Homeചർച്ചാവിഷയം

ട്രാന്‍സ് വിരുദ്ധ വികാരങ്ങളും പെരുമാറ്റങ്ങളും മനസ്സിലാക്കുമ്പോള്‍

മകാലിക സമൂഹത്തില്‍ ലിംഗവിവേചനം നേരിടുന്നവരാണ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍. തെറ്റായ സംജ്ഞകളുപയോഗിച്ച് അഭിസംബോധന ചെയ്യപ്പെടുന്നതും പൊതുവിടങ്ങളിലെ ശൗചാലയങ്ങളില്ലാത്തതുമടക്കമുള്ള ഒട്ടനേകം ഘടനാപരവും വ്യവസ്ഥാപിതവുമായവ അവര്‍ നേരിടുന്ന വിവേചനങ്ങളിലുള്‍പ്പെടുന്നു. ‘ട്രാന്‍സ്ജെന്‍ഡര്‍’ എന്ന് ഒരു വ്യക്തി സ്വയം അടയാളപ്പെടുത്തിയാല്‍ അയാളെ പരിഹസിക്കാനും ഒറ്റപ്പെടുത്താനും സമൂഹം മുതിരുന്നു. സിസ് പുരുഷന്‍മാര്‍ക്കും സിസ് സ്ത്രീകള്‍ക്കുമുള്ള പല പദവികളും ട്രാന്‍സ് വ്യക്തികള്‍ക്ക് നിഷേധിക്കപ്പെടുന്നു (കെല്‍ബി, ആമുഖം 12). ദ്വന്ദത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ലിംഗ വ്യവസ്ഥയാണ് ട്രാന്‍സ് വ്യക്തികള്‍ക്കെതിരെയുള്ള വിവേചനങ്ങള്‍ക്കു പ്രധാനമായുള്ള കാരണം. ഈ വ്യവസ്ഥ ലിംഗ-ലൈംഗിക വ്യത്യാസങ്ങളെ വളരെ സ്വഭാവികമായിക്കണ്ട് അതിനനുസരിച്ച് ചില സാമൂഹിക റോളുകള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അത് ഇത്തരം ദ്വന്ദ വ്യവസ്ഥയ്ക്ക് പുറത്ത് നിലകൊള്ളുന്ന വ്യക്തിത്വങ്ങളെ രോഗികളായി പാര്‍ശ്വവത്കരിക്കുന്നു. ട്രാന്‍സ് വ്യക്തികള്‍ക്കെതിരേയുള്ള ശാരീരികവും മാനസികവുമായ അക്രമങ്ങള്‍; അപമാനകരമായ സംജ്ഞകളുള്‍പ്പടെയുള്ള കാര്യങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ ഗവേഷണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നവര്‍ ഇത്തരം വിഷയങ്ങളെ ഗൗരവത്തോടെ സമീപിയ്ക്കുകയും അവയുടെ പശ്ചത്തലങ്ങളെ വിശകലനം ചെയ്ത് അത്തരം വിവേചനങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ ആരായുകയും ചെയ്യുന്നു.
പ്രധാനമായും ലിംഗാവസ്ഥകളെ വേര്‍തിരിച്ച് അടയാളപ്പെടുത്തേണ്ട ഇടങ്ങളിലാണ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ വിവേചനം നേരിടുന്നത്. അത്തരമിടങ്ങളില്‍ ലിംഗ വേര്‍തിരിവ് അസ്വസ്ഥതയും ഭയവുമുളവാക്കുന്നു (Westbrook and Schilt, ” Doing Gender Determining Gender” 49). പാശ്ചാത്യ പഠനങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള അത്തരമൊരിടമാണ് റെസ്റ്റ്റൂമുകള്‍. ലിംഗവേര്‍തിരിവിനെ അടിസ്ഥാനമാക്കിയുള്ള ഈ പൊതുവിടത്തില്‍ ദ്വന്ദലിംഗങ്ങളിലുള്‍പ്പെടാത്തവര്‍ മറ്റുള്ളവര്‍ക്ക് ഭയമുളവാക്കുന്നവരായി മുദ്ര കുത്തപ്പെടുന്നു. ഇത്തരം സ്ഥലങ്ങളില്‍ പലപ്പോഴും ഹോര്‍മോണ്‍ തെറാപ്പികളടക്കമുള്ള പ്രക്രിയകളിലൂടെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ക്ക് ചില പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് ചില പാശ്ചാത്യ പഠനങ്ങള്‍ വിരല്‍ ചൂണ്ടുന്നു(Westbrook and Schilt, 34). ഹെറ്റെറോനോര്‍മേറ്റീവ് ആയുള്ള ലിംഗവ്യവസ്ഥ കര്‍ശനമായി ഇത്തരം സ്ഥലങ്ങളില്‍ നടപ്പാക്കുന്നത് ഒരു പരിധി വരെ ലൈംഗിക അക്രമങ്ങള്‍ നിയന്ത്രിക്കുന്നതിനാണ്. ട്രാന്‍സ് വ്യക്തികള്‍ക്കായി പ്രത്യേകമായുള്ളൊരു ശൗചാലയമില്ലാത്ത ഇന്ത്യയില്‍ ഒരു ട്രാന്‍സ് പുരുഷനോ സ്ത്രീയോ പൊതു ശൗചാലയം ഉപയോഗിക്കാന്‍ തുനിഞ്ഞാല്‍ അത് മറ്റുള്ളവര്‍ക്ക് ലിംഗത്വ ഭീതിക്ക് കാരണമാവുന്നു.

