Homeചർച്ചാവിഷയം

ഇന്ത്യന്‍ ഭരണഘടന ഏട്ടിലെ പശുവല്ല, യൂണിഫോമുകളിലുമുണ്ട് ലിംഗവിവേചനം

തത്തിന്‍റെയോ ജാതിയുടെയോ ലിംഗത്തിന്‍റെയോ പേരില്‍ ഒരു തരത്തിലുള്ള വിവേചനവും അനുവദിക്കാന്‍ പാടില്ലാത്ത വിധം ശക്തമാണ് ഇന്ത്യന്‍ ഭരണഘടന. എന്നാല്‍ അധികാര സ്ഥാനങ്ങളിലും മതനിയമങ്ങളിലും പാരമ്പര്യങ്ങളിലും കുടുംബഘടനയിലുമൊക്കെ ‘അടിഞ്ഞുകൂടിയിട്ടുള്ള’ പുരുഷാധിപത്യ മൂല്യബോധം ഭരണഘടനാവിരുദ്ധമായി അവളുടെ തുറസ്സുകളെയും അതിരുകളെയും നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. പെണ്‍ശരീരത്തിനു മാത്രമല്ല പെണ്‍വസ്ത്രങ്ങള്‍ക്കും ഈ തുറസ്സുകളും അതിരുകളും ബാധകമാണ്. സദാചാരബോധങ്ങള്‍ക്കും വിപണിക്കും അവള്‍ ഒരു ശരീരം മാത്രമാണ്. അരുതുകള്‍ കൊണ്ട് സദാചാരവും വിപണന തന്ത്രം കൊണ്ട് മൂലധനവും സ്ത്രീശരീരത്തെ നിയന്ത്രിച്ചു കൊണ്ടിരിക്കുമ്പോള്‍ വൈവിധ്യങ്ങളെക്കുറിച്ചും സൗന്ദര്യസങ്കല്പങ്ങളെക്കുറിച്ചും ന്യായീകരണങ്ങള്‍ ചമച്ചു കൊണ്ട് പൊതുബോധത്തിനനുസരിച്ച് മനസ്സിനെ പാകപ്പെടുത്താന്‍ വലിയൊരു വിഭാഗം സ്ത്രീകള്‍ക്കും കഴിയുന്നുണ്ട്. ട്രെന്‍റുകളും ഫാഷനുകളും മാറ്റിക്കൊണ്ട് മൂലധനം തീരുമാനിക്കുന്ന വസ്ത്രം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യത്തെ സ്വേച്ഛയായുള്ള തന്‍റെ തെരഞ്ഞെടുപ്പാണ് തന്‍റെ വസ്ത്രം എന്ന പ്രതീതി സ്ത്രീകളില്‍ സൃഷ്ടിച്ചെടുക്കുന്നതില്‍ മൂലധനം വിജയിച്ചിട്ടുണ്ട്.
ആണിനും പെണ്ണിനും സ്വയം തെരഞ്ഞെടുക്കല്‍ സാധ്യതകളില്ലാത്തതാണ് യൂണിഫോം വസ്ത്രങ്ങള്‍. 19-ാം നൂറ്റാണ്ടില്‍ ജാതി, മത, വര്‍ഗ്ഗ ആഭിജാത്യത്തിന്‍റെ ചിഹ്നമായിരുന്നു വസ്ത്രം എങ്കില്‍ ഇന്ന് സ്കൂള്‍ യൂണിഫോമുകള്‍ സ്കൂളിന്‍റെ ആഭിജാത്യത്തിന്‍റെയും മാനേജുമെന്‍റുകളുടെ മത സദാചാര ബോധ്യങ്ങളുടെയും ചിഹ്നമാണ്. കുട്ടികളുടെ അടിസ്ഥാനപരമായ മൗലികാവകാശങ്ങളില്‍ ഒന്നാണ് സൗകര്യപ്രദമായതും വിവേചനങ്ങള്‍ അനുവദിക്കാത്തതുമായ വസ്ത്രം ധരിക്കാനുള്ള അവകാശം. അതു കൊണ്ട് സ്വയം തെരഞ്ഞെടുക്കല്‍ സാധ്യതകളില്ലാത്ത ഏകീകൃത വസ്ത്രം കുട്ടികള്‍ക്കായി തീരുമാനിക്കുമ്പോള്‍ ശാസ്ത്രീയമായി രൂപകല്പന ചെയ്തതും ലിംഗവിവേചനം വളര്‍ത്താത്തതും ധരിക്കുന്നവര്‍ക്ക് ബാധ്യതയാകാത്തതും ആയിരിക്കണം സ്കൂള്‍ യൂണിഫോമുകള്‍ .