മുഖവുര- ഒക്‌ടോബര്‍ ലക്കം

Homeമുഖവുര

മുഖവുര- ഒക്‌ടോബര്‍ ലക്കം

ഡോ.ഷീബ കെ.എം.

രാജ്യത്തിന്‍റെ സമ്പത്ത് വീതം വെച്ച് സ്വകാര്യ മൂലധന ശക്തികള്‍ക്ക് വില്‍ക്കുന്ന പ്രവണതയ്ക്ക് ആക്കം കൂടിയിരിക്കുന്നു. വിമാനത്താവളങ്ങള്‍ക്ക് പുറകേ തീവണ്ടിയാപ്പീസുകളും പൊതുമേഖലയില്‍ നിന്ന് അപ്രത്യക്ഷമാകുന്നു. കുടിക്കുന്ന ജലവും ശ്വസിക്കുന്ന വായുവും മുതലാളിത്ത വ്യവസ്ഥയുടെ ലാഭബലതന്ത്രങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്ന അവസ്ഥാവിശേഷങ്ങളിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 179 അതിധനികര്‍ ഉണ്ടായി വന്നെന്നാണ് കണക്ക്. ആയിരം കോടിയിലധികം പ്രതിദിന വരുമാനം ഉള്ള ഗൗതം അദാനിയും തുച്ഛദയനീമായ വേതനങ്ങളില്‍ ജീവിതം ഞെരുക്കിയൊതുക്കുന്ന ഈ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ഒരേ ഇന്ത്യയുടെ വൈരുദ്ധ്യമുഖങ്ങളുള്ള യാഥാര്‍ത്ഥ്യങ്ങളാണ്. നാരായണനെ ഭജിക്കുന്നതിനു മുന്‍പ് ദരിദ്രനാരായണനെ സ്മരിക്കണമെന്ന് സ്വാമി വിവേകാനന്ദന്‍ പണ്ട് പറഞ്ഞത് ഹിന്ദുത്വ രാഷ്ട്രീയസാമ്പത്തിക നയങ്ങള്‍ക്ക് വഴികാട്ടിയായെങ്കില്‍ എന്ന് തീവ്രമായി ആശിച്ചു പോകുന്നു.
ജുഡീഷ്യറിയില്‍ അന്‍പതു ശതമാനം സ്ത്രീസംവരണം വേണം എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ഈയിടെ ആവശ്യപ്പെട്ടത് സഹര്‍ഷം സ്വാഗതം ചെയ്യുന്നു. കീഴ്ക്കോടതികളില്‍ 30 ശതമാനവും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേവലം 11 മുതല്‍ 12 ശതമാനം വരെയും മാത്രമാണ് ഇപ്പോള്‍ സ്ത്രീപ്രാതിനിധ്യം ഉള്ളത് എന്നാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചീഫ് ജസ്റ്റിസ് രമണ ആവശ്യപ്പെട്ട ഈ ഉള്‍ക്കൊള്ളല്‍ നയം വൈകാതെ നടപ്പിലാക്കപ്പെടും എന്ന് പ്രത്യാശിക്കട്ടെ.
ലൈംഗിക ബലാല്‍ക്കാരത്തിനിരയായി ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് 29 ആഴ്ച ചെന്ന ഗര്‍ഭം അലസിപ്പിക്കാന്‍ ബോംബെ ഹൈക്കോടതി നല്‍കിയ അനുവാദം ആശ്വാസകരവും സ്വാഗതാര്‍ഹവുമാണ്. അവള്‍ അനുഭവിക്കുന്ന തീവ്ര മാനസിക സമ്മര്‍ദ്ദം കണക്കിലെടുത്തു കൊണ്ടായിരുന്നു ഈ വിധിനിര്‍ണ്ണയം. ബലാല്‍ക്കാരം നടത്തിയവരോട് ഇരയെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുന്ന ന്യായാധിപന്‍മാരും അങ്ങനെ വിവാഹം കഴിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുറ്റവാളികളുമുള്ള കാലത്ത് ഇങ്ങനെ ഒരു വിധിനിര്‍ണ്ണയം ഉണ്ടായത് ഏറെ പ്രതീക്ഷ നല്‍കുന്നു.സമാനമായ നിയമ വ്യവഹാരങ്ങളില്‍ ഇതൊരു മാതൃകയാവട്ടെ.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അര്‍ഹയായ ലീലാവതി ടീച്ചര്‍ക്ക് നിറഞ്ഞ അഭിനന്ദനങ്ങള്‍! സാഹിത്യവിമര്‍ശനം പുരുഷ സാഹിത്യകാരന്‍മാരുടെ കുത്തകയായിരുന്നു എന്നും. സാഹിത്യ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനും വിമര്‍ശനങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും ഈ രംഗത്തേക്ക് പ്രവേശിക്കുന്നത് സ്ത്രീകള്‍ക്ക് ദുഷ്കരമായിരുന്നു കാലങ്ങളോളം . “സംഘടിത’യുടെ ഉപദേശകസമിതി അംഗം കൂടിയായ ലീലാവതി ടീച്ചര്‍ സധൈര്യം തുറന്ന വഴികള്‍ വരും തലമുറകള്‍ക്കൊക്കെ പ്രചോദനമാകുമെന്ന് കരുതാം.