സ്ത്രീ/ പുരുഷന്‍ എന്ന രീതിയിലുള്ള പരിമിതമായ വിഭജനം ട്രാന്‍സ് വ്യക്തികള്‍ക്ക് ആശങ്കയും അസ്വസ്ഥതയുമാണുളവാക്കുക. ജെന്‍ഡര്‍ നോണ്‍ കണ്‍ഫോമിങ് (Gender non-conforming) ആയ, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാവാത്ത ട്രാന്‍സ് വ്യക്തികള്‍ക്ക് ആണ് ഇത് ഏറ്റവും ദുസ്സഹമായി മാറുന്നത്. സര്‍ജറി നടത്തിയവര്‍ തന്നെയും പലപ്പോഴും അപമാനിക്കപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്യപ്പെടുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യന്‍ ഗവണ്‍മെന്‍റും സംസ്ഥാന ഗവണ്‍മെന്‍റുകളും ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ട്രാന്‍സ് വ്യക്തിത്വങ്ങളെ അംഗീകരിച്ച 2014 ലെ സുപ്രീം കോടതി വിധി പ്രകാരം ട്രാന്‍സ് വ്യക്തികള്‍ക്കായി പൊതുവിടങ്ങളില്‍ ശൗചാലയ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയം ഗ്രാമീണ സ്വച്ഛഭാരത മിഷനോട് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അവരുടെ താത്പര്യത്തിനനുസരിച്ചു പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള ടോയ്ലറ്റുകള്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി നല്കുന്നതിനായി ആവശ്യപ്പെട്ടു. ട്രാന്‍സ് വ്യക്തികള്‍ക്കായി ആദ്യമായി ശൗചാലയം നിര്‍മിച്ച നഗരം മൈസൂരാണ്, പിന്നാലെ ഭോപ്പാലും. ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ വാരണാസിയിലെ കാമാച്ചയിലാണ് ആദ്യ ട്രാന്‍സ് ഇന്‍ക്ലൂസിവ് ആയ പൊതുശൗചാലയങ്ങള്‍ സ്ഥാപിതമായത്. 2021-2022 ലെ ദല്‍ഹി സര്‍ക്കാറിന്‍റെ വാര്‍ഷിക ബജറ്റില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലും ഓഫീസുകളിലും ട്രാന്‍സ് വ്യക്തികള്‍ക്കായുള്ള ശൗചാലയ നിര്‍മ്മാണത്തിന് ഫണ്ട് മാറ്റി വെച്ചിരിക്കുന്നു.
ട്രാന്‍സ് വ്യക്തികള്‍ സിസ് പുരുഷന്‍മാരില്‍ നിന്നും കായികമായും ലൈംഗികമായുമുള്ള ആക്രമണങ്ങള്‍ പലപ്പോഴും നേരിടേണ്ടി വരുന്നു. ഉഭയസമ്മതത്തോടെ ഒരു ട്രാന്‍സ് സ്ത്രീയുമായി ലൈംഗിക പ്രവര്‍ത്തിയിലേര്‍പ്പടുമ്പോള്‍ അവര്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയില്ല എന്നു തിരിച്ചറിഞ്ഞ് അവരെ ആക്രമിക്കുകയും ചില സാഹചര്യത്തില്‍ വധിക്കുകയും ചെയ്തിട്ടുണ്ടെന്ന് പഠനങ്ങളില്‍ കാണുന്നു. സമൂഹത്തിന്‍റെ ഹെറ്റെറോനോര്‍മേറ്റീവായുള്ള ബോധ്യങ്ങളില്‍ നിന്നുള്ള ഭയമാണ് ഇതിനു കാരണം. ഇന്ത്യയില്‍ വിവാഹനിയമങ്ങള്‍ ബൈനറിയിലധിഷ്ഠിതമായതിനാല്‍ ട്രാന്‍സ് വ്യക്തിയെ വിവാഹം കഴിക്കാന്‍ സിസ് വ്യക്തികള്‍ മടിക്കുന്നു. മിശ്രവിവാഹത്തിന് വലിയ സ്വീകാര്യതയില്ലാത്ത ഭാരതത്തിലെ വിവാഹവ്യവസ്ഥകളില്‍ ട്രാന്‍സ് വിവാഹങ്ങള്‍ക്ക് സമൂഹത്തിലും കുടുംബങ്ങളിലും സ്വീകാര്യത ലഭിക്കുന്നത് ഏറെ ദുഷ്കരമാവും. സ്ത്രീ ലൈംഗികാവയവങ്ങളും അവയ്ക്ക് പ്രത്യുല്പാദനത്തിലുള്ള പങ്കും ഇപ്പോഴും പ്രധാനമാണെന്ന് കരുതപ്പെടുന്നതിനാല്‍ സ്വയം നിര്‍ണ്ണയവും ശാരീരിക മാറ്റവും വിവാഹ ബന്ധം വാഗ്ദാനം ചെയ്യപ്പെടാനുതകുന്നില്ല. ഇതെല്ലാം ട്രാന്‍സ് സ്ത്രീകളെക്കാള്‍ സിസ് സ്ത്രീകള്‍ക്ക് വിവാഹത്തില്‍ മുന്‍ഗണന ലഭിക്കുന്നതിനായി കാരണമാവുന്നു. ഇന്ത്യയില്‍ ട്രാന്‍സ് വ്യക്തികള്‍, പ്രത്യേകിച്ച് യുവജനങ്ങള്‍ ഓണ്‍ലൈന്‍ ഡേറ്റിങ് പ്ലാറ്റ്ഫോമുകളില്‍ തങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നതില്‍ വിമുഖതയില്ലാത്തവരാണ്. പ്രശസ്തമായ ‘ടിണ്ടര്‍’ എന്ന ഡേറ്റിങ് ആപ്പില്‍ ‘ട്രാന്‍സ്ജെന്‍ഡര്‍’ എന്ന് രേഖപ്പെടുത്തുവാനുള്ള അവസരമുണ്ട്.