ഹൈടെക് സൗകര്യങ്ങളോടെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറ്റവും ആധുനികമായ കാഴ്ചപ്പാടുകളായിരിക്കണം യൂണിഫോം വസ്ത്രങ്ങളുടെ കാര്യത്തിലും പിന്തുടരേണ്ടത്.
ആണ്‍ പെണ്‍ ട്രാന്‍സ് വിവേചനങ്ങളില്ലാതെ തുല്യതയുടെ അടിസ്ഥാനത്തില്‍ പരസ്പരം ഇടപഴകി വളരേണ്ട, വളരാനുള്ള പരിശീലനം നല്കേണ്ട ഇടമാണ് വിദ്യാലയങ്ങള്‍. പ്രീ പ്രൈമറി ക്ലാസ് മുതല്‍ ആണ്‍കുട്ടി അവന്‍റെ യൂണിഫോം ധരിച്ച് ആത്മവിശ്വാസത്തോടെ യഥേഷ്ടം നിലത്ത് പടിഞ്ഞിരുന്നോ കളിയുപകരണങ്ങളില്‍ കയറി മറിഞ്ഞോ സ്ലൈഡറില്‍ നിരങ്ങിയോ തലകുത്തിമറിഞ്ഞോ ഒക്കെ കളിക്കുന്നത് കാണാം. പെണ്‍കുട്ടികളാകട്ടെ യൂണിഫോം വസ്ത്രമായ ഫ്രോക്കിനേയോ പാവാടയെയോ നിയന്ത്രിച്ച് കാലുയര്‍ത്തുമ്പോഴും നിലത്തിരിക്കുമ്പോഴും സ്ലൈഡറില്‍ നിരങ്ങുമ്പോഴും ഷഡ്ഢി കാണാതെ ശ്രദ്ധിച്ച് ആണ്‍കുട്ടിയോടൊപ്പം തലകുത്തി മറിയാനോ കളിയുപകരണങ്ങളില്‍ കയറാനോ ഉള്ള ത്വരയെ നിയന്ത്രിച്ച് അവസാനം കായിക വിനോദങ്ങളില്‍ നിന്ന് തന്നെ അകന്നു മാറുന്നു .വളരെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മാത്രം ശ്രദ്ധയില്‍പ്പെടുന്ന ഇത്തരം വിവേചനങ്ങള്‍ പാഠ്യ പദ്ധതിയില്‍ ഇല്ലാത്തഅടക്കവും ഒതുക്കവും പഠിപ്പിക്കാന്‍ കാലങ്ങളായി പുരുഷാധിപത്യ മൂല്യബോധം സൃഷ്ടിച്ചു വെച്ചതാണ്. ആ മൂല്യബോധത്തെ മറികടക്കാന്‍ വിദ്യാലയങ്ങള്‍ക്കാകണം.
ട്രൗസറിന്‍റെ കാലം കഴിഞ്ഞാല്‍ ഏത് പ്രായത്തിലും ആണ്‍യൂണിഫോമുകള്‍ക്ക് ഒരു രൂപമേയുള്ളൂ. പാന്‍റ്സും ഷര്‍ട്ടും. പെണ്‍കുട്ടികള്‍ക്കാകട്ടെ ഏപ്രണ്‍ ഫ്രോക്കിലും ഷര്‍ട്ടിലും തുടങ്ങി ഹാഫ് സ്കര്‍ട്ട്, മിഡി, ചുരിദാര്‍, ഡിവൈഡര്‍ സ്കേര്‍ട്ട്, ഷാള്‍, ഓവര്‍കോട്ട് ,മക്കന, പര്‍ദ്ദ …  ഇവയിലേതാണെങ്കിലും സ്വന്തം ശരീരത്തെക്കുറിച്ച് ഭയമോ, അപകര്‍ഷത യോ, ആശങ്കയോ, സൃഷ്ടിക്കുന്ന ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടാവും. ഏത് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോഴും ഒരു ശ്രദ്ധയും പരിഗണനയും ഈ വസ്ത്രങ്ങള്‍ക്കു മേല്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി വരുന്നുണ്ട്. പുരുഷ വസ്ത്രങ്ങളാകട്ടെ ധരിച്ചു കഴിഞ്ഞാല്‍ പിന്നെ പരിഗണനകളൊന്നും വേണ്ടാത്തതാണ്.