സ്നേഹബന്ധങ്ങള്‍ പുരുഷന് അക്രമാസക്തമായി ഉടമസ്ഥാവകാശം സ്ഥാപിക്കാനുള്ളതാണെന്ന് വിവക്ഷിക്കപ്പെടുന്നത് വിഷലിപ്തമായ ആണത്തത്തിന്‍റെ ( toxic masculinity) ആപല്‍ക്കരമായ സുചനയാണ്. അത് കുടുംബത്തിനകത്തായാലും സൗഹൃദത്തിലായാലും പ്രണയത്തിലായാലും അങ്ങനെ തന്നെ. പരസ്പര അനുവാദം എന്നത് എത്രമാത്രം ഗൗരവത്തോടെയും ബഹുമാനത്തോടെയും പരിഗണിക്കേണ്ട വിഷയമാണെന്ന് പുരുഷന്‍മാരെ പഠിപ്പിക്കാന്‍ സമൂഹം ദയനീയമായി പരാജയപ്പെടുന്നുണ്ട്. പാല സെന്‍റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥിയായ നിഥിനമോളെ സ്വന്തം സഹപാഠിയായ അഭിഷേക് ബൈജു നടുറോഡില്‍ വെച്ച് പട്ടാപ്പകല്‍ അതിദാരുണമായി കൊലചെയ്തതാണ് ഇതില്‍ ഒടുവിലത്തെ സംഭവം. മാനസ വെടിയേറ്റ് മരിച്ചിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളു എന്നോര്‍ക്കണം. ഒരു കാലത്ത് പ്രണയിച്ചിരുന്നതില്‍ നിന്ന് അകല്ച്ചയിലേക്ക് പോയി എന്നതത്രേ നിഥിന ചെയ്ത ‘കുറ്റം’! ഈ സംഭവത്തെ പ്രണയകൊലപാതകം എന്നൊക്കെ മയപ്പെടുത്തി വിളിക്കുന്നത് മാധ്യമങ്ങളും പൊതു സമൂഹവും ഉടനടി നിര്‍ത്തണം. പ്രണയത്തിന്‍റെ ഏത് വ്യാഖ്യാനത്തിലാണ് അതിക്രൂരമായ കൊന്നൊടുക്കലിനെ ചേര്‍ക്കാനാവുക എന്നാലോചിക്കണം. സ്ത്രീവാദ വ്യവഹാരങ്ങളും ജനാധിപത്യ മുന്നേറ്റങ്ങളും പുരുഷന്‍മാരോടും ആണത്ത സങ്കല്പങ്ങളോടും വേണ്ടവിധം സംവദിക്കാത്തതിന്‍റെ പരിമിതികളാണ് അനുദിനം അതിഭീകരമായി വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്. കുടുംബത്തിനകത്തും വിദ്യാലയങ്ങളിലും കലാലയങ്ങളിലും ഇത് അടിയന്തര ചര്‍ച്ചാവിഷയമായി മാറേണ്ടതാണ്. പൊതുമണ്ഡലത്തിലും പൊതുബോധത്തിലുമുള്ള ആണത്തവ്യവഹാരങ്ങള്‍ ശക്തമായി പൊളിച്ചെഴുതിയേ തീരൂ.