എന്നാല്‍ ഇവ ഉപയോഗിക്കുന്ന ചില സിസ് വ്യക്തികള്‍ ട്രാന്‍സ് വ്യക്തികള്‍ക്ക് വേദനായുളവക്കുന്ന പദങ്ങള്‍ അവരെ സൂചിപ്പിക്കാന്‍ ഉപയോഗിക്കാറുണ്ടെന്നു ട്രാന്‍സ്വ്യക്തികള്‍ അഭിപ്രായപ്പെടുന്നു. മറ്റു ചിലരാവട്ടെ ട്രാന്‍സ് വ്യക്തികളുമായി വിവാഹത്തിനു മുതിരാതെ ട്രാന്‍സ്വ്യക്തികളുടെ ശരീരം ഒരു ലൈംഗിക വസ്തുവായിക്കണ്ട് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ മാത്രം താത്പര്യം കാണിക്കുന്നു. ഇന്ത്യയില്‍ ചില സിസ് പുരുഷന്‍മാര്‍ക്ക് വിവാഹം കഴിച്ചോ അല്ലാതെയോ ട്രാന്‍സ് പങ്കാളികളുണ്ടെങ്കിലും സമൂഹത്തെ ഭയന്ന് അവര്‍ രഹസ്യമായി ഇരിക്കാന്‍ താത്പര്യപ്പെടുന്നുവെന്ന് ട്രാന്‍സ് ആക്ടിവിസ്റ്റ് ആയ കല്‍കി സുബ്രമണ്യം അഭിപ്രായപ്പെടുന്നു. പലപ്പോഴും ട്രാന്‍സ് സ്ത്രീകളെ കുടുംബ ജീവിതം നടത്താനാവാതെ ലൈംഗികതൊഴിലിലേക്ക് മാത്രമായി തള്ളിവിടുന്നത് സമൂഹത്തിന്‍റെ ഹെറ്റെറോനോര്‍മേറ്റീവ് നയങ്ങളും ട്രാന്‍സ് ഫോബിയയുമാണ്.
ട്രാന്‍സ് വ്യക്തികളോടുള്ള വിവേചനത്തിന്‍റെയും വിദ്വേഷത്തിന്‍റെയും കാരണം ലിംഗഭേദവും, ട്രാന്‍സ്ഫോബിയയും ജെന്‍ഡര്‍ ബാഷിങ് എന്നിവയുമാണ്. ട്രാന്‍സ് വ്യക്തികളെക്കുറിച്ചുള്ള തെറ്റിദ്ധാരണാജനകമായ നെഗറ്റീവ് ചിന്തകളെയാണ് ജെന്‍ഡറിസം എന്നു പറയുന്നത് (Hill and Willoughby 534). ട്രാന്‍സ് വ്യക്തികളെക്കുറിച്ചുള്ള അറിവില്ലായ്മയും തെറ്റായ അറിവുകളും ഇത്തരം വിശ്വാസങ്ങളാല്‍ വര്‍ദ്ധിച്ചിരിക്കുന്നു. 2020 ല്‍ സുപ്രീംകോടതിയില്‍ നല്കപ്പെട്ട ഒരു പരാതിയില്‍ ട്രാന്‍സ് വ്യക്തികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് ഇന്ത്യന്‍ പീനല്‍ കോഡില്‍ വ്യവസ്ഥകള്‍ ഇല്ലെന്നത് ചര്‍ച്ചയായിരുന്നു. നിലവിലുള്ള 354 കജഇ യില്‍ ട്രാന്‍സ് വ്യക്തികളെയുള്‍പ്പെടുത്തിയിട്ടില്ല. ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ഡെ നിയമ വ്യവസ്ഥയില്‍ മാറ്റം വരുത്തി ജന്‍ഡര്‍ ന്യൂട്രല്‍ നിയമങ്ങള്‍ ഉണ്ടാക്കുവാനും കേന്ദ്രസര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചിരുന്നു. ജന്‍ഡറിസം എത്രത്തോളം വ്യാപകമാണെന്ന് ഇത് കാണിച്ചു തരുന്നു. നിയമങ്ങള്‍ മിക്കവാറും ബൈനറി ജെന്‍ഡറില്‍ അധിഷ്ടിതമായതിനാല്‍ വ്യത്യസ്തങ്ങളായ ജന്‍ഡര്‍ വ്യക്തിത്വങ്ങള്‍ പരിഗണിക്കപ്പെടാതെ പോവുകയും ഈ ലോകം ദ്വന്ദ ലിംഗപരമായി ഭാവന ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നു. സിസ്ജെന്‍ഡര്‍ വ്യക്തികളെക്കാള്‍ താഴെയുള്ളവരും എന്തോ അപാകതയുള്ളവരും അയോഗ്യരുമാണ് ട്രാന്‍സ് വ്യക്തികളെന്ന് ഇക്കൂട്ടര്‍ ധരിക്കുന്നു. ട്രാന്‍സ് വ്യക്തികളോടുള്ള എല്ലാത്തരത്തിലുമുള്ള ഭയത്തെയാണ് ട്രാന്‍സ് ഫോബിയ എന്ന പദം വിവക്ഷിക്കുന്നത് (Hill and Willoughby 534). ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ സിസ്ജെന്‍ഡര്‍ വ്യക്തികളില്‍ ഭയവും വെറുപ്പും വിരോധവും വരുത്തുമെന്ന കാഴ്ചപ്പാടാണിത്. യുണൈറ്റഡ് സ്റ്റേസിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെയും കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി ബെര്‍ക്കിലിയിലിയിലെയും ഗവേഷകര്‍ കൊല്‍ക്കത്തയിലെ പൗര ക്ഷേമ സംഘടന(Civilian Welfare Foundation) എന്ന എന്‍.ജി.ഒയുമായി ചേര്‍ന്ന് ഡോക്ടര്‍മാരില്‍ ട്രാന്‍സ്ഫോബിയ എന്ന വിഷയത്തില്‍ ഗവേഷണം നടത്തി. ഇന്ത്യയിലെ അഞ്ചു വലിയ നഗരങ്ങളിലെ 300 ഡോക്ടര്‍മാരുമായി ഇന്‍റര്‍വ്യൂ നടത്തുകയുണ്ടായി.
ഈ പഠനം വെളിവാക്കുന്നത് ചില ഡോക്ടര്‍മാര്‍ അതിരാവിലെയോ, രാത്രി വൈകിയോ, ഉച്ചഭക്ഷണസമയത്തോ മറ്റ് രോഗികള്‍ ഇല്ലാത്ത സമയം ആണ് ചികിത്സായ്ക്കായി തെരെഞ്ഞെടുത്തത് എന്നാണ്. ഇതില്‍ നിന്നും ഡോക്ടര്‍മാര്‍ തങ്ങള്‍ ട്രാന്‍സ്ജെന്‍ഡര്‍ രോഗികളെ ചികിത്സിക്കുന്നു എന്നത് പരസ്യമാക്കാനാഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാകുന്നു. ഒരു ട്രാന്‍സ് സ്ത്രീ ലൈംഗികാക്രമണത്തിനു വിധേയയായി ചികിത്സ തേടിയപ്പോള്‍, ‘ജന്മനാ പുരുഷനായ, ഇപ്പോള്‍ സ്ത്രീയായി അറിയപ്പെടുന്ന ഒരാള്‍ എങ്ങിനെ അക്രമിക്കപ്പെടു’മെന്നു ഒരു ഡോക്ടര്‍ അവരോട് ചോദിച്ചു എന്നാണ് ഈ പഠനത്തിലെ ഒരു വിവരണം. ഒരു ട്രാന്‍സ്ജെന്‍ഡര്‍ രോഗിയോട് പുരുഷന്മാരുടെയാണോ സ്ത്രീകളുടെയാണോ വാര്‍ഡ് അവര്‍ക്കു ഉപയോഗിക്കാന്‍ താത്പര്യമുള്ളതെന്നു ആരായാതിരിക്കുക, മറ്റു രോഗികള്‍ അശ്ലീല കമന്‍റുകള്‍ പറയുക, പരിശോധന സമയത്തു തൊടാന്‍ മടി കാണിക്കുക, ഒന്നിലധികം ലൈംഗിക പങ്കാളികളുണ്ടെന്ന മുന്‍ധാരണ വെച്ച് പുലര്‍ത്തുക എന്നിവ മറ്റു ചില പക്ഷപാതപരമായ പ്രവര്‍ത്തികളില്‍പ്പെടുന്നു. ഗവണ്മെന്‍റ് ആശുപത്രികളില്‍ പോകാന്‍ പല ട്രാന്‍സ് വ്യക്തികളും വിമുഖത കാണിക്കുന്നതിന്‍റെ കാരണം തിരക്കുള്ള സ്ഥലങ്ങളില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്നുള്ള ഭീതിയും അവരുടെ മേല്‍ ചാര്‍ത്തമേറ്റിരിക്കുന്ന സാമൂഹിക കളങ്കവുമാണ്. ഐഡന്‍റിറ്റി കാര്‍ഡിനായുള്ള പരിശോധനകള്‍ക്ക് ഹോസ്പിറ്റലുകളെ സമീപിക്കുന്നത് പല ട്രാന്‍സ് വ്യക്തികള്‍ക്കും അസ്വസ്ഥത ഉളവാക്കുന്നതായിരുന്നു, കാരണം സമൂഹത്തില്‍ നിന്നും അവര്‍ക്ക് ഉണ്ടായ മോശം അനുഭവങ്ങള്‍ തന്നെ. പ്രൈവറ്റ് ക്ലിനിക്കുകളായിരുന്നു സര്‍ക്കാര്‍ ആശുപത്രികളേക്കാള്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് അഭികാമ്യം.