മറിച്ച് പഠനപ്രവര്‍ത്തനം ,കളികള്‍ എന്നു വേണ്ട വിശ്രമ സമയങ്ങളില്‍ പോലും ഈ പരിഗണനകള്‍ പെണ്‍കുട്ടികളെ വിട്ടൊഴിയാറില്ല. (സ്ത്രീകളുടെ വ്യവസ്ഥാപിത വസ്ത്രങ്ങളെല്ലാം തന്നെ അത്തരത്തിലുള്ളതാണ്.)
സ്തന വളര്‍ച്ച മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടും മുമ്പേ അത് മറയ്ക്കാനുള്ള വഴികള്‍ മലയാളത്തിലെ ഒരു ‘വനിത ‘മാസിക പ്രസിദ്ധീകരിച്ചത് കണ്ടാല്‍ സ്ത്രീ ശരീരത്തിന്‍റെ തന്നെ ഭാഗമായ മനുഷ്യകുലത്തിനു തന്നെ പ്രാഥമിക ഭക്ഷണം ഉല്പാദിക്കുന്ന മുലകള്‍ വളര്‍ന്നു വരുന്നത് ഒരു അശ്ലീലമാണെന്ന് തോന്നും. (പ്രസവിക്കുന്നതു വരെ മുല വളര്‍ച്ച മുരടിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ‘വനിത’ കണ്ടെത്താതിരുന്നത് ഭാഗ്യം). ഏറ്റവും ചെറിയ പ്രായത്തിലേ തന്നെ ഇതേ കാഴ്ചപ്പാടോടെ രൂപപ്പെടുത്തപ്പെട്ട ഒരു യൂണിഫോം വസ്ത്രമാണ് ഷര്‍ട്ടിന് മുകളിലൂടെയുള്ള ഏപ്രണ്‍ ഫ്രോക്ക്. വസ്ത്രത്തെ ശ്രദ്ധിക്കാതെ  കാലുയര്‍ത്തി വെച്ച് ഇരിക്കാനോ ബസ്സില്‍ കയറാനോ സ്വതന്ത്രമായി കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാനോ അനുവദിക്കാത്ത ഞൊറിവെച്ച നല്ല ഭംഗിയുള്ള ഹാഫ് പാവാടകള്‍ ഉയര്‍ന്ന സ്റ്റാറ്റസ് അവകാശപ്പെടുന്ന സ്കൂളുകളുടെ പ്രത്യേകതയാണ്.ഈ പാവാടകള്‍ പെണ്‍കുട്ടികള്‍ക്ക് എത്ര മാത്രം ബാധ്യതയാണ്. ഈ ബാധ്യതയോടൊപ്പം ആണ്‍നോട്ടങ്ങളെ പ്രതിരോധിക്കാന്‍ പാവാടയ്ക്കും പെറ്റിക്കോട്ടിനുമിടയില്‍ വീണ്ടും ലഗിന്‍സെന്നൊരു വസ്ത്രം കൂടിയുണ്ട് ഇപ്പോള്‍. അതായത് ഷര്‍ട്ട്, ഹാഫ് സ്കര്‍ട്ട്, പെറ്റിക്കോട്ട്, ബ്രാ ലഗ്ഗിന്‍സ്, ഷഡ്ഢി ഇത്രയും ചുമക്കണം.ഇരു തോളിലും പിന്‍ ചെയ്തു വെച്ച ഷാള്‍ എന്ന മേല്‍ മുണ്ടിന് ബസ്സ് യാത്രയിലെ തിക്കിലും തിരക്കിലും എവിടെയെങ്കിലും കുടുങ്ങി വലിഞ്ഞു കീറുന്നതു മുതല്‍ കായിക വിനോദങ്ങളിലും സ്പോര്‍ട്ട് സിലും പങ്കെടുക്കാതിരിക്കുന്നതിനുള്ള കാരണങ്ങളില്‍ വരെ സ്ഥാനമുണ്ട്. മുന്നിലോ പിന്നിലോ ഷാളിന്‍റെ അറ്റം കൂട്ടിക്കെട്ടിവെച്ച് ഉച്ചഭക്ഷണപ്പാത്രം കഴുകുന്ന, സൈക്കിള്‍ ചവിട്ടുന്ന, ടോയ്ലറ്റില്‍ പോകുന്ന, കായിക വിനോദങ്ങളില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികളുടെ ഈ വസ്ത്ര ബാധ്യതകള്‍ നാം ഗൗരവത്തില്‍ എടുക്കാറില്ല. ജനനം മുതല്‍ വസ്ത്രത്തിന്‍റെ, നീണ്ട മുടിയുടെ ആഭരണങ്ങളുടെ അനാവശ്യ ബാധ്യതകള്‍ പേറാന്‍ പരിശീലിപ്പിക്കപ്പെട്ടവരാണല്ലോ സ്ത്രീകള്‍. ആണ്‍ വസ്ത്രങ്ങളായി അംഗീകരിക്കപ്പെട്ട വസ്ത്രങ്ങള്‍ക്കില്ലാത്ത ബാധ്യതകള്‍ പെണ്‍വസ്ത്രങ്ങള്‍ക്കുണ്ട് എന്ന് തിരിച്ചറിയപ്പെടുന്നില്ലെന്ന് മാത്രമല്ല അവയെ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന വിപണന തന്ത്രങ്ങളില്‍ സ്ത്രീകള്‍ പെട്ടു പോവുകയും ചെയ്യുന്നുണ്ട് എന്നതാണ് വാസ്തവം. ക്ലാസ് മുറികളിലെ പഠന പ്രവര്‍ത്തന സമയങ്ങളില്‍പ്പോലും സൂക്ഷ്മമായിനിരീക്ഷിച്ചാല്‍ രണ്ടായി മെടഞ്ഞിട്ട മുടിയെ, ഷാളിനെ, അയഞ്ഞ തട്ടത്തെ ഹാഫ് സ്കര്‍ട്ടിനെ പരിഗണിക്കാതെ പൂര്‍ണമായ ശ്രദ്ധ പഠനത്തില്‍ കൊടുത്തുകൊണ്ട് ആണ്‍കുട്ടികളെപ്പോലെ ഇരിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് കഴിയാറുണ്ടോ?
നഗ്നത മറയ്ക്കാനാണ് പൂര്‍വ്വികര്‍ വസ്ത്രം ഉപയോഗിച്ചു തുടങ്ങിയത്. നഗ്നതയ്ക്കും വസ്ത്രത്തിനും ശരീരത്തിന്‍റെ വളരെക്കുറഞ്ഞ ഒരു ഭാഗത്തിനേ പങ്കുണ്ടായിരുന്നുള്ളൂ .സമൂഹ വളര്‍ച്ചയ്ക്കിടയില്‍ ജാതിയുടെയും മതത്തിന്‍റെയും പദവിയുടെയും ചിഹ്നങ്ങളായി വസ്ത്രം മാറിയെങ്കിലും ചിഹ്നങ്ങളെ നിലനിര്‍ത്താനുള്ള ബാധ്യത പുരുഷന്‍ കയ്യൊഴിയുകയും സ്ത്രീകളില്‍ അടിച്ചേല്പിക്കുകയുമാണ് ഉണ്ടായത് .അതോടൊപ്പം ഏറ്റവും സൗകര്യപ്രദമായ വേഷത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും തെരഞ്ഞെടുക്കലുകളും അവന് സാധ്യമാവുകയും അവന്‍റെ കാഴ്ചയ്ക്കും കാഴ്ചപ്പാടിനും അനുസരിച്ചുള്ള വേഷങ്ങള്‍ സ്ത്രീകള്‍ക്ക് നിശ്ചയിക്കപ്പെടുകയുമാണുണ്ടായത്. ഉദാഹരണമായി 