Homeഉപ്പും മുളകും

ജി സുശീലാമ്മയെന്ന സ്വാതന്ത്ര്യ സമര സേനാനിനി (1921- 2021)

ലയാളിയെസ്സംബന്ധിച്ച് 1921 വെറുമൊരു വര്‍ഷമല്ല. 1921 എന്നു കേള്‍ക്കുമ്പോള്‍ മലബാര്‍ സമരം എന്നു തന്നെയാണ് രാഷ്ട്രീയ മലയാളി ഓര്‍ക്കുക. വാസ്തവത്തില്‍ 18-ാം നൂറ്റാണ്ടില്‍ തുടങ്ങിയ ഒരു സംഘര്‍ഷം അതിന്‍റെ പരിസമാപ്തിയിലെത്തിയ വര്‍ഷമാണ് 1921. മലബാറിലെ തലശ്ശേരി മട്ടന്നൂര്‍ തൊട്ട് (പഴശ്ശി സമരങ്ങള്‍ ) തുടങ്ങിയ ആ സംഘര്‍ഷം അതിന്‍റെ മൂര്‍ധന്യത്തിലെത്തി അവസാനിക്കുന്നത് പൊന്നാനി- ഏറനാട് – വള്ളുവനാടു താലൂക്കുകളില്‍ ആയിരുന്നുവെന്നു മാത്രം. പല അടരുകളിലൂടെ സഞ്ചരിച്ച ആ സമരം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി കണ്ണി ചേര്‍ന്നു കൊണ്ടാണ് സഞ്ചരിച്ചതെന്നു കാണാം. ആ സമരത്തിന്‍റെ സുപ്രധാനമായ ഒരു വര്‍ഷത്തിലാണ് ആനക്കര വടക്കത്തു തറവാട്ടില്‍ സുശീലാമ്മയെന്ന ചരിത്ര നായിക ജനിച്ചത് എന്നതു യാദൃശ്ചികമാകാം. ആനക്കര വടക്കത്തെന്നു കേള്‍ക്കുമ്പോള്‍ എവികുട്ടിമാളുവമ്മയും അമ്മു സ്വാമിനാഥനും കാപ്റ്റന്‍ ലക്ഷ്മിയും മൃണാളിനി സാരാഭായും മല്ലികാ സാരാഭായും വരെ മലയാളികള്‍ ഓര്‍ക്കാറുണ്ട്. പക്ഷേ നടുവിലെ കണ്ണിയായി നില്ക്കുന്ന സുശീലാമ്മ ആ പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെടാറോ ഓര്‍മ്മിക്കപ്പെടാറോ ഇല്ല. അതില്‍ രാഷ്ട്രീയമായ കാരണങ്ങളുണ്ട്, സുശീലാമ്മയുടെ ഇടപെടലുകളുടെ സവിശേഷതകളുമുണ്ട് എന്നാണ് കരുതേണ്ടത്.