ജെന്‍ഡര്‍ നോണ്‍ കണ്‍ഫോമിങ് ആയ വ്യക്തികള്‍ക്കെതിരെയുള്ള വിവേചനങ്ങളെയും എല്ലാത്തരം ആക്രമണത്തെയുമാണ് ജെന്‍ഡര്‍ ബാഷിങ് സൂചിപ്പിക്കുന്നത്(Hill 119). ജെന്‍ഡര്‍ നോണ്‍ കോണ്‍ഫോമിങ് ആയ ചെറിയ കുട്ടികള്‍ വരെ ഇത് നേരിടേണ്ടി വരുന്നു. ട്രാന്‍സ് വ്യക്തികളുടെ അവകാശങ്ങളെക്കുറിച്ചുള്ള എന്‍.എച്ച്.ആര്‍.സിയുടെ 2017 ലെ റിപ്പോര്‍ട്ടില്‍ വിദ്യാഭ്യാസമേഖലയില്‍ 52% കുട്ടികള്‍ അവരുടെ സഹപാഠികളാലും 15% അധ്യാപകരില്‍ നിന്ന് വരെയും അപമാനിക്കപ്പെടുന്നതിനാല്‍ പഠനം തുടരുന്നില്ല എന്ന് കണ്ടെത്തി. സ്കൂള്‍ യൂണിഫോം, ഇരിപ്പിടങ്ങളുടെ ക്രമീകരണം, സ്കൂള്‍ അസ്സെംബ്ലി, ശൗചാലയങ്ങള്‍ എന്നിവ ബൈനറിയില്‍ അധിഷ്ടിതമായതിനാല്‍ അവിടെ നോണ്‍ ബൈനറി കുട്ടികള്‍ക്കു യാതൊരു സാധ്യതയുമില്ല. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കെതിരെയുള്ള എല്ലാത്തരം ലൈംഗിക ആക്രമണം, അപമാനങ്ങള്‍, ശാരീരിക ആക്രമണം, എന്നിങ്ങനെയുള്ളവ ജെന്‍ഡര്‍ ബാഷിങില്‍ പെടുന്നു. ട്രാന്‍സ് വ്യക്തികള്‍ക്ക് നേരേയുള്ള ആക്രമണങ്ങള്‍ പ്രധാനമായും മൂല്യം പ്രകടിപ്പിക്കലും സാമൂഹികതയുടെ പ്രകടനവും പ്രതിരോധം ലക്ഷ്യം വെച്ചുള്ളതുമാണെന്ന് ചില പഠനങ്ങളില്‍ കാണുന്നു. മൂല്യപ്രകടനത്തില്‍ അധിഷ്ഠിതമായുള്ള അക്രമണങ്ങള്‍ നടത്തുന്നവര്‍ തങ്ങളുടെ ട്രാന്‍സ് ഭയവും ഹെറ്റെറോനോര്‍മേറ്റീവ് മൂല്യങ്ങളുമാണ് ആക്രമണങ്ങള്‍ക്ക് കാരണമായി പറയുക.
സാമൂഹിക പ്രകടനത്തില്‍ അധിഷ്ടിതമായിട്ടുള്ളത് പീര്‍ ഗ്രൂപ്പുകളില്‍ നിന്നുള്ള സാമൂഹിക അംഗീകാരത്തിനു വേണ്ടിയാണ് (Hill 121).. ഉദാഹരണത്തിന്, സ്ത്രൈണ ഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരു പുരുഷനെ ഒരു കൂട്ടം ചെറുപ്പക്കാര്‍ അപമാനിക്കുന്നതിലൂടെ തങ്ങളുടെ ‘പുരുഷത്വം’ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നു. ചില സിസ് വ്യക്തികള്‍ പ്രതിരോധാത്മകമായ പ്രവര്‍ത്തികളിലൂടെ തങ്ങളിലുള്ള ട്രാന്‍സ് ആകുലതയെയോ അസ്വീകാര്യമായ മറ്റെന്തിനെയോ നേരിടാന്‍ ശ്രമിക്കുന്നു. ഒരു സിസ് പുരുഷന്‍ സ്ത്രൈണത പ്രകടിപ്പിക്കുന്ന മറ്റൊരു പുരുഷനെ ഹരാസ്സു ചെയ്യുന്നതിലൂടെ തന്നിലുള്ള ട്രാന്‍സ് ഭാവങ്ങളെ ചെറുത്തു നില്ക്കാന്‍ ശ്രമിക്കുന്നു.
