Homeചർച്ചാവിഷയം

അധ്യാപകപഠനപദ്ധതി ലിംഗനീതിപരമാവേണ്ടതുണ്ട്

സന്ദര്‍ഭം: 1

കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് ക്ലാസ്സ് മുറി അടിച്ചുവാരി വൃത്തിയാക്കുന്നതിനുള്ള ചുമതലയേല്പിക്കുകയായിരുന്നു ക്ലാസ്സ് ടീച്ചര്‍. ചൂലെടുത്ത് അടിച്ചു വാരുന്നത് പെണ്‍കുട്ടികള്‍ ഡെസ്ക്കും ബെഞ്ചും പിടിച്ചിടുന്നത് ആണ്‍കുട്ടികള്‍ ഇതാണ് സ്കൂളുകളിലെ പൊതുരീതി. അതില്‍ നിന്നു മാറി ആണ്‍കുട്ടികളും അടിച്ചുവാരട്ടെ എന്ന് സമത്വ രീതിയില്‍ ചിന്തിച്ച ടീച്ചര്‍ക്ക് പക്ഷേ എതിര്‍പ്പാണ് കിട്ടിയത്. ‘ആണ്‍കുട്ടികള്‍ ചൂലെടുക്കുകയോ’ എന്ന് പ്രായമുള്ള സ്ത്രീയായ ഓഫീസ് അസിസ്റ്റന്‍റ് മുതല്‍ ഈയിടെ ബിഎഡ് കഴിഞ്ഞിറങ്ങിയ പുതുതലമുറട്ടീച്ചര്‍മാര്‍ വരെ ചോദിച്ചു. ‘എന്നെ വീട്ടില്‍ ഇതൊന്നും ചെയ്യിക്കില്ല’ എന്ന് ചില ആണ്‍കുട്ടികളും പറഞ്ഞു.

സന്ദര്‍ഭം: 2
ലിംഗനീതി സംബന്ധമായ ഒരു ചര്‍ച്ച നടക്കുകയാണ് സ്കൂളില്‍. പതിവനുസരിച്ച് പിടിഎ അംഗങ്ങളും അധ്യാപകരും തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുമൊക്കെയുണ്ട് യോഗത്തില്‍. ചര്‍ച്ച, സിദ്ധാന്തങ്ങളും സമര്‍ത്ഥനങ്ങളുമായി മുന്നോട്ട് പോകവേ പ്രതിനിധികളിലൊരാള്‍ ഒരു നിര്‍ദ്ദേശം വെച്ചു.നമ്മുടെ സ്കൂളില്‍ ഒന്നാം ക്ലാസ് മുതല്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിച്ചിരുത്താതെ അക്ഷരമാലാക്രമത്തിലോ മറ്റോ ഇടവിട്ടിരുത്താമല്ലോ. അതിലൂടെ, വളരെ ചെറുപ്പത്തില്‍ത്തന്നെ ശരീരസംബന്ധമായ ജനാധിപത്യ ബോധം രൂപപ്പെടും. പെണ്‍ശരീരമെന്നത് മറ്റൊരു മനുഷ്യശരീരമാണെന്ന സമത്വബോധം ഉണ്ടാവും എന്നിങ്ങനെ അവര്‍ പറഞ്ഞുവരികയായിരുന്നു.
പക്ഷേ, ഇതു കേട്ടപ്പോള്‍ കൂടിയിരുന്നവരില്‍ നിന്ന് ചിരിയും പരിഹാസവുമാണ് പ്രതികരണമായി വന്നത്. ‘അത്ര ഫെമിനിസമൊന്നും ഇവിടെ നടപ്പാവില്ല ടീച്ചറേ’ യെന്ന താക്കീത് കലര്‍ന്നത്. ഈയൊരു പരിഹാസത്തില്‍ മുന്നിട്ടു നിന്നത് സ്ത്രീകള്‍കൂടി ഉള്‍പ്പെടുന്ന അധ്യാപകരായിരുന്നു. ‘പിള്ളേരെ രണ്ട് സൈഡിലാക്കി ഇരുത്തിയിട്ടുതന്നെ മാനേജ് ചെയ്യാന്‍ പറ്റുന്നില്ല. പുറത്ത് നില്‍ക്കുന്ന നിങ്ങള്‍ക്ക് പലതുമിങ്ങനെ തോന്നും.തീയും വെടിമരുന്നും കൂടി ഒന്നിച്ച് വെക്കുന്ന പോലെയാവും കാര്യങ്ങള്‍’ ഇങ്ങനെ പോകുന്നു അവിടെക്കേട്ട പരാമര്‍ശങ്ങള്‍.