ആരുടേതാണ് / ആരുടേതായിരുന്നു ചരിത്രം എന്ന ചിന്തയെ പ്രശ്നവത്കരിക്കാതെ നമുക്ക് ഈ ഘട്ടം കടന്നു പോവുക ദുഷ്കരമാണ്. അതറിയാനുള്ള എളുപ്പവഴി ചരിത്രത്തില്‍ അടയാളപ്പെട്ട പേരുകള്‍ ശ്രദ്ധിച്ചാല്‍ മതി. ചരിത്രം സൃഷ്ടിച്ചവരുടെ പട്ടികയില്‍, ചരിത്രം മാറ്റിയെഴുതിയവരുടെ പട്ടികയില്‍ എത്ര സ്ത്രീ നാമങ്ങള്‍ ഉണ്ട്? പാഠപുസ്തകങ്ങളിലെ ചരിത്രത്തിലാകട്ടെ, അതിലും കൂടുതല്‍ വായിക്കപ്പെട്ട ചരിത്രത്തിലാകട്ടെ, എത്ര സ്ത്രീനാമങ്ങള്‍ അടയാളപ്പെട്ടു കിടപ്പുണ്ട്? ചരിത്ര നായകന്മാരെ പഠിച്ചും പഠിപ്പിച്ചും ഗവേഷിച്ചും ആഘോഷിച്ചും നമ്മള്‍ പെരുമ്പറയടിച്ചു കൊണ്ടിരിക്കുന്ന ഇതേ ചരിത്രത്തിന്‍റെ മുഖ്യധാരയില്‍ത്തന്നെ ധാരാളം സ്ത്രീകളുണ്ടായിട്ടുണ്ട്. ചരിത്രവും രാഷ്ട്രീയവും തമ്മിലുള്ള അധികാരപരമായ കെട്ടുപിണച്ചില്‍ ഈ സ്ത്രീകളെ ഒന്നടങ്കം പുറം തള്ളിക്കൊണ്ടാണ് സുദൃഢമായതെന്നു കാണാം. അതെ ആ തമസ്കരണം കൃത്യമായും അധികാരത്തിന്‍റെ പ്രശ്നം തന്നെയായിരുന്നു.
പെരുമ്പിലാവില്‍ കുഞ്ഞി ലക്ഷ്മിയമ്മയുടെയും ഏവി ഗോപാലമേനോന്‍റെയും നാലു മക്കളില്‍ ഒരാളായിരുന്നു സുശീലാമ്മ. ഏവി കുട്ടി മാളുവമ്മ കോഴിപ്പുറത്തുമാധവമേനോനെ വിവാഹം ചെയ്ത ശേഷമാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. ആറു മാസം മാത്രം പ്രായമായ മകളെ കൈയിലെടുത്ത് സത്യഗ്രഹത്തിനിറങ്ങി അറസ്റ്റു വരിക്കാന്‍ അവര്‍ ധൈര്യപ്പെട്ടു. അച്ഛന്‍ പെങ്ങളായ അമ്മു സ്വാമിനാഥന്‍റെ രാഷ്ട്രീയ ജീവിതവും സുശീലാമ്മയുടെ മുമ്പിലുണ്ടായിരുന്നു. 1942ല്‍ ‘ഡു ഓര്‍ ഡൈ’ എന്ന മുദ്രാവാക്യം മുഴക്കി കോളേജ് വിട്ട് രാഷ്ട്രീയ സമരത്തിലിറങ്ങാന്‍ സുശീലാമ്മക്ക് ധൈര്യം കിട്ടിയത് ഈ പാരമ്പര്യമാതൃകശക്തിയാല്‍ത്തന്നെയാകാം. അവരന്ന് അറസ്റ്റു ചെയ്യപ്പെട്ടു. മദിരാശി ജയിലില്‍ നിന്ന് അവരെ വെല്ലൂരുള്ള സ്ത്രീകളുടെ ജയിലിലേക്കു മാറ്റി.