സിസ്പ്രിവിലേജുകള്‍ ട്രാന്‍സ് വ്യക്തികളെ കുറച്ചു കാണുന്നു. സിസെക്ഷ്വലിസം (Cissexualism) എന്ന വിശ്വാസം ട്രാന്‍സ് വ്യക്തിത്വം എന്നത് യാഥാര്‍ത്ഥ്യം അല്ലാത്ത ഒന്നായി കാണുന്നു (Serano). ട്രാന്‍സ് വ്യക്തികളെ കുറവുകളുള്ളവരായി കാണുന്ന അവസ്ഥ പലതരത്തിലുണ്ട്-Trans Exclusion, Trans Objectification, Trans Interrogation, Trans Mystification, Trans Erasure  എന്നിവ അവയില്‍ ചിലതാണ് (Serano). ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ അവകാശങ്ങളെക്കുറിച്ചു ആദ്യമായി ഒരു പഠനം നടത്തുകയുണ്ടായി. ദേശീയ മനുഷ്യാവകാശ കമ്മീഷനു വേണ്ടി കേരള വികസന സൊസൈറ്റി ആണ് പഠനം നടത്തിയത്. 92% ട്രാന്‍സ് ട്രാന്‍സ് വ്യക്തികള്‍ക്കും ഏതെങ്കിലും സാമ്പത്തിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനുള്ള അവസരം നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് ഈ പഠനം കണ്ടെത്തി. മതിയായ യോഗ്യതകളുണ്ടായിരുന്നിട്ടും തൊഴില്‍ ചെയ്യാനുള്ള അവസരം അവര്‍ക്കു നിഷേധിക്കപ്പെട്ടിരുന്നതായും ഈ പഠനത്തില്‍ കണ്ടെത്തി. താഴ്ന്ന നിരക്കിലുള്ള തൊഴിലവസരങ്ങളും സമൂഹത്തില്‍ നിന്നുള്ള മാറ്റി നിര്‍ത്തലുമാണ് ട്രാന്‍സ് വ്യക്തികള്‍ക്ക് ജീവനോപാധികളും തൊഴിലവസരങ്ങളും കുറയ്ക്കുന്നതിനുള്ള കാരണങ്ങളെന്നും ഈ പഠനം ചൂണ്ടിക്കാണിക്കുന്നു. അവര്‍ക്ക് തുല്യ അവകാശം ഉണ്ടായിരിക്കേണ്ട നിരവധി ഇടങ്ങളില്‍ നിന്ന് അവരുടെ ലിംഗ സ്വത്വം കാരണം ഒഴിവാക്കുന്നത് ഇത് എടുത്തുകാണിക്കുന്നു. 2017 ല്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ചില ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ജോലി നല്‍കിയപ്പോള്‍, പലരും അതിനെ സ്വാഗതം ചെയ്തു. ഒരു വീട് വാടകയ്ക്ക് എടുക്കാന്‍ പല ഉടമകളും അനുവദിക്കാത്തതിനാല്‍ അവരില്‍ ചിലര്‍ ഒരു മാസത്തിനു ശേഷം ജോലി ഉപേക്ഷിച്ചു. സാമൂഹിക അപകീര്‍ത്തി കാരണം ട്രാന്‍സ്ജെന്‍ഡര്‍ ആളുകളെ താമസസ്ഥലങ്ങളില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഇങ്ങനെ ചില ഇടങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ട കഥകളും വ്യക്തിപരമായ അനുഭവങ്ങളും ധാരാളം ഉണ്ട്. ഇത് പത്രങ്ങളില്‍ വന്ന ധാരാളം വാര്‍ത്തകളില്‍ ചിലതു മാത്രമാണ്. ഒരു ട്രാന്‍സ് വ്യക്തിയെ തെറ്റായ ലിംഗ പദവികളിലോ സംജ്ഞകളുപയോഗിച്ചോ സൂചിപ്പിക്കുന്നത് അത്തരത്തിലൊന്നാണ്. ട്രാന്‍സ് മിസ്റ്റിഫിക്കേഷന്‍ ട്രാന്‍സ് സെക്ഷ്വല്‍ ഐഡന്‍റിറ്റി കൃത്രിമത്വവും ജന്മനാ ഉള്ള ഐഡന്‍റിറ്റി പ്രകൃത്യാ ആണെന്നും ഉയര്‍ത്തിപ്പിടിക്കുന്നു. ട്രാന്‍സ് വ്യക്തികളെ ഒബ്ജക്ടുകളായി മാത്രം കാണുന്നതിനെ ട്രാന്‍സ് ഒബ്ജക്ടിഫിക്കേഷന്‍ എന്നു പറയുന്നു.

