Homeശാസ്ത്രം

കഥ പറഞ്ഞു കാലാവസ്ഥാ വ്യതിയാനങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ശാസ്ത്രജ്ഞ – കെയ്റ്റ് മാര്‍വെല്‍

ഥയിലൂടെ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് സംസാരിക്കുന്ന ശാസ്ത്രജ്ഞ, ഇപ്പോള്‍ ഗവേഷണം നടത്തുന്നത് നാസ ഗൊദ്ദാര്‍ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പേസ് സ്റ്റഡീസില്‍..2019-ല്‍ ടൈം മാഗസിന്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ശ്രദ്ധേയരായ പതിനഞ്ചു വനിതകളെ തെരഞ്ഞെടുത്തപ്പോള്‍ അതില്‍ ഇടം നേടിയ വനിത, പറഞ്ഞുവരുന്നത് ഒരേ സമയം ശാസ്ത്രജ്ഞയും ശാസ്ത്രപ്രചാരകയുമായ കെയ്റ്റ് മാര്‍വെലിനെക്കുറിച്ചാണ്.
കലിഫോര്‍ണിയ ബെര്‍ക്കിലി സര്‍വ്വകലാശാലയില്‍ നിന്നും 2003-ല്‍ ഊര്‍ജതന്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും ബിരുദം നേടിയ മാര്‍വെല്‍ 2008-ല്‍ കേംബ്രിജ് സര്‍വ്വകലാശാലയില്‍ നിന്നും സൈദ്ധാന്തിക ഭൗതികത്തില്‍ ഡോക്റ്ററേറ്റ് നേടി. തുടര്‍ന്ന് സ്റ്റാന്‍ഫഡ് സര്‍വ്വകലാശാലയില്‍ പോസ്റ്റ് ഡോക്റ്ററല്‍ ഫെല്ലോ ആയി എത്തിയതോടെ കാലാവസ്ഥാശാസ്ത്രത്തിലും ഊര്‍ജത്തിലും ശ്രദ്ധ കേന്ദീകരിക്കാന്‍ തുടങ്ങി. 2013-ല്‍ ലോറന്‍സ് ലിവര്‍മോര്‍ നാഷണല്‍ ലബോറട്ടറിയിലെ ഗവേഷണകാലത്ത് മനുഷ്യന്‍റെ വിവേചനരഹിതമായ പ്രവര്‍ത്തനങ്ങളുടെ ഫലമായ ഗുരുതരമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ആഗോളതലത്തില്‍ മഴയുടെ വിതരണത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതു സംബന്ധിച്ചു നടത്തിയ പഠനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ ക്ലൈമറ്റ് മോഡലിങ്ങില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന മാര്‍വെല്‍ അധികമൊന്നും പഠനം നടന്നിട്ടില്ലാത്ത, മേഘ പടലങ്ങളും കാലാവാസ്ഥാ വ്യതിയാനങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഗവേഷണങ്ങളുമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ മണ്ണിന്‍റെ ഈര്‍പ്പത്തില്‍ ഉണ്ടാവുന്ന വ്യത്യാസത്തെക്കുറിച്ചും അത് വൃക്ഷങ്ങളിലെ വാര്‍ഷിക വലയങ്ങളില്‍ ഉണ്ടാക്കുന്ന മാറ്റത്തെക്കുറിച്ചും നടത്തിയ പഠനങ്ങളിലെ വിവരങ്ങള്‍ ഉപയോഗപ്പെടുത്തി കമ്പ്യൂട്ടര്‍ മോഡലിങ്ങിന്‍റെ സഹായത്തോടെ കാലങ്ങളായി കാലാവസ്ഥാവ്യതിയാനങ്ങള്‍ വരള്‍ച്ചയുടെ തീവ്രത കൂട്ടുന്നതിനെക്കുറിച്ച് മുന്നറിയിപ്പു നല്‍കി. നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ പഠനറിപ്പോര്‍ട്ട് ആഗോളതാപനത്തിന്‍റെയും കാലാവസ്ഥാ വ്യതിയാനങ്ങളുടെയും കാരണത്തില്‍ ഏറിയ പങ്കും മനുഷ്യന്‍റെ സംഭാവനയാണെന്ന് അടിവരയിടുന്ന ഒന്നായിരുന്നു. 2017-ലെ ടെഡ് കോണ്‍ഫറന്‍സില്‍ പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളെകുറിച്ചും ആഗോളതാപന തീവ്രത കുറയ്ക്കാനായി മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുള്ള ജിയോഎഞ്ചിനീയറിങ് മോഡലുകളുടെ പരിമിതികളെക്കുറിച്ചും നടത്തിയ പ്രഭാഷണവും ശ്രദ്ധിക്കപ്പെട്ടു.


ആഗോളതാപനവും അതിന്‍റെ സന്തതിയായ കാലാവസ്ഥാ വ്യതിയാനങ്ങളും വിതയ്ക്കുന്ന ദുരന്തങ്ങളെക്കുറിച്ചും അതിനെ ചെറുക്കാന്‍ നമുക്കോരോരുത്തര്‍ക്കും എന്തൊക്കെ ചെയ്യാന്‍ സാധിക്കും എന്നതിനെക്കുറിച്ചും സാധാരണക്കാരിലും കുട്ടികളിലും അവബോധമുണ്ടാക്കാന്‍ കഥകളിലൂടെയും ലേഖനങ്ങളിലൂടെയുമൊക്കെ ശ്രമിക്കുയാണീ വനിത. ഇതിന് ദ് സ്റ്റോറി കൊളൈഡര്‍ പോലുള്ള സ്റ്റോറി ടെല്ലിങ് സീരീസുകള്‍ തനിക്ക് ഇതിനു പ്രചോദനമായെന്നു മാര്‍വെല്‍ പറയുന്നു. കാലാവസ്ഥാവ്യതിയാനങ്ങളെ ചെറുത്തുതോല്പിക്കാനുള്ള വിവിധ പ്രവര്‍ത്തങ്ങളില്‍ സജീവമായ വനിതകളുടെ രചനകള്‍ സമാഹരിച്ചുകൊണ്ട് ഓള്‍ വീ കാന്‍ സേവ് എന്ന പുസ്തകവും ഇറക്കി. ശാസ്ത്രഗവേഷണവും ശാസ്ത്രപ്രചാരണവും രണ്ടു ധ്രുവങ്ങളില്‍ നില്‍ക്കുന്നതിനു പകരം ഒന്നിച്ചുപോവണമെന്നാണ് സയന്‍റിഫിക് അമേരിക്കന്‍ മാഗസിനില്‍ ഹോട് പ്ലാനറ്റ് എന്ന കോളം കൈകാര്യം ചെയ്തുവരുന്ന കെയ്റ്റ് മാര്‍വെല്‍ അടിവരയിട്ടു പറയുന്നത്.

 

സീമ ശ്രീലയം
പ്രമുഖ ശാസ്ത്ര ലേഖിക,
നിരവധി ബഹുമതികള്‍ക്ക് ഉടമ

COMMENTS

COMMENT WITH EMAIL: 0