അറസ്റ്റു വരിച്ചവരില്‍ അവരോടൊപ്പം പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നുവെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. ജയിലില്‍ എന്തെങ്കിലും കുറവുകളുണ്ടോ എന്നന്വേഷിക്കാന്‍ ഉദ്യോഗസ്ഥരുടെ കമ്മിറ്റി വന്നപ്പോള്‍ കളിക്കാന്‍ ഒരു കോര്‍ട്ടുണ്ടാക്കിത്തരണമെന്ന് ആ പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടു. അങ്ങനെ പെണ്‍കുട്ടികള്‍ക്കു കളിക്കാന്‍ ജയിലില്‍ ഒരു ടെന്നിക്കോയ്ഡ് കോര്‍ട്ട് നിര്‍മ്മിക്കപ്പെട്ടു. 1942ല്‍ സുശീലാമ്മയുള്‍പ്പടെയുള്ള ഒരു കൂട്ടം പെണ്‍കുട്ടികള്‍ക്ക് കളിക്കാനുള്ള സൗകര്യം ഒരുക്കിത്തരണമെന്ന് ബ്രിട്ടീഷ് അധികാരികളോട് ആവശ്യപ്പെടാനുള്ള ഇച്ഛാശക്തിയും സംഘബോധവും ഉണ്ടായിരുന്നുവെന്നതു നിസ്സാര കാര്യമല്ല. സ്വന്തം ശരീരത്തെപ്പറ്റിയും സന്തോഷത്തെപ്പറ്റിയും ആരോഗ്യത്തെപ്പറ്റിയുമുള്ള ആ അറിവ് അവരെ ആരും പഠിപ്പിച്ചതാകാനിടയില്ല. അതവര്‍ക്കു സ്വയം തോന്നിയ ആവശ്യമാണ്. എത്രയേറെ തന്‍റേടത്തോടെയും നിര്‍ഭയമായും സ്വയം ബോധ്യത്തോടെയുമാണ് ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ അവര്‍ പങ്കെടുത്തിരിക്കുക എന്നു തിരിച്ചറിയാന്‍ അധികാരികള്‍ മുമ്പാകെ അവരുന്നയിച്ച ഈയൊരറ്റ ആവശ്യം മതിയാകും.
‘തടവില്‍ ഇരുന്നാല്‍ മാത്രമേ സ്വാതന്ത്ര്യത്തിന്‍റെ വില അറിയൂ’ എന്നു ജയില്‍ വാസക്കാലത്തു താന്‍ തിരിച്ചറിഞ്ഞതായി അവര്‍ പറയുന്നുണ്ട്. അതെ വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ മാത്രമല്ല രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന്‍റെയും വില അനുഭവിച്ചറിയുകയായിരുന്നു അവര്‍. മറ്റനേകം പുരുഷപോരാളികളെപ്പോലെ സ്വന്തം വിദ്യാഭ്യാസ ജീവിതവും തൊഴില്‍ ജീവിതവും അസ്ഥിരപ്പെടുത്തിക്കൊണ്ടു തന്നെ ആയിരുന്നു അവര്‍ സ്വാതന്ത്ര്യ സമരത്തിലേക്ക് സ്വയം എടുത്തെറിഞ്ഞത്. 1943ല്‍ ആയിരുന്നു അവര്‍ പരീക്ഷ എഴുതേണ്ടിയിരുന്നത്. എന്നാല്‍ അറസ്റ്റും ജയില്‍വാസവും കാരണം പരീക്ഷയെഴുതാനോ വിദ്യാഭ്യാസം തുടരാനോ എന്തെങ്കിലും ജോലിക്കു ശ്രമിക്കാനോ കഴിയാതെ വന്നതിനാല്‍ ജയില്‍വിമോചിതയായപ്പോള്‍ അവര്‍ ആനക്കര വടക്കത്തേക്കു തിരിച്ചെത്തി.