സിസ് വ്യക്തികള്‍ ട്രാന്‍സ് വ്യക്തികളുടെ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള, ശാരീരികവ്യതിയാനങ്ങളെ മാത്രം വസ്തുനിഷ്ഠമായി കാണുകയും അവരുടെ മനസ്സിനെയോ വ്യക്തിത്വത്തേയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണിത്. ട്രാന്‍സ് ഇറേയ്ഷര്‍ എന്നാല്‍ ട്രാന്‍സ് വ്യക്തികളെ എല്ലാ രീതിയിലും നിശബ്ദരാക്കുക എന്നര്‍ത്ഥം. സിസ് കാഴ്ചപ്പാടുകള്‍ മാത്രമാണ് ശരി എന്ന ചിന്താഗതിയാണ് അക്ഷരാര്‍ത്ഥത്തില്‍ ട്രാന്‍സ് ഇറേയ്ഷര്‍ സൃഷ്ടിക്കുന്നത്. സിസ് സെക്സവലുകളായ വ്യക്തികള്‍ ട്രാന്‍സ് വ്യക്തികളുടെ ലൈംഗികാവയവങ്ങളും അവരുടെ ശരീരവയും ജെന്‍ഡര്‍ ഐഡന്‍റിറ്റിയും തമ്മിലുള്ള പൊരുത്തമില്ലായ്മയും മാത്രം ശ്രദ്ധ വയ്ക്കുന്നു. ട്രാന്‍സ് വ്യക്തികളും കൂടെ ഉള്‍പ്പെടുന്നതാണ് സമൂഹം എന്ന് മനസ്സിലാക്കാതെ, തങ്ങള്‍ കണ്ടു മുട്ടുന്ന എല്ലാ വ്യക്തികളും സിസ് വ്യക്തികളാണെന്നാണ് ആളുകള്‍ ചിന്തിക്കുന്നത്. പ്രത്യേക പദവികളോ ലൈംഗിക താത്പര്യങ്ങളോ മുന്‍നിര്‍ത്തിയാണ് ചിലര്‍ ട്രാന്‍സ് ആളുകലായി മാറുന്നതെന്നാണ് സിസ് വ്യക്തികള്‍ കരുതുന്നത്. എതിര്‍ ലൈംഗികത കൂടുതല്‍ പേര്‍ ട്രാന്‍സ് സെക്സ്വല്‍ വ്യക്തികളാവുന്നതിനെ എതിര്‍ക്കുന്നു. ഉദാഹരണത്തിന് ആണ്‍കുട്ടികള്‍ പാവകള്‍ കൊണ്ട് കളിക്കുന്നതും പെണ്‍കുട്ടികള്‍ ടോം ബോയ്സിനെ പോലെ പെരുമാറുന്നതും വളരെയധികം വിമര്‍ശിക്കപ്പെടുന്നു. ചില സമയത്തു ഡോക്ടര്‍മാര്‍ തന്നെ ശസ്ത്രക്രിയയ്ക്കു ശേഷം ട്രാന്‍സ് വ്യക്തികള്‍ സിസ് വ്യക്തികളെപ്പോലെ ആവും എന്ന ഗാരണ്ടിയില്‍ ശാസ്ത്രക്രിയകള്‍ അനുവദിക്കാറുണ്ട്. സിസ് വ്യക്തിയായി പെരുമാറുന്നത് ട്രാന്‍സ് വ്യക്തിയാണെന്ന വസ്തുത മറച്ചു വയ്ക്കുകയും അങ്ങനെ ആ ഐഡന്‍റിറ്റി മായ്ക്കപ്പെടുന്നതിനും കാരണമാവുന്നു.
ട്രാന്‍സ് ഇന്‍ററോഗേഷന്‍ ട്രാന്‍സ് സെക്ഷ്വല്‍ ശരീരങ്ങളെ ജീവനുള്ള ശരീരങ്ങളായി കാണാതെ തങ്ങളുടെ അന്വേഷണങ്ങള്‍ക്കായുള്ള ഒരു വസ്തുവായി മാത്രം സമീപിക്കുന്നു. ട്രാന്‍സ് വ്യക്തികള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നതെന്തെന്നുള്ള അനാരോഗ്യകരമായ അന്വേഷണങ്ങള്‍ ട്രാന്‍സ് വ്യക്തികളെ ദോഷകരമായി ബാധിക്കുന്ന തെറ്റായ തിയറികളിലേക്ക് നയിക്കുന്നു. വളര്‍ത്തു ദോഷം കൊണ്ടോ എന്തെങ്കിലും പ്രത്യേക പദവിക്ക് വേണ്ടിയോ മാനസിക രോഗം കൊണ്ടോ ആണ് ട്രാന്‍സ് വ്യക്തികളായി മാറുന്നതെന്ന് ചിലര്‍ കരുതുന്നു. പലപ്പോഴും സിസ് വ്യക്തികള്‍ ട്രാന്‍സ് ശരീരങ്ങളെ രോഗഗ്രസ്തമായി കാണുകയും ട്രാന്‍സ് വ്യക്തിത്വത്തിനു കാരണം തെരയുകയും ചെയ്യുന്നു. ജെന്‍ഡര്‍ ഐഡന്‍റിറ്റിയെയും അതിന്‍റെ അവതരണത്തെയും തെറ്റായി വ്യാഖാനിക്കുന്നതിനാല്‍ ജെന്‍ഡര്‍ ഐഡന്‍റിറ്റി ഡിസോര്‍ഡര്‍ എന്ന പദം അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്‍The Diagnostic and Statistical Manual of Mental Disorders (DSM-V)  എന്ന ഗ്രന്ഥത്തില്‍ നിന്നും നീക്കം ചെയ്തു. ജെന്‍ഡര്‍ ഡിസ്ഫോറിയ(Gender Dysphoria)  ആണ് സ്വീകാര്യമായ പുതിയ പദം.