സന്ദര്‍ഭം:3
ഹയര്‍സെക്കന്‍ഡറി ക്ലാസ്സ് മുറിയില്‍ പരിശോധനാസ്ക്വാഡ് ഇറങ്ങിയിരിക്കയാണ്. വേട്ടയ്ക്ക് പോകുന്നതു പോലെ കുട്ടികളുടെ ബാഗും മറ്റും തപ്പുന്ന ആഘോഷമാണ് ഈ പരിപാടി. സംശയാസ്പദവും അപകടകരവുമായ, ഒഴിവാക്കാന്‍ പറ്റാത്ത അപൂര്‍വ്വം ചില സാഹചര്യങ്ങളില്‍ അതായത് ലഹരിമരുന്നുപയോഗം പോലുള്ളവ നടന്നാല്‍ അങ്ങനൊരു പരിശോധന വേണ്ടി വന്നേക്കാം.പക്ഷേ, ലഭിക്കുന്ന വിവരങ്ങള്‍ രഹസ്യാത്മകത പാലിച്ചുകൊണ്ട് വേണം കൈകാര്യം ചെയ്യാന്‍ എന്ന പ്രാഥമിക ധാരണ പലപ്പോഴും ഇത്തരം തപ്പിയെടുക്കലുകളില്‍ പാലിക്കപ്പെടാറില്ല. ഇക്കൂട്ടത്തില്‍ സ്റ്റാഫ് റൂമില്‍ കൂട്ടച്ചര്‍ച്ചയ്ക്കും വിധേയമാകുന്ന ഒന്നാണ് പ്രേമലേഖനങ്ങള്‍. സ്റ്റാഫ് റൂമിലിരുന്ന് വൃത്തികെട്ട പരാമര്‍ശങ്ങളോടെ കൈകാര്യം ചെയ്യപ്പെടാനാണ് അവയ്ക്ക് വിധി. മനഃശാസ്ത്രപരമായ കരുതലോടെ ഇടപെടേണ്ട ഇത്തരം കാര്യങ്ങള്‍ കഠിനവിചാരണക്ക് വിധേയമാകേണ്ട ഒരപരാധമായി മാറും അവിടെ. അധ്യാപകര്‍ ന്യായാധിപരുമാവും.