അപ്പോഴേക്ക് കോണ്‍ഗ്രസ് കമ്മിറ്റി മഹിളാ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചിരുന്നു. കോഴിക്കോടു തുടങ്ങിയ ദേശീയ മഹിളാ സമാജ പ്രവര്‍ത്തനങ്ങള്‍ക്ക് ശാരദാമ്മയായിരുന്നു നേതൃത്വം കൊടുത്തതെങ്കില്‍ കണ്ണൂരില്‍ കൗമുദി ടീച്ചറായിരുന്നു. തൃശൂരിലാകട്ടെ അതു കമലാനമ്പീശന്‍റെ നേതൃത്വത്തില്‍ ആയിരുന്നു. ഇവരൊക്കെയുമായി ബന്ധപ്പെട്ടും ചര്‍ച്ച ചെയ്തും 1943ല്‍ത്തന്നെ സ്വന്തം നാട്ടില്‍ സുശീലാമ്മ മഹിളാ സമാജത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അവരുടെ സഹോദരിയായിരുന്ന ആനക്കര വടക്കത്തു സരോജിനിയമ്മയും മഹിളാ സമാജത്തിന്‍റെ ആദ്യകാല പ്രവര്‍ത്തകയായിരുന്നു.
ഗാന്ധിജിയുടെ കര്‍മ്മ പരിപാടികളും സ്വാതന്ത്ര്യ സമരവുമൊക്കെ നാട്ടിലെ സ്ത്രീകള്‍ക്കു വിവരിച്ചു കൊടുത്തുകൊണ്ടായിരുന്നു മഹിളാസമാജങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. പിന്നെ നൂല്‍നൂല്പും നെയ്ത്തുമൊക്കെ സ്ത്രീകളെ പരിശീലിപ്പിച്ചു. അന്ന് ഖാദി നെയ്ത്തിന്‍റെ കേന്ദ്രമായിരുന്ന പയ്യന്നൂരില്‍ പോയ അനുഭവം അവര്‍ പങ്കുവെച്ചിട്ടുണ്ട്. മഹിളാ സമാജത്തിന്‍റെ സംഘാടനവും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ യാത്രകള്‍ അവര്‍ക്ക് അന്ന് ആവശ്യമായി വന്നിരുന്നു. 1940കളില്‍ നന്നേ ചെറുപ്പക്കാരിയായ സുശീലാമ്മ ഒറ്റക്കു സഞ്ചരിച്ച് രാഷ്ട്രീയപ്രവര്‍ത്തനവും അതിനാസ്പദമായ സ്ത്രീപ്രവര്‍ത്തനവും നടത്തിയെന്നതു വലിയ കാര്യമാണ്. അത്രക്കു നിര്‍ഭയയായ ഒരു പെണ്‍കുട്ടിക്കു മാത്രമേ ഇന്നു പോലും ഒറ്റക്കു യാത്ര ചെയ്ത് പൊതുപ്രവര്‍ത്തനം നടത്താന്‍ പറ്റുകയുള്ളൂ എന്ന് കേരളത്തില്‍ ആര്‍ക്കാണറിയാത്തത്! ജാതി മതങ്ങള്‍ക്കതീതമായ കൂടിച്ചേരലുകള്‍ക്കും മിശ്രഭോജനത്തിനും അവര്‍ മുന്‍കൈയെടുത്തു. ഇന്ന് എന്തൊക്കെ പരിമിതികള്‍ അതിനാരോപിച്ചാലും അക്കാലത്ത് അതൊരു വിപ്ലവ പ്രവര്‍ത്തനം തന്നെയായിരുന്നു.
തന്‍റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഇതേ ഇച്ഛാശക്തിയാണവര്‍ പ്രകടമാക്കിയത് – വിവാഹം, വിവാഹമോചനം, കുട്ടികളെ വളര്‍ത്തല്‍ എന്നിങ്ങനെയുള്ള എല്ലാ ഘട്ടങ്ങളിലും തികച്ചും വ്യക്തിത്വമുള്ള നിലപാടെടുത്ത് സ്വന്തം തറയില്‍ ഉറച്ചു നിന്ന സ്ത്രീയാണ് സുശീലാമ്മ.
