Homeചർച്ചാവിഷയം

Readings on Gender – കണ്ണൂര്‍ സര്‍വ്വകലാശാല ഇംഗ്ലീഷ് സിലബസിലെ ലിംഗപദവി വിചാരങ്ങള്‍

ണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ ഭാഗമായി 2017ല്‍ രൂപീകരിക്കപ്പെട്ട കരിക്കുലം റീസ്ട്രക്ചറിംഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അഫിലിയേറ്റഡ് കോളജുകളിലെ യുജി/പിജി പ്രോഗാമുകളുടെ കരിക്കുലം/സിലബസ് നവീകരണശില്പശാലകളും ചര്‍ച്ചകളും വിവിധ പഠനബോര്‍ഡുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടു.
സാമൂഹികനീതിയിലും ഗുണമേന്മയിലും അധിഷ്ഠിതമായ ഉന്നതവിദ്യാഭ്യാസപുരോഗതി ലക്ഷ്യമിടുന്ന സര്‍വ്വകലാശാലയുടെ വിഷന്‍/മിഷന്‍ രേഖയില്‍ അടിസ്ഥാനപരമായി ഉള്‍ച്ചേര്‍ക്കേണ്ടുന്ന സുപ്രധാന വിഷയങ്ങളിലൊന്നാണ് ലിംഗനീതി എന്ന് 2019 ലെ ഇംഗ്ലീഷ് കോമണ്‍ കോഴ്സ് പഠനബോര്‍ഡിന്‍റെ പ്രാഥമികചര്‍ച്ചകളില്‍ തന്നെ അഭിപ്രായമുയര്‍ന്നു വന്നിരുന്നു. കൂടാതെ, ബഹുസ്വരമൂല്യങ്ങളും ജനാധിപത്യ-മതേതര- പാരിസ്ഥിതിക ദര്‍ശനങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതാവണം സര്‍വ്വകലാശാലയുടെ ദൗത്യം എന്നതിന്‍റെയും അടിസ്ഥാനത്തില്‍ Program Outcomes മേല്‍പറഞ്ഞ വിഷയങ്ങളെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് സര്‍വ്വകലാശാലാ വിഷന്‍/മിഷന്‍ സ്റ്റേറ്റ്മെന്‍റ് പുന:രൂപീകരണം ചെയ്തു.
ശാസ്ത്രീയയുക്തിക്കും വിമര്‍ശനചിന്തയ്ക്കും ഊന്നല്‍ നല്‍കിക്കൊണ്ടും സാമൂഹികപ്രശ്നങ്ങളെ പുരോഗമനാത്മവും ബഹുസ്വരവുമായ വീക്ഷണങ്ങളിലൂടെ സമീപിച്ചുകൊണ്ടും, ജനാധിപത്യപരമായ കാഴ്ചപ്പാടുകളും മൂല്യബോധങ്ങളും രൂപപ്പെടുത്തിയെടുക്കുക എന്നതാണ് ബിരുദവിദ്യാഭ്യാസത്തിന്‍റെ അടിത്തറ.
അതുകൊണ്ടു തന്നെ, വിവിധ പ്രോഗ്രാമുകളിലെ വിദ്യാര്‍ത്ഥികള്‍ കോമണ്‍ കോഴ്സിന്‍റെ ഭാഗമായി ഭാഷാ/മാനവിക വിഷയങ്ങളില്‍ പഠിക്കേണ്ടുന്ന പുസ്തകങ്ങളുടെ ഉള്ളടക്കത്തിന് വളരെയധികം പ്രാധാന്യമുണ്ട്. സമൂഹത്തിലെ പൊതുവിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും ഏറ്റവും കൂടുതലായി നടക്കുന്ന/നടക്കേണ്ടുന്ന ഇടങ്ങളാണ് കോമണ്‍ കോഴ്സ് ക്ലാസുകള്‍ എന്ന് നമുക്കറിയാം.