ഇന്ത്യയിലെ ട്രാന്‍സ്ജെണ്ടര്‍ ആക്ട് 2019 വിദ്യാഭ്യാസ മേഖലയിലും തൊഴിലിടങ്ങളിലും ട്രാന്‍സ് വ്യക്തികള്‍ നേരിടുന്ന വിവേചനങ്ങള്‍ ഇല്ലാതാക്കാനും സ്വത്തവകാശം നല്കാനും വ്യവസ്ഥ ചെയ്യുന്നു. തങ്ങളുടെ വ്യക്തിത്വം സ്വയം നിര്‍ണയിക്കാനുള്ള അവകാശം ട്രാന്‍സ് വ്യക്തികളില്‍ തന്നെ നിക്ഷേപിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. എന്നാല്‍ ഈ ട്രാന്‍സ് ബില്ല് ട്രാന്‍സ് വ്യക്തികളിലും ആക്ടിവിസ്റ്റുകള്‍ക്കിടയിലും വലിയ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ എന്ന പദത്തെ നിര്‍വചിച്ചതിലുള്ള അപാകത, ട്രാന്‍സ് വ്യക്തികള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ക്ക് ലഘുവായ ശിക്ഷകള്‍ മാത്രം നിര്‍ദ്ദേശിച്ചത്, ട്രാന്‍സ് വ്യക്തിത്വം തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നതിലെ പോരായമകള്‍, എന്നിവയായിരുന്നു പ്രധാനമായും അവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ‘ട്രാന്‍സ്ജെന്‍ഡര്‍ പേഴ്സണ്‍സ് (അവകാശങ്ങള്‍ സംരക്ഷണ) നിയമങ്ങള്‍, 2020’ കരട് വിദ്യാഭ്യാസ മേഖലയിലെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളോടുള്ള വിവേചനത്തിനെതിരെ പോരാടുക, തൊഴില്‍, അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യം, പൊതു ഗതാഗതം, പൊതുജീവിതത്തില്‍ പങ്കാളിത്തം, സ്പോര്‍ട്സ്, ഒഴിവുസമയങ്ങള്‍, വിനോദം, പൊതു അല്ലെങ്കില്‍ സ്വകാര്യ ഓഫീസുകള്‍ വഹിക്കാനുള്ള അവസരം എന്നിവയ്ക്കുള്ള ചട്ടങ്ങള്‍ രൂപപ്പെടുത്തുന്നു. ഈ നിയമത്തെക്കുറിച്ചു എല്ലാവരുടെയും പ്രതികാരങ്ങള്‍ ആരാഞ്ഞു. ട്രാന്‍സ്ജെന്‍ഡര്‍ ജനങ്ങള്‍ക്കായി ഇതുവരെ അത്തരം നിയമങ്ങളും പ്രവര്‍ത്തനങ്ങളും ഇല്ലായിരുന്നു അതിനാല്‍ ഇവ അവര്‍ക്കു ആശ്വാസമാണ്. ഈ നിയമപരിരക്ഷ വിവേചനകള്‍ക്കെതിരെ പൊരുതാനും തുല്യാവകാശവും ഒരേ പോലെ പരിഗണിക്കപ്പെടാനുമുള്ള അവസരവും അവര്‍ക്കു നല്‍കുന്നു. വിവേചനപരമായ മനോഭാവങ്ങളും വികാരങ്ങളും സിസെക്സിസ്റ്റ് അനുമാനങ്ങള്‍, എതിര്‍ലിംഗ ലൈംഗികത, ലിംഗഭേദം എന്നിവയില്‍ വേരൂന്നിയതാണ്. ബൈനറിയിലുള്‍പെടാത്ത ആളുകളുണ്ടെന്നും അവര്‍ ആദരവ്, അവകാശങ്ങള്‍, ഉപജീവനമാര്‍ഗം, സ്നേഹം, അനുകമ്പ എന്നിവയ്ക്ക് യോഗ്യരുമാണെന്ന തിരിച്ചറിവ് പൊതുസമൂഹത്തിനുണ്ടാവണം.

Works Cited

Harrison, Kelby. “Many Have Passed; Some Have Failed” .Introduction. Sexual Deceit: The Ethics of Passing, Lexington Books, 2013, pp. 1-31.Hill, Daryll B and Brian L. B. Willoughby. “The Development and Validation of the Genderism and Transphobia Scale”. Sex Roles, Vol. 53, No. 7/8, October 2005, pp. 531-544. SpringerLink, DOI: 10.1007/s11199-005-7140-x
Hill, Daryll B. “Genderism, Transphobia, and Gender Bashing: A Framework for Interpreting Anti-Transgender Violence”. Understanding and Dealing with Violence: A Multicultural Approach, edited by Barbara C Wallace and R Carter, Sage Publications, 2003, pp. 113-136.
Schilt, Kristen and Laurel Westbrook. “Doing Gender, Doing Heteronormativity: “Gender Normals,” Transgender People, and the Social Maintenance of Heterosexuality”. Gender and Society, Vol. 23, No. 4, Aug. 2009, pp. 440-464. JSTOR, DOI: 10.1177/0891243209340034
Serano, Julia. Whipping Girl: A Transsexual Woman on Sexism and the Scapegoating of Femininity. E-book Edition, Seal P, 2007.
Westbrook , Laurel and Kristen Schilt. “Doing Gender, Determining Gender: Transgender People, Gender Panics, and the Maintenance of the Sex/Gender/Sexuality System”. Gender and Society, Vol. 28, No. 1, Feb. 2014, pp. 32-57. JSTOR, DOI: 10.1177/0891243209340034

Photo by Zackary Drucker as part of Broadly’s Gender Spectrum Collection. Credit: The Gender Spectrum Collection. Made available to media outlets via Creative Commons. No derivatives, no commercial use. See guidelines here: broadlygenderphotos.vice.com/guidelines

ഗവേഷക വിദ്യാര്‍ത്ഥിനി
സെന്‍റ് അലോഷ്യസ് കോളേജ്
തൃശൂര്‍

 

COMMENTS

COMMENT WITH EMAIL: 0