വിവാഹമോചനം, അച്ഛന്‍റെ അസുഖം എന്നീ കാരണങ്ങള്‍ കൊണ്ട് 1958 ല്‍ അവര്‍ വീണ്ടും ആനക്കര വടക്കത്തു തിരിച്ചെത്തി. അപ്പോഴേക്ക് മഹിളാസമാജം പ്രവര്‍ത്തനങ്ങള്‍ നിലച്ചിരുന്നു. അവരെപ്പോലെ ആദര്‍ശധീരയായ ഒരു സ്ത്രീക്കു പ്രവര്‍ത്തിക്കാനുള്ള പൊതുമണ്ഡലങ്ങള്‍ അത്രയൊന്നും അവശേഷിച്ചിരുന്നില്ല. ചരിത്രപ്രാധാന്യമുള്ള ആ വീടിനെ 1958 മുതല്‍ നിലനിര്‍ത്തുകയും കാത്തു പോരികയും ചെയ്തു കൊണ്ട് അവര്‍ ആനക്കര വടക്കത്തെ സ്ഥിരം താമസക്കാരിയായി. വീട്ടിലുള്ളവരെ ശുശ്രൂഷിച്ചു. അവര്‍ക്കു വേണ്ടുന്ന കാര്യങ്ങള്‍ ത്യാഗത്തോടെ സമര്‍പ്പണബുദ്ധിയോടെ നിര്‍വഹിച്ചു. ചിലരങ്ങനെയാണ് ചില സന്ദര്‍ഭങ്ങളില്‍ വാക്കും നോക്കും ഉള്‍വലിച്ചു കളയും. അപ്പോഴുമവരുടെ കണ്ണുകളും കാതുകളും മനസും സമൂഹത്തിലേക്കും രാഷ്ട്രത്തിലേക്കും തുറന്നു തന്നെയിരിക്കും. അങ്ങനെ ഓരം ചേര്‍ന്നു പോയ വലിയ ഒരു സ്ത്രീയായിരുന്നു സുശീലാമ്മ. ഇന്ദിരാഗാന്ധിയെ ഒരു നല്ല ഭരണാധികാരിയായി വിലയിരുത്തുമ്പോഴും അടിയന്തിരാവസ്ഥ അവര്‍ക്കു പറ്റിയ പിഴവായി മനസിലാക്കാന്‍ ധൈര്യമുള്ള ഗാന്ധിയന്‍ ജനാധിപത്യ ബോധം സുശീലാമ്മയില്‍ സ്ഥായിയായിരുന്നു. ജാതി മത ശക്തികളുമായുള്ള കൂട്ടുകെട്ടുകള്‍ മതേതര രാഷ്ട്രീയ കക്ഷികള്‍ക്കു ഗുണം ചെയ്യില്ലെന്നു വിലയിരുത്താന്‍ ശേഷിയുള്ള രാഷ്ട്രീയ നിരീക്ഷണശേഷി അവരില്‍ ഓര്‍മ്മ നശിക്കുവോളം ഉണ്ടായിരുന്നു. അദ്ഭുതമെന്തിന്, അത്രക്കും ധീരയും ആദര്‍ശവതിയും ത്യാഗസന്നദ്ധയുമായ ഒരു സ്വാതന്ത്ര്യ സമര സേനാനിനി പില്ക്കാലത്ത് ഒരു പഞ്ചായത്ത് മെമ്പര്‍ പോലുമായില്ല എന്നതില്‍? അതങ്ങനെയാണ് ഗാന്ധിജിയുടെ കര്‍മ്മശുദ്ധിയും ത്യാഗ ബുദ്ധിയും ഏറ്റുവാങ്ങിയത് കൗമുദി ടീച്ചറെയും സുശീലാമ്മയെയും പോലുള്ള സ്ത്രീകള്‍ തന്നെയായിരുന്നല്ലോ.

സുശീലാമ്മക്ക് ആദരങ്ങള്‍
( ആനക്കര വടക്കത്ത് ജി സുശീലാമ്മ നേരിട്ടു പറഞ്ഞ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ആദരക്കുറിപ്പ്. വിശദമായ അഭിമുഖം മാധ്യമം ആഴ്ചപ്പതിപ്പിലും വര്‍ഷങ്ങള്‍ക്കു ശേഷം പുറത്തിറങ്ങിയ എന്‍റെ പെണ്‍കാലങ്ങള്‍ (2010) എന്ന പുസ്തകത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്)

ഗീത

 

 

COMMENTS

COMMENT WITH EMAIL: 0