ജാതി, മത, പ്രാദേശിക, ദേശീയ, ഭാഷാപരമായ മുന്‍വിധികള്‍ നമ്മുടെ ചിന്തകളെയും ദൈനംദിന ജീവിതത്തെയും നമുക്ക് ചുറ്റുമുള്ള സഹജീവികളെയും ബാധിക്കും എന്ന അവബോധം വിദ്യാര്‍ത്ഥിനി/ത്ഥികളില്‍ സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ ഉണ്ടാക്കി എടുക്കേണ്ടത് ഈ കാലഘട്ടത്തിന്‍റെ ആവശ്യകതയാണ്. പക്ഷെ നമ്മുടെ സ്കൂള്‍ പാഠ്യപദ്ധതികളും പുസ്തകങ്ങളും അതിനു പ്രാധാന്യം നല്‍കുന്നില്ല എന്ന് തന്നെ പറയേണ്ടിവരും.
ചരിത്ര പാഠപുസ്തകങ്ങളില്‍ കണ്ടുവരുന്ന ലിംഗ വിവേചനപരമായ ഭാഷയുടെ ഉപയോഗം, ലിംഗ സമത്വം സംബന്ധിച്ച പാഠപുസ്തകങ്ങള്‍ നിര്‍മ്മിക്കുന്നവരുടെയും സമാഹരിക്കുന്നവരുടെയും ധാരണക്കുറവ് എന്നിവ സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്, പ്രത്യേകിച്ചും അത് ചരിത്രം പോലെയുള്ള ഒരു വിഷയമാണെങ്കില്‍. ഈ ലേഖനം പ്രധാനമായും ഐസിഎസ്ഇ ചരിത്ര പാഠ്യപദ്ധതി, അതിനനുസൃതമായി മാര്‍ക്കറ്റില്‍ ലഭ്യമായ പാഠപുസ്തകങ്ങളിലുള്ള ലിംഗ അസമത്വപരമായ പരാമര്‍ശങ്ങള്‍, ജന്‍ഡറുമായി ബന്ധപ്പെട്ട പഠനങ്ങളുടെ അഭാവം എന്നിവയെക്കുറിച്ചുള്ള ഒരു അവലോകനമാണ്. സമൂഹത്തില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളെക്കുറിച്ച് പരാമര്‍ശിക്കുന്നതിലുപരി സ്ത്രീകളെക്കുറിച്ചുള്ള ചരിത്രരചനകളും ചര്‍ച്ചകളും കേരളത്തിലെ സ്കൂള്‍-കോളേജ് വിദ്യാഭ്യാസ രംഗത്ത് നടക്കുന്നില്ല എന്ന ജെ. ദേവികയുടെ പരാമര്‍ശം ഈ സാഹചര്യത്തിലും യോജിക്കുന്നതായി കാണുന്നു.
‘ഹിസ്റ്ററി’ എന്ന വാക്കിന്‍റെ വ്യുല്‍പ്പത്തിക്ക് അനുസൃതമായി ആ വിഷയത്തെ നോക്കിക്കാണുകയും വിദ്യാര്‍ത്ഥി/നികള്‍ക്ക് മനസിലാക്കി കൊടുക്കുക എന്നതും ഇന്നും ക്ലാസ് മുറികള്‍ക്ക് അന്യമാണ്. അതായത്: ‘ഗവേഷണം’ അഥവാ ‘അന്വേഷണത്തില്‍ നിന്നുള്ള അറിവ് എന്ന ‘ഹിസ്റ്ററി’ എന്ന പദത്തിന്‍റെ അര്‍ത്ഥം വിദ്യാര്‍ത്ഥികള്‍ക്ക് എന്നും അന്യമാണ്. കാരണം പൊതുവെ ‘ഹിസ്റ്ററി’ എന്ന വിഷയത്തെ ‘ഹിസ് സ്റ്റോറി’ അഥവാ ‘അവന്‍റെ കഥ’ എന്ന് പഠിപ്പിക്കുന്ന രീതി മാറിയിട്ടില്ല എന്നുമാത്രമല്ല അത്തരം പുരുഷ മേധാവിത്വപരമായ പ്രവണതകള്‍ പാഠപുസ്തകങ്ങളില്‍ വളരെയധികം കണ്ടു വരുന്നു.