കണ്ണൂര്‍ സര്‍വ്വകലാശാലയുടെ യു ജി പ്രോഗ്രാമിലെ ഇംഗ്ലീഷ് കോമണ്‍ കോഴ്സില്‍ നാല് സെമസ്റ്ററുകളിലായി ആറ് പേപ്പറുകളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. Communicative English, Readings on Kerala, Readings on Life and Nature, Readings on Gender, Readings on Democracy and Secularism & Readings on Philosophy of Knowledge. ഇതില്‍ ഒന്നാം സെമസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള Multiple Modernities – Readings on Kerala എന്ന പുസ്തകം കേരള ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളെക്കുറിച്ചും ആധുനികകേരളത്തെ രൂപപ്പെടുത്തുന്നതില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ വഹിച്ച അതിപ്രധാനമായ പങ്കിനെക്കുറിച്ചും വളരെ ആഴത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ശ്രീനാരായണ ഗുരുവിന്‍റെയും സഹോദരന്‍ അയ്യപ്പന്‍റെയും പൊയ്കയില്‍ അപ്പച്ചന്‍റെയുമൊക്കെ രചനകളുടെ ഇംഗ്ലീഷ് വിവര്‍ത്തനം വായിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നതിലൂടെ വ്യത്യസ്തമായ ഒരു പഠനാനുഭവമാണ് വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവയോഗ്യമാവുന്നത്. വായനയിലൂടെയും ചര്‍ച്ചകളിലൂടെയും നമ്മുടെ നാടിന്‍റെ ചരിത്രത്തെ അറിയുന്നതിനൊപ്പം ഇംഗ്ലീഷ് ഭാഷാ നൈപുണ്യ വികസനവും സാധ്യമാവുന്നു എന്ന സവിശേഷതയും ഇതിലുണ്ട്.
രണ്ടാം സെമസ്റ്റര്‍ യുജി പ്രോഗ്രാമിലെ ഇംഗ്ലീഷ് കോമണ്‍ കോഴ്സില്‍ Readings on Gender എന്ന പേപ്പറിന് നിര്‍ദേശിച്ചിട്ടുള്ള പാഠപുസ്തകമാണ് Plural Perspectives. സര്‍വ്വകലാശാല വിഭാവനം ചെയ്യുന്ന course outcomes ന് അനുസൃതമായാണ് ഈ പാഠപുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ജെന്‍ഡറിനെക്കുറിച്ച് നിലനില്‍ക്കുന്ന സാമ്പ്രദായികധാരണകളെ ഈ പുസ്തകം വിമര്‍ശനാത്മകമായി സമീപിക്കുന്നു. വിവിധരാജ്യങ്ങളിലേയും പ്രദേശങ്ങളിലേയും രചനകള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ട് ലിംഗഭേദ ആശയങ്ങളെ വ്യത്യസ്തമായി സംബോധന ചെയ്യുന്നുണ്ട് ഈ പുസ്തകം. മുഖ്യധാരാചരിത്രവും അധികാരഘടനകളും സ്ത്രീകളേയും ട്രാന്‍സ്ജന്‍ഡര്‍ സമൂഹങ്ങളേയും പാര്‍ശ്വവല്‍ക്കരിക്കുകയും ജെന്‍ഡര്‍ ദ്വന്ദ്വങ്ങളും വാര്‍പ്പ് മാതൃകകളും നിര്‍മ്മിക്കുന്നതില്‍ വഹിച്ച പങ്കിനെക്കുറിച്ചും ഈ പുസ്തകം ചോദ്യങ്ങളുന്നയിക്കുന്നു. കേവലമായ ആണ്‍/പെണ്‍ ദ്വന്ദ്വങ്ങള്‍ക്കുമപ്പുറം പലമടങ്ങായ, വ്യത്യസ്ത ഘടകങ്ങളുള്‍ചേര്‍ന്ന വിഷയങ്ങളെ സന്നിവേശിപ്പിച്ച് കൊണ്ട് ക്ലാസ് മുറികളില്‍ ജെന്‍ഡര്‍ പഠനങ്ങളിലെ മൗലികമായ വിഷയങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കാന്‍ ഈ പുസ്തകം അദ്ധ്യാപക/വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്നു എന്നത് ശ്രദ്ധേയമാണ്.
വ്യത്യസ്തമായ പശ്ചാത്തലങ്ങളില്‍ നിന്നുള്ള എഴുത്തുകാരുടെ രചനാരീതിയിലൂടെയും വ്യതിരിക്തമായ പ്രതിപാദനശൈലികളിലൂടെയും അവരുടെ സവിശേഷമായ അനുഭവങ്ങളിലൂടെയുമുള്ള സഞ്ചാരം പരിചിതമല്ലാത്ത വിഷയങ്ങളേയും പ്രശ്നങ്ങളേയും കൂടുതല്‍ അടുത്തറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധ്യമാവുന്നു.
കേരളസമൂഹം പ്രത്യേകമായി അഭിമുഖീകരിക്കുന്ന ലിംഗഭേദ പ്രശ്നങ്ങളെ മനസിലാക്കി, നിത്യജീവിതത്തില്‍ ജെന്‍ഡര്‍ സെന്‍സിറ്റീവും പൊളിറ്റിക്കലി കറക്ടുമായ പദപ്രയോഗങ്ങള്‍ ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകത വിദ്യാര്‍ത്ഥികള്‍ക്ക് ബോധ്യപ്പെടാനുതകുന്ന രീതിയിലാണ് ഈ പുസ്തകത്തിലെ രചനകള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്.
രണ്ട് മൊഡ്യൂളുകളിലായി നാല് കവിതകള്‍, നാല് ലേഖനങ്ങള്‍, ഒരു ചെറുകഥ, ഒരു ജീവചരിത്രം., അങ്ങനെ 10 അധ്യായങ്ങളാണ് ആകെയുള്ളത്. കമലാ ദാസിന്‍റെ ‘An Introduction’  എന്ന കവിത, വിജില ചിറപ്പാടിന്‍റെ ‘എന്‍റെ കൈക്കലത്തുണികള്‍’ എന്ന കവിതയുടെ ഇംഗ്ലീഷ് വിവര്‍ത്തനം ‘Kitchen Rags’, മീരാ വേലായുധന്‍ എഴുതിയ Dakshayani Velayudhan – A Biographical Sketch, ഇന്‍ഡ്യന്‍ ഇംഗ്ലീഷ് സാഹിത്യകാരി ശശി ദേശ്പാണ്ഡെയുടെ ‘Learning to be a Mother’, ലളിതാംബിക അന്തര്‍ജനത്തിന്‍റെ ‘ഇത് ആശാസ്യമാണോ’ എന്ന കഥയുടെ ഇംഗ്ലീഷ് വിവര്‍ത്തനം ‘Is this Desirable?, വിഖ്യാത അമേരിക്കന്‍ സാഹിത്യകാരി മായാ ഏയ്ഞ്ജലോവിന്‍റെ ‘Still I Rise’, ഉര്‍ദു കവയിത്രി കിഷ്വര്‍ നഹീദിന്‍റെ ‘I Am Not That Woman’, ട്രാന്‍സ് ആക്ടിവിസ്റ്റ് ജി ഇമാന്‍ സെമ്മലറിന്‍റെ ലേഖനം ‘Structural Violence and the Trans Struggle for Dignity,’ മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ അമ്മു ജോസഫിന്‍റെ ‘Gender Justice