സന്ദര്‍ഭം: 4
ഈയിടെ സ്കൂള്‍ തുറന്നപ്പോ നടന്നതാണ്. ധാരാളം ദളിത് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു സ്കൂളിലെ ഉച്ചഭക്ഷണം കഴിഞ്ഞുള്ള വിശ്രമസമയത്ത് കൂട്ടത്തില്‍ ഒരധ്യാപികയുടെ കമന്‍റാണ്. ‘ഒക്കേത്തിനേം നോക്കുമ്പോ ഏതാണ്ട് ഗ്രാനൈറ്റിലേക്ക് നോക്കുന്ന പോലെയാണ്. പോരാഞ്ഞ് ഓരോ കടുക്കനും’. സവര്‍ണ്ണസമുദായത്തില്‍പ്പെട്ട ഒരധ്യാപികയാണത് പറഞ്ഞത്. കേട്ടവരില്‍ കൂട്ടച്ചിരിയുണ്ടായി. ചിലര്‍ തലതാഴ്ത്തി മിണ്ടാതിരുന്നു. മറ്റു ചിലര്‍ ഇത് തങ്ങളെ ബാധിക്കുന്നില്ലെന്ന മട്ടിലും. തികഞ്ഞ വംശീയതയാണ് അവര്‍ പറഞ്ഞത്. നിറത്തിന്‍റെ പേരിലുള്ള കടുത്ത ദളിത് ആക്ഷേപം.
ഇത്തരം ചില സന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാണിച്ചത് നമ്മുടെ ആധ്യാപകസമൂഹത്തിന്‍റെ സാംസ്കാരിക/ രാഷ്ട്രീയ ഉള്ളടക്കം എത്ര ജീര്‍ണ്ണിച്ചതും മുന്നോട്ട് വളരാത്തതുമായ ഒന്നായാണ് ഇന്നും നിലനില്‍ക്കുന്നത് എന്ന് പറയാനാണ്. സിലബസിലും വിദ്യാര്‍ഥികളിലുമൊക്കെ ലിംഗനീതിപരമായ തിരുത്തലും പുതുക്കലും നടത്തുന്നതിനെപ്പറ്റി നാം ചിന്തിക്കുന്ന സമയമാണിത്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് തന്നെ ഇത്തരം ശ്രമങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും പ്രായോഗികമായ തലത്തില്‍ വളരാന്‍ അവയ്ക്ക് സാധിച്ചിരുന്നില്ല. മാത്രമല്ല, അടിസ്ഥാനപരമായിക്കാണേണ്ട ഒരു മേഖല അവിടെ വിസ്മരിക്കപ്പെടുകയാണെന്ന് തോന്നുന്നു. അത് അധ്യാപകപഠനമേഖലയാണ്.
അധ്യാപനപഠന സന്ദര്‍ഭങ്ങളില്‍ത്തന്നെ ജനാധിപത്യപരമായ മനോഭാവരൂപീകരണം അധ്യാപക സമൂഹത്തില്‍ നടന്നാല്‍ മാത്രമേ ക്ലാസ്സ് മുറിയില്‍ അതിന്‍റെ തുടര്‍ച്ചയുണ്ടാവൂ.അല്ലാത്ത പക്ഷം അവ കേവലം സിദ്ധാന്തങ്ങളായൊടുങ്ങും.
നമ്മുടെ ബി.എഡ്/ഡിഎല്‍.എഡ് പരിശീലനകേന്ദ്രങ്ങളില്‍ ഇപ്പോഴും അധ്യാപികമാരുടെ നിര്‍ബന്ധിതവേഷം സാരിയാണ്. അധ്യാപികമാര്‍ ചുരിദാറിലോ മറ്റു വേഷങ്ങളിലോ എത്തിയാലും അധ്യാപകവിദ്യാര്‍ത്ഥികള്‍ പാരമ്പര്യസംരക്ഷകരായി തുടരേണ്ടി വരികയാണ്. പാഠാസൂത്രണം, പ്രോജക്ട് നിര്‍മ്മാണം, പഠനസാമഗ്രികളുടെ നിര്‍മ്മാണം തുടങ്ങിയവയിലൊന്നും തന്നെ ലിംഗസമത്വസംബന്ധമായ തിരുത്തലുകളും പുതുസമീപനങ്ങളും ഇനിയും രൂപപ്പെട്ടിട്ടില്ല.
‘നാരി നടിച്ചിടം നാരകം നട്ടിടം’ എന്ന് ഇപ്പോഴും പഴഞ്ചൊല്ലായി പഠിപ്പിക്കുന്നതില്‍ അപാകത തോന്നാത്തവരും അത് ചാര്‍ട്ടിലെഴുതി പ്രദര്‍ശിപ്പിക്കുന്നവരുമായി കാലങ്ങളായി ഒരേ അച്ചില്‍ വാര്‍ത്തെടുക്കുന്നവരായ നമ്മുടെ അധ്യാപകവിദ്യാര്‍ത്ഥികള്‍ മാറുന്നത് ദയനീയമാണ്. ഇവിടങ്ങളിലൊക്കെ ‘ആശാനക്ഷരമൊന്ന് പിഴച്ചാല്‍
അമ്പത്തൊന്നു പിഴക്കും ശിഷ്യന്’ എന്നെഴുതിപ്പഠിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത് എന്നതാണ് സത്യം. അതുകൊണ്ട് കേരളത്തിലെ ലിംഗനീതിപഠനം പ്രധാനമായും ഉള്‍പ്പെടുത്തേണ്ട ഒരടിസ്ഥാനമേഖല അധ്യാപകപഠനമേഖലയാണ്. അല്ലെങ്കില്‍ അധ്യാപകര്‍ക്കിടയിലെ അഥവാ ക്ലാസ്സ് മുറികളിലെ ലിംഗ/വിവേചനങ്ങള്‍ തലമുറയായി പകര്‍ന്നുകൊണ്ടേയിരിക്കും. അത് നടന്നു കൂടാ.

 

 

 

 

 

ബിലു പദ്മിനി നാരായണന്‍
കവി, അധ്യാപിക
വിദ്യാഭ്യാസ പ്രവര്‍ത്തക

 

COMMENTS

COMMENT WITH EMAIL: 0