ഐ.സി.എസ്.ഇ കൗണ്‍സില്‍ പാഠ്യപദ്ധതിക്ക് അനുസൃതമായ പാഠപുസ്തകങ്ങളോ മറ്റു പുസ്തകങ്ങളോ നിര്‍ദ്ദേശിക്കുന്നില്ല എന്നത് വലിയൊരു പോരായ്മയയാണ്. വിദ്യാര്‍ത്ഥി/നികളെ സംബന്ധിച്ചിടത്തോളം അവര്‍ വിപണിയില്‍ ലഭ്യമാകുന്ന പാഠപുസ്തകങ്ങളെ ആശ്രയിക്കേണ്ടിവരികയും ചെയ്യുന്നു. ഇത്തരം പാഠപുസ്തകങ്ങള്‍ കൂടുതലും അറിയപ്പെടുന്ന എഴുത്തുകാരുടെ കൃതികളില്‍ നിന്നും പകര്‍ത്തിയതും ആണ്. എന്നാല്‍ ഈ പാഠ പുസ്തകങ്ങളില്‍ വസ്തുതാപരമായ പിഴവുകള്‍, വര്‍ഗീയവും ജാതിപരവും ലിംഗഭേദപരവുമായ പരാമര്‍ശങ്ങള്‍ വളരെ കൂടുതലായി കാണപ്പെടുന്നു എന്നുള്ളതും ഒരു യാഥാര്‍ത്ഥ്യമാണ്. സ്കൂള്‍ വിദ്യാര്‍ത്ഥി/നികള്‍ക്കായി തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍ യാതൊരുവിധത്തിലുള്ള അവലോകങ്ങള്‍ക്കും വിധേയമാകുന്നില്ല എന്ന അപകടകരമായ വസ്തുതയാണ് ഇതിലൂടെ പ്രകടമാകുന്നത്. സ്കൂള്‍തലം മുതല്‍ തന്നെ ലിംഗസമത്വത്തിന്‍റെ പ്രാധാന്യം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടത് വളരെയധികം അത്യന്താപേക്ഷിതമായ ഒരു കാര്യമാണ്. അതിലുപരി ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണ്. എന്നാല്‍ ചരിത്രത്തിന്‍റെ നിലവിലുള്ള പാഠ്യപദ്ധതിയുടെ സ്വഭാവവും വിപണിയില്‍ ലഭ്യമായ പാഠപുസ്തകങ്ങളും നിലവാരവും കണക്കിലെടുക്കുമ്പോള്‍, വിദ്യാര്‍ത്ഥികളെ പ്രത്യേകിച്ച് ആണ്‍കുട്ടികളെ ബോധ്യപ്പെടുത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ബോര്‍ഡ് എക്സാം എഴുതുന്നവരെ സംബന്ധിച്ചിടത്തോളം പാഠപുസ്തകങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങള്‍ നൂറുശതമാനം ശരികളും ‘വേദവാക്യങ്ങളും’ ആകുന്ന സ്ഥിതിവിശേഷത്തിനുപരി ഇത്തരം പാഠപുസ്തകങ്ങള്‍ കുട്ടികളെ വളരെ മോശമായി ബാധിക്കുകയും ചെയ്യാം.
പത്താം ക്ലാസ് ചരിത്ര സിലബസും പാഠപുസ്തകവും ഉദ്ധരിച്ച് ക്ലാസ് റൂമില്‍ ഉയരുന്ന ചില ചോദ്യങ്ങള്‍ ‘ഝാന്‍സിറാണിയല്ലാതെ ഒരു സ്ത്രീയും ദേശീയ പ്രസ്ഥാനത്തിന് കാര്യമായ സംഭാവനകളൊന്നും ചെയ്തിട്ടുള്ളതായി പാഠപുസ്തകം പറയുന്നില്ല അവര്‍ ഇന്ത്യന്‍ ചരിത്രത്തില്‍ വലുതായ കാര്യങ്ങള്‍ ഒന്നും ചെയ്തിട്ടില്ല, ഞാന്‍ സ്ത്രീകളെ എന്തിന് തുല്യരായി പരിഗണിക്കണം?’ എന്നായാല്‍ അതില്‍ ഒട്ടും അത്ഭുദപ്പെടാന്‍ ഇല്ല. ഈ ചോദ്യത്തിന് ഒന്നിലധികം മാനങ്ങളുണ്ട്, ഒന്നാമതായി, സ്വാതന്ത്ര്യസമരത്തിലും രാഷ്ട്രനിര്‍മ്മാണത്തിലും സ്ത്രീകളുടെ പങ്കാളിത്തത്തെ അഭിസംബോധന ചെയ്യുന്നതില്‍ സിലബസ് പരാജയപ്പെട്ടു, രണ്ടാമതായി, ബോര്‍ഡ് പരീക്ഷയുടെ സമ്മര്‍ദ്ദം സ്വാതന്ത്ര്യ സമരത്തിലെ സ്ത്രീകളുടെ പങ്കാളിത്തം, ‘ഝാന്‍സി റാണിയുടെ ഏതെങ്കിലും രണ്ട് സംഭാവനകള്‍’ എന്നതിലേക്ക് ചുരുങ്ങുന്നു. മൂന്നാമതായി, ചരിത്രം എന്ന വിഷയത്തില്‍ ആഗോളതലത്തില്‍ നടക്കുന്ന മാറ്റങ്ങളും ലിംഗഭേദവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളില്‍ സംഭവിക്കുന്ന പുതിയ സംഭവവികാസങ്ങളും വിദ്യാര്‍ത്ഥി/നികള്‍ അറിയാതെ പോകുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും ഇത്തരം മാറ്റങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ പരാജയപ്പെടുന്നതായി കാണാം.