and the Media’, ഡോ. ഷീബ കെ. എം. ന്‍റെ ‘Clothing Matters: Visiting the Melmundusamaram in Keralam’ എന്നിവയാണ് ഈ പാഠപുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള രചനകള്‍. കേരളത്തിനകത്തും പുറത്തും ജെന്‍ഡര്‍ വിഷയങ്ങളില്‍ സജീവമായി ഇടപെട്ട് പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകളുടേയും സാമൂഹികസാംസ്ക്കാരികസൈദ്ധാന്തിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടേയും ഉപദേശനിര്‍ദ്ദേശങ്ങള്‍ ഈ പുസ്തകത്തിന്‍റെ നിര്‍മാണത്തില്‍ വളരെ വലിയ സ്വാധീനം വഹിച്ചിട്ടുണ്ട്.
ഓരോ പാഠത്തിനും തയ്യാറാക്കിയിട്ടുള്ള ചോദ്യങ്ങള്‍ ജെന്‍ഡര്‍ വിഷയങ്ങളെ വളരെ സൂക്ഷ്മമായി പരിശോധിക്കാനും വ്യതസ്തമായ പരിപ്രേക്ഷ്യങ്ങളില്‍ നിന്ന് കൊണ്ട് ലിംഗനീതിയുടെ രാഷ്ട്രീയശരികളെക്കുറിച്ച് വ്യക്തതയുണ്ടാക്കാനും സഹായിക്കുന്ന രീതിയിലുള്ളതാണ്.
കഥകളിലൂടെ, കവിതകളിലൂടെ, ജീവിത വിവരണങ്ങളിലൂടെ, ചരിത്രപ്രധാനമായ ആഖ്യാനങ്ങളിലൂടെ, സ്ത്രീകളുടേയും ദളിത്, എല്‍.ജി.ബി.ടി.ക്യു.ഐ. സമൂഹങ്ങളുടെയും ജീവിതാനുഭവങ്ങളിലൂടെ, ദേശീയവും അന്തര്‍ദേശീയവും തദ്ദേശീയവുമായ പരിസരങ്ങളിലെ പുരുഷകേന്ദീകൃതമായ സാമൂഹിക ഘടനകളെ വിശകലം ചെയ്യാനും മുഖ്യധാരാസമൂഹത്തില്‍ നിന്ന് ഈ വിഭാഗങ്ങളെ അകറ്റി നിര്‍ത്തുന്നതിനെ ചോദ്യം ചെയ്യാനുമുള്ള ആര്‍ജ്ജവം വിദ്യാര്‍ത്ഥി സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ ഈ പുസ്തകവായനയിലൂടെ സാധിച്ചു എന്ന് വിദ്യാര്‍ത്ഥികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
മാതൃത്വം എന്ന സങ്കല്‍പത്തേയും അതുമായി ബന്ധപ്പെട്ട മിത്തുകളേയും പൊളിച്ചെഴുതുന്ന ശശി ദേശ്പാണ്ഡെയുടെ ‘Learning to be a Mother’ എന്ന ലേഖനം അവസാനിക്കുന്നത്  ‘I’m a human being first, a mother next. Will that help? I like to think that it will’  എന്ന വരികളോടെയാണ്. അമ്മ എന്നാല്‍ ത്യാഗത്തിന്‍റെയും സഹനശക്തിയുടെയും ഉദാത്തമാതൃക അല്ലെന്നും വിശേഷണങ്ങളില്‍ ഞെരുങ്ങിയമര്‍ന്ന് മാനുഷികമായ അവകാശങ്ങളെല്ലാം ഹനിക്കപ്പെട്ട് ജീവിതം തള്ളിനീക്കുന്ന അമ്മമാര്‍ നമ്മുടെ വീട്ടകങ്ങളില്‍ തന്നെ ഉണ്ട് എന്ന തിരിച്ചറിവും ഉണ്ടായതായി നമ്മുടെ കുട്ടികള്‍ പറഞ്ഞ കാര്യം ഇവിടെ കുറിക്കട്ടെ.