ഒരു വ്യക്തി ഒരു പ്രസ്ഥാനം പോലെ സാമൂഹ്യമാറ്റത്തിന്‍റെ പ്രതീകമായി നിറഞ്ഞു നില്‍ക്കുക – അതായിരുന്നു കഴിഞ്ഞ ദിവസം ഈ ലോകത്ത് നിന്നും കടന്നു പോയ കമല ഭസിന്‍ . ഒരു നിമിഷത്തേക്ക് പോലും അവരെ പരിചയപ്പെട്ടവരുടെ ജീവിതത്തെ സൂക്ഷ്മമായി സ്പര്‍ശിക്കാനുള്ള അപാരശേഷിയുള്ള വ്യക്തിത്വം . രാജസ്ഥാനിലെ ഗ്രാമീണരായ സ്ത്രീകള്‍ തൊട്ട് ഐക്യരാഷ്ട്ര സഭയുടെ അംഗങ്ങളെ വരെ തന്‍റെ സ്ത്രീവാദത്തിന്‍റെ ശബ്ദം കേള്‍പ്പിച്ച കമല തന്‍റെ പാട്ടിലൂടെയും നര്‍മ്മ ശകലങ്ങളിലൂടെയും പകര്‍ന്ന അത്ഭുത ഊര്‍ജ്ജം അവരുടെ കാലശേഷവും നിലനില്‍ക്കുക തന്നെ ചെയ്യും. ലളിതമായ ഭാഷയില്‍ ലിംഗപദവിയെക്കുറിച്ചും സ്ത്രീവാദത്തെക്കുറിച്ചും കമല പകര്‍ന്ന പാഠങ്ങള്‍, സ്ത്രീവാദ പ്രയോഗത്തിന്‍റെ നിസ്തുലമാതൃകകള്‍ , സൗഹ്യദത്തിന്‍റെയും സ്നേഹത്തിന്‍റെയും അപാരസാധ്യതകള്‍, അന്താരാഷ്ട്ര ജനാധിപത്യ ഐക്യപ്പെടലുകളുടെ രൂപരേഖകള്‍ , ദക്ഷിണേഷ്യന്‍ കൂട്ടായ്മകളുണ്ടാക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ – ഇങ്ങനെ കമലയെ ഓര്‍ക്കാനും പിന്തുടരാനും ഒരായിരം കാരണങ്ങള്‍ ഓരോ സ്ത്രീവാദിക്കുമുണ്ടാകും. അവര്‍ പാടി അനശ്വരമാക്കിയ സ്വാതന്ത്ര്യേച്ഛയുടെ ‘ആസാദി’ ഗാനം നമ്മെ മുന്നോട്ടു നയിക്കുക തന്നെ ചെയ്യും. ഞങ്ങളുടെ മരിക്കാത്ത ഓര്‍മ്മകളില്‍ ജീവിക്കുക, കമലാ …. പ്രണാമം!
ട്രാന്‍സ്ജെണ്ടര്‍ പോളിസിക്ക് രൂപം കൊടുത്ത ഏക സംസ്ഥാനം എന്ന പദവി നിലനില്‍ക്കുമ്പോഴും ട്രാന്‍സ് സൗഹൃദപരമായ ഇടമാണോ കേരളം എന്ന് നാമിപ്പോഴും സംശയിക്കേണ്ടിയിരിക്കുന്നു. സ്വതന്ത്ര ജീവിതത്തിനുള്ള ഉപാധികളാരായാന്‍ ട്രാന്‍സ് വ്യക്തികള്‍ക്ക് സാധിക്കുന്നുണ്ടോ ? സ്വന്തം കുടുംബങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ടവരായിട്ടും പുനരധിവാസവും ജീവനോപാധികള്‍ കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങളും പൊതുസ്വീകാര്യതയും സാമൂഹ്യനീതിയുമെല്ലാം ഇപ്പോഴും എത്രയോ അകലെയാണ് എന്നതാണ് കഠിന യാഥാര്‍ത്ഥ്യം. ട്രാന്‍സ് വ്യക്തികള്‍ക്കും ഈ ഭൂമിയുടെ അവകാശികള്‍ ആയിരിക്കാനുള്ള അവസ്ഥകളുണ്ടാകണമെന്ന് ആഗ്രഹിച്ചുകൊണ്ട് അനു കുര്യാക്കോസ് അതിഥിപത്രാധിപയായി ‘ട്രാന്‍സ്ജെണ്ടര്‍ ജീവിതങ്ങള്‍ ‘ ചര്‍ച്ചചെയ്യുന്ന ഒക്ടോബര്‍ ലക്കം സംഘടിത സമര്‍പ്പിക്കുന്നു.