ചരിത്ര പുസ്തകത്തില്‍ ഇടംപിടിച്ച വളരെ ചുരുക്കം ചില സ്ത്രീകളില്‍ ഒരാളാണ് സാവിത്രിബായ് ഫൂലെ. ഐ.സി.എസ്.ഇ പത്താംതരം പാഠ്യപദ്ധതിയുടെ ഭാഗമല്ലെങ്കിലും ചരിത്ര പാഠപുസ്തകങ്ങള്‍ സാവിത്രിബായ് ഫൂലെയെക്കുറിച്ച് പ്രതിപാദിച്ചു കാണുന്നു. പാഠപുസ്തകത്തില്‍ തന്‍റെ ഭര്‍ത്താവിനോടൊപ്പം പ്രവര്‍ത്തിച്ച ഒരു ഭാര്യയായി മാത്രം ചിത്രീകരിച്ചിരിക്കുന്നതായി കാണാം. പ്രതിപാദന രീതിയില്‍ കാണുന്ന ഇത്തരം പിഴവുകള്‍ പാഠപുസ്തകം നിര്‍മിക്കുന്നവരുടെ പുരുഷാധിപത്യ മനോഭാവത്തെ തുറന്നു കാട്ടുന്നതാണ്. സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച സാവിത്രിബായ് ഫൂലെയെപോലുള്ള സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പൊരുതിയ സ്ത്രീയെ ജ്യോതിബാ ഫൂലെയുടെ ഭാര്യയെന്ന മേല്‍വിലാസത്തില്‍ ഒതുക്കാനുള്ള ശ്രമമായി ഇതിനെ കാണേണ്ടിവരും.
സ്ത്രീയെ കുടുംബത്തിന്‍റെ അകത്തളങ്ങളില്‍ ബന്ധിച്ചിടുവാനും കുടുംബത്തിലെ പുരുഷ ബന്ധുക്കളിലൂടെ മാത്രം പൊതുയിടങ്ങളില്‍ അവതരിക്കുവാനുമുള്ള പുരുഷ മേധാവിത്വപരമായ ആശയം അടുത്ത തലമുറയിലേക്കു പകര്‍ന്നു കൊടുക്കുന്ന പ്രക്രിയക്ക് പാഠപുസ്തകങ്ങളും സാമൂഹിക പരിഷ്കാരത്തിനു ചുക്കാന്‍ പിടിച്ച വ്യക്തിത്വങ്ങളും ഉപയോഗിക്കപ്പെടുന്നു എന്ന നഗ്നമായ യാഥാര്‍ഥ്യങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. സ്ത്രീകള്‍ എന്തൊക്കെ ചെയ്താലും കുടുംബമായിരിക്കണം അവരുടെ അടിസ്ഥാനയിടം എന്ന ആശയം പ്രചരിപ്പിക്കുവാനുള്ള ശ്രമമാണ് ഇതെന്നും പറയേണ്ടി വരും. അതിനായി ഉപയോഗിച്ചിരിക്കുന്ന മാതൃക സാവിത്രിബായ് ഫൂലെ ആണെന്നുള്ള വിരോധാഭാസവുമാണ് ഇവിടെ പ്രകടമാകുന്നത്. പാഠപുസ്തകങ്ങളില്‍ കാണുന്ന ഇത്തരം തെറ്റായ പ്രവണതകള്‍ ലിംഗഭേദമന്യേ കുട്ടികളെ ബാധിക്കുകയും അവരുടെ സമൂഹത്തെയും ജീവിതത്തെയും കുറിച്ചുമുള്ള കാഴ്ചപ്പാടുകളെ ബാധിക്കുകയും ചെയ്യുന്നു.
ലക്ഷ്മി ചന്ദ്രന്‍ സി. പി.
ഗവേഷക വിദ്യാര്‍ത്ഥി
ജെ.എന്‍.യു, ന്യൂഡല്‍ഹി
COMMENTS