രാഷ്ട്രീയത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവരാണ് സ്ത്രീകള്‍ എന്ന പതിവ് ആണധികാര പരിഹാസങ്ങളെ തച്ചുടക്കുന്ന തരം വാഗ്വാദങ്ങള്‍ കമലാദാസിന്‍റെ An Introduction എന്ന കവിത ചര്‍ച്ച ചെയ്യുമ്പോള്‍ ഉണ്ടാകാറുണ്ട് എന്ന് അദ്ധ്യാപക സുഹൃത്തുക്കള്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയമെന്തെന്നറിയാത്ത എനിക്ക് അധികാരക്കസേരകളിലിരിക്കുന്ന ഒരോരുത്തരുടേയും പേരുകള്‍ ആഴ്ചകളുടേയും മാസങ്ങളുടേയും പേരുകള്‍ ഉരുവിടുന്ന പോലെ അയത്നലളിതമായി പറയാനാവും എന്ന് പറയുമ്പോള്‍ ലിംഗഭേദത്തിന്‍റെ രാഷ്ട്രീയം പറയാനാണ് ഞാന്‍ വന്നിരിക്കുന്നത് എന്ന് കമലാദാസ് ഉറക്കെ പ്രഖ്യാപിക്കുകയാണ്.
ലിംഗസമത്വം എന്നാല്‍ ആണ്‍/പെണ്‍, ആണ്‍/ട്രാന്‍സ് വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള പോരാട്ടമല്ല, മറിച്ച്, സമൂഹത്തിലെ എല്ലാതരം അനീതികള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരേയുള്ള നിരന്തരസമരമാണ് എന്ന ആശയമാണ് ഈ പുസ്തകം മുന്നോട്ട് വെക്കുന്നത്. ‘The issue of gender equality is not one between men and women, nor is it a battlefront with swords drawn between all heterosexual men on the one sude and heterosexual women and LGBTQI persons on the other. It is a struggle between those who believe in equality and equity on the one side and those who want to maintain domination on the other.”
സാഹിത്യവായനയിലൂടെ, ക്ലാസ്മുറികളിലെ ചെറുതും വലുതുമായ ചര്‍ച്ചകളിലൂടെ, കലാലയങ്ങളിലെ സംവാദങ്ങളിലൂടെ, നിലനില്‍ക്കുന്ന ലിംഗ അസമത്വങ്ങള്‍ക്ക് ആധാരമായ പ്രശ്നങ്ങളെ മനസിലാക്കാനും വിമോചനപരമായ വീക്ഷണം വളര്‍ത്തിയെടുക്കാനും സ്വാതന്ത്ര്യബോധവും ജനാധിപത്യമൂല്യങ്ങളും ഉള്‍ച്ചേര്‍ന്ന സാമൂഹിക ഇടപെടലുകള്‍ നടത്താന്‍ പുതുതലമുറയെ സജ്ജമാക്കാനുമുള്ള വലിയ ഉത്തരവാദിത്തം ഉന്നതവിദ്യാഭ്യാസ പാഠ്യപദ്ധതികളിലൂടെ സാക്ഷാത്കരിക്കപ്പെടേണ്ടതുണ്ട്.
സിലബസ്/കരിക്കുലം എന്നിവ മാറ്റങ്ങള്‍ക്കനുസൃതമായി നവീകരിക്കപ്പെട്ടെങ്കില്‍ മാത്രമേ ഉന്നതവിദ്യാഭ്യാസം ലക്ഷ്യമിടുന്ന സാമൂഹികനീതിയും അവസരസമത്വവും സമഗ്രമായ പുരോഗതിയും കൈവരിക്കാന്‍ സാധിക്കുകയുള്ളൂ.