19-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ അരയ്ക്ക് മുകളിലുള്ള ഭാഗം കേരളത്തില്‍ ആണിനും പെണ്ണിനും നഗ്നതയായി തോന്നിയിരുന്നില്ല. അരയ്ക്ക് മുകളിലുള്ള ഭാഗം മറയ്ക്കേണ്ടതായി തോന്നിത്തുടങ്ങിയപ്പോള്‍ അവയുടെ രൂപകല്പനയിലുള്ള അന്വേഷണം ഒരു കൂട്ടര്‍ക്ക് സൗകര്യ വസ്ത്രത്തിലും ഒരു കൂട്ടര്‍ക്ക് സൗന്ദര്യവും സദാചാരവും ഉള്‍ച്ചേര്‍ന്ന വസ്ത്രത്തിലും എത്തി..പൊതുബോധത്തിന്‍റെ ഈപരിഗണനകളായിരിക്കരുത് ആധുനിക കാലത്ത് വിദ്യാലയങ്ങള്‍ സ്കൂള്‍ യൂണിഫോമുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഉണ്ടാവേണ്ടത്. ചില കേന്ദ്രീയ വിദ്യാലയങ്ങളിലും പ്രൊഫഷണല്‍ കോഴ്സുകളിലും വിവേചനങ്ങളില്ലാത്ത യൂണിഫോം ധരിച്ച് ആത്മവിശ്വാസത്തോടെ നടക്കുന്ന കാഴ്ച ഇന്ന് സാധാരണമാണ്. ജെന്‍റര്‍ ന്യൂട്രലായ വസ്ത്രങ്ങളും ഇന്ന് കേരളത്തില്‍ വ്യാപകമാണ്. പൊതു വിദ്യാലയങ്ങളില്‍ ഏര്‍പ്പെടുത്തിയ സൗജന്യ യൂണിഫോം തുണികള്‍ക്കുള്ള മാനദണ്ഡങ്ങളില്‍ ഈ മാറ്റത്തിന് തുടക്കം കുറിക്കാവുന്നതാണ്. ഇലാസ്റ്റിക് വെച്ച ഷോട്സുകള്‍ പാന്‍റ്സ്, ഷര്‍ട്ട് , ടീ ഷര്‍ട്ട് തുടങ്ങിയവ ജെന്‍ഡര്‍ ന്യൂട്രലായി ഉപയോഗിക്കാവുന്നവയാണ്. പോക്കറ്റുകളുള്ള വസ്ത്രങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമല്ല പെണ്‍കുട്ടികള്‍ക്കും സ്വീകാര്യമാവണം. വസ്ത്രങ്ങളുടെ ശാസ്ത്രീയ രൂപകല്പനയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഗൗരവത്തില്‍ തന്നെ നടക്കേണ്ടതുണ്ട്.
പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും മാത്രമല്ലസാമൂഹ്യ വികാസപ്രക്രിയയില്‍ സമത്വത്തെക്കുറിച്ചും ലിംഗനീതിയെക്കുറിച്ചും രൂപപ്പെട്ടു വരുന്ന ആധുനിക കാഴ്ചപ്പാടുകള്‍ക്കനുസരിച്ചായിരിക്കണം സ്കൂള്‍ യൂണിഫോമുകളും .അതായത് പൊതുബോധത്തിന്‍റെ വസ്ത്ര സങ്കല്പങ്ങളിലുള്ള സ്ത്രീവിരുദ്ധതയും വിവേചനങ്ങളും പരിഷ്കരിക്കുന്നതിനും മാറ്റിത്തീര്‍ക്കുന്നതിനുമുള്ള പാഠശാലകള്‍ കൂടിയാകണം വിദ്യാലയങ്ങള്‍.

 

 

 

 

എം.സുല്‍ഫത്ത്
സംഘടിത പത്രാധിപ സമിതി അംഗം, സാമൂഹ്യ പ്രവര്‍ത്തക

COMMENTS

COMMENT WITH EMAIL: 0