ് ഇതേ പാഠപുസ്തകത്തിലെ തന്നെ ‘നാടിനെ രക്ഷിച്ച വീരബാഹു’ എന്ന പാഠഭാഗം ലക്ഷ്യമിടുന്നത്. ‘തീറ്റയോടുതീറ്റ. പെരുവയറന് രാജാവിന് ഒരേയൊരു വിചാരം മാത്രം,തിന്നണം തിന്നണം…’ എന്നാണ് പാഠം തുടങ്ങുന്നതുതന്നെ. നിരത്തിവെച്ച ഭക്ഷണവിഭവങ്ങള്ക്കുമുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്ന സ്ഥൂലപ്രകൃതിയായ രാജാവിന്റേതാണ് ഇതിനൊപ്പമുള്ള ഒരുചിത്രം. ഭക്ഷണം കഴിച്ച് അസുഖക്കാരനായ രാജാവിനെ ചികിത്സിച്ച് മെലിഞ്ഞ,’സിക്സ്പാക്കുള്ള’ നല്ല രാജാവാക്കി മാറ്റിയെടുക്കുന്നതാണ് പാഠവും ചിത്രങ്ങളും. പാഠത്തിന്റെ ഉദ്ദേശം നല്ലതാണെങ്കിലും അതിന് തെരഞ്ഞെടുത്ത മാര്‍ഗം അത്ര നിഷ്കളങ്കമല്ല. ഒരു വ്യക്തിയുടെ ശരീരപ്രകൃതിയെ നിര്‍ണയിക്കുന്നത് പാരമ്പര്യവും രോഗവുമടക്കം പല ഘടകങ്ങളാണ്. അതിലൊന്നുമാത്രമാണ് ഭക്ഷണശീലം എന്നിരിക്കെ ശരീരത്തെ സംബന്ധിച്ചും രോഗത്തെ സംബന്ധിച്ചും തെറ്റായ ധാരണകള്‍ കുട്ടികളിലെത്തിക്കാനും സ്ഥൂലപ്രകൃതിയായ കുട്ടികളില്‍ അപകര്ഷതയുണ്ടാക്കുവാനും ഈ പാഠം ഇടയാക്കും. നന്നായി ഓടിച്ചാടിക്കളിക്കുകയും ശരീരത്തിനാവശ്യമായ ഭക്ഷണവും വെള്ളവും കഴിക്കുകയും ചെയ്യേണ്ട പ്രായത്തില്‍ കുട്ടികളുടെ മുന്നിലെത്തുന്ന ഭക്ഷണം കഴിച്ച് വണ്ണംവെച്ച് അസുഖബാധിതനായിരിക്കുന്ന രാജാവിന്റെ ചിത്രം നല്ല മാതൃകയല്ല. മറ്റൊന്നിനെ പരിഹസിച്ചോ കുറ്റപ്പെടുത്തിയോ താരതമ്യം ചെയ്തോ കുട്ടികളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്താമെന്ന ധാരണയും തിരുത്തപ്പെടേണ്ടതാണ്.
സമൂഹത്തില്‍ നിലനില്‍ക്കുന്ന ജെന്‍ഡര്‍ റോളുകളെക്കുറിച്ച് ചെറുപ്രായം മുതലേ കുട്ടികളെ പരിശീലിപ്പിക്കുന്നത് വീടുകളില്‍ തന്നെ കാണാം. അതിനെ ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് പാഠപുസ്തകങ്ങളും. രണ്ടാംക്ലാസ് മലയാളം പാഠപുസ്തകത്തിലെ ‘അറിഞ്ഞുകഴിക്കാം’ എന്ന പാഠം സമീകൃതാഹാരത്തെക്കുറിച്ചും ശരിയായ ഭക്ഷണശീലത്തെക്കുറിച്ചും ചര്‍ച്ചചെയ്യുന്നതാണ്. ഒരു ചിത്രത്തില്‍ ആഹാരം തയ്യാറാക്കി മേശമേല്‍ ഒരുക്കിവെച്ച് എല്ലാവരെയും ഭക്ഷണം കഴിക്കാന്‍ വിളിക്കുന്ന സാരിയുടുത്ത ഒരു സ്ത്രീയാണ്. മറ്റൊരു ചിത്രത്തില്‍ കുടുംബാംഗങ്ങളെല്ലാവരും ഇരുന്ന് ഭക്ഷണം കഴിക്കുന്നതാണ്. അതില്‍ ഈ സ്ത്രീ മാത്രം കഴിക്കാതെ നിന്ന് വിളമ്പിക്കൊടുക്കുന്നു. ഇതേ വീടിന്റെ അടുക്കളയില്‍ നില്ക്കുന്ന ഈ സ്ത്രീയും ഒരു വൃദ്ധയുമുള്ള വേറൊരു ചിത്രംകൂടി വരുന്നുണ്ട്. ഭക്ഷണമൊരുക്കലും വിളമ്പലും അടുക്കളയുമെല്ലാം സ്ത്രീകള്‍ക്കുമാത്രം ഉഴിഞ്ഞുവെച്ചിരിക്കുന്ന പൊതുധാരണയെ ഊട്ടിയുറപ്പിക്കുന്നതാണ് ഈ ചിത്രങ്ങള്‍. കുടുംബത്തിലെ ജോലികള്‍ കുടുംബാംഗങ്ങളെല്ലാം പങ്കിട്ടു ചെയ്യേണ്ടതാണെന്നും ആണിനും പെണ്ണിനും വെവ്വേറെ ജോലികളൊന്നുമില്ലെന്നും കുടുംബത്തിനുള്ളില്‍ ജനാധിപത്യമുണ്ടാവേണ്ടതാണെന്നുമുള്ള ചര്‍ച്ചകളും തിരുത്തലുകളും നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് ഇത്രയും പുരോഗമനവിരുദ്ധവും സ്ത്രീവിരുദ്ധവുമായ ആശയങ്ങള്‍ പാഠപുസ്തകങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത്.
ഇതിനോടൊപ്പം വിമര്‍ശിക്കപ്പെടേണ്ടതാണ് സ്ത്രീയെ എന്നും കണ്ണീരും കയ്യുമായി നില്ക്കുന്ന അബലയും പരിഭവക്കാരിയുമൊക്കെയായി അവതരിപ്പിക്കുന്ന കാലാകാലങ്ങളായി നിലനിന്നുപോരുന്ന രീതിയും. ഹയര്‍സെക്കന്ററി രണ്ടാം വര്‍ഷം മലയാളം പാഠപുസ്തകത്തിലെ ‘കണ്ണാടി കാണ്മോളവും’,’ഗൗളിജന്മം’, ‘കൊള്ളിവാക്കല്ലാതൊന്നുമില്ല’ തുടങ്ങിയ പാഠങ്ങളിലെ ചിത്രീകരണങ്ങള്‍ ഇത്തരത്തിലാണ് സ്ത്രീകളെ അവതരിപ്പിക്കുന്നത്. ആത്മാഭിമാനത്തിന്റെ പേരില്‍ പ്രതികരിക്കുന്ന ശകുന്തളയും ശീലാവതിയുമടങ്ങുന്ന സ്ത്രീകള്‍ പാഠസന്ദര്ഭത്തില്നിന്നും കണ്ടെടുക്കാമെങ്കിലും കണ്ണുനീര്‍പൊഴിച്ച് വിലപിക്കുന്ന സ്ത്രീകളായി മാത്രം അവരെ അവതരിപ്പിക്കുന്ന ശീലം ഇവിടെ വിട്ടുപോകുന്നില്ല. വലിയൊരു നീതിനിഷേധം നടത്തി ഇത്തരം ദുരവസ്ഥകളിലേക്ക് തള്ളിവിട്ട ദുഷ്യന്തനോ ഉഗ്രതപസോ ഒന്നും യാതൊരു ഭാവവ്യത്യാസവുമില്ലാതെ സുരക്ഷിതരായി കാഴ്ചയ്ക്കകത്തും പുറത്തും സുരക്ഷിതരായി നില്ക്കുന്നു. പ്രതിസ്ഥാനത്തുനില്ക്കുന്ന പുരുഷന്മാരെയോ വ്യവസ്ഥയെയോ കുറിച്ച് മൗനം പാലിക്കുകയും ചിത്രംകൊണ്ടുപോലും നോവിക്കാതിരിക്കുകയും അതേസമയം ഇരയാക്കപ്പെട്ട സ്ത്രീകളെയും അവരുടെ കണ്ണുനീരിനെയും നിരന്തരം പിന്തുടരുകയും ചെയ്യുന്ന സാമൂഹ്യവ്യവസ്ഥിതിയുടെ പരിച്ഛേദം തന്നെയാണ് ഇത്തരം ചിത്രീകരണങ്ങളും.
സമൂഹത്തിന്റെ പൊതുധാരണകളുടെയും മൂല്യവ്യവസ്ഥയുടെയും ആവര്‍ത്തനങ്ങളും സാമാന്യവല്‍ക്കരണവുമാണ് പാഠപുസ്തകങ്ങളിലും നടക്കുന്നത്. ദുര്‍ബലരും പാര്‍ശ്വവല്‍ക്കൃതരുമായ ജനത അതുകൊണ്ടുതന്നെ അവരുടെ വിഷയമേയാകുന്നില്ല. ട്രാന്‍സ്ജെന്‍ഡര്‍ കമ്യൂണിറ്റി, ചേരിയിലും കുടിലുകളിലും കഴിയുന്നവര്‍, വീടോ വാഹനമോ മറ്റു സൗകര്യങ്ങളോ ഇല്ലാത്തവര്‍, സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്നവര്,അച്ഛനോ അമ്മയോ രണ്ടുപേരുമോ ഇല്ലാത്ത കുട്ടികള്‍, ശാരീരികമോ മാനസികമോ ആയ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ ഇവരെല്ലാമടങ്ങിയ വലിയൊരു വിഭാഗം ഈ സമൂഹത്തിലുണ്ട്. സമൂഹത്തില്‍ അവര്‍ നേരിടുന്ന അവഗണനയും നീതിനിഷേധവും ഇരട്ടിപ്പിക്കുന്നതരത്തിലാകരുത് ക്ലാസ് മുറികള്‍. അവരും പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്നിരിക്കെ അവരെക്കൂടി ഉള്‍ക്കൊള്ളുന്ന, അനുഭാവപൂര്‍വ്വം പരിഗണിക്കുന്ന തലത്തിലേക്ക് പാഠപുസ്തകങ്ങളും മാറേണ്ടതുണ്ട്. വീട്, കുടുംബം, ലിംഗപദവി, ലിംഗനീതി, അവസരതുല്യത തുടങ്ങിയവയെക്കുറിച്ചെല്ലാം ബഹുസ്വരവും ജനാധിപത്യപരവുമായ ചര്‍ച്ചകള്‍ സമൂഹത്തില്‍ നടക്കുന്നുണ്ട്. നിലവിലിരിക്കുന സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായ ധാരണകള്‍ തിരുത്തുന്നതിനുള്ള ശ്രമങ്ങള്‍ കുട്ടികളിലും ചെറുപ്പം മുതലേ നടത്തേണ്ടതുണ്ട്. സാമൂഹ്യവല്‍ക്കരണവും വിദ്യാഭ്യാസപ്രക്രിയയും പുരോഗമനപരമാവേണ്ടതുണ്ട്. അതൊരു കൂട്ടായ പരിശ്രമംകൂടിയാണ്. അപ്പോള്‍ മാത്രമാണ് അതിന്റെ വിജയവും സാധ്യമാകുന്നത്.
രജിത രവി
ഗവേഷക, ശ്രീശങ്കരാചാര്യ
സംസ്കൃതസര്‍വ്വകലാശാല
കാലടി
COMMENTS