ചില അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രതികരണങ്ങള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു.
Plural Perspectives – Readings on Gender എന്ന പുസ്തകം ചരിത്രപരമായിത്തന്നെ ലിംഗപരമായ അവബോധനിര്‍മ്മിതി ഉണ്ടാക്കിയെടുക്കുന്നതില്‍ ശക്തമായി ഇടപെടുന്നുണ്ട്. സ്ത്രീ എന്നത് ഒരു പുരുഷനിര്‍മ്മിത വ്യവഹാരമായി ആഘോഷിക്കപ്പെടുന്ന ആണ്‍കോയ്മാബോധത്തിന്‍റെ മസ്തകത്തില്‍ ആഞ്ഞു പതിക്കുന്ന കോടാലികള്‍ പോലെ തന്നെയാണ് മിക്ക രചനകളും. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം വെറുക്കപ്പെടേണ്ടവരല്ല, സ്ത്രീപുരുഷ ലിംഗസമത്വത്തിന്‍റെ കൂടെ പരിഗണിക്കപ്പെടേണ്ട ജൈവസ്വത്വം തന്നെയാണെന്ന് ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തുന്നു എന്നതുംശ്രദ്ധേയമാണ്. – പ്രമോദ് വെള്ളച്ചാല്‍ (ഇംഗ്ലീഷ് അദ്ധ്യാപകന്‍ & സിന്‍ഡിക്കേറ്റ് മെമ്പര്‍, കണ്ണൂര്‍ സര്‍വ്വകലാശാല)
സമൂഹത്തിലെ പൊതുബോധനിര്‍മ്മിതിക്ക് ആധാരമായ അധികാരവ്യവസ്ഥയെയും പാര്‍ശ്വവല്‍ക്കരണത്തിന്‍റെ രാഷ്ട്രീയത്തെയും സൂക്ഷ്മ വിശകലനം ചെയ്യാനും വിമര്‍ശനാത്മകമായി സമീപിക്കാനും ഉതകുന്ന പാഠ്യവസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകമാണ് Plural Perspectives- Readings on Gender.. മുന്‍കാലങ്ങളില്‍ സ്ത്രീവാദ പഠനങ്ങള്‍ വരെ മാത്രമായിരുന്നു പഠന മേഖലയെങ്കില്‍ ഈ പുസ്തകം ട്രാന്‍സ്ജെന്‍റര്‍ സമൂഹത്തെക്കൂടി പഠനമേഖലയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. – സോന. പി അദ്ധ്യാപിക & സെനറ്റ് മെമ്പര്‍, കണ്ണൂര്‍ സര്‍വ്വകലാശാല.
സ്ത്രീകളേയും ദളിതരേയും എല്‍.ജി.ബി.ടി.ക്യു.ഐ. സമൂഹങ്ങളേയും പാര്‍ശ്വവല്‍ക്കരിക്കുന്ന സാമൂഹികക്രമത്തെ അട്ടിമറിക്കുന്ന വിപ്ലവാത്മക ഇടപെടല്‍ (അക്ഷയ )
സമകാലിക പ്രാധാന്യമുള്ള ഗൗരവമേറിയ വിഷയത്തിന്‍റെ സത്യസന്ധമായ ആവിഷ്ക്കാരം (അജയ് രാഗ്)
ലിംഗ അനീതികളെ തുറന്ന് കാട്ടുന്ന, അരികുവത്ക്കരണത്തിന്‍റെ നിഗൂഡതകളെ വെളിച്ചത്ത് കൊണ്ട് വരുന്ന പുസ്തകം (വൈഷ്ണവ് വി)
ജെന്‍ഡര്‍ സാഹിത്യത്തിന്‍റെ ഏടുകളിലൂടെയുള്ള അതിതീവ്രവും മനോഹരവുമായ യാത്ര (ആര്യ)
– ബിരുദവിദ്യാര്‍ത്ഥികള്‍ (പഴശ്ശിരാജ എന്‍.എസ്.എസ് . കോളജ് മട്ടന്നൂര്‍, കണ്ണൂര്‍).

 

 

 

 

 

രാഖി രാഘവന്‍
അസി. പ്രൊഫസര്‍
ഇംഗ്ലീഷ് വിഭാഗം, പഴശ്ശിരാജ എന്‍.എസ്.എസ്. കോളേജ്, മട്ടന്നൂര്‍

 

COMMENTS

COMMENT WITH